Thursday, 20 October 2016

സമയക്കുറവ് ഒരലങ്കാരമായി ഞാൻ കാണുന്നില്ല


സമയക്കുറവ് ഒരലങ്കാരമായി ഞാൻ കാണുന്നില്ല, എന്റെ കലാവാസന വരൾച്ചക്കു വീരോചിത പരിവേഷം നൽകുന്നുമില്ല. കയ്യിൽ മതിയായ വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല തത്തമ്മകൂട്ടിലേക്ക്‌ നടന്നടുക്കുമ്പോൾ കാൽമുട്ടുകൾ ചെണ്ട മുട്ടുന്നു.
 ഹൃദയം മദ്ദളം കൊട്ടുന്നു പിന്നെ തിരിഞ്ഞു നടക്കുന്നു.
 നിരാശനായി മടങ്ങുന്ന ഒരു വേട്ടക്കാരനെപ്പോലെ. 
      തത്തകൾ വീണമീട്ടുമ്പോൾ ഒരു നെൽമണിക്കതിരെങ്കിലും നൽകണമെന്ന് ഞാൻ കൊത്തിച്ചതാണ്,  നിർത്തമാടുമ്പോൾ ഒരു പൂക്കുലയെങ്കിലും സമ്മാനിക്കണമെന്നു കരുതിയതാണ്. ഞാൻ എന്റെ തീറ്റതേടി തിരിച്ചു വരുമ്പോഴേക്കും കളകളാരവം നിലച്ചിട്ടുണ്ടാകും, വാടിത്തുടങ്ങിയ പൂക്കളും കനികളും മാത്രം എനിക്കവിടെ കാണാം. ആളുകൾ പിരിഞ്ഞു പോയ ഉത്സവപ്പറമ്പുപോലെ. കയ്യിൽ കരുതിയ പൂച്ചെണ്ട് ഇനി ഞാനാർക്ക്‌ നൽകും. അതിനൊരു റീത്തിന്റെ ഗന്ധം വന്നിട്ടുണ്ടാവില്ലേ?! 
     നിങ്ങൾ നിർത്തമാടി കാലുകൾ കഴച്ചുവോ? മധുരഗീതം പാടി തൊണ്ട വരണ്ടുവോ?
 നിർത്തരുത് തത്തകളെ നിർത്തരുത്, 
കുഞ്ഞു പ്രായത്തിൽ ചിറകടിച്ചപ്പോൾ നിങ്ങൾക്കു വേദനിച്ചുണ്ടായിരുന്നില്ലേ എന്നിട്ടും നിങ്ങൾ ചിറകടിച്ചു പറന്നു പഠിച്ചില്ലേ,
 കരയാൻ മാത്രം അറിയാവുന്ന നിങ്ങൾ മധുരമായി പാടാൻ പഠിച്ചില്ലേ, 
നിങ്ങൾക്കിതാ ഞാൻ  ഒരു വെള്ളത്തുള്ളി പുഷ്പത്തിൽ സമർപിക്കുന്നു, പുലരിയുടെ പൊൻകിരണങ്ങൾ പതിക്കുമ്പോൾ അതിൽ നിന്നും ഒരു വർണപ്രപഞ്ചം തന്നെ നിങ്ങൾക്കു കണ്ടെത്താനാകും, ഒരു പൂന്തോട്ടത്തിനു സമാനമായി.                 
      താത്തമ്മക്കൂടിനരികിൽവന്നു ഇങ്ങനെയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ അവരെ സ്നേഹിക്കുന്നുവെന്നു പറയാനോക്കുമോ?!

----------------------------------
സഈദ് കരിമ്പനക്കൽ

No comments:

Post a Comment