Sunday, 23 October 2016

കോര്‍ണിഷിലെ നിമിഷങ്ങള്‍


               ചെറിയ ചെറിയ തിരയിളക്കവുമായി പരന്ന് വിശാലമായ കടലിന്റെ കണ്ണെത്താ ദൂരത്തേക്ക് കണ്ണും നട്ട് കോര്‍ണിഷിലെ സിമന്റ് ബെഞ്ചില് ഓര്‍മ്മകളുടെ പുറംകടലിലലയുന്ന മനസ്സുമായി ഇരിക്കുകയായിരുന്നു 
ഒഴിവുദിന രാവിനെ ആഘോഷിക്കാനെത്തിയവരില്‍ സ്വദേശിയും വിദേശിയുമെന്ന വിത്യാസമില്ലാതെ ഒരുപാട് പേരാ കോര്‍ണിഷിന്റെ നീണ്ട് പരന്ന നടന്നപ്പാഥയിലൂടെ നടക്കുന്നവരായും പച്ചപ്പുല്‍തകിടില്‍ വട്ടമിട്ടിരിക്കുന്നവരായും വിശാലമായ നീലക്കടലിന്റെ ഇരുട്ട് നിറഞ്ഞ മനോഹാരിതയെ നോക്കി നില്‍ക്കുന്നവരായും ഒട്ടേറെ ആളുകള്‍ അവരില്‍ മുതിര്‍ന്നവരും കുട്ടികളുമുണ്ട് എല്ലാവരും നല്ല ആനന്ദലഹരിയിലാണ് ചിലരാകട്ടെ കുട്ടികളോടൊത്ത് പന്ത് കളിക്കുന്നു കൊച്ചു കുട്ടികളെ ഊഞ്ഞാലാട്ടുന്നു ചിലര്‍ വെള്ളത്തിലേക്ക് ഇറങ്ങി കാക്ക കുളിക്കുന്നത് പോലെ കൈകാലിട്ടടിച്ച് തുള്ളിമറിയുന്നു, ചൂട് കാലത്തെ ഒട്ടുമിക്ക ദിനങ്ങളിലും ഇതൊക്കെ പതിവ് കാഴ്ചയാണെങ്കിലും വെള്ളിയാഴ്ചരാവുകളില്‍ ഇവിടെ ശെരിക്കുമൊരു ഉത്സവത്തിന്റെ പ്രതീദിയാണ്. 

എന്റെ പിന്നിലൂടെ നടന്ന് പോകുന്നവരില്‍ ചിലരെങ്കിലും എന്നോട് സലാം പറയുന്നു കൈഫല്‍ഹാല്‍ എന്ന് ചോദിക്കുന്നു അവരോടൊക്കെ സലാം മടക്കിയും അല്‍ഹംദുലില്ലാഹ് എന്നൊക്കെ പറഞ്ഞ് എന്റെ കുത്തിയിരുപ്പ് തുടരുന്നതിനിടെ ഞാന്‍ വാച്ചിലേക്ക് നോക്കി സമയം എട്ട്മണിയോടടുത്തിരിക്കുന്നു, ഞാനിരിക്കുന്നതിന്റെ ഇടത് വശത്ത് ഒരു നൂറ് മീറ്ററോളം പുറകിലുള്ള പുല്‍തകിടില്‍ മാഡവും കൂട്ടുകാരികളും വട്ടത്തിലിരുന്ന് സ്വറ പറയാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി അവരുടെ കൂടെയുള്ള കുട്ടികള്‍ തൊട്ടപ്പുറത്തെ ഊഞ്ഞാലില്‍ ആടിയും അവിടെയാകെ ഓടിക്കളിച്ചും നടക്കുന്നു   ഞാനെന്റെ കയ്യില്‍ കരുതിയിരുന്ന വെള്ളക്കുപ്പിയെടുത്ത് അല്‍പ്പം കുടിച്ച്കൊണ്ട് കുപ്പിയിലേക്കൊന്ന് നോക്കി വെള്ളം തീരാനായിരിക്കുന്നു ഒട്ടും അമാന്തിക്കാതെ ബാക്കിയുള്ള വെള്ളവുംകൂടി വായിലേക്ക് കമഴ്ത്തി   കാലിക്കുപ്പി കൊണ്ട് സിമന്റ് ബെഞ്ചില്‍ ഒട്ടും ഈണമില്ലാത്തൊരു താളം പിടിച്ച് തീപിടിച്ച എന്തൊക്കെയോ വെറുംചിന്തയോടെ ഇരുന്നു, ചിന്തയെന്ന് പറയുംബൊ അതിലെല്ലാമുണ്ടാകും പോയകാലത്തെ കുറിച്ചും നാടുംവീടും കുട്ടികളും മാതാപിതാക്കളും സഹധര്‍മ്മിണിയും സുഹൃത്തുക്കളും തുടങ്ങി ഒട്ടനേകം ചിന്തയുടെ ഒരു നിലയില്ലാ നടുക്കടലിലായിരിക്കുമാ സമയം.

കുഞ്ഞു കുട്ടികള്‍ അവിടെയെല്ലാം കളിച്ച് രസിക്കുന്നത് കാണുംബോള്‍ മനസ്സിനൊരു സന്തോശവും അതിലേറെ സ്വന്തം മക്കളെയോര്‍ക്കുംബോഴുള്ള കിട്ടാതെ പോകുന്ന അവരുടെ ഓരോ ദിനങ്ങളും മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തും 
സിമന്റ് ബെഞ്ചിലെ ഏറെ നേരമായുള്ള ഇരുത്തം ഒരു മടുപ്പ് തോന്നിയപ്പൊ ഒരു ചായ കിട്ടിയാല്‍ കൊള്ളാമെന്ന് മനസ്സിനൊരു മോഹം 
കോര്‍ണിഷിലെ നടപ്പാഥയുടെ അരികിലുള്ള ബൂഫിയ നില്‍ക്കുന്ന ബാഗത്തേക്ക് നോക്കി കുറേ ദൂരം നടക്കാനുണ്ടാ ഭാഗത്തേക്ക് എന്നാലും വേണ്ടിയില്ലായെന്ന് കരുതി ഇരുന്നിടത്ത് നിന്നും എണീക്കാനൊരുങ്ങി മടക്കിവെച്ച ഇടതു കാല്‍ നിവര്‍ത്തിയപ്പൊ കാലിനാകെയൊരു വല്ലാത്തൊരിത് കുളിരാണോ ഇക്കിളിയാണോ തരിപ്പാണോയെന്നറിയാത്ത ഒരുതരം ഒരിത്,  ഒരുപാട് സമയം മടക്കി വെച്ചതിനാലാവണം ഇടതുകാലാകെ തരിപ്പ് കേറി നിലത്ത് വെക്കാന്‍ കഴിയുന്നില്ല ചെരുപ്പിടാന്‍ നോക്കിയിട്ട് ചെരുപ്പിനകത്തേക്കാ കാല് കയറ്റാനും സാധിക്കുന്നില്ല ആ കാല് ഉണ്ടെന്ന് പോലും തോന്നാത്തവണ്ണം ഒരുതരം മരവിപ്പ് പിന്നെയും കുറച്ച് നേരം അവിടെ തന്നെയിരുന്ന് കാലൊന്ന് തടവിയും നിലത്ത് അമര്‍ത്തി ചവിട്ടിയുമൊക്കെ ഒരുവിധത്തിലാ മരവിപ്പ് മാറ്റിയെടുത്ത് ബൂഫിയയിലേക്ക് പതുക്കെ നടന്നു. 

ചായയും ഒരു കുപ്പി വെള്ളവും  വാങ്ങി  അധികം ആളുകളില്ലാത്തൊരു ഭാഗത്തേക്ക് നടന്നു അവിടെയിരുന്ന് ചായ കുടിച്ച് കൊണ്ടിരിക്കെ പിന്നില്‍ നിന്നുള്ള സലാം പറച്ചില്‍ കേട്ട് തിരിഞ്ഞ് നോക്കി സലാം മടക്കി 
എവിടെയോ കണ്ട് മറന്നൊരു മുഖപരിചയം ഞാനവനോട് പറയുകയും ചെയ്തു നിന്നെ ഞാനെവിടെയോ വെച്ച് കണ്ടിട്ടുണ്ടെന്ന്  അവനും എന്നോട് പറഞ്ഞത് അതു തന്നെ നിന്നെയും ഞാനെവിടെയോ വെച്ച് കണ്ടിട്ടുണ്ടെന്ന്
ഏതായാലും ഞങ്ങള്‍ മുംബ് പരിചയപ്പെട്ടിട്ടില്ലാത്തൊരാ കണ്ട് മറന്ന മുഖപരിചയം ശെരിക്കും പരസ്പ്പരം പരിചയപ്പെടുത്തി
അവന്‍ ഹൈദരാബാദ് സ്വദേശിയാണ് അവനും അവന്റെ മാഡത്തിനേയും കുട്ടികളേയും കൊണ്ട് വന്നതാണ്, ഞങ്ങളുടെ സംസാരത്തിനിടക്ക് അവന്‍ വാച്ചില്‍ നോക്കിയിട്ട് പറഞ്ഞു ഒരു മണിക്കൂറ് കഴിഞ്ഞു ഇവിടെ വന്നിട്ട് ഇനിയെപ്പഴാ പോകുന്നതെന്നറിയില്ലായെന്ന്, ഞാനവനോട് പറഞ്ഞു നീ ഒരു മണിക്കൂറല്ലെ ആയിട്ടുള്ളൂ ഞാന്‍ വൈകുന്നേരം ആറ് മണിക്ക് വന്നിരിക്കാന്‍ തുടങ്ങിയതാണെന്ന്. 

ഞങ്ങളൊരുപാട് സംസാരിച്ചു നാടിനെ കുറിച്ചും വീടിനെ കുറിച്ചും ഉരുകി തീര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലെ നല്ല സമയങ്ങളെ കുറിച്ചുമെല്ലാം 
അതിനിടക്ക് വേറെയും രണ്ടാളുകളെത്തി അവരും ഞങ്ങളെപ്പോലെ അവരുടെ മാഡവുമായി വന്നവരാണ്, ഞങ്ങളെല്ലാവരും ഒരേ രാജ്യക്കാരാണെങ്കിലും വിത്യസ്ഥ സംസ്ഥാനക്കാരായിരുന്നു    അല്ലെങ്കിലും പ്രവാസത്തിനെന്ത് രാജ്യം എന്ത് സംസ്ഥാനം എന്ത് ഭാഷ  എല്ലാവരും അനുഭവിക്കുന്നത് ഒരേ പ്രയാസമല്ലെ, ഒരേ നാട്ടുക്കാര്‍ തമ്മില്‍ കാണുന്നതിനേക്കേള്‍ ഒരു രാജ്യത്തെ പല ദേശ ഭാഷയുള്ളവര്‍ തമ്മില്‍ കാണുംബോള്‍ ഒരു പ്രത്യേഗ രസമാണ് ആ പരിചയപ്പെടലിനും പരസ്പ്പരമുള്ള ഫോണ്‍ നമ്പര്‍ കൈമാറലും വിശേഷങ്ങളും വിഷമങ്ങളും പങ്ക് വെക്കലുമെല്ലാം വല്ലാത്തൊരു അനുഭവവും അഭിമാനാവുമാണ് 
പ്രത്യേഗിച്ച് ചുറ്റിലും ആളുകള്‍ ആനന്ദിക്കുന്നിടത്ത് ഒറ്റക്കിരിക്കുംബോള്‍ കിട്ടുന്ന സൗഹൃദങ്ങള്‍ ആ സൗഹൃദങ്ങളില്‍ വിരിയുന്ന മാനസ്സികമായൊരടുപ്പവും സ്നേഹവുമെല്ലാം വല്ലാത്തൊരു സന്തോശമാണ്
ഞങ്ങള്‍ നാല് പേരുംകൂടി അവിടെയൊക്കെ നടന്നും ഇരുന്നും സംസാരിച്ചും ഫോട്ടൊയെടുത്തും കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുകാരെപ്പോലെ ഞങ്ങളും പ്രവാസത്തിലെ ചില്ലറ പ്രയാസങ്ങളില്‍ അല്‍പ്പനേരത്തെ ആനന്ദം കണ്ടെത്തി. 

പച്ചപ്പുല്‍തകിടില്‍ ഇരുന്നുള്ള ഞങ്ങളുടെ വര്‍ത്തമാനത്തിന് തിരശ്ശീലയിട്ട് കൊണ്ട് എന്റെ ഫോണ്‍ ശബ്ദിച്ചു ഫോണെടുത്ത് നോക്കിയപ്പൊ മാഡമാണ് അറ്റന്റ് ചെയ്തു സംസാരിച്ചു. തിരിച്ച് പോകാനുള്ള സമയമായിട്ടുള്ള വിളിയാണ്,  പുതിയ സൗഹൃദങ്ങളോട് വിധിയുണ്ടെങ്കില്‍ വീണ്ടും കാണാമെന്ന് പറഞ്ഞ് എല്ലാവരോടുമായി സലാം പറഞ്ഞ് ഓരോരുത്തര്‍ക്കും കൈ കൊടുത്ത് വാഹനത്തിനടുത്തേക്ക് നടന്നു നീങ്ങി. 

 ഇനിയും എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാമെന്നുള്ള പ്രതീക്ഷയോടെ...

------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

No comments:

Post a Comment