Friday, 28 October 2016

തുക + സ്കെയില് = മുളകരച്ചത്.


മദ്ദ്രസ വിട്ട് ചക്ക്ങ്ങലെടായിയുടെ പടവുകളിറങ്ങി വീട്ടിലേക്ക് പോകുംബോഴാണ് അനിയനൊരു പരാതി പറഞ്ഞത് അവനെ തലേ ദിവസം സ്കൂളില്‍ വെച്ച് ഏതോ ഒരു കുട്ടി ചീത്ത വിളിച്ചു, തല്ലി എന്നതാണ് പരാതി 
അനിയന്റെ പരാതി കേട്ട് എന്റെ സിരകളില്‍ ഒരു കാരണോലെ ഉത്തരവാദിത്വബോധത്തിന്റെ രക്തം തിളച്ചു മറിഞ്ഞു,,,, 

ഏത് കുട്ടിയാണ് അവന്റെ പേരെന്താണ് വീടെവിടെയാണ് എന്നൊന്നും അനിയന് അറിയില്ല ആ കുട്ടിയെ കണ്ടാലറിയാം അവന്‍ നലാംക്ലാസിലാണ് പഠിക്കുന്നതെന്നും അറിയാം,  വല്ല്യ സ്കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന ജേഷ്ടനായ എനിക്കുമുണ്ടാവില്ലെ ദണ്ണം  അനിയനെ പറഞ്ഞ് സമാദാനിപ്പിച്ചു.

 'നീ പേടിക്കണ്ട അവനെ നമുക്ക് തല്ലാം'  

അനിയന്റെ ക്ലാസില്‍ പഠിക്കുന്ന ഞങ്ങളുടെ അയല്‍വാസി പയ്യനും അതേറ്റ് പറഞ്ഞു  അവനെ തല്ലണം    കൂടെയുണ്ടായിരുന്ന പെങ്ങന്മാരുടെ കണ്ണുകളില്‍ ഭയവും കൗതുകവും നിറഞ്ഞു പെങ്ങന്മാരോട് കാരണോലായ ഞമ്മളൊരു താക്കീദ് കൊടുത്തു..

'ഈ പറഞ്ഞതൊന്നും പെരീല് പറയരുത്'

പറയില്ലായെന്ന ഉറപ്പ് വാങ്ങി എല്ലാവരും  ഇടവഴിയുടെ പടവുകളിറങ്ങി 
വീട്ടിലെത്തി, സ്കൂളിലേക്കുള്ള ബുക്ക്കളൊക്കെ റെഡിയാക്കി വെച്ച് കഞ്ഞിയും കുടിച്ച് എല്ലാവരും ഒരുമിച്ചിറങ്ങി   ഞങ്ങളേയും കാത്ത് അയല്‍വാസി വീട്ടുപടിക്കല്‍ നില്‍പ്പുണ്ട്, ഇടവഴിയുടെ പടവുകളോരോന്നും കയറുംബോള്‍ ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു     അവനെ എങ്ങിനെ എവിടെ വെച്ച് തല്ലണമെന്നതാണ് ചര്‍ച്ച,  അതിനിടെ ഇടവഴിയിലെ  മണ്ണ് കൊണ്ടുള്ള മതിലിനപ്പുറത്ത് കോയിച്ചീരി പറമ്പിലെ മരങ്ങളില്‍ തൂങ്ങിയാടുന്ന   'നായ്കുരണ'കള്‍ (നായ്കൊര്ന) കണ്ണില്‍ പെട്ടത്.   കാട് മൂടിയ കോയിച്ചീരി പറമ്പിലും ഇടവഴി വക്കിലേക്ക് തൂങ്ങിയുമെല്ലാം അന്ന് നായ്കുരണയും തുകാകൊട്ച്ചിയുമെല്ലാം (ചൊറിയനില) ഒരുപാടുണ്ടായിരുന്നു.  പണ്ട് പാക്കടപ്പുയീന്ന് സ്കൂളിലേക്ക് വരുന്ന കുട്ടികളില്‍ ചില വിരുതന്മാരൊക്കെ കൂടെ പോകുന്നവരില്‍ ചിലരോട് നായ്കുരണപ്രയോഗം നടത്തുന്നതും ചൊറിഞ്ഞ് ചൊറിഞ്ഞ് തുള്ളുന്നതുമൊക്കെ കാണാനിടയായിട്ടുണ്ട്. ഞങ്ങളാ നായ്കുരണകള്‍ തൂങ്ങിയാടുന്ന വള്ളികളിലേക്ക് നോക്കി കുറച്ച് നേരം നിന്നു   കാരണോലായ ഞമ്മള് അനിയനോടും അയല്‍വാസിയോടും 
ഒരഭിപ്രായം ചോദിച്ചു...

'ഞമ്മക്കോന നായ്കൊര്നപ്പൊടി ഇട്ടാലോ'

നായ്കുരണപൊടി ശരീരത്തില്‍ തട്ടിയാല്‍ എന്താകുമെന്ന് ശെരിക്കറിയാവുന്ന അവര്‍ പറഞ്ഞു..   
'സെര്യാണ് ഓന് ചൊര്‍ഞ്ഞ് ചൊര്‍ഞ്ഞ് കുട്ട്യാള കാട്ട്ണ പൂത്യങ്ങട്ട് തീരണം'
പക്ഷെ കാരണോലായ ഞമ്മക്ക് ചെറിയൊരു ശങ്ക വന്നു നായ്കുരണപൊടി വിതറുന്ന സമയത്ത് ഞമ്മളെ മേത്ത്ക്ക് ആയാല്‍ ഞമ്മളും നിന്ന് ചൊറിയേണ്ടി വരുമെന്ന ശങ്ക.. ഈ കാര്യം അവരോട് പറഞ്ഞപ്പൊ അവരും പറഞ്ഞു   'അത് സെര്യാണ്'  പടവുകളോരോന്നും കയറി  കഴിഞ്ഞു പിന്നീടങ്ങോട്ട് പടവുകളില്ലാത്ത വഴിയാണ്...   ഞങ്ങള്‍ തല പുകഞ്ഞാലോജിച്ചു അവന് നല്ലൊരു പണി കൊടുക്കണമെന്ന് 
അപ്പോഴാണ് വല്ല്യ സ്കൂളിലെ മൈക്കിലൂടെ പ്രാര്‍തന കേള്‍ക്കുന്നത്  തല്‍ക്കാലം ചര്‍ച്ചകള്‍ക്കൊരു വിരാമമിട്ട് സ്കൂളിലേക്ക് ഓടി.

ക്ലാസിലിരുന്നും ആലോചന ഇതു തന്നെ അനിയനെ തല്ലിയവന് തിരിച്ച് നല്ല പണി കൊടുക്കണം പക്ഷെ എങ്ങിനെ എവിടെ വെച്ച്   ചെറ്യേ സ്കൂളില്‍ വെച്ചായാല്‍ ശകുന്തള ടീച്ചറുടെ സ്കെയില് കൊണ്ടുള്ള അടി മനസ്സിലൂടെ മിന്നി മറഞ്ഞു.. ചെറ്യേ സ്കൂളില്‍ പഠിക്കുന്ന സമയത്ത് നീളമുള്ള ആ സ്കെയിലിന്റെ ചൂട് നല്ലോണം അറിഞ്ഞതാണ്.. നാല് C യില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അന്ന്  സ്കൂളിലെ ബെല്ലടിക്കാനുള്ള ചാന്‍സ് ഓഫീസ് റൂമിന്റെ അടുത്തുള്ള ക്ലാസായതിനാലാണ് അങ്ങിനെയൊരു അവസരം കിട്ടിയിരുന്നത് ഓരോ പിരീഡ് ഓരോരുത്തര്‍ക്കാണ് അവസരം കാത്ത് കാത്ത് ഒരു നാളില്‍ എനിക്കും കിട്ടി ഒരവസരം ഉച്ചക്ക് ഭക്ഷണ ശേഷം അഞ്ചാം പിരീഡിനുള്ള  കൂട്ടബെല്ലടിക്കാനുള്ള മഹനീയമായ സുവര്‍ണ്ണാവസരം ബെല്ലടിക്കുന്ന ചുറ്റികയും കയ്യില്‍ പിടിച്ച് സമയമാവാന്‍ കാത്ത് നില്‍ക്കുകയാണ്  ഇടക്കിടക്ക് ഓഫീസ് റൂമിലെ ക്ലോക്കിലൊന്ന് പോയി നോക്കും സമയമായോന്നറിയാന്‍  മൂന്ന് മിനുറ്റ് ബാക്കിയുള്ളപ്പോള്‍ സമയമായാല്‍ കൂട്ടടിയടിക്കാനുള്ള ആവേശത്തില്‍ ഞാന്‍ ചുറ്റിക ഇറയത്ത് തൂങ്ങി കിടക്കുന്ന വട്ടത്തിലുള്ള   ഇരുമ്പിനോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ്..

ചിലരൊക്കെ ആകാംശയോടെയും കൗതുകത്തോടെയും അസൂയയോടെയും എന്റെ പിന്നിലുമുണ്ട് അതിനിടെ
അവരിലൊരു വിദ്ധ്വാന്‍ എന്നെ ചെറിയൊരു തള്ള് തള്ളി ഇരുമ്പിനോടടുപ്പിച്ച് പിടിച്ച എന്റെ കയ്യിലെ ചുറ്റിക ടിം..ടിം..   സമയമാവാതെ ബെല്ല് രണ്ട് മണി മുഴക്കി..
ബാലന്‍സ് തെറ്റി ഞാന്‍ വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് വീണു
അപ്പോഴേക്കും ആരെടാ ബെല്ലടിച്ചതെന്നും ചോദിച്ച് ശകുന്തള ടീച്ചര്‍ വലിയ ആ സ്കെയിലുമായി ചീറിയടുത്തു  എല്ലാവരും ഓടി തടിയെടുത്തു   പാവം ഞാന്‍ മുറ്റത്ത് വീണിടത്ത് നിന്നും ചുറ്റികയുമായി വരാന്തയിലേക്ക് കയറി വരുന്നതാണ് ടീച്ചറ് കാണുന്നത്.     ഊരിപിടിച്ച സ്കെയിലുമായി വന്ന ടീച്ചറെന്നെ കസ്റ്റഡിയിലെടുത്ത് ഓഫീസ് റൂമിലേക്ക് കൊണ്ട് പോയി
 ടീച്ചര്‍ എന്റെ കയ്യില്‍ നിന്ന് ചുറ്റിക വാങ്ങി വെച്ചു   എന്നെ തള്ളിയവനോടുള്ള ദേശ്യവും കൂട്ടബെല്ലടിക്കാന്‍ പറ്റാത്തതിലുള്ള വിശമവും  അതിലേറെയായി ടീച്ചറുടെ സ്കെയിലു കൊണ്ടുള്ള അടിയുടെ ചൂട് ഓര്‍ത്തുള്ള പേടിയും എല്ലാംകൂടി വല്ലാത്തൊരവസ്ഥയില്‍ ഓഫീസ് റൂമില്‍ നില്‍ക്കുംബോള്‍ മറ്റൊരു ടീച്ചറ് വന്ന് ചുറ്റികയെടുത്ത് പോവുന്നത് കണ്ടു.  വൈകാതെ കൂട്ടബെല്ലടിയും മുഴങ്ങുന്നത് കേട്ടപ്പൊ ആ ചുറ്റിക കൊണ്ട് അടിക്കുന്നത് ഇറയത്ത് തൂങ്ങുന്ന വട്ടത്തിലുള്ള ആ ഇരുമ്പിലല്ല എന്റെ നെഞ്ചിലാണെന്ന് തോന്നിപ്പോയി.. 

അല്‍പ്പ സമയത്തിനകം തന്നെ എനിക്കുള്ള ശിക്ഷ വിധിച്ച് അത് നടപ്പിലാക്കാന്‍ ശകുന്തള ടീച്ചര്‍ സ്കെയിലുമായി എണീറ്റു  എന്നോട് കൈ നീട്ടാന്‍ പറഞ്ഞു ഞാന്‍ കൈ നീട്ടി ഉള്ളം കയ്യില്‍ മൂന്നടി അതുകഴിഞ്ഞ് കൈ തിരിച്ച് പിടിക്കാന്‍ പറഞ്ഞു കയ്യിന്റെ പുറം ബാഗത്തും മൂന്നടി  വേദന കൊണ്ട് കണ്ണില്‍ നിന്ന് പൊന്നീച്ചയോടൊപ്പം വെള്ളിമണികളും കവിളിലേക്ക് ഒലിച്ചിറങ്ങി.

അഞ്ച് B യിലെ രണ്ടാമത്തെ ബെഞ്ചിലിരുന്ന് ശകുന്തള ടീച്ചറുടെ പഴയ സെകെയിലിന്റെ ചൂട് ഓര്‍ത്തപ്പൊ അനിയനെ തല്ലിയവനെ ചെറ്യേ സ്കൂളില്‍ ചെന്ന് തല്ലാനുള്ള ആവേശമൊക്കെ പോയി. ഉച്ചക്ക് ചോറ് തിന്നാന്‍ വീട്ടിലേക്കിറങ്ങുംബൊ ഞങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തു പലവിധ ഐഡ്യകളും ആലോജിച്ചു അതിനിടയിലാണ് വഴിവക്കിലെ തുകാകൊട്ച്ചി കണ്ടത്  ഒറ്റ നില്‍പ്പായിരുന്നു... 

'ആ നല്ലൊരു പണിണ്ട് ഞമ്മക്കോന തുകാകൊട്ച്ചി തേക്കാ'   

കാരണോലായ ഞമ്മളെന്ത് പറയുന്നോ അതു തന്നെയാണ് അവര്‍ക്കും
അവരും പറഞ്ഞു. 'ആ സെര്യാണ് തുകാകൊട്ച്ചി തേക്കാ'
ഞങ്ങളെ ഓവര്‍ടേക്ക് ചെയ്ത്കൊണ്ട് വല്ല്യസ്കൂളിലെ അയല്‍പക്കത്തുള്ള രണ്ട് താത്താര് ഇടവഴിയുടെ പടവിറങ്ങി പോകുംബൊ ഞങ്ങളോട് ചോദിച്ചു
'എന്താടാ വില്ലാങ്കെണികളെ ബയങ്കര ചര്‍ച്ച'
ഒന്നുമില്ലായെന്ന് പറഞ്ഞ് ഞങ്ങളും അവരുടെ കൂടെ പടവുകളിറങ്ങി
വീട്ടിലെത്തി വേഗം ചോറ് തിന്ന് കാരണോലായ ഞമ്മളും അനിയനും രണ്ട് പെങ്ങന്മാരുംകൂടി മുറ്റത്തേക്കിറങ്ങി ഇടവഴിയിലേക്ക് നടക്കുംബോള്‍ അയല്‍വാസി പയ്യന്‍ അവന്റെ വീട്ടില്‍ നിന്ന് ഓടി വന്ന് ഞങ്ങളോടൊപ്പം കൂടി പെങ്ങന്മാരോട് നിങ്ങള്‍ വേഗം മുന്നില്‍ നടന്നോളിയെന്ന് പറഞ്ഞ് അവരെ വേഗം പറഞ്ഞയച്ചു.. 

ഞങ്ങളൊരു പൊടേണിയുടെ വലിയൊരു ഇലയെടുത്ത് കുമ്പിള് കുത്തി  
പണ്ടൊക്കെ ഓണത്തിന് പൂക്കളമിടാന്‍ പൂവ് പറിക്കാന്‍ വരുന്ന കുട്ടികളുടെ കയ്യിലൊക്കെ പൊടേണിയില കുമ്പിള് കുത്തിയതുണ്ടാകും അതിലേക്കാണ് ഓരോ പൂക്കളും പറിച്ച് ഇടുന്നത്.. അയല്‍വാസിയായൊരു ചേച്ചി പൊടേണിയില കൊണ്ട് കുമ്പിള് കുത്തുന്നത് ഒരിക്കല്‍ കണ്ടിട്ടുണ്ട്.. 
ആയൊരോര്‍മ്മ വെച്ചാണ് ഞമ്മളും പൊടേണിയില കൊണ്ട് കുമ്പിള് കുത്തിയത് പണ്ട് ചേച്ചി പൊടേണിയില കുമ്പിള് കുത്തിയത് ഓണപ്പൂക്കള്‍ പറിച്ച് കൊണ്ട് പോകാനായിരുന്നെങ്കില്‍.. ഞമ്മള് പൊടേണിയിലോണ്ട് കുമ്പിള് കുത്തിയത് ഒരുത്തന് പണി കൊടുക്കാനുള്ള തുകാകൊട്ച്ചി പറിച്ച് കൊണ്ട് പോകാനായിരുന്നു.  നല്ല മൂത്തതും ഇളയതുമായ കുറേ തുകാകൊട്ച്ചി ഇലകള്‍ പറിച്ച് കുമ്പിളിലിട്ട് ചോരാത്ത പകയുമായി ഇടവഴിയുടെ ഓരോ പടവുകളും വലിഞ്ഞ് കയറി.  ചെറ്യേസ്കൂളിന്റെ ഗ്രൗണ്ടില് നിറയെ കുട്ടികളുണ്ട്. കള്ളി വരച്ച് കക്ക് കളിക്കുന്ന പെണ്‍കുട്ടികളൊരുബാഗത്ത്.. 
തൊട്ട്കളി കളിക്കുന്ന കുട്ടികള്‍
കെട്ടിപന്ത് തട്ടി കളിക്കുന്ന ആണ്‍കുട്ടികള്‍ 
കോട്ടി കളിക്കുന്ന ആണ്‍കുട്ടികള്‍ 
കാരണോലായ ഞമ്മള് ചോദിച്ചു 

'ഏത് കുട്ട്യാ അന്ന കാട്ടീത്'

അവര്‍ രണ്ടാളുടേയും കണ്ണുകള്‍ ഗ്രൗണ്ടിലാകെ പാഞ്ഞ് നടന്നു   സൂക്ഷമ നിരീക്ഷണത്തിനൊടുവില്‍ അവനെ കണ്ടെത്തി. മദ്ദ്രസയുടെ ഒാഫീസിന്റെയും ചെറ്യേസ്കൂളിന്റെ ചുമരിന്റെയും ഇടയിലുള്ള മദ്ദ്രസയുടെ മുകളിലേക്ക് കയറുന്ന കോണിയുടെ അടുത്ത് കോട്ടി കളിക്കുകയാണ് അവന്‍.   ഞങ്ങള്‍ അവിടേക്ക് നടന്നു  ശകുന്തള ടീച്ചറേയും സ്കെയിലിനേയുമൊന്നും അപ്പൊ ഓര്‍ത്തതേയില്ല.. 
ആദ്യം തന്നെ ഒരടി കൊടുത്തു ഓടാന്‍ ശ്രമിച്ച അവനെ പിടിച്ച് നിര്‍ത്തി പൊടേണിയിലക്കുമ്പിളില്‍ നിന്ന് തുകാകൊട്ച്ചിയില എടുത്ത് നല്ലോണമങ്ങ് പ്രയോഗിച്ചിട്ട് ഒരു മാസ്സ് ഡയലോഗും 

'ഇഞ്ഞെങ്ങാനും ഇന്റെ അന്‍ജന കാട്ട്യാ കര്തിക്കോ തുകാകൊട്ച്ച്യല്ല നായ്കൊര്നപൊടി തേക്കും അന്ന'

അവന്‍ ചൊറിഞ്ഞ് കരയാന്‍ തുടങ്ങി 
ഞമ്മള് പകരത്തിന് പകരം വീട്ടിയ നായകനെപ്പോലെ ചെറ്യേസ്കൂളിന്റെ ഗ്രൗണ്ടില്‍ നിന്ന് റോഡിലേക്ക് നടന്നു
റോഡിലൂടെ വല്ല്യസ്കൂളിലേക്ക് നടന്ന് പോകുംബൊ 
ഒരു കാരണോരുടെ വലിയൊരു ഉത്തരാവാദിത്വം നിറവേറ്റിയ ഗമയോടെ വിജയശ്രീലാളിതനായി അല്‍പ്പം മുന്നോട്ട് പോയി ഹംസാക്കാന്റെ പീടികയുടെ അടുത്തെത്തിയതേയുള്ളു..  പിന്നില്‍ നിന്ന് ആരോ കുപ്പായത്തില്‍ പിടിച്ച് വലിച്ചു..   നീ കുട്ടികളെ കാട്ടും അല്ലെടാാാ..  എന്നൊരു അട്ടഹാസവും നോക്കിയപ്പൊ ഒരു ടീച്ചറെന്നെ പിടികൂടിയതാണ്
തൂക്കിയെടുത്ത് ഓഫീസ് റൂമില്‍ ശകുന്തള ടീച്ചറുടെ മുമ്പില്‍ ഹാജരാക്കി
ടീച്ചറെന്നെ കസ്റ്റഡിയിലെടുത്ത് കൊസ്റ്റ്യന്‍ ചെയ്തു
പിന്നെ പറയണോ പൂരം സ്കെയില് കൊണ്ട് തലങ്ങും വിലങ്ങും കിട്ടി അടിയുടെ ബല്ല്യെര്ന്നാളേനു..... 

അവനെ തുകാകൊട്ച്ചി തേച്ച് ഞമ്മളാ തൊണ്ടി മുതല്‍ അവിടതന്നെ ഉപേക്ഷിച്ചത് വലിയ പാരയായി മാറാന്‍ അദിക സമയം വേണ്ടി വന്നില്ല
ഒരു ടീച്ചറ്  പൊടേണിയില കുമ്പിളില്‍ ഓണപ്പൂക്കള്‍ കൊണ്ട് വരുന്നത് പോലെ..  കുമ്പിളിലാക്കിയ തുകാകൊട്ച്ചി തൊണ്ടിയായി ഹാജരാക്കി. 
ഓഫീസ് റൂമിന് പുറത്ത് കുട്ടികളെല്ലാം കൂട്ടം കൂടി നില്‍ക്കുന്നു അകത്ത് കുറേ ടീച്ചര്‍മാരും മാഷന്മാരും
ചോദ്യം ചെയ്യല്‍ തുടരുകയാണ് 
എന്തിനാ നീയിത് ചെയ്തത് എവിടുന്നാ നിനക്കിത് കിട്ടിയത് അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍   ഞമ്മള് കമാന്നൊരക്ഷരം മിണ്ടിയില്ല     വീണ്ടും കിട്ടി സ്കെയില് കൊണ്ടുള്ള പ്രഹരങ്ങള്‍  ഞമ്മള് കുലുങ്ങിയതേയില്ല
അപ്പൊ ടീച്ചറ് കുപ്പായം അഴിക്കാന്‍ പറഞ്ഞു  ഞമ്മള് ടീച്ചറെ ഒന്ന് നോക്കിയതല്ലാതെ കുപ്പായം അഴിച്ചില്ല പിന്നെ ടീച്ചറെന്റെ  കുപ്പായം പൊക്കി തുകാകൊട്ച്ചി ഞമ്മളെ തിരു മേനിയില്‍ താളി തേക്ക്ണ മാതിരി നല്ലോണം തേച്ചു. 

ഭാഗ്യത്തിന് അന്ന് പേന്റിട്ടതോണ്ട് ആ ഭാഗം ഒഴിവായി കിട്ടി
സ്കെയിലോണ്ട് അജ്ജാതി പൂശല് കിട്ടീപ്പളും ഞമ്മള് കരയാതെ പുടിച്ച് നിന്നു പക്ഷെ തുകാകൊട്ച്ചി തേച്ചപ്പൊ ചൊറിഞ്ഞ് പരലോകം കണ്ടുപോയി       ഒടെടായെന്നൊരു ആക്രോശമായിരുന്നു  തലങ്ങും വിലങ്ങും ചൊറിഞ്ഞുംകൊണ്ട്  ഓടി തടിയെടുത്തു
ശങ്കരേട്ടന്റെ പീട്യന്റെ ബാക്കില് പോയി കുപ്പായം അഴിച്ചു
 കമ്മിണിസ്റ്റപ്പ പറിച്ച് മേലാകെ ഒരതി തേച്ചു.
പിറ്റേ ദിവസം മദ്ദ്രസ വിട്ട് വീട്ടിലെത്തി സ്കൂളിലേക്കുള്ള ബുക്കെല്ലാം റെഡിയാക്കി കഞ്ഞി കുടിക്കാനുള്ള ഒരുക്കത്തിലായിരുന്നു
അതിനിടെ വല്ല്യുപ്പ പൊറായീന്ന് വന്നു   ആദ്യം തന്നെ ഞമ്മളെയാണ് അന്വാശിച്ചത്... 

റോഡില്‍ വെച്ച് ശകുന്തള ടീച്ചര്‍ വല്ല്യുപ്പയോട് ഞമ്മളെ വീരക്രിത്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നു വല്ല്യുപ്പ ബയങ്കര കലിപ്പിലാണ്.  

'ഓം ഇസ്കോള്‍ക്ക് പട്ച്ചാനല്ല പോണ്ട് തല്ലുമ്പുടിണ്ടാക്കാനാണ്'

 ഇന്നല ഏതോ ഒരു ചെര്‍ക്കനെ തുകാകൊട്ച്ചി തേച്ച്ക്ക്ണേലൊ ഓൻ'
എന്ന പറ്റിയുള്ള കംപ്ലൈന്റ് കേട്ട്... അടുക്കളയുടെ ഇറയത്തെ കോഴിക്കൂടിന് മുകളിലുള്ള അമ്മിതിണ്ട്മ്മലെ അമ്മിയില്‍ ചുകന്ന മുളക് അരച്ച് കൊണ്ടിരിക്കുന്ന ഉമ്മാക്ക് ദേഷ്യം പിടിച്ചു.. ഉമ്മാക്കെങ്ങനെ ദേശ്യം വരാതിരിക്കും ഓരോ ദിവസവും ഓരോ തരം പരാതികള് മിക്കതും കുട്ട്യാള കാട്ടി ക്ലാസില് കച്ചറ കാട്ടി ഇത്ങ്ങന ഇടക്കിടക്ക് കേക്കുംബൊ ഏത് ഉമ്മമാര്‍ക്കും ദേഷ്യം വരും.. 

 ഞമ്മളന്ന് ഉമ്മാന്റേക്ക്ന്ന് അടിയോ നുള്ളോ ആയിരുന്നു പ്രതീക്ഷിച്ചത് പക്ഷെ ഞമ്മളെ സകലമാന പ്രതീക്ഷയും തെറ്റിച്ച് കൊണ്ട് മുളക് അരച്ച് കൊണ്ടിരിക്കുന്നതിനിടെ മുളക് പിടിച്ച കയ്യോണ്ട്  ചെറ്തായിട്ടൊന്ന് ഞമ്മളെ കണ്ണില് സുറുമ ഇട്ട് തര്ണ മാതിരി ഒരു പ്രയോഗം.. കണ്ണാകെ എരിഞ്ഞ് അന്ന് ഞമ്മളാ പറമ്പ് മുയ്മനും ഓടി..  കണ്ണ് കാണാതെ തട്ടി തടഞ്ഞ് വീണു 
അവസാനം ഉമ്മ തന്നെ കിണറ്റിന്‍കരയില്‍ കൊണ്ട് പോയി കണ്ണൊക്കെ ശെരിക്കും കഴുകി തന്നിട്ട് പറഞ്ഞു.. 
ന്റെ കുട്ടിഞ്ഞ് മേലില് ഒരാളിം കാട്ടര്ത്ട്ടാന്ന്

അന്ന് എല്ലാരും സ്കൂള്‍ക്ക് പോയപ്പൊ ഞമ്മള് മാത്രം പോയീല   തലേന്ന് ടീച്ചറേക്ക്ന്ന് കിട്ടിയ അടിയുടേയും, അന്ന് ഉമ്മ ഞമ്മള മുളകിട്ടതിനാലും വല്ല്യുപ്പ ഞമ്മക്ക് മാത്രമായി തന്നൊരു  ആനുഗൂല്ല്യമായിരുന്നു അന്നത്തേയൊരു ലീവ്.
__________

ഞമ്മള് വളര്‍ന്ന് വലുതായതിന് ശേഷവും ഉമ്മയുടെ മടിയില്‍ തല വെച്ച് കിടക്കുംബോള്‍ ഞാന്‍ പറയും, 
എന്റെ രണ്ട് കണ്ണുകള്‍ ഒരിക്കലും നരകത്തില്‍ പോകില്ലാന്ന് 
അത് കേട്ട് ഉമ്മയെന്റെ തലയില്‍ സ്നേഹത്തോടെ സഹതാപത്തോടെ തടവിയിട്ട് പറയും 
"ന്റെ കുട്ടിന്റെ കണ്ണ് മാത്രല്ല ന്റെ കുട്ടിനെ മുയ്മനായും പടച്ചോം നരകത്തില് കേറ്റൂലാന്ന്"
ഭൂമിയില്‍ വെച്ച് അതിലും വലിയ ഭാഗ്യം വേറെ കിട്ടാനുണ്ടോ...

-------------------------------------
അന്‍വര്‍ ആട്ടക്കോളില്‍

No comments:

Post a Comment