ഹാജിയാരുടെ ഒളിമങ്ങാത്ത ഓർമ്മകൾ🌹
..................................
ഇന്നത്തെ പള്ളിപറമ്പിൽ കെ സി മൊയ്തീൻ കുട്ടി ഹാജിയെക്കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹത്തെ കുറിച്ച് രണ്ട് വാക്ക് സ്മരിക്കാതിരുന്നാൽ അതൊരു വലിയ തെറ്റായി പോകും എന്ന തിരിച്ചറിവിൽ നിന്നാണ് തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിനിടയിയും അദ്ദേഹത്തെ കുറിച്ച് സ്വൽപം സ്മരിക്കുന്നത്.
കെ സി ഹാജിയോടൊപ്പം വളരെ അധികം ഇടപഴകാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ. സൗമ്യമായ പെരുമാറ്റ രീതിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഏതെങ്കിലും വിഷയത്തെ കുറിച്ച് സംസാരിച്ചാൽ അതിന്റെ എല്ലാ വശങ്ങളും യാതൊരു മടിയും കൂടാതെ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം . എന്റെ ഡിഗ്രി പഠന കാലത്ത് പല ഇംഗ്ലിഷ് പുസ്തകങ്ങൾ തന്നിട്ട് അത് ട്രാൻസലേറ്റ് ചെയ്യാൻ എന്നെ നിരന്തരം പ്രോൽസാഹിപ്പിക്കുമായിരുന്നു . ഒരു വിഷയം ഏറ്റെടുത്താൽ അത് ഭംഗിയായി പൂർത്തികരിക്കുന്നതിൽ നിർബന്ധ ബുദ്ധിക്കാരനായിരുന്നു. ഒറ്റ നോട്ടത്തിൽ ഗൗരവക്കാരനാണെന്ന് തോന്നിക്കുമെങ്കിലും ഇടപഴകുമ്പോൾ അറിയാം ആള് വളരെ സൗമ്യനും വിനയാന്വിതനും ആണെന്ന്.
ചിത്രകലയെയും വായനയെയും ഹൃദയത്തോട് ചേർത്ത് വെച്ച മൊയ്തീൻ ഹാജിയുടെ കരങ്ങളിലൂടെ ധാരാളം ചിത്രങ്ങൾ വെളിച്ചം കണ്ടിട്ടുണ്ട്. ബാനർ നിർമാണ രംഗത്ത് പ്രഗൽഭനായ മൊയ്തീൻ ഹാജിയെ കുറിച്ച് അദ്ദേഹത്തിന്റെ മരണത്തിന്റെ മാസങ്ങൾക്ക് മുമ്പ് പത്രത്തിൽ പ്രത്യേക ഫീച്ചർ വന്നിട്ടുണ്ട്. ആരുടെയും കുറ്റങ്ങളും കുറവുകളും കണ്ടെത്താതെ തന്റേതായ വഴിയിലൂടെ സഞ്ചരിച്ച മൊയ്തീൻ ഹാജി നല്ലൊരു കൃഷിക്കാരനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയർപ്പ് തുള്ളിയിലൂടെ വിളവെടുത്ത പഴത്തിന്റെ സ്വാദ് ഇന്നും നാവിൻ തുമ്പത്ത് തത്തി കളിക്കുന്നുണ്ട്.
ജിവിതത്തിൽ ധാരാളം സൽകർമ്മങ്ങൾ വിളയിപ്പിക്കുന്നതിലും പിന്നിലല്ലാത്ത ഹാജിയാർ ശക്തമായ മുട്ട് വേദന ഉള്ള സമയത്ത് പോലും പള്ളിയിലെ ജമാഅത്ത് മുടക്കാറില്ല. കെ സി മൊയ്തീൻ ഹാജി എന്ന വ്യക്തിയുടെ വില നമ്മുടെ പ്രദേശത്തു കാർ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ മരണശേഷം ആയിരുന്നു. കേരളത്തിലെ അറിയപ്പെട്ട ധാരാളം പണ്ഡിത സാദാത്തുക്കൾ അവരുടെ ആത്മീയ സദസ്സിലെ പ്രാർത്ഥനകളിൽ ഹാജിയാർക്ക് പ്രത്യേക സ്ഥാനം നൽകിയപ്പോൾ അത് അദ്ദേഹത്തിന്റെ പണ്ഡിതൻമാരോടുള്ള ബന്ധത്തെ വിളിച്ചോതുന്നതായിരുന്നു.
എല്ലാ കാര്യങ്ങളെയും നന്നായി നിരീക്ഷിക്കുന്ന KC ഹാജിയാർക്ക് ധാരാളം നേതൃത്വ ഗുണങ്ങളും ഉണ്ടായിരുന്നു.
ജീവിതത്തിൽ എപ്പോഴും പ്രസന്ന മുഖമായി ഈമാനിന്റെ പ്രകാശം തുളുമ്പുന്ന മുഖവുമായിട്ടായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്.
പരോപകാരം ചെയ്യുന്ന കാര്യത്തിൽ അതീവ തൽപര്യനായിരുന്ന അദ്ദേഹം എനിക്ക് പല കാര്യങ്ങളിലും പോസിറ്റീവ് ഊർജ്ജം പകർന്ന് നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും കരിയർ സംബന്ധമായി.
അദ്ദേഹത്തിന്റെ എല്ലാ ദോശങ്ങളും പൊറുത്ത് കൊടുത്ത് അദ്ദേഹത്തേയും നമ്മേയും പ്രപഞ്ചനാഥൻ സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും പറുദീസയായ സ്വർഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ .... ആമീൻ
-------------------------------
🖊 അഹമ്മദ് കുറ്റൂർ
കെ സി.മൊയ്തീൻ ഹാജിയെ ഓർക്കുമ്പോൾ...
~~~~~~~~~~~~~~~~
കെ സി മൊയ്തീൻ ഹാജിയുമായി അടുത്തിടപഴകിയ ഒരാളല്ല ഞാൻ. ദീർഘകാലം അദ്ദേഹം പ്രവാസി ആയിരുന്നു എന്നറിയാം.
പ്രവാസം നിറുത്തി നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന കാലത്താണ് അദ്ദേഹവുമായി കുറച്ചെങ്കിലും അടുക്കാൻ സാധിച്ചത്. കെ സി ഒരു
മിതഭാഷിയായിരുന്നു. വാക്കുകൾ വളരെ കരുതി മാത്രമാണ് അദേഹം ഉപയോഗിച്ചത്. എന്നാൽ പോലും അടുത്ത സുഹൃത്തുക്കളാട് അദ്ദേഹം ഒരു പാട് നേരം മനസ്സ് തുറന്ന് സംസാരിച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം സൗഹൃദങ്ങൾക്ക് പ്രായഭേദങ്ങളില്ലായിരുന്നു.
പതുക്കെ നടന്നും പതിഞ്ഞ സ്വരത്തിൽ സംസാരിച്ചുമാണ് അദ്ദേഹം നമുക്കിടയിലൂടെ കടന്നു പോയത്. നന്നായി വരക്കുകയും വായിക്കുകയും ചെയ്യുന്ന ഒരാൾ. അദ്ദേഹം എഴുതിയ പോസ്റ്ററുകൾ മനോഹരമായിരുന്നു.
സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നു അവ കൈകാര്യം ചെയ്തിരുന്നത്. വര വലിയൊരു സാമൂഹിക ദൗത്യമാണ്.
ഓരോ പോസ്റ്ററും സമൂഹത്തിന് നേർക്ക് ഉള്ളിൽ തറക്കുന്ന ചോദ്യമാണ്.
അതോടൊപ്പം അവ നൻമയുടെ മുഖകണ്ണാടിയുമാണ്. നൻമയെ പ്രചോദിപ്പിക്കുന്നതിനും തിൻമക്കെതിരെ വിരൽ ചൂണ്ടാനും പോസ്റ്ററുകൾക്കാവും.
ഈ ദൗത്യം വളരെ ആത്മാർത്ഥതയോടെ കെ സി നിർവ്വഹിച്ചു.
ആ കൈകളിൽ പലപ്പോഴും ചുരുട്ടിപ്പിടിച്ച ഒരു പോസ്റ്റർ കാണാം.
എഴുതിയും പതിച്ചും തന്റെ നൈസർഗിക കഴിവിനെ നൻമയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്താൻ അദേഹത്തിനായി,
സുന്നി പ്രസിദ്ധീകരണങ്ങളുടെ പ്രചരണ പ്രവർത്തനങ്ങളിലും കെ സി സജീവമായിരുന്നു. സ്വയം വായിക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവരിലേക്ക് വായനയെ കൈമാറുക എന്നത് ഒരു സംഘാടകനായ വായനക്കാരന് മാത്രം കഴിയുന്ന കാര്യമാണ്. വായന പ്രചരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വല്ലാത്ത താൽപ്പര്യം കാട്ടി. പ്രവാസകാലത്തും കെ സി ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
നാട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും ഈ രംഗത്ത് അദ്ദേഹം വീഴ്ച വരുത്തിയില്ല. ഇക്കാര്യത്തിൽ അദ്ദേഹം കാണിച്ച ആത്മാർത്ഥതയും താൽപ്പര്യവും എടുത്ത് പറയേണ്ടത് തന്നെയാണ്.
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം വെളിച്ചമാക്കട്ടെ,
---------------------------
സത്താർ കുറ്റൂർ
K C. എന്നും KCകാക്ക എന്നും ഞങ്ങൾ വിളിച്ചിരുന്ന
KC. മൊയ്തീൻ ഹാജിയെക്കുറിച്ചുള്ള പള്ളി പറമ്പ് ഓർമയിൽ അദ്ദേഹത്തെ കുറിച്ചൊരു ചെറിയ ഓർമ ഉണ്ടാവാതിരിക്കുന്നത് ആന്തരിക മനസാക്ഷിയോട് തന്നെ ചെയ്യുന്ന ആത്മവഞ്ചനയും കൂടി ആയിരിക്കും,
അത്രക്കും അടുത്ത് ഒരേ റൂമിൽ കുറെ കാലം ഒന്നിച്ചു ജീവിച്ചിരുന്നവരാണ് ഞങ്ങൾ - അത് കൊണ്ട് തന്നെ അദ്ദേഹം എന്റെ ഉമ്മയുടെ നേരാങ്ങള മാരെക്കാളും ഞാൻ അടുപ്പം പുലർത്തിയിരുന്ന ഒരമ്മാവൻ കൂടിയായിരുന്നു.
1983 -ൽ ഞാൻ സൗദിയിൽ വന്ന കാലഘട്ടം തൊട്ട് കുറെ കാലം ഞങ്ങൾ അടുത്ത് സഹവസിച്ചിട്ടുണ്ട്.
വളരെ സൗമ്യ സ്വഭാവക്കാരനായിരുന്നു.
ശബ്ദം ഉയർത്തി സംസാരിക്കില്ലായിരുന്നു -
സുന്നി പ്രസ്ഥാനത്തിന്റെ പിളർപ്പിന്റെ മൂർദ്ധന്യ ദശയിലൊക്കെ ആയിരുന്ന സമയത്ത് അന്ന് തൊട്ടെ ഞാനും അദ്ദേഹവും രണ്ട് പ്രസ്ഥാനങ്ങളിലായിരുന്നു, ഒരു പാട് പ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും വലിയ വാഗ്വാദങ്ങളിലും തർക്കങ്ങളില്യം ഞാനദ്ദേഹവുമായിട്ട് ഇടപെടുമായിരുന്നു.
വാദം ആരുടെത് ശരിയായിരുന്നാലും -
ഞാൻ എത്ര കാർക്കശ്യത്തോടെ സംസാരിച്ചാലും അദ്ദേഹം
വളരെ സൗമ്യമായിട്ടായിരുന്നു ഇടപെട്ടിരുന്നത്ത്. ഇന്ന് നമ്മുടെ ഈ കൂടിന്റെ പരിസരത്ത് ഇന്ന് നാട്ടിൽ സ്ഥിരതാമസമാക്കിയ
ഒരു വലിയ എതിരാളി വേറെയും ഉണ്ടായിരുന്നു എനിക്കന്ന് -
പക്ഷെ രണ്ടാളോടും രണ്ട് ശൈലി തന്നെ എനിക്ക് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് ഇദ്ദേഹത്തിന്റെ സൗമ്യ ഭാവം കൊണ്ട്..
ജീവിച്ചിരിക്കുമ്പോൾ തെറ്റുകൾ മാത്രം കണ്ട് പിടിക്കുന്ന മരിച്ചാൽ മാത്രം നല്ലത് പറയുന്നവരെക്കുറിച്ച്
മഹാകവി ഇഖ്ബാലിന്റെ രണ്ട് വരികൾ വായിച്ച
തോർമയുണ്ട്:'
മരിച്ച് പോയാൽ മനുഷ്യൻ പറയുന്നു.
എത്ര നല്ലവനായിരുന്നു.
ഖുദാ 'മഗ്ഫിറത് കറേ --
ഈ പറച്ചിലല്ല ഇത്: ശരിക്കും അദേഹത്തെ അനുഭവിച്ചിട്ടുള്ളതാണ്_
കൂട്ടത്തിൽ ഒന്നിച്ചുണ്ടായിരുന്നവ രിൽ ഓർമയിൽ വരുന്ന ഒരു നല്ല മനുഷ്യന്റെ മുഖമാണ് കുറുക്കൻ കരിം - അവരിരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു അദ്ദേഹം കുറെ മുമ്പെ മരണപ്പെട്ട് പോയി;
അവരിരുവരെയും നമ്മെയും റബ്ബ് സ്വർഗത്തിൽ ഒരു മിച്ച് കൂട്ടട്ടെ -آمين
-----------------------------------
അലി ഹസ്സൻ പി. കെ.
ഇന്ന് പള്ളിപറംബിൽ സ്മരിക്കുന്ന KC മൊയ്തീൻഹാജി യുമായി എനിക്ക് കൂടുതൽ ഇടപഴകാൻ സാധിച്ചിട്ടില്ല
എൻ്റെ ചെറുപ്പ കാലത്ത് അദ്ധേഹം പ്രവാസിയായിരുന്നു, കൂടുതൽ സംസാരിക്കാത്ത ആരോടും ദേഷൃപ്പെടാത്ത സൗമൃ സ്വഭാവമൊയിരുന്നു ചിത്രകലയിലും ബോഡുകളും ബാനറുകൾ എന്നിവ എഴുതുന്നതിലും പ്രാവീണൃം സിദ്ധിച്ച വൃക്തിയായിരുന്നു
ദീനീ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ധേഹം.
അവർ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് കീഴിൽ നല്ല സേവനം ചെയ്തിട്ടുണ്ട്
സമ്പത്തിന് മുകളിൽ അള്ളിപ്പിടിച്ച് നടവഴി പോലും വിട്ട് കൊടുക്കാതെ വില പേശുന്ന ദുനിവാവിൽ തൻ്റെ സുഖസൗകരൃങ്ങൾക്ക് മാത്രം പ്രാധാനൃം കൽപ്പിക്കുന്ന ഇക്കാലത്ത് റോഡ് സൈഡിൽ നല്ല വിലകിട്ടുന്ന ഭൂമി ദീനീ സ്ഥാപന നിർമ്മാണനത്തിന് വിട്ട് കൊടുത്ത് മാതൃക കാണിച്ച മഹാനാണ് അവർ.
അവസാനം വരെ ആ സ്ഥാപനത്തിനും സംഘടനക്കും വേണ്ടി പ്രവർത്തിച്ചിരുന്നു
പ്രവാസം അവസാനിപ്പിച്ചതിന് ശേഷം അദ്ധേഹത്തിൻ്റെ പറമ്പിൽ തന്നെ നല്ലൊരു കൃഷിക്കാരനായും കാണാൻ കഴിഞ്ഞിട്ടുണ്ട്
അദ്ധേഹം എൻ്റെ കുടംബത്തിൽ നിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ എനിക്ക് അദ്ധേഹം അളിയൻ കാക്കയായിരുന്നു ദീനീസേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന
അദ്ധേഹത്തിൻ്റെ വിയോഗം തീരാ നഷ്ടം തന്നെയാണ്
അദ്ധേഹം ദീനീ സ്ഥാപനത്തിന് വേണ്ടി ചെയ്ത സേവനം ഖബറിൽ അവർക്ക് തുണയാവട്ടെ അവരെയും നമ്മേയും പടച്ച റബ്ബ് അവൻ്റെ ജന്നത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ 🌹
----------------------------------------
കുഞ്ഞഹമ്മദ് കുട്ടി കെ. എം
കെ സി മൊയ്തീൻ ഹാജി
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മുഖമായിരുന്നു അദ്ദേഹത്തിന്റേത് എന്റെ ഉപ്പാന്റെ ഒരു സുഹൃത്തായിരുന്നു അദ്ദേഹം
അദ്ദേഹത്തെ മിക്കവാറും ദിവസങ്ങളിലും കാണാറുണ്ടായിരുന്നു ഈ അടുത്ത കാലത്തായി അദ്ദേഹത്തോടെ ഇടപഴകാൻ സാധിച്ചിട്ടുണ്ട് നല്ല ആകർഷണീയം ആയിരുന്നു അദ്ദേഹത്തിന്റെ വേഷം നീണ്ട താടിയും ജുബ്ബയും തുണിയും ആയിരുന്നു, അദ്ദേഹത്തിന്റെ വേഷം ആദ്യമൊക്കെ അദ്ദേഹത്തോട് സംസാരിക്കാൻ ഒരു ഭയം ആയിരുന്നു, പക്ഷേ അദ്ദേഹത്തോട് കൂടുതൽ ഇടപഴകിയപ്പോൾ അതൊക്കെ മാറി നാട്ടിലെ ദീനീ പ്രവർത്തനങ്ങൾക് സുന്നി പ്രവർത്തനങ്ങൾക്കും നിറസാന്നിധ്യമായിരുന്നു, വളരെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് ഒരു നല്ല കലാകാരനും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കുടുംബത്തെപ്പോലെ നമ്മളെയും ദുഃഖത്തിലാഴ്ത്തി അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ
------------------------------------
ശറഫുദ്ധീൻ കള്ളിയത്ത്
മർഹും KC മൊയ്തീൻ ഹാജി എന്ന അമ്മായികാക്കയെ അനുസ്മരിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ വായനയിലെ നിരവധി ആനുകാലിക പ്രസിദ്ധീകരങ്ങളിൽ രണ്ട് പ്രസിദ്ധീകരണങ്ങളായ രിസാലയുടെയും പൂങ്കാവനത്തിന്റെയും ഇടവേളകളില്ലാതെ ലക്കങ്ങൾ സൗജന്യമായി എനിക്ക് എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച ആവേശമാണ്.
ജിദ്ദയിലെ RSC യുടെ മീഡിയ ടീമിലെ അംഗങ്ങൾ പ്രവാസി രിസാലയുടെ കോപ്പി ജിദ്ദയിലെ മാധ്യമ പ്രവർത്തകർക്ക് നൽകിയിരുന്നു. എനിക്കുള്ള കോപ്പി തരുമ്പോഴും ഞാൻ ഓർമ്മിക്കുമായിരുന്നു.
അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തന്നെ സ്വന്തം കെട്ടിടത്തിൽ അദ്ദേഹത്തിന്റെ കരവിരുതിലും യന്ത്രങ്ങളുടെ സഹായത്തോടെയും വിരിയുന്ന അറബി അക്ഷരങ്ങളെ നോക്കി നിൽക്കുമ്പോഴാണ് ആദ്യമായി അടുത്ത് പരിചയപ്പെടുന്നത്.
അതിന് ശേഷം എവിടെ നിന്ന് കണ്ടാലും പതിഞ്ഞ സ്വരത്തിൽ സലാം പറഞ്ഞു കൊണ്ട് പുഞ്ചിരിച്ചുള്ള സംസാരം തുടങ്ങുന്നത് തന്നെ അദ്ദേഹം എന്റെ പ്രസ്ഥാന വിശേഷങ്ങൾ ചോദിച്ചു കൊണ്ടാണ്.
പിന്നെ പരസ്പരം ഞങ്ങൾ തമ്മിലുള്ള സംസാരം പലപ്പോഴും പല വഴികളിലൂടെ കടന്ന് പോയാലും അദ്ദേഹം അവസാനം പറഞ്ഞു നിർത്തുന്ന വാക്കുകൾ അദ്ദേഹത്തിന്റെ
പ്രവർത്തനത്തിന്റെ
കാതൽ വെളിപ്പെടുത്തുന്നതായിരുന്നു.
നമുക്ക് നാളെ പരലോകത്ത് ജാമ്യം നിൽക്കാൻ ഇവിടെ ഉള്ള ഒരു നേതാവും വരില്ല.
അവർ ഇവിടെയുള്ള താൽക്കാലിക സംവിധാനങ്ങളുടെ നടത്തിപ്പിന്റെ ചുമതലക്കാർ മാത്രമാണ്.
നമ്മൾ ആ സംവിധാനത്തിനോട് ചേർന്ന് നിൽക്കുമ്പോൾ നമ്മൾ അതുമായി സഹകരിക്കുന്നു.
അതിൽ നമ്മളറിയാതെ അവർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം ഉത്തരവാദിത്തമാണ്.
നമുക്ക് അനുകൂലമായി നാളെ പരലോകത്ത് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് നമ്മുടെ നല്ല പ്രവർത്തികൾക്ക് മാത്രമാണ് എന്ന് അദ്ദേഹം പറയും.
അദ്ദേഹത്തിന്റെ നല്ല പ്രവർത്തികൾ അദ്ദേഹത്തിന്റെ സ്വർഗ്ഗപ്രവേശനം എളുപ്പമാക്കട്ടെ...
ആമീൻ
---------------------------
ശരീഫ് കെ എം,
വെളുത്ത മുഖത്ത് തൂവെള്ള താടി അലങ്കാരമായി കൊണ്ട് നടന്ന കുറ്റൂരിന്റെ കലാകാരൻ....
കാണുന്ന കാഴ്ചയിൽ അധികവും തലയിൽ അലസമായി ചുറ്റിയ തോർത്തും കയ്യിൽ ചുരുട്ടിപ്പിടച്ച ഏതെങ്കിലും പേപ്പറോ മറ്റോ കയ്യിൽ കരുതിയിരുന്ന കുറ്റൂരുകാർക്ക് സുപരിചിതനായ KC...
നിറപുഞ്ചിരിയും പതിഞ്ഞ സംസാരവും കൈമുതലാക്കിയ KC കുറ്റൂരിലെ മത സംഘടന നേതൃസ്ഥാനവും അലങ്കരിച്ചു പോന്നു.....
വായനയെയും കലയെയു വളരെ അടുത്തറിഞ്ഞിട്ടുണ്ടാവും KC..
KC കോറിയിട്ട ഒരു പാടൊന്നും ഇല്ലെങ്കിലും കുറച്ചെങ്കിലും കലാസൃഷ്ടികൾ നമ്മൾ നാട്ടുകാർക്ക് കാണാൻ സാധിച്ചിട്ടുണ്ട്...
അവരെയും ഞമ്മളെയും സൃഷ്ടാവ് സ്വർഗീയ ആരാമത്തിൽ ഒരുമിച്ചുകൂട്ടുമാറാവട്ടെ
------------------------------
അന്താവാ അദ്നാൻ
KC മൊയ്തീൻ കുട്ടി ഹാജി.അദ്ദേഹത്തിന്റെ പരലോകജീവിതം അള്ളാഹു പ്രകാശ പൂരിതമാക്കിക്കൊടുക്കട്ടെ. 1979 ഞാൻ പ്രവാസിയായതു മുതൽ ഞങ്ങൾ പരിചയക്കാരാണ്. മരിക്കുന്നത് വരെ ആ സൗഹൃദം നിലനിൽത്തിപ്പോന്നു. ജിദ്ദയിൽ ഞങ്ങൾ ഒരു Room ലായിരുന്നു. അധികമാരോടും ഇടപെടാതെ അന്നും മൂപ്പര് ബലദിയപ്പണിയും അത് കഴിഞ്ഞ് വന്നാൽ വരയും വായനയുമായി ഒത്തുകൂടിക്കഴിഞ്ഞിരുന്നു. പ്രവാസം കഴിഞ്ഞ് കുറ്റൂരിലേക്ക് താമസം മാറ്റിയതിന് ശേഷം ആ സൗഹൃദ് ബന്ധം ഒന്നു കൂടി ഗാഢമായി. സംഘടനാ പ്രവർത്തനവും ആത്മീയകാര്യങ്ങളുമായി ആരെയും വെറുപ്പിക്കാതെ മരണം വരെ അദ്ദേഹത്തിന് ജീവിക്കാൻ കഴിഞ്ഞു. അള്ളാഹു അവരുടെ ദോഷങ്ങൾ പൊറുത്തു കൊടുക്കുകയും പരലോകജീവിതം ധന്യമാക്കുകയും ചെയ്യട്ടെ. ആമീൻ
--------------------------------
മമ്മുദു അരീക്കൻ
മൊയ്തീൻ ഹാജി
കുട്ടിക്കാലത്ത് കൊടുവായൂരങ്ങാടിയിലേക്ക് പോകുമ്പോൾ ബാനറുകളും ബോർഡുകളും എഴുതിത്തയ്യാറാക്കുന്ന KC യെ നോക്കി നിൽക്കാറുണ്ടായിരുന്നു. ഫസലിയ്യ മസ്ജിദിലേക്ക് കടക്കുന്ന വഴിയുടെ ഇടത് ഭാഗത്തുണ്ടായിരുന്ന KC യുടെ തുണി ഷോപ്പി നോട് ചേർന്നായിരുന്നു അർട്ടിസ്റ്റ് KC യുടെ പണിപ്പുര. KC യുടെ സൃഷ്ടികളുടെ ആകർഷണമായിരിക്കാം ഒരു പക്ഷേ എന്നെയും നിറങ്ങളുടെ ലോകത്തേക്ക് തിരിച്ച് വിട്ടത്. അദ്ദേഹം പിന്നീട് സൗദി അറേബ്യയിൽ നിറങ്ങൾ ചാലിച്ചു. യുവത്വം വാർദ്ധക്യത്തിലെത്തുന്നതു വരെ സൗദിയിൽ തുടർന്നു. പിന്നീട് വിശ്രമജീവിതത്തിനായി നിറങ്ങളുടെ ലോകത്ത് നിന്ന് ഒരു ഒളിച്ചോട്ടം നടത്തി.
നാട്ടിൽ ദീനീ പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഹാജിയെ പുഞ്ചിരിയോടെയല്ലാതെ കണ്ടിട്ടില്ല. ഞാനുമായി വളരെ അടുപ്പത്തിലായിരുന്ന മൊയ്തീൻ ഹാജി, എവിടെ നിന്ന് കണ്ടാലും പിടിച്ച് നിർത്തി കുറേ നേരം സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് എന്നെയും വേദനിപ്പിച്ചു. ഞങ്ങൾ തമ്മിലുള്ള ബന്ധം അത്രക്ക് അടുത്തതായിരുന്നു. അദ്ദേഹത്തിന്റെ പരലോകജീവിതം പ്രകാശപൂരിതമാകട്ടെ - അദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നുകൊടുക്കുമാറാകട്ടെ -
അദ്ദേഹത്തെയും നമ്മെ യും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ - ആമീൻ
----------------------------------------------
എം ആർ സി അബ്ദുറഹ്മാൻ,
ഉമറാക്കളിലെ തെളിഞ്ഞ രൂപം
ഞാൻ ആറാം ക്ലാസിൽ കക്കാടംപുറം GUPSൽ പഠിച്ച് കളിച്ച് നടന്ന കാലത്ത് കക്കാടം പുറം സ്കൂളിനോട് ചാരിയ അരീക്കൻ ഹൈദ്രൂസ് ഹാജിയുടെ പീടിക മുറിയിൽ ഒരാൾ വെളുത്ത നീണ്ട താടിയും മലബാറിൻ്റെ മാപ്പിളമാരുടെ കള്ളി തുണിയും തലയിൽ ഒരു കെട്ടും ധരിച്ച ഉമറാക്കളിലെ തെളിഞ്ഞ മുഖം മനസ്സിലെ വർണങ്ങളിൽ ചാരിച്ച കലാകാരൻ താൻ മനസിൽ കാണുന്നത് എന്തോ അത് തന്നെ വിരലുകളെ കൊണ്ട് മാന്ത്രികം കാണിക്കുന്ന ചിത്രകാരൻ.
അള്ളാഹു അദ്ദേഹത്തിൻ്റെ ആഖിറ ജീവിതം സന്തോഷമാക്കട്ടെ
നമ്മേയും അദ്ദേഹത്തെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ
ആമീൻ
---------------------------------
സയ്യിദ് നളാഫ് തങ്ങൾ
തബസ്സും കേസ്യാക്ക.. ഞാൻ 1993 ൽ ജിദ്ദയിൽ എത്തുമ്പോൾ കേൾക്കുന്ന പേരുകളിൽ ഒന്നാണ്.
പൊതുവെ അന്ന് നാട്ടുകാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട് കേസ്യാക്കാന്റെ അടുത്ത് നിന്ന് ഒരു ബോഡും ( നെയിം) ഹരാജിൽ നിന്ന് ( പഴയ സാധനം വിൽക്കുന്ന സ്ഥലം ) സാധനങ്ങളും വാങ്ങിയാൽ ഒരു കട തട്ടി കൂട്ടാം... ബ്രോസ്റ്റ്, ബൂഫിയ, പൊറാട്ടകട, ബതാത്തീസ് (കിഴങ്ങ്) പൊരികട, ചെറിയ ബകാലകളൊക്കെ തന്നെ അന്ന് ഇന്നത്തെ പോലെ ഡിക്കോറുകളൊന്നും കൂടുതൽ ഇല്ലാതെ തട്ടി കൂട്ടുന്നതു പതിവായിരുന്നു .... അതിനാൽ നെയിം ബോഡിന് വേണ്ടി പൊതുവെ മലയാളികൾ കേസ്യാക്കാനെയായിരുന്നു ആശ്രയിച്ചിരുന്നത്.... ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലാത്ത കാലത്ത് തന്റെ കരവിരുതിനാലായിരുന്നു ബോഡുകൾ നിർമ്മിച്ചിരുന്നത്.
കരിന്തിനയിൽ അരീക്കൻ ബീരാൻ ഹാജിയുടെ ( اللهم ارحمه ) MM ബ്രോസ്റ്റിൽ താമസിച്ചിരുന്ന കാലത്തു ഞാൻ തൊട്ടടുത്ത പ്രദേശമായിരുന്ന മഹജറിലെ കേസ്യാക്കായുടെ ബോഡ് വർഷാപ്പിൽ ചെന്ന് പരിജയപ്പെടുകയുണ്ടായി... അന്നാണ് അദ്ധേഹവുമായി നേരിട്ട് സംസാരിക്കുന്നത് ( ബീരാൻ ഹാജിയും, KC കാക്കയും നല്ല സുഹ്രുത്തുക്കളായിരുന്നു )
പ്രവാസ ജീവിതം മതിയാക്കിയ അദ്ധേഹത്തെ പലപ്പോഴും കണ്ടു മുട്ടാറുണ്ടെങ്കില്ലും വലിയ ശബ്ദ കോലാഹലങ്ങൾക്കോ നിരന്തര സംസാരങ്ങൾക്കോ വഴങ്ങാറില്ലാത്ത ശാന്ത പ്രകൃതമായതിനാൽ ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി. അദ്ധേഹം നടന്നു പോകാറാണ് പതിവ്.
ദീനീ, സംഘടനാ രംഗത്ത് ബഹളങ്ങളില്ലാതെ തന്റെ ആശയ പ്രചരണത്തിൽ മരിക്കുന്നത് വരെ സജീവത നില നിറുത്തി പോരാൻ അദ്ദേഹത്തിന് കഴിഞു.
കുറച്ചു വർഷം മുമ്പു കുറ്റൂരിൽ SSF ന്റെ മൈത്രീ സമ്മേളനത്തിന്റെ പ്രചരണാത്ഥം അദ്ധേഹവും സഹപ്രവർത്തകരും വീട്ടിൽ വന്നു..... കുറച്ച് നേരം ഇരുന്ന് സംസാരിച്ചത് അന്നാണ്.
അള്ളാഹു വിജയിച്ചവരിൽ ഉൾപ്പെട്ടത്തട്ടെ امين
--------------------------------------
അബ്ദുലത്തീഫ് അരീക്കൻ
സൗമ്യം.. സുന്ദരം.. കെ.സിയുടെ പുഞ്ചിരി
✍✍✍✍✍✍✍✍✍
നമ്മുടെയിടയിലുടെ
സൗമ്യനായി നടന്ന്
സുന്ദരമായി പുഞ്ചിരിച്ച്
സാത്വികനായി ജീവിച്ചു കെ.സി എന്ന് അറിയപ്പെട്ട കണ്ടഞ്ചിറ മൊയ്തീൻ ഹാജി -
കക്കാടംപുറത്താണ് ജനനമെങ്കിലും പഠിത്തവും പെരുമാറ്റവും ഉമ്മാന്റെ നാടായ കുറ്റൂരായിരുന്നു. സ്കൂൾ പഠനകാലത്തേ ഡ്രോയിംഗിൽ എല്ലാ ക്ലാസ്സിലും ഒന്നാം സ്ഥാനത്തായിരുന്നു. ആ കഴിവ് ജീവിതത്തിലുടനീളം നിലനിർത്തി. പ്രവാസകാലത്ത് അദ്ദേഹം കൈ കൊണ്ട് തയ്യാറാക്കിയ ഫ്ലക്സ് ബോഡുകൾ കംപ്യുട്ടർ ബോർഡുകളെക്കാളും ജീവസ്സുറ്റതായിരുന്നു.
പ്രവാസം നിർത്തി നാട്ടിൽ നിശ്ശബ്ദ ദീനി സേവനം. തന്റെ ആദർശങ്ങളോട് പൊരുത്തപ്പെടുന്നവരോട് ചേർന്നു നിന്നപ്പോഴും മറ്റുള്ളവരോട് വഴക്കിനും വക്കാണത്തിനും പോകാതെ മാതൃകാ പുരുഷനായി ജീവിച്ചു കാണിച്ചു തന്നു.
ഹുജ്ജത്തിന്റെ പിറകിൽ താമസിച്ച പരേതനായ ഇരുകുളങ്ങര മുസ്സക്കുട്ടി കാക്ക അമ്മോനാണ്. പിന്നീട് താമസം കുറ്റൂരിലേക്ക് മാറ്റി. ജേഷ്ടൻ ആലിഹാജിയും അനുജൻ മൂസ്സയും ഇപ്പോൾ കുറ്റൂർ നിവാസികളായി.
ഹാജിയുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്
അഴകാർന്ന അക്ഷരങ്ങൾക്ക് ജീവൻ നൽകിയ കലാകാരനെ മാത്രമല്ല,
മാതൃക കാണിച്ച ദീനി സേവകനെയാണ്
സാത്വിക ജീവിതം നയിച്ച, നമുക്ക് പിന്തുടരാൻ പറ്റിയ
നല്ല സ്വഭാവഗുണങ്ങൾ സമ്മേളിച്ച ഒരു മിതഭാഷിയെയാണ്.
അല്ലാഹുവേ.. കെ.സി.മൊയ്തീൻ ഹാജിയുടെ ഖബ്റിലേക്ക് സ്വർഗീയ വാതിലുകൾ തുറന്നുകൊടുക്കണേ എന്ന് ദുആ ചെയ്യുന്നു.
-----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ,
ഓർമ്മയിലെ കെ സി മൊയ്തീൻ ഹാജി
==============
മൊയ്തീൻ ഹാജിയെകുറിച്ച് കൂടുതലറിയില്ലെങ്കിലും അരീക്കൻ ഹൈദ്രസ് ഹാജിയുടെ ബിൽഡിംഗിൽ അദ്ദേഹം നടത്തിയിരുന്ന സ്റ്റിക്കർ കട്ടിംഗ് ഷോപ്പിലൂടെ വളർന്ന സൗഹൃദം വളരെ കാലം കാത്ത് സൂക്ഷിച്ചിരുന്നു.
ഒഴിവ് ദിനങ്ങിൽ ഷോപ്പിൽ അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോൾ പലവിഷയങ്ങളും സംസാരിക്കും.
തികഞ്ഞ പക്വതയോടെ വളരെ സൗമ്യമായി,പതിഞ്ഞ സ്വരത്തിൽ,വിദൂരതയിൽ കണ്ണും നട്ടുള്ള സംസാരം ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം തന്നെ ദീനീ സ്ഥാപനത്തിന്നായി സംഭാവന ചെയ്തത് എടുത്ത് പറയാവുന്നതാണ്.അദ്ദേഹത്തേയും നമ്മേയും അല്ലാഹു നാളെ ജന്നാത്തുന്നഹീമിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ..ആമീൻ
------------------------------------
അബ്ദുനാസർ കെ. പി.
കെ സി മൊയ്തീൻ കുട്ടി ഹാജി എന്ന വരുടെ മുത്തമകൻ, ഇന്നത്തെ ദിവസം എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ധന്യമായി ,എന്റെ പൊന്നുപ്പയെ ഈ സൗഹൃദ കൂട്ടായ്മയിലൂടെ സ്മരിക്കാൻ ശ്രമിച്ച എല്ലാ അംഗങ്ങളോടും ഞാൻ നന്ദി പറയുന്നു. ആയിരം വട്ടം ,ഞാൻ ഇന്ന് രാവിലെ മുതലാണ് ഈ ഗ്രൂപ്പിൽ അംഗമാവുന്നത് ,പള്ളിപമ്പ് എന്ന ഈ പ്രോഗ്രാം ഇത്രയധികം പ്രതികരണമുളവാക്കുമെന്ന് ഒട്ടും കരുതിയില്ല. ഞാൻ രാവിലെ മുതൽ ഒരു കാഴ്ച്ചക്കാരനായി നിൽക്കാനായിരുന്നു ഉദ്ധേശിച്ചിരുന്നത്. പിന്നീട് ഞാൻ ശ്രദ്ധിച്ചു എന്റെ കണ്ണുകൾ നിറയുന്നത് ,സത്യം പറയാം ഉപ്പ മരിച്ച ശേഷം ഉപ്പാനെ യോർത്ത് ഇങ്ങനെ കരഞ്ഞ ദിവസമുണ്ടോ ... ഇല്ല. എന്റെ ഉപ്പ..മറന്നിട്ടില്ല ഒരു ദിനവും ഞാൻ ,ഉപ്പയെ ഓർക്കാൻ ഒരു പാട് ആളുകൾ .. ഇതു ഞാൻ ഉപ്പയുടെ മരണ ദിവസം മുതൽ ഇന്നുവരെ കണ്ടു .എതായാലും പങ്കുവെക്കാൻ ഒരു പാട് ഉണ്ട് എല്ലാരോടും ഉപ്പാക്ക് വേണ്ടിയും കടുംബത്തിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്.
ഒരിക്കൽ കൂടി അനുസ്മരിച്ചവർക്കും.. പ്രാർത്ഥിച്ചവർക്കും നന്ദി പറയുന്നു .അല്ലാഹു അവന്റെ ജന്നാത്തിൽ നമ്മെ ഒരുമിച്ചുകൂട്ടിത്തരട്ടെ ആമീൻ .
----------------------------------------
അബൂബക്കർ കെ സി.
ഹാജ്യാരെക്കുറിച്ച് ഒരു പാട് പറയാനും എഴുതാനും ഉണ്ട്, എന്റെ ജീവിതത്തിൽ എതിരാളികളോടുള്ള സമീപനത്തെ കുറിച്ച് എനിക്ക് അറിവ് നൽകിയത്, അത് പോലെ സംഘാടനത്തിലെ മികവ്, എന്നിങ്ങനെ വിദ്യാഭ്യാസം തുടങ്ങിയ പല കാര്യങ്ങളും പറഞ്ഞു തന്നു.ഞാൻ ഒരു ദിവസം 3 തവണയെങ്കിലും ഹാജ്യാരുടെ വീട്ടിലേക്ക് എന്റെ +2 പഠന കാലം തൊട്ട് പോകാറുണ്ട്. മരിക്കുന്ന തലേ ദിവസവും ഞങ്ങൾ സംസാരിച്ചു. ഇനിയും ഒരുപാട് എഴുതാനുണ്ട് ഞാൻ ഒരു ചെറിയ പ്രായക്കാരനാണെങ്കിലും എന്നോട് വളരെ വ്യക്തമായും ഒരു മുതിർന്ന ആളിലുപരി സുഹൃത്തുക്കളെ പോലെ പെരുമാറ്റമായിരുന്നു. .കൂടുതൽ എഴുതാൻ ഇന്ന് സമയം കിട്ടിയില്ല അല്ലാഹു നമ്മെയും അവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടേ.. ആമീൻ
--------------------------------------------
🖋 ഫാസിൽ റഹ്മാൻ പൂകയിൽ
കെ. സി. സൗമ്യതയുടെ ആൾ രൂപം
കെ സി സാഹിബിനെ കണ്ടിരുന്നത് റോഡിന്റെ വലത് വശം പറ്റി കക്കാടം പുറത്തേക്കുള്ള അദ്ദേഹത്തിന്റെ നടത്തത്തിനിടക്കാണ്.
സ്വതസിദ്ദമായി പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം കടന്ന് പോകുമെങ്കിലും ബന്ധങ്ങളൊന്നുമില്ലായിരുന്നു.
പിന്നീട് അടുത്തിടപഴകുന്നത് വർഷങ്ങൾക്ക് ശേഷം എ ആർ നഗർ അങ്ങാടിയിൽ കെ സി സാഹിബിന്റെ സുഹൃത്തും എന്റെ ബന്ധുവും അയൽ വാസിയും കൂടിയായ ദോസ്തി സൈദലവി ഹാജി ടെക്സ്റ്റെയിൽസ് തുടങ്ങിയപ്പൊ ടെക്സ്റ്റൽസ് രംഗത്ത് തുടക്കക്കാരനായ അദ്ദേഹത്തിന്റെ കൂടെ ഒരു ഉപദേഷകന്റെ റോളിൽ വന്നപ്പോൾ മുതലാണ്.
വളരെ സൗമ്യമായി സംസാരിച്ചിരുന്ന കെസി സാഹിബിനെ സെയിൽസ് രംഗത്തെ എന്റെ ആദ്യ ഗുരു എന്ന് തന്നെ വിശേഷിപ്പിക്കാം..
കച്ചവടത്തിൽ പാലിക്കേണ്ട സത്യ സന്ധതയും കണിശതയും പലപ്പൊഴു ഓർമ്മിപ്പിക്കുമായിരുന്നു.
ഷോപ്പിലേക്കുള്ള പർച്ചേസിങ്ങിനായി ഒരു പാട് തവണ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.
ആദ്യമായി പാലക്കാട്ടേക്ക് അദ്ധേഹത്തിന്റെ കൂടെയുള്ള യാത്ര ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.
യാത്രയിലുടനീളം പല വിശയങ്ങളെ കുറിച്ചും സുദീർഘമായി സംസാരിക്കുകയായിരുന്നു.
കാലിഗ്രാഫിയെ കുറിച്ച് ആദ്യമായി കേൾക്കുന്നതും അദ്ദേഹത്തിൽ നിന്നായിരുന്നു.
രിസാല വാരികയുടെ ഓരോ ലക്കവും കയ്യിലേക്ക് തരുമ്പോൾ അദ്ദേഹം പറയുമായിരുന്നു "വായിക്കാൻ കിട്ടുന്നതൊക്കെ വായിക്കണം, മറുപക്ഷക്കാരന്റെതാണെന്നു കരുതി വായിക്കാതിരിക്കരുത്. എല്ലാവരുടെയും നിലപാടുകളറിഞ്ഞിരിക്കണം."
പലപ്പൊഴും രിസാലയുടെ പല ലക്കങ്ങളും വായിക്കുംബോൾ, വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയെ ഇകഴ്ത്തി കെട്ടിയത് കാണുമ്പോ പലപ്പൊഴും അദ്ധേഹത്തോട് കയർത്ത് സംസാരിക്കേണ്ടി വന്നിട്ടുണ്ട്.
അപ്പൊഴും സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് പറയും "വിമർഷനങ്ങളെ പോസിറ്റിവായി കാണാൻ പഠിക്കണം എന്നാലെ തെറ്റുകളുണ്ടെങ്കിൽ തിരുത്താൻ കഴിയൂ.."
അല്ലാഹു അദ്ദേഹത്തിന്റെ ഖബറിനെ വിശാലമാക്കിക്കൊടുക്കട്ടെ....
------------------------------------
അഷ്കർ കക്കാടംപുറം
K C .എന്ന രണ്ടക്ഷരം.
-----------------------------
ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഇതെഴുതുന്നത്.
മൊയ്തീൻ ഹാജിയെ ഓർക്കുന്ന ഈ ദിവസം കൂട്ടിൽ അവരെകുറിച്ച് രണ്ടക്ഷരം എഴുതാതിരുന്നാൽ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനത്തോട് ചെയ്യുന്ന നന്ദികേടാവും എന്ന പേടി ഒന്ന് കൊണ്ട് മാത്രമാണ് '
കാരണം അത്രകണ്ട് പ്രസ്ഥാനത്തിന്ന് വേണ്ടി പ്രവർത്തിച്ച വെക്തിയാണ് KC -
മൊയ്തീൻ ഹാജിയുടെ എടുത്ത് പറയേണ്ട ഗുണങ്ങളിൽ ഏറ്റവും പ്രധാനപെട്ട ഒന്നാണ പ്രതിപക്ഷ ബഹുമാനം. അത് എന്റെ ജേഷ്ടന്റെ കുറിപ്പിൽ നിന്ന് തന്നെ നിങ്ങൾക്കത് വായിക്കാവുന്നതാണ് -
തന്റെ ഓരോ വാക്കും വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യുന്ന ആളായിരുന്നല്ലൊ മൊയ്തീൻ ഹാജി'
എന്തെങ്കിലും പറയുന്നുവെങ്കിൽ അത് മുഴുവനും തന്റെ പ്രസ്ഥാനത്തിന്ന് വേണ്ടി മാത്രം. മറ്റുള്ളവരുടെ കാര്യത്തിൽ വെറുതെ കേറി ഇടപെടുന്ന ആളായിരുന്നില്ല മൊയ്തീൻ ഹാജി എന്നാണ് ഞാൻ മനസിലാക്കിയത്.
അന്യന്റെ സംഘടനയിലെ കുറ്റവും കുറവും കാണാനൊ അന്വേഷിക്കാനൊ മെനക്കെടുന്നതിന് പകരം തന്റെ സംഘടനയിലെ തത്വം അപരനെ മനസിലാക്കി കൊടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്.
ഇത് വായിക്കുമ്പോൾ ഒരു പക്ഷെ വായനക്കാർക്ക് തോന്നിയേക്കാംം ഇവനെന്താ സംഘടനയിലൂടെ മാത്രം സംസാരിക്കുന്നു എന്ന്.
ബഹു- കെ സി - എന്റെ ഉമ്മാന്റെ ഹാജിയാരളാപ്പാന്റെ രണ്ടാമത്തെ മകൻ എന്റെ അമ്മാവൻ എന്ന നിലക്കുള്ള ബെന്ധത്തിലല്ല ഞങ്ങൾ പെരുമാറിയിരുന്നത്.
അദ്ധേഹത്തിന്റെ മൂത്ത മകന്റെ പ്രായമെ എനിക്കൊള്ളു എങ്കിലും ഞങ്ങൾ കൂട്ടുകാരെപ്പോലെ - അല്ല 'സഹപ്രവർത്തകരെപ്പോലെ അതാവും കൂടുതൽ ശെരി ആയിരുന്നു സംസാരവും മറ്റും.
എടുത്ത് പറയേണ്ട ഗുണങ്ങളിൽ മറ്റൊന്നാണ് സംസാരത്തിന്റെ ശൈലി.
ആവശ്യമില്ലാത്തത് പറയാതിരിക്കുക '
നമ്മളിൽ പലർക്കും കഴിയാത്തതും അതാണല്ലൊ!
സംഘടനാരംഗത്ത് പ്രവർത്തിക്കുമ്പോൾ പിരിവ് അത്യാവശ്യമാണന്നറിയാമല്ലൊ?
എന്നാൽ കൊടുത്തത് എത്ര കുറച്ചാണെങ്കിലും സന്തോഷത്തോടെ വാങ്ങി എഴുതി പോവുമായിരുന്നു.
അതിനെ കുറിച്ച് പരാതി പറയാത്ത ആളായിരുന്നു മൊയ്തീൻ ഹാജി'
തനിക്കിഷ്ടമല്ലാത്തതിനെ ചീത്ത പറയാൻ തുനിയാതെ അതിനോട് അകലം പാലിക്കാനായിരുന്നു കൂടുതൽ ഇഷ്ടം
അങ്ങിനെ എണ്ണി പറയാൻ ഒരുപാടുണ്ട് ഗുണങ്ങൾ - പകർത്താനും
സമയക്കുറവ് മൂലം (ഇപ്പോൾ തന്നെ അഡ്മിന്റെ നന്ദി പറച്ചിൽ വരെ ക്കഴിഞ്ഞു)
നിർത്തട്ടെ.
മൊയതീൻ ഹാജിയുടെ വേർപാട് സമയത്ത് ഞാൻ നാട്ടിലുണ്ടായിരുന്നു.
വളരെ ഞെട്ടലോടെയാണാ വാർത്ത അറിഞ്ഞത്.
കെ സി - മരിച്ചു എന്ന് പറഞ്ഞവന്റെ മുഖത്തേക്ക് നോക്കി ഒന്നുകൂടി ചോദിക്കേണ്ടി വന്നു.
തന്നെ എന്ന് അൽഭുതത്തോടെ ....
കാരണം തലേ ദിവസവും ഞങ്ങൾ തമ്മിൽ സംസാരിച്ച് പിരിഞ്ഞതാണ്.
ആ നല്ല മനുഷ്യന്റെ പരലോക വിജയത്തിന്നായി നമുക്കൊന്നായ് പ്രാർത്തിക്കാം.
അള്ളാഹുവേ.
ഞങ്ങളുടെ കെ സി കാക്കാന്റെ ഖബർ ജീവിതം നീ സന്തോഷത്തിലാക്കണമെ നാഥാ
ആമീൻ
---------------------------
ഹനീഫ പി. കെ.
കെസി എന്നു വിളിക്കുന്നതിനെക്കാൾ എനിക്കിഷ്ടം അദ്ദേഹത്തെ അബൂന്റെ ഉപ്പയെന്നാണ്...
കാരണം മറ്റൊന്നുമല്ല... പ്രിയ സുഹൃത്ത് അബൂന്റെ ഉപ്പ എന്ന നിലയിലാണ് ഞങ്ങൾ തമ്മിലുള്ള ബന്ധമേറെയും...
ഞങ്ങൾ തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത് ജിദ്ദയിൽ വെച്ചാണ്... വരയിലും എഴുത്തിലും താല്പര്യമുള്ള ഞാൻ പലപ്പോഴും അദ്ദേഹത്തിന്റെ കലാവിരുത് കൗതുകത്തോടെ ഏറെ നോക്കി നിന്നിട്ടുണ്ട്....!
പ്രവാസം മതിയാക്കി നാട്ടിൽ വന്നതിനു ശേഷമാണ് അടുത്ത് ഇടപഴകാനും സംസാരിക്കാനും അവസരം കിട്ടിയത്... സൗമ്യമായ അദ്ദേഹത്തിന്റെ ശൈലി എന്നെ വല്ലാതെ ആകർശിച്ചിട്ടുണ്ട്.. ആശയപരമായി വ്യത്യസ്ത ചേരിയിലാണെങ്കിലും പരസ്പരം സൗഹൃദം നിലനിർത്തുന്നതിൽ അതൊരിക്കലും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല...
ഒരു തവണ മുലാഖാത്തിന് വേണ്ടി വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം മറക്കാനാവാത്തതാണ്... പേടിച്ചു കൊണ്ടാണ് ചെന്നതെങ്കിലും സലാം മടക്കി ഹൃദ്യമായ സ്വീകരികരണം കൊണ്ട് മനസ്സു കുളിർപ്പിച്ചു...
ചായ വേണ്ടന്ന് പറഞ്ഞപ്പോൾ... "താൻ ആഗ്രഹിക്കാതെ വല്ലവരും എന്തെങ്കിലും തന്നാൽ നിരസിക്കാൻ പാടില്ല" എന്ന സന്ദേശം ഹദീസുകളിലൂടെ തെളിവുകൾ നിരത്തി മനസ്സിലാക്കി തന്നത് ഇന്നും ഓർമ്മയിൽ നിന്നു മായുന്നില്ല... അന്നത്തെ അദ്ദേഹവുമായുള്ള ഹൃദ്യമായ സംവാദമാണ് ഇന്ന് ഇതു പോലും എന്നെ എഴുതാൻ പ്രേരിപ്പിച്ചത്..
മറ്റെന്തിനേക്കാളും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നത് , അദ്ദേഹത്തിന്റെ സുന്നത്തായ രൂപത്തിന്റെ പേരിലാണ്... സുന്നത്തിനെ ജീവിതത്തിൽ കൊണ്ടു വരുന്നതിൽ ലജ്ജ കാണിക്കുന്ന ഈ കാലഘട്ടത്തിൽ, അഭിമാനത്തോടെ താടി നീട്ടി വളർത്തി സുന്നത്തായ രീതിയിൽ ജീവിക്കാൻ ആർജ്ജവം കാണിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പാദ്യമായി ഞാൻ വിലയിരുത്തുന്നു...
അല്ലാഹു നമ്മെയും നമ്മിൽ നിന്ന് മരണപ്പെട്ടവരേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ...
--------------------------------
ഷാഫി അരീക്കൻ
No comments:
Post a Comment