പളളിപ്പറമ്പ് @
അരീക്കൻ മമ്മദ് കാക്ക - എളാപ്പ
അരീക്കൻ മമ്മദ് കാക്ക - എളിമയോടെ ജീവിച്ച എന്റെ എളാപ്പ
〰〰〰〰〰〰〰〰〰〰
ഒരു മനുഷ്യന് എത്ര എളിമയോടെ കഴിഞ്ഞുകൂടാൻ പറ്റും എന്നതിന് ഒരു ജീവിക്കുന്ന ഉദാഹരണമായിരുന്നു എന്റെ ഉപ്പയുടെ അനുജൻ മമ്മദാപ്പ എന്ന് ഞങ്ങൾ വിളിച്ചിരുന്ന മമ്മദ് കാക്ക. വേഷത്തിലും നടത്തത്തിലും ഇടപെടലുകളിലും എല്ലാം ആ എളിമത്തം അദ്ദേഹം കാത്തു പോന്നു.
ആദ്യകാലത്തെ കുറ്റൂർ സ്കൂളിലെ പാർട്ടൈം പ്യൂണായി ജോലി നോക്കി. അനുജൻ മുഹമ്മദ് കുട്ടി എളാപ്പയും അതേ കാലത്ത് പാർട്ടൈം പ്യൂണായിരുന്നു. പിന്നെ ആ പോസ്റ്റ് ഫുൾ ടൈം ആയപ്പോൾ ജോലി അനുജന് നൽകി പിരിയുകയായിരുന്നു.
ഏറെക്കാലം കുറ്റൂർ ചായക്കട നടത്തി. ആദ്യം മദ്രസയുടെ മുമ്പിലുള്ള പോക്കർ കാക്കയുടെ കടയിലായിരുന്നു . വളരെക്കാലം സ്കൂളിന്റെ മുമ്പിലുള്ള കടയിൽ ഹോട്ടൽ നടത്തി. അന്ന് എളാപ്പ ഉണ്ടാക്കിയിരുന്ന പലഹാരങ്ങളുടെ രുചി ഇപ്പോഴും നാവിലുണ്ട്. കലത്തപ്പ സ്പെഷ്യലിസ്റ്റ് ആയിരുന്നു. ഇന്നത്തെപ്പോലെ കുക്കറിൽ മാവ് ഒഴിച്ച് ആളെ പറ്റിക്കലായിരുന്നില്ല. ചീനച്ചട്ടിയിൽ ചെറിയ ഉള്ളി മൂപ്പിച്ച് അടിയിലും മുകളിലും കനൽ വെച്ച് പാകത്തിൽ ചുട്ടെടുക്കുന്ന ആര് എഴുന്നു നില്ക്കുന്ന കലത്തപ്പം! നല്ല പാചകക്കാരനായിരുന്നു.
ഏത് സഭയിലും പിൻസീറ്റിലേ ഇരിക്കൂ. എല്ലാതരം ഭക്ഷണം ഉണ്ടാക്കുമെങ്കിലും മൂപ്പർ ഇത്തിരി സാദാ ചോറെടുത്ത് തൃപ്തിപ്പെടും.
നല്ലൊരു കർഷകനായിരുന്നു. തൊടിയിൽ ഒരു തരിമണ്ണ് പോലും തരിശിടില്ല. പൂളയും ഇഞ്ചിയും ഒക്കെ കൃഷി ചെയ്യും. പാടത്ത് നെല്ലും വാഴയും കവുങ്ങും തെങ്ങും ഒക്കെ ഉണ്ടായിരുന്നു. പണിക്കാരെ വിളിച്ചാലും അവരുടെ കൂടെ ജോലി ചെയ്യും. എല്ലാ കാര്യത്തിലും
ദീർഘദൃഷ്ടിയും ഉറച്ച അഭിപ്രായവും ഉണ്ടായിരുന്നു.
ബാപ്പ ചെറുപ്പത്തിൽ മരിച്ചെങ്കിലും ഉമ്മയെ ഏറെക്കാലം ശുശ്രൂഷിക്കാൻ എളാപ്പാക്ക് ഭാഗ്യം കിട്ടി. ഉമ്മ ജീവിച്ചിരിക്കേ എളാപ്പ വിട പറയുകയും ചെയ്തു.
ജീവിതത്തെ വളരെ ലളിതമായി സമീപിപ്പിക്കുകയും നിസ്സാരമായ ജീവിതം നയിക്കുകയും ചെയ്ത ആ മഹദ് വ്യക്തിത്വം ഒരു വെള്ളിയാഴ്ച ജുമുഅ സമയത്താണ് വിടപറഞ്ഞത്.
ബീരാൻ, മൊയ്തീൻകുട്ടി (മാനി) എന്നീ ആൺമക്കളും 3 പെൺമക്കളുമുണ്ട്. അല്ലാഹു അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. അവരെയും നമ്മെയും നമ്മുടെ മരണപ്പെട്ടവരെയും സജ്ജനങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു ചേർക്കട്ടെ എന്ന പ്രാർത്ഥനയോടെ
✍✍ മുഹമ്മദ് കുട്ടി
മമ്മദളാപ്പ കാലത്തോട് കലഹിക്കാതെ നിശബ്ദനായി ജീവിച്ച് തീർത്ത വെക്തിത്വം.
====================
ആർഭാടമില്ലാത്ത വസ്ത്രധാരണ രീതി..തന്റേതായ ശൈലിയിലുള്ള തലയിൽ കെട്ട്..മണ്ണിൽ നിന്നും മരങ്ങളിൽ നിന്നും ആദായമുണ്ടാകുന്നതിൽ വൈ തക്ത്യം..സമാന പ്രായകാരുമൊത്ത് ഒഴിവ് സമയത്ത് കുറ്റൂരിലിരുന്നുള്ള സൊറ പറച്ചിൽ..ഇതെല്ലാമായിരുന്നു ഞാൻ കണ്ട മമ്മദളാപ്പ...പരാതികളും പരിഭവങ്ങളുമൊന്നുമില്ലാതെ നമ്മിൽ നിന്ന് മറഞ്ഞുപോയ അദ്ധേഹത്തിന്റ പരലോക ജീവിതം അള്ളാഹു വിജയിപ്പിക്കട്ടെ امين
------------------------------
ലത്തീഫ് അരീക്കൻ
ലത്തീഫ് അരീക്കൻ
മമ്മദ്ക്ക എന്ന കുടുംബത്തിനേറെയും നാട്ടുകാരുടെയു മമ്മദ് എളാപ്പ എനിക്ക് എന്റെ പ്രിയ സുഹൃത്തിന്റെ പിതാവെന്ന നിലയിൽ അങ്ങേ അറ്റം സുപരിചിതനായിരുന്നു സഹോദര പുത്രൻ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ കൈ പുണ്യത്തേ പറ്റി മദിരാശിയിലെ വ്യാപാരിയും കൊടുവായൂർ സ്വദേശിയുമായ എന്റെ മുതിർന്ന സുഹൃത്ത് ധാരളം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് 60 കളിൽ കൊടുവായൂർ അങ്ങാടിയിൽ മമ്മദ്ക്കയും അദ്ദേഹത്തിന്റെ സഹോദര പുത്രൻ ബീരാൻ ഹാജിയും ചേർന്ന് ഹോട്ടൽ നടത്തിയിരുന്നുവെത്രെ ആ കാലത്ത് ഇദ്ദേഹം പാകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ രുചിയെ പറ്റിയാണ് വായയിൽ വെള്ളം നിറച്ച് സുഹൃത്ത് വിവരിക്കാറ് മറ്റുള്ളവരെ ആലോസരപ്പെടുത്താതെ കടന്നു പോയ ഇദ്ദേഹം ഒരു മഹാൻ തന്നേയായിരുന്നു മക്കളെ വളർത്തുന്നതിൽ ഇദ്ദേഹത്തിന് വേറിട്ടൊരു നല്ല കാഴ്ച്ചപ്പാടുണ്ടായിരുന്നെന്ന് പ്രിയ സുഹൃത്തമാണിയിൽ നിന്ന് ചെറുപ്പത്തിലെ എനിക്ക് അറിയാൻ സാധിച്ചിരുന്നു മാത്രവുമല്ല നല്ല ഒരു സാമ്പത്തിക നയത്തിന്റെ ഉടമ കൂടിയായിരുന്നു മമ്മദ്ക്ക അല്ലാഹു പ്രിയന്റെ ഖബറിനെ സ്വർഗമാക്കി മാറ്റട്ടേ ആമീൻ
--------------------
റഷീദ് കള്ളിയത്ത്
എളാപ്പ അങ്ങിനെ ആണ് ഞാനടക്കം എല്ലാവരും വിളിക്കാറ് കൂടുതൽ
സംസാരം ഞങ്ങൾ
തമ്മിൽഇല്ല എങ്കിലും ഞാൻ ദിവസവും കാരപറമ്പിൽ പോകുമ്പോൾ കാണും ഒരു ചെറുപുഞ്ചിരി ബസീറെ എന്നനീട്ടിവിളി അത്
ഇപ്പോഴും കാതുകളിൽ ഉണ്ട്
M kutty യുടെ വീട്ടുമുറ്റംവഴി പോകുമ്പോൾ എളാപ്പാനെ കാണാതെ പോകാനോക്കില്ല Mrc പറയുന്നത് പോലെബീഡി ചുണ്ടിൽ ഉണ്ടാകും
അള്ളാഹു കബറിടം വെളിച്ചമാക്കട്ടെ അതൊടപ്പം അവന്റെ സ്വർഗ്ഗപുന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
----------------------
ബഷീർ പി. പി.
അസ്സലാമു അലൈക്കും.... ഞങ്ങൾ മമ്മദാപ്പ എന്ന് വിളിക്കുന്ന ഞങ്ങളുടെ എളാപ്പ നിഷ്കളങ്ങതയുടെയും ലാളിത്യത്തിന്റെയും ആൾരൂപമായിരുന്നു. ഉപ്പയുടെ മരണശേഷം ഞങ്ങൾക്ക് എന്തിനും ഏതിനും ആശ്രയിക്കാനും അഭിപ്രായം ആരായാനുമുള്ള ഒരു അത്താണിയായിരുന്നു എളാപ്പ . ആരോടും ഒച്ചയിട്ടു സംസാരിക്കുന്നതോ ദേഷ്യപ്പെടുന്ന തോ കണ്ടതായി ഓർക്കുന്നില്ല. നല്ലൊരു കർഷകനും കച്ചവടക്കാരനുമായിരുന്നു. പിന്നെ MRC, പൂച്ചാക്ക, ലത്തീഫ് ,റഷീദ്, ബഷീർ, അബ്ദുള്ള മുതലായവർ എളാപ്പ യെ കുറിച്ച് എഴുതിയ അനുസ്മരണക്കുറിപ്പുകൾ ശ്രദ്ധേയമായി. നാഥൻ എളാപ്പയുടെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ - ആമീൻ
----------------------------
ഹസ്സൻകുട്ടി അരീക്കൻ
السلام عليكم
ഞങ്ങൾ മമ്മതാപ്പ എന്ന് വിളിക്കുന്ന കുടുംബക്കാരുടെ മമ്മ തെളാപ്പയും നാട്ടുകാരുടെ എളാപ്പയും മമ്മതാ ക്കയും. എനിക്ക് ഓർമ്മ വെച്ച അന്ന് മുതലേ കച്ചവടമാണ്. ചായക്കച്ചവടവും പലചരക്കും. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ തൊടുവിൽ ഇപ്പോൾ ബാലവാടി നിൽക്കുന്ന സ്ഥലത്ത് ഉപ്പയുടെ കൂടെ. പിന്നെ ഉപ്പ കച്ചവടം EK പോക്കർ കാക്കാന്റെ കടയിലേക്ക് മാറ്റിയപ്പോൾ അവിടെയും ഉണ്ടായിരുന്നു. അതിനിടക്ക് ചെമ്പുപണിക്ക് കുടകിലേക്കും പോയിരുന്നു. ശേഷം കൊടുവായൂർ അങ്ങാടിയിൽ ബീരാൻ കാക്കയും കൂടി ഹോട്ടൽ തുറന്നു.പിന്നെ വീണ്ടും കുറ്റൂരിലേക്ക് .പോക്ക രാക്കാന്റെ കടയിലും ആദ്യം Post Office നിന്നിരുന്ന കടയിലും മാളിയേക്കൽ കാരെ ബിൽഡിങ്ങലും ചായക്കട നടത്തി.പാചകത്തിൽ നല്ല കൈ പുണ്യമായിരുന്നു. എളാപ്പാന്റെ കായപ്പം, കലത്തപ്പം, ചാപ്സ് കറി എന്നിവ വളരെ പ്രസിദ്ധമായിരുന്നു. അതിനിടയിൽ കൃഷിയും കൊണ്ടു നടന്നു.പാടത്തും പറമ്പിലും വാഴയും, ഇഞ്ചിയും പൂളയും ചേമ്പും ചേനയും എല്ലാം സജീവമായിരുന്നു. അണ്ടിത്തോട്ടം പാട്ടത്തിനെടുക്കുമായിരുന്നു. മരിക്കുന്നത് വരെ അദ്ധ്വാനശീല നായിരുന്നു എളാപ്പ .അതു പോലെ ലളിതമായ ജീവിതം നയിച്ചു പോന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരും എളാപ്പന്റെ കൂട്ടുകാരായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെ എല്ലാവരെയു സ്വീകരിക്കും. മിതമായ സംസാരം എളാപ്പാന്റെ കൈമുതലായിരുന്നു.എന്റെ ഓർമ്മ ശരിയാണെങ്കിൽ മരിക്കുന്നതിന് എട്ടു പത്ത് വർഷം മുമ്പാണ് എളാപ്പ ചെരുപ്പ് ധരിക്കാൻ തുടങ്ങിയത്.അള്ളാഹുവേ.. ഞങ്ങളുടെ മമ്മതാപ്പാന്റെയും ഞങ്ങളിൽ നിന്ന് മരിച്ച് പോയ എല്ലാവരുടെയും പരലോകജീവിതം നീ ധന്യമാക്കണേ.അവരുടെ എല്ലാ പാപങ്ങളും പൊറുത്ത് മാപ്പാക്കിക്കൊടുക്കണേ.അവരെയും ഞങ്ങളെയും നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ.... ആമീൻ
--------------------------
മമ്മുദു അരീക്കൻ
പാപ്പാട് ത്തെ കാക്ക നിങ്ങള മമ്മദ് കാക്ക ഞങ്ങൾക്ക് കാക്ക...
വല്ലിപ്പാന്റെ അനിയൻ..
ജീവിതത്തിൽ ആർഭാടം ഒരിക്കലും കാണിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടിവരും...
ജീവിതത്തിന്റെ ഏറിയ പങ്കും നഗ്നപാദങ്ങളാൽ കുറ്റൂരിന്റെ മാറിലൂടെ തലയിൽ അലസമായി കെട്ടിയ തോർത്തും കള്ളി തുണിയും മുട്ടോളം മടക്കി വെച്ച ഫുൾ കൈ ഷർട്ടും അണിഞ്ഞ് നടന്ന് നീങ്ങി അവർ....
കാക്കയെ കുറിച്ച് അനുസ്മരണ കുറിപ്പെഴുതി ഓർത്തെടുക്കാൻ ഓർമ്മകൾ പങ്കവെക്കാനും സന്മമനസ് കാണിച്ച എല്ലാവർക്കും നന്ദി...
നാഥൻ അവരെയും ഞമ്മളയും അവന്റെ ജന്നാത്തിൽ ഒരുമിച്ച് കൂട്ട്മാറാവട്ടെ..ആമീൻ.
---------------------
അദ്‌നാൻ അരീക്കൻ
മമ്മദ് എളാപ്പ💥
ഓർമ്മ വെച്ച കാലം മുതൽ അരിക്കൻ മമ്മദ് കാക്കാനെ ഇങ്ങനെ വിളിക്കുന്നതാണ് കേട്ടിരുന്നത്. അരീക്കൻമാരായ ചങ്ങാതിമാരൊക്കെ അന്ന് മുതലേ മമ്മദെളാപ്പ എന്നാണ് വിളിച്ചിരുന്നത്.പിന്നീട് നാട്ടുകാരും അങ്ങിനെ തന്നെ വിളിച്ചു.
കർഷകനും ചായക്കടക്കാരനുമൊക്കെയായി നാട്ടുകാരുടെയിടയിൽ മമ്മദെളാപ്പ നിറഞ്ഞു നിന്നിരുന്നു. ദീർഘകാലം കുറ്റൂരിൽ തന്നെ ചായക്കട നടത്തിയിരുന്നു. കൊടുവാ പാടത്ത് വാഴക്കൃഷിയും പച്ചക്കറിയും ഉണ്ടായിരുന്നു.
പ്രായ വ്യത്യാസമില്ലാതെ എല്ലാവരുമായും മമ്മദ്ക്ക ചങ്ങാത്തം കൂടിയിരുന്നു. അത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി തന്നെ എടുത്ത് പറയാം.
ഞാനുമായി അടുത്ത ബന്ധം മമ്മദ്ക്കാക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ സമയത്ത് ഞാൻ നാട്ടിലില്ലായിരുന്നു. അദ്ദേഹത്തിൻറെ ഖബറിടം അള്ളാഹു വെളിച്ചമാക്കട്ടെ -
ജന്നാത്തുൽ ഫിർദൗസിൽ അദ്ദേഹത്തെയും നമ്മളെയും ഒരുമിച്ചുകൂട്ടണെ അള്ളാ- ആമീൻ
No comments:
Post a Comment