സത്താർ കുറ്റൂർ ബാപ്പു;
നിസ്വാർത്ഥനായ ദീനീ സേവകനായിരുന്നു.........
~~~~~~~~~~~~~~~~~~
ദീനീ സേവന രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു ബാപ്പു.
മഹല്ലിന്റെയും മദ്രസയുടെയും പരിപാലന രംഗത്തായിരുന്നു അദ്ദേഹം കാര്യമായും ശ്രദ്ധ വെച്ചത്.
കൊറ്റശ്ശേരിപുറായ അമീൻ
ജുമാ മസ്ജിദിന്റെ സെക്രട്ടറി പദം ഏറ്റെടുത്തു കൊണ്ടായിരുന്നു തുടക്കം.
തൊണ്ണൂറുകളിലെ തുടക്കത്തിലാണിത്.
അധികം താമസിയാതെ കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസയുടെ നേതൃ രംഗത്തുമെത്തി.
ഒരു പിടി രോഗങ്ങളുമായാണ് ബാപ്പു പ്രവാസം അവസാനിപ്പിക്കുന്നത്.
ഏതൊരാളും വിശ്രമ ജീവിതത്തിന്റെ സ്വാസ്ഥ്യം കൊതിക്കുന്ന നേരം.
എന്നാൽ അദ്ദേഹം വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് തന്റെ ശിഷ്ട കാലം കർമ്മനിരതമാക്കി.
ആരോഗ്യ പ്രശ്നങ്ങൾ നിരന്തരമായി അലട്ടിയപ്പോഴും പലരും ചെയ്യാറുള്ളത് പോലെ ഉത്തരവാദിത്തങ്ങളൊഴിഞ്ഞ് നിഷ്ക്രിയനാവാൻ തയ്യാറായില്ല.
പുരോഗമനപരമായ ചിന്തകളും വീക്ഷണങ്ങളും വെച്ചു പുലർത്തിയ ഒരാളായിരുന്നു ബാപ്പു.
എന്നാൽ അത്തരം കാഴ്ചപ്പാടുകളെ നാടിന്റെ സാമ്പ്രദായിക രീതികളുമായി പൊരുത്തപ്പെടീച്ച് മുന്നോട്ട് കൊണ്ട് പോവാൻ അദേഹത്തിനായി.
കാലത്തിനൊപ്പം മദ്രസാ സംവിധാനങ്ങളെ കാര്യക്ഷമമാക്കാൻ പുതിയ പരിഷ്ക്കാരങ്ങൾ വരുത്തി.
റെയ്ഞ്ച് തല മദ്രസാ മാനേജ്മെന്റ് യോഗങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു.
ഈ രംഗത്തെ വളർത്തിയെടുക്കേണ്ട പ്രായോഗിക സമീപനങ്ങളെ കുറിച്ച് തെളിഞ്ഞ മലയാളത്തിൽ എണീറ്റ് നിന്ന് സംസാരിച്ചു.
ഒരു സ്ഥാപന നടത്തിപ്പുകാരൻ എന്നതിനപ്പുറത്ത് ഈ മേഖലയെ കൃത്യമായി പഠിച്ചറിഞ്ഞ ഒരാൾ കൂടിയായിരുന്നു ബാപ്പു.
അധ്യാപന രംഗം നിലവാരമുള്ളതാക്കുന്നതിൽ വലിയ ശ്രദ്ധ കാണിച്ചു.
മുഅല്ലിം നിയമനങ്ങളിൽ അദ്ദേഹം ഒരു കണിശക്കാരനായിരുന്നു.
പല മാനേജിംഗ് കമ്മിറ്റികളും ഇനിയും വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത MSR (മുഅല്ലിം സർവ്വീസ് രജിസ്റ്റർ) ന് അദ്ദേഹം വലിയ പ്രാധാന്യം കൽപ്പിച്ചു.
താൻ ഏറ്റെടുത്ത സ്ഥാപനങ്ങളുടെ പുരോഗതിക്കായി ഒരു മുഴു സമയ സെക്രട്ടറിയായി പ്രവർത്തിച്ചു.
ഓരോ മുഅല്ലിമിന്റെ കഴിവുകളെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു.
മുഅല്ലിംകളോട് പഠനത്തിന്റെ കാര്യത്തിൽ കാർക്കശ്യം പുലർത്തുമ്പോഴും അത് അവരുമായുള്ള സൗഹൃദത്തിനോ സ്നേഹ ബന്ധങ്ങൾക്കോ തടസ്സമായില്ല.
ഇത് വഴി
വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ് പോയ മുഅല്ലിംകളുമായി പോലും ആ ബന്ധം ഇടതsവില്ലാതെ നിലനിറുത്താൻ ബാപ്പുവിന് സാധിച്ചു.
അമീൻ ജുമാ മസ്ജിദിന്റെ പുരോഗതിയിലും വളർച്ചയിലും ബാപ്പുവിന്റെ നേതൃവൈഭവം ആർക്കും വിസ്മരിക്കാനാവില്ല. വിയോജിപ്പുകളോട് സഹിഷ്ണുത കാട്ടി എന്നതാണ് ബാപ്പുവിന്റെ നിർ വ്വഹണങ്ങളിൽ എടുത്തു പറയേണ്ടൊരു നൻമ.
രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ നിലപാട് ബാപ്പുവിനുണ്ടായിരുന്നു.വർഷങ്ങളോളം മുസ്ലിം ലീഗിന്റെ വാർഡ് പ്രസിഡണ്ടായി പ്രവർത്തിച്ചു.
നാഷണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെ (NDF) ആദ്യകാല പ്രവർത്തകനായിരുന്നു. ഒരു പരന്ന വായനക്കാരൻ കൂടിയായിരുന്നു ബാപ്പു. വാക് തർക്കങ്ങളിലും മറ്റും ഈ വായനയുടെ ഗുണം മറ്റുള്ളവർക്ക് കൂടി കിട്ടി.
ഗ്രാമീണ ഭാഷയുടെ സ്ഖലിതങ്ങളില്ലാത്തതായിരുന്നു ഈ സംസാരശൈലി.
ശുദ്ധ മലയാളം പോലെ ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ വശ്യമായ പെരുമാറ്റവും.
നല്ല ഭാഷയിൽ മാന്യമായി സംവദിക്കാൻ കഴിഞ്ഞ ഒരു പൊതു പ്രവർത്തകൻ.
തൊണ്ണൂറുകളിൽ നമ്മുടെ നാടിന്റെ പൊതുരംഗം പ്രക്ഷുബ്ദമായിരുന്നു.
എന്നിട്ടും ബാപ്പു എല്ലാവർക്കും സമ്മതനായി.
നാടിന്റെയും
സമുദായത്തിന്റെയും ഐക്യം ഉള്ള് കൊണ്ട് വല്ലാതെ ആഗ്രഹിച്ച ഒരാളായിരുന്നു അദ്ദേഹം. അനാവശ്യമായ വിവാദങ്ങൾക്കോ മറ്റുള്ളവരിൽ ശത്രുത വളർത്തുന്ന പ്രവർത്തനങ്ങൾക്കോ അവർക്ക് താൽപ്പര്യമില്ലായിരുന്നു.
കാര്യങ്ങൾ നേർക്കുനേർ വെട്ടിതുറന്ന് പറയുന്നൊരു പ്രകൃതമായിരുന്നു ബാപ്പുവിന്റേത്.
നിലപാടുകളിൽ കാർക്കശ്യം തോന്നാമെങ്കിലും ഉറച്ച സാമുദായിക ബോധത്തിന്റെ തെളിച്ചമുണ്ടായിരുന്നു അതിന്.
പൊതുപ്രവർത്തകരിൽ പലപ്പോഴും കണ്ടു വരാറുള്ള സ്വാർത്ഥ താൽപ്പര്യങ്ങൾ
കൊണ്ട് നടക്കാത്ത പച്ചമനുഷ്യൻ.
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നിടത്തെല്ലാം അദേഹം കാണിച്ച കണിശത എടുത്ത് പറയേണ്ടൊരു നൻമയാണ്.
കാൽ നൂറ്റാണ്ട് കാലം സ്വന്തം നാടിന്റെ ധർമ്മസ്ഥാപനങ്ങളുടെ തലപ്പത്തിരുന്നിട്ടും ആ വ്യക്തിത്വത്തിന്റെ ശോഭ പത്തര മാറ്റോടെ നിലനിറുത്താൻ സാധിച്ചു.
ദീനീ സംരംഭങ്ങൾ കടുത്ത നേതൃ ദാരിദ്ര്യം കൊണ്ട് പ്രയാസപ്പെടുന്നൊരു കാലത്ത് ബാപ്പുവിന്റെ വിയോഗം വലിയൊരു വിടവ് തന്നെയാണ്.
അത് ഈ നാടിന് പൊതുവിലും അദ്ദേഹം നേതൃത്വം കൊടുത്ത സ്ഥാപനങ്ങൾക്ക് പ്രത്യേകിച്ചും വല്ലാത്തൊരു നഷ്ടം തന്നെയാണ്.
ചുറ്റുവട്ടത്തോട് ക്ഷോഭിക്കുക എന്നത് ഒരു പൊതു പ്രവർത്തകന്റെ ധർമ്മമാണ്.
ബാപ്പുവിന്റെ ക്ഷോഭങ്ങളെ അതിനോട് ചേർത്ത് പറയാനാണ് എനിക്കിഷ്ടം. എത്ര തന്നെ ക്ഷോഭിച്ചാലും ബാപ്പുവിന്റെ മനസ്സ് കറയില്ലാത്തതായിരുന്നു.
'ഒരിക്കലും ദേഷ്യപ്പെടാത്തവരെ വിശ്വസിക്കരുത്. കാരണം അവരുടെ മനസ്സിലാണ് ദേഷ്യങ്ങളൊക്കെ ഒളിപ്പിച്ചിരിക്കുകയാണ്'.
എന്നെവിടെയോ വായിച്ചതോർക്കുന്നു.
അതു കൊണ്ട് തന്നെ ചുറ്റുവട്ടത്തോട് ക്ഷോഭിച്ചും, സംവദിച്ചും, സൗഹൃദം പകർന്നും കൊണ്ടാണ് ബാപ്പു തന്റെ നിയോഗങ്ങളെ നിറവേറ്റിയത്.
വിളക്കുകൾ പോലും ഇരുട്ട് പരത്തുന്നൊരു കാലത്ത് ബാപ്പുവിനെ പോലോത്ത നിസ്വാർത്ഥ സേവകരെ അനുസ്മരിക്കുകയല്ല ആഗ്രഹിക്കുകയാണ്.
അളളാഹു അദ്ദേഹത്തിന്റെ ഖബറിടം വെളിച്ചമാക്കട്ടെ,
----------------------------
സത്താർ കുറ്റൂർ
പുളിക്കൽ ബാപ്പു .. കണിശക്കാരനായ കാർമ്മികൻ
~~~~~~~~~~~~~~~~~~
സ്വന്തം ആരോഗ്യത്തേക്കാളും സമുദായ സ്ഥാപനങ്ങളുടെ ആരോഗ്യ കാരൃത്തിലായിരുന്നു മർഹൂം പുളിക്കൽ ബാപ്പൂന് കൂടുതൽ ശ്രദ്ധ. കണിശതയാർന്ന ഇടപെടലും കൃത്യമായ കണക്കു കൂട്ടലുകളുമുള്ള കർമനിരതനായിരുന്നു അദ്ദേഹം. കേൾക്കാൻ സുന്ദരമായിരുന്ന ആ സംസാരശൈലി.
തീരെ ചെറുപ്പത്തിലേ ബാപ്പുനെ പരിചയമാണ്. ഞങ്ങളുടെ ഉപ്പമാർ തമ്മിൽ വലിയ സുഹൃദ്ബന്ധമായിരുന്നു. ചെറുപുഞ്ചിരിയിലും കുശലാന്വേഷണങ്ങളിലുമായി ഞങ്ങളുടെ ബന്ധം നിലനിന്നു.
ഒരു പാട് കാലം പ്രവാസ ജീവിതം നയിച്ചു. ഗൾഫ് സംസ്കാരത്തിന്റെ ഗുണവും ദോഷവും ഉദാഹരണ സഹിതം ബാപ്പു ഒരു യാത്രക്കിടെ വിശദമായി സംസാരിച്ചത് ഇപ്പോൾ ഓർത്തു പോയി.
വയസ്സനായിട്ടല്ല ബാപ്പു റബ്ബിലേക്ക് യാത്രയായത്. ചുറുചുറുക്കോടെ ദീനിസ്ഥാപനങ്ങളുടെ ചുക്കാൻ പിടിച്ചു കൊണ്ടിരിക്കെയാണ് തീരാനഷ്ടമായ ആ വിയോഗമുണ്ടായത്. സ്ഥാപന നടത്തിപ്പിൽ സ്വന്തമായ കാഴ്ചപ്പാടും ആരോഗ്യകരമായ ഇടപെടലും ഇടക്കിടെ മദ്രസ സന്ദർശനവും... അധ്യാപകർക്ക് പോലും ആ പതിഞ്ഞ ദൃഢ ശബ്ദത്തെ പേടിയായിരുന്നു.
നമുക്കെന്നും ബാപ്പു ഒരു മാതൃകയുമായിരുന്നു.
പടച്ച റബ്ബ് ആ ഖബറിലേക്ക് സ്വർഗീയ വിരുന്ന് എത്തിക്കട്ടെ എന്ന ദുആയോടെ:
-----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
പുളിക്കൽ ബാപ്പു
~~~~~~~~~~~~~~~~~~
അയൽവാസി ആയാലും കൂടുതൽ അടുത്ത് ഇടപെടൽ ഉണ്ടായിട്ടില്ല കാണും
സലാംപറയും ഒരു പുഞ്ചിരിയും(പ്രവാസം ഒരുപാട് നാട്ടിലെ സുഹൃർത്തുക്കളെയും ബന്ധുക്കളെയും ഇല്ലാതെ ആക്കി) മരിക്കുന്നതിന് കുറച്ച് മുമ്പ് കുറച്ചു സംസാരിച്ചു കൊറ്റശ്ശേരി പള്ളിയിലും ഹുജ്ജത്തിലും ഒരുപാടു കാലം സേവനം നടത്തിയ വ്യക്തി എന്നും കർക്കശക്കാരനും സത്യത്തിന്റെ പാഥയിൽ ഒരുമണി വിട്ടു കൊടുക്കാതെയും കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കി പറയാൻ മടി കാണിക്കാത്ത വ്യക്തിയായിരുന്നു.
പലപ്പോഴും പരി മുഹമ്മത് കാക്കയുമായി കടയിൽ നല്ലതർക്കങ്ങൾ കേൾക്കാം. രണ്ടു പേരും വിടില്ല (രണ്ടു പേരും ഇന്ന് ഈ ലോകത്തില്ല അവരുടെ കബറിടം വിശാലമാക്കട്ടെ)
പുളിക്കൽ മുഹമ്മദ് കാക്ക(ബാപ്പുവിന്റെ ഉപ്പ)യുമായി നല്ല അടുപ്പം ആയിരുന്നു അള്ളാഹു എല്ലാവർക്കും സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ആമീൻ
--------------------------
പി പി ബഷീർ
പുളിക്കൽ ബാപ്പു
~~~~~~~~~~~~~~~~~~
അദ്ദേഹവുമായി കൂടുതലൊന്നും പരിചയമില്ലെങ്കിലും പലപ്പോഴും കാണാറുള്ള വ്യക്തിയായിരുന്നു അദ്ദേഹം നാട്ടിലെ ദീനീ പ്രവർത്തനങ്ങൾക്ക് എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. ഹുജജതുൽ ഇസ്ലാം മദ്രസയുടെ നേതൃനിരയിൽ മരണം വരെ മദ്രസ്സയുടെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി മുൻപന്തിയിലുണ്ടായിരുന്നു അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.
------------------------------------------
ഷറഫുദ്ധീൻ കള്ളിയത്ത്
ബാപ്പു
~~~~~~~~~
വർഷങ്ങൾക്ക് മുമ്പ് കുറച്ച് കാലം ഒരു ചെറു സംഘത്തിൽ കൂടിയിരിക്കാൻ കഴിഞ്ഞത് കൊണ്ട് വളരെ പരിമിതമായിട്ടാണെങ്കിലും ബാപ്പു എന്ന മനുഷ്യ സ്നേഹിയെ അടുത്തറിയാനും പരിചയപ്പെടാനും സാധിച്ചിരുന്നു.
മർഹൂം ബാപ്പുവിന്റെ അനുനയ ക്ഷമമായ സംഭാഷണ രീതി മറ്റാരിലും കാണാൻ കഴിയില്ല.
നിസാരമെന്ന് നമുക്ക് തോന്നുന്ന പല കാര്യങ്ങളും അദ്ധേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ബാപ്പു പറയുമ്പോഴാണ് അതിന്റെ ഗൗരവം നമുക്ക് മനസ്സിലാവുക. അത് പറഞ്ഞ് ഫലിപ്പിക്കാനും ബോധ്യപ്പെടുത്താനും ബാപ്പുവിനു നിഷ്പ്രയാസം കഴിയുമായിരുന്നു.
ബാപ്പുവിനെ ഒരിക്കൽ പരിചയപ്പെട്ടവരാരും മറക്കില്ല.
ജീവിത സാഹചര്യത്താൽ ഗൾഫ് ജീവിതം തുടങ്ങിയതിന് ശേഷം ബാപ്പുവിനെ കണ്ടിട്ടില്ല.
പല പ്രാവിശ്യം കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾ അനുവദിച്ചില്ല.
ഈ കൂട്ടിലൂടെയാണ് ബാപ്പുവിന്റെ വിയോഗം പോലും അറിയുന്നത്.
അല്ലാഹുവേ ആ മഹാവ്യക്തിത്വത്തിന്റെ പരലോക ജീവിതം സന്തോഷമാക്കണേ.
അവരെയും നമ്മേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ...
----------------------------------------------------
ഷിഹാബുദ്ധീൻ നാലുപുരക്കൽ
പുളിക്കൽ മുഹമ്മദ് കാക്കാന്റെ മകൻ ബാപ്പു.
~~~~~~~~~~~~~~~~~~
ചെറുപ്പം മുതലേ പരിചയമുള്ള മുഖങ്ങൾ. കാരണം ചെറുപ്പത്തിൽ അവരുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന പാറമ്മൽ (ഇപ്പോഴല്ല, എന്റെ കുട്ടിക്കാലത്ത് ) ഒരുപാട് ചുക്കും പൂളയും ഉണക്കാനിട്ട് കാവൽ കിടന്നിട്ടുണ്ട്. അധികം സംസാരിക്കുന്ന സ്വഭാവക്കാരനല്ലെങ്കിലും നല്ല മനസ്സിന്റെ ഉടമയായിരുന്നു. ഹുജ്ജത്തിന്റെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന കാലത്തോളം തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിച്ചിരുന്നു. ബാപ്പു എന്നു പറഞ്ഞാൽ മുഅല്ലിമുകൾക്കും സഹപ്രവർത്തകർക്കും പേടിയും അതിലപ്പുറം ബഹുമാനവുമായിരുന്നു. മാസവസാനമായാൽ കമ്മറ്റിയിൽ ഫണ്ടില്ലെങ്കിലും തന്റെ കീശയിൽ നിന്നെടുത്തോ തിരിമറി ചെയ്തോ ശമ്പളം കൊടുക്കുമായിരുന്നു .നടത്തിപ്പിന്റെ കാര്യത്തിലും മദ്രസ്സ വികസനത്തിന്റെ കാര്യത്തിലും ബാപ്പുവിന്റെ കർമ്മമണ്ഡലം മറ്റുള്ളവർക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. ബാപ്പുവിന്റെ സേവനങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണു്. അള്ളാഹു അതിനുള്ള പ്രതിഫലം ബാപ്പുവിന്റെ ഖബറിലേക്ക് വെളിച്ചമാക്കിക്കൊടുക്കട്ടെ. ആമീൻ
------------------------------
മമ്മുദു അരീക്കൻ
ബാപ്പു
~~~~~~~~
ബാപ്പുവിന്റെ അനുജനുമായിട്ടായിരുന്നു ചെറുപ്പം മുതലേ സൗഹൃദമുണ്ടായിരുന്നത്. എപ്പോഴെങ്കിലുമൊക്കെ ബാപ്പൂനെ കണ്ടാൽ തന്നെ എന്റെ സുഹൃത്ത് ഇബ്രാഹീം കുട്ടിയുടെ ജ്യേഷ്ടൻ എന്നല്ലാതെ ഒരു പരിചയവുമില്ലായിരുന്നു. ദീർഘകാലം അബുദാബിയിലായിരു ന്നു. അബുദാബി മഫ്റഖിനടുത്ത് KV മൊയ്തീൻ ഹാജിയുടെയും കോമുക്കുട്ടി ഹാജിയുടെയും ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിലായിരുന്നു അദ്ദേഹത്തിന് ജോലി. ഈ സൂപ്പർ മാർക്കറ്റ് ഞാൻ കണ്ടിട്ടുണ്ട്. ശാരീരിക അസുഖങ്ങൾ കാരണം അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തന്നെ കൂടി.എന്നാൽ ഈ കാലയളവിൽ ദീനീ സേവനമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഹുജ്ജത്തുൽ ഇസ്ലാം മദ്രസയുടെ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം പ്രകാശപൂരിതമാക്കിക്കൊടുക്കട്ടെ -ആമീൻ
---------------------------------------------
എം.ആർ.സി അബ്ദുറഹ്മാൻ
പുളിക്കൽ ബാപ്പു
~~~~~~~~~~~~~~~~~~
ഞാൻ കക്കാടംപുറത്ത് ഓട്ടോ ഓടിച്ചിരുന്ന (1997-2006) കാലത്തിനിടക്കാണ് എനിക്ക് പുളിക്കൽ ബാപ്പുവിനെ പരിചയം. എന്റെ യാത്രക്കാരനായിട്ട്. ഒരു നല്ലൊരു കസ്റ്റമർ-പാസഞ്ചർ-ആയിട്ടാണ് എനിക്ക് അദ്ദേഹത്തെ അനുഭവപ്പെട്ടിട്ടുള്ളത്. പക്വതയും പാകതയുമുള്ള സംസാരം, ഇടപാടിൽ തൃപ്തിപ്പെടൽ, പരസ്പര ബഹുമാനം, വലുപ്പത്തരമില്ലായ്മ ഒക്കെ അദേഹത്തിൽ ഉള്ളതായിട്ടാണ് എന്റെ അനുഭവം. ഞാൻ തൃപ്തിപ്പെട്ട കസ്റ്റമറുകളിൽ ഒരാളായിരുന്നു അദ്ദേഹം. അള്ളാഹു അദ്ദേഹത്തിലും അദ്ദേഹത്തിന്റെ കർമ്മങ്ങളിലും സേവനങ്ങളിലും തൃപ്തിപ്പെടട്ടെ! അർഹമായ പ്രതിഫലം നൽകട്ടെ! ദീനിനെ സ്നേഹിച്ചവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
------------------------------------------
മൊയ്തീൻ കുട്ടി പൂവഞ്ചേരി
അബൂദാബി ബാപ്പു
~~~~~~~~~~~~~~~~~~
അബൂദാബി മുറൂറിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന ബാപ്പുവിനെ ഗൾഫിൽ എത്തിയ അന്നു മുതലേ നല്ല ബന്ധമാണ്. നല്ല ഒരു സുഹൃദ് ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. നല്ല ഭാഷ, സൗമ്യമായ സംസാരം, എന്തുകൊണ്ടും മാതൃകയാക്കാൻ പറ്റിയ സ്വഭാവത്തിന്റെ ഉടമയായിരുന്നു ബാപ്പു . പ്രവാസം നിർത്തി നാട്ടിൽ എത്തിയപ്പോഴും ആ സൗഹൃദ ബന്ധം തുടർന്നു.കുറ്റൂർ നോർത്ത് പള്ളിയുടെയും മദ്രസയുടെയും പരിസരങ്ങളിൽ വെച്ച് എപ്പോഴും കാണാറുണ്ടായിരുന്നു. ദീനി സ്ഥാപനങ്ങളുടെ പരിപാലനത്തിലും നടത്തിപ്പിലും ബാപ്പുവിന്റെ സേവനം എടുത്തു പറയേണ്ടതാണ്. ഉസ്താദിന് ശമ്പളം കൂട്ടണം എന്ന് ആവശ്യപ്പെട്ടപ്പോൾ സ്വന്തം കൈയിൽ നിന്ന് എടുത്തു കൊടുത്തിരുന്നു. അനാരോഗ്യം വകവെക്കാതെ ദീനി സേവന രംഗത്ത് ഓടിനടന്ന അദ്ദേഹത്തിന് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ -
--------------------------------------
ഹസ്സൻകുട്ടി അരീക്കൻ
പുളിക്കൽ ബാപ്പു ദീനി സ്ഥാപനത്തിന്റെ കാവൽക്കാരൻ
~~~~~~~~~~~~~~~~~~
ഈ അനുസ്മരണത്തിൽ ഓർത്തെടുത്ത് എഴുതാതിരിക്കാനാവില്ല എനിക്കും ബാപ്പുവിനെ കുറിച്ച്.
ഓർമ്മയിൽ തെളിയുന്ന ബാപ്പു ഹുജജത്തിന്റെ അമരക്കാരിൽ ഒരാളായിട്ടാണ് അത് കാലങ്ങളോളം തുടർന്നു....
ബാപ്പു ഗൗരവക്കാരനാണ് എന്നായിരുന്നു ആദ്യമൊക്കെ എന്റെ ധാരണയിൽ ആ ചിന്തക്ക് അറുതി വന്നത് അവർക്കൊപ്പം ഒരേ സംഘടനയുടെ ഭാഗമാകാൻ കഴിഞ്ഞപ്പോഴാണ്....
ബാപ്പു സംഘടനയുടെ താങ്ങും തണലുമായി നിന്നു. ഏതിലും നിലപാടുണ്ടായിരുന്നു ബാപ്പുവിന് അതാവാം സംഘടന ഫണ്ട് ശേഖരണസമയത്ത് നേരായ മാർഗത്തിലൂടെ സമ്പാദിച്ചവരോട് മാത്രമേ നമ്മൾ സഹായം അഭ്യർത്ഥിക്കാവൂ എന്ന കർക്കശ നിലപാട് ഞങ്ങളിലേക്ക് ഇട്ടു തന്നതും അദ്ദേഹമായിരുന്നു.
അനുസ്മരിക്കാതിരിക്കാനാവില്ല ബാപ്പുവിന്റെ ദീനീ സ്ഥാപനങ്ങളോടുള്ള ആ മുഹബ്ബത്ത്...
അതാവാം നിസ്വാർത്ഥ സേവകനായി ദീനീസ്ഥാപനങ്ങളുടെ അമരത്ത് അവർ എത്തിപ്പെട്ടതും....
നാഥാ ഒരുമിപ്പിക്കേണമേ ഞങ്ങളേയും ബാപ്പുവിനോടൊപ്പം ഈ പുണ്യ പ്രവർത്തികളുടെ ഫലമെന്നോണം......
ആമീൻ.....
-------------------------------
അന്താവാ അദ്നാൻ
പുളിക്കൽ ബാപ്പു
~~~~~~~~~~~~~~~~~~
പുളിക്കൽ ബാപ്പുവിനെ കുറിച്ചുള്ള അനുസ്മരണ കുറിപ്പുകളിലൂടെ അദ്ദേഹത്തെ കുറിച്ച് ഒരുപാട് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നു.
പ്രവാസ ജീവിതത്തിന് ശേഷം മത സ്ഥാപനങ്ങളുടെ സാരഥ്യം ഏറ്റെടുത്താണ് ശിഷ്ടജീവിതത്തിന്റെ കർമ്മ മണ്ഡലം അദ്ദേഹം സ്വയം തെരഞ്ഞെടുത്തത്. ആ മേഖലയിൽ, വ്യക്തമായൊരു നിലപാടിനുടമയായിരുന്ന അദ്ദേഹത്തിന് സ്വന്തം കയ്യൊപ്പ് ചാർത്താനും കഴിഞ്ഞു.
കൂടെ നടന്നവരും ദൂരെ നിന്ന് നോക്കിയവരും ഗതകാലത്തിലേക്കൂളിയിട്ട് സ്മരണ ശകലങ്ങൾ ഒരുക്കൂട്ടി ഓർമ്മക്കുറിപ്പുകൾ ഒരുക്കിയവർ എല്ലാവരും അഭിനന്ദനമർഹിക്കുന്നു.എല്ലാവരുടേയും പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ.ആമീൻ.
---------------------------------
ജലീൽ അരീക്കൻ
No comments:
Post a Comment