ഇരുപത്തിയാറ് മാസത്തെ പ്രവാസത്തിന്ന് ശേഷം നാട്ടിലെത്തിയതാണ്. കാണുന്നവരോടൊക്കെ വിശേഷങ്ങൾ തിരക്കി. എല്ലാവരും സന്തോഷത്തോടെ മറുപടി പറഞ്ഞു സുഖം!
നാട്ടിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല. എല്ലാവർക്കും സുഖം! പ്രയാസങ്ങൾ പ്രവാസിക്ക് മാത്രം!!
ഓരോന്നോർത്തു കൊണ്ട് മധുരമിടാത്ത കട്ടൻ ചായ ഗ്ലാസ്സിൽ ബാക്കിയുള്ളതുകൂടി ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ് മാഡത്തിനു് കൊടുത്ത് എഴുന്നേറ്റ് പോകുമ്പോഴാണ് മാഡം പറഞ്ഞത്, നിങ്ങൾ വന്നിട്ട് ഒരാഴ്ചയായി. നിങ്ങളുടെ മൂത്തമ്മാന്റെ മകന് തീരെ സുഖമില്ലല്ലോ ഒന്ന് അവിടെ വരെ പോയി നോക്കീ.
ശരിയാണ്, എന്റെ കാക്ക അലവിക്ക. 6 അടിയിലേറെ ഉയരമുള്ള മനുഷ്യൻ!
മൂത്തമ്മയുണ്ടായിരുന്ന കാലത്ത് ആഴ്ചയിലൊരിക്കലെങ്കിലും അവിടെ പോകാറുണ്ടായിരുന്നു. ഇപ്പോ പോയിട്ട് രണ്ടരക്കൊല്ലമായി. ൻറെ ഷർട്ടെവിടെ? ഞാൻ അക്കര ഒന്നുപോട്ടെ.
കുട്ടിക്കാലത്ത് തന്നെ ഞങ്ങൾ മൂത്തമ്മാന്റെ വീട്ടിലേക്ക് അക്കരയെന്നായിരുന്നു പറഞ്ഞിരുന്നത്..
ഷർട്ടിട്ട് പുറത്തേക്കിറങ്ങിയപ്പോൾ മാഡം പറഞ്ഞു, നിങ്ങളെക്കൊണ്ട് ആ കയറ്റം കേറാൻ പറ്റൂല, കുട്ട്യാള് ആരെങ്കിലും സ്കൂട്ടർമല് കൊണ്ടോയ്ക്കോളും.
ഞാൻ നടന്നോളാമെന്നു് പറഞ്ഞ് പുറത്തിറങ്ങി.
താഴേക്ക് ചക്കിങ്ങൽ ഇടവഴിയിലൂടെ നടന്നു. പ്രകൃതി രമണീയമായ നമ്മുടെ നാട് .ദൂരേക്ക് നോക്കിയപ്പോൾ ഇടതൂർന്ന് നിൽക്കുന്നതെങ്ങിൻ തോപ്പുകൾ! ജീവിതത്തിന്റെ 45 ശതമാനവും മണലാരണ്യത്തിൽ കഴിഞ്ഞ എനിക്ക് ചുറ്റുപാടുമുള്ള ഹരിതഭംഗി എത്ര ആസ്വദിച്ചിട്ടും മതി വരുന്നില്ല.
വെയിൽ ചൂടു തുടങ്ങിയിരിക്കുന്നു. കട്ടിക്കാലത്ത് ഈ സമയത്തൊക്കെ ഞാനും ൻറെ സൈദും കരിയിലകൾ കൂട്ടി തീ കാഞ്ഞിരുന്നത് ഓർത്തപോയി. പാട വരമ്പൊക്കെ ചെളി നിറഞ്ഞിരിക്കുന്നു.
പണ്ടത്തെപ്പോലെയുള്ള കൃഷികളൊന്നും ഇപ്പോഴില്ല. കൂടുതലായി വാഴക്കൃഷി തന്നെയാണ്. പണ്ട് കാളപൂട്ട് മൽസരങ്ങൾ നടന്നിരുന്ന കണ്ടമൊക്കെ ഒരു കൃഷിയുമില്ലാതെ കിടക്കുന്നു. കാളപൂട്ട് മൽസരം നടക്കുമ്പോൾ ഞാനും ൻറെ സൈദും കാളയുടെ പുറകെ പാഞ്ഞതും കാകളെ തല്ലുന്നവ ടി കൊണ്ട് ഞങ്ങളെ തല്ലിയോടിച്ചതും ഓർമ്മയിൽ മിന്നി മറഞ്ഞു.
ഇനി കയറ്റം കയറണം. കട്ടിക്കാലത്ത് ൻറെ സൈദും ഞാനും വേങ്ങരയിലേക്ക് നടന്നു പോയിരുന്നത് ഈ വഴിയായിരുന്നു. അന്ന് ഇതൊന്നും ഒരു കയറ്റമേ അല്ലായിരുന്നു.
കുട്ടികളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാ നടന്ന് പൊയ്ക്കോളാമെന്നു് പറഞ്ഞത്.
വാഹനങ്ങൾ വരുമ്പോൾ പേടി തോന്നുന്നു. റോഡൊക്കെ വീതി കുറഞ്ഞിരിക്കുന്നു. ഏതാ ജല പദ്ധതിക്ക് കീറിയതാണത്രേ! കീറിയവർ ഒരിടത്തും നന്നാക്കാറില്ലല്ലോ! കാരണം, അവർ ടാറിംഗ് ജോലി ചെയ്യാറില്ലല്ലോ.....!
വീടൊക്കെ വലുതാക്കി മോടിപിടിപ്പിച്ചിട്ടുണ്ട്. ഒറ്റ മോനേയുള്ളൂ. അവ നങ്ങ് വിദേശത്താ .......
മുറ്റത്തെത്തിയപ്പോൾ തന്നെ ശക്തിയായ ചുമകേട്ടു . ങ്ങും ആള് അകത്തുണ്ട്. എന്നെക്കണ്ടാൽ തന്നെ അപ്പോ തുടങ്ങും ഉപദേശം, സാമ്പത്തിക ഉപദേശം! കേട്ടാൽ തോന്നും മൂപ്പർ മൻമോഹൻ സിംഗിന്റെ സഹപാഠിയായിരുന്നെന്ന്.
കോളിംഗ് ബെല്ലിൽ ചെറുതായൊന്നമർത്തി. വലിയ ശബ്ദത്തിൽ കർണ്ണാനന്ദകരമായ മണി നാദം! ഓപ്പൺ ദ ഡോർ എന്ന് പറഞ്ഞ് കൊണ്ട് നാദം അവസാനിച്ചു. ആരും തുറന്നില്ല. ഞാൻ തന്നെ വാതിൽ പതിയെ തുറന്നു!
ഒരു ചിരി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കസേരയിൽ ഒരു രൂപം കയ്യിൽ കട്ടൻ ചായയുമായിരിക്കുന്നു.
അന്ന ഞാൻ ജനാലൻറെ ചില്ലിൻ റുള്ളിലൂടെ കണ്ടീനു, അനക്ക് ഇങ്ങോട്ട്കാണുല.
കുടിച്ചഗ്ലാസ്സ് അവിടെ വെച്ച് മൂപ്പർ എഴുന്നേറ്റു.
ആറടിയിലേറെ ഉയരമുണ്ടായിരുന്ന ആജാനുബാഹുവായിരുന്ന മനുഷ്യൻ ഇന്ന് വെറും എല്ലും തോലുമായിരിക്കുന്നു!
പുറത്ത് രണ്ട് കസേരയിട്ടു. ഞാനിരുന്നു. മൂപ്പർ ഒരു സിഗരറ്റിന് തീ കൊളുത്തി, .
ജ് തൊടങ്ങീട്ടൊന്നും ഇല്ലല്ലോ?
പരിഹാസച്ചുവയുള്ള ചോദ്യം ഞാൻ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.
ഇങ്ങള് നിർത്തണ്ടാ......
വലിച്ചോളീന്ന് പറഞ്ഞ് കൊണ്ട് താത്ത കടന്നു വന്നു. എല്ലാ ഡോക്ടർമാരോടും കാക്കാക്ക് ദേഷ്യമാ......
ചിരിച്ച് കൊണ്ട് കാക്ക ചോദിച്ചു,
എന്താപ്പോ സൗദി ന്റെ സ്ഥിതി?
പഴയ മാതിരി തന്നെ മാറ്റമൊന്നും ഇല്ല. ചുമച്ച് കൊണ്ട് തന്നെ സിഗരറ്റ് ആഞ്ഞു വലിച്ചു.
കാക്കാ ഇത് നിർത്തിക്കാളി. ഇതിന്റെ ഫലമാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. പണ്ടൊക്കെ ദാരിദ്ര്യമായിരുന്നു. ഇeപ്പാ അൽഹംദുലില്ലാഹ് മകനെക്കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു.
എന്നാൽ സുഖ സൗകര്യങ്ങൾ കൂടുമ്പോൾ നിങ്ങൾ ദ്രവിച്ച് ദ്രവിച്ച് ഈ പരുവത്തിലായില്ലേ? സന്തോഷത്തോടെ ഒരു ഗ്ലാസ്സ് ചായ നിങ്ങൾക്ക് കുടിക്കാൻ കഴിയുന്നുണ്ടോ? ഈ നശിച്ച പുകവലി ഒന്ന് നിർത്തി നോക്ക്, നിങ്ങളുടെ ആരോഗ്യം പഴയത് പോലാകും.
ഒരു നെടുവീർപ്പിട്ട് കൊണ്ട് മൂപ്പർ പറഞ്ഞു. ചോറും ബിരിയാണിയും കോഴിയും ഇറച്ചിയുമൊക്കെ വയറു നിറച്ച് തിന്നാൻ പൂതീ ണ്ട്,
പക്ഷേ ഒരു ഉരുളകഴിച്ചാൽ പിന്നെ ഒന്നും വേണ്ട. ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നത് ഞാൻ ശ്രദ്ധിച്ചു.
കാശുണ്ടായപ്പോ തിന്നാൻ വയ്യാണ്ടായി.......
ഇപ്പോ കരഞ്ഞിട്ട് ഒരു കാര്യവുമില്ല. കുറേക്കാലം കൂടി ജീവിക്കണേൽ അതങ്ങട്ട് നിർത്തിക്കാളീം.
നിർത്തും മൂപ്പര് നിർത്തും, ഇഞ്ഞ് ബൽച്ചു ല തിന്നൊള്ളൂ......
താത്ത എനിക്ക് ചായകൊണ്ടന്ന eപ്പാഴാണ് അത് പറഞ്ഞത്.
ചായ കുടി കഴിഞ്ഞ് ഞാൻ എണീറ്റ് യാത്ര പറഞ്ഞിറങ്ങിയപ്പോൾ പുറകീന്നൊരു വിളി ......
ഇന്നാ ഇത് കൊണ്ടോയ്ക്കോ ......
ഒരു പൊതി നീട്ടിക്കൊണ്ടാ കാക്ക പറഞ്ഞത്.
എന്താത് ? ഞാൻ പൊതി തുറന്നു നോക്കി...... ഒരു പാക്കറ്റിനുള്ളിൽ നാല് ഡിഗരറ്റും ഒരു ലൈറ്ററും!
ഞാനാ മുഖത്തേക്ക് നോക്കി, തിളങ്ങുന്ന കണ്ണുകൾ! ശുഭാപ്തി വിശ്വാസത്തോടെയുള്ള പുഞ്ചിരിയും!
പൊതി ചുരുട്ടിക്കെട്ടി ഈറനണിഞ്ഞ കണ്ണുകളുമായി ഞാൻ തിരിഞ്ഞ് നടന്നു.
പുകവലി നിങ്ങളെ നശിപ്പിക്കും......
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment