ഹാരിസ് എടവനക്ക് തത്തമ്മക്കൂട്ടിലേക്ക് ഹൃദ്യമായ സ്വാഗതം💐💐

==========================
വായിച്ചിട്ടില്ലേ
ഇന്റർ ബെല്ലടിച്ച നേരത്തെ
ക്ലാസ് റൂമുപോലെ
ഒഴിഞ്ഞുപോവുന്ന
കവിതകളെ
പുരാതന ലിപികളെ
വേർതിരിച്ചെടുക്കുന്ന
അച്ചടകമാവശ്യമായിരിക്കും
ചിലനേരം
വാക്കുകളെ
മൂന്നാം മുറയിലൂടെ
കൊന്നു തൂക്കിയിട്ടതു
പോലെയാവും
പാപ്പരായവന്റെ
ബാങ്കു ബാലൻസുപോലെ
ശൂന്യമാവാം
വായന
ഭിക്ഷയാചിക്കുന്ന
വരികളില്ലേ
അവയിലേക്ക്
നിങ്ങൾക്കിഷ്ടമുള്ള അക്ഷരങ്ങളെ
ചേർത്തു വെക്കാം
എന്നാലും
ചിലതുണ്ട്
കണ്ണിലൂടെ കരളിലേക്ക്
കേറിപ്പോകുന്നവ
ഹ്രുദയത്തിലൂടെ
ഞരമ്പുകളിലേക്ക്
നീന്തിതുടിക്കുന്നത്
തലയിൽ
ഒരു പുല്ലുമേഞ്ഞ കുടിലുതീർക്കുമവ…
ആത്മാവിലുറങ്ങുകയും
ജീവനിൽ ഉണരുകയും ചെയ്യുന്നവ…
എഴുതപ്പെടുന്നില്ലയൊന്നും
വാക്കിനെ മെരുക്കി തെളിച്ചു
ഓടക്കുഴൽ വായനായാലാർദ്രമാക്കി
നിങ്ങളിലേക്കവർ തെളിച്ചു വരുന്നു
കവിയല്ലവർ
വാക്കിന്നിടയനമാരാണാവർ.....
*************************************
================================
മയ്യത്തു പോലത്തെ
മനുഷ്യർക്കിടയിലാ
കിടക്കുന്നത്
ഖബറുപോലെ ഇടുങ്ങിയ
കട്ടിലിൽ കിടന്നാ
ഈ കാണുന്ന
കിനാക്കളൊക്കെ കാണുന്നത്
പെയിന്റ് കൊണ്ടെഴുതിയത്
മഷിത്തണ്ടുകൊണ്ട്
മായ്ക്കുന്ന
പൊട്ടനാണുമ്മാന്റെ
മോനിപ്പൊഴും
ഉറക്കിലേക്ക്
പൊഴിഞ്ഞു വീഴുന്ന
ഓർമ്മകളാണുമ്മാ
രാത്രികളെ ഇങ്ങിനെ
പിരാന്തെടുപ്പിക്കുന്നത്
ഉമ്മാ
കേട്ടാലും കേട്ടാലും
പൂതി തീരാത്ത കഥ പറയ്
കേട്ടുറങ്ങുമ്പോലെ
കിടക്കട്ടെ ഞാൻ
കേട്ടു കേട്ടുറങ്ങട്ടെ ഞാൻ
(Old wine in a new glass)
*******************************
===========================
'ഉറക്കത്തിലേക്ക്
പാഞ്ഞു വന്നൊരു
മരണവണ്ടിയിൽ
ടിക്കറ്റെടുക്കാതെ
കേറിപ്പോയൊരുവൻ
തിരക്കിൽ
മറന്നു പോയ
സ്വപ്നങ്ങൾ
സ്റ്റേഷനിൽ
ബാക്കിയാവുന്നു
ആളു വരാത്ത
ലഗേജുകൾ
സൂക്ഷിക്കുന്നിടത്ത്
അനാഥമായി കിടക്കുന്നു
ആരെങ്കിലും
അടുത്ത വണ്ടിയിൽ
വന്നിറങ്ങുമായിരിക്കും
ഇല്ലേ?
തന്റേതെന്നു പറഞ്ഞു
കൊണ്ടു പോകുമായിരിക്കും?
അവകാശികളില്ലാത്ത
സ്വപ്നങ്ങൾ
ഒരു കവിതയെങ്കിലും
ആവുമായിരിക്കും?
അല്ലെങ്കിലും
അയാളെന്തിനാ
ഇത്ര ധൃതി പിടിച്ചു
കിട്ടിയ വണ്ടിയിൽ
കയറിപ്പോയത്
*******************************
===========================
പാസ്പ്പോർട്ട്
-----------+++++--------
വഴി മുട്ടുമ്പോൾ
കുറ്റപ്പെടുത്തലുകൾ
കുത്തിനോവിക്കുമ്പോൾ
പ്രായം ഓർമ്മ വരുമ്പോൾ
ധൂർത്തടിച്ച ജീവിതം
തികട്ടി വരുമ്പോൾ
ഭദ്രമായി
അടച്ചു വെച്ചൊരു
അലമാറയിൽ നിന്നോ
പെട്ടിയുടെ അടിയിൽ
നിന്നോ
ഉയർന്നു വരും
മഹദ് വചനങ്ങളില്ലാത്ത
മുസാഫിറിന്റെ
വേദപുസ്തകം
കപ്പലോട്ടത്തിന്റെ
കഥ പറയും
ആകാശത്തിലെ
ഇരുമ്പു ചിറകടികളാൽ
മോഹിപ്പിക്കും
കാണാത്ത
ഭൂപടങ്ങളെ വരച്ചു തരും
വിശപ്പിന്റെ
വിയർപ്പിന്റെ
അതിജീവനത്തിന്റെ
ഫിലോസഫികളാണു
താളുകളിൽ
കുത്തപ്പെട്ട സീലുകളെന്നു
ഓർമ്മപ്പെടുത്തും
കുറഞ്ഞ പേജുകൾ കൊണ്ട്
ജീവിതത്തിനു
ഇത്രയേറെ ഉത്തരങ്ങൾ
നൽകി
അതിർത്തികളെ
തകർത്തു കളഞ്ഞ
മഹാ പുസ്തകമേ
ആരാണു നിനക്ക്
പാസ്പോർട്ട്ടെന്ന
അരസികൻ
പേരിട്ടത്
*******************************
===========================
വെന്റിലേറ്റർ
--------------------
വേണമെങ്കിൽ ശ്വസിച്ചോയെന്നു
ഓക്സിജൻ കുഴലുകൾ പറയും
ഇന്നലെവരെ ചോദിക്കാതെ
അകത്തേക്കു വലിച്ചതിനു
പരാതിപ്പെടുമ്പോലൊരു
ഔദാര്യം
ദൈവത്തിനു മാത്രം മനസ്സിലാവുന്ന
സ്പന്ദനങ്ങൾ
വിവർത്തനം ചെയ്യാനുള്ള
വിഫലശ്രമങ്ങൾ നടക്കും
അടുത്ത കിടക്കകളിൽ
വാടകമുറികൾ ഒഴിഞ്ഞുപോവും പോലെ
ആത്മാക്കൾ ഒഴിഞ്ഞുപോയ ശരീരങ്ങൾ
അടക്കാൻ മറന്ന ജാലകങ്ങൾപോലെ
തുറന്നിട്ടിരിക്കുന്ന കണ്ണുകൾ
ബലാബലം നിൽക്കുന്ന ഫൈനൽ മാച്ചിലെ
എക്സ്ട്രാ ടൈം പോലെ
ആകാംക്ഷഭരിതമാവും ചിലപ്പോൾ.
ജീവിതത്തിന്റെ ഗോൾമുഖത്തേക്കു
മരണത്തിൽ നിന്നും ഒരു ഫോർവേഡ്
എല്ലാ പ്രതിരോധങ്ങളും തകർത്തു
ഓടിയെത്തിയേക്കാം
തീർച്ചയായും നിങ്ങൾക്കപ്പോൾ
വേണ്ടത്
കരുത്തുറ്റ ബാക്ക് വാഡുകളാണു
ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ...............
*******************************
===========================
ദൂരങ്ങളെക്കൊണ്ടാണു
നാം അടുപ്പത്തെ അളുക്കുന്നത്..
അതു കൊണ്ടാവാം
എത്രയടുത്താലും
അളക്കാൻ പറ്റുന്ന ദൂരമെപ്പോഴും
ബാക്കിയാവുന്നത്
********************************
============================
ഞാൻ മരിച്ചാൽ
അടക്കുന്നത്
ഒരു മരച്ചുവട്ടിലാവണേ
ഇതൊരു ഒസ്യത്തല്ല
വേനലുകൊണ്ട് ജീവിതം
പൊള്ളിയവന്റെ
പ്രാർത്ഥനയാണു
*********************************
============================
ഉമ്മ സ്വപ്നം
-------------------
പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്‍
ജീവിതം പാതിപകുത്തെടുത്തവള്‍
മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയിട്ടെത്ര
കാലമായെന്നോര്‍ക്കാറില്ല.
വാക്കിനെ മെരുക്കി
കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍
രാവിലുറങ്ങതിരിക്കുമ്പോഴും
ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല
എന്നാലും പനിച്ചും ചുമച്ചും
ദുസ്വപ്നങ്ങളില്‍ ഒറ്റക്കുറങ്ങുമ്പോള്‍
നിറുകയില്‍ ചുംബിച്ചുറാങ്ങാതെ
നീറുന്നൊരുമ്മ സ്വപ്നം
കാതുനോവിക്കാതെപ്രാര്‍ത്ഥിക്കാറുണ്ട്
ദെണ്ണം മാറുംവരെയും
കണ്ണടയാതെ കൂട്ടിരിക്കാറുണ്ട്
************************************
===============================
രോഹിത് വെമുല
(ഹാരിസ് എടവന Jan 2016)
------------------------------------
രോഹിത്,
രാജാവും
രാജ്യവും
മനുഷ്യനേക്കാൾ വലുതായിക്കൊണ്ടിരിക്കുന്നു
രാജകിങ്കരന്മാരും
വിദൂഷകന്മാരും
ആരാച്ചാർമാരും
ചിത്രകഥളിൽ നിന്നിറങ്ങി
വന്നിരുക്കുന്നു,
നിനക്കൊരു രാജ്യമില്ല
നിനക്കു മാത്രമല്ല
ഞങ്ങൾക്കുമില്ല
ഒരു രാജ്യം
നാം നമ്മുടേതെന്നു വിശ്വസിച്ച
ഇടങ്ങളൊക്കെ
ആക്രോശങ്ങൾ
മാത്രമുള്ള
ഇരുണ്ട ജയിലഴിയാണോ
രോഹിത്
നിന്റെ മരണം പോലൊരു
കവിത ഞാൻ വായിച്ചിട്ടില്ല
സർവ്വകലാശാലകൾ
നിന്റെ ആത്മാവിൽ ഈയ്യം
ഒഴിക്കാതെ
നീകാത്തുവല്ലോ?
നീ നക്ഷത്രത്തിലേക്ക്
യാത്രപോവുക
ഞങ്ങൾ
രാജപ്രകീർത്തനങ്ങളെഴുതി
മഹാ കവികളാവട്ടെ
*********************************
=============================
ഓ ഫിദൽ
രക്ത താരകങ്ങളൊക്കെയും
പൊഴിഞ്ഞു വീഴുന്നു
അവശേഷിക്കുന്നതിനെ
വെടിവെച്ചിടുന്നു
ഓ ഫിദൽ
നിങ്ങളും നാളെ
ടീ ഷർട്ടായി മാറും
പലവിധം അലക്കു പൗഡറാൽ
അലക്കപ്പെടും
ഓ ഫിദൽ
ഓരോ കാട്ടിലും
ജയിലിലും
നിങ്ങളിനിയും
മരിച്ചു കൊണ്ടേയിരിക്കും
ഓ ഫിദൽ
ഓ ഫിദൽ
*********************************
============================
ചപ്പാത്തിയും
ദാലും
ആറി തണുത്തു
നജീബ്
ഇനിയും എത്തിയില്ല
നോട്ടുകൾ
തിരിച്ചുപോവുന്നു
രാഷ്ടം
മോർച്ചറിയിൽ
തണുത്തു കിടക്കുന്നു
ആമ്പുലൻസ് ഡ്രൈവർമാർ
ബാങ്കിന്റെ ക്യൂവിലാണു
പറയാൻ മറന്നു
നജീബ്
ഇനിയും എത്തിയില്ല
*******************************
ഹാരിസ് എടവന
harise@gmail.com
No comments:
Post a Comment