〰〰〰〰
നാട്ടിൽ മഴയില്ല. കിണറുകൾ വറ്റി. എന്താ ഒരു വഴി. നാട്ടുകാർ കൂടിയാലോചിച്ചു. പല അഭിപ്രായങ്ങൾ വന്നു. ഒരാൾ പറഞ്ഞു . "കുറച്ച് ദൂരെ ഒരു ത്യാഗിവര്യനായ പണ്ഡിതനുണ്ട്. നല്ല സൂക്ഷമതയോടെ ജീവിക്കുന്ന ഒരാൾ. അദ്ദേഹത്തെ കൊണ്ടുവന്നു നമുക്കൊരു പ്രാർത്ഥന നടത്താം":
തീരുമാനം എല്ലാരും അംഗീകരിച്ചു.
കണ്ടാൽതന്നെ ഭക്തി തോന്നിക്കുന്ന മുഖം. നരച്ചു നീണ്ട താടി. ശോഷിച്ച ശരീരം. നാടിനെയും നാട്ടുകാരെയും പറ്റി അദ്ദേഹം ചോദിച്ചറിഞ്ഞു.
"നിങ്ങൾ തന്നെ പ്രാർത്ഥിച്ചാൽ മതി. പാവങ്ങളെ സഹായിക്കുക. സാധുക്കൾക്ക് ഭക്ഷണം നൽകുക " അദ്ദേഹം പറഞ്ഞു.
അവസാനം നാട്ടുകാരുടെ നിർബന്ധം കാരണം അദ്ദേഹം വരാമെന്നേറ്റു. ദിവസവും സമയവും ഉറപ്പിച്ചു.
അന്ന് നാട്ടിൽ ഉത്സവ പ്രതീതി. വമ്പൻ മൈക് സെറ്റും പന്തലും. നാട്ടുകാരണവരുടെ വീട്ടിൽ അതിഥിക്ക് വിഭവ ഭക്ഷണം ഒരുങ്ങി . എല്ലാരും തിരക്കോട് തിരക്ക്.
നാട്ടുകാരണവരുടെ വീട്ടിൽ ആളുകൾ കൂടി വന്നു. ഭക്ഷണത്തിന്റെ മണം പുറത്തേക്ക് വന്നു തുടങ്ങി. അതിനിടയിൽ ഒരു സാധു വൃദ്ധൻ വടിയും കുത്തി അവിടെ വന്നു. "വിശക്കുന്നു. വല്ലതും തരണേ..." എന്ന് പറഞ്ഞു.
"ഇവിടെയൊന്നുമില്ല. വേഗം സ്ഥലം വിട്". കാരണവർ അയാളെ ഓടിച്ചു.
അതിഥി എത്താറായി. ഒരുക്കങ്ങളെല്ലാം റെഡി. അപ്പോഴതാ ഒരു മുടന്തൻ പിച്ചക്കാരൻ വരുന്നു.
വല്ലതും സഹായിക്കണേ എന്ന അയാളുടെ യാചനക്ക് മറുപടി പറഞ്ഞത് ഒരു നാട്ടുകാരനാണ്.
"ഇന്നിവിടെ കാര്യപ്പെട്ട ഒരാള് വര്ണ ദിവസമാ... യാചിക്കാൻ കണ്ട നേരം" .. അയാളെയും പായിച്ചപ്പോളാണ് നാട്ടുകാർക്ക് സമാധാനമായത്.
സമയം നീണ്ടു പോയി. നാട്ടുകാർ കണ്ണും നട്ട് കാത്തിരുന്നു. അതിഥി എത്തിയില്ല. നേരിട്ട് വന്നോളാം എന്ന് പറഞ്ഞതിനാൽ കൊണ്ടുവരാൻ ആരും പോയുമില്ല.
വൈകുന്നേരവും കഴിഞ്ഞു. നാട്ടുകാർ കാരണവരെ വളഞ്ഞു. എല്ലാർക്കും ആകാംക്ഷ. അവസാനം വണ്ടിയെടുത്തു തിരഞ്ഞ് പോകാൻ തീരുമാനിച്ചു.
അവിടെ എത്തിയപ്പോഴുണ്ട് ആ മനുഷ്യൻ ചാരി കിടന്നു കൊണ്ട് ചിരിക്കുന്നു.
" നിങ്ങളെന്ത് പണിയാ ചെയ്തത്? ഞങ്ങള് പന്തലും ഭക്ഷണവും ഒക്കെയായി എത്രയാ മുടക്കിയത്? നിങ്ങൾ വരാം എന്ന് ഏറ്റതല്ലേ .. ഞങ്ങൾ നാട്ടുകാർക്കിടയിൽ മാനം കെട്ടില്ലേ?" കാരണവർ ആ സാധുവിന് നേരെ പൊട്ടിത്തെറിച്ചു.
" ആരാ പറഞ്ഞു ഞാൻ വന്നില്ലാന്ന്.? ഞാൻ രണ്ട് തവണ വന്നല്ലോ ഇന്ന് നിങ്ങളുടെ വീട്ടിൽ ഇത്തിരി ഭക്ഷണം ചോദിച്ച് . നിങ്ങളെന്നെ ഓടിച്ച് വീട്ടില്ലേ?"
കാരണവരും നാട്ടുകാരും അന്തം വിട്ട് തലയിൽ കൈവെച്ചു.
"ഞാനാദ്യമേ പറഞ്ഞതല്ല .. പാവങ്ങളെ സഹായിക്കാതെ, സാധുക്കൾക്ക് ഭക്ഷണം നൽകാതെ എത്ര ദുആ ചെയ്താലും റബ്ബിന്റെ റഹ്മത്ത് ഭൂമിയിലിറങ്ങൂല. സാരല്യ. എല്ലാരും സമാധാനായിട്ട് പൊയ്ക്കോളി ".
ഒന്നും തിരിച്ച് പറയാനാകാതെ തലയും താഴ്ത്തി അവർ നാട്ടിലേക്ക് തിരികെ വണ്ടി കയറി.
✍✍✍✍✍✍✍✍✍
മുഹമ്മദ് കുട്ടി അരീക്കൻ
〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment