Friday, 1 November 2019

പി.കെ അബ്ദു മുസ്‌ലിയാർ



പളളിപ്പറമ്പ് @  
പി.കെ അബ്ദു മുസ്‌ലിയാർ



ഊക്കത്ത് മഹല്ലിൻ്റെ സ്നേഹ വെളിച്ചം അണഞ്ഞു
➖➖➖➖➖
പി.കെ അബ്ദുമുസ്ലിയാർ ഊക്കത്ത് മഹല്ലിൻ്റെ വെളിച്ചമായിരുന്നു..... 
എല്ലാവരും അംഗീകരിച്ചിരുന്ന രണ്ടഭിപ്രായമില്ലാത്ത നാടിനെ സൻമാർഗത്തിലേക്ക് നയിക്കാൻ പ്രാപ്തനായ പകരം വെക്കാനില്ലാത്ത നല്ലൊരു നേതൃത്വം. അശരണരായ പാവങ്ങളുടെ പരാതികളും ആവലാതികളും ബോധിപ്പിക്കാനും തീർപ്പു കൽപ്പിക്കാനും തൻ്റേടമുള്ള  നൃായാധിപൻ. അതിലുപരി ഒരു പ്രദേശത്തെ ദീനിൻ്റെ മാർഗ്ഗത്തിലേക്ക് നയിക്കാൻ അശ്രാന്തം  പരിശ്രമിച്ച മഹത് വൃക്തിത്വം. വർണ്ണിക്കാൻ വാക്കുകളില്ലാത്ത  നല്ലൊരു മനുഷൃ സ്നേഹി....എത്ര പറഞ്ഞാലും തീരാത്ത നന്മയുടെ നിറകുടം. ഇതായിരുന്നു ഞാൻ കണ്ടനുഭവിച്ച എൻ്റെ പിതാവിനു തുല്ലൃം സ്നേഹിച്ചിരുന്ന പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദു മുസ്ലിയാർ......

മഹല്ലിൽ പലവട്ടം വിഭാഗീയത തല പൊക്കാൻ തുടങ്ങിയപ്പൊഴൊക്കെയും അദ്ധേഹത്തിൻ്റെ നിശ്ചയദാർഷ്ഠൃവും ആത്മസംയമനവും  അവസരോചിതമായ ഇടപെടലുമാണ് ഇന്ന് കാണുന്ന മഹല്ല് ഐക്യം നിലനിൽക്കുവാൻ കാരണം. 

അദ്ധേഹത്തിൻ്റെ വിയോഗത്തോടെ ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങളുടെ വിഷമങ്ങളും ആവലാതികൾക്കും പരിഹാരം കണ്ടിരുന്ന ഒരു കാരണവരെയാണ്... എൻ്റെ കുടുംബത്തിലെ എല്ലാ കാരൃങ്ങളും  അദ്ധേഹത്തിൻ്റെ  സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്..... എൻ്റെ വിവാഹത്തിനും മക്കളുടെ വിവാഹങ്ങൾക്കും കാർമ്മികത്വം വഹിച്ചതും അവരുടെ ഉപദേശ നിർദ്ദേശങ്ങൾ തേടി കൊണ്ടുമായിരുന്നു....

സങ്കീർണമായ പല ഘട്ടങ്ങളിലും  അദ്ദേഹത്തിൻ്റെ ഇടപെടൽ എനിക്ക് ആശ്വാസമായിട്ടുണ്ട്.... മകളുടെ വിവാഹ ശേഷം ഭർതൃവീടുമായുള്ള സ്വരചേർച്ച വിവാഹ മോചനത്തിൽ എത്തി നിൽക്കെ  അദ്ദേഹത്തിൻ്റെ കാലിൻ്റെ രോഗ അവശതയിലും അത് വകവെക്കാതെയുള്ള സമയോചിതമായ ഇടപെടൽ മൂലം പ്രശ്നം പരിഹരിക്കുകയുണ്ടായി. അവരിന്ന് നല്ല സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു....

അതു പോലെ മാപ്പിളക്കാട് യാത്ര പ്രശ്നം പരിഹരിക്കുന്നതിന് മഹല്ല് തലത്തിൽ നല്ലൊരു ശ്രമം അദ്ദേഹം നടത്തിരുന്നു.... മരണപ്പെടുന്നതിൻ്റെ ഈ അടുത്ത ആഴ്ചകളിലും ഇതു സംബന്ധിച്ച കാരൃങ്ങൾ അവരുമായി ചർച്ച ചെയ്തിരുന്നു..... പെട്ടെന്നുള്ള അദ്ധേഹത്തിൻ്റെ വിയോഗ വാർത്ത ആർക്കും ഉൾ കൊള്ളാൻ കഴിയാത്തതായിരുന്നു. മരണപ്പെടുന്ന ദിവസം രാവിലെ അവരുടെ വീട്ടു പടിക്കൽ വച്ച് ഒരു പുഞ്ചിരി സമ്മാനിച്ചതായിരുന്നു അദ്ധേഹം. പിന്നെ കേൾക്കുന്നത്  മരണവാർത്തയാണ്.

തലേദിവസം വെള്ളിയാഴ്ച്ച ജുമൂഅക്ക് മുൻപുള്ള നാട്ടുകാരെ ഉത്ബോതിപ്പിച്ചുള്ള അവരുടെ പ്രസംഗത്തിൽ ഇയ്യിടെ മരണപ്പെട്ട രണ്ട് മഹത് വൃക്തിളെ കുറിച്ചും അവരുടെ സേവനത്തെ കുറിച്ചും വിശദീകരിക്കുകയും പരലോക ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശൃപ്പെടുകയും ചെയ്തിരുന്നു. 

അബ്ദു മുസ്ലിയാരുടെ വിടവ് നികത്താൻ കഴിയാത്തതാണ്.... ഊക്കത്ത് പള്ളിയിലെ മിഹ്റാബിനും മിംബറക്കും ഇടയിലുള്ള ആ പ്രകാശം എന്നന്നേക്കുമായി അണഞ്ഞു..... കഴിഞ്ഞ വെള്ളിയാഴ്ച്ച പള്ളിയിലെത്തിയപ്പൊ കുടുംബനാഥൻ നഷ്ടപ്പട്ട വീട് പോലെ അനുഭവപ്പെട്ടു.
പള്ളിയുടെ അകത്ത് എല്ലാവരോടും പുഞ്ചിരിച്ചു കൊണ്ടുള്ള ആ നടത്തമില്ല. ബാങ്കിന് ശേഷം മിംബറയിൽ കയ്യ് വച്ച് മഹല്ല്  നിവാസികളെ അഭിസംബോധനം ചെയ്തുകൊണ്ട് കാലിക പ്രസക്തമായ ഉത്ബോദന പ്രസംഗമില്ല ഒരു മൂഖഥ മാത്രം.... 
ആ വിടവ് നികത്താൻ ഇനി ആര് ?

അവരുടെ നന്മകൾ എഴുതിയാലും പറഞ്ഞാലും തീരാത്തവയാണ്...
ഒരു നാടിനെയും നാട്ടുകാരേയും സമൂഹത്തേയും നേർവഴിക്ക് നടത്തി അവരുടെ ഇഷ്ടവും സ്നേഹവും നേടി മരണം വരെ ദീനീ രംഗത്ത് വൃക്തി മുദ്ര പതിപ്പിച്ച് നമ്മിൽ നിന്നും റബ്ബിലേക്ക് മടങ്ങിയ പ്രയ ഉസ്ഥാദിൻ്റെ പരലോക ജീവിതം പ്രകാശപൂരിതമാവട്ടെ അവരെയും നമ്മേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടേ എന്ന് പ്രാർതഥിക്കുന്നു.
----------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം



പി.കെ അബ്ദു മുസ്‌ലിയാർ അഭിമാനകരമായ നേതൃത്വം
➖➖➖➖➖
അന്നുച്ചക്ക് രണ്ടുമണിക്കാണ് വാട്സ്ആപ്പ് തുറന്നത്. വാർത്ത കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. വിശ്വസിക്കാൻ കഴിഞ്ഞില്ല. വാർത്തയോടൊപ്പം നൽകിയ ഫോട്ടോ ഡൗൺലോഡാക്കിയതോടെയാണ് എന്റെ അവിശ്വാസം സങ്കടകരമായ ആ യാഥാർത്യത്തിന് വഴിമാറിയത്. ഉരുണ്ട് കൂടിയ കാർമേഘങ്ങൾ വട്ടമിട്ടപ്പോഴും പതറാത്ത പാദങ്ങളോടെ, സമചിത്തത കൈവിടാതെ ധീരമായി ഊക്കത്ത് മഹല്ലിന് നേതൃത്വം നൽകിയ പി.കെ അബ്ദു മുസ്‌ലിയാർ ഇനി നമ്മോടൊപ്പമില്ല. എന്റെ ദൃഷ്ടിയെ ആ ചിത്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാതെ ഏറെനേരം നിർന്നിമേഷനായി നോക്കി നിന്നുപോയി ഞാൻ.

അമരത്വം ലോകത്താർക്കും കൽപിച്ച് നിൽകിയിട്ടില്ല. അത് പടച്ചതമ്പുരാന്റെ മാത്രം വിശേഷണമാണ്. എങ്കിലും അപ്രതീക്ഷിതമായ വേർപാടുകൾ താങ്ങാവുന്നതിലുമപ്പുറമാണ്. അത് സർവ്വാംഗീകൃത നേതൃസ്ഥാനീയരുടെ വിയോഗമാണെങ്കിലൊ ആ വിടവ് നികത്താൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും. എല്ലാം الله വിന്റെ നിശ്ചയമാണ് അവനിലാണല്ലൊ നാം ഭരമേൽപിക്കേണ്ടത്.  നിസ്വാർത്ഥ സേവനത്തിലൂടെ മഹല്ലിനെ നയിച്ച് ഏവരുടെയും ആദരം പിടിച്ച് പറ്റിയ മനീഷിയായിരുന്നു അബ്ദു മുസ്‌ലിയാർ. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ അദ്ദേഹം മാലിക് എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. സാധാരണക്കാർ പണ്ഡിതന്മാരെ കുറിച്ച് വെച്ചുപുലർത്തുന്ന പല ധാരണകളിൽ നിന്നും വ്യത്യസ്തനായിരുന്നു അവർ. അതുകൊണ്ടാണ് ഒഴുക്കിനൊപ്പം നീന്താതെ സമീപ മഹല്ലുകളിൽ നിന്ന് ഊക്കത്ത് മഹല്ല് വേറിട്ടുനിൽക്കുന്നത്. ഊക്കത്ത് മഹല്ല് വെൽഫയർ അസോസിയേഷൻ അദ്ദേഹത്തിന്റെ ഒരു പൊൻതൂവലായിരുന്നു. 

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് അദ്ദേഹത്തിന്റെ കാര്യത്തിൽ വെറും പതിരായിരുന്നു. നാട്ടിലെ ഏതൊരു ചടങ്ങായാലും അബ്ദു മുസ്‌ലിയാർ അവിടെയുണ്ടെങ്കിൽ ആ വ്യക്തിപ്രഭാവം അവിടെ മുഴച്ചുനിൽക്കുമായിരുന്നു. ഇതര നാട്ടുകാരുടെ മുമ്പിൽ അഭിമാനത്തോടെ ആയിരുന്നല്ലൊ നാം നമ്മുടെ മഹല്ല് പ്രസിഡണ്ടിനെ എടുത്തുപറഞ്ഞിരുന്നത്. വലിയ വാഗ്ധോരണിയോ പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതങ്ങളോ ഇല്ലാതെ സ്വതസിദ്ധമായ നാടൻ ശൈലിയിൽ അദ്ദേഹം നൽകിയ ഉദ്ബോധനങ്ങൾ മഹല്ല് നിവാസികൾ സ്വീകരിച്ചു. പലപ്പോഴും നിശിതമായ വിമർശനങ്ങളും നിർദോഷമായ നിർദ്ദേശങ്ങളും അടങ്ങിയതായിരിക്കും അവ. കരുത്തുറ്റതായിരുന്നു ആ നേതൃത്വം. അതുകൊണ്ടാണല്ലോ നാനൂറിലധികം അധ്യാപകരും നൂറിലധികം അനധ്യാപകരുമുള്ള, നഴ്സറി മുതൽ ഇരുപത്തിഏഴോളം കോഴ്സുകൾ പഠിപ്പിക്കുന്ന കോളേജ് വരെ കൈകാര്യം ചെയ്യുന്ന മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ മജ്ലിസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവിയിൽ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന് ഒരു പകരക്കാരൻ ഇല്ലാതെ പോയത്.

മാറാക്കര അച്ചിപ്പുറയിലെ പള്ളിദർസിൽ പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. ദാറുൽഹുദ പ്രസിദ്ധീകരിച്ച 'സയ്യിദ് ഉമറലി ശിഹാബ്തങ്ങൾ ഓർമപ്പുസ്തകത്തിൽ' ഈ ഓർമ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. "ദർസിലേക്കുള്ള യാത്ര ക്ലേശകരമായിരുന്നു. കോട്ടക്കൽ രണ്ടത്താണി തിരൂർ റൂട്ടിൽ അക്കാലത്ത് ഒരൊറ്റ ബസ് മാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ. മിക്കവാറും അതിന്റെ അവസാന ട്രിപ്പിന്റെ സമയം നോക്കിയായിരുന്നു ഞങ്ങളെല്ലാവരും ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിരുന്നത്. ഉമറലി തങ്ങൾ കോട്ടക്കൽ നിന്നായിരുന്നു ബസ്സിൽ കയറിയിരുന്നത്. കോട്ടക്കൽ നിന്ന് രണ്ടത്താണിയിലേക്ക് ബസ് ചാർജായി 10 പൈസയേ നൽകേണ്ടിയിരുന്നുള്ളൂ. രണ്ടത്താണിയിൽനിന്ന് 20 മിനുറ്റ് നടന്നു വേണം അച്ചിപ്പുറ പള്ളിയിലെത്താൻ. രണ്ടത്താണി അങ്ങാടിയിൽ നിന്ന് നേരിട്ട് ഒരിടവഴിയുണ്ടായിരുന്നു. അത് നേരെ മാറാക്കര പാടത്തെത്തുന്നു. പിന്നെ പാടത്തെ വീതികുറഞ്ഞ വരമ്പത്ത് കൂടെ നടന്ന് പള്ളിയിലെത്തണം.

പദവികൾ അദ്ദേഹത്തിന് ഒരലങ്കാരമായിരുന്നില്ല. പുറമണ്ണൂരിൽ നിന്ന് വളാഞ്ചേരി വരെ മാത്രമായിരുന്നു സ്ഥാപനത്തിലെ വാഹനത്തിൽ യാത്ര. അവിടെനിന്ന്  യാത്രാബസ്സിലായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. കമ്മിറ്റിയോഗത്തിൽ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് ഇറങ്ങിപ്പോന്ന അദ്ദേഹത്തെ  മുസ്തഫൽ ഫൈസി അടക്കമുള്ള നേതാക്കളും ഭാരവാഹികളും വീട്ടിൽ വന്ന് അനുനയിപ്പിച്ച് തിരിച്ചുപോയ സംഭവം നടന്നത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. മജ്‌ലിസ് സ്ഥാപനങ്ങളുടെ ട്രഷറർ പ്രമുഖ വിദ്യാഭ്യാസ പ്രചാരകൻ കൂടിയായ കൊളത്തൂർ ടി മുഹമ്മദ് മൗലവിക്ക് പിന്നാലെ പ്രസി: അബ്ദു മുസ്‌ലിയാർ കൂടി വിടവാങ്ങിയത് വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നതെന്ന് ഒരു കമ്മിറ്റി ഭാരവാഹി അനുസ്മരിച്ചു.

ഓർമകൾ ഇനിയും ബാക്കിയാണ് ദൈർഘ്യം ഭയന്ന് നിർത്തുന്നു. സമുദായത്തിന് നൽകിയ സേവനത്തിന് പകരമായി നാഥൻ അദ്ദേഹത്തിന്റെ ദറജ ഉയർത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
------------------------------
ഫൈസൽ മാലിക് വി.എൻ



അബ്ദു മുസ്ല്യാർ :പറയാൻ ബാക്കി വെച്ചത്
➖➖➖➖➖
അബ്ദു മുസ്‌ലിയാരെ ഓർക്കുമ്പോൾ അവി ശ്വസനീയമായ ആ ദിവസം നമ്മുടെ മനസിലേക്കും ഒരു ഞെട്ടൽ രൂപത്തിൽ തികട്ടിവരുന്നു. എല്ലാവരേയും പോലെ പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി കാക്കാന്റെ തഹ്ലീൽ ദിവസം ആ വീട്ടിലേക്ക് കയറുന്ന വഴിയിൽ വെച്ചാണ് ഞാൻ അബ്ദു മുസ്‌ലിയാരെ അവസാനമായി കാണുന്നത്. അദ്ദേഹം എന്തോ അത്യാവശ്യം ഉണ്ടായിട്ട് ചടങ്ങിനിടയിൽ തിരിച്ചു പോവുകയായിരുന്നു. അബ്ദു മുസ്‌ലിയാർ സലാം ചൊല്ലി ഞങ്ങൾ അല്പ നേരം സംസാരിച്ചു. സാധാരണഗതിയിൽ അദ്ദേഹവുമായി കണ്ടുമുട്ടുമ്പോൾ ഒരു പണ്ഡിതന്റെ മുമ്പിലൊ, കാരണവരുടെ മുമ്പിലൊ നിൽക്കുന്നതു പോലെയല്ല ഇടപഴകിയിരുന്നത്. വളരെ ഫ്രണ്ട്ലി ആയിട്ടായിരുന്നു പെരുമാറിയിരുന്നത്. അത്കൊണ്ട് തന്നെ തമാശകളും കാര്യങ്ങളും ചരിത്രങ്ങളുമൊക്കെ ഏറെനേരം സംസാരിച്ചിരിക്കാറുണ്ട്. അതിനൊത്ത ഒരുചോദ്യം ആ സമയത്ത് ഞാൻ ചോദിച്ചു. നിങ്ങൾ ഇത് പിരിച്ച് വിട്ട് പോകുകയാണൊ.... അല്ല തുടങ്ങിയതെയുള്ളൂ വേഗം പൊയ്ക്കൊ എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. പിന്നെയും ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിച്ചു. അൽഹുദയിൽ നടക്കുന്ന കുട്ട്യാലി ഹാജിയുടെ അനുസ്മരണ പ്രാർത്ഥന സംഘമത്തിലേക്ക് പനി മൂലം എത്താൻ കഴിഞ്ഞില്ല മെമ്പർ യൂസിഫിനോട് ആ വിവരം പറഞ്ഞയച്ചിരിന്നു എന്നു പറഞ്ഞു. അതു കഴിഞ്ഞ് പത്തോ പതിനഞ്ചോ  മിനിറ്റ്  കഴിഞ്ഞപ്പോഴേക്കും ആ വാർത്ത നമ്മുടെ കാതിലെത്തിയപ്പോൾ ഒരു പാട് ദുഃഖിച്ചു. 

ഒരിക്കൽ ഊക്കത്ത് പള്ളിയിൽ വെച്ചും, അദ്ദേഹത്തിന്റെ  വീട്ടിൽ വെച്ചും പള്ളിയുമായി ബന്ധപ്പെട്ട പഴയകാല ചരിത്രങ്ങൾ വിശദമായിപറഞ്ഞു തന്നിരുന്നു. ഇതെല്ലാം  ആധികാരികമായി വളരെ കൃത്യതയോടെ പറഞ്ഞുതരുമ്പോൾ അദ്ധേഹത്തിന്റെ അവതാരണ ശൈലി എന്നിൽ കൗതുകമുണർത്തി. 

1895 ലാണ്  6 നമ്പർ ഭൂമി വാഖ്ഫായി രേഖപെടുത്തുന്നത്  അതിന് എത്രയോ മുമ്പ്  തന്നെ പള്ളി സ്ഥാപിച്ചിട്ടുണ്ട്. കുളപുരയും തോടിനോടടുത്തു അത്താണിക്ക് ചാരിയുഉള  പാതയുമായിരിന്നു അതിര്.  പള്ളിയുടെ മുന്നിലൂടെ പോകുന്ന റോഡ് നൂറ്റാണ്ട് മുമ്പെ പ്രധാന പാതയായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ടാണ് ഈ പാത വരുന്നത്. അത് കൊണ്ട് തന്നെ ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുണ്ട് നമ്മുടെ പള്ളിക്ക്. താനൂരിൽ നിന്നുള്ള ഒരു മഹാനാണ് ഈ പള്ളി നിർമിക്കാൻ പ്രദേശത്തെ നാല് കുടുംബങ്ങളോട് നിർദ്ദേശിക്കുന്നത്. അതിൽ പെട്ട രണ്ട് കുടുംബങ്ങൾ  ഐന്തൂർ പോക്കാട്ട് [AP] കുറ്റി പുറത്ത് തുപ്പിലിക്കാട്ട് [TK] പിന്നീട് ഈ മഹല്ലിന്റെ ഭാഗമല്ലാതെയായി... 60 കളിൽ KM മൗലവിയോടനുപന്തിച്ച് നടന്ന വിവാദം സമസ്ത പ്രസിഡന്റ് അബ്ദുൽ ബാരി അവർകൾ ഇടവെട്ട് മഹല്ലിലെ കുടുംബ കാരണവരെ കൊണ്ട് വിവാദങ്ങൾ ഉണ്ടാവില്ലെന്ന് ഒപ്പിടിച്ച് പ്രശനങ്ങൾ അവസാനിപ്പിച്ചത്.. 1966 ലാണ് ഊക്കത്ത് പള്ളി ഒരു ഔദ്യോഗിക കമ്മിറ്റിക്ക് കീഴിൽ വരുന്നതും.. അതിനു ശേഷം ദർസ് ആരംഭിക്കുന്നതും... ഇത് പോലെത്തെ ഒരു പാട് കാര്യങ്ങൾ അബ്ദു മുസ്ലിയാർ തന്റെ ശൈലിയിൽ വിവരിച്ച് തന്നു. 

ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയുകയും രേഖപ്പെടുത്തുകയും ചെയ്യണമെന്ന് കരുതിയതായിരുന്നു സുഹൃത്ത് സത്താർ കുറ്റൂരുമായി വരാമെന്നു പറഞ്ഞപോൾ  എപ്പോൾ വേണേങ്കിലും വന്നോളൂ.. കുറച്ചു പഴയ രേഖകൾ എന്റെ കയ്യിലുണ്ട്  അതൊക്കെ എടുത്ത് വെക്കണ്ട് എന്നാക്കെ പറഞ്ഞ്  മനസ്സിൽ മായാതെ നിൽക്കുന്നു. കാണുമ്പോഴെക്കെ ഞങ്ങൾ വരാം എന്ന് പറയും വിധി എന്ന് പറയാം  അങ്ങിനെ ഒന്നിരിന്ന്  ചർച്ച ചെയ്യാൻ കഴിഞ്ഞില്ല.. നികത്താൻ കഴിയാത്ത നഷ്ടമാണ് സംഭവിച്ചത്. 

ഊക്കത്ത് പള്ളിയുടെ  ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ അപൂർവമായ നിധികൾ, പൂർവ്വ കാല സാമുഹിക ചുറ്റു പാടുകളിൽ നിന്നുളള പാഠങ്ങളും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. അത് പകർന്ന് നൽകാൻ അദ്ദേഹം വളരെ തൽപരനുമായിരുന്നു. പക്ഷെ അത് കേൾക്കാൻ നമ്മൾ അലംഭാവം കാണിച്ചത്‌ വലിയ നഷ്ടം തന്നെയാണ്. ഇനി ഇതൊക്കെ പറഞ്ഞ് തരാൻ ആരാണ് നമുക്കുള്ളത്. അദ്ദേഹം മനസ്സിൽ താലോലിച്ച, പലരോടും പങ്കുവെച്ച പള്ളിയുമായി ബന്ധപ്പെട്ട് നടപ്പിൽ വരുത്തേണ്ട സ്വപ്നങ്ങൾ പൂർത്തീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. അതാവട്ടെ ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ. 

പള്ളിയുമായി ബന്ധപ്പെട്ട് നമുക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും കേൾക്കാനും സ്വീകരിക്കാനും അബ്ദു മുസ്ലിയാർ എന്നും സന്നദ്ധനായിരുന്നു. മൂന്നാഴ്ച മുമ്പ് ഒരു ജുമുഅ ദിവസം അരീക്കൻ മമ്മുട്ടി മാഷുമായി പള്ളിയിൽ വെച്ച് ഞാൻ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അബ്ദുമുസ്ലിയാർ ഇരിക്കുന്നയിടത്തേക്ക് എന്നെ വിളിക്കുകയും പിടിച്ചിരുത്തുകയും ചെയ്ത് വളരെ സ്നേഹത്തിൽ പള്ളിയിൽ നടത്തേണ്ട ചില സംഗതികളെ കുറിച്ച് പറഞ്ഞു. മുമ്പ് അദ്ദേഹത്തോട് നിർദ്ദേശിച്ചത് അദ്ദേഹം സ്വീകരിച്ചിരിക്കുന്നു എന്ന് അതിൽ നിന്ന് മനസ്സിലായി. എല്ലാ പിന്തുണയും നൽകിയാണ് അന്ന് പിരിഞ്ഞത്. 

നാഥൻ അദ്ധേഹത്തിന്റെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകട്ടെ!വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ  امين
----------------------
ലത്തീഫ് അരീക്കൻ



മുറ്റത്തെ മുല്ലക്കും മണമുണ്ടായിരുന്നു
➖➖➖➖➖
മത അധ്യാപന സംഘടനാ രംഗങ്ങളിൽ ഒരു കാലത്ത് ശോഭിച്ച് നിന്ന വ്യക്തിത്വമായിരുന്നു പി.കെ. അബ്ദു മുസ്ല്യാർ. വിവിധ പ്രദേശങ്ങളിൽ അദ്ദേഹം വർഷങ്ങളോളം മുദരിസായി സേവനം ചെയ്തു. മഹല്ല് ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഓടി നടന്നു. അതിനിടയിൽ ചിലപ്പോഴെല്ലാം സമുദായത്തിന്റെ മുഖ്യധാരാ നേതൃത്വവുമായി വിയോജിച്ചു. എൺപതുകളിലെ മലബാറിലെ മുസ്ലിം മുഖ്യധാര പ്രക്ഷുബ്ദമായിരുന്നു. അക്കാലത്ത് മറു വാക്കുകൾ കൊണ്ട് മൗനത്തിന്റെ തോടുകൾ പൊട്ടിച്ച ത്രിമൂർത്തികളിലൊരാൾ അബ്ദു മുസ്ല്യാരായിരുന്നു.  നിലപാടുകൾ മുന കൂർപ്പിച്ച് നിറുത്തിയ കാലമായിരുന്നു അത്. തിരൂർ കേന്ദ്രീകരിച്ച് തുടങ്ങിയ ഇസ്ലാമിക് പ്രചാര സഭ അവരുടെ ആവിഷ്കാരങ്ങൾക്കും ആലോചനകൾക്കും ഊടും പാവും നൽകി. അതിന്റെ പ്രധാന സംരംഭമായിരുന്നു അൽ മുബാറക്ക് വാരിക.

മടുപ്പുളവാക്കി തുടങ്ങിയ മുസ്ലിം പ്രസിദ്ധീകരണങ്ങൾക്കിടയിൽ അൽ മുബാറക്ക് വലിയൊരു ദൗത്യമായിരുന്നു. മുസ്ലിം പ്രാസ്ഥാനിക ഇടങ്ങളിൽ സാധ്യമായ ഏറ്റവും മികച്ച സർഗാത്മക ഇടപെടൽ.  സംവാദങ്ങളുടെയും ധൈഷണികാനുഭവങ്ങളുടെ പുതിയ തുറസ്സുകളായിരുന്നു ഇതുണ്ടാക്കിയത്. വല്ലാത്ത തീയും പുകയുമുണ്ടായിരുന്നു അതിലെ വാക്കുകൾക്ക്. അത് ചുറ്റിലേക്കും പടർന്നു. നമ്മുടെ സാമ്പ്രദായികമായ എഴുത്തു രീതികളെയും വായനാനുഭവങ്ങളെയും മറി കടന്നു. കുറഞ്ഞ കാലമായിരുന്നെങ്കിലും മുസ്ലിം വായനാ പരിസരത്തെ വസന്തകാലമായിരുന്നു അൽ മുബാറക്കിന്റെ കാലം.

പിന്നീട് പുറമണ്ണൂർ മജ്ലിസ് സ്ഥാപനങ്ങളുടെ ഊഴമായി.  ഈ കാമ്പസിലായി പിന്നീട് അബ്ദു മുസ്ല്യാരുടെയും സഹപ്രവർത്തകരുടെയും ശ്രദ്ധ. അൽ മുബാറക്ക് നിലച്ചിടത്ത് നിന്നാണ് അൽ മജ്ലിസ് പച്ച പിടിക്കുന്നത്. രണ്ടും രണ്ട് ദൗത്യങ്ങൾ തന്നെയായിരുന്നു. അന്നത്തെ കാറ്റും കോളുമൊക്കെ ഏതാണ്ട് അടങ്ങിയ ശേഷമാണ് അബ്ദു മുസ്ല്യാരെ നേരിട്ടറിയുന്നത്. അപ്പോഴേക്കും അദ്ദേഹം സജീവ സംഘടനാ ജീവിതത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങിയിരുന്നു. ഒരു പെരുമഴ പെയ്ത് തോർന്ന ശാന്തത അവരിൽ കണ്ടു. 

മജ്ലിസിലേക്കുള്ള പോക്കുവരവുകളിൽ ആ ജീവിതം ക്രമപ്പെട്ടു. ഈ കാലത്താണ് നാട്ടുകാർക്കും അബ്ദു മുസ്ല്യാരെ നന്നായി അനുഭവിക്കാൻ കിട്ടുന്നത്. സംഘടനാ നേതാവും മുദരിസുമൊക്കെയായി ശോഭിച്ച ശേഷം ഒരു വിദ്യാഭ്യാസ പ്രവർത്തകനും മഹല്ല് അധികാരിയുമായി അദ്ദേഹം മാറി.
നിലപാടുകളിലുറച്ച് നിരന്തരം കലഹിച്ചവർ ഒരു നിശബ്ദ വിപ്ലവത്തിന് കളമൊരുക്കുകയായിരുന്നു. ഊക്കത്തെ മഹല്ലിന്റെ തലയെടുപ്പായി അദ്ദേഹം മാറി. മിമ്പറിനരികിൽ നിന്ന് കാര്യമാത്ര പ്രസക്തമായ സംസാരങ്ങൾ നടത്തി. മഹല്ലിന്റെ യോജിപ്പും ഉന്നതിയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങൾ. പുറത്ത് പരസ്പരം കൊമ്പുകോർത്തിരുന്ന വിത്യസ്ത വിഭാഗങ്ങൾ പള്ളിക്കകത്ത് ഒരുമ കാത്തു. ഈ ഒറ്റ മനുഷ്യന്റെ വാക്കിന്റെ ബലം മാത്രമായിരുന്നു പലപ്പോഴും അതിനുണ്ടായിരുന്നത്. 

നമ്മുടെ വിശേഷങ്ങളിലും പൊതു സദസ്സുകളിലും അദ്ദേഹമുണ്ടായിരുന്നു. പൊതു സ്വീകാര്യതയുള്ള മനുഷ്യർ വേരറ്റുപോയ കാലത്ത് ഈ കുറിയ മനുഷ്യൻ ചുറ്റുവട്ടത്തിന് കാവലായി. കാലുഷ്യമില്ലാത്ത കാലം എന്ന നിലക്കാവും ഊക്കത്ത് മഹല്ലിന്റെ അബ്ദു മുസ്ല്യാരുടെ കാലം അടയാളപ്പെടുക. പദ്ധതികളും പ്രവർത്തനങ്ങളും മഹല്ലിനകത്തെ വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഏറെയുണ്ട്. എന്നാൽ വിശ്വാസികൾക്കിടയിൽ യോജിപ്പിന്റെ നേർത്ത നാരുകൾ പോലും പൊട്ടിപ്പോവാതെ നോക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ കരുതൽ. ഒരു മഹല്ലിന്റെ നാഥൻ എന്ന നിലയിൽ അബ്ദു മുസ്ല്യാർക്ക് മാത്രം കഴിയുന്ന നിയോഗമായിരുന്നു ഇത്.

ഓരോ പ്രദേശത്തിനും ഉണ്ടായിരുന്ന  തലയെടുപ്പുകൾ ഒന്നൊന്നായി ഇല്ലാതാവുന്ന നേരത്ത് അബ്ദു മുസ്ല്യാരുടെ വിയോഗം നമുക്ക് അത്ര പെട്ടൊന്നൊന്നും തീർക്കാനാവാത്തൊരു വിടവാണ് ബാക്കിയാക്കിയത്. ഈ കുറിയ മനുഷ്യന്റെ വലിയ നിലപാടുകൾ നാടിന്റെ നൻമക്കായി കാത്തു വെക്കേണ്ടതുണ്ട്. സമൂഹത്തിൽ വല്ലാതെ ആഘോഷിക്കപ്പെട്ട പലരും സ്വന്തം നാട്ടിൽ അത്ര മാത്രം സ്വീകാര്യരായിരുന്നില്ല. എന്നാൽ അബ്ദു മുസ്ല്യാരുടെ കാര്യത്തിൽ മുറ്റത്തെ മുല്ലക്കും മണമുണ്ടായിരുന്നു. ആ ഇടപെടലുകളും നേതൃ സിദ്ധിയും അതിന്റെ നേർസാക്ഷ്യമാണ്.

അള്ളാഹു അവരുടെ ദോഷങ്ങൾ പൊറുക്കുകയും പരലോക ജീവിതം റാഹത്താക്കുകയും ചെയ്യട്ടെ,
----------------------
സത്താർ കുറ്റൂർ



നാം അറിയാതെ പോയ നമ്മുടെ അബ്ദു ഉസ്താദ്
➖➖➖➖➖
രണ്ടാഴ്ച മുമ്പ് ആകസ്മികമായി നമ്മോട് വിട പറഞ്ഞ PK അബ്ദു മുസ്ല്യാർ ഒരു മഹല്ലിന്റെ നായകൻ എന്നതിലുപരി  പാണ്ഡിത്യത്തിന്റെ നിറകുടവും അനേകം മത സാംസ്കാരിക സംരംഭങ്ങളുടെ നേതൃനിരയിൽ മുന്നിൽ നിന്നവരുമായിരുന്നു. മലബാറിലെ അറിയപ്പെടുന്ന മസ്ജിദുകളിലും ശരീഅത്ത് കോളേലും പ്രശസ്ത സേവനം ചെയ്ത മുദരിസായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ തിരൂർ ആസ്ഥാനമായി ഇസ്ലാമിക് പ്രചാര സഭ എന്ന പ്രസ്ഥാനം സ്ഥാപിക്കുകയും അക്ഷര കേരളത്തിന് കനപ്പെട്ട സംഭാവനകളർപ്പിച്ച അൽ മുബാറക് വാരിക വർഷങ്ങളോളം പ്രസിദ്ധീകരിച്ചതും ആ മഹാ പണ്ഡിതന്റെ നേതൃത്വത്തിലായിരുന്നു. ആ പ്രസ്ഥാനമാണ് ഇന്ന് വളാഞ്ചേരി പുറമണ്ണൂരിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മജ്ലിസുദഅവത്തിൽ ഇസ്ലാമി എന്ന സംരംഭം. ആരോഗ്യമനുവദിച്ച കാലമത്രയും അവർ ദിവസവും കക്കാടംപുറത്ത് നിന്ന് ബസ് കയറി സ്ഥാപനത്തിൽ പോയി വന്നു. അവസാന കാലത്ത് സ്ഥാപനത്തിന്റെ വണ്ടിയിലായി യാത്ര. അന്ത്യനിമിഷവും ആ വണ്ടിയിൽ തന്നെയായി. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ എന്ന സംഘടനയുടെ സംസ്ഥാപനത്തിലും അതിനെ മഹാപ്രസ്ഥാനമായി വളർത്തുന്നതിലും അദ്ദേഹത്തിന്റെ സേവനം എന്നും സ്മരിക്കപ്പെടുന്നതാണ് .
ഊക്കത്ത് മഹല്ലിനെ തീർത്തും അനാഥമാക്കിയാണ് അബ്ദു മുസ്ലിയാർ യാത്രയായത്. ഏത് സങ്കീർണ്ണതകൾക്കിടയിലും മഹല്ലിനെ ഏകോപിപ്പിച്ചു നിർത്തുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് മാതൃകയാക്കേണ്ടതാണ്. മിക്ക ജുമുഅ ദിനത്തിലും മഹല്ലിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മിമ്പറും ചാരി നിന്ന് അദ്ദേഹമുണ്ടാകും. എല്ലാ റമളാൻ അവസാന ജുമുഅ ദിനത്തിലും കണ്ണീരൊലിപ്പിച്ച് വിറക്കുന്ന കൈകളുയർത്തി മരണപ്പെട്ടവർക്കും മഹല്ല് നിവാസികൾക്കും വേണ്ടിയുള്ള അബ്ദു മുസ്ലിയാരുടെ ദുആ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു.

പ്രദേശത്തെ കഷ്ടപ്പെടുന്നോരുടെ കണ്ണീരൊപ്പാൻ എന്തെങ്കിലും ചെയ്യണമെന്ന അദ്ദേഹത്തിന്റെ ഉൽകടമായ ആഗ്രഹത്തിന്റെ പിറവിയാണ് ഊക്കത്ത് മഹല്ല് വെൽഫയർ അസോസിയേഷൻ. നാലഞ്ച് വർഷം മുമ്പ് രൂപം കൊടുത്ത ആ നിശ്ശബ്ദ പദ്ധതി ഇന്ന് ഒരു പാട് പേരുടെ സാന്ത്വനമായി മാറിയിരിക്കുന്നു. അതിൽ അദ്ദേഹത്തിന്റെ കൂടെ എളിയ സേവനം നടത്താൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി ഈയുള്ളവൻ അഭിമാനിക്കുന്നു. മാസം തോറും ചേരുന്ന അതിന്റെ കമ്മറ്റിയിൽ മരിക്കുന്നതിന്റെ മുമ്പത്തെയാഴ്ച അദ്ദേഹം പറഞ്ഞത് "അടുത്ത മീറ്റിംഗ് നമുക്ക് കമ്മറ്റി മാത്രം പോരാ.. എല്ലാ മെമ്പർമാരെയും ക്ഷണിച്ച് വിപുലമായി കൂടണം" എന്നായിരുന്നു. 

ഊക്കത്ത് മസ്ജിദിന്റെ വളർച്ചക്ക് മുന്നിൽ നിന്ന് പ്രവർത്തിക്കാനും അദ്ദേഹത്തിനായി. വിട പറയുന്നതിന് രണ്ട് ദിവസം മുമ്പ് പള്ളിയിൽ കാർപെറ്റ് പുതിയതിട്ട് തിരുംവരെ രാത്രി ഏറെയായിട്ടും അദ്ദേഹം അവിടെ ഇരുന്നു. 

അദ്ദേഹം അറിഞ്ഞിരുന്നോ .... ഈ മസ്ജിദ് നിറയെ നാളെ ജനങ്ങൾ തിങ്ങി കൂടുമെന്നും അവർക്കായി പള്ളി ചമയിച്ച് നിർത്തണമെന്നും  الله اعلم
കരുണാനിധിയായ റബ്ബ് ആ മഹത് ജീവിതത്തിലെ സുകൃതങ്ങൾ സ്വീകരിച്ച് ഖബറിടം സ്വർഗീയാരാമമാക്കി തീർക്കട്ടെ എന്ന പ്രാർത്ഥനയോടെ.
-------------------------
മുഹമ്മദ് കുട്ടി അരീക്കൻ




അബ്ദു മുസലിയാരുടെ ഒരു സ്വപനം
➖➖➖➖➖
മത-സാമൂഹിക മേഖലകളിൽ അബ്ദു മുസ്ല്യാർ നിമഗ്നനായിരുന്നു. എന്നാൽ ഏറെയൊന്നും അറിയപ്പെടാത്തതും അദേഹം ഏറ്റവും ശ്രദ്ധയൂന്നതുമായിരുന്ന ഒരു കൂട്ടായ്മയുണ്ടു്. ഊക്കത്ത് മഹല്ല് വെൽഫയർ അസോസിയേഷൻ, മഹല്ലിൽ സ്വകാര്യമായി ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരിക്കുകയും എന്നാൽ പൊതു ജീവിതത്തിൽ അത് പ്രകടിപ്പിക്കാതെ, ആരോടും സഹായം തേടാതെ കഴിയുന്ന വലിയൊരു വിഭാഗം മഹല്ലിലുണ്ടെന്ന് കുറച്ചു മുമ്പ് നടത്തിയ ഒരു സർവെയിൽ നിന്നു വ്യക്തമായിരുന്നു. ജനങ്ങൾക്കു മുമ്പിൽ ഇവരുടെ മാന്യത നഷ്ടപ്പെടാതെ ഇവർക്കു വേണ്ട സഹായം കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യസാഫല്യത്തിന്നു വേണ്ടിയാണ് മുകളിൽ പറഞ്ഞ കൂട്ടായ്മക്ക് അദ്ദേഹം രൂപം നൽകിയത്. കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ, തെരഞ്ഞെടുക്കപ്പെടുന്നയാളുകൾക്ക് ആവശ്യമായ സഹായo മാസം പ്രതി അവരുടെ വീട്ടിലെത്തിച്ചു കൊടുത്തു കൊണ്ടു് നാലു വർഷത്തിലധികമായി അസോസിയേഷൻ പ്രവത്തിച്ചു കൊണ്ടിരിക്കുന്നു. യാതൊരു വിധ പരസ്യവും ഇതിനുണ്ടായിരിക്കരുതെന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു' ഈ രീതി മനസ്സിലാക്കി സഹകരിക്കാൻ തയ്യാറുള്ള, മാസത്തിൽ കഴിയുന്ന ഒരു സംഖ്യ നൽകുന്ന കുറെ സുമനസ്സുകളുടെ ഒരു കൂട്ടായ്മയാണ് ഈ അസോസിയേഷൻ. സ്വകാര്യമായി ഇവർ ഏൽപിക്കുന്ന സംഖ്യയാണ് ആവശ്യക്കാർക്ക് സ്വകാര്യമായി എത്തിച്ചു കൊടുക്കുന്നത്. തുക ഏററ ശേഷം പിന്നീട് തുടരാൻ പ്രയാസമുണ്ടെന്ന് ശ്രദ്ധയിൽ പെട്ട പല അംഗങ്ങളോടും അത് കുറക്കാനോ പൂർണമായി നിറുത്തിക്കളയാനോ സ്നേഹത്തോടെ ഉപദേശിച്ചെങ്കിലും അതിന്നു സമ്മതിച്ചവർ വളരെ വിരളം' ആരെയും നിർബന്ധിക്കരുതെന്നത് അബ്ദു മുസല്യാരുടെ കണിശ നിലപാടായിരുന്നു.

മാസാന്തം കുടുന്ന യോഗത്തിൽ സഹായമർഹിക്കന്നവരുടെ വൃത്തം വിപുലപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അസോസിയേഷന്റ ഭാവി പരിപാടിയെ കുറിച്ച് വിശദമായി ചിന്തിക്കാനുള്ള അടുത്ത യോഗത്തിന്റെ നോട്ടീസ് അംഗങ്ങൾക്കയച്ചു കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. ആ നല്ല മനസ്സിന്റെ ഉടമക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹപ്രവർത്തകർക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ. അദ്ദേഹത്തിന്ന് അല്ലാഹു മഗ്ഫിറതും മർഹമതും പ്രദാനം ചെയ്യട്ടെ. ആമീൻ
----------------------------
ഖാദർ ഫൈസി കൂർമ്മത്ത്



അബ്ദു മുസ്ലിയാർ മാതൃകാപരമായി ഊക്കത്ത് മഹല്ലിനെ നയിക്കുന്നത് എന്നും താൽപര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. മഹല്ലിന്റെ വഖഫ് ഭൂമി സംരക്ഷിക്കുന്നതിൽ അദ്ധേഹം കാണിച്ച കാര്യക്ഷമത നേരിട്ടറിയാം. പത്തെഴുപത്തഞ്ച് വർഷം മുമ്പുള്ള പല വഖഫ് ഭൂമിയും അദ്ധേഹമാണ് 100 ശതമാനം പള്ളിയുടെ അധീനതയിലാക്കി കൊടുത്തത്. അദ്ധേഹത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെയാണ് വലിയ മെനക്കെടില്ലാതെ പള്ളിയുടെ ബിൽഡിംഗ് നിൽക്കുന്ന സ്ഥലം പള്ളിക്ക് വന്ന് ചേർന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ ആദ്യമായി സ്വാശ്രയ ഡിഗ്രി അനുവധിച്ച് കിട്ടിയ സ്ഥാപനങ്ങളിൽ പെട്ടതായിരുന്നു അദ്ധേഹത്തിന്റെ മജ്ലിസ്. പത്ത് വർഷം മുമ്പ് ഒരു അധ്യയന വർഷത്തിൽ അഡ്മിഷനൊക്കെ പൂർത്തീകരിച്ച സമയത്ത് നമ്മളോടുള്ള പ്രത്യേക താൽപര്യം കാരണം എന്റെ ഒരു വേണ്ടപെട്ടയാൾക്ക് അദ്ധേഹത്തിന്റെ ആശ്രിതത്തിലുള്ള ഒരു കുട്ടിയെ വേറെ കോഴ്സിലേക്ക് മാറ്റി അഡ്മിഷൻ നേടി തന്നത് മറക്കാൻ കഴിയാത്തതാണ് .

മറ്റ് മഹല്ല് പള്ളികളിൽ നിന്നും വ്യത്യസ്തമായി ഊക്കത്ത് പള്ളിയിൽ മയ്യിത്ത് നിസ്കാരത്തിന് മുമ്പ് ജനാസയെ പറ്റി നിസ്കാരത്തിന് നിൽക്കുന്നവർക്ക് നല്ലൊരു ബോധം അല്ലെങ്കിൽ മതിപ്പ് ഉണ്ടാക്കാൻ അദ്ധേഹത്തിന്റെ വാക്കുകൾക്ക് സാധിച്ചിരുന്നു. മിക്ക ജനാസകളും അദ്ധേഹത്തോട് ആത്മബന്ധം പുലർത്തിയതിനാലാവാം അത്. ഇനിയാ പരിചയപെടുത്തലില്ല...., കഴിഞ്ഞ 30 വർഷങ്ങൾക്കിപ്പുറം പ്രാസ്ഥാനിക സംഘടനാ കെട്ടുപാടുകളിൽ നിന്നൊക്കെ മാറി നിന്ന അദ്ധേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല ഊക്കത്ത് മഹല്ല് തന്നെയായിരുന്നു

അദ്ധേഹത്തിന്റെ പരലോകജീവിതം സന്തോഷപ്രദമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ..
------------------
PK നിസാർ



പി.കെ.അബ്ദു മുസ്ലിയാർ,  ഞങ്ങളുടെഎളാപ്പ.
➖➖➖➖➖
ഏത് നല്ല സദസിലും ഇരുത്താൻ പറ്റിയ ക്വാളിറ്റിയുണ്ടായിരുന്ന സാധാരണക്കാരന്റെയും അല്ലാത്തവന്റെയും അബ്ദു മുസ്ലിയാർ,
ആക്വോളിറ്റിയാണ് അദ്ദേഹത്തെ സ്വീകാര്യനാക്കിയത്. സർവസമ്മതനാക്കിയത്. തന്റെ ഉള്ളിൽ ഒരു ഉറച്ച ആദർശവും നിലപാടും ഉണ്ടായിരുന്നിട്ടും എല്ലാവരുടെയും ആളായത് ' (നീ ഭൂമിയിൽ പൊങ്ങച്ചം കാട്ടിക്കൊണ്ട് നടക്കരുത്' ഭൂമി പിളർക്കാനൊപർവ്വതങ്ങളുടെ നീളം പ്രാപിക്കുവാനൊ നിനക്ക് കഴിയുന്നതേയല്ല 'വി.ഖുർആൻ' ) ശരിക്കും ഇത് പഠിച്ച് കൊണ്ട് പ്രയോഗവൽക്കരിച്ച  ഒരു മഹാൻ തന്നെയായിരുന്നു ബഹുമാനപ്പെട്ടവർ, 

പാണ്ഡിത്യത്തിന്റെ പേരിലും അഹങ്കരിക്കുന്നവർക്കിടയിൽ ഒരു വ്യത്യസ്ഥനായിരുന്നു അവരെന്നത് മരണ ശേഷമാണ് പലരും അറിയുന്നത്, ഏത് കാര്യത്തിലും ഞാനെന്ന ഭാവം അഹങ്കാരം ഒരു മനുഷ്യന് ഒരു അണു മണി തൂക്കം ഉണ്ടെങ്കിൽ പോലും സ്വർഗ പ്രവേശം തടയും. അത് പഠിച്ച് ജീവിതത്തിൽ പകർത്തി പ്രത്യേകിച്ച് പാണ്ഡിത്യത്തിന്റെ കാര്യത്തിൽ ജീവിതം കൊണ്ട് നമ്മെ ബോധ്യപ്പെടുത്തി തന്ന അദ്ദേഹത്തെയും നമ്മെയും നാളെ റബ്ബ് സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ'
--------------------
പി.കെ.അലി ഹസൻ.
കക്കാടംപുറം'




അദ്ദുലേര് (അബ്ദു മുസ്ല്ലിയാർ)
➖➖➖➖➖
അബ്ദു മുസ്ല്ലിയാരെ നേരിട്ടോ അല്ലാതെയോ  പരിചയാമില്ലങ്കിലും  ഊക്കത്ത് മഹല്ലിനെ  കുറിച്ച് കേൾക്കുമ്പോഴും പറയുമ്പോഴും ആദ്യം മനസ്സിൽ  വരുന്ന വ്യക്തിയാണ് അബ്ദു മുസ്ല്ലിയാർ. ഊക്കത്ത് മഹല്ലിന്റെ   നെടും തൂണായ അവരെ കുറിച്ച്  ആഴത്തിൽ അറിയാൻ കഴിഞ്ഞത് അവരുടെ മരണശേഷമാണ്. 

തൂ വെള്ള വസ്ത്രത്തിൽ തലപ്പാവോടെ വാർധ്യക്കത്തിൽ പൊതിഞ്ഞ എപ്പോഴും ചെറുപുഞ്ചിരിയിലായ മുഖത്തോടെയാണ് അവരെ ഞാൻ കാണുമ്പോൾ എല്ലാം... നമ്മോട് വിട പറയുന്നതിന് ഒരാഴ്ച്ച മുമ്പ് മർഹും കുട്ട്യാലിഹാജിയുടെയും മൊയ്തീൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്ക്കാരത്തിൽ പങ്കെടുത്തപ്പോൾ മയ്യിത്തിനെ കുറിച്ച് പറഞ്ഞതും അപ്പോൾ ഇതെപോലരു അവസ്ഥ നമുക്കും വരാനുണ്ടെന്നു  പറഞ്ഞതും പിറ്റെത്തെ ആഴ്ച്ച മുസ്ല്ലിയാർ മരിച്ചെന്ന് കേട്ടപ്പോൾ ഞാൻ ഓർത്ത് പോയത് അതാണ്. അവരുടെ മരണത്തിൽ നമുക്ക്  ഒരു പാട് പാഠങ്ങൾ ഉൽകൊള്ളൂവാനുണ്ട് 

അള്ളാഹുവേ ....
അവർ ദീനിന്ന് വേണ്ടി മരണം വരെ പ്രവർത്തിച്ചതും മഹല്ലിലെ ഐക്യത്തിനും നന്മക്കും വേണ്ടി പ്രവർത്തിച്ചതും അവരുടെ ഖബർ ജീവിതത്തിലെക്കും നാളെ പാരത്രിക ലോകത്തിലേക്കും ഒരു മുതൽ കൂട്ടായി എത്തി ക്കേണമേ.  

അവരോടെപ്പം നമ്മേ എല്ലാവരെയും അള്ളാഹു അവന്റെ ജന്നാത്തുൽ ഫിർദ്ദൗസിൽ ഒരുമിച്ചുകുട്ടി തരുമാറാകട്ടെ...!🤲
--------------------
മുജീബ് ടി.കെ,  
കുന്നുംപുറം 😢



ഹിക്മത്ത് എന്ന് പറഞ്ഞാൽ എന്താണ്.....!!
സുബ്ഹിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ഞാനദ്ദേഹത്തോട് ചോദിച്ചു. ഹിക്മത്ത് എന്ന് പറഞ്ഞാൽ അറിവ് എന്നാണ്. ഇൽ മും ഹിക്മത്തും ഒന്നാണോ? 
അതെ,
അങ്ങിനെയാണേൽ സൂറത്ത് ലുക്മാനിൽ ലുഖ്മാനുൽ ഹകീമിന് അല്ലാഹു ഹിക്മത്ത് നൽകി എന്നുണ്ടല്ലോ? നടത്തം നിർത്തി അബ്ദു മുസ്ലിയാർ സ്വതസിദ്ധമായ ശൈലിയിൽ തലപ്പാ വൊന്ന് തടവി എന്നിട്ട് പറഞ്ഞു. ഇൽമ് എന്ന് പറഞ്ഞാൽ അറിവ് എന്നും ഹിക്മത്ത് എന്നാൽ തിരിച്ചറിവുമാണ്. 

മനസ്സിലായില്ല.
അതായത് ലുഖ്മാനുൽ ഹകീമിന്റെ മുമ്പിൽ ഒരു വിശയം അല്ലെങ്കിൽ പ്രശ്നം അവതരിപ്പിക്കപ്പെട്ടാൽ ചോദിക്കാപ്പെട്ടാൽ അതിന്റെ ആ പ്രശ്നത്തിന്റെ മുൻപ് നടന്നതും ശേഷം നടക്കാനിരിക്കുന്നതും എന്താണെന്ന് തരംതിരിച്ചറിയാനുള്ള  കഴിവ് അല്ലാഹു ലുഖ്മാനുൽ ഹകീമിന്  നൽകി എന്നാണ്, ഇൽമ് പലർക്കും അല്ലാഹു നൽകും പക്ഷെ ഹിക്മത്ത് വളരെ കുറച്ച് പേർക്ക് മാത്രമേ അല്ലാഹു നൽകാറുള്ളൂ, 

എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരമുള്ള വധ്യരായ ഗുരുവര്യർ 
ഓർമ്മ വെച്ച നാൾ മുതൽ കേട്ടും കണ്ടും അനുഭവിച്ചും അടുത്തറിഞ്ഞ വലിയ മഹാൻ. നാടിന്റെ നായകൻ. വാക്കുകൾ കൊണ്ടൊന്നും അദ്ദേഹത്തിന്റെ മഹത്വം എഴുതിത്തീർക്കാനാവില്ല. നമ്മുടെ നാടിനെ രൂപപ്പെടുത്തിയ നായകൻ. വീട്ടിലേയും കുടുംബത്തിലേയും നാട്ടിലേയും തീരുമാനങ്ങളുടെ അവസാന വാക്ക് അദ്ദേഹത്തിന്റെ തായിരുന്നു. ഒരു നാടിനെ എങ്ങിനെ നയിക്കണമെന്നും ഒരു മഹല്ലിനെ എങ്ങിനെ രൂപപ്പെടുത്തണമെന്നും കാണിച്ച് തന്ന കരിഷ് മാറ്റിക് ലീഡർ.

ഒരു പാടു നല്ല പാഠങ്ങൾ നമുക്ക് ജീവിച്ച് കാണിച്ച് പഠിപ്പിച്ച വലിയ മഹാൻ, അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി യാത്രയായി.
നാഥാ,  സ്വർഗത്തിൽ അദ്ദേഹത്തോടൊപ്പം പാപികളായ ഞങ്ങളെയും  ഒരുമിച്ച് കൂട്ടണേ യാ റബ്ബ്.. ആമീൻ 
-------------------
ഷറഫു കണ്ടഞ്ചിറ 




അബ്ദു മുസ്‌ലിയാർ എന്ന എന്റെ എളാപ്പ 
ഓർത്തെടുക്കാൻ  ഒരു ജീവിതം തന്നെയുണ്ട് 
➖➖➖➖➖
കഴിഞ്ഞതിന്റെ അങ്ങേ ശനിയാഴ്ച്ച  സമയം രാവിലെ പതിനെ ന്നോടടുക്കുന്നു     എന്റെ ഫോണിൽ  മകൻ അൻവറിന്റെ   വിളി  കുന്നുംപുറം ദാറുഷിഫ  ഹോസ്പിറ്റലിൽ നിന്നാണ്   ഉപ്പ പോയി   എന്ന് പറഞ്ഞുതീർക്കാത്ത  ഒരു   നിലവിളിയാണ് കേട്ടത്   വീട്ടിൽ നിന്ന് ബൈക്കുമായി കുതിച്ച എനിക്ക് കാണാൻ കഴിഞ്ഞത്   ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല   അപ്പോൾ അവിടെ അൻവറും മറ്റു  രണ്ടാളും മാത്രമേ ഉള്ളൂ... നെഞ്ചിൽ കൈവെച്ച് മരവിച്ച മനസുമായി   എളാപ്പയുടെ ചാരത്ത് നിന്ന എന്റെ തോളിൽ പിടിച്ച് ആശ്വസിപ്പിച്ചത് ഹോസ്പിറ്റൽ ഉടമയായിരുന്നു. കേട്ടവർ കേട്ടവർ ഓടിയെത്തി എന്റെ ഉപ്പയും എത്തി ആശുപത്രിയിൽ കുഴഞ്ഞു വീണു. 

അദ്ദേഹത്തെ ഞാൻ കണ്ട് തുടങ്ങുന്നത് 1980 കളിലാണ്  അന്ന് എളാപ്പ താമസിച്ചിരുന്നത് കോഴിച്ചെനയിലായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാരുടെ പട്ടാളക്യാമ്പുമായി കച്ചവടുമായിയാണ് കോഴിച്ചെനയിൽ  പൂർവ്വികർ എത്തിയതാണ് . വല്ലപ്പോഴും അങ്ങോട്ട് വിരുന്നു പോകുമ്പോൾ എളാപ്പയെ കാണാറില്ല  ജോലി സംബന്ധമായി  പുറത്തായിരിക്കും   പിന്നീട് തിരൂരങ്ങാടി വലിയ ജുമാ മസ്ജിദിൽ ദർസ് നടത്തിയിരുന്ന കാലത്ത് 1988 കാലത്ത് ഞാനും ആ ദർസിൽ ഓതിയിരുന്നു  അന്നവിടെ കേരളത്തിലെ   അറിയപ്പെടുന്ന ആലിമീങ്ങൾ   വരാറുണ്ടായിരുന്നു.  ഇന്ന് പടർന്ന് പന്തലിച്ച് നിൽക്കുന്ന  സംഘടനകളുടെ വളർച്ചയുടെ പിന്നണിയിൽ പ്രധാന ഘടകം അദ്ദേഹമായിരുന്നു എന്നത് ഒരു വസ്തുതയാണ്. 

കോഴിച്ചെന താമസിക്കുന്ന കാലത്താണ് അദ്ദേഹം ആദ്യമായി ദർസ് തുടങ്ങിയത് തൃക്കരിപ്പൂരിലായിരുന്നു എന്നാണ് എന്റെ അറിവ് ശംസുൽ ഉലമ ഇകെ ഉസ്താദിന്റെ നിർദ്ദേശ പ്രകാരമായിരുന്നു അത്, മാത്രമല്ല   ഇ കെ ഉസ്താദും കൂടി പോയിട്ടാണ്   അന്നവിടെ ദർസാരംഭിച്ചത്. പട്ടിക്കാട് കോളേജിൽ ശംസുൽ ഉലമയുടെ കീഴിലാണ് പഠിച്ചത്   കോട്ടുമല ഉസ്താദും  ചെറുശോല കുഞ്ഞിമുഹമ്മദ് ഉസ്താദും പ്രധാന ഉസ്താദുമാരാണ്. 

പിന്നീട് കടമേരിയിലും വർഷങ്ങളോളം അച്ചനമ്പത്തും തിരൂർ നാടുവിലങ്ങാടിയിലും  ഒരു പതിറ്റാണ്ട് കാലം തിരൂരങ്ങാടി വലിയ ജുമാഅത് പള്ളിയിലും   ചിറമംഗലത്തും ദർസ് നടത്തി   അവസാനം മരണം വരെ പുറമണ്ണൂർ മജ്ലിസ് കോളേജിലും ക്ലാസ് നടത്തി. നൂറുകണക്കിന് വലിയ വലിയ മുതഅല്ലിമീങ്ങളാണ് ദർസിലുണ്ടായിരുന്നത്, ഇവിടെ നിന്നാണ് കോളേജിലേക്ക് ബിരുദം എടുക്കാൻ   പോകൽ,  നൂറുകണക്കിന് ശിഷ്യന്മാരും ആയിരക്കണക്കിന് അവരുടെ ശിഷ്യന്മാരുമാണ് അദ്ദേഹത്തിൻറെ സമ്പാദ്യം. ഏതാനും മാസം മുമ്പ് ഒരു ശിഷ്യ സംഗമം വീട്ടിൽ വെച്ച് നടത്തിരുന്നു. 

ആത്മീയ ചികിസയിൽ അദ്ദേഹം ഇജാസിയത് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടുണ്ട് പക്ഷെ അദ്ദേഹം ആ ഭാഗത്തേക്ക് തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഞാൻ അദ്ദേഹത്തിൽ കണ്ട പ്രത്യേകത പ്രസക്തിക്ക് മറ്റോ വേണ്ടി അതുമല്ലെങ്കിൽ വലിയ സ്ഥാനത്തിന് അർഹനായിട്ട് പോലും അതൊന്നും ആഗ്രഹിക്കാതെ ഒതുങ്ങിക്കൂടിയ  ഒരു ജീവിത രീതിയെയാണ്. അദ്ദേഹം ഒന്ന് ഒകെ പറഞ്ഞിരുന്നിങ്കിൽ  ഇന്ന് പല പ്രസ്ഥാനത്തിന്റെയും സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ  ആയിരിക്കും എന്നത് ഞാൻ വെറുതെ പറയുകയല്ല. ഒരു പരമാർത്ഥമാണ്   അത്രമാത്രം അറിവും പാണ്ഡിത്യവും   സംഘടനാ പരിചയവും പ്രായോഗിക വശങ്ങളും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. 
  
മതപരമായ വിഷയത്തിൽ ഒരു കിതാബും നോക്കാതെ കൃത്യമായി മറുപടി പറയുകയും പ്രത്യേകിച്ച് സ്വത്ത് വിഷയം ഭാഗം വെക്കുന്ന വിഷയത്തിൽ ഇരുന്ന ഇരിപ്പിൽ വിശദീകരിക്കുന്നത് നേരിട്ടറിഞ്ഞിട്ടുണ്ട്. മതവിജ്ഞാനീയങ്ങളുള്ള അവഗാഹവും പ്രാമാണീകത്തോടെ സമകാലിക വിഷയങ്ങളെ  സമീപിക്കാനുള്ള ആർജവവും അദ്ദേഹത്തിന്റെ സവിശേഷതയാണ്. വെറും ഒരു പണ്ഡിതനായി നാട്ടിൽ ഒതുങ്ങി നിൽക്കാതെ  കുടുബ തർക്കം പരിഹരിക്കുന്നതിലും സ്വത്ത്   മറ്റ്‌ വിവാഹ തർക്കവും   മറ്റെല്ലാ വിഷയങ്ങൾ പണ്ഡിതോചിതമായി പരിഹാരം  കാണാൻ വീട്ടിൽ ദിവസവും നിരവധിയാളുകളെ കാണാറുണ്ട്. തൊണ്ണൂറുകൾക്ക് ശേഷമാണ് കോഴിച്ചെനയിലെ പഴയ വീട് പൊളിച്ചാണ് ഊകത്തെ പുതിയ വീട് നിർമിച്ചതും ഇവിടെ താമസിച്ചതും  

കുടുംബപരമായി എല്ലാ വിഷയങ്ങൾക്കും അദ്ദേഹമാണ്  ഞങ്ങളുടെ അവസാനത്തെ അത്താണി. വലിയവരോ കുട്ടികളോ നോക്കാതെ എല്ലാവരോടും തമാശയും നർമ്മവും  പറഞ്ഞു കുടുംബങ്ങളിൽ എന്നും അദ്ദേഹം   ഇടപെട്ടിരുന്നു അത് കൊണ്ട് തന്നെ കുടുംത്തിലെ മൂന്ന് വയസ്സുള്ള കുട്ടികൾ  വരെ എളാപ്പയെ ഓർക്കാതിരിക്കില്ല. 

എഴുത്ത് നീണ്ട് പോയതിൽ ക്ഷമ ചോദിക്കുന്നു. എവിടെയും എത്തിയിട്ടില്ല നീണ്ട നാല് പതിറ്റാണ്ട് കാലത്തെ എന്റെ അനുഭവങ്ങൾ   എഴുതി തീർക്കാൻ സാധിക്കുകയില്ല.  

റബ്ബ് അദ്ദേഹത്തെയും നമ്മെയും കുടുംബത്തോടൊപ്പം സ്വർഗത്തിൽ വെച്ച് സംഗമിക്കാൻ സൗഭാഗ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു 
ആമീൻ 
--------------------

P K മുജീബ്




No comments:

Post a Comment