Friday, 8 November 2019

പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി ഹാജി



പളളിപ്പറമ്പ് @  
പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി ഹാജി



പി.പി മൊയ്തീൻകുട്ടി ഹാജി
ജനകീയനായ പൊതുപ്രവർത്തകർ
➖➖➖➖➖
പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്നതിനിടയിൽ കുറഞ്ഞ കാലത്തെ രോഗാവസ്ഥക്കുശേഷം വിടപറഞ്ഞ പി.പി മൊയ്തീൻകുട്ടി ഹാജിയിലൂടെ നമുക്ക് നഷ്ടപ്പെട്ടത് നല്ലൊരു ജനോപകാരിയെയും പരിചയസമ്പന്നനായ സംഘാടകനെയുമാണ്.
പൊതുപ്രവർത്തനം അദ്ദേഹത്തിന്റെ രക്തത്തിലലിഞ്ഞതുപോലെയാണ് നാട് അനുഭവിച്ചത്. കുറഞ്ഞ വർഷമാണ് അദ്ദേഹം കുടുംബസമേതം മുല്ലപ്പടിയിൽ വീട് വെച്ച് താമസിച്ചത്. അവിടെയും രാഷ്ട്രീയ പൊതുഇടങ്ങളിൽ നിത്യ സാന്നിധ്യമായിരുന്നു മൊയ്തീൻകുട്ടി കാക്ക.

ഉദാരതയായിരുന്നു ആ മനുഷ്യന്റെ മുഖമുദ്ര. ആവശ്യങ്ങൾ കണ്ടറിഞ്ഞ് കയ്യയച്ച് സഹായിക്കുന്ന പ്രകൃതം. സംഘടനാ പ്രവർത്തനങ്ങൾക്കും പൊതു ചടങ്ങുകൾക്കും ഒഴിച്ചിട്ടിരിക്കുകയായിരുന്നു ആ തിരുമുറ്റം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ സരസമായി പെരുമാറി. ഗൗരവത്തിൽ ഇടപെടേണ്ടത് ഒരു മടിയും കാണിച്ചില്ല അദ്ദേഹം. എത്രയോ തവണ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന സംഘടനാ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാ അർത്ഥത്തിലും തണൽമരമായിരുന്നു മൊയ്തീൻകുട്ടി ഹാജി. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടുപേരും ചേർന്ന് കുഴിച്ചിട്ട ഒരു പൂളമരതെെ ഇന്ന് വളർന്ന് വലുതായി മുല്ലപ്പടിയിലെ റോഡ് സൈഡിൽ വറ്റാത്ത നന്മയുടെ കൊടിയടയാളമായി തണൽ വിരിച്ച് നിൽപ്പുണ്ട്. ഇതുപോലെ എത്രയെത്ര സൽപ്രവർത്തികളാണ് അദ്ദേഹത്തിന്റേതായി നമുക്ക് എടുത്തു പറയാനുള്ളത്. വീട്ടിൽ മാത്രമല്ല അങ്ങാടിയിലും വലിയ സൽക്കാര പ്രിയനായിരുന്നു സ്മര്യപുരുഷൻ. അവിടെ കൂടി നിന്നവർക്കെല്ലാം വാങ്ങി കൊടുത്തതിനുശേഷം താനും കൂടി ഭക്ഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവുരീതി. പ്രായഭേദമന്യേ എല്ലാവരിലും എല്ലാത്തിനോടും ഒരുതരം നിസ്സംഗതയുടെ നര ബാധിച്ച സമൂഹത്തിൽ പറയാനുള്ളത് വെട്ടിത്തുറന്നു പറഞ്ഞ് തന്റെ വ്യക്തിത്വം അദ്ദേഹം അടയാളപ്പെടുത്തി. അത്തരം പ്രതീക്ഷകൾ ഇല്ലാതാക്കുന്നിടത്താണ് മൊയ്തീൻകുട്ടി ഹാജിയെ പോലെയുള്ളവരുടെ അഭാവം ഒരു നഷ്ടമായി നമുക്ക് അനുഭവപ്പെടുക. തന്റെ എല്ലാ സദ്ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പിൻഗാമിയെ കുടുംബത്തിനും സമൂഹത്തിനും നൽകിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞു പോയത് എന്നതാണ് അദ്ദേഹത്തിന്റെ സൗഭാഗ്യവും നമ്മുടെ ആശ്വാസവും.

അള്ളാഹു ജല്ലജലാൽ നമ്മെയും മൊയ്തീൻകുട്ടി ഹാജിയെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ..... ആമീൻ
----------------------------------------
ഫൈസൽ മാലിക് വി എൻ



മൊയ്തീൻ കുട്ട്യാക്കയെ ഓർക്കുമ്പോൾ
➖➖➖➖➖
ഞങ്ങൾ രണ്ട് മൂന്ന് പേർ റോഡരികിൽ എന്തോ വർത്തമാനം പറഞ്ഞ് നിൽക്കുകയാണ്. അതു വഴി പോവുകയായിരുന്ന മൊയ്തീൻ കുട്ട്യാക്ക അടുത്ത് വന്ന് ഹസ്തദാനം ചെയ്തു. അടുത്ത ആഴ്ച ഉംറക്ക് പോവാണ്. ദുആയിൽ പെടുത്തണം. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയർന്ന നേരമാണത്. കൂട്ടത്തിലാരോ ചോദിച്ചു. നിങ്ങൾ വോട്ട് ചെയ്യാൻ ഉണ്ടാവില്ലല്ലേ, ഇല്ലെന്ന അർത്ഥത്തിൽ അദ്ദേഹം തലയാട്ടി. ഇനി നിങ്ങൾ ചെറുപ്പക്കാരൊക്കെ നോക്കി. ഇതും പറഞ്ഞ് അദ്ദേഹം തിരിച്ച് നടന്നു....

ഒരാഴ്ച കഴിഞ്ഞ് കേട്ടത് അദ്ദേഹം ശാരീരിക പ്രയാസങ്ങളാൽ പുണ്യഭൂമിയിൽ നിന്ന് തിരിച്ച് വരുന്നു എന്ന വാർത്തയാണ്, പിന്നീട് അദ്ദേഹത്തിന്റെ ചികിൽസാ വിവരങ്ങൾ പലരിൽ നിന്നായി അറിഞ്ഞു കൊണ്ടിരുന്നു. ആശുപത്രി യാത്രക്കിടയിലെ പുറം കാഴ്ചകൾ മാത്രമായി ആ ജീവിതത്തിന്റെ പുറം ബന്ധങ്ങൾ ഒതുങ്ങി. നമ്മുടെ പൊതു ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരുടെ രോഗങ്ങൾ വീട്ടുകാരുടെ മാത്രമല്ല ചുറ്റുപാടിന്റെ കൂടി നൊമ്പരമാണ്.  നാടിന്റെ നൻമകളിലെല്ലാം കൃത്യമായ ഒരിടം എന്നും മൊയ്തീൻ കുട്ട്യാക്കാക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് അദ്ദേഹം അയൽപ്രദേശമായ ചെങ്ങാനിയിലേക്ക് താമസം മാറിയപ്പോൾ അവിടെയും പൊതുരംഗങ്ങളിൽ നിറഞ്ഞു നിന്നു. 

കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസയുടെയും എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പ്രധാന ഭാരവാഹിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഊക്കത്ത് മഹല്ല്,  കക്കാടംപുറം ജി യു പി സ്കൂൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അദ്ദേഹം വലിയ ഊർജ്ജം പകർന്നു. ഏതൊരു കാര്യത്തിലും അദ്ദേഹത്തിന് സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അത് ആരുടെ മുമ്പിലും അദ്ദേഹം വെട്ടി തുറന്ന് പറയുകയും ചെയ്തിരുന്നു. നിലപാടുകളുടെ ഈ കാർക്കശ്യമാണ് പലരിൽ നിന്നും മൊയ്തീൻ കുട്ട്യാക്കയെ വേറിട്ട് നിറുത്തിയത്. ഈ കാർക്കശ്യങ്ങൾക്കിടയിലും ആ മനസ്സിന്റെ നൈർമ്മല്യം അദ്ദേഹത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു നൻമയാണ്. അവരുമായി അടുത്തിടപഴകിയപ്പോഴെല്ലാം അത് നന്നായി അനുഭവിച്ചറിയാനും ആയിട്ടുണ്ട്. അല്ലെങ്കിലും ഒന്നും ഉള്ളിലൊളിപ്പിക്കാത്തവരുടെ മനസ്സിൽ ഒരു കറയും ബാക്കി കാണില്ലല്ലോ. നല്ലൊരു ഉദാരമനസ്കനും  കൂടിയായിരുന്നു മൊയ്തീൻ കുട്ട്യാക്ക. അദ്ദേഹത്തിന്റെ വീട്ടുമുറ്റം നിരവധി മീറ്റിംഗുകൾക്ക് വേദിയായി. അപ്പോഴെല്ലാം  മനം നിറക്കുന്ന ആതിഥ്യ മര്യാദകൾ കൊണ്ട് അവർ നമ്മെ വിസ്മയിപ്പിച്ചു. 

രോഗത്തിന്റെ പ്രയാസങ്ങളിലായിരിന്നെങ്കിലും ആ മരണം വല്ലാത്തൊരു ശൂന്യതയാണ് നമുക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. അള്ളാഹു അവരുടെ പരലോക ജീവിതം റാഹത്തിലാക്കി കൊടുക്കട്ടേ,
-----------------------
സത്താർ കുറ്റൂർ



PP മൊയ്തീൻ കുട്ടി ഹാജി
➖➖➖➖➖
പണ്ടാറപെട്ടി മൊയ്തീൻകുട്ടി ഹാജി എൻ്റെ ഉപ്പയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ആദൃമൊക്കെ ഞാൻ അദ്ധേഹത്തേ ബസ്സിൽ വച്ചും മറ്റും കാണും സംസാരിക്കുമെങ്കിലും വലിയ അടുപ്പമില്ലായിരുന്നു. ലത്തീഫിൻ്റെ ഉപ്പ എന്ന നിലക്കെ എനിക്ക് അറിയുമായിരുന്നുള്ളൂ. പിന്നീട് അവർ ഊക്കത്തേക്ക് താമസമായതോടെ എപ്പഴും പള്ളിയിൽ വച്ച് കണ്ടിരുന്നു അതും ചെറുപുഞ്ചിരിയിൽ അവസാനിക്കുമായിരുന്നു.

പാടത്ത്  കൃഷിയുണ്ടായിരുന്ന  ഉപ്പയും മൊയ്തീൻകുട്ടി ഹാജിയും ജോലിക്കിടയിലെ വിശ്രമ വേളയിൽ അവരുടെ വീടിനോടടുത്ത തോട് വരംബത്തിരുന്ന് നാട്ടുവർത്താനങ്ങളും തമാശകളും പറഞ്ഞിരിക്കാറുണ്ടായിരുന്നു. ഒരിക്കൽ  അവിടെ വച്ച് എന്നെ കണ്ടപ്പോഴാണ്  ശരിക്കും അടുത്തറിഞ്ഞത് അതിനു ശേഷം എപ്പൊ കണ്ടാലും വിശേഷങ്ങൾ ചോദിച്ചറിയുമായിരുന്നു.

അതിനു ശേഷം അദ്ധേഹത്തെ കുറിച്ചും കുടുബത്തയും അവരുടെ സഹോദരങ്ങളെ കുറിച്ചും  ഉപ്പയുമായുള്ള പഴയ കാല സൗഹൃതവും എല്ലാം ഉപ്പ പറഞ്ഞു തന്നു.... പാടത്ത് സ്വന്തമായി കൃഷി ചെയ്തിരുന്ന എൻ്റെ ഉപ്പാക്ക് ഒരാശ്വാസമായിരുന്നു അവരുടെ സാമീപൃം...

പല സഹായങ്ങളും അദ്ധേഹത്തിൽ നിന്ന് ലഭിച്ചിരുന്നു എന്നും കൃഷിക്കാർക്കുള്ള സർക്കാർ ആനുകൂലൃങ്ങൾ കിട്ടുന്നതിനും അദ്ധേഹം നിമിത്തമായി എന്നും ഉപ്പ പറയാറുണ്ടായിരുന്നു. അദ്ധേഹത്തിൻ്റെ വീടിനോട് ചേർന്ന പാടത്ത് ചെറിയ തോതിൽ പച്ചക്കറി പൂള പോലോത്ത കൃഷി അദ്ധേഹവും ചെയ്തിരുന്നു.

ഞാൻ പ്രവാസി ആയതിന് ശേഷം നാട്ടിലെ വാട്സ്സപ്പ് ഗ്രൂപ്പുകളിൽ വരുന്ന നമ്മുടെ പഞ്ചായത്തിലെ മുസ്ലിം ലീഗിൻ്റെയും  കക്കാടം പുറം മദ്രസ്സയിലേയും പരിപാടികളുടെ വീഡിയോകളിലും ഫോട്ടോയിലും മുൻ നിരയിൽ മൊയ്തീൻകുട്ടൃാക്കയുണ്ടാവും അങ്ങിനെയാണ് അദ്ധേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ചും നാട്ടിൽ അവർ ചെയ്യുന്ന ദീനീ സേവനങ്ങളെ കുറിച്ചും അറിയാനും മനസ്സിലാകുവാനും കഴിഞ്ഞത്. ഊക്കത്ത് മഹല്ലിനും അവരുടെ സേവനം മഹത്തരമായിരുന്നന്നും അറിയാൻ കഴിഞ്ഞു. 

അവരെ പോലെയുള്ളവരുടെ വിയോഗം തീരാനഷ്ടം തന്നെയാണ്....
സർവ്വ ശക്തൻ അവരുടെ പ്രവർത്തനങ്ങൾ സ്വലീഹായ അമലാക്കി ഖബറിൽ വെളിച്ചമാകുകയും ചെയ്യട്ടേ...
---------------------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം



പി പി മൊയ്തീൻ കുട്ടി ഹാജി
➖➖➖➖➖
മൊയ്തീൻകുട്ടി കാക്കാനെ അനുസ്മരിച്ചതിനേയും, പ്രാർത്ഥിച്ചതിനേയും അള്ളാഹു സ്വീകരിക്കട്ടെ  امين

പതിമൂന്ന് വയസ്സു മുതൽ മദ്രാസിൽ കള്ളിയത്തു മുഹമ്മദ്  ഹാജിയുടെ കൂടെ ഉണ്ടായിരിന്നു. അന്നുമുതൽ കർമ്മനിരതനായിരുന്ന അദ്ദേഹം മരിക്കുന്നതിന് കുറച്ചു മുമ്പ് വരെ ഒരു മാറ്റവുമില്ലാതെ തന്റെ കർമ്മമണ്ഡലത്തിൽ നിലയുറപ്പിച്ചു നിന്നു.

സംഘടനാ രംഗത്ത് പ്രവർത്തിക്കുമ്പോൾ തന്റെ  കുട്ടിക്കാലത്തെ ത്യാഗോജ്വലമായ അനുഭവങ്ങൾ കൂടെക്കൂടെ പറഞ്ഞു തരുമായിരുന്നു. 

മുസ്ലിം ലീഗിനോടുള്ള ഇഷ്ടം എല്ലാ കാലത്തും അദ്ദേഹം ഒരു വിട്ടുവീഴ്ചയും കൂടാതെ അഭിമാനത്തോടുകൂടി ഉയർത്തിപ്പിടിക്കുന്നത് കണ്ടിരുന്നു. 78 ൽ എടുത്ത മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് ഒരു കവറിൽ ആക്കി സൂക്ഷിച്ചിരുന്നത്  ആ ഇഷ്ടം കൊണ്ടാവാം.

പ്രാദേശിക കോൺഗ്രസ് നേതാവും തൻറെ അമ്മാവനുമായ പാവോട മുഹമ്മദാക്കന്റെ വീടിന്റെ മുന്നിലെ മരത്തിൽ ലീഗിന്റെ കൊടി കെട്ടിയത്തിന് ചെറുപ്പത്തിൽ  അമ്മാവൻ ഓടിച്ചതൊക്കെ രസകരമായി പറയുന്നത് കേട്ടിട്ടുണ്ട്. 

രോഗബാധിതനായിരിക്കുമ്പോഴും അടുത്ത് പിടിച്ചിരുത്തി പഴയ മദ്രാസിലെ കാര്യങ്ങൾ, ഗൾഫിലേക്ക് പോയ കാലഘട്ടം, പിന്നീട് നാട്ടിൽ വ്യത്യസ്തങ്ങളായ പരിപാടികളുമായി നടന്നതൊക്കെ കൃത്യമായി ആവേശപൂർവ്വം വിശദീകരിച്ച് തരുമായിരുന്നു.

അള്ളാഹു അദ്ദേഹത്തിനു പൊറുത്തു കൊടുക്കട്ടെ, വിജയിപ്പിച്ചവരിൽ ഉൾപ്പെടുത്തട്ടെ.
---------------------------
ലത്തീഫ് അരീക്കൻ



പി പി മൊയ്തീൻ കുട്ടി ഹാജി എന്ന സാമൂഹ്യപ്രവർത്തകൻ.
➖➖➖➖➖
ഞാൻ അദ്ദേഹവുമായി ഇടപെടാൻ തുടങ്ങിയിട്ട് ഇരുപത് വർഷത്തിലധികമായി.   മകൻ ലത്തീഫ് മായിഉള്ള ബന്ധം. പിന്നെ അങ്ങോട്ട് കുടുംബ സൗഹൃദബന്ധം ആയി മാറി. ആദ്യം അദ്ദേഹത്തെ അറിയുമെങ്കിലും മകനുമായുള്ള ബന്ധമാണ് ഞങ്ങളെ അടുപ്പിച്ചത്. ആ ബന്ധം ഇതുവരെ നിലനിർത്താനായി. ആദ്യമെല്ലാം ഗൾഫിൽ നിന്ന് വന്നാൽ ആദ്യം പോകുന്ന വീടായിരുന്നു അത്. പോവാൻ വൈകിയാൽ  എവിടെ നിന്നെങ്കിലും കണ്ടാൽ. ഇങ്ങോട്ട് കണ്ടില്ല എന്ന് പറയുഠ. എപ്പോൾ കാണുമ്പോഴും ആദ്യം ഉമ്മാൻറെ വിവരം ചോദിക്കും. പിന്നെയാണ് വേറെ വിവരം ചോദിക്കൽ. കണ്ടാൽ വർത്തമാനം പറഞ്ഞ് സമയം പോകുന്നത്അറിയീല്ല. പറഞ്ഞാൽ തീരാത്ത നന്മനിറഞ്ഞ   മനസ്സിൻറെ  ഉടമയായിരുന്നു അദ്ദേഹം. എന്ത് ചോദിച്ചാലും   അത് എടുത്തു തരുന്ന സ്വഭാവം. അതായിരുന്നു അദ്ദേഹത്തിൻറെ മുഖമുദ്ര. അല്ലാഹു നാളെ അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ
----------------------
അസീസ് ആലുങ്ങൽ



പി.പി.മൊയ്തീൻ കുട്ടി കാക്ക
➖➖➖➖➖
വലുപ്പചെറുപ്പമില്ലാതെ ബഹുമാനം നൽകി ബഹുമാനിതനാവുക എന്ന  തത്വം പിന്തുടർന്ന ബഹുമാന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. അർഹിക്കുന്ന പരിഗണന കിട്ടാത്തിടത്ത് നമ്മൾ എന്താവശ്യമുണ്ടെങ്കിലും കൊട്ടാരത്തിലാണെങ്കിലും ഒരാവശ്യത്തിന്റെയും അപേക്ഷയുമായി കാത്തിരിക്കരുത്, അതിനെക്കാളും നല്ലത് കുടിലാണെങ്കിലും നമ്മെ പരിഗണിക്കുന്നിടത്ത് വെറുതെയാണെങ്കിലും നിൽക്കുന്നതാണ്. ഇതും അദ്ദേഹത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളിൽ കണ്ടിരുന്നു'

ജീവിച്ച് തീർത്ത കാലമൊവെറുതെ കാലം തീർത്ത് കളഞ്ഞ ജീവിതമൊ
അല്ല നമ്മളിൽ നിന്നും കാലം ആവശ്യപ്പെടുന്നത്, അതിനിടയിൽ നമ്മൾ ചെയ്ത് വെച്ച, ചെയ്ത് തീർത്ത നല്ല പ്രവ്യത്തികളാണ്, ആ സ്വാലിഹായ അമലുകളിൽ അദ്ദേഹത്തിന്റെയും നമ്മുടെയും എല്ലാ പ്രവർത്തികളും നാഥൻ ഉൾപെടുത്തട്ടെ - ആമീൻ
--------------------------------
പി.കെ. അലി ഹസൻ,  കക്കാടംപുറം



PP മൊയ്തീൻ കുട്ടി ഹാജി
➖➖➖➖➖
മുപ്പത് വർഷം മുമ്പേ മൊയ്‌തീൻ കുട്ടി ഹാജിയെ അറിയും കൊണ്ടോട്ടിയിൽ സ്വർണ്ണ കച്ചവടവും  ക്രഷറും മറ്റും നടത്തി പയറ്റി തെളിഞ്ഞ ഒരു കച്ചവടക്കാരനായിരുന്നു അദ്ദേഹം മാത്രമല്ല സ്വർണ്ണ ആഭരണത്തെ പറ്റി നല്ല അറിവും അദ്ദേഹത്തിനുണ്ടായിരുന്നു   മുല്ലപ്പടിയിൽ താമസിക്കുന്ന സമയത്ത് തന്നെ അദ്ദേഹവുമായി നല്ല സൗഹൃദ ബന്ധവും   ഉണ്ടായിരുന്നു പിന്നീട് ഊകത്ത് താമസം തുടങ്ങിയപ്പോൾ   ഹാജിയാർ ഊകത്ത് പള്ളിയിൽ പല നല്ല കാര്യങ്ങൾക്കും സജീവമായിരുന്നു.

നബിദിന ദിവസം പുലർച്ചെയുള്ള ഭക്ഷണം വർഷങ്ങളായി   അദ്ദേഹമാണ് നൽകിയിരുന്നത്     എല്ലാ നല്ല കാര്യങ്ങൾക്കും സഹായിക്കാൻ മടിയില്ലാത്ത പ്രകൃതമാണ് അദ്ദേഹത്തിൽ ഞാൻ കണ്ട പ്രത്യേകത. 

ഉംറ നിർവഹിക്കാൻ പോയി  രോഗമായി മടങ്ങി  തുടർന്ന്  റബ്ബിലേക്ക് മടങ്ങുകയാണുണ്ടായത് എന്നാണ് അറിവ്

എല്ലാം റബ്ബ് അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കട്ടെ   ആമീൻ
---------------
മുജീബ് PK



PP മൊയ്തീൻ കുട്ടി ഹാജി എന്ന അമ്മായി കാക്ക
➖➖➖➖➖
എന്റെ ഏറ്റവും ചെറിയ അമ്മായി കാക്കയായിരുന്നു മർഹൂം മൊയ്തീൻ കുട്ടി ഹാജി. തറവാട് വീട് കക്കാടംപുറത്ത് നിന്ന് കുറ്റൂർ പാടത്തേക്കിറങ്ങുന്ന വഴിയിലായിരുന്നു. പിന്നെ മുല്ലപ്പടി സ്വന്തം വീടെടുത്ത് താമസമാക്കി. പിന്നെ കുറ്റൂർ നിലപറമ്പ് നിവാസിയായി കുറച്ച് കാലം. തുടർന്നാണ് ഊക്കത്ത് സ്ഥിരതാമസമായത്. അസുഖമായി കിടപ്പിലാവോളം സ്ഥിരമായി അധ്വാനിച്ചു. മുഖ്യമായി പശുവളർത്തലായിരുന്നു. കുറച്ച് കൃഷിയും നടത്തി. ഉദാരമതിയായിരുന്നു. വ്യക്തമായ രാഷട്രീയക്കാരനായിരുന്നു. എന്നാലും എല്ലാവരോടും സൗഹൃദത്തിൽ കഴിഞ്ഞു.

ദീനി പ്രവർത്തനങ്ങൾക്ക് മുമ്പിൽ നടന്നു. പള്ളിയുമായി മാനസിക ബന്ധം ദൃഢമാക്കി. ഉസ്താദുമാരെയും മുതഅല്ലിംകളെയും ആദരവോടെ കണ്ടു. നല്ല ഭക്ഷണം കഴിക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനും ഉത്സാഹം കാട്ടി. ഉയർന്ന ശബ്ദത്തിൽ സംസാരിക്കമ്പോഴും ഉള്ളിലുള്ള ശുദ്ധമനസ്സ് നമുക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു. കുടുംബത്തിലും സുഹൃത്തുക്കളിലും ഒരു വഴികാട്ടിയായി കൂടെ നിന്നു. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയും ആദരവും നേടാൻ കഴിഞ്ഞു. പല മീറ്റിംഗുകൾക്കും സംഘടനാ ചർച്ചകൾക്കും ആതിഥേയരായി നിന്നു.

അല്ലാഹു ആ സുകൃതങ്ങൾ ഖബൂൽ ചെയ്ത് തെറ്റുകൾ പൊറുത്ത് കൊടുത്ത് അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേർക്കട്ടെ എന്ന് ദുആ ചെയ്യുന്നു.
-------------------------------
മുഹമ്മദ് കുട്ടി അരീക്കൻ



നന്മയുടെ പൂമരം🌹🌹
➖➖➖➖➖
പി പി.മൊയ്തീൻ കുട്ടി കാക്കയെ ആദ്യമായി കണ്ട് തുടങ്ങുന്നത് അദ്ധേഹത്തിന്റെ തറവാട് വീടായ ചോലകുണ്ടിൽ നിന്നാണ്  ആരോടും എന്തും തുറന്ന് പറയുന്ന ഒരു സമീപനമായിരുന്നു അദ്ധേഹത്തിൽ കണ്ടിരിരുന്നത്. ആദ്യകാലത്ത് മദ്രാസിൽ ജോലി ചൈതിരുന്നെന്നും ആ സമയത്ത് ഖാഇദെമില്ലത്തുമായി ഇടപഴകാറുണ്ടെന്നും അവസാനമായി ഉംറക്ക് വന്ന സമയത്ത് നാട്ടുകാരുമായി അദ്ധേഹം പങ്ക് വെച്ചിരുന്നു. അത് പോലെ ചെറുപ്പം മുതലെ അദ്ധേഹം നിലനിന്നിരുന്ന പാർട്ടിയുടെ സമ്മേളനത്തിന്  ബസ് കയറി ഒറ്റക്ക് പോകുമായിരുന്നെന്നും അദ്ധേഹം അവരോട് പങ്ക് വെച്ചിരുന്നു. കുറച്ച് കാലം പ്രവാസിയായിരുന്നെന്ന് കേട്ടിട്ടുണ്ട് അതിന് ശേഷം ജ്വല്ലറി  ക്രഷർ എന്നീ മേഘലകളിൽ പ്രവർത്തിച്ചിട്ടുണ്ട് നാട്ടിലെ എല്ലാ കാരുണ്യ പ്രവർത്തനത്തിനും കൈ അയച്ച് സഹായിച്ചിട്ടുണ്ട് പള്ളിയിൽ നടക്കുന്ന പരിപാടികളിലേക്ക് വീട്ടിൽ നിന്നു് എന്തെങ്കിലും കൊടുക്കുകയാണങ്കിൽ അതിൽ നിന്ന് ഒരു പങ്ക് എല്ലാ അയൽവാസികൾക്കും എത്തിക്കാറുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞു. കുറച്ച് കാലം മൊല്ല പടിയിൽ താമസിച്ചു വീണ്ടും സ്വന്തം തട്ടകത്തിലേക്ക് തന്നെ വന്ന് എല്ലാവരോടും ഇടപഴകി ജീവിച്ചു. 

അദ്ധേഹത്തിന്റെ എല്ലാ ദോശങ്ങളും പൊറുത്ത് ജന്നാത്തുൽ ഫിർദൗസിൽ അദ്ധേഹത്തേയും നമ്മളിൽ നിന്ന് മരണപെട്ട് പോയവരെയും റബ്ബ് ഒരുമിച്ച് കൂട്ടുമാറാവട്ടെ🤲🤲
---------------------
മജീദ് കാമ്പ്രൻ



നാട്ടുകാരുടെ മൊയ്തീൻ കുട്ടിക്കാ,,,,
ഞങ്ങളുടെ അമ്മായി കാക്ക,,,,
➖➖➖➖➖
പൂച്ചിന്റെ അമ്മായി കാക്ക അങ്ങനെയാണ് ഓർമ്മ വെച്ചനാൾ മുതൽ കുടുംബത്തിനകത്ത് അവരെ വിളിച്ച് കൊണ്ടിരുന്നത്,,,

ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾ വേണ്ടുവോളം തന്റെ ജീവിതം കൊണ്ട് അനുഭവിച്ചിട്ടുണ്ടവർ. ആദ്യകാലത്ത് മൊല്ലപടിയിലും പിന്നീടങ്ങോട് നമ്മുടെ നാട്ടുകാരിൽ ഒരാളായും ജീവിച്ചു.

തൂവെള്ള വസ്ത്രത്തിൽ അല്ലാതെ അവരെ ഞാൻ കണ്ടതായി ഓർക്കുന്നില്ല. വെളള തുണിയും പകുതി മടക്കി വെച്ച കുപ്പായ കയ്യും തലയിൽ കെട്ടിയ തോർത്ത് മുണ്ടും  അതായിരുന്നു വേഷം,,,

അടുത്ത് ഇടപെട്ടപ്പോഴല്ലാം മുഖത്ത് കാണുന്ന ഭാവത്തിനുടമയല്ല എന്ന് തോന്നീട്ടുണ്ട്. കുടുംബപരമായും നാട്ടുകാര്യങ്ങളും സംസാരിക്കുന്നതിന് ഒരിക്കലും പിശുക്ക് കാണിച്ചില്ല. കുടുംബത്തിൽ എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ച് പോന്നു മരിക്കുവോളം,,,

അവസാനമായി കണ്ടതും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും നാട്ടുവർത്തമാനവും കുടുംബ കാര്യങ്ങളും പറഞ്ഞിറങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല ഇനി ഒരിക്കലും ഇതുപോലൊരു സംഗമിക്കൽ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്ന്,,,,

നാഥാ അടിവാരത്തിൽ അരുവി ഒഴുകുന്ന സുന്ദരമായ സ്വർഗീയപൂങ്കാവനത്തിൽ അവരെയും ഞങ്ങളെയും നീ ഒരുമിച്ചുകൂട്ടണേ നാഥാ,, ആമീൻ,,,
---------------------------
അദ്നാൻ അരീക്കൻ




1 comment:

  1. പി പി മൊയ്തീൻ കുട്ടി ഹാജി...
    സ്നേഹനിധിയായ അയൽക്കാരൻ...
    ----------------

    ഓർത്തെടുക്കുമ്പോൾ ഒരുപാട് ഓർമ്മകളുണ്ട് അദ്ദേഹത്തെ കുറിച്ച്.. അയൽക്കാരൻ എന്നതിലുപരി പ്രിയ സ്നേഹിതന്റെ ഉപ്പ എന്ന നിലയിലും അടുത്തിടപഴകാൻ അവസരം കിട്ടിയിട്ടുണ്ട്... വീട്ടിൽ ചെല്ലുമ്പോഴൊക്കെ വിശേഷങ്ങൾ ചോദിച്ചറിയും, വീട്ടിൽ വരുന്നവരെ ഭക്ഷിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ നിർബന്ധ ബുദിയായിരുന്നു.. ഊക്കത്ത് പള്ളിയുമായും അവിടത്തെ മുതഅല്ലിമീങ്ങളുമായും വളരെ നല്ല ബന്ധമാണ് അദ്ദേഹം പുലർത്തി പോന്നിരുന്നത്... പല സാഹചര്യത്തിലും പള്ളി ഇമാം അദ്ദേഹത്തിന്റെ നന്മകളെ കുറിച്ച് പറഞ്ഞിട്ടുണ്ട് - ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ...
    അദ്ദേഹത്തിന്റെ വിയോഗം ഈ മഹല്ലിനും നമ്മുടെ നാടിനും ഒരു തീരാ നഷ്ടം തന്നെയാണ്... അദ്ദേഹം ചെയ്ത എല്ലാ സൽക്കർമ്മങ്ങളും നാഥൻ സ്വീകരിക്കുമാറാവട്ടെ എന്ന് ആത്മാർഥതയോടെ ദുആ ചെയ്യുന്നു... സ്വർഗലോകത്ത് അദ്ദേഹത്തോടൊപ്പം നമ്മെയും നാഥൻ ഒരുമിച്ച് കൂട്ടുമാറാവട്ടെ...ആമീൻ
    -----------
    റിയാസ് - അമ്പിളിപറമ്പൻ

    ReplyDelete