വർഷങ്ങൾക്ക് മുമ്പ്.. കൃത്യമായി പറഞ്ഞാൽ 2006 ഡിസംബർ 1ന് പുറത്തിറങ്ങിയ "തണൽ" നാട്ടു പത്രത്തിൽ പ്രസിദ്ധീകരിച്ച "ശങ്കരേട്ടനുമായുള്ള അഭിമുഖം" ഇവിടെ പുനർവായനക്ക് സമർപ്പിക്കുന്നു.....
==================
ചൂടാറാത്ത ഓർമ്മകളുമായി ശങ്കരേട്ടൻ
************
ഇത് ശങ്കരേട്ടൻ.
പരിചയപ്പെടുത്താൻ ഒരു മുഖവുരയുടെയും ആവശ്യമില്ല.തലമുറകൾക്ക് വെച്ച് വിളമ്പി ഈ നാടിന്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായി ശങ്കരേട്ടൻ ഇപ്പോഴും ചായ പാരുകയാണ്.
അകലെ നിന്ന് നോക്കുമ്പോൾ വലിയ ദേഷ്യക്കാരനാണെന്ന് തോന്നും.എന്നാൽ അടുത്തിടപഴകിയവരെല്ലാം ആ മനസ്സിന്റെ നൈർമ്മല്യം അനുഭവിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് ശങ്കരേട്ടൻ എത്ര ദേഷ്യപ്പെട്ടാലും ആരും പിണങ്ങിപ്പോവാത്തത്.ആളുകളെ വശീകരിക്കുന്ന പുറം നാട്യങ്ങൾ ഇദ്ദേഹത്തിനറിയില്ല.
ഒന്നും ഉള്ളിലൊളിപ്പിക്കാനറിയാത്ത ഈ മനുഷ്യനിൽ കച്ചവടത്തിന്റെ കാപട്യങ്ങളും കാണാനാവില്ല.
എടോ,
ഇവിടെ ഒന്നും ഇല്ലെടോ,
എന്ന് എത്ര കനപ്പിച്ച് പറഞ്ഞാലും അടുത്ത നേരവും വിശപ്പിന്റെ വിളി കേൾക്കുമ്പോൾ ആളുകൾ ശങ്കരേട്ടനെ തേടിയെത്തുന്നു.
ആ കൈപുണ്യവും മനസ്സിന്റെ നിഷ്കളങ്കതയുമാണിതിന് കാരണം.
നാടിന്റെ മാറ്റങ്ങൾക്ക് സാക്ഷിയായി ഈ ഹോട്ടൽ മുപ്പത് വർഷം പിന്നിടുകയാണ്.
തലമുറകൾക്ക് വെച്ച് വിളമ്പിയ ഇദ്ദേഹത്തിന്റെ ഓർമ്മകൾക്കിപ്പോഴും നല്ല തെളിച്ചമാണ്. ഇന്നലെകളുടെ ഇടനാഴികകളിലൂടെ ശങ്കരേട്ടൻ തിരിച്ച് നടക്കുകയാണ്. തണൽ വായനക്കാർക്കായി.
വിദ്യാഭ്യാസം
************
തിരൂരങ്ങാടിക്കടുത്ത ചുള്ളിപ്പാറയിലാണെന്റെ വീട്. കൂടുതൽ പഠിച്ചിട്ടൊന്നുമില്ല.
പഴയ അഞ്ചാം ക്ലാസുകാരനാണ്.
എന്റെ കുടുംബത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടിയവരൊക്കെയുണ്ട്.
ഞാൻ ഈ രംഗത്താണ് വന്നു പെട്ടത്. എല്ലാവരും ഒരുപോലെയാവില്ലല്ലോ.
വിവാഹം, കുടുംബം
************
മുപ്പത്തി ആറാമത്തെ വയസ്സിലാണ് കല്യാണം കഴിച്ചത്. താഴെ കൊളപ്പുറത്തെ കമലാക്ഷിയാണ് ഭാര്യ.
മൂന്ന് മക്കളുണ്ട്.
ഒരു ആണും രണ്ട് പെണ്ണും.
ആൺകുട്ടി കൃഷ്ണകുമാർ ബസ് കണ്ടക്ടറാണ്.
പെൺമക്കളിൽ ഒരാൾ +2 വിന് പഠിക്കുന്നു. ഇളയ മോൾക്ക് ജന്മനാ ചില വൈകല്യങ്ങളുണ്ട്.
ഒരുപാട് ചികിൽസിച്ചു. കാര്യമായ മാറ്റമൊന്നുമില്ല.
എന്നാലും അവളുടെ കാര്യങ്ങളൊക്കെ അവൾ ചെയ്യുന്നുണ്ട്. അതെങ്കിലും ഒരാശ്വാസം.
കുറ്റൂരിലേക്കെത്തിയ വഴി
************
ഇവിടെ വരുന്നതിന് മുമ്പ് ഹോട്ടൽ രംഗത്ത് തന്നെ പലയിടത്തും ജോലി നോക്കിയിട്ടുണ്ട്. ആര്യവൈദ്യശാല കാന്റീൻ, കോഴിച്ചെന എം എസ്.പി കാന്റീൻ, കുറച്ച് കാലം മദ്രാസിലേക്കും പോയി.
അതിന് ശേഷം വയനാട് മീനങ്ങാടിയിൽ ജോലി ചെയ്യുമ്പോഴാണ് നമ്മുടെ വേലായുധൻ മാഷെ അനിയൻ വഴി ഇവിടെ എത്തിയത്.1975 ജൂൺ മാസം മൂന്നാം തിയ്യതിയാണ് ഇവിടെ കച്ചവടം തുടങ്ങുന്നത്. കുറച്ച് കാലം സഹോദരിയുടെ മകൻ ഗോപിയുണ്ടായിരുന്നു. അവൻ പോയതിന് ശേഷം ഞാൻ ഒറ്റക്ക് തന്നെയാണ് എല്ലാ കാര്യത്തിനും. ഇപ്പോൾ കമലാക്ഷി ഒന്ന് വന്ന് പോവും.
നിറം മങ്ങാത്ത ഓർമ്മകൾ
************
ഇവിടെ കച്ചവടം തുടങ്ങുമ്പോൾ എനിക്ക് മുപ്പത് വയസ്സാണ്.
അരീക്കൻ കുട്ട്യാലി കാക്കാന്റെ ഒരു ഹോട്ടലും ഹസ്സൻകുട്ടി ഹാജിയുടെ മസാലക്കടയും മാത്രമെ അന്നിവിടെയൊള്ളു.
റോഡൊന്നും ടാർ ചെയ്തിട്ടില്ല. അഞ്ച് വർഷം കഴിഞ്ഞാണ് കറന്റ് കിട്ടിയത്.
തുടക്കത്തിൽ ചോറില്ലായിരുന്നു.
പിന്നെ പലരും നിർബന്ധിച്ചപ്പോഴാണ് ചോറുണ്ടാക്കി തുടങ്ങിയത്.
എട്ട് അധ്യാപകരാണ് തുടക്കത്തിൽ ചോറ് കഴിക്കാൻ വന്നിരുന്നത്. അന്ന് ചായക്ക് 40 പൈസയും ചോറിന് ഒന്നേകാൽ രൂപയുമായിരുന്നു.
കുട്ടികൾക്ക് 75 പൈസക്കാണ് ചോറ് കൊടുത്തിരുന്നത്. ഞാൻ
ഏറ്റവും കൂടുതൽ ചായ പാർന്ന് കൊടുത്തത് എൻ കെ. മുഹമ്മദാക്കാക്ക് ആയിരിക്കും. സ്കൂളിന്റെ രജത ജൂബിലി നടന്നപ്പോഴാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്.
അന്ന് കാലിനൊക്കെ നീര് വന്നു.
മുമ്പ് കുട്ടികളൊക്കെ ചോറിന് വന്നിരുന്നു. നാലഞ്ച് വർഷമായിട്ട് കുട്ടികളാരുമില്ല. എന്നു വെച്ച് എനിക്ക് പരാതി ഒന്നുംല്യട്ടോ.
രാഷ്ട്രീയം
************
പഴയ കോൺഗ്രസുകാരനാണ്. ഇപ്പോഴത്തെ പാർട്ടിയുടെ പോക്കിൽ നിരാശനുമാണ്.
എന്നാലും ഒരു കോൺഗ്രസുകാരനാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ഒരു ഘട്ടത്തിലും പ്രവർത്തന രംഗത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. എന്റെ തൊഴിലുമായി അത് ഒത്തു പോവില്ലല്ലോ.
വായന
************
പത്രവായന മുടങ്ങാറില്ല.
മാതൃഭൂമി സ്ഥിരമായി വായിക്കും.ഇതിനപ്പുറം ഒരു കാലത്ത് പരന്ന വായനയുണ്ടായിരുന്നു. എം ടി വാസുദേവൻ നായർ, കോവൂർ, മുഹമ്മദ് പടിയത്ത് ഇവരൊക്കെയാണ് ഇഷ്ട എഴുത്തുകാർ.ഇപ്പോൾ ഒന്നിനും സമയമില്ല. പത്രമൊന്ന് ഓടിച്ച് വായിക്കും. അത്രയൊക്കെയേ കഴിയൂ. നിങ്ങൾക്കറിയില്ലേ ഇവിടെ എല്ലായിടത്തും എന്റെ കയ്യെത്തിയിട്ട് വേണ്ടേ.
വിനോദം, ആരോഗ്യം
************
വിനോദമെന്നൊക്കെ പറഞ്ഞാൽ അതിനെവിടെടോ സമയം. കാര്യത്തിന് തന്നെ സമയമില്ല. പിന്നെയല്ലേ.
മുമ്പ് ഫുട്ബോളൊക്കെ കളിച്ചിരുന്നു.
ജീവിതവൃത്തിക്കായുള്ള ഓട്ടം തുടങ്ങിയപ്പോൾ പന്തിന് പിറകിലുള്ള ഓട്ടം നിറുത്തി.
ഇപ്പോൾ ഇടക്കൊന്ന് ബീഡി വലിക്കും. വേറെ ദുശ്ശീലമൊന്നുമില്ല.
ഇപ്പോ ഒന്നിനും വയ്യ. വാതസംബന്ധമായ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മരുന്ന് കഴിച്ചിട്ട് ഫലമൊന്നുമില്ല.
അതിനാൽ അതും നിറുത്തി.
വയ്യെടോ,
വയസ്സ് അറുപത് കഴിഞ്ഞില്ലേ,
ശങ്കരേട്ടനിലെ വിശ്വാസി
************
രാവിലെ ആരാധനാ കർമ്മങ്ങൾക്കൊന്നും സമയം കിട്ടാറില്ല.
കൂടുതൽ പണിയുണ്ടാവുക രാവിലെയാണല്ലോ. അതു കൊണ്ട് തന്നെ രാത്രിയാണ് അനുഷ്ഠാനങ്ങളൊക്കെ ചെയ്യുക.
പണി കഴിഞ്ഞ് കുളിച്ച് ശ്രീകൃഷ്ണ ഭഗവാന്റെ മുന്നിലെത്തുമ്പോൾ വലിയ ആശ്വാസമാണ്. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ.ശ്രീകൃഷ്ണന്റെ ചരിത്രം 'മാതൃഭൂമി'യിൽ സ്ഥിരമായി വായിച്ചിരുന്നു.
വല്ലാത്തൊരനുഭൂതിയായിരുന്നു ആ വായനാനുഭവങ്ങൾ പകർന്ന് തന്നത്. ശബരിമലക്ക് ഇത് വരെ പോകാനൊത്തിട്ടില്ല. ജോലി തിരക്ക് തന്നെ കാരണം. എന്നാലും അയ്യപ്പ ഭഗവാൻ എന്റെ മനസ്സിൽ വലിയ സ്ഥാനമാണ് അലങ്കരിക്കുന്നത്.
പറഞ്ഞിട്ടും പറഞ്ഞിട്ടും പറഞ്ഞ് തീരാതെ......
************
വൈകുന്നേരത്തെ പതിവ് തിരക്കുകൾക്കിടയിലാണ് ശങ്കരേട്ടൻ മനസ്സ് തുറന്നത്. ഒരു ചായ പാർന്ന് മറ്റൊരു ചായക്ക് ആള് വരുന്നതിനിടയിലെ ഒരു വിശ്രമത്തിനിടയിൽ. ഓർമ്മകൾ കിതച്ച് വരുന്നതിനിsയിൽ ഒരാൾ ചായ കുടിക്കാനായി ഒതുക്ക് കയറി.
അദേഹം അമർന്നിരുന്നപ്പോൾ
കാലിളകിയ മര ബെഞ്ച് ഒന്ന് നെരങ്ങുന്നത് കേട്ടു.
ശങ്കരേട്ടന്റെ ഒഴിവും ഓർമ്മകളും അവിടെ വെച്ച് മുറിഞ്ഞു.
പുകയാളിയ സമാവറിനടുത്തേക്ക് നീര് വന്ന കാലുമായി അദ്ദേഹം മുടന്തി നടന്നു..
ഇനി നടക്കില്ലെടോ, പൊയ്ക്കോ,
ബാക്കി പിന്നെ നോക്കാം...
ഞാൻ മെല്ലെ പടിയിറങ്ങി. പുറത്ത് ഇരുട്ട് പൊതിഞ്ഞിരുന്നു.
അടുക്കളയിലെ പുക ചുരുളുകളായി മറയുന്നത് നിന്ന നിൽപ്പിൽ ഞാൻ നോക്കി നിന്നു.
ശങ്കരേട്ടൻ പറഞ്ഞ കഥ കളൊന്നും ഈ പുക ചുരുളുകൾ പോലെ ഇരുട്ടിൽ നഷ്ടമാവാതിരിക്കട്ടെ എന്ന് മനസ്സ് മന്ത്രിച്ചു.
----------------------------
സത്താർ കുറ്റൂർ
തണൽ നാട്ടുപത്രം
2006 ഡിസംബർ
No comments:
Post a Comment