മൂന്ന്മരണങ്ങൾ.....
തണലും തുണയും നഷ്ടമായി ഊക്കത്ത് മഹല്ല്.
********************
കക്കാടംപുറം, കുറ്റൂർ നോർത്ത് പ്രദേശങ്ങളിലെ മത, രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എന്നും ആശ്രയമായ മഹത് വ്യക്തിത്വങ്ങളായിരുന്നു കഴിഞ്ഞ ഞായറാഴ്ച വിട പറഞ്ഞ അരീക്കൻ കുട്ട്യാലിഹാജിയും പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി ഹാജിയും. ഈ ആഘാതത്തിൽനിന്ന് നാട് മുക്തമാകും മുമ്പേ മഹല്ല് പ്രസിഡണ്ടും മാതൃകാനേതൃസ്ഥരുമായ പി.കെ അബ്ദു മുസ്‌ലിയാരുടെ മരണവാർത്ത കൂടി അറിഞ്ഞ് വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു പ്രദേശം. പ്രായത്തിന്റെ അവശതയിൽ ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞുവരികയായിരുന്നു കുട്ട്യാലിഹാജി. മൊയ്തീൻകുട്ടി ഹാജിയെ രോഗം പിടികൂടിയത് പെട്ടെന്നായിരുന്നു. പറയത്തക്ക രോഗങ്ങളൊന്നും ഇല്ലാതെ വളരെ സജീവമായി മഹല്ലിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അബ്ദു മുസ്‌ലിയാർ. ഇന്ന് മൊയ്തീൻകുട്ടി ഹാജിയുടെ വീട്ടിലെ തഹ് ലീൽ ചടങ്ങിൽ പങ്കെടുത്ത് സ്വന്തം വീട്ടിലേക്ക് പോയി നിമിഷങ്ങൾക്കകം സംഭവിച്ച ആ വിയോഗവാർത്ത ഉൾക്കൊള്ളാൻ പോലും ആദ്യമാരും കൂട്ടാക്കിയില്ലത്രെ. മൂന്ന് വേർപാടുകളും ഞങ്ങൾക്ക് അപ്രതീക്ഷിതമായിരുന്നു.
സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും മാത്രമല്ല നാട്ടിലെ എല്ലാ നന്മകളുടെയും കൂടെ നിന്നവരാണ് കുട്ട്യാലിഹാജിയും മൊയ്തീൻകുട്ടി ഹാജിയും. എത്രയെത്ര കൺവെൻഷനുകളും പൊതുപരിപാടികളുമാണ് ഇവരുടെ വീട്ടുമുറ്റങ്ങളിൽ നടന്നിട്ടുണ്ടാവുക. സംഘടനാപരമായ ചടങ്ങുകൾക്ക് ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഈ വീട്ടുമുറ്റങ്ങളാണ്. തെരഞ്ഞെടുപ്പ് കൺവെൻഷനാവട്ടെ ഭാരവാഹികളുടെ യോഗമാവട്ടെ കുട്ട്യാലിഹാജിയുടെ എ.കെ.എച്ച് ഹൗസും മൊയ്തീൻകുട്ടി ഹാജിയുടെ പണ്ടാറപ്പെട്ടി ഹൗസും സർവ്വസമ്മതമായിരുന്നു എല്ലാവർക്കും.
പി കെ അബ്ദു മുസ്‌ലിയാരുടെ പണ്ഡിതോചിതമായ നേതൃത്വം എന്നും ആശ്വാസമായിരുന്നു ഊക്കത്ത് മഹല്ല് നിവാസികൾക്ക്. സംഘടനാപരമായ താല്പര്യങ്ങൾക്ക് ഇടം കൊടുക്കാതെ യഥാർത്ഥ ഐക്യത്തിൽ മഹല്ലിനെ കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ നേതൃപാടവത്തിനു സാധിച്ചു. അച്ചിപ്പുര ദർസിൽ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സഹപാഠിയായിരുന്ന അബ്ദു മുസ്‌ലിയാർക്ക് പാണക്കാട് കുടുംബവുമായും ഉന്നതപണ്ഡിത നേതൃത്വവുമായും അഭേദ്യമായ ബന്ധമാണുള്ളത്. വളാഞ്ചേരി മജ്‌ലിസ് സ്ഥാപനങ്ങളുടെ പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം.
ചെമ്മാട് ദാറുൽഹുദ അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനാ രംഗത്തും നേതൃനിരയിൽ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അരീക്കൻ കുട്ട്യാലിഹാജി.
വാർഡ് മുസ്‌ലിംലീഗിന്റെയും യൂണിറ്റ് എസ്.വൈ.എസിന്റെയും ഭാരവാഹി. മഹല്ല്, മദ്രസ കമ്മിറ്റി അംഗം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി പി മൊയ്തീൻകുട്ടി ഹാജി നാട്ടിലെ ഏറ്റവും ജനകീയനും വലിയ ധർമിഷ്ഠനുമായിരുന്നു.
ഒരു ചെറിയ കുറിപ്പിൽ ഒതുക്കാവുന്നതല്ല ഇവരുടെ ഗുണഗണങ്ങൾ. ഒരുപാട് നന്മകൾ ബാക്കിവെച്ചും ജീവിതം അടയാളപ്പെടുത്തിയുമാണ് ഇവർ വിടവാങ്ങുന്നത്. അത് ഈ നാട് എന്നെന്നും സ്മരിക്കപ്പെടും, തീർച്ച.
പ്രദേശമാകെ പ്രകാശം പരത്തിയ ഗോപുരങ്ങൾ അണഞ്ഞെങ്കിലും അവർ പകർന്ന വെളിച്ചം ബാക്കിയുണ്ട്. അത് നമ്മെ മുന്നോട്ട് നടത്തട്ടെ....
അവരുടെയും നമ്മുടെയും ആഖിറം അള്ളാഹു സുഖപ്രദമാക്കട്ടെ....
ആമീൻ
-------------------------
ഫൈസൽ മാലിക് വി.എൻ
പണ്ടാറപ്പെട്ടി മൊയ്തീൻകുട്ടി ഹാജിയെ കുറിച്ചുള്ള കൂടുതൽ അനുസ്മരണ കുറിപ്പുകൾ വായിക്കാൻ : Click Here
No comments:
Post a Comment