എഴുത്തും വായനയും ഗൗരവ്വമായെടുത്തവരുടെ ചില പരിശ്രമങ്ങൾ കുറ്റൂരിൻ്റെ ഗൃഹാതുരതയുള്ളൊരോർമ്മയാണിന്നും. തൊള്ളായിരത്തി എഴുപതിൻ്റെ തുടക്കത്തിൽ ആരംഭിച്ച സീതീ സാഹിബ് വായനശാലയായിരുന്നു അതിനെല്ലാം പ്രചോദനമായി മാറിയത്. അവിടത്തെ ആളൊഴിയാത്ത മര ബെഞ്ചും പുസ്തക മണമുള്ള അകത്തളങ്ങളും ഈയുള്ളവനിൽ ഓർമ്മയുടെ നേർത്ത വെളിച്ചമായി ഇന്നുമുണ്ട്. ഈ വായനശാലാ പ്രവർത്തകരുടെ ചിന്തയിൽ തളിർത്ത അക്ഷരയത്നങ്ങൾ കാര്യമായ പഠനങ്ങൾ തന്നെ അർഹിക്കുന്നുണ്ട്. എൺപതുകളിൽ നിലമ്പൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച 'ധർമ്മരശ്മി' എന്ന സായാഹ്ന പത്രം ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. മാധ്യമ രംഗത്ത് തല കാട്ടിയെങ്കിലും കൂടുതൽ കാലം പിടിച്ച് നിൽക്കാൻ ഈ സംരംഭത്തിനായില്ല. ഇതേ കാലത്ത് തന്നെയാണ് 'കുറ്റൂർ ടൈംസ്' എന്ന പേരിൽ നാട്ടിലെ വൈകുന്നേര ചർച്ചയിൽ നിന്ന് ഒരു പ്രാദേശിക പ്രസിദ്ധീകരണവും പിറക്കുന്നത്. നാടിനെ അടയാളപ്പെടുത്തിയ ഇതിലെ മനോഹരമായ കയ്യക്ഷരങ്ങൾ പഴമക്കാരുടെ ഓർമ്മകളിൽ ഇന്നുമുണ്ടാവും. നാടൊന്നടങ്കം ഓർത്ത് ചിരിച്ച തമാശക്കഥകൾ മുതൽ കുറ്റൂർ പാടത്തെ കർഷകരുമായുള്ള അഭിമുഖങ്ങൾ വരെ കുറ്റൂർ ടൈംസിൻ്റെ താളുകളെ സമ്പന്നമാക്കി. ഖേദകരമെന്ന് പറയട്ടെ ഈ രണ്ട് സംരംഭങ്ങളുടെയും ഓർമ്മസൂക്ഷിക്കാൻ ഒരു കോപ്പി പോലും ഇന്ന് ലഭ്യമല്ല. എടുത്ത പറയേണ്ട ഈ ഗ്രാമ്യാവിഷ്കാരങ്ങൾ പഴയ തലമുറയുടെ വാമൊഴിയിൽ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. ഇടക്കാലത്ത് നാട്ടിലെ സാമൂഹിക-രാഷ്ട്രീയ ഇടങ്ങളിൽ നിന്നും ചില കയ്യെഴുത്ത് സംരംഭങ്ങളുണ്ടായിട്ടുണ്ട്. നാടിന് ഉയർത്തി കാട്ടാൻ കഴിയുന്ന പ്രതിഭയുടെ മിന്നൽ വെളിച്ചങ്ങളായിരുന്നു അതിൻ്റെ താളുകൾ. എന്നാൽ അതിൽ പലതും നാടിൻ്റെ പൊതു ശ്രദ്ധയിലെത്താതെ പോയി. കുറച്ച് കാലമാണെങ്കിലും പിൽകാലത്ത് പൂത്തുലഞ്ഞു നിന്ന നാടിൻ്റെ ഒരു പൊതു ഇടമായിരുന്നു 'തണൽ സാംസ്കാരിക വേദി'. അതിന് കീഴിൽ ആരംഭിച്ച നാട്ടു പത്രം ഒരു വർഷത്തോളം മുടങ്ങാതെ പ്രസിദ്ധീകരിച്ചു. പലപ്പോഴും മുഖം തിരിച്ച് നടന്നിരുന്നവർക്കിടയിൽ പോലും തണലിൻ്റെ കോപ്പികൾ ഹൃദ്യമായി കൈമാറ്റം ചെയ്യപ്പെട്ടു. 'ഒരു നാടുണരുന്നതിൻ്റെ അടയാളം' എന്ന തലക്കെട്ടിനോട് ഈ കുഞ്ഞു പ്രസിദ്ധീകരണത്തിൻ്റെ താളുകളിൽ കയ്യടക്കത്തോടെയുള്ള സാക്ഷ്യപ്പെടുത്തലുകളുണ്ടായി. കാരണവൻമാർ, പഴയകാല അധ്യാപകർ, കർഷകർ തുടങ്ങി നാടിൻ്റെ നാനാ തുറകളിലുള്ളവർ തണലിൻ്റെ താളുകളിലൂടെ തലമുറകൾക്കിടയിൽ ഓർമ്മകളുടെ പാലം പണിതു. ഒരു പിടി നൻമകളുടേതായിരുന്നു ആ 'തണൽ' കാലം. നാട്ടുവഴികൾ കടന്ന് പോയ വായനയിലൂടെ ഒരു പാട് നല്ല മനുഷ്യരുടെ സ്നേഹവും സഹവാസവും ബാക്കിയായി. അതിനിടയിൽ മറ്റുള്ളവർക്ക് പറയാനും നമുക്കോർക്കാനും ഇങ്ങനെ കുറച്ച് നല്ല നേരങ്ങൾ. ഒന്നും ആകസ്മികമായി ഉണ്ടാവുന്നതല്ല. എല്ലാം ഉയർന്ന ചിന്തയുടെയും കൈവിടാത്ത കൂട്ടായ്മകളുടെയും മനം കുളിർക്കുന്ന ഫല പ്രാപ്തിയായിരുന്നു. മറവിയിലേക്ക് മറഞ്ഞ ഈ ഗ്രാമ്യാനുഭവങ്ങളെല്ലാം വല്ലാത്തൊരു നഷ്ട സ്മൃതിയായി ഉള്ളിൽ നീറുകയാണിപ്പോൾ.. വാലൻ മൂട്ടകൾ അരിച്ചെത്തി തുടങ്ങിയ ഈ എഴുത്തsയാളങ്ങൾ ഒരു നാടിൻ്റെ സർഗാത്മക മുദ്രകളാണ്. നൈതിക ജാഗ്രതയുള്ള പൊതു ഇടങ്ങൾ വേരറ്റു തീരുന്ന ഈ കാലത്ത് ഇവ കരുതി വെക്കുന്നത് പോലും വലിയ സാംസ്കാരിക പ്രതിരോധമാണ്.
------------------------------------------------------------------------------------
✍🏻 സത്താർ കുറ്റൂർ