Saturday, 16 July 2016

പെരുന്നാൾ കൂട്ടം

പെരുന്നാൾ പ്രഭാതത്തിലെ എല്ലാ തിരക്കുകളും അൽപ നേരത്തേക്ക് മാറ്റി വെച്ചാണവർ വന്നത്.
അങ്ങനെ വന്നവരിൽ നല്ലൊരു പങ്കും പ്രവാസികളായിരുന്നു.
സ്വന്തം നാട്ടിൽ അപരിചിതരായി മാറുന്നതാണ് പല പ്രവാസികളുടെയും വേദന.
ഇവർക്ക് സ്വന്തം നാട്ടിൽ അന്യദേശക്കാരനെ പോലെ വഴി നടക്കേണ്ടി വരുന്നു.
തോളിൽ നിന്ന് കയ്യെടുക്കാത്ത നാട്ടു സൗഹൃദങ്ങൾ പോലും നഷ്ടപ്പെടുന്ന കാലത്ത് ചിരി മാഞ്ഞ മുഖങ്ങളെയാണ് അധികവും കാണാനാവുന്നത്.
കലാലയ മുറ്റങ്ങളിലും, കളിക്കളങ്ങളിലുമൊക്കെ ഒരു കാലത്ത്  ഒരു പാട് പിരിയാത്ത കൂട്ടുകാരുണ്ടായിരുന്നു.
 ജീവിതത്തിലേക്ക് സ്വാഭാവികമായി കടന്ന് വരുന്ന നാൽകവലകളിൽ വെച്ച് അവർ പല വഴിക്കായി പിരിഞ്ഞു.
പിന്നീട് പലപ്പോഴും അവർ കണ്ട് മുട്ടിയിട്ടും  പഴയ ബന്ധത്തിന്റെ ഊഷ്മളത മാത്രം തിരിച്ച് വന്നില്ല.
മറ്റ് ചിലരാവട്ടെ തമ്മിൽ കണ്ടിട്ടും കണ്ട ഭാവം പോലും നടിച്ചില്ല.
അവർ തമ്മിൽ ഒന്നുമുണ്ടായിട്ടില്ല.
അനിഷ്ടകരമായ ഒരു വാക്ക് പോലും അവർക്കിടയിൽ മൊഴിഞ്ഞിട്ടില്ല.
എന്നിട്ടും എന്തെന്നറിയില്ല .
വല്ലാത്തൊരു അകലം അവർക്കിടയിൽ നിലനിന്ന് പോന്നു.
കാലം ചെല്ലുംതോറും അതിന്റെ ദൂരം വർധിച്ച് കൊണ്ടേയിരുന്നു.

ഒന്ന് കൈ നീട്ടിയാൽ .......
ഒരു പുഞ്ചിരി വിരിഞ്ഞാൽ..........
ഉരുകി ഒലിച്ച്  തീരുമായിരുന്നു
അവർക്കിടയിൽ കയറിക്കൂടിയ എല്ലാ ഈഗോയും.
എന്നിട്ടും ഒന്ന് കൂടിയിരിക്കാൻ മാത്രം ആർക്കും സമയം കിട്ടിയില്ല.

പലർക്കും ഒന്ന് അടുത്തിരിക്കാൻ....
പഴയ ചങ്ങാതിമാരായി മാറാൻ.....
വല്ലാത്ത കൊതിയുണ്ടായിരുന്നു .
ഒരു തുടക്കം അതു മാത്രമാണ് ഇല്ലാതെ പോയത്.

വേളയിലാണ് ഒരു ദേശത്തിന്റെ ഓൺലൈൻ സാംസ്കാരിക കൂട്ടായ്മയായ 'തത്തമ്മക്കൂട്' നാട്ടു സൗഹൃദങ്ങളെ ഇന്നത്തെ പെരുന്നാൾ പ്രഭാതത്തിലേക്ക് വിളിച്ച് വരുത്തിയത്.

തലേ രാത്രി മുതൽ പെയ്തു തുടങ്ങിയ ചാറ്റൽ മഴയിൽ  തണുത്തുറഞ്ഞതായിരുന്നു പെരുന്നാൾ പ്രഭാതം.
പതിനെട്ട് തികഞ്ഞ ന്യൂ ജെൻ സഹോദരങ്ങൾ മുതൽ അൻപത് കഴിഞ്ഞ കാരണവൻമാർ വരെ ഇങ്ങനെ കൂട്ടുകൂടാനെത്തി.

എല്ലാവരും കൂടിയിരുന്ന് ആവി പറക്കുന്ന ചായ കഴിച്ചു.
പെരുന്നാൾ മധുരങ്ങൾ കൈമാറി .
ഇടതടവില്ലാത്ത ഹസ്തദാനങ്ങൾ നടന്നു.
സമ്പർക്കത്തിന്റെ
ചെറു കൂട്ടങ്ങൾ പിറന്നു.
തമാശകൾ ചിരി പരത്തി.
പിന്നെ എല്ലാവരും കൂടി വട്ടമിട്ട് നിന്നു.
ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി.
തുടരെ തുടരെ ഫ്ലാഷുകൾ മിന്നിക്കൊണ്ടേയിരുന്നു.
അതിന്റെ വെളിച്ചത്തിൽ
പുന സമാഗമത്തിന്റെ മഴവിൽ വർണ്ണങ്ങൾ വിരിഞ്ഞു.
വർണ്ണതെളിച്ചം കണ്ട് ഒരു ഗ്രാമം മുഴുവൻ എണീറ്റ് നിന്നു.
പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന പുതുവസ്ത്രങ്ങളണിഞ്ഞ കുഞ്ഞു മക്കൾ കാഴ്ച കൗതുകത്തോടെ നോക്കി നിന്നു.
ഒരു ദേശത്തിന് മേൽ സ്നേഹസമ്പർക്കങ്ങളുടെ പുതുമഴ പെയ്തിറങ്ങി.
പെരുന്നാളിന്റെ തിരക്കുണ്ടായിട്ടും  നാട്ടു കൂട്ടം പിരിയാൻ മടിച്ചു.
അത്രമേൽ ഹൃദ്യമായിരുന്നു
അന്നേരത്തെ നിമിഷങ്ങൾ.
അവസാനം എല്ലാവരും അണച്ച് പിടിച്ച് ആശ്ലേഷിച്ചു.
ചിനുങ്ങിപ്പെയ്യുന്ന മഴത്തുള്ളി പോലെ അവരുടെ കണ്ണിൽ നിന്ന് സ്നേഹത്തിന്റെ കണ്ണീർ തുള്ളികൾ ഇറ്റി വീണു.
പിന്നെ പെരുത്ത് സന്തോഷത്തോടെ
മൊഞ്ചുള്ള പെരുന്നാൾ പുലരിയിൽ സൗഹൃദത്തിന്റെ മധുരം കിനിയുന്ന കിനാവുകളെയും കൂടെ കൂട്ടി അവർ തങ്ങളുടെ നാട്ടു പാതകളിലൂടെ തിരിച്ച് നടന്നു...

-----------------------
സത്താർ കുറ്റൂർ

No comments:

Post a Comment