Friday, 21 September 2018

കാഞ്ഞിരപറമ്പൻ മുഹമ്മദലി



പളളിപ്പറമ്പ് @ 
കാഞ്ഞിരപറമ്പൻ മുഹമ്മദലി


🌹🌹 അകാലത്തിൽ വിട പറഞ്ഞ എന്റെ പ്രിയ ജേഷ്ഠ സഹോദരൻ🌹🌹
**************************
തത്തമ്മക്കൂട്ടിലെ ഇന്നത്തെ പള്ളിപ്പറമ്പിലെ സ്മര്യ പുരുഷൻ കാഞ്ഞിരപറമ്പൻ മുഹമ്മദലി എന്റെ ജേഷ്ട സഹോദരനാണ്.കൂട്ടിലെ ഏകദേശം 40 വയസ്സിന് മുകളിലുള്ളവർക്കെ അവനെ അറിയുകയുണ്ടാവുകയുള്ളൂ എന്നാണെന്റെ വിശ്വാസം. ഞങ്ങൾ 4 മക്കളായിരുന്നു. 3 ആണും ഒരു പെണ്ണും. കുടുംബത്തിലെ ആദ്യ കൺമണിയായി 1970-ലായിരുന്നു അവന്റെ ജനനം. ആയതിനാൽ എല്ലാവർക്കും അവനോട് വലിയ വാത്സല്ല്യമായിരുന്നു. കുഞ്ഞോൻ എന്നായിരുന്നു അവനെ വിളിച്ചിരുന്നത്,.വീട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ പ്രിയങ്കരനായിരുന്നു.പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടായിരുന്നു.മുതിർന്നവരോടെക്കെ നല്ല സൗഹാർദമായിരുന്നു. നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു. വിശാലമായ പാടങ്ങളും ഗ്രൗണ്ടുകളുമുണ്ടായിരുന്നു അന്ന്. ചെറിയ ടൂർണ്ണമെന്റുകളിലൊക്കെ കളിച്ചിരുന്നതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഫുട്ബോളിനെ അത്രമേൽ സ്നേഹിച്ചിരുന്നു. പരേതനായ കാഞ്ഞിരപറമ്പൻ അബ്ദുൾ കരീമിന് അവനോട് പ്രത്യേക വാത്സല്യമായിരുന്നു. അതു കൊണ്ടായി രിക്കാം അദ്ദേഹത്തിന്റെ ചെറിയ മകന് മുഹമ്മലി എന്ന പേരിട്ടത്. അദ്ദേഹമായിരുന്നു അവനെ കളിക്കാനായി കൂട്ടിന് പോയിരുന്നത്. ഫുട് ബോൾ മത്സരം കഴിഞ്ഞ് നേരം വൈകി രാത്രി വീട്ടിലെത്തിയതിന് ഞങ്ങളുടെ വലിയുപ്പ ശകാരിച്ചിരുന്നതായി ഞാൻ ഓർക്കുന്നു.  വീടിന്റെ മുറ്റത്ത് ഒരു പാട് നേരം പന്ത് തട്ടി അവനെന്നെ കളിപ്പിച്ചിരുന്നു. ഒരു കൊച്ചനുജനോടുള്ള സ്നേഹം അവനെന്നോടുണ്ടായിരുന്നു. ഞങ്ങൾ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീടിന് മുന്നിൽ ഇടവഴിയായിരുന്നു.വീട് പണിക്കുള്ള മരക്കഷ്ണങ്ങളും മറ്റും തലച്ചുമടായി വീട്ടിലെത്തിച്ചിരുന്നു. വീട് നിർമ്മാണ വേളയിൽ ആ ചെറുപ്രായത്തിൽ തന്നെ ഒരു പാട് കഷ് sപ്പെട്ടതായി ഞാൻ ഓർക്കുന്നു. ഇടക്കൊക്കെ ചില കുസൃതികളും ഒപ്പിക്കുമായിരുന്നു. രാത്രി ചാളക്കണ്ടിയിലെ ഉത്സവത്തിന് പോയതിന് ഉപ്പയെ അവിടേക്ക് കൂട്ടികൊണ്ട് വന്ന് ഞങ്ങളെ തല്ല് കൊളളിച്ചത് ഇപ്പോഴും ഓർമ്മയിൽ വരുന്നു.1984 മെയ് 12ന് ശനിയാഴ്ച ഞങ്ങളുടെ പിതാവി നെ റിയാദിലേക്ക് യാത്രയയക്കുന്നതിനായി കൊച്ചിയിലേക്കുള്ള യാത്രാസംഘത്തിൽ അവനുമുണ്ടായിരുന്നു. കരിപ്പൂരിൽ അന്ന് എയർപോർട്ട് ഇല്ലായിരുന്നു. ദൂരയാത്രയക്ക് എല്ലാവരും കൊതിക്കുന്ന കാലം.അബൂട്ടി മുസ്ലിയാരടക്കം പലരും അവനെ നിരുത്സാഹപ്പെടുത്തിയിട്ടും യാത്രയിൽ നിന്നുമവൻ പിൻമാറിയില്ല. മരണം അവനെ മാടി വിളിക്കുന്നുണ്ടാവണം. എന്റെ പിതാവിന്റെ കൂടെ റിയാദിലേക്ക് മലപ്പുറം മേൽമുറിയിലുള്ള ഒരു സുഹൃത്തുമുണ്ടായിരുന്നു. ഇരു കുടുബങ്ങളിലുമുള്ള 15-ഓളം പേർ ജീപ്പിലുണ്ടായിരുന്നു. രാവിലെ ആറ് മണിയോടു കൂടിയായിരുന്നു  വീട്ടിൽ നിന്ന് പുറപ്പെട്ടത്. തൃശൂരിനടുത്ത് ഒരിടത്ത് അവർ ചായ കുടിക്കാൻ ചെലവഴിച്ചു.രാവിലെ ഒമ്പതെ കാലിനാണ് ദാരുണമായ അത്യാഹിതം ഉണ്ടായത്. നാഷണൽ ഹൈവേയിൽ പുതുക്കാടിനടുത്തുള്ള പേരാമ്പ്രയിൽ വെച്ച് ഇവർ സഞ്ചരിച്ച ജീപ്പ് തൊട്ടുമുമ്പിലുണ്ടായിരുന്ന ലോറിയെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് മൂവാറ്റുപുഴയിൽ നിന്നു  കോളേജ് വിദ്യാർത്ഥികളുമായി വന്ന  ടൂറിസ്റ്റു ബസുമായി കൂട്ടയിടിച്ചത്.സുഹൃത്തിന്റെ കുടുംബത്തിൽ നിന്ന് 5 പേരും ഇവിടെ നിന്ന്  എന്റെ ജേഷ്ടനുമാണ് മരണപ്പെട്ടത്. എന്റെ വലിയുപ്പയും എളാപ്പയും ( Boss - കരീംക്ക ) അമ്മായിക്കയും അമ്മാവനുമെല്ലാം ജീപ്പിലുണ്ടായിരുന്നു. എളാപ്പ ഒഴികെ എല്ലാവർക്കും പരിക്കേറ്റി രു ന്നു. മരണ വാർത്ത എന്റെ വീട്ടിൽ അറിയിച്ചില്ലായിരുന്നു.    രാത്രിയിൽ വീട്ടിൽ ആളുകൾ ഒരുമിച്ചുകൂടിയപ്പോഴാണ് മരണപ്പെട്ടതായി അറിഞ്ഞത്. രണ്ടാം ക്ലാസിൽ പടിക്കുന്ന എനിക്ക് മരണമെന്തെന്നറിയില്ലായിരുന്നു.... ഒരു പാട് ആളുകൾ തടിച്ചു കൂടിയതും അവന്റെ  സമപ്രായക്കാർ വളരെ ദുഃഖത്തോടെ നിൽക്കുന്നതും മദ്രസയിലെ കുട്ടികളും ഉസ്താദുമാരും വീട്ടിലേക്ക് വന്ന തും അബൂട്ടി മുസ്ലിയാർ മരണവാർത്ത കേട്ട് ബോധരഹിതനായി നിലത്ത് വീണതും  ഉമ്മയുടെയും കുടുംബങ്ങളുടെയും കരച്ചിലും ഇന്നും ഒരോർമ്മയായി അവശേഷിക്കുന്നു. പുതിയ വീട്ടിൽ താമസമാക്കിയിട്ട് ഒരു മാസമെ ആയിട്ടുണ്ടായിരുന്നുള്ളു. ഞങ്ങളുടെ ഉമ്മയക് ആ ഷോക്കിൽ നിന്ന് മോചിതയാകാൻ വർഷങ്ങളെടുത്തു. ആ സമയങ്ങളിൽ അവന്റെ സുഹൃത്തുക്കളെ കാണുമ്പോൾ ഞങ്ങളുടെ വലിയുമ്മ  കരയുമായിരുന്നു. അപകടം  സംബന്ധിച്ച റിപ്പോർട്ടുള്ള രണ്ട് പത്രങ്ങൾ (മാതൃഭൂമി, എക്സ്പ്രസ്സ്) ഇപ്പോഴുമെ ന്റെ  വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവന്റെ മരണശേഷം ഞങ്ങളുടെ പിതാവ്  അവന്റെ പേരിൽ ഞങ്ങളുടെ വീടിന് സമീപം കുറച്ച് ഭൂമി വഖഫ് ചെയ്ത് ചെറിയൊരു നമസ്ക്കാരപ്പള്ളി നിർമ്മിക്കുകയുണ്ടായി.  വർഷങ്ങൾക് ശേഷം ആ  പള്ളി പുനർനിർമ്മിക്കുകയുണ്ടായി. കണ്ണമംഗലം എടക്കാപറമ്പ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിലാണ്  മറമാടിയത്. വേർപാട് ഒരു നൊമ്പരമായി മാറുമ്പോഴും ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോഴും മിഴിയിതളിൽ കണ്ണീർ കടലായി ഒഴുകുമ്പൊഴും സ്വപ്നങ്ങളിൽ ഇന്നും മായാതെ എന്റെയുള്ളിൽ എന്റെ കുഞ്ഞോൻ എന്നുമുണ്ടാകും...... അവനെയും നമ്മളേയും  നമ്മളിൽ നിന്ന് മരണപ്പെട്ട് പോയവരെയും നാഥൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാവട്ടെ.. ആമീൻ..... 
----------------------------------------------------
മുഹമ്മദ് സലീം കാഞ്ഞിരപറമ്പൻ



മുഹമ്മദലി: മദ്രസപുസ്തകത്തിലുറ്റി വീണ കണ്ണീർ തുള്ളി
**************************
ആദ്യമേ പറയട്ടെ,
മുഹമ്മദലിയെ മുഖ പരിചയമുള്ള ഒരാളല്ല ഞാൻ.
അവന് താഴെയുള്ള സഹോദരങ്ങളെ നോക്കിയാണ് ആ വിയോഗത്തിന്റെ വേദനകളെ അന്നേ ഉള്ളിലോർത്തു വെച്ചത്. ഇളയ
സഹോദരൻ സലീം എന്റെ സഹപാഠിയായിരുന്നു..
ആ പ്രായത്തിൽ ഒരു മദ്രസ കുട്ടിയുടെ മരണ വാർത്ത നമ്മുടെ നാട്ടിൽ നിന്ന് അതിന് മുമ്പോ ശേഷമോ കേട്ടതായി ഓർക്കുന്നില്ല..
ഇതൊക്കെ കൊണ്ട് തന്നെയാവും മുഹമ്മദലിയുടെ മരണം ഇന്നും ഓർമ്മയിലെവിടെയോ നീറ്റലായി കിടക്കുന്നത്..
പിതാവിനെ പ്രവാസത്തിലേക്ക് യാത്രയാക്കാൻ പോകും വഴിയാണ് ഈ കൗമാരക്കാരൻ അപകടത്തിൽ പെടുന്നത്..
ഉള്ളിലോർത്തു വെക്കാവുന്ന  കൗതുകങ്ങളാണ് ഏതൊരാൾക്കും ദൂര യാത്രകൾ. ആ കൗതുകം തന്നെയാവും ഈ കൗമാരക്കാരനെയും പൊന്നുപ്പയെ അനുഗമിച്ച് കാതങ്ങൾക്കപ്പുറത്തേക്ക് യാത്ര തിരിക്കാൻ പ്രേരിപ്പിച്ചതും.
കളി മൈതാനങ്ങളിലും ചങ്ങാതിക്കൂട്ടങ്ങളിലും പ്രിയങ്കരനായിരുന്നു  മുഹമ്മദലി. വീട്ടിലും അയൽപക്കത്തുമെല്ലാം നല്ല ഓർമ്മകൾ മാത്രമാണവൻ ബാക്കിവെച്ചത്.
കള്ളിവളപ്പിലെ കളി മൈതാനങ്ങളിൽ അവൻ നിറഞ്ഞ് നിന്നു.
നാട്ടു സായാഹ്നങ്ങളിൽ കൂട്ടുകാരോടൊത്തു കൂടി. 
നല്ലൊരു ഫുട്ബോൾ പ്ലെയറായിരുന്നു. ആ കളി മികവ് കണ്ട് കൂടെയുള്ളവർ ആർത്ത് വിളിച്ചു..
മുഹമ്മദലിയുമൊത്തുള്ള സൗഹൃദ കാലത്തെ കുറിച്ച് ഈയടുത്തും ഒരു സുഹൃത്ത് ഓർത്തു പറഞ്ഞു..
ഒരു വീട് പോലെ കഴിഞ്ഞ ഒരയൽപക്കക്കാരൻ.
ഇഴപിരിയാത്ത ആ ബന്ധത്തെ കുറിച്ച് പറഞ്ഞ് തീരുമ്പോൾ ഓർമ്മയുടെ ചെറു നനവ്  അവന്റെ കണ്ണിൽ പൊടിഞ്ഞിരുന്നു.
നീണ്ട മൂന്നര പതിറ്റാണ്ടിനിപ്പുറത്തും മുഹമ്മദലിയെ ഉള്ളിൽ കൊണ്ട് നടക്കുന്ന ആത്മബന്ധങ്ങളുണ്ടെന്നത് ആ ഹൃസ്വ ജീവിതത്തിന്റെ നൻമ തന്നെയാണ്.

മരണത്തിന്റെ ആഘാതത്തിൽ ആ  വേദനകളത്രയും തളം കെട്ടി നിന്ന മദ്രസയിലെ നാളുകൾ മറക്കാനാവില്ല.ആ സങ്കടപ്പെയ്ത്തിൽ വാക്കുകൾ ഉള്ളിൽ കുരുങ്ങി..
മരണ പിറ്റേന്ന്
അവന്റെ ക്ലാസിലെ പാതി തുറന്നിട്ട ജനൽ പാളിയിലൂടെ  ചങ്ങാതിമാരുടെ കണ്ണീർ നനവുകളെ ഒന്നാം ക്ലാസിന്റെ വാതിൽപടിയിൽ ചാരി  നോക്കി നിന്നതോർമ്മയുണ്ട്.  
കുട്ടികളെല്ലാം കൂടിയിരുന്ന് ആ സഹപാഠിക്ക് വേണ്ടി ഫാതിഹ ഓതിയതും പ്രാർത്ഥനക്കിടയിൽ  കണ്ഠമിടറി വാക്കുകൾ കിട്ടാതെ ഉസ്താദ് വിങ്ങിപ്പൊട്ടിയതും മറക്കില്ല..
കണ്ണീര് തോരാത്ത അവന്റെ ചങ്ങാതിമാരുടെ തോളിൽ കൈവെച്ച് അബൂട്ടി മുസ്ല്യാർ ആശ്വാസത്തിന്റെ വാക്കുകൾ കൊണ്ട് കണ്ണീരൊപ്പിയതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..

അള്ളാഹു അവന് സ്വർഗം നൽകട്ടെ,
---------------------------
സത്താർ കുറ്റൂർ



മുഹമ്മദലി
*************
ഒരു പാട് തവണ നേരിൽ കണ്ട കുട്ടി. അൽ ഹുദയുടെ എതിർവശത്ത് ഉണ്ടായിരുന്ന ഗ്രൗണ്ടിൽ നടന്ന 15 വയസ്സിന് താഴെയുള്ളവരുടെ ഫുട്ബോൾ ടൂർണ്ണമെന്റാണ് ഓർമ്മ വരുന്നത്.
അന്ന് നടന്ന ഫൈനൽ മൽസരത്തിൽ ശിവരാമേട്ടൻ റഫറിയും ഞാനും കുഞ്ഞാകനും(Late) ലൈൻ റഫറിമാരുമായിരുന്നു. അന്ന് ടൂർണ്ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്തത് മുഹമ്മദലിയെ യാ യി രു ന്നു.
പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കുറ്റൂരിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ മരണം നടന്നത്.
ഇപ്പോഴും മുഹമ്മദലിയെ ഒർമ്മ വരുന്നു. ഒരിക്കലും മറക്കാൻ കഴിയില്ല ആ കുട്ടിയെ -
മുഹമ്മദലിയെയും നമ്മളെയും നാഥൻ സ്വർഗ്ഗത്തിൽ ഒരു മിച്ച് കുട്ടട്ടെ -ആമീൻ
അപകട മരണത്തെ ത്തൊട്ട് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ -
ആമീൻ
-----------------------------------------
എം.ആർ.സി അബ്ദുറഹ്മാൻ



ചില മരണങ്ങൾ നമ്മുടെ മനസ്സിൽ നിന്നും മായാതെ വല്ലാത്തൊരു നീറ്റലായി നില നിൽക്കും.
**************************
എന്റെ കൂട്ടുകാരനും, സാഹപാഠിയുമായിരുന്ന മുഹമ്മദലിയുടെ മരണവും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന  പ്രിയ സ്നേഹിതൻ KP കരീമിന്റെ മരണവും  ഇതിൽ ചിലതായി,സങ്കടങ്ങളായി ഇന്നും വേദനയോടെ നിൽക്കുന്നു. 

സുന്ദരനായ മുഹമ്മദലിയുടെ  വശ്യമായ ചിരിയും ഫുട് ബോളിലുള്ള കഴിവും നാട്ടുകാരുടെ ഇഷ്ട്ട മകനാക്കി മാറ്റി. 

കുറ്റൂരിൽ 84 കളിൽ ഫുട് ബോൾ ജ്വരം വലിപ്പചെറുപ്പമില്ലാതെ എല്ലാരിലും കയറിയ കാലം...ടൂർണ്ണമെന്റുകളും,മാച്ചുകളം തലങ്ങും വിലങ്ങും നടക്കുന്ന നേരം. കൽകത്താ  ക്ലബ്ബുകളായ മുഹമ്മദൻസിനും,മോഹൻബഗാനും,ഈസ്ററ് ബംഗാളിന്റേയും ആരാധകരുടെ തർക്കങ്ങളും,വെല്ലുവിളികളും ,പന്തയങ്ങളുമായി ശബ്ദമുഖരിതമാവാറുള്ള  കുറ്റൂരിലെ ജുംഗഷൻ...അവിടെയാണ് കളി കമ്പക്കാരനായ മുഹമ്മലി പന്ത് തട്ടി കളിക്കാൻ വന്നിരുന്നത്.

എന്റെ വീട്ട് മുറ്റത്ത് പന്ത് തട്ടി കളിക്കുമ്പോൾ മുഹമ്മദലിയും പലപ്പേഴും വരാറുണ്ട്..പന്തിന്റെ കൂടെ ഞങ്ങൾ പാഞ്ഞു മടുക്കുകയല്ലാതെ മുഹമ്മദലിയുടെ കാലിൽ നിന്ന് പന്ത് ഞങ്ങൾക്ക്  കിട്ടാൻ  കുറച്ച് പണിയായിരിന്നു   

മുറ്റത്തെ കളിയിൽ  ചിരിച്ച് കൊണ്ട് പന്തുമായി പായുന്ന മുഹമ്മലിയാണ് ഇന്നു മനസിൽ  മായാതെ നിൽക്കുന്നത്. 

മുഹമ്മലിയുടെ  മരണം നാട്ടുകാരെ ഒന്നടങ്കം കരയിപ്പിച്ചതാണ്.വീട്ടുകാർക്ക് എത്രത്തോളം അഘാതമുണ്ടാക്കിയിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്നത്തെ പോലെ ഫോൺ സൗകര്യമില്ലാത്ത അന്ന് കുറ്റൂരിലെ പള്ളിക്ക് മുന്നിലുള്ള കുട്ട്യാലി കാക്കാന്റെ [ എന്റെ മൂത്താപ്   اللهم اغفر له وارحمه ] പീടികയിൽ ഇരുന്ന്  പത്രത്തിൽ വാർത്ത വായിച്ച് ആംബുലൻസും വരുന്നതിന്റെ സമയം ഊഹിച്ച്  നാട്ടുകാർ കാത്തിരുന്നത്  ഓർമ്മയിൽ വരുന്നു. 

മയ്യിത്ത് സന്ദർശിക്കാൻ പോയ പ്പോൾ കൂട്ടുകാരനായ എന്നെ കണ്ടപ്പോൾ വലിയുമ്മ പൊട്ടികരഞ്ഞതും,പള്ളിയിലേക്ക് എടുത്തപ്പോൾ വീട്ടിലെ ഗ്രിൽസ് പിടിച്ച് വലിയുമ്മയുടെ നിയന്ത്രണം വിട്ട നിലവിളിയും മനസിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. 

അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ട امين
------------------------------
ലത്തീഫ് അരീക്കൻ



അകാല ത്തിൽ കുടുംബത്തെ വിട്ട് പിരിഞ്ഞ മുഹമ്മദലിക്കയെ കുറിച്ച് മൂത്താപ്പയിൽ (സലീം കാന്റെ പിതാവ്)നിന്നും കേട്ടിട്ടുണ്ട്. സ്വഭാവ വിശേഷണഠ തന്നെയായിരുന്നു ആ വാക്കുകളിലുടനീളം നിറഞ്ഞ് നിന്നിരുന്നത്.കുടുംബത്തിലെ തന്നെ ഒരംഗത്തിന്റെ വരികളിലൂടെ അറിഞ്ഞതിലും അപ്പുറം അറിയാനായി.ആയുസ്സിന്റെ ദൈർഘ്യം കുറവാകുമ്പോൾ അത്തരം വ്യക്തികളുടെ പെരുമാറ്റം അസാമാന്യ രീതിയിൽ ഉള്ളതായിരിക്കും എന്ന് മുതിർന്നവരിൽ നിന്നും കേട്ടിട്ടുണ്ട്. ഏതായായും ഒരു പ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി സൃഷ്ടാവിന്റെ വിളിക്ക് ഉത്തരം നൽകിയ അദ്ദേഹത്തെയും നമ്മേയും പടച്ചവൻ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
ആമീൻ
-----------------------
അഹമ്മദ് കുറ്റൂർ