Friday, 19 October 2018

തത്തമ്മക്കൂട് കത്തെഴുത്ത് മത്സരം വിജയികൾ





========================================================================================================
കത്തെഴുത്ത് മത്സര വിജയികളുടെ രചനകൾ
================================================



12/10/2018
കക്കാടംപുറം

പ്രിയ സ്നേഹിതന് സുഖമാണെന്നു കരുതുന്നു. നീ അയച്ച കത്തു കിട്ടി വായിച്ചു സന്തോഷിക്കുന്നു. ഒപ്പം മറുപടി അയക്കാൻ താമസിച്ചതിലെ നിന്റെ പരിഭവം ഞാൻ മനസ്സിലാക്കുന്നു. ഇവിടെ എനിക്ക് പുതിയ ചില നല്ല കൂട്ടുകാരെ കിട്ടിയിരിക്കുന്നു. അവരോട് സംസാരിച്ചും അവരുടെ വിശേഷങ്ങളിൽ പങ്കെടുത്തും കഴിയുന്നതിനിടയിൽ പലപ്പോഴും മറ്റുകാര്യങ്ങൾക്ക് സമയം തികയാറില്ല എന്നതാണ് സത്യം. നീ കരുതുന്നതുപോലെ പണ്ട് നമ്മൾ വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കുന്നത് പോലെയുള്ള ഒരു കൂട്ടുകെട്ടിനെ പറ്റിയല്ല ഞാൻ പറയുന്നത്. പറഞ്ഞുവരുന്നത് ഞങ്ങൾ തുടങ്ങിയ പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചാണ് പേര് "തത്തമ്മക്കൂട്" ഒരുപാട് ഗ്രൂപ്പുകളിൽ ഞാനും നീയുമൊ അംഗങ്ങളാണെങ്കിലും തത്തമ്മക്കൂട് അതിൽനിന്നൊക്കെ വേറിട്ടുനിൽക്കുന്നു. കർശനമായ പെരുമാറ്റച്ചട്ടത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇന്ന് ഞങ്ങളുടെ നാടിന്റെ ഒരു പരിച്ഛേദമായി മാറിയിരിക്കുന്നു. വളർന്നുവരുന്ന പുതുനാമ്പുകളെ അക്ഷരങ്ങളോട് അടുപ്പിക്കുകയും സർഗാത്മകത വളർത്തുകയും ചെയ്യുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇരുളാർന്ന പോയകാലത്തെ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഊഷ്മളമായ സൗഹൃദത്തിന്റെ സൗരഭ്യം ഒരുഗ്രാമം മുഴുവൻ പരത്തുക എന്നതും തത്തമ്മക്കൂടിന്റെ സ്വപ്നമത്രെ. ആരോടും കടപ്പാടുകളില്ലാതെ തിരക്കഭിനയിച്ച് സ്വന്തത്തിലേക്ക് ചുരുങ്ങി പരിസരത്തുനിന്നുയരുന്ന നിലവിളികളിൽ കാതുകൾ പൊത്തിപ്പിടിക്കുന്ന യുവസമൂഹത്തെ സാമൂഹിക ബോധമുള്ളവനാക്കി മാറ്റാനും തത്തമ്മക്കൂടിനു കഴിഞ്ഞിരിക്കുന്നു. ഞായറാഴ്ചകളിൽ ഏറെക്കുറെ ശാന്തമായുറങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പ് തിങ്കളിന്റെ പൊൻപുലരിയിൽ തുടങ്ങുന്ന സൗഹൃദസദസ്സോടെ സജീവമായി തുടങ്ങും. ജീവിതത്തിന്റെ പരക്കംപാച്ചിലിനിടയിൽ അന്യരായി തീർന്ന ഒരുപാട് ദേഹങ്ങളെ പരസ്പരം സ്വന്തക്കാരാണെന്നും അയൽവാസികളാണെന്നും തിരിച്ചറിയാൻ സൗഹൃദസദസ് പലപ്പോഴും നിമിത്തമായിട്ടുണ്ട്. ശുദ്ധ സംഗീതത്തിന്റെ ഇശൽ പെയ്തിറങ്ങുന്ന ചൊവ്വാഴ്ചകൾ കൂട്ടിലെ സംഗീതപ്രേമികൾക്ക് മാപ്പിളപ്പാട്ടുകൾ കൊണ്ടും അനശ്വരഗാനങ്ങൾ കൊണ്ടും മനം നിറക്കുന്ന ദിവസമാണ്. ബുധൻ വ്യാഴം ദിവസങ്ങളിൽ നടക്കുന്ന കുരുത്തോല പുതുതായി എഴുതിത്തുടങ്ങുന്നവരുടെ പ്രതീക്ഷയാണ്. പരിചയസമ്പന്നരുടെ രചനകളെ വെല്ലുന്നതരത്തിലുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ കുരുത്തോല ഏറെ സഹായിച്ചിട്ടുണ്ട്. പള്ളിപ്പറമ്പ് എന്ന് പേരിട്ട് വെള്ളിയാഴ്ചകളിൽ നടക്കുന്ന അനുസ്മരണങ്ങളിൽ കൂടി മൺമറഞ്ഞുപോയ പൂർവികരെയും അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരെയും ഓർത്തെടുക്കാൻ സഹായകരമായിട്ടുണ്ട്. ഇങ്ങിനെയൊരാൾ  ഇവിടെ ജീവിച്ചിരുന്നു എന്ന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഓരോ നന്മ നിറഞ്ഞ സ്മരണകളും. ശനിയാഴ്ച നടക്കുന്ന തൽസമയ ക്വിസ് മത്സരം അറിവിനെയും ഓർമ്മശക്തിയെയും പരീക്ഷിക്കുന്ന ഒന്നാന്തരം മത്സരമാണ്. വേഗതയും ചടുലതയുമായിരുന്നു പലപ്പോഴും വിജയികളെ നിശ്ചയിച്ചിരുന്നത്. തത്തമ്മക്കൂടിന്റെ വിശേഷങ്ങൾ ഇനിയും നിരവധിയാണ്.  ദീർഘിച്ച എഴുത്ത് നിന്നെ മുഷിപ്പിക്കും എന്നുള്ളതുകൊണ്ട് തൽക്കാലം ചുരുക്കുന്നു. ഓൺലൈനിൽ നിന്ന് മണ്ണിലേക്കിറങ്ങി ചില ഒത്തുചേരലുകളും തത്തമ്മക്കൂടിന്റെ ബാനറിൽ നടന്നിട്ടുണ്ട്. അതിന്റെ വിശേഷങ്ങൾ നിന്റെ മറുപടിക്കുശേഷം എഴുതാം എന്ന പ്രതീക്ഷയോടെ തൽക്കാലം നിർത്തുന്നു.

പ്രിയ സ്നേഹിതൻ
✍🏻ഫൈസൽ മാലിക്ക് വി.എൻ
------------------------------------------------------------------------------------------------------------------------------------------------


اسلام علىكم    

 ന്റെ  ചെങ്ങായിക്ക്, 
     
എന്തൊക്കെ അന്റെ വർത്താനം, അന്റെ പഠിത്തം ഒക്കെ  എങ്ങനണ്ട്....? മംഗലാപുരത്തെ  കോളേജ് ജീവിതം എങ്ങനെ പോണ്..? അന്നെ ഒക്ക  കാണാൻ പൂതി ആയെടാ, ഇജ്ജ്  ഞ്ഞ്  എന്നാണ്  നാട്ടിൽക്ക് പോര്നത്...? വിവരങ്ങളൊക്കെ  ഒന്ന് അറിയിക്ക്. നാട്ടിൽ ഞമ്മക്ക്  ഇവിടെ  പരമസുഖാണ്,കഴിഞ്ഞ ആഴ്ച കൊറച്ച്  മഴ  കിട്ടീക്ക്ണ്, ന്നാലും നല്ല  ചൂട് ണ്ട്.വേറെ  ന്തൊക്കെ...?  ഒരു സന്തോഷം പറയാനാണ് ഞാനിത് എഴുത്ണത്, ഞമ്മളെ കുറ്റൂർ ലെ  സത്താർസാഹിബ്‌  ണ്ടാക്കിയ  ഒരു  വാട്സ്ആപ്പ് ഗ്രൂപ്പ്‌ണ്ട്, പേര്  തത്തമ്മക്കൂട്. സോഷ്യൽ മീഡിയ  ഉപയോഗിക്ക്ണ ന്നെ  പോലെ ള്ളവര്  24 മണിക്കൂറും അയിലാണ്. കാരണം  ആഴ്ചയിൽ  7 ദിവസും വ്യത്യസ്ത പരിപാടികൾ  കൊണ്ട് കൂടെപ്പോഴും  സജീവാണ്.പല പ്രായക്കാരും പല  കുടുംബക്കാരും  ഒത്തു ചേർന്ന് ഒരമ്മ പെറ്റ മക്കളെ മാതിരി  ഒറ്റക്കെട്ടാണ്. കൊർച്ചീസം മുമ്പ്  കുറ്റൂരിലെ RPT  ഗ്രൗണ്ടിൽ വെച്ച് 'നാട്ടൊരുമ' എന്ന പേരിൽ കൂടിന്റെ ഗംഭീരമായ ഒരു  സംഗമവും നടന്നു.ആ  ഗ്രൗണ്ടിന്റെ പഴേ പേര് 'അണകുത്തി മൈതാനം' ആണെന്ന്  ഞാനൊക്കെ അപ്പളാണ് അർഞ്ഞത്. കൂട്ടിലെ തത്തകൾ എല്ലാരും  കൂടി  നാടിന്റെ ചരിത്രം മാറ്റി കുറിച്ചു എന്നാണ് അയിനെ പറ്റി  ഞാൻ കേട്ടത്.വേങ്ങര SI  സാറിനെ ആദരിക്കലും  വെള്ളപ്പൊക്കത്തിൽ  സഹായം ചെയ്തു കൊട്ത്ത ഞമ്മളെ നാട്ടിലെ ക്ലബുകളെ അഭിനന്ദിക്കലും ഫിറോസ് ബാബു സാറിന്റെയും  ഞമ്മളെ നാട്ടിലെ കൊർച്ച് ആൾക്കാരുടെയും പാട്ടുകളും എല്ലാം കൂടി പരിപാടി ജോറായി.പന്തൽന് പൊറ്ത്ത് നല്ല മഴ ണ്ടെയ്നു.ആ തണ്പ്പിൽ  നല്ല ചൂടുള്ള ചായിം കേക്കും കിട്ടി.കൂട്ടിൽ എല്ലാ തിങ്കളാഴ്ച്ചിം സൗഹൃദ സദസ്സ് നടക്കും.കൂട്ടിലെ ആരെങ്കിലുമൊരാൾ കൂടിന്റെ തായേരീൽ ള്ള ചാര് കസാലീൽ കേറി ഇര്ക്കും.പിന്നെ ബാക്കിള്ളോൽ എല്ലാരും കൂടി ഓരോരോ  ചോദ്യങ്ങൾ ചോദിച്ചോണ്ടിര്ക്കും. ഈ പരിപാടിക്ക് ചായ സൽക്കാരം എന്നും പറയും.ചൊവ്വാഴ്ച്ച കൂട്ടിൽ ഇശൽ കൂടാണ്.മിക്കവാറും കുറ്റൂർ കാരനായ സിറു ആണ് പാട്ട് പാടി കൂടുണർത്തൽ,പിന്നങ്ങട്ട് പാട്ടോട് പാട്ടാണ് .കൂട്ടിലെ മിക്ക തത്തകളും കൊർച്ചെങ്കിലും ഒന്ന് മൂളി നോക്കും .ബാക്കിള്ളോൽ അയിന് പുഗ്ഗും ലൈകും ഒക്കെ ഇട്ടൊട്ക്കും. ബുധനും വ്യാഴും കുരുത്തോലണ്ട്.ഞമ്മളെ ഉള്ളിൽള്ള കഴിവുകൾ  ഇട്ത്ത് കാട്ടാൻ പറ്റിയ ചാൻസ്.ഞാനൊക്കെ അതിലെഴുതിയ കഥകളും കുറിപ്പുകളുമൊക്കെയാണ് അൻക്ക് അയച്ചു തന്നീനത്.ഇന്നെ പോലെ ള്ള കൊറേ ആൾക്കാര് എഴുതാനും പാടാനും ഒക്കെ തൊടങ്ങീത് തത്തമ്മക്കൂട്ടിൽ നിന്നാണ്.പിന്ന വെള്ളിയാഴ്ച്ച ഞമ്മളെ നാട്ട്ന്ന് മണ്മറഞ്ഞ പൂർവ്വികരെ ഓർമിക്ക്ണ പരിപാടി,ദുആകളും ഓർമ്മ കുറിപ്പുകളും ഒക്കെ ആയിട്ട് അന്നത്തെ ദിവസത്തെ പരിപാടി ന്റെ പേര് 'പള്ളിപറമ്പ്'.ശനിയാഴ്ചയാണ് പൂരം,രാത്രി ഏതേങ്കിലൊരു തത്ത മാസ്റ്ററായി വെരും. കൃത്യം 10 മണിക്ക് തൊടങ്ങ്ണ ക്വിസ്സ്മത്സരത്തിൽ പത്തോ പതിനഞ്ചോ ചോദ്യങ്ങള്ണ്ടാകും.കൂടുതൽ ശരിയുത്തരം പറഞ്ഞ ആൾക്ക് സമ്മാനണ്ട്. കൊറേ അറിവ് കിട്ട്ണത് കൊണ്ട്  ഏകദേശം എല്ലാരും സ്ഥിരമായി അയിൽ പങ്കെട്ക്കും. ക്വിസ്സ് ഒര് വട്ടം ഞാനും നടത്തി നോക്കീനി. പിന്ന ഇതൊക്കെ കൂട്ടി ചേർത്ത് ഞായറാഴ്ച രാവിലെ വാരാന്ത്യ വാർത്ത ണ്ട്.അതും ഞമ്മളെ സിറൂന്റെ മധുര ശബ്ദത്തിൽ! ചുരുക്കി പർഞ്ഞാൽ  എന്നും ആനന്ദം തന്നെ. മന്സിനും ശരീരത്തിനും ഒരേ പോലെ  സന്തോഷം  കിട്ട്ണ പരിപാടികൾ. ഇത്ര നല്ലൊരു വാട്സ്ആപ്പ് ഗ്രൂപ്പ് ഞമ്മളെ നാട്ടിൽ  വേറെ ഇല്ല.അനക്ക്  താല്പര്യം ണ്ടെങ്കിൽ  അന്നിം കൂടി അയിൽ  ആഡ് ചെയ്യാൻ  ഞാൻ പറഞ്ഞോള,  വേറെ പ്പൊ ഒന്നും എഴുതാനില്ല. ബാക്കി ഒക്കെ ഞമ്മക്ക്  നേരിട്ട്  കണ്ട് പറയാം.. തൽക്കാലം നിർത്തട്ടെ, മറുപടി പ്രതീക്ഷിച്ച് കൊണ്ട്. 

സ്നേഹപൂർവ്വം
✍🏻 ജുനൈദ് കള്ളിയത്ത്
---------------------------------------------------------------------------------------------------------------------------------------------


✉✉✉✉✉✉✉✉✉✉✉✉
ഏക ഇലാഹിന്റെ കരുണാ കടാക്ഷത്താൽ എന്റെ പ്രിയ തത്തകൾക്ക് സ്നേഹത്തോടെ ഞാനെഴുതന്നത്. 
            നിങ്ങളുടെ കൂടെകൊത്തിയും പൊറുക്കിയും പാറിപ്പറന്നും മനസിന്റെ ചില്ലയിൽ സൗഹൃദത്തിന് കൂടുകൂട്ടിയ ഒരു കുട്ടിത്തത്ത കുത്തിക്കുറിക്കുന്നത്.ആദ്യമായ് ഞാൻ അറിയുന്ന എന്നെ അറിയുന്ന എല്ലാ തത്തകൾക്കും സ്നേഹം അറിയിക്കട്ടെ.കത്തെഴുതോർമയിൽ തങ്ങിനിൽക്കുന്ന മറക്കാനാവാത്ത കത്ത്‌ ചിലപ്പോൾ ഇത് തന്നെയാവും. 
ഇതിലും സുന്ദരമായ ഒരു എഴുത്ത് ഞാനെഴുതിയതായി ഞാനോർക്കുന്നില്ല.. 
എഴുത്തിന്റെ കാര്യത്തിൽ വളരെ മോശമായ ഞാൻ പലപ്പോഴും മറ്റ്‌ കൂട്ടുകാരുടെ എഴുത്തുകൾ കണ്ട് അധിശയതോടെ നോക്കി നില്കുകയും പിന്നെ ആരും കാണാതെ അത്പോലെ എഴുതിനോക്കുകയും ചെയുന്ന ഒരു പതിവ് സ്വഭാവം എന്നിലുണ്ടായിരുന്നു. അങ്ങിനെ യാണ് അക്ഷരങ്ങളുടെ സൗധര്യത്തിൽ ആകർഷ്ടിതനായി പല ഹാന്റ് റൈറ്റുകളും പരീക്ഷിച്ചു തുടങ്ങിയത്.. ബങ്ങിയുള്ള.ഒരെഴുത്തെഴുതാൻ കൊതിച്ച നാളുകളിൽ കളിയാക്കിയവരും പ്രോത്സാഹിപ്പിച്ചവരും ഇന്നും എന്റെ ഉള്ളിൽ ഒരു നല്ല കൂട്ടായ് ഓർമകളിൽ ഓടിയെത്താറുണ്ട്. സ്കൂളിൽ നിന്ന് എഴുതിപ്പടിച്ച അക്ഷരക്കൂട്ടുകൾ ജോലിക്ക് പോയിടത്തു നിന്ന് അയക്കുന്ന  ഇല്ലന്റിലൂടെയാണ് ആദ്യമായ് ഉപ്പ വായിച്ചത് അന്ന് ആ എഴുത്ത് ഒരു വിധത്തിൽ ഉപ്പാക്ക് മാത്രമേ വായിക്കാൻ കഴിയുമായിരുന്നുള്ളൂ എന്ന് വീട്ടുകാർ പറയാറുണ്ടായിരുന്നു.വളഞ്ഞും പുളഞ്ഞും എഴുതിതുടങ്ങിയ ആ കത്തെഴുത്ത്‌ വരികളിലൂടെ തെളിഞ്ഞു വന്നത് നിരവധി നാളുകളുടെ പരിശ്രമത്തിന്റെ ഫലമായിരുന്നു. പേനയിൽ നിന്നൂർന്നിറങ്ങുന്ന നിറങ്ങൾ പിന്നെ മനസ്സിൽ വർണങ്ങൾ വിതറുകയായിരുന്നു.. അന്നൊക്കെ കത്തെഴുത്ത്‌ വല്ലാത്തൊരു ആവേശമായിരുന്നു. മറുവടി എത്തുമ്പോൾ ജോലിക്ക് ഇടയിൽ വായിക്കാൻ അന്ന് അനുവാദം ഇല്ലായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് കുളിക്കുന്നത്തിന് മുമ്പ് ആ കത്ത്‌ വായിക്കുമ്പോൾ ഉള്ള ഒരു റിലേക്സേഷൻ ഒന്ന് വേറെതന്നെയാണ്..ആ സ്നേഹത്തിന്റെ മധുരവും ഹൃദയബന്ധങ്ങളുടെ തുടിപ്പും അകൽച്ചയുടെ നൊമ്പരവും ഒരൊറ്റ ഇരുപ്പിൽ അനുഭവിക്കുന്ന ആ   കത്തെഴുത്തോർമകളെ വീണ്ടും കോർത്തിണക്കാൻ അവസരമൊരുക്കിയ  ഈ കൂടിനും അഡ്മിൻ ഡസ്കിനും എങ്ങിനെ നന്ദി പറയും. ഉരുപാട് പഴയകാല ഓർമകളിലേക്ക് മനസ്സിനെ മാടിവിളിക്കുന്ന ലേഖനങ്ങൾ വായിച്ചതും ആസ്വദിച്ചതും ആനന്ദം കൊണ്ടതും ഈ കൂട്ടായ്മയിലൂടെ കിട്ടിയ വലിയ സൗഭാഗ്യമാണ്.ഒരുപാട് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നല്ല മനസ്സുകൾ ഉള്ള ഈ കൂട്ടായ്മയിൽ അംഗമാകാൻ കഴിഞ്ഞതിലും ഞാനിന്ന് സംതൃപ്തനാണ്.. എന്നെ സംബന്ധിച്ചിടത്തോളം ഈ കൂട് ഒരു വലിയ ആത്മവിശ്വാസമാണ് എനിക്ക് സമ്മാനിച്ചത് തെറ്റുകൾ കണ്ടാൽ പി എം ഇൽ വന്ന് തിരുത്തി തന്നും പൂക്കളും ലൈകും തന്നും നൽകിയ പ്രോത്സാഹനങ്ങൾക്കും സഹകരണങ്ങൾക്കും നന്ദിയുണ്ട്. കൊരങ്ങൻ പൂമാല കിട്ടിയപോലെ എന്ന് പറഞ്ഞ പോലെ ഞാൻ എനിക്കുപോലും അറിയാതെ കുറെ എന്തൊക്കെയോ എഴുതി വിട്ടു അതിന് ഈ കൂടും കൂട്ടുകാരും തന്ന ലൈകും കമൻസും കിട്ടിയപ്പോൾ എന്നിൽ തിരതല്ലിയത് എന്തെന്നില്ലാത്ത ആവേശമാണ്.. ഏറെ ഹൃദ്യമായ ഗാനങ്ങൾ മധുര ശബ്ദങ്ങളുടെ സൗന്ദര്യത്തിൽ തേൻ മഴയായ് പെയ്‌തിറങ്ങുന്ന ചൊവ്വയും.  സൗഹൃദ സദസ്സിൽ  അതിഥികളായെത്തുന്ന പലരെയും ഒരു പരിചയവും ഇല്ലാത്തവർ ആയിട്ട് പോലും ആ ദിവസത്തിലെ ആ മിണ്ടിപ്പറച്ചിൽ പലപ്പോഴും തൊട്ടുരുമ്മി നിന്ന് നടത്തുന്ന സംഭാഷണങ്ങൾ പോലെ അനുഭവപെട്ടിട്ടുണ്ട്  അത്രക്ക് സ്നേഹത്തോടെയും കരുതലോടെയും ഉള്ള ചായ സൽക്കാരവും കൂടിന്ന് വളരെ ആവേഷം നൽകുന്ന ഒരു പ്രോഗ്രാം തന്നെയാണ്...നമ്മുടെ കൂട്ടിൽ നിത്യവും വരാറുള്ളതും ഉള്ളതെല്ലാം  കൊത്തിപൊറുക്കുകയും ചെയ്യുന്ന തത്തകൾക്കും കൂടിനു ചുറ്റും പാറിപ്പറന്ന് പാട്ട് പാടിയിട്ടും കൂട്ടിൽ ഒന്ന് കേറാൻ മടിക്കുന്ന മറ്റ്‌ തത്തകൾക്കും സന്തോഷത്തിന്റ നല്ല നാളുകൾ നേർന്നുകൊണ്ട് ഈ വെറുപ്പിക്കൽ നിറുത്തി.. എഴുത്തിൽ ചുരുക്കി മറുവടിക്ക് കാക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം കൂട്ടിലെ തത്ത....

✍🏻  മുജീബ് കുഴിയഞ്ചേരി
-------------------------------------------------------------------------------------------------------------------------------------------
===================================================================================================================
സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ച കത്തുകൾ
===================================================================================================================




ജിദ്ധ
13/10/18

    
  എനിക്കെത്രയും പ്രിയപ്പെട്ട ൻറെ സൈദ് അറിയുന്നതിന്ന് നിൻറെ അദ്രാമാൻ എഴുത്ത്. നിനക്കും മാഡത്തിനും കുട്ടികൾക്കും സുഖമെന്ന് കരുതുന്നു.അള്ളാഹുവിൻറെ കാരുണ്യം കൊണ്ട് എനിക്കും സുഖം തന്നെ. അൽഹംദുലില്ലാഹ്. എന്തൊക്കൊയാണ് നിങ്ങളുടെ വിശേഷങ്ങൾ? നീ എന്നെ മറന്നു അല്ലേ? വാട്സ് അപ്പിൽ ഒരു മെസ്സേജ് പോലും നീ അയച്ചില്ലല്ലോ .... തത്തമ്മക്കൂട് സംഘടിപ്പിച്ച "നാട്ടൊരുമ"യിൽ നീ മുന്നിൽ തന്നെ ഇരിക്കുന്ന ചിത്രം ഞാൻ കണ്ടു. നിൻറെ ഫോട്ടോ കണ്ട് ഞാനെത്ര മാത്രം സന്തോഷിച്ചെന്നോ ::: നിനക്ക് നാട്ടൊരു മയിൽ പങ്കെടുക്കാൻ പറ്റിയല്ലോ, എനിക്കതിനൊന്നും പറ്റിയില്ലെന്നോർത്ത് ഒരു പാട് സങ്കടപ്പെട്ടു. എന്നാലും നീ എന്നെ ഒന്ന് ഓർക്കുക പോലും ചെയ്തില്ലല്ലോ .....നീ മദ്രസ്സയിലേക്ക് വരുമ്പോൾ മടിയിൽ തിരുകി കൊണ്ട് വരുന്ന അച്ചിപ്പുളി ഓരിവെച്ച് തിന്നതും MC യുടെ കയ്യിൽ നിന്ന് അടി വാങ്ങിച്ചതും നീ മറന്നു അല്ലേ? അലി ഹസ്സൻകുട്ടിയുടെ കൂടെ നിലപറമ്പിലേക്ക് ഈച്ച കായ്ക്കുന്ന മരം കാണാൻ പോയതും, കുണ്ടാ രൂൻറെ ഉൽസവത്തിന് പോയി വിളക്ക് ഊതി കടല വാരിയപ്പോൾ എന്നെ അവിടെയിട്ട് നീ ഓടിയതും, നിലപറമ്പിലെ അയ്യപ്പനാശാരി കുടിച്ച് പൂസായി വന്നപ്പോൾ ചാമ്പ്രയിലേക്ക് തള്ളിയിട്ട് ആശാരിച്ചിയോട് പോയി പറഞ്ഞതും നീ മറന്നു അല്ലേ? ൻറെ സൈദേ നിനക്കെങ്ങനെ മറക്കാൻ കഴിയും? കൊണ്ടോട്ടി നേർച്ചക്ക് നമ്മൾ പോയത് നീ മറന്നുവോ? നെടിയാരം എസ്റ്റേറ്റിലേക്ക് നമ്മൾ പോയി ഗുഹ കാണാതെ തിരിച്ച് പോന്നതും, പുത്തു തറകാണിച്ച് തരാമെന്ന് പറഞ്ഞ് കുറ്റൂ തോട്ടിൽ എന്നെ തളളിയിട്ടതും, ചൂണ്ടയിൽ കിട്ടിയ ആമയുടെ തല ഉള്ളിലേക്ക് വലിച്ചപ്പോൾ എൻറെ ആമക്ക് തലയുണ്ടായിരുന്നെന്ന് പറഞ്ഞ് എന്നെ അടിച്ചതും, ജിന്നിനെ പിടിക്കാൻ ഇപ്പോ വരാമെന്ന് പറഞ്ഞ് നേരം വെളുക്കുവോളം എന്നെ കുന്നാഞ്ചേരിപ്പള്ളിയിലിരുത്തിയതും നീ മറന്നു അല്ലേ? മയഞ്ഞിലിനെ പിടിച്ചു എന്ന് പറഞ്ഞ് നീർക്കോലിയേയും തോളിലിട്ട് വീട്ടിലേക്ക് വന്നതും, തവളയെ ഓപ്പറേഷൻ ചെയ്തപ്പോൾ ഇമ്മു വഴക്കു പറഞ്ഞതും തവളയുടെ കുരുത്തക്കേട് എനിക്ക് പറ്റാതിരിക്കാൻ എൻറെ ചെവി നീ നുള്ളി മുറിവാക്കിയും, നിൻറെ കാലിലെ വെള്ളിത്തണ്ട കൊണ്ട് എൻറെ കാലിൽ മുറിവാക്കിയതും, KTമാഷെ പഞ്ചായത്ത് കിണറിന്റടുത്ത് നിന്ന് മൂത്രം പാത്തി മണ്ണ് കുഴച്ച് എന്നെയും കൂളാൻ മുഹമ്മദിനെയും നീ എറിഞ്ഞതും, പുത്തൻചോലയിലെ മറുതയുടെ കഥ പറഞ്ഞ് മഞ്ചേരി കുരിക്കളുടെ മകനെ രാത്രി മുഴുവൻ ഉറങ്ങാൻ സമ്മതിക്കാതെ പിടിച്ചിരുത്തിയതും, പാരിക്കാട് കാണാൻ പോയപ്പോൾ "എവിടേക്കാനായ്ക്കളേ " എന്ന് സ്ത്രീകൾ ഒച്ച വെച്ചതും നീ മറന്നുവല്ലേ.....?
കുന്നും പുറത്തേക്ക് ഇറച്ചിക്ക് പോയപ്പോൾ ഊരിപ്പിടിച്ച കത്തിയുമായി അബ്ബാസും അബോക്കരാക്കയും നിന്നെ പിടിച്ച് വലിച്ചപ്പോൾ വിടെടാ - .. എന്ന് പറഞ്ഞ് ഞാനലറിപ്പാഞ്ഞ് വന്നതും നീ മറന്നു ......, നിൻറെ വീട്ടിലെ കോഴികൾക്ക് അസുഖം വന്നപ്പോൾ നമ്മൾ രണ്ടാളും കൂടി വിൽക്കാൻ കൊണ്ടു് പോയതും കോഴിക്ക് മരുന്ന് കോഴി വസന്ത വേണമെന്ന് കടക്കാരനോട് പറഞ്ഞപ്പോൾ നിൻറെ മേലാകെ കോഴി വസന്തയാണെന്നു് പറഞ്ഞതും നീ മറന്നു അല്ലേ? മധുരയിലേക്ക് നമ്മൾ മധുര യാത്ര ചെയ്തത് നിനക്കോർമ്മയില്ലേ? മുട്യാ ർ ക്ക ലെ നേർച്ചക്ക് പോയത് മറന്നോ? ലത്തീഫിന്റെ റൂമിൽ ഞാൻ ഉണ്ടാക്കിയ മച്ച് ബൂസ് നീ ഓർക്കുന്നില്ലേ? കക്കാടംപുറത്ത് പറയാത്ത കല്യാണത്തിന് പോയി ശാപ്പാട് കഴിച്ച് നിൻറെ കയ്യിലുണ്ടായിരുന്ന കാശ് അവിടെ കൊടുത്ത് പോന്നതും നീ മറന്നോ? നാസർ ബസ്സിൽ നമ്മൾ കക്കാട് വരെ പോയത് നിനക്കെങ്ങനെ മറക്കാൻ കഴിയും? കുന്നം പുറം ചന്തയിൽ പോയി റെഡിമെയ്ഡ് കുപ്പായം വാങ്ങിയ തും നീ മറന്നോ:...? അങ്ങിനെ എന്തെല്ലാം ഇനിയും ഉണ്ട്. ൻറെ സൈദേ നിന്നെ മൂരികുത്തിയത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല. പുര കെട്ട് കല്യാണത്തിന് ചങ്ങരൻ കാക്ക വന്നത് എങ്ങനെയാണ് നീ മറക്കുക?  ഇനി നീ എല്ലാം ഓർക്കണം. എന്നെ വിഷമിപ്പിക്കാതെ വാട്സ് അപ്പിലൂടെയോ അല്ലെങ്കിൽ ഇതിനൊരു മറുപടിക്കത്തോ തരണം .ഇനി കൂടുതലായി ഒന്നുമില്ല. ൻറെ സൈദിൻറെ മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തട്ടെ -
അസ്സലാമു അലൈക്കും.
                       എന്ന്,
         സ്വന്തം അദ്രാ മാൻ
✍🏻  എം ആർ സി അബ്ദുറഹ്മാൻ
--------------------------------------------------------------------------------------------------------------------------------------------------


അബഹ
13/10/2018


പ്രിയം നിറഞ്ഞ ഹനീഫക്ക്  സ്നേഹിതൻ മൊയ്തീൻ കുട്ടി .    
السلام عليكم
ഏത്തൊക്കെയുണ്ട് വിശേഷങ്ങൾ... നിനക്കും വേണ്ടപ്പെട്ടവർക്കും സുഖമെന്ന് കരുതി സന്തോഷിക്കുന്നു. വർഷങ്ങളുടെ ഇടവേളകൾക്ക് ശേഷം ഞാൻ നിനക്കൊരു കത്തെഴുതുകയാണ്. അതിന്ന് നിമിത്തമായത് നമ്മുടെ തത്തമ്മക്കൂടും. നിനക്കോർമ്മയുണ്ടോ... തത്തമ്മക്കൂടി തെക്കുറിച്ച് ഞാനന്ന് പറയുമ്പോൾ നിനക്കുണ്ടായ ജിജ്ഞാസയും അതിലെ ഓരോ കുറിപ്പുകൾ അയച്ചു തരുമ്പോൾ കൂടുതലറിയാനുള്ള ആകാംശയും ഇപ്പൊ എന്തായി... നീ വല്യ എടുത്തുകാരനായില്ലേ... എനിക്കതിൽ അഭിമാനമേയുള്ളൂ, അതുപോലെ എത്രയെത്ര കൂട്ടുകാരുടെ കഴിവുകളാണ് തത്തമ്മക്കൂട് വഴി നാടറിഞ്ഞത്. അത് മാത്രമല്ല നമുക്കൊക്കെ തമ്മുടെ നാടിന്റെ ചരിത്രമറിയാനും നാട്ടുകാരെക്കുറിച്ചറിയാനുമൊക്കെ സാധിച്ചില്ലെ.... അതിലുപരി കുറേയേറെ സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും സാധിച്ചു പിന്നെ നമ്മുടെ കുറെ ടെൻഷനാെക്കെ കുറക്കുന്നതും ഇതിലൂടെതന്നെയല്ലേ... കൂട്ട്യാളെ പാട്ടും ക്വിസും പിന്നെ വല്യ വല്യ ആൾക്കാരെ കൊണ്ടുവന്നുള്ള സദസ്സുകളും ഒക്കെ നല്ല പരിപാടികൾ തന്നെ. കൂട്ടിലെ പെരുമാറ്റവും അച്ചടക്കവും എടുത്തു പറയേണ്ടതു തന്നെ. ഇപ്പൊ നമ്മുടെ കൂട് വളർന്ന് നാടിന്ന് ഒഴിവാക്കാൻ വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്.
 കൂടിന്റെ അമരത്തിരിക്കുന്നവർക്ക് അതിലുള്ള പങ്ക് ചെറുതൊന്നുമല്ല. അവരുടെ നിരന്തരമായ ഇടപെടലുകളും പ്രോത്സാഹനങ്ങളുമാണ് ഈ വളർച്ചക്ക് കാരണം. ഇനി കൂടുതലെഴുതുന്നില്ല. കൂടിന്റെ വിശേഷങ്ങളെഴുതിയാൽ തീരില്ല. എഴുത്ത് കിട്ടിയാൽ എല്ലാ വിവരങ്ങൾക്കും മറുപടി അയക്കുമല്ലോ... ദുആ വസിയത്തോടെ നിർത്തുന്നു. പ്രിയത്തിൽ സലാം... 
അസ്സലാമു അലൈക്കും.

✍🏻  മൊയ്തീൻ കുട്ടി അരീക്കൻ
--------------------------------------------------------------------------------------------------------------------------------------------------------------



13.10.2018
തത്തമ്മക്കൂട്

ചങ്ക് ബ്രോ.. സുഖമാണന്ന് കരുതുന്നു
സുഖത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
ഈ മോഡേൻ കാലത്ത് കത്തെഴുതുന്നത് പഴഞ്ചനായത് കൊണ്ടല്ല, മനസ്സറിഞ്ഞ് സംസാരിക്കണമെങ്കിൽ കത്തിനെ സാധിക്കൂ എന്നുള്ളത് കൊണ്ടാണ്. നിന്റെ ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എനിക്ക് ഒരുമിച്ച് മറുപടി തരാൻ പറ്റില്ല, പക്ഷേ നിന്റെ എല്ലാ ചോദ്യത്തിനും ഞാൻ ഉത്തരങ്ങൾ കാണിച്ചു തരാം ...  അത് എൻ്റെ പ്രിയപ്പെട്ട തത്തമ്മക്കൂടിനെ പറ്റി തന്നെയാണ്. എല്ലാവരേയും   വലുപ്പചെറുപ്പമില്ലാതെ ഒരു പോല തന്നിലേക്ക് ക്ഷണിക്കുകയും  പരാതി കൂടാതെ ഉള്ളിൽ ഒതുക്കുകയും ചെയ്യുന്ന ആ തത്തമ്മക്കൂട് ഈ സോഷ്യൽമീഡിയ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും.  ഒരു പറ്റം സേവകരുടെ കഠിനാധ്വാനത്തിനു ഒരു നാടിന്റെ ചുംബനം ഏറ്റുവാങ്ങിയ തത്തമ്മക്കൂട്ടിനെ കുറിച്ചാണ്. ഈ കൂട്ടിലെ മുഴുവൻ തത്തകളെയും പ്രകൃതിയിൽ ഒന്നാക്കുന്നതാണ് തത്തമ്മക്കൂട്. അനന്തമായ ആകാശത്തിനു താഴെ നക്ഷത്രങ്ങളെയും ചന്ദ്രനെയും കാണാൻ കൂട് എപ്പോഴും തുറന്നിട്ടു ... ഈകൂട് ഇല്ലായിരുന്നങ്കിൽ ഈ വാട്സ്ആപ്പിനെ തന്നെ ഞാൻ ഇഷ്ട്ടപെടില്ലന്ന് പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട് ... ഞങ്ങളിൽ പലരും ഇനിയും ഒരുപാട് പഠിക്കാനുണ്ട്... എങ്കിലും നിനക്കു ഞാൻ അൽപമെങ്കിലും പറഞ്ഞു തരാം ... ഈ നന്മ നിറഞ്ഞ കൂട്ടിലേക്ക് വരൂ ... നിന്നെ വെറുക്കുന്നവർ നിന്നെ കാണാൻ വരും, നിന്നെ            സ്നേഹിക്കുന്നവർ നിനക്കു വേണ്ടി ഒരു തുള്ളി കണ്ണീർ പൊഴിക്കും, നിന്നെപ്പറ്റി ഹിംസ പറഞ്ഞവരും ചിന്തിച്ചവരും ഈ കൂട്ടിൽ നല്ലതു മാത്രം പറയും..., നിൻ്റെ ഉള്ളിലും ഒളിഞ്ഞു കിടക്കുന്നത് പലതും അവരിൽ പലരും അറിഞ്ഞെന്നു വരും... നിന്നെ ഞാൻ കൊണ്ടു പോകാം... എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു ലോകത്തേക്ക്. നിന്നെ ഞാൻ കൂട്ടികൊണ്ട് പൊയ്ക്കോളാം... നീണ്ട നാളത്തെ കത്തിരിപ്പിനു അവസരം കൊടുക്കാതെ തന്നെ ... ജീവിതയാത്രയിൽ സങ്കട ഭരിതമായ ദിനങ്ങൾ കടന്നു പോകുമ്പൊ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു ഹൃദയമാണ് ഈ കൂട് കണ്ടുമുട്ടിയതു മുതൽ ഓരോ നാള് കഴിയുംതോറും മനസ്സിനേറെ പ്രിയമുളളതായി മാറിയപ്പോൾ ഉരുകി തീരുന്ന മെഴുകുതിരി യെ ഊതിക്കെടുത്തുന്ന പോലെ എന്റെ മനസ്സിലെ ദുഖങ്ങളെ സങ്കടങ്ങളെ ആശ്വാസമായി ദീപമായി മുന്നിൽ നിൽക്കുന്നു. സ്നേഹിക്കപ്പെടുന്ന മനസ്സുകളിൽ വാർദ്ധക്യത്തിനു സ്ഥാനമില്ല എന്ന മഹത്തായ വരികൾ പോലെ കൂട്ടിൽ പരസ്പരം സ്നേഹിച്ചും, ഓർമ്മകളിലെ സുന്ദര നിമിഷങ്ങളെ കോർത്തിണക്കിയും, സുഖം വരുമ്പോൾ കൂടുതൽ സന്തോഷിച്ചും നമ്മുടെ ആശയങ്ങൾ വിനിയോഗിച്ചും ആത്മ സംയമനം പാലിച്ചും ഒരേ തൂവൽ പക്ഷികളെപ്പോലെ ഒരുമിച്ചു പറന്നുയരുകയാണ് എന്റെ സങ്കല്പത്തിൽ ഞാനാഗ്രഹിച്ച പോലെ ഒരു കൂട് കൂട്ടിന് വന്ന ത്രില്ലിലാണ് ഞാനിന്ന് ബ്രോ.. സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി പൊട്ടിച്ചിരിക്കുന്നത് കാണുമ്പോൾ ഈ കൂടി നെ എത്രമാത്രം ഓരോ തത്തയുംസ്നേഹിക്കുന്നു എന്ന് മനസ്സിലാവും പ്രായമൊത്തിരി കയിഞ്ഞവർക്കും മോഹം വളർന്നിരിക്കുന്നു. കൊതിയോടെ ഹൃദയങ്ങളിലെ ആഴങ്ങളിൽ നിന്നു സ്നേഹത്തിന്റെ പനി നിർപ്പൂക്കൾ വാരിവിതറുകയാണ് നാലുപാടും കൂടുതലായി ഇനി നിന്റെ മറുപടിക്ക് ശേഷം നന്മ മനസ്സുകളിലൂടെ മറ്റുള്ളവർക്ക് മാതൃകയാവാം മാനുഷിക മൂല്യങ്ങളെയുയർത്തി കാട്ടാൻ നമുക്ക് കഴിയുമാറാകട്ടെ എന്നും ആശംസിച്ച് കൊണ്ട് കത്ത് ചുരുക്കുന്നു. മറുപടി പ്രതീക്ഷിച്ചു കൊണ്ട്

 സ്വന്തം,
✍🏻 ശിഹാബുദ്ദീൻ.നാലുപുരക്കൽ..
------------------------------------------------------------------------------------------------------------------------------------------------------------------

To.
Razak N
s/o muhammed  musliyar
Ambalapdi
Kolathoor po
malappuram 

From
AvarankuttyMk
kallivalappil house,
kutoor north  po
AR NAGAR
MALAPPURAM
676305
  
അസ്സലാമു അലൈകും, 

 എത്രയും സ്നേഹം നിറഞ്ഞ കൂട്ടുകാരൻ റസാഖ് വായിച്ചു അറിയുവാൻ സ്നേഹിതൻ അവരാൺകുട്ടി എഴുതുന്നത് 
നിനക്ക് സുഖം എന്ന് കരതുന്നു,എനിക്കിവിടെ സുഖമാണ് എന്തൊക്കെയുണ്ട്  വിശേഷങ്ങൾ  നിന്റെ  ഉമ്മക്കും  ഉപ്പക്കും സുഖമാണോ എന്റെ അനേഷണം പറയണം  പ്രളയം നിന്റെ വീട്ടിൽ പ്രശ്നം ഒന്നും ഉണ്ടായില്ല എന്ന് ഞാൻ മുജീബിന്റെ വീട്ടിൽ പോയപ്പോൾ  അറിഞ്ഞു അന്ന് നീ നാട്ടിൽ  ഉണ്ടായിരുന്നില്ല  മുജീബ് നെ അനേഷണം പറയണം  ഞങ്ങൾ നാട്ടിൽ തത്തമ്മ കൂടെന്ന പേരിൽ ഒരു വാട്സ്ആപ് കൂട്ടായ്മ ആരംഭിച്ചു ആ വിവരം നിന്നോട് ഞാൻ പറഞ്ഞിരുന്നല്ലോ  അതിന്റെ പേരിൽ ഞങ്ങൾ കഴിഞ്ഞ മാസം ഇശൽ പ്രോഗ്രാം നടത്തി നല്ല പരിപാടി യായിരുന്നു  നാട്ടിലുള്ള എല്ലാ നല്ല കാര്യത്തിലും ഇതിലുള്ള ആളുകൾ അവരുടെ ഒഴിവാക്കി സമയം അനുസരിച്ചു സഹകരിക്കും,  നമ്മൾ കുറെ കാലമായിട്ട് കാണാത്ത അതു പോലെ ബന്ധം ഇല്ലാത്ത സുഹൃത്തുക്കളെ എല്ലാം ബന്ധം പുതുക്കാൻ കഴിഞ്ഞു  എല്ലാ ദിവസവും ഓരോ പരിപാടികൾ നടത്തും  അതിൽ സൗഹൃദ കൂട്ടായ്മ ഒരു അനുഭവം തന്നെയാണ്, ഒരു ദിവസം ഞാനും അതിൽ അഥിതിയായി. പള്ളി പറമ്പ എന്ന പേരിൽ മരിച്ച ആളുകളെ അനുസരിച്ചുകൊണ്ട് ഉള്ള  പലരുടെയും നമ്മൾ അറിയാത്ത നന്മകൾ അറിയാൻ സാധിച്ചു ശനി ദിവസം ക്വിസ് മത്സരം നല്ല രസകരമായഅനുഭവമാണ്  അതു പോലെ കൂട്ടിൽ പാടാൻ കഴിവുള്ള ആളുകൾക്കു പാടാൻ അവസരം  നല്ല നല്ല ഗയകർ അഥിതിയായി വരും   എന്തുകൊണ്ടും ഞങ്ങളുടെ കൂട്ടായ്മ ഒരു അനുഭവം തന്നെയാണ്  എനിക്ക് പലപ്പോഴും പല പരിപാടികളിലും പങ്കെടുക്കാൻ സാധിക്കില്ല യാത്രയിലാവും, എന്നാലും എന്ത് തിരക്കുണ്ടെങ്കിലും ഞാൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിക്കും  ഇനിയും കുറെ എഴുതാനുണ്ട് അതെല്ലാം പിന്നീട്, ഞാൻ  എന്റെ കാര്യങ്ങൾ പറഞ്ഞു നിന്റെ വിശേഷം  ചോദിക്കാൻ മറന്നു  സമയം കുറെയായി എഴുത്തു നിർത്തുന്നു, നിന്റെ ഒരു കത്ത് പ്രധീക്ഷിക്കുന്നു നിനക്കു പ്രിയതിൽ സലാ,........

✍🏻  അവറാൻ കുട്ടി 
--------------------------------------------------------------------------------------------------------------------------------------------------