Friday, 28 December 2018

💎നിഗൂഢ സ്വപ്നം...💎

സായാഹ്‌ന കാഴ്ചകൾ കണ്ട് തിരിച്ചു വരികയായിരുന്നു നിയാസും ഞാനും. ഞായറാഴ്ചകളിൽ വൈകുന്നേരം നാടുചുറ്റൽ ഞങ്ങളുടെ ഹോബിയാണ്. പതിവിൽ നിന്ന് വിപരീതമായി തിരൂർ ഭാഗത്തേക്കായിരുന്നു യാത്ര. ഉച്ചക്ക് വീട്ടിൽ നിന്ന് കഴിച്ചനാടൻ ചോറൊക്കെ  ദഹിച്ചു കഴിഞ്ഞിരുന്നു.സമയം ഏഴ് മണി ആകുന്നേയുള്ളൂ എങ്കിലും നല്ല വിശപ്പുണ്ട്,കയ്യിൽ രണ്ടു പേർക്കും കൂടി ഭക്ഷണം കഴിക്കാനുള്ള ക്യാഷും ഇല്ല.

എന്റെ നിർബന്ധപ്രകാരം റോഡ്  സൈഡിൽ കണ്ട ഒരു വലിയ പന്തലിലേക്ക് ഞങ്ങൾ കയറി. ഭാഗ്യം, ഏതോ ഒരു ഡോക്ടറുടെ കുടിയിരിക്കൽ പരിപാടി ആയിരുന്നു അത്‌. കണ്ടാൽ  കൊട്ടാരം പോലെ തോന്നിക്കുന്ന മണിമാളിക! അറേബ്യൻ ഭക്ഷണ വിഭവങ്ങളുടെ മണംമൂക്കിലേക്കടിച്ചു വീശുന്നു. ഞങ്ങൾ വേഗം ഭക്ഷണ പന്തലിൽ കയറി വയറു നിറയെ കഴിച്ചു.ആരും കാണാതെ പുറത്തേക്കിറങ്ങാൻ തുനിഞ്ഞപ്പോൾ എതിർ സൈഡിൽ നിന്ന് ഒരു സ്ത്രീ പരിചയഭാവത്തോടെ ഞങ്ങളെ മാടി വിളിച്ചു. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആ സ്ത്രീ വീട്ടിലെ കുടുംബനാഥയാണെന്ന് മനസ്സിലായി.

'നിങ്ങൾ ഭക്ഷണം കഴിച്ചോ മക്കളെ ?'

'അതെ', ഞങ്ങൾ മറുപടി പറഞ്ഞു.

'എന്റെ ചെറിയ മകൻ ഹാഷിമിന്റെ സുഹൃത്തുക്കളാണല്ലേ?, എന്താ നിങ്ങളുടെ ഒക്കെ പേര്?'

ഓർക്കാപുറത്ത് കേട്ട ചോദ്യമാണെങ്കിലും നിയാസിന്റെ  പേര് ഹബീബെന്നും എന്റെ പേര് ഇബ്‌റാഹീം എന്നും ഞാൻ മറുപടി പറഞ്ഞു.

ഞങ്ങളുടെ പെരുമാറ്റത്തിൽ പന്തീകേട് തോന്നിയ ആ സ്ത്രീ അവിടെ കൂടിയ ആളുകളെ വിളിച്ചു കൂട്ടി.

'ഓടി വരൂ, ക്ഷണിക്കപ്പെടാത്ത  രണ്ടു പേര് വന്നിരിക്കുന്നൂ...' എന്ന്ഉറക്കെ വിളിച്ചു പറഞ്ഞു.

ഇത് കേൾക്കേണ്ട താമസം അവിടെ കൂടിയവരെല്ലാം ഓടി വന്നു. ചിലർ അവരുടെ ഫോണിൽ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നുണ്ട്. ചിലർ ഞങ്ങളോട് പേരും നാടുമൊക്കെ ചോദിക്കുന്നു, മറ്റു ചിലർ ദയനീയമായി ഞങ്ങളെ നോക്കുന്നു. ആകെ നാണം കെട്ട അവസ്ഥയായി. 

ഇതിനിടക്ക് എപ്പോഴോ  അവരുടെ കണ്ണ് വെട്ടിച്ചു നിയാസ് ഓടി രക്ഷപ്പെട്ടു. കിട്ടിയ തക്കം നോക്കി മറ്റൊരു വഴിയേ ഓടി ഞാനും റോഡിൽ എത്തി, വേഗം വണ്ടി എടുത്ത് നാട്ടിലേക്ക് തിരിച്ചു. എന്റെ ആർത്തി മൂലമാണ് ഇതൊക്കെ സംഭവിച്ചതെന്ന് നിയാസും അവന്റെ വിവരമില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞു ഞാനും പരസ്പരം പഴിചാരി.

വീട്ടിലെത്തിയ ഉടനെ ഞങ്ങൾ വേഗം കിടന്നുറങ്ങിയിരുന്നു. രാവിലെ എണീറ്റു ന്യൂസ്‌പേപ്പർ നോക്കിയപ്പോൾ കണ്ട വാർത്ത നിയാസിനെ  സങ്കടപ്പെടുത്തി. തലേന്ന് രാത്രി കുടിയിരിക്കലിന് പോയതും അവിടുത്തെ വീട്ടുകാരി ഞങ്ങളെ പിടിച്ചതും അവരിൽ നിന്ന് ഞങ്ങൾ ഓടി രക്ഷപ്പെട്ടതും ഫോട്ടോ സഹിതം പത്രത്തിൽ  വാർത്ത വന്നിരിക്കുന്നു. ഇത് കണ്ടു ആകെ സങ്കടപ്പെട്ട് അങ്ങോട്ട് പോകാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് ഇരുന്ന നിയാസിനെ ഉമ്മ തട്ടി വിളിച്ചു,

'എണീക്കടാ.., സമയം അഞ്ചര മണിയായി,
പോയി സുബഹി നിസ്കരിക്ക്."

യേഹ്...
ഞാനിത് എവിടെ?
ന്യൂസ്‌പേപ്പർ എവിടെ?
എന്റെ ഫോട്ടോ എവിടെ ?

നിയാസ് സ്വപ്നത്തിൽ നിന്നുണർന്നു കൊണ്ട് ചോദിച്ചു..!

‘നേരം വെളുക്കുന്നേ ഒള്ളൂ, ന്യൂസ് പേപ്പർ എത്തിയിട്ടില്ല, വേഗം നിസ്കരിക്കാൻ നോക്ക്!’

ഉമ്മയുടെ മറുപടി കേട്ട്  താൻ കണ്ടതെല്ലാം  സ്വപ്നമായിരുന്നു എന്ന് നിയാസ് തിരിച്ചറിഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് കിളിനക്കോട് കല്യാണം കൂടാൻ വന്ന കുറച്ചു പെൺ കുട്ടികൾ പുലിവാൽ  പിടിച്ച കഥയും അവരുടെ ഫോട്ടോയും വീഡിയോയും വൈറലായതും ചിന്തിച്ചു രാത്രി കിടന്നുറങ്ങിയ കാര്യം അവന് ഓർമ്മ വന്നു.
ഒരു ഇളം ചിരിയോടെ അവൻ പുറത്തേക്ക് നടന്നു.




നിയാസ് കണ്ട സ്വപ്നം അതേപടി പകർത്തി എഴുതിയതാണ്.😀
ചിരിക്കാൻ  തോന്നിയിട്ടില്ലെങ്കിൽ അത്‌ നിങ്ങളുടെ വായനയുടെ  കുഴപ്പമാണ്. 😂🙏🏻
--------------------------------------
✍🏻 ജുനൈദ് കള്ളിയത്ത്

Friday, 14 December 2018

മാപ്പിളക്കാട്ടിൽ മൊയ്തീൻകുട്ടി


പളളിപ്പറമ്പ് @  
മാപ്പിളക്കാട്ടിൽ മൊയ്തീൻകുട്ടി




തറവാട് വീടിൻ്റെ കോലായിലെ വിളക്ക് അണഞ്ഞു
➖➖➖➖➖➖➖
തറവാട് വീടിൻ്റെ ഉമ്മറത്തെ തിളങ്ങുന്ന തിരിനാളമായിരു  ഞങ്ങളുടെ ഉപ്പ. മക്കൾക്ക് വേണ്ടിമാത്രം ജീവിച്ചു എന്ന് പറയുന്നതാവും ഉപ്പയെ കുറിച്ച്  കൂടുതൽ ശരി. കാരണം ഞങ്ങളെല്ലാവരും ഉപ്പയുടെ ശിക്ഷണത്തിലായിരുന്നു വളർന്നത്.

എല്ലാവരും നാട് വിട്ടു പോയിരുന്ന അക്കാലത്ത് ഞങ്ങളെ പോവാൻ അനുവദിക്കില്ലായിരുന്നു അതിന് കാരണം പറഞ്ഞത് അക്കാലങ്ങളിൽ  ബേക്കറി പണിക്ക് കൊണ്ടു പോകുന്ന കുട്ടികളെ ജോലിസ്ഥലത്ത് പീഡിപ്പിക്കുന്ന പ്രവണത ഉണ്ടായിരുന്നു. അങ്ങിനെ കുട്ടികൾ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കാരണത്താലയിരുന്നു ഞങ്ങളെ വിലക്കിയിരുന്നത്. അത് കൊണ്ടു തന്നെ ഞങ്ങളെല്ലാവരും നാട്ടിൽ തന്നെയായി. ഈ അടുത്ത കാലത്താണ് ഞാനും അനുജനും പ്രവാസിയായത്. അതു തന്നെ ഉപ്പാക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ ആദ്യമായി  സൗദിയിലേക്ക് വരുന്ന ദിവസം രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം യാത്ര പറഞ്ഞ് ഇറങ്ങാൻ സമയം ഉപ്പ അതാ പള്ളിയിലെ മൊല്ലാക്കയെയുമായി വരുന്നു.  നിക്കി ദുആര്ന്ന്ട്ട് വേണം പോവാൻ..... ഒരു ബുദ്ധിമുട്ടും വരരുത് എന്ന് പറഞ്ഞ് ദുആയും കഴിഞ്ഞാണ് യാത്രയാക്കിയത്. 

ഞാൻ നാട്ടിൽ ബസ്സിൽ ജോലി ചെയ്തിരുന്ന കാലത്ത് നമ്മുടെ പ്രദേശത്ത് എവിടെ എങ്കിലും വല്ല അപകടവും നടന്നാൽ ഞാൻ ജോലി ചെയ്യുന്നതാണോ എന്ന് അന്വേഷിക്കലാവും പിന്നെ. അല്ലങ്കിൽ കക്കാടംപുറം ബസ്റ്റോപ്പിലെത്തി എല്ലാ ബസ്സിലേക്കും ഞാനതിലുണ്ടോ എന്ന് നോക്കി ഉറപ്പാക്കിയിട്ടേ വീട്ടിലേക്ക് പോവാറുണ്ടായിരുന്നുള്ളൂ. രാത്രി ജോലി കഴിഞ്ഞ് വന്നതിന് ശേഷമേ ഉപ്പ ഉറങ്ങിയിരുന്നുള്ളൂ.

അത് പോലെ പാടത്ത് കൃഷി ചെയ്യുന്ന പൂള വാഴ ചേമ്പ പോലത്തവ എനിക്കും അനുജനും വേണ്ടി ഞങ്ങൾ നാട്ടിലേക്ക് വരുന്നത് വരെ സൂക്ഷിക്കുന്ന പതിവും ഉപ്പാക്കുണ്ടായിരുന്നു. വീട്ടിലേക്ക് കൊണ്ടു വരുന്ന പൂള വാഴപ്പഴം ചേമ്പ് എന്നിവ ഞങ്ങൾ അഞ്ച് മക്കൾക്കും ഒരു പോലെ വീതം വച്ച് തന്നിരുന്നു. ഉപ്പ കൃഷി ചെയ്തിരുന്ന സമയത്ത് ഇത്തരം സാധനങ്ങൾക്കൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നു. വീട്ടിലും വെറുതെ ഇരിക്കുന്ന സ്വഭാവം ഉപ്പാക്കില്ലായിരുന്നു. പറമ്പിൽ കിളച്ചും വാഴ തെങ്ങ് തൈകൾ പച്ചക്കറികൾ എന്നിവ നട്ട് പിടിപ്പിച്ചിരുന്നു. കോഴി വളർത്തലുമുണ്ടായിരുന്നു.  മുജീബ് പറഞ്ഞത് പോലെ... ഊക്കത്ത് പള്ളിയിൽ ദർസ്സുള്ള കാലത്ത് പാടത്ത് വാഴ വെക്കുംബോൾ അതിൽ ഒരു കുല പള്ളിയിലെ സ്വലാത്തിലേക്ക് നീക്കി വെക്കുന്ന പതിവുണ്ടായിരുന്നു.

ഭാരമേറിയ ഒരു ജോലിയും ചെയ്യാൻ ഞങ്ങളെ അനുവദിക്കില്ലായിരുന്നു. ചെറുപ്പത്തിൽ സ്നേഹിതൻമാരുടെ കൂടെ അങ്ങാടിയിൽ കറങ്ങാൻ അനുവദിക്കില്ല. ഒരു നിശ്ചിത സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നാൽ തിരഞ്ഞ് വരുമായിരുന്നു. മാപ്പിള കലകൾ ആസ്വദിക്കുന്ന കൂട്ടത്തിലായിരുന്നു ഉപ്പ. കോൽക്കളി പോലെത്തവ എവിടെ ഉണ്ടങ്കിലും കാണാൻ പോവും. അത് കൊണ്ടു തന്നെ ഏ.ആർ നഗറിലെ കോൽക്കളി ആശാനായിരുന്ന കുഞ്ഞിമൊയ്തീൻ ഗുരിക്കളുടെ ശിക്ഷണത്തീൽ മാപ്പിളക്കാട്ടിൽ ഒരു കോൽക്കളി സംഘം തുടങ്ങിയിരുന്നു. ഞാനടക്കമുള്ള അനേകം കുട്ടികളെ പഠിപ്പിച്ചിരുന്നു.

ഞങ്ങൾ ഉപ്പയുടെ അടുക്കൽ തന്നെ വേണം എന്ന നിർബന്ധത്താൽ എല്ലാവർക്കും ഉപ്പയുടെ സ്ഥലത്ത് തന്നെ വീട് എടുപ്പിച്ച് എല്ലാവരെയും മാറ്റി താമസിപ്പിച്ചു. മരിക്കുന്നത് വരെ ആരെയും ആശ്രയിക്കേണ്ട ആവശൃം ഉപ്പാക്കുണ്ടായിട്ടില്ല. ഉപ്പാൻ്റെ അധ്വാനത്തിൻ്റെ ഫലം ഉപ്പാൻ്റെ അടുക്കലുണ്ടായിരുന്നു. ആൺകുട്ടികളില്ലാത്ത എൻ്റെ കാര്യത്തിൽ ഉപ്പാക്ക് വളരെ വിഷമമായിരുന്നു. എന്നും എൻ്റെ വീട്ടിലേക്കുള്ള മീൻ ഉപ്പ കൊണ്ടുവന്ന് തരുമായിരുന്നു. ഒരു പ്രത്യേകജീവിത രീതിയായിരുന്നു ഉപ്പ കുളിക്കാൻ സോപ്പ് ഉപയോഗിക്കാറില്ല. പല്ല് തേക്കാൻ ബ്രഷിന് പകരം ചകിരി കൊണ്ടുള്ള ബ്രഷും എണ്ണക്ക് പകരം താളിയുമായിരുന്നു ഉപയോഗിച്ചിരുന്നത്. അതു കൊണ്ടുതന്നെയാവണം രോഗങ്ങൾ വളരെ കുറവായിരുന്നു. 

കഴിഞ്ഞ വർഷം വരെ പാടത്ത് കൃഷി നടത്തിയിരുന്നു. പിന്നീട് ഞങ്ങളുടെ നിർബന്ധത്താൽ ഒഴിവാക്കുകയായിരുന്നു. അതിനു ശേഷം ചെറിയ അസുഖങ്ങളും തുടങ്ങി. അതിനുള്ള ചികിത്സക്കിടെ ആയിരുന്നു പ്രതീക്ഷിക്കാത്ത മരണം ഉപ്പയെതേടി എത്തിയത്. മരണത്തെ മുൻകൂട്ടി  കണ്ടപോലെയായിരുന്നു പിന്നീട് ഉപ്പാൻ്റെ പ്രവർത്തികളൊക്കെ. ഏതു സമയത്തും ദിക്റുകളും സ്വലാത്തുമായി തറവാടിൻ്റെ ഉമ്മറത്ത് ഇരിക്കലായിരുന്നു. അതു പോലെ സ്വത്തുക്കളെല്ലാം ഞങ്ങൾക്ക് ഓഹരിരിവച്ചു. ഇപ്പൊ വേണ്ട നിങ്ങളുടെ കാലശേഷം പോരെ എന്ന ചോദൃത്തിന് സ്വത്തിന് വേണ്ടി നിങ്ങൾ തമ്മിൽ കലഹിക്കരുത്. ഞാനുണ്ടാവുംബോൾ തന്നെ ആയാൽ അതാണ് നല്ലത് എന്നായിരുന്നു മറുപടി. പറഞ്ഞ പോലെ തന്നെ ഉപ്പതന്നെ എല്ലാവർക്കും അവനവനുള്ളത് കാണിച്ച് തന്നു. ആധാരം എഴുതിച്ച് ഒന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു അതിനിടക്കായിരുന്നു മരണം. 

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഞാൻ പതിവു പോലെ ജുമൂഅ കഴിഞ്ഞ് റൂമിലെത്തി വീട്ടിലേക്ക് ഫോൺ വിളിച്ചു ഉമ്മയുമായി സംസാരിച്ചു. ബാപ്പ എവിടെ എന്ന് ചോദിച്ചപ്പൊ തായേരീലുണ്ട് മൂത്താപ്പയുടെ മക്കൾ കാണാൻ വന്നീട്ടുണ്ട് അവരോട് സംസാരിക്കുകയാണ് ഇങ്ങള് പിന്നെ വിളിച്ച് സംസാരിക്കാം എന്ന് പറഞ്ഞു  ഭാരൃ imo കോളായതിനാൽ വീഡിയോയിലൂടെ ഉപ്പാനെ കാണിച്ച് തന്നു ഫോൺ വച്ചു.  ഞാൻ പോയി കിടന്നു. ഇവിടെ ഒരു മൂന്ന് മണി ആയിക്കാണും ഫോൺ നിറുത്താതെ അടിക്കുന്നത് കണ്ട് എടുത്തു നോക്കി അനുജനാണത് പറഞ്ഞത് വാപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ടു പോവും വഴി മരണപ്പെട്ടു എന്ന്. ആരെയും ബുദ്ധിമുട്ടിക്കാതെ ഞങ്ങളുടെ ഉപ്പ നാഥനിലേക്ക് മടങ്ങി തറവാട് വീടിൻ്റെ കോലായിലെ ആ കസേര ഒഴിഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പയുടെ പരലോക ഗുണത്തിനും ദുനിയാവിൽ ചെയ്തു പോയ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതിനും എല്ലാവരും ദുആ ചെയ്യണമെന്നും ഉപ്പയിൽ നിന്നും വല്ല വിശമങ്ങളും ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടങ്കിൽ പൊറുത്തു കൊടുക്കണമെന്നും ഈ അവസരത്തിൽ അറിയിക്കൂന്നു..
റബ്ബുൽ ആലമീനായ റബ്ബേ എൻ്റെ ഉപ്പയുടെ എല്ലാ ദോഷങ്ങളെയും പൊറുത്ത് സ്വർഗ്ഗാവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ....
------------------------------------
മകൻ, കുഞ്ഞഹമ്മദ് കുട്ടി കെ.എം



മാപ്പിളക്കാട്ടിലെ മൊയ്തീൻ കുട്ട്യാക്ക..
         വിയർപ്പുകണങ്ങൾ തിളങ്ങുന്ന മുഖം
==============
ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം ഒരു അനുയായിയുടെ തഴമ്പ് നിറഞ്ഞ കൈപ്പത്തി ഉയർത്തിക്കാണിച്ച് സ്വഹാബത്തിനോട് പറഞ്ഞു: 'ഈ കൈകൾ സ്വർഗത്തിലാണ് " 

അധ്യാനിക്കുന്ന ജനങ്ങൾക്ക് ആദരവ് നൽകുകയായിരുന്നു തിരുദൂതർ (സ്വ) .

മർഹും KM മൊയ്തീൻ കുട്ടി കാക്ക വളരെ ചെറുപ്പം മുതലേ കഠിനാധ്വാനിയായിരുന്നു. 'ഞാൻ ചെറുപ്പത്തിൽ ഊക്കത്തെ പള്ളിദർസിലേക്ക് ദിനേന പോയിരുന്നത് അദ്ദേഹത്തിന്റെ വീടിന്റെ ഓരത്തു കൂടിയായിരുന്നു. അന്നേ അദ്ദേഹത്തെ വിശ്രമിക്കുന്നതായി കണ്ടിട്ടില്ല. തേങ്ങ പൊളിക്കുന്ന ജോലിയും തേങ്ങാ ചുമട് തലയിലേറ്റി ഇടവഴികൾ കയറി പറമ്പിലെത്തിക്കുന്ന ജോലിയും പാടത്ത് പൂള, വാഴ കൃഷിയും അങ്ങിനെ വിശ്രമമറിയാതെ അധ്വാനിച്ചാണ് അദ്ദേഹം ജീവിതം നയിച്ചത്. ജോലിയും കഴിഞ്ഞ് വീടിനു മുമ്പിലുള്ള തോട്ടിൽ നിന്നൊരു വിസ്തരിച്ച കുളിയും കഴിഞ്ഞ് ഊക്കത്തെ പള്ളിയിൽ വന്നു ഉള്ളുരുകി പ്രാർത്ഥിക്കുന്ന ആ മുഖം ഞാനൊരു പാട് വട്ടം നോക്കി നിന്നിട്ടുണ്ട്.

വൈകീട്ട് വിശ്രമവേളയിൽ റേഡിയോ വാർത്തയും പരിപാടികളും കൗതുകത്തോടെ അദ്ദേഹം ശ്രവിക്കാറുണ്ടായിരുന്നു. ആകാശവാണിയിൽ എന്റെ കോളേജ് കാലത്ത് ഞാനൊരു ചെറുകഥ അവതരിപ്പിച്ച് ഒരാഴ്ച കഴിഞ്ഞ് എന്നെ കണ്ടപ്പോൾ എന്റെ കൈ പിടിച്ച് ചിരിച്ച് കൊണ്ട് "റേഡിയോയിൽ കഥ പറഞ്ഞത് ഞാൻ കേട്ടിരുന്നു" എന്ന് അഭിനന്ദിച്ചത്‌ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

"മനുഷ്യന്റെ സമ്പാദ്യത്തിൽ ഏറ്റവും ഉത്തമം സ്വന്തം കരങ്ങളാൽ അധ്വാനിച്ചുണ്ടാക്കിയതാണെന്നാണ് തിരുവചനം. മർഹും മൊയ്തീൻ കുട്ട്യാക്ക സ്വന്തം കരങ്ങളാൽ മരണം വരെ കഠിനാധ്വാനം ചെയ്തു.
റഹ് മാനായ റബ്ബുൽ ആലമീൻ അദ്ദേഹത്തിന്റെ ഖബറിടത്തിൽ സ്വർഗീയ സുഖങ്ങൾ ആസ്വദിപ്പിക്കട്ടെ...
നമ്മെയും അവരെയും നമ്മിൽ നിന്ന് വേർപിരിഞ്ഞവരെയും സജ്ജനങ്ങളോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് ചേർക്കട്ടെ എന്ന പ്രാർത്ഥനയോടെ..
-------------------------
മുഹമ്മദ് കുട്ടി അരീക്കൻ



എളാപ്പാട് ത്തെ  എളാപ്പ
==============
ഞാൻ ജനിച്ചത് പുകയൂരിലാണങ്കിലും എന്റെ ബാല്യ കാലവും കൗമാര കാലവും മാപ്പിളക്കാട്ടിലായിരുന്നു.   ഞാൻ  കുരുത്തക്കേട് കാണിക്കുമ്പോൾ എന്നെ മെരുക്കിയെടുക്കാൻ എന്റെ ഉമ്മ ഇറക്കുന്ന സ്ഥിരം തുരുപ്പ് ചീട്ടായിരുന്നു എളാപ്പാട് തേ എളാപ്പയും (KMK യുടെ പിതാവ്), മേലിലെ പാപ്പയും (KM ശരീഫിന്റെ വലിയുപ്പ) രണ്ടു പേരും നമ്മെ വിട്ട് പിരിഞ്ഞു, പടച്ചറബ്ബ് അവർക്ക് പൊറുത്തു കൊടുക്കുകയും അവരുടെ  കബറിടം സ്വർഗപ്പൂങ്കാവനമാക്കുകയും ചെയ്യുമാറാവട്ടെ, ആമീൻ. ഉമ്മയുടെ വീടിന്റെ തൊട്ടു മേലേ വീടാണ് എളാപ്പയുടേത് എങ്കിൽ മേലീലെ പാപ്പ ഉമ്മയുടെ നേരേ എളാപ്പയുമാണ്, എളാപ്പാനെ ഞാൻ ഇങ്ങോട്ട് വരുത്തും, മേലീ ലെ പാപ്പാനോട് ഞാൻ പറഞ്ഞ് കൊടുക്കും എന്ന് ഉമ്മ പറഞ്ഞാൽ ഞാൻ അടങ്ങാറുമുണ്ടായിരുന്നു. 

നല്ലൊരു കർഷകൻ കൂടിയായിരുന്നു എളാപ്പ ഊകത്തെ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത്  പാടത്ത് അവർക്ക് കൃഷിയുണ്ടായിരുന്നു. അതുപോലേ തന്നെ തോട് വരമ്പിൽ നിന്നും മാപ്പിളക്കാട്ടിലേക്ക് കോൺഗ്രീറ്റ് പാലം ഇല്ലായിരുന്നു, ഈ അടുത്ത കാലത്ത് അദ്ധേഹത്തിന്റെ മകൻ സെയ്ദ് സാഹിബിന്റെ നേതൃത്തിലാണ് കോൺഗ്രീറ്റ് പാലം നിർമിച്ചത്, അത് വരെ ആളുകൾക്ക് അങ്ങോട്ട് മിങ്ങോട്ടും കടക്കാൻ തെങ്ങ്, മുരിക്ക് തുടങ്ങിയ മരങ്ങൾ കൊണ്ട് താൽകാലിക പാലങ്ങൾ നിർമിക്കാറാണുണ്ടായിരുന്നത് അതിനെല്ലാം നേതൃത്വം നൽകാറുള്ളത് അദ്ധേഹമായിരുന്നു. 
അദ്ധേഹത്തിന്റെ എല്ലാ സൽകർമ്മങ്ങും റബ്ബ് സ്വീകരിക്കുമാറാവട്ടെ,
ആമീൻ.
----------------------
ലിയാകത്ത് ഇ. കെ. 
 

ഗാംഭീര്യമുള്ള മുഖഭാവം,
          ആർദ്രത നിറഞ്ഞ മനസ്സ്.
==============
കൊടുവാപറമ്പൻ മാപ്പിളക്കാട്ടിൽ സൂപ്പി എന്നവരുടെ നാല് മക്കളിൽ മൂന്നമനായിരുന്നു ഇന്ന് കൂട് സ്മരിക്കുന്ന മൊയ്തീൻകുട്ടി കാക്ക... മർഹൂം കുഞ്ഞറമുട്ടി ഹാജി കക്കാടംപുറം. അഹമ്മദ് കുട്ടി ഹാജി ചേറൂരിലേക്ക് വിവാഹം കഴിച്ച ഒരു സഹോദരിയുമായിരുന്നു സഹോദരങ്ങൾ. സ്മര്യപുരുഷന്റെ യവ്വനകാലം എ.ആർ നഗറിലായിരുന്നു. ഇന്നത്തെ തൊഴിലാളി ഹോട്ടൽ അക്കാലത്ത് ജേഷ്ടൻ അഹമ്മദ്കുട്ടിഹാജിയുടെതായിരുന്നു ഈ ഹോട്ടലിലെ ജീവനക്കാരനായി അദ്ധേഹത്തിൻ്റെ കൂടെയായിരുന്നു താമസം. പിന്നീട് എ.ആർ നഗറിൽ തന്നെ കൊപ്ര പണി എടുത്തിരുന്നു. അത് കൊണ്ടു തന്നെ അദ്ധേഹത്തിൻ്റെ സൗഹൃദങ്ങൾ എ.ആർ നഗറിൽ തന്നെ ആയിരുന്നു. എൻറെ  മൂത്താപ്പ  കുഞ്ഞിക്കമ്മു ഹാജി അന്ന് കൊപ്ര പണിയിൽ  കൂടെ ഉണ്ടായിരുന്നു ഇവർ രണ്ടുപേരും വളരെ അടുത്ത കൂട്ടുകാരനായിരുന്നു കൊപ്ര പണി നിർത്തിയശേഷം  പാടത്ത് കൃഷിയും കന്നുകാലികളുമായി കഴിഞ്ഞു. 

ഭയങ്കര ധൈര്യ ശാലിയായിരുന്ന അദ്ധേഹം അപകടഘട്ടങ്ങളിൽ തൻ്റെ ജീവൻ നോക്കാതെ രക്ഷാ പ്രവർത്തനം നടത്തിയിരുന്നൂ. പാമ്പ് പിടിത്തത്തിൽ വിദഗ്ധനായിരുന്നു. അത് കൊണ്ടു  പ്രദേശത്ത് എവിടെ പാമ്പിനെ കണ്ടാലും അദ്ധേഹത്തെ വിളിച്ച് കൊണ്ടു പോകുമായിരുന്നത്രെ. കണ്ടാൽ വലിയ ഗൗരവക്കാരനായി തോന്നുമെങ്കിലും അടുത്തിടപഴകുമ്പോൾ അറിയാം അദ്ദേഹത്തിൻറെ നൈർമല്യ സ്വഭാവം. ഒരു വർഷം മുമ്പു വരെ കൃഷിനടത്തിയിരുന്നു. നല്ല ആരോഗൃവാനായിരുന്ന അദ്ധേഹം മക്കളുടെ നിർബന്ധപ്രകാരം കൃഷി നിർത്തി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരവെ ചെറിയ രോഗങ്ങൾ തലപൊക്കി എന്നാലും പ്രായാധിക്യത്താലുള്ള അസുഖമല്ലാതെ ഒന്നും ഇല്ലായിരുന്നു. അടുത്തകാലംവരെ കക്കാടംപുറത്തൊക്കെ വരാറുണ്ടായിരുന്നു. പെട്ടന്നുള്ള നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പരേതന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
-----------------------------
ഫൈസൽ മാലിക്ക് വി.എൻ



അധ്വാനം അഭ്യാസമാക്കി 
        ജീവിതം സമൃദ്ധമാക്കി ജീവിച്ചവർ
==============
ഇന്ന് ദൗത്യം നിലച്ച ജീവിതം രണ്ട് മീസാൻ കല്ലുകൾക്കിടയിൽ നിശബ്ദമായുറങ്ങുമ്പോൾ ഓർമ്മകൾ സംസാരിക്കുന്ന ഈ പള്ളിപ്പറമ്പ് പരിപാടിയിലൂടെ കൊടുവാപറമ്പൻ മാപ്പിളക്കാട്ടിൽ മൊയ്‌ദീൻകുട്ടി കാക്ക എന്ന ഗൗരവ ഭാവത്തിന്ന് പിറകിൽ പുഞ്ചിരിയുടെ മൊഞ്ചുള്ള ആ സ്നേഹ ദേഹത്തെ  സ്മരിക്കുമ്പോൾ ഓർമയുടെ മറവിൽ തെളിഞ്ഞു കാണുന്ന ചിലത് ഞാനും കുറിക്കുന്നു. അരയിൽ അരപ്പട്ടയും തലയിൽ വട്ടത്തിൽ കെട്ടിയ മുണ്ടും എന്തിനെയും നേരിടാനുള്ള ധൈര്യവും ആരോടും എവിടെ വെച്ച് കണ്ടാലും മുറുക്കി ചുവന്ന ചുണ്ടിൽ വിരിയുന്ന ചിരിയോടെ ഉള്ള അഭിസംബോധന വൈഭവവും അവരെ ഇന്ന് ഓർക്കുമ്പോൾ കണ്ണിൽ കാണുന്നു. 

നല്ല തനി നാടൻ മലയാള മൊഴികളിൽ തമാശകൾ പറയുന്ന മൊയ്‌ദീൻ കാക്കയെയും ഞാൻ കണ്ടു. എന്റെ ഉപ്പയുടെ ചെങ്ങാതികൂടിയായിരുന്ന അദ്ദേഹം. വൈകുന്നേരങ്ങളിൽ തൊഴിലാളിയിലും കൃഷ്ണേട്ടന്റെ മുറുക്കാൻ കടയിലുമൊക്കെ ഇരുന്ന്  സൗഹൃദങ്ങൾ പങ്കിടുന്നത്. വാപ്പയുമൊത്ത്‌ അങ്ങാടിയിൽ പോകുന്ന കാലം തൊട്ടേ ഞാൻ കേട്ടിട്ടുണ്ട് ആദ്യമൊക്കെ എനിക്ക് വലിയ പേടിയായിരുന്നു. ആ നടത്തത്തിന് ഒരു പ്രതേക താളമായിരുന്നു.. ദൂരെ നിന്ന് കാണുമ്പോൾ പലർക്കും പല പരാതികളും കാണും ആരെയും അടുത്തറിയുമ്പോഴേ അവരുടെ മനസ്സിന്റെ വിശാലതയറിയാൻ കഴിയൂ.. കാലങ്ങൾ മാറി കഥയും മാറി ഞാൻ കുറെ വലുതായി മുഹമ്മദ്‌ കുട്ടിക്ക അപ്പോഴും അതെ ഭാവം അതെ രൂപം  കരുത്തിൻ ഒട്ടും കുറവില്ല. ഞാൻ അദ്ദേഹത്തെ കൂടുതൽ അടുത്ത് പരിചയപ്പെടുന്നത് കറ്റ വൈക്കോൽ ലോഡിങ്ങിലൂടെയാണ്.. പലതവണ ഞാന് അവരുടെ കൂടെ ആ പണിക്ക് പോയിട്ടുണ്ട് മണ്ണിനെയും മൃഗങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്   കുട്ടികളോടും ഏറെ സ്നേഹമായിരുന്നു. 

ഒരു പ്രാവശ്യം വൈക്കോലുമായി പോരുന്ന വണ്ടിയുടെ മുകളിൽ നിന്ന് വീണ് കയ്യിനു പരിക്ക് പറ്റി ചെറാട്ട് പള്ളിക്കടുത്താണ് വീണത് ഞാൻ ആ വീഴ്ച കണ്ട് വൈകോലിന്റെ മുകളിലൂടെ അള്ളിപിടിച് മുന്നോട്ട് പോയി വണ്ടിയുടെ ക്യാബിനിൽ തട്ടി വണ്ടി നിർത്തിയപ്പോഴേക്കും അവർ എണീറ്റു നടന്ന് വരുന്നുണ്ടായിരുന്നു.   അപ്പോൾ ഒന്നുമില്ലെന്ന് പറഞ് ലോടൊക്കെ ഇറക്കിപിരിഞ്ഞു.  പിന്നീടാണ് കയ്യിൽ വീക്കം കണ്ടത് പിന്നീട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഏത് ജോലിയുണ്ടെങ്കിലും  നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധപുലർത്തിയിരുന്ന ആളായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്  നിക്കേര്ച്ചിട്ടില്ല ഞാൻ നിക്കേര്ച്ചട്ടെ എന്നാണ് പറയാറ്. ആ വട്ടത്തിൽ കെട്ടിയ തലയിൽ കെട്ടും കള്ളിത്തുണിയും ഒറ്റക്കളർ  കുപ്പായവും ധരിച്ചു കൊണ്ട് കൊടോചെതെയീന്ന് പച്ചീനും മാങ്ങി റോഡിന്റെ ഇടതുവശം ചേർന്ന് സ്പീഡിൽ നടന്നുനീങ്ങുന്ന മൊയ്‌ദീൻകുട്ടി കാക്കയെ പലപ്പോഴും ഞാൻ നോക്കി നിന്നിട്ടുണ്ട്.. 

ഇന്നത്തെ അനുസ്മരണകുറിപ്പുകളിലൂടെ അവരെക്കുറിചുള്ള ഒരുപാട് മഹത്വങ്ങളും ആ വിശാലമനസ്സിന്റെ ആഴവും  വായിചെറിയാൻ കഴിഞ്ഞു.. 
എല്ലാ ജോലിയിലും കൊറേശേ കൈൽ കുത്തിയ ഞാൻ അദ്ദേഹത്തിന്റെ വീടിന്റെ തൊടുവിൽ വെട്ടിയ തടിമരം കയറ്റാൻ പോയതിലും ഞാനുണ്ടായിരുന്നു വലിയ മൂപ്പൻമാരുടെ ഇടയിൽ ഞാൻ ഒരു ചെറുതായത് കൊണ്ട് മൊയ്‌ദീൻക ഇടക്ക് പറയും ആ കൂട്ടിന നോക്കിട്ടന്ന്. അന്ന് തന്ന കഞ്ഞിയും ചമ്മന്തിയും ഇന്നും മറന്നിട്ടില്ല. അന്നൊരു വാക്കും പറഞ്ഞു. നൈചുമ്പോ നല്ലോണം തിന്നണം ഇന്നാലെ നൈചാൻ കജൊള്ളൂന്ന്.😭

ഇന്ന് ആറടി മണ്ണിന്റെ ഏകാന്തതയിൽ ആണവർ നാഥൻ അവരുടെ ഖബർ പ്രകാശിപ്പിക്കട്ടെ... ആമീൻ 
ജീവിതത്തിൽ വന്ന് പോയ പാകപിഴവുകൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. ആമീൻ.. 

നാളെ അവരെയും നമ്മെയും നമ്മിൽ നിന്ന് മണ്മറഞ്ഞു പോയവരെയും അവന്റെ ഹബീബ് (സ്വ)തങ്ങളോട് കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.. 😭😭😭
----------------------
മുജീബ് കെ. സി. 


ബാപ്പ 
=========
السلام عليكم ورحمة الله وبركاته 
ഇന്നത്തെ പള്ളിപ്പറമ്പ് പരിപാടിയിൽ വന്ദ്യപിതാമഹനെക്കുറിച്ചുള്ള സ്മരണകളാണെന്നറിഞ്ഞതിൽ നിറസന്തോഷം രേഖപ്പെടുത്തട്ടെ....

വല്ല്യുപ്പമരിണപ്പെട്ടിട്ട്  ഏകദേശം എഴുപതിലേറെ ദിവസങ്ങളായി അല്ലാഹു അദ്ദേഹത്തെിന്റെ ഖബർ ജീവിതം സുഖമാക്കിക്കൊടുക്കട്ടെ...! ആമീൻ ഇപ്പൊ ഇവിടെ ഒന്നൂടെ ആ ഓർമ്മ പുതുക്കാൻ അവസരം തന്ന കൂട്ടിലെ മുഖ്യകാര്യധർശികൾക്ക് നന്ദി അറിയിക്കുന്നു.

ബാപ്പയുടെ (ഞങ്ങൾ ബാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്) മരണ സമയത്ത്  ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. എനിക്ക് അദ്ദേഹത്തെ ക്കുറിച്ച് സ്മരിക്കുമ്പോൾ അദ്ദേഹത്തെിന്റെ കൃഷി രീതികളെയാണ് ആദ്യം ഓർമ്മവരുന്നത്,   നല്ല ഒരു കർഷകനായിരുന്നു. നെല്ല്,വാഴ,പച്ചക്കറികൾ പലതും ചെയ്യുന്നത് കണ്ടിട്ടുണ്ട്  പാടത്ത് നെല്ല് വിതക്കാനായി വീട്ടിൽ ചില പൊടിക്കൈ പ്രയോഗം ഞാൻ നോക്കി നിന്നിട്ടുണ്ട് ആ രീതി ഇപ്പോഴും ഉണ്ടോ എന്നെനിക്കറിയില്ല. പോരാത്തതിന് കന്നുകാലികളെ വലിയ കാര്യമായിരുന്നു- വീട്ടിൽ പശു,പോത്ത് ഇവയെ വളർത്തിയിരുന്നു.  ഒരു പ്രധാന പതിവായിരുന്നു കൊടുവായൂരങ്ങാടിയിൽ പോകുന്നത് അതും നടന്നേ പോകൂ.... കക്കാടംപുറത്ത് മീൻ ഉണ്ടായാലും കൊടുവായൂരങ്ങാടീലെ മീനിനോടായിരുന്നു പ്രിയം.  തലയിൽ ഒരു വെള്ളമുണ്ട് ഫാഷനായിരുന്നു പുറത്തെവിടെങ്കിലും പോകുമ്പോൾ അത് നിർബന്ധമായിരുന്നു. 
ലിയാകത്ത് കാക്ക പറഞ്ഞതു പോലെ അവിടെയുള്ള കുട്ടികൾ വാശിപിടിക്കുമ്പോൾ ബാപ്പയുടെ പേര് പറഞ്ഞാണ് ഒത്തു തീർപ്പാക്കാറള്ളത്. എനിക്കും പേടിആയിരുന്നു....


അല്ലാഹു ആഖിറം ഖൈറിലാക്കട്ടെ ആമീൻ...
------------------------------
സാദിഖ് കെ.എം.



മൊയ്‌തീൻ കുട്ടി കാക്ക
==============
മാപ്പിളക്കാട്ടിൽ മൊയ്‌തീൻ കുട്ടി കാക്ക  കുട്ടിക്കാലം മുതൽ മരണം വരെ കണ്ടു പരിചയിച്ച   എന്റെ അയൽവാസി. ഓർമ വരുന്നത് മൂന്ന് പതിറ്റാണ്ട്  മുമ്പ് ഊകത്തു പള്ളിയിൽ ദർസ് കാലമാണ്. പള്ളിക്ക് സമീപം വാഴ കൃഷി  നടത്തിയിരുന്ന മൊയ്‌തീൻ കുട്ടി കാക്ക   ദർസ് കുട്ടികളായ ഞങ്ങൾക്ക് പഴുത്ത നേന്ത്രപഴം   സമ്മാനിക്കുകയായിരുന്നു. എന്നും പരമ്പരാഗതമായ ജീവിത ശൈലിയിൽ   ജീവിച്ച അദ്ദേഹം  ഒരു തികഞ്ഞ കർഷകനുമായിരുന്നു. 

കൊടുവായൂർ അങ്ങാടിയിലേക്ക് എന്നും നടന്നു പോയി മീൻ വാങ്ങുന്ന പഴയ തലമുറയിലെ അപൂർവ്വം വ്യക്‌തിയായിരുന്നു അദ്ദേഹം. സ്ഥിര പരിചയമുള്ളവരോട്  എന്തെങ്കിലും തമാശ  വളരെ ഗൗരവത്തിലുള്ള അവതരണം അദ്ദേഹത്തിന്റെ ശൈലിയാണ്.   അവസാനം വരെ അദ്ധ്വാന ശീലനായ   അദ്ദേഹം നമ്മെ പിരിഞ്ഞു പോയി റബ്ബ് അദ്ദേഹത്തിൻറെ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ 

ആമീൻ
-----------------------
മുജീബ് പി. കെ. 


അദ്വാനത്തിന്റെയും വിയർപിന്റെയും സുഖന്തമുള്ള പച്ചയായ മനുശ്യൻ
==============
السلام عليكم 
എന്റെ അയൽവാസിയും ഓർമവെച്ചകാലം മുതൽക്കേ എന്റെ മാതാ പിതാക്കളുമായി സുഹ്രത്ത് ബന്തവുമുള്ള മർഹൂം മാപ്പിളക്കാട്ടിൽ മൊയ്തീൻ കുട്ടികാക്ക. ഓർക്കാൻ ഒരുപാടുണ്ട്  നല്ല അദ്വാനത്തിന്റെയും വിയർപിന്റെയും സുഖന്തമുള്ള പച്ചയായ മനുശ്യൻ. ന്യായത്തിന്ന് മുന്പിൽ എന്നും നെന്ജ് വിരിച്ച് നിന്ന കാരണവർ.  അന്യായക്കാരോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന തന്റേടിയായ കാരണവർ.  പുതുപ്പണക്കാർ മിന്നിത്തിളന്ഗിയപ്പോഴും മണ്ണിൽ തന്റെ കുടുംബത്തിന് മഈശത്ത് കണ്ടെത്തിയവർ. ഒരിക്കലും മറക്കാനാവാത്ത ഒരു വ്യക്തിത്വമാണ് അദ്ധേഹത്തിന്റെത്.
الله ആഖിറം നന്നാക്കി കൊടുക്കട്ടെ 
നമുക്കൊക്കെ ചിന്തിക്കാനുള്ള ഒരുപാട് നല്ല കാര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടാണ് നമ്മുടെ കാരണവൻമാർ വിടപറഞ്ഞിട്ടുള്ളത് 
അവരെയൊക്കെയും നമേമേയും പടച്ചവൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. 
اَمين 
---------------------
Abdullah Kambran 




റേഷൻ കടയുമായി നല്ല ബദ്ധമുണ്ടായിരുന്നെങ്കിലും എടുത്ത് പറയത്തക്ക മുഹുർത്തങ്ങളൊന്നും ഓർമ്മയിൽ തെളിയുന്നില്ല
കൃഷി പണിയൊക്കെ കഴിഞ്ഞ് വളരെ വൈകി വന്ന് തീർത്തും ശാന്തനായി തന്റെ ഊഴം കാത്ത് നിന്ന്  ഞങ്ങൾ കുട്ടികളോടൊക്കെ വളരെ സ്നേഹത്തോടെ ഇടപെട്ട് മാന്യമായി സമാധാനത്തോടെ കടന്ന് പോയത് കൊണ്ടാകാം. എട്ത്ത് പറയത്തക്ക ഓർമ്മകൾ ബാക്കിയാക്കാതെ മൊയ്തീൻ കുട്ടിക്ക വിട്ട് പോയത് (ഇത് എന്റെ സ്വന്തം അനുഭവമായിരിക്കാം).
മുകളിൽ ദുആ ചെയ്ത എല്ലാവരുടെയും ദുആ അല്ലാഹു ( സു-ത ) ഖബൂൽ ചെയ്യട്ടെ ആമീൻ
---------------------
ഹബീബുള്ള നാലു പുരക്കൽ



ജുമുഅക്ക് ഊക്കത്ത് പോകുന്ന അന്ന് മുതൽ പരിചയമുള്ള ഒരു മുഖമാണ് മൊയ്തീൻ കുട്ടിക്കാക്ക.  ചെറുപ്പം മുതലേ കാരപറമ്പ് മുതൽ കണ്ടുവരുന്ന മുഖങ്ങളായിരുന്നു കാരപറമ്പിലെ മമ്മുട്ടിക്കാക്ക, മയമുറ്റി കാക്ക, ചെറീതാജി, കുഞ്ഞറമുട്ടി കാക്ക,മമ്മത് മുസ്ലിയാർ ഇവരൊക്കെ. എല്ലാവരും പോയി, അവസാനമായി മൊയ്തീൻ കുട്ടി കാക്കയും. കള്ളിത്തുണിയും ഷർട്ടും തലയിലൊരു വട്ടക്കെട്ടും. മുറുക്കാൻ തിന്നുന്ന ചിരിക്കുന്ന മുഖവും. കാണുമ്പോൾ എപ്പോഴും മൂപ്പർക്ക് തിരക്കാണ്. എന്തെങ്കിലും ജോലിയിലായിരിക്കും. പ്രവാസിയായാലും അദ്ദേഹത്തിന്റെ ജനാസയിലും പങ്കുചേരാൻ കഴിഞ്ഞു. നാഥൻ അവരുടെയും നമ്മിൽ നിന്ന് മരിച്ചു പോയ എല്ലാവരുടെയും ഖബർ ജീവിതം പ്രകാശപൂരിതമാക്കിക്കൊടുക്കട്ടെ. ആമീൻ
-----------------------------
മൊയ്തീൻകുട്ടി അരീക്കൻ (കുഞ്ഞാപ്പു)



Friday, 19 October 2018

തത്തമ്മക്കൂട് കത്തെഴുത്ത് മത്സരം വിജയികൾ





========================================================================================================
കത്തെഴുത്ത് മത്സര വിജയികളുടെ രചനകൾ
================================================



12/10/2018
കക്കാടംപുറം

പ്രിയ സ്നേഹിതന് സുഖമാണെന്നു കരുതുന്നു. നീ അയച്ച കത്തു കിട്ടി വായിച്ചു സന്തോഷിക്കുന്നു. ഒപ്പം മറുപടി അയക്കാൻ താമസിച്ചതിലെ നിന്റെ പരിഭവം ഞാൻ മനസ്സിലാക്കുന്നു. ഇവിടെ എനിക്ക് പുതിയ ചില നല്ല കൂട്ടുകാരെ കിട്ടിയിരിക്കുന്നു. അവരോട് സംസാരിച്ചും അവരുടെ വിശേഷങ്ങളിൽ പങ്കെടുത്തും കഴിയുന്നതിനിടയിൽ പലപ്പോഴും മറ്റുകാര്യങ്ങൾക്ക് സമയം തികയാറില്ല എന്നതാണ് സത്യം. നീ കരുതുന്നതുപോലെ പണ്ട് നമ്മൾ വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കുന്നത് പോലെയുള്ള ഒരു കൂട്ടുകെട്ടിനെ പറ്റിയല്ല ഞാൻ പറയുന്നത്. പറഞ്ഞുവരുന്നത് ഞങ്ങൾ തുടങ്ങിയ പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചാണ് പേര് "തത്തമ്മക്കൂട്" ഒരുപാട് ഗ്രൂപ്പുകളിൽ ഞാനും നീയുമൊ അംഗങ്ങളാണെങ്കിലും തത്തമ്മക്കൂട് അതിൽനിന്നൊക്കെ വേറിട്ടുനിൽക്കുന്നു. കർശനമായ പെരുമാറ്റച്ചട്ടത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇന്ന് ഞങ്ങളുടെ നാടിന്റെ ഒരു പരിച്ഛേദമായി മാറിയിരിക്കുന്നു. വളർന്നുവരുന്ന പുതുനാമ്പുകളെ അക്ഷരങ്ങളോട് അടുപ്പിക്കുകയും സർഗാത്മകത വളർത്തുകയും ചെയ്യുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇരുളാർന്ന പോയകാലത്തെ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഊഷ്മളമായ സൗഹൃദത്തിന്റെ സൗരഭ്യം ഒരുഗ്രാമം മുഴുവൻ പരത്തുക എന്നതും തത്തമ്മക്കൂടിന്റെ സ്വപ്നമത്രെ. ആരോടും കടപ്പാടുകളില്ലാതെ തിരക്കഭിനയിച്ച് സ്വന്തത്തിലേക്ക് ചുരുങ്ങി പരിസരത്തുനിന്നുയരുന്ന നിലവിളികളിൽ കാതുകൾ പൊത്തിപ്പിടിക്കുന്ന യുവസമൂഹത്തെ സാമൂഹിക ബോധമുള്ളവനാക്കി മാറ്റാനും തത്തമ്മക്കൂടിനു കഴിഞ്ഞിരിക്കുന്നു. ഞായറാഴ്ചകളിൽ ഏറെക്കുറെ ശാന്തമായുറങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പ് തിങ്കളിന്റെ പൊൻപുലരിയിൽ തുടങ്ങുന്ന സൗഹൃദസദസ്സോടെ സജീവമായി തുടങ്ങും. ജീവിതത്തിന്റെ പരക്കംപാച്ചിലിനിടയിൽ അന്യരായി തീർന്ന ഒരുപാട് ദേഹങ്ങളെ പരസ്പരം സ്വന്തക്കാരാണെന്നും അയൽവാസികളാണെന്നും തിരിച്ചറിയാൻ സൗഹൃദസദസ് പലപ്പോഴും നിമിത്തമായിട്ടുണ്ട്. ശുദ്ധ സംഗീതത്തിന്റെ ഇശൽ പെയ്തിറങ്ങുന്ന ചൊവ്വാഴ്ചകൾ കൂട്ടിലെ സംഗീതപ്രേമികൾക്ക് മാപ്പിളപ്പാട്ടുകൾ കൊണ്ടും അനശ്വരഗാനങ്ങൾ കൊണ്ടും മനം നിറക്കുന്ന ദിവസമാണ്. ബുധൻ വ്യാഴം ദിവസങ്ങളിൽ നടക്കുന്ന കുരുത്തോല പുതുതായി എഴുതിത്തുടങ്ങുന്നവരുടെ പ്രതീക്ഷയാണ്. പരിചയസമ്പന്നരുടെ രചനകളെ വെല്ലുന്നതരത്തിലുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ കുരുത്തോല ഏറെ സഹായിച്ചിട്ടുണ്ട്. പള്ളിപ്പറമ്പ് എന്ന് പേരിട്ട് വെള്ളിയാഴ്ചകളിൽ നടക്കുന്ന അനുസ്മരണങ്ങളിൽ കൂടി മൺമറഞ്ഞുപോയ പൂർവികരെയും അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരെയും ഓർത്തെടുക്കാൻ സഹായകരമായിട്ടുണ്ട്. ഇങ്ങിനെയൊരാൾ  ഇവിടെ ജീവിച്ചിരുന്നു എന്ന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഓരോ നന്മ നിറഞ്ഞ സ്മരണകളും. ശനിയാഴ്ച നടക്കുന്ന തൽസമയ ക്വിസ് മത്സരം അറിവിനെയും ഓർമ്മശക്തിയെയും പരീക്ഷിക്കുന്ന ഒന്നാന്തരം മത്സരമാണ്. വേഗതയും ചടുലതയുമായിരുന്നു പലപ്പോഴും വിജയികളെ നിശ്ചയിച്ചിരുന്നത്. തത്തമ്മക്കൂടിന്റെ വിശേഷങ്ങൾ ഇനിയും നിരവധിയാണ്.  ദീർഘിച്ച എഴുത്ത് നിന്നെ മുഷിപ്പിക്കും എന്നുള്ളതുകൊണ്ട് തൽക്കാലം ചുരുക്കുന്നു. ഓൺലൈനിൽ നിന്ന് മണ്ണിലേക്കിറങ്ങി ചില ഒത്തുചേരലുകളും തത്തമ്മക്കൂടിന്റെ ബാനറിൽ നടന്നിട്ടുണ്ട്. അതിന്റെ വിശേഷങ്ങൾ നിന്റെ മറുപടിക്കുശേഷം എഴുതാം എന്ന പ്രതീക്ഷയോടെ തൽക്കാലം നിർത്തുന്നു.

പ്രിയ സ്നേഹിതൻ
✍🏻ഫൈസൽ മാലിക്ക് വി.എൻ
------------------------------------------------------------------------------------------------------------------------------------------------


اسلام علىكم    

 ന്റെ  ചെങ്ങായിക്ക്, 
     
എന്തൊക്കെ അന്റെ വർത്താനം, അന്റെ പഠിത്തം ഒക്കെ  എങ്ങനണ്ട്....? മംഗലാപുരത്തെ  കോളേജ് ജീവിതം എങ്ങനെ പോണ്..? അന്നെ ഒക്ക  കാണാൻ പൂതി ആയെടാ, ഇജ്ജ്  ഞ്ഞ്  എന്നാണ്  നാട്ടിൽക്ക് പോര്നത്...? വിവരങ്ങളൊക്കെ  ഒന്ന് അറിയിക്ക്. നാട്ടിൽ ഞമ്മക്ക്  ഇവിടെ  പരമസുഖാണ്,കഴിഞ്ഞ ആഴ്ച കൊറച്ച്  മഴ  കിട്ടീക്ക്ണ്, ന്നാലും നല്ല  ചൂട് ണ്ട്.വേറെ  ന്തൊക്കെ...?  ഒരു സന്തോഷം പറയാനാണ് ഞാനിത് എഴുത്ണത്, ഞമ്മളെ കുറ്റൂർ ലെ  സത്താർസാഹിബ്‌  ണ്ടാക്കിയ  ഒരു  വാട്സ്ആപ്പ് ഗ്രൂപ്പ്‌ണ്ട്, പേര്  തത്തമ്മക്കൂട്. സോഷ്യൽ മീഡിയ  ഉപയോഗിക്ക്ണ ന്നെ  പോലെ ള്ളവര്  24 മണിക്കൂറും അയിലാണ്. കാരണം  ആഴ്ചയിൽ  7 ദിവസും വ്യത്യസ്ത പരിപാടികൾ  കൊണ്ട് കൂടെപ്പോഴും  സജീവാണ്.പല പ്രായക്കാരും പല  കുടുംബക്കാരും  ഒത്തു ചേർന്ന് ഒരമ്മ പെറ്റ മക്കളെ മാതിരി  ഒറ്റക്കെട്ടാണ്. കൊർച്ചീസം മുമ്പ്  കുറ്റൂരിലെ RPT  ഗ്രൗണ്ടിൽ വെച്ച് 'നാട്ടൊരുമ' എന്ന പേരിൽ കൂടിന്റെ ഗംഭീരമായ ഒരു  സംഗമവും നടന്നു.ആ  ഗ്രൗണ്ടിന്റെ പഴേ പേര് 'അണകുത്തി മൈതാനം' ആണെന്ന്  ഞാനൊക്കെ അപ്പളാണ് അർഞ്ഞത്. കൂട്ടിലെ തത്തകൾ എല്ലാരും  കൂടി  നാടിന്റെ ചരിത്രം മാറ്റി കുറിച്ചു എന്നാണ് അയിനെ പറ്റി  ഞാൻ കേട്ടത്.വേങ്ങര SI  സാറിനെ ആദരിക്കലും  വെള്ളപ്പൊക്കത്തിൽ  സഹായം ചെയ്തു കൊട്ത്ത ഞമ്മളെ നാട്ടിലെ ക്ലബുകളെ അഭിനന്ദിക്കലും ഫിറോസ് ബാബു സാറിന്റെയും  ഞമ്മളെ നാട്ടിലെ കൊർച്ച് ആൾക്കാരുടെയും പാട്ടുകളും എല്ലാം കൂടി പരിപാടി ജോറായി.പന്തൽന് പൊറ്ത്ത് നല്ല മഴ ണ്ടെയ്നു.ആ തണ്പ്പിൽ  നല്ല ചൂടുള്ള ചായിം കേക്കും കിട്ടി.കൂട്ടിൽ എല്ലാ തിങ്കളാഴ്ച്ചിം സൗഹൃദ സദസ്സ് നടക്കും.കൂട്ടിലെ ആരെങ്കിലുമൊരാൾ കൂടിന്റെ തായേരീൽ ള്ള ചാര് കസാലീൽ കേറി ഇര്ക്കും.പിന്നെ ബാക്കിള്ളോൽ എല്ലാരും കൂടി ഓരോരോ  ചോദ്യങ്ങൾ ചോദിച്ചോണ്ടിര്ക്കും. ഈ പരിപാടിക്ക് ചായ സൽക്കാരം എന്നും പറയും.ചൊവ്വാഴ്ച്ച കൂട്ടിൽ ഇശൽ കൂടാണ്.മിക്കവാറും കുറ്റൂർ കാരനായ സിറു ആണ് പാട്ട് പാടി കൂടുണർത്തൽ,പിന്നങ്ങട്ട് പാട്ടോട് പാട്ടാണ് .കൂട്ടിലെ മിക്ക തത്തകളും കൊർച്ചെങ്കിലും ഒന്ന് മൂളി നോക്കും .ബാക്കിള്ളോൽ അയിന് പുഗ്ഗും ലൈകും ഒക്കെ ഇട്ടൊട്ക്കും. ബുധനും വ്യാഴും കുരുത്തോലണ്ട്.ഞമ്മളെ ഉള്ളിൽള്ള കഴിവുകൾ  ഇട്ത്ത് കാട്ടാൻ പറ്റിയ ചാൻസ്.ഞാനൊക്കെ അതിലെഴുതിയ കഥകളും കുറിപ്പുകളുമൊക്കെയാണ് അൻക്ക് അയച്ചു തന്നീനത്.ഇന്നെ പോലെ ള്ള കൊറേ ആൾക്കാര് എഴുതാനും പാടാനും ഒക്കെ തൊടങ്ങീത് തത്തമ്മക്കൂട്ടിൽ നിന്നാണ്.പിന്ന വെള്ളിയാഴ്ച്ച ഞമ്മളെ നാട്ട്ന്ന് മണ്മറഞ്ഞ പൂർവ്വികരെ ഓർമിക്ക്ണ പരിപാടി,ദുആകളും ഓർമ്മ കുറിപ്പുകളും ഒക്കെ ആയിട്ട് അന്നത്തെ ദിവസത്തെ പരിപാടി ന്റെ പേര് 'പള്ളിപറമ്പ്'.ശനിയാഴ്ചയാണ് പൂരം,രാത്രി ഏതേങ്കിലൊരു തത്ത മാസ്റ്ററായി വെരും. കൃത്യം 10 മണിക്ക് തൊടങ്ങ്ണ ക്വിസ്സ്മത്സരത്തിൽ പത്തോ പതിനഞ്ചോ ചോദ്യങ്ങള്ണ്ടാകും.കൂടുതൽ ശരിയുത്തരം പറഞ്ഞ ആൾക്ക് സമ്മാനണ്ട്. കൊറേ അറിവ് കിട്ട്ണത് കൊണ്ട്  ഏകദേശം എല്ലാരും സ്ഥിരമായി അയിൽ പങ്കെട്ക്കും. ക്വിസ്സ് ഒര് വട്ടം ഞാനും നടത്തി നോക്കീനി. പിന്ന ഇതൊക്കെ കൂട്ടി ചേർത്ത് ഞായറാഴ്ച രാവിലെ വാരാന്ത്യ വാർത്ത ണ്ട്.അതും ഞമ്മളെ സിറൂന്റെ മധുര ശബ്ദത്തിൽ! ചുരുക്കി പർഞ്ഞാൽ  എന്നും ആനന്ദം തന്നെ. മന്സിനും ശരീരത്തിനും ഒരേ പോലെ  സന്തോഷം  കിട്ട്ണ പരിപാടികൾ. ഇത്ര നല്ലൊരു വാട്സ്ആപ്പ് ഗ്രൂപ്പ് ഞമ്മളെ നാട്ടിൽ  വേറെ ഇല്ല.അനക്ക്  താല്പര്യം ണ്ടെങ്കിൽ  അന്നിം കൂടി അയിൽ  ആഡ് ചെയ്യാൻ  ഞാൻ പറഞ്ഞോള,  വേറെ പ്പൊ ഒന്നും എഴുതാനില്ല. ബാക്കി ഒക്കെ ഞമ്മക്ക്  നേരിട്ട്  കണ്ട് പറയാം.. തൽക്കാലം നിർത്തട്ടെ, മറുപടി പ്രതീക്ഷിച്ച് കൊണ്ട്. 

സ്നേഹപൂർവ്വം
✍🏻 ജുനൈദ് കള്ളിയത്ത്
---------------------------------------------------------------------------------------------------------------------------------------------


✉✉✉✉✉✉✉✉✉✉✉✉
ഏക ഇലാഹിന്റെ കരുണാ കടാക്ഷത്താൽ എന്റെ പ്രിയ തത്തകൾക്ക് സ്നേഹത്തോടെ ഞാനെഴുതന്നത്. 
            നിങ്ങളുടെ കൂടെകൊത്തിയും പൊറുക്കിയും പാറിപ്പറന്നും മനസിന്റെ ചില്ലയിൽ സൗഹൃദത്തിന് കൂടുകൂട്ടിയ ഒരു കുട്ടിത്തത്ത കുത്തിക്കുറിക്കുന്നത്.ആദ്യമായ് ഞാൻ അറിയുന്ന എന്നെ അറിയുന്ന എല്ലാ തത്തകൾക്കും സ്നേഹം അറിയിക്കട്ടെ.കത്തെഴുതോർമയിൽ തങ്ങിനിൽക്കുന്ന മറക്കാനാവാത്ത കത്ത്‌ ചിലപ്പോൾ ഇത് തന്നെയാവും. 
ഇതിലും സുന്ദരമായ ഒരു എഴുത്ത് ഞാനെഴുതിയതായി ഞാനോർക്കുന്നില്ല.. 
എഴുത്തിന്റെ കാര്യത്തിൽ വളരെ മോശമായ ഞാൻ പലപ്പോഴും മറ്റ്‌ കൂട്ടുകാരുടെ എഴുത്തുകൾ കണ്ട് അധിശയതോടെ നോക്കി നില്കുകയും പിന്നെ ആരും കാണാതെ അത്പോലെ എഴുതിനോക്കുകയും ചെയുന്ന ഒരു പതിവ് സ്വഭാവം എന്നിലുണ്ടായിരുന്നു. അങ്ങിനെ യാണ് അക്ഷരങ്ങളുടെ സൗധര്യത്തിൽ ആകർഷ്ടിതനായി പല ഹാന്റ് റൈറ്റുകളും പരീക്ഷിച്ചു തുടങ്ങിയത്.. ബങ്ങിയുള്ള.ഒരെഴുത്തെഴുതാൻ കൊതിച്ച നാളുകളിൽ കളിയാക്കിയവരും പ്രോത്സാഹിപ്പിച്ചവരും ഇന്നും എന്റെ ഉള്ളിൽ ഒരു നല്ല കൂട്ടായ് ഓർമകളിൽ ഓടിയെത്താറുണ്ട്. സ്കൂളിൽ നിന്ന് എഴുതിപ്പടിച്ച അക്ഷരക്കൂട്ടുകൾ ജോലിക്ക് പോയിടത്തു നിന്ന് അയക്കുന്ന  ഇല്ലന്റിലൂടെയാണ് ആദ്യമായ് ഉപ്പ വായിച്ചത് അന്ന് ആ എഴുത്ത് ഒരു വിധത്തിൽ ഉപ്പാക്ക് മാത്രമേ വായിക്കാൻ കഴിയുമായിരുന്നുള്ളൂ എന്ന് വീട്ടുകാർ പറയാറുണ്ടായിരുന്നു.വളഞ്ഞും പുളഞ്ഞും എഴുതിതുടങ്ങിയ ആ കത്തെഴുത്ത്‌ വരികളിലൂടെ തെളിഞ്ഞു വന്നത് നിരവധി നാളുകളുടെ പരിശ്രമത്തിന്റെ ഫലമായിരുന്നു. പേനയിൽ നിന്നൂർന്നിറങ്ങുന്ന നിറങ്ങൾ പിന്നെ മനസ്സിൽ വർണങ്ങൾ വിതറുകയായിരുന്നു.. അന്നൊക്കെ കത്തെഴുത്ത്‌ വല്ലാത്തൊരു ആവേശമായിരുന്നു. മറുവടി എത്തുമ്പോൾ ജോലിക്ക് ഇടയിൽ വായിക്കാൻ അന്ന് അനുവാദം ഇല്ലായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് കുളിക്കുന്നത്തിന് മുമ്പ് ആ കത്ത്‌ വായിക്കുമ്പോൾ ഉള്ള ഒരു റിലേക്സേഷൻ ഒന്ന് വേറെതന്നെയാണ്..ആ സ്നേഹത്തിന്റെ മധുരവും ഹൃദയബന്ധങ്ങളുടെ തുടിപ്പും അകൽച്ചയുടെ നൊമ്പരവും ഒരൊറ്റ ഇരുപ്പിൽ അനുഭവിക്കുന്ന ആ   കത്തെഴുത്തോർമകളെ വീണ്ടും കോർത്തിണക്കാൻ അവസരമൊരുക്കിയ  ഈ കൂടിനും അഡ്മിൻ ഡസ്കിനും എങ്ങിനെ നന്ദി പറയും. ഉരുപാട് പഴയകാല ഓർമകളിലേക്ക് മനസ്സിനെ മാടിവിളിക്കുന്ന ലേഖനങ്ങൾ വായിച്ചതും ആസ്വദിച്ചതും ആനന്ദം കൊണ്ടതും ഈ കൂട്ടായ്മയിലൂടെ കിട്ടിയ വലിയ സൗഭാഗ്യമാണ്.ഒരുപാട് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നല്ല മനസ്സുകൾ ഉള്ള ഈ കൂട്ടായ്മയിൽ അംഗമാകാൻ കഴിഞ്ഞതിലും ഞാനിന്ന് സംതൃപ്തനാണ്.. എന്നെ സംബന്ധിച്ചിടത്തോളം ഈ കൂട് ഒരു വലിയ ആത്മവിശ്വാസമാണ് എനിക്ക് സമ്മാനിച്ചത് തെറ്റുകൾ കണ്ടാൽ പി എം ഇൽ വന്ന് തിരുത്തി തന്നും പൂക്കളും ലൈകും തന്നും നൽകിയ പ്രോത്സാഹനങ്ങൾക്കും സഹകരണങ്ങൾക്കും നന്ദിയുണ്ട്. കൊരങ്ങൻ പൂമാല കിട്ടിയപോലെ എന്ന് പറഞ്ഞ പോലെ ഞാൻ എനിക്കുപോലും അറിയാതെ കുറെ എന്തൊക്കെയോ എഴുതി വിട്ടു അതിന് ഈ കൂടും കൂട്ടുകാരും തന്ന ലൈകും കമൻസും കിട്ടിയപ്പോൾ എന്നിൽ തിരതല്ലിയത് എന്തെന്നില്ലാത്ത ആവേശമാണ്.. ഏറെ ഹൃദ്യമായ ഗാനങ്ങൾ മധുര ശബ്ദങ്ങളുടെ സൗന്ദര്യത്തിൽ തേൻ മഴയായ് പെയ്‌തിറങ്ങുന്ന ചൊവ്വയും.  സൗഹൃദ സദസ്സിൽ  അതിഥികളായെത്തുന്ന പലരെയും ഒരു പരിചയവും ഇല്ലാത്തവർ ആയിട്ട് പോലും ആ ദിവസത്തിലെ ആ മിണ്ടിപ്പറച്ചിൽ പലപ്പോഴും തൊട്ടുരുമ്മി നിന്ന് നടത്തുന്ന സംഭാഷണങ്ങൾ പോലെ അനുഭവപെട്ടിട്ടുണ്ട്  അത്രക്ക് സ്നേഹത്തോടെയും കരുതലോടെയും ഉള്ള ചായ സൽക്കാരവും കൂടിന്ന് വളരെ ആവേഷം നൽകുന്ന ഒരു പ്രോഗ്രാം തന്നെയാണ്...നമ്മുടെ കൂട്ടിൽ നിത്യവും വരാറുള്ളതും ഉള്ളതെല്ലാം  കൊത്തിപൊറുക്കുകയും ചെയ്യുന്ന തത്തകൾക്കും കൂടിനു ചുറ്റും പാറിപ്പറന്ന് പാട്ട് പാടിയിട്ടും കൂട്ടിൽ ഒന്ന് കേറാൻ മടിക്കുന്ന മറ്റ്‌ തത്തകൾക്കും സന്തോഷത്തിന്റ നല്ല നാളുകൾ നേർന്നുകൊണ്ട് ഈ വെറുപ്പിക്കൽ നിറുത്തി.. എഴുത്തിൽ ചുരുക്കി മറുവടിക്ക് കാക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം കൂട്ടിലെ തത്ത....

✍🏻  മുജീബ് കുഴിയഞ്ചേരി
-------------------------------------------------------------------------------------------------------------------------------------------
===================================================================================================================
സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ച കത്തുകൾ
===================================================================================================================




ജിദ്ധ
13/10/18

    
  എനിക്കെത്രയും പ്രിയപ്പെട്ട ൻറെ സൈദ് അറിയുന്നതിന്ന് നിൻറെ അദ്രാമാൻ എഴുത്ത്. നിനക്കും മാഡത്തിനും കുട്ടികൾക്കും സുഖമെന്ന് കരുതുന്നു.അള്ളാഹുവിൻറെ കാരുണ്യം കൊണ്ട് എനിക്കും സുഖം തന്നെ. അൽഹംദുലില്ലാഹ്. എന്തൊക്കൊയാണ് നിങ്ങളുടെ വിശേഷങ്ങൾ? നീ എന്നെ മറന്നു അല്ലേ? വാട്സ് അപ്പിൽ ഒരു മെസ്സേജ് പോലും നീ അയച്ചില്ലല്ലോ .... തത്തമ്മക്കൂട് സംഘടിപ്പിച്ച "നാട്ടൊരുമ"യിൽ നീ മുന്നിൽ തന്നെ ഇരിക്കുന്ന ചിത്രം ഞാൻ കണ്ടു. നിൻറെ ഫോട്ടോ കണ്ട് ഞാനെത്ര മാത്രം സന്തോഷിച്ചെന്നോ ::: നിനക്ക് നാട്ടൊരു മയിൽ പങ്കെടുക്കാൻ പറ്റിയല്ലോ, എനിക്കതിനൊന്നും പറ്റിയില്ലെന്നോർത്ത് ഒരു പാട് സങ്കടപ്പെട്ടു. എന്നാലും നീ എന്നെ ഒന്ന് ഓർക്കുക പോലും ചെയ്തില്ലല്ലോ .....നീ മദ്രസ്സയിലേക്ക് വരുമ്പോൾ മടിയിൽ തിരുകി കൊണ്ട് വരുന്ന അച്ചിപ്പുളി ഓരിവെച്ച് തിന്നതും MC യുടെ കയ്യിൽ നിന്ന് അടി വാങ്ങിച്ചതും നീ മറന്നു അല്ലേ? അലി ഹസ്സൻകുട്ടിയുടെ കൂടെ നിലപറമ്പിലേക്ക് ഈച്ച കായ്ക്കുന്ന മരം കാണാൻ പോയതും, കുണ്ടാ രൂൻറെ ഉൽസവത്തിന് പോയി വിളക്ക് ഊതി കടല വാരിയപ്പോൾ എന്നെ അവിടെയിട്ട് നീ ഓടിയതും, നിലപറമ്പിലെ അയ്യപ്പനാശാരി കുടിച്ച് പൂസായി വന്നപ്പോൾ ചാമ്പ്രയിലേക്ക് തള്ളിയിട്ട് ആശാരിച്ചിയോട് പോയി പറഞ്ഞതും നീ മറന്നു അല്ലേ? ൻറെ സൈദേ നിനക്കെങ്ങനെ മറക്കാൻ കഴിയും? കൊണ്ടോട്ടി നേർച്ചക്ക് നമ്മൾ പോയത് നീ മറന്നുവോ? നെടിയാരം എസ്റ്റേറ്റിലേക്ക് നമ്മൾ പോയി ഗുഹ കാണാതെ തിരിച്ച് പോന്നതും, പുത്തു തറകാണിച്ച് തരാമെന്ന് പറഞ്ഞ് കുറ്റൂ തോട്ടിൽ എന്നെ തളളിയിട്ടതും, ചൂണ്ടയിൽ കിട്ടിയ ആമയുടെ തല ഉള്ളിലേക്ക് വലിച്ചപ്പോൾ എൻറെ ആമക്ക് തലയുണ്ടായിരുന്നെന്ന് പറഞ്ഞ് എന്നെ അടിച്ചതും, ജിന്നിനെ പിടിക്കാൻ ഇപ്പോ വരാമെന്ന് പറഞ്ഞ് നേരം വെളുക്കുവോളം എന്നെ കുന്നാഞ്ചേരിപ്പള്ളിയിലിരുത്തിയതും നീ മറന്നു അല്ലേ? മയഞ്ഞിലിനെ പിടിച്ചു എന്ന് പറഞ്ഞ് നീർക്കോലിയേയും തോളിലിട്ട് വീട്ടിലേക്ക് വന്നതും, തവളയെ ഓപ്പറേഷൻ ചെയ്തപ്പോൾ ഇമ്മു വഴക്കു പറഞ്ഞതും തവളയുടെ കുരുത്തക്കേട് എനിക്ക് പറ്റാതിരിക്കാൻ എൻറെ ചെവി നീ നുള്ളി മുറിവാക്കിയും, നിൻറെ കാലിലെ വെള്ളിത്തണ്ട കൊണ്ട് എൻറെ കാലിൽ മുറിവാക്കിയതും, KTമാഷെ പഞ്ചായത്ത് കിണറിന്റടുത്ത് നിന്ന് മൂത്രം പാത്തി മണ്ണ് കുഴച്ച് എന്നെയും കൂളാൻ മുഹമ്മദിനെയും നീ എറിഞ്ഞതും, പുത്തൻചോലയിലെ മറുതയുടെ കഥ പറഞ്ഞ് മഞ്ചേരി കുരിക്കളുടെ മകനെ രാത്രി മുഴുവൻ ഉറങ്ങാൻ സമ്മതിക്കാതെ പിടിച്ചിരുത്തിയതും, പാരിക്കാട് കാണാൻ പോയപ്പോൾ "എവിടേക്കാനായ്ക്കളേ " എന്ന് സ്ത്രീകൾ ഒച്ച വെച്ചതും നീ മറന്നുവല്ലേ.....?
കുന്നും പുറത്തേക്ക് ഇറച്ചിക്ക് പോയപ്പോൾ ഊരിപ്പിടിച്ച കത്തിയുമായി അബ്ബാസും അബോക്കരാക്കയും നിന്നെ പിടിച്ച് വലിച്ചപ്പോൾ വിടെടാ - .. എന്ന് പറഞ്ഞ് ഞാനലറിപ്പാഞ്ഞ് വന്നതും നീ മറന്നു ......, നിൻറെ വീട്ടിലെ കോഴികൾക്ക് അസുഖം വന്നപ്പോൾ നമ്മൾ രണ്ടാളും കൂടി വിൽക്കാൻ കൊണ്ടു് പോയതും കോഴിക്ക് മരുന്ന് കോഴി വസന്ത വേണമെന്ന് കടക്കാരനോട് പറഞ്ഞപ്പോൾ നിൻറെ മേലാകെ കോഴി വസന്തയാണെന്നു് പറഞ്ഞതും നീ മറന്നു അല്ലേ? മധുരയിലേക്ക് നമ്മൾ മധുര യാത്ര ചെയ്തത് നിനക്കോർമ്മയില്ലേ? മുട്യാ ർ ക്ക ലെ നേർച്ചക്ക് പോയത് മറന്നോ? ലത്തീഫിന്റെ റൂമിൽ ഞാൻ ഉണ്ടാക്കിയ മച്ച് ബൂസ് നീ ഓർക്കുന്നില്ലേ? കക്കാടംപുറത്ത് പറയാത്ത കല്യാണത്തിന് പോയി ശാപ്പാട് കഴിച്ച് നിൻറെ കയ്യിലുണ്ടായിരുന്ന കാശ് അവിടെ കൊടുത്ത് പോന്നതും നീ മറന്നോ? നാസർ ബസ്സിൽ നമ്മൾ കക്കാട് വരെ പോയത് നിനക്കെങ്ങനെ മറക്കാൻ കഴിയും? കുന്നം പുറം ചന്തയിൽ പോയി റെഡിമെയ്ഡ് കുപ്പായം വാങ്ങിയ തും നീ മറന്നോ:...? അങ്ങിനെ എന്തെല്ലാം ഇനിയും ഉണ്ട്. ൻറെ സൈദേ നിന്നെ മൂരികുത്തിയത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല. പുര കെട്ട് കല്യാണത്തിന് ചങ്ങരൻ കാക്ക വന്നത് എങ്ങനെയാണ് നീ മറക്കുക?  ഇനി നീ എല്ലാം ഓർക്കണം. എന്നെ വിഷമിപ്പിക്കാതെ വാട്സ് അപ്പിലൂടെയോ അല്ലെങ്കിൽ ഇതിനൊരു മറുപടിക്കത്തോ തരണം .ഇനി കൂടുതലായി ഒന്നുമില്ല. ൻറെ സൈദിൻറെ മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തട്ടെ -
അസ്സലാമു അലൈക്കും.
                       എന്ന്,
         സ്വന്തം അദ്രാ മാൻ
✍🏻  എം ആർ സി അബ്ദുറഹ്മാൻ
--------------------------------------------------------------------------------------------------------------------------------------------------


അബഹ
13/10/2018


പ്രിയം നിറഞ്ഞ ഹനീഫക്ക്  സ്നേഹിതൻ മൊയ്തീൻ കുട്ടി .    
السلام عليكم
ഏത്തൊക്കെയുണ്ട് വിശേഷങ്ങൾ... നിനക്കും വേണ്ടപ്പെട്ടവർക്കും സുഖമെന്ന് കരുതി സന്തോഷിക്കുന്നു. വർഷങ്ങളുടെ ഇടവേളകൾക്ക് ശേഷം ഞാൻ നിനക്കൊരു കത്തെഴുതുകയാണ്. അതിന്ന് നിമിത്തമായത് നമ്മുടെ തത്തമ്മക്കൂടും. നിനക്കോർമ്മയുണ്ടോ... തത്തമ്മക്കൂടി തെക്കുറിച്ച് ഞാനന്ന് പറയുമ്പോൾ നിനക്കുണ്ടായ ജിജ്ഞാസയും അതിലെ ഓരോ കുറിപ്പുകൾ അയച്ചു തരുമ്പോൾ കൂടുതലറിയാനുള്ള ആകാംശയും ഇപ്പൊ എന്തായി... നീ വല്യ എടുത്തുകാരനായില്ലേ... എനിക്കതിൽ അഭിമാനമേയുള്ളൂ, അതുപോലെ എത്രയെത്ര കൂട്ടുകാരുടെ കഴിവുകളാണ് തത്തമ്മക്കൂട് വഴി നാടറിഞ്ഞത്. അത് മാത്രമല്ല നമുക്കൊക്കെ തമ്മുടെ നാടിന്റെ ചരിത്രമറിയാനും നാട്ടുകാരെക്കുറിച്ചറിയാനുമൊക്കെ സാധിച്ചില്ലെ.... അതിലുപരി കുറേയേറെ സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും സാധിച്ചു പിന്നെ നമ്മുടെ കുറെ ടെൻഷനാെക്കെ കുറക്കുന്നതും ഇതിലൂടെതന്നെയല്ലേ... കൂട്ട്യാളെ പാട്ടും ക്വിസും പിന്നെ വല്യ വല്യ ആൾക്കാരെ കൊണ്ടുവന്നുള്ള സദസ്സുകളും ഒക്കെ നല്ല പരിപാടികൾ തന്നെ. കൂട്ടിലെ പെരുമാറ്റവും അച്ചടക്കവും എടുത്തു പറയേണ്ടതു തന്നെ. ഇപ്പൊ നമ്മുടെ കൂട് വളർന്ന് നാടിന്ന് ഒഴിവാക്കാൻ വയ്യാത്ത ഒന്നായി മാറിയിട്ടുണ്ട്.
 കൂടിന്റെ അമരത്തിരിക്കുന്നവർക്ക് അതിലുള്ള പങ്ക് ചെറുതൊന്നുമല്ല. അവരുടെ നിരന്തരമായ ഇടപെടലുകളും പ്രോത്സാഹനങ്ങളുമാണ് ഈ വളർച്ചക്ക് കാരണം. ഇനി കൂടുതലെഴുതുന്നില്ല. കൂടിന്റെ വിശേഷങ്ങളെഴുതിയാൽ തീരില്ല. എഴുത്ത് കിട്ടിയാൽ എല്ലാ വിവരങ്ങൾക്കും മറുപടി അയക്കുമല്ലോ... ദുആ വസിയത്തോടെ നിർത്തുന്നു. പ്രിയത്തിൽ സലാം... 
അസ്സലാമു അലൈക്കും.

✍🏻  മൊയ്തീൻ കുട്ടി അരീക്കൻ
--------------------------------------------------------------------------------------------------------------------------------------------------------------



13.10.2018
തത്തമ്മക്കൂട്

ചങ്ക് ബ്രോ.. സുഖമാണന്ന് കരുതുന്നു
സുഖത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
ഈ മോഡേൻ കാലത്ത് കത്തെഴുതുന്നത് പഴഞ്ചനായത് കൊണ്ടല്ല, മനസ്സറിഞ്ഞ് സംസാരിക്കണമെങ്കിൽ കത്തിനെ സാധിക്കൂ എന്നുള്ളത് കൊണ്ടാണ്. നിന്റെ ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എനിക്ക് ഒരുമിച്ച് മറുപടി തരാൻ പറ്റില്ല, പക്ഷേ നിന്റെ എല്ലാ ചോദ്യത്തിനും ഞാൻ ഉത്തരങ്ങൾ കാണിച്ചു തരാം ...  അത് എൻ്റെ പ്രിയപ്പെട്ട തത്തമ്മക്കൂടിനെ പറ്റി തന്നെയാണ്. എല്ലാവരേയും   വലുപ്പചെറുപ്പമില്ലാതെ ഒരു പോല തന്നിലേക്ക് ക്ഷണിക്കുകയും  പരാതി കൂടാതെ ഉള്ളിൽ ഒതുക്കുകയും ചെയ്യുന്ന ആ തത്തമ്മക്കൂട് ഈ സോഷ്യൽമീഡിയ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും.  ഒരു പറ്റം സേവകരുടെ കഠിനാധ്വാനത്തിനു ഒരു നാടിന്റെ ചുംബനം ഏറ്റുവാങ്ങിയ തത്തമ്മക്കൂട്ടിനെ കുറിച്ചാണ്. ഈ കൂട്ടിലെ മുഴുവൻ തത്തകളെയും പ്രകൃതിയിൽ ഒന്നാക്കുന്നതാണ് തത്തമ്മക്കൂട്. അനന്തമായ ആകാശത്തിനു താഴെ നക്ഷത്രങ്ങളെയും ചന്ദ്രനെയും കാണാൻ കൂട് എപ്പോഴും തുറന്നിട്ടു ... ഈകൂട് ഇല്ലായിരുന്നങ്കിൽ ഈ വാട്സ്ആപ്പിനെ തന്നെ ഞാൻ ഇഷ്ട്ടപെടില്ലന്ന് പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട് ... ഞങ്ങളിൽ പലരും ഇനിയും ഒരുപാട് പഠിക്കാനുണ്ട്... എങ്കിലും നിനക്കു ഞാൻ അൽപമെങ്കിലും പറഞ്ഞു തരാം ... ഈ നന്മ നിറഞ്ഞ കൂട്ടിലേക്ക് വരൂ ... നിന്നെ വെറുക്കുന്നവർ നിന്നെ കാണാൻ വരും, നിന്നെ            സ്നേഹിക്കുന്നവർ നിനക്കു വേണ്ടി ഒരു തുള്ളി കണ്ണീർ പൊഴിക്കും, നിന്നെപ്പറ്റി ഹിംസ പറഞ്ഞവരും ചിന്തിച്ചവരും ഈ കൂട്ടിൽ നല്ലതു മാത്രം പറയും..., നിൻ്റെ ഉള്ളിലും ഒളിഞ്ഞു കിടക്കുന്നത് പലതും അവരിൽ പലരും അറിഞ്ഞെന്നു വരും... നിന്നെ ഞാൻ കൊണ്ടു പോകാം... എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു ലോകത്തേക്ക്. നിന്നെ ഞാൻ കൂട്ടികൊണ്ട് പൊയ്ക്കോളാം... നീണ്ട നാളത്തെ കത്തിരിപ്പിനു അവസരം കൊടുക്കാതെ തന്നെ ... ജീവിതയാത്രയിൽ സങ്കട ഭരിതമായ ദിനങ്ങൾ കടന്നു പോകുമ്പൊ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു ഹൃദയമാണ് ഈ കൂട് കണ്ടുമുട്ടിയതു മുതൽ ഓരോ നാള് കഴിയുംതോറും മനസ്സിനേറെ പ്രിയമുളളതായി മാറിയപ്പോൾ ഉരുകി തീരുന്ന മെഴുകുതിരി യെ ഊതിക്കെടുത്തുന്ന പോലെ എന്റെ മനസ്സിലെ ദുഖങ്ങളെ സങ്കടങ്ങളെ ആശ്വാസമായി ദീപമായി മുന്നിൽ നിൽക്കുന്നു. സ്നേഹിക്കപ്പെടുന്ന മനസ്സുകളിൽ വാർദ്ധക്യത്തിനു സ്ഥാനമില്ല എന്ന മഹത്തായ വരികൾ പോലെ കൂട്ടിൽ പരസ്പരം സ്നേഹിച്ചും, ഓർമ്മകളിലെ സുന്ദര നിമിഷങ്ങളെ കോർത്തിണക്കിയും, സുഖം വരുമ്പോൾ കൂടുതൽ സന്തോഷിച്ചും നമ്മുടെ ആശയങ്ങൾ വിനിയോഗിച്ചും ആത്മ സംയമനം പാലിച്ചും ഒരേ തൂവൽ പക്ഷികളെപ്പോലെ ഒരുമിച്ചു പറന്നുയരുകയാണ് എന്റെ സങ്കല്പത്തിൽ ഞാനാഗ്രഹിച്ച പോലെ ഒരു കൂട് കൂട്ടിന് വന്ന ത്രില്ലിലാണ് ഞാനിന്ന് ബ്രോ.. സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി പൊട്ടിച്ചിരിക്കുന്നത് കാണുമ്പോൾ ഈ കൂടി നെ എത്രമാത്രം ഓരോ തത്തയുംസ്നേഹിക്കുന്നു എന്ന് മനസ്സിലാവും പ്രായമൊത്തിരി കയിഞ്ഞവർക്കും മോഹം വളർന്നിരിക്കുന്നു. കൊതിയോടെ ഹൃദയങ്ങളിലെ ആഴങ്ങളിൽ നിന്നു സ്നേഹത്തിന്റെ പനി നിർപ്പൂക്കൾ വാരിവിതറുകയാണ് നാലുപാടും കൂടുതലായി ഇനി നിന്റെ മറുപടിക്ക് ശേഷം നന്മ മനസ്സുകളിലൂടെ മറ്റുള്ളവർക്ക് മാതൃകയാവാം മാനുഷിക മൂല്യങ്ങളെയുയർത്തി കാട്ടാൻ നമുക്ക് കഴിയുമാറാകട്ടെ എന്നും ആശംസിച്ച് കൊണ്ട് കത്ത് ചുരുക്കുന്നു. മറുപടി പ്രതീക്ഷിച്ചു കൊണ്ട്

 സ്വന്തം,
✍🏻 ശിഹാബുദ്ദീൻ.നാലുപുരക്കൽ..
------------------------------------------------------------------------------------------------------------------------------------------------------------------

To.
Razak N
s/o muhammed  musliyar
Ambalapdi
Kolathoor po
malappuram 

From
AvarankuttyMk
kallivalappil house,
kutoor north  po
AR NAGAR
MALAPPURAM
676305
  
അസ്സലാമു അലൈകും, 

 എത്രയും സ്നേഹം നിറഞ്ഞ കൂട്ടുകാരൻ റസാഖ് വായിച്ചു അറിയുവാൻ സ്നേഹിതൻ അവരാൺകുട്ടി എഴുതുന്നത് 
നിനക്ക് സുഖം എന്ന് കരതുന്നു,എനിക്കിവിടെ സുഖമാണ് എന്തൊക്കെയുണ്ട്  വിശേഷങ്ങൾ  നിന്റെ  ഉമ്മക്കും  ഉപ്പക്കും സുഖമാണോ എന്റെ അനേഷണം പറയണം  പ്രളയം നിന്റെ വീട്ടിൽ പ്രശ്നം ഒന്നും ഉണ്ടായില്ല എന്ന് ഞാൻ മുജീബിന്റെ വീട്ടിൽ പോയപ്പോൾ  അറിഞ്ഞു അന്ന് നീ നാട്ടിൽ  ഉണ്ടായിരുന്നില്ല  മുജീബ് നെ അനേഷണം പറയണം  ഞങ്ങൾ നാട്ടിൽ തത്തമ്മ കൂടെന്ന പേരിൽ ഒരു വാട്സ്ആപ് കൂട്ടായ്മ ആരംഭിച്ചു ആ വിവരം നിന്നോട് ഞാൻ പറഞ്ഞിരുന്നല്ലോ  അതിന്റെ പേരിൽ ഞങ്ങൾ കഴിഞ്ഞ മാസം ഇശൽ പ്രോഗ്രാം നടത്തി നല്ല പരിപാടി യായിരുന്നു  നാട്ടിലുള്ള എല്ലാ നല്ല കാര്യത്തിലും ഇതിലുള്ള ആളുകൾ അവരുടെ ഒഴിവാക്കി സമയം അനുസരിച്ചു സഹകരിക്കും,  നമ്മൾ കുറെ കാലമായിട്ട് കാണാത്ത അതു പോലെ ബന്ധം ഇല്ലാത്ത സുഹൃത്തുക്കളെ എല്ലാം ബന്ധം പുതുക്കാൻ കഴിഞ്ഞു  എല്ലാ ദിവസവും ഓരോ പരിപാടികൾ നടത്തും  അതിൽ സൗഹൃദ കൂട്ടായ്മ ഒരു അനുഭവം തന്നെയാണ്, ഒരു ദിവസം ഞാനും അതിൽ അഥിതിയായി. പള്ളി പറമ്പ എന്ന പേരിൽ മരിച്ച ആളുകളെ അനുസരിച്ചുകൊണ്ട് ഉള്ള  പലരുടെയും നമ്മൾ അറിയാത്ത നന്മകൾ അറിയാൻ സാധിച്ചു ശനി ദിവസം ക്വിസ് മത്സരം നല്ല രസകരമായഅനുഭവമാണ്  അതു പോലെ കൂട്ടിൽ പാടാൻ കഴിവുള്ള ആളുകൾക്കു പാടാൻ അവസരം  നല്ല നല്ല ഗയകർ അഥിതിയായി വരും   എന്തുകൊണ്ടും ഞങ്ങളുടെ കൂട്ടായ്മ ഒരു അനുഭവം തന്നെയാണ്  എനിക്ക് പലപ്പോഴും പല പരിപാടികളിലും പങ്കെടുക്കാൻ സാധിക്കില്ല യാത്രയിലാവും, എന്നാലും എന്ത് തിരക്കുണ്ടെങ്കിലും ഞാൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിക്കും  ഇനിയും കുറെ എഴുതാനുണ്ട് അതെല്ലാം പിന്നീട്, ഞാൻ  എന്റെ കാര്യങ്ങൾ പറഞ്ഞു നിന്റെ വിശേഷം  ചോദിക്കാൻ മറന്നു  സമയം കുറെയായി എഴുത്തു നിർത്തുന്നു, നിന്റെ ഒരു കത്ത് പ്രധീക്ഷിക്കുന്നു നിനക്കു പ്രിയതിൽ സലാ,........

✍🏻  അവറാൻ കുട്ടി 
--------------------------------------------------------------------------------------------------------------------------------------------------



Friday, 21 September 2018

കാഞ്ഞിരപറമ്പൻ മുഹമ്മദലി



പളളിപ്പറമ്പ് @ 
കാഞ്ഞിരപറമ്പൻ മുഹമ്മദലി


🌹🌹 അകാലത്തിൽ വിട പറഞ്ഞ എന്റെ പ്രിയ ജേഷ്ഠ സഹോദരൻ🌹🌹
**************************
തത്തമ്മക്കൂട്ടിലെ ഇന്നത്തെ പള്ളിപ്പറമ്പിലെ സ്മര്യ പുരുഷൻ കാഞ്ഞിരപറമ്പൻ മുഹമ്മദലി എന്റെ ജേഷ്ട സഹോദരനാണ്.കൂട്ടിലെ ഏകദേശം 40 വയസ്സിന് മുകളിലുള്ളവർക്കെ അവനെ അറിയുകയുണ്ടാവുകയുള്ളൂ എന്നാണെന്റെ വിശ്വാസം. ഞങ്ങൾ 4 മക്കളായിരുന്നു. 3 ആണും ഒരു പെണ്ണും. കുടുംബത്തിലെ ആദ്യ കൺമണിയായി 1970-ലായിരുന്നു അവന്റെ ജനനം. ആയതിനാൽ എല്ലാവർക്കും അവനോട് വലിയ വാത്സല്ല്യമായിരുന്നു. കുഞ്ഞോൻ എന്നായിരുന്നു അവനെ വിളിച്ചിരുന്നത്,.വീട്ടുകാർക്കും നാട്ടുകാർക്കുമൊക്കെ പ്രിയങ്കരനായിരുന്നു.പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടായിരുന്നു.മുതിർന്നവരോടെക്കെ നല്ല സൗഹാർദമായിരുന്നു. നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു. വിശാലമായ പാടങ്ങളും ഗ്രൗണ്ടുകളുമുണ്ടായിരുന്നു അന്ന്. ചെറിയ ടൂർണ്ണമെന്റുകളിലൊക്കെ കളിച്ചിരുന്നതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഫുട്ബോളിനെ അത്രമേൽ സ്നേഹിച്ചിരുന്നു. പരേതനായ കാഞ്ഞിരപറമ്പൻ അബ്ദുൾ കരീമിന് അവനോട് പ്രത്യേക വാത്സല്യമായിരുന്നു. അതു കൊണ്ടായി രിക്കാം അദ്ദേഹത്തിന്റെ ചെറിയ മകന് മുഹമ്മലി എന്ന പേരിട്ടത്. അദ്ദേഹമായിരുന്നു അവനെ കളിക്കാനായി കൂട്ടിന് പോയിരുന്നത്. ഫുട് ബോൾ മത്സരം കഴിഞ്ഞ് നേരം വൈകി രാത്രി വീട്ടിലെത്തിയതിന് ഞങ്ങളുടെ വലിയുപ്പ ശകാരിച്ചിരുന്നതായി ഞാൻ ഓർക്കുന്നു.  വീടിന്റെ മുറ്റത്ത് ഒരു പാട് നേരം പന്ത് തട്ടി അവനെന്നെ കളിപ്പിച്ചിരുന്നു. ഒരു കൊച്ചനുജനോടുള്ള സ്നേഹം അവനെന്നോടുണ്ടായിരുന്നു. ഞങ്ങൾ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീടിന് മുന്നിൽ ഇടവഴിയായിരുന്നു.വീട് പണിക്കുള്ള മരക്കഷ്ണങ്ങളും മറ്റും തലച്ചുമടായി വീട്ടിലെത്തിച്ചിരുന്നു. വീട് നിർമ്മാണ വേളയിൽ ആ ചെറുപ്രായത്തിൽ തന്നെ ഒരു പാട് കഷ് sപ്പെട്ടതായി ഞാൻ ഓർക്കുന്നു. ഇടക്കൊക്കെ ചില കുസൃതികളും ഒപ്പിക്കുമായിരുന്നു. രാത്രി ചാളക്കണ്ടിയിലെ ഉത്സവത്തിന് പോയതിന് ഉപ്പയെ അവിടേക്ക് കൂട്ടികൊണ്ട് വന്ന് ഞങ്ങളെ തല്ല് കൊളളിച്ചത് ഇപ്പോഴും ഓർമ്മയിൽ വരുന്നു.1984 മെയ് 12ന് ശനിയാഴ്ച ഞങ്ങളുടെ പിതാവി നെ റിയാദിലേക്ക് യാത്രയയക്കുന്നതിനായി കൊച്ചിയിലേക്കുള്ള യാത്രാസംഘത്തിൽ അവനുമുണ്ടായിരുന്നു. കരിപ്പൂരിൽ അന്ന് എയർപോർട്ട് ഇല്ലായിരുന്നു. ദൂരയാത്രയക്ക് എല്ലാവരും കൊതിക്കുന്ന കാലം.അബൂട്ടി മുസ്ലിയാരടക്കം പലരും അവനെ നിരുത്സാഹപ്പെടുത്തിയിട്ടും യാത്രയിൽ നിന്നുമവൻ പിൻമാറിയില്ല. മരണം അവനെ മാടി വിളിക്കുന്നുണ്ടാവണം. എന്റെ പിതാവിന്റെ കൂടെ റിയാദിലേക്ക് മലപ്പുറം മേൽമുറിയിലുള്ള ഒരു സുഹൃത്തുമുണ്ടായിരുന്നു. ഇരു കുടുബങ്ങളിലുമുള്ള 15-ഓളം പേർ ജീപ്പിലുണ്ടായിരുന്നു. രാവിലെ ആറ് മണിയോടു കൂടിയായിരുന്നു  വീട്ടിൽ നിന്ന് പുറപ്പെട്ടത്. തൃശൂരിനടുത്ത് ഒരിടത്ത് അവർ ചായ കുടിക്കാൻ ചെലവഴിച്ചു.രാവിലെ ഒമ്പതെ കാലിനാണ് ദാരുണമായ അത്യാഹിതം ഉണ്ടായത്. നാഷണൽ ഹൈവേയിൽ പുതുക്കാടിനടുത്തുള്ള പേരാമ്പ്രയിൽ വെച്ച് ഇവർ സഞ്ചരിച്ച ജീപ്പ് തൊട്ടുമുമ്പിലുണ്ടായിരുന്ന ലോറിയെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് മൂവാറ്റുപുഴയിൽ നിന്നു  കോളേജ് വിദ്യാർത്ഥികളുമായി വന്ന  ടൂറിസ്റ്റു ബസുമായി കൂട്ടയിടിച്ചത്.സുഹൃത്തിന്റെ കുടുംബത്തിൽ നിന്ന് 5 പേരും ഇവിടെ നിന്ന്  എന്റെ ജേഷ്ടനുമാണ് മരണപ്പെട്ടത്. എന്റെ വലിയുപ്പയും എളാപ്പയും ( Boss - കരീംക്ക ) അമ്മായിക്കയും അമ്മാവനുമെല്ലാം ജീപ്പിലുണ്ടായിരുന്നു. എളാപ്പ ഒഴികെ എല്ലാവർക്കും പരിക്കേറ്റി രു ന്നു. മരണ വാർത്ത എന്റെ വീട്ടിൽ അറിയിച്ചില്ലായിരുന്നു.    രാത്രിയിൽ വീട്ടിൽ ആളുകൾ ഒരുമിച്ചുകൂടിയപ്പോഴാണ് മരണപ്പെട്ടതായി അറിഞ്ഞത്. രണ്ടാം ക്ലാസിൽ പടിക്കുന്ന എനിക്ക് മരണമെന്തെന്നറിയില്ലായിരുന്നു.... ഒരു പാട് ആളുകൾ തടിച്ചു കൂടിയതും അവന്റെ  സമപ്രായക്കാർ വളരെ ദുഃഖത്തോടെ നിൽക്കുന്നതും മദ്രസയിലെ കുട്ടികളും ഉസ്താദുമാരും വീട്ടിലേക്ക് വന്ന തും അബൂട്ടി മുസ്ലിയാർ മരണവാർത്ത കേട്ട് ബോധരഹിതനായി നിലത്ത് വീണതും  ഉമ്മയുടെയും കുടുംബങ്ങളുടെയും കരച്ചിലും ഇന്നും ഒരോർമ്മയായി അവശേഷിക്കുന്നു. പുതിയ വീട്ടിൽ താമസമാക്കിയിട്ട് ഒരു മാസമെ ആയിട്ടുണ്ടായിരുന്നുള്ളു. ഞങ്ങളുടെ ഉമ്മയക് ആ ഷോക്കിൽ നിന്ന് മോചിതയാകാൻ വർഷങ്ങളെടുത്തു. ആ സമയങ്ങളിൽ അവന്റെ സുഹൃത്തുക്കളെ കാണുമ്പോൾ ഞങ്ങളുടെ വലിയുമ്മ  കരയുമായിരുന്നു. അപകടം  സംബന്ധിച്ച റിപ്പോർട്ടുള്ള രണ്ട് പത്രങ്ങൾ (മാതൃഭൂമി, എക്സ്പ്രസ്സ്) ഇപ്പോഴുമെ ന്റെ  വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവന്റെ മരണശേഷം ഞങ്ങളുടെ പിതാവ്  അവന്റെ പേരിൽ ഞങ്ങളുടെ വീടിന് സമീപം കുറച്ച് ഭൂമി വഖഫ് ചെയ്ത് ചെറിയൊരു നമസ്ക്കാരപ്പള്ളി നിർമ്മിക്കുകയുണ്ടായി.  വർഷങ്ങൾക് ശേഷം ആ  പള്ളി പുനർനിർമ്മിക്കുകയുണ്ടായി. കണ്ണമംഗലം എടക്കാപറമ്പ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിലാണ്  മറമാടിയത്. വേർപാട് ഒരു നൊമ്പരമായി മാറുമ്പോഴും ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോഴും മിഴിയിതളിൽ കണ്ണീർ കടലായി ഒഴുകുമ്പൊഴും സ്വപ്നങ്ങളിൽ ഇന്നും മായാതെ എന്റെയുള്ളിൽ എന്റെ കുഞ്ഞോൻ എന്നുമുണ്ടാകും...... അവനെയും നമ്മളേയും  നമ്മളിൽ നിന്ന് മരണപ്പെട്ട് പോയവരെയും നാഥൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടുമാറാവട്ടെ.. ആമീൻ..... 
----------------------------------------------------
മുഹമ്മദ് സലീം കാഞ്ഞിരപറമ്പൻ



മുഹമ്മദലി: മദ്രസപുസ്തകത്തിലുറ്റി വീണ കണ്ണീർ തുള്ളി
**************************
ആദ്യമേ പറയട്ടെ,
മുഹമ്മദലിയെ മുഖ പരിചയമുള്ള ഒരാളല്ല ഞാൻ.
അവന് താഴെയുള്ള സഹോദരങ്ങളെ നോക്കിയാണ് ആ വിയോഗത്തിന്റെ വേദനകളെ അന്നേ ഉള്ളിലോർത്തു വെച്ചത്. ഇളയ
സഹോദരൻ സലീം എന്റെ സഹപാഠിയായിരുന്നു..
ആ പ്രായത്തിൽ ഒരു മദ്രസ കുട്ടിയുടെ മരണ വാർത്ത നമ്മുടെ നാട്ടിൽ നിന്ന് അതിന് മുമ്പോ ശേഷമോ കേട്ടതായി ഓർക്കുന്നില്ല..
ഇതൊക്കെ കൊണ്ട് തന്നെയാവും മുഹമ്മദലിയുടെ മരണം ഇന്നും ഓർമ്മയിലെവിടെയോ നീറ്റലായി കിടക്കുന്നത്..
പിതാവിനെ പ്രവാസത്തിലേക്ക് യാത്രയാക്കാൻ പോകും വഴിയാണ് ഈ കൗമാരക്കാരൻ അപകടത്തിൽ പെടുന്നത്..
ഉള്ളിലോർത്തു വെക്കാവുന്ന  കൗതുകങ്ങളാണ് ഏതൊരാൾക്കും ദൂര യാത്രകൾ. ആ കൗതുകം തന്നെയാവും ഈ കൗമാരക്കാരനെയും പൊന്നുപ്പയെ അനുഗമിച്ച് കാതങ്ങൾക്കപ്പുറത്തേക്ക് യാത്ര തിരിക്കാൻ പ്രേരിപ്പിച്ചതും.
കളി മൈതാനങ്ങളിലും ചങ്ങാതിക്കൂട്ടങ്ങളിലും പ്രിയങ്കരനായിരുന്നു  മുഹമ്മദലി. വീട്ടിലും അയൽപക്കത്തുമെല്ലാം നല്ല ഓർമ്മകൾ മാത്രമാണവൻ ബാക്കിവെച്ചത്.
കള്ളിവളപ്പിലെ കളി മൈതാനങ്ങളിൽ അവൻ നിറഞ്ഞ് നിന്നു.
നാട്ടു സായാഹ്നങ്ങളിൽ കൂട്ടുകാരോടൊത്തു കൂടി. 
നല്ലൊരു ഫുട്ബോൾ പ്ലെയറായിരുന്നു. ആ കളി മികവ് കണ്ട് കൂടെയുള്ളവർ ആർത്ത് വിളിച്ചു..
മുഹമ്മദലിയുമൊത്തുള്ള സൗഹൃദ കാലത്തെ കുറിച്ച് ഈയടുത്തും ഒരു സുഹൃത്ത് ഓർത്തു പറഞ്ഞു..
ഒരു വീട് പോലെ കഴിഞ്ഞ ഒരയൽപക്കക്കാരൻ.
ഇഴപിരിയാത്ത ആ ബന്ധത്തെ കുറിച്ച് പറഞ്ഞ് തീരുമ്പോൾ ഓർമ്മയുടെ ചെറു നനവ്  അവന്റെ കണ്ണിൽ പൊടിഞ്ഞിരുന്നു.
നീണ്ട മൂന്നര പതിറ്റാണ്ടിനിപ്പുറത്തും മുഹമ്മദലിയെ ഉള്ളിൽ കൊണ്ട് നടക്കുന്ന ആത്മബന്ധങ്ങളുണ്ടെന്നത് ആ ഹൃസ്വ ജീവിതത്തിന്റെ നൻമ തന്നെയാണ്.

മരണത്തിന്റെ ആഘാതത്തിൽ ആ  വേദനകളത്രയും തളം കെട്ടി നിന്ന മദ്രസയിലെ നാളുകൾ മറക്കാനാവില്ല.ആ സങ്കടപ്പെയ്ത്തിൽ വാക്കുകൾ ഉള്ളിൽ കുരുങ്ങി..
മരണ പിറ്റേന്ന്
അവന്റെ ക്ലാസിലെ പാതി തുറന്നിട്ട ജനൽ പാളിയിലൂടെ  ചങ്ങാതിമാരുടെ കണ്ണീർ നനവുകളെ ഒന്നാം ക്ലാസിന്റെ വാതിൽപടിയിൽ ചാരി  നോക്കി നിന്നതോർമ്മയുണ്ട്.  
കുട്ടികളെല്ലാം കൂടിയിരുന്ന് ആ സഹപാഠിക്ക് വേണ്ടി ഫാതിഹ ഓതിയതും പ്രാർത്ഥനക്കിടയിൽ  കണ്ഠമിടറി വാക്കുകൾ കിട്ടാതെ ഉസ്താദ് വിങ്ങിപ്പൊട്ടിയതും മറക്കില്ല..
കണ്ണീര് തോരാത്ത അവന്റെ ചങ്ങാതിമാരുടെ തോളിൽ കൈവെച്ച് അബൂട്ടി മുസ്ല്യാർ ആശ്വാസത്തിന്റെ വാക്കുകൾ കൊണ്ട് കണ്ണീരൊപ്പിയതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..

അള്ളാഹു അവന് സ്വർഗം നൽകട്ടെ,
---------------------------
സത്താർ കുറ്റൂർ



മുഹമ്മദലി
*************
ഒരു പാട് തവണ നേരിൽ കണ്ട കുട്ടി. അൽ ഹുദയുടെ എതിർവശത്ത് ഉണ്ടായിരുന്ന ഗ്രൗണ്ടിൽ നടന്ന 15 വയസ്സിന് താഴെയുള്ളവരുടെ ഫുട്ബോൾ ടൂർണ്ണമെന്റാണ് ഓർമ്മ വരുന്നത്.
അന്ന് നടന്ന ഫൈനൽ മൽസരത്തിൽ ശിവരാമേട്ടൻ റഫറിയും ഞാനും കുഞ്ഞാകനും(Late) ലൈൻ റഫറിമാരുമായിരുന്നു. അന്ന് ടൂർണ്ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്തത് മുഹമ്മദലിയെ യാ യി രു ന്നു.
പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കുറ്റൂരിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ മരണം നടന്നത്.
ഇപ്പോഴും മുഹമ്മദലിയെ ഒർമ്മ വരുന്നു. ഒരിക്കലും മറക്കാൻ കഴിയില്ല ആ കുട്ടിയെ -
മുഹമ്മദലിയെയും നമ്മളെയും നാഥൻ സ്വർഗ്ഗത്തിൽ ഒരു മിച്ച് കുട്ടട്ടെ -ആമീൻ
അപകട മരണത്തെ ത്തൊട്ട് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ -
ആമീൻ
-----------------------------------------
എം.ആർ.സി അബ്ദുറഹ്മാൻ



ചില മരണങ്ങൾ നമ്മുടെ മനസ്സിൽ നിന്നും മായാതെ വല്ലാത്തൊരു നീറ്റലായി നില നിൽക്കും.
**************************
എന്റെ കൂട്ടുകാരനും, സാഹപാഠിയുമായിരുന്ന മുഹമ്മദലിയുടെ മരണവും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന  പ്രിയ സ്നേഹിതൻ KP കരീമിന്റെ മരണവും  ഇതിൽ ചിലതായി,സങ്കടങ്ങളായി ഇന്നും വേദനയോടെ നിൽക്കുന്നു. 

സുന്ദരനായ മുഹമ്മദലിയുടെ  വശ്യമായ ചിരിയും ഫുട് ബോളിലുള്ള കഴിവും നാട്ടുകാരുടെ ഇഷ്ട്ട മകനാക്കി മാറ്റി. 

കുറ്റൂരിൽ 84 കളിൽ ഫുട് ബോൾ ജ്വരം വലിപ്പചെറുപ്പമില്ലാതെ എല്ലാരിലും കയറിയ കാലം...ടൂർണ്ണമെന്റുകളും,മാച്ചുകളം തലങ്ങും വിലങ്ങും നടക്കുന്ന നേരം. കൽകത്താ  ക്ലബ്ബുകളായ മുഹമ്മദൻസിനും,മോഹൻബഗാനും,ഈസ്ററ് ബംഗാളിന്റേയും ആരാധകരുടെ തർക്കങ്ങളും,വെല്ലുവിളികളും ,പന്തയങ്ങളുമായി ശബ്ദമുഖരിതമാവാറുള്ള  കുറ്റൂരിലെ ജുംഗഷൻ...അവിടെയാണ് കളി കമ്പക്കാരനായ മുഹമ്മലി പന്ത് തട്ടി കളിക്കാൻ വന്നിരുന്നത്.

എന്റെ വീട്ട് മുറ്റത്ത് പന്ത് തട്ടി കളിക്കുമ്പോൾ മുഹമ്മദലിയും പലപ്പേഴും വരാറുണ്ട്..പന്തിന്റെ കൂടെ ഞങ്ങൾ പാഞ്ഞു മടുക്കുകയല്ലാതെ മുഹമ്മദലിയുടെ കാലിൽ നിന്ന് പന്ത് ഞങ്ങൾക്ക്  കിട്ടാൻ  കുറച്ച് പണിയായിരിന്നു   

മുറ്റത്തെ കളിയിൽ  ചിരിച്ച് കൊണ്ട് പന്തുമായി പായുന്ന മുഹമ്മലിയാണ് ഇന്നു മനസിൽ  മായാതെ നിൽക്കുന്നത്. 

മുഹമ്മലിയുടെ  മരണം നാട്ടുകാരെ ഒന്നടങ്കം കരയിപ്പിച്ചതാണ്.വീട്ടുകാർക്ക് എത്രത്തോളം അഘാതമുണ്ടാക്കിയിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്നത്തെ പോലെ ഫോൺ സൗകര്യമില്ലാത്ത അന്ന് കുറ്റൂരിലെ പള്ളിക്ക് മുന്നിലുള്ള കുട്ട്യാലി കാക്കാന്റെ [ എന്റെ മൂത്താപ്   اللهم اغفر له وارحمه ] പീടികയിൽ ഇരുന്ന്  പത്രത്തിൽ വാർത്ത വായിച്ച് ആംബുലൻസും വരുന്നതിന്റെ സമയം ഊഹിച്ച്  നാട്ടുകാർ കാത്തിരുന്നത്  ഓർമ്മയിൽ വരുന്നു. 

മയ്യിത്ത് സന്ദർശിക്കാൻ പോയ പ്പോൾ കൂട്ടുകാരനായ എന്നെ കണ്ടപ്പോൾ വലിയുമ്മ പൊട്ടികരഞ്ഞതും,പള്ളിയിലേക്ക് എടുത്തപ്പോൾ വീട്ടിലെ ഗ്രിൽസ് പിടിച്ച് വലിയുമ്മയുടെ നിയന്ത്രണം വിട്ട നിലവിളിയും മനസിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. 

അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ട امين
------------------------------
ലത്തീഫ് അരീക്കൻ



അകാല ത്തിൽ കുടുംബത്തെ വിട്ട് പിരിഞ്ഞ മുഹമ്മദലിക്കയെ കുറിച്ച് മൂത്താപ്പയിൽ (സലീം കാന്റെ പിതാവ്)നിന്നും കേട്ടിട്ടുണ്ട്. സ്വഭാവ വിശേഷണഠ തന്നെയായിരുന്നു ആ വാക്കുകളിലുടനീളം നിറഞ്ഞ് നിന്നിരുന്നത്.കുടുംബത്തിലെ തന്നെ ഒരംഗത്തിന്റെ വരികളിലൂടെ അറിഞ്ഞതിലും അപ്പുറം അറിയാനായി.ആയുസ്സിന്റെ ദൈർഘ്യം കുറവാകുമ്പോൾ അത്തരം വ്യക്തികളുടെ പെരുമാറ്റം അസാമാന്യ രീതിയിൽ ഉള്ളതായിരിക്കും എന്ന് മുതിർന്നവരിൽ നിന്നും കേട്ടിട്ടുണ്ട്. ഏതായായും ഒരു പ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി സൃഷ്ടാവിന്റെ വിളിക്ക് ഉത്തരം നൽകിയ അദ്ദേഹത്തെയും നമ്മേയും പടച്ചവൻ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
ആമീൻ
-----------------------
അഹമ്മദ് കുറ്റൂർ 


Saturday, 4 August 2018

ഖൽബിൽ തേനൊഴുകണ കോഴിക്കോട്ടേക്ക്


ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് ഉച്ചമയക്കത്തിലായിരുന്ന ഞാൻ കണ്ണുതുറന്നത്. മേശപ്പുറത്തിരുന്ന് നിർത്താതെ ചിലക്കുന്ന  ഫോണെടുത്തു ചെയിൽ വെച്ചു,മറുതലക്കൽ ആത്മ മിത്രം നിയാസ്(കൂട്ടിലെ തത്തയാണ്) 'നമുക്കൊന്ന് കോഴിക്കോട് വരെ പോകണം,വേഗം റെഡിയായി നിൽക്ക്,ഞാൻ ഉടനെ അവിടെ എത്തും' എന്ന നിർദ്ദേശം കേട്ടതും ഉറക്കമൊക്കെ എങ്ങോട്ടോ പോയി,വേഗം പോയി കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും വണ്ടി മുറ്റത്തെത്തിയിരുന്നു. ഞാൻ വേഗം കയറി, പോകുന്ന വഴിക്ക്  പഴയ സഹപാഠി മുസ്തഫയെയും ഒപ്പം കൂട്ടി.
ഇരു ബൈക്കുകളിലുമായി,ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂടെ നാട്ടു വിശേഷങ്ങളും പങ്കിട്ടു ഞങ്ങൾ യാത്ര തുടർന്നു.കോഴിക്കോട്ടെ ഒരു  കോളേജിൽ പഠിക്കുന്ന ഫാസിൽനെയും കൂട്ടി ബീച്ചിൽ പോയി ഒരു ചായയുടെ മാധുര്യം നുകർന്നു  തിരിച്ചു വരാനായിരുന്നു പ്ലാൻ.
തിരക്കൊഴിഞ്ഞതും അത്യാവശ്യം തരക്കേടില്ലാത്ത റോഡും പ്രതീക്ഷിച്ചു  ബൈപ്പാസ് വഴി നീങ്ങിയ ഞങ്ങളെ കിലോമീറ്ററുകളോളം  നീണ്ടു കിടക്കുന്ന ഗതാഗത തടസ്സം നിരാശപ്പെടുത്തി.
പെട്ടൊന്നാണ് ഞങ്ങളുടെ പിറകിൽ നിന്നും ഒരു ആംബുലൻസ് സൈറണടിച്ചു വന്നത്,മറ്റു വാഹനങ്ങൾ ഒരുക്കിയ സൈഡിലൂടെ ആംബുലൻസ് ചീറിപ്പാഞ്ഞു,കിട്ടിയ തക്കം നോക്കി ഞങ്ങളും പിറകെ കൂടി, മിനിട്ടുകൾക്കകം ആ വലിയ വാഹന നിരകളെ പിന്നിലാക്കിക്കൊണ്ട് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി.
ടൗണിൽ നിന്ന് ഫാസിൽനേയും കൂടെ കൂട്ടി.അല്പം കൂടി മുന്നോട്ട് പോയി തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് നിന്ന് നിയാസിന്റെ വക എല്ലാവരും മിൽക്ക് സർബത്തും കുടിച്ചു.അടുത്ത കടയിൽ നിന്ന് ഫാസിൽ ഒരു പുസ്തകവും വാങ്ങി. പോകുന്ന വഴിക്ക്  പള്ളിയിൽ കയറി അസർ നമസ്കരിച്ചിറങ്ങി  വണ്ടി നേരെ ബീച്ചിലേക്ക് വിട്ടു.


ഒഴിവ് ദിവസത്തെ സായാഹ്നമായതിനാൽ ബീച്ചിൽ ഭയങ്കര തിരക്കായിരുന്നു.പലതരം ഭക്ഷണ പദാർത്ഥങ്ങളും കളിക്കോപ്പുകളുമായി കച്ചവടക്കാർ നിലയുറപ്പിച്ചിരുന്നു.
എന്നാൽ ചിലരൊക്കെ കടപ്പുറത്തേക്കിറങ്ങി നടന്നു കച്ചവടം ചെയ്യുന്നുമുണ്ട്.
തിരക്ക് കുറഞ്ഞ ഒരു ഭാഗത്തെ ഇരിപ്പിടത്തിൽ കടലിനോട് അഭിമുഖമായി ഞങ്ങൾ നാല് പേരും ഇരുന്നു.ആർത്തട്ടഹസിച്ചു കരയിലേക്ക് പാഞ്ഞു വരുന്ന ഓരോ തിരമാലകളും കരയോടടുക്കുമ്പോൾ ശാന്തമാകുന്നതും കുട്ടികൾ കടലിൽ ഇറങ്ങി കളിക്കുന്നതുമൊക്കെ കൗതുകത്തോടെ നോക്കിയിരുന്നു.
പലരും ഫോട്ടോ എടുക്കുന്നുണ്ട്, ചിലർ ഉറക്കെ ചിരിക്കുന്നു, മറ്റു ചിലർ ഉറക്കെ സംസാരിക്കുന്നു,കണ്ണും കണ്ണും നോക്കിയിരുന്ന് കിന്നാരം പറയുന്ന കമിതാക്കളും കുറവല്ല.
പലതരം ആളുകളും പലതരം പ്രവർത്തനങ്ങളും.
മാനത്ത് പലനിറത്തിലുള്ള  പട്ടങ്ങൾ പാറിപ്പറക്കുന്നുണ്ട്,ചിലരൊക്കെ മാനം നോക്കി അതാസ്വദിക്കുന്നുമുണ്ട്.
അസ്തമയ സൂര്യന്റെ പാൽപുഞ്ചിരിയും നോക്കി പടിഞ്ഞാറൻ കാറ്റിന്റെ കുളിരാസ്വദിച്ച് ഖൽബിൽ തേനൊഴുകണ കോഴിക്കോട്ടെ ബീച്ചിൽ ഇരുന്നപ്പോൾ മനസ്സിനൊരു കുളിർമ തോന്നി.ഇരുന്ന ഇരുപ്പിൽ ഒന്ന് രണ്ട്‌ തവണ  മുസ്തഫയും നിയാസും ഫോട്ടോ എടുത്ത് Whatsapp Status  അപ്ഡേറ്റ് ചെയ്തു.
പാഞ്ഞടുക്കുന്ന ഓരോ തിരമാലകളും ജലകണികകൾ വിതറി, വെയിലേറ്റു തളർന്ന കരയെ കുളിരണിയിപ്പിക്കുന്നുണ്ട്.

     സൂര്യാസ്തമയത്തിന് ശേഷം പള്ളിയിൽ പോയി മഗ്‌രിബ് നിസ്കരിച്ചു വീണ്ടും കടപ്പുറത്തേക്ക് തന്നെ തിരിച്ചു.കടലിലൂടെ കൂറ്റൻ കരിങ്കല്ലുകൾ പാകി നിർമിച്ച റോഡിലൂടെ കടൽകാറ്റുമേറ്റ് നാലുപേരും നടന്നു.
വലതു ഭാഗത്തായി മത്സ്യ ബന്ധന വള്ളങ്ങൾ നിര നിരയായി കെട്ടിയിട്ടിരിക്കുന്നു.
അവയിൽ ചിലതിൽ നിന്നൊക്കെ LED ലൈറ്റുകൾ മിന്നിതുടങ്ങിയിട്ടുണ്ട്.
ഇടതുഭാഗത്ത്  ഉയർന്നു നിൽക്കുന്ന കൂറ്റൻ കരിങ്കല്ലുകൾ,അതിൽ ആഞ്ഞടിച്ച് അരിശം തീർക്കുന്ന തിരമാലകളും.
ആ കല്ലുകൾക്ക് മുകളിൽ കയറിയാൽ ബീച്ചിന്റെ എല്ലാ ഭാഗവും കാണാമെന്ന് പറഞ്ഞു കയറിയ ഫാസിൽനെയും നിയാസിനെയും ഉപ്പ് വെള്ളം കൊണ്ട് കടലമ്മ നന്നായിട്ടൊന്ന് കുളിപ്പിച്ചു.
ഇത് കണ്ട് ഞാനും മുസ്തഫയും ഉറക്കെ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
നേരം വളരെ ഇരുട്ടിയതിനാൽ അൽപ്പം കൂടി നടന്ന് തിരമാലകൾ കുറഞ്ഞു ശാന്തമായ ഒരു സ്ഥലത്ത് വലിയൊരു കല്ലിന്മേൽ കയറിയിരുന്നു.കയ്യിൽ കരുതിയ കടലമണികളും കൊറിച്ചു കടലിന്റെ നിശാ സൗന്ദര്യവും ആസ്വദിച്ചങ്ങനെ ഇരുന്നു.
പലകാര്യങ്ങളും പരസ്പരം സംസാരിച്ചു, അതിനിടക്ക് വലിയൊരു യാത്രയുടെ പ്ലാനിങ്ങും നടന്നു.വാക്കുകൾക്കിടയിലെ മൗനത്തെ കീറി മുറിച്ചു കൊണ്ട് തിരമാലകളുടെ ആർപ്പു വിളികൾ ഒന്നിന് പിറകെ മറ്റൊന്നായി കേൾക്കുന്നുണ്ടായിരുന്നു.

കടപ്പുറത്തെ കുളിർ തെന്നലേറ്റ് മാനം നോക്കി നാലു പേരും ആ വലിയ കല്ലിന്മേൽ മലർന്നു കിടന്നു,അപ്പോഴെല്ലാം  പാലൊളി തൂകി ഉദിച്ചുയർന്ന ചന്ദ്രൻ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
കൂരിരുട്ടിൽ ഭൂമിയിലേക്ക് വെളിച്ചം വീശുന്ന  ചന്ദ്രനെ സ്വന്തം നിഴൽ കൊണ്ട് തടയാൻ ശ്രമിക്കുന്ന കാർമേഘങ്ങളും അവർക്ക് പിടി കൊടുക്കാതെ ഓടിമാറി വിജയാരവത്തോടെ ചിരിക്കുന്ന ചന്ദ്രനും ഒരു ഒളിച്ചു കളിയുടെ രംഗം ഓർമ്മിപ്പിച്ചു.
ചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടെന്നോണം അങ്ങിങ്ങായി എരിയുന്ന ചില നക്ഷത്രങ്ങളും,മേഘക്കാറ്റിൽ പറന്നു പോകുന്ന കാർമേഘങ്ങളുമൊക്കെ ചേർന്ന മാനത്തെ സന്ധ്യാ കാഴ്ച്ചകൾ മനോഹരം തന്നെ.


പെട്ടെന്നാണ് മാനത്ത് നിന്നും ചില ശൈത്യ കണങ്ങൾ ഞങ്ങളുടെ വദനത്തിൽ വന്ന് പതിച്ചത്.
അപ്പോഴേക്കും വലിയൊരു കാർമേഘകൂട്ടം ചന്ദ്രനെ മറച്ചിരുന്നു.
നല്ലൊരു പേമാരി വരുന്നുണ്ടെന്നറിഞ്ഞ ഞങ്ങൾ കരപറ്റാൻ തിടുക്കം കാട്ടി.കല്ലുകൾ പതിച്ച റോഡിലൂടെ ഏറെ പ്രയാസപ്പെട്ട് ഓടി റോഡിലെത്തിയപ്പോഴേക്കും  നനഞ്ഞിരുന്നു.അടുത്തു കണ്ട പെട്ടിക്കടയിൽ നിന്ന് ഉപ്പിലിട്ട നെല്ലിക്കയും കഴിച്ചു മഴ തോരാൻ കാത്തിരുന്നു.

മഴ ഒരൽപ്പം ക്ഷമിച്ചപ്പോൾ വണ്ടിയുമെടുത്ത് നാലു പേരും നാട്ടിലേക്ക് തിരിച്ചു.
വരുന്ന വഴിക്ക്  കൊളപ്പുറത്തെ ഹോട്ടലിൽ നിന്ന് സ്വാതൂറുന്ന വിഭവങ്ങളടങ്ങിയ അത്താഴവും  കഴിച്ചു യാത്രയുടെ അനുഭവങ്ങൾ അയവിറക്കി വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു.
---------------------------------------
   ✍🏻 ജുനൈദ് കള്ളിയത്ത്

Sunday, 27 May 2018

എണ്ണവണ്ടി


സ്കൂൾ പൂട്ടിയ സന്തോഷത്തോടെയാണ് മദ്രസ്സ വിട്ട് പുറത്തേക്കോടിയത്.
ൻറെ സൈദിനെ കാണുന്നില്ലല്ലോ .......?
കുട്ടികളൊക്കെ പോയിക്കഴിഞ്ഞു. ൻറെ സൈദിനെ കാണാനില്ലല്ലോ ......!
എല്ലാ കുട്ടികളും പോയിക്കഴിഞ്ഞപ്പോൾ മോല്യേര് ചെവിക്ക് പിടിച്ച് പുറത്തേക്ക് കൊണ്ടു വരുന്നു ൻറെ സൈദിനെ !
സൈദേ എന്താടാ....?
ഞാനാ ആദ്യം പുറത്തേക്ക് ബന്നീനത്, മൈമാലി മുന്നിച്ചാടീപ്പോ ഞാൻ കാല് വള്ള്യച്ച് തളളിട്ടു. അത് അയാള് കണ്ടു. ഇന്നോട് പറഞ്ഞു ഒടുക്കം പോയാ മതീന്ന്.....
സാരമില്ല. ചെവിവേദനിക്കുന്നുണ്ടെങ്കിലും എന്റെ വാക്കുകൾ ൻറെ സൈദിനെ ആശ്വസിപ്പിച്ചു.
ജ്ജ് ൻറോട്ക്ക് പോരേ, അനക്ക് ഞാൻ ഒരു വണ്ടി കാണിച്ച് തരാം. 
എന്ത് വണ്ടിയാ സൈദേ ?
എണ്ണവണ്ടി, മക്കത്തക്ക് എണ്ണ കൊണ്ടോണെ വണ്ടിയാ.......
അൽഭുതം തോന്നി!
വണ്ടി കാണാനുള്ള മോഹം മനസ്സിലുദിച്ചു. 
രണ്ട് പേരും എന്റെ വീട്ടിലൂടെ പോയി. ശർക്കരച്ചായയും തേങ്ങയിട്ട് ഇലയിൽ പരത്തി ചുട്ട കട്ടിപ്പത്തിരിയും കഴിച്ചു.
പിന്നെ ഒരോട്ടമായിരുന്നു.
ൻറെ സൈദിന്റെ പുരയിലാണ് ഓട്ടം നിന്നത്.
അകത്ത് പോയി ഒരു തീപ്പെട്ടിയുമായി വന്നു.
തീപ്പെട്ടി തുറന്നു .... കാവിയും കറുപ്പും നിറത്തിലുള്ള, കണ്ണികൾ അടുക്കിയ പോലൊരു പുഴു പുറത്തുചാടി. 
ഇതാണ് മക്കത്ത്ക്ക് എണ്ണ കൊണ്ടോണ എണ്ണ വണ്ടി...... ൻറെ സൈദ് ആർത്തു ചിരിച്ചു.
ൻറെ സൈദിന്റെ നിർദ്ദേശം അനുസരിച്ച് കൊണ്ട് ഞാൻ ആ പുഴുവിന്റെ പുറത്ത് തലോടി' അൽഭുതം! വിരൽ നിറയെ എണ്ണ!
നിനക്കിതിനെ എവിടുന്നാ കിട്ടീത്?
" മക്കത്ത്ക്ക് എണ്ണ കൊണ്ടോകുമ്പോ ഞാൻ പിടിച്ചതാ"
പുഴുവിനെ സ്വതന്ത്രമാക്കി.
അത് പടിഞ്ഞാറോട്ട് പ്രയാണം തുടങ്ങി.
പിന്നീട് ഞാൻ കണ്ടു, എന്റെ വീടിനടുത്തു കൂടിയും എണ്ണ വണ്ടി ഓടുന്നത്.
മാസങ്ങളും വർഷങ്ങളും കടന്നു പോയി .....
മക്കത്ത് എണ്ണ മതിയായതുകൊണ്ടാണോ ആവോ....
പിന്നീട് എണ്ണ വണ്ടി ഇതുവഴി കടന്നു പോകാറില്ല.
----------------------------------------------------------------------------------------------
✍🏻 എം ആർ സി അബ്ദുറഹ്മാൻ