Friday, 28 December 2018

💎നിഗൂഢ സ്വപ്നം...💎

സായാഹ്‌ന കാഴ്ചകൾ കണ്ട് തിരിച്ചു വരികയായിരുന്നു നിയാസും ഞാനും. ഞായറാഴ്ചകളിൽ വൈകുന്നേരം നാടുചുറ്റൽ ഞങ്ങളുടെ ഹോബിയാണ്. പതിവിൽ നിന്ന് വിപരീതമായി തിരൂർ ഭാഗത്തേക്കായിരുന്നു യാത്ര. ഉച്ചക്ക് വീട്ടിൽ നിന്ന് കഴിച്ചനാടൻ ചോറൊക്കെ  ദഹിച്ചു കഴിഞ്ഞിരുന്നു.സമയം ഏഴ് മണി ആകുന്നേയുള്ളൂ എങ്കിലും നല്ല വിശപ്പുണ്ട്,കയ്യിൽ രണ്ടു പേർക്കും കൂടി ഭക്ഷണം കഴിക്കാനുള്ള ക്യാഷും ഇല്ല.

എന്റെ നിർബന്ധപ്രകാരം റോഡ്  സൈഡിൽ കണ്ട ഒരു വലിയ പന്തലിലേക്ക് ഞങ്ങൾ കയറി. ഭാഗ്യം, ഏതോ ഒരു ഡോക്ടറുടെ കുടിയിരിക്കൽ പരിപാടി ആയിരുന്നു അത്‌. കണ്ടാൽ  കൊട്ടാരം പോലെ തോന്നിക്കുന്ന മണിമാളിക! അറേബ്യൻ ഭക്ഷണ വിഭവങ്ങളുടെ മണംമൂക്കിലേക്കടിച്ചു വീശുന്നു. ഞങ്ങൾ വേഗം ഭക്ഷണ പന്തലിൽ കയറി വയറു നിറയെ കഴിച്ചു.ആരും കാണാതെ പുറത്തേക്കിറങ്ങാൻ തുനിഞ്ഞപ്പോൾ എതിർ സൈഡിൽ നിന്ന് ഒരു സ്ത്രീ പരിചയഭാവത്തോടെ ഞങ്ങളെ മാടി വിളിച്ചു. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആ സ്ത്രീ വീട്ടിലെ കുടുംബനാഥയാണെന്ന് മനസ്സിലായി.

'നിങ്ങൾ ഭക്ഷണം കഴിച്ചോ മക്കളെ ?'

'അതെ', ഞങ്ങൾ മറുപടി പറഞ്ഞു.

'എന്റെ ചെറിയ മകൻ ഹാഷിമിന്റെ സുഹൃത്തുക്കളാണല്ലേ?, എന്താ നിങ്ങളുടെ ഒക്കെ പേര്?'

ഓർക്കാപുറത്ത് കേട്ട ചോദ്യമാണെങ്കിലും നിയാസിന്റെ  പേര് ഹബീബെന്നും എന്റെ പേര് ഇബ്‌റാഹീം എന്നും ഞാൻ മറുപടി പറഞ്ഞു.

ഞങ്ങളുടെ പെരുമാറ്റത്തിൽ പന്തീകേട് തോന്നിയ ആ സ്ത്രീ അവിടെ കൂടിയ ആളുകളെ വിളിച്ചു കൂട്ടി.

'ഓടി വരൂ, ക്ഷണിക്കപ്പെടാത്ത  രണ്ടു പേര് വന്നിരിക്കുന്നൂ...' എന്ന്ഉറക്കെ വിളിച്ചു പറഞ്ഞു.

ഇത് കേൾക്കേണ്ട താമസം അവിടെ കൂടിയവരെല്ലാം ഓടി വന്നു. ചിലർ അവരുടെ ഫോണിൽ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നുണ്ട്. ചിലർ ഞങ്ങളോട് പേരും നാടുമൊക്കെ ചോദിക്കുന്നു, മറ്റു ചിലർ ദയനീയമായി ഞങ്ങളെ നോക്കുന്നു. ആകെ നാണം കെട്ട അവസ്ഥയായി. 

ഇതിനിടക്ക് എപ്പോഴോ  അവരുടെ കണ്ണ് വെട്ടിച്ചു നിയാസ് ഓടി രക്ഷപ്പെട്ടു. കിട്ടിയ തക്കം നോക്കി മറ്റൊരു വഴിയേ ഓടി ഞാനും റോഡിൽ എത്തി, വേഗം വണ്ടി എടുത്ത് നാട്ടിലേക്ക് തിരിച്ചു. എന്റെ ആർത്തി മൂലമാണ് ഇതൊക്കെ സംഭവിച്ചതെന്ന് നിയാസും അവന്റെ വിവരമില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞു ഞാനും പരസ്പരം പഴിചാരി.

വീട്ടിലെത്തിയ ഉടനെ ഞങ്ങൾ വേഗം കിടന്നുറങ്ങിയിരുന്നു. രാവിലെ എണീറ്റു ന്യൂസ്‌പേപ്പർ നോക്കിയപ്പോൾ കണ്ട വാർത്ത നിയാസിനെ  സങ്കടപ്പെടുത്തി. തലേന്ന് രാത്രി കുടിയിരിക്കലിന് പോയതും അവിടുത്തെ വീട്ടുകാരി ഞങ്ങളെ പിടിച്ചതും അവരിൽ നിന്ന് ഞങ്ങൾ ഓടി രക്ഷപ്പെട്ടതും ഫോട്ടോ സഹിതം പത്രത്തിൽ  വാർത്ത വന്നിരിക്കുന്നു. ഇത് കണ്ടു ആകെ സങ്കടപ്പെട്ട് അങ്ങോട്ട് പോകാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് ഇരുന്ന നിയാസിനെ ഉമ്മ തട്ടി വിളിച്ചു,

'എണീക്കടാ.., സമയം അഞ്ചര മണിയായി,
പോയി സുബഹി നിസ്കരിക്ക്."

യേഹ്...
ഞാനിത് എവിടെ?
ന്യൂസ്‌പേപ്പർ എവിടെ?
എന്റെ ഫോട്ടോ എവിടെ ?

നിയാസ് സ്വപ്നത്തിൽ നിന്നുണർന്നു കൊണ്ട് ചോദിച്ചു..!

‘നേരം വെളുക്കുന്നേ ഒള്ളൂ, ന്യൂസ് പേപ്പർ എത്തിയിട്ടില്ല, വേഗം നിസ്കരിക്കാൻ നോക്ക്!’

ഉമ്മയുടെ മറുപടി കേട്ട്  താൻ കണ്ടതെല്ലാം  സ്വപ്നമായിരുന്നു എന്ന് നിയാസ് തിരിച്ചറിഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് കിളിനക്കോട് കല്യാണം കൂടാൻ വന്ന കുറച്ചു പെൺ കുട്ടികൾ പുലിവാൽ  പിടിച്ച കഥയും അവരുടെ ഫോട്ടോയും വീഡിയോയും വൈറലായതും ചിന്തിച്ചു രാത്രി കിടന്നുറങ്ങിയ കാര്യം അവന് ഓർമ്മ വന്നു.
ഒരു ഇളം ചിരിയോടെ അവൻ പുറത്തേക്ക് നടന്നു.




നിയാസ് കണ്ട സ്വപ്നം അതേപടി പകർത്തി എഴുതിയതാണ്.😀
ചിരിക്കാൻ  തോന്നിയിട്ടില്ലെങ്കിൽ അത്‌ നിങ്ങളുടെ വായനയുടെ  കുഴപ്പമാണ്. 😂🙏🏻
--------------------------------------
✍🏻 ജുനൈദ് കള്ളിയത്ത്

No comments:

Post a Comment