പളളിപ്പറമ്പ് @
മാപ്പിളക്കാട്ടിൽ മൊയ്തീൻകുട്ടി
തറവാട് വീടിൻ്റെ കോലായിലെ വിളക്ക് അണഞ്ഞു
➖➖➖➖➖➖➖
തറവാട് വീടിൻ്റെ ഉമ്മറത്തെ തിളങ്ങുന്ന തിരിനാളമായിരു ഞങ്ങളുടെ ഉപ്പ. മക്കൾക്ക് വേണ്ടിമാത്രം ജീവിച്ചു എന്ന് പറയുന്നതാവും ഉപ്പയെ കുറിച്ച് കൂടുതൽ ശരി. കാരണം ഞങ്ങളെല്ലാവരും ഉപ്പയുടെ ശിക്ഷണത്തിലായിരുന്നു വളർന്നത്.
എല്ലാവരും നാട് വിട്ടു പോയിരുന്ന അക്കാലത്ത് ഞങ്ങളെ പോവാൻ അനുവദിക്കില്ലായിരുന്നു അതിന് കാരണം പറഞ്ഞത് അക്കാലങ്ങളിൽ ബേക്കറി പണിക്ക് കൊണ്ടു പോകുന്ന കുട്ടികളെ ജോലിസ്ഥലത്ത് പീഡിപ്പിക്കുന്ന പ്രവണത ഉണ്ടായിരുന്നു. അങ്ങിനെ കുട്ടികൾ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കാരണത്താലയിരുന്നു ഞങ്ങളെ വിലക്കിയിരുന്നത്. അത് കൊണ്ടു തന്നെ ഞങ്ങളെല്ലാവരും നാട്ടിൽ തന്നെയായി. ഈ അടുത്ത കാലത്താണ് ഞാനും അനുജനും പ്രവാസിയായത്. അതു തന്നെ ഉപ്പാക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ ആദ്യമായി സൗദിയിലേക്ക് വരുന്ന ദിവസം രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം യാത്ര പറഞ്ഞ് ഇറങ്ങാൻ സമയം ഉപ്പ അതാ പള്ളിയിലെ മൊല്ലാക്കയെയുമായി വരുന്നു. നിക്കി ദുആര്ന്ന്ട്ട് വേണം പോവാൻ..... ഒരു ബുദ്ധിമുട്ടും വരരുത് എന്ന് പറഞ്ഞ് ദുആയും കഴിഞ്ഞാണ് യാത്രയാക്കിയത്.
ഞാൻ നാട്ടിൽ ബസ്സിൽ ജോലി ചെയ്തിരുന്ന കാലത്ത് നമ്മുടെ പ്രദേശത്ത് എവിടെ എങ്കിലും വല്ല അപകടവും നടന്നാൽ ഞാൻ ജോലി ചെയ്യുന്നതാണോ എന്ന് അന്വേഷിക്കലാവും പിന്നെ. അല്ലങ്കിൽ കക്കാടംപുറം ബസ്റ്റോപ്പിലെത്തി എല്ലാ ബസ്സിലേക്കും ഞാനതിലുണ്ടോ എന്ന് നോക്കി ഉറപ്പാക്കിയിട്ടേ വീട്ടിലേക്ക് പോവാറുണ്ടായിരുന്നുള്ളൂ. രാത്രി ജോലി കഴിഞ്ഞ് വന്നതിന് ശേഷമേ ഉപ്പ ഉറങ്ങിയിരുന്നുള്ളൂ.
അത് പോലെ പാടത്ത് കൃഷി ചെയ്യുന്ന പൂള വാഴ ചേമ്പ പോലത്തവ എനിക്കും അനുജനും വേണ്ടി ഞങ്ങൾ നാട്ടിലേക്ക് വരുന്നത് വരെ സൂക്ഷിക്കുന്ന പതിവും ഉപ്പാക്കുണ്ടായിരുന്നു. വീട്ടിലേക്ക് കൊണ്ടു വരുന്ന പൂള വാഴപ്പഴം ചേമ്പ് എന്നിവ ഞങ്ങൾ അഞ്ച് മക്കൾക്കും ഒരു പോലെ വീതം വച്ച് തന്നിരുന്നു. ഉപ്പ കൃഷി ചെയ്തിരുന്ന സമയത്ത് ഇത്തരം സാധനങ്ങൾക്കൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നു. വീട്ടിലും വെറുതെ ഇരിക്കുന്ന സ്വഭാവം ഉപ്പാക്കില്ലായിരുന്നു. പറമ്പിൽ കിളച്ചും വാഴ തെങ്ങ് തൈകൾ പച്ചക്കറികൾ എന്നിവ നട്ട് പിടിപ്പിച്ചിരുന്നു. കോഴി വളർത്തലുമുണ്ടായിരുന്നു. മുജീബ് പറഞ്ഞത് പോലെ... ഊക്കത്ത് പള്ളിയിൽ ദർസ്സുള്ള കാലത്ത് പാടത്ത് വാഴ വെക്കുംബോൾ അതിൽ ഒരു കുല പള്ളിയിലെ സ്വലാത്തിലേക്ക് നീക്കി വെക്കുന്ന പതിവുണ്ടായിരുന്നു.
ഭാരമേറിയ ഒരു ജോലിയും ചെയ്യാൻ ഞങ്ങളെ അനുവദിക്കില്ലായിരുന്നു. ചെറുപ്പത്തിൽ സ്നേഹിതൻമാരുടെ കൂടെ അങ്ങാടിയിൽ കറങ്ങാൻ അനുവദിക്കില്ല. ഒരു നിശ്ചിത സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നാൽ തിരഞ്ഞ് വരുമായിരുന്നു. മാപ്പിള കലകൾ ആസ്വദിക്കുന്ന കൂട്ടത്തിലായിരുന്നു ഉപ്പ. കോൽക്കളി പോലെത്തവ എവിടെ ഉണ്ടങ്കിലും കാണാൻ പോവും. അത് കൊണ്ടു തന്നെ ഏ.ആർ നഗറിലെ കോൽക്കളി ആശാനായിരുന്ന കുഞ്ഞിമൊയ്തീൻ ഗുരിക്കളുടെ ശിക്ഷണത്തീൽ മാപ്പിളക്കാട്ടിൽ ഒരു കോൽക്കളി സംഘം തുടങ്ങിയിരുന്നു. ഞാനടക്കമുള്ള അനേകം കുട്ടികളെ പഠിപ്പിച്ചിരുന്നു.
ഞങ്ങൾ ഉപ്പയുടെ അടുക്കൽ തന്നെ വേണം എന്ന നിർബന്ധത്താൽ എല്ലാവർക്കും ഉപ്പയുടെ സ്ഥലത്ത് തന്നെ വീട് എടുപ്പിച്ച് എല്ലാവരെയും മാറ്റി താമസിപ്പിച്ചു. മരിക്കുന്നത് വരെ ആരെയും ആശ്രയിക്കേണ്ട ആവശൃം ഉപ്പാക്കുണ്ടായിട്ടില്ല. ഉപ്പാൻ്റെ അധ്വാനത്തിൻ്റെ ഫലം ഉപ്പാൻ്റെ അടുക്കലുണ്ടായിരുന്നു. ആൺകുട്ടികളില്ലാത്ത എൻ്റെ കാര്യത്തിൽ ഉപ്പാക്ക് വളരെ വിഷമമായിരുന്നു. എന്നും എൻ്റെ വീട്ടിലേക്കുള്ള മീൻ ഉപ്പ കൊണ്ടുവന്ന് തരുമായിരുന്നു. ഒരു പ്രത്യേകജീവിത രീതിയായിരുന്നു ഉപ്പ കുളിക്കാൻ സോപ്പ് ഉപയോഗിക്കാറില്ല. പല്ല് തേക്കാൻ ബ്രഷിന് പകരം ചകിരി കൊണ്ടുള്ള ബ്രഷും എണ്ണക്ക് പകരം താളിയുമായിരുന്നു ഉപയോഗിച്ചിരുന്നത്. അതു കൊണ്ടുതന്നെയാവണം രോഗങ്ങൾ വളരെ കുറവായിരുന്നു.
കഴിഞ്ഞ വർഷം വരെ പാടത്ത് കൃഷി നടത്തിയിരുന്നു. പിന്നീട് ഞങ്ങളുടെ നിർബന്ധത്താൽ ഒഴിവാക്കുകയായിരുന്നു. അതിനു ശേഷം ചെറിയ അസുഖങ്ങളും തുടങ്ങി. അതിനുള്ള ചികിത്സക്കിടെ ആയിരുന്നു പ്രതീക്ഷിക്കാത്ത മരണം ഉപ്പയെതേടി എത്തിയത്. മരണത്തെ മുൻകൂട്ടി കണ്ടപോലെയായിരുന്നു പിന്നീട് ഉപ്പാൻ്റെ പ്രവർത്തികളൊക്കെ. ഏതു സമയത്തും ദിക്റുകളും സ്വലാത്തുമായി തറവാടിൻ്റെ ഉമ്മറത്ത് ഇരിക്കലായിരുന്നു. അതു പോലെ സ്വത്തുക്കളെല്ലാം ഞങ്ങൾക്ക് ഓഹരിരിവച്ചു. ഇപ്പൊ വേണ്ട നിങ്ങളുടെ കാലശേഷം പോരെ എന്ന ചോദൃത്തിന് സ്വത്തിന് വേണ്ടി നിങ്ങൾ തമ്മിൽ കലഹിക്കരുത്. ഞാനുണ്ടാവുംബോൾ തന്നെ ആയാൽ അതാണ് നല്ലത് എന്നായിരുന്നു മറുപടി. പറഞ്ഞ പോലെ തന്നെ ഉപ്പതന്നെ എല്ലാവർക്കും അവനവനുള്ളത് കാണിച്ച് തന്നു. ആധാരം എഴുതിച്ച് ഒന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു അതിനിടക്കായിരുന്നു മരണം.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഞാൻ പതിവു പോലെ ജുമൂഅ കഴിഞ്ഞ് റൂമിലെത്തി വീട്ടിലേക്ക് ഫോൺ വിളിച്ചു ഉമ്മയുമായി സംസാരിച്ചു. ബാപ്പ എവിടെ എന്ന് ചോദിച്ചപ്പൊ തായേരീലുണ്ട് മൂത്താപ്പയുടെ മക്കൾ കാണാൻ വന്നീട്ടുണ്ട് അവരോട് സംസാരിക്കുകയാണ് ഇങ്ങള് പിന്നെ വിളിച്ച് സംസാരിക്കാം എന്ന് പറഞ്ഞു ഭാരൃ imo കോളായതിനാൽ വീഡിയോയിലൂടെ ഉപ്പാനെ കാണിച്ച് തന്നു ഫോൺ വച്ചു. ഞാൻ പോയി കിടന്നു. ഇവിടെ ഒരു മൂന്ന് മണി ആയിക്കാണും ഫോൺ നിറുത്താതെ അടിക്കുന്നത് കണ്ട് എടുത്തു നോക്കി അനുജനാണത് പറഞ്ഞത് വാപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ടു പോവും വഴി മരണപ്പെട്ടു എന്ന്. ആരെയും ബുദ്ധിമുട്ടിക്കാതെ ഞങ്ങളുടെ ഉപ്പ നാഥനിലേക്ക് മടങ്ങി തറവാട് വീടിൻ്റെ കോലായിലെ ആ കസേര ഒഴിഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പയുടെ പരലോക ഗുണത്തിനും ദുനിയാവിൽ ചെയ്തു പോയ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതിനും എല്ലാവരും ദുആ ചെയ്യണമെന്നും ഉപ്പയിൽ നിന്നും വല്ല വിശമങ്ങളും ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടങ്കിൽ പൊറുത്തു കൊടുക്കണമെന്നും ഈ അവസരത്തിൽ അറിയിക്കൂന്നു..
റബ്ബുൽ ആലമീനായ റബ്ബേ എൻ്റെ ഉപ്പയുടെ എല്ലാ ദോഷങ്ങളെയും പൊറുത്ത് സ്വർഗ്ഗാവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ....
------------------------------------
മകൻ, കുഞ്ഞഹമ്മദ് കുട്ടി കെ.എം
മാപ്പിളക്കാട്ടിലെ മൊയ്തീൻ കുട്ട്യാക്ക..
വിയർപ്പുകണങ്ങൾ തിളങ്ങുന്ന മുഖം
==============
ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം ഒരു അനുയായിയുടെ തഴമ്പ് നിറഞ്ഞ കൈപ്പത്തി ഉയർത്തിക്കാണിച്ച് സ്വഹാബത്തിനോട് പറഞ്ഞു: 'ഈ കൈകൾ സ്വർഗത്തിലാണ് "
അധ്യാനിക്കുന്ന ജനങ്ങൾക്ക് ആദരവ് നൽകുകയായിരുന്നു തിരുദൂതർ (സ്വ) .
മർഹും KM മൊയ്തീൻ കുട്ടി കാക്ക വളരെ ചെറുപ്പം മുതലേ കഠിനാധ്വാനിയായിരുന്നു. 'ഞാൻ ചെറുപ്പത്തിൽ ഊക്കത്തെ പള്ളിദർസിലേക്ക് ദിനേന പോയിരുന്നത് അദ്ദേഹത്തിന്റെ വീടിന്റെ ഓരത്തു കൂടിയായിരുന്നു. അന്നേ അദ്ദേഹത്തെ വിശ്രമിക്കുന്നതായി കണ്ടിട്ടില്ല. തേങ്ങ പൊളിക്കുന്ന ജോലിയും തേങ്ങാ ചുമട് തലയിലേറ്റി ഇടവഴികൾ കയറി പറമ്പിലെത്തിക്കുന്ന ജോലിയും പാടത്ത് പൂള, വാഴ കൃഷിയും അങ്ങിനെ വിശ്രമമറിയാതെ അധ്വാനിച്ചാണ് അദ്ദേഹം ജീവിതം നയിച്ചത്. ജോലിയും കഴിഞ്ഞ് വീടിനു മുമ്പിലുള്ള തോട്ടിൽ നിന്നൊരു വിസ്തരിച്ച കുളിയും കഴിഞ്ഞ് ഊക്കത്തെ പള്ളിയിൽ വന്നു ഉള്ളുരുകി പ്രാർത്ഥിക്കുന്ന ആ മുഖം ഞാനൊരു പാട് വട്ടം നോക്കി നിന്നിട്ടുണ്ട്.
വൈകീട്ട് വിശ്രമവേളയിൽ റേഡിയോ വാർത്തയും പരിപാടികളും കൗതുകത്തോടെ അദ്ദേഹം ശ്രവിക്കാറുണ്ടായിരുന്നു. ആകാശവാണിയിൽ എന്റെ കോളേജ് കാലത്ത് ഞാനൊരു ചെറുകഥ അവതരിപ്പിച്ച് ഒരാഴ്ച കഴിഞ്ഞ് എന്നെ കണ്ടപ്പോൾ എന്റെ കൈ പിടിച്ച് ചിരിച്ച് കൊണ്ട് "റേഡിയോയിൽ കഥ പറഞ്ഞത് ഞാൻ കേട്ടിരുന്നു" എന്ന് അഭിനന്ദിച്ചത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
"മനുഷ്യന്റെ സമ്പാദ്യത്തിൽ ഏറ്റവും ഉത്തമം സ്വന്തം കരങ്ങളാൽ അധ്വാനിച്ചുണ്ടാക്കിയതാണെന്നാണ് തിരുവചനം. മർഹും മൊയ്തീൻ കുട്ട്യാക്ക സ്വന്തം കരങ്ങളാൽ മരണം വരെ കഠിനാധ്വാനം ചെയ്തു.
റഹ് മാനായ റബ്ബുൽ ആലമീൻ അദ്ദേഹത്തിന്റെ ഖബറിടത്തിൽ സ്വർഗീയ സുഖങ്ങൾ ആസ്വദിപ്പിക്കട്ടെ...
നമ്മെയും അവരെയും നമ്മിൽ നിന്ന് വേർപിരിഞ്ഞവരെയും സജ്ജനങ്ങളോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് ചേർക്കട്ടെ എന്ന പ്രാർത്ഥനയോടെ..
-------------------------
മുഹമ്മദ് കുട്ടി അരീക്കൻ
എളാപ്പാട് ത്തെ എളാപ്പ
==============
ഞാൻ ജനിച്ചത് പുകയൂരിലാണങ്കിലും എന്റെ ബാല്യ കാലവും കൗമാര കാലവും മാപ്പിളക്കാട്ടിലായിരുന്നു. ഞാൻ കുരുത്തക്കേട് കാണിക്കുമ്പോൾ എന്നെ മെരുക്കിയെടുക്കാൻ എന്റെ ഉമ്മ ഇറക്കുന്ന സ്ഥിരം തുരുപ്പ് ചീട്ടായിരുന്നു എളാപ്പാട് തേ എളാപ്പയും (KMK യുടെ പിതാവ്), മേലിലെ പാപ്പയും (KM ശരീഫിന്റെ വലിയുപ്പ) രണ്ടു പേരും നമ്മെ വിട്ട് പിരിഞ്ഞു, പടച്ചറബ്ബ് അവർക്ക് പൊറുത്തു കൊടുക്കുകയും അവരുടെ കബറിടം സ്വർഗപ്പൂങ്കാവനമാക്കുകയും ചെയ്യുമാറാവട്ടെ, ആമീൻ. ഉമ്മയുടെ വീടിന്റെ തൊട്ടു മേലേ വീടാണ് എളാപ്പയുടേത് എങ്കിൽ മേലീലെ പാപ്പ ഉമ്മയുടെ നേരേ എളാപ്പയുമാണ്, എളാപ്പാനെ ഞാൻ ഇങ്ങോട്ട് വരുത്തും, മേലീ ലെ പാപ്പാനോട് ഞാൻ പറഞ്ഞ് കൊടുക്കും എന്ന് ഉമ്മ പറഞ്ഞാൽ ഞാൻ അടങ്ങാറുമുണ്ടായിരുന്നു.
നല്ലൊരു കർഷകൻ കൂടിയായിരുന്നു എളാപ്പ ഊകത്തെ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് പാടത്ത് അവർക്ക് കൃഷിയുണ്ടായിരുന്നു. അതുപോലേ തന്നെ തോട് വരമ്പിൽ നിന്നും മാപ്പിളക്കാട്ടിലേക്ക് കോൺഗ്രീറ്റ് പാലം ഇല്ലായിരുന്നു, ഈ അടുത്ത കാലത്ത് അദ്ധേഹത്തിന്റെ മകൻ സെയ്ദ് സാഹിബിന്റെ നേതൃത്തിലാണ് കോൺഗ്രീറ്റ് പാലം നിർമിച്ചത്, അത് വരെ ആളുകൾക്ക് അങ്ങോട്ട് മിങ്ങോട്ടും കടക്കാൻ തെങ്ങ്, മുരിക്ക് തുടങ്ങിയ മരങ്ങൾ കൊണ്ട് താൽകാലിക പാലങ്ങൾ നിർമിക്കാറാണുണ്ടായിരുന്നത് അതിനെല്ലാം നേതൃത്വം നൽകാറുള്ളത് അദ്ധേഹമായിരുന്നു.
അദ്ധേഹത്തിന്റെ എല്ലാ സൽകർമ്മങ്ങും റബ്ബ് സ്വീകരിക്കുമാറാവട്ടെ,
ആമീൻ.
----------------------
ലിയാകത്ത് ഇ. കെ.
ഗാംഭീര്യമുള്ള മുഖഭാവം,
ആർദ്രത നിറഞ്ഞ മനസ്സ്.
==============
കൊടുവാപറമ്പൻ മാപ്പിളക്കാട്ടിൽ സൂപ്പി എന്നവരുടെ നാല് മക്കളിൽ മൂന്നമനായിരുന്നു ഇന്ന് കൂട് സ്മരിക്കുന്ന മൊയ്തീൻകുട്ടി കാക്ക... മർഹൂം കുഞ്ഞറമുട്ടി ഹാജി കക്കാടംപുറം. അഹമ്മദ് കുട്ടി ഹാജി ചേറൂരിലേക്ക് വിവാഹം കഴിച്ച ഒരു സഹോദരിയുമായിരുന്നു സഹോദരങ്ങൾ. സ്മര്യപുരുഷന്റെ യവ്വനകാലം എ.ആർ നഗറിലായിരുന്നു. ഇന്നത്തെ തൊഴിലാളി ഹോട്ടൽ അക്കാലത്ത് ജേഷ്ടൻ അഹമ്മദ്കുട്ടിഹാജിയുടെതായിരുന്നു ഈ ഹോട്ടലിലെ ജീവനക്കാരനായി അദ്ധേഹത്തിൻ്റെ കൂടെയായിരുന്നു താമസം. പിന്നീട് എ.ആർ നഗറിൽ തന്നെ കൊപ്ര പണി എടുത്തിരുന്നു. അത് കൊണ്ടു തന്നെ അദ്ധേഹത്തിൻ്റെ സൗഹൃദങ്ങൾ എ.ആർ നഗറിൽ തന്നെ ആയിരുന്നു. എൻറെ മൂത്താപ്പ കുഞ്ഞിക്കമ്മു ഹാജി അന്ന് കൊപ്ര പണിയിൽ കൂടെ ഉണ്ടായിരുന്നു ഇവർ രണ്ടുപേരും വളരെ അടുത്ത കൂട്ടുകാരനായിരുന്നു കൊപ്ര പണി നിർത്തിയശേഷം പാടത്ത് കൃഷിയും കന്നുകാലികളുമായി കഴിഞ്ഞു.
ഭയങ്കര ധൈര്യ ശാലിയായിരുന്ന അദ്ധേഹം അപകടഘട്ടങ്ങളിൽ തൻ്റെ ജീവൻ നോക്കാതെ രക്ഷാ പ്രവർത്തനം നടത്തിയിരുന്നൂ. പാമ്പ് പിടിത്തത്തിൽ വിദഗ്ധനായിരുന്നു. അത് കൊണ്ടു പ്രദേശത്ത് എവിടെ പാമ്പിനെ കണ്ടാലും അദ്ധേഹത്തെ വിളിച്ച് കൊണ്ടു പോകുമായിരുന്നത്രെ. കണ്ടാൽ വലിയ ഗൗരവക്കാരനായി തോന്നുമെങ്കിലും അടുത്തിടപഴകുമ്പോൾ അറിയാം അദ്ദേഹത്തിൻറെ നൈർമല്യ സ്വഭാവം. ഒരു വർഷം മുമ്പു വരെ കൃഷിനടത്തിയിരുന്നു. നല്ല ആരോഗൃവാനായിരുന്ന അദ്ധേഹം മക്കളുടെ നിർബന്ധപ്രകാരം കൃഷി നിർത്തി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരവെ ചെറിയ രോഗങ്ങൾ തലപൊക്കി എന്നാലും പ്രായാധിക്യത്താലുള്ള അസുഖമല്ലാതെ ഒന്നും ഇല്ലായിരുന്നു. അടുത്തകാലംവരെ കക്കാടംപുറത്തൊക്കെ വരാറുണ്ടായിരുന്നു. പെട്ടന്നുള്ള നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പരേതന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
-----------------------------
ഫൈസൽ മാലിക്ക് വി.എൻ
അധ്വാനം അഭ്യാസമാക്കി
ജീവിതം സമൃദ്ധമാക്കി ജീവിച്ചവർ
==============
ഇന്ന് ദൗത്യം നിലച്ച ജീവിതം രണ്ട് മീസാൻ കല്ലുകൾക്കിടയിൽ നിശബ്ദമായുറങ്ങുമ്പോൾ ഓർമ്മകൾ സംസാരിക്കുന്ന ഈ പള്ളിപ്പറമ്പ് പരിപാടിയിലൂടെ കൊടുവാപറമ്പൻ മാപ്പിളക്കാട്ടിൽ മൊയ്‌ദീൻകുട്ടി കാക്ക എന്ന ഗൗരവ ഭാവത്തിന്ന് പിറകിൽ പുഞ്ചിരിയുടെ മൊഞ്ചുള്ള ആ സ്നേഹ ദേഹത്തെ സ്മരിക്കുമ്പോൾ ഓർമയുടെ മറവിൽ തെളിഞ്ഞു കാണുന്ന ചിലത് ഞാനും കുറിക്കുന്നു. അരയിൽ അരപ്പട്ടയും തലയിൽ വട്ടത്തിൽ കെട്ടിയ മുണ്ടും എന്തിനെയും നേരിടാനുള്ള ധൈര്യവും ആരോടും എവിടെ വെച്ച് കണ്ടാലും മുറുക്കി ചുവന്ന ചുണ്ടിൽ വിരിയുന്ന ചിരിയോടെ ഉള്ള അഭിസംബോധന വൈഭവവും അവരെ ഇന്ന് ഓർക്കുമ്പോൾ കണ്ണിൽ കാണുന്നു.
നല്ല തനി നാടൻ മലയാള മൊഴികളിൽ തമാശകൾ പറയുന്ന മൊയ്‌ദീൻ കാക്കയെയും ഞാൻ കണ്ടു. എന്റെ ഉപ്പയുടെ ചെങ്ങാതികൂടിയായിരുന്ന അദ്ദേഹം. വൈകുന്നേരങ്ങളിൽ തൊഴിലാളിയിലും കൃഷ്ണേട്ടന്റെ മുറുക്കാൻ കടയിലുമൊക്കെ ഇരുന്ന് സൗഹൃദങ്ങൾ പങ്കിടുന്നത്. വാപ്പയുമൊത്ത് അങ്ങാടിയിൽ പോകുന്ന കാലം തൊട്ടേ ഞാൻ കേട്ടിട്ടുണ്ട് ആദ്യമൊക്കെ എനിക്ക് വലിയ പേടിയായിരുന്നു. ആ നടത്തത്തിന് ഒരു പ്രതേക താളമായിരുന്നു.. ദൂരെ നിന്ന് കാണുമ്പോൾ പലർക്കും പല പരാതികളും കാണും ആരെയും അടുത്തറിയുമ്പോഴേ അവരുടെ മനസ്സിന്റെ വിശാലതയറിയാൻ കഴിയൂ.. കാലങ്ങൾ മാറി കഥയും മാറി ഞാൻ കുറെ വലുതായി മുഹമ്മദ് കുട്ടിക്ക അപ്പോഴും അതെ ഭാവം അതെ രൂപം കരുത്തിൻ ഒട്ടും കുറവില്ല. ഞാൻ അദ്ദേഹത്തെ കൂടുതൽ അടുത്ത് പരിചയപ്പെടുന്നത് കറ്റ വൈക്കോൽ ലോഡിങ്ങിലൂടെയാണ്.. പലതവണ ഞാന് അവരുടെ കൂടെ ആ പണിക്ക് പോയിട്ടുണ്ട് മണ്ണിനെയും മൃഗങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് കുട്ടികളോടും ഏറെ സ്നേഹമായിരുന്നു.
ഒരു പ്രാവശ്യം വൈക്കോലുമായി പോരുന്ന വണ്ടിയുടെ മുകളിൽ നിന്ന് വീണ് കയ്യിനു പരിക്ക് പറ്റി ചെറാട്ട് പള്ളിക്കടുത്താണ് വീണത് ഞാൻ ആ വീഴ്ച കണ്ട് വൈകോലിന്റെ മുകളിലൂടെ അള്ളിപിടിച് മുന്നോട്ട് പോയി വണ്ടിയുടെ ക്യാബിനിൽ തട്ടി വണ്ടി നിർത്തിയപ്പോഴേക്കും അവർ എണീറ്റു നടന്ന് വരുന്നുണ്ടായിരുന്നു. അപ്പോൾ ഒന്നുമില്ലെന്ന് പറഞ് ലോടൊക്കെ ഇറക്കിപിരിഞ്ഞു. പിന്നീടാണ് കയ്യിൽ വീക്കം കണ്ടത് പിന്നീട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഏത് ജോലിയുണ്ടെങ്കിലും നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധപുലർത്തിയിരുന്ന ആളായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് നിക്കേര്ച്ചിട്ടില്ല ഞാൻ നിക്കേര്ച്ചട്ടെ എന്നാണ് പറയാറ്. ആ വട്ടത്തിൽ കെട്ടിയ തലയിൽ കെട്ടും കള്ളിത്തുണിയും ഒറ്റക്കളർ കുപ്പായവും ധരിച്ചു കൊണ്ട് കൊടോചെതെയീന്ന് പച്ചീനും മാങ്ങി റോഡിന്റെ ഇടതുവശം ചേർന്ന് സ്പീഡിൽ നടന്നുനീങ്ങുന്ന മൊയ്‌ദീൻകുട്ടി കാക്കയെ പലപ്പോഴും ഞാൻ നോക്കി നിന്നിട്ടുണ്ട്..
ഇന്നത്തെ അനുസ്മരണകുറിപ്പുകളിലൂടെ അവരെക്കുറിചുള്ള ഒരുപാട് മഹത്വങ്ങളും ആ വിശാലമനസ്സിന്റെ ആഴവും വായിചെറിയാൻ കഴിഞ്ഞു..
എല്ലാ ജോലിയിലും കൊറേശേ കൈൽ കുത്തിയ ഞാൻ അദ്ദേഹത്തിന്റെ വീടിന്റെ തൊടുവിൽ വെട്ടിയ തടിമരം കയറ്റാൻ പോയതിലും ഞാനുണ്ടായിരുന്നു വലിയ മൂപ്പൻമാരുടെ ഇടയിൽ ഞാൻ ഒരു ചെറുതായത് കൊണ്ട് മൊയ്‌ദീൻക ഇടക്ക് പറയും ആ കൂട്ടിന നോക്കിട്ടന്ന്. അന്ന് തന്ന കഞ്ഞിയും ചമ്മന്തിയും ഇന്നും മറന്നിട്ടില്ല. അന്നൊരു വാക്കും പറഞ്ഞു. നൈചുമ്പോ നല്ലോണം തിന്നണം ഇന്നാലെ നൈചാൻ കജൊള്ളൂന്ന്.😭
ഇന്ന് ആറടി മണ്ണിന്റെ ഏകാന്തതയിൽ ആണവർ നാഥൻ അവരുടെ ഖബർ പ്രകാശിപ്പിക്കട്ടെ... ആമീൻ
ജീവിതത്തിൽ വന്ന് പോയ പാകപിഴവുകൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. ആമീൻ..
നാളെ അവരെയും നമ്മെയും നമ്മിൽ നിന്ന് മണ്മറഞ്ഞു പോയവരെയും അവന്റെ ഹബീബ് (സ്വ)തങ്ങളോട് കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.. 😭😭😭
----------------------
മുജീബ് കെ. സി.
ബാപ്പ
=========
السلام عليكم ورحمة الله وبركاته
ഇന്നത്തെ പള്ളിപ്പറമ്പ് പരിപാടിയിൽ വന്ദ്യപിതാമഹനെക്കുറിച്ചുള്ള സ്മരണകളാണെന്നറിഞ്ഞതിൽ നിറസന്തോഷം രേഖപ്പെടുത്തട്ടെ....
വല്ല്യുപ്പമരിണപ്പെട്ടിട്ട് ഏകദേശം എഴുപതിലേറെ ദിവസങ്ങളായി അല്ലാഹു അദ്ദേഹത്തെിന്റെ ഖബർ ജീവിതം സുഖമാക്കിക്കൊടുക്കട്ടെ...! ആമീൻ ഇപ്പൊ ഇവിടെ ഒന്നൂടെ ആ ഓർമ്മ പുതുക്കാൻ അവസരം തന്ന കൂട്ടിലെ മുഖ്യകാര്യധർശികൾക്ക് നന്ദി അറിയിക്കുന്നു.
ബാപ്പയുടെ (ഞങ്ങൾ ബാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്) മരണ സമയത്ത് ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. എനിക്ക് അദ്ദേഹത്തെ ക്കുറിച്ച് സ്മരിക്കുമ്പോൾ അദ്ദേഹത്തെിന്റെ കൃഷി രീതികളെയാണ് ആദ്യം ഓർമ്മവരുന്നത്, നല്ല ഒരു കർഷകനായിരുന്നു. നെല്ല്,വാഴ,പച്ചക്കറികൾ പലതും ചെയ്യുന്നത് കണ്ടിട്ടുണ്ട് പാടത്ത് നെല്ല് വിതക്കാനായി വീട്ടിൽ ചില പൊടിക്കൈ പ്രയോഗം ഞാൻ നോക്കി നിന്നിട്ടുണ്ട് ആ രീതി ഇപ്പോഴും ഉണ്ടോ എന്നെനിക്കറിയില്ല. പോരാത്തതിന് കന്നുകാലികളെ വലിയ കാര്യമായിരുന്നു- വീട്ടിൽ പശു,പോത്ത് ഇവയെ വളർത്തിയിരുന്നു. ഒരു പ്രധാന പതിവായിരുന്നു കൊടുവായൂരങ്ങാടിയിൽ പോകുന്നത് അതും നടന്നേ പോകൂ.... കക്കാടംപുറത്ത് മീൻ ഉണ്ടായാലും കൊടുവായൂരങ്ങാടീലെ മീനിനോടായിരുന്നു പ്രിയം. തലയിൽ ഒരു വെള്ളമുണ്ട് ഫാഷനായിരുന്നു പുറത്തെവിടെങ്കിലും പോകുമ്പോൾ അത് നിർബന്ധമായിരുന്നു.
ലിയാകത്ത് കാക്ക പറഞ്ഞതു പോലെ അവിടെയുള്ള കുട്ടികൾ വാശിപിടിക്കുമ്പോൾ ബാപ്പയുടെ പേര് പറഞ്ഞാണ് ഒത്തു തീർപ്പാക്കാറള്ളത്. എനിക്കും പേടിആയിരുന്നു....
അല്ലാഹു ആഖിറം ഖൈറിലാക്കട്ടെ ആമീൻ...
------------------------------
സാദിഖ് കെ.എം.
മൊയ്‌തീൻ കുട്ടി കാക്ക
==============
മാപ്പിളക്കാട്ടിൽ മൊയ്‌തീൻ കുട്ടി കാക്ക കുട്ടിക്കാലം മുതൽ മരണം വരെ കണ്ടു പരിചയിച്ച എന്റെ അയൽവാസി. ഓർമ വരുന്നത് മൂന്ന് പതിറ്റാണ്ട് മുമ്പ് ഊകത്തു പള്ളിയിൽ ദർസ് കാലമാണ്. പള്ളിക്ക് സമീപം വാഴ കൃഷി നടത്തിയിരുന്ന മൊയ്‌തീൻ കുട്ടി കാക്ക ദർസ് കുട്ടികളായ ഞങ്ങൾക്ക് പഴുത്ത നേന്ത്രപഴം സമ്മാനിക്കുകയായിരുന്നു. എന്നും പരമ്പരാഗതമായ ജീവിത ശൈലിയിൽ ജീവിച്ച അദ്ദേഹം ഒരു തികഞ്ഞ കർഷകനുമായിരുന്നു.
കൊടുവായൂർ അങ്ങാടിയിലേക്ക് എന്നും നടന്നു പോയി മീൻ വാങ്ങുന്ന പഴയ തലമുറയിലെ അപൂർവ്വം വ്യക്‌തിയായിരുന്നു അദ്ദേഹം. സ്ഥിര പരിചയമുള്ളവരോട് എന്തെങ്കിലും തമാശ വളരെ ഗൗരവത്തിലുള്ള അവതരണം അദ്ദേഹത്തിന്റെ ശൈലിയാണ്. അവസാനം വരെ അദ്ധ്വാന ശീലനായ അദ്ദേഹം നമ്മെ പിരിഞ്ഞു പോയി റബ്ബ് അദ്ദേഹത്തിൻറെ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ
ആമീൻ
-----------------------
മുജീബ് പി. കെ.
അദ്വാനത്തിന്റെയും വിയർപിന്റെയും സുഖന്തമുള്ള പച്ചയായ മനുശ്യൻ
==============
السلام عليكم
എന്റെ അയൽവാസിയും ഓർമവെച്ചകാലം മുതൽക്കേ എന്റെ മാതാ പിതാക്കളുമായി സുഹ്രത്ത് ബന്തവുമുള്ള മർഹൂം മാപ്പിളക്കാട്ടിൽ മൊയ്തീൻ കുട്ടികാക്ക. ഓർക്കാൻ ഒരുപാടുണ്ട് നല്ല അദ്വാനത്തിന്റെയും വിയർപിന്റെയും സുഖന്തമുള്ള പച്ചയായ മനുശ്യൻ. ന്യായത്തിന്ന് മുന്പിൽ എന്നും നെന്ജ് വിരിച്ച് നിന്ന കാരണവർ. അന്യായക്കാരോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന തന്റേടിയായ കാരണവർ. പുതുപ്പണക്കാർ മിന്നിത്തിളന്ഗിയപ്പോഴും മണ്ണിൽ തന്റെ കുടുംബത്തിന് മഈശത്ത് കണ്ടെത്തിയവർ. ഒരിക്കലും മറക്കാനാവാത്ത ഒരു വ്യക്തിത്വമാണ് അദ്ധേഹത്തിന്റെത്.
الله ആഖിറം നന്നാക്കി കൊടുക്കട്ടെ
നമുക്കൊക്കെ ചിന്തിക്കാനുള്ള ഒരുപാട് നല്ല കാര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടാണ് നമ്മുടെ കാരണവൻമാർ വിടപറഞ്ഞിട്ടുള്ളത്
അവരെയൊക്കെയും നമേമേയും പടച്ചവൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.
اَمين
---------------------
Abdullah Kambran
റേഷൻ കടയുമായി നല്ല ബദ്ധമുണ്ടായിരുന്നെങ്കിലും എടുത്ത് പറയത്തക്ക മുഹുർത്തങ്ങളൊന്നും ഓർമ്മയിൽ തെളിയുന്നില്ല
കൃഷി പണിയൊക്കെ കഴിഞ്ഞ് വളരെ വൈകി വന്ന് തീർത്തും ശാന്തനായി തന്റെ ഊഴം കാത്ത് നിന്ന് ഞങ്ങൾ കുട്ടികളോടൊക്കെ വളരെ സ്നേഹത്തോടെ ഇടപെട്ട് മാന്യമായി സമാധാനത്തോടെ കടന്ന് പോയത് കൊണ്ടാകാം. എട്ത്ത് പറയത്തക്ക ഓർമ്മകൾ ബാക്കിയാക്കാതെ മൊയ്തീൻ കുട്ടിക്ക വിട്ട് പോയത് (ഇത് എന്റെ സ്വന്തം അനുഭവമായിരിക്കാം).
മുകളിൽ ദുആ ചെയ്ത എല്ലാവരുടെയും ദുആ അല്ലാഹു ( സു-ത ) ഖബൂൽ ചെയ്യട്ടെ ആമീൻ
---------------------
ഹബീബുള്ള നാലു പുരക്കൽ
ജുമുഅക്ക് ഊക്കത്ത് പോകുന്ന അന്ന് മുതൽ പരിചയമുള്ള ഒരു മുഖമാണ് മൊയ്തീൻ കുട്ടിക്കാക്ക. ചെറുപ്പം മുതലേ കാരപറമ്പ് മുതൽ കണ്ടുവരുന്ന മുഖങ്ങളായിരുന്നു കാരപറമ്പിലെ മമ്മുട്ടിക്കാക്ക, മയമുറ്റി കാക്ക, ചെറീതാജി, കുഞ്ഞറമുട്ടി കാക്ക,മമ്മത് മുസ്ലിയാർ ഇവരൊക്കെ. എല്ലാവരും പോയി, അവസാനമായി മൊയ്തീൻ കുട്ടി കാക്കയും. കള്ളിത്തുണിയും ഷർട്ടും തലയിലൊരു വട്ടക്കെട്ടും. മുറുക്കാൻ തിന്നുന്ന ചിരിക്കുന്ന മുഖവും. കാണുമ്പോൾ എപ്പോഴും മൂപ്പർക്ക് തിരക്കാണ്. എന്തെങ്കിലും ജോലിയിലായിരിക്കും. പ്രവാസിയായാലും അദ്ദേഹത്തിന്റെ ജനാസയിലും പങ്കുചേരാൻ കഴിഞ്ഞു. നാഥൻ അവരുടെയും നമ്മിൽ നിന്ന് മരിച്ചു പോയ എല്ലാവരുടെയും ഖബർ ജീവിതം പ്രകാശപൂരിതമാക്കിക്കൊടുക്കട്ടെ. ആമീൻ
-----------------------------
മൊയ്തീൻകുട്ടി അരീക്കൻ (കുഞ്ഞാപ്പു)