Wednesday, 4 December 2024

വേണുവേട്ടൻ


വേണുവേട്ടൻ; വേർപ്പെട്ടു പോവാത്ത ഓർമ്മകൾ

നിലവിൽ കുറ്റൂർ നോർത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ നേർ എതിർദിശയിലായിരുന്നു റോഡ് നിരപ്പിൽ നിന്ന് കുറച്ചുയരത്തിലുള്ള ഓട് മേഞ്ഞ ആ ഇരുനില കെട്ടിടം.അവിടെ സ്ഥാപിച്ചിരുന്ന തപാൽ പെട്ടിയും തപാലാപ്പീസ് എന്നെഴുതിയ ചുവന്ന ബോർഡുമാണ് എൻ്റെ ചെറുപ്രായത്തിൻ്റെ ശ്രദ്ധയെ അങ്ങോട്ട് ക്ഷണിച്ചത്.എഴുതി ഒട്ടിച്ച് തരുന്ന കത്തുകൾ അവിടെ ചെന്ന് പോസ്റ്റ് ചെയ്യുക എന്നതായിരുന്നു വീട്ടിൽ നിന്ന് ആദ്യമായി ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്ന്.വലിയ കരുതലോടെയായിരുന്നു ആ ദൗത്യം നിർവ്വഹിച്ചിരുന്നത്.  പിന്നീട്  സ്റ്റാമ്പും, പോസ്റ്റ് കാർഡും ഇവിടെ നിന്ന് വാങ്ങിത്തുടങ്ങി.പോസ്റ്റ് മാസ്റ്റർ വേണു ഏട്ടനുമായുള്ള സമ്പർക്കങ്ങൾ തുടങ്ങുന്നത് അങ്ങിനെയാണ്.കണ്ണാട്ടിച്ചെനക്കലെ ചെമ്മൺ പാതയിലൂടെ നഗ്നപാദനായി നടന്നു വന്നിരുന്ന ആ ഖദർധാരി. എണ്ണ മയത്തിൽ ചീകി മിനുക്കി വെച്ച തലമുടി. കൂടുതൽ സംസാരിക്കാത്ത പ്രകൃതമെങ്കിലും സുസ്മേരവദനനായി മാത്രമേ അദ്ദേഹത്തെ കണ്ടിട്ടൊള്ളൂ. നമ്മുടെ മേൽവിലാസത്തിൽ ഒരു കത്ത് വരിക എന്നത് ചെറുപ്രായത്തിലെ പറഞ്ഞറിയിക്കാനാവാത്ത അഭിമാനമായിരുന്നു. സ്വന്തം വ്യക്തിത്വവും മേൽവിലാസവും അംഗീകരിക്കപ്പെടുന്നതിൻ്റെ അടയാളങ്ങളായിരുന്നു ആ കത്തുകൾ. സൗജന്യമായി കിട്ടിയിരുന്ന ബുക് ലെറ്റുകൾക്കും മറ്റ് പ്രസിദ്ധീകരണങ്ങൾക്കും സ്വന്തം മേൽവിലാസമെഴുതി പോസ്റ്റ് കാർഡ് അയക്കുന്നത്  അക്കാലത്തെ വിനോദമായിരുന്നു. ആ പോസ്റ്റ്കാർഡിന് പിറകെ അകാംക്ഷപൂർവ്വമുള്ള കാത്തിരിപ്പായിരുന്നു. അതിൻ്റെ അന്വേഷണങ്ങൾക്കാണ് പലപ്പോഴും  പോസ്റ്റ് ഓഫീസിൽ പോയിരുന്നത്. സദാനേരവും ശാന്തമായ ഒരന്തരീക്ഷമായിരുന്നു അവിടെ. ആവശ്യത്തിന് മാത്രമുള്ള പതിഞ്ഞ സംസാരങ്ങൾ. പരിമിതമായ സൗകര്യങ്ങളിലും നിലനിന്ന അവിടത്തെ അടുക്കും ചിട്ടയും. തെരുവിൻ്റെ ബഹളങ്ങളൊന്നും അറിയാതെ പോലും അങ്ങോട്ട് കയറി വന്നില്ല. അവിടെ കത്തുകളെ കാത്തു നിന്നിരുന്ന നാട്ടുകാരുണ്ടായിരുന്നു. വിവരങ്ങളറിയാൻ പ്രതീക്ഷകളോടെ നടന്നുവന്നവർ.പന്ത്രണ്ട് മണിയോടെ കൊടുവായൂർ പോസ്റ്റ് ഓഫീസിൽ നിന്ന് മെയിൽവണ്ടി വരും. ആദ്യം സൈക്കിളിലായിരുന്നു മെയിൽ എത്തിയിരുന്നത്.അതിൽ നിന്ന് ഇറക്കുന്ന വലിയ ചാക്ക്കെട്ട് നിറയെയുണ്ടാവും കത്തുകൾ.ഗൾഫ് പ്രവാസം ഇത്രമേൽ വ്യാപകമാവാത്ത കാലത്ത് എഴുപത്തിയഞ്ച് പൈസ വിലയുള്ള ഇൻലൻ്റുകളിലായിരുന്നു ആ കത്തുകളിലധികവും. തൊണ്ണൂറുകൾക്ക് ശേഷം ഗൾഫ് കത്തുകളുടെ ആധിക്യമുണ്ടായി.വിത്യസ്ത രാഷ്ട്രീയ മത സംഘടനകളുടെ ആനുകാലികങ്ങൾ പെരുകി..
                    പോസ്റ്റ്മാൻ അത് വേർതിരിക്കുമ്പോൾ തന്നെ കയ്യോടെ വാങ്ങാൻ  വരുന്നത് പലരുടെയും പതിവായിരുന്നു.പന്ത്രണ്ട് മണിക്ക് തപാൽ പെട്ടി തുറന്ന് മെയിൽ കൊണ്ട് പോവും. അതിന് മുമ്പേ കത്ത് പോസ്റ്റ് ചെയ്യാൻ ധൃതിയിൽ നടന്നു വരുന്നവരേയും കാണാം.ദേശാതിരുകൾ കടന്ന് പോയവരെ അറിയാനും അറിയിക്കാനുമുള്ള നമ്മുടെ സംവിധാനങ്ങൾ കടന്ന് പോന്ന വഴി ഇങ്ങനൊയൊക്കെയായിരുന്നു. ഈ രംഗത്തുണ്ടായ അഭൂതപൂർവ്വമായ മാറ്റത്തിൻ്റെയും വളർച്ചയുടെയും  അടരുകൾ ഈ കാലത്തിൻ്റെ ഓർമ്മകളിൽ നിന്നെല്ലാം കണ്ടെടുക്കാനാവും.
                    വേണു ഏട്ടനിലേക്ക് തന്നെ വരാം. ഒരു പോസ്റ്റ് മാസ്റ്ററെന്ന നിലയിൽ മാതൃകാപരമായ രീതിയിലാണ് അദ്ദേഹം തൻ്റെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചത്.ഒരു സ്റ്റാമ്പ് കൈമാറുന്നത് മുതൽ  ചില്ലറ തിരിച്ച് തരുന്നതിൽ വരെ അദ്ദേഹം കാണിച്ചിരുന്ന കരുതൽ മാതൃകാപരമായിരുന്നു.ഒരാൾക്കും ഒരു പരാതിക്കും ഇടം കൊടുക്കാത്ത വിധം ദീർഘകാലം സ്വന്തം നാട്ടുകാർക്കിടയിൽ അദ്ദേഹം തൻ്റെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു.കത്തുകളെ തേടിയുള്ള ഓരോ പോക്കിലും വരവിലും ആ മനുഷ്യനെ കണ്ടു. അദ്ദേഹം നിലനിറുത്തിയ ഇടപാടുകളിലെ സൂക്ഷ്മത അനുഭവിച്ചു.ഗൗരവ്വക്കാരനെന്ന് തോന്നിച്ച അദ്ദേഹത്തോട് അടുത്തിടപഴകിയപ്പോഴാണ് ആ മനസ്സിൻ്റെ നൈർമല്യം മനസ്സിലാവുന്നത്. ചില  പ്രസിദ്ധീകരണങ്ങളുടെയെല്ലാം വരിക്കാരൻ എന്ന നിലയിൽ പോസ്റ്റ് ഓഫീസുമായുള്ള നിരന്തര സമ്പർക്കങ്ങൾ ഈ കുറിപ്പുകാരനുണ്ടായിരുന്നു. പിന്നീട് എൻ്റെ എഴുത്തുകൾ അച്ചടിമഷി പുരണ്ട് തുടങ്ങിയതോടെ ആ പ്രസിദ്ധീകരണങ്ങളുടെ സൗജന്യ കോപ്പികളും വന്നു തുടങ്ങി.ആ ബന്ധം വഴി അവിടത്തെ കത്തുകളും പ്രസിദ്ധീകരണങ്ങളും പരിശോധിച്ച് സ്വന്തം മേൽവിലാസത്തിലുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും എനിക്ക് അനുവദിക്കപ്പെട്ടിരുന്നു.അങ്ങനെ അടുത്തിടപഴകി കിട്ടിയ ആ സൗഹൃദം ഹൃദ്യമായി തന്നെ തുടർന്നു. വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരു തരത്തിലുമുള്ള അനിഷ്ടം പ്രകടമാവാത്ത നീണ്ട സർവ്വീസ് കാലങ്ങൾ. അവിടെ നിന്ന് പിരിഞ്ഞ ശേഷം പതിവ് കാഴ്ചകൾ ഇല്ലാതായെങ്കിലും വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങൾ തമ്മിൽ സൗഹൃദത്തിൻ്റെ ചെറിയ വാക്കുകൾ കൈമാറി.അഭിവാദ്യം കൊണ്ടും ചെറുപുഞ്ചിരി കൊണ്ടും ആ കണ്ടുമുട്ടലുകൾ ഹൃദ്യമായി.
                    സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷൻ്റെ അംഗത്വ കാല പ്രചരണാർത്ഥം ഒരിക്കൽ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിരുന്നു.ഏറെ താൽപ്പര്യത്തോടെ കാര്യങ്ങളെല്ലാം ചോദിച്ചറിയുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്നെ കൊണ്ടാവുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞ്  ഞങ്ങൾക്ക് വലിയ പ്രചോദനം തന്നതും ഓർക്കുന്നു.ഈയടുത്താണ് അദ്ദേഹത്തിൻ്റെ രോഗവിവരമറിയുന്നത്.ഈ വിയോഗത്തോടെ നമുക്ക് നഷ്ടമായിരിക്കുന്നത് നാടിൻ്റെ തപാൽ ചരിത്രത്തിലെ ഒരധ്യായമാണ്.കത്തും കമ്പിയുമെല്ലാം ഓർമ്മകളായി തീരുന്ന കാലത്ത് ആ രംഗത്ത് തലമുറകളെ കണ്ണി ചേർത്ത ഒരാൾ എന്ന നിലയിൽ ഈ നാടിൻ്റെ ചരിത്രത്തിലും തലമുറകളുടെ ഓർമ്മകളിലും വേണുവേട്ടൻ എന്നുമുണ്ടാവും.
 ✍🏻 സത്താർ കുറ്റൂർ
----------------------------------------------------------------------------------------------------------

വേണുവേട്ടൻ: മാതൃകാ വ്യക്തിത്വം


ചിലരങ്ങനെയാണ്,ഇഹലോകത്ത് നിന്നും പരലോകത്തേക്ക് യാത്ര പോകുമ്പോൾ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പലതും ബാക്കി വെക്കും. വേണുവേട്ടൻ ബാക്കി വെച്ചത് അദ്ദേഹത്തിൻ്റെ സേവനമാണ്.കറ്റൂർ നോർത്തുകാർക്ക് വേണുവേട്ടനെന്ന പോസ്റ്റ് മാസ്റ്ററെ ഒരിക്കലും മറക്കാൻ കഴിയില്ല.കുറ്റൂർ നോർത്തങ്ങാടി (കണ്ണാട്ടിച്ചിന)യിലേക്ക് കയറാൻ തുടങ്ങിയ കാലത്ത് തന്നെ കുറ്റൂരിൽ പോസ്റ്റ് ഓഫീസ് കണ്ടിരുന്നു. കാമ്പ്രൻ മൊയ്തീൻ എന്നയാളായിരു അന്ന് പോസ്റ്റ് മാസ്റ്റർ.പിന്നീട് വാപ്പാട്ട് തറവാട്ടിൽ നിന്ന് ബാലൻ മാഷ് വന്നു. അതിന് ശേഷം അതേ തറവാട്ടിൽ നിന്നു തന്നെ വേണുവേട്ടൻ പോസ്റ്റോഫീസിലെത്തി.
                    സോഷ്യലിസ്റ്റ് കോൺഗ്രസ്സായി രാഷ്ട്രീയ ജീവിതത്തിലും വേണുവേട്ടൻ തിളങ്ങി. (എസ്) കോൺഗ്രസ്സിൻ്റെ കുന്നുംപുറത്തെ അമരക്കാരനായിരുന്നു വേണുവേട്ടൻ. തപാൽ സേവന രംഗത്തേക്കു അദ്ദേഹം കടന്നു വരുന്നതിന് മുമ്പ് എന്ത് ജോലിയായിരുന്നു വേണുവേട്ടൻ ചെയ്തതെന്നറിയില്ലെങ്കിലും കാർഷിക മേഖലയിൽ അദ്ദേഹം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാളോടും ദേഷ്യപ്പെടുകയോ കയർത്ത് സംസാരിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ലെങ്കിലും കേട്ടിട്ട് പോലുമില്ല. അദ്ദേഹം പോസ്റ്റോഫീസിൽ വരുന്നതിന് മുമ്പ് തന്നെ എൻ്റെ ഒരു അടുത്ത സുഹൃത്തുമായിരുന്നു.അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് കൊണ്ട് നിത്യശാന്തി നേരുന്നു.
 ✍🏻 എം ആർ സി അബ്ദുറഹ്മാൻ
----------------------------------------------------------------------------------------------------------

വേണുവേട്ടൻ എന്ന മനുഷ്യ സ്നേഹി


എൻ്റെ ചെറുപ്പം മുതലെ കേൾക്കുന്ന പേരാണ് പോസ്റ്റുമാസ്റ്റർ വേണുവേട്ടൻ്റേത്.നേരിട്ട് പരിചയമില്ലെങ്കിലും ഖദറിന്റെ തൂവെള്ള വസ്ത്രം ധരിച്ച് ഒത്ത ശരീരവും തിങ്ങിനിറഞ്ഞ നരച്ച താടിയിൽ പുഞ്ചിരി തൂകിയ മുഖമുള്ള ആ മനുഷ്യസ്നേഹിയെ  അങ്ങാടിയിൽ വച്ച് ഇടയ്ക്ക് കാണാറുണ്ട്.രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് കുന്നുംപുറം ഏരിയാ മതസൗഹൃദ കൂട്ടായ്മ രൂപീകരിച്ചപ്പോഴും  അവസാന സമയം അദ്ദേഹം രോഗിയായി കിടക്കുബോഴും ഇപ്പോൾ അദ്ദേഹം വിടപറഞ്ഞ സമയത്തും അദ്ദേഹത്തിന്റെ സ്നേഹിതന്മാരിൽ നിന്നുമാണ് ആദ്യ കാലം മുതലെ ഇത്രയേറെ മനുഷ്യ സ്നേഹിയാണെന്നും കൂടുതൽ അറിയാൻ കഴിഞ്ഞത്.തൻ്റെ സ്നേഹിതന്മാരെ എവിടെ വെച്ച് എപ്പോൾ കണ്ടാലും എത്ര തിരക്കുള്ള സമയമാണെങ്കിലും  കുട്ടിയെ...എന്ന് വിളിച്ച് അണഞ്ഞുകൂട്ടിപ്പിടിച്ച് സൗഹൃദം പങ്കുവെച്ചിരുന്ന ഒരു മഹൽ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം എന്ന് അവർ പറയാറുണ്ട്.വേണുവേട്ടന് പകരം വേണുവേട്ടൻ മാത്രമാണെന്നും,മനുഷ്യന്മാർ തമ്മിൽ എങ്ങനെ സ്നേഹിക്കണം എന്നും പ്രവർത്തനങ്ങളിലൂടെ നമുക്ക് കാണിച്ചു തന്ന് അദ്ദേഹം എന്നെന്നെക്കുമായിവിട പറഞ്ഞു.
 ✍🏻 മുജീബ് ടി.കെ
----------------------------------------------------------------------------------------------------------

പോസ്റ്റ് ഓഫീസും വേണുവേട്ടനും


വളരെ ചെറുപ്പത്തില്‍ തന്നെ പോസ്‌റ്റോഫീസിലെ ജനലുകള്‍ക്കകത്ത് വെള്ള വസ്ത്രം ധരിച്ച ആ സൗമ്യനായ മനുഷ്യനെ ശ്രദ്ധിച്ചിരുന്നു. പോസ്‌റ്റോഫീസിന് മുന്നിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ അവിടുത്തെ ജോലികളില്‍ മുഴുകിയിരിക്കുന്ന വ്യക്തി. മദ്രസയില്‍ പഠിക്കുന്ന സമയത്ത് ഉസ്താദുമാരോട് പറഞ്ഞ് ഓര്‍ഡര്‍ ചെയ്ത കുരുന്നുകള്‍ എന്ന പുസ്തകം വരുന്നത് പോസ്റ്റു വഴിയാണ്. ആ പുസ്തകമാണ് ജീവിതത്തില്‍ ആദ്യമായി പോസ്‌റ്റോഫീസുമായി എന്നെ ബന്ധപ്പെടുത്തുന്നത്. പുസ്തകം അന്ന് ഒന്നുകില്‍ മദ്രസയിൽ എത്തിക്കും അല്ലങ്കില്‍ പരി മുഹമ്മദ്കാക്കയുടെ പീടികയില്‍ വരും അതായിരുന്നു പതിവ്. ഇവിടെ രണ്ടിടത്തും കണ്ടില്ലങ്കില്‍ പോസ്‌റ്റോഫീസിലേക്ക് വേണുവേട്ടന്റെ പക്കലേക്ക് നടക്കും അവിടെച്ചെന്ന് കൈപറ്റും. പിന്നീട് ടെലഫോൺ ബില്ലടക്കാന്‍ പോസ്‌റ്റോഫിസിലേക്ക് പോകുമ്പോള്‍ ജനലിനു പുറത്ത് നിന്ന് ബില്ലില്‍ പ്രത്യേക താളത്തില്‍ ടക് ടക് ടക്  സീലടിക്കുന്ന വേണുവേട്ടനെ കാണാം. അദ്ദേഹം വേഗത്തില്‍ സീലടിക്കുന്നതൊക്കെ വീട്ടില്‍ ചെന്നിരുന്ന് കളികളില്‍ ഏര്‍പ്പെടുമ്പോള്‍ പലയാവര്‍ത്തി അനുകരിച്ചു നോക്കിയിട്ടുമുണ്ട്. എൻ്റെ പോസ്റ്റ് ഓഫീസ് ഓര്‍മ്മകളില്‍ ആദ്യം ഇടം പിടിച്ചയാളാണ് നമ്മുടെ വേണുവേട്ടന്‍ അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.
 ✍🏻 നുഫൈൽ ബാവ
----------------------------------------------------------------------------------------------------------

മതനിരപേക്ഷ മനസ്സുകൾക്ക് തീരാനഷ്ടം


Milkmaid
PB No . 21
New Delhi _ Pin 110001

(നിങ്ങളുടെ സ്ഥാപനത്തെ കുറിച്ച് കൂടുതലറിയാൻ താൽപര്യപെടുന്നു)

ഇങ്ങനെ എഴുതി അയച്ചാൽ പുസ്തകം പൊതിയാൻ പറ്റിയ നല്ല മിനുത്ത പേപ്പർ കിട്ടും (മിൽക് മൈ ഡിൻ്റെ ബ്രോഷർ ).ഇങനെ ബുക്ക് പൊതിയാനുള്ള പേപ്പറിന് കത്തെഴുതിയാണ് എൻ്റെയും സത്താറിൻ്റെയും തലമുറക്ക് പോസ്റ്റാഫിസിലേക്കുള്ള ആദ്ധ്യ എൻട്രി ,അസ്ഥിത്വവും അഡ്രസുമൊക്കെ പിന്നെ കുറച്ച് തള്ള് കലർന്ന യഥാർത്ഥത്യമായി കണക്കാക്കാം ....😊ആദ്ധ്യ എൻട്രി ഇങ്ങനെയാണെങ്കിലും പിന്നെയൊക്കെ സത്താർ പറഞ്ഞപോലെ തന്നെയാണ് എൻ്റെയും അനുഭവം ..ആദ്യം വേണുവേട്ടൻ്റെ ഉഗ്രകോപത്തിനും പിന്നെ വളരെയധികം സ്നേഹമസൃണമായ പെരുമാറ്റത്തിനും പാത്രമായിട്ടുണ്ട് ..ആദ്യം  പറഞ്ഞത് നമ്മുടെ സ്കൂൾ കാലം നിരന്തരം ഊമക്കത്തുകളുടെ കാലമായിരുന്നു , പിന്നെ പുറത്ത് പറയാൻ പറ്റാത്ത വസ്തുക്കൾ ഇൻലൻ്റിലും കവറിലുമാക്കി എതിരാളികൾക്ക് (അതിൽ ടീച്ചർമാരും പെടും) അയച്ച് കൊടുക്കുന്ന പതിവുണ്ടായിരുന്നു.അത് വേണുവേട്ടനെയും ബാധിക്കുന്ന ഘട്ടത്തിലാണ് കോപത്തിനിരയായത് . മുതിർന്നപ്പോ അതൊക്കെ പൊരുത്തപ്പെടിച്ചും പോയിട്ടുണ്ട്...ഏഥായാലും വേണുവേട്ടനെപ്പോലുള്ളവരുടെ  വിയോഗം മതനിരപേക്ഷ മനസ്സുകൾക്ക് ഒരു തീരാ നഷ്ടമാണ്.
 ✍🏻 നിസാർ പി. കെ
----------------------------------------------------------------------------------------------------------

വേണുവേട്ടൻ:കുറ്റൂരിന്റെ സൗമ്യമായ പുഞ്ചിരി


സ്കൂൾ കാലം തൊട്ടു പരിചിതമായ മുഖം, 15 പൈസയുടെ പോസ്റ്റ് കാർഡുകൾ 10 ഉം 25 ഉം ഒക്കെ ഒന്നായി വാങ്ങി വീട്ടിൽ കൊണ്ടുപോയി പത്രത്തിലെ ക്ലാസിഫൈഡുകൾ  നോക്കി തലങ്ങും വിലങ്ങും കുറിപ്പുകൾ അയക്കുക അന്നൊരു പതിവായിരുന്നു. അതുകൊണ്ടുതന്നെ ഈ ഹോബി തുടർന്ന ഡിഗ്രി കഴിയുന്നതുവരെയുള്ള കാലം പോസ്റ്റോഫീസും ആയുള്ള ആ ബന്ധം മറക്കാനാവാത്തതാണ്. അന്നത്തെ പോസ്റ്റ് മാസ്റ്ററായിരുന്നു വേണുവേട്ടനെ കാണാത്ത ദിവസവും ചുരുക്കം ആയിരിക്കും. ശിവകാശിയിൽ നിന്നും ബോംബെയിൽ നിന്നും കുന്നംകുളത്തു നിന്നും വരുന്ന തടിച്ച കവറുകൾ പലപ്പോഴും പ്രത്യേകം എടുത്തുവച്ചിട്ടുണ്ടാവും. ഡെപ്യൂട്ടി തഹസിൽദാർ ആയി വിരമിച്ച പഴയ പോസ്റ്റുമാനും ഇവിടെ പ്രത്യേകം ഓർത്തുപോകുന്നു,  അന്നത്തെ ആ ബന്ധം തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ പോയപ്പോൾ ഉപകാരപ്പെട്ടിട്ടുണ്ട്. 15 പൈസ കാർഡ് കൊണ്ട് ഇങ്ങനെയും ഉപകാരങ്ങളൊക്കെ സാധിക്കുമെന്ന് അപ്പോഴാണ് മനസ്സിലായത്.വേണുവേട്ടൻ സ്റ്റാമ്പ് എടുക്കുമ്പോഴും 15 പൈസയുടെ കാർഡ് ആണെങ്കിൽ പോലും എണ്ണി തരുമ്പോൾ പാലിക്കുന്ന സൂക്ഷ്മത അങ്ങേയറ്റം വലുതായിരുന്നു. പിന്നീടാണ് അറിഞ്ഞത് അവിടെ ഓഡിറ്റ് വരും അക്കൗണ്ടിൽ ഉള്ള കാശും കൈവശമുള്ള കാശും തമ്മിൽ ടാലി ആയിരിക്കണം ഇല്ലെങ്കിൽ പൊല്ലാപ്പാണെന്ന്, അതുകൊണ്ട് തന്നെ ചില്ലറ പോലും സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരുന്നത് അദ്ദേഹം. 
                    ഈ പരിചയം പിന്നീട് കാണുമ്പോഴൊക്കെ പരസ്പരം പുതുക്കുകയും കുശലാന്വേഷണങ്ങൾ നടത്താറും ഉണ്ടായിരുന്നു. സൗമ്യ ശാന്തനും പുഞ്ചിരിയോടെ മാത്രം സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ആരെടെങ്കിലും കയർത്തു സംസാരിക്കുന്നതായോ തർക്കിക്കുന്നതായോ കണ്ടിട്ടില്ല.നന്മ നിറഞ്ഞ സൗമ്യനായി നമ്മിലൂടെ കടന്ന് പോയ വേണുവേട്ടന് ആദരാഞ്ജലികൾ.
 ✍🏻 മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
----------------------------------------------------------------------------------------------------------

നന്മയുടെ നിറകുടമായ വേണുവേട്ടൻ



ഓർമവെച്ച കാലം കണ്ട് പരിചയിച്ച മുഖമാണ് വേണുവെട്ടന്റേത്  അത് മരണം വരെയും നിലനിന്നു.കുറ്റൂരും, പോസ്റ്റ്‌ ഓഫീസുമായി എനിക്ക് കൂടുതൽ പരിചയമില്ല,കാരണം ഞാൻ കുറ്റൂർ സ്കൂളിൽ പഠിച്ചിട്ടില്ലായിരുന്നു,തിരൂരങ്ങാടിയിലായിരുന്നു  പഠനകാലം( സത്താർ പോസ്റ്റ്‌ ഓഫീസും, കുറ്റൂർ ഗംഭീരമാക്കി എഴുതി )
                    വാപ്പാട്ട് വേണു വേട്ടൻ എന്നാണ് പരക്കെ വിളിക്കുക.പാടത്ത് പന്ത് കളിക്കുന്ന കുട്ടിക്കാലത്ത്  വേണുവേട്ടന്റെ വീടിന്റെ ഭാഗത്ത് നിന്ന് അങ്ങേ കരയിൽ നിന്ന് പാലംപറമ്പത്ത് കരയിലേക്ക് ( പരേതനായ മെമ്പർ പി കെ ഹനീഫ വീടിനു താഴെ )ചെരിപ്പിടാതെ പാട വരമ്പിലൂടെ നടന്നു വരുന്നത് കണ്ടത് ഇന്നും  മനസ്സിലുണ്ട്.എന്റെ വീടിന്റെ താഴേ ഭാഗത്ത് കൂടിയും അദ്ദേഹം വർഷങ്ങളോളം നടന്നു പോയിരുന്നു.(മുമ്പ് റോഡ് സൗകര്യമില്ലായിരുന്നു).വേണുവേട്ടൻ വിവാഹ ദിനത്തിൽ  വിവാഹസംഘത്തിലൂടെ  വരനായി നടന്നു പോയത്  കുഞ് നാളിൽ ഞാൻ എന്റെ വീട്ടിൽ നിന്ന് കണ്ടത് ഇന്നും ഓർമയിലുണ്ട്.അവിടേക്ക് വന്ന കല്യാണ ബസ്  എന്റെ വീടിനു മുന്നിലായിരുന്നു നിർത്തിയിരുന്നത്.
    മുമ്പ്  സോഷ്യലിസ്റ്റ് കോൺഗ്രസ്സ് പ്രാദേശിക നേതാവായിരുന്നു,പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിന് പോലും  നിയോഗിച്ചിരുന്നു.ജോലിക്ക് കയറി ശേഷം സജീവ രാഷ്ട്രീയം നിർത്തിയതാകാം.പോസ്റ്റ്‌ ഓഫീസിൽ പോയാൽ  അദ്ദേഹത്തിന്റെ ഇടപെടൽ വളരെ സൗഹൃദപരമായിരുന്നു.ഒരിക്കൽ ഒരു തപാൽ ഉരുപ്പടി നിസാര കാരണത്താൽ തടഞ്ഞു വെച്ചത് വേണുവേട്ടനോട് പറഞ്ഞപ്പോൾ വീട്ടിൽ എത്തിച്ച് നൽകിയത് ഒരിക്കലും മറക്കാൻ കഴിയില്ല.എവിടെ നിന്ന് കണ്ടാലും പുഞ്ചിരിച്ച് കൊണ്ട് എന്തെങ്കിലും സംസാരിക്കും, പിന്നീട് മകൻ അരുണുമായി  ഒരു   സംഘടനയിൽ കൂടെ പ്രവർത്തിച്ചിരുന്നപ്പോൾ വേണുവേട്ടന്റെ മകൻ എന്ന നിലക്ക് കൂടുതൽ അടുത്തു.മകൻ ഇപ്പോൾ പ്രസ്തുത  സംഘടനയുടെ മലപ്പുറം, കോഴിക്കോട് എന്നീ 2 ജില്ലകളുടെ  പ്രസിഡന്റാണ്.
                    ഒരു വർഷം മുമ്പ് കുന്നുംപുറം കേന്ദ്രീകരിച്ച്  രൂപം കൊണ്ട സൗഹൃദ കൂട്ടായ്മയുടെ പ്രഥമ യോഗത്തിൽ തന്നെ  വേണുവേട്ടനോടൊപ്പം   കൂടാൻ അവസരമുണ്ടായി.തൂവെള്ള വസ്ത്രം ധരിച്ച്   നഗ്നപാദകനായി നടന്നു നീങ്ങി നാടിന്റെ നന്മ മാത്രം ആഗ്രഹിച്ച് സൗഹൃദ കൂട്ടായ്മയുടെ അമരത്ത് കാവലിരുന്ന  വേണുവേട്ടന്റെ വിയോഗത്തിന്റെ വിടവ്   നികത്താൻ കഴിയില്ല.നശ്വരമായ ജീവിത യാത്രയിൽ  നന്മയുടെയും സൗഹൃദത്തിന്റെയും  സുന്ദര പാതയിലൂടെ കടന്നു പോയ  വേണുവെട്ടന്റെ ഓർമ്മകൾ എന്നും നിലനിൽക്കും.
 ✍🏻 മുജീബ് പി. കെ 
----------------------------------------------------------------------------------------------------------


 

No comments:

Post a Comment