Friday, 20 August 2021

ആലുങ്ങൽ മുഹമ്മദ് കുട്ട്യാക്ക

 

പളളിപ്പറമ്പ് @ ആലുങ്ങൽ മുഹമ്മദ് കുട്ട്യാക്ക


സ്നേഹ നിധിയായ ഉപ്പ

ഉപ്പയെ കുറിച്ച് മനസ്സിൽ മിന്നി മറിയുന്ന ഒരുപാട് ഓർമ്മകളുണ്ട്.എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നറിയില്ല.വളരെ ചെറുപ്പത്തിൽ തറവാട്ട് വീട്ടിലാണ് അന്ന് താമസം.കൂട്ടു കുടുംബത്തിൻ്റെ സ്നേഹവും സന്തോഷവും വല്ലാതെ അനുഭവിച്ച കുട്ടിക്കാലം.പകൽ മുഴുവൻ പാടത്തും പറമ്പിലുമായി കഠിനാധ്വാനം ചെയ്യുന്ന ഉപ്പ രാത്രി ഭക്ഷണം കഴിച്ച് ചെറള പാടത്തേക്ക് വെള്ളം കെട്ടാൻ പോവും.തറവാട് വീടിൻ്റെ ഉമ്മറപ്പടിയിൽ ഉപ്പ നടന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും.പിന്നീട് ഏറെ വൈകിയാവും തിരിച്ച് വരിക. അപ്പോഴേക്കും എൻ്റെ പാതിയുറക്കം കഴിഞ്ഞിട്ടുണ്ടാവും.ഞാൻ രാവിലെ കണ്ണ് തിരുമ്മി എണീറ്റ് വരുമ്പോൾ ഉപ്പ പൂമുഖത്ത് ഖുർആൻ ഓതുകയാവും.എത്ര വൈകി കിടന്നാലും സുബിഹിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപ്പ എണീക്കും.സ്‌കൂളിലും  മദ്രസയിലും മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ പുതിയ വീടെടുത്ത് പാലക്കാതുമ്പിൽ താമസമാക്കുന്നത്. അതിന് ശേഷം തൊട്ടടുത്തു തന്നെയുള്ള സാഹിബാക്കാൻ്റെ സ്രാമ്പി ( മസ്ജിദുന്നൂർ) യുമായി ഉപ്പ വല്ലാത്ത അടുപ്പം കാട്ടി.പള്ളിയുടെ പരിചരണത്തിൽ വലിയ താൽപ്പര്യമായിരുന്നു.ബാങ്ക് കൊടുക്കുന്നതിന് മുമ്പേ പള്ളിയിലെത്തും.എല്ലാവരും പോയ ശേഷം പള്ളി പൂട്ടി പോന്നിരുന്നതും ഉപ്പയായിരുന്നു.എന്നോട് ആദ്യമായി മൈക്കിൽ വാങ്ക് കൊടുക്കാൻ പറഞ്ഞത് ഉപ്പയാണ്. മദ്രസയിലെ നബിദിന പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നതിനാൽ എനിക്ക് കുറെ സമ്മാനങ്ങൾ കിട്ടിയിരുന്നു. ഉപ്പയോടൊപ്പമിരുന്നാണ് അതിൻ്റെ കവർ പൊട്ടിക്കുക.ആ നേരത്തെ ഉപ്പയുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.നല്ലൊരു ആസ്വാദകൻ കൂടിയായിരുന്നു ഉപ്പ.ഞാൻ മദ്രസാ പരിപാടിയിൽ  പാടിയ പാട്ടുകളെ കുറിച്ചൊക്കെ വീട്ടിൽ ഉമ്മയോടും മറ്റും അഭിപ്രായം പറയും. ഉശാറായി എന്ന് പറഞ്ഞ് നേരിട്ട് എന്നെ അഭിനന്ദിക്കും.ഉപ്പയും മകനും എന്ന നിലയിൽ ഉള്ള ഒരു അകലം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെ പോലെ ഞങ്ങൾ പെരുമാറി.വീട്ടിലെ ചർച്ചകളിൽ എല്ലാ വിഷയങ്ങളുമുണ്ടാവും.തമാശകൾ പറയും.അനിഷ്ടമായത് കണ്ടാൽ എന്നോട്കയർത്ത് സംസാരിക്കും.ആ ദേഷ്യം ഒരിക്കലും ഉപ്പ മനസ്സിൽ വെക്കാറില്ല.പിന്നീട് ആ വിഷയത്തിൻ്റെ ഗൗരവ്വം നല്ല നിലയിൽ ബോധ്യപ്പെടുത്തും.ഇങ്ങനെയൊക്കെയായിരുന്നു ഉപ്പ.കുടുംബപരമായ കാര്യങ്ങളിൽ ഉപ്പാക്ക് നല്ല അറിവായിരുന്നു.അകന്ന ബന്ധങ്ങളെ വരെ ഉപ്പ നിലനിറുത്തിപ്പോന്നു.രോഗ സന്ദർശനം ഉപ്പയുടെ ജീവിതത്തിലെ എടുത്തു പറയേണ്ട ഒരു നൻമയാണ്.നാട്ടുകാരും കുടുംബക്കാരുമായ വേണ്ടപ്പെട്ടവർ രോഗിയാണെന്നറിഞ്ഞാൽ എത്ര പ്രയാസപ്പെട്ടാണെങ്കിലും ഉപ്പ അവിടെ എത്തിപ്പെടും.കുടുംബങ്ങളുടെ ചികിൽസാ കാര്യത്തിൽ വലിയ ശ്രദ്ധയായിരുന്നു.അവരെ ആശുപത്രിയിൽ കൊണ്ട് പോവാനും നല്ല ഡോക്ടർമാരെ കുറിച്ച് പറഞ്ഞ് കൊടുക്കാനുമൊക്കെ വലിയ താൽപ്പര്യമായിരുന്നു.നാടിൻ്റെ പൊതു കാര്യങ്ങളിൽ സജീവമായി.ആദ്യ കാലങ്ങളിൽ മുസ്ലിം ലീഗ് പരിപാടികൾക്കൊക്കെ എന്നെയും കൊണ്ട് പോവുമായിരുന്നു.പളളിയും മദ്റസയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉപ്പാക്ക് പ്രത്യേക  ഇഷ്ടമായിരുന്നു.സാഹിബാക്കാൻ്റെ സ്രാമ്പി അൽ ഹുദ ട്രസ്റ്റിനെ ഏൽപ്പിക്കുന്നത് ഉപ്പയുടെ കൂടി പരിശ്രമത്തിലാണ്. സാഹിബാക്കയും ഉപ്പയും തമ്മിലുള്ള അടുത്ത സൗഹൃദം അതിൽ വലിയ ഘടകമായി. പിന്നീട് പള്ളി പുനർ നിർമ്മിക്കുന്നതിലും മറ്റു പ്രവർത്തനങ്ങളിലും വലിയ പങ്ക് വഹിച്ചു.ഉപ്പ ജീവനു തുല്യം സ്നേഹിച്ച സ്ഥാപനമായിരുന്നു അൽഹുദ. അതിൻ്റെ തുടക്കം മുതൽ എല്ലാ കാര്യത്തിനും  മുന്നിട്ടിറങ്ങി.ആരോഗ്യ പ്രശ്നങ്ങൾ കാരണം അവസാന കാലങ്ങളിൽ സജീവ പ്രവർത്തനങ്ങൾക്ക് കഴിയാതെ വന്നപ്പോഴും അൽ ഹുദയുടെ ചടങ്ങുകളിലും അതിൻ്റെ മീറ്റിംഗുകളിലും ഒരു തല മുതിർന്ന ഭാരവാഹിയായും കാരണവരായും ഉപ്പ പങ്കെടുത്തു. പിൽക്കാലത്ത് അൽഹുദയുടെ ഭാരവാഹിത്തത്തിലേക്ക് വന്ന ചെറുപ്പക്കാർക്ക് അകമഴിഞ്ഞ പിന്തുണയും പ്രോൽസാഹനവും നൽകി.അൽഹുദയുടെ തുടക്കം മുതൽ ഇക്കഴിഞ്ഞ വർഷം വരെ നബിദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തിയത് ഉപ്പയായിരുന്നു.ആ സ്ഥാപനത്തിൻ്റെ രൂപീകരണത്തിൽ കാട്ടിയ ആത്മാർത്ഥതക്ക് അതിൻ്റെ സഹ ഭാരവാഹികൾ ഉപ്പാക്ക് നൽകിയ വലിയ അംഗീകാരമായി അതിനെ കാണുന്നു.ദീനീ ചിട്ടകളിൽ ജീവിക്കാനുള്ള പരിശീലനമായിരുന്നു ഉപ്പ ഞങ്ങൾക്ക് കാണിച്ച വീട്ടിലെ വലിയ മാതൃകകളിലൊന്ന്.ശരീരം സമ്മതിക്കും വരെ കഠിനാധ്വാനം ചെയ്യുക എന്നതും ഉപ്പ ജീവിതം കൊണ്ട് പഠിപ്പിച്ച പാഠമാണ്.പള്ളിയുമായുള്ള ആത്മബന്ധമാണ് ഉപ്പയെ കുറിച്ച് വീണ്ടും വീണ്ടും എടുത്തു പറയേണ്ട നൻമ.സുബ്ഹിക്ക് മുൻപേ എണീറ്റ് ഖുർആൻ ഓതി തുടങ്ങുന്ന  ദിന ചര്യകൾ ഉപ്പാക്ക് ജീവിതാവസാനം വരെ നില നിറുത്താനായി.കോവിഡ് കാരണം പള്ളി അടച്ചിട്ടപ്പോഴും പറ്റെ അവശനായി വീട്ടിൽ കഴിഞ്ഞപ്പോഴുമല്ലാതെ ഒരു ദിവസം പോലും ഉപ്പ നേരത്തിന് പള്ളിയിൽ പോവാതിരുന്നിട്ടില്ല.പ്രായത്തിൻ്റെ അവശതകളും രോഗാവസ്ഥകളും കാരണം പ്രയാസത്തിൽ പെട്ടപ്പോഴെല്ലാം ആരെയും ബുദ്ധിമുട്ടിക്കാതെ കണ്ണടക്കണം എന്ന് ഉപ്പ ഇടക്കിടെ പറയുമായിരുന്നു.ആ മനസ്സിൻ്റെ ആഗ്രഹം പോലെ തന്നെയായിരുന്നു ഉപ്പയുടെ മരണവും.മരിക്കുന്നതിൻ്റെ ഒരാഴ്ച മുമ്പ് ഉപ്പ വിളിച്ചു.ഉമ്മയുടെ ആണ്ടായി,നിനക്കൊന്ന് നാട്ടിൽ വന്ന് പോയിക്കൂടെ എന്ന് ചോദിച്ചു.നാട്ടിൽ വന്ന് പോയിട്ട് മാസങ്ങളെ ആയിരുന്നൊളളൂ. ഞാൻ എൻ്റെ ബുദ്ധിമുട്ട് പറഞ്ഞു.പിന്നെ കേട്ടത് ഉപ്പാൻ്റെ മരണവാർത്തയാണ്.വരാൻ സമയമായില്ലെന്ന് അറിഞ്ഞിട്ടും വന്ന് പോയിക്കൂടേ എന്ന ഉപ്പയുടെ ആ ചോദ്യം ഇപ്പോൾ ഉളളിൽ തറച്ച് നിൽക്കുന്നു.ഞാൻ നാട്ടിലെത്തുമ്പോൾ കണ്ണമംഗലത്തെ പള്ളി ഖബറിസ്ഥാനിൽ നിന്ന് ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞ് പോയിട്ടേ ഉണ്ടായിരുന്നൊള്ളൂ.ഖബറിന് മുകളിൽ  നിന്ന് നിസ്കരിച്ചു.കിളച്ചിട്ട നനഞ്ഞ മണ്ണിൽ രണ്ട് കണ്ണീർ തുള്ളികൾ ഇറ്റി വീണു.ഒരാഴ്ച മുമ്പത്തെ ആ വിളി അപ്പോഴും മനസ്സിൽ നീറുന്നുണ്ടായിരുന്നു.
അള്ളാഹു അവരുടെ ദോശങ്ങൾ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ - ആമീൻ  
 ✍🏻 ഉമർ ആലുങ്ങൽ
----------------------------------------------------------------------------------------------------------

ആലുങ്ങൽ മുഹമ്മദ് കുട്ടാക്ക...നേരിൻ്റെ ഓരം പറ്റി നടന്ന ധീരൻ

വിശുദ്ധ മുഹറം മാസത്തിൽ നമ്മോട് വിട പറഞ്ഞ മർഹൂം ആലുങ്ങൽ മുഹമ്മദ് കുട്ടി സാഹിബ് ഒരു കുടുംബത്തിൻ്റെ മാത്രമായിരുന്നില്ല. ഒരു നാടിൻ്റെയും കൂടി കാരണവരായിരുന്നു.കഠിനാധ്വാനിയായ കർഷകൻ, ധർമ്മബോധമുള്ള രാഷ്ട്രീയക്കാരൻ, മത-ഭൗതിക വിഷയങ്ങളിൽ ധാരാളം അറിവ് സമ്പാദിച്ച വ്യക്തിത്വം, മസ്ജിദ് പരിപാലകൻ,മത-സാമൂഹ്യ നേതൃരംഗത്തെ മാതൃകാപുരുഷൻ, മരണം വരെ സാത്വിക ജീവിതം നയിച്ച കർമ്മയോഗി... ആ നിസ്തുല ജീവിതത്തിന് ഇനിയും അടയാളപ്പെടുത്താൻ ഏറെ വിശേഷണങ്ങളുണ്ട്.സത്യം ആരുടെ മുമ്പിലും തുറന്ന് പറയാനും അതിനെതിരെ വരുന്ന ഭീഷണികളെയും പ്രലോഭനങ്ങളെയും പുറംകാൽ കൊണ്ട് തട്ടി മാറ്റാനും ധൈര്യം കാണിച്ചു അവർ. ഒരു പാട് കോടതി വ്യവഹാരങ്ങളുമായി അദ്ദേഹം ഇടപെട്ടു. നേരിൻ്റെ കൂടെ നിന്നത് കൊണ്ട് നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാലും തളരാതെ എല്ലാം നെഞ്ചുറപ്പോടെ നേരിട്ടു. അൽഹുദ സ്ഥാപനങ്ങളുടെ പിറവി തൊട്ട് മുന്നിൽ നിന്നു. മസ്ജിദുനൂറിൽ ആദ്യം എത്തുന്നതും അവസാനം ഇറങ്ങുന്നതും മുഹമ്മദ് കുട്ട്യാക്കയായിരുന്നു. ഉസ്താദുമാരെ ഏറെ സ്നേഹിച്ചു. അവരുടെ താമസ ഭക്ഷണ കാര്യങ്ങളിൽ എപ്പോഴും നല്ല ശ്രദ്ധയായിരുന്നു. ഈയടുത്ത ആഴ്ചകൾ വരെ മസ്ജിദിൽ വന്നു.തൊണ്ണൂറ് കഴിഞ്ഞിട്ടും പത്രക്കാരനെ കാത്ത് വീട്ടുവരാന്തയിൽ ഇരുന്നു. മരിക്കുന്ന അന്നും പത്രം വാങ്ങി വായിച്ചു. പിറ്റേ ദിവസം പത്രക്കാരൻ വന്നു വീട്ടുകാരോട് ഉപ്പയെവിടെ എന്ന് ചോദിച്ചപ്പോൾ ഇന്നലെ വിട പറഞ്ഞു എന്ന് കേട്ട പത്രക്കാരൻ വരെ അന്ധാളിച്ചു പോയി.
    ഒരു പാട് പണ്ഡിതന്മാരുമായും നേതാക്കളുമായും അടുപ്പമായിരുന്നു. പഴയ കാല ചരിത്രങ്ങൾ പറയുന്നത് കേട്ടിരിക്കാൻ തന്നെ രസമാണ്.നമ്മുടെ നാടിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കാരണവൻമാർ ഓരോരുത്തരായി വിട പറഞ്ഞു. മുഹമ്മദ് കുട്ട്യാക്കയും വേർപിരിഞ്ഞു വിശാലമായ വെളിച്ചം നിറഞ്ഞ ഖബർ ജീവിതം റബ്ബ് അവർക്ക് പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ..
 ✍🏻 മുഹമ്മദ് കുട്ടി അരീക്കൻ
----------------------------------------------------------------------------------------------------------

നൻമ നിറഞ്ഞ നാട്ടു കാരണവർ

അടുത്തിടപഴകിയ നാട്ടു കാരണവൻമാരിലൊരാളായിരുന്നു മുഹമ്മദ് കുട്ട്യാക്ക.വളരെ ചെറുപ്പം തൊട്ടെ അദ്ദേഹത്തെ പരിചയമുണ്ട്.അൽ ഹുദാ സംരംഭങ്ങൾ ആ ബന്ധത്തെ കൂടുതൽ ദൃഢമാക്കി.സമ പ്രായക്കാരോടെന്ന പോലെ വർത്തമാനം പറഞ്ഞിരിക്കാൻ കഴിയുന്ന ഒരാൾ.അൽഹുദയുടെ ആദ്യ കാലങ്ങളിൽ മെയിൻ ബിൽഡിംഗിൻ്റെ ടെറസിൽ വൈകുന്നേരങ്ങളിൽ സൊറച്ചിരിക്കുന്ന പതിവുണ്ടായിരുന്നു.മർഹും പി കെ.അഹമ്മദ് മുസ്ലിയാർ അടക്കമുള്ള കാരണവൻമാരുടെ കൂട്ടത്തിൽ മുഹമ്മദ് കുട്ട്യാക്കയും ഒരു പതിവുകാരനായിരുന്നു അവിടെ.ഇശാ മഗ്രിബിനിടയിലെ ആ സൊറ വട്ടം ആകാശത്തിന് താഴെയും ഭൂമിക്ക് മുകളിലുമുള്ള സകല വിഷയങ്ങളിലായി കയറിയിറങ്ങും.മുഹമ്മദ് കുട്ട്യാക്കയുടെ നാട്ടറിവുകളുടെ ആഴം അന്നാണ് ശരിക്കുമറിഞ്ഞത്.കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകൾ മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പഴയ വസൂരിക്കാലവും മലബാർ കലാപ സ്മരണകളും തുടങ്ങി ഫിഖ്ഹി മസ്അലകൾ വരെ ആ കൂടിയിരുത്തം ചർച്ച ചെയ്യും.തെളിഞ്ഞ ഓർമ്മശക്തി മുഹമ്മദ് കുട്ട്യാക്കാൻ്റെ എടുത്ത് പറയേണ്ട ഒന്നാണ്.മുമ്പ് ഒരു പ്രാദേശിക രചനയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കണ്ടതോർക്കുന്നു.ഒരു പാട് കാര്യങ്ങൾ അന്ന് പങ്ക് വെച്ചു.ചില തെറ്റിദ്ധാരണകൾ തിരുത്തി തന്നു.വാങ്മയ ചരിത്രത്തിൽ നാടിന് നല്ലൊരു കരുതലായിരുന്നു മുഹമ്മദ് കുട്ട്യാക്ക.വായന ശീലം അദ്ദേഹത്തിൻ്റെ മറ്റൊരു നൻമയാണ്.പത്രങ്ങൾ അരിച്ച് പൊറുക്കി വായിക്കുന്നൊരാൾ. പല ആനുകാലികങ്ങളുടെയും സ്ഥിരം വരിക്കാരൻ.ഒപ്പം നല്ലൊരു കേൾവിക്കാരൻ.മതപ്രഭാഷണ വേദികളുടെ മുന്നിൽ തന്നെ വന്നിരിക്കും. അതിൻ്റെ വൈകാരികാവസ്ഥയിൽ  കണ്ണ് നിറക്കും.പള്ളിയിലെയും മദ്റസയിലെയും ഉസ്താദുമാരുമായി ഹൃദ്യമായ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു.അവിടത്തെ ദൈനം ദിന കാര്യങ്ങളിൽ ആത്മാർത്ഥമായി ഇടപെടുമായിരുന്നു.തൻ്റെ പ്രയാസങ്ങളും പരിമിതികളും പുറത്തറിയിക്കാതെ സ്ഥാപനത്തിൻ്റെ സംരംഭങ്ങളിലെല്ലാം അദ്ദേഹം സഹകരിച്ചു.അൽഹുദയിൽ നടക്കുന്ന പ്രഭാഷണ പരിപാടികളിൽ സ്ഥിര സാന്നിധ്യമായി.താൻ കൂടി വളർത്തിയെടുത്ത ഒരു പ്രസ്ഥാനത്തിൻ്റെ ഉയർച്ചയുടെ ഓരോ പടവിലും നേർ സാക്ഷിയായി ഈ കാരണവർ.ഈ അടുത്തായി ചില പരിപാടികൾക്കൊക്കെ വിളിക്കുമ്പോൾ പറയും. വരാൻ പൂതി ഇല്ലാഞ്ഞിട്ടല്ല. തടി കൊണ്ട് വയ്യ.ഈ  വാക്കുകളിൽ അദ്ദേഹത്തിൻ്റെ പ്രായം തളർത്താത്ത ആവേശവും ശരീരം വഴിപ്പെടാത്തതിൻ്റെ നിരാശയും നിഴലിച്ചിരുന്നു.ഒരു കർഷക കുടുംബത്തിലെ അംഗം എന്ന നിലയിൽ ചെറുപ്പം മുതലേ ഏറെ കഠിനാധ്വാനിയായിരുന്നു അദ്ദേഹം.കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് അറിവുകളും മറ്റും അദ്ദേഹത്തിൽ നിന്ന് പലപ്പോഴായി കേട്ടിട്ടുണ്ട്.മണ്ണിൻ്റെ മണമുള്ള ആ സംസാരങ്ങൾ വല്ലാത്ത ജൈവാനുഭവങ്ങളാണ് പകർന്ന് തന്നത്.ചെറുപ്പത്തിൽ ദർസിൽ കിതാബോതിയതിൻ്റെ ഉൾ വെളിച്ചവും ഈ മനുഷ്യൻ്റെ വ്യക്തിത്വ രൂപീകരണത്തിൽ  ചെറുതല്ലാത്ത സ്വാധീനം ചെലുത്തി.ആരാധന കർമ്മങ്ങളിൽ അദ്ദേഹം കാണിച്ച കണശതയും ദീനീ സ്ഥാപനങ്ങളോട് കാണിച്ച അടുപ്പവും അതാണറിയിക്കുന്നത്.തലമുറകൾക്കിടയിൽ സഹവർത്തിത്തത്തിൻ്റെ നാട്ടു വെളിച്ചമായി അദ്ദേഹം നിലകൊണ്ടു.കുട്ടികളോടും മുതിർന്നവരോടും ഒരുപോലെ ഇടപഴകാൻ അവർക്കായി.പള്ളിയുമായുള്ള അഭ്യേദ്യമായ ബന്ധം ഒരു വിശ്വാസിയുടെ എടുത്ത് പറയേണ്ട ഗുണമാണ്. ശാരീരിക അവശതയിലും അക്കാര്യത്തിൽ വീഴ്ച വരുത്തിയില്ല.ഇങ്ങനെ നല്ല കുറെ ഓർമ്മകളും അനുകരണീയമായ ജീവിത ചിട്ടകളും ബാക്കി വെച്ചാണ് അദ്ദേഹം വിട പറഞ്ഞത്.
അള്ളാഹു അവരുടെ പരലോക ജീവിതത്തിൽ നൻമ പ്രധാനം ചെയ്യട്ടെ ആമീൻ
 ✍🏻 സത്താർ കുറ്റൂർ
----------------------------------------------------------------------------------------------------------

ആലുങ്ങൽ മുഹമ്മദ് കുട്ട്യാക്ക: കർമ്മ നിരതനായ കാരണവർ

ആലുങ്ങൽ മുഹമ്മദ് കുട്ടി കാക്കയുടെ മരണത്തോടെ  അവശേഷിച്ച ഒരു കാരണവരും കൂടി വിട വാങ്ങി.രാജ്യത്തിന്   സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പും ശേഷവുമായുള്ള ഒരു പാട് അനുഭവങ്ങൾ  മുഹമ്മദ് കുട്ടി കാക്കക്ക്  പറയാനുണ്ടായിരിന്നു.പഴയ കാല ഉപജീവന രീതികൾ  വിനിമയങ്ങൾ  പ്രാദേശിക രാഷ്ട്രീയങ്ങൾ  ദിനീ ചുറ്റുപാടുകൾ  കാലാന്തരങ്ങളിൽ നേത്രനിരയിൽ വന്നവർ ഇവയെകുറിച്ചെല്ലാം കേൾക്കുമ്പോൾ  വിസ്മയിച്ച് നിൽക്കാറുണ്ട്.
    ഡിജിറ്റൽ പെയ്മന്റിന്റെ ഈ കാലത്ത്   1940 കളിൽ തനിക്ക് 12 വയസ്സ്  ഉള്ളപ്പോളുള്ള  വിനിമയത്തെ കുറിച്ച്  പറഞ്ഞ് തരുമ്പോൾ അന്തം വിട്ടിരിക്കാനേ കഴിഞ്ഞൊള്ളു.അന്നത്തെ നാണയമായ മുക്കാൽ,അരക്കാൽ ചെമ്പിനാൽ നിർമ്മിച്ചതായിരിന്നു  പിന്നീട്  ചെമ്പ് കുറക്കാൻ വേണ്ടി ഓട്ടമുക്കാൽ വന്നത്.ഓട്ട മുക്കാൽ മാലയിൽ കോർത്ത്  അരയിൽ കെട്ടുന്നവർ.. 4 ഓട്ട മുക്കാലിന് ഒരു അണ.ഒരു ഉറുപ്പികക്ക്  പതിനാറ് അണ. സ്റ്റീൽ പോലെത്തെ ഒരു മിശ്രിതത്തിലായിരിന്നു 'അണ'യുണ്ടാക്കിയിരുന്നത് . പിന്നീട് നയാ പൈസ വന്നു 'മുക്കാൽ' വിനിമയം നിറുത്തി വെച്ചു മുക്കാലുകൾ കയ്യിലുള്ളവർ ചെമ്പിന്റെ വിലക്ക് തൂക്കി വിറ്റു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമാണ് നയാ പൈസ എന്നത് പൈസ എന്നാക്കിയത് ഒരു മുക്കാലിന്  മൂന്ന് പൈസയും. 12 പൈസക്ക് ഒരു അണയും.96 പൈസക്ക് ഒരുറുപ്പികയുമായിരുന്നു.നോട്ടുകൾ വല്ലപ്പോഴും മാത്രമേ കാണുകയൊള്ളു.  100 രൂപ വലിയ കച്ചവടക്കാരുടെ അടുത്തോ ജൻമി മാരുടെ അടുത്തോ  അപൂർവ്വമായി കാണുന്ന നോട്ടാണ്.അന്നത്തെ വിനിമയ നിരക്കിനെ കുറിച്ച്      കേട്ടെപ്പോൾ ആഴ്ചര്യം കൂടി വരികയാണ് ചെയ്തത്. അദ്ദേഹത്തിൽ നിന്ന് കേട്ട ചില ഓർമ്മകളാണ് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക.തന്റെ കുട്ടിക്കാലവും തനിക്ക് മുമ്പുള്ള കാലങ്ങളിൽ നിന്ന് കാരണവൻമാരിൽ കേട്ട ഓർമ്മകളും അദ്ദേഹവുമായി സംസാരചിരിക്കുമ്പോൾ പെയ്തിറങ്ങുമായിരിന്നു.പഴയ കാല കച്ചവട കേന്ദ്രങ്ങളായ കൊടുവായൂർ അങ്ങാടിയും ചരിത്ര പ്രധാന്യവും ആൾ തിരക്കുമുള്ള അയൽ പ്രദേശമായ  പടപ്പറമ്പുമടക്കം വളർച്ച വെക്കാതെ പോയത്,കുറ്റൂർ അങ്ങാടിക്ക് മുമ്പ് കാരപറമ്പിൽ ഉള്ള കച്ചവടെത്തെ കുറിച്ച്,പരക്കാട്ടെ നേർച്ചക്ക്  എടത്തോളയിൽ നിന്നുള്ള വരവും ചെറാട്ടിൽ ഇടവഴിയിലൂടെ പോരുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ,കുന്നാഞ്ചേരി പള്ളിയുടെ അവകാശവുമായി ബന്തപ്പെട്ട് ചില കുടുംമ്പങ്ങൾ തമ്മിൽ ഉണ്ടായിരുന്ന കേസുകളെ കുറിച്ച്.  കോടതി സൂഫി വര്യൻ കമ്മുണ്ണി മുസ്ലിയാരോട്  കാരണവൻമാരുടെ പേര് എഴുതി തരാൻ പറഞ്ഞപ്പോൾ വട്ടത്തിൽ  പേരുകൾ എഴുതി കൊടുത്ത് ഒന്നാം  കാരണവർ ആയി  ആരേയും പേരഴുതാതെ തന്ത്രപൂർവ്വം കൈകാര്യം ചെയ്തത്.പണികൾ ഒന്നും കിട്ടാത്ത കാലത്ത് കാലത്ത്  ജനങ്ങൾ മല കയറി പോയി തോല് വെട്ടി ചുമന്ന് കൊണ്ട്  വന്ന വിൽപന നടത്തിയിരുന്നത്,ചേറേക്കാട്ട് തോൽ ചന്ത തന്നെ ഉണ്ടായിരുന്നത്. കുന്നുംപുറത്തേക്ക് ബസ്സ് റൂട്ട് വരുന്നതിന് മുമ്പ് കോഴിക്കോട്ട് നിന്ന് കുറ്റൂരിലേക്ക് ബസ്സ് വന്നത് കണ്ണമംഗലത്തേക്ക് നീട്ടാനുള്ള ശ്രമങ്ങൾക്ക് ഉണ്ടായ ഇഷ്യൂസുകൾ ഒരുപാട് കാര്യങ്ങളെ കുറിച്ച് പറയുമായിരുന്നു.
    ഉറച്ച മുസ്ലിം ലീഗ് കാരനായിരുന്ന  അദ്ദേഹം കുട്ടി കാലത്ത് തന്നെ സജീവ രാഷ്ടീയ പ്രവർത്തകനായിരുന്നു.പ്രദേശത്തെ ലീഗ് നേത്രനിരയിൽ ഉണ്ടായിരുന്ന കൊറ്റശ്ശേരിയിൽ EK കുഞ്ഞിമൊയ്തീൻ ഹാജിയുടെ കൂടെ അന്നത്തെ യൂത്ത് ലീഗ് കാരനായി സജീവമായി ഉണ്ടായിരുന്നു.വേങ്ങര പഞ്ചായത്ത് വരുന്നതിന് മുമ്പ്  കണ്ണമംഗലം പഞ്ചായത്തും വലിയോറ പഞ്ചായത്തുമായിരുന്നു ഉണ്ടായിരുന്നത്  കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റൊയി കൊറ്റശ്ശേരിയിൽ കുഞ്ഞിമൊയ്തു ഹാജിയായിരിന്നുണ്ടായിരുന്നത്. തിരെഞ്ഞുടുപ്പിലൂടെയല്ലായിരുന്നു അന്നത്തെ പഞ്ചായത്ത്.ഖാഇദെ മില്ലത്ത്  ഇസ്മായിൽ സാഹിബ്  പാർലെമെന്റിൽ മൽസരിക്കുന്ന കാലത്ത് നാട്ടിൽ പൂർണ്ണമായി കുറ്റിയറ്റ് പോവാതിരുന്ന വസൂരി രോഗം  വന്നത് അദ്ദേഹത്തിൽ വലിയ വിഷമം ഉണ്ടാക്കി ബൂത്ത് ഏജന്റായി നിൽക്കേണ്ടതായിരുന്നു ഈ യൂത്ത് ലീഗ്കാരൻ.രോഗത്തേക്കാൾ വലിയ സങ്കടം പ്രവർത്തിക്കാൻ കഴിയാത്തതിലായി എങ്കിലും  വോട്ട് ചെയ്തു.ഇലക്ഷന് ശേഷം അച്ചനമ്പലത്ത് ഖാഇദെമില്ലത്തിന്  വലിയ സ്വീകരണം നൽകി  ബാഫഖി തങ്ങളും ചാക്കീരിയുമടക്കം  ലീഗിന്റെ ഉന്നത നേതാക്കൾ പങ്കെടുത്തു.കൊറ്റശ്ശേരി കുഞ്ഞിമൊയ്തീൻ ഹാജി ഞങ്ങളുടെ കുട്ടികൾ വസൂരി  വന്നിട്ടും വോട്ട് ചെയ്തിട്ടുണ്ടായിരുന്നുവെന്നും അവർക്ക് വേണ്ടി പ്രതേക പ്രാത്ഥന നടത്തണമെന്നും ബാഫഖി തങ്ങളോട്  ചെവിയിൽ പറഞ്ഞു തങ്ങൾ പ്രാത്ഥന നടത്തുകയും  ചെയ്തു.ഇതൊക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ  കണ്ണ്  തുടക്കുന്നുണ്ടായിരിന്നു.മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന വേങ്ങരയിൽ  കണ്ണമംഗലത്ത് നിന്നും വലിയോറയിൽ നിന്നും  ലീഗിന്റെ പ്രമുഖരായ പ്രദേശിക നേതാക്കൾ  മാളിയേക്കൽ അബ്ദുള്ള ഹാജിയുടെ മലഞ്ചരക്ക് പീടികയിലും തൊട്ടടുത്തുള്ള ഇസ്മത്ത്  ഹോട്ടലിലുമായി കേന്ദ്രീകരിക്കും അവരിൽ ഒരംഗമായി കുറേ കാലം മുഹമ്മദ് കുട്ടി കാക്കയും ഉണ്ടായിരിന്നു.അതിനായി എന്നും അദ്ദേഹം വൈകുന്നേരങ്ങളിൽ വേങ്ങരയിൽ എത്തുമായിരിന്നു.അമ്പത് വർഷത്തിലതികമായി ഒരേ നിലപാടിൽ ഒരേ മനസ്സുമായി മത രാഷ്ട്രീയ പ്രാദേശിക വിഷയങ്ങളിൽ നിൽക്കുന്ന  എന്റേയും അദ്ദേഹത്തിന്റേയും കുടുംബം തമ്മിലുള്ള ആത്മബന്തവും,ഉപ്പയും മുഹമ്മദ് കുട്ടി കാക്കയുമായുള്ള  വലിയ സ്നേഹബന്തവും  അവർ ഒന്നിച്ച്  കൈ കോർത്ത് നടന്നിട്ടുള്ള പ്രവർത്തനവുമെല്ലാം കണ്ടിട്ടുള്ളത് കൊണ്ട്  അദ്ദേഹത്തോട് വല്ലാതൊരു അടുപ്പമായിരുന്നു. 
അള്ളാഹു അദ്ദേഹത്തെ വിജയിപ്പിച്ചവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ
 ✍🏻 ലത്തീഫ് അരീക്കൻ
----------------------------------------------------------------------------------------------------------

സ്നേഹനിധിയായ എളാപ്പ ..... 

എളാപ്പയെ കുറിച്ച് ഹൃദയത്തിൽ  തങ്ങിനിൽക്കുന്ന ഒരുപാട് ഓർമ്മകൾ ഉണ്ട്. എൻറെ ചെറുപ്പത്തിൽ ഒമ്പതാം വയസ്സിൽ നഷ്ടപ്പെട്ട  എൻറെ ഉപ്പ...ഇപ്പോഴത്തെ കുട്ടികളെ പോലെ  ആ കാലത്ത് ഇത്ര വലിയ ഓർമ്മ ഒന്നുമില്ല.  എങ്കിലും ഉപ്പാന്റെ മരണം ഇപ്പോഴും മനസ്സിലുണ്ട് . ആ ദിവസം  വലിയുപ്പയും. എളാപ്പയും  എൻറെയും അനുജന്റെയും. അടുത്തിരുന്ന കരയുന്ന ഒരു ഓർമ്മ മനസ്സിൽ നിന്നും മായുന്നില്ല.അതിനുശേഷമുള്ള എല്ലാ കാര്യത്തിലും .ഉപദേശിച്ചും നിർദ്ദേശിച്ചു തരുമായിരുന്നു.കുടുംബത്തെ സംബന്ധിച്ചും  പഴയകാല വിവരങ്ങളും.  എളാപ്പൻ്റെ പക്കൽ നിന്ന് ഒരുപാട് കിട്ടിയിട്ടുണ്ട് .ഈയടുത്ത്  ഒരു വർഷം  ആകുന്നതേയുള്ളൂ. നമുക്ക് കരുവാരക്കുണ്ടിലും. കോട്ടക്കലിലും കുടുംബക്കാർ ഉണ്ട് എന്നും. പണ്ടെല്ലാം ആ ബന്ധമുണ്ടായിരുന്നു  എന്നും. ആ ബന്ധം എല്ലാം  പുതുക്കാനുള്ള ആഗ്രഹം കൊണ്ടാവാം വാക്ക്. അത്രത്തോളം  കുടുംബ ബന്ധത്തെയും. സാമൂഹിക പ്രവർത്തനത്തെയും സ്നേഹിച്ചിരുന്നു .എഴുതിയാൽ തീരാത്ത വാക്കുകളുണ്ട്.
അല്ലാഹു നാളെ നമ്മളെയും അവരെയും  ജന്നാത്തുൽ ഫിർദൗസിൽ. ഒരുമിച്ച് കൂട്ടട്ടെ - ആമീൻ
 ✍🏻 അബ്ദുൽ അസീസ് ആലുങ്ങൽ 
----------------------------------------------------------------------------------------------------------


No comments:

Post a Comment