Friday, 21 May 2021

എം.സി അബ്ദുറഹ്മാൻ മുസ്ല്യാർ


ഗുരുവോർമ്മ @ എം.സി അബ്ദുറഹ്മാൻ മുസ്ല്യാർ


അലിഫിൻ വെളിച്ചത്തിൻ്റെ ഒറ്റയടിപ്പാത

2017ൽ എം.സി.അബ്ദു റഹ്മാൻ മുസ്ല്യാരുമായി നടത്തിയ ഒരു അപ്രകാശിത അഭിമുഖം:-

മഞ്ചേരിക്കടുത്ത പയ്യനാട് ഗ്രാമത്തിലാണ്. ഒരു ഉച്ച മയക്കത്തിൻ്റെ നേരത്താണ് ഇവിടെ എത്തിയത്. ആളൊഴിഞ്ഞ പീടിക തിണ്ണകൾ. പാതി താഴ്ത്തി പോയ ഷട്ടറുകൾ. തുറന്ന് വെച്ചൊരു ചായപ്പീട്യ കണ്ട് കിട്ടാൻ തന്നെ കുറച്ച് സമയമെടുത്തു. പാതിയുറങ്ങിയ പയ്യനാട്  അങ്ങാടിയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം കാത്തിരുന്നതെന്ന് തോന്നിച്ച ചായപ്പീട്യ. അവിടത്തെ  മര ബെഞ്ചിൽ ഇരുന്ന്  ആവി പറക്കുന്ന ചായ മൊത്തിക്കുടിച്ചു. ഞങ്ങളെ അറിയാനും ആഗമനോദ്യേശ്യം ചോദിക്കാനും പീട്യേക്കാരൻ കാക്ക അടുത്തിരുന്നു. എന്നോ വിട്ടു പോയിട്ടും ഒരു നാട് മറക്കാത്ത ഗുരുവിനെ തേടി വന്നതാണെന്നറിഞ്ഞപ്പോൾ നെര വീണ് പ്രായത്തിൻ്റെ അവശത തോന്നിച്ച ആ മുഖത്ത് വല്ലാത്ത തെളിച്ചം. അബ്ദുറഹ്മാൻ മുസ്ല്യാരെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് വല്ലാത്ത ആവേശം. ചില മനുഷ്യരിലേക്ക് നമ്മൾ എത്തിപ്പെടുന്നത് തന്നെ വല്ലാത്തൊരു അനുഭൂതിയാണ്. ഒരു നിമിഷ നേരത്തെ പരിചയം തീർക്കുന്ന ആത്മബന്ധങ്ങൾക്ക് ചിലപ്പോൾ ഒരായുസ്സിൻ്റെ പരിചയം തോന്നും.ചായ തീർന്നിട്ടും വാക്കുകൾ തോരാതെ  ചിര പരിചിതരെ ഞങ്ങൾ അവിടെ തന്നെയിരുന്നു.. അതിനിടയിൽ തൊട്ടടുത്ത പള്ളിയിൽ നിന്ന് കേട്ട അസർ ബാങ്കിൽ ഞങ്ങളെണീറ്റു.  ആലസ്യമൊഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ തെരുവിൽ ആളനക്കം കൂടിയിട്ടുണ്ട്.ബാങ്കൊലി കേട്ട മിനാരം നോക്കി ഞങ്ങളും നടന്നു.. നിസ്കരിച്ച ശേഷം പുറത്തിറങ്ങി വാഹനത്തിനടുത്തേക്ക് നടക്കുമ്പോൾ ആ കവല മയക്കം വിട്ടിരിക്കുന്നു. പാതി താഴ്ത്തിയും താഴിട്ടും പോയ ഷട്ടറുകൾ ഓരോന്നായി തുറന്ന് തുടങ്ങുകയാണ്.ഓരോ ഗ്രാമങ്ങൾക്കും അവരുടേതായ ദിനചര്യകൾ ഉണ്ടാവുമെന്ന് മനസ്സിൽ തോന്നി.വണ്ടിയിൽ കയറി വലത്തോട്ട്  പോവുന്നൊരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു.ഒരു പത്ത് മിനിട്ട് നടന്നാൽ എത്താവുന്ന ദൂരം.വളർന്നു പന്തലിച്ച് ശിഖിരങ്ങൾ താഴ്ന്നു പോയ ഒരു മരത്തണലിലേക്ക് വാഹനം ചേർത്തിട്ടു.വീട്ടുവളപ്പിലേക്ക് കയറിയ വാഹനത്തിൻ്റെ ശബ്ദം കേട്ടാവണം ഒരു ചെറുപ്പക്കാരൻ വീടിൻ്റെ പൂമുഖ വാതിൽ തുറന്നിറങ്ങി വന്നു.ഞങ്ങൾ കുറ്റൂരിൽ നിന്ന് ഉപ്പയെ കാണാൻ വന്നവരാണെന്നറിയിച്ചപ്പോൾ ആ മുഖത്ത് വല്ലാത്ത ആദരവ്.മുറ്റത്തെ മാവിൻ ചോട്ടിൽ കളി രസങ്ങളിലേർപ്പെട്ട കുട്ടികളോട് കുശലം പറഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ പൂമുഖ വാതിൽക്കൽ ഈ ദേശത്തിൻ്റെ ഗുരുവര്യൻ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു.ഞങ്ങൾക്കെല്ലാം കൈ തന്ന് വീടിനകത്തേക്ക് ക്ഷണിച്ചു.മകൻ അകത്ത് നിന്ന് രണ്ട് കസേരകൾ കൂടി കൊണ്ട് വന്നിട്ടു.അധികം സൗകര്യങ്ങളില്ലാത്ത ആ കോലായയിൽ  ഹൃദയാദരവുകളോടെ ചേർന്നിരുന്നു.ഞങ്ങൾ മൂന്ന് പേരാണ്. അരീക്കൻ മുഹമ്മദ് കുട്ട്യാക്കയും ലതീഫ്കയുമാണ് കൂടെ.ഈ രണ്ട് പേരെയും അദ്ദേഹം ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു.ഇരുന്ന പാടെ മൂന്നാമനിലെ അപരിചിതത്വം നീക്കാനായി അദ്ദേഹം എൻ്റെ നേരെ കൈ ചൂണ്ടി.ഇവനെ മനസ്സിലായില്ല.പരിചയപ്പെടുത്തിയപ്പോൾ വലിയ സന്തോഷം.തലമുറകൾക്കിടയിൽ മുറിഞ്ഞ് പോയ അധ്യാപനത്തിൻ്റെ ഇരയാണ് ഞാനെന്ന് തോന്നി.ഒരു ദേശത്തിൻ്റെ മൂന്ന് കാലങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് പീരിയഡുകളാണ് ഞങ്ങൾ. മൂന്നാമത്തെ പീരിയഡിലേക്ക് ബെല്ലൊച്ച കേട്ടപ്പോഴേക്കും അബ്ദു റഹ്മാൻ മുസ്ല്യാർ തൻ്റെ നിയോഗം പൂർത്തിയാക്കി തിരിച്ച് പോയിരുന്നു. എനിക്ക് ഒരു വഴിയോര കാഴ്ച മാത്രമായിരുന്നു ഈ ഗുരു ശ്രേഷ്ടൻ. കക്കാടംപുറത്ത് ബസ്സിറങ്ങി കക്ഷത്ത് വെച്ച കൈ ബേഗും തുറന്ന് പിടിച്ച കാലൻ കുടയുമായി നടന്ന് പോയ ശുഭ വസ്ത്രധാരി. വല്യുപ്പാൻ്റെ പൂമുഖ വർത്തമാനങ്ങളിൽ കേട്ടിരുന്ന എം.സി എന്ന വിളിപ്പേരിനുടമ. എൻ്റെ മനസ്സ് നിറയെ പോയ് മറഞ്ഞ കാലവും  കണ്ണാട്ടിചെനക്കലെ ചെമ്മൺപാതയിലൂടെ കാലൻ കുട ചൂടി നടന്നു നീങ്ങുന്ന ഉസ്താദുമായിരുന്നു..സുഖാന്വേഷണങ്ങളിൽ നിന്ന് തുടങ്ങിയ ഞങ്ങൾക്കിടയിലെ വർത്തമാനങ്ങൾ നാട്ടു വിശേഷങ്ങളിലേക്ക് പരന്നതോടെ പ്രായത്തിൻ്റെ അവശതകൾ ചുളിവ് വീഴ്ത്തിയ ആ മുഖത്ത് ഓർമ്മകൾ വലിഞ്ഞ് തുടങ്ങി..

എം സി അബ്ദുറഹ്മാൻ മുസ്ല്യാർ സംസാരിച്ച് തുടങ്ങുന്നു......

പഠനം കുടുംബം


കേരളത്തിലെ പൗരാണിക മുസ്ലിം തറവാടുകളിലൊന്നായ മുസ്ലിയാരകത്ത്  കുടുംബമാണ് ഞങ്ങളുടേത്. ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ്(റ)ലേക്കാണ് കുടുംബത്തിൻ്റെ താവഴികൾ എത്തിച്ചേരുന്നത്. ഈ പ്രദേശങ്ങളുടെ ഖാസി സ്ഥാനം വഹിക്കുന്നതും മതപരമായ മറ്റ് നിർവ്വഹണങ്ങളും പരമ്പരാഗതമായി ഞങ്ങളുടെ കുടുംബത്തിനാണ്. ഉമ്മ മഞ്ചേരിയിലെ കുരിക്കൾ കുടുംബാംഗമാണ്. ഉമ്മയുടെ വല്യുപ്പയാണ് ഖാൻ ബഹദൂർ ഹസ്സൻകുട്ടി കുരിക്കൾ.എൻ്റെ ജനനം ഹിജ്റ 1350 ജമാദുൽ അവ്വൽ 23നാണ്.നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം ദർസ് പഠനം. അക്കാലത്താണ് പിതാവിൻ്റെ മരണം.എൻ്റെ പതിനേഴാം വയസ്സിലാണത്. വലിയൊരു ഷോക്കായിരുന്നു വന്ദ്യ പിതാവിൻ്റെ വേർപാട്.ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളിലേക്ക് കാലുറച്ച് വരുന്നൊരു നേരം. കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങളിലേക്ക് കൂടി ശ്രദ്ധ കൊടുക്കേണ്ടി വന്നു.എന്നാൽ ഉപ്പയുടെ വേർപാട് സൃഷ്ടിച്ച വീടിൻ്റെ അനാഥത്വത്തിലും കിതാബോത്ത് മുടങ്ങാതെ ശ്രദ്ധിച്ചു.നറുകര, നെല്ലിക്കുത്ത്, മഞ്ചേരി വാക്യതൊട, വേങ്ങര കുറ്റാളൂർ  തുടങ്ങിയ പ്രദേശങ്ങളിലാണ് ദർസ് പഠനം നടത്തിയത്.. നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെടാൻ നിമിത്തമായത് കുറ്റാളൂരിലെ ദർസ് പഠനമാണ്.
അവിടത്തെ ഉസ്താദ് ആൽപറമ്പിൽ കുഞ്ഞമ്മദ് മുസ്ല്യാരായിരുന്നു.മൗലാനാ അബ്ദുൽ ബാരിയുടെ കിതാബിൻ്റെ വലിയൊരു ശേഖരം തന്നെ അന്ന് ഈ പള്ളിയിൽ ഉണ്ടായിരുന്നു.ചെറുപ്പം മുതലേ വായനയിൽ വലിയ താൽപ്പര്യമുണ്ടായിരുന്ന എന്നെ ഇവിടെ പിടിച്ച് നിറുത്തിയതും അമൂല്യമായ  ഈ  ഗ്രന്ഥ ശേഖരം തന്നെ.കേരളത്തിൽ ഉപരിപഠനത്തിന് ഇന്നത്തെ പോലെ സൗകര്യങ്ങളോ സ്ഥാപനങ്ങളോ ഇല്ലാത്ത കാലമാണ്.അതു കൊണ്ട് തന്നെ ദർസ് പഠനത്തിന് ശേഷം 'വേലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ' തുടർ പഠനത്തിന് പോവണമെന്നത് വലിയ ആഗ്രഹമായിരുന്നു.എൻ്റെ നിർഭാഗ്യമാവാം ചില കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. വിദ്യാർത്ഥി ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു അത്.

കുറ്റൂരിലേക്കെത്തിയ വഴി


ആദ്യമായി ജോലി ഏറ്റത് നാടിനടുത്ത പിലാക്കലാണ്.രണ്ട് വർഷത്തിന് ശേഷം അവിടെ നിന്ന് പിരിഞ്ഞു.പിന്നീട് കൃഷിയും മറ്റുമായി കുറച്ച് കാലം വീട്ടിൽ തന്നെ കഴിച്ച് കൂട്ടി.ശേഷം പാണ്ടിക്കാട് തമ്പാനങ്ങാടി, ചോലക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ജോലി നോക്കിയത്.ഈ സ്ഥലങ്ങളിലും അധികകാലമൊന്നും മുന്നോട്ട് പോയില്ല.പിന്നീട്  നിങ്ങളുടെ പ്രദേശമായ അബ്ദുറഹ്മാൻ നഗറിലെത്തി. ഫസലിയ്യ മസ്ജിദിൽ. 1958 ലാണത്.വേങ്ങര കുറ്റാളൂരിൽ കിതാബോതാൻ വന്നതിനാൽ ഈ പ്രദേശം എനിക്ക് അപരിചിതമായിരുന്നില്ല എന്ന് പറയാം.ഫസലിയ്യപള്ളിയിൽ പത്ത് മാസമാണ് സേവനം ചെയ്തത്.പിന്നെ കൊളപ്പുറത്തേക്ക് മാറി.അവിടെ ഒരു കൊല്ലവും എട്ട് മാസവും സേവനമനുഷ്ടിച്ചു.തുടർന്നാണ് കുറ്റൂരിലെത്തുന്നത്.കൃത്യമായി പറഞ്ഞാൽ 1961 ഏപ്രിൽ 4 ന്.

ഓർമ്മകളിൽ തെളിയുന്ന ദേശം


1961 ൽ ഞാൻ ഇവിടെ വരുമ്പോൾ കക്കാടംപുറം - എടക്കാപറമ്പ് റോഡ് പണി നടക്കുകയാണ്.നിങ്ങളുടെ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡായിരുന്നു അത്.കൊടുവായൂർ അങ്ങാടിയെയാണ് നാട്ടുകാർ അന്ന് കാര്യമായി ആശ്രയിച്ചിരുന്നത്.കുന്നുംപുറത്തിൻ്റെ വളർച്ചയൊക്കെ പിന്നീട് ഏറെക്കാലം കഴിഞ്ഞാണ്.കൊടുവായൂരിൽ സേവനം ചെയ്ത സമയത്ത് കുറ്റൂർകാരിൽ പലരെയും പരിചയമുണ്ടായിരുന്നു. മീൻ വാങ്ങുന്നതിനൊക്കെ കൊടുവായൂരിലേക്കായിരുന്നു അവിടെ നിന്ന് ആളുകൾ വന്നിരുന്നത്.കറൻ്റോ ടെലഫോണോ  മറ്റ് സൗകര്യങ്ങളോ അന്നവിടെയില്ല. എങ്ങും പ്രാരാബ്ദത്തിൻ്റെ നേർ കാഴ്ചകൾ..കുനിഞ്ഞ് നിൽക്കുന്ന ചെറു വീടുകൾ.. അവക്കിടയിലെ പോക്ക് വരവുകളിൽ മാത്രം തെളിഞ്ഞ നടവഴികൾ.കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന കൃഷിയിടങ്ങൾ.അവക്കെല്ലാം കഠിനാധ്വാനികളായ നാട്ടുകാരുടെ വിയർപ്പിൻ്റെ കഥകളുണ്ട്.കള്ളിവളപ്പും, നിലപറമ്പുമൊക്കെ പൊന്ന് വിളയുന്ന മണ്ണായിരുന്നു.കണ്ണാട്ടുചെനക്കലെ ചായ കച്ചവടങ്ങളും പലചരക്ക് കടകളും ഓർമ്മയിൽ നിന്ന് മായില്ല.ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തായിരുന്നു കണ്ണാട്ടുചെന.ഇവിടെ ആളൊഴിയുന്ന നേരമുണ്ടായിരുന്നില്ല.അതൊരു പ്രധാന ജലസ്രോതസ്സ് തന്നെയായിരുന്നു.പോത്തിനെ കഴുകലും പുല്ല് ഒലുമ്പലും ആളുകളുടെ അലക്കലും കുളിക്കലുമെല്ലാം ഇവിടെ നിന്ന് തന്നെ.വീരാശ്ശേരി പുറായ മുതലുള്ള ആളുകൾ നിസ്കരിക്കാൻ വന്നിരുന്നത് കണ്ണാട്ടു ചെനക്കലെ പള്ളിയിലേക്കാണ്.അന്ന് നാട്ടുകാർക്ക് പറമ്പ് കയറിയാൽ വേറെ പള്ളിയില്ലല്ലോ.അരീക്കൻ ഹസ്സൻകുട്ടി ഹാജി, ഇരുകുളങ്ങര പോക്കരാക്ക, അരീക്കൻ മൊയ്തു ഹാജി, കുട്ട്യാലി കാക്ക എന്നിവരൊക്കെയാണ് നാട്ടിലെ  ആദ്യകാല കച്ചവടക്കാർ. ഇപ്പോൾ അംഗനവാടി നിൽക്കുന്ന പറമ്പിലായിരുന്നു മൊയ്തു ഹാജിയുടെ കച്ചവടം.നാട്ടിൽ കൃഷിയും മറു നാട്ടിൽ ചെമ്പ് പണിയും അലുമിനി കച്ചവടവുമൊക്കെയായിരുന്നു പ്രധാന ജീവിതോപാധി.കൽക്കത്ത, മദിരാശി, കോയമ്പത്തൂർ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലായിരുന്നു കാര്യമായും പ്രവാസ ജീവിതം. വയനാട്, താമരശ്ശേരി, കൊടഗ് ഭാഗങ്ങളിലേക്ക് ഉപജീവനം തേടിപ്പോയവരുമുണ്ടായിരുന്നു.പാടത്തും പറമ്പിലും ഒരുപോലെ വിളയുണ്ടാക്കിയിരുന്നു.ഇഞ്ചി കൃഷി വളരെ അധികം ഉണ്ടായിരുന്നു.പ്രത്യേകിച്ചും കൊറ്റശ്ശേരിപ്പുറായയൊക്കെ അതിൻ്റെ പ്രധാന  കേന്ദ്രമായിരുന്നു.അന്നവിടെ സ്വന്തമായി വാഹനമുള്ളവരൊന്നുമില്ല. കള്ളിയത്ത് ബാപ്പു ഹാജിയാണ് നാട്ടിലെ ആദ്യത്തെ വാഹനയുടമ. അദ്ദേഹം നാട്ടിലെ ആദ്യകാല ബോംബെ പ്രവാസിയാണ്.സി.രാജഗോപാചാരി ഉപയോഗിച്ചതായിരുന്നു ആ വാഹനം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.പിന്നീടാണ് എടത്തോള മുഹമ്മദാജിയുടെ കാറ് വന്നത്.പോസ്റ്റ് ഓഫീസ് വെള്ളക്കാട്ടെ പടി(വി കെ.പടി) ആയിരുന്നു.ശേഷമാണ് കൊടുവായൂർ വന്നത്. നല്ലൊരു ശതമാനം ആളുകൾക്കും കത്തെഴുതാൻ പോലും അറിയാത്ത  കാലം. അക്ഷരഭ്യാസത്തിൻ്റെ വില അറിയാത്തൊരു തലമുറ.അവരുടെ ജീവിത സാഹചര്യം അവരെ അങ്ങനെയാക്കി തീർത്തു എന്നു പറയുന്നതാവും ശരി.എഴുപതുകൾക്ക് ശേഷമുണ്ടായ ഗൾഫ് കുടിയേറ്റങ്ങളാണ്  നാടിൻ്റെ മുഖഛായ മാറ്റിയത്.കൽക്കത്തയിലെ കള്ളിയത്ത് മുഹമ്മദാജിയുടെ  ഹോട്ടൽ കുറ്റൂർകാരുടെ പ്രവാസ ജീവിതത്തിലെ എടുത്ത് പറയേണ്ട ഒരിടമാണ്.നാട് വിട്ട നാട്ടുകാരുടെ ആശ്വാസവും ആശ്രയവുമായിരുന്നു അദ്ദേഹം.അവിടെ നിന്നാണ് ഈ നാട്ടിലെ ആദ്യകാല ഗൾഫ് പ്രവാസികളിൽ പലരും കറാച്ചി വഴി  കടൽ കടന്നത്.കൈതവളപ്പിൽ മൊയ്തീൻ ഹാജി,ആലുങ്ങൽ കുഞ്ഞിമൊയ്തീൻ എന്നിവരൊക്കെ ഇങ്ങനെയാണ് പോയതെന്നോർക്കുന്നു.എന്നോ ഉള്ളിൽ കയറിയ ഓർമ്മകൾ ഓരോന്നോരോന്നായി പെയ്തിറങ്ങുകയാണ്.ആയുസിൻ്റെ നല്ല പങ്കും ചെലവഴിച്ച ഒരു ദേശത്തെ എത്ര മിഴിവോടെയാണീ മനുഷ്യൻ ഉള്ളിൽ കൊണ്ട് നടക്കുന്നതെന്ന് തോന്നി.ഓർമ്മകൾ സൂക്ഷിക്കുക എന്നത് പോയ കാലത്തോടുളള  കടപ്പാടാണെന്ന് എവിടെയോ വായിച്ചതോർത്തു.തൻ്റെ ജ്ഞാന സപര്യയിൽ കണ്ട് മുട്ടിയ ദേശ കാഴ്ചകളും പച്ച മനുഷ്യരും വീണ്ടും വീണ്ടും മിന്നി മറഞ്ഞു.അതിനിടയിൽ അകത്ത് നിന്നെടുത്ത ആവി പറക്കുന്ന ചായയിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ മുറിഞ്ഞു.അരനൂറ്റാണ്ടിനപ്പുറത്തെ ഏതൊക്കെയോ ദിക്കിലേക്ക് ഒഴുകിപ്പരന്ന ഓർമ്മകളിൽ നിന്ന് നാടിൻ്റെ ഗുരു ശ്രേഷ്ടൻ ആ കോലായയിലേക്ക് തന്നെ കടന്നിരുന്നു.വീട്ടിലെ മറ്റംഗങ്ങൾ കൂടി അടുത്തു വന്നു പരിചയപ്പെടുത്തി.അവരുടെ ആതിഥ്യ മര്യാദയിൽ ഞങ്ങളുടെ ഉളളം കുളിർത്തു...

ഹുജ്ജത്തുൽ ഇസ്ലാം മദ്രസ (1961 -   1981)


നേരത്തെ പറഞ്ഞല്ലോ 1961 ഏപ്രിൽ 4 നാണ് ഞാൻ ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിൽ ജോലിയേൽക്കുന്നത്.കറുൻതൊടുവിലെ കുഞ്ഞാനുവാണ് അന്ന് മദ്രസയുടെ പ്രസിഡൻ്റ്.കളളിയത്ത് മുഹമ്മദ് കുട്ട്യാക്ക ( വൈദ്യർ തൊടു) സെക്രട്ടറിയും.ജോ: സെക്രട്ടറിയായി ഹൈദ്രു മാഷും ട്രഷററായി അരീക്കൻ ഹസ്സൻ കുട്ടി ഹാജിയുമുണ്ട്.പിന്നീട് ചക്ക്ങ്ങലെ മൊയ്തീൻ കുട്ടി ഹാജിയുടെ നേതൃത്വത്തിലാണ് കാര്യങ്ങളൊക്കെ നടന്നത്.പള്ളിയുടെയും മദ്റസയുടെയും കാര്യത്തിൽ അദ്ദേഹത്തിൻ്റെ സഹകരണങ്ങൾ ഞാൻ പോരുന്നത് വരെ കിട്ടിയിട്ടുണ്ട്.എൻ്റെ സഹ അധ്യാപകരായി ഉണ്ടായിരുന്നത് ഊക്കത്തെ മൊയ്തീൻ കുട്ട്യാക്ക, വീരാൻ മൊല്ലാക്ക, എന്നിവരും അക്കരെ നിന്നുള്ള ഒരാളുമുണ്ടായിരുന്നു.പേര് ഓർമ്മയിൽ വരുന്നില്ല.പിന്നീട് കുരിക്കൾ മിതോണ്ടി മാഷൊക്കെ വന്നു.അന്ന് മദ്രസക്ക് സമസ്തയുടെ അംഗീകാരമില്ല.ഞാനാണ് അംഗീകാരത്തിന് അപേക്ഷിച്ചതും അനുബന്ധ കാര്യങ്ങളൊക്കെ ചെയ്തതും.കേരളത്തിലെ അറിയപ്പെട്ട മതപ്രഭാഷകരൊക്കെ ഇവിടെ വന്നിട്ടുണ്ട്. ഞാൻ വരുന്നതിന് മുമ്പ് നടന്ന പ്രമുഖ പണ്ഡിതൻ മമ്മാലിക്കുട്ടി ഹാജിയുടെ പ്രഭാഷണങ്ങളെ പലരും എടുത്തു പറയാറുണ്ട്.ഇന്നത്തെ പോലെയല്ല ദിവസങ്ങളോളം നീളുന്നതായിരുന്നു അന്നത്തെ വയളുകൾ.പ്രമുഖ പണ്ഡിതരും വാഗ്മികളുമായ തിരൂർ അബൂബക്കർ ഹാജി, ശുകപുരം, പൂനൂർ കുഞ്ഞി ഇബ്രാഹിം മുസ്ല്യാർ, പൊൻമള മുഹമ്മദാജി എന്നിവരുടെയെല്ലാം വയളുകൾ വലിയ സംഭവങ്ങളായിരുന്നു.1964 ൽ നടന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണങ്ങൾ പഴമക്കാരുടെ മനസ്സിൽ ഇന്നുമുണ്ടാവും.പിന്നീട് വി പി.സെയ്ത് മുഹമ്മദ് നിസാമി തുടർച്ചയായ മൂന്ന് വർഷം പ്രഭാഷണം നടത്തിയിട്ടുണ്ട്.40 രൂപയായിരുന്നു ജോലി ഏൽക്കുമ്പോൾ എൻ്റെ ശമ്പളം.പിരിയുമ്പോൾ 150 രൂപയും.അന്നത്തെ മാസ വരിസംഖ്യ 25 പൈസ മുതൽ 50 പൈസ വരെയായിരുന്നു.അരി കൊടുക്കുന്ന സമ്പ്രദായമായിരുന്നു ആദ്യ കാലങ്ങളിലൊക്കെ.അഞ്ചാം ക്ലാസ് വരെയായിരുന്നു മദ്റസ നടന്നിരുന്നത്.പി. എ. കുഞ്ഞുട്ടി മാസ്റ്റർ, മാപ്പിളക്കാട്ടിൽ തിത്താച്ചുമ്മ, സി വി.കുഞ്ഞറമുട്ടി, അരീക്കൻ ആമിക്കുട്ടി, കുരിക്കൾ മമ്മാദ്യ, ആലുങ്ങൽ പാത്തുമ്മു, മാപ്പിളക്കാടൻ മുഹമ്മദ് കുട്ടി, അരീക്കൻ അബ്ദുറഹ്മാൻ തുടങ്ങിയവർ എൻ്റെ ആദ്യ ബാച്ചിൽ പെട്ട വിദ്യാർത്ഥികളിൽ ചിലരാണ്.
    ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്തതാണെൻ്റെ കുറ്റൂർ കാലം.എൻ്റെ വീട് പോലെയാണാ നാട്.തലമുറകളിലേക്ക് അറിവ് പകരുക മാത്രമല്ല നിങ്ങളുടെ സുഖത്തിലും ദു:ഖത്തിലും ഞാനുണ്ടായിരുന്നു.പ്രാരാബ്ദങ്ങളുടെ ആ കാലത്ത് കൂടുതൽ സൗകര്യങ്ങളോ സാമ്പത്തിക താൽപ്പര്യങ്ങളോ നോക്കി പോവാൻ ഒരിക്കലും മനസ്സനുവദിച്ചിട്ടില്ല.ഒരു മദ്റസ മുഅല്ലിമായി വന്ന് ആ സ്ഥാപനത്തിൻ്റെ കാര്യത്തിൽ മാത്രമല്ല നാടിൻ്റെ പൊതു കാര്യങ്ങളിൽ വരെ എന്നാലാവുന്ന ഇടപെടലുകൾ നടത്താനായി.നാട്ടുകാർക്കിടയിലുണ്ടാവാറുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളിൽ മധ്യസ്ഥനായി.ഓരോ ഉത്തരവാദിത്തങ്ങളും എന്നെ വിശ്വസിച്ചേൽപ്പിച്ചവരായിരുന്നു നിങ്ങളുടെ നാട്ടുകാർ.ആ വിശ്വാസ്യത അവിടന്ന് തിരിച്ച് പോരും വരെ കാത്തു സൂക്ഷിക്കാനും സാധിച്ചു.ഓത്തുപള്ളിയുടെ പതിവുകളിൽ നിന്ന് ഒരു മദ്റസ സംവിധാനത്തിൻ്റെ വ്യവസ്ഥാപിത രീതികളിലേക്ക് ഒരു നാടിന് വഴി കാട്ടാനായി.നമുക്ക് പടരാനായി പടച്ചവൻ കരുതി വെക്കുന്ന നാടുകളും മനുഷ്യരുമുണ്ടാവും.എൻ്റെ ആയുസ്സിൻ്റെ പുസ്തകത്തിൽ അത് നിങ്ങളുടെ നാടും അവിടത്തെ  പച്ച മനുഷ്യരുമാണ്.മഞ്ചേരി- പരപ്പനങ്ങാടി റൂട്ടിലെ ബസ് യാത്രകൾ .. അതിനിടയിൽ കണ്ട് മുട്ടുന്ന പതിവുകാർ..പിന്നോട്ട് പാഞ്ഞ വഴിയോര കാഴ്ചകൾ.. അന്നത്തെ പോക്കുവരവുകൾ മറക്കാനാവില്ല.കുറച്ച് കാലം മകൻ മുഹമ്മദലിയും എൻ്റെ കൂടെ പോന്നിരുന്നു. സ്വന്തം വീട് പോലെ കളിച്ച് വളർന്ന നാടായിരുന്നു അവനും ആ നാട്.ഇപ്പോഴും ഇവിടെ വരുന്നവരിൽ പലരും അവനെ കുറിച്ചും അന്വേഷിക്കും.മുഹമ്മദലിയും അങ്ങനെയാണ് അന്നത്തെ ഓർമകളിൽ അവനും വല്ലാത്ത ഇഷ്ടമാണ്. ഈ വീട്ടിൽ ആ നാട് കൂടാത്ത വിശേഷങ്ങൾ അന്നില്ലായിരുന്നു.പങ്ക് വെക്കാത്ത സന്തോഷങ്ങളോ സങ്കടങ്ങളോ ഇല്ലായിരുന്നു. തങ്ങളുടെ ഇല്ലായ്മകളുടെ കാലത്ത് കൂട്ടിനുള്ള ഒരാളെന്ന നിലയിൽ ഇന്നും ഈ പടികടന്നു വരുന്ന എത്രയോ പേരുണ്ട്.നല്ല നിലയിലെത്തിയ ജീവിതം കൊണ്ട് അവർ കടപ്പാട് കാട്ടുകയാണ്.ആ ബന്ധത്തിൻ്റെ ആഴവും ആത്മാർത്ഥതയുമാണതെല്ലാം അറിയിക്കുന്നത്.ഇങ്ങനെയൊക്കെ കഴിഞ്ഞ് പോന്നൊരു നാട്ടിൽ നിന്ന് ഒരു നാൾ തിരിച്ച് പോന്നു.ഒരു മാറ്റം വേണമെന്ന് തോന്നി..വേറെ ഒരു കാരണവുമില്ല.അന്നത്തെ ദിവസം ഇന്നും ഓർമ്മയിലുണ്ട്.1981 ഒക്ടോബർ 24.വീടണയുമ്പോൾ നിങ്ങൾ തന്ന അതിരില്ലാത്ത സ്നേഹവും, സൗഹൃദങ്ങളുമായിരുന്നു ബാക്കിയുണ്ടായിരുന്നത്.കുടഞ്ഞു കളയാൻ കഴിയാത്ത വിധം ചുറ്റിപ്പിണഞ്ഞ കുറെ ഓർമകളും.അതിന് ശേഷം ജോലി ചെയ്തത് ചേറൂരിലാണ്.നാല് വർഷമാണ് അവിടത്തെ സേവന കാലം.1985 ജൂലൈ 31നാണ് ചേറൂരിൽ നിന്ന് പിരിഞ്ഞത്.പിന്നെ പ്രായത്തിൻ്റെ അവശതയും വീട്ടിലെ സാഹചര്യങ്ങളുമൊക്കെ കാരണം അധികം ദൂരെ പോയ്ക്കൂടെന്നായി.അങ്ങിനെയാണ് നാടിനടുത്ത പളളിയിൽ ഖതീബായത്.കുറച്ച് മുമ്പ് അവിടെ നിന്നും പിരിഞ്ഞു..ഇപ്പോൾ ശരീരം വയസ്സിനെ ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നു..പുറത്തെവിടെയും പോവാറില്ല.ഈ കോലായയിലെ നാല് ചുമരുകൾക്കുള്ളിലാണ് ജീവിതം.വായനയാണീ വിരസതയെ അകറ്റുന്നത്.അതെൻ്റെ ചെറുപ്പം തൊട്ടെയുള്ളതാണ്.അതിൽ എല്ലാ തരം പുസ്തകങ്ങളുമുണ്ടായിരുന്നു.പക്ഷപാതമില്ലാത്ത പരന്ന വായന. എൻ്റെ കാഴ്ചപ്പാടുകളെ രുപീകരിക്കുന്നതിൽ ഈ വായനക്ക് നല്ല പങ്കുണ്ട്.പത്രവായന ഒരനുഷ്ടാനം പോലെയാണ്.ആദ്യ പേജ് പോലെ തന്നെ അല്ലെങ്കിൽ അതിലേറെ പ്രാധാന്യത്തോടെ ചരമക്കോളവും നോക്കും. മുമ്പേയുള്ള ശീലം.ജീവിതത്തിൽ ചേർന്ന് നിന്ന പലരുടെയും വിയോഗ വാർത്തയറിഞ്ഞത് അങ്ങനെയാണ്.പത്രം മടക്കി വെച്ച് വേറെ ഒന്നും ആലോചിക്കാതെ  ഡ്രസ്സ് മാറി ഈ പടിയിറങ്ങും.നേരെ മെയിൻ റോഡിലെത്തി മഞ്ചേരി- പരപ്പനങ്ങാടി ബസ് കാത്തു നിൽക്കും.പ്രിയപ്പെട്ടവരുടെ മരണവാർത്തക്ക് പിറകെയുള്ള ഓരോ യാത്രയും പോയ കാലത്തിൻ്റെ ഓർമകളിലേക്ക് കൂടിയാണ്.ചില വേർപാടുകളെല്ലാം ഇന്നും മാറാത്ത മുറിവുകളായി ഉള്ളിലുണ്ട്.കാരണമൊന്നുമില്ലാതെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ച എത്രയോ മനുഷ്യൻമാർ.അത്തരം ആത്മബന്ധങ്ങളുടെ ചില്ലകളിലാണ് കാലങ്ങൾക്കിപ്പുറത്തും സ്നേഹം പൂക്കുന്നത്.

എം സി അബ്ദു റഹ്മാൻ മുസ്ല്യാരുടെ സംസാരം അവസാനിക്കുന്നു...


ഇടതടവില്ലാതെ വന്ന ഓർമ്മകൾ കൊണ്ട് ഉസ്താദ് സംസാരിച്ച് കൊണ്ടേയിരുന്നു..പ്രാദേശിക ചരിത്രങ്ങൾക്ക് പുറമെ മതം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങി സർവ്വ മേഖലകളും വിഷയമായി വന്നു.എല്ലാ കാര്യങ്ങളിലും കൃത്യമായ ഒരവബോധം ഉസ്താദിനുണ്ട്.കുടുംബ വിശേഷങ്ങൾക്കൊപ്പം തൻ്റെ പൂർവ്വികൻമാരെ കുറിച്ച് അദ്ദേഹത്തിന് ഏറെ പറയാനുണ്ടായിരുന്നു.പെരുമ ഏറെയുള്ള പൈതൃകങ്ങളുടെ താവഴികൾ,ടിപ്പുവിൻ്റെ പടയോട്ടം മുതലുള്ള ചരിത്ര പാoങ്ങൾ, മലബാർ കലാപത്തിലെ  ഏറനാടൻ പോരാട്ട വീറ് തുടങ്ങി മതവും രാഷ്ട്രീയവും സാമൂഹിക ജീവിതവും കാർഷിക സംസ്കൃതിയുമെല്ലാം അദ്ദേഹത്തിൻ്റെ വാക്കുകളിലലിഞ്ഞു..ആ കോലായയിൽ അടുക്കി വെച്ച പുസ്തകങ്ങളും, ആനുകാലികങ്ങളുമെല്ലാം ഈ ജീവിത സായാഹ്നത്തിലും ഉസ്താദ് മുറ തെറ്റാതെ  നിലനിർത്തുന്ന വായനയുടെ  നേർ കാഴ്ച തന്നു.എൺപതിൻ്റെ പടി കടന്നിട്ടും സ്വന്തം  ജീവിതം പറയാൻ മാത്രമല്ല നാടിൻ്റെ ഇന്നലെകളെ മിഴിവോടെ ഉള്ളിൽ സൂക്ഷിക്കാനും ഇദ്ദേഹത്തിന് സാധിക്കുന്നു.നമ്മളെങ്ങനെ നമ്മളായെന്ന് അറിയുന്നൊരാൾ.നാട് അധികമൊന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലത്തെ കർമ്മയോഗി..ജീവിതപ്പാച്ചിലിനിടയിൽ ഓർമ്മകൾ കൂടുകൂട്ടിയ ഈ കോലായയിൽ കുറച്ച് നേരം വന്നിരിക്കാൻ കഴിഞ്ഞതിൻ്റെ നിർവൃതിയിൽ ഉള്ള് കുളിർത്തു.അകത്തെ ലൈറ്റ് തെളിഞ്ഞപ്പോഴാണ് പുറത്ത് പരന്ന ഇരുട്ടിനെ ശ്രദ്ധിക്കുന്നത്.സമയം പോയതേയറിഞ്ഞില്ല.ഞങ്ങൾ എണീറ്റപ്പോൾ  വാക്കുകളുടെ കൊളുത്തഴിഞ്ഞു.യാത്ര പറഞ്ഞ് ഉസ്താദിൻ്റെ കൈ പിടിച്ചു.പ്രായത്തിൻ്റെ അവശതയിലും ആ മുഖത്തെ തെളിച്ചം ശ്രദ്ധിച്ചു.വിശ്രമ ജീവിതങ്ങളുടെ സന്തോഷം പടി കയറി വരുന്ന ഇത്തരം സ്നേഹ ബന്ധങ്ങളാണ്. പിന്നിട്ട ജീവിതത്തിൻ്റെ ഓർമ്മകളിലും ഊഷ്മളമായ ബന്ധങ്ങളിലും ചേർന്നിരിക്കുമ്പോൾ ഇവർക്ക് കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല.പുറത്തിറങ്ങിയ ഞങ്ങളെ യാത്രയയക്കാൻ ഉസ്താദും പടിയിറങ്ങി..ഇരുട്ട് പൊതിഞ്ഞ് തുടങ്ങിയ ആ നാട്ടുപാതയിലൂടെ വാഹനം മുന്നോട്ട് നീങ്ങി..ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി.സൗകര്യങ്ങളധികമില്ലാത്ത ആ വീട് ഒരു സൂഫി പർണ്ണശാല പോലെ തോന്നിച്ചു.ഉസ്താദ് നിന്ന നിൽപ്പിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്..ആരോഗ്യം അനുവദിച്ച കാലമത്രയും നാടിൻ്റെ സന്തോഷങ്ങളിലേക്കും സന്താപങ്ങളിലേക്കും എത്തിപ്പെട്ടൊരാൾ. ഇത്രയുംഓർമ്മകളിലൂടെ സഞ്ചരിച്ചൊരു ദേശത്തേക്ക് അവിടത്തെ നല്ല മനുഷ്യരിലേക്ക് എത്തിപ്പെടാൻ കഴിയാത്തതിൻ്റെ വേദനയാവും ഇപ്പോഴും ആ ഗുരുവര്യൻ്റെ മനസ്സിലെന്ന് തോന്നി..ഓർമ്മകളുടെ കടലിരമ്പം ഒഴിഞ്ഞപ്പോൾ വഴി വക്കിലെ പള്ളിയിൽ ന്ന് മഗ് രിബിൻ്റെ ബാങ്കൊലി കേട്ടു.വരിവരിയായി കാക്കകൾ കൂടണയുന്ന  ആകാശ കാഴ്ചയിൽ കണ്ണുടക്കി. വഴിയോരത്ത് പണി മാറ്റിപ്പോവുന്ന നാട്ടുകാരുടെ വീടണയാനുള്ള ധൃതിയുണ്ട്.ഒരു ദിവസം കൂടി പോയി മറയുകയാണ്.സ്വന്തം ദേശത്തിൻ്റെ ഓർമ്മകളെ തലമുറകൾക്കിടയിൽ വിളക്കി വെക്കാൻ കഴിഞ്ഞ ജീവിതത്തിലെ ധന്യമായൊരു ദിവസം.ഈ പകലിൻ്റെ ധന്യത നന്നായി അനുഭവിച്ചിരിക്കുന്നു.ഇരുട്ട് കയറിയ ആ വഴിയിൽ അന്നേരം അലിഫിൻ്റെ നേർ വര പോലെ ഒരു വെളിച്ചം കണ്ടു.നാട്ടിലേക്കുള്ള വഴിയിൽ നാടുണർന്ന ഓർമ്മകൾ തെളിഞ്ഞു തന്നെ നിന്നു.

✍🏻 സത്താർ കുറ്റൂർ  
----------------------------------------------------------------------------------------------------------

MCഅബ്ദുറഹ് മാൻ മുസ്ലിയാർ - ഒരു നാടിനൊപ്പം ജീവിച്ച പുണ്യപുരുഷൻ

ഒരു പത്തറുപത് കൊല്ലം മുമ്പ് നമ്മുടെ കുറ്റൂരങ്ങാടിയിൽ മഞ്ചേരി പയ്യനാട് നിന്ന് ഒരു ഉസ്താദ് വന്നു. മുനിഞ്ഞ് കത്തുന്ന പാനീസ് ഉമ്മറത്ത് തൂങ്ങുന്ന ഒറ്റമുറി പള്ളിയിൽ ബാങ്ക് വിളിച്ചും ഇമാമത്ത് നിന്നും ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിൽ പഠിപ്പിച്ചും സേവനം തുടങ്ങി. ചോറിന് കലത്തിൽ അരിയിടുമ്പോൾ ഉമ്മമാർ മാറ്റിവെക്കുന്ന ഒരു പിടി അരി മാസം കഴിയുമ്പോൾ ശേഖരിക്കുന്നതാണ് മാസശമ്പളം. ആരോടും പരിഭവവും പരാതിയുമില്ലാതെ നാടിൻ്റെ പട്ടിണിക്കും പരിവട്ടത്തിനുമൊപ്പം മുസ്ലിയാർ സംതൃപ്തിയോടെ കഴിഞ്ഞു പോന്നു. ഇന്ന് നമ്മുടെ നാട്ടിലെയും ചുറ്റുവട്ടത്തെയും ഒരു 50 മുതൽ 70 വയസ്സ് വരെയുള്ള എല്ലാ ആണുങ്ങളും പെണ്ണുങ്ങളും MC യിൽ നിന്നും ഇൽമ് പഠിച്ച് ഇറങ്ങിയവരാണ്.
         ഓർമ്മ വെച്ച നാൾ മുതൽ എനിക്കദ്ദേഹത്തെ നേരിട്ടറിയാം. മസ്ജിദിൻ്റെ തൊട്ട് പിറകിലെ വീടായതിനാൽ അദ്ദേഹത്തിൻ്റെ ഓരോ ചലനങ്ങളും ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ജീവിതത്തിൽ ഒരു പാട് മുഅല്ലിംകളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ അനുഭവം വെച്ച് പറയട്ടെ കിട്ടുന്ന ഭക്ഷണത്തിനോ വാങ്ങുന്ന ശമ്പളത്തിനോ അനുവദിച്ച് കിട്ടിയ ജീവിത സൗകര്യത്തിനോ ഒരു പരാതിയും പറയാതെ ആരെയും മുഷിപ്പിക്കാതെ മാതൃകാ ജീവിതം നയിച്ച പുണ്യ വ്യക്തിത്വമായിരുന്നു എൻ്റെ ഉസ്താദ് മർഹൂം MC.പഴയ കാലത്ത് കമ്മറ്റിയുടെ കണിശതയില്ലായ്മ കൊണ്ട് മദ്രസയിലെ മാസവരി പിരിക്കലും മുഅല്ലിംകളെ നിയമിക്കലും ശമ്പളം കൊടുക്കലും എല്ലാം ആ സാധു മനുഷ്യൻ്റെ തലയിൽ കെട്ടിവെച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പ്രാരാബ്ധം നിറഞ്ഞതായിരുന്നു ഉസ്താദിൻ്റെ കുടുംബ ജീവിതം. പെൺമക്കളെ വിവാഹം ചെയ്തയച്ചു. മൂത്ത മകൻ മുഹമ്മദലിയുടെ വിദ്യാഭ്യസം നമ്മുടെ നാട്ടിലായിരുന്നു. ഇരുപത്തിരണ്ട് വർഷത്തോളം നമ്മുടെ തലമുറകളെ അറിവിൻ നിലാവിൽ വഴി നടത്തിയ സന്തോഷത്തോടെയാണ് അദ്ദേഹം നമ്മുടെ നാടിനോട് യാത്ര പറഞ്ഞത്. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഇടക്കിടെ കല്യാണങ്ങൾക്കും മരണവീടുകളിലും മറ്റുമായി അദ്ദേഹം ഇവിടം വന്നു പോയിരുന്നു. അയൽവാസിയായത് കൊണ്ടാവാം എനിക്കൊരാത്മബന്ധം ഉണ്ടായിരുന്നു MCയുമlയി. ഇടക്കൊക്കെ ഞാൻ പോയി കാണുമായിരുന്നു. രണ്ട് മൂന്ന് വർഷം മുമ്പ് പോയപ്പോൾ നല്ല ആരോഗ്യമായിരുന്നു. പഴയ കാലത്തേ പത്രം വായനയും നല്ല ലോക വിവരവുമായിരുന്നു. അന്നും ഒരു പാട് കാര്യങ്ങൾ സംസാരിച്ചു. സൗദിയിലെ ഫൈസൽ രാജാവിൻ്റെ വധവും സുൽഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റിയ സ്വഭവവും വിവരിച്ചത് കേട്ടപ്പോൾ തൊണ്ണൂറാം വയസ്സിലെ ആ ഓർമ്മശക്തിയെ നമിച്ചു പോയി.
അവസാനമായി മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ പോയി കണ്ടു. തൊണ്ണൂറ്റി രണ്ട് വയസ്സായി എന്ന് പറഞ്ഞു. കിടന്നു കൊണ്ട് പഴയ കാല ഓർമ്മകളിലേക്ക് കുറച്ചൊന്ന് ഊളിയിട്ടു. ദുആ വസ്വിയ്യത്തോടെ തിരികെ പോരുമ്പോൾ കരുതിയില്ല ഇത് അവസാന കാഴ്ചയാകുമെന്ന്.
അല്ലാഹു സുബ്ഹാനഹു വ തആലാ ആ ഗുരുവര്യൻ്റെ സേവനങ്ങൾ ഖബ്റിലെ വെളിച്ചമാക്കട്ടെ എന്ന പ്രാർത്ഥനയോടെആമീൻ
✍🏻 മുഹമ്മദ് കുട്ടി അരീക്കൻ
----------------------------------------------------------------------------------------------------------

ക്ഷമകളുടെ ഉസ്താദ്

എന്റേയും ഉസ്താദാണ് അബ്ദുറഹിമാൻ മുസ്ലിയാർ   രണ്ട് മൂന്ന് ക്ലാസുകളിലെ ഓർമ്മകൾ മാത്രം.ഹുജ്ജത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം നാട്ടിൽ ആര് മരിച്ചാലും പത്രത്തിൽ കണ്ടാൽ ഇവിടെ എത്തും, ക്ഷണിച്ച പരിപാടികൾക്ക് കൃത്യമായി വന്നെത്തും ഇത്തരം സന്ദർശനങ്ങളിൽ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. വിശ്രമത്തിലായപ്പോൾ അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിച്ചപ്പോഴാണ് വിശാലമായി സംസാരിക്കുന്നത്. ചെറുപ്പ കാലത്ത്  തന്നെ MC യെക്കുറിച്ച്  കാരണവൻമാരിൽ നിന്ന് ധാരാളം കേട്ടിട്ടുണ്ടായിരിന്നു.ദാരിദൃ ത്തിന്റേയും,പട്ടിണിയുടേയും കാല ഘട്ടത്തിൽ കുറ്റൂർ പ്രദേശത്തെ പള്ളിയും,മദ്രസ്സയും  തൂക്കരിയും,ചില്ലറ തുട്ട് വരി സംഖ്യയും പിരിപ്പിക്കുകയും വഖഫ് ഭൂമിയായിരുന്നു പണിക്കർതൊടുവിലും മറ്റും കൃഷി ചെയ്യിപ്പിച്ച് വരുമാനമുണ്ടാക്കിയും നില നിർത്തി പോന്നു. അന്നത്തെ കാലം അതൊക്കെ വലിയ ത്യാഗം തന്നെയായിരിന്നു.വരുമാനങ്ങൾ ചെലവിനും ശമ്പളത്തിനും മതിയാവില്ല. തനിക്ക് ശമ്പളം തികയാതെ വന്നാലും പട്ടിണിയായാലും പരിഭവമോ പരാതിയോ പറയില്ല.തന്റെ സ്വതസിദ്ധമായചിരി മാത്രമേ പ്രയാസപ്പെടുന്ന സമയത്തും അദ്ദേഹത്തിൽനിന്ന് ഉണ്ടൊവുകയുള്ളൂ.ചെലവ് ഏറ്റവർ മറക്കും ചില ദിവസങ്ങളിൽ ആരും ഏറ്റിട്ടുണ്ടാവില്ല.പട്ടിണി കിടന്നാലും മറന്നവരോടോ,ചിലവ് ഏൽക്കാത്തവരോടോ,നാട്ടുകാരോടോ പരാതിയില്ല.കുട്ട്യാലി കാക്കാന്റെ [എന്റെ മൂത്താപ്പ] കടയിൽ നിന്ന് അവിൽ വാങ്ങി കഴിച്ച് മൗനം പാലിക്കും.സുബഹി കഴിഞ്ഞ ഉടനെ ചായക്ക് കടിയും വേണമെന്ന് ആവിശ്യപ്പെടുമ്പോഴാണ് രാത്രി പട്ടിണിയാണെന്ന് കടയിൽ ഉള്ളവർക്ക് മനസ്സിലാകുക പള്ളിയിലെ ഇടുങ്ങിയ മുറിയിലെ താമസം    പ്രാഥമിക കർമ്മം നിർവ്വഹിക്കാൻ പള്ളിയിൽ സംവിതാനമില്ലായിരിന്നു.സുബഹിക്ക് മുമ്പേ റോഡിന്റെ  മറുവശത്തെ ആളൊഴിഞ്ഞ പൊടിയേരി പറമ്പിലേക്ക് പോയി കാര്യം സാധിച്ച് പോരണം. അന്നത്തെ പരിതാപകരമായ അവസ്ഥകളായിരുന്നു ഇതൊക്കെയും.അദ്ദേഹം പോവുന്നത് വരേ ഈ സ്ഥിതിയായിരുന്നു.സന്തോഷത്തിലും,ദുഃഖത്തിലും  ഭാവ വിത്യാസമില്ലാതെ അബ്ദുറഹിമാൻ മുസ്ലിയാരുടെ പതിഞ്ഞ സ്വരത്തിലുള്ള ചിരി അദ്ദേഹത്തിന്റെ മാത്രം പ്രതേഗതയായിരിന്നു.എല്ലാവരും ഉദാഹരണം പറയാൻ ഉപയോഗിക്കുന്ന ഈ ഫെയ്മസായ ചിരിയാണ്.കൊടുവായൂർ ഫസലിയ്യ പള്ളിയിലേക്കായിരുന്നു ആദ്യ വരവ് പിന്നീട് 60 പതുകളിൽ കുറ്റൂരിലേക്ക്‌.രണ്ട് പതിറ്റാണ്ടിന് ശേഷം സ്വയം വിരമിച്ച് പോകുകയായിരിന്നു. പിന്നീട് ചേറൂർ യത്തിംഖാനയിൽ കുറച്ച് കാലമുണ്ടായിരിന്നു.നീണ്ട കാലം ഒരു നാട്ടിൽ നിൽക്കുക  കുടുമ്പ,സാമ്പത്തിക വലിപ്പ ചെറുപ്പമില്ലാതെ പെരുമാറ്റം.ആരോടും എറ്റുമുട്ടലില്ലാതെയുള്ള ജീവിതം.മറ്റുള്ളവർ തമ്മിൽ പ്രശനങ്ങളുണ്ടാകുമ്പോൾ കക്ഷിചേരാതെ പരിഹരിക്കാൻ ശ്രമിക്കുന്നതയാണ് കാണാറ് .കുറ്റൂരിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് ജനങ്ങൾ ഒഴുകി എത്തിയ പ്രഭാഷണപരമ്പരയായിരിന്നു വൈലിത്തറമുഹമ്മദ്കുഞ്ഞി മൗലവിയുടേത്.നല്ല ഭാഷയിൽ വഅള് കേൾക്കുന്നത് ആദ്യമായതിനാലാവണം ഇത്രയും ജന സാന്നിധ്യമുണ്ടായത്.എടത്തോള മുഹമ്മദാജിയെ കൊണ്ട് നേത്യത്വവും..സൗകര്യങ്ങളും ചെയ്ത്കൊടുപ്പിക്കാൻ അദ്ദേഹം മുന്നിലുണ്ടായിരിന്നു.അത് പോലെ സൈത് മുഹമ്മദ് നിസാമിയുടെ പ്രഭാഷണ പരമ്പരയും കുറ്റൂരിൽ നിന്നാണ്.തന്റെ പ്രഭാഷണ കലയുടെ തുടക്കം പണ്ഡിതനായിരുന്ന നിസാമി തുടങ്ങുന്നത് ഇവിടെനിന്നാണ്.ഇതിന്റെ പ്രവർത്തനങ്ങളിൽ മുസ്ലിയാർ സജീവമായിരിന്നു.എനിക്കൊരു 12 വയസ്സുള്ളപ്പോഴാണ്  അസർ നമസ്കാരത്തിന് പള്ളിയിൽ വന്നപ്പോൾ തൊട്ടടുത്ത LP സ്കൂളിലേക്ക്  ആരോ ഓടിപോവുന്നത് കണ്ട്  എന്നോട് അവിടെ എന്താണെന്ന് നോക്കിയിട്ട് പെട്ടന്ന് വരാൻ പറഞ്ഞു ഞാൻ പോയി നോക്കിയപ്പോൾ സാധാരണ അവിടെ വന്ന് ഇരിക്കാറുള്ള  കാത്തീരപറമ്പൻ അയമുദു കാക്ക [കോഴിക്കോട് കച്ചവടക്കാരനായിരുന്ന]മരിച്ച് കിടക്കുന്ന രംഗമാണ് കാണുന്നത്.ഉടൻ ആ വിവരം അദ്ദേഹത്തോട് പോയി പറഞ്ഞു എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു.നാല് വർഷം മുമ്പ്  മുഹമ്മദ് കുട്ടി കാക്കയും സത്താറുമൊന്നിച്ച്  അദ്ദേഹത്തെ പോയി കണ്ടു തൊണ്ണൂ ആയിട്ടുണ്ടെങ്കിലും ഓർമ്മ ശക്തിക്കും സംസാരത്തിനും  മൂപ്പരുടെ ചിരിക്കും ഒരു മങ്ങലേറ്റിട്ടില്ലായിരിന്നു.പിന്നീട്  ഒന്നര വർഷം മുമ്പ് ഞാനും സത്താറും മാലിക്ക് മക്ബൂലും കൂടി അദ്ദേഹത്തെ പോയി കണ്ടിരിന്നു.ഒരുപാട് നേരം സംസാരിച്ചു അപ്പോഴൊക്കെ  പരന്ന വായനയിലൂടെ കിട്ടിയ അറിവുകൾ  ഉള്ളിൽ മായാതെ കിടക്കുന്നുണ്ടെന്ന് മനസ്സിലായി.ഉസ്മാനിയ ഖിലാഫത്ത് മുതൽ പയ്യനാട്ടെ പുരാതന ചരിതം വരേയും പ്രാദേശിക രാഷ്ട്രീയം മുതൽ കുറ്റൂരിലെ പഴയ അനുഭവങ്ങൾ വരേയും എല്ലാം പറഞ്ഞ് കോണ്ടേയിരിന്നു.വിശദമായി സത്താർ പറയും .സമസ്തയുടെ പ്രവർത്തനങ്ങളിൽ തൽപരരായിരുന്ന അദ്ദേഹത്തിന് പഴയ കാല പണ്ഡിതരെ കുറിച്ച് നല്ല അറിവുണ്ടായിരിന്നു.എല്ലാ ബുക്കുകളും ആനുകാലികങ്ങളും അദ്ദേഹം വായിക്കുമായിരുന്നു.പ്രബോധനം വായിക്കുന്നത് കണ്ടത് ഉൾകൊള്ളാൻ കഴിയാത്ത ഒരാൾ  പഴയ കാലത്ത് പ്രശനമാക്കിയത് കേട്ടിട്ടുണ്ട് 
മുസ്ലിയാരകത്ത് കുടുബമായിരുന്നു അദ്ദേഹത്തിന്റേത്.ഉമ്മയുടെ വല്യാപ്പയായിരുന്നു പയ്യനാട് ഖാൻ ബഹദൂർ ഹസ്സൻ കുട്ടി കുരിക്കൾ.തന്റെ നാടായ മഞ്ചേരി പയ്യനാട്  ചോലക്കൽ എന്ന ഗ്രാമത്തിലെ ജുമുഅ തുടങ്ങിയത് അബ്ദുറഹിമാൻ മുസ്ലിയാരായിരുന്നു ശ്രമഫലമായിരുന്നു.ഇവിടെത്തെ ഖാളിയും ഖതീബും അദ്ദേഹം തന്നെയായിരിന്നു.
നാട്ടിലെ ഒരു തലമുറയോട് ഹൃദയപൂർവ്വം ചേർന്ന് നിന്ന ഉസ്താദിന് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - آمين
✍🏻 അബ്ദുൽ ലത്തീഫ് അരീക്കൻ
----------------------------------------------------------------------------------------------------------

ഒരു കൂടി കാഴ്ചയുടെ ഓർമ്മ, പോയ കാലത്തിൻ്റെയും


M, C, അബ്ദുറഹിമാൻ മുസ്ലിയാർ പഴയ കണ്ണാട്ട് ചിനയുടെ ഗുരു,MC എന്ന ഗുരുനാഥൻPK എന്ന രണ്ടക്ഷരത്തിലാണ് ഈ യുള്ളവനെ വിളിച്ചിരുന്നത്, ഇഹലോകവാസം വെടിയുന്നതിൻ്റെ ഏതാനും ആഴ്ച മുമ്പ് ആ ഗുരുസന്നിധിയിൽ ചെന്നപ്പോൾ അത്യാവശ്യം നല്ല ഓർമ ശക്തിയൊക്കെതന്നെ ഉണ്ടായിരുന്നു,വീട്ടുകാർ പറഞ്ഞു ഇന്ന് നല്ല തെളിച്ചമുണ്ട്, എനിക്കും തോന്നി,മാസങ്ങൾക്ക് മുമ്പ് പോയപ്പോൾ ഉള്ളതിനെക്കാളും ഓർമ ശക്തിയൊക്കെ ഉണ്ടെന്ന്,പി - കെ, എന്ന് പറഞ്ഞപ്പോൾ തന്നെ വേഗം മനസ്സിലായി,പഴയ 1972, ന് ശേഷമുള്ള കാലഘട്ടമെന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ നമ്മുടെ പ്രദേശത്തെ തലമുറക്കൊന്നും ഓർക്കാൻ തന്നെ കഴിയാത്ത അത്ര ദാരിദ്ര്യം നിറഞ്ഞ കാലഘട്ടമാണ്,  അന്നത്തെതിൽ നിന്നും ഇന്നത്തെ ഈ പരിണാമമൊന്നും ആ കാലവുമായി ഓർത്ത് നോക്കാൻ പോലും സാധ്യമല്ല,ഓരൊ ജനസമൂഹത്തിൻ്റെയും ഉത്ഥാന പഥനങ്ങളൊന്നും നാം  വിചാരിക്കുന്ന പോലെയല്ല മാറിമറിയുന്നത്,അരനൂറ്റാണ്ട് കൊണ്ട് നമ്മുടെ നാടിനുണ്ടായ വ്യതിയാനം അത്രക്കാണ്, ലക്ഷക്കണക്കിന് ജനം പെരുകിയിട്ടുംസുഭിക്ഷതയിലേക്കാണ് നമ്മുടെ ചുറ്റുപാടും നമ്മളും നീങ്ങിയത്,നിങ്ങൾക്ക് റിസ്ഖ് തരുന്നത് നാമാണ് എന്ന് റബ്ബ്പറഞ്ഞത് ഈ സംഭവിച്ചഅന്തരത്തിലേക്ക് മാത്രം വെച്ച് നോക്കിയാൽ മതി ,അന്ന് 15-20, രൂപയാണ് ഒരു കൂലി പണിക്കാരൻ്റെ കൂലി,നാട്ടിൽ കൂടുതലും ഈ വിഭാഗത്തിൽ പെട്ടവർ,ചക്കയും, ചക്കക്കുരുവും, കപ്പയും കപ്പത്തൊലിയും, നാടൻ മാങ്ങ മുറിച്ച് മുളക് തേച്ചും ഇതൊക്കെ തന്നെ ഒരു നേരത്തെ വിശപ്പടക്കാൻ കിട്ടാത്ത കാലം,തേങ്ങ മുറിച്ച് ഒരു തേങ്ങാമുറി 10 ൽ അധികം കഷ്ണങ്ങളാക്കി വെക്കും, ഒരു പീസ്, 5 പൈസ, 10, പൈസ ഇങ്ങിനെയാണ് തേങ്ങ ഇടാനില്ലാത്ത സാധാരണക്കാരൻ തേങ്ങ വാങ്ങിയിരുന്നത്, അരീക്കൻ കുട്ടാ ലി കാക്ക ഇതൊക്കെ ഉച്ചക്ക് ശേഷം റെഡിയാക്കി വെക്കും, 5, പൈസയുടെ ചായപ്പൊടി പൊതിഞ്ഞ് വെക്കും, ശർക്കര തന്നെ ആളുകൾ വാങ്ങൽ അപൂർവമാണ്,സ്കൂൾ പഠനകാലത്ത് ഇടവേള ജോലി തുടങ്ങിയത് ഇതായിരുന്നു, 25 പൈസ കിട്ടും, അന്നത്തെ പത്ത് പൈസ നാണയം 5 ഗ്രാമാണ്, അത് അഞ്ചെണ്ണം കൂട്ടി കെട്ടിയാണ് ഈ ചായപ്പൊടി തൂക്കൽ,ഇതൊക്കെ ഇന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറ അൽഭുതത്തോടെയാവും കേൾക്കുക,77 ന് ശേഷമാണ് മാറ്റമുണ്ടായത്, അന്നത്തെ ഗൾഫ് കുടിയേറ്റക്കാരിൽ മഹാഭൂരിപക്ഷ വും ഇന്നില്ല, ഉള്ളവർ ശയ്യാവലംബികൾ ആയി തീർന്നിട്ടുണ്ട്, -
ചക്ക വെച്ചതും ഒരു പ്രത്യേക താളത്തിൽ മാത്രം കോരി അരിച്ച് പെറുക്കിയിൽ മാത്രം ഒരു അൽഭുത വസ്തുവിനെകിട്ടുന്ന മാതിരി ഏതാനും വറ്റുകൾ കിട്ടുന്ന കോലത്തിലുള്ള കഞ്ഞി,ഇതാണന്നത്തെ ഉച്ചഭക്ഷണം,ചോറ് രാത്രി മാത്രം ഇതാണന്നത്തെ നമ്മുടെ ഒട്ടുമിക്ക നാട്ടുകാരുടെയും ഭക്ഷണം, നമ്മുടെ ഒരു തലമുറ മാത്രം മുമ്പുള്ള നമ്മുടെ പൂർവികരിൽ മഹാഭൂരിപക്ഷവും ഇങ്ങിനെ ജീവിച്ച വരായിരുന്നു,രാത്രിയും എന്നുമൊന്നും ചോറില്ലാത്ത വീടാണ് മഹാ ഭൂരിപക്ഷവും,ഈയുള്ളവൻ ഈ ഗണത്തിൽ പെട്ടതായിരുന്നു,മാത്രമല്ല രാവിലെ ഒരു പാട് ദിവസങ്ങളിൽ വെറും വയറോടെ എം.സി, എന്ന ഗുരുനാഥൻ്റെ മദ്രസാ ക്ളാസിൽ എത്തുമ്പോൾ ഒരു ദിവസം തലകറങ്ങി വീണു,പിന്നെ എന്നും ആ സ്മര്യ പുരുഷൻ അന്വേഷിക്കാൻ തുടങ്ങി, ചായ കുടിക്കാത്ത ദിവസങ്ങളിൽ കുട്ട്യാലി കാക്കാൻ്റെ പീടികയിൽ നിന്ന് വരെ ചായ വാങ്ങി തന്ന് അത് കുടിച്ച് ,കഴിക്കാൻ അദ്ദേഹത്തിൻ്റെ പാത്രത്തിൽ എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടാവും ആ മനുഷ്യ സ്നേഹി,അദ്ദേഹം അന്നും ഇന്നും മരിക്കുന്നത് വരെയും നല്ല സാമ്പത്തിക സ്ഥിതിയിലൊന്നും ആയിരുന്നില്ല, അദേഹത്തിൻ്റെ വീട് കണ്ടവർക്കറിയാം അത് പോലെയുള്ള വീട് ഇന്ന്അപൂർ വമാണ് നമ്മുടെ നാട്ടിൽ,ഞാൻ അധികം താമസിയാതെ വിദ്യാഭ്യാസം നിർത്തി നാട് വിട്ടു,ഗൾഫിലേക്ക് കുടിയേറ്റം നടത്തിയതിന് ശേഷം അൽപം കഴിഞ്ഞതിന് ശേഷമാണ് ആ പഴയ കാലത്തെ ഓർത്ത' കൊണ്ട് കൂടി ആ ബന്ധം ഞാൻ പുനസ്ഥാപിച്ചത്,അങ്ങിനെ നാട്ടിൽ വന്നാൽ അദ്ദേഹത്തെ സന്ദർശിക്കുക പതിവാക്കിയതും, ആ ബന്ധം മരിക്കുന്നതിൻ്റെ മൂന്നാഴ്ച മുമ്പ് വരെ തുടർന്നു,റബ്ബ് ആ പ്രിയ ഗുരുവിൻ്റെ ഖബ്റിനെ സ്വർഗ പൂന്തോപ്പാക്കട്ടെ, നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ  - آمين
✍🏻 പി.കെ - അലി ഹസൻ
----------------------------------------------------------------------------------------------------------

എംസിയുടെ നിറപുഞ്ചിരി

MC ഉസ്താദ് എന്നെ പഠിപ്പിച്ചിട്ടില്ല. എങ്കിലും ഒരു  ഗുരുനാഥന്റെ സ്ഥാനത്താണ് ഞാൻ അദ്ദേഹത്തെ എന്നും കണ്ടിട്ടുള്ളത്. എന്റെ പിതാവിന്റെ സുഹൃത്ത് എന്ന നിലയിൽ വളരെ ചെറുപ്പം തൊട്ടേ അദ്ദേഹത്തോട് പരിചയവും സ്നേഹവും ഉണ്ടായിരുന്നു. ബാഗും കാൽകുടയുമായി കുറ്റൂരിലേക്കും തിരിച്ചും അദ്ദേഹം നടന്നു പോകുമ്പോൾ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ആ നറുപുഞ്ചിരിയും തൂവെള്ള വേഷ വേഷവിധാനവും ആണ് ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്.1970ന് മുമ്പ് കൂലിപ്പണിക്കാരന് ദിവസക്കൂലി മൂന്ന് രൂപയായിരുന്നതും 1970ൽ ഒരു കൂലിപ്പണിക്കാരനും പ്രൈമറി മാഷിനും ദിവസത്തിൽ ആറു രൂപയായിരുന്നതും മദ്രസ്സകളിൽ പൊതുവെ പ്രതിമാസ വരിസംഖ്യ അൻപത് പൈസയായിരുന്നതും മാസങ്ങളോളം ആ അൻപത് പൈസ വീതം കൊടുത്തു തീർക്കാൻ കഴിയാതെ രക്ഷിതാക്കൾ മനസ്സ് വിഷമിച്ചിരുന്നതും തൂക്കിൽ നുള്ളിയിട്ട അരിയും തേങ്ങാ പിരിവും ഒക്കെയായി കമ്മിറ്റിക്കർ ഉസ്താദുമാർക്ക് ശമ്പളം കൊടുക്കാൻ പാട് പെട്ടിരുന്നതും ഞാൻ ഓർക്കുന്നു. 1968ൽ മദ്രസാധ്യാപകൻ ആയിരുന്ന എന്റെ പിതാവിന്റെ മാസശമ്പളം അൻപത് രൂപയായിരുന്നു!  സമസ്തയുടെ അംഗീകാരം ഇല്ലാതെയും ഹുജ്ജത്തിനെ  മർഹൂം എംസി ഉസ്താദ് നയിച്ചത് ആ വിഷമം പിടിച്ച കാലഘട്ടത്തിലായിരുന്നു. അദ്ദേഹത്തെ സ്മരിച്ചവരൊക്കെ സൂചിപ്പിച്ച കഷ്ടപ്പാടുകളും  ആത്മാർത്ഥതയും നിസ്വാർത്ഥതയും വെച്ചു നോക്കുമ്പോൾ കുറ്റൂരിനെ അദ്ദേഹം അത്ര മേൽ സ്നേഹിച്ചതിന് പകരമായി മനസ്സറിഞ്ഞു അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചേ തീരൂ. അല്ലാഹു ഉസ്താദിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ - ആമീൻ
✍🏻 എ.യു കുഞ്ഞഹമ്മദ്
----------------------------------------------------------------------------------------------------------

MC ഒരു ദൂരക്കാഴ്ച

എം സി ഇ എന്നെ പഠിപ്പിച്ചിട്ടില്ല എങ്കിലും  അദ്ദേഹത്തെ കണ്ട നല്ല ഓർമ്മയുണ്ട്. ഒന്നാം ക്ലാസിൽ ആയിരുന്ന കാലത്ത്  അദ്ദേഹമായിരുന്നു മദ്രസയിലെ സ്വധർ മുഅല്ലിം , ആ വർഷം തന്നെയാണ് അദ്ദേഹം മദ്രസയിൽ നിന്ന് വിരമിച്ചു നമ്മുടെ നാടിനോട് വിട പറയുന്നതും.  തൂവെള്ള വസ്ത്രവും തോളിൽ ഒരു ഇളം നീല (?) ഷാളുo കക്ഷത്ത് ഒരു ബാഗുമായി അദ്ദേഹം കക്കാടംപ്പുറത്തേക്ക് പോകുന്നതും തിരിച്ചു നടന്നുവരുന്നതും ഒരുപാട് കണ്ടിട്ടുണ്ട്. അദ്ദേഹം എൻറെ അധ്യാപകൻ അല്ലെങ്കിലും അദ്ദേഹത്തിന് ശബ്ദം ഇന്നും ആൾക്കൂട്ടത്തിൽ തിരിച്ചറിയാവുന്ന വിധം  മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്. പരന്ന വായനയുടെ ഉടമയും ചിന്തകനുമായിരുന്നു അദ്ദേഹം എന്ന് അദ്ദേഹത്തിന് ശിഷ്യഗണങ്ങളും കാല ക്കാരും  പറഞ്ഞതായി ഓർക്കുന്നു.  ശാന്ത പ്രകൃതക്കാരനായിരുന്നു അദ്ദേഹം പുഞ്ചിരിയോടെ തൻറെ പരിചയം , സൗഹൃദം എവിടെവച്ച് കണ്ടാലും  പുതുക്കുന്നത് പലപ്പോഴും  സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, പലപ്പോഴും ദീർഘനേരം അദ്ദേഹം അവരോടൊക്കെ സംസാരിക്കാറുണ്ട്. തികഞ്ഞ ആദരവോടെ മാത്രമേ ശിഷ്യഗണങ്ങളും നാട്ടുകാരും അദ്ദേഹത്തെ നോക്കി കണ്ടിരുന്നുള്ളൂ, , അടിസ്ഥാന സൗകര്യങ്ങൾ പോലും തുലോം പരിമിതമായിരുന്ന ഒരു കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ മതവിദ്യാഭ്യാസത്തിന് അറിവുകൾ പകർന്നു നൽകിയ ആ മഹാ മനുഷ്യൻ നമ്മോട് വിടപറഞ്ഞു പോയി, അള്ളാഹു അദ്ദേഹത്തിൻറെ കബറിടം വിശാലമാക്കി കൊടുക്കട്ടെ അദ്ദേഹം പകർന്നു നൽകിയ ഇൽമ് .അദ്ദേഹത്തിന് ഉപകാരപ്പെടുമാറാകട്ടെ, വീട്ടിലും അവരെയും നമ്മെയും അള്ളാഹു വിജയിപ്പിക്കു മാറാകട്ടെ ആകട്ടെ - ആമീൻ
✍🏻 മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
----------------------------------------------------------------------------------------------------------

മറക്കാനാവാത്ത ഉസ്താദ്

എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കട്ടെ,എംസി യെ കുറിച്ച് പറയാൻ ഏറെയുണ്ട്.എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഉസ്താദാണ് അദ്ദേഹം.മിക്ക ദിവസവും 4, 5, 6 ക്ലാസ്സുകൾ  MC ആവും നോക്കുന്നത്. 6ൽ നിന്നും വടികൊണ്ട് ഒരു ഏറുണ്ട്.ഉന്നം വെച്ച ആളിൽ അത് വന്നു നിൽക്കും. ഖുർആൻ ഓതുമ്പോൾ നാവിൽ തൊട്ട് പേജുകൾ മറിക്കുമ്പോൾ തുപ്പുനീര് ഖുർആൻ്റെ പേജിലവരുത് എന്നും അതിനാൽ അത് മറിക്കേണ്ട രീതിയും പഠിപ്പിച്ചത് MC ആയിരുന്നു.ഇന്നും ഖുർആൻ മറിക്കുമ്പോൾ MC യെ ഓർത്തുപോകും.രണ്ട് വർഷം മുമ്പ് അദ്ദേഹത്തെ കാണാൻ പോയിരുന്നു.അന്ന് ഒരുപാട് നേരം സംസാരിച്ചു.മകൻ മുഹമ്മദലിയും ഞാനും നല്ല കൂട്ടുകാർ ആയിരുന്നു.ആ സമയത്താണ് എന്ന് തോന്നുന്നു. കുറ്റൂരിൽ കാളികാവ് മുഹമ്മദ് അലിയുടെ വരവ്. (കുട്ട്യാലി കാക്കയുടെ കടയിൽ) അള്ളാഹു ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. അവരെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കട്ടെ- ആമീൻ
✍🏻 ബഷീർ പി.പി 
----------------------------------------------------------------------------------------------------------







No comments:

Post a Comment