പളളിപ്പറമ്പ് @ അഷ്‌റഫ് കോയിസ്സൻ
അശ്റഫ് കോയിസ്സൻ: അസാധാരണ സിദ്ധിയുള്ള സാധാരണക്കാരൻ
വിശുദ്ധ റമളാൻ 12 ന് അത്താഴ സമയത്ത് അല്ലാഹുവിൻ്റെ സവിധത്തിലേക്ക് യാത്രയായ പ്രിയ സുഹൃത്ത് അശ്റഫിൻ്റെ വേർപാട് താങ്ങാനാകാത്ത ആഘാതമായിരുന്നു. കൂടെ നമുക്കൊരു മുന്നറിയിപ്പും. " ഒരുങ്ങിയിരുന്നോളൂ.. നിങ്ങൾക്കും വിളി എപ്പോഴും വരാം "ഒന്നര മാസം മുമ്പ് അരീക്കൻ ഫസൽ ഹാജിയുടെ വേർപാടും അഞ്ചാറു മാസം മുമ്പ് കാഞ്ഞിരപറമ്പൻ ഹസൻ്റെ വിയോഗവും അത് പോലെ മറ്റനേകം വിയോഗങ്ങളും നമുക്കുള്ള മുന്നറിയിപ്പ് തന്നെയായിരുന്നു.സുബ്ഹി നിസ്കാരം സലാം വീട്ടിയ നേരത്താണ് ഞെട്ടിക്കുന്ന ആ വാർത്ത കേട്ടത്. ഉടനെ വീട്ടിലോടിയെത്തിയ ഞങ്ങൾ കാണുന്നത് ഉറങ്ങുന്ന പോലെ നിശ്ചലനായി കിടക്കുന്ന സുഹൃത്ത് അശ്റഫിനെയാണ്. സങ്കടം സഹിക്കാതെ വിങ്ങിപ്പൊട്ടുകയായിരുന്നു അന്നേരം ഞങ്ങൾ. അശ്റഫ് അസാധാരണ വ്യക്തിത്വമുള്ള തനി സാധാരണക്കാരനായിരുന്നു. വളരെ ചെറുപ്പത്തിലെ കഠിനാധ്വാനിയും പൊതുസേവന തൽപരനുമായിരുന്നു. കളങ്കമില്ലാത്ത മനസ്സും തലക്കനമില്ലാത്ത നേതൃപാടവവും അവൻ്റെ മാത്രം പ്രത്യേകതയായിരുന്നു. ഏത് പ്രായക്കാരോടും പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം. പൊതുജന സേവനത്തിനായി സ്വന്തം പ്രാരാബ്ധങ്ങൾ മാറ്റി വെച്ച് അശ്‌റഫ് സമയം കണ്ടെത്തി. കുടുംബക്കാർക്കും നാട്ടുകാർക്കും വേണ്ടി ആശുപത്രിയിലും പഞ്ചായത്താഫീസിലും പോലീസ് സ്റ്റേഷനിലും അവനെ നാം കണ്ടു. അൽഹുദ സ്ഥാപനങ്ങളുടെ വളർച്ചയുടെ ഓരോ പടവിലും അശ്റഫിൻ്റെ വിയർപ്പുതുള്ളികൾ വീണു കിടക്കുന്നുണ്ട്. മദ്രസയിലെയും സ്കൂളിലെയും നിർമ്മാണ പ്രവർത്തനങ്ങൾക്കും അക്കാദമിക്ക് രംഗത്തും തുടക്കം മുതൽ ഒടുക്കം വരെ നിസ്വാർത്ഥമായി അധ്വാനിച്ചു. അധ്യാപകർക്ക് നിർദ്ദേശം നൽകുമ്പോഴും കമ്മറ്റി യോഗങ്ങളിൽ ആശയങ്ങൾ അവതരിപ്പിക്കുമ്പോഴും അശ്റഫിലെ നേതൃപാടവത്തെ ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. അൽഹുദക്ക് വേണ്ടി ഓടിനടന്ന് വിയർത്ത് പണിയെടുക്കുമ്പോഴും ചിലർ കമ്മറ്റി യോഗങ്ങളിൽ അവൻ ചെയ്ത നന്മ കാണാതെ വിമർശന ശരങ്ങൾ തൊടുത്തുവിടുമ്പോൾ അശ്റഫ് പുഞ്ചിരി തൂകി നിൽക്കുന്നത് കാണുമ്പോൾ വേദന തോന്നിയിട്ടുണ്ട്. അവൻ്റെ സേവനങ്ങൾക്ക് പകരമായി നാം ഒന്നും നൽകിയിട്ടില്ല എന്നതാണ് സത്യം . രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനങ്ങളിലെത്തിയപ്പോഴും അതെല്ലാം ജന സേവനത്തിനായി മാറ്റിവെക്കാനാണ് അവൻ സമയം കണ്ടെത്തിയത്. ജനാസ സംസ്കരണത്തിൽ അശ്റഫിൻ്റെ പങ്ക് തുല്യതയില്ലാത്തതായിരുന്നു. മരണ വീട്ടിൽ വന്ന് ജനാസ കുളിപ്പിക്കൽ മുതൽ ഖബറിൽ വെക്കുന്ന ജോലി വരെ വളരെ കൃത്യമായി നിർവഹിക്കാൻ ഏത് പാതിരാത്രിയിലും ഓടിയെത്തുന്ന അശ്റഫ് ഇനി നമ്മുടെ കൂടെയില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു. മയ്യത്ത് സംസ്കരണത്തിൽ ഒരു നാട് അവനോട് കടപ്പെട്ടിരിക്കുന്നു.കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഒരു സുഹൃത്ത് പങ്ക് വെച്ച അനുഭവം: നമ്മളൊക്കെ സുഖമായി വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുമ്പോൾ അശ്റഫ് നാട്ടുകാർക്ക് വേണ്ടി ഓടി നടക്കുകയായിരുന്നു. ഒരു സഹോദരിക്ക് ശ്വാസം മുട്ടിന് വലിക്കാനുള്ള ഇൻ ഹെയ്ലർ മരുന്ന് കിട്ടാതെ വിഷമിച്ചു അവർ അശ്റഫിന് വിവരമറിയിക്കുന്നു. തൽക്കാലം അവൻ്റെ കയ്യിലും പണമില്ല. അപ്പോഴാണ് സുഹൃത്ത് വിളിക്കുന്നത്. അവൻ കാര്യം പറഞ്ഞു. സുഹൃത്ത് സഹായിച്ചു. നിമിഷങ്ങൾക്കുള്ളിൽ അശ്റഫ് മരുന്നെത്തിച്ച് അവരെ രക്ഷപ്പെടുത്തി. ഇങ്ങനെയുള്ള നൂറ് കണക്കിന് അനുഭവങ്ങൾ പങ്ക് വെക്കാനുണ്ട് ആ പുണ്യജീവിതത്തിൽ. മരിക്കുന്നതിന് തലേ ദിവസം മസ്ജിദുനൂറിൽ ജുമുഅ നിസ്കരിച്ചു. CH സെൻററിനുള്ള കളക്ഷനിൽ സഹകരിച്ചു. എടക്കാപറമ്പ് ഖബർസ്ഥാനിൽ പോയി ഉമ്മയെയും ഉപ്പയെയും സിയാറത്ത് ചെയ്തു. പിറ്റേന്ന് അതേസമയമാകുന്നതിന് മുമ്പേ അവരുടെ ചാരത്തേക്ക് യാത്രയാവുകയും ചെയ്തു. നമുക്ക് വേണ്ടി, നാടിന് വേണ്ടി ഇത് വരെ പ്രയത്നിച്ച നമ്മുടെ സഹോദരൻ അശ്റഫിനെ ഇനി നാം സഹായിക്കണം. ഈ പുണ്യദിനങ്ങളിൽ അവന് വേണ്ടി ദുആ ചെയ്യണം. റസൂൽ(സ്വ) അരുളിയ ഒരു തിരുവചനത്തിൻ്റെ പൊരുൾ ഇങ്ങനെ: "നിങ്ങളിലൊരാൾ മരണപ്പെട്ടാൽ അവൻ വെള്ളത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്നവനെപ്പോലെയാണ്. എന്തെങ്കിലും രക്ഷാമാർഗമുണ്ടോ എന്ന് അവൻ തേടും. അവൻ്റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും പ്രാർത്ഥനയാണ് അവൻ്റെ രക്ഷ" സർവ്വ ശക്തനായ റബ്ബേ... ഞങ്ങളുടെ അശ്റഫിൻ്റെ സൽകർമ്മങ്ങൾ നീ ഖബൂൽ ചെയ്യണേ.. വീഴ്ചകൾ മാപ്പാക്കണേ.. അവൻ്റെ അനാഥ കുടുംബത്തിന് നീ സമാധാനം നാകണേ ... അവനെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ - ആമീൻ
----------------------------------------------------------------------------------------------------------
അഷ്റഫ് നിഷ്കളങ്കതയുടെ ആൾ രൂപം
അഷ്റഫിന്റെ മരണ വാർത്ത കേട്ടത് മുതൽ മനസ്സിലുണ്ടായ നീറ്റൽ ഇത് വരെ അകന്ന് പോയിട്ടില്ല.ചെറുപ്പം മുതലേ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.ഞാൻ വിദേശത്ത് എത്തിയാലും നിരന്തരം ബന്തപ്പെട്ട് കൊണ്ടിരിക്കുമായിരിന്നു.അഷ്റഫിനെ കുറിച്ച് എഴുതാൽ ഒരുപാട് ഓർമ്മകൾ ഉണ്ടെങ്കിലും മനസ്സിലെ അസ്വസ്ഥത എഴുതി മുഴുമിക്കാൻ കഴിയുന്നില്ല. ചെറിയ പ്രായത്തിൽ തന്നെ പൊതു രംഗത്തേക്ക് ഇറങ്ങിയ അഷ്റഫിന്റെ പ്രവർത്തന രീതി വേറിട്ടതായിരുന്നു. താൻ ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിലും,സ്ഥാപനത്തിലും സജീവമായി മുന്നിൽ നിന്ന് പ്രവർത്തിക്കുമ്പോൾ ആരേയും ഒന്നിനും കാത്ത് നിൽക്കുന്ന സ്വഭാവം അവനുണ്ടായിരുന്നില്ല. മറ്റുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ പോലും സ്വയം എറ്റെടുത്ത് ചെയ്ത് തീർക്കലാണ് പതിവ്. കുട്ടി പ്രായത്തിൽ ആലുങ്ങൽ പുറായയിൽ കുറ്റിപ്പുര വെച്ച് കളിക്കുമ്പോഴും അതിൽ പ്രസ്ഥാനത്തിന്റെ പേര് വെക്കാനുള്ള സംഘടനാ ബോധം കൊച്ച് നാളിൽ തന്നെ അവനുണ്ടായിരിന്നു. MSF ലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന അഷ്റഫ് msf പഞ്ചായത്ത് നേത്രത്വത്തിലും പിന്നീട് 17 വർഷത്തോളം വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്,സെക്രട്ടറി പദവികളിലും ഇരുന്ന് പ്രവർത്തിച്ചു. വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയായും വേങ്ങര സഹകരണ ബേങ്ക് പ്രസിഡന്റായും പ്രവർത്തിച്ച് വരികയായിരുന്നു. കലുഷിതമായ വേങ്ങര രാഷ്ട്രീയത്തിൽ തന്റേതായ ഒരിടം അഷ്റഫിന് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിരുന്നു. അൽ ഹുദായുടെ സെക്രട്ടറിയായി വളരെ ചെറുപ്പത്തിൽ തന്നെ നിയമതിനായി. ഊർജ്ജസ്വലതയോടെ ഏകാകിയായി സ്ഥാപനങ്ങൾ കൊണ്ട് നടത്താൻ അഷ്റഫിന് കഴിഞ്ഞിട്ടുണ്ട്. തൻ്റെ ഉപജീവന മാർഗ്ഗത്തിനായി ഫർണിച്ചർ കച്ചവടം തുടങ്ങി അതിനെ ഉയർത്തി കൊണ്ട് വരേണ്ട സമയം മുഴുവൻ ചെലവഴിച്ചത് ചാരിറ്റിക്കും,രാഷ്ട്രീയത്തി നും,ദീനീ പ്രവർത്തനത്തിനും വേണ്ടിയായിരുന്നു. നിരന്തരമായി മറ്റുള്ളവരുടെ കാര്യങ്ങൾക്കായ് ഓടിനടക്കുന്നു. ജാതി മത ഭേദമന്യേ സാധാരക്കാരുടേയും,ഒറ്റപ്പെട്ടവരുടേയും,രോഗികളുടേയും,വിധവകളുടേയും കാര്യങ്ങൾക്കായി വിശ്രമമില്ലാതെയുള്ള പരിശ്രമങ്ങൾ. പോലീസ് സ്റ്റേഷനിലേക്കും,കോടതിയിലേക്കും ഫയലുകളുമായി തന്റെ ഓട്ടോയിലോ,ബൈക്കിലോ സ്വന്തം പോക്കറ്റിൽ നിന്ന് എണ്ണയടിച്ച് ആവിശ്യക്കാരന്റെ കൈ പിടിച്ചെത്തുന്ന,പഞ്ചായത്ത് മെമ്പറല്ലാഞ്ഞിട്ടും പഞ്ചായത്ത് നിന്നും,കൃഷിഭവനിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കുന്ന,കുടിവെള്ള പ്രശനം പരിഹരിക്കുന്നതിനുള്ള ജലനിദിയുടെ കൈകാര്യങ്ങൾ ഏറ്റെടുക്കുന്ന,CH സെന്ററിൽ നിന്നും അലിവിൽ ചാരിറ്റിയിൽ നിന്നും സൗജന്യ ബൈപ്പാസ് ശസ്ത്രക്രിയ,ഡയാലിസിസ്,മരുന്നുകൾ,ആംബുലൻസ് സർവ്വീസ് തുടങ്ങി നാട്ടുക്കാർക്ക് എത്തിച്ച് കൊടുക്കുന്ന,മരണ വീടുകളിൽ വന്ന് മയ്യിത്ത് പരിപാലനം സ്വയം ഏറ്റെടുത്ത് മറമാടുന്നത് വരേ കൂടെ നിൽക്കുന്ന,ബൈത്തുറഹ്മയടക്കം വീടില്ലാത്തവർക്ക് വീട് വെക്കാൻ മുന്നിട്ടിറങ്ങുന്ന,കോവിഡ് കാലത്ത് കിറ്റുമായി വീട്ട് മുറ്റെത്തെത്തുന്ന ഇങ്ങിനെയൊക്കെയായിരുന്നു അഷ്റഫ്. ഇതിനിടയിൽ തൻ്റെ വാൾവിന്റെ സർജറിയും ആരോഗ്യ പ്രശനങ്ങളും, ജീവിത പ്രയാസങ്ങളും മറ്റുള്ളവരിൽ നിന്ന് മറച്ച് വെച്ച് സ്വയം ഉരുകി തീരുകയായിരിന്നു.ചെറിയ കാര്യങ്ങൾ ചെയ്താൽ ഫ്ളക്സും സോഷ്യൽ മീഡിയയിൽ പോസ്റ്ററുകളും നിറയുന്ന കാലത്ത് ഇതിലൊന്നും ഒട്ടും താൽപര്യമില്ലാതെ നിസ്വാർത്ഥനായി നടന്ന് നീങ്ങി. ഇതൊന്നുമില്ലാതെ ഈ കാലത്ത് ഹൈലൈറ്റ് ചെയ്യപ്പെടില്ല എന്ന് പറഞ്ഞു തന്നതൊന്നും അംഗീകരിക്കാൻ കൂട്ടാക്കിയതുമില്ല.2010ലെ ഇലക്ഷനിലും വാർഡ് ലീഗ് കമ്മറ്റി അന്ന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റായ അഷ്റഫിനെയായിരുന്നു തീരുമാനിച്ചത് അപ്രതീക്ഷിതമായി നടക്കാതെ പോയി. 2020 ൽ പാർട്ടി പ്രവർത്തകരുടെ ഇടയിൽ മറ്റൊരു പേര് ഉണ്ടായിരുന്നില്ല. അഷ്റഫ് സ്ഥനാത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു അവൻ്റെ നിഷ്കളങ്കതയും മറ്റുള്ളവരിലുള്ള അമിത വിശ്വാസവും സ്വയം വിനയായി തീരാറുണ്ട്. അതിന്റെ പേരിലുള്ള വിയോചിപ്പുകൾ തുറന്ന് പറഞ്ഞാലോ ദേശ്യപ്പെട്ടാലോ പരിഭവമായി കൊണ്ട് നടകാറില്ല. നിങ്ങൾ സ്ഥാപനത്തിന്റെ അല്ലെങ്കിൽ സംഘടയുടെ നൻമക്കല്ലേ എന്ന് പറഞ്ഞ് ഇങ്ങോട്ട് സാമാധാനിക്കും ഒന്നിച്ചുള്ള യാത്രകൾ വീട്ടിൽ രാവേറെ ഇരുന്നുള്ള ചർച്ചകൾ എല്ലാം മനസിൽ നിന്ന് മായാതെ കിടക്കുന്നു. ജിദ്ദയിലേക്ക് വന്നതിന് ശേഷം വാട്സാപ്പിൽ വന്നിരുന്ന വോയ്സുകൾ കേൾക്കുമ്പോൾ തന്നെ പ്രയാസമായിരിന്നു. വെള്ളിയാഴ്ച രോഗികളെ സഹായിക്കുന്ന CH സെന്ററിന്റെ ബകറ്റ് പിരിവിലും പങ്കെടുത്ത് സുഹൃത്തിന്റെ വീടിന്റെ നമ്പർ ശരിയാക്കിയ വിവരം ഗൾഫിലേക്ക് വിളിച്ച് പറഞ്ഞ് അവസാന നിമിഷം വരെ കർമ്മ നിരതനായി രാത്രി 11.30 വരേ കുട്ടികളെ കളിപ്പിച്ച് കുടുംമ്പവുമായി കഴിഞ്ഞ് എന്നെന്നേക്കുമായി ഉറങ്ങാൻ പോകുകയായിരിന്നു. ദിവസങ്ങൾക്ക് മുമ്പ് കബറ് ശരിയാക്കി വെച്ചത് മുന്നൊരുക്കം പോലെ
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
✍🏻 അബ്ദുൽ ലത്തീഫ് അരീക്കൻ
തുമ്പേതൊടുവിലേക്കുരുണ്ട കളിവണ്ടികൾ
കുഞ്ഞുനാളിൽ വീട്ടിലേക്കുള്ള പോക്കുവരവിനിഷ്ടം കൊക്കംപറമ്പായിരുന്നു. സ്കൂൾ വിട്ട് വരുമ്പോൾ കൂട്ടുകാരുടെ പറഞ്ഞു തീരാത്ത രസങ്ങൾക്കൊപ്പം മൂക്കമ്മലെട വഴിയിലേക്ക് തിരിയാതെ നേരെ കിഴക്കോട്ട് നടക്കും.. ഓവുപാലത്തിലെ നേരമ്പോക്കും കഴിഞ്ഞേ വീട്ടിലെത്തൂ. വളഞ്ഞ് മൂക്ക് പിടിച്ച് വരുന്ന എന്നെ നോക്കി വല്യുപ്പ പറയും. ഈ ചെറ്ക്കന് നേർവഴിക്ക് ങ്ങട്ട് പോന്നൂടേ.ഞാൻ തല താഴ്ത്തി മെല്ലെ അകത്തേക്ക് വലിയും.ഈ വഴിയോര കാഴ്ചയിലാണ് അശ്റഫിൻ്റെ ഉപ്പ കുഞ്ഞീൻ കുട്ട്യാക്ക മങ്ങിയ ഒരോർമ്മയായി വരുന്നത്. അയൽപക്കത്ത് നിന്ന് ആദ്യമായി കേട്ട വേർപാടുകളിലൊന്നും അദ്ദേഹത്തിൻ്റേതായിരുന്നു.ഒരു അയൽ വീട് യതീമായി പോവുന്നതിൻ്റെ നോവോർമ്മ.ഊഷ്മളമായിരുന്നു അന്നത്തെ അയൽപക്ക ബന്ധങ്ങൾ. നമുക്കിടയിൽ മതിലുകളില്ലാത്ത കാലം. പുല്ല് മുളക്കാതെ നീണ്ടു നിവർന്ന് കിടന്ന നട വരമ്പുകൾ. അയൽപക്കത്തെ പോക്കുവരവിൽ പതിഞ്ഞാണ് അവയുണ്ടായത്.നടവഴി കയ കടന്നെത്തുന്നത് മൂക്കമ്മലെടവഴിക്ക്.അവിടെ നിന്ന് നേരെ താഴോട്ട് നോക്കിയാൽ കാണുന്നതാണ് തുമ്പേതൊടു. കുളിരൊഴിയാത്ത പച്ചപ്പായിരുന്നു തുമ്പേ തൊടുവിന്.കുരുമുളകിൻ വള്ളികളും വെറ്റിലക്കൊടികളും തളിർത്ത് നിന്നൊരിടം. ആ ഓർമ്മകൾക്കൊപ്പം മായീൻ കുട്ട്യാക്കയും (അശ്റഫിൻ്റെ വല്യുപ്പ) ബാല്യത്തിൻ്റെ ഫ്രെയിമുകളിലൊന്നിൽ ഇന്നുമുണ്ട്. കൊക്കംപറമ്പിൽ നിന്ന് കളി വണ്ടി ഉരുട്ടി തുമ്പേ തൊടുവിലേക്കിറങ്ങുന്നതായാണ് അശ്റഫിനെ കണ്ട ഓർമ്മ. ആ കളി വണ്ടികൾ തന്നെയാണ് ഞാൻ അവനിൽ കണ്ട ആദ്യത്തെ കരവിരുതും. ഒരു യതീമിൻ്റെ നിസ്സഹായതയിൽ നിന്ന് അധികം വൈകാതെ ചുറ്റുവട്ടത്തെ കളി രസങ്ങളിലേക്ക് ആ കളിവണ്ടികൾ ഉരുണ്ടു. ഹവായ് ചെരുപ്പുകൾ കൊണ്ടുണ്ടാക്കിയ ചക്രങ്ങളും ഓല മടലിൽ ഘടിപ്പിച്ച കാഞ്ഞീര വള്ളിയുടെ സ്റ്റിയറിംഗും അതി മനോഹരമായി മോടിപിടിപ്പിച്ചിട്ടുണ്ടാവും. അവധി ദിവസങ്ങളിൽ അമ്പാൾ കുണ്ടിലെ കാഴ്ചകളിലേക്ക് അയൽപക്കം ആടുകളുമായിറങ്ങും. അതിൽ ഒരാളായും അശ്റഫുണ്ടായിരുന്നു. അവിടെയുള്ള പണിക്കത്തേരെ വീട്ടിൽ പ്രേതമുണ്ടെന്ന് കേട്ട് പേടിക്കുന്നതും കുറച്ച് അപ്പുറത്ത് തുരുതുരാ കായ്ച്ച് നിൽക്കുന്ന നെല്ലിമരച്ചോട്ടിലേക്ക് പായുന്നതും പൊട്ടൻ കിണറിനടുത്തെ ഈമ്പി മാങ്ങ കൈക്കലാക്കാൻ കലഹിക്കുന്നതുമൊക്കെ അന്നത്തെ ആടു ജീവിതത്തിൻ്റെ ഓർമ്മകളാണ്. വലിയൊരു ഉത്തരവാദിത്തത്തോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിൻ്റെ ചെറിയ തുറസ്സുകൾ അനുഭവിക്കാനാവുന്നു എന്നതാണ് ആടിൻ്റെ കയർ പിടിച്ച് കുണ്ടിറങ്ങുമ്പോൾ ലഭിക്കുന്ന ആശ്വാസം. അന്നത്തെ മഴക്കാലങ്ങൾ ഉള്ള് കുളിർക്കുന്ന ഓർമ്മയാണിന്നും. പരപ്പൻ കുഴി, അയ്യപ്പൻകുളം, മൂക്കമ്മൽ ചോല, കാഞ്ഞീരക്കുറ്റി തുടങ്ങി ഒരു നാട് മുഴുവൻ ചാടിക്കുളിച്ച എത്രയോ ഓർമ്മകൾ. മഴച്ചാറലേറ്റ് പാരിക്കാട്ടെ ഒഴുക്കുകളിൽ നിന്ന് കരക്ക് കേറാൻ തോന്നാത്ത നേരങ്ങൾ. അയൽപക്ക ബന്ധത്തിൻ്റെ അതിരില്ലാത്ത സ്നേഹപ്പെയ്ത്തുകളാണ് ഇവയെല്ലാം.പാറാ പളളിയാളിയിലെ കളി മൈതാനത്ത് നിന്നാണ് എൻ്റെ കളിയോർമ്മകൾ തുടങ്ങുന്നത്. കാഴ്ചക്കാരനായിരുന്നു ആദ്യം. പുറത്തേക്ക് പോവുന്ന പന്തിന് പിറകെ പാഞ്ഞ് തുടങ്ങി.. വലിയവർ കളിക്കുന്ന പന്ത് തൊടാൻ ഞങ്ങൾ സമപ്രായക്കാർ ശണ്ഠ കൂടി.ഒരു ഇട്ടടി അടിക്കാൻ കിട്ടിയാലുള്ള ഗർവ്വ് പറഞ്ഞറിയിക്കാൻ കഴിയില്ല.
അക്കാലത്തെ നാട്ടുമൈതാനങ്ങളിലെ മികച്ചൊരു ഗോൾ കീപ്പർ മാരിലൊരാൾ അശ്റഫാണ്. പ്രാദേശിക ടൂർണമെൻ്റുകളിൽ എത്രയോ തവണ അവൻ നാടിൻ്റെ ഗോൾ വലയം കാത്തു.ചിത്രകലയിൽ നല്ല വാസനയായിരുന്നു അശ്റഫിന്. അവൻ്റെ വടിവൊത്ത കയ്യെഴുത്തുകൾ അതി മനോഹരമായിരുന്നു.സ്കൂൾ പ്രായത്തിൽ തന്നെ സംഘടനാ പ്രവർത്തനവും തുടങ്ങി. സീതി സാഹിബ് വായനശാലയാവും അവൻ്റെ ആദ്യത്തെ പൊതു ഇടം.അവിടെ നടക്കുന്ന MSF മീറ്റിംഗുകളിൽ അവനന്ന് ചെറുതല്ലാത്ത റോളുണ്ടായിരുന്നു.പിന്നീട് SKSSF ൻ്റെ ഊഴമെത്തിയതോടെ ആ രംഗത്തും അശ്റഫ് സജീവമായി. ഓഫീസ് വർക്കുകൾ, പോസ്റ്റർ പതിക്കൽ, ചുമരെഴുത്ത്, ചാക്ക് ബോർഡ് തുടങ്ങി പഴയ കാലത്തെ പ്രചരണ പ്രവർത്തനങ്ങളിലും സംഘടനാ സങ്കേതങ്ങളിലുമെല്ലാം അശ്റഫിൻ്റെ ആത്മാർത്ഥമായ പരിശ്രമങ്ങളുണ്ടായിരുന്നു. നമ്മുടെ പരിസരത്തെ തെരഞ്ഞെടുപ്പ് വർക്കുകളും മറ്റുമൊക്കെ ഏറ്റെടുത്തിരുന്ന നല്ലൊരു ആർട്ടിസ്റ്റ് കൂടിയായിരുന്നു അശ്റഫ്. സേട്ട് സാഹിബും സി എച്ച് മുഹമ്മദ് കോയാസാഹിബുമൊക്കെ അവൻ്റെ വരകളിൽ പുഞ്ചിരിക്കുന്നത് ഏറെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. 'മിനാർ ആർട്സ്' അശ്റഫ് പ്രതീക്ഷയോടെ വളർത്തിയെടുത്ത സ്ഥാപനമായിരുന്നു. എന്നാൽ പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ആ രംഗത്തെ വളർച്ച മുരടിച്ചു. ഓർമ്മ വെച്ച നാൾ തൊട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെല്ലാം അശ്റഫിന് കാര്യമായ റോളുണ്ടായിരുന്നു. പഠിച്ച് തുടങ്ങുന്ന അതിൻ്റെ വിവിധ ഘട്ടങ്ങൾ തെരഞ്ഞെടുപ്പ് ഫലവും കഴിഞ്ഞ് അവലോകനവും പൂർത്തിയായാലേ അവസാനിക്കൂ.എല്ലാം അതിൻ്റെ മട്ടത്തിൽ ചെയ്യുക എന്നതായിരുന്നു അശ്റഫിൻ്റെ പോളിസി തെരഞ്ഞെടുപ്പ് രംഗത്തായാലും സംഘടനാ പ്രവർത്തനമായാലും അതങ്ങനെ തന്നെ.. നല്ലൊരു ജീവകാരുണ്യ പ്രവർത്തകൻ കുടിയായിരുന്നു അശ്റഫ്. കുറ്റൂർ നോർത്ത് യൂണിറ്റ് SKSSF ന് കീഴിൽ നടന്ന റിലീഫ് പ്രവർത്തനങ്ങളാവും തുടക്കം. പിന്നീട് 'അലിവും', 'സി എച്ച് സെൻ്ററു'മൊക്കെയായി ആ രംഗത്തെ സജീവ സാന്നിധ്യമായി അശ്റഫ്. അലിവിന് ഫണ്ട് ശേഖരിക്കാൻ വീടുവീടാന്തരം കയറിയിറങ്ങി. അതിൻ്റെ സേവനങ്ങൾ അർഹരിലേക്കെത്തിച്ചു നൽകി. മരുന്ന് സഹായം, ആംബുലൻസ് സർവ്വീസ്, ഡയാലിസിസ് തുടങ്ങി ബൈപ്പാസ് സർജറി വരെ ചെയ്യിക്കാൻ ആവുന്നത് ചെയ്ത് നമ്മുടെ നാട്ടുകാരായ പാവപ്പെട്ടവർക്ക് ആശ്വാസമേകി. ഇവരുടെ സ്കീമിൽ പെടാത്ത ആവശ്യങ്ങൾക്കായി സംഘടനാ സംവിധാനമുപയോഗിച്ച് സഹപ്രവർത്തകരോടൊപ്പം നാട്ടുകാരെ തേടിയിറങ്ങി. വിവാഹ ധനസഹായം മുതൽ വീടു നിർമ്മാണം വരെ ഇങ്ങനെ പൂർത്തിയാക്കിയവരുണ്ട്. അൽഹുദാ സ്ഥാപനങ്ങളാണ് അശ്റഫിൻ്റെ പൊതുജീവിതത്തിലെ പ്രധാന തട്ടകം. പള്ളിയുടേയും മദ്റസയുടെയും സ്കൂളിൻ്റെയും കാര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ അവൻ കർമ്മനിരതനായി. അൽഹുദയുടെ മുൻനിര ഭാരവാഹികളിൽ പലരുടെയും വിയോഗങ്ങളും ആരോഗ്യ പ്രശ്നങ്ങൾ കാരണം അൽ ഹുദാ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടങ്ങളെ നികത്തിപ്പോന്നത് അശ്റഫിൻ്റെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ മാത്രമാണ്. നാട്ടുകാരുടെ കുടിവെള്ള പ്രശ്നം മുതൽ മയ്യിത്ത് പരിപാലനം വരെ ഏറ്റെടുക്കാൻ അശ്റഫ് തയ്യാറായി. നമ്മുടെ നാട്ടിലെ ഏത് മരണ വീട്ടിലും അവനൊരു സ്പെയ്സുണ്ടായിരുന്നു. രാത്രി ഏറെ വൈകിയും മരണവീട്ടിൽ ഓടിനടന്ന് സുബ്ഹിക്ക് മുമ്പ് ആ മയ്യിത്ത് കുളിപ്പിക്കാൻ ഉറക്കിൽ നിന്ന് അവൻ ഓടിയെത്തി. ഇതൊന്നും പലർക്കും കഴിയാത്ത നൻമകൾ തന്നെയാണ്. ആളുകൾക്ക് പെൻഷൻ വാങ്ങിക്കൊടുക്കാനും റേഷൻ കാർഡിന് അപേക്ഷിക്കാനും വീടിൻ്റെ നമ്പർ മുതൽ വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങിച്ചു കൊടുക്കുന്നത് വരെ അവൻ്റെ ദിനചര്യകളുടെ ഭാഗമായി. ഇങ്ങനെ നാട്ടുകാർക്കായി ഉരുകിത്തീരുമ്പോഴും ആരെങ്കിലും വെച്ച് നീട്ടുന്ന പാരിതോഷികങ്ങൾ പോലും അവൻ തട്ടിക്കളഞ്ഞു. ഇതു പോലെ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാവർക്കും മാതൃകയാക്കാനാവുന്ന ഒരു പാട് നൻമകൾ അവനുണ്ടായിരുന്നു.താൻ ഒരു രോഗിയാണെന്ന തികഞ്ഞ ബോധം അവനുണ്ടായിരുന്നു.എന്നാൽ ഒരു രോഗിയെ പോലെ അവനൊരിക്കലും ജീവിച്ചില്ല.മനസ്സിൻ്റെ ആരോഗ്യവും ചുറ്റുവട്ടത്തേക്ക് പരന്ന നൻമയുടെ തണലുമാണ് അശ്റഫിനെ ഇവിടം വരെ എത്തിച്ചത്. തൻ്റെ പരിമിതികൾ മറന്ന് നാടിനും സഹജീവികൾക്കും തണലായി മാറിയ ഒരാൾ എന്ന നിലയിൽ അശ്റഫിൻ്റെ ഓർമ്മകൾ നമുക്കെന്നും ഊർജ്ജം പകരും. അള്ളാഹു അവനെ വിജയികളിൽ പെടുത്തട്ടെ - ആമീൻ
✍🏻 സത്താർ കുറ്റൂർ
----------------------------------------------------------------------------------------------------------
ദൊക്കെടാ ... ഞമ്മക്ക് അത് അങ്ങനെ ചെയ്യാം അശ്‌റഫ് മായാത്ത ഓർമ്മകൾ
✍🏻 മുസ്തഫ ശറഫുദ്ദീൻ അരീക്കൻ
മറക്കാനാവാത്തൊരു മരണം
വളരെ ചെറുപ്പം മുതലേ അശ്റഫിനെ അറിയാമെങ്കിലും കക്കാടംപുറത്തെ എൻ്റെ ഫാർമസിയുടെ തൊട്ടടുത്ത് അവൻ്റെ ഫർണിച്ചർ കട തുടങ്ങിയതോടെയാണ് കൂടുതൽ അടുത്തിടപഴകുന്നത്. നിത്യേനെയെന്നോണം ഞങ്ങൾ കണ്ടുമുട്ടി. എൻ്റെ കടയിലെ ചെറിയ വട്ടങ്ങളിൽ നാട്ടുവർത്തമാനങ്ങളിൽ കൂടി. തമാശകൾ പറഞ്ഞു. ആ സൗഹൃദ ബന്ധം ഒരുപാട് വളർന്നു. നിരന്തരമായ ഓട്ടമായിരുന്നു അശ്റഫിൻ്റേത്. നാട്ടുകാരുടെ കുടിവെളളം മുതൽ വോട്ട് ചേർക്കൽ വരെ ആ യാത്രകളുടെ ലക്ഷ്യമാവും. അവൻ്റെ മോട്ടോർ സൈക്കിളിൻ്റെ ഹാൻഡിലിൽ തൂങ്ങുന്ന പ്ലാസ്റ്റിക് കവറിൽ നിറയെ പഞ്ചായത്ത് ഓഫീസിലേക്കുള്ള ഫോമുകൾ കാണാം. ആളുകളുടെ ആവശ്യങ്ങളിലേക്കെല്ലാം മുൻപിൻ നോക്കാതെ ബൈക്കോടിച്ച് പോവുകയായിരുന്നു അശ്റഫ്.തൻ്റെ പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ ചുറ്റുവട്ടത്തേക്ക് ആവുന്നതെല്ലാം ചെയ്ത് കൊടുക്കാൻ ഇതു വഴി അശ്റഫിനായി. സ്വന്തം പ്രയാസങ്ങളും രോഗവിവരങ്ങളും അവൻ പറയാൻ മടിച്ചു. എന്നാൽ നാടിൻ്റെ പൊതു വിഷയങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചു. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ എല്ലാവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരുപാട് നൻമകൾ അവൻ കാത്തു സൂക്ഷിച്ചു. മരിക്കുന്നതിൻ്റെ ഏതാനും ദിവസം മുമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഏ ആർ നഗർ യൂണിറ്റ് അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടപ്പോൾ അക്കാര്യം മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാതെ താൽപ്പര്യപൂർവ്വം അതിൻ്റെ ഫോം പൂരിപ്പിച്ച് നൽകി. മരിക്കുന്നതിൻ്റെ തലേ ദിവസം. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. പതിവ് പോലെ അഷ്‌റഫ് എന്റെ കടയിൽ വന്നിരുന്നു. സാധാരണ വെള്ളിയാഴ്ച കട തുറക്കാത്ത ഞാൻ അന്ന് എന്താണ് കട തുറന്നിരിക്കുന്നത് എന്ന് ചോദിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു പിരിഞ്ഞതാണ്. പിന്നീട് കേട്ടത് നടുക്കുന്ന മരണ വാർത്തയാണ്. കട തുറന്നാൽ ആദ്യമായി കാണുന്ന മുഖങ്ങളിലൊന്നായിരുന്നു എനിക്ക് അശ്റഫ്. അവൻ്റെ വിയോഗത്തോടെ വലിയൊരു ശൂന്യത അനുഭവപ്പെടുന്നു. അള്ളാഹു അവൻ്റെ പരലോക ജീവിതം സന്തോഷമാക്കി അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ - ആമീൻ
✍🏻 കെ.കെ.എച്ച്.തങ്ങൾ - കക്കാടംപുറം
മനസ്സിന്റെ നീറ്റൽ അവസാനിക്കുന്നില്ല.
✍🏻 ശരീഫ് കുറ്റൂർ
എൻ്റെ ഖബറിലേക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ?
✍🏻 യാക്കൂബ് വരമ്പനാലുങ്ങൽ
വിശ്വസിക്കാനാവാത്ത വേർപാട്
കോയിസൻ അശ്രഫ് എന്ന പ്രിയപ്പെട്ട കൂട്ടുകാരൻ മുന്നറിയിപ്പൊന്നും തരാതെ വിട പറഞ്ഞു പോയിരിക്കുന്നു എന്ന സത്യം മനസ്സിനേ ബോധ്യപ്പെടുത്താൻ ഏറെ പ്രയാസപ്പെട്ടു.... ശനിയാഴ്ച സുബ്‌ഹിക്ക് ആ വിവരം അറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ മാറാൻ മണിക്കൂറുകൾ വേണ്ടി വന്നു... ഓഫീസിൽ പോയിട്ടും ശരിയായ രീതീൽ ജോലി ചെയ്യാൻ പോലും സാധിച്ചില്ല... 1990 മുതൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ഒന്നിച്ച് പ്രവർത്തികുന്നതിൽ നിന്നും തുടങ്ങിയ ആത്മ ബന്ധമാണു എനിക്ക് അശ്രഫുമായിട്ട് ഉണ്ടായിരുന്നത്.... MSF ലും SKSSF ലും പിന്നീട് NDF ലും ഒന്നിച്ച് പ്രവർത്തിച്ച അശ്രഫ് എന്റെ പ്രിയപ്പെട്ട പിതാവിന്റേയും (اللهم اغفر له) ഇഷ്ട കൂട്ടുകാരനായിരുന്നു.... എവിടേക്ക് പോകണമെങ്കിലും അശ്രഫിന്റെ ഓട്ടോ തന്നെ വേണമായിരുന്നു ഉപ്പാക്ക്... അശ്രഫിന്റെ മരണ വിവരം ഞാൻ ആദ്യം അറിയിച്ചത് എന്റെ ഉമ്മാനെയായിരുന്നു... ഉപ്പാനെ പോലെ തന്നെ ഉമ്മാക്കും അശ്രഫിനേ വലിയ ഇഷ്ടമായിരുന്നു... 1996 ൽ ഞാൻ ഗൾഫിലേക്ക് പോന്നതിനു ശേഷവും ഉപ്പാന്റെ മരണം വരേയും എന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു അശ്രഫ് ... ഞാൻ ഗൾഫിൽ പോരുന്നതിനു മുംബ് അശ്രഫിന്റെ കൂടെ അവന്റെ കലാവർക്കുകൾക്ക് കൂടെ പോയതും അന്നൊക്കെ സമ്മേളനങ്ങളിൽ തൊപ്പി വിൽക്കാൻ കൂടെ പോയതും തൊപ്പിയിൽ സ്ക്രീൻ പ്രിന്റ് ചെയ്തതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു... പ്രവാസം ക്രമേണ വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളിലേക്ക് ബന്ധം ചുരുക്കിയെങ്കിലും വിരളമായ ഹൃസ്വമായ കൂടിക്കാഴ്ചകൾ അത് വരേയുള്ള എല്ലാ വിടവുകളും നികത്തുന്നതായിരുന്നു.... തുടക്കത്തിലേ ഒന്നിച്ചുള്ള സംഘടന പ്രവർത്തനങ്ങൾ ക്രമേണ ഭിന്ന ചേരികളിലായെങ്കിലും അശ്രഫിന്റെ സ്നേഹം സംഘടന പാർട്ടി വിഭാഗീയതക്കതീതമായിരുന്നു.... ഈയടുത്തായി ഒരു പാട് വേർപാടുകൾ മനസ്സിനേ പിടിച്ച് കുലുക്കിയിട്ടുണ്ടെങ്കിലും അശ്രഫിന്റെ വേർപ്പാട് മനസ്സിനേ പിടിച്ച് നിർത്താൻ സാധിക്കുന്നതായിരുന്നില്ല...ഓഫീസിൽ ചെന്നിട്ടും സജലങ്ങളായ കണ്ണുകളെ സഹപ്രവർത്തകരിൽ നിന്ന് ഒളിപ്പിക്കാൻ ഏറെ പാടു പെട്ടു...നാഥാ........
ഞങ്ങളുടെ പ്രിയപ്പെട്ട അശ്രഫിനു നിന്റെ ജന്നാത്തുൽ ഫിർദ്ദൗസിൽ അർഹമായ ഒരിടം നൽകി അനുഗ്രഹിക്കണേ.......
അദ്ദേഹത്തിൽ നിന്നും അറിഞൊ അറിയാതെയൊ വന്ന് പോയിട്ടുള്ള സകലമാന പാപങ്ങളും പൊറുത്ത് കൊടുക്കണേ......
ഖബറിനേ വിശാലമാക്കി കൊടുക്കുകയും സ്വർഗ്ഗത്തിലേ ഒരു പൂങ്കാവനമാക്കുകയും ചെയ്യണേ - ആമീൻ
ഒരു മതിലിനപ്പുറവും ഇപ്പുറവും
ഞാനും അഷ്റഫ് സാഹിബും. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും അതൊക്കെ അതിൻ്റെ വഴിക്ക് നിലനിർത്തിക്കൊണ്ട് അയൽപക്ക സൗഹൃദം നിലനിർത്താൻ ഞങ്ങൾ ശ്രമിച്ചിരുന്നു. ആദ്യകാലത്ത് അദ്ദേഹത്തിൻ്റെ ബോർഡെഴുത്തും വരയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ചുമരെഴുത്തുകൾ ആരാധനാപൂർവ്വം നോക്കി നിന്നിട്ടുണ്ട്. ഒരു വലിയ കലാകാരൻ...ജീവിതം കല കൊണ്ട് കര പിടിപ്പിക്കാനാവില്ലെന്ന തിരിച്ചറിവായിരിക്കാം മെല്ലെ കലയിൽ നിന്നും ഫർണ്ണിച്ചറിൻ്റെ കരവിരുതിലേക്ക് കാലുമാറിയത്. പൊതു പ്രവർത്തന രംഗത്തേക്ക് വന്നതോടെ പക്വമതിയായ ഒരു പ്രവർത്തകനെയാണ് അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തിനും നാടിനും കിട്ടിയത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മുന്നോട്ട് വെക്കാൻ കഴിയുമായിരുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നു കോയിസൻ അഷ്റഫ് എന്ന പൊതുപ്രവർത്തകൻ. എന്നാൽ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മത്സരം വരുത്തുന്ന മാനസിക സംഘർഷം നേരിട്ട് താങ്ങാൻ അദ്ദേഹത്തിന് ശാരീരികമായും മാനസികമായും കഴിയുമോ എന്ന് മുൻകൂട്ടി കാണാൻ കൂടെയുള്ളവർക്കായില്ല എന്ന് തോന്നുന്നു. പ്രത്യേകിച്ച്, നൗഷാദ് മണ്ണിശേരി പറഞ്ഞ പോലെ 'മലപ്പുറം ജില്ല ഉറ്റുനോക്കിയ രണ്ടാം വാർഡ് തെരഞ്ഞെടുപ്പിൻ്റെ ' സമ്മർദ്ദം താങ്ങാൻ അദ്ദേഹത്തിനായില്ല എന്ന് റിസൾട്ടിന് ശേഷമുള്ള കോയിസൻ അഷ്റഫിൻ്റ ഭാവങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നു. സംഭവിച്ചത് സംഭവിച്ചു. നാടിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ സർവ്വശക്തൻ സ്വീകരച്ച് നന്മകളുടെ കണക്ക് പുസതകത്തിൽ ചേർക്കട്ടെ എന്ന് പ്രാർത്ഥിക്കാം - ആമീൻ
നാടിനും നാട്ടാർക്കും വേണ്ടി ഉരുകി തീർന്നൊരാൾ
പ്രിയ സഹോദരൻ അശ്റഫ്ക്കയുടേ വിയോഗം ഇതു വരേ മനസിന് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. നിഷ്ക്കളങ്കനും നിസ്വാർത്ഥനുമായ അദ്ദേഹത്തേ മരണം വരേ മറക്കാനും പറ്റില്ല മുമ്പേ പലരും പറഞ്ഞതു പോലേ മയ്യത്ത് പരിപാലനത്തിന് അശ്റഫ്ക്കയോട് നാമും നമ്മുടേ നാടും കടപ്പെട്ടിരിക്കുന്നു.8 വർഷം മുന്നേ എൻ്റെ പിതാവ് മരിച്ചപ്പോൾ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം മയ്യത്ത് നമസ്ക്കാരത്തിന് ഇമാമത്ത് നിൽക്കാൻ ഞാൻ മുന്നിൽ നിൽക്കുമ്പോൾ പുറകിൽ വന്ന് ചെവിയിൽ ഒരു കാര്യം പറഞ്ഞു സലാം വീട്ടുമ്പോൾ അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തു ഹൂ എന്ന് മുഴുവനായി പറയണമെന്ന്. അത്രത്തോളം ശ്രദ്ധയോടേയാണ് പ്രിയ സഹോദരൻ മയ്യത്ത് പരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. മരണ വിവരമറിഞ്ഞ് നാടിൻ്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയ ജനസഞ്ചയം അദ്ദേഹം നാടിനും നാട്ടാർക്കും എത്ര പ്രിയപ്പെട്ടവനായിരുന്നെന്ന് വിളിചോതുന്നതായിരുന്നു .പല പ്രാവശ്യം വീട്ടിൽ നമസ്ക്കരിച്ചിട്ടും അദ്ദേഹത്തിനു വേണ്ടി പള്ളിയിലും നമസ്ക്കരിക്കാൻ വൻ ജനാവാലി തന്നേയുണ്ടായി എന്നത് നമ്മുടേ നാടിനും ചുറ്റുവട്ടത്തിനും പുറമേയും അദ്ദേഹത്തിനുണ്ടായ വലിബന്ധങ്ങളേയാണ് നമുക്ക് കാണിച്ച് തന്നത് നിസ്വാർത്ഥനും നിഷ്ക്കളങ്കനമായ ഈ നല്ല മനുഷ്യനേ അടുത്ത തലമുറക്ക് കൂടി പരിചയപ്പെടുത്താനുള്ള കടമ നമുക്കുണ്ട് അതിനു വേണ്ടി ഇദ്ദേഹത്തിൻ്റെ പേരിൽ നാട്ടിലൊരു സ്മാരകം നാമൊന്നിച്ച് പണി തീർക്കേണ്ടതാണ് സർച്ച ശക്തൻ പ്രിയ സഹോദരൻ്റെ ഖബറിനേ സ്വർഗപൂന്തോപ്പാക്കി മാറ്റട്ടേ - ആമീൻ
അശ്റഫ് കോയിസ്സൻ; മറക്കാനാവാത്ത നൻമകൾ
ഓർമ്മയിൽ മർഹൂം കോയിസ്സൻ അഷ്റഫിനെ അടുത്ത് കാണുന്നത്തും പരിചയപ്പെടുന്നതും എൻ്റെ മച്ചുണിയും അളിയനുമായ കള്ളിയത്ത് അബ്ദുറഹിമാൻ ഹാജിയുടെ മരണ ദിവസമാണ്. അദ്ദഹത്തിൻ്റെ മയ്യിത്ത് ആസ്പത്രിയിൽ നിന്ന് എത്തിയത് മുതൽ മയ്യിത്ത് മറവ് ചെയ്ത ഞങ്ങൾ തിരിച്ച് വീട്ടിൽ വരുന്നത് വരെ ഞങ്ങളോടൊപ്പം ഒരു കുടുംബാഗത്തെ പോലെ എന്നല്ല അതിലുപരി മയ്യിത്ത് പരിപാലനത്തിൽ സജീവമായ ഈ കുട്ടി ആരാണ് എന്ന് അന്വേഷിച്ചപ്പോളാണ് ഇതാണ് കോയിസ്സൻ അഷ്റഫ് എന്ന് ഒരാൾ പറഞ്ഞത്. അന്നത്തെ ആ പരിചയം പിന്നീട് വിരലിലെണ്ണാവുന്ന സന്ദർഭങ്ങളിൽ ഉണ്ടായ കൂടിക്കാഴ്ചയിൽ ഒതുങ്ങി. അവസാനമായി എൻ്റെ മച്ചുനിയൻ മർഹൂം കള്ളിയത്ത് അബ്ദുസ്സമദിൻ്റെ മരണ ദിവസമാണ്. അവിടെ മയ്യത്ത് കഫൻ ചെയ്യാനും മറ്റും ശാരീരികമായ അൽപം അവശതയോടെ പങ്കെടുത്തപ്പോൾ കൂടെ ഉണ്ടായിരുന്ന അരീക്കൻ ബാപുവാണ് അഷ്റഫിൻ്റെ അസുഖവിവരങ്ങൾ പറ ഞ്ഞത്. ഇവിടെ അഷ്റഫിനെ പറ്റി അനുസ്മരിച്ച പലരും നാട്ടിലെ മയ്യത്ത് പരിപാലനത്തിന് അദ്ദഹം കാണിച്ച നിസ്തുല സേവനം എടുത്ത് പറഞ്ഞപ്പോൾ, ഒരു നിയോഗമെന്നോണം അഷ്റഫിനെ പരിചയപ്പെട്ടതും അവസാനമായി കണ്ടതും മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട ചടങ്ങിലാണെന്ന് ഓർത്ത് പോയി.സർവശക്താ അല്ലാഹു അഷ്റഫിൻ്റെ ബർസഖിയായ ജീവിതം ധന്യമാക്കട്ടെ എന്നും അവരുടെ കുടുംബത്തിന് ക്ഷമയും മനസ്സമാധാനവും ഉണ്ടാകട്ടെ - ആമീൻ
മണിയറ ചമയങ്ങളിൽ തെളിയുന്നത്
ജീവിതത്തിലെ നികത്താനാവാത്ത കനത്ത നഷ്ടങ്ങളിലൊന്നാണ് ഏറെ പ്രിയങ്കരനും സ്നേഹസമ്പന്നനുമായ പ്രിയപ്പെട്ട അശ്റഫിന്റെവിയോഗം വിശ്വസിക്കാൻ അല്പംസമയം വേണ്ടി വന്നു. എല്ലാം അല്ലാഹുവിന്റെ വിധി. എല്ലാവരുടെയും മടക്കം നാഥനിലേക്ക് തന്നെയാണ് ചിലരെ അല്ലാഹു നേരത്തെ വിളിക്കുന്നു. താങ്ങാനാവാത്ത വേദനയാണ് സമ്മാനിച്ചത്. കാലമെറേ വേണ്ടി വന്നേക്കാം ഈ ഷോക്കിൽ നിന്നും മുക്തമാവാൻ.... എന്നാലും പരമകാരുണ്യവാനായ അല്ലാഹുവിന്റെ അലംഘനിയമായ വിധി അത് അംഗീകരിച്ചേ മതിയാകൂ.... സ്കൂൾ പഠിക്കുന്ന കാലം സ്ഥിരമായ കാഴ്ചയായിരുന്നു കുറ്റൂരിലെ ലീഗ് ഓഫീസിലെ അശ്‌റഫിന്റെആത്മാർത്ഥമായ കലയും പട്ടികയും ചാകും ഉപയോഗിച്ചുള്ള ബോർഡ് നിർമ്മാണത്തിലെകരവിരുതും പ്രതീക്ഷിക്കാതെ അശ്‌റഫിന്റെ മനോഹരമായ കരവിരുത് ഞാനും അനുഭവിച്ചു എന്റെ കല്യാണ സമയത്ത് പ്രതിഫലം മോഹിക്കാതെ 90 കളിലെ മനോഹരമായ മണിയറ നിർമിച്ചാണ് എന്നെ നെട്ടിച്ചത് പരിശുദ്ധ റമസാൻ മാസത്തിന്റെ പുണ്യത്തിന്റെ നിറവിൽ നാഥന്റെ വിളിക്കുത്തരം നൽകി ഇഹലോകത്തോട് വിട പറഞ്ഞു പോയ പ്രിയ സുഹ്യത്തിന്റെ പരലോക ജീവിതം സന്തോഷത്തിലാക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് മാപ്പാക്കി കൊടുക്കുവാനും സ്വർഗ്ഗവകാശികളിൽ ഉൾപ്പെടുത്തി നമ്മളേവരെയും പരലോക ജീവിതത്തിൽ വീണ്ടും ഒന്നിപ്പിക്കണമേയെന്ന് മനമുരുകി പ്രാർത്ഥക്കുന്നു... അല്ലാഹു സ്വീകരിക്കട്ടെ - ആമീൻ
ഒരു ജനകീയ പ്രതിഷേധത്തിൻ്റെ ഓർമ്മ
ഇന്നത്തെ പ്രാർഥനകളിൽ മുഴികിയ ഈ ഗ്രൂപ്പ് നോക്കിയാലറിയാം അശ്റഫ്ക എത്രത്തോളം ഈ നാടിനോടും നമ്മളോടും ഹൃദയബന്ധമുണ്ടെന്ന് .. അശറഫ്കയുമായി നരവധി അനുഭവങ്ങൾ പങ്കുവെക്കുവാനുണ്ട് അദ്ദേഹത്തിൻ്റെ നേതൃ പാഠവം NRC CAAക്കെതിരെ കുറ്റൂർ നോർത്ത് ജനകീയ കൂട്ടായ്മ നടത്തിയ ഒരു സമര പരിപാടിക്ക് വേണ്ടി ആദ്യം ബന്ധപ്പെട്ടത് അശ്റഫ്കയെ യാണ് സമരം എങ്ങനെ തുടങ്ങി അവസാനിപ്പിക്കണം എന്നത് അദ്ദേഹത്തിൻ്റെ പൂർണ്ണ മാർഗ്ഗ നിർദേശത്തിലൂടെ യായിരുന്നു ... അവസാനമായി പലയിടത്ത് വെച്ചും കണ്ട് ബൈക്കിൽ സാലാം പറഞ്ഞ് അകന്ന് പോയി .. എങ്കിലും ഫസൽ ഹാജി (മൂത്താപ്പ) യുടെ മയ്യിത്ത് പരിപാലത്തിൻ്റെ വേളയിൽ തുണി മുറിക്കുമ്പോ ചോദിച്ചു ജ്ജ് കുളിപ്പിക്കാൻ നിൽ കുന്നുണ്ടോ ..? ഞാൻ അതെ എന്ന് തലയാട്ടി ഉണ്ടെങ്കിൽ മാറ്റാൻ ഒരു തുണി കൈയ്യിൽ വെച്ചോ ... ഞാൻ തുണി എടുത്ത് വന്നപ്പോഴേക്കും എടുത്ത് വെച്ചിരുന്നു .... അങ്ങിനെ ഒരു പാട് അനുഭവങ്ങൾ..... പഞ്ചായത്ത് ഇലക്ഷൻ്റെ ദിവസങ്ങൾക്ക് മുമ്പ് പല പരിപാടികളിൽ വച്ചും എന്നെ അറിയുന്ന അശ്റഫ്ക്ക ഒരു കളിയാക്കൽ രൂപത്തിൽ അഞ്ചാറു തവണ എന്നോട് ചോദിച്ച ചോദ്യമുണ്ട് ....സിറൂ....
ശരിക്കും അൻ്റെ നിലപാടെന്തണ് ...
ഞാൻ പറയും ങ്ങളും ഞാനും രണ്ട് പഞ്ചായത്തുകാരാണ് ....
ഞങ്ങളെ വാർഡിൽ UDF സിന്ദാബാദ് .....
അത് കേട്ട് പൊട്ടി ച്ചിരിക്കും .....
മനസ്സിൽ നിന്ന് മാഞ്ഞ് പോകാത്ത മുഖം .....😥
നാഥ...നിൻ്റെ സ്വർഗീയ ആരാമത്തിൽ ഞങ്ങളെ നീ ഒരുമിച്ച് കൂട്ടണെ നാഥാ.....
ജീവിതത്തിലെ സർവ്വ പാപങ്ങളും നീ പൊറുത്ത് കൊടുക്കണെ റഹ്മാനെ - ആമീൻ
മനസ്സിൽനിന്ന് മായുന്നില്ല ആമുഖം
അഷ്റഫ് എന്ന ആ മഹാ വ്യക്തിത്വം . ഇത്രയേറെ ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചിട്ടും. അത് ഒന്നും ഭാവികാതെ സാധാരണക്കാരനിൽ സാധാരണക്കാരനായ ജീവിച്ച . ചെറുപ്പം മുതലേ പൊതുപ്രവർത്തനം ജീവിതത്തിൻറെ ഭാഗമാക്കി നാടിനും വേണ്ടി ജീവിച്ച്.ഒന്നൂഠ. പ്രതീക്ഷിക്കാതെ പ്രവർത്തിച്ച ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. വിടവാങ്ങൽ മനസ്സിൽ നിന്നും മായുന്നില്ല . ഞാൻ കൂടെ പഠിച്ച വ്യക്തിയായിരുന്നു. പഠിക്കുമ്പോൾ തന്നെ പച്ചയായ മനുഷ്യനായിരുന്നു. അച്ചടക്കമുള്ള ഒരു കലാകാരനായിരുന്നു. ചിത്രകലയിൽ എന്നും ക്ലാസിൽ മുൻപന്തിയിൽ ആയിരുന്നു. അതുപോലെ എൻറെ ജീവിതത്തിൽ ആദ്യമായി മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി. അസീവാ. നമുക്ക് ചെയ്യാം എന്നു പറഞ്ഞു എന്നെ ആദ്യമായി അതിലേക്ക് എത്തിച്ചത്. എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞപ്പോൾ . ഒപ്പം നിന്നാൽ മതി എന്ന് പറഞ്ഞു അത് എൻറെ ജീവിതത്തിൽ വലിയ പാഠമാണ്. തീരാത്ത വാക്കുകളുണ്ട്. എഴുതാൻ കഴിയുന്നില്ല. അല്ലാഹു നമ്മുടെ എല്ലാം എല്ലാം ഇഷ്ട സഹോദരന് സ്വർഗ്ഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
നിറങ്ങളിൽ തെളിയുന്ന ഓർമ്മകൾ
നിറങ്ങളുടെ ലോകത്ത് പാറിപ്പറന്ന കാലത്താണ് അഷ്റഫുമായി കൂടുതലടുക്കുന്നത്. ഞങ്ങൾ ഒരുമിച്ച് പെയ്ൻ്റിംഗ് ജോലിക്ക് പോയിരുന്നു. ആയിടക്കാണ് അഷ്റഫിന് ഒരു വിസ ശരിയായതും മെഡിക്കലിന് പോയപ്പോൾ ഹൃദയ വാൾവിന് ഒരു പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതും വിദേശത്ത് ജോലിക്ക് പോകാൻ പറ്റില്ലെന്നും മനസ്സിലായത്. പെയ്ൻ്റിംഗ് ജോലി തുടരുന്നതിനിടയിൽ തന്നെ ഓട്ടോ ഡ്രൈവറായും ജോലി തുടർന്ന അഷ്റഫ് അന്ന് തന്നെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലൊക്കെ സജീവമായിരുന്നു. സേവനം തന്നെയായിരുന്നു അഷ്റഫിൻറെ ജീവിതം! ഓരോ റമളാനാകുമ്പോഴും ഏതാനും സ്ത്രീകൾക്ക് നമസ്കാരക്കുപ്പായം വിതരണം ചെയ്യാറുണ്ടെന്ന് എൻറെ മകൻ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ആരുമറിയാതെയുള്ള, അള്ളാഹുവിൻറെ പ്രതിഫലം മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം സേവനങ്ങൾ പരലോകത്ത് അഷ്റഫിന് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. ഈ പ്രാവശ്യം ഞാൻ നേപ്പാൾ വഴി പോകുകയാണെന്ന് പറഞ്ഞപ്പോൾ നിർത്താൻ കഴിയുന്നില്ല അല്ലേ എന്ന് ചോദിച്ച് സന്തോഷത്തോടെ യാത്രയാക്കിയത് ഓർക്കുന്നു. ആ മരണ വാർത്ത PK ഹനീഫ പറഞ്ഞപ്പോൾ മനസ്സിൽ വിശ്വസിക്കാനൊരു പ്രയാസം പോലെയായിരുന്നു.
അദ്ദേഹത്തിൻറെ ബർസഖി ജീവിതം സന്തോഷത്തിലാക്കിക്കൊടുക്കട്ടെ...
അദ്ദേഹത്തിൻറെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ...
അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ - ആമീൻ
അശ്റഫ് കോയിസ്സൻ: നിനച്ചിരിക്കാതെ മറഞ്ഞു പോയൊരാൾ
കുറ്റൂരിന്റെ സാംസ്‌കാരിക ഭൂമികയിൽ തന്റെ സ്വതസിദ്ധമായ പുഞ്ചിരികൊണ്ട് നിലാവ് പടർത്തിയ പ്രിയപ്പെട്ടവൻ... നിനച്ചിരിക്കാതെ അസ്തമിച്ചത് സ്നേഹ ധരാളിത്തം കൊണ്ട് നമ്മേ കമ്പളം പുതപ്പിച്ച കരുതലിന്റെ കുളിർ നിലാവാണ്, ജീവിതം എങ്ങിനെയാവണമെന്ന് പുതു തലമുറയ്ക്ക് മുൻപിൽ ജീവിച്ചുകാണിച്ചുതന്ന അനുകരണീയമായ അത്യപ്പൂർവ്വമായ ഒരധ്യയത്തിനാണ് നിനച്ചിരിക്കാതെ തിരശീലവീണിരിക്കുന്നത്... നാടിനായ്,സഹജീവികൾക്കായ് മെഴുക്തിരി കണക്കേ ഉരുകിതീർന്ന അഷ്‌റഫിന്റെ കാഴ്ചപാടുകളും സ്വപ്നങ്ങളും അണഞ്ഞുപോകാതെ ഇനിയും നാടിനു പ്രകാശമാവാൻ നാമോരോരുത്തരും സൂസജ്ജരായി മുന്നിട്ടിറങ്ങുമെന്ന പ്രതിജ്ഞ തന്നെയാവണം പ്രിയപെട്ടവന്റെ ഓർമ്മകൾക്ക് മുൻപിൽ നമുക്ക് സമർപ്പിക്കാനുണ്ടാവേണ്ടതും.
സർവ്വശക്തൻ അദ്ദേഹത്തേയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ - ആമീൻ
പകരം വെക്കാനിലാത്ത വ്യക്തിത്വം
ഇന്നലെ മുതൽ നമ്മുടെ അഷറഫിനെ അനുസ്മരിച്ചു കൊണ്ട് ഒരു പാട് അനുഭവങ്ങളും അതുപോലെ തന്നെ പ്രാത്ഥനകളും ആയിരുന്നു ആ പ്രാർത്ഥന കൾ എല്ലാം അള്ളാഹു സ്വീകരിക്കട്ടെ - ആമീൻ
90കൾക്ക് മുമ്പാണ് അഷറഫുമായി ഞാൻ കൂടുതൽ അടുക്കുന്നത് എല്ലാവരും പറഞ്ഞ പോലെ നല്ല ഒരു കലാകാരൻ പ്രധാന മായും ബോഡ് ബാനർ പിന്നീട് പാർട്ടി പ്രവർത്തനം അങ്ങനെ യാണ് തുടക്കം മരിക്കുന്നതിന് ഒരു ദിവസം മുന്നെ വരെ അവനു മായി പോണിൽ സംസാരിച്ചു പിരിഞ്ഞതാണ് നല്ല അനുഭവങ്ങൾ അല്ലാതെ ഒന്നും പറയാനില്ല ഒരു കാര്യം തീർച്ചയായും നമുക്ക് പറയാം അഷറഫിന് പകരം വെക്കാൻ ഇനി ഒരാൾ നമുക്ക് നമ്മുടെ നാട്ടിൽ ഇല്ലാ എന്ന് അത് അവന്റെ മാത്രം പ്രതേകത ആയിരുന്നു കൂടുതൽ എഴുതാൻ കഴിയുന്നില്ല അള്ളാഹുവേ ഞങ്ങളുടെ അഷറഫിന്റെ പരലോക ജീവിതം ഭംഗി യുള്ളതാകാണേ നാഥാ - ആമീൻ
വിഷമാവസ്ഥകൾക്കിടയിലും സുസ്മേരവദനനായി...
2002ൽ ഞാൻ ആദ്യമായി കാണുമ്പോൾ ചിത്രകലയായിരുന്നു അഷ്‌റഫിന്റെ ജീവിത സരണി. അവൻ എനിക്ക് ധാരാളം ബോർഡുകളും banner കളും എഴുതിത്തന്നു. പിന്നീട് സ്ഥിരം ആയി കക്കാടംപുറത്ത് കാണാൻ തുടങ്ങിയത് മുതൽ ഞാനവനിലെ നിറപുഞ്ചിരിയും സേവന ത്വരയും നേതൃ പാടവവും അനുഭവിച്ചറിഞ്ഞു.ഉപജീവനമാർഗത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനവും വിദ്യാഭ്യാസ രാഷ്ട്രീയ പ്രവർത്തനങ്ങളും അവനിൽ സമരസപ്പെടുന്നത് ശ്രദ്ധാവിഷയമായി. ഏണിപ്പടികളിൽ ഓരോന്നിലേറി പുതിയ തലങ്ങളിലേക്ക് ആത്മ ധൈര്യത്തോടെ അവൻ എത്തി നോക്കി. വിഷമാവസ്ഥകൾക്കിടയിലും സുസ്മേര വദനനായി നമ്മോടിടപെട്ട ഒരു മാതൃകാ പൊതു പ്രവർത്തകൻ.. അദ്ദേഹത്തിന്റെ അകാലവിയോഗം സ്നേഹക്കൂട്ടങ്ങളിൽ സൃഷ്ടിച്ച വിങ്ങലും വേദനയും ചെറുതല്ല.. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ.
ഒരു പ്രദേശത്തിൻ്റെ തീരാവേദന
പുലർച്ചെ കുന്നുംപുറം ദാറുഷിഫാ ആശുപത്രിയിൽ അഷ്‌റഫിനെ കൊണ്ട് വന്നപ്പോൾ കണ്ട ഒരു സുഹൃത്താണ് ആ വിവരം അറിയിച്ചത്. വിശ്വസിക്കാൻ കഴിഞ്ഞില്ല.തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ആ നാട് മുഴുവൻ അവിടെയുണ്ട്. കോയിസ്സൻ അഷ്‌റഫ് ആ പേര് പ്രസിദ്ധമാണ്, മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുണ്ട്, എവിടെ നിന്ന് കണ്ടാലും എന്തെങ്കിലും ഒന്ന് പറയും, തികച്ചും സാധാരണക്കാരനായി ജീവിച്ച് പ്രാദേശികമായി ഉന്നത പദവികളിൽ എത്തിയത് അത്ഭുതമാണ്.അഷ്‌റഫ് എല്ലാവർക്കും ഒരു പാഠമാണ്, പൊതു പ്രവർത്തനം സാമൂഹിക പ്രവർത്തനം ഇതിനൊന്നും ഒന്നും തടസ്സമല്ല എന്ന് ജീവിച്ച് കാണിച്ചു തരികയായിരുന്നു.തന്റെ പള്ളിയിൽ ഇബാദത്തിൽ ഇഹ്തികാഫ് ഇരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് പ്രതിഫലമാണ് മറ്റൊരാൾക്ക് വേണ്ടി ഇറങ്ങി നടക്കുക എന്ന് അരുളിയ നബി തങ്ങളുടെ കല്പനയുടെ അംശം അഷ്റഫിൽ കാണാൻ കഴിയും.റമളാനിന്റെ പവിത്രം കൊണ്ട് റബ്ബ് സ്വർഗത്തിൽ വെച്ച് കാണാൻ ഭാഗ്യമുണ്ടാകട്ടെ - ആമീൻ
No comments:
Post a Comment