Saturday, 27 March 2021

അരീക്കൻ ഫസൽ ഹാജി


പളളിപ്പറമ്പ് @   അരീക്കൻ ഫസൽ ഹാജി


മർഹൂം: ഫസൽ ഹാജി - വിസ്മയിപ്പിക്കുന്ന വ്യക്തിത്വം

ഇക്കഴിഞ്ഞ റജബ് 30 ന് ഞായറാഴ്ച റബ്ബിൻ്റെ കാരുണ്യത്തിലേക്ക് നമുക്ക് മുമ്പേ യാത്രയായ അരീക്കൻ ഫസൽ ഹാജി എന്ന എൻ്റെ കാരണവരുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് ഞാൻ.  ആ വിയോഗം അനാഥമാക്കിയത് ആ കുടുംബത്തെ മാത്രമല്ല, അയൽവാസികളും സുഹൃത്തുക്കളും കുടുംബങ്ങളും പ്രസ്ഥാന ബന്ധുക്കളും നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും അഗതി - അനാഥ മക്കളും ദീനിസ്ഥാപനങ്ങളും അദ്ദേഹം സ്നേഹിച്ച, അദ്ദേഹത്തെ സ്നേഹിച്ച നൂറു കണക്കിന് ഉലമാക്കളും സാദാത്തുക്കളും ആ വേർപാടിൻ്റെ അനാഥത്വം ഏറ്റുവാങ്ങിയവരാണ്.നന്നെ ചെറുപ്പത്തിലെ ഞാൻ കാണുന്ന ഫസൽ കാക്ക വളരെ ഊർജസ്വലനും ഫുട്ബോൾ കളിക്കാരനായിരുന്നു. എൻ്റെ തറവാട് വീടിനു മുന്നിലൂടെയായിരുന്നു അവർ വഴി നടന്നിരുന്നത്. നടന്നിരുന്നത് എന്ന് പറയാൻ പറ്റില്ല, ഞാൻ കാണുമ്പോഴൊക്കെ മൂപ്പർ ഓട്ടമായിരുന്നു. വീട്ടിൽ നിന്ന് തുടങ്ങുന്ന ഓട്ടം കുറ്റൂരങ്ങാടിയിലേ നിൽക്കൂ. വളരെ ചെറുപ്പത്തിൽ പ്രവാസ ജീവിതം തെരെഞ്ഞെടുത്തു. നാല് പതിറ്റാണ്ടോളം നീണ്ടു പോയി സൗദിയിലെ ബിസിനസ് ജീവിതം.(പ്രവാസി സുഹൃത്തുക്കൾ ആ ഭാഗം അനുസ്മരിക്കും എന്ന് കരുതുന്നു) അക്കാലത്തും നാട്ടിലെ ദീനി സ്ഥാപനങ്ങൾക്ക് അത്താണിയായി നിലകൊണ്ടു. കുറ്റൂർ ടൗൺ മസ്ജിദും ഹുജ്ജത്ത് മദ്രസയും അദ്ദേഹം നട്ടുനനച്ച എത്രയോ സന്ദർഭങ്ങൾ നേരിട്ടറിയാം. പിന്നീട് അൽ ഹുദ സ്ഥാപനങ്ങൾ, ഊക്കത്ത് മസ്ജിദ്, മസ്ജിദുനൂർ .. ഈ സ്ഥാപനങ്ങൾക്കെല്ലാം തണൽ നൽകിയ വടവൃക്ഷമാണ് വിടപറഞ്ഞത് .  അൽഹുദ യിൽ എന്തൊരാവശ്യം വന്നാലും ഞങ്ങളുടെ മനസ്സിൽ ആദ്യം ഉയരുന്നത് ഫസൽ ഹാജിയുടെ പേരാണ്. നന്മയുടെ ആ വാതിലുകൾ എപ്പോഴും തുറന്ന് തന്നെ കിടന്നിരുന്നു. അത് പോലെ അയൽനാടുകളിലെ ഒരു പാട് മതപഠനകേന്ദ്രങ്ങളുമായി ആത്മീയ ബന്ധം നിലനിർത്തി അതിരില്ലാത്ത സഹായങ്ങൾ നൽകി .മതപഠന ക്ലാസ്സുകൾ ഏത് നാട്ടിലുണ്ടായാലും വണ്ടിയെടുത്ത് സുഹൃത്തുക്കളെ കൂട്ടി സുബ്ഹിക്ക് തന്നെ പുറപ്പെടും. സ്ഥിരമായി മുടങ്ങാതെ പങ്കെടുക്കും. ഒരു പാട് പണ്ഡിതരെയും പ്രഭാഷകരെയും പരിചയപ്പെട്ട് അവരുമായി നിത്യ സമ്പർക്കം കാത്ത് സൂക്ഷിച്ചു. നമ്മുടെ സ്ഥാപനങ്ങളിൽ പ്രഭാഷണത്തിനായി അവരെ കൊണ്ടുവന്നു.എപ്പോൾ കണ്ടാലും ഓരോ ആലമീങ്ങളെയും സ്ഥാപനങ്ങളെയും പറ്റിയായിരുന്നു നമ്മോട് ചർച്ച. തികഞ്ഞ രാഷ്ട്രീയ ബോധവും അർപ്പണവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ തൻ്റെ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഏതാണ്ട് ഒരു പകൽ മുഴുവൻ വീടുകൾ കയറിയിറങ്ങി ചെറുപ്പക്കാരുടെ കൂടെ സ്ക്വാഡ് വർക്കിന് ഉണ്ടായിരുന്നു. മരിക്കുന്നതിന് തലേന്നിൻ്റെ തലേ രാത്രി അൽ ഹുദയിൽ മർഹും. PK അബ്ദു റഹിം മുസ്ലിയാരുടെ അനുസ്മരണ സദസ്സിൽ എൻ്റെ തൊട്ടടുത്തിരുന്ന് ഒരു പാട് കാര്യങ്ങൾ സംസാരിച്ചു. ഒരു പണ്ഡിതൻ്റെ പേര് പറഞ്ഞിട്ട് അദ്ദേഹത്തെ അടുത്ത് തന്നെ ഒരു പ്രഭാഷണത്തിന് നമുക്ക് ക്ഷണിക്കണമെന്ന് പറഞ്ഞു. റബ്ബിൻ്റെ വിധിയെന്ന് പറയട്ടെ.. ആ പണ്ഡിതനെ ഇന്ന് ഫസൽ ഹാജിയുടെ അനുസ്മരണത്തിന് അൽ ഹുദയിലേക്ക് ഞങ്ങൾ ക്ഷണിച്ചിരിക്കുന്നു.വീട്ടിൽ വെച്ചും ഊക്കത്ത് ജുമാ മസ്ജിദിൽ രണ്ട് തവണയായും ജനാസ നിസ്കരിച്ചത് ആയിരങ്ങളാണ്. വമ്പിച്ചൊരു ജനാവലി ഖബറടക്ക ചടങ്ങിലും സംബന്ധിച്ചു. പതിനായിരങ്ങൾ പ്രത്യേകം പ്രാർത്ഥന നടത്തി.
റഹ്മാനായ നാഥാ.. ഒരു പാട് നന്മകൾ പൂത്തുലഞ്ഞ ആ തണൽമരത്തെ നീ നേരത്തെ തിരികെ വിളിച്ചു. പ്രവിശാലമായ നിൻ്റെ കാരുണ്യം കൊണ്ട് അദ്ദേഹത്തെ പൊതിയേണമേ.. അവരുടെ ഹസനാത്തുകൾക്ക് നൂറിരട്ടി സവാബ് നൽകേണമേ.. സയ്യിആത്തുകൾ മാപ്പാക്കണേ... ഞങ്ങളെയെല്ലാം അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ - ആമീൻ

 ✍🏻 മുഹമ്മദ് കുട്ടി അരീക്കൻ
----------------------------------------------------------------------------------------------------------


പ്രായഭേദമന്യേ ഏവർക്കും പ്രിയങ്കരൻ

അരീക്കൻ ഫസൽ ഹാജി, എന്റെ എളാപ്പ, നാട്ടുകാരുടെ ഫസലാക്ക കഴിഞ്ഞ ഞായറാഴ്ച്ച ആകസ്മികമായി നമ്മോട്‌ വിടപറഞ്ഞു. മരണത്തിന് അകാലമോ ആകസ്മികതയോ ഒന്നും പറയാവതല്ലെങ്കിലും ചിലപ്പോൾ അങ്ങനെ പറയേണ്ടി വരുന്നു. പ്രത്യേകിച്ച്, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ നമുക്കിടയിൽ സജീവതയോടെ ജീവിക്കുന്നവർ പെട്ടെന്ന് രംഗമൊഴിയുമ്പോൾ... അത് നമ്മുടെ ദുഃഖം ഇരട്ടിയാക്കുകയും ചെയ്യുന്നു. നാട്ടുകാർ ഏവർക്കും സുപരിചിതൻ, ഏറെ സംസാരപ്രിയനും. അതിൽ അതിർവരമ്പുകൾ കോറിയിട്ടില്ല, ആരേയും അവഗണിച്ചുമില്ല. വലിപ്പവും ചെറുപ്പവും നോക്കിയില്ല, പ്രായം പരിഗണിച്ചില്ല. ചിരിയോടെ വർത്തമാനങ്ങൾ ഒഴുകി വന്നു. കളിയും കാര്യവും, മതവും രാഷ്ട്രീയവും കുടുംബവും സമൂഹവും... എല്ലാം ഇടകലർന്ന് പരന്നൊഴുകി ! ഒരു മുഷിപ്പുമില്ലാതെ കേട്ടിരിക്കാൻ മാത്രം നിഷ്കളങ്കമായിരുന്നു അവയെല്ലാം. ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിലുള്ള പ്രാവീണ്യം അത്ഭുതപ്പെടുത്തുന്നതാണ്. അറിയാത്തവരെ ചോദിച്ചറിയും. അറിഞ്ഞവരെ പിന്നെ മറക്കില്ല. പരിചയം അതെവിടെക്കണ്ടാലും പുതുക്കും. അങ്ങിനെ നാട്ടിൽ മാത്രമൊതുങ്ങാത്ത മികച്ചൊരു സൗഹൃദവലയത്തിനുടമയായിരുന്നു. അതിൽ പ്രശസ്തരായ പണ്ഡിതരും സാദാത്തീങ്ങളും രാഷ്ട്രീയ നേതാക്കളും സംഘടനാ പ്രവർത്തകരും വലിയ വലിയ സ്ഥാപന നടത്തിപ്പുകാരും ഉൾപ്പെട്ടു. ഈ പരന്ന ബന്ധത്തിന്റെ നേർസാക്ഷ്യമായിരുന്നു, ജനാസ സന്ദർശനത്തിലും നമസ്കാരത്തിലും പങ്കെടുത്ത ജനബാഹുല്യം വിളിച്ചോതിയത്. അവസാനം വരെ ഇടപെടുന്ന കാര്യങ്ങളിലെല്ലാം സജീവമായിരുന്നു. അത് കൊണ്ടാവണം പ്രിയപ്പെട്ടവരെല്ലാം എല്ലാ വിഷയങ്ങളിലും ആ സാന്നിദ്ധ്യം കൊതിച്ചതും. വിശ്വസിച്ച മത രാഷ്ട്രീയ കാര്യങ്ങളിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. സമയവും സമ്പത്തും ശരീരവും അതിനായി വിനിയോഗിച്ചു. നിലപറമ്പിലൂടെ സഞ്ചരിച്ച പ്രാസ്ഥാനിക പ്രയാണങ്ങൾക്കെല്ലാം അദ്ദേഹത്തിന്റെ വീടെന്നും വേദിയായി പരിണമിക്കുകയും ചെയ്തു.പ്രവാസം പലരേയും നാട്ടിൽ അന്യരാക്കിയിട്ടുണ്ട്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട അന്യദേശവാസത്തിനിടയിലും ഫസൽ ഹാജി സുപരിചിതനായിത്തന്നെ നിലകൊണ്ടു.മടിപിടിച്ചിരിക്കുന്ന ഒരു പ്രകൃതം അദ്ദേഹത്തിൽ കണ്ടിട്ടില്ല. പ്രവാസത്തിന്റെ ഇടവേളകളിലും അദ്ധ്വാന ശീലം കൈവെടിഞ്ഞില്ല. കാലത്തിനനുസരിച്ച് വീടും പരിസരവും മോടി കൂട്ടി അപ്ഡേറ്റഡ് ആകാൻ എന്നും കൊതിച്ചു. ഉച്ചക്ക് മുമ്പ് വീട് സന്ദർശിച്ചാൽ വിയർപ്പിൽ കുളിച്ച എളാപ്പയെ കാണാം. നല്ലപാതിയോടൊപ്പം പച്ചക്കറി കൃഷിയിൽ വ്യാപൃതനായിരിക്കും. മാതൃകാകുടുംബത്തിന്റെ മഹനീയ ചിത്രം അത് മനസ്സിൽ നിറക്കും. അറേബ്യയിലെ 'ജെർജീർ' ഇലയൊക്കെ വിളയിച്ച് അഭിമാനത്തോടെ കാണിച്ച് തന്നു.ഉറ്റ ചങ്ങാതിമാർക്കും നീണ്ടകാലത്തെ ബിസിനസ്സ് പങ്കാളികൾക്കും നല്ലതേ അദ്ദേഹത്തെക്കുറിച്ച് എന്നും പറയാനുണ്ടാകൂ. 
സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ..
പിഴവുകൾ പൊറുത്ത് കൊടുക്കട്ടെ...
സ്വർഗ്ഗവാസികളിൽ അദ്ദേഹത്തേയും നമ്മേയും ഉൾപ്പെടുത്തട്ടെ - ആമീൻ 

 ✍🏻 അബ്ദുൽ ജലീൽ അരീക്കൻ
----------------------------------------------------------------------------------------------------------

മനസ്സലിവുള്ള നിഷ്കളങ്കനായ വെക്തിത്വം

ഇന്ന് തത്തമ്മക്കൂട്ടിൽ  അനുസ്മരിക്കുന്ന എന്റെ എളാപ്പ ഫസൽ ഹാജിയെ കുറിച്ച്  എഴുതുമ്പോൾ വളരെയധികം വിഷമം തോന്നുന്നു. കാര്യമായ ആരോഗ്യ പ്രശനങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ  പെട്ടെന്നുള്ള വിയോഗം വിശ്വാസിക്കാനുവുമായിരിന്നില്ല.ഉപ്പയും  അദ്ദേഹവും ജേഷ്ടാനുജൻമാരുടെ മക്കളാണെങ്കിലും സ്വന്തം സഹോദരൻമാരെ പോലെയായിരിന്നു മരണം വരെ കഴിഞ്ഞിരുന്നത്. 'ഫസ് ലോ’എന്ന് നീട്ടി വിളിക്കുന്ന ഉപ്പയേയും എല്ലാ കാര്യങ്ങളും  കൂടിയാലോചിച്ച് സ്നേഹപൂർവ്വം സംസാരിച്ചിരിക്കുന്ന ഫസലളാപ്പയെയുമാണ് കുട്ടിക്കാലം മുതൽ കാന്നുന്നത്. കുടുംബ വീടുകളിലും താനുമായി അടുപ്പമുള്ളിടത്തൊക്കെ ദീർഘനേരം സംസാരിച്ചിരിക്കുന്ന അദ്ദേഹത്തെയാണ് അന്ന് മുതൽ കണ്ട് വരുന്നത്. ചെറിയവർ വലിയവർ എന്ന വിത്യാസമില്ലാതെ ഒരു വലിയ സൗഹൃദവലയം ആദ്ദേഹത്തിന് ആദ്യമേ ഉണ്ടായിരുന്നു. സയ്യിദൻമാരോടും,പണ്ഡിതൻ മാരോടും വലിയ ബഹുമാനമായിരിന്നു. അവരുടെ പ്രഭാഷണങ്ങൾ ആദ്യവസാനം വരെ ഇരുന്ന് കേൾക്കും. തന്റെ പ്രസ്ഥാനത്തിന്റെ ചെറുതും വലുതുമായ നേതാക്കളോട്  അടുത്ത് ഇടപഴകുന്നതിലും സഹകരിക്കുന്നതിലും വലിയ ആവേശമായിരിന്നു.സ്പോർട്സിലും ഫുട്ബോൾ കളിയിലും അമിതാവേശമായിരുന്നു. ഫുട്ബോൾ കളിക്കാരെ കണ്ടാൽ ലോക കപ്പ് മുതൽ നാട്ടിലെ ടീമുകളെ കളികളെ കുറിച്ചൊക്കെ സംസാരിച്ച്  കൊണ്ടിരിക്കും.അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പെരുമാറ്റവും,എല്ലാവരോടും ചിരിച്ചും തമാശകൾ പറഞ്ഞും  സ്നേഹപൂർവ്വം  കയ്യിൽ പിടിച്ചും,തോളിൽ കൈവെച്ചു സംസാരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതവും,ദീനീ സ്ഥാപനങ്ങൾക്കും ചാരിറ്റിക്കും  കൈയ്യയഞ്ഞുള്ള സഹകരണവും,പ്രയാസങ്ങളുമായി വരുന്നവരോടുള്ള അനുകമ്പയുമാവാം സ്വദേശത്തും,വിദേശത്തും അദ്ദേഹത്തെ എല്ലാവരുടേയും ഇഷ്ടക്കാരനാക്കിയത്. 93 ൽ ഞാൻ ജിദ്ദയിൽ എത്തുമ്പോൾ ഒരു മകനെ പോലെ കണ്ട് എല്ലാ സഹായങ്ങളും  ചെയ്ത് തന്നതും വർഷങ്ങളോളം ജോലി ഒന്നും ശരിയാതെ വന്നപ്പോൾ വേവലാതിപൂണ്ടതും,എന്റെ വീഴ്ചകൾക്ക്  വഴക്ക് പറയലും എല്ലാം അദ്ദേഹമായിരിന്നു.എല്ലാം കലങ്ങി തെളിഞ്ഞു ഞാൻ ചെറിയ ബിസിനസ്സിലേക്ക് തിരിഞ്ഞപ്പോൾ വലിയ സന്തോഷമായിരിന്നു. ഞാൻ ഏറ്റവും കൂടുതൽ സന്ദർശിച്ചത് അദ്ദേഹത്തിന്റെ ജാമിഅയിലുള്ള കടയിലായിരിക്കും.ചെല്ലു മ്പോഴൊക്കെ ബ്രോസ്റ്റോ,താമിയ സാന്റ്വിച്ചോ കഴിക്കാതെ വിടില്ല. എപ്പോഴും ഫോൺ വിളിക്കും.നാട്ടുകാർക്കോ കുടുംബത്തിലോ ആർക്ക് അസുഖം വന്നാലും മരണപെട്ടാലും ആദ്യം വിളിച്ച് പറയൽ അദ്ദേഹമായിരിന്നു.മയ്യിത്ത് നിസ്കാരത്തിന്റെ സ്ഥലവും സമയവും വിളിച്ച് പറയും.1977ലാണ് ആദ്യമായി സൗദിയിൽ വരുന്നത്  ആ കാലഘട്ടത്തിൽ  ജിദ്ദയിലെ പ്രയാസമേറിയ സാഹചര്യങ്ങൾ  പിന്നീട് വന്നവരോട് വിശദമായി പറഞ്ഞ് കൊടുക്കും പുതിയ തലമുറ അത് ഉൾക്കൊള്ളാത്തതിൽ  പലപ്പോഴും പരിതപിക്കാറുണ്ട്. 2017  വരെ 40 വർഷത്തോളം ജിദ്ദയിൽ ഉണ്ടായിരുന്നു.77 ലെ കാര്യങ്ങൾ പറയുമ്പോൾ ഞാനൊക്കെ കേട്ടിരിക്കും അരീക്കൻ മുഹമ്മദാജി [MMമലബാരി ] നാട്ടിൽ വന്നപ്പോൾ ജിദ്ദയിലെ ജോലി സാധ്യതകൾ പറഞ്ഞ് കപ്പലിന് പണം കെട്ടിക്കാളി എന്ന ഉപദേശം കൊടുത്തു ഇത് കേട്ട് കുറ്റൂരിൽ നിന്ന്  ഒര് പാട് ആളുകൾ കപ്പലിന് പണം കെട്ടി. ഫസലെളാപ്പ ഒന്നാം കപ്പലിൽ തന്നെ പോയി.മുഹമ്മദിയ്യ,നൂർജഹാൻ, MV അക്ബർ എന്നീ  മൂന്ന് കപ്പലുകൾ 11 ട്രിപ്പായിരിന്നു ആ വർഷം അടിച്ചിരുന്നത് .  ഏകദേശം പതിനൊന്ന് ദിവസത്തെ കപ്പൽ യാത്ര കുളിക്കാൻ ഉപ്പ് വെള്ളവും തേക്കാൻ പ്രത്യേക തരം സോപ്പ്. കുടിവെള്ളം കഴിഞ്ഞാൽ ഏദനിൽ അടുപ്പിച്ച് വെള്ളം നിറക്കും. മെഷീൻ ഇല്ലാത്തതിനാൽ ഭക്ഷണത്തിനുള്ള മാവ് ചവിട്ടി കുഴക്കും. ഇങ്ങിനെയൊക്കെ യായിരുന്നു അന്നത്തെ കപ്പലിലെ അനുഭവങ്ങൾ. ജിദ്ദയിലെ കരിന്തനയിലാണ് കൂടെ വന്നവരിൽ അധിക ആളുകളം നിന്നിരുന്നത്. MM മലബാരിയുടെ ആസ്ഥാനവും ഇവിടെയായിരിന്നു. എല്ലാവർക്കും   ബലദിയയിൽ ജോലി കിട്ടി 75 ൽ എത്തിയ അരീക്കൻ ബീരാൻ ഹാജിയായിരുന്നു ഇവരെ ജോലിയിൽ കയറ്റാൻ മുന്നിൽ മുദീറായി നിന്ന് സഹായിച്ചിരുന്നത്.ആദ്യകാല താമസം കരിന്തനയിൽ ബലദിയയുടെ ടെന്റിലായിരുന്നു. കഴുത വണ്ടിയിൽ വരുന്ന വെള്ളമായിരുന്നു ടെന്റിൽ കിട്ടിയിരുന്നത്. വെളിക്കിറങ്ങാൻ കിണ്ടിയിൽ വെള്ളവുമായി ഒഴിഞ്ഞ സ്ഥലത്തക്ക് പോവും. ആ കാലഘട്ടത്തിൽ  നാട്ടിലും കക്കൂസുകൾ വ്യാപകമല്ലാത്തത് കൊണ്ട് പ്രയാസമുണ്ടായിട്ടുണ്ടാവില്ല .ടെന്റിൽ a/c ഒന്നും ഉണ്ടായിരുന്നില്ല ചൂട് കാരണം നിറുത്തി ഇട്ട ട്രൈലറിൽ കാറ്റ് കൊണ്ട് കിടന്നുറങ്ങലാണ് എല്ലാവരും ചെയ്യാറ്.ആദ്യം ജോലിയിൽ കയറിയവർക്ക് 1106 റിയാലും പിന്നീട് വന്നവർക്ക് 950 റിയാലുമാണ് ശമ്പളം  കിട്ടിയിരുന്നത്.അന്ന് 1000 റിയാലിന് 2500 രൂപയാണ് വിനിമയ നിരക്ക്.ഒരു പവന് 400 രൂപ.77/78 ൽ വന്ന  സ്കൂൾ മാഷുടെ ശമ്പളം 180 രൂപ. 77 ന് മുമ്പ് കുറ്റൂരിൽ സെന്റിന് ശരാശരി 500 രൂപ  77 ന് ശേഷം ഗൾഫ് ഡ്രാഫ്റ്റ് വരവാടെ ഭൂമിക്ക് വില കൂടൽ തുടങ്ങിയത്.ജിദ്ദയിലെ മതാർ ഗദീമിൽ പോസ്റ്റ് ഓഫീസിൽ പോയി ഡ്രാഫ്റ്റ്  രജിസ്റ്റർ ചെയ്ത് അയക്കലാണ് പതിവ്. നാട്ടിലാണെങ്കിൽ കുറ്റൂർ പോസ്റ്റാഫിസിലേക്ക് വരുന്ന പോസ്റ്റുമാന്റെ കൂടെ ചെറിയ പ്രകടനം പോലെ നിര നിരയായി ആളുകൾ വരും  തലേന്ന് കത്ത് വന്നവരും ഡ്രാഫ്റ്റ് വരാൻ പ്രതീക്ഷയില്ലാത്തവർ പോലും പോസ്റ്റ് ഓഫീസിൽ വന്ന് നിൽക്കും ദാരിദൃത്തിൽ നിന്ന് നാടും വീടും  പതിയെ പതിയെ നടന്നു നീങ്ങുന്നത് കാണുമ്പോഴുള്ള മനസംതൃപ്തിയായിരുന്നു അവിടെ വന്നു നിൽക്കുന്ന മുഖത്ത്  ചുളിവും തലയും,പുരികവും നിരച്ച കഠിനാധ്വാനികളായ വല്യുപ്പമാർക്കുണ്ടായിരുന്നത്.സൂപ്പർ മാർക്കറ്റുകൾ ഒന്നുമില്ലാത്ത കാലം പച്ചക്കറി സുലഭമായി കിട്ടാറില്ല.ടബ്ബ തക്കാളി,തൂന,തൈര് കാച്ചിയത് ,മോശം സ്മല്ലുള്ള ഇന്ത്യൻ അരി വെച്ചുള്ള ചോറ്,ഈച്ച ശല്യത്തിൽ ഇരുന്ന് കഴിക്കും.രണ്ട് വർഷം കഴിഞ്ഞ്  അരീക്കൻ മലബാരിയുടെ സൂപ്പർമാർക്കറ്റ് വന്നു.കിലോ രണ്ടിൽ സർവാത്ത് സൂപ്പർമാർക്കറ്റ് വന്നു.കുറഞ്ഞ കാലം ഫസലളാപ്പ കരിന്തനയിൽ നിന്നിട്ടൊളളൂ ഫിലിപ്സിലുള്ള മതഅം ഷിഫയിലേക്ക്  ജോലി മാറി. താമസം  കരിന്തിന റൂമിലേക്ക് മാറി.ബൈക്കിൽ കാഞ്ഞീരപ്പറമ്പൻ കുഞ്ഞയ്മുദു കാക്കയുടെ കൂടെ ജോലിക്ക് പോവുമ്പോൾ സൗദിയുടെ കാർ തട്ടി രണ്ട് പേർക്കും പരിക്ക് പറ്റി.അവിടെ ഉണ്ടായിരുന്ന mp മൊയ്തീൻ ഹാജി താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി ബീരാൻ ഹാജിയേയും മലബാരിയേയും വിവരം അറിയിച്ചു. മലബാരി വന്നു ഇടിച്ച കാറിലെ സൗദിയുമായി സംസാരിച്ചു. ഫസലളപ്പാക്ക് കാലിന് വളവ് വന്നിട്ടുണ്ടായിരിന്നു.നാടൻ കെട്ട് കെട്ടാം എന്ന അഭിപ്രായമുണ്ടായി തൊണ്ണൂറ് വയസ്സോളമായ നാടൻ വൈദ്യനാണ് കെട്ട് കെട്ടിയത്.സൂക്കുൽയമനിൽ നിന്ന് മുളയും തുണിയും മൈക്രോകോൺ എന്ന ചുവന്ന സാധനവും വാങ്ങി ചായപ്പൊടിയും ഇട്ട് കെട്ടി റൂമിൽ  കിടത്തി.മലബാരി ഭക്ഷണവും ജ്യൂസും എത്തിച്ച് കൊടുക്കും.15 ദിവസം കഴിഞ്ഞിട്ടും വേദന മാറാത്തതിനാൽ ദാറുഷിഫാ ഹോസ്പിറ്റലിലേക്ക് മാറ്റി KP മുഹമ്മദ് കുട്ടി സാഹിബ് അവിടെ ജോലിക്ക് കയറിയ സമയം  4 മണിക്കൂർ നീണ്ട സർജറി.12 റിവിറ്റ് ഇട്ടിരിന്നു. നാല്ദിവസം കൊണ്ട് ഹോസ്പിറ്റൽ വിട്ടു  അന്ന്  പതിനാറായിരം റിയാൽ ബില്ല് വന്നു ഇതറിഞ്ഞ മലബാരി ഹോസ്പിറ്റൽ വന്നു കാശ്  അദ്ദേഹത്തിന്റെ തലയണക്കടിയിൽ വെച്ച് പോകുകയായിരിന്നു.അദ്ദേഹത്തിന്റെ ഉപ്പ ഹസ്സൻ കുട്ടി ഹാജിയോടുള്ള ബന്ധം കൊണ്ട് വലിയ ഇഷ്ടമായിരിന്നു  ഫസലളാപ്പയെ. "അത്തൻകുട്ട്യാജിന്റെ" ഫസലു എവിടെ എന്ന് നാട്ട് കാരെ കണ്ടാൽ MMമലബാരി ചോദിക്കുമായിരുന്നു. ആക്സിഡെന്റിന് ശേഷം ജാമിഅയിൽ ബ്രാസ്റ്റും,ബൂഫിയയും പാർട്ട്ണർഷിപ്പിൽ തുടങ്ങി. നല്ല ബിസ്നസ്സായിരിന്നു ഇന്നും കച്ചവടത്തിന് ചെറിയ മാറ്റമുണ്ടായങ്കിലും സ്‌ഥാപനം ജോലിക്കാർക്ക് നടത്തിപ്പിനു വിട്ടു കൊടുത്തു നിലനിർത്തുന്നു. ഫസലളാപ്പയും 78ൽ വന്ന മലയിൽപറമ്പൻ മൊയ്തീൻ ഹാജിയിൽ നിന്നുമൊക്കെ കേട്ടറിവുകൾ ഓർമ്മയിൽ നിന്ന് എടുത്ത് എഴുതിയതാണ്.പിശകുണ്ടെങ്കിൽ കൂട്ടിൽ കണ്ടു അനുഭവമുള്ള സീനിയർ ആളുകൾ ധാരാളമുണ്ട് തിരുത്തുക. എന്ത് നല്ല കാര്യത്തിനും  മുന്നിൽ നിൽക്കുന്ന,തന്റെ വിഹിതം  രണ്ടാമത് ചോദിപ്പിക്കാതെ ഇങ്ങാട്ട് കൊണ്ട് തന്നിരുന്ന, സ്ഥാനമാനങ്ങളിൽ താൽപര്യമില്ലാതെ,പണ്ഡിതരേയും ദീനിപ്രവർത്തകരേയും  തന്റെ  പ്രസ്ഥാനത്തേയും സ്ഥാപനങ്ങളേയും മനസ്സറിഞ്ഞ് സ്നേഹിച്ച അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ, വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ - ആമീൻ

 ✍🏻 അബ്ദുൽ ലത്തീഫ് അരീക്കൻ
----------------------------------------------------------------------------------------------------------

അടുത്തൊരു പ്രഭാഷണത്തിന് നമുക്ക് അദ്ദേഹത്തെ വിളിക്കാം

ഫസലാക്കയുമായുള്ളത് കാലങ്ങളായുള്ള ബന്ധമാണ്.പ്രവാസത്തിൻ്റെ ഇടവേളകളിൽ നിന്നാണ് കണ്ട് തുടങ്ങുന്നത്.നാട്ടിൽ അദ്ദേഹം വന്നെന്നറിയുന്നത് ഏതെങ്കിലും ദീനീ സദസ്സുകളിലെ സാന്നിധ്യം വഴിയാവും.
മത-രാഷ്ട്രീയ വേദികളുടെ നല്ലൊരു കേൾവിക്കാരനായിരുന്നു ഫസലാക്ക.നാട്ടിലും അയൽ പ്രദേശങ്ങളിലും നടക്കുന്ന മിക്ക പരിപാടികളിലും അതീവ താൽപ്പര്യത്തോടെ പങ്കെടുത്തൊരാൾ.ആ പോക്കിലും വരവിലും അയൽവാസികളും നാട്ടുകാരുമായി പലരുമുണ്ടാവും.പണ്ഡിതൻമാരുമായും സാദാത്തുക്കളുമായും വിപുലമായ ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മീയമജ്ലിസുകളിൽ പങ്കെടുത്താൽ അതിന് നേതൃത്വം നൽകിയ പണ്ഡിതരുമായി പരിചയം പുതുക്കാതെയോ ദുആ വസിയ്യത്ത് ചെയ്യാതെയോ അദ്ദേഹം തിരിച്ച് പോന്നിരുന്നില്ല. പല നാടുകളിലും നടക്കുന്ന മത വൈജ്ഞാനിക പരിപാടികളിലും മറ്റും പ്രചോദനം ഉൾക്കൊണ്ട് സ്വന്തം നാട്ടിൽ അവ സംഘടിപ്പിക്കാനും അദ്ദേഹം വല്ലാത്ത താൽപ്പര്യം കാട്ടി. അൽഹുദ കേന്ദ്രമായി നടന്ന് വന്നിരുന്ന ദീനീ മജ്ലിസുകൾക്ക് പിന്നിലെല്ലാം ഫസലാക്കയുടെ പ്രചോദനങ്ങളും പ്രയത്നങ്ങളുമുണ്ടായിരുന്നു. ജീവിതത്തിൻ്റെ നല്ല പങ്കും പ്രവാസി ആയിട്ടും സ്വന്തം നാട്ടിലും ചുറ്റുവട്ടങ്ങളിലും അദ്ദേഹത്തിന് നന്നായി ഇടപഴകാനായി.പരന്ന സൗഹൃദങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന സമ്പാദ്യങ്ങൾ. അതിന് പ്രായ വിത്യാസങ്ങളോ സാമ്പത്തിക പരിഗണനകളോ ഉണ്ടായിരുന്നില്ല. ഒരിക്കൽ പരിചയപ്പെട്ടവരെ ഒരിക്കലും അദ്ദേഹം മറന്നില്ല.ചെറുപ്പകാലത്ത് ഫസലാക്ക നല്ലൊരു ഫുട്ബോൾ പ്ലെയറായിരുന്നു എന്ന് പലരിൽ നിന്നും അറിഞ്ഞിട്ടുണ്ട്. അന്നത്തെ കളിക്കമ്പത്തിൻ്റെ കഥകൾ ഫസലാക്കയിൽ നിന്ന് തന്നെ പലകുറി കേട്ടിട്ടുമുണ്ട്. തമാശകളെ അദ്ദേഹം നന്നായി ആസ്വദിച്ചു.നാട്ടിലെ പല പൊതു സംരംഭങ്ങൾക്കുമായി അദ്ദേഹത്തിൻ്റെ അടുക്കൽ എത്രയോ തവണ പോയി. ഫണ്ട് തന്ന് സഹായിക്കുക മാത്രമല്ല ആ സംരംഭങ്ങളെ കുറിച്ച് കൃത്യമായ അഭിപ്രായങ്ങളും അന്വേഷണങ്ങളും ഫസലാക്കയിൽ നിന്നുണ്ടാവും. എന്തെങ്കിലും കാര്യം തീരുമാനിച്ചാൽ അത് തീരുന്നത് വരെ വിളിച്ച് കൊണ്ടിരിക്കും. പ്രായത്തിൻ്റെ മാറ്റം പെരുമാറ്റത്തിൽ വരാത്ത കാരണവൻമാരിലൊരാൾ എന്ന നിലയിലാണ് ഫസലാക്കയെ കുറിച്ച ഓർമ്മകൾ മനസ്സിൽ തെളിയുന്നത്. എല്ലാ നന്മകളെയും അദ്ദേഹം മനസ്സറിഞ്ഞ് ചേർത്ത് പിടിച്ചു. പൊതു ഇടങ്ങളിലുള്ളവർക്ക് കിട്ടുന്ന നല്ല വാക്കുകൾ വലിയ ആത്മധൈര്യമാണ്.പലതും ഓർമ്മപ്പെടുത്താനും അന്വേഷിക്കാനും ആളില്ലാതാവുന്ന കാലത്ത് ഫസലാക്കയെ പോലോത്ത കൈത്താങ്ങുകൾ ഇല്ലാതാവുന്നത് വലിയൊരു നഷ്ടം തന്നെയാണ്. മരിക്കുന്നതിൻ്റെ കൃത്യം രണ്ട് ദിവസം മുമ്പ് അദ്ദേഹം കൂടി താൽപ്പര്യമെടുത്ത് അൽഹുദയിലൊരു ചടങ്ങ് സംഘടിപ്പിരുന്നു. ചടങ്ങ് നടക്കുന്നതിനിടയിൽ വീട്ടിൽ നിന്ന് എന്തോ അടിയന്തിരാവശ്യത്തിനായി അദ്ദേഹത്തിനൊരു വിളി വന്നു. എൻ്റെ ചെവിയിൽ കാര്യം പറഞ്ഞ് അദ്ദേഹം അവിടെ നിന്നിറങ്ങി. പരിപാടിയൊക്കെ നല്ല രീതിയിൽ പര്യവസാനിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ എൻ്റെ ഫോൺ റിംഗ് ചെയ്യുന്നു. നോക്കുമ്പോൾ ഫസലാക്ക തന്നെ.കാര്യങ്ങളൊക്കെ നല്ല രീതിയിൽ കഴിഞ്ഞില്ലേ. എല്ലാം റാഹത്തായെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വല്ലാതെ ആശ്വാസം കൊള്ളുന്നതായി തോന്നി. അടുത്ത പ്രോഗ്രാമിന് വിളിക്കാൻ ഒരു ഉസ്താദിൻ്റെ പേര് പറഞ്ഞു. ഞാൻ കുറെയായി ആഗ്രഹിക്കുന്നു. 'അടുത്ത പരിപാടിക്ക് ഏതായാലും നമുക്ക് അദ്ദേഹത്തെ വിളിക്കണം'. അത് അവസാനത്തെ ഫോൺ കോളായിരുന്നു. പിന്നെ കേൾക്കുന്നത് ഞെട്ടിക്കുന്ന ആ മരണവാർത്തയാണ്.അദ്ദേഹം കൂടി നട്ടുനനച്ചുണ്ടാക്കിയ അൽഹുദ ഇന്ന് ആ ഓർമ്മകളെ ചമയിക്കുന്നൊരു ചടങ്ങൊരുക്കിയിട്ടുണ്ട്. അവിടെ നമ്മോടൊപ്പം കൂടിയിരിക്കാൻ ഫസലാക്ക കൊണ്ട് വരാൻ  പൂതി പറഞ്ഞ ഉസ്താദ് തന്നെയാണ് വരുന്നത്. 'അടുത്ത പരിപാടിക്ക് നമുക്ക് അദ്ദേഹത്തെ വിളിക്കണം'ഫസലാക്കയുടെ പൂതി പറച്ചിലിൻ്റെ ഓർമ്മ ഇപ്പോഴും ഉള്ളിൽ വന്ന് തറക്കുന്നു.
അള്ളാഹു അവരുടെ പരലോകം സുകൃതങ്ങളാൽ നിറക്കട്ടെ - ആമീൻ 

 ✍🏻 സത്താർ കുറ്റൂർ

----------------------------------------------------------------------------------------------------------

കേട്ടറിഞ്ഞതിനേക്കാൾ കൂടുതൽ  അനുഭവിച്ചറിഞ്ഞത് 


ഫസ്‍ലാക  നിലപറമ്പിൽ താമസിച്ചത് മുതൽ അദ്ദേഹത്തിന്റെ വീടുപണി തൊട്ടാണ്  കൂടുതൽ ഇടപഴകി തുടങ്ങുന്നത് പ്രായത്തിൽ അന്തരം ഉണ്ടങ്കിലും അതിലുപരി അടുത്ത സുഹൃത്തും ആയിരുന്നു സുഹൃത്ത് എന്ന് പറയുന്നത് എത്രത്തോളം ശരിയാകും എന്ന് തോന്നുന്നില്ല ഒരു ജേഷ്ഠന്റെ സ്ഥാനം എന്ന് പറയുന്നില്ല ജേഷ്ഠൻ തന്നെ ആയിരുന്നു 1993 തൊട്ടു സ്ഥിരം ആയി കത്തിടപാടുകളുംനടത്താറുണ്ടായിരുന്നു അതിന് ശേഷം ആദ്യംഞാൻ  സൗദിയിൽ പോകുന്നത് 1996ൽ ആണ് അത് പെട്ടൊന്ന് തിരിച്ചു പോന്നെങ്കിലും  97ൽ വീണ്ടും ഉംറ വിസയിൽ പോയി അതോടു കുടി ആ ബന്ധം കൂടുതൽ അടുപ്പിച്ചു പിന്നീടങ്ങോട്ടാണ് കൂടുതൽ ബന്ധം സ്ഥാപിച്ചത് സംസാരിക്കാൻ തുടങ്ങിയാൽ പഴയ പ്രവാസത്തിന്റെ പല കഥകളും പറഞ്ഞു തുടങ്ങും പിന്നീട് ഞാൻ തിരിച്ചു വന്ന് 2000 ജൂണിൽ 4 ന്  ആണ് വീണ്ടും പ്രവാസി ആകുന്നത് മെയ്‌ 15ന് ആയിരുന്നു കുന്നം പുറം റുബീന ട്രാവല്സില് വിസയും ടിക്കറ്റും റെഡി ആയത് പോകുന്ന വിവരം ഫസല് കാകാട് പറഞ്ഞപ്പോൾ മെയ്‌ 26 കഴിയാതെ പോകാൻ പറ്റൂല എന്റെ മകളുടെ കല്യാണം നീ അറിയില്ലേ കല്ലിയാണം കഴിയാതെ പോകരുത് എന്ന് നിർബന്ധം ട്രാവൽസ്  കുഞ്ഞു നോട്‌ ഇത് എനിക്ക് പറയാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു അത് ഞാൻ പറഞ്ഞപ്പോൾ അത് ഞാൻ ശരി ആകാം പ്രശ്നം ആകേണ്ടതില്ല എന്നും പറഞ്ഞു 
അങ്ങനെ കല്യാണം കഴിഞ്ഞു ഞാൻ പോയി ആറു മാസത്തോളം ഇലക്ട്രീഷ്യൻ വർക് ചെയ്തു നടന്നു അതിനിടയിൽ ആണ് 2001 ജനുവരിയിൽ ഒരു സൈക്കിൾ ഷോപ്പിനെ പറ്റി പലതും സംസാരിക്കുന്നതിനിടയിൽ ചർച്ച വന്നത് എന്നാൽ നിനക്ക് അതിൽ കുടിക്കുടെ എന്ന് ആദ്യം പറഞ്ഞു ധൈര്യം തന്ന വ്യക്തി വിസയുടെ കടം വീടാത്ത ഒരാൾ ഒരു കടയുടെ കാര്യം ചിന്ദിക്കുകയോ പലരോടും ആശയം പറഞ്ഞു ഏതാനും അടുത്ത രണ്ടു മുന്ന് വ്യക്തികൾ നല്ല അഭിപ്രായം പറഞ്ഞു സഹായി  ക്കാനും തയ്യാറായി പലരും പരിഹസിച്ചു  അതിന് അവരെ കുറ്റം പറയാനും പറ്റില്ല വിസയുടെ കടം പോലും വീടാത്ത ഒരാൾ ഇങ്ങനെ ചിന്ദിക്കുമ്പോൾ അതും ശരിയാണ് കയ്യിലുള്ള കാശും മറ്റുള്ളവരിൽ നിന്നും വാങ്ങിയ കാശും കുടി കൂടുമ്പോൾ മുടക്കു മുതലിന്റെ മുന്നിൽ രണ്ടു ഭാഗം ആയി കമ്മിയുള്ള കാശിന്റെ കാര്യം പറഞ്ഞു അത് പ്രശ്നം ആക്കേണ്ട നീ അവർക്ക് വാക്ക് കൊടുത്തോ അത് നമുക്ക് ഉണ്ടാകാം എന്ന് പറഞ്ഞ ആവാക്  ഇത് യെഴുതുമ്പോളും കണ്ണിൽ കാണുന്നു കച്ചവടം തുടങ്ങി പരാജയത്തിൽ ആയിരുന്നു 3 പാർട്ണർമാരിൽ ഒരാൾ മെല്ലെ ഒഴിഞ്ഞു ഇതും ഞാൻ ഒരു ജേഷ്ഠനോട്‌ എന്നോണം ഫസൽ കാകാ നെ അറിയിച്ചു എല്ലാം കേട്ടതിന് ശേഷം ചോദിച്ചു ഇനി എന്താ ചെയ്യേണ്ടത് നിലവിൽ ഉള്ള നിങ്ങൾക് അത് നടത്താൻ കഴിയില്ലേ അറബി സംസാരിക്കാൻ കഴിയാത്ത എനിക്ക് സൈക്കിൾ പണിയും അറിയാത്ത ഞാൻ വീണ്ടും അത് ഏറ്റെടുത്തു അതിനും എനിക്ക് ധൈര്യം തന്നത് ഫസൽ കാക്ക യാണ് ലാഭത്തിൽ ഓടുന്ന ഒരു സ്ഥാപനത്തിന് അല്ല എന്നെ വീണ്ടും സഹായിച്ചത് അതും നഷ്ടം സംഭവിച്ചാൽ തിരിച്ചു കിട്ടാൻ ഒരു മാർഗവും ഇല്ലാത്ത എന്നെ ഒരു കൂടെ പ്പിറപ്പു പോലും സംരക്ഷിക്കാത്ത രീതിയിൽ സഹായിച്ചത് മറക്കാൻ കഴിയാത്ത എന്റെ സ്വന്തം അനുഭവം ആണ് അതു പോലെ പല ഘട്ടങ്ങളിലും ആവശ്യം കണ്ടറിഞ്ഞു യേണ്ടെങ്കിലും ആവശ്യം ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു ജേഷ്ഠൻ ആണ് എനിക്ക് നഷ്ടം ആയത് പല വിഷമ ഘട്ടങ്ങളിലും പല രീതിയിൽ സഹായം കിട്ടിയിട്ടുണ്ട് ആരും പ്രയാസ പ്പെടരുത് എന്ന് ആത്മാർത്ഥ മായി ചിന്ദിക്കുന്ന ഒരു വെക്തി പല അന്യ നാട്ടുകാരും ഫസൽ കാകന്റെ സഹായം പറ്റിയത് എനിക്കറിയാം കടയിൽ ചെന്നാൽ എന്ദെഗിലും ഒന്ന് കഴിപ്പിക്കാതെ വിടാറില്ലായിരുന്ന വേണ്ട എന്ന് പറഞ്ഞാൽ ഒരു നോട്ടം ഉണ്ട് അതിൽ നിന്നും ആ അമർഷം നമുക്ക് മനസ്സിലാകാൻ കഴിയും ഓര്മശക്തിയുടെ കാര്യത്തിൽ അപാരം ആയിരുന്നു അറിവിൽ കാര്യം ആയി ഒരു രോഗവും ഇല്ലാതിരുന്നിട്ടും പെട്ടെന്നുള്ള ആ വിയോഗം വല്ലാതെ മനസ്സിനെ വേദനിപ്പിച്ചി മരിക്കുന്നതിന് രണ്ടാഴ്ച മുന്നെ ഒരു മണിക്കൂറിൽ അധികം സംസാരിച്ച ഇനി നേരിൽ പറയാം ഇന്ഷാ അല്ലാഹ് എന്ന് പറഞ്ഞു പോൺ വെച്ചതാണ് 67വയസ്സ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ഒരു മനസ്സിനുടമ ആയിരുന്നു മരണം നമുക്ക് എല്ലാവർക്കും ഇന്നല്ലെങ്കിൽ നാളെ നമ്മളെയും തേടി എത്തും.അള്ളാഹു ഫസൽ കാകന്റെ കബറിടം വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

 ✍🏻 പരി സൈദലവി

----------------------------------------------------------------------------------------------------------

ഹസൻ കുട്ടി ഹാജിയുടെ ഫസ്‌ലു

ഇങ്ങനെയാണ്   കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ളത്.  ഓർമ്മ വെച്ച മുതൽ അദ്ദേഹം ഗൾഫിലുമാണ്. എന്നാലും നാട്ടിലെത്തിയാൽ ഊക്കത് പള്ളിയിൽ ജുമുഅക്ക്   അകത്തെ പള്ളിയിൽ കാണാം. സ്ഥിരം ഒരേ ഭാഗത്ത് മാത്രമാണ് അദ്ദേഹം   ഇരിക്കലും. പുറത്തു നിന്ന് കാണുമ്പോഴൊക്കെ  തുറന്നു സംസാരിക്കാറുമുണ്ടായിരുന്നു. പിന്നീട് കടന്നു വന്ന  ഒരു കുടുംബബന്ധം കൂടി ആയപ്പോൾ കൂടുതൽ അടുത്തു. തേജസുള്ള മുഖം, പ്രായത്തിനപ്പുറം ഊർജസ്വലതയുള്ള പെരുമാറ്റം, എന്നാലും ഹാജി ഇത്ര പെട്ടെന്നു പോയി മറയുമെന്ന് ഒരിക്കലും കരുതിയില്ല. റബ്ബിന്റെ വിധി അങ്ങനെയാണ്, ജീവിക്കുന്നവർക്ക് ഓർമ്മപെടുത്തലുകളാണ് ഓരോ മരണവും. മറവിയെന്ന മഹാഭാഗ്യമില്ലെങ്കിൽ ആരെയും പിന്നെ പുറത്ത് കാണില്ല, ജീവിതത്തിലെ  പൊള്ളയായ ഇച്ഛകൾ മരണമെന്ന അനിവാര്യത ഓർത്താൽ  മനുഷ്യൻ എത്ര നിസ്സാരൻ. വലിപ്പ ചെറുപ്പമില്ലാതെ   സൗഹൃദ സംഭാഷണം അദ്ദേഹത്തിന്റെ ശൈലിയാണ്, ആർക്കും  അടുത്ത് കൂടാൻ പറ്റിയ വ്യക്തിത്ത്വം. കഴിഞ്ഞ റമളാനിൽ  കുന്നുംപുറത്തെ ഒരു സംരംഭത്തിന്റെ പിരിവ് സംഘത്തിലെ കൂട്ടത്തിൽ ഞാനും വീട്ടിൽ പോയിരുന്നു.  നാട്ടു കാര്യങ്ങളും, രോഗങ്ങളുടെ ആധിക്യവും, ചികിത്സ ബാധ്യതകളും  അദ്ദേഹം  ധാരാളം സമയം ഞങ്ങളുമായി പങ്ക് വെച്ചു. വീട്ടിലെത്തിയ ഞങ്ങൾക്ക് സംഭാവന തന്ന്  സുദീർഘമായ   ചർച്ച ചെയ്താണ് പറഞ്ഞയച്ചത്. അദ്ദേഹത്തെ കുടുംബത്തിനു  ക്ഷമയും, സ്നേഹ ജനങ്ങളോടൊപ്പം നാളെ സ്വർഗത്തിൽ  സംഗമിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ. - ആമീൻ.

 ✍🏻 മുജീബ് പി.കെ

----------------------------------------------------------------------------------------------------------

ഞാൻ കണ്ട ഫസലാക്ക:

ഫസലാക്ക എന്ന് പറയുബോൾ ഏത് ഫസലാക്ക എന്ന് ചോദിക്കാതെ തന്നെ നിലപറമ്പ് ബാഗത്തുള്ളവർക്കൊക്കെ അറിയാം അത് മർഹൂം ഹസ്സൻ കുട്ടി ഹാജിയുടെ ഫസൽകാക്കതന്നെ എന്ന്.അ വിയോഗം കേട്ടപ്പോൾവിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നുകൂടി നോക്കി വായിച്ചു. എന്റെ അനിയൻ റഹീമിന്റെ എഴുത്തായിരുന്നു അത്. ഫസലാക്ക മരിച്ചിരിക്കുന്നു എന്ന വാർത്ത.എന്ത് ചെയ്യാൻ പടച്ചവന്റെ തീരുമാനത്തിൽ ക്ഷമിച് സഹിച്ച് സത്താർ സാഹിബിന്റെ അടുത്ത വെള്ളിയാഴ്ചയിൽ പള്ളി പറമ്പിലേക്കുള്ള പേര് ആരുടേതാവും എന്ന് നാം ഓരോരുത്തരും സ്വയം ഞാനാവും എന്ന് ഓർത്തും ആനിശേതിക്കാനാവാത്ത സത്യത്തെ മറക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ അതാവും ഏറ്റവും നല്ല സുകൃതം.
പ്രായം കൊണ്ട് എന്നെക്കാളും എത്രയോ മുന്നിലാണെങ്കിലും എവിടെ നിന്ന് കണ്ടാലും (അത് വണ്ടിയിലാണെങ്കിലും അല്ലെങ്കിലും) ഒന്ന് നിർത്തി ചിരിച്ചിട്ടെ പോവുമായിരുന്നുള്ളു. എപ്പൊ എന്ത് ചോദിച്ചാലും ഇല്ല എന്ന് പറഞ്ഞിട്ടില്ല. എത്രയാവേണ്ടത് എന്ന് ചോദിച്ച് ചോദിച്ചത് തന്ന് സഹായിക്കുമായിരുന്നു. ആ ചിരിച്ച് കൊണ്ട് ഉള്ള മറുപടിയും സംസാരവും ഒക്കെ മനസ്സിൽ നിന്ന് മായുന്നില്ല , വെള്ളിയാഴചകളിലും മറ്റു വിശേഷ ദിവസങ്ങളിലും സ്വന്തം മാതാപിതാക്കളും കൂട്ടുകുടുംബത്തിൽപെട്ടവരും നാട്ടുകാരും വിശ്രമികുന്ന പള്ളിക്കാട്ടിൽ സെലാം പറഞ്ഞ് കടന്ന് ചെന്ന് അവർക്ക് വേണ്ടി പ്രാർഥിച്ച് മടങ്ങിവരുന്ന ഫസലാക്കയെ നമുക്കി നി കാണാൻ കഴിയൂലല്ലോ എന്നോർ ക്കുബ്ബോൾ വല്ലാത്ത ധുഖവും സങ്കടവും തോന്നുന്നു. എന്ത് ചെയ്യാൻ അവർ മുന്നേ പോയി : പിന്നാലെ നമുക്കും പോവണം. അല്ല : പോയേ പറ്റൂ. ആയാ ത്ര - നല്ല സ്ഥലത്തും നല്ല സമയത്തും പടപ്പിനോടും പടച്ചോനോടും ഉള്ള കടമകൾ ഒക്കെ വീട്ടി ഈ മാനോടെ ആയി തീരാൻ എല്ലാവരും പ്രാർഥിക്കണം എന്ന് ഓർമപെടുത്തുന്നു. ഫസലാക്കാനെയും നമ്മേയും നമ്മിൽ നിന്നും മരണപ്പെട്ടവരേയും പടച്ചതമ്പുരാൻ അവന്റെ സ്വർഗ്ഗത്തിൽ ഒരു മിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ എന്ന് നമുകൊരുമിച്ച് പ്രാർഥി ക്കാം ഇന്നത്തെ പള്ളി പറമ്പിൽ പടച്ച റബ്ബ് ഖബൂലാക്കട്ടെ - ആമീൻ

 ✍🏻 ഹനീഫ പി.കെ

----------------------------------------------------------------------------------------------------------

ദീനി സേവകനായ സഹപ്രവർത്തകൻ

അരീക്കൻ ഫസൽ ഹാജി ഓർമയായി. ഒരു മനുഷ്യൻ്റെ മരണശേഷം എത്ര കാലം ആ ഓർമനിലനിൽക്കും? ഒന്നോർത്ത് നോക്കണം. മുഖഛായ മനോമുകുരത്തിൽ പതിഞ്ഞവർ പോലും തൻ്റെ മുന്നെ നടന്ന് നീങ്ങിയവരെ സ്വന്തം രൂപം ഈ പാരിടത്തിൽ നിന്നും നീങ്ങുന്നത് വരെ പോലും ഓർമിക്കാൻ മെനക്കെടാത്ത കാലമാണിത്. പക്ഷെ ഫസൽ കാക്കയെ കണ്ട് പരിചയിച്ചവർക്കാർക്കും ഒരിക്കലും തൻ്റെ ഓർമ പരിസരത്ത് നിന്നും തട്ടി മാറ്റാൻ സാധ്യമല്ല ആ മുഖത്തെ. സംഘടനാ, രാഷ്ട്രീയ വ്യത്യാസം ഉള്ളവർക്ക് പോലും. അത്രക്കും നൻമ നിറഞ്ഞതായിരുന്നു ആ മനുഷ്യൻ. ജീവൻ, ശരീരം, ഇതിൽ ജീവൻ്റെ അല്ലെങ്കിൽ ആത്മാവിൻ്റെ അതിജീവനത്തിന് വേണ്ടിയായിരിക്കും തൻ്റെ ശരീരത്തിൻ്റെ ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്നതിനെക്കാൾ അദ്ദേഹം മുൻതൂക്കം നൽകിയിട്ടുണ്ടാവുക. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി സമസ്തക്കായാലും, ലീഗിനായാലും തൻ്റെ സമ്പത്തിൽ നിന്ന് അകമഴിഞ്ഞ് അദ്ദേഹം ചെലവ് ചെയ്തിട്ടുണ്ട്. നാവ് കൊണ്ടും ശരീര സാന്നിദ്ധ്യം കൊണ്ടും മാത്രമായിരുന്നില്ല അദ്ദേഹത്തിൻ്റെ സേവനം ഈ രണ്ട് മുഖ്യ പ്രസ്ഥാനങ്ങൾക്കു മുണ്ടായിരുന്നത്. അദ്ദേഹത്തെ പോലെയുള്ളവരെ ഈ രണ്ട് പ്രസ്ഥാനങ്ങൾക്കും ഓർമിക്കാതിരിക്കാനും അയവിറക്കാതിരിക്കാനും പറ്റില്ല ആറ്,ഏഴ് വയസിലാണ് ഒരു മനുഷ്യൻ്റെ ഓർമ ശക്തി തുടങ്ങുന്നത്. അന്ന് മുതൽ പതിഞ്ഞ ഒരു മുഖമാണ് 'അരീക്കൻ ഫസലാക, ആ കാലഘട്ടത്തിലെ ഒരു നാട്ട് പ്രമാണിയായിരുന്നു അരീക്കൻ ഹസ്സൻകുട്ടി ഹാജി, മുത്തഖിയായ ഹാജി, അദ്ദേഹത്തിൻ്റെ മകൻ ആ ഹാജിയാരുടെ പേര് അന്വർത്ഥമാക്കി, സത്യസന്ധമായ പ്രമാണത്തെ പുണർന്ന് കൊണ്ട് നിസ്വാർത്ഥമായ പരോപകാരി കൂടിയായിരിക്കണം പ്രമാണി, ആ പ്രമാണികത്വത്തിൻ്റെ പേരാണ് പ്രമാണി, അതിലെ ഒരു കണ്ണി തന്നെയാണ് ഇസ്‌ലാമിക ജീവിതം, അത് പേരിൽ മാത്രമാക്കാതെ അതൊരു ജീവിത പ്രാമാണമാക്കിയ അരീക്കൻ ഫസൽ ഹാജി, അരീക്കൻ കുട്ട്യാലി കാക്കാൻ്റെ ചായപീടികയിലേക്ക് പത്ത് വയസിൽ ഞാൻ പള്ളി കിണറ്റിൽ നിന്ന് വെള്ളംകോരി കുടത്തിൽ എത്തിച്ച് കൊടുക്കും, സ്കൂളിനനുസരിച്ച് പിന്നെ അല്ലറ ചില്ലറ പണിയൊക്കെ എടുത്ത് കൊടുക്കും, അദ്ദേഹം മുപ്പത് പൈസ തരും, ചായയും തരും,അത് കഴിഞ്ഞ് കുറച്ച് കാലശേഷം (ശരിക്കും കാലം ഓർമയില്ല) അബ്ദുസമദ് കാക്കാക്ക് അതിൻ്റെ മുമ്പിലെ പീടികയിൽ ഒരു കച്ചോടം കുറച്ച് കാലം ഉണ്ടായിരുന്നു, അവിടെ കുറച്ച് സഹായങ്ങളൊക്കെ ചെയ്ത് കൊണ്ടും കുറച്ച് കാലം ഞാൻ ഉണ്ടായിരുന്നു, 25 പൈസയാണ് കൂലി. അന്ന് അബ്ദുസമദ് കാക്കാക്ക് കഞ്ഞിയും ചായയും ഒക്കെ കൊണ്ട് വരാൻ ഞാൻ ആ വീട്ടിൽ സ്ഥിരം പോവാറുണ്ടായിരുന്നു, അവിടെ നിന്നും കഞ്ഞികുടിച്ചിട്ട് പോരും, ഞാൻ ഈ കഥ പറഞ്ഞത് വെറുതെയല്ല, എൻ്റെ ചെറുപ്പ ജീവിതം നല്ലപോലെ അറിഞ്ഞ മനുഷ്യനാണദ്ദേഹം, ഫസൽക്ക ഞാനും അദ്ദേഹവും ഉണ്ടായിരുന്ന ഒരു അന്തരം വായനക്കാർക്ക് കിട്ടിക്കാണും, പിന്നെ സഊദിയിൽ പതിറ്റാണ്ടിലേറെക്കാലം ഞങ്ങൾ അടുത്തടുത്ത താമസക്കാരായിരുന്നു, ദിവസവുമെന്ന പോലെ കാണും, ഒരേ സംഘടനാ ബന്ധുക്കളും കൂടിയായത് കൊണ്ട് ഒരു പാട് കാര്യങ്ങൾ സംസാരിക്കും, ദിവസവുമെന്ന പോലെ ഇടപെടും, പക്ഷെ ഒരു നിമിഷം പോലും ആ പഴയ അന്തരത്തിൻ്റെ ഒരു ലാഞ്ചനപോലും നോക്കിലൊ വാക്കിലൊ പ്രവൃത്തിയിലൊ കാണിക്കാത്ത പ്രമാണി. ഒരു മൊട്ടുസൂചിയുടെ ഉപകാരം ചെയ്താൽ ഇരുമ്പുലക്കയാക്കി ഇടക്കിടെ വിളമ്പുന്നവരാണ് മഹാ പക്ഷവും, അതിൽ നിന്നും തീർത്തും ഭിന്നനായിരുന്നു ഫസൽക്ക, ആ ഗണത്തിലെ അവസാന കണ്ണിയും അറ്റ് പോയ പോലെയാണ് തോന്നുന്നത്. ജിദ്ധ ജാമിഅയിൽ താമസിക്കുന്ന കാലത്ത് ഞാൻ ശമ്പളക്കാരൻ മാത്രമായിരുന്നത് കൊണ്ടു 'എന്തെങ്കിലും സാമ്പത്തിക  പ്രയാസം വന്നാൽ കടം വാങ്ങാൻ പെട്ടെന്ന് ഓടി പോവുക കച്ചവടക്കാര നായിരുന്നഅദ്ദേഹത്തിൻ്റെ അടുത്തേക്കാണ്, അദ്ധേഹം തിരക്കിട്ട കച്ചോടത്തിനിടയിലാണെങ്കിൽ കുടിക്കാൻ ജ്യൂസ് തന്നിട്ട് നിസ്ക്കാരത്തിന് അടക്കുമ്പോൾ കൂടെ പോയി ഉടനെ ഒരു സങ്കോചവും കൂടാതെ എടുത്ത് തരുമായിരുന്നു. ഞാൻ ശമ്പളക്കാരനായത് കൊണ്ടു് അതിനനുസരിച്ചെ വാങ്ങാറുള്ളു, എപ്പോഴും തരാൻ റെഡിയാണ്, ഓർമിക്കാൻ നൻമകൾ മാത്രം ഇട്ടേച്ച് പോയ ഒരു നന്മ മനുഷ്യൻ്റെ പേരാണ് ഫസൽക്ക, അദ്ദേഹത്തിൻ്റെ പരലോകജീവിതം റബ്ബ് നന്നാക്കട്ടെ, നമ്മെ ഇഹപര വിജയികളാക്കട്ടെ, കാലശേഷം നല്ലതല്ലാത്തത് പറയുന്നവരുടെ കൂട്ടത്തിലെങ്കിലും നമ്മൾ ആവാതിരിക്കട്ടെ - ആമീൻ

 ✍🏻 പി -കെ - അലി ഹസൻ

----------------------------------------------------------------------------------------------------------

അരീക്കൻ ഫസൽ ഹാജി

ചെറുപ്പത്തിലെ കേൾക്കുന്ന പേരാണ് അരീക്കൻ ഫസൽ ഹാജി എന്ന്. പേരു പോലെയല്ല ആദ്യമായി ആളെ കണ്ടപ്പോൾ തോനിയത്. കുറിയ തൂവെള്ള വസ്ത്രം ധരിച്ച തമാശയിൽ ചിരിയോടെയുള്ള സംസാരിക്കുന്ന സൗമ്യയുടെ ആ കുറിയ രൂപമായിരുന്നു ഫസൽ ഹാജി. വലിയവരോടായാലും, കുട്ടികളോടായാലും ഒരെ പോലെയാണ് ഹാജിയുടെ പെരുമാറ്റവും സംസാരവുമുള്ള ഞാൻ കണ്ടത്തിൽ വെച്ച ഏറ്റവും നിഷ്കളങ്കനായ വ്യക്തിയായിരുന്നു ഫസൽ ഹാജി. എവിടെ വെച്ച് കണ്ടാലും  ആരോടയാലും ചിരിച്ചു കൊണ്ടുള്ള  അദ്ദേഹത്തിന്റെ സംസാരം എനിക്ക് വളരെ ഇഷ്ടമായിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ല. മത സാമൂഹികരംഗത്ത് തന്റെ പ്രായത്തിലുപരി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ  ആകസ്മികമായ മരണം ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല.
നാഥാ ... അദ്ദേഹത്തിൻറെ കബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കേണമേ ....
അവരുടെ കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യണമേ... - ആമീൻ 

 ✍🏻 മുജീബ് ടി.കെ

----------------------------------------------------------------------------------------------------------

പണ്ഡിതൻമാരെയും സാധാത്തീങ്ങളെയും നെഞ്ചിലേറ്റിയ ഉമറാഹ്

ആ മനുഷ്യൻ വല്ലാത്തൊരു ഊർജമായിരുന്നു നാട്ടിലെ ദീൻ വളർത്തുന്നതിലും അത് സംരക്ഷിക്കുന്നതിലും ദീനിക്ലാസുകൾഎവിടെ ഉണ്ടോ അവിടെ അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാക്കും ക്ലാസ് കേൾക്കാൻ വർഷങ്ങൾക്ക് മുന്ബ് സുസ്ഹിക്ക് ശേഷം ഞാനും കൂടെ കോഴിക്കോട്പോയത് ഓർക്കുന്നു ക്ലാസ് മുയുവൻശ്രദ്ധിച്ച് കേട്ട് കഴിഞ്ഞ് ആ പണ്ഡിതനെ കൈപിടിച്ച് സംസാരിച്ചതിന് ശേഷംമാണ് പിരിഞ്ഞ്പോന്നത് നല്ല ബന്ധം കാത്തുസൂക്ഷിച്ച വ്യക്ക്തിആയിരുന്നു ഏതുസമയം അദ്ദേഹത്തെകാണുമ്പോയും പരസ്പര സംസാരം പള്ളി മദ്റസ പഠനക്ലാസ് സംഘടന ഉലമാക്കൾ സയ്യിദുമാർ മാത്രമായിരുന്നു പല ദീനി സ്ഥാപനങ്ങളുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച മഹാനായിരുന്നു അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ അംബരനു പോയി  റബ്ബ്‌സ്വർഗംനൽകി അനുഗ്രഹിക്കട്ടെ ഖബറിടം വിശാലമാക്കട്ടെ  പരലോക ജീവിതം നന്നാക്കട്ടെ - ആമീൻ 

 ✍🏻 സയ്യിദ് ഹസ്സൻ നലാഫ്

----------------------------------------------------------------------------------------------------------

സഹയാത്രികനായ ഫസൽ ഹാജി

ഫസൽ ഹാജി, അദ്ദേഹത്തോടൊപ്പം ഇരിക്കാൻ സമയം കിട്ടിയാൽ ഒരു തുറന്ന പുസ്തകമായി അദ്ദേഹം നിലകൊള്ളുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടിലുള്ള സമയങ്ങളിൽ മതപരമായ ക്ലാസ്സുകൾക്ക് ക്ഷണിക്കുകയും പല ആലിമുകളെ പറ്റിയും അവരുമായുള്ള ബന്ധത്തെ പറ്റിയും വിവരിക്കുമായിരുന്നു. അദ്ദേഹം ഗൾഫ് നിറുത്തി പോരാൻ എക്സിറ്റ് അടിച്ച ശേഷം എം.എം മലബാരിയുടെ മകനെ കാണാൻ ദമാമിൽ വരികയും നാലഞ്ചു ദിവസം ഞങ്ങളുടെ കൂടെ  താമസിക്കുകയും  ചെയ്തിരുന്നു. ആ സമയത്ത് ആദ്യകാല ഗൾഫ് അനുഭവങ്ങളെ കുറിച്ചുള്ള എല്ലാ കാര്യവും അദ്ദേഹം പറഞ്ഞുതന്നിരുന്നു. അങ്ങനെ, ആദ്യ രണ്ട്  ദിവസം മലബാരിയെ കാണാൻ കഴിഞ്ഞില്ല മൂന്നാം ദിവസം അദ്ദേഹത്തെ  കാണുകയും കുടുംബ ബന്ധം പുതുക്കുകയും  നാട്ടിലേക്ക് അദ്ദേഹത്തെ  ക്ഷണിക്കുകയും ചെയ്താണ് ഫസൽ ഹാജി ജിദ്ദയിലേക്ക് പോയത്. വിസിറ്റിങ്ങിനു വരുകയാണെങ്കിൽ തീർച്ചയായും ദമാമിൽ  വരുമെന്നും അദ്ദേഹത്തെ കാണുമെന്നും  പറഞ്ഞിരുന്നു. നാട്ടിലുള്ള സമയത്തും  അദ്ദേഹവുമായി  എപ്പോഴും ഇടപെടാർ ഉണ്ടായിരുന്നു. 
അദ്ദേഹത്തിന്റെ കബറിടം അള്ളാഹു സ്വർഗ പൂന്തോപ്പാക്കി കൊടുക്കുമാറാകട്ടെ.... 
അദ്ദേഹത്തെയും നമ്മളിൽ നിന്ന്  മരിച്ചുപോയവരെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ..... ആമീൻ

 ✍🏻 മജീദ് കാബ്രൻ

----------------------------------------------------------------------------------------------------------





Friday, 12 March 2021

പറപ്പുകടവത്തെ മജീദ് കാക്ക





പളളിപ്പറമ്പ് @   പറപ്പുകടവത്തെ മജീദ് കാക്ക


 പറപ്പുകടവത്തെ മജീദ് കാക്ക പ്രതാപം നിറഞ്ഞ ഓർമ

ഓർമ വെച്ച കാലം മുതൽ അടുത്തറിയുന്ന എൻ്റെ അയൽക്കാരനാണ് പറപ്പുകടവത്ത് മജീദ് കാക്ക. വളരെ ചെറുപ്പത്തിൽ, റോഡിൽ പൊതുടാപ്പും പൈപ്പ് ലൈനും വരുന്നതിനുമുമ്പ് ഞങ്ങളുടെ പരിസരത്തുള്ള മുഴുവൻ വീട്ടുകാരും കുടിക്കാനും കുളിക്കാനും അലക്കാനും ആശ്രയിച്ചിരുന്നത് പറപ്പുകടവത്തെ ആഴംകുറഞ്ഞ വലിയ വട്ടക്കിണറിനെ ആയിരുന്നു. പൈപ്പ്ലൈൻ വന്നതോടെ സ്ത്രീകൾ അലക്കാൻ പോകുന്നത് നിന്നെങ്കിലും പിന്നെയും ഏറെക്കാലം ഞങ്ങളൊക്കെ കുളിക്കാൻ പോയിരുന്നത് ഏതു വേനലിലും സമൃദ്ധമായി വെള്ളം ലഭിക്കുന്ന അങ്ങോട്ട് തന്നെയായിരുന്നു.  ഈർച്ചമില്ലിലും അതിനോടനുബന്ധിച്ച ഷെഡ്ഡുകളിലും ജോലിചെയ്യുന്ന അന്യദേശത്തുള്ള ജോലിക്കാർ പോലും വേനലിൽ കുളിക്കാൻ പോയിരുന്നത് അവിടേക്കായിരുന്നു.തിരൂരങ്ങാടി-കൊണ്ടോട്ടി റോഡിന്റെ തൊട്ടടുത്തുനിന്ന് കൊടുവാപാടം വരെ നീണ്ടുകിടക്കുന്ന വിശാലമായ പറമ്പിന്റെ ഏകദേശം മധ്യത്തിൽ പ്രതാപത്തോടെ സ്ഥിതി ചെയ്യുന്ന ഇരുനില മാളികവീട്. പാടത്തോട് ചേർന്നുകിടക്കുന്ന പറമ്പിൽ തെങ്ങും കവുങ്ങും സമൃദ്ധമായി വളരുന്നു. വീടിന്റെ മുകൾഭാഗത്തെ പറമ്പിൽ പറങ്കിമാവിന്റെ കാടാണ്. ഇത്രയും വിശദീകരിച്ച് എഴുതിയത് എൻ്റെ ഓർമയിൽ മായാതെ കിടക്കുന്ന മജീദ് കാക്കാനെ കുറിച്ച് പറയാനാണ്. നിത്യയും നനയുള്ള തെങ്ങിൻതോപ്പിലെ വിദഗ്ധനായ പണിക്കാരനായിരുന്നു മജീദ് കാക്ക. കിണറിൽ നിന്ന് മോട്ടോർ അടിച്ച് ചെറിയ ചാലിലൂടെ വരുന്ന വെള്ളം ഒരു തെങ്ങിൻ ചുവട്ടിൽ നിന്ന് അടുത്ത തെങ്ങിൻ ചുവട്ടിലേക്ക് അവിടെനിന്ന് മറ്റൊരു കവുങ്ങിൻ ചുവട്ടിലേക്ക് കൃത്യമായ അളവിൽ വെള്ളം തിരിച്ച് വിടുന്ന മജീദ് കാക്ക. ഇങ്ങനെ ഒരു തലമുതൽ അങ്ങേ തലയ്ക്കൽ വരെ നനക്കുന്ന ഏറെ ശ്രമകരമായ ദിനേനയുള്ള പ്രക്രിയ ഏറെനേരം കണ്ടു നിൽക്കുമായിരുന്നു. അണ്ടിക്കാലമായാൽ ഓരോ കശുമാവിലും കയറി കശുവണ്ടി പറിക്കുന്നതിന് നേതൃത്വം കൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. പിന്നീടദ്ദേഹം വയറിങ് രംഗത്തെ ഏറെ സ്വാധീനമുള്ള വ്യക്തിയും നാട്ടുകാരുടെ മജീദ് മാഷുമായി. അതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല.പൊതുരംഗത്ത് എന്നും വേറിട്ട പ്രവർത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്. രാഷ്ട്രീയമായി വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ ഭൂരിപക്ഷ ജനപിന്തുണ ഉണ്ടോ എന്നത് അദ്ദേഹത്തെ ഒരിക്കലും അലോസരപ്പെടുത്തിയില്ല. അപ്പോഴും വയറിംഗ് രംഗത്തെ തൻ്റെ ശിഷ്യന്മാരിലധികവും എതിർഭാഗത്തെ സജീവ പാർട്ടി പ്രവർത്തകരായിരുന്നു എന്നത് ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക. കക്കാടംപുറം ഗവൺമെന്റ് യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ടായി വർഷങ്ങളോളം പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് മുഖത്തും സജീവമായിരുന്നു. പിന്നീടെപ്പോഴോ അദ്ദേഹത്തിന്റെ ചിന്തകൾ പുരോഗമന ആശയത്തിലൂന്നി ക്കൊണ്ടുതന്നെ ആത്മീയതയിലേക്ക് മാറുന്നതാണ് കണ്ടത്.  കക്കാടംപുറത്തെ പള്ളിയിൽ എല്ലാ വഖ്തിലും ജമാഅത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് കാണാൻ കഴിഞ്ഞു. വലിയ സംസാരപ്രിയനായിരുന്നു അദ്ദേഹം. തന്റെ സ്വതസിദ്ധമായ തമാശയിലൂടെ എല്ലാവരേയും ചിരിപ്പിച്ചു അദ്ദേഹം.  പൈപ്പ് ലൈനിൽ ഒരാഴ്ച വെള്ളം മുടങ്ങിയാൽ പരിസരത്തുള്ളവർ ആദ്യം ആശ്രയിച്ചിരുന്നത് മജീദ് കാക്കാനെ ആയിരുന്നു. അദ്ദേഹത്തിൻ്റെ ഫോൺ വിളിക്ക് അത്രമാത്രം സ്വാധീനമുണ്ടായിരുന്നു.കക്കാടംപുറത്തെ സൗഹൃദവട്ടങ്ങളിൽ ഒരിക്കലും മായാത്ത ഓർമകൾ അടയാളപ്പെടുത്തി നിനച്ചിരിക്കാത്ത നേരത്ത് നിത്യതയിലേക്ക് യാത്രപോയ മജീദ് കാക്കാന്റെ പാരത്രികജീവിതം അള്ളാഹു റാഹത്തിലാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

✍🏻 ഫൈസൽ മാലിക് വി.എൻ

----------------------------------------------------------------------------------------------------------

എൻ്റെ വിദ്യാർത്ഥി

എഴുപതുകളിലെ എന്റെ വിദ്യാർത്ഥിയായിരുന്നു മർഹൂം  പൂതംകുറിഞ്ഞി അബ്ദുൽ മജീദ് (പറപ്പൂക്കടവത്ത് ). പ്രാഥമിക ക്ലാസ്സുകളിൽ ലീഡർ ആയിരുന്നു. എവിടെയൊക്കെയോ തട്ടിമുട്ടി ഉയർന്ന അക്കാഡമിക് യോഗ്യത നേടാനായില്ലെങ്കിലും കാര്യങ്ങളിൽ ധാരണയും വ്യക്തമായ നിലപാടും വെച്ച് പുലർത്തിയിരുന്നുവന്നത് നമുക്കൊക്കെ അറിയാം. ഒരു കാലത്ത് പരന്ന വായന പതിവായിരുന്നുവെന്നത് ആ വ്യക്തിത്വം രൂപപ്പെടുന്നതിന് സഹായകമായിട്ടുണ്ട്.A.R. നഗർ അങ്ങാടിയിൽ തിരൂരങ്ങാടിക്കാരൻ സൈദലവിക്കാക്കയുടെ ന്യൂസ് ഏജൻസി ഓഫീസ് പലർക്കും ഓർമ്മയിലുണ്ടാകും. അവിടെ വരുന്ന മിക്കവാറും എല്ലാ  പത്രമാസികകളും  വൈകുന്നേരങ്ങളിൽ വന്ന്  വായിച്ചു തീർത്തിരുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അങ്ങനെ കിട്ടിയ നുറുങ്ങറിവുകൾ സൗഹൃദ ചർച്ചകളിൽ  തമാശകളുടെ മേമ്പൊടിയോടെ പൊങ്ങി വരുന്നത് പതിവായിരുന്നു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. ആമീൻ.

✍🏻 എ.യു കുഞ്ഞഹമ്മദ്

----------------------------------------------------------------------------------------------------------

മാഷേ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മജീദ്കാക്ക

മജീദാക്കയുടെ പെട്ടൊന്നുള്ള വേർപാട് വാർത്ത അറിഞ്ഞപ്പോൾ ഞാനടക്കം,

എല്ലാവരുംആദ്യമൊന്നു തരിച്ചുപോയീ.....

ഏതൊരു കാര്യത്തിനും തൻ്റെ അഭിപ്രായങ്ങൾ ആരുടെ മുന്നിലുംപറയാനുള്ള

ധൈര്യവും ചങ്കൂറ്റുവുംഉള്ള വ്യക്തിത്യം ചിരിച്ചും കളിച്ചും കുറെ കാലങ്ങൾ നമ്മുടെ കുഞ്ഞിമുഹമ്മദ്ക്കയുടെ പലചിരക്ക്കടയിലായിരുന്നു ചങ്ങാത്തവും കുശലം പറച്ചിലും ഉച്ചത്തിലുള്ള ചിരിയും അതിനിടയിൽ സ്ഥിരം കാഴ്ച്ചയായിരുന്നു പീന്നീട് കുറച്ചു നാളുകൾ കഴിഞ്ഞ് അതിൽനിന്നും പതിയെ പിന്മാറിയതായി കാണാമായിരുന്നു പിന്നീട് വലിയമാറ്റങ്ങളിലൂടെ സഞ്ചരിച്ച്  നല്ല വ്യക്തിതത്തിന് ഉടമയായി അഞ്ച്നേരത്തെ നിസ്കാരവും ജമാഅത്തായീ കൃത്യമായി നിറവേറ്റിപോയിരുന്നു മജീദ്ക്ക. പീന്നീടുള്ള ജീവിതത്തിൽ മജീദ്കാക്ക് വലിയമാറ്റങ്ങൾ തന്നെയായിരുന്നു മുഖം കണ്ടാൽ വലിയ ഗൗരവക്കാരനാണെങ്കിലും നേരിൽ കണ്ട്സംസാരിച്ചാൽ ചിരിച്ചും ചിരിപ്പിച്ചും നമ്മേ ഏറെഅൽഭുതപ്പെടുത്തുമായിരുന്നു അദ്ദേഹം തൻ്റെ പിന്നിട്ടജീവിതവഴിയിൽനിന്നും ആർക്കുവേണങ്കിലും മാറ്റത്തോടെ ജീവിതംമുന്നോട്ട് കൊണ്ട്പോകാൻകഴിയുമെന്നു നമുകാണിച്ച് പഠിപ്പിച്ച് ത രുന്ന വിധത്തിലായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ മുന്നോട്ടുള്ളജീവിത വഴികൾ പിന്നീടുള്ളയാത്രയിൽ വലിയ മാറ്റം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണാ മായിരുന്നു തുടക്കമെന്നോണം ഷുഗറിൻ്റെ അസുഖം ഉണ്ടായിരുന്നു പിന്നീട്കാലിൽ ഒരു മുറിവുണ്ടായി അതിൻ്റെ സുശ്രുഷയിൽ ഹോസ്പിറ്റലിൽ പോകാറുണ്ടായിരുന്നു പിന്നീട് വീട്ടിൽ തന്നെ ഒതുങ്ങിനിൽക്കുന്ന ജീവിതവുമായിമുന്നോട്ട് പോകുന്ന വഴിയാണ് ഒരുദിവസം നമ്മേ ഞെട്ടിക്കുന്ന തരത്തിലുള്ള ആവാർത്ത  ഇടർച്ചയുടെ ശബ്ദത്തിൽ നമുക്ക് കാതിൽകേൾക്കാൻ കഴിഞ്ഞത് മജീദ്ക്ക മരണപ്പെട്ടുഎന്ന ദു:ഖിപ്പിക്കുന്നവാർത്തയായിരുന്നുഅത് അള്ളാഹു വിൻ്റെ വിളിവന്നാപോയെല്ലേ .മതിയാകൂ പരലോക ഖബർജീവിതം സ്വർഗ്ഗപ്പൂന്തോപ്പിലാക്കെട്ടെ - ആമീൻ

✍🏻 സഫ് വാൻ

----------------------------------------------------------------------------------------------------------

മാഷ്: വെളിച്ചത്തിൻ്റെ കയ്യൊപ്പുകൾ

കക്കാടംപുറത്തെ പതിവ് കാഴ്ചകളിൽ നിന്നാണ് മാഷെ അറിയുന്നത്. ചേർന്നിരുന്ന് സംസാരിച്ചിരുന്ന പതിവുകാരിലൊരാൾ. ആ ഇരുത്തങ്ങളിൽ ചർച്ചക്കെടുക്കാത്ത വിഷയങ്ങളുണ്ടായിരുന്നില്ല.ഏത് കാര്യത്തിലും കൃത്യമായ നിലപാടുകൾ മാഷിനുണ്ടായിരുന്നു. പത്രങ്ങൾ അരിച്ച് പൊറുക്കി അദ്ദേഹം വായിക്കുമായിരുന്നു പിന്നീട് ആ വാർത്തകളെ കൃത്യമായി വിശകലനം ചെയ്യും.. അവിടെ മതവും രാഷ്ട്രീയവും പ്രാദേശിക വർത്തമാനങ്ങളുമെല്ലാം ഇടതടവില്ലാതെ  വന്നു. സാമുഹിക ഇടങ്ങളിൽ നടക്കുന്ന അരുതായ്മകൾക്കെതിരെ പതിവ് വട്ടത്തിലിരുന്ന് അദ്ദേഹം സംസാരിച്ചു. മാഷിന് കക്ഷി രാഷ്ട്രീയത്തിൽ  വിശ്വാസം കുറവായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കൽ പോലും ഒരു അരാഷ്ട്രീയ വാദി ആയിരുന്നില്ല. ചുറ്റുവട്ടത്തെ ചെറിയൊരനക്കം പോലും അദ്ദേഹം ശ്രദ്ധിച്ചു. നാടിൻ്റെ വെള്ളവും വെളിച്ചവും അദ്ദേഹത്തിൻ്റെ കർമ്മ മണ്ഡലങ്ങളിൽ പ്രധാനമായി. കുടിവെള്ള പ്രശ്നങ്ങളിൽ അയൽപക്കത്തിൻ്റെ ആശ്രയമായി.അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ  ഓഫീസുകൾ കയറിയിറങ്ങി. ചുവപ്പ് നാടയിൽ കുരുങ്ങിയ നാടിൻ്റെ അടിസ്ഥാന പ്രശ്നങ്ങളെ കൃത്യമായ ഇടപെടലുകൾ കൊണ്ട് പരിഹാരങ്ങളുണ്ടാക്കി. നാട്ടിൽ പരന്ന വെളിച്ചത്തിന് പിന്നിലെല്ലാം മാഷെ കയ്യൊപ്പുണ്ടായിരുന്നു.ആ രംഗത്ത് ആളുകൾക്ക് വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന ഒരാളായിരുന്നു മജീദാക്ക. തൻ്റെ സ്വാധീനവും മറ്റും ഉപയോഗപ്പെടുത്തി ആവശ്യമായ സ്ഥലങ്ങളിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനൊക്കെ ആവശ്യമായ ഇടപെടലുകൾ അദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കക്കാടംപുറം സ്കൂളുമായി ബന്ധപ്പെട്ട് ഒരു പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചു. കാണുമ്പോഴെല്ലാം തൻ്റെ വാദങ്ങൾ ശക്തമായി സ്ഥാപിച്ച് കൊണ്ടിരുന്നു. നിയമ പോരാട്ടങ്ങളിലെത്തിയ പ്രസ്തുത വിഷയങ്ങളിൽ PTA പ്രസിഡൻ്റ് എന്ന നിലയിൽ മാഷിന് നേതൃപരമായ പങ്കുണ്ടായിരുന്നു. തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന നാടിൻ്റെ മാതൃവിദ്യാലയം അതേപടി നിലനിൽക്കണമെന്ന ആഗ്രഹം മാത്രമാണ് ഇതിനൊക്കെ മുന്നിൽ നിൽക്കാൻ പ്രേരിപ്പിച്ചതെന്ന് പലപ്പോഴായി അദേഹത്തിൽ നിന്ന് കേട്ടിട്ടുണ്ട്. സ്വന്തം ബോധ്യങ്ങളായിരുന്നു  മാഷിൻ്റെ നിലപാടുകൾ.അത് ആരുടെ മുമ്പിലും തുറന്ന് പറയാൻ ഒട്ടും മടിയുണ്ടായിരുന്നില്ല.ഒരു കാര്യത്തിലും സങ്കുചിതത്വം പാടില്ല എന്ന് അദ്ദേഹം ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു. പ്രത്യേകിച്ചും മതപരമായ കാര്യങ്ങളിൽ. ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചു. സൗഹൃദ വട്ടങ്ങളിൽ അതെല്ലാം സരസമായി പങ്ക് വെച്ചു.അവ തമാശകളായി ചിരിപ്പിച്ചു.അതിനിടയിലെപ്പോഴോ മാഷ് പുതിയൊരു മനാഷ്യനായി. വാക്കുകളിൽ മിതത്വം വന്നു. ജീവിതത്തിന്  ചിട്ടകളുണ്ടായി.ബഹളങ്ങളിൽ നിന്ന് മെല്ലെ മെല്ലെ  നടന്നകന്നു.. ആത്മീയതയിൽ ആ മനസ്സനുഭവിക്കുന്ന ആശ്വാസം വാക്കുകളിലുണ്ടായി.കേട്ടത് മുഴുവൻ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. അധ്യാത്മിക വേദികളിൽ നിന്ന് കേൾക്കുന്ന അബദ്ധങ്ങളെ പോലും തെളിവ് നിരത്തി അവർ ഖണ്ഡിച്ചു.പണ്ഡിതൻമാരോട് പോലും ഇത്തരം കാപട്യങ്ങൾക്കെതിരെ ക്ഷോഭിച്ചു. ബോധ്യപ്പെട്ട കാര്യങ്ങൾ പറഞ്ഞ് കൊണ്ടേയിരുന്നൊരാൾ. ആ വാക്കുകൾക്ക് നിലപാടിൻ്റെയും വിശ്വാസത്തിൻ്റെയും തെളിച്ചവും മൂർച്ചയും കൂടിക്കൂടി വന്നു.. ഈ അടുത്തായി അവരെ ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ അലട്ടി.  അതോടെ പതിവ് കാഴ്ചകൾ കുറഞ്ഞു. മരിക്കുന്നതിൻ്റെ എതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടപ്പോൾ പുതിയതെന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തോടെ ഒപ്പമിരുന്ന് സംസാരിച്ചു.ശാരീരിക അവശതക്കിടയിലും മനസ്സറിഞ്ഞ് ചിരിക്കുകയും ചിലതൊക്കെ പറഞ്ഞ് ചിരിപ്പിക്കുകയും ചെയ്തു. പിന്നെ കേട്ടത് വേദനിപ്പിക്കുന്ന മരണ വാർത്തയാണ്.നിത്യേനെ കണ്ടുമുട്ടുന്നൊരാളുടെ വിയോഗം വലിയൊരു വിടവാണ്. ഇത്തരം മരണങ്ങൾ അത് നമ്മെ ബോധ്യപ്പെടുത്തും. 'ഓർക്കുന്നതും ഒരു കണ്ടുമുട്ടലാണെന്ന്' ഖലീൽ ജിബ്രാൻ എവിടെയോ എഴുതിയിട്ടുണ്ട്. എന്തോ അറിയില്ല ഈ വാക്കുകൾക്ക് താഴെ ആ മനുഷ്യനോടൊപ്പമിരുന്ന പോലെ..അള്ളാഹു അവരുടെ പരലോക ജീവിതം സുകൃതങ്ങളാൽ നിറക്കട്ടെ - ആമീൻ

✍🏻 സത്താർ കുറ്റൂർ

----------------------------------------------------------------------------------------------------------

മജീദാക്ക 'മാഷ്' ആയ കഥ

പറപ്പുകടവത്ത് മജീദ്ക്ക  കക്കാടംപുറത്തെ അറിയപെടുന്ന വയറിംഗ്‌കാരനും നാടിൻ്റെ പൊതുകാര്യങ്ങളിൽ സജീവമായി ഇടപെടുന്ന ആളുമായിരുന്നു അദ്ദേഹത്തിൻറെ അളിയൻ കരീംകയിൽ നിന്നാണ് അദ്ദേഹം വയറിങ് ആരംഭിച്ചത് പിന്നീട് പവുതൊടിക  കുഞ്ഞറമുക്കയുടെ കൂടെ കുറച്ചുകാലം പോയിരുന്നു  അതിനുശേഷം സ്വന്തമായി  വയറിങ് ലൈസൻസ് എടുത്ത് നാട്ടിലെ അറിയപ്പെടുന്ന വയറിങ് കാരനായി മാറി അദ്ദേഹത്തിന് കൂട്ടുകാരുടെ ഇടയിൽ ഹെഡ്മാഷ് എന്നൊരു വിളിപേരുണ്ടായിരുന്നു അത് വരാനുള്ള കാരണം കൂട്ടുകാരുമായി ചെറുപ്പത്തിൽ കളിക്കുന്ന സമയങ്ങളിൽ സൂക്ഷ്മതയോടെയുള്ള നോട്ടം കാരണം  അതിൽ ഒരു കൂട്ടുകാരൻ നീയെന്താ ഹെഡ്മാസ്റ്ററെ പോലെ നോക്കുന്നത് എന്ന്  ചോദിക്കുകയും പിന്നീട് മറ്റുള്ള കൂട്ടുകാർ  ആ പേരിൽ അദ്ദേഹത്തെ വിളിച്ചുപോന്നു അതാണ് പിന്നീട് മാഷ് എന്നായി മാറിയത് എന്ന് ആ ഗാങ്ങിൽ ഉണ്ടായിരുന്ന  ഒരു കൂട്ടുകാരൻ എനിക്ക് പറഞ്ഞു തന്നതാണ്   കുഞ്ഞുമുഹമ്മദ് കാക്കാൻറെ കടയിൽ ഇരുന്ന് കുശലം പറഞ്ഞും   ചിരിച്ചും മുമ്പ് സ്ഥിരമായി കാണാറുണ്ടായിരുന്നു   പള്ളിയിൽ ജമാഅത്തിനു പങ്കെടുക്കുന്ന സമയത്തൊക്കെ  ഒന്നാം സ്വാഫിൽ തന്നെ അദ്ദേഹത്തെ  കാണാറുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ ഖബർ ജീവിതം റബ്ബ് സ്വർഗ്ഗ പൂന്തൊപ്പാക്കി കോടുക്കുമാറാവട്ടെ - ആമീൻ

✍🏻 മജീദ് കാബ്രൻ

----------------------------------------------------------------------------------------------------------

സ്വപ്ന സാക്ഷാൽക്കാര  ഓർമ്മയിൽ മജീദാക്ക

തത്തമ്മക്കൂട് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കാര്യ പ്രസക്തമായി | ഇടപെടാറില്ലെങ്കിലും നല്ല പ്രേക്ഷകനായി കരക്കിരിക്കുമ്പോഴാണ് ഇന്ന് യാതൃശ്ചികമായി അയൽവാസിയായ മജീദാക്കാനെ കുറിച്ച് അനുസ്മരണ കുറിപ്പ് തയ്യാറാക്കുന്ന വിവരം അറിയുന്നത്  സ്വ അനുഭവത്തിൽ നിന്നും ഒന്ന് രണ്ട് എടുകൾ എഴുതി കൂടിൻ്റെ കൂട്ടത്തിൽ കൂടാഞ്ഞാൽ അതൊരു നന്ദികേടാകില്ലെ എന്ന ബോധ്യത്തിൽ നിന്നും ചില ഓർമ്മക്കുറിപ്പുകൾ പരാമർശിച്ച് പോകാം 1980 കളുടെ അവസാന കാലം നാട്ടിൽ വ്യാപകമായിഎല്ലാ വീട്ടിലും കരണ്ട് കണക്ഷൻ ഇല്ലാത്ത കാലം റേഷൻ കടയിൽ നിന്നും 5 ലിറ്റർ മണ്ണെണ്ണ മാസാ മാസം കിട്ടുന്നത് കൊണ്ടും വലിയൊരു കുടുമ്പത്തിൻ്റെ ജീവിത ബാധ്യത ഒറ്റക്ക് ചുമക്കുന്നത് കൊണ്ടും ആയിരിക്കാം ഉപ്പാക്ക് വയറിങ്ങിനോടും കരണ്ട് കണക്ഷൻ എടുക്കുന്നതിനോടും അത്ര താൽപര്യം കാണിക്കുന്നില്ല കൂട്ടുകാരുടെ വീട്ടിലും അല്ലറ ചില്ലറ അയൽപക്ക വീടുകളിലും ചുമരിൽ സ്വിച്ചിട്ടാൽ ബൾബ് കത്തുന്നത് ക്കണ്ട കൗമാര കാരന് അതിയായ കൊതി നമുക്കും വേണം കരണ്ട് കണക്ഷൻ എടുക്കുക.സ്കൂൾ മദ്റസ്സ കാലം കഴിഞ്ഞു നമുക്ക് എന്തായാലും ബൾബിൻ്റെ ചുവട്ടിലിരുന്നു എഴുതാനും വായിക്കാനും കഴിഞ്ഞില്ല സഹോദരങ്ങളെങ്കിലും വെളിച്ചം കണ്ട് തെളിച്ചത്തിലേക്ക് വളരട്ടെ എന്ന ലക്ഷ്യത്തിൽ അന്നേ ശീലമുണ്ടായിരുന്ന സ്വരുകൂട്ടൽ ഈ സ്വപ്ന പദ്ധതിക്കായി നീക്കി തുടങ്ങി  അങ്ങിനെ ചെറു ജോലികൾ ചെയ്ത കിട്ടുന്നവരുമാനത്തിൽ കുറെശ്ശെ മിച്ചം പിടിച്ച് 1000 രൂപ ആയന്ന് തോന്നുന്നു മൂലധനം കയ്യിൽ ഒത്ത് വന്നപ്പോൾ ലക്ഷ്യ സാക്ഷാൽ കാരത്തിന്നായി അയൽവാസിയും കക്കാടം പുറത്തെ പകരക്കാരനില്ലാത്ത ഒരേ ഒരു ഇലക്ട്രീഷനായ  സ്മര്യപുരുഷൻ പറപ്പൂകടവത്തെ മജീദാക്കാനെ പോയി കണ്ടു. കാര്യങ്ങൾ ഒക്കെ സംസാരിച്ചു. ഇന്നത്തെ പോലെ ഒരു റൂമിൽ തന്നെ ആറും എട്ടും പോയൻ്റുകൾക്ക് പകരം അന്ന് ഒരു റൂമിൽ ഒരു ബൾബും ഒരു പ്ലഗ്ഗും മാത്രമായിരുന്നു പ്ലാൻ Extra ബൾബോ ഫാനോ വേണമെങ്കിൽ പ്ലഗ്ഗിൽ നിന്നും കുത്തി വലിക്കാ ലോ എന്നാണ് ചിന്ത കൂടുതൽ പോയൻ്റിട്ടാൽ വയറിങ്ങ് കാരനും കൂടുതൽ കൂലി കൊടുക്കണം ബില്ലും വലിയ സംഖ്യ വരും, അങ്ങിനെ മജീദാക്ക വീടൊക്കെ വന്ന് കണ്ട് വയറിങ്ങിന്ന് വേണ്ട ഏകദേശ ചിത്രം തയ്യാറാക്കി അങ്ങിനെ ഒരു ദിവസം ഞാനും അദ്ദേഹവും കൂടി ചെമ്മാട് റിയാ ഇലക്ട്രിക്കൽസിൽ പോയി കുറെ വയറും കുറച്ച് പൈപ്പും അനുബദ്ധ സാമഗ്രികളും വാങ്ങി ഓരോ രംഗങ്ങളും സന്ദർഭങ്ങളും വള്ളി പുള്ളി വിടാതെ എഴുതാൻ ഓർമ്മകൾക്ക് ക്ലാവ് പിടിച്ചത് കാരണം സാധിക്കുന്നില്ല ! മുപ്പത് ചില്ലാനം മുമ്പത്തെ കഥയാണെന്നോർക്കണം അങ്ങിനെ സാധനങ്ങൾ ഒക്കെ വാങ്ങി കൊണ്ട് വന്ന് വയറിംങ്ങ് പണിയൊക്കെ തീർത്ത് പേപ്പർ വർക്ക് എല്ലാം മജീദാക്ക തന്നെ സ്വയം ചെയ്ത് ഒരു പാട് കാത്തിരിപ്പിനൊടുവിൽ നമ്മുടെ കൊച്ചു വീട്ടിലും വെളിച്ചം തെളിഞ്ഞു അന്നത്തെ സന്തോഷങ്ങൾ വിവരിക്കാൻ വാക്കുകൾ മതിയാവാതെ വരും അന്നത്തെ ആ കഷ്ട്ടപ്പെട്ട് നേടിയ ആ കരണ്ട് കണക്ഷന് എല്ലാ നിലക്കും സഹകരിച്ച സഹായിച്ച മജീദാക്കാനെ എങ്ങിനെ മറക്കാൻ പറ്റും പഴയ കാല ഓർമ്മകൾ കുടുമ്പവുമായി പങ്ക് വെക്കുമ്പോൾ പ്രതേകിച്ച് വിഷയം വെളിച്ചമാവുമ്പോൾ മജീദാക്കാനെ ഒരിക്കൽ പോലും പരാമർഷിക്കാതെ പോകാറില്ല കാലം ഒരുപാട് കടന്ന് പോയി കക്കാടം പുറത്ത് ഇഷ്ട്ടം പോലെ ഇലക്ട്രീഷൻമാർ മാറി മാറി വന്നു മജീദാക്ക ആഫീൽഡിൽ നിന്നും മെല്ലെ മെല്ലെ പിൻമാറി പിന്നെ KSEB ഓഫീസ് പേപ്പർ വർക്കുകളുമായി കഴിഞ്ഞ് കൂടി അവസാനഘട്ടം എല്ലാത്തിൽ നിന്നും മാറി തികച്ചും ആത്മീയതയിൽ ഊന്നിയുള്ള ജീവിതമായിരുന്നു അതിനെ കുറിച്ചൊക്കെ മുൻ ലേഖകർ പരാമർഷിക്കുകയുണ്ടായി ആവർത്തിക്കുന്നില്ല. മജീദാക്കാൻ്റെ കുടുമ്പവുമായും തീർത്താൽ തീരാത്ത കടപ്പാടും ബദ്ധവുമാണ് ഉണ്ടായിരുന്നത് അതതഴുതാൻ നിന്നാൽ പെന്നിനെ പിടിച്ചാൽ കിട്ടൂല കൂടംഗങ്ങളെ മുഷിപ്പിക്കാതെ തൽക്കാലം പ്രാർത്ഥനയോടെ നിർത്തുന്നു.

മജീദാക്കാനെയുംനമ്മളെയും നാഥൻ അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ,

അദ്ദേഹം ചെയ്ത എല്ലാ സൽകർമങ്ങളും അല്ലാഹു സ്വീകരിക്കട്ടെ - ആമീൻ

✍🏻 ഹബീബുല്ല നാലുപുരക്കൽ

----------------------------------------------------------------------------------------------------------

പ്രകടനപരതയില്ലാത്ത മുത്തഖി

മരണം, എല്ലാ രസങ്ങളെയും മുറിച്ച് കളയുന്ന മൂന്നക്ഷരം, ഒരുമനുഷ്യനെക്കുറിച്ച് ബാക്കിയായ വർ അവസാനമായി പറയുന്ന മൂന്നക്ഷരം, മരണം,, പിന്നെ പറയുന്നതൊക്കെ നല്ലതായിരിക്കണം, അതായിരിക്കണം നാം ഇവിടെ ഇട്ടേച്ച് പോവേണ്ടത്, രാഷ്ട്രീയ പരമായി വ്യത്യസ്ഥ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി ആരെയും വെറുപ്പിക്കാതെ തന്നെക്കുറിച്ച്നല്ലത് മാത്രം പറയാൻ ഇട്ടേച്ച് പോയ പല സാമൂഹ്യ തിൻമകളെയും സരസമായി അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു മജീദ് സാഹിബ് എന്ന മാഷ്, മാഷെന്ന പേര്എങ്ങിനെയാണ്  വന്നതെന്നറിയില്ല, മർഹൂം കരിം സാഹിബുമായുണ്ടായിരുന്ന അടുപ്പമായിരുന്നു ആദ്യം ഞങ്ങൾ പരിചയത്തിലാവാൻ ഹേതു, കരീo സാഹിബൊന്നിച്ച് ഒരേ രൂമിൽ ജിദ്ധയിൽ കുറെ കാലം താമസിച്ചിരുന്നു ഞാൻ, അവസാനമായി കുറെ കാലമായി പ്രകടനപരതയില്ലാത്ത ഒരു മുതഖിയായി മജീദ് മാഷ് ജീവിതത്തെ പരിവർത്തിപ്പിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്, അത് റബ്ബ് സ്വീകരിക്കട്ടെ,  - ആമീൻ

✍🏻 പി - കെ.അലി ഹസൻ

----------------------------------------------------------------------------------------------------------

Friday, 5 March 2021

പി.കെ.അബ്ദുറഹീം മുസ്‌ലിയാർ


 

പളളിപ്പറമ്പ് @  പി.കെ.അബ്ദുറഹീം മുസ്‌ലിയാർ

അബ്ദു അബ്ദുറഹീം മുസ്‌ലിയാർ പണ്ഡിത പരമ്പരയിലെ പ്രബല കണ്ണി

ഊകത്ത്   ജുമാ മസ്ജിദിന്റെ  തുടക്ക കാലത്ത് ആരാധനാ കാര്യങ്ങൾക്കും മറ്റും  നേതൃത്വം നൽകുകയും തുടർന്ന്  വിശുദ്ധ മക്കയിൽ  സ്ഥിര  താമസക്കാരനാകുകയും  അവിടെ  തന്നെ  അന്ത്യ വിശ്രമം  കൊള്ളുകയും ചെയ്ത കോമു മുസ്‌ലിയാരുടെ മകനും   അതേ പാതയിൽ തന്നെ സഞ്ചരിച്ച്  മക്കയിൽ  തന്നെ പോയി    വർഷങ്ങളോളം ഇൽമ് പഠിച്ചു   നാട്ടിലേക്ക്  വന്നപ്പോൾ നാട്ടുകാർ വലിയ ബഹുമാനത്തോടെ സ്വീകരിക്കുകയും  പള്ളി പറമ്പിൽ തന്നെ  താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്ത്  പള്ളിയിൽ  എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയ ഊകത്ത് പാപ്പ എന്ന പേരിൽ പ്രസിദ്ധനായിരുന്ന സൂഫി പണ്ഡിതൻ  അഹമദ് മുസ്‌ലിയാരുടെ മകൻ മസ്ഹൂദ് മുസ്‌ലിയാരുടെ മകനായി  പ്രൗഢമായ പണ്ഡിത പരമ്പരയിലെ കണ്ണിയായിട്ടാണ്  അബ്ദു റഹീം ഫൈസി ജനിക്കുന്നത്. എന്റെ കുട്ടിക്കാലത്ത്  ഊകത്തെ പഴയ പള്ളിയുടെ ഇരുട്ട് മൂടിയ അകം പള്ളിയിൽ റമളാനിൽ     ആർജവമുള്ള  പ്രസംഗം കേട്ടത് ഇപ്പോഴും ഓർമയിലുണ്ട്.പണ്ഡിത പ്രതിഭകളായ കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ,  കെ കെ അബൂബക്കർ ഹസ്രത്. കൂടാതെ നമ്മുടെ നാട്ടുകാരൻ ഊക്കത് പള്ളിയുടെ തെക്ക് ഭാഗത്ത്  ഇന്നും  താമസിക്കുന്ന എ യു അബ്ദുല്ല മുസ്‌ലിയാർ(റബ്ബ് അദ്ദേഹത്തിന് ആഫിയത് നൽകട്ടെ ) തുടങ്ങിയവരിൽ നിന്നാണ്  അദ്ദേഹം   ഇൽമ് പഠിച്ചത്. അദ്ദേഹത്തെ   കണ്ട കാലം മുതൽ വിദേശത്തായിരുന്നു. ഊകത്ത് താമസിക്കുന്ന കാലത്ത്  അദ്ദേഹത്തിന്റെ വീട്ടിൽ വിശ്വ പ്രസിദ്ധ പണ്ഡിതൻ കെ കെ ഹസ്‌റത്‌  വന്നത് കുട്ടിക്കാലത്ത് കണ്ടത് ഓർക്കുകയാണ്.പിന്നീട് കുറ്റൂരിലേക്ക് താമസം മാറിയ ശേഷവും നാട്ടിൽ എത്തിയാൽ ഊക്കത്ത് പള്ളിയിൽ തന്നെ കാണുമായിരുന്നു.റമളാനിൽ പള്ളിയിൽ തന്നെ മുഴു സമയവും  ഇരിക്കാറുമുണ്ടായിരുന്നു. ഒരു ജാടയും ഇല്ലാതെ വളരെ ലളിതമായി ജീവിക്കുകയും, വീട്ടിൽ വരുന്ന  പാവങ്ങൾക്ക് ആരുമറിയാതെ   വൻ സംഖ്യകൾ സഹായം ചെയ്തത്  ആരുമറിയാത്ത രഹസ്യമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ്  ബോംബെയിലെ ഒരു  അറബിക്  കോളേജിൽ പ്രിൻസിപ്പലായി 250 രൂപ മാസ ശമ്പളത്തിൽ  ജോലി ചെയ്യുമ്പോൾ അതേ കോളേജ്  പുനരുദ്ധാരണത്തിന്  2500 രൂപ സംഭാവന ചെയ്ത ചരിത്രം കേട്ടിട്ടുണ്ട്. പിന്നീട് വിദേശത്ത് പോയി, അവിടെ ഒരു ദഅവ സംരംഭത്തിൽ ജോലി ചെയ്യുമ്പോൾ  അതേ ജോലി നിലനിൽക്കെ മറ്റൊരു പള്ളിയിൽ ജോലി കിട്ടിയപ്പോൾ ആദ്യ ജോലിയിലെ ശമ്പളം കുറക്കണമെന്ന് കമ്മറ്റിക്ക് അപേക്ഷ കൊടുത്ത ചരിത്രവും കേട്ടിട്ടുണ്ട്. ദശകങ്ങളായ വിദേശവാസം മതിയാക്കി അടുത്ത കാലത്താണ് റഹീം മുസ്‌ലിയാർ  നാട്ടിൽ സ്ഥിരമാക്കിയത്.കണ്ട്  തുടങ്ങിയ കാലം തൊട്ടേ പ്രൗഢമായ വേഷവും  ആർജവുമള്ള സംസാരവും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. ഒന്നിനെയും കൂസാതെ തന്റെ പ്രസംഗത്തിൽ   തുറന്നടിച്ച വാക്ക് വൈഭവം  അദ്ദേഹത്തെ വ്യത്യസ്‍തനാക്കി. സ്വര ഗൗരവവും  സംസാരവും കണ്ടാൽ  കർക്കശക്കാരാണെന്ന് തോന്നുമെങ്കിലും അടുത്ത് കൂടിയാൽ   ലാളിത്യനും രസികനും എന്തും തുറന്ന് സംസാരിക്കാൻ  സാധിക്കുന്ന വ്യക്തിയുമാണ്. മാത്രമല്ല തിരിച്ചുള്ള സംസാരങ്ങൾ വളരെ പോസിറ്റീവ് എനർജി രൂപത്തിലുമായിരിക്കും.പണ്ഡിത  പാരമ്പര്യമുള്ള  മാതൃ- പിതൃ പരമ്പരയിലെ കണ്ണിയായ  അദ്ദേഹം ഉന്നതമായ കലാലയത്തിൽ നിന്നാണ് വിജ്ഞാന സംഗ്രഹം  നേടിയെടുത്തത്. ജ്ഞാന  പ്രസരണത്തിലും അത് കൃത്യമായി ജീവിതത്തോടൊപ്പം കൂട്ടിയ അദ്ദേഹം നിരവധി  അമൂല്യ ഗ്രന്ഥങ്ങളുടെ ഉടമയുമാണ്.ഊക്കത് പള്ളിയിൽ നിരവധി തവണ ഖുതുബക്ക് നേതൃത്വം നൽകിയതും ,പെരുന്നാൾ ദിവസം മറ്റ് കാര്യങ്ങൾക്ക് നേതൃത്വം നൽകിയതും  മഹല്ല് നിവാസികളിൽ  പുതിയ ഒരു ഊർജ്ജമുള്ള  അനുഭവമായിരുന്നു.അറിവിന്റെയും അനുഭവത്തിന്റെയും ജ്വലിക്കുന്ന  ഉന്നതമായ പടവുകൾ കയറിയ  അദ്ദേഹത്തിന്   അർഹിക്കുന്ന ഇടം കിട്ടിയില്ല എന്നത്  ഒരു വസ്തുതയാണ്. ജീവിതകാലം മുഴുവൻ അറിവിനും  ആരാധനക്കും  മാത്രം കഴിച്ചു കൂട്ടിയ  അദ്ദേഹത്തിന്റെ  സർവ്വനിസ്തുലമായ ജീവിതം  ആരുമറിയാതെ പോയി. റബ്ബിന്റെ വിധി.  ജീവിതാന്ത്യ കാലം രോഗ ശയ്യയിൽ കിടന്ന അദ്ദേഹം വെള്ളിയാഴ്ച പോകണമെന്നാഗ്രഹം ആശിച്ചതു പോലെ തന്നെ  റബ്ബ് സഫലീകരിച്ചു കൊടുത്തു  കൊണ്ട്  നമ്മോട് എന്നന്ന ത്തേക്കുമായി പിരിഞ്ഞു പോയി.അല്ലാഹുവേ... അദ്ദേഹത്തിന്റെ പാരത്രിക ജീവിതം  സന്തോഷത്തിലാക്കണേ - ആമീൻ.

✍🏻 മുജീബ് പി.കെ

----------------------------------------------------------------------------------------------------------

പി.കെ.അബ്ദുറഹീം മുസ്ല്യാർ മരിക്കാത്ത ഓർമ്മകൾ

നാടിൻ്റെ പണ്ഡിത താവഴിയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞാഴ്ച നമ്മോട് വിടപറഞ്ഞ പി കെ അബ്ദുറഹീം മുസ്ല്യാർ.കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതൻമാരുടെ ശിഷ്യത്വം സ്വീകരിക്കാനും ഉന്നത വ്യക്തിത്വങ്ങളുമായി ഹൃദ്യമായ അടുപ്പം സൂക്ഷിക്കാനും കഴിഞ്ഞൊരാൾ.ജീവിതത്തിൻ്റെ നല്ല പങ്കും പ്രവാസത്തിലായതിനാൽ നാടിന് അദ്ദേഹത്തെ കാര്യമായി ഉപയോഗപ്പെടുത്താനായില്ല എന്ന് വേണം പറയാൻ.വളരെ ചെറുപ്പം തൊട്ടെ അദ്ദേഹത്തെ അറിയാം. പ്രവാസത്തിൻ്റെ ഇടവേളകളിൽ നാടിൻ്റെ ദീനീ കേന്ദ്രങ്ങളിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും നേതൃപരമായ ഇടപെടലുകളുമുണ്ടായിരുന്നു.കണ്ണമംഗലം ജുമുഅത്ത് പള്ളിയിൽ വെച്ചാണ് റഹീം മുസ്ല്യാരുടെ ജുമുഅ ഖുതുബയിൽ ആദ്യമായി പങ്കെടുക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളും അവിടെ വെച്ച് പലകുറി കേട്ടിട്ടുണ്ട്. അന്ന് അവിടെ സേവനം ചെയ്തിരുന്നത് അവരുടെ ജേഷ്ട സഹോദരൻ അഹമ്മദ് മുസ്ല്യാരായിരുന്നു.പ്രവാസവും ദീനീ സേവനവുമായി ബന്ധപ്പെട്ടതിനായതിനാൽ ആ മേഖലയിൽ ഒരു പാട് വലിയ ബന്ധങ്ങളും വിപുലമായ ശിഷ്യ സമ്പത്തും സ്വന്തമാക്കാൻ റഹീം മുസ്ല്യാർക്ക് സാധിച്ചു.പ്രവാസത്തിലായിരിക്കെ വളാഞ്ചേരി മർക്കസ് അടക്കമുള്ള ദീനീ സ്ഥാപനങ്ങളുടെ വളർച്ചയിലും പുരോഗതിയിലും അക്ഷീണം യത്നിച്ചു. ഊക്കത്ത് മഹല്ലിൻ്റെ കാര്യങ്ങളിലും അദ്ദേഹം വലിയ താൽപ്പര്യം കാണിച്ചിരുന്നു. അൽഹുദയുടെ കീഴിൽ പുനർനിർമ്മിച്ച മസ്ജിദുന്നൂറിൻ്റെ സ്ഥാപക കാല ഭാരവാഹികളിൽ പ്രധാനി കൂടിയായിരുന്നു റഹീം മുസ്ല്യാർ.
തൻ്റെ വിപുലമായ സുഹൃദ് ബന്ധങ്ങൾ ഉപയോഗിച്ച് അതിന് വേണ്ടി ഫണ്ട് ശേഖരിക്കാനും മറ്റുമൊക്കെ അദ്ദേഹം മുന്നിട്ടിറങ്ങി. പള്ളിയുടെ ആദ്യ കാല പ്രവർത്തനങ്ങളെല്ലാം അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു. ഒരു പിടി രോഗങ്ങളുമായാണ് അദ്ദേഹം പ്രവാസത്തിൽ നിന്ന് തിരികെ പറന്നതെന്ന് തോന്നിയിട്ടുണ്ട്. അത്തരം ശാരീരിക അസ്വസ്ഥതകൾ തന്നെയാണ് പിന്നീട് അദ്ദേഹത്തെ ശയ്യാവലംഭിയാക്കിയതും. ജീവിത സായാഹ്നത്തിലും കിതാബുകൾ മുതലഅ ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധ മുഴുവൻ. വീട്ടിലുള്ള വിപുലമായ ഗ്രന്ഥ ശേഖരം ഈ വിജ്ഞാന കുതുകിയുടെ അറിവിൻ്റെ ആഴം അറിയിക്കുന്നതാണ്. സുഹൃത്ത് ശുഐബുമൊത്തുള്ള സൗഹൃദമാണ് ഈ കുറിപ്പുകാരനെ റഹീം മുസ്ല്യാരുമായി ബന്ധപ്പെടുത്തിയത്.
ആ മുഖത്തെ ഗാംഭീര്യവും വാക്കുകളുടെ മൂർച്ചയും അടുത്തിടപഴകുമ്പോൾ ഒട്ടും അനുഭവപ്പെടാറില്ല. അന്നേരം നിഷ്കളങ്കമായി ചിരിച്ചും വിശേഷങ്ങൾ ചോദിച്ചും അദ്ദേഹം എത്ര നേരവും സംസാരിച്ചിരിക്കും. സമുദായത്തിനിടയിലെ വീക്ഷണ വൈജാത്യങ്ങളെ കുറിച്ചെല്ലാം കൃത്യമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. നിലപാടുകളിലെ കാർക്കശ്യങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾക്ക് അദ്ദേഹം വലിയ വില കൽപ്പിച്ചു. ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നായി സമ്പാദിച്ച സൗഹൃദങ്ങളെ കണ്ണടയുവോളം ചേർത്ത് നിറുത്തി. നാടിന് തലയെടുപ്പുള്ള പണ്ഡിത നിർവ്വഹണങ്ങളുടെ വിടവുകൾ അധികരിച്ച് വരുന്നൊരു കാലത്ത് റഹീം മുസ്ലാരുടെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്.
അള്ളാഹു അവരുടെ പരലോക ജീവിതം റാഹത്തിലാക്കട്ടെ - ആമീൻ

✍🏻 സത്താർ കുറ്റൂർ

----------------------------------------------------------------------------------------------------------

ഞാനറിയുന്ന റഹീം മുസ്‌ലിയാർ

പണ്ഡിതനും  പ്രഭാഷകനുമായിരുന്നു പി.കെ  അബ്ദു റഹീം മുസ്ലിയാർ തൻ്റെ കർമ്മമണ്ഡലത്തിൽതിളങ്ങിനിന്ന വ്യക്തിത്വത്തിനുടമയായിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി വിദേശത്തായിരുന്ന അദ്ദേഹത്തിന് ദീനീ സംഘടനാ രംഗത്ത് പ്രവർത്തിക്കാനും  അത് വഴി വലിയ സൗഹൃദങ്ങൾ നേടികെടുക്കാനും കഴിഞ്ഞു.ഉദാരമനസ്കനായിരിന്നു.നാട്ടിലെ ദീനിസ്ഥാപനങ്ങളിലെല്ലാം  ഘനഗാംഭീര്യമുള്ള പ്രഭാഷണം നടത്തിയിട്ടുണ്ട്. ഉപ്പയുമായി വലിയ സ്നേഹബന്തമുണ്ടായിരുന്ന റഹീം മുസ്ലിയാർ കാണുമ്പോഴെക്കെ വലിയ വികാരത്തോടെ എടുത്ത് പറയുമായിരുന്നു. മാസങ്ങൾക്ക് മുമ്പ്  അദ്ദേഹത്തെ സന്ദർശിച്ച് മടങ്ങുമ്പോൾ ഒരു പാട് ദുഃഖം തോന്നി. സാധാരണ കാണുമ്പോൾ  മണിക്കൂറുകൾ ഇരുന്ന് ഒരു പാട് കാര്യങ്ങൾ സംസാരിക്കും. അതിൽ രാഷ്ട്രീയം ഉണ്ടാവും  ഉറച്ച നിപാടുകൾ പറയും  സമസ്തയും  പണ്ഡിതൻ മാരും എല്ലാം ചർച്ചചെയ്യും. ഞാൻ ചോദിക്കുന്ന പൊട്ട സംശയങ്ങൾക്ക്  ദേശ്യപ്പെടാതെ മറുപടിയും പറഞ്ഞു തരും.ഈ അവസ്ഥയിലല്ലായിരിന്നു അവസാനമായി കണ്ടപ്പാൾ  ഓർമ്മകൾ മങ്ങികഴിഞ്ഞിരുന്നു. എല്ലാത്തിനും സാക്ഷിയായി ഒരു വലിയ ഗ്രന്ഥശേഖരം  വൃത്തിയായി അലമാറയിൽ അടുക്കി വെച്ചിരിക്കുന്നു. അള്ളാഹു വിജയച്ചവരിൽ അവരെ ഉൾപ്പെടുത്തട്ടെ - ആമീൻ

✍🏻 അബ്ദുലത്തീഫ് അരീക്കൻ

----------------------------------------------------------------------------------------------------------

അബ്ദു റഹിം മുസ്ലിയാർ - അറിവിൻ്റെ സൂര്യതേജസ്സ്

പി.കെ അബ്ദുറഹീം മുസ്ലിയാരെ സ്മരിച്ച് സത്താറും Pk മുജീബും ലതീഫും മറ്റും എഴുതിയ വ്യത്യസ്ത കുറിപ്പുകൾ മുഴുവൻ വായിച്ചു. അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. 

അല്ലാഹു അബ്ദു റഹിം മുസ്ലിയാർക്ക് സ്വർഗീയ വിരുന്നൊരുക്കിയ ഖബർ ജീവിതം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എനിക്ക് വളരെ ചെറുപ്പത്തിലെ അദ്ദേഹത്തെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചു. ഊക്കത്ത് മസ്ജിദിൽ പലറമളാൻ ജുമുഅക്ക് ശേഷവും ഗാംഭീര്യം തുളുമ്പുന്ന വഅള് നടത്തിയത് ഇപ്പോഴും കാതിലും മനസ്സിലും മുഴങ്ങുന്നു.  പിന്നെ പ്രവാസ കാലത്ത് കൂടുതൽ ബന്ധങ്ങൾ ഉണ്ടായില്ല. വീണ്ടും കാണുന്നത് മസ്ജിദുനൂറിനടുത്ത് ഞാൻ താമസമാക്കിയതിന് ശേഷം.ഉന്നത പാണ്ഡിത്യം, വളരെ ലളിത ജീവിതം. വിശാലമായ ഉദാരത, ഗാംഭീര്യം മുറ്റുന്ന ഭാവമെങ്കിലും വിനയം നിറഞ്ഞ സംസാരം, ഹഖ് പറയുമ്പോൾ ആരെയും കൂസാത്ത പ്രകൃതം, അദ്ദേഹത്തിൻ്റെ സ്വഭാവഗുണങ്ങൾ ഓരോന്നും വിശദീകരിച്ച് എഴുതാനുണ്ട്.കുറ്റൂർ മസ്ജിദുനൂറിൻ്റെ സ്ഥാപകരിൽ മുന്നിൽ നിന്ന മഹത് വ്യക്തിത്വം. വിദേശത്ത് നിന്ന് ഫണ്ട് സ്വരൂപിച്ചതിന് പുറമെ സ്വന്തമായി അന്നത്തെ കാലത്തെ ഭീമമായ ഒരു സംഖ്യ സ്വന്തമായി മസ്ജിദിന് നൽകി. അത് പോലെ പഴയ കാലത്ത് ഒരു വൻ തുക ഒരു ഉസ്താദിന് കൊടുത്ത്, ആ തുക കണ്ട് അത്ഭുതപ്പെട്ട ഉസ്താദ് അത് നിരസിച്ചു.തുടർന്ന് വളരെ കഷ്ടപ്പാടുള്ള മറ്റൊരു ഉസ്താദിനെ കണ്ടെത്തി ഏൽപിക്കുകയുണ്ടായി എന്ന് അറിയാൻ കഴിഞ്ഞു.സ്വന്തം വീട് ഒന്ന് പുതുക്കി പണിയാൻ പോലും മിനക്കെടാതെ എത്രയോ ലക്ഷങ്ങൾ പാവങ്ങളെ സഹായിക്കാനും ദീനി സ്ഥാപനങ്ങൾക്കും ചിലവഴിച്ചു ആ മഹാൻ.രോഗാവസ്ഥയിലാകുന്നതിൻ്റെ രണ്ട് മൂന്ന് കൊല്ലം മുമ്പ് റമളാൻ അവസാനത്തെ പത്തിൽ മസ്ജിദിൽ ഞങ്ങളെയൊക്കെ വിളിച്ചു വരുത്തി പാതിരാത്രി വന്ന് സുദീർഘമായ ഖുർആൻ പാരായണത്തോടെ ഖിയാമുല്ലൈലിക്ക് നേതൃത്വം നൽകി.അദ്ദേഹത്തിൻ്റെ അറിവിൻ്റെ ആഴം മനസ്സിലായ മറ്റൊരു അനുഭവം:ഒരു മസ്ജിദിലെ തിങ്ങിനിറഞ്ഞ ഒരു ഇൽമിൻ്റെ മജ്‌ലിസ്. പ്രഭാഷകൻ വളരെ വിശദമായി ഒരു ചരിത്രം വിവരിക്കുന്നു. കൂട്ടത്തിൽ അദ്ദേഹം സൂറത്തുൽ മുജാദിലയിലെ ഒരു ആയത്ത് ഓതി. ഓതി നിർത്തിയതും സദസ്സിൻ്റെ ' ഒരു മൂലയിൽ നിന്നും ഒരു ഗംഭീര ശബ്ദത്തിൽ ആ ആയത്ത് വ്യക്തമായി ഓതുന്ന ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞ് നോക്കി. പ്രഭാഷകന് പറ്റിയ ഒരു തെറ്റ് തിരുത്തി ശരിയാക്കി , ശ്രോദ്ധാവായി ഒരു മൂലയിൽ ഇരുന്ന അബ്ദു റഹിം മുസ്ലിയാർ ആയിരുന്നു അത്.  ജീവിതകാലം മുഴുവനും ദീനീ സേവകനായി ജീവിച്ച് ആഗ്രഹിച്ച പോലെ ജുമുഅ: ദിവസം റബ്ബിലേക്ക് യാത്രയായ അബ്ദു റഹിം മുസ്ലിയാരുടെ ഒരു പാട് ഓർമ്മകൾ ഇനിയും കെടാതെ മനസ്സിലുണ്ട്.  പിൻപറ്റാൻ ഒരുപാട് പാദമുദ്രകൾ ബാക്കിവെച്ച് നടന്നു നീങ്ങിയ മഹാനവർകളെ മാതൃകയാക്കി ജീവിതം നയിക്കാൻ റബ്ബിനോട് തേടുന്നു.അദ്ദേഹത്തെയും നമ്മെയും നമ്മിൽ നിന്ന് വിട പറഞ്ഞവരെയും അല്ലാഹു സ്വർഗലോകത്ത് സ്വാലിഹീങ്ങളുടെ കൂടെ ഒരുമിച്ച് ചേർക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

✍🏻 മുഹമ്മദ് കുട്ടി അരീക്കൻ 

----------------------------------------------------------------------------------------------------------

ഒരു ഖുർആൻ ക്ലാസ്സ്

സാധാരണക്കാർക്ക് പാരായണത്തിലുപരി കുർആനിലെ ഉള്ളടക്കത്തെ കുറിച്ച് എന്തെങ്കിലും അറിയണമെന്നൊന്നുമില്ലാത്ത കാലം. അങ്ങനെ അറിയുന്നത് ഏതെങ്കിലും പുതിയ ആശയക്കാരുടെ സ്വഭാവമാണെന്ന ധാരണ അവരെ അടക്കിവാണിരുന്ന ഒരു കാലം' അതത്ര അകലെയൊന്നുമല്ല. ഭാഗ്യവശാൽ ഇന്നത് മാറി. എല്ലാവരും ഖുർആൻ പഠിക്കാൻ ശ്രമിക്കുന്നു. അത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന ബോധം ഏത് സാധാരണക്കാരനും വന്നു കഴിഞ്ഞു. അൽഹംദുലില്ലാഹ്!മുൻചൊന്ന കാലം. ഒരു റമദാൻ മാസം' ഊക്കത്ത് പള്ളിയിൽ ളുഹർ നമസ്കാരത്തിന് എല്ലാവരും ഒരുമിച്ചു കൂടിയിരിക്കുന്നു. നമസ്കാരംകഴിഞ്ഞാൽ കുറെയാളുകൾ പോകും. മറ്റു ചിലർ ഖുർആൻ പാരായണത്തിൽ മുഴുകും. വേറെ കുറച്ചാളുകൾ ഉറങ്ങുകയോ സൊറക്കുകയോ ചെയ്യും. വളരെ വേദന തോന്നി. ഖുർആൻ അവതരിച്ച മാസം ' ഖുർആനിനെ പറ്റി മാത്രം അറിയാൻ ജനങ്ങൾക്ക് യാതൊരു മാർഗവുമില്ല. ഖുർആനിനെ കുറിച്ച് അഗാധജ്ഞാനം നേടിയ ഉസ്താദടക്കം പലരും അവിടെയുണ്ട്. പക്ഷെ വിഷയം അവതരിപ്പിക്കാനൊരു പേടി. മുമ്പ് പറഞ്ഞത്‌ പോലെ അത് പിഴച്ചയാളുകളുടെ സ്വഭാവമാണല്ലോ. അങ്ങനെയാണ് എന്റെ ഉത്തമ സുഹൃത്തായ അബ്ദുറഹിം മുസ്ലിയാരും പരേതനായ കുട്ടിയാലി മാസ്റ്ററും ഈയുള്ളവനും കൂടി ഒരു ഗൂഡാലോചന നടത്തിയത്. സുന്നത്ത് നമസ്കാരം കഴിഞ്ഞു പാരായണം ചെയ്യാനായി അബ്ദുറഹീമുസലിയാർ ഖുർആൻ എടുക്കും. ഞാനും കുട്ടിയാലി മാസ്റ്ററും വളരെ താഴ്മയോടെ മുസ്ഹഫുമായി അദ്ദേഹത്തിന്നു മുമ്പിലിരിക്കും. അദ്ദേഹം ഒരു സൂറത്ത് പാരായണം ചെയ്തു വിശദീകരിക്കും. ഞങ്ങൾ ശ്രദ്ധിച്ചിരിക്കും. സംശയങ്ങൾ ചോദിക്കും. ഇത് ചിലരുടെ ശ്രദ്ധയിൽ പെട്ടു. ഓരോരുത്തരായി അടുത്തു കൂടി. കുറഞ്ഞ സമയം കൊണ്ട് അത് ഒരു വലിയ സദസ്സായി മാറി. ആളുകളിൽ താല്പര്യം വർദ്ധിച്ചു. പിറ്റന്നാൾ അവർ തന്നെ ആവശ്യപ്പെട്ടു. അങ്ങനെ ക്ലാസ്സുകൾ തുടർന്നു. ചെറുപ്പക്കാരിൽ വലിയ താൽപര്യം. സദസ്സ് വലുതായി ക്കൊണ്ടേയിരുന്നു. പക്ഷെ, ഇത് വിശാചിനെ വിറളി പിടിപ്പിച്ചു. അതിനെതിരായ കുത്തിത്തിരുപ്പുകൾ അണിയറയിൽ നടന്നുകൊണ്ടിരുന്നു. തദ്ഫലമായി ആളുകൾ കുറഞ്ഞു കൊണ്ടേയിരുന്നു. അവസാനം ക്ലാസ്സ് അസ്തമിച്ചു.അന്ന് ക്ലാസ്സിൽ പങ്കെടുത്ത ഒരു ചെറുപ്പക്കാരൻ എന്നോടു പറഞ്ഞ കഥ പിശാചിന്റെ പ്രവർത്തനത്തെ കുറിച്ച ഒരേകദേശരൂപം നമുക്ക് നൽകും.ഒരാൾ അദ്ദേഹത്തോട് സ്വകാര്യമായി ചോദിച്ചു: നിങ്ങൾ ക്ലാസ്സിൽ പങ്കെടുത്തിരുന്നോ? അദ്ദേഹം: അതെ. അയാൾ എന്തിനാണത്? നമ്മുടെ പൂർവികർ ഖുർആനിന്റെ അർത്ഥം പഠിച്ചിരുന്നോ? അവരെല്ലാം വഴിപിഴച്ചവരാണോ? അവരാരെങ്കിലും ഇങ്ങനെ പഠിക്കാൻ പ്രേരിപ്പിച്ചിരുന്നോ? പണ്ഡിതന്മാർ അത് പഠിക്കാൻ ഉപദേശിച്ചിരുന്നോ? മദ്റസയിൽ നിന്ന് പഠിച്ച കുർ ആൻ തന്നെ പോരെ നമുക്ക്? ഇതെല്ലാം പുതിയ കൂട്ടരുടെ പരിപാടിയാണ്.അയാൾ ഉപദേശിച്ചു. അദ്ദേഹത്തിന്നു മറുപടി ഉണ്ടായിരുന്നില്ല.അബ്ദുറഹീം മുസലിയാരെ വേണ്ട വിധം ഉപയോഗിക്കാൻ നമ്മുടെ മഹല്ലുകാർക്ക് കഴിയാതെ പോയതിന്റെ കാരണങ്ങൾ ഈ സംഭവത്തിൽ നിന്ന് ഊഹിക്കാവുന്നതാണ്.പഠനത്തിലും യാത്രകളിലും മറ്റു കാര്യങ്ങളിലും 45 വർഷത്തോളമുള്ള സൗഹൃദബന്ധമായിരുന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്നത്.അല്ലാഹു അദ്ദേഹത്തിന്റ ബർസഖി ജീവിതം സന്തോഷപ്രദമാക്കട്ടെ. സ്വർഗ്ഗത്തിൽ അത്യുന്നതസ്ഥാനം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ.

✍🏻 ഖാദർ ഫൈസി

----------------------------------------------------------------------------------------------------------