Sunday, 5 June 2016

അഞ്ചുകണ്ടൻ ജലീൽ


വീട്ടിൽ നിന്ന് ഒന്ന് നീട്ടിക്കൂവിയാൽ കേൾക്കുന്നിടത്താണ് ജലീലിന്റെ വീട്.

ഞങ്ങൾക്കിടയിൽ ചുറ്റുമതിലുകളില്ല .
അത് ഇന്നും അങ്ങിനെ തന്നെയാണ്.

ഒരു വെള്ളിയാഴ്ച ദിവസമാണെന്ന് തോന്നുന്നു.
രാവിലെ പത്രക്കാരന്റെ കാൽ പെരുമാറ്റം കാത്തിരിക്കുന്നതിനിടയിൽ
അയൽപക്കത്ത് പലരും വരുന്നതും പോവുന്നതും അടക്കി പിടിച്ച് സംസാരിക്കുന്നതും ശ്രദ്ധയിൽ പെട്ടു .

ഞാൻ മെല്ലെ എണീറ്റ്
ഷർട്ട് ധരിച്ചു.

എന്താണ് കാര്യമെന്നറിയാൻ അങ്ങോട്ട് നടന്നു.

ആ നടത്തത്തിനിടയിൽ ഫോൺ റിംഗ് ചെയ്തു.

മറു തലക്കൽ പ്രവാസിയായ അയൽപക്ക സുഹൃത്ത്.

ജ് അറിഞ്ഞോ

ന്തേ

ഞമ്മളെ അഞ്ച് കണ്ടൻ ജലീൽ മരിച്ചു

ഞാൻ ഇപ്പോ ഓന്റെ അടുത്ത് ഹോസ്പിറ്റലിലാണ്

ആ വാക്കുകൾ എന്റെ ഉള്ളിൽ തറച്ചു

ഒരു നിമിഷം ഞാൻ അവിടെ തന്നെ നിന്നു

പിന്നെ ഞാൻ ഇറങ്ങിത്തിരിച്ച ദിശയിലേക്ക് തന്നെ നടന്നു

വല്ലാത്ത നിരാശയും വേദനയും നിഴലിച്ച മുഖങ്ങളുള്ള നാലഞ്ച് പേർ കൂട്ടം കൂടി നിൽക്കുന്നു.

ഞാനും അവർക്കിടയിൽ ഒരാളായി

ഇളം വെയിൽ മുഖത്ത് തട്ടിയപ്പോൾ ആ മുഖങ്ങളിൽ ദുഃഖം തളം കെട്ടി നിൽക്കുന്നത് ഒന്ന് കൂടി തെളിഞ്ഞ് കണ്ടു.

കളിക്കളങ്ങളിലും സൗഹൃദ വട്ടങ്ങളിലും പ്രസന്നമായ മുഖത്തോടെ നിൽക്കുന്ന ജലീൽ അന്നേരം എന്റെ മനസ്സിലേക്ക് ചെറുപുഞ്ചിരിയോടെ കടന്ന് വന്നു.

സദാ തെളിഞ്ഞ് നിന്ന പുഞ്ചിരി  അവന്റെ മുഖത്ത് നിന്ന് മാഞ്ഞ നേരം കണ്ടിട്ടില്ല

സംസാരിക്കുമ്പോഴെല്ലാം
ആ വാക്കുകൾക്കൊരു വശ്യതയായി ആ ചിരിയുമുണ്ടായിരുന്നു

അവൻ ഇനി ഒരോർമ്മ മാത്രമാണെന്ന യാഥാർത്ഥ്യം എന്തോ അറിയില്ല എന്റെ മനസ്സ് സമ്മതിക്കാത്ത പോലെ

ചില മരണങ്ങൾ അങ്ങിനെയാണ്.

കൺമുമ്പിലെ യാഥാർത്ഥ്യങ്ങൾക്ക് നേരെ വരെ കുറച്ച് നേരത്തേക്കെങ്കിലും അത് കണ്ണടക്കും.

ഞാൻ ആ മരണവീടിന്റെ മുറ്റത്തേക്കിറങ്ങി

വീടിനകത്ത് നിന്ന് വേദനയുടെ തേങ്ങലും വിങ്ങലും പലപ്പോഴായി പുറത്ത് വന്നു

അവന്റെ ഉമ്മയുടെ കണ്ണീരുണങ്ങാത്ത മുഖത്ത് നോക്കാനാവാതെ ഞാൻ പെട്ടൊന്ന് കണ്ണ് വലിച്ചു.

മൂന്ന് വയസ്സുള്ള കുട്ടിയുണ്ട് അവനെന്ന് ആരോ പറഞ്ഞു.

ആ കുട്ടി വീടിനകത്തും പുറത്തുമായി ഓടി നടക്കുന്നു

തറവാട് വീടിനോട് ചേർന്ന് അവൻ പുതുതായി നിർമ്മിക്കുന്ന വീട് പാതി വഴിയിൽ അവിടെയുണ്ട്

വയറിംഗ് പണി തീർത്ത് പോയതാണവൻ .
തേപ്പ് കഴിച്ച് കയറിയിരിക്കാൻ അടുത്ത ആഴ്ച വരാനിരിക്കുകയായിരുന്നുവെന്നും അതിനായി പണിയിൽ നിന്ന് ഇറങ്ങിയിരുന്നു എന്നും കേട്ടു

ഞാൻ കുറച്ചപ്പുറത്തേക്ക് മാറി കണ്ണ് തുടച്ചു

അവന്റെ സ്വപ്നങ്ങൾ പാത്തുവെച്ച പണി തീരാത്ത വീട്ടിലേക്ക് ഒന്ന് കൂടി നോക്കി.

മൂന്ന് വയസ്സുകാരൻ മോനെ തലേ ദിവസം വിളിച്ച് ഞാൻവരുമ്പോ എന്താ വേണ്ടത് എന്നും അവൻ ചോദിച്ചെന്ന് ആരോ പറഞ്ഞു

ദുരന്ത വാർത്ത എത്താത്ത
ആ കുഞ്ഞിന്റെ സ്വപ്നങ്ങളെ ഓർത്ത് മനസ്സ് വെന്തു.

രാത്രി വീണ മഞ്ഞ് കണങ്ങളിൽ തഴുകി വന്ന ഇളം കാറ്റ് അവന്റെ ഓർമ്മകളെയും തലോടി

മരണത്തിന്റെ ഗന്ധം തളം കെട്ടി നിന്ന ആ മുറ്റത്ത് നിന്ന് ഞാൻ പുറത്തേക്ക് കാലെടുത്തു വെച്ചു.

മരണ വീട്ടിൽ വന്നു പോവുന്നവർ വഴി നടക്കാത്ത ആ പാതയിലൂടെ ഞാൻ അൽപ്പം ഒറ്റക്ക് നടന്നു

"
പാരിക്കാട് '

ജലീലിന്റെ ഓർമ്മകളെ താലോലിച്ച് ആ പച്ചപ്പിലേക്ക് കണ്ണയച്ചു'

വലിയ പാറക്കെട്ടുകൾ രാവിലത്തെ വെയിലിൽ തിളങ്ങുന്നു

തെങ്ങോലകൾ കാറ്റിനനുസരിച്ച് മെല്ലെ തലയാട്ടുന്നു

കുഞ്ഞുനാളിൽ ഉമ്മയുടെ കൈ പിടിച്ച് ഇവിടെ വന്ന ഓർമ്മകൾ തിരിച്ച് വന്നു

ആ പാറക്കെട്ടുകൾക്കിടയിൽ വരണ്ട വേനലിലും ഉണ്ടായിരുന്ന ചെറിയൊരു നീരൊഴുക്ക് അത് ഇപ്പോ അവിടെ ഉണ്ടോ ആവോ

ജലീലിന്റെ കനം വെച്ച ഓർമ്മയുമായി ഞാൻ അവിടെ കുറച്ച് സമയം കൂടി നിന്നു .

പിന്നിട്ട കാലത്തിന്റെ നോക്കെത്താ ദൂരം ഞാൻ അവിടെ നിന്ന് ഒറ്റക്ക് കണ്ടു.

അങ്ങനെ ഓർമ്മയോടൊപ്പം ജലീൽ എന്റെ മനസ്സിൽ ഉയർത്തെഴുന്നേറ്റ് നിന്നു

പിറ്റെ ദിവസം വരാനിരിക്കുന്ന അവന്റെ കഫൻ പുടയിൽ അവനെ മാത്രമല്ല അവന്റെ വീട്ടുകാരുടെ സ്വപ്നങ്ങളെയും പൊതിഞ്ഞ് വെച്ചിട്ടുണ്ടാവും എന്നെനിക്ക് തോന്നി

ഓർമ്മയും കാഴ്ചയും ഇണ ചേരുന്നത് കാണാൻ വെയിൽ കനം വെച്ച് വരുന്നുണ്ടെന്ന് കണ്ട് ഞാൻ മെല്ലെ  വീട്ടിലേക്ക് തിരിച്ച് നടന്നു.

--------------------------
സത്താർ കുറ്റൂർ

No comments:

Post a Comment