Tuesday, 20 September 2016

*ഫൈസൽ*..........


*ഫൈസൽ*..........
നീ ഇല്ലാത്ത ഒരു പെരുന്നാൾ കൂടി ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു.
ആഘോഷത്തിന്റെ കമ്പി പൂത്തിരികൾ കത്തി തീരുന്ന ഈ അന്തി ചോപ്പിലും നിന്റെ ഓർമ്മ കൾ വല്ലാത്ത പുകച്ചിലാണുണ്ടാക്കുന്നത്.
നിന്റെ പുഞ്ചിരി മനസ്സിൽ തെളിയാത്ത ഒരു ദിനവും പിന്നെ കടന്നു പോയിട്ടില്ല.
മുശിഞ്ഞ് തുടങ്ങുന്ന വേളകളിൽ ഒരു പിൻ വിളിയായി നിന്നെ കേട്ടുവെന്ന് തോന്നി പലപ്പോഴും തിരിഞ്ഞ് നോക്കിയിട്ടുണ്ട്.
ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് കണ്ണ് പൊത്തിപ്പിടിച്ച് ആളെ ചോദിക്കുന്ന നിന്റെ പഴയ കുസൃതിയില്ലേ.
അതുമായി ഒരു നാൾ നീ വരും എന്ന് തന്നെ മനസ്സ് പറയുന്നു.
നീ പോയ അവസാന യാത്ര....
അധികം വൈകാതെ വന്ന
വേവലാതി നിറഞ്ഞ വിളി........
നിന്നെ കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ ..........
അത്ര കാര്യമാക്കിയില്ല.
നീ
കളിപ്പിച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
പിന്നെ
നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങളെ മനസ്സിലും ആധിയായി.
നാട്ടിൽ നിന്ന് ഞങ്ങളൊക്കെ നീ പോയിടത്തേക്ക് വന്നിരുന്നു.
പിറ്റേന്ന് നേരം വെളുത്ത് വെയിൽ കനം വെച്ചപ്പോഴും നിന്നെ ഞങ്ങൾ തെരയുകയായിരുന്നു.
എന്നിട്ടും നിനക്കൊരു അപകടം സംഭവിച്ചിരിക്കുമെന്ന് കരുതാൻ മനസ്സിന് ഇഷ്ടമില്ലായിരുന്നു.
നീ ഒരു കുസൃതി ഒപ്പിച്ച് മുങ്ങിയതായിരിക്കുമെന്ന്തന്നെ കരുതി.
അങ്ങനെ മാത്രം കരുതുന്നതായിരുന്നു ഞങ്ങളുടെ സമാധാനവും.
ഞങ്ങൾ ആ പാറക്കെട്ടുകൾക്ക് മീതെയും പൊന്തക്കാടുകൾക്കരികിലൂടെയും ഒരു പാട് തവണ നിന്നെ തെരഞ്ഞ് നടന്നിരുന്നു.
നീ അതൊക്കെ അറിഞ്ഞിരുന്നോ
ആവോ?.
പിന്നെ പിന്നെ സമയം തെറ്റി തുടങ്ങിയപ്പോൾ ഞങ്ങളിൽ പ്രതീക്ഷയറ്റ് തുടങ്ങി.
അതിനിടയിലാണ്
ജീവിതത്തിലൊരിക്കലും ഓർക്കാൻ തോന്നാത്ത ഒരു ദുരന്ത നിമിഷത്തിൽ നിന്റെ ചിരി മാഞ്ഞ മുഖം കണ്ടത്.
💧💧💧💧💧💧💧💧
സൗഹൃദത്തിന്റെ ആ പഴയ സായാഹ്നങ്ങളിൽ നീ പോയതിന് പിന്നാലെ ഇരുട്ട് പരന്നിരുന്നു.
ഇപ്പോൾ ഒന്നിനും ഒരു രസവുമില്ല.
മില്ലിലെ വരാന്തയിലും,
ഗ്രൗണ്ടിലെ മതിൽ കെട്ടിലുമൊന്നും പിന്നീട് ഞങ്ങൾക്ക് ഇരിക്കാൻ തോന്നിയിട്ടില്ല.
എന്തോന്നറിയില്ല.
ഒരുതരം മരവിപ്പ് .
നിന്റെ യാത്രക്ക് പിന്നാലെ കടന്ന് വന്നതാണത്.
നൊമ്പരത്തിന്റെ പാതി പിടിച്ച് വാങ്ങി തോളിൽ കയ്യിടാൻ..........
ചെറിയ ചെറിയ രസം പറഞ്ഞ് ചിരിക്കാൻ......
രാഷ്ട്രീയവും, സ്പോർട്സും, മറ്റ് പൊതു കാര്യങ്ങളും ചർച്ച ചെയ്ത് ചേർന്നിരിക്കാൻ...........
ഇനി നീ വരില്ലല്ലോ എന്നോർക്കു
മ്പോഴുണ്ടാവുന്ന
നിരാശയും,വേദനയുമാണ് മനസ്സ് നിറയെ.
നിന്റെ സംസാരം......
പുഞ്ചിരി.......
സ്വകാര്യങ്ങൾ.....
ഒരാത്മ സുഹൃത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തവനായിരുന്നു നീ എന്ന് നിന്റെ വിരഹത്തിന്റെ പിറ്റേന്ന് മുതലാണ് ഞങ്ങൾക്ക് കൂടുതൽ ബോധ്യമായത്.
ഞങ്ങളുടെ വീട്ടുകാര്യങ്ങൾ വരെ നീ അന്വേഷിച്ചപ്പോഴും സ്വന്തം വേദനകളെയും നിരാശകളെയും
ഉള്ളിൽ ഒളിപ്പിക്കുക
യായിരുന്നു നീ .
നിന്റെ ഒഴിവുകൾ പലർക്കായി നീ പകർന്ന് കൊടുത്തു.
സൗഹൃദമായിരുന്നു നിന്റെ ജീവൻ.
യാത്രകൾ നിനക്ക് വല്ലാത്ത ഹരമായിരുന്നു.
അതിനായി നീ ഞങ്ങളുടെ വിളി കാത്തിരുന്നു.
ചർച്ചാ വട്ടങ്ങളിൽ ഏറ്റവും അവസാനം എണീക്കുന്നവൻ നീ ആയിരുന്നു.
ഉളളിൽ നീ ഒരു പാട് വേദനകളെ പേറിയാണ് നടന്നത്.
എന്നിട്ടും എത്ര പ്രസന്നതയോടെയാണ്
നീ പെരുമാറിയത്.
എല്ലാം ഉള്ളിൽ തിരയടിച്ച് നിന്നപ്പോഴും ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് നീ ചിരിച്ചു.
അല്ലെങ്കിലും ചിരിക്കാത്ത ഒരു മുഖവുമായി നിന്നെ കണ്ടതോർമ്മയില്ല.
വലിയ സ്വപ്നങ്ങളൊന്നും അകത്തൊളിപ്പിച്ചവനായിരുന്നില്ല നീ എന്നാണ് തോന്നിയിട്ടുള്ളത്.
എന്നാലും ചിതലരിക്കാത്ത കൊച്ചു കൊച്ചു സ്വപനങ്ങൾ നിനക്കുണ്ടായിരുന്നു.
അത് നീ പലപ്പോഴായി പങ്ക് വെച്ചതുമാണല്ലോ.
മറ്റുള്ളവരുടെ വളർച്ചയിൽ നിനക്ക് സന്തോഷമായിരുന്നു.
മനസ്സിൽ നൻമയുടെ വെളിച്ചമുള്ളവർക്കേ അങ്ങനെ ആവാനാവൂ എന്ന് നിന്റെ മരണപിറ്റേന്ന് നടന്ന ഓർമ്മ തളം കെട്ടിയ പ്രാർത്ഥനാ ചടങ്ങിൽ ആരോ പറയുന്നത് കേട്ടു.
അതിര് വിട്ട് പറക്കാൻ മോഹിക്കാത്തവനായിരുന്നു നീ .
എന്നിട്ടും ഒരു ചിറകടിയുടെ നേർത്ത ശബ്ദം പോലും കേൾപ്പിക്കാതെ നീ കൂടണഞ്ഞു.
ഏതായാലും വിധിയിൽ സമാധാനിക്കുന്നു.
നിന്റെ ചങ്ങാതിമാർക്ക് ഇനി അതിനേ കഴിയൂ.
നീ തോളിൽ കൈ വെച്ച് നടന്നവർ.
അവരാണ് ഭൂമിയിലെ നിന്റെ ഓർമ്മ.
പിന്നെ നിന്റെ
കുടുംബം.....
ഉമ്മ....
ഉപ്പ.......
കുഞ്ഞു മക്കൾ.....
അവരുടെ കണ്ണീർ......
ഫൈസലേ..........
നീ പോയതിന് ശേഷം ഞങ്ങൾക്ക് അവരുടെ മുഖത്തേക്കൊന്ന് നേരാം വണ്ണം നോക്കാൻ പോലും കഴിയുന്നില്ലെടാ.
കഴിഞ്ഞ പെരുന്നാളിന് നിന്റെ കുഞ്ഞുമോൻ പെരുന്നാൾ കോടിയെടുത്ത് ഉപ്പാന്റെ കൈ പിടിച്ച് പെരുന്നാൾ നിസ്കാരത്തിന് വന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി.
അവന്റെ ചുവപ്പ് വറ്റാത്ത കൈ പിടിക്കാൻ നീ ഉണ്ടായില്ലല്ലോ എന്നോർത്ത് മനസ്സ് വല്ലാതെ തേങ്ങി.
കഴിഞ്ഞ ചെറിയ പെരുന്നാളിന് ഞങ്ങൾ നിന്റെ ഖബറിനടുത്ത് വന്നിരുന്നു.
നീ ഞങ്ങളെ കണ്ടിരിക്കുമെന്നാണ് വിശ്വാസം.
നിന്റെ മീസാൻ കല്ലിനടുത്ത് കുത്തിയ മൈലാഞ്ചി കൊമ്പ് തളിർത്ത് നിൽക്കുന്നത് കണ്ടപ്പോൾ നീ പുഞ്ചിരിക്കുകയാണെന്ന് തോന്നി.
ഫൈസലേ.......
അത് കാണാൻ ഈ വരുന്ന പെരുന്നാൾ ദിനത്തിലും ഞങ്ങൾ വരും.
സൗഹൃദത്തിന്റെയും
നൻമയുടെയും
നിയോഗങ്ങൾക്ക്
പ്രാർത്ഥനയുടെ പുണ്യം പകരാൻ........

------------------------------
സത്താർ കുറ്റൂർ

No comments:

Post a Comment