Sunday, 18 September 2016

കൊണ്ടോട്ടി നേർച്ച


ഒരു ശനിയാഴ്ച, വൈകന്നേരം 5 മണിയായിക്കാണും, മുറ്റത്തു നിന്ന് ൻറെ സൈദിന്റെ ശബ്ദം .... ദ്രാമാനേ.....
ഞാൻ ഓടിച്ചെന്നു, ഇജ് കൊണ്ടോട്ടി നേർച്ചക്ക് പോര്ണാ?
സന്തോഷം കൊണ്ട് ൻറെ സൈദിനെ ഞാൻ വാരിപ്പുണർന്നു.
അടുത്ത വീട്ടിലെ മിയം താത്താനോട് തലേ ദിവസം ഉമ്മ പറയുന്നത് കേട്ടിരുന്നു കൊണ്ടോട്ടി നേർച്ചക്ക് വെടി പൊട്ടിച്ച് ക്ക്ണ് മത്തൻ കത്തിടണ്ടേന്ന്....
അത് കേട്ടപ്പോഴേ ഭൂശിച്ചതായിരുന്നു. ഇപ്പ o ൻറെ സൈദ് പോണു!
ഞാനുണ്ട്. ൻറെ ഉമ്മാനോട് ജ് പറ.
തോട്ടശ്ശേരി യാ രെ പോയിട്ടുള്ളൂ അവിടന്നങ്ങോട്ട് പോയിട്ടില്ല. കൊണ്ടോട്ടി പട്ടണം എന്ന് കേട്ടിട്ടുള്ളു.
തോട്ടശ്ശേരി യാ കാണാൻ കാരണം, അവിടെ കോരുക്കുട്ടിയുടെ ഗുരു (കോരുക്കുട്ടിക്ക് ഗുരു ഇല്ല ) ഗോവിന്ദൻ വൈദ്യരെ കാണാൻ പോയതായിരുന്നു.
ഗോവിന്ദൻ വൈദ്യർ ആദ്യം കുന്നം പുറത്ത് ടൗൺ പള്ളി നിൽക്കുന്ന സ്ഥലത്തായിരുന്നു. അന്ന് കുന്നുംപുറത്ത് പള്ളിയില്ലായിരുന്നു. വൈദ്യരുടെ കടയിൽ നാടൻ മരുന്നുകൾ കൊത്തിയരിയുന്ന ജോലിയായിരുന്നു കോരുക്കുട്ടിക്ക്.
നമ്മുടെ അടുത്ത് തന്നെ മറ്റ് രണ്ട് നേർച്ചകൾ ഉണ്ടായിരിന്നു. കൊളപ്പുറം നേർച്ചയും, മടപ്പള്ളിയാറം നേർച്ചയും. മമ്പുറം നേർച്ചയുണ്ടെങ്കിലും അത് വേറെ രീതിയാലാണല്ലോ. കൊളപ്പുറം നേർച്ചക്ക് എന്റെ ജ്യേഷ്ടന്റെ കൂടെയാണ് പോയത്. പെട്ടിവരവ് വന്നപ്പോൾ ആനയും കുതിരയും ഉണ്ടായിരുന്നു. ആദ്യമായി ആനയേയും കുതിരയേയും കണ്ടത് കൊളപ്പുറത്തിനാണ്. മടപ്പള്ളി നേർച്ചക്കും പോയിട്ടുണ്ട്. അവിടെ തേങ്ങായുണ്ടാകാത്ത കുരുത്തോല മാത്രം ഉണ്ടാകുന്ന ഒരു തെങ്ങുണ്ടായിരുന്നു. രണ്ട് നേർച്ചകളും ഇന്നില്ല.
സൈ ദേ ൻറെ ര്ത്ത് കയില്ലാട്ടാ...
മാണ്ട ൻറെ സൈദ് പറഞ്ഞു. ഉമ്മാന്റെ കോന്തലക്കലുണ്ടായിരുന്ന 25 ( നാലണ) പൈസ ഉമ്മ തന്നു.
കക്കാടം പുറത്തേക്ക് ബസ്സ് കേറാൻ ഓടുകയായിരുന്നു. കല്ലുകൾ നിറഞ്ഞ റോഡായത് കൊണ്ട് ൻറെ സൈദിന്റെ കാല് രണ്ട് വട്ടം വെച്ച് കുത്തി, പാവം ൻറെ സൈദ് :
മർഹബ ട്രാൻസ്പോർട്ടിൽ കൊണ്ടോട്ടിയിലേക്ക്, ബസ്സിന്റെ ടിക്കറ്റ് ൻറെ സൈദ് എടുത്തു.
മേലങ്ങാടിയിൽ ബസ്സിറങ്ങി. ഭയങ്കര ആൾ തിരക്ക്, തിരക്കിനിടയിലൂടെ താഴോട്ട് നടന്നു. ഇതാണ് നേർച്ചപ്പള്ളി:... ഖുബ്ബയുള്ള പള്ളി ചൂണ്ടി ൻറെ സൈദ് പറഞ്ഞു. എനിക്ക് എല്ലാം ഒരൽഭുതം!
ഞമ്മക്ക് ആദ്യം സർക്കസ്സ് കാണാം ൻറെ സൈറിന്റെ നിർദ്ദേശം !
സർക്കസ്സ് അതിന് മുമ്പ് കണ്ടിട്ടേയില്ല. കൂട്ടിലെ തത്തയായ അരീക്കൻ അബുൽ ലത്തീഫ് (തബസ്സും) തു ശൂരിൽ സർക്കസ്സ് കാണാൻ പോയ രസങ്ങൾ എന്നോട് പറഞ്ഞിരുന്നു. മനുഷ്യരെക്കാൾ നമ്മൾ കാണാത്ത മൃഗങ്ങളായിരുന്നത്രേ തൃശൂരിൽ ജംബോ സർക്കസ്സിലുണ്ടായിരുന്നത് - അതൊക്കെ ഓർത്ത കൊണ്ട് ൻറെ സൈദിന്റെ വിരലിൽ പിടിച്ച് ജനക്കൂട്ടത്തിലൂടെ നടന്നു '
ഹാവൂ സർക്കസ്സ് കൂടാരം! ആകെ കൂടി ശബ്ദകോലാഹലം!
ടിക്കറ്റ് മുറിക്കന്ന ഭാഗത്തേക്ക് എന്നെയും വലിച്ച് ൻറെ സൈദ് നടന്നു. ഒരു വിധത്തിൽ അകത്ത് കയറി ഗ്യാലറിയിൽ ഇരുന്നു. നന്നായി കാണാം തുടങ്ങിയിട്ടില്ല. ടിക്കറ്റിന്റെ ഒരു കഷ്ണം ഞാൻ കീശി ലിട്ടോളാം... ൻറെ സൈദിന് നേരെ കൈ നീട്ടി ഞാൻ ചോദിച്ചു.
ജ് അത് കളയും ഞാൻ തന്നെ ബച്ചോളാം..... ഊം.
സർക്കസ്സ് തുടങ്ങി. ലത്തീഫ് പറഞ്ഞത് പോലെയുള്ള മൃഗങ്ങളൊന്നും ഇല്ല.
സർക്കസ്സ് കഴിഞ്ഞ് പുറത്തിറങ്ങി. സൈ ദേ ഞമ്മള് ഒരു ഐസ് വാങ്ങിത്തിന്നാ.....
ഉമ്മ തന്ന 25 പൈസ മടിയിൽ നിന്നെടുത്ത് 10 പൈസക്ക് രണ്ട് ഐസ് വാങ്ങി.
പിന്നെ ഒരോരോ പരിപാടികൾ ഒന്നൊന്നായി കണ്ടു. എല്ലാ കാവുണ്ടറിന്റെ മുന്നിലും ഒന്നു നിന്നിട്ട് എന്നെയും വലിച്ച് ൻറെ സൈദ് അകത്തേക്കോടും.
ഞാൻ ചിന്തിച്ചു, ൻറെ സൈദിന് എവിടന്നാ ഇത്രേം പൈസ ?
വിശക്കുന്നു. ഗോതമ്പക്കറി ഒത കാക്ക വിൽക്കുന്നുണ്ട്. ചൂടോടെ ഓരോ ഗ്ലാസ്സ് കുടിച്ചു. വിശപ്പ് മാറി. അപ്പോഴാണ് പാലശ്ശേരി മൊയ്തീൻ കുട്ടിയെ കണ്ടത്. മൊയതിൻ കുട്ടി ഞങ്ങളുടെ ക്ലാസ്സ്മേറ്റും ൻറെ സൈ ദിന്റെ അയൽവാസിയുമാണ്.
മൂന്നു പേരും ദൂരെ മാറിയിരുന്ന് ഓരോരുത്തരും കണ്ടതൊക്കെ ചർച്ചക്കിട്ടു. രണ്ട് പരിപാടി മാത്രമേ മൊയ്തീൻ കുട്ടി കണ്ടിട്ടുള്ളു അവന്റെ കയ്യിൽ കാശില്ല. ഞങ്ങൾക്ക് ഇനി പാമ്പ് പ്രദർശനം മാത്രമേ ബാക്കിയുള്ളൂ.
ൻറെ സൈദിന്റെ നിർദ്ദേശപ്രകാരം പാമ്പു പ്രദർശന ഹാളിനു നേരെ നടന്നു. സൈദേ ച്ച് പേടിയാകുന്നുണ്ട്. ജ് ങ്ങട് ബാ എന്ന് പറഞ്ഞ് പാമ്പ് പ്രദർശന ഹാളിന്നു മുന്നിൽ നിന്നു - ചേറൂർ അബുവാണ് പ്രദർശനം നടത്തുന്നത്. അബുവിനെ AKH ഹൗസിൽ പാമ്പിനെ പിടിക്കാൻ വന്നപ്പോൾ കണ്ടിട്ടുണ്ട്. ഗേറ്റിൽ ഒത മീശക്കാരൻ നിൽക്കുന്നുണ്ട്. ൻറെ സൈദ് മുമ്പ് ചെയ്തതുപോലെ എന്നെ വലിച്ച് അകത്തേക്ക് ഒരോട്ടം!
മീശക്കാരൻ രണ്ട് പേരെയും ഓരോ കൈകളിൽ മേലോട്ടുയർത്തി ഗർജിച്ചു, ടിക്കറ്റെവിട ടാ- ... - പേടിച്ചു വിറച്ചു, ൻറെ സൈദിന്റെ തുണിയുടെ ഒരറ്റത്ത് കൂടി വെള്ളം താഴോട്ടൊ ലിക്കുന്നത് ഞാൻ കണ്ടു. പേടിച്ചിട്ട് മിണ്ടാൻ കഴിയിണില്ല. കാശില്ലെന്ന് പറഞ്ഞപ്പോൾ രണ്ട് പേരെയും പുറത്തേക്ക് ഒരേറും, കീപ്പറായി മൊയ തീൻ കുട്ടി അവിടെയുണ്ടായിരുന്നത് കൊണ്ട് 'പരി' ക്കൊന്നും പറ്റിയില്ല.
സൈ ദേ അൻറടുത്ത് പൈസ ഒന്നൂല്യേ ?
ൻറെ സൈദ് ചിരിച്ചു കൊണ്ട് പറയ്യാ, ബസ്സിന് ടിക്കറ്റെടുത്തിട്ടില്ല, ഒത പരിപാടി കാണാനും ടിക്കറ്റെടുത്തിട്ടില്ല!
ന്നാലും പാമ്പുകളെ കാണാൻ പറ്റീല.
15 പൈസ ബാക്കിയുള്ളത് കൊണ്ട് കടല വാങ്ങാൻ തീരു മാനിച്ച് കടല കൊറിച്ച് കുറ്റൂർ ലക്ഷ്യമാക്കി നടക്കാം. കടല വാങ്ങുമ്പോഴാണ് ൻറെ സൈദ് പറഞ്ഞത് 10 പൈസ കൊണ്ടാ ഞമ്മക്ക് പാമ്പിനെ കാണാം.
ൻറെ സൈദ് കിലുക്കിക്കുത്ത് നടക്കുന്നിടത്ത് ചെന്ന് 10 പൈസ വെച്ചു്, അത് പോയി! 5 പൈസയുടെ കടലയും വാങ്ങി നടന്നു. നേരം വെളുത്തപ്പോൾ കുറ്റൂർ നോർത്തിൽ!

-----------------------------------
എം.ആർ.സി അബ്ദുറഹിമാൻ

No comments:

Post a Comment