Tuesday, 20 September 2016

ഇടവഴികൾ


നടത്തം ഒരു ശീലമായിരുന്നു. നടത്തത്തിന്റെ രീതി കണ്ടിട്ട് ആളെ തിരിച്ചറിഞ്ഞിരുന്നു. ഇത്തരം നടത്തങ്ങളിലാണ് നാട്ടു സൗഹൃദങ്ങൾ പൂവിടുക. നിരന്തരമായ നടത്തം കൊണ്ട് മാത്രം പരിചിതമായ മുഖങ്ങൾ അന്നേറെയുണ്ടായിരുന്നു.
പോക്കു വരവുകളുടെ നൈരന്തര്യത്തിലാണ് ഒരു വഴിയുണ്ടാവുക.
പാദം പതിഞ്ഞ പാടുകൾ നോക്കിയിട്ടാവണം പിന്നാലെ വന്നവരെല്ലാം വഴി നടന്നിട്ടുണ്ടാവുക.
വീട്ടുമുറ്റത്തിലൂടെയും, പറമ്പിലൂടെയും നടന്ന് പോന്നതാണ് പോയ കാലം.
വളച്ച് കെട്ടാത്ത മണ്ണും മനസ്സുമായിരുന്നു അന്നത്തെ നാടിനും നാട്ടുകാർക്കും.
കൃഷി ജീവിതോപാധിയായതിനാൽ വയലുകൾ കേന്ദ്രീകരിച്ചതായിരുന്നു അന്നത്തെ നാട്ടു സമ്പർക്കങ്ങൾ.
പിൽകാലത്ത് പുതിയ വഴികൾ ചെത്തിയുണ്ടാക്കിയപ്പോഴാവണം'ചെത്തേയി'കൾ വന്നത്.
പഴയ കാല നാട്ടു വഴികൾക്ക് പ്രകൃതിയുടെ തണലും കുളിരുമുണ്ടായിരുന്നു.
പരിചിതരായിരുന്നു കൂടുതലും ഇതിലൂടെ വഴി നടന്നത്.
വല്ലപ്പോഴും വന്നിരുന്ന അപരിചിതർ നാട്ടുകാർക്ക് മുന്നിൽ തങ്ങളുടെ വിലാസം വെളിപ്പെടുത്തണമായിരുന്നു.
പോയി മറഞ്ഞ നാട്ടു ജാഗ്രതയുടെ ഒരു രീതിയായിരുന്നു അത്.
സൗകര്യങ്ങൾ തീരെ കുറവായിരുന്നെങ്കിലും സ്വകാര്യത വേണ്ടുവോളമുണ്ടായിരുന്നു ഈ വഴികൾക്ക്.
നമ്മുടെ ഗ്രാമീണ ജീവിതത്തിൽ ഇടവഴികൾ മറക്കാനാവാത്ത കുറെ അനുഭൂതികൾ പകർന്ന് തന്നിട്ടുണ്ട്.
അതിന്റെ ഇരുവശത്തുമുള്ള വേലിക്കെട്ടുകളിൽ പച്ച വള്ളികൾ പടർന്ന് നിന്നിരുന്നു.
തൊട്ടാവാടിയും, തുകാ കൊട്ച്ചിയും, കമ്യൂണിസ്റ്റ് അപ്പയും, കുറുന്തോട്ടിയും, വെളളതണ്ടുമൊക്കെ അടങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത ഔഷധ സസ്യങ്ങളും, പാഴ്ചെടികളും ഇടവഴിയുടെ പശ്ചാത്തല സൗന്ദര്യമായിരുന്നു.
വേലിക്കെട്ടിന് താഴെപെരുച്ചാഴി കീച്ചിട്ട് പോവുന്ന പുതു മണ്ണിന്റെ നിറം.....
ആരോ പാതി കടിച്ചിട്ട പഴുത്ത നാടൻ മാങ്ങയുടെ മണം.....
ചാഞ്ഞ് നിൽക്കുന്ന മാവിൻ കൊമ്പിൽ ഇരുന്ന് വാലാട്ടുന്ന അണ്ണാറക്കണ്ണൻ......
കാക്കയും കുയിലും കൂട് കൂട്ടിയ ചില്ലകൾ......
തൂങ്ങിയാടി വീഴാൻ നിൽക്കുന്ന കൂര്യാറ്റക്കൂട്.....
ഉണങ്ങി പറിഞ്ഞ് കിടക്കുന്ന ചമ്മലിൽ ചവിട്ടുമ്പോഴുള്ള ശബ്ദം.....
ഒരു ഇടവഴിയാത്രയുടെ ഗൃഹാതുരത്വമുണർത്തുന്ന അനുഭൂതികളാണിതൊക്കെ.
കല്ലെറിഞ്ഞ് വീഴ്ത്തിയ തുടുത്ത മാമ്പഴം മടിയിൽ പൂഴ്ത്തി ഇടവഴിയിലൂടെ ഓടി മറഞ്ഞവരുണ്ടായിരുന്നു.
അണ്ടി പൊറുക്കാൻ ഇത് വഴി പതുങ്ങി വരുന്ന പിള്ളേരെ കയ്യോടെ പിടിക്കാൻ കാത്തിരുന്നവരുമുണ്ടായിരുന്നു.
ഉമ്മയോട് പിണങ്ങി മോന്തി നേരത്ത് ഇടവഴിയിൽ പോയി നിന്ന ബാല്യം
പോയതലമുറ
ക്കുണ്ടായിരുന്നു.
സുഹൃത്തിനെ കാത്തിരുന്ന് മടുത്തപ്പോൾ ഇടവഴിക്കരികിലെ വേലിയിൽ അടയാളം വെച്ച് പോയ സൗഹൃദവും.
ചക്കയും മാങ്ങയും വീണ് കിടന്ന് ഈച്ചയാർത്തതായിരുന്നു ഈ വഴി.
ചാണകത്തിൽ ചവിട്ടാതിരിക്കാൻ പാട് പെട്ടതും ഇന്നോർമ്മയാണ്.
രാത്രി കാലങ്ങളിൽ ചൂട്ട് മിന്നി പോയതും ഇതിലെ തന്നെ.
അതിൽ നിന്ന് തെറിച്ച ചെറിയൊരു കനൽ കാരണം വേലിയിലേക്ക് തീയാളി പടർന്നപ്പോൾ വെള്ളവുമായി പാഞ്ഞതും ഓർമ്മ.
പാമ്പുകളsക്കമുള്ള നിരവധി ഇഴജന്തുക്കൾ പാർത്തതും ഈ വഴിയോരത്തായിരുന്നു.
ഇടക്കിടെ വഴിപോക്കൻ വിളിച്ച് പറഞ്ഞ പാമ്പിനെ തല്ലിക്കൊല്ലാൻ ഇറയത്ത് തിരുകിയ ചൂരലുമായി വന്ന അയൽപക്കവുമുണ്ടായിരുന്നു.
മുടാകോയ് വിളികളുമായി വഴിവാണിഭക്കാർ വന്നതും ഇതുവഴിയായിരുന്നു.
ചന്ത സാമാനങ്ങൾ തലച്ചുമടായി കൊണ്ട് പോയതും, പാടത്തേക്ക് പൂട്ടാൻ കൊണ്ട് പോവുന്ന കണ്ണപ്പനെ തെളിച്ച് കൊണ്ട് പോയതും ഇതിലെ തന്നെ.
കഴുത്ത് നിറയെ കല്ല് മാലയിട്ട അക്കരപുറത്തെ അമ്മയും കറുപ്പ് സൂപ്പിലെ കോന്തലയിൽ മുറുക്കാൻ കെട്ടിയ വല്ലിമ്മയും നാട്ടുവർത്താനം പറഞ്ഞ് നടന്നതും ഇതുവഴിയാണ്.
നടന്ന് ക്ഷീണിക്കുമ്പോൾ ഇവർ വഴിവക്കിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് വെള്ളം കോരി കുടിച്ചു.
ആ പങ്ക് വെപ്പിന്റെ കുളിരിലാണ് ഈ നാടിന്റെ നൻമകൾ ഓരോന്നായി തളിരിട്ടത്.
അവർ വെള്ളം കോരി കുടിച്ച പാളയിൽ നിന്നുറ്റി വീണ തെളിവെള്ളത്തിന്റെ നിറമായിരുന്നു അന്നത്തെ നാടിനും, നാട്ടുവഴികൾക്കും.

സത്താർ കുറ്റൂർ

No comments:

Post a Comment