Friday, 20 October 2017

മൊഴിമുത്തുകൾ


മധുരം കിനിയുന്ന വാക്കുകൾ    മൊഴിയണേ
മന്ദസ്മിതം തൂകി മുന്നിൽ       നടക്കണേ
മാന്യത നോക്കിലും വാക്കിലും     കാക്കണേ
മാതൃകാ ജീവിതം നയിക്കാൻ    ശ്രമിക്കണേ

മാതാവിൻ മടിത്തട്ടിൻ നാളുകളോർക്കണേ
മാതൃപാദത്തിൽ സ്വർഗത്തെ തേടണേ
മാന്യ പിതാവിനെ സാദരം കേൾക്കണേ
മഹനീയ സ്ഥാനം വകവെച്ചു നൽകണേ

മക്കളെ സ്നേഹിച്ചു മാറോട് ചേർക്കണേ 
മതത്തിൻ അദബുകൾ നിത്യം ശീലിപ്പിക്കണേ
മനുഷ്യന്റെ കഷ്ടത നീക്കാൻ ശ്രമിക്കണേ
മനസ്സുകൾ ഒന്നിക്കാൻ മുന്നിട്ടിറങ്ങണേ

മാറുന്ന ലോകത്തിൻ മാറ്റമുൾക്കൊള്ളണേ
മതത്തിൻ അതിർത്തികൾ മായാതെ നോക്കണേ
മരണം വരും മുമ്പ് സുകൃതങ്ങൾ കൂട്ടണേ
മണ്ണായ് മാറും നാം മനദാരിൽ ഓർക്കണേ

മഹദ് വചനങ്ങൾ നിത്യവും കേൾക്കണേ 
മനം നീറി റബ്ബോട് കരുണക്കായ് കേഴണേ
മണി മണിയായ് ഉപദേശം നൽകാൻ എളുപ്പമാം
മനസ്സിൽ ഒരിത്തിരി ഞാനും പകർത്തണേ
🌷🌷🌷🌷🌷🌷🌷🌷🌷
           ... മുഹമ്മദ് കുട്ടി

No comments:

Post a Comment