കെ. സി. അബ്ദുറഹ്മാൻ
==================
ടെലിവിഷന്‍ വാര്‍ത്താവതരണ രീതിയിലാേ പത്രവാര്‍ത്ത പോലെയൊ ഒറ്റവരിയില്‍ യാത്രാവിവരണങ്ങള്‍ ഒതുക്കിയാല്‍ സന്ദര്‍ശിക്കുന്ന നാടിന്റെ ചരിത്രവും സംസ്കാരവും അവിടത്തെ ജീവിതരീതിയുമടക്കം അല്പം പാേലും പരാമര്‍ശിക്കാനാവാതെ വരും.
സന്ദര്‍ശനത്തിനെത്തുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ ഒന്നാേ രണ്ടോ കാര്യങ്ങളെങ്കിലും യാത്രാവിവരണത്തില്‍ പരാമര്‍ശിക്കാതെ പാേവുന്നത് ശരിയല്ല. അതുപാേലെ പുതിയതെന്ന് താേന്നുന്ന ചില അറിവുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് വായനക്കാരുമായി പങ്കുവെക്കാന്‍ ശ്രമിക്കുകയും ചെയ്യാം.
സംഭ്രമങ്ങളുടെ തുടർകഥകൾ പറയുന്ന ആകാശയാത്ര
ജിദ്ദയില്‍ നിന്നും പുറപ്പെട്ടത് മുതല്‍ നിരവധി സങ്കീര്‍ണ്ണതകളുടെയും സാഹസികതകളുടെയും കഥകള്‍ സമ്മാനിച്ച യാത്രാനുഭവമാണിത്. പെരുമഴക്കാലം സിനിമയിലെ പഴയ ഡയലോഗിന്റെ പാരഡിയിൽ പറഞ്ഞാൽ മൊറാക്കോയാണ് രാജ്യം;
മറാക്കെഷാണ് സ്ഥലം! നമ്മുടെ ഇടുക്കി ഡാമിനേക്കാള്‍ ഇരുപതിരട്ടി അധികം ക്യാച്ച്മെന്‍റെ ഏരിയയും ഇടുക്കിയെക്കാള്‍ രണ്ടര ഇരട്ടി വെള്ളവുമുള്ള ഒരു ഡാമില്‍ അകപ്പെട്ട് മരണം മുന്നില്‍ കാണുന്നതാണ് വിഷയം!!
ആയിരത്തി അറുന്നൂറ്റി എഴുപത് ചതുരശ്ര കിലോമീറ്റര്‍ (1670 km2)
ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്നായി ലഭിക്കുന്ന ഇരുപത്തിയേഴ് കോടി മുപ്പത് ലക്ഷം ഘന മീറ്റര്‍ (27,30,00,000 cubic meter) വെള്ളം ശേഖരിക്കാന്‍ കെല്പുള്ള റിസര്‍വോയിറിന്‍റെ മധ്യത്തില്‍ ആരോരും കൂട്ടിനില്ലാതെ കാറ്റിലും കോളിലും പെട്ടുഴലുന്നവന്‍റെ ഒരു അനുഭവകഥയാണ് പറയാന്‍ പോവുന്നത്. മറാക്കെഷില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഒന്നര മണിക്കൂറോളം യാത്ര ചെയ്താല്‍ അസിലാല്‍ പ്രവിശ്യയിലെ ലഖ്ദാര്‍ നദിയില്‍ മൊറാക്കോയിലെ രാജാവായിരുന്ന ഹസന്‍ ഒന്നാമന്‍റെ പേരിലുള്ള അണക്കെട്ടിന്റെ സമീപത്തെത്താം. അത്യന്ത്യം അപകടപരമായ സാഹചര്യത്തില്‍ റിസര്‍വോയിറില്‍ അകപ്പെട്ടുപോയ കഥയും അതോടൊപ്പം തലക്ക് മീതെ വെടിയുണ്ടകള്‍ ചീറിപ്പായുന്ന ‘യുദ്ധമുന്നണിയില്‍’ അകപ്പെട്ട് പോയതുള്‍പ്പെടെയുള്ള സംഭ്രമജനകവും ആശ്ചര്യകരവുമായ മറ്റുപല അനുഭവങ്ങളും ചെറിയ രൂപത്തില്‍ അഞ്ചോ ആറോ ഭാഗങ്ങളിലായി പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രവാസലോകത്ത് ഞാന്‍ ജോലി ചെയ്തിരുന്ന യൂനിലിവര്‍ കമ്പനിയുടെ NAMETRUB (നമെറ്റ്റബ്) റീജ്യണല്‍ Procurement
ഡിപാര്‍ട്ട്മെന്‍റന്‍റെ വാര്‍ഷിക അവലോകന മീറ്റിംഗ് നടക്കുക വ്യത്യസ്ഥ രാജ്യങ്ങളിലായിട്ടാണ്. NAMETRUB എന്നത് നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ഈസ്റ്റ്,
തുര്‍ക്കി, റഷ്യ, ഉക്രൈന്‍, ബെലാറസ് എന്നിവയെ ചേര്‍ത്തുപറയുന്ന ചുരുക്കപ്പേരാണ്. അതില്‍ തന്നെ നോര്‍ത്ത് ആഫ്രിക്ക മിഡില്‍ഈസ്റ്റ് രാജ്യങ്ങളുടെ സബ് റീജ്യണിന് NAME (നെയിം) എന്ന ചുരുക്കപ്പേരാണ് ഉപയോഗിക്കാറ്. മൊറാക്കോ, ടുണിഷ്യ, അള്‍ജീരിയ,
ഈജിപ്ത്, ഗള്‍ഫ് രാജ്യങ്ങള്‍,
ലെബനോണ്‍ തുടങ്ങിയവയാണ് NAME-ല്‍ വരുന്ന രാജ്യങ്ങള്‍. NAMETRUB തലത്തിലും NAME തലത്തിലും വാര്‍ഷിക മീറ്റിങ്ങുകള്‍ നടക്കും. ഏതാണ്ടെല്ലാ വര്‍ഷങ്ങളിലും രണ്ടിലും പങ്കെടുക്കാന്‍ സാധിക്കാറുമുണ്ട്. NAMETRUB തലത്തിലുള്ളത് അധികവും തുര്‍ക്കിയില്‍ വെച്ചാണ് നടക്കാറ്. NAME തലത്തിലുള്ളത് ഈജിപ്ത്, യു.എ.ഇ, മൊറാക്കോ തുടങ്ങിയ രാജ്യങ്ങളിലും. പോയ വര്‍ഷത്തെ അവലോകനവും വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും തീരുമാനിക്കുന്ന മീറ്റിംഗുകളാണ് ഇവ. നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ഇത്തരം മീറ്റിംഗുകളുടെ ഭാഗമായി പലതരം ഗെയിമുകളും വിനോദ-സാഹസിക യാത്രകളും കലാപരിപാടികളും ഒക്കെയുണ്ടാവും. അത്തരം ഒരു മീറ്റിംഗിന്‍റെ ഭാഗമായാണ് മൊറാക്കോയിലെ മറാക്കെഷിലേക്ക് പോവാനിടയാവുന്നത്.
കാസാബ്ലങ്കയിലേക്കാണ് ആദ്യം പോവുന്നത്. അവിടെ നിന്നും റോഡ് മാര്‍ഗ്ഗം മറാക്കെഷിലേക്ക്. ജിദ്ദയില്‍ നിന്നും കാസാബ്ലങ്കയിലെത്താന്‍ ചുരുങ്ങിയത് ഏഴുമണിക്കൂര്‍ വിമാനയാത്ര വേണം. അവിടെ നിന്നും റോഡ് മാര്‍ഗ്ഗം മറാക്കെഷിലെത്താന്‍ മൂന്നര മണിക്കൂറും. സൗദി അറേബ്യന്‍ എയര്ലൈന്‍സിലാണ് യാത്ര. ഏപ്രണില്‍ (APRON) പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനത്തിനടുത്ത് അതില്‍ കയറാനായി കാത്തു നില്‍ക്കുകയാണ്. വിമാനം കയറുന്നതിനു മുമ്പ് എയര്‍ക്രാഫ്റ്റ് റജിസ്ട്രേഷന്‍ നമ്പര്‍ നോക്കുന്നതും ടര്‍ബോഫാന്‍ എഞ്ചിന്‍ ഏതാണെന്ന് മനസ്സിലാക്കുന്നതും എന്‍റെ ഒരു ഹോബിയാണ്. ഈ മേഖലയിലുള്ള ഒട്ടുമിക്ക വിമാനങ്ങളുടെയും ടര്‍ബോഫാന്‍ എഞ്ചിന്‍ റോള്‍സ് റോയ്സിന്‍റെതോ ജനറല്‍ ഇലക്ട്രിക്കിന്‍റെതോ P&W-ന്‍റെതോ ആയിരിക്കും. റജിസ്ട്രേഷന്‍ നമ്പറില്‍ നിന്നും ആ വിമാനത്തിന്‍റെ പഴക്കവും മറ്റു വിശദാംശങ്ങളും അറിയാന്‍ പറ്റും.
ഓരോ വിമാന കമ്പനിക്കും ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്ന രീതിയില്‍ രണ്ടക്ഷരത്തിലുള്ളതോ അല്ലെങ്കില്‍ ഒരക്ഷരവും ഒരു നമ്പറും കൂടിചേര്‍ന്നതോ ആയ ഒരു കോഡ് നമ്പര്‍ ഉണ്ട്. ഉദാഹരണത്തിന് എയര്‍ ഇന്ത്യ വിമാനങ്ങളുടെ നമ്പര്‍ തുടങ്ങുക VT-യില്‍ നിന്നാണ്. സൗദി എയര്‍ലൈന്‍ വിമാനങ്ങളുടെത് HZ-ല്‍ നിന്നും എമിറേറ്റ്സിന്‍റെത് A6-ല്‍ നിന്നുമാണ് ആരംഭിക്കുന്നത്. ആ രണ്ടക്ഷര കോഡിന് ശേഷം ഒരു മൂന്നക്ഷര നമ്പറും കാണും. ഉദാഹരത്തിന് VT-SCA,
HZ-ASA, A6-EDA തുടങ്ങിയവ. കാറിനും ബസ്സിനുമൊക്കെ ഉള്ളതുപോലെ വിമാനങ്ങള്‍ക്കും ഒരു രജിസ്ട്രഷന്‍ നമ്പര്‍ ഉണ്ട്. ആ നമ്പര്‍ M.PLANESPOTTERS.NET പോലെയുള്ള വെബ്‌സൈറ്റില്‍ പരതിയാല്‍ ആ എയര്‍ ക്രാഫ്റ്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടും. ഇപ്പോള്‍ ഏതാണ്ടെല്ലാ വിമാനത്താവളങ്ങളിലും എയറോ ബ്രിഡ്ജ് സൗകര്യം ഉണ്ട്. അതുകൊണ്ട് ടെര്‍മിനലിലെ എയറോ ബ്രിഡ്ജ് വഴി വിമാനത്തില്‍ കയറുമ്പോള്‍ വിമാനത്തിന്‍റെ സൈഡിലുള്ള ഈ റജിസ്ട്രേഷന്‍ നമ്പറുകള്‍ ചിലപ്പോള്‍ കാണാന്‍ പറ്റിയെന്നുവരില്ല.
ജിദ്ദയില്‍ നിന്നും എന്‍റെ കൂടെ സഹപ്രവര്‍ത്തകരായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് വസീം, എരിത്രിയക്കാരനായ നെഗാഷ് മൂസ, സൗദി പൗരനായ മുഹമ്മദ് ഫല്ലൂദ എന്നിവരുമുണ്ട്. ഒറ്റനോട്ടത്തില്‍ വിമാനത്തിന്‍റെ ടര്‍ബോഫാന്‍ റോള്‍സ്റോയ്സ് ആണെന്ന് മനസ്സിലായി. ഒന്ന് കൂടി ഉറപ്പ് വരുത്തുന്നതിനായി അടുത്തെത്തിയപ്പോള്‍ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി. എവിടെയോ തട്ടിമുട്ടുന്ന രീതിയില്‍ വളരെ അസാധാരണമായൊരു ശബ്ദം ടര്‍ബോഫാനില്‍ നിന്നും കേള്‍ക്കാനിടയായി. ഏയ്... കുഴപ്പമോന്നുമാവില്ലെന്ന് കരുതി ഗോവണി കയറി മുന്നോട്ട് നീങ്ങി. സാവധാനം ഓരോരുത്തരായി അവരവരുടെ സീറ്റിലിരുന്നു.
ഒറ്റനോട്ടത്തില്‍ തന്നെ അത് സൗദി എയര്‍ലൈന്‍സിന്‍റെ ഫ്ലീറ്റില്‍ (FLEET) പെട്ട വിമാനമല്ലെന്നു മനസ്സിലായി. ഈസ്റ്റേൺ യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തുനിന്നോ അല്ലെങ്കിൽ ഫാര്‍ഈസ്റ്റില്‍ നിന്നോ വാടകക്കെടുത്ത പഴയ വിമാനമാണെന്ന് വ്യക്തമാക്കുന്ന രീതിയില്‍ വിമാനത്തിനകത്തെ എഴുത്തുകളെല്ലാം സ്റ്റിക്കറൊട്ടിച്ച് മറച്ചിരിക്കുന്നു. സീറ്റിന് മുമ്പിലുള്ള ട്രേകള്‍ മിക്കതും തുറന്നാല്‍ അടക്കാന്‍ പറ്റാത്തത്. ചിലതിനെ മാസ്കിംഗ് ടേപ്പ് കൊണ്ട്ഒട്ടിച്ചിരിക്കുന്നു. ഓവര്‍ഹെഡ് (OVERHEAD)
ലോക്കറുകളുടെ സ്ഥിതിയും തഥൈവ. വിമാന ജോലിക്കാരും ഇതുവരെ കാണാത്ത രാജ്യക്കാര്‍.
വിമാനത്തിലെ യാത്രക്കാർ അധികവും മൊറാക്കോ പൗരന്മാർ. കുറച്ച് സൗദികളും. പേരിന് മാത്രം ഞങ്ങളെപ്പോലെയുളള മറ്റു രാജ്യക്കാരും. മൊറാക്കോയിൽ നിന്നുളളവർ അറബിയും ഫ്രഞ്ചും സംസാരിക്കുന്നു. സൗദികളാവട്ടെ അറബിയും ഇംഗ്ലീഷും. വിമാന ജോലിക്കാരാവട്ടെ കണ്ടംമുണ്ടം ഇംഗ്ലീഷും അവരുടേതായ മറ്റേതോ ഒരു ഭാഷയും! ചുരുക്കത്തിൽ ആശയവിനിമയം ഒട്ടുമുക്കാലും ആംഗ്യഭാഷയിലൂടെ.
വിമാനം പുറപ്പെടേണ്ട സമയമായി. പക്ഷെ ഒരു ചലനവും കാണുന്നില്ല. ആരെങ്കിലും എത്താന്‍ കാത്തുനില്‍ക്കുകയായിരിക്കും എന്ന് കരുതി. അര മണിക്കൂര്‍ പിന്നിട്ടു. വിമാനത്തിലെ എയര്‍കണ്ടിഷന്‍ സംവിധാനം നിലച്ചു. അസഹ്യമായ ചൂട്. യാത്രക്കാര്‍ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങി. വിമാന ജോലിക്കാര്‍ യാത്രക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി വിമാനത്തിന്‍റെ വാതിലുകള്‍ തുറന്നുവെച്ചു. ഉടനെ യാത്രക്കാര്‍ പലരും അല്പം കാറ്റുകിട്ടാനായി വാതിലിനടുത്തേക്ക് വരാന്‍ തുടങ്ങി. അപകടം മണത്ത ജീവനക്കാര്‍ വാതിലിനടുത്ത് എത്തുന്നതിന് രണ്ട് സീറ്റ് മുമ്പ്തന്നെ ചുവപ്പ് നാട കെട്ടി യാത്രക്കാരെ പ്രതിരോധിച്ചു. മണിക്കൂര്‍ രണ്ടു കഴിഞ്ഞു. ഒരു വിവരവും പൈലറ്റോ മറ്റു ജീവനക്കാരോ നല്‍കുന്നില്ല. അവസാനം വിമാനത്തിന്‍റെ ടര്‍ബോഫാന്‍ എഞ്ചിന് ചെറിയ തകരാറുണ്ടെന്നും അത് ശരിയാക്കിയതിനു ശേഷമേ വിമാനം യാത്ര ആരംഭിക്കൂ എന്ന അറിയിപ്പ് വന്നു.
ഏകദേശം മൂന്നു മണിക്കൂര്‍ പിന്നിട്ടു. വിയര്‍ത്തുകുളിച്ച് കടുത്ത ചൂടില്‍ ശരീരം ചുവന്ന് തുടുത്ത്,
നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങള്‍ക്കെങ്കിലും ജ്യൂസോ പാലോ വെള്ളമോ കൊടുക്കാന്‍ വിമാനത്തിലെ ക്രൂ തയാറാവാതിരുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ചെറിയ കുട്ടികള്‍ക്ക് വെള്ളവും ജ്യൂസും കൊടുക്കാന്‍ അവര്‍ തയ്യാറായി.
ഇടവേളകളില്ലാത്ത സംഭ്രമങ്ങളും മറാക്കെഷിലെ സര്‍പ്പക്കാവുകളും.
വിമാനത്തിലെ പബ്ലിക് അഡ്രസ് സിസ്റ്റം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുമാറ് ഇടക്കിടക്ക് “ഹലോ...ഹലോ..ഹലോ..” എന്ന് കേള്‍പ്പിക്കും. പിന്നെ സൗണ്ട് സിസ്റ്റത്തില്‍ നിന്ന് ഒരു ഞെരങ്ങലും മൂളലുമൊക്കെ മാത്രം. അതിനിടയില്‍ ടെക്നിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും ഉടനെ പുറപ്പെടാനവുമെന്നുമുളള അറിയിപ്പ് വന്നു. എല്ലാവര്‍ക്കും ആശ്വാസം. പലരും ദീര്‍ഘശ്വാസമെടുക്കുന്നത് കാണാമായിരുന്നു. ദീര്‍ഘശ്വാസം നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളും എന്നാണല്ലോ വെപ്പ്.
അപ്പോഴേക്കും ചില യാത്രക്കാര്‍ ഈ വിമാനത്തില്‍ ഇനി യാത്ര ചെയ്യാന്‍ അവര്‍ക്ക് പേടിയാണെന്നും തങ്ങളെ ഇറങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പുതിയൊരു സീനുണ്ടാക്കി. ഇതിലല്ലാതെ അടുത്ത മറ്റൊരു ഫ്ലൈറ്റില്‍ വരാനാണ് അവര്‍ക്ക് താല്പര്യമെന്നും അറിയിച്ചു. ഈ ഫ്ലൈറ്റിൽ നിന്നും അങ്ങിനെ ഇറങ്ങിപ്പോവാൻ പറ്റില്ലെന്നും ഇറങ്ങിയാല്‍ അവരെ സുരക്ഷാ കാരണങ്ങളാല്‍ വിമാനം കാസാബ്ലങ്കയില്‍ എത്തുന്നതുവരെ ജിദ്ദ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെയ്ക്കുമെന്നും അധികൃതരും. വിമാനത്താവളത്തിൽ നിന്നും പുറത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല ടിക്കറ്റിന്‍റെ പണം തിരിച്ചുകിട്ടില്ലെന്നുമൊക്കെ അറിയിച്ചെങ്കിലും അവര്‍ അവരുടെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. അങ്ങിനെ ആ യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി. വിമാനത്തില്‍ ഭദ്രമായി അടുക്കിവെച്ചിരുന്ന ബാഗേജുകളില്‍ ഒരുപാടെണ്ണം പുറത്തെടുത്ത് അതില്‍ നിന്നും അവരുടെ ബാഗേജുകള്‍ കണ്ടെത്തി മാറ്റി വെച്ചു. ബാക്കിയുള്ളവ വീണ്ടും അകത്തേക്ക് കയറ്റിയ ശേഷം വിമാനം വീണ്ടും യാത്രക്കൊരുങ്ങി. വിമാനം ഏപ്രണില്‍ നിന്നും റണ്‍വേയിലേക്ക് നീങ്ങാനൊരുങ്ങുകയാണ്. അതിനിടയില്‍ ഞങ്ങളും പരസ്പരം ഇനിയെന്ത് എന്നൊരു ചര്‍ച്ച തുടങ്ങി. ഏതായാലും ഈ വിമാനത്തില്‍ തന്നെ യാത്ര തുടരുക എന്ന തീരുമാനത്തിലെത്തി. അപ്പോഴേക്കും വിമാനം ജിദ്ദയില്‍ നിന്നും പരന്നുയരേണ്ട സമയത്തെക്കാള്‍ നാല് മണിക്കൂര്‍ വൈകിയിരിക്കുന്നു.
സാധാരണഗതിയില്‍ മീറ്റിംഗുകളുമായും സെമിനാറുകളുമായും ബന്ധപ്പെട്ട പ്രസന്റേഷന്‍ സ്ലൈഡുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതും കുറിപ്പുകള്‍ തയ്യാറാക്കുന്നതും ഇത്തരം ദീര്‍ഘദൂര വിമാനയാത്രകള്ക്കിടയിലാണ്. വളരെ ഉന്മേശവാന്മാരായി യാത്ര ചെയ്യാറുള്ള ഞങ്ങള്‍ അന്ന് ഉള്ളിന്‍റെയുള്ളില്‍ വലിയ ഭയപ്പാടോടു കൂടിയാണ് ഏഴു മണിക്കൂര്‍ ആകാശത്ത് ചെലവഴിച്ചത്. അധികൃതര്‍ യാത്രക്കാരുടെ ജീവന്‍ കൊണ്ട് പന്താടുകയാണോ എന്നുവരെ സംശയിച്ച നിമിഷങ്ങള്‍! അതിനിടയില്‍ തന്നെ മറിച്ചുള്ള ചിന്തയും വരും; “ഏയ്... അങ്ങിനെ വരില്ല... എന്തെങ്കിലും സംഭവിച്ചാല്‍ അതിലെ ജീവനക്കാരും ബാക്കിയാവില്ലല്ലോ... വിമാനത്തിന്‍റെ പ്രവര്‍ത്തനക്ഷമത നന്നായി അറിയുന്ന ആളാവുമല്ലോ അതിന്‍റെ പൈലറ്റ്. അദ്ദേഹത്തിന്‍റെ ജീവന്‍കൊണ്ട് അദ്ദേഹം തന്നെ പന്താടുമോ? ഏയ്... അതുണ്ടാവില്ല.. അതുറപ്പാ... ശത്രുപക്ഷത്തെ ലക്ഷ്യമാക്കി കുതിക്കുന്ന വ്യോമസേനയുടെ യുദ്ധവിമാനമൊന്നുമല്ലല്ലോ ഇത്; വെറുമൊരു സാധാരണ യാത്രാവിമാനമല്ലേ! അതുകൊണ്ട് വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നം ഉണ്ടെങ്കില്‍ അത് പറത്താന്‍ പൈലറ്റ് തയ്യാറാവുകയില്ലല്ലോ, പ്രശ്നം ഒന്നുമുണ്ടാവില്ല ...” അങ്ങനെ സമാധാനിച്ചു. പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെയുള്ള യാത്ര തുടരുകയാണ്. കാലാവസ്ഥ മോശമായത് കൊണ്ടുണ്ടാവുന്ന ചെറിയൊരു കുലുക്കം പോലും നെഞ്ചകം കലക്കുന്ന ഒരു പ്രതീതി. അന്നാണെങ്കില്‍ എയര്‍ ടര്‍ബുലന്‍സ് കൂടെക്കൂടെ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് വിമാനത്തിൽ നിരന്തരം വലിയ കുലുക്കം അനുഭവപ്പെട്ടുകൊണ്ടേയിരുന്നു. അത് കട്ടിയുളള മേഘങ്ങൾ ഒഴിവാക്കി പറക്കാനായി ഇടക്കിടെ താഴ്ന്നും പൊങ്ങിയും പറന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഭക്ഷണപാനീയങ്ങൾ കഴിക്കാനോ വാഷ്റൂമിൽ പോവാനോ ഒന്ന് എഴുന്നേറ്റ് നില്ക്കാനോ പറ്റാത്ത അവസ്ഥ.
കുറെ വൈകിയാണെങ്കിലും അവസാനം കാസാബ്ലാങ്കയില്‍ സുരക്ഷിതമായി വിമാനം ഇറങ്ങി - അല്‍ഹംദു ലില്ലാഹു... ദൈവത്തിന് സര്‍വ്വ സ്തുതിയും. കുറേശ്ശെ കുറേശ്ശെ ശ്വസനം സാധാരണ ഗതിയില്‍ ആയിത്തുടങ്ങി. സാധാരണ യൂറോപ്പ്യന്‍ സെക്ടറുകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കാണുന്നത് പോലെ വിമാനത്തിനകത്ത് നീണ്ട കരഘോഷം. വിമാനത്തിന്‍റെ ചക്രങ്ങള്‍ (LANDING GEARS) ഇറങ്ങേണ്ട വിമാനത്താവളത്തിലെ റണ്‍വേയില്‍ ടച്ച് ചെയ്യുന്നതോടെ യാത്രക്കാര്‍ ഒന്നടങ്കം വിമാനത്തിന്‍റെ പൈലറ്റിനും മറ്റു ജീവനക്കാര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതിന്‍റെ ഭാഗമായി നീണ്ട കയ്യടി നല്കുന്ന രീതി പാശ്ചാത്യന്‍ രാഷ്ട്രങ്ങളിലുണ്ട്. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതിന് നന്ദി രേഖപ്പെടുത്തലാണത്. ഇത്തരം നന്ദി രേഖപ്പെടുത്തലൊന്നും മലയാളികളായ നമുക്ക് സ്വീകാര്യമല്ല എന്നാണ് നമ്മുടെ നാട്ടിലെ രീതിയില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്. നമ്മള്‍ അവകാശങ്ങളെകുറിച്ച് നല്ല ബോധവാന്മാരാണ് എന്നാണു നമ്മുടെ വെയ്പ്പ്. അതുകൊണ്ട് നമ്മുടെ നിലപാട് ഇതാണ്; യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കല്‍ പൈലറ്റിന്‍റെ ജോലിയല്ലേ, അതിനെന്തിനാണ് അയാള്‍ക്ക് നന്ദി പറയുന്നത്? അതിനല്ലെ അയാള്‍ ശമ്പളം പറ്റുന്നത്?
മാത്രമല്ല നമ്മള്‍ അവര്‍ പറഞ്ഞ ചാര്‍ജ് കൊടുത്ത് ടിക്കറ്റ് എടുത്തല്ലേ യാത്രചെയ്തത്? അവിടെ അവര്‍ നമുക്ക് പ്രത്യേക ഡിസ്കൌണ്ട് തന്നിട്ടൊന്നുമില്ലല്ലോ?
അവരുടെ ഒശാരത്തിനോന്നും അല്ലല്ലോ നമ്മള്‍ യാത്ര ചെയ്തത്? ഒന്നിനും നന്ദി പ്രകടിപ്പിക്കാതിരിക്കാനുള്ള ന്യായീകരനങ്ങളുടെ പെരുമഴക്കാലം! നമ്മുടെ നാട്ടിലെ ഓഫീസിലും സ്കൂളിലും എവിടെയും ഒരു കാര്യം പൂര്‍ത്തീകരിച്ചുകിട്ടിയാല്‍ അതിന് ചെറിയ തരത്തിലെങ്കിലും നന്ദി പറയാതിരിക്കാന്‍ ഇത്തരം ന്യായീകരണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. ഒന്ന് ചുണ്ടനക്കി നന്ദി എന്ന രണ്ടക്ഷരം പറയുന്നത് കൊണ്ട് പറയുന്നവന് ഒരു നഷ്ടവുമില്ല. അതേസമയം കേള്‍ക്കുന്നവന് അത് വലിയ കാര്യവും സന്തോഷവും പ്രചോദനവുമാണുതാനും. നാം ഇനിയും ഒരുപാട് മാറേണ്ടതുണ്ട്. ഞങ്ങളുടെ ബോയിംഗ് B747 വിമാനത്തിന്‍റെ പതിനെട്ട് ചക്രങ്ങളും നിലത്ത് തട്ടിയതിന് ശേഷമാണ് കൂട്ടകയ്യടി തുടങ്ങിയത്. ഓരോ തരം വിമാനങ്ങൾക്കും അതിന്റെ വലുപ്പത്തിനനുസരിച്ചാണ് ചക്രങ്ങളുടെ എണ്ണം ഉണ്ടാവുക. ബോയിംഗ് B747 വിമാനത്തിന് പതിനെട്ട് ചക്രങ്ങളാണ്. എയര്‍ബസ് A380 വിമാനങ്ങള്‍ക്ക് ഇരുപത്തിരണ്ടും ബോയിംഗ് B777 വിമാനങ്ങള്‍ക്ക് പതിനാലും ചക്രങ്ങള്‍ ഉണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ആന്‍റണോവ് AN225ന് മുപ്പത്തിരണ്ട് ചക്രങ്ങളാണുള്ളത്.
നാല്‍പ്പതോ അമ്പതോ കൊല്ലം മുമ്പ് മുംബായ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവരോട് ഇന്ത്യയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പെരുമാറിയിരുന്ന അതേ രീതിയാണ് മൊറാക്കന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും തുടരുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ചില ഇളവുകളൊക്കെയുണ്ട്. ഇന്ത്യക്കാര്‍ കാര്യമായ പരിശോധോനക്ക് വിധേയമാവാതെ തന്നെ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ളിയറന്‍സുകള്‍ പൂര്‍ത്തിയാക്കി പുറത്തു വരുന്നു. എന്നാല്‍ സൗദികളും ഇമാറാത്തികളും (ദുബായിക്കാര്‍) കാസാബ്ലാങ്കയില്‍ എത്തുന്നത് എന്തോ അരുതായ്മകള്‍ ചെയ്യാനാണെന്ന ഒരു മുന്‍വിധി മൊറാക്കന്‍ ഉദ്യോഗസ്ഥര്‍ വെച്ചുപുലര്‍ത്തുന്നത് പോലെ തോന്നി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സൗദി യുവാക്കളുടെ ബാഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുക മാത്രമല്ല അവര്‍ മൊറോക്കോയില്‍ വരുന്നതെന്തിന് എന്ന് വിശദമായി ചോദിച്ചറിയുകയും അവസാനം അവരില്‍ നിന്നും നൂറും ഇരുന്നൂറും അമേരിക്കന്‍ ഡോളര്‍ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. പലര്‍ക്കും പണം കൊടുക്കാതെ പുറത്ത് കടക്കാന്‍ പറ്റിയതുമില്ല.
ജിദ്ദയില്‍ നിന്നുള്ള വിമാനം വൈകിയിരുന്നുവെങ്കിലും ഈജിപ്ത്, ദുബായ്,
തുര്‍ക്കി, ടുണിഷ്യ, അള്‍ജീരിയ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകരൊക്കെ കൃത്യസമയത്ത് തന്നെ കാസാബ്ലാങ്കയില്‍ എത്തിയിരുന്നു. അവിടെ നിന്നും മറാക്കെഷിലേക്കുള്ള യാത്രക്കായി ഏര്‍പ്പെടുത്തിയിരുന്ന ബസ്സുകള്‍ വൈകിയെത്തുന്ന ഞങ്ങളെക്കൂടാതെ തന്നെ യാത്ര തിരിച്ചു. ഞങ്ങള്‍ക്കായി പകരം ഒരു വാന്‍ ഏര്‍പ്പാടക്കിയിരുന്നു. സമയം ലാഭിക്കുന്നതിന് വേണ്ടി ഉച്ചഭക്ഷണം ബസ്സ് യാത്രക്കിടയില്‍ കഴിക്കാമെന്ന കണക്ക് കൂട്ടലില്‍ എല്ലാവര്‍ക്കും വേണ്ട ഭക്ഷണകിറ്റുകള്‍ ബസ്സില്‍ കരുതിയിരുന്നു. ബസ്സ് ഞങ്ങളെക്കൂടാതെ പോവുന്നത്കൊണ്ട് ഞങ്ങള്‍ക്കുള്ള ലഞ്ച്പൊതികള്‍ വാനിലേക്ക് മാറ്റി. ഭക്ഷണപ്പൊതികള്‍ കേടുവരാതെ സൂക്ഷിക്കാവുന്ന സൗകര്യം ബാസ്സിലുണ്ടായിരുന്നുവെങ്കിലും വാനില്‍ അത്തരം സൗകര്യം ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം കസാബ്ലാങ്ക എയര്‍പോര്‍ടില്‍ നിന്നും വാനില്‍ കയറിയ ഞങ്ങള്‍ക്ക് കിട്ടിയ ഉച്ചഭക്ഷണ കിറ്റുകള്‍ ഭക്ഷ്യയോഗ്യമല്ലാത്തവിധം കേടുവന്നിരുന്നു. വിവിധയിനം മൊറാക്കന്‍ ഭക്ഷണങ്ങള്‍ ആയിരുന്നു കിറ്റിലുണ്ടായിരുന്നത്. കുറച്ച് ഇലകള്‍ കിറ്റില്‍ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. ഞങ്ങള്‍ അതിലെ ഇലകള്‍ മാത്രം കഴിച്ച് വിശപ്പകറ്റി.
കാസാബ്ലാങ്കയില്‍ നിന്നും 240 കിലോമീറ്റര്‍ തെക്കോട്ട് യാത്ര ചെയ്‌താല്‍ മറാക്കെഷില്‍ എത്താം. ഞങ്ങള്‍ മറാക്കെഷില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടാറായിരിക്കുന്നു. മറ്റുള്ളവരൊക്കെ ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്തു കഴിയുക മാത്രമല്ല ടീമംഗങ്ങളുടെ ആദ്യത്തെ മീറ്റിംഗും കഴിഞ്ഞിരിക്കുന്നു. അടുത്തത് മറാക്കെഷിലെ പരമ്പരാഗത സൂക്ക് (മാര്‍ക്കറ്റ്) കാണാനുള്ള പുറപ്പാടിലാണ് എല്ലാവരും. ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യുന്നത് പിന്നീടാവാം എന്ന തീരുമാനത്തില്‍ ഞങ്ങളും മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു. മൊറോക്കോയിലെ ഏറ്റവും വലിയ പരമ്പരാഗത മാര്‍ക്കറ്റാണ് മറാക്കെഷ് സൂക്ക്. അറബ്, ആഫ്രിക്കന്‍, യൂറോപ്പ്യന്‍,
ഏഷ്യന്‍ സന്ദര്‍ശകര്‍ സൂക്കില്‍ നിറയെയുണ്ട്. മഹാഭൂരിപക്ഷവും സൂക്ക് കാണാന്‍ വന്നവരാണ്. സാധനം വാങ്ങുന്നവര്‍ താരതമ്യേന കുറവ്. എങ്കിലും ടൂറിസ്റ്റുകള്‍ വരുന്നത് കച്ചവടക്കാര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.
സൂക്കില്‍ എന്തോ പുതുമയുള്ള കാഴ്ച കാണാനായി ആളുകള്‍ തിക്കിത്തിരക്കുന്നു. എന്താണ് സംഭവം എന്നറിയാന്‍ മലയാളിക്കുള്ള പ്രത്യേക മിടുക്ക് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. എന്നിലെ ആ മലയാളി അന്വേഷണത്വരത ശക്തമായി പുറത്തേക്ക് തികട്ടി വരുന്നുണ്ട്. മൊറോക്കോക്കാരുടെയും യൂറോപ്യന്‍സിന്‍റെയും ഇടയില്‍ താരതമ്യേന പറ്റെ ഉയരം കുറഞ്ഞ എനിക്ക് ആള്‍ക്കൂട്ടത്തിന്‍റെ ഇടയിലേക്ക് ഒരു വൈറസിനെപ്പോലെ ഇരച്ചു കയറാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
അവിടെ കണ്ട കാഴ്ച ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ എന്നെ അധികമൊന്നും ആശ്ചര്യപ്പെടുത്തിയില്ലെങ്കിലും ഇത് മൊറാക്കോയിലാണല്ലോ നടക്കുന്നത് എന്നോര്‍പ്പോള്‍ വലിയ അത്ഭുതം തോന്നി. പാമ്പുകളും പാമ്പാട്ടികളും വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചു ചുറ്റും നിര്‍ത്തിയിരുക്കുകയാണ്. ഇത്തരം കുറെയേറെ പാമ്പാട്ടികൾ സൂക്കിലെ തുറസ്സായ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. മറാക്കെഷില്‍ ഒരു സര്‍പ്പക്കാവ് തീര്‍ത്തിരിക്കുന്നോ എന്ന് ശങ്കിക്കാവുന്ന സാഹചര്യം. 1954-
ല്‍ ഇറങ്ങിയ “നാഗിന്” സിനിമയില്‍ രാജേന്ദ്ര കൃഷ്ണയുടെ രചനക്ക് ഹേമന്ത്കുമാര്‍ സംഗീതവും ലതാമങ്കേഷ്കര്‍ ശബ്ദവും നല്‍കിയ ആ ഗാനത്തിനനുസരിച്ച് പാമ്പുകളും കാണികളും ചുവട് വെക്കുന്നു. “മന്‍-ദോലെ മേരാ തന്‍-ദോലെ,
മേരേ ദില്‍കാ ഗയാ കരാര്‍ രേ...,
യേ കോന്‍ ബജായെ ബാസുരിയാം....,
മധുര്‍ മധുര്‍ സപ്നോം മേം ദേഖി മേനേ രാഹ് നവേലി...,
തോഡ് ചലീ മേം ലാജ് കാ പഹരാ ജാനാ കഹാം അകേലി....” ഇമ്പമാര്‍ന്ന ആ വരികള്‍ മൊറാക്കോയിലെ മറാക്കെഷ് മാര്‍ക്കറ്റിലെ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഞങ്ങളുടെ കര്‍ണപടത്തിലേക്ക് അടിച്ചു കയറുകയാണ്.
സൂക്കിലെ സര്‍പ്പങ്ങളെയും അവയെ അത്ഭുതത്തോടെ വീക്ഷിക്കുന്നവരെയും ക്യാമറയില്‍ പകര്‍ത്താന്നും വിവിധ രാജ്യക്കാരുടെ വലിയ തിക്കും തിരക്കും. ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ളവരും കുറെ ഫോട്ടോകള്‍ എടുത്തു. ചിലര്‍ രംഗം വിവിധ ആംഗിളുകളില്‍ നിന്ന് വീഡിയോയില്‍ പകര്‍ത്തി. നേരം കുറെ കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു പോരാനൊരുങ്ങിയപ്പോള്‍ ആജാനബാഹുവായ ഒരാള്‍ വരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഈജിപ്ഷ്യന്‍ യുവതികളോടും സൗദി യുവക്കളോടും ഒരുതരം കമാണ്ടിംഗ് പവറോടെ പണം ആവശ്യപ്പെടുന്നു. കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞത് പാമ്പിന്‍റെ ഫോട്ടോ എടുത്തതിനു ഓരോരുത്തരില്‍ നിന്നും പത്ത് ഡോളര്‍ വീതം കിട്ടണമെന്ന്! ഇതെന്ത് ന്യായം! പാമ്പിന്‍റെ ഫോട്ടോ എടുത്തതിനും റോയല്‍റ്റിയോ!! പാമ്പിനും സ്വകാര്യതയും പൌരാവകാശവുമൊക്കെയുള്ള കാര്യം മറാക്കെഷില്‍ വന്നപ്പോഴാണറിയുന്നത്!!!.
മൊറാക്കോ പൌരന്മാരായ ഞങ്ങളുടെ സഹപ്രവര്‍ത്തകരെ സ്ഥിതിഗതികളെക്കുറിച്ച് വിവരമറിയിച്ചു. അവരെ കണ്ടപാടെ പണം ആവശ്യപ്പെട്ടവര്‍ സാവധാനം അപ്രത്യക്ഷരായി. വിനോദ സഞ്ചാരികളില്‍ നിന്ന് ഇത്തരത്തില്‍ ഓരോ പേരും പറഞ്ഞ് പണം ഈടാക്കുന്നത് ഇവിടെത്തെ ചില ക്രിമിനലുകളുടെ പതിവാണത്രേ. പോലിസില്‍ വിവരമറിയിക്കുമെന്നു പറയുന്നത് കേട്ടാല്‍ ഇവരുടെ പൊടിപോലും പിന്നെ അവിടെ കാണില്ലത്രേ. ഏതായാലും പണം കിട്ടിയില്ലെങ്കില്‍ ക്യാമറ പിടിച്ചു വെക്കും എന്നൊക്കെ ആദ്യം വീരവാദം മുഴക്കിയ ആ ആജാനബാഹുവിനെ പിന്നെ പരിസരത്തൊന്നും കണ്ടില്ല എന്നത് ആശ്വാസമായി.
മറ്റു ഭാഗങ്ങൾ വാഴിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.........
***********************************************