കെ. സി. അബ്ദുറഹ്മാൻ
================
മൂന്നാം ഭാഗത്തിൽ നിന്നും തുടർച്ച.....
മൂന്നാം ഭാഗത്തിൽ നിന്നും തുടർച്ച.....
മടക്കയാത്രയിലെ പൊല്ലാപ്പുകള്‍.
ജിബ്രാള്‍ട്ടര്‍ കടലിടുക്ക് (STRAIT OF GIBRALTAR) എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. മൊറാക്കോയുടെയും സ്പെയിനിന്‍റെയും ഇടയിലുള്ള ഒരു ചെറിയ കടലാണിത്; ആഫ്രിക്കയെയും യൂറോപ്പിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിപ്രദേശം. മധ്യധരണ്യാഴിയുടെയും അറ്റ്ലാന്റിക് സമുദ്രത്തിന്‍റെയും സംഗമ സ്ഥാനം. ജിബ്രാള്‍ട്ടര്‍ എവിടെയാണെന്ന് ഭൂപടത്തില്‍ കണ്ണും ചിമ്മി അടയാളപ്പെടുത്താന്‍ സാധിക്കുന്നവരില്‍ ചിലരെങ്കിലും അത് ജബല്‍ ത്വാരിഖ് (JABAL TARIQ) ആണെന്ന് അറിയാത്തവരായുണ്ട്. ജബല്‍ താരിഖ് എന്നതിന്‍റെ സ്പാനിഷ് രൂപമാണ് ജിബ്രാള്‍ട്ടര്‍. അമവിയ്യ ഭരണത്തില്‍ ഖലീഫയായിരുന്ന വലീദ് ഇബ്ന്‍ അബ്ദുല്‍മലിക്കിന്‍റെ (അൽ-വലീദ് ഒന്നാമൻ) കാലത്ത് - AD 705-715 - യൂറോപ്പിലേക്ക് ആദ്യമായി മുസ്ലിം സൈന്യത്തെ നയിച്ച പട്ടാള മേധാവിയായിരുന്നു ത്വാരിഖ് ഇബ്ന്‍ സിയാദ്. അതി ശക്തനായ റൊഡറിക്ക് രാജാവിനെ പരാജയപ്പെടുത്തി ഇന്നത്തെ സ്പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെടുന്ന ഹിസ്പാനിയയിൽ മുസ്ലിം ആധിപത്യം സ്ഥാപിച്ചത് ത്വാരിഖ് ഇബ്നു സിയാദിന്റെ ധീരതയും നേതൃപാടവുമാണ്. തുടർന്ന് ഹിസ്പാനിയയുടെ ഗവര്‍ണര്‍ പദവിയിലെത്തിയ താരിഖ് ഇബ്ന്‍ യസീദിന്‍റെ നാമധേയത്തില്‍ അറിയപ്പെടുന്ന മലയാണ് ജബല്‍ ത്വാരിഖ് അഥവാ ജിബ്രാള്‍ട്ടര്‍. ഇസ്ലാമിക ചരിത്രത്തില്‍, ശത്രു സേനയുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ എണ്ണം സൈന്യവുമായി ചെന്ന് അതിശക്തമായ ഒരു രാഷ്ട്രം കീഴടക്കിയ സൈന്യാധിപനാണ് ത്വാരിഖ് ഇബ്നു സിയാദ്. ബദര്‍ യുദ്ധത്തില്‍പോലും മുസ്ലിം സൈനിക ശക്തി എതിര്‍ ചേരിയുടെ മൂന്നിലൊന്നെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ റൊഡറിക്ക് രാജാവിന്‍റെ ഒരു ലക്ഷം വരുന്ന വന്‍ സൈന്യത്തെ നേരിടാന്‍ ത്വാരിഖ് ഇബ്നു സിയാദിന് ഉണ്ടായിരുന്നത് ശത്രുപക്ഷ സൈന്യത്തിന്‍റെ എട്ടിലൊന്ന് എണ്ണം മാത്രം! ത്വാരിഖ് ഇബ്നു സിയാദ് തന്‍റെ സൈന്യത്തോട് നടത്തിയ വികാരനിർഭരമായ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. സ്ഥലപരിമിതി മൂലം ലോക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെട്ട ആ പ്രസംഗം ഇവിടെ ഉദ്ധരിക്കുന്നില്ല. മറ്റൊരവസരത്തില്‍ ഇന്‍ശാ അള്ളാ അതിന് സാധിക്കുമെന്ന് കരുതുന്നു.
പറഞ്ഞു വരുന്നത്, പ്രദേശവാസികളുടെ ചര്‍മ്മത്തിന്‍റെ നിറം നോക്കിയും പറയുന്നവന് അറിയാത്തതൊക്കെ ഇരുണ്ടതാണെന്ന് പറഞ്ഞു ഫലിപ്പിക്കുകയും ചെയ്യുന്ന പടിഞ്ഞാറന്‍ നീതി ശാസ്ത്രമനുസരിച്ചും ഒരു ഭൂഖണ്ഡത്തെ ആകമാനം ഇരുണ്ട ഭൂഖണ്ഡമെന്ന് വിശേഷിക്കപ്പെടുന്ന ആഫ്രിക്കക്ക് തിളക്കമുള്ള ചരിത്രവും സംസ്കാരവുമുണ്ടെന്നത് വെളിച്ചം കാണാതെ പോവുന്നു എന്നതാണ്. പാശ്ചാത്യരെപ്പോലെതന്നെ വെളുത്ത നിറമുള്ളവരാണ് മൊറാക്കോ, ടുണിഷ്യ, അള്‍ജീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ആഫ്രിക്കയിലെ (NORTH AFRICA) ജനങ്ങൾ. ചുരുക്കത്തില്‍ ചരിത്രം കൊണ്ടും സംസ്കാരം കൊണ്ടും അതിസമ്പന്നമായ മൊറാക്കോയില്‍ നിന്നും പെട്ടെന്ന് മടങ്ങുക അത്രക്ക് സന്തോഷമുള്ളൊരു കാര്യമല്ല. മാസങ്ങളെടുത്തു എഴുതിയാല്‍ പോലും തീരാത്തത്ര കാര്യങ്ങളുണ്ടിവിടെ വിവരിക്കാൻ. പക്ഷെ അധികദിവസങ്ങള്‍ അവിടെ തങ്ങാന്‍ പറ്റാത്തത്കൊണ്ട് പാതിവഴിയിൽ വെച്ച് മടങ്ങുകയേ നിവൃത്തിയുള്ളൂ.
മുഹമ്മദ് അഞ്ചാമന്‍ രാജാവിന്റെ പേരിലുള്ള കാസാബ്ലാങ്ക അന്താരാഷ്‌ട്ര വിമാനത്താവളം വഴിയാണ് ജിദ്ദയിലേക്കുള്ള മടക്കയാത്രയും. ഞങ്ങളുടെ ടീമിൽ നിന്നും സൗദിഅറേബ്യയിലേക്കുള്ളവരും മറ്റു സ്ഥലങ്ങളിലേക്ക് പോവേണ്ടവരും ഒരുമിച്ചാണ് ഹോട്ടലില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുന്നത്. ഞങ്ങളുടെതിനെക്കാള് വൈകിയാണ് മറ്റുള്ളവരുടെ ഫ്ലൈറ്റുകള്‍. അതുകൊണ്ട് അവര്‍ക്കാർക്കും ഹോട്ടലിൽ നിന്നിറങ്ങാൻ തിരക്കില്ല. റോഡിലെ തിരക്ക് നോക്കുമ്പോൾ ഞങ്ങള്‍ക്കാണെങ്കില്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ ഏറെ വൈകിയിട്ടുമുണ്ട്. അതുകൊണ്ട് സൗദി യാത്രക്കാര്‍ കുറച്ചൊക്കെ ധൃതിയിലാണ് പിന്നീടുള്ള കാര്യങ്ങളൊക്കെ ചെയ്തത്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ തന്നെ നേരെ ചെക്ക്-ഇന്‍ കൗണ്ടര്‍ ലക്ഷ്യംവെച്ച് ഓടുകയാണോ നടക്കുകയാണോ എന്ന് പറയാന്‍ പറ്റാത്ത തരത്തിലുള്ള ഒരു പോക്ക്! കൗണ്ടര്‍ കാലിയാണ്. അവിടെത്തെ ബോര്‍ഡ് മറ്റു എയർലൈനുകൾക്ക് വേണ്ടി മാറ്റി വെക്കാനുള്ള ഒരുക്കത്തിലാണ് എയര്‍ലൈന്‍ ജീവനക്കാര്‍. അവസാനത്തെ യാത്രക്കാരായ ഞങ്ങള്‍ക്ക് വേണ്ടി കുറെ നേരമായി കാത്തിരിക്കുകയാണ് എന്ന മട്ടിലുള്ള മുഖഭാവം അവരിൽ പ്രകടമാവുന്നുണ്ട്. ഏതായാലും വൈകിയത് ഒരനുഗ്രഹമായി എന്ന് വേണമെങ്കില്‍ പറയാം. കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ടി വന്നതേയില്ല എന്ന് മാത്രമല്ല ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ വളരെ വേഗത്തിലുമായി.
ഒരു വര്‍ഷത്തില്‍ ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയര്‍പോര്‍ട്ടാണ് കാസാബ്ലാങ്ക എയര്‍പോര്‍ട്ട്. അതുകൊണ്ട് തന്നെ യാത്രക്കാരെ അധികം സമയം കാത്തുനിര്‍ത്താതെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുന്നതിനായി നിരവധി കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ സൗദിയിലേക്കുള്ള അഞ്ചു പേര്‍ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനായി അടുത്തടുത്തുള്ള ഓരോ കൗണ്ടറുകളിലായി നിലയുറപ്പിച്ചു.
പെട്ടെന്ന്, ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സൗദി പൗരന്മാരായ രണ്ടു യുവാക്കളെ കുറെ ദൂരെയുള്ള എമിഗ്രേഷന്‍ കൗണ്ടറുകളിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി. മൊറാക്കന്‍ അറബിയും ഫ്രഞ്ചും ഇടകലര്‍ത്തിയാണ് അവരുടെ സംസാരം. സൗദി പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് കണ്ടപ്പോള്‍ ചെറിയൊരു അസൂയ തോന്നാതിരുന്നില്ല.
കാര്യമായ പരിശോധനകളൊന്നും കൂടാതെ തന്നെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഞങ്ങള്‍ “നോണ്‍സൗദികള്‍” പ്രത്യേക പരിഗണന ലഭിച്ച സൗദി യുവാക്കള്‍ക്ക് വേണ്ടി ഡിപാര്‍ച്ചര്‍ ലോഞ്ചിലെക്കുള്ള ഇടനാഴികയില്‍ അക്ഷമരായി കാത്തുനില്‍ക്കുകയാണ്. വിമാനം പുറപ്പെടാന്‍ ഇനി അധിക സമയം ഇല്ല. സൗദി യുവാക്കള്‍ അപ്പോഴും എമിഗ്രേഷന്‍ കൗണ്ടറില്‍ തന്നെയാണ്. അവിടെത്തെ ഓഫീസറുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ദൂരെനിന്നു ഞങ്ങള്‍ വിമാനം പുരപ്പെടാനായിരിക്കുന്നു എന്ന് ആംഗ്യത്തിലൂടെ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അവര്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. അവസാനം ഞങ്ങളുടെ സംസാരം അവര്‍ക്ക് കേള്‍ക്കാവുന്നത്ര അടുത്ത് ചെന്ന് വീണ്ടും ആംഗ്യത്തിലൂടെ കാര്യം ബോധ്യപ്പെടുത്തി. ഇത് കണ്ട എമിഗ്രേഷന്‍ ഓഫീസര്‍ ഞങ്ങളോട് അവിടെനിന്നും മാറിപ്പോവാന്‍ ആവശ്യപ്പെട്ടു.
യാത്രക്കാര്‍ വിമാനത്തില്‍ കയറാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയും താമസിച്ചാല്‍ വിമാനം പുറപ്പെടും. ഇനിയെന്ത് ചെയ്യണം എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ വിഷമത്തോടെ സൗദി യുവാക്കള്‍ ഓടിക്കിതച്ച് ഞങ്ങളുടെ അടുത്തെത്തിയത്. അവരുടെ കയ്യിലുണ്ടായിരുന്ന ഡോളര്‍ മുഴുവനും ഈ എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ തന്ത്രത്തില്‍ കൈക്കലാക്കിയിരിക്കുന്നു. അതിന് വേണ്ടിയായിരുന്നു അവരെ മാത്രം ഞങ്ങളുടെ അടുത്തുനിന്നും മാറ്റി ദൂരെയുള്ള എമിഗ്രേഷന്‍ കൌണ്ടറിലേക്ക് കൊണ്ടുപോയിരുന്നത് എന്ന് അപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അതായിരുന്നു അവര്‍ക്ക് ലഭിച്ച പ്രത്യേക ‘പരിഗണന’. ബാഗില്‍ പെട്ടെന്ന് ആരുടേയും കണ്ണില്‍ പെടാത്തിടത്തുണ്ടായിരുന്നത് മാത്രം ഈ യുവാക്കൾക്ക് ബാക്കിയായി കിട്ടി.
ഇക്കാര്യം എയര്‍പോര്‍ട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെടണമെന്ന്ഒരുവേള ചിന്തിക്കുകയും അതിനുള്ള ശ്രമം നടത്തുകയും ചെയ്തു. പരാതി കേട്ടപാടെ ആദ്യത്തെ ചോദ്യം ഓഫീസറുടെ പെരെന്തെന്നായിരുന്നു. യൂനിഫോമിലുള്ള നെയിം ടാഗ് നോക്കി പേര് കണ്ടുപിടിക്കാന്‍ നമ്മുടെ സൗദി പയ്യന്മാരെ പറഞ്ഞയച്ചു. പക്ഷെ അവർ അവിടെ എത്തിയപ്പോഴത്തേക്കും ഓഫീസർ അവിടെനിന്നും മാറിയിട്ടുണ്ട്. അതുകൊണ്ട് പാസ്സ്പോർട്ടില്‍ പതിച്ച ഡിപ്പാര്‍ച്ചര്‍ സീല്‍ നോക്കി ഉദ്യോഗസ്ഥന്‍റെ പേര് കണ്ടെത്താന്‍ പറ്റുമോ എന്ന് പരിശോധിച്ചു. എന്നാൽ പാസ്പോർട്ടിൽ പതിഞ്ഞ സീലില്‍ കോഡ് നമ്പര്‍ തെളിയുന്നില്ല. അവസാനം കമ്പ്യൂട്ടറില്‍ നിന്ന് ആളുടെ പേര് കിട്ടുമല്ലോ എന്ന് ഉയർന്ന ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും അതവര്‍ക്ക് സ്വീകാര്യമായില്ല.
വിമാനം പുറപ്പെടാന്‍ ഇനി വളരെ കുറച്ചു സമയം മാത്രമേ ബാക്കിയുള്ളൂ. അപ്പോഴാണ് മനസ്സിലാവുന്നത് ഇത്തരം കാര്യങ്ങള്‍ ഇവിടെ പതിവാണെന്നും അങ്ങിനെ പരാതിപ്പെടുന്ന വിദേശി യാത്രക്കാരെ പരാതി സ്വീകരിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എന്നോണം പരമാവധി നേരം വൈകിപ്പിച്ച് അവരുടെ ഫ്ലൈറ്റ് കൂടി മിസ്സാവാന്‍ ഇടവരുത്തുക എന്നതും ഇവിടെത്തെ ചില ഉദ്യോഗസ്ഥരുടെ ഒരു രീതിയാണെത്രേ. ഫ്ലൈറ്റ് മിസ്സായാല്‍ പിന്നെ ഹോട്ടല്‍ ചെലവ്, പുതിയ ടിക്കറ്റ് തുടങ്ങിയ ഇനങ്ങളിലായി ഭീമമായ അധിക ചെലവ് വരും. അതുകൊണ്ട് എല്ലാം സഹിച്ച് ഒന്നും കണ്ടില്ല കേട്ടില്ല എന്നുവെക്കുകയാണ് ബഹുഭൂരിപക്ഷം പേരും ചെയ്യുക എന്ന മനശാസ്ത്രം നന്നായി പഠിച്ചവരാണ് എണ്ണത്തില്‍ കുറവാണെങ്കിലും അഴിമതിക്കാരായ ഇവിടെത്തെ ഈ ഉദ്യോഗസ്ഥര്‍. ഈയൊരു സാഹചര്യത്തില്‍ അവസാനം പരാതിപ്പെടാതെയും ഫ്ലൈറ്റ് മിസ്സാക്കാതെയും ഞങ്ങള്‍ വിമാനത്തില്‍ കയറാനായി മുന്നോട്ട് പോയി. എന്നാല്‍ ഇവിടെയും ഇന്ത്യക്കാര്‍ക്ക് ‘ഇളവുകള്‍’ ഉണ്ട്. നമുക്ക് ഇത്തരം പ്രശ്നങ്ങളോ പ്രയാസങ്ങളോ അനുഭവിക്കേണ്ടി വരുന്നില്ല.
റോയല്‍ എയര്‍ മറോക്ക് (മൊറാക്കന്‍ എയര്‍ലൈന്‍സ്) വിമാനത്തിലായിരുന്നു മടക്ക യാത്ര. പുതുപുത്തന്‍ B777 എയര്‍ക്രാഫ്റ്റ്. ഏഴര മണിക്കൂര്‍ ആകാശ യാത്രക്ക് ശേഷം ജിദ്ദയില്‍ ഇറങ്ങുമ്പോള്‍ സമയം പുലര്‍ച്ചെ രണ്ടു മണി. ജിദ്ദ വിമാനത്താവളത്തിലെ നോര്‍ത്ത് ടെര്‍മിനലില്‍ ആയിരുന്നു വിമാനമിറങ്ങിയത്. ഇമിഗ്രേഷന്‍-കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തുവരുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്നിനോടടുക്കുന്നു. ഞാനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഹൈദരാബാദ് സ്വദേശി വസീമും ഒരുമിച്ച് ഒരു ടാക്സിയില്‍ ആണ് യാത്ര ചെയ്യാനാണ് തീരുമാനിച്ചത്. വസീമിന് പോകുന്ന വഴിയില്‍ ജിദ്ദ അസീസിയയില്‍ ഇറങ്ങാം. എനിക്ക് വസീമിനെ ഇറക്കി ഓള്‍ഡ് എയര്‍പോര്‍ട്ടിലേക്കും പോവാം. എയര്‍പോര്‍ട്ട് ടാക്സികള്‍ മക്കത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മുൻഗണന നല്‍കിയത് കൊണ്ടും ഈ അസമയത്ത് ടാക്സികളുടെ എണ്ണം വളരെ കുറവായത്കൊണ്ടും കുറെ സമയം ടാക്സിക്കായി കാത്തുനിൽക്കേണ്ടി വന്നു. കാത്തിരിപ്പിന് ശേഷം അവസാനം ഒരു സ്വകാര്യ ടാക്സിക്കാരന്‍ അറബി ഞങ്ങളെ സമീപിച്ചു. അസ്സീസിയ വഴി ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ എത്തിക്കാനുള്ള ചാര്‍ജ്ജും ഉറപ്പിച്ചു.
എയര്‍പോര്‍ട്ട് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന അയാളുടെ കാറില്‍ കയറി. അവസാനം ഇറങ്ങേണ്ട ആള്‍ എന്ന നിലയില്‍ ഞാന്‍ മുന്നിലും ആദ്യം ഇറങ്ങേണ്ട വസീം പിന്നിലും ഇരുന്നു. പാര്‍ക്കിംഗ് ചാര്‍ജ്ജ് ഈടാക്കുന്ന ടോള്‍ ഗേറ്റിനു സമീപം എത്തിയപ്പോള്‍ ഇദ്ദേഹം ടോള്‍ കൗണ്ടറിലെ ആളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടേയിരിക്കുന്നു. തൊട്ടു മുന്നിലെ വാഹനം പാര്‍ക്കിംഗ് ചാര്‍ജ്ജ് കൊടുത്തപ്പോള്‍ ആ വാഹനത്തെ കടത്തിവിടാനായി ആട്ടോമാറ്റിക് ഗേറ്റ് തുറന്നു. അത് വീണ്ടും അടയാന്‍ ഏതാനും സെക്കന്റുകള്‍ വേണം. സെക്കന്റുകളുടെ ആ ഒരു ഇടവേളയില്‍ തന്നെ ഞങ്ങളുടെ ടാക്സി ഡ്രൈവര്‍ തന്‍റെ കാര്‍ മുന്നോട്ടെടുത്ത് ഞൊടിയിടയില്‍ പുറത്തുകടന്നു. പാര്‍ക്കിംഗ് ചാര്‍ജ്ജ് കൊടുക്കാതിരിക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. ഇത് കണ്ടിട്ടും കൗണ്ടറില്‍ ഇരിക്കുന്ന ആള്‍ക്ക് ഒരു പ്രതികരണവും ഇല്ല. അതായത് ഇതൊരു ഒത്തുകളിയാണെന്ന് ചുരുക്കം.
ടാക്സിക്കാരന്റെ ഈ പെരുമാറ്റം ഞങ്ങളില്‍ പല സംശയങ്ങളും ജനിപ്പിച്ചു. കാരണം സമയം പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞിട്ടേയുള്ളൂ. പോകുന്ന വഴി പലയിടത്തും വിജനം. ആളുകള്‍ പുറത്തിറങ്ങാന്‍ സുബഹി ബാങ്ക് വിളിക്കാനാവണം. ഡ്രൈവര്‍ ഇടയ്ക്കിടെ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നുമുണ്ട്. ഞങ്ങള്‍ക്ക് ഇയാളിലുള്ള വിശ്വാസം കുറഞ്ഞു വരികയും സംശയം കൂടിക്കൂടി വരികയും ചെയ്തു. വസീം ഇറങ്ങിയാല്‍ പിന്നെ ഞാന്‍ ഒറ്റക്കാവും. ഇയാള്‍ തന്‍റെ കൂട്ടാളികളെയാണോ വിളിക്കുന്നത്? എന്നെ ഒറ്റക്ക് കിട്ടുന്നിടത്ത് വെച്ച് എന്തെങ്കിലും ചെയ്യാനുളള പ്ലാൻ ആവുമോ ഇയാൾ മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നത്? എനിക്ക് ഭീതിയായി തുടങ്ങി.
എനിക്കും വസീമിനും പരസ്പരം ആശയവിമിനിമയം നടത്താന്‍ ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകളില്‍ ഏതെങ്കിലും ഒന്ന് വേണം. ഈ മൂന്ന് ഭാഷകളിൽ ഏതെങ്കിലും ഒന്നിലെ പറ്റൂ. ഡ്രൈവര്‍ക്ക് ഈ മൂന്ന് ഭാഷകളും ഒരു പക്ഷെ അറിയാമായിരിക്കും. അതുകൊണ്ട് അയാള്‍ കേള്‍ക്കെ ഒന്നും പറയാനും വയ്യ.
അവസാനം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുന്നിലെ സീറ്റില്‍ നിന്നും ഞാന്‍ പിന്നിലെ സീറ്റിലിരിക്കുന്ന വസീമിന് ടെക്സ്റ്റ് മെസ്സേജ് അയച്ചു തുടങ്ങി. ഞങ്ങളുടെ ആശയവിനിമയം കാറില്‍ ഇരുന്നുകൊണ്ട് തന്നെ ടെക്സ്റ്റ് മെസ്സേജിലൂടെ നിരന്തരം നടന്നു. അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചു അസീസിയയില്‍ വസീമിന്‍റെ വീടിന് മുമ്പില്‍ ഇറങ്ങുക. അങ്ങനെ ഞാനും അസീസിയയില്‍ ഇറങ്ങി. അപ്പോള്‍ ഡ്രൈവര്‍ക്ക് എന്നെ ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ തന്നെ ഇറക്കാന്‍ അതിയായ മോഹം. ഓള്‍ഡ് എയര്‍പോര്‍ട്ട് വരെയുള്ള ചാര്‍ജ്ജ് കൊടുത്ത് അയാളെ പിരിച്ചു വിട്ടു. വസീമിന്‍റെ അടുത്ത് കുറെ നിന്നതിന് ശേഷം മറ്റൊരു ടാക്സിയില്‍ ഞാന്‍ എന്‍റെ താമസ സ്ഥലമായ ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ എത്തി.
സംഭവബഹുലമായ മൊറാക്കോ യാത്രക്ക് പര്യവസാനമാവുകയും ചെയ്തു.
~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~*~
No comments:
Post a Comment