Friday, 10 July 2020

സാഹിബ് കുന്നുംപുറം


പളളിപ്പറമ്പ് @  സാഹിബ് കുന്നുംപുറം

കുന്നുംപുറത്തെ സാഹിബ് : വിസ്മയം തീര്‍ത്ത വ്യക്തിത്വം. 

--------------------------------------------------------------------------------------------------------------------------------------

 ഇക്കഴിഞ്ഞ ജൂണ്‍ ഏഴാം തിയതി (07/06/2020) നിര്യാതനായ പെരിങ്ങാടന്‍ മൊയ്തീന്‍കുട്ടി കുട്ടി എന്ന “സാഹിബ്”, അബ്ദുറഹ്മാന്‍ നഗര്‍ പഞ്ചായത്തിലെ കുന്നുംപുറത്തും പരിസര പ്രദേശങ്ങളിലും തൊട്ടടുത്ത പഞ്ചായത്തുകളിലും അറിയപ്പെടുന്ന ഒരു വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ വ്യക്തിത്വം മനസ്സിലാക്കിയവരുടെ എണ്ണം പരിമിതമാണ്. ഒരു മത്സ്യകച്ചവടക്കാരന്‍, ഒരു ഫുട്ബോള്‍-വോളിബോള്‍  കളിക്കാരന്‍ എന്ന ലേബലില്‍ മാത്രമാണ് പലരും “സാഹിബിനെ” അറിയുന്നത്. അത്തരം ഒരു വിശേഷണത്തില്‍ ഒതുക്കികെട്ടേണ്ടവനല്ല സാഹിബ്. ഒരു വ്യക്തിയുടെ പോരായ്മകളും ഇല്ലായ്മകളും വള്ളിപുള്ളി തെറ്റാതെ ഓര്‍ത്തുവെക്കുന്നവരില്‍ പലരും ആ വ്യക്തിയുടെ ജീവിത സാഹചര്യവും വ്യക്തിത്വവും ഓര്‍ക്കാതെ പോവുന്നത് സങ്കടകരമാണ്. സാഹിബിന്‍റെ കാര്യത്തിലും ഇത്തരം സങ്കടങ്ങൾക്ക്  ഒരു കുറവുമില്ല എന്നതാണ് വസ്തുത. സാഹിബിനെ അദ്ദേഹത്തിന്‍റെ കുട്ടിക്കാലം മുതല്‍ നേരിട്ടറിയുന്ന ഒരാളെന്ന നിലയിലും അദ്ദേഹത്തിന്‍റെ ഉയര്‍ച്ചകളും താഴ്ചകളും കഴിവുകളും കഴിവുകേടുകളുമൊക്കെ അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയെന്ന നിലയിലും കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവരെ അനുസ്മരിക്കാന്‍ അധികം അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതെ പോവുന്ന പഴയകാല രീതിക്ക് പുതിയ കാലത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നത് ശുഭകരം തന്നെയാണ്.  സാഹിബ് എന്ന വിളിപ്പേര് ഇപ്പോള്‍ നാം പ്രതിപാദിക്കുന്ന സാഹിബിന്‍റെ പിതാവ് പെരുങ്ങാടന്‍ അലവി എന്നവര്‍ക്ക് ലഭിച്ചതാണ്. “സാഹിബ് അലവി”യുടെ അഞ്ചു മക്കളില്‍ ഏക ആണ്‍ തരിയായ നമ്മുടെ സാഹിബിന് ഇട്ടിരുന്ന പേര് മൊയ്തീന്‍ എന്ന് മാത്രമായിരുന്നു. അത് അലവി കാക്കാന്റെ പിതാവിന്‍റെ പേരുമായിരുന്നു. പിതാവിന്‍റെ പേര് തങ്ങളുടെ മൂത്ത പുത്രന് ഇടുകയെന്ന പഴയകാല നാട്ടുനടപ്പ് തെറ്റിക്കാന്‍ സാഹിബിന്‍റെ പിതാവ് അലവികാക്കയോ മാതാവ് മമ്മീര്യതാത്തയോ തയ്യാറായിരുന്നില്ല എന്ന് ചുരുക്കം. ആണ്‍കുട്ടിയായി ഒരാള്‍ മാത്രമായപ്പോള്‍ മൊയ്തീന്‍ എന്ന പേരിനെ കുറേക്കൂടി സ്നേഹത്തോടെ വിളിക്കുന്നത് മൊയ്തീന്‍ കുട്ടി എന്നായി. നാട്ടിലെ മറ്റു മൊയ്തീന്‍ കുട്ടിമാരില്‍ നിന്നും വേഗത്തില്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു അന്നത്തെ കുട്ടിക്കൂട്ടം “സാഹിബ് മൊയ്തീന്‍ കുട്ടി” എന്നാണ് വിളിച്ചിരിന്നത്. കാലക്രമത്തില്‍ മൊയ്തീന്‍ കുട്ടി മാഞ്ഞുപോവുകയും “സാഹിബ്” മാത്രമായി ചുരുങ്ങുകയും ചെയ്തു. കുട്ടികള്‍ക്ക് സാഹിബ് എന്നത് മൊയ്തീന്‍ കുട്ടിയും മുതിര്‍ന്നവര്‍ക്ക് സാഹിബ്‌ എന്നത് അലവി കാക്കയുമായിരുന്നു. അലവി കാക്കയുടെ മരണശേഷം മകന്‍ മൊയ്തീന്‍ കുട്ടി മാത്രമായി സാഹിബ് എന്ന പേരിലറിയപ്പെടുന്ന ആള്‍. കഴിഞ്ഞ രണ്ടുമൂന്ന്  പതിറ്റാണ്ടുകളായി കുന്നുംപുറത്തെയും പരിസര പ്രദേശങ്ങളിലെയും സാഹിബ്‌, “മകന്‍” സാഹിബ് മാത്രമാണ്. പെരുങ്ങാടന്‍ അലവികക്കാക്ക് സാഹിബ് എന്ന പേര് ലഭിക്കുന്നതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. അലവികാക്ക വളരെ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ പിതാവ് മൊയ്തീന്‍ മരണപ്പെട്ടിരുന്നു. അലവിയുടെ സഹോദരി ഖദീജയെ വിവാഹം ചെയ്തിരുന്ന  പുതിയകത്ത് അബ്ദുറഹ്മാന്‍ ബോംബെയില്‍ ടെക്സ്റ്റയില്‍സ് മില്ലുകളിലെ ജോലിക്കാരനായിരുന്നു. വിവാഹത്തിനു ശേഷം അബുറഹ്മാന്‍ ഭാര്യ ഖദീജയെ ബോംബെയിലേക്ക് കൊണ്ടുപോയി.  ഖദീജയുടെ വിവാഹം നടക്കുമ്പോള്‍ അലവികാക്ക ചെറിയ കുട്ടിയായിരുന്നു. പിതാവ് നഷ്ടപ്പെട്ട കൊച്ചനുജനായ അലവിയെയും കൂട്ടിയാണ് ഖദീജ തന്‍റെ ഭര്‍ത്താവ് അബ്ദുറഹ്മാനോടൊപ്പം ബോംബെയിലേക്ക് വണ്ടികയറിയത്. കൊച്ചുകുട്ടിയായ അലവിയെ സംരക്ഷിക്കാന്‍ അളിയന്‍ കൂടിയായ അബ്ദുറഹ്മാന് താല്പര്യവുമായിരുന്നു. ബോംബെയില്‍ ജോലി ചെയ്യുന്നതിനിടെ അബ്ദുറഹ്മാന് കാശ്മീരിലേക്ക് പോവേണ്ടി വന്നു. പുതിയ ജോലിക്കായി കാശ്മീരിലേക്ക് പോവുമ്പോള്‍ അബ്ദുറഹ്മാന്‍ ഭാര്യ ഖദീജയെയും ഭാര്യാസഹോദരന്‍ അലവിയെയും കൂടെ കൊണ്ടുപോയിരുന്നു. ബോംബെയിലേയും കാശ്മീരിലെയും താമസക്കാലത്ത് അലവി എന്ന അളിയന്‍കുട്ടി ഉര്‍ദു, കാശ്മീരി ഭാഷകള്‍ സംസാരിക്കാന്‍ പഠിച്ചതിന് പുറമെ ഉത്തരേന്ത്യന്‍ വസ്ത്രധാരണവും ഭക്ഷണരീതികളും പരിചയിച്ചു.ഇതിനിടയില്‍ അബ്ദുറഹ്മാന് ഖദീജയില്‍ ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു.   ആ ആണ്‍കുഞ്ഞാണ് ഇപ്പോള്‍ കുന്നുംപുറത്ത് അത്തംപുറ താമസിക്കുന്ന പെരുങ്ങാടന്‍ മമ്മദ്കാക്ക. കാശ്മീരില്‍ ജോലി ചെയ്യുന്നതിനിടെ ഖദീജയുടെ ഭര്‍ത്താവും മമ്മദ്കാക്കയുടെ പിതാവുമായ അബ്ദുറഹ്മാന്‍  പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അക്കാലത്ത് സംരക്ഷകരായി ആരുമില്ലാതെ കാശ്മീരിലോ ബോംബെയിലോ ഒറ്റക്ക് കഴിയാന്‍ ഒരു സ്ത്രീയും ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിന് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഭര്‍ത്താവിന്‍റെ മരണ ശേഷം ഖദീജ തന്‍റെ മകന്‍ മമ്മദിനെയും സഹോദരന്‍ അലവിയെയും കൂട്ടി കേരളത്തിലേക്ക് തന്നെ മടങ്ങിപ്പോരുകയായിരുന്നു.  കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം മമ്മദ് തന്‍റെ അമ്മാവന്മാരുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്.  അതുകൊണ്ടാണ് പുതിയകത്ത് മമ്മദ് എന്നതിനേക്കാള്‍ കൂടുതലായി അമ്മാവന്മാരുടെ കുടുംബപ്പേരിലേക്ക് ചേര്‍ക്കപ്പെട്ട് പെരുങ്ങാടന്‍ മമ്മദ് എന്ന പേരില്‍ അദ്ദേഹം ഇപ്പോഴും അറിയപ്പെടുന്നത്. നല്ല വെളുത്ത നിറമുള്ള അലവി, ഉത്തരേന്ത്യന്‍ വസ്ത്രവും ധരിച്ച് കേരളത്തിലെത്തിയപ്പോള്‍ ആളുകള്‍ക്ക് അതൊരു കൌതുകമായിരുന്നു. പോരാത്തതിന് ഉര്‍ദുവും കാശ്മീരിയും ഇടക്കിടെ സംസാരിക്കുകയും ചെയ്യുന്ന ഒരാള്‍. മലയാളം മാത്രം അറിയുന്ന, കൈലിമുണ്ടിന് മുകളിൽ  വീതിയുളള അരപ്പട്ടയും തലയിൽ തോർത്ത് മുണ്ട് കൊണ്ടുളള ഒരു തലപ്പാവും വസ്ത്രമായി കൊണ്ടുനടന്നിരുന്ന മാപ്പിളനാട്ടിലേക്കാണ് വെളുത്ത്ചുവന്ന ശരീരവും നീളന്‍ ട്രൌസറും ധരിച്ച ഒരാള്‍ എത്തിയത്. അതിന് മുമ്പ് ഈയൊരു രൂപത്തില്‍ ബ്രിട്ടീഷുകാരെയും ചുരുക്കം ചില ഉന്നത വ്യക്തികളെയും മാത്രം കണ്ടുപരിചയമുള്ള മാപ്പിളമാര്‍ നമ്മുടെ അലവി കാക്കാനെ “സായിപ്പ്” എന്ന് വിളിച്ചു. 1921-ന്‍റെ നടുക്കുന്ന ഓര്‍മ്മകളുടെ പശ്ചാത്തലത്തില്‍ “സായിപ്പ്” എന്നത് മലബാര്‍ മുസ്ലിംകള്‍ക്ക് അപകര്‍ഷതയുടെ അടയാളമായിരുന്നു. അതുകൊണ്ടായിരിക്കാം വിളിപ്പേരാണെങ്കില്‍ പോലും “സായിപ്പ്” എന്നത് മാറ്റി “സാഹിബ്” എന്നാക്കിയത്. ഏതായാലും കാശ്മീരില്‍ നിന്നും വന്ന അലവിക്ക് അന്നത്തെ മാപ്പിള സമൂഹം നല്‍കിയ വിളിപ്പേരാണ് പിന്നീട് അലവിയുടെ മകന്‍ മൊയ്തീന്‍ കുട്ടിക്ക് ലഭിച്ച “സാഹിബ്” എന്ന പേര്. പെരുങ്ങാടന്‍ അലവികാക്കയുടെയും മമ്മീര്യതാത്തയുടെയും മകനായി ജനിച്ച കുന്നുംപുറത്തെ “സാഹിബ്” എന്ന മൊയ്തീന്‍കുട്ടി  എല്ലാ വിഭാഗം ആളുകള്‍ക്കും സുപരിചിതനാണ്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ അറിയുന്ന വ്യക്തി സാഹിബല്ലാതെ വേറെ അധികം ആരുമുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. സാഹിബിനെ വിലയിരുത്തുന്നവര്‍  ആദ്യം ഓര്‍ക്കേണ്ട ഒന്നാമത്തെ കാര്യം അദ്ദേഹം തീര്‍ത്തും ഒരു നിരക്ഷരനായിരുന്നു എന്നതാണ്. ബോംബെയിലും കാശ്മീരിലും ബാല്യം ചെലവഴിച്ച തന്‍റെ പിതാവിന് കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ നിത്യജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലായിരുന്നു. അക്കാലത്ത് നാട്ടില്‍ ലഭ്യമായിരുന്ന ജോലി കൃഷിപ്പണി മാത്രം. അതു തന്നെ തുടര്‍ച്ചയായി ഉണ്ടായിരുന്നുമില്ല. കന്നുപൂട്ടലും കൃഷിയിറക്കലും കാലികളെ തീറ്റിപ്പോറ്റലും ചായക്കടകളില്‍ സഹായിയായി നില്ക്കലുമൊക്കെയായി അലവികാക്കാക്ക്‌ രാവും പകലും പിടിപ്പത് പണിയായിരുന്നു. ഇങ്ങിനെ വിശ്രമില്ലാതെ പണിയെടുക്കല്‍ അന്ന് ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാന്‍ അനിവാര്യവുമായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് മകന്‍റെ വിദ്യഭ്യാസത്തിലോ മറ്റു കാര്യങ്ങളിലോ വേണ്ടത്ര ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനായില്ല. എഴുത്തും വായനയും അറിയാത്ത സാഹിബ് കൈകാര്യം ചെയ്യാത്ത മേഖലകള്‍ കുറവാണ്. കായിക രംഗത്തും ബിസിനസ്‌ രംഗത്തും ജോലിയുടെയും സേവനത്തിന്‍റെയും കാര്യത്തിലും സാഹിബിന്‍റെ വ്യക്തിത്വം പഠന വിഷയമാക്കേണ്ട ഒരു കാര്യം തന്നെയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരും വിവിധ പരിശീലന കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരും കാണിക്കുന്നതിനെക്കാള്‍ മാന്യതയും പ്രായോഗിക ബുദ്ധിയും പ്രകടിപ്പിക്കുന്ന സഹിബിനെയാണ് എനിക്ക് പലപ്പോഴും കാണാന്‍ സാധിച്ചിട്ടുള്ളത്. വാക്കുകള്‍ ഉപയോഗിക്കുന്നിടത്തും സാഹിബ് ബിരുദവും ബിരുദാനന്തരബിരുദവുമുള്ള ചിലരെക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തിയത് നേരിട്ട് കണ്ടിട്ടുണ്ട്. വീട്ടിലെ സാഹചര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും ബാല്യകാലത്ത് സാഹിബിനെ ജീവിതം ഗൗരവമായി എടുക്കുന്നതില്‍ പിന്നോട്ട് നയിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അതുപോലെ വളരെ ചെറുപ്രായത്തില്‍ തന്നെ പുകവലി ശീലിച്ചതും അദ്ദേഹത്തിന്റെ അന്നത്തെ സർവ്വ സ്വതന്ത്ര ജീവിത സാഹചര്യം  കൊണ്ടായിരുന്നു. എല്ലാ നിയന്ത്രണങ്ങളും സംരക്ഷണവും ഉണ്ടായിട്ടും ചില കുട്ടികള്‍ പുകവലിയും അനുസരണക്കേടും കാണിക്കുന്നതുമായി സാഹിബിന്‍റെ ബാല്യം ചേര്‍ത്തുവായിക്കണം. ബിസിനസ്സ് കാര്യത്തില്‍ സുതാര്യതയും അര്‍പ്പണബോധവും ആദരവും കാണിക്കുന്ന സാഹിബിനെയാണ് കണ്ടിട്ടുള്ളത്. അല്ലറ ചില്ലറ പരാതികളും തര്‍ക്കങ്ങളും സ്വതസിദ്ധമായ ശൈലിയില്‍ പരിഹരിക്കുന്നത് കാണുമ്പോള്‍ ഇദ്ദേഹം ഏതെങ്കിലും അഡ്വാന്‍സ്‌ഡ് നെഗോഷിയേഷന്‍ കോഴ്സിനോ കസ്റ്റമർ കെയർ കോഴ്സിനോ ചെര്‍ന്നിരുന്നോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. സാഹിബിന് കച്ചവടം ചെയ്യാന്‍ അങ്ങാടിയുടെ കണ്ണായ സ്ഥലമോ ഒന്നാന്തരം കെട്ടിടമോ വേണമെന്നില്ല. നാല് കമ്പിയുടെ മുകളില്‍ ഒരു ഷീറ്റ് വിരിച്ചാലും മതിയായിരുന്നു സാഹിബിന്‍റെ കച്ചവടം പൊടിപൊടിക്കാന്‍. ഇടപാടുകാരുമായി നന്നായി ഇടപഴകാനുള്ള സാഹിബിന്‍റെ കഴിവിനെയാണ് ഇത് കാണിക്കുന്നത്. മാര്‍ക്കറ്റില്‍ പൊതുവേ മാന്ദ്യം അനുഭവപ്പെട്ടപ്പോഴും സാഹിബിന്‍റെ കച്ചവടം നന്നായി പോയിരുന്ന വിവരം സാഹിബ് തന്നെ പലകുറി എന്നോട് പറഞ്ഞിട്ടുണ്ട്.കളിയിലും കാര്യത്തിലും സാഹിബിന് പകരം വെയ്ക്കാന്‍ മറ്റൊരാളുണ്ടായിരുന്നില്ല. ഏതു തരം സ്പോര്‍ട്ട്സോ ഗെയിമോ ആണെങ്കിലും സാഹിബിനെ ടീമില്‍ കിട്ടുക എന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നു. യാതൊരുവിധ പരിശീലനവുമില്ലാതെ ജില്ലാ തലത്തില്‍ അറിയപ്പെടുന്ന ഫുട്ബോളറും വോളിബോള്‍ കളിക്കാരനുമായിരുന്നു സാഹിബ്. വോളിബോള്‍ കളിയില്‍ സാഹിബിന്‍റെ ‘ലിഫ്റ്റും’ ‘പ്ലേസും’ കേരളത്തിലെ ഏറ്റവും നല്ല വോളിബോള്‍ കളിക്കാരുടെപോലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വോളിബോള്‍ മത്സരങ്ങളില്‍ എതിര്‍ ടീമിലുള്ളവര്‍ “കട്ടറെ”ക്കാള്‍ കൂടുതലായി ഭയപ്പെട്ടിരുന്നത് സാഹിബിന്‍റെ ‘ലിഫ്റ്റിംഗും’ ‘പ്ലൈസിംഗും’ ആയിരുന്നു. ഫുട്ബോള്‍ കളിയുടെ കാര്യത്തിലും എണ്ണം വെച്ച കളിക്കാരനായിരുന്നു സാഹിബ്.  അക്കാലത്തെ ഗ്രാമീണ "മെസ്സി"യായിരുന്നു അദ്ദേഹം എന്ന് വേണമെങ്കില്‍ പറയാം. പ്രദേശത്തെ ഏറ്റവും നല്ല ഷാര്‍പ്പ് ഷൂട്ടര്‍, സ്ട്രൈക്കര്‍ എന്നൊക്കെ പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന നാമമാണ് സാഹിബിന്റെത്.പഴകാലത്തെ ഗ്രാമീണ കളികളായ അണ്ടിത്തമ്പ് കളി, കോട്ടികളി, ഉപ്പുകളി, ചുള്ളിയുംവടിയും, കാരംസ് തുടങ്ങിയവിലോന്നും സാഹിബിനെ വെല്ലാന്‍ ഒരാളുമുണ്ടായിരുന്നില്ല. അണ്ടിത്തമ്പ് കളിയില്‍  കളിക്കുന്നവരുടെ മുഴുവന്‍ അണ്ടിയും സാഹിബിന് ലഭിച്ചിരിക്കും. കാരംസ് കളിയിലാണെങ്കില്‍ സാഹിബിന്‍റെ എതിര്‍ ടീമായിരിക്കും കാരംബോര്‍ഡ് ഉടമക്ക് എപ്പോഴും കാശ് കൊടുക്കേണ്ടി വരിക. കാരണം സാഹിബിന്‍റെ ടീം തോല്‍ക്കാറില്ല എന്നത് തന്നെ. കളിയിൽ തോല്ക്കുന്നവരായിരുന്നു കാരം ബോർഡിന്റെ വാടക കൊടുക്കേണ്ടിയിരുന്നത്. നീന്തലിലും മറ്റു വാട്ടര്‍സ്പോര്‍ട്സിലും സാഹിബ് തന്നെയായിരുന്നു ഒന്നാമന്‍. ആഴത്തിലേക്ക് ഊളിയിട്ടുപോകുന്നതിലും ദീര്‍ഘനേരം നിര്‍ത്താതെ നീന്തുന്നതിലും സാഹിബിനു പ്രത്യേക കഴിവുണ്ടായിരുന്നു. കുളത്തിലെ “തൊട്ടുകളിയില്‍” സാഹിബിനെ തൊടുക ശ്രമകരം തന്നെയായിരുന്നു. മരം കയറ്റത്തിലും മരത്തില്‍ എറിയുന്നതിലും സാഹിബിനോളം വിദഗദര്‍ നാട്ടില്‍ വേറെയുണ്ടായിരുന്നില്ല.കശുവണ്ടിക്കാലമായാല്‍ പറങ്കിമാവിലും മാവ്, പ്ലാവ് പോലെയുള്ള ഫലവൃക്ഷങ്ങളിലും കയറാന്‍ സാഹിബിനെ കാത്തുനില്‍ക്കുന്നവരുടെ എണ്ണം നിരവധിയായിരുന്നു. ചെറുപ്പം മുതലേ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെ കഴിഞ്ഞിരുന്ന ആളായിരുന്നു സാഹിബ്. അതുകൊണ്ട് തന്നെ അധിക ദിവസങ്ങളിലും അന്തിയുറക്കവും ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു. കൃഷി സ്ഥലം ഉഴുത് റെഡിയാക്കലും കൊയ്ത്തും മെതിയും എല്ലാം സാഹിബിന് വഴങ്ങും. ഇഞ്ചികൃഷിയുടെ കാര്യത്തിലായാലും പച്ചക്കറികള്‍ നാട്ടുനനക്കുന്ന കാര്യത്തിലായാലും സാഹിബിന്‍റെ നൈപുണ്യം ഒന്ന് വേറെ തന്നെയായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ദൂരെ ദിക്കില്‍ നിന്നും കൊണ്ടുവന്ന് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്താനും സാഹിബിനെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത് ഭയം എന്നത് ചെറുപ്പത്തില്‍ സാഹിബിന്‍റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ഏതു പാതിരാത്രിയിലും എവിടെ നിന്നെങ്കിലും ഒരു ശബ്ദം കേട്ടാല്‍ പുറത്തിറങ്ങി നോക്കാന്‍ സാഹിബ് മുന്നിലുണ്ടാവും. അത്കൊണ്ട് തന്നെ ചുക്ക് ഉണക്കാനിടുന്ന പാറപ്പുറത്ത് കാവലിരിക്കാന്‍ സാഹിബ് വേണം. വിളഞ്ഞു പാകമായ നെല്ല് ആരും കൊയ്ത് കൊണ്ടുപോവാതിക്കാന്‍ കാത്തുകിടക്കുന്നിടത്തും സാഹിബിന്‍റെ സേവനം ഉണ്ടായിരുന്നു.പറമ്പിലും പാടത്തും വെച്ച് നടത്തിയിരുന്ന ഓട്ട മത്സരങ്ങളിലും ഒന്നാമതായി ഓടിയെത്തുക സാഹിബ് തന്നെ. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമായി വരുമ്പോള്‍ ആരെക്കാളും മുന്നിലായി ഓടിയെത്തിയിരുന്നതും സാഹിബ്.കുന്നുംപുറം തോട്ടശ്ശേരിഅറ ഭാഗങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൈക്കിള്‍ സവാരി പഠിപ്പിച്ചിരുന്നതില്‍ സാഹിബിന്‍റെ പരിശീലനം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു. എന്നാല്‍ സാഹിബ് സൈക്കിള്‍ സവാരി പരിശീലകരില്ലാതെ തന്നെ പഠിച്ചതായിരുന്നു എന്നത് എടുത്തു പറയണം.ചുരുക്കത്തില്‍ കളികളും കാര്യവും ബിസിനസ്സും പെരുമാറ്റവും എല്ലാം സാഹിബ് സ്വയം പഠിച്ചെടുത്തവയായിരുന്നു. ആളെ നോക്കിയും സാഹചര്യം നോക്കിയും പെരുമാറാന്‍ പഠിച്ച സാഹിബ് ഇക്കാര്യത്തില്‍ ഒരു മാതൃക തന്നയാണ്. വെറുതെ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന സാഹിബിനെ കാണുക വളരെ പ്രയാസം. പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ വിദ്യാഭ്യാസത്തിനും സ്വഭാവരൂപീകരണത്തിനും ചെലവഴിച്ചിട്ടും നന്നാവാത്ത ആളുകളുടെ ഇടയില്‍ സ്കൂളിന്‍റെ പടി കാണാത്തവനും അക്ഷരാഭ്യാസമില്ലാത്തവനുമായ സാഹിബ് മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോള്‍ അതൊരു വിസ്മയം തന്നെയാണ്. ഇന്നത്തെപ്പോലെ സൗന്ദര്യ വസ്തുക്കള്‍ ചെറിയ തോതില്‍ ഉപയോക്കുകയും നല്ല വസ്ത്രങ്ങള്‍ അണിയുകയും മുഴുസമയം വെയില് കൊള്ളാതെ നല്ല വൃത്തിയില്‍ നടക്കാനും സാഹിബിന്‍റെ ബാല്യം അനുവദിച്ചിരുന്നെങ്കില്‍ സാഹിബ് കേരളത്തിലെ സുന്ദരന്മാരില്‍ ഒരാളാകുമായിരുന്നു.കുട്ടിക്കാലത്ത് അലക്കാനും കുളിക്കാനും ചെറിയ മടി കാണിച്ചിരുന്ന ആളായിരുന്നു സാഹിബ്. അത് മനസ്സിലാക്കി കുട്ടികളായ ഞങ്ങള്‍ ചില കുസൃതികള്‍ ഒപ്പിക്കാറുണ്ടായിരുന്നു. സാഹിബ് കാണാതെ പിന്നിലൂടെ ചെന്ന് വെള്ളം നിറച്ച പാത്രം തലയിലൂടെ ഒഴിക്കും. കരഞ്ഞുകൊണ്ട് നേരെ പോവുക എന്‍റെ ഉമ്മയുടെ അടുത്തേക്കാണ്‌. ഉമ്മയുടെ ഒരു സമാധാനപ്പെടുത്തലില്‍ സാഹിബിന്‍റെ എല്ലാ പരാതികളും അലിഞ്ഞില്ലാതാവും. “ഏതായാലും നനഞ്ഞില്ലേ, ഇനി ഒന്നങ്ങട്ട് കുളിച്ചാളാ. ഉടുത്തത് ഒന്നങ്ങട്ട് തിരുമ്പുകയും ചെയ്താളാ”. എന്‍റെ ഉമ്മയുടെ ഡിപ്ലോമാസിയില്‍ സാഹിബ് വീഴാറാണ് പതിവ്. ഞങ്ങള്‍ സമപ്രായക്കാരാണെങ്കിലും ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായാല്‍ അടിപിടിക്ക് നില്‍ക്കാതെ ഉമ്മയോട് എന്നെക്കുറിച്ചുള്ള പരാതി പറയുക മാത്രം ചെയ്യുക എന്നതായിരുന്നു സാഹിബിന്റെ രീതി. ഉമ്മ പലപ്പോഴും സാഹിബിന്റെ ഭാഗത്ത് നിന്നായിരിക്കും വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നത്കൊണ്ട് കൂടിയായിരിക്കും അത്. അങ്ങാടിയില്‍ നിന്നോ മറ്റോ എന്തെങ്കിലും ചെറുതായി ഒന്ന് കടുപ്പിച്ചു സംസാരിച്ചാല്‍, അക്കാര്യം നേരെ എന്‍റെ ഉമ്മയുടെ അടുത്ത് പരാതിയായി എത്തും. പിന്നെ ഞാന്‍ വിചാരണ നേരിടേണ്ടി വരും. അതുകൊണ്ട് സാഹിബിനോടും മറ്റുള്ളവരോടുമൊക്കെ അങ്ങാടിയില്‍ വെച്ച് സംസാരിക്കുമ്പോള്‍ വളരെ സൗമ്യമായി സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പഴയ കാലത്ത് അങ്ങാടിയില്‍ നിന്നും മത്സ്യം വാങ്ങി കൊണ്ടുപോവുന്നത് ഇലയില്‍ പൊതിഞ്ഞായിരുന്നു. പരുന്ത് ഈ മത്സ്യപ്പൊതികളില്‍ ചിലത് തട്ടിക്കൊണ്ടു പോവുന്നത് ഒരു നിത്യ സംഭവമായിരുന്നു. പരുന്തുകളുടെ കേന്ദ്രം അത്തംപുറ പറമ്പിലെ ഏറ്റവും ഉയരം കൂടിയ മാവുകളിലായിരുന്നു. തട്ടിയെടുത്ത മത്സ്യപ്പൊതികള്‍ ഈ മാവിന്‍ കൊമ്പത്തെക്കാണ് പരുന്തുകള്‍ കൊണ്ടു വന്നിരുന്നത്. കുന്നുംപുറം പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഈ മാവുകളുടെ മുകളില്‍ എത്തുന്ന മത്സ്യപ്പൊതികള്‍ എറിഞ്ഞു തള്ളിയിടാന്‍ അന്ന് ഒരാള്‍ക്കേ കഴിയുമായിരുന്നുള്ളൂ; പിഴക്കാത്ത സൂത്രത്തില്‍ ഏറ്റവും ഉയരത്തില്‍ എറിയാന്‍ കഴിവുള്ള സാഹിബിന് മാത്രം. അതുപോലെ തന്നെ മാവിന്‍റെ ഏറ്റവും ഉയരത്തിലുള്ള ചുള്ളിയിലെ മാങ്ങ എറിഞ്ഞു വീഴ്ത്താനും ഞങ്ങള്‍ ആശ്രയിച്ചിരുന്നത് സാഹിബിനെ തന്നയായിരുന്നു. ചുരുക്കത്തില്‍ ഒരു സര്‍വ്വകലാവല്ലഭനും ബഹുമുഖപ്രതിഭയുമായിരുന്നു നമ്മുടെ സാഹിബ്. മാരകമായ കാന്‍സര്‍ രോഗമാണ് തനിക്ക് പിടിപെട്ടിരിക്കുന്നത് എന്ന് അറിഞ്ഞിട്ടും അതിനെ വളരെ സമചിത്തതയോടെ നേരിട്ട ചുരുക്കം ചിലരില്‍ ഒരാളായിരുന്നു സാഹിബ്. അദ്ദേഹത്തിന്‍റെ രോഗം എന്താണെന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല എന്ന ധാരണയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ “എനിക്ക് കാന്‍സര്‍ ആണെന്നും അത് ഉടനെ സുഖപ്പെടുമെന്നും” മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ ഇങ്ങോട്ട് പറഞ്ഞ് നമ്മെ സമാധാനിപ്പിച്ചിരുന്ന സാഹിബ് തികച്ചും ഒരു വ്യത്യസ്തന്‍ തന്നെയായിരുന്നു. മരിക്കുന്നതിന് മുമ്പത്തെ ഏതാനും ആഴ്ചകള്‍ വരെ വളരെ കര്‍മോത്സുകനായിരുന്ന സാഹിബിനെയായിരുന്നു കുന്നുംപുറത്തുകാര്‍ക്ക് കാണാന്‍ പറ്റിയിരുന്നത്. ചെറിയ ഒരു മുറിവോ കെട്ടോ ഉണ്ടായാല്‍ അത് മറച്ചുപിടിക്കാന്‍ പാടുപെടുന്നവരാണ് നമ്മില്‍  അധികമാളുകളും. കീമോതെറാപ്പിയുടെ അനന്തരഫലമായി സാഹിബിന്‍റെ വെളുത്ത ശരീരത്തിലെ കഴുത്തു മുതല്‍ വയറിന്‍റെ ഭാഗംവരെ കരിഞ്ഞിരുന്നത് തുറന്ന് കാട്ടിത്തരാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഈ റമദാന്‍ മാസം അവസാനത്തില്‍ നല്ല ചൂടായിരുന്നല്ലോ. ചൂടില്‍ നിന്നും രക്ഷനേടാനായി വരാന്തയില്‍ അനങ്ങാതെ മലര്‍ന്നു കിടക്കുന്ന സാഹിബിനെ ദൂരെ നിന്ന് കണ്ടാല്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നൊരു സംശയം ആരിലും ജനിപ്പിക്കും. ചൂടിന്റെ കാഠിന്യം കാരണം രാത്രി വളരെ വൈകുന്നത് വരെ വരാന്തയില്‍ തുറസ്സായ സ്ഥലത്തായിരുന്നു സാഹിബിന്റെ കിടത്തം. ചികിത്സക്കിടയിലും ഇരുചക്ര വാഹനം സ്വയം ഓടിച്ചു വരുന്നത് കാണുമ്പോള്‍ കുറച്ചു നാളെത്തേക്കെങ്കിലും അങ്ങിനെ ചെയ്യരുത് എന്ന്  പറയുമ്പോള്‍ അങ്ങിനെ ചെയ്യാമെന്ന് വളരെ അനുസരണയോടെ പറയുന്ന സാഹിബിന്‍റെ ആ മുഖം ഇപ്പോഴും തെളിഞ്ഞു വരുന്നുണ്ട്. വളരെ  ചെറുപ്പം മുതല്‍ തന്നെ ഞങ്ങളുടെ വീടുമായി സഹിബിനുണ്ടായിരുന്ന ബന്ധമായിരിക്കാം സ്നേഹത്തോടെയുള്ള ആ അനുസരണക്ക് നിദാനം. കുന്നുംപുറം ചെപ്പിയാലം ജുമാമസ്ജിദ് ഖബര്‍നില്‍ മറമാടപ്പെട്ടു കിടക്കുന്ന സാഹിബിന്റെ പരലോക ജീവിതം ധന്യാമാവട്ടെ എന്ന്  പ്രാര്‍ത്ഥിക്കുന്നു – ആമീന്‍ യാ റബ്ബ്.
--------------------------------------------------------------------    
✍🏻 കെ.സി. അബ്ദുറഹ്മാന്‍ കുന്നുംപുറം

സാഹിബ്‌ കി യാദേ..😥 

--------------------------------------------------------------------------------------------------------------------------------------

വലിയ തമാശക്കാരൻ ,,, തലയിൽ ഒരു മുണ്ടും ചുണ്ടിലേ സിഗരറ്റുമാണ്.  സാഹിബ് കാക്കയെ ഓർക്കുമ്പോൾ ആദ്യം തെളിയുന്ന അടയാളങ്ങളിൽ ചിലത്.ഞാൻ കല്ല് വണ്ടിയിൽ ജോലി ചെയ്തിരുന്ന കാലം കണ്ട് തുടങ്ങിയ കുന്നുംപുറത്തെ ഒരുപാട് മുഖങ്ങളിൽ മനസ്സിൽ പതിഞ്ഞ ഒരു മുഖമായിരുന്നു സാഹിബ്‌ കായുടെ ആ നീണ്ട മുഖം..  ആ കണ്ണുകളുടെ വിത്യസ്തതയിലും വസ്ത്രധാരണയിലും  കളിതമാശകളിലൂടെയുള്ള വർത്തമാന ശൈലിയിലും സാഹിബക ആരുടേയും മനസ്സ് കവരുമായിരുന്നു.  എത്ര ദേഷ്യപ്പെട്ട് വരുന്നവനോടും തോളിൽ കയ്യിട്ട് തന്ത്രപരമായ പദപ്രയോഗങ്ങളിലൂടെ തണുപ്പിച്ചു ശാന്തമാക്കി  കാര്യങ്ങൾ കഴിക്കുന്ന ജീവിക്കാൻ പഠിച്ച തന്ത്രക്ജനായ തനി നാടൻ മലപ്പുറം സാഹിബ്‌ക.വലിയ സംസാരപ്രിയനും  അധ്വാനശീലനും  ആയിരുന്നു സാഹിബ്‌ക.ഞങ്ങളുടെ അന്നത്തെ മുതലാളിയും ഇന്നും എന്റെ മുതലാളി എന്ന് പറയാൻ ആഗ്രഹിക്കുന്ന സന്മനസ്സുള്ള സമർത്ഥനായ  മജീദ് ക യുടെ അളിയനും(ഭാര്യാ സഹോദരൻ) കൂടിയായിരുന്നു. യുവത്വത്തിന്റെ കാലം അല്പസ്വല്പം കശപിശകളൊക്കെ ഉണ്ടായിരുന്നെങ്കിലും മനുഷ്യ സ്നേഹിയായിരുന്നു. എപ്പോ കണ്ടാലും ചായക്ക് സൽകരിക്കും തമാശകൾ പറഞ്ഞും തരികിടകളൊപ്പിച്ചും സന്തോഷ ജീവിതം. ഇടക്ക് കല്ല് ജോലിയിൽ നിന്ന് ഞാൻ പിരിഞ്ഞു പോന്നെങ്കിലും സാഹിബ്‌ കയുമായുള്ള ബന്ധം പിരിഞ്ഞിരുന്നില്ല.. പലപ്പോഴും പിന്നീട് കണ്ട് മുട്ടിയിരുന്നത് മീൻ മണമുള്ള ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിലായിരുന്നു. കാണുമ്പോളൊക്കെ ആ ചിരിയും കളിയും സ്നേഹസംഭാഷണങ്ങളും പരസ്പരം കൈമാറുമ്പോഴും.  വിടപറയുന്നത് വരെ അദ്ദേഹത്തിന്റെ ആയുസ്സിനെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്ന കേൻസറെന്ന അപകടകരമായ  രോഗത്തിനടിമയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ലീവിനും കുന്നുംപുറത്തുവെച്ച് കണ്ട് സംസാരിച്ചപ്പോൾ പഴയ ശബ്ദമില്ലെങ്കിലും തമാശയും സൽക്കാരവും ആ വിളർത്തു മെലിഞ്ഞ ഷെരീരത്തിൽ ഒട്ടും  മാറ്റങ്ങൾ തോന്നിച്ചില്ല.തമാശക്ക് പോലും അസുഖമെന്തെങ്കിലുമുണ്ടോന്ന് ഞാൻ ചോദിച്ചതുമില്ല. അവരുടെ സഹായിയായിരുന്നു അന്ന് മീൻ തൂക്കി കൊടുത്തിരുന്നത്.അവൻ ഞമ്മളെ സ്വന്തക്കാരനാണ് രണ്ടെണ്ണം ഏറെ ഇട്ട് കൊടുക്കെന്ന് സഹായിയോട് പറഞ്ഞപ്പോൾ ആ വാക്കിൽ പഴയ ബന്ധത്തിന് കൂടുതൽ അടുപ്പം നൽകുകയായിരുന്നു.  ഏറെ  സന്തോഷത്തോടെ  ചിരിച്ച് കൊണ്ട് യാത്ര പറഞ്ഞ്  മടങ്ങുമ്പോൾ ഒരിക്കലും നിനച്ചിരുന്നില്ല അത് സാഹിബ്‌കയുമായുള്ള അവസാന കൂടികാഴ്ച്ച ആയിരിക്കും  എന്ന്.. റബ്ബിന്റെ വിധിക്ക് മുന്നിൽ കീഴടങ്ങി മുന്നേ വന്ന് മുന്നേ പോയി ഓർമയായ സൗഹൃദങ്ങളിൽ എന്റെ മനസ്സിനേ നടുക്കിയ വാർത്തയായിരുന്നു.   സാഹിബ്‌ ക യുടെ മരണവാർത്ത. ജീവിതം ഒരുപാട് ഇടപാടുകൾക്കിടയിലൂടെയും ഇടപഴക്കങ്ങളിലൂടെയും ജീവിച്ച് മരിച്ച അവരുടെ തിന്മകളെ പൊറുത്തുകൊടുത്ത് നന്മകൾ കനം തൂങ്ങുന്ന സഞ്ജരിൽ നാഥൻ  ഉൾപെടുത്തുകയും പരലോക വിജയം നേടിയവരിൽ ഉൾപ്പെടുത്തി സ്വർഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കുകയും ചെയ്യുട്ടെ.. ആമീൻ...
------------------------------------------------------------------
✍🏻 മുജീബ് കെ.സി

ഓർമ്മയിൽ വിരിയുന്ന ആ നല്ല നാളുകൾ

--------------------------------------------------------------------------------------------------------------------------------------

ചില വിയോഗങ്ങൾ അവിശ്വസനീയമാണ്‌ എന്നാൽ സത്യവും. സാഹിബാക്കയുടെ വേർപാട് എന്നെ ഏറെ വേദനിപ്പിക്കുന്നു. اللهم اغفر له وارحمه അദ്ദേഹത്തെ കഴിഞ്ഞ 24 വർഷത്തെ പരിചയമുണ്ടെനിക്ക്. 1996ലാണ് ഞങ്ങൾ ആദ്യമായി   പരിചയപ്പെട്ടത്. അദ്ദേഹവും ഞാനും പ്രായത്തിൽ അന്തരമുണ്ടെങ്കിലും  അദ്ദേഹത്തിന്റെ കൂടെ ഒന്നിച്ച് നാല് വർഷത്തോളം  ലോറിയിൽ ജോലി ചെയ്ത കാലം മറക്കാൻ കഴിയില്ലൊരിക്കലും. അങ്ങനെ അദ്ദേഹം എന്റെ നല്ല ഒരു സുഹൃത്തായി മാറി. നടത്തത്തിലും സംസാരത്തിലുമെല്ലാം നർമ്മ സ്പർശമുണ്ടായിരുന്നതിനോടൊപ്പം അദ്ദേഹം അക്കാലത്ത് ഒരു കഠിനാദ്ധ്വാനികൂടിയായിരുന്നു., വെെകാതെ ഞാൻ പ്രവാസ ജീവിതം തുടങ്ങിയെങ്കിലും ഞങ്ങൾ തമ്മിലുള്ള സുഹൃത്ത് ബന്ധം ശക്തിയായി തന്നെ തുടർന്നു. പുഞ്ചിരി തൂകി കൊണ്ടല്ലാതെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. പിന്നീട് എപ്പോഴോ അദ്ദേഹം മീൻ കച്ചവട മേഖലയിലേക്ക് തിരിയുകയായിരുന്നു. ജീവിത പ്രാരാബ്‌ധങ്ങളിൽ നിന്ന് നടന്ന് തുടങ്ങിയപ്പോഴേക്കും അല്ലാഹുവിന്റെ വിധിയെത്തി. സാഹിബാക്കയുടെ മരണം സമപ്രായക്കാർക്കും കൂടെ നടന്ന നമുക്കെല്ലാം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ. കബറിടം വിശാലമാക്കട്ടെ. സ്വർഗ്ഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ....
------------------------------------------------------------------------------
✍🏻 ശിഹാബുദ്ദീൻ . നാലുപുരക്കൽ

സാഹിബ് കാക്ക .. മെലിഞ്ഞ മേനിയിലെ നിറഞ്ഞ ചിരി

-------------------------------------------------------------------------------------------------------------------------------------

കുന്നുംപുറം അങ്ങാടിയുമായി ബന്ധപ്പെടുന്ന കാലം മുതലേ സ്ഥിരം കാണുന്ന മുഖമായിരുന്നു മർഹൂം സാഹിബ് കക്കയുടെത്.  ടാക്സിക്കാരുടെ കൂടെയും വോളിബോൾ ഗ്രൗണ്ടിലും കല്ല് ലോറിയിൽ ലോഡിംഗ്, അൺലോഡിംഗിലും പിന്നെ ഏറെ കാലം മീൻ കച്ചവടക്കാരനായും കണ്ടു. അടുത്ത പരിചയമില്ലാത്തതിനാൽ സൗഹൃദം പുഞ്ചിരിയിലൊതുങ്ങി. രണ്ട് വർഷം മുമ്പ് എൻ്റെ അയൽവാസിയായ അടുത്ത ബന്ധുവിൻ്റെ മകൻ വിവാഹം ചെയ്തത് അദ്ദേഹത്തിൻ്റെ മകളെയാണ്. പിന്നെ മകളെ കാണാൻ ഇടക്കിടെ വരുന്ന അദ്ദേഹവുമായി പരിചയം പുതുക്കാനും സൗഹൃദം സൂക്ഷിക്കാനും സാധിച്ചു. കഠിനാധ്വാനിയായിരുന്നു. ഉള്ളു തുറന്ന നിഷ്കളങ്കമായ ആ ചിരി ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്.  അവധിയെത്തുമ്പോൾ നാമെല്ലാം യാത്രയാകും. നമുക്ക് മുമ്പേ റബ്ബിലേക്ക് മടങ്ങിയ സഹോദരന് റബ്ബ് അവൻ്റെ വിശാലമായ മഗ്ഫിറത്തും മർഹമത്തും നൽകട്ടെ എന്ന പ്രാർത്ഥന സമർപ്പിക്കുന്നു .
------------------------------------------------------------------------------
 ✍🏻 മുഹമ്മദ് കുട്ടി

No comments:

Post a Comment