പളളിപ്പറമ്പ് @ മാപ്പിളക്കാടൻ സൈതാലി കാക്ക
സൈതാലി കാക്ക: ഓർമ്മകളുണരുമ്പോൾ
-----------------------------
കുറ്റൂർ ജംഗ്ഷനിലെ ഹോട്ടൽ വ്യാപാരിയായാണ് സൈതാലി കാക്കയെ കണ്ട് തുടങ്ങുന്നത്. അതിന് മുമ്പ് അദ്ദേഹത്തിന് കോഴിക്കോടായിരുന്നു ജോലി എന്നാണറിവ്. എൺപതുകളുടെ പാതി കഴിഞ്ഞാവും അദ്ദേഹം ഇവിടെ കച്ചവടം തുടങ്ങുന്നത്. രാവിലെ മദ്രസയിലേക്ക് പോവുമ്പോൾ ആദ്യമായി കാണുക ഈ ഹോട്ടലാണ്. ഇവിടത്തെ അലമാരകളിൽ അടുക്കി വെച്ച പലഹാരങ്ങളും ചുട്ടെടുക്കുന്ന പൊറാട്ടയുടെ വാസനയും കുഞ്ഞുനാളിലെ പോക്കുവരവുകളെ കൊതിപ്പിച്ചിട്ടുണ്ട്. പത്ര വായനക്കാരും റേഡിയോ ശ്രോതാക്കളും, കൂലി പണിക്കാരുമടങ്ങുന്ന നാട്ടുകാരുടെ നിറഞ്ഞ സാന്നിധ്യം അന്നേരം ഇവിടെയുണ്ടാവും.സ്കൂൾ വിദ്യാർത്ഥികളും,ബസ് ജീവനക്കാരും, അധ്യാപകരുമൊക്കെയായി ഈ ഹോട്ടലിനെ സ്ഥിരമായി ആശ്രയിച്ചിരുന്നവർ അന്നേറെയുണ്ടായിരുന്നു. ഇവിടത്തെ സായാഹ്ന ചർച്ചകളും എടുത്തു പറയേണ്ട ഒന്നാണ്. രാഷ്ട്രീയവും സാമൂഹികവുമായ ആ വിശകലനങ്ങൾ പലപ്പോഴും കാതോർത്ത് നിന്നിട്ടുണ്ട്.കാഴ്ചയിൽ കർക്കശക്കാരനെന്ന് തോന്നുമെങ്കിലും സൈതാലി കാക്ക സത്യത്തിൽ അങ്ങനെ ആയിരുന്നില്ല. അദ്ദേഹവുമായി അടുത്തിടപഴകിയ ആർക്കും ഇത് ബോധ്യമാവും.പ്രായഭേദമന്യേ എല്ലാവരുമായും അദ്ദേഹത്തിന് സൗഹൃദ ബന്ധമുണ്ടായിരുന്നു. ആ സംസാരങ്ങളിൽ വലിയങ്ങാടിയിലെയും, മിഠായി തെരുവിലെയുമൊക്കെ കഥകളുണ്ടായിരുന്നു. കോഴിക്കോടുമായി അദ്ദേഹത്തിനുണ്ടായിരുന്ന വൈകാരിക ബന്ധം അങ്ങനെയാണ് ഞാനറിയുന്നത്.വർഷങ്ങളോളം നിലനിന്ന ഹോട്ടൽ വ്യാപാര രംഗത്ത് നിന്ന് പിന്നീട് അദ്ദേഹം പലചരക്ക് കടയിലേക്ക് മാറി.ശാരീരിക അവശതകളാവണം കാരണം. ഈ രംഗത്തും അദേഹം ഏറെക്കാലമുണ്ടായിരുന്നു.പിന്നീട് ആ സ്ഥാപനം മകനെ ഏൽപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് മടങ്ങി.ശരീരിക അസ്വസ്ഥതകൾ പ്രയാസപ്പെടുത്തും വരെ നാടിന്റെ പുറം കാഴ്ചകളിൽ സൈതാലി കാക്ക ഉണ്ടായിരുന്നു. നമ്മുടെ പ്രദേശത്തെ പഴയ കാല വ്യാപാരികളിൽ എന്ത് കൊണ്ടും എടുത്ത് പറയേണ്ട പേരാണ് അദ്ദേഹത്തിന്റേത്. അതിലെ അവസാനത്തെ കണ്ണികളിലൊന്നാണ് ഈ വായോഗത്തോടെ നഷ്ടമായിരിക്കുന്നത്.അദ്ദേഹത്തിന്റെ പരലോകജീവിതത്തിൽ അള്ളാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ.
---------------------------
✍️ സത്താർ കുറ്റൂർ
ഓർമ്മയിൽ തെളിയുന്ന സൈതാലി കാക്ക
------------------------
മാപ്പിളക്കടാ.........
നിത്യം കേട്ടിരുന്ന ഈ വിളി ഇന്നും എൻ്റ കാതിൽ മുഴങ്ങുന്നു ... ഞാൻ അരീക്കനാെണന്നറിയാഞ്ഞിട്ടായിരുന്നില്ല മറിച്ച് അദ്ദേഹം അദ്ദേഹത്തിൻ്റെ കുടുമ്പത്തിലേക്ക് സ്നേഹത്തോടെ ചേർത്ത് വെക്കുന്ന പോലെ ...🥰കാണുമ്പോൾ കച്ചവടത്തിനിടയിലും മാപ്പിള്ക്കാടൻ വിളിയിൽ തുടങ്ങി വിശേഷങ്ങൾ ചോദിക്കുന്ന ശീലം ... ഒരു പാട് ഓർമ്മകൾ .... ഇന്നും രാവിലെ കളിക്കാൻ പോകുമ്പോൾ ഞാൻ ആ കടയിൽ പ്രിയ സൈദാലികാക്കയെ കണ്ട പോലെ .... ഷബീറിനും ഏകദേശം അദ്ദേഹത്തിൻ്റെ രൂപസാദൃശ്യമുണ്ട് എന്നത് എൻ്റെ തോന്നലാണോ ......?
നാഥൻ അവരെയും നമ്മെയും അവൻ്റ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ........
ആമീൻ യാ റബ്ബ്🤲🏼
--------------------------
✍️ സിറാജ് അരീക്കൻ
മാപ്പിളക്കാട്ടിൽ സൈദാലി കാക്ക എന്ന എളാപ്പ
----------------------------------
മാപ്പിളക്കാട് കുടുംബത്തിലെപഴയ കാല ധീരരിൽ ഒരാളായിരുന്നു സൈദാലി കാക്ക എന്ന ഞങ്ങളുടെ സൈദാലി എളാപ്പ..... ആദൃ കാലത്ത് കാര പറംബിലായിരുന്നു അവരുടെ തറവാട് വീട് അവിടെ നിന്ന് കുറ്റൂർ പാടം അക്കരെ പടിക്ക തൊുവിലേക്ക് മാറി പിന്നിനീടാണ് ഇപ്പോഴുള്ള കള്ളി വളപ്പിലേക്ക് താമസമായതന്ന് എൻ്റെ പിതാവിൽ നിന്നും കേട്ടിട്ടുണ്ട്....എൻ്റെ പിതാവിൻ്റെ സമ പ്രായക്കാരനും കുടുംബ സഹോദരനുമായിരുന്നു അദ്ധേഹം അവരുടെ ചെറുപ്പ കാലം മാപ്പിളക്കാട്ടിലെ അക്കാലത്തെ സമ പ്രായക്കാരുടെ കൂടെ കൊടുവാ പാടത്തും കാര പറംബിലും തോട്ടിലും കഴിച്ചു കൂടിയ കഥയും എൻ്റെ പിതാവിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്......വലിയ ദൈരൃ ശാലിയും അന്നൃായത്തിന് ആരുടെ മുന്നിലും അഭിമാനം പണയം വക്കാത്ത പ്രകൃതവുമായിരുന്നു.....ഇന്നത്തെ പോലെ വാഹന സൗകരൃങ്ങളില്ലാത്ത കാലത്ത് അവശരായ രോഗികളെ ഒറ്റക്ക് എടുത്തു കൊണ്ട് ഹോസ്പിറ്റലിലെത്തിക്കുന്നതിനും അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനും സ്വന്തം ജീവൻ നോക്കാതെയുള്ള അദ്ധേഹത്തിൻ്റെ പ്രവർത്തനത്തെ കുറിച്ച് ധാരാളം മറ്റ് കുടുംബ കാരണവൻമാരിൽ നിന്നും കേട്ടിട്ടുണ്ട്, കുടുംബ ബന്ധങ്ങൾക്ക് പ്രധാനൃം കൽപിച്ചിരുന്നു അദ്ധേഹം അത് കൊണ്ട് തന്നെ അദ്ധേഹത്തിൻ്റെ വീട്ടിലെ കല്ലൃാണം പോലത്തെ ചടങ്ങുകളിൽ മാപ്പിളക്കാട് കുടുംബത്തെ ക്ഷണിക്കാൻ അദ്ധേഹം ശ്രദ്ധിച്ചിരുന്നു.....എൻ്റെ ചെറുപ്പ കാലത്ത് അദ്ധേഹത്തിൻ്റെ ഹോട്ടലിലേക്ക് വീട്ടിൽ നിന്നും പാല് കൊണ്ടു പോയി കൊടുത്തിരുന്നത് ഞാനായിരുന്നു രാവിലെ മദ്രസ്സയിലേക്ക് വരുംബോഴായിരുന്നു പാല് കൊണ്ട് വരാറ്. സ്കൂൾ വിട്ട് പോവുംബോ പാല് കൊണ്ടു വന്ന പാത്രം എടുക്കുവാൻ കടയിലെത്തിയാൽ പാൽ ചായയും പൊറോട്ടയും കഴിക്കാതെ അദ്ധേഹം വിടില്ലാ.....ചില ദിവസങ്ങളിൽ ബാക്കി വന്ന പലഹാരങ്ങൾ പാത്രത്തിൽ വച്ചിട്ടുണ്ടാവും..... എവിടെ വച്ച് കണ്ടാലും വിശേഷങ്ങൾ ചോദിച്ചറിഞ്ഞിരുന്നു..... ആദൃ കാലങ്ങളിൽ കുടുംബ വീടുകളുള്ള മാപ്പിളക്കാട് സന്ദർശിക്കാറുണ്ടായിരുന്നു അദ്ധേഹം.. അവസാനമായി അദ്ധേഹത്തെ കാണുന്നത് രണ്ട് വർശത്തിന് മുൻപ് എൻ്റെമകളുടെ വിവാഹം ക്ഷണിക്കുവാൻ അവരുടെ വീട്ടിൽ ചെന്നപ്പോഴാണ് അന്ന് അദ്ധേഹത്തിന് കാല് മുട്ട് കൊണ്ട് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു..... അന്ന് കുറെ സമയം സംസാരിച്ചിരുന്നു.... സർവ്വ ശക്തൻ അദ്ധേഹം ജീവിത കാലത്ത് ചെയ്ത് പോയ ദോശങ്ങൾ പൊറുത്ത് സ്വർഗാവകാശകളിൽ ഉൾപ്പെടുത്തുമാറാവട്ടേ . അമീൻ
--------------------
✍️ കുഞ്ഞഹമ്മദ് കുട്ടി കെ.എം
സൈതാലിക്ക.. ഒരു ശുജായി ജീവിതം
----------------------
എൻ്റെ നന്നെ ചെറുപ്പത്തിലേ എനിക്കറിയാവുന്ന സൈതാലിക്ക നല്ല വേഷം ധരിച്ച് ഭംഗിയായി മുടി വളർത്തി ചീകി വെച്ച് ആകർഷകമായ സ്വരത്തിൽ സംസാരിക്കുന്ന നല്ല പൗരുഷം തുടിക്കുന്ന ഒരു വ്യക്തിയായിരുന്നു. വിരിഞ്ഞ മാറിടവും ഒത്ത ഉയരവുമുള്ള ധൈര്യം സ്ഫുരിക്കുന്ന മുഖഭാവം. ആ ശബ്ദത്തിന് പോലുമുണ്ടായിരുന്നു ഒരു മനോഹരമായ കാർക്കശ്യം. കോഴിക്കോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം. വലിയങ്ങാടിയിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു. വലിയങ്ങാടിയിലെ പേര് കേട്ട റങ്കൂൺ ലോഡ്ജിലായിരുന്നു താമസം. അക്കാലത്ത് നാട്ടിൽ നിന്ന് കോഴിക്കോട് രാത്രി സമയത്ത് എത്തിപ്പെടുന്ന നാട്ടുകാരുടെ അഭയകേന്ദ്രമായിരുന്നു സൈതാലിക്കയുടെ താമസ സ്ഥലം. ഒരിക്കലെങ്കിലും മൂപ്പരുടെ ആതിഥ്യം സ്വീകരിക്കാത്ത കച്ചവടക്കാരും മറ്റു കോഴിക്കോട് യാത്രക്കാരും കുറ്റൂര് ഉണ്ടാവില്ല എന്നതാണ് വാസ്തവം. പഴയ കാലത്ത് കോഴിക്കോട് ബീച്ച് ആശുപത്രിയായിരുന്നു നാട്ടിലെ വലിയ ആശുപത്രി. അവിടെ ചികിത്സ തേടിയെത്തുന്ന നാട്ടുകാർക്കും ഒരു അത്താണിയായിരുന്നു സൈതാലിക്ക. നല്ല ധൈര്യവാനും ആരെടാ എന്ന് ചോദിച്ചാൽ " ഞാനെടാ " എന്ന മറുപടി മുഖത്ത് നോക്കി പറയുന്ന പ്രകൃതം. ജീവിതത്തിൻ്റെ ഏറിയ പങ്കും കോഴിക്കോട് ചിലവഴിച്ചതിന് ശേഷമാണ് കുറ്റൂര് ഹോട്ടലും പിന്നെ മസാലക്കടയും തുറന്നത്. അലിവുള്ള മനസ്സിൻ്റെയുടമയായിരുന്നു. വിടപറയുന്നതിന് കുറച്ച് നാൾ മുമ്പ് കാണാൻ ചെന്നപ്പോൾ കുറെ നേരം കൈപിടിച്ച് മുഖത്ത് നോക്കി കിടന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്. ജീവിതകാലത്ത് സഹജീവികൾക്ക് ചെയ്ത ഉപകാരങ്ങൾ പ്രകാശമായി അദ്ദേഹത്തിന് തുണയാകട്ടെ, വീഴ്ചകൾ കാരുണ്യവാനായ റബ്ബ് മാപ്പാക്കട്ടെ എന്ന പ്രാർത്ഥനയോടെ.
-----------------------
✍️ മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment