കെ. സി. അബ്ദുറഹ്മാൻ
================
രണ്ടാം ഭാഗത്തിൽ നിന്നും തുടർച്ച.....
രണ്ടാം ഭാഗത്തിൽ നിന്നും തുടർച്ച.....
നഗര മധ്യത്തിലെ കൂട്ടക്കളിയും കൂട്ടക്കുളിയും.
മറാക്കെഷിലെ മൂന്നാം നാള്‍ കളിയുടെയും കുളിയുടെയും ദിവസമായിരുന്നു; കൂട്ടക്കളിയും കൂട്ടക്കുളിയും!.
ഏറ്റവും പഴക്കം ചെന്ന കൊട്ടാരങ്ങളിലും പൈതൃക ശേഷിപ്പുകളുടെ ഭാഗമായ കെട്ടിടങ്ങളിലും പരമ്പരാഗത മാര്‍ക്കറ്റിലുമൊക്കെ വ്യാപിച്ചു കിടക്കുന്ന രീതിയിലായിരുന്നു ബിസിനസ് തീമിനനുസരിച്ചുള്ള (THEME) ട്രഷര്‍ഹണ്ട് (TREASURE
HUNT) ഷെഡ്യൂള്‍ ചെയ്തിരുന്നത്. നാടും നഗരവുമെല്ലാം ഈ ട്രഷര്‍ഹണ്ട് ഗെയിമിന്‍റെ ഭാഗം. നടന്നും കുതിരപ്പുറത്തേറിയും സൈക്കിള്‍ ചവിട്ടിയുമൊക്കെയായിട്ടാണ് ഗെയിമില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഗെയിമിന്‍റെ സുഖമമായ നടത്തിപ്പിനും തദ്ദേശവാസികളില്‍ നിന്നും ഉണ്ടായേക്കാവുന്ന എതിര്‍പ്പുകള്‍ തരണം ചെയ്യുന്നതിനും വേണ്ടി കോളേജ് വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ അടങ്ങുന്ന ഒരു ഇവന്‍റ് മാനേജ്‌മെന്‍റ് വിഭാഗത്തിനായിരുന്നു ഗെയിമിന്‍റെ ചുമതല നല്‍കിയിരുന്നത്. ഒരു കാലത്ത് ഫ്രഞ്ച് കോളനി ആയിരുന്നത് കൊണ്ടായിരിക്കാം വിദ്യാര്‍ത്ഥിനികള്‍ നല്ല ആകര്‍ഷകമായ വസ്ത്രധാരണം നടത്തിയവരായിരുന്നു. പോരാത്തതിന് വേണ്ടുവോളം സൗന്ദര്യവസ്തുക്കളുടെ ഉപയോഗവും.
ഏഷ്യന്‍-അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ചേടത്തോളം “മിസ്സ് മൊറാക്കോ” ആണോ ഇവരെന്ന് തോന്നിപ്പോകും. അതുകൊണ്ടായിരിക്കും ഗെയിമിനിടയില്‍ കൂടെക്കൂടെ എല്ലാര്‍വര്‍ക്കും സംശയത്തോട് സംശയം. ആണ്‍കുട്ടികളോട് ആര്‍ക്കും കാര്യമായ സംശയം ഇല്ല. എല്ലാം പെണ്‍കുട്ടികളോട് മാത്രം!! ഗെയിം ഫെസിലിറ്റെറ്റര്‍മാര്‍ എന്ന നിലയിലും പ്രതിഫലം പറ്റുന്ന ഇവന്‍റ് മാനേജ്‌മെന്‍റ് ജോലിക്കാര്‍ എന്ന നിലയിലും ഏതു നിസ്സാര സംശയവും ദൂരീകരിക്കാന്‍ ഇവര്‍ ബാദ്ധ്യസ്ഥരാണ് എന്നത് കൊണ്ട് അവര്‍ ആജ്ഞാനുവര്‍ത്തികളായി നിലകൊണ്ടു. അവര്‍ക്കറിയാം ചോദ്യകര്‍ത്താക്കളുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍.
ഞങ്ങള്‍ എല്ലാവരും തന്നെ സപ്ലൈ ചെയിന്‍ വിഭാഗത്തില്‍ നിന്നും വരുന്നവരായിരുന്നത് കൊണ്ട് എല്ലാത്തിനും വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഇന്‍റെലെക്ച്ച്വല്‍ ഗെയിമിനോടൊപ്പം മറാക്കെഷിന്‍റെ ചരിത്ര പ്രാധാന്യവും പഠിക്കാന്‍ സാധിച്ചു.
വലിയൊരു ടീമിനെ കളി പരിശീലിപ്പിക്കുക എന്ന് കേള്‍ക്കുമ്പോള്‍ അതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും ഉണ്ടാവേണ്ട കാര്യമില്ല. എന്നാല്‍ കുറെയാളുകളെ ഒന്നിച്ച് കുളിപ്പുരയില്‍ കുളിപ്പിക്കുകയും എങ്ങിനെ കുളിക്കണമെന്ന് പരിശീലിപ്പിക്കുകയും ചെയ്യുന്നത് ആദ്യത്തെ അനുഭവം. ഏതു പ്രായത്തിലുള്ള ആണായാലും പെണ്ണായാലും ഓരോരുത്തരെയും കുളിപ്പിച്ച് തരാനുള്ള സംവിധാനം ഇവിടെയുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ ചെറിയൊരു മതിലിന്‍റെ മറവുണ്ട് എന്നത് ചിലര്‍ക്ക് ആശ്വാസവും മറ്റുചിലര്‍ക്ക് വിഷവുമാണെന്നത് വേറെ കാര്യം! ഈ ‘ലിംഗവിവേചന-വിഭജന’ മതില് തുടങ്ങുന്നിടത്ത് ഇടതും വലതും വശത്തേക്കായി രണ്ട് ചൂണ്ടുപലകള്‍ കാണാം. ഒന്നില്‍ സ്ത്രീകള്‍ എന്നും മറ്റെതില്‍ പുരുഷന്മാര്‍ എന്നും വിവിധ ഭാഷകളിലായി എഴുതിയിട്ടുണ്ട്. ആരോമാര്‍ക്കിനനുസരിച്ച് ലേഡീസ് ഒരു ഇടനാഴിയിലൂടെയും ആണുങ്ങള്‍ രണ്ടാമത്തെ ഇടനാഴിയിലൂടെയും അകത്ത് കടക്കുന്നു.
പറഞ്ഞു വരുന്നത് മൊറാക്കന്‍ ഹമ്മാമുകളെ കുറിച്ചാണ്. ഇവ തുര്‍ക്കിഷ് ഹമ്മാമുകളെതില്‍ നിന്നും കുറെയേറെ വ്യത്യസ്ഥവുമാണ്. തുര്‍ക്കിയുടെ നിയന്ത്രണനത്തിലല്ലതിരുന്നതു കൊണ്ടാവാം ടര്‍ക്കിഷ്ബാത്ത് മൊറാക്കോയില്‍ പ്രചാരത്തില്‍ ഇല്ലാതെ പോയത്. എന്നാല്‍ രണ്ടിനും സാമ്യതകള്‍ ഏറെയുണ്ടുതാനും. രണ്ടും ഇസ്ലാമിക സംസ്കാരവുമായും ആരാധനമുറകള്‍ക്ക് മുമ്പുള്ള ശുചീകരണ-ശുദ്ധീകരണ പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്; നിര്‍ബന്ധമായ “വുളുവും” “ഗൊസുലും”. അതുകൊണ്ട് തന്നെയാണ് ഈ ഹമ്മാമുകള്‍ മസ്ജിദുകളോടും പൊതുസ്ഥലങ്ങളോടും ചേര്‍ന്നാണ് അധികവും കാണപ്പെടുന്നത്. ഇത്തരം ഹമ്മാമുകളുടെ മലബാര്‍ രൂപമായിരിക്കാം നമ്മുടെ നാട്ടിലെ പള്ളിക്കുളങ്ങളും അവിടെത്തെ നഗ്നത ദൃശ്യമാക്കിയുള്ള പഴയകാല സ്റ്റൈലന്‍ ‘സമൂഹകുളികളും’.
ഹമ്മാമുകള്‍ വെറും കുളിപ്പുരകളല്ല; അവ സ്പാകാളോ (SPA) മസ്സാജ് പാര്‍ലറുകളോ (MASSAGE PARLOUR) അല്ല; അംഗശുദ്ധി വരുത്താന്‍ മാത്രമുള്ള ഹൌളുകളോ അല്ല. അതിനെക്കാളൊക്കെ വിശാലമാണ് ഹമ്മാമുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഹമ്മാമുകള്‍ ഉച്ചനീചത്വങ്ങള്‍ പാടെ ഇല്ലായ്മ ചെയ്യുന്നവയാണ്. അവ സോഷ്യലൈസിംഗ് (SOCIALISING) സെന്‍ററുകളാണ്. ആത്മവിശ്വാസം (SELF
CONFIDENCE) വര്‍ദ്ധിപ്പിക്കുന്ന ഇടങ്ങളാണ്. ആളുകള്‍ തമ്മിലുള്ള അകല്‍ച്ചയകറ്റാന്‍ സഹായിക്കുന്ന സ്ഥലമാണ്. പരസ്പരം അടുത്തറിയാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നിടമാണ് മൊറാക്കന്‍ ഹമ്മാമുകള്‍. ഉള്ളവനും ഇല്ലാത്തവനും കാര്യമായ ഉടയാടകളില്ലാതെ ഒരിടത്ത് ഒന്നിച്ചു കൂടുകയും അവരുടെയൊക്കെ ശരീരത്തിനകത്തുള്ളതും പുറത്തുള്ളതും പരസ്പരം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടെ മനുഷ്യര്‍ വെച്ചുപുലര്‍ത്തുന്ന അപ്രമാദിത്യവും തൊട്ടുകൂടായ്മയും ഉരുകിത്തീര്‍ന്ന് ഇല്ലാതാവുന്നു. ഗോപ്യമായിരുന്നതൊക്കെ സുതാര്യമാവുന്നതോടെ ആളുകള്‍ തമ്മിലുണ്ടായിരുന്ന അന്തരവും ശത്രുതയും അസൂയയും ഇല്ലാതാവുന്നു. മാനസിക പിരിമുറുക്കം ഇല്ലാതാക്കി വളരെയധികം ആശ്വാസത്തോടെ ഉണ്മേഷവാന്മാരായി പിരിഞ്ഞുപോവാന്‍ പറ്റുന്ന ഒരിടമാണ് മൊറാക്കന്‍ ഹമ്മാമ്മുകള്.
മറാക്കെഷിലെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ മൊറാക്കന്‍ ഹമ്മാമിലെക്കാണ് ഞങ്ങളെ കൊണ്ടുപോയത്. ഒന്ന് കുളിപ്പിക്കാന്‍ തന്നെ. നേരെ കൊണ്ടുപോവുന്നത് ചെയ്ചിംഗ് റൂമിലേക്ക്. ഉടുത്തതൊക്കെയും അവിടെ അഴിച്ചുവെക്കുന്നു. നമ്മുടെ തന്നെ ചെറിയൊരു അടിവസ്ത്രം മാത്രം ഉടുക്കുകയോ അല്ലെങ്കില്‍ ഡിസ്പോസിബിള്‍ അടിവസ്ത്രം വാങ്ങി ധരിക്കുകയോ ചെയ്യാം. സ്ത്രീകളുടെ ഭാഗത്ത് ഒട്ടുമിക്കവരും അടിവസ്ത്രം പോലും ധരിക്കാതെയാണ് കുളിപ്പുരയിലെത്തുന്നതെന്നാണ് അവിടെ പോയിരുന്ന ഞങ്ങളുടെ ഗ്രൂപ്പില്‍ പെട്ട ലേഡീസില്‍ നിന്നും അറിയാന്‍ സാധിച്ചത്. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ളിടങ്ങളില്‍ അവര്‍ ആവശ്യത്തിലധികം ‘ഓപ്പണ്‍’ ആവുന്നു എന്നതാണ് സ്ഥിതി. ആണുങ്ങളുടെ കൂട്ടത്തിലും പൂര്‍ണ്ണ നഗ്നരായി കുളിക്കുന്നവരും ഉണ്ട്. ആദ്യത്തെ പ്രാവശ്യമേ അതൊക്കെ ഒരു വിഷയമായി ആളുകള്‍ എടുക്കുകയുള്ളുവത്രേ. പിന്നെ “എല്ലാവരും ഇവിടെ നഗ്നരാണ്” എന്ന രീതിയിലാവുമ്പോള്‍ യാതൊരുവിധ ചമ്മലോ നാണം കുണുങ്ങലോ ഉണ്ടാവില്ലത്രേ. ഇപ്പറയുന്നതൊക്കെ ശരിയാണെന്ന് എനിക്ക് ആദ്യം ബോധ്യപ്പെട്ടത് ജെനീവയില്‍ വെച്ചായിരുന്നു. ഹോട്ടലിലെ ജിമ്മില്‍ പോയി സ്റ്റീംബാത്ത് (STEAM BATH) നടത്താന്‍ തീരുമാനിച്ചു. സ്റ്റീംബാത്ത് റൂമില്‍ കയറി. അവിടെ വിവിധ പ്രായത്തിലുള്ള ആളുകളുണ്ട്. അടുത്തടുത്താണ് എല്ലാവരും ഇരിക്കുന്നത്. നീരാവി മൂടിയതുകൊണ്ട് പുറമെനിന്ന് അകത്ത് കടക്കുന്നവര്‍ക്ക് ഉള്ളില്‍ ഇരിക്കുന്ന ആളുകളുടെ ശരീരം അത്ര വ്യക്തമായി കാണാന്‍ പറ്റുന്നില്ല. എന്നാല്‍ അകത്തുള്ളവര്‍ക്ക് പുറത്തുനിന്ന് വരുന്നവരെ കാണാന്‍ പറ്റുകയും ചെയ്യും. ഞാന്‍ അകത്ത് കടന്നപ്പോള്‍ എല്ലാവരും എന്നെ നോക്കുന്നു. പ്രത്യേകിച്ച് ഞാന്‍ ധരിച്ചിരിക്കുന്ന മുട്ടുവരെ ഏകദേശം മറയുന്ന വസ്ത്രത്തിലേക്ക്. ആരും ഒന്നും സംസാരിക്കുന്നില്ല. കുറച്ചുകഴിഞ്ഞപ്പോഴാണ് മനസ്സിലായത് അവിടെ ഇരിക്കുന്നവരാരും ഒരു നൂലുപോലും ധരിച്ചിട്ടില്ല എന്ന്. സ്റ്റീംബാത്തിന് ശേഷം ഷവറിന്‍റെ (SHOWER) ചുവട്ടില്‍ നിന്നപ്പോഴാണ് കൂടുതല്‍ വ്യക്തത വന്നത്. അവിടെ ഓരോരുത്തരായി വന്നുപോവുന്നു. പല രാജ്യക്കാരുണ്ട്; കറുത്തവനും വെളുത്തവനും സുന്ദരന്മാരും വിരൂപികളുമുണ്ട്. ഒരാളും ഒന്നും ധരിക്കാതെ നില്ക്കുന്ന നില്‍പ്പില്‍നിന്ന് - എല്ലാവര്‍ക്കും “എല്ലാം” കാണാവുന്ന വിധത്തില്‍ കുളിക്കുന്നു. ആര്‍ക്കും ഒരു സങ്കോചവുമില്ല;
ആരും ആരെയും നോക്കുന്നില്ല. ആര്‍ക്കും ഒന്നും കാണണമെന്നുമില്ല!
മൂന്ന് സ്റ്റേജ് കുളിയാണ് ഹമ്മാമുകളില്‍ ഉണ്ടാവുക. ആദ്യം കുറച്ചുനേരം ചുടുവെള്ളം മേലാകെ ഒഴിച്ച്കൊണ്ടേയിരിക്കുന്ന കുളി. വെള്ളത്തിന്‍റെ ചൂട് നോക്കാതെ നേരിട്ട് മേലേക്ക് ഒഴിച്ചവര്‍ ചിലരൊക്കെ പെട്ടുപോയി. ശരീരം പോള്ളിയതുപോലെ. വെള്ളം ശരീരത്തില്‍ വീണവര്‍ക്ക് അട്ടഹാസം. കണ്ടുനിന്നവര്‍ക്ക് പരിഹാസം. ഇന്നത്തെ കൊറോണ സാഹചര്യത്തില്‍ ഈ “ചൂടുവെള്ളക്കുളിയെ” നമുക്ക് അണുവിമുക്തമാക്കല്‍ പ്രക്രിയ എന്ന് വേണമെങ്കില്‍ പറയാം. ആദ്യ സ്റ്റേജ് മിക്കവരും സ്വന്തം നിലയില്‍ തന്നെയാണ് ചെയ്യുന്നത്. ആവശ്യപ്പെടുന്നതിനനുസരിച്ചു കുളിപ്പിച്ച് തരാന്‍ ആളുകളുണ്ട്.
രണ്ടാം സ്റ്റേജ് കുളിയാണ് ഏറ്റവും പ്രധാനം. അധികം ചൂടോ തണുപ്പോ ഇല്ലാത്ത സാധാ വെള്ളത്തില്‍ മൊറാക്കന്‍ സോപ്പ് (സാബൂന്‍ ബെലദി) ഉപയോച്ച് നല്ലവണ്ണം തേച്ചുരച്ചുള്ള വിസ്തൃതമായ കുളിയും മസ്സാജും. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുണ്ട്. ഒലീവ് എണ്ണചേര്‍ത്ത് ഉണ്ടാക്കുന്നതാണ് സാബൂന്‍ ബെലദി. അതുകൊണ്ടാണ് അതിന്‍റെ നിറം കറുപ്പാവുന്നത്. സോപ്പ് പുരട്ടിയുള്ള തേച്ചുരക്കലിനു ശേഷം എല്ലുകള്‍ കൂടിച്ചേരുന്നിടത്തും മുട്ടുമടക്കുകളിലും നല്ല ശബ്ധത്തോടെയുള്ള ഒരു പൊട്ട് പൊട്ടിക്കലുണ്ട്. ശബ്ദം കേട്ടാല്‍ തോന്നുക എല്ലുകള്‍ പൊട്ടി കഷ്ണങ്ങളായിട്ടുണ്ടാവും എന്നാണു. രണ്ടാം സ്റ്റേജ് കുളിയോട് കൂടി ശരീരത്തിലെ അഴുക്കും നിര്‍ജ്ജീവാവസ്ഥയിലുള്ള പുറംതൊലിയും ശരീരത്തില്‍ നിന്നും അടര്‍ന്നു പോയിട്ടുണ്ടാവും. ശരീരത്തില്‍ തൊട്ടാല്‍ നമുക്ക് തന്നെ എല്ലാം ക്ലീന്‍ ആയി എന്ന ഫീലിംഗ് ഉണ്ടാവും. നാം ആകെയൊന്ന് മാറിയിട്ടുണ്ടോ എന്ന് തോന്നിപ്പോവുകയും ചെയ്യും.
ഞങ്ങള്‍ കുറെയേറെ അംഗങ്ങള്‍ ഉള്ള വലിയൊരു ടീം ആയതുകൊണ്ട് കുളിപ്പിക്കുന്ന സ്പെഷ്യലിസ്റ്റുകള്‍ എണ്ണത്തില്‍ കുറവായതുകൊണ്ടും അവര്‍ ഫ്രീ ആവുന്നതുവരെ ഓരോരുത്തരും അവരുടെ ഊഴത്തിനുവേണ്ടി കാത്തിരിക്കും. ഒറ്റനോട്ടത്തില്‍ പണ്ടൊക്കെ നമ്മുടെ നാട്ടിന്‍പുറത്തെ ചിനകളിലും വെള്ളക്കെട്ടുകളിലും പോത്തുകളെ കുളിപ്പിക്കാന്‍ കൊണ്ടുവന്നാല്‍ അവ വെള്ളത്തില്‍ എത്ര നേരമെങ്കിലും കിടക്കുമല്ലോ. പോത്തിനെ കുളിപ്പിക്കുന്നവര്‍ ഓരോന്നിനെയായി കുളിപ്പിക്കും. മറ്റുള്ളവ അവയുടെ ഊഴം വരുന്നത് വരെ വെള്ളത്തിലങ്ങിനെ കാത്തുകിടക്കും. ഏകദേശം ആയൊരു അവസ്ഥയായിരുന്നു ഞങ്ങളുടേതും!
ഇനി കുളിയുടെ മൂന്നാം സ്റ്റേജ് ആരംഭിക്കുകയാണ്. തണുത്ത വെള്ളത്തിലെ സാധാരണ നിലയിലുള്ള ഒരു കുളി. അവസാനവട്ട കുളിക്ക് ശേഷം റിലാക്സിംഗ് ആണ് (RELAXING). മൊറാക്കന്‍ ഗ്രീന്‍ടീയോ (MOROCCAN MOROKKAN GREEN TEA) കാപ്പിയോ കുടിച്ച് കുറച്ച് നേരം വിശ്രമിക്കാം. വേണമെങ്കില്‍ അവിടെ തന്നെ ചെറുതായൊന്ന് മയങ്ങുകയുമാവാം.
ഒരു കാര്യം ഉറപ്പിച്ച് പറയാം. ഒരു മൊറാക്കാന്‍ ഹമ്മാമിലെ കുളി പൂര്‍ണ്ണമാവുന്നതോടെ മാനസിക പിരിമുറുക്കം പമ്പകടക്കും. യോഗ, ധ്യാനം എന്നിവയൊക്കെ ചെയ്യുമ്പോള്‍ കിട്ടുന്നത് പോലെയുള്ള ഒരു റിലാക്സ്.
ഇത്തരം ഹമ്മാമുകളുടെ ചുവട് പിടിച്ചാണ് നമ്മുടെ നാട്ടിലും പള്ളിക്കുളങ്ങളുണ്ടായിട്ടുണ്ടാവുക എന്ന് കരുതാനാണെനിക്കിഷ്ടം. മാത്രമല്ല നാട്ടിലെ പള്ളിക്കുളങ്ങളില്‍ ചകിരിത്തുപ്പും ചകിരിയും ഉപയോഗിച്ച് കാല്‍വിരലുകളില്‍ നിന്ന് തുടങ്ങി മേലാകെ ഉരച്ചുകഴുകുന്ന രീതിയുമുണ്ടായിരുന്നു. ഒരു പക്ഷെ അതും ഈ ഹമ്മാം കുളിയുടെ മറ്റൊരു രൂപമായിരിക്കാമെന്നാണ് എന്‍റെ അനുമാനം. മാത്രമല്ല ഏകദേശം അര്‍ദ്ധനഗ്നരായി കുളിക്കാനും കുളി കഴിഞ്ഞതിന് ശേഷം ഉടുത്ത ചെറിയ തോര്‍ത്ത്‌മുണ്ടഴിച്ച് ശരീരം തോര്‍ത്താനും ആര്‍ക്കും ഒരു നാണവും തോന്നിയിരുന്നില്ല. ഇങ്ങിനെ തോര്‍ത്തുമ്പോള്‍ പൂര്‍ണ്ണ നഗ്നരായിട്ടാണ് തെളിഞ്ഞ വെള്ളത്തില്‍ പലരും നില്‍ക്കാറുള്ളത്.
കാസാബ്ലാങ്കയില്‍ കാണുന്നതെല്ലാം ‘ലോക റിക്കോര്‍ഡ്’!
മറാക്കെഷില്‍ നിന്നും പിന്നെ നേരെ പോവുന്നത് കാസാബ്ലാങ്കയിലേക്ക്. ജിദ്ദയില്‍ നിന്നും വരുമ്പോള്‍ കാസാബ്ലാങ്ക എയര്‍പോര്‍ട്ട് ടച്ച് ചെയ്തു എന്നല്ലാതെ അവിടെ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ള നഗരം കണ്ടിട്ടില്ലായിരുന്നു.
മൊറോക്കോയിലെ ഏറ്റവും വലിയ നഗരമാണ് കാസാബ്ലാങ്ക. നാപ്പത്തിമൂന്ന് ലക്ഷത്തോളം ജനസംഖ്യയുള്ള ഈ തുറമുഖനഗരത്തിന് അറബ് ലോകത്തെ ഏറ്റവും വലിയ നഗരങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനമാണുള്ളത്. ലോകാടിസ്ഥനത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനവുമുണ്ട് കാസാബ്ലാങ്കക്ക്. മൊറോക്കൊയുടെ വാണിജ്യ തലസ്ഥാനം കൂടിയാണിത്. ലോകത്തിലെ എണ്ണംവെച്ച ആര്‍ട്ടിഫിഷ്യല്‍ പോര്‍ട്ടുകളില്‍ (ARTIFICIAL
PORTS) ഒന്നാണ് കാസാബ്ലാങ്ക തുറമുഖം. ജനസംഖ്യയുടെ കാര്യം മാറ്റി നിര്‍ത്തിയാല്‍ എല്ലാംകൊണ്ടും മറ്റൊരു ബോംബെ; സാമ്പത്തിക അസന്തുലിതാവസ്ഥയുടെ കാര്യത്തിലായാലും വൃത്തിഹീനതയുടെ കാര്യത്തിലായാലും കുറ്റകൃത്യങ്ങളുടെയും കൈക്കൂലിയുടെയും കാര്യത്തില്‍പോലും മുംബെയുമായി എന്തോ ഒരു പ്രത്യേക പൊക്കിള്‍ക്കൊടി ബന്ധം ഉള്ളത് പോലെ!
മറാക്കെഷില്‍ കൂടെയുണ്ടായിരുന്നവരില്‍ പലരും കാസാബ്ലാങ്കയില്‍ എത്തിയിരുന്നില്ല. ഞങ്ങളുടെ പ്രോഗ്രാമിന് എത്തിച്ചേര്‍ന്ന മൊറാക്കന്‍ പ്രതിനിധികളില്‍ മഹാ ഭൂരിപക്ഷവും കാസാബ്ലാങ്കയില്‍ നിന്നായിരുന്നു. അതുകൊണ്ട് അവര്‍ക്ക് കാസാബ്ലാങ്കയില്‍ കാണാന്‍ ഒന്നുമുണ്ടാവില്ല എന്നത് സ്വാഭാവികം. ദുബൈയില്‍ നിന്നും കയ്‌റോയില്‍ നിന്നും വന്നവരില്‍ ചിലര്‍ക്ക് നേരെത്തെ മടങ്ങേണ്ടതുമുണ്ടായിരുന്നു. മറാക്കെഷിലെ അറിയപ്പെടുന്ന ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായിരുന്നു ഇതുവരെ എല്ലാ പരിപാടികളും ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ കാസാബ്ലാങ്കയില്‍ അവരുടെ സേവനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കാസാബ്ലാങ്കയിലെ പരിപാടികള്‍ ഞങ്ങള്‍ തന്നെ നേരിട്ട് ആസൂത്രണം ചെയ്യുകയായിരുന്നു. അതിന്‍റെ കുറ്റവും കുറവും പിന്നീട് പറയാം.
നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കുള്ള യാത്രയിലുടനീളം ചാറ്റല്‍ മഴയുണ്ടായിരുന്നു. സൗദി അറേബ്യയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ നിന്നുംവരുന്ന ഞങ്ങള്‍ക്ക് വലിയ ആശ്വാസം തന്നെയായിരുന്നു ഈ മഴ. ചാറ്റല്‍ മഴ നന്നായി ആസ്വദിച്ചു കൊണ്ടുതന്നെയായിരുന്നു ഞങ്ങടെ യാത്ര. ഹോട്ടലില്‍ എത്തിയപ്പോഴേക്കും എല്ലാവരും ഒരു വിധം നന്നായി ക്ഷീണിച്ചിരുന്നു. അതുകൊണ്ട് രാത്രി പുറത്തിറങ്ങാതെ നേരെത്തെ ഉറങ്ങാനുള്ള തീരുമാനമെടുത്തു. കഴിയുന്നത്ര വേഗത്തില്‍ ഹോട്ടല്‍ ചെക്ക്-ഇന്‍ ഫോര്‍മാലിറ്റികലെല്ലാം പൂര്‍ത്തീകരിച്ച് ഓരോരുത്തരും അവരവര്‍ക്ക് ലഭിച്ച റൂമുകളിലേക്ക് പോയി. കൂടുതല്‍ പേരും പ്രഭാത പ്രാര്‍ത്ഥന ഹോട്ടല്‍ റൂമുകളില്‍ വെച്ച് തന്നെ നടത്താനും അതിന് ശേഷം രാവിലെ പ്രാതല്‍ കഴിക്കാന്‍ ഒന്നാം നിലയിലെ റെസ്റ്റാറന്റില്‍ വരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പറഞ്ഞുറച്ചാണ് രാത്രി പിരിഞ്ഞത്.
രാവിലെ ബ്രേക്ഫാസ്റ്റിന് വേണ്ടി റെസ്റ്റോറന്റില്‍ ഒത്തുകൂടിയപ്പോള്‍ രാത്രിയില്‍ പലരും അവര്‍ക്ക് അനുവദിച്ച് കിട്ടിയ റൂമും ഫ്ലോറും മാറിയ വിവരമറിഞ്ഞു. അവരുടെ ഫ്ലോറിലെ ദുര്‍ഗന്ധം മൂലം ഗത്യന്തരമില്ലാതെ അവരൊക്കെ മറ്റൊരു ഫ്ലോറിലേക്ക് മാറി. റൂം മാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് സമയം പോയതുകൊണ്ട് അവരൊക്കെ ഉറങ്ങാന്‍ ഒരുപാട് താമസിച്ചുവെന്ന് അറിയാനായി. ചുരുക്കത്തില്‍ പിറ്റെ ദിവസത്തെ പ്ലാനിംഗില്‍ ചെറിയ തിരുത്തലുകള്‍ വേണം എന്നര്‍ത്ഥം.

പിന്നെ പോയത് മൊറോക്കന്‍ സ്പെഷ്യല്‍ ഐറ്റമായ “സാബൂന്‍ ബെലദി” വില്‍ക്കുന്ന കടകലിലേക്കായിരുന്നു. പഴയ ട്രാന്‍സ്ജോര്‍ദാന്‍ പ്രദേശങ്ങളിലും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉസ്മാനിയ ഖിലാഫത്തിന്‍റെ ഭാഗമായിരുന്ന അറബ് രാജ്യങ്ങളിലും “അ” അക്ഷരത്തിന്റെ ഉച്ചാരണത്തില്‍ ലേശമൊന്ന് ചെരിച്ച് “എ” എന്നാക്കാറുണ്ട്. അതുകൊണ്ട് ബലദി എന്നെഴുതിയാലും ബെലദി എന്നാണുച്ചരിക്കുക. ഒലീവ് എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പാണ് സാബൂന്‍ ബെലദി. അത് കൊണ്ടാണ് സോപ്പിന് കൃത്രിമകളര്‍ ചേര്‍ക്കാതെ തന്നെ കറുത്ത നിറം വരുന്നത്. തൊട്ടാല്‍ കറുത്ത ഹല്‍വയാണെന്ന് പറയാവുന്ന പരുവം. ഇവിടെയും വില പല വിധം. ഈയൊരു സാഹചര്യത്തില്‍ അവിടെ ഞങ്ങളുടെ സംഘബോധം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഞങ്ങളിലെ CIPS (CHARTERED INSTITUTE OF PROCUREMENT AND
SUPPLY DIPLOMA) ‘ഡി.എന്‍.എ’.യും CPSM (CERTIFIED PROFESSIONAL IN SUPPLY
MANAGEMENT) ‘ഡി.എന്‍.എ.’യും സജീവമായി. ഇക്കോണമി ഓഫ് സ്കെയില്‍ (Economy of Scale) സിദ്ധാന്തം പ്രാവര്‍ത്തികമാക്കി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അപ്രകാരം ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളുടെയും ഡിമാന്‍റ എത്രയാണെന്ന് നോക്കി എല്ലാവര്‍ക്കും കൂടി ആവശ്യമായി വരുന്ന ആകെ എണ്ണം ഒരാള്‍ മാത്രം ഒന്നിച്ച് ഓര്‍ഡര്‍ ചെയ്യുക. QUANTITY BASED PRICING രീതി അവലംബിച്ച് ഏറ്റവും ആകര്‍ഷകമായ വില ഉറപ്പിക്കുക. അതായിരുന്നു ഞങ്ങളുടെ ബയിംഗ് സ്ട്രാറ്റജി. തുടക്കത്തില്‍ വില്പനക്കാര്‍ വഴങ്ങിയില്ലെങ്കിലും അവസാനം ഞങ്ങളുടെ സ്ട്രാറ്റജി നന്നായി വിജയിക്കുക തന്നെ ചെയ്തു.
മാര്‍ക്കറ്റ് വിസിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു ഗൈഡിന്‍റെ ആവശ്യകത ഉണ്ടെന്ന് തോന്നിയത്. ഒരു ഗൈഡ് ഉണ്ടായാല്‍ വിലപേശലിനും വെറുതെ കബളിപ്പിക്കപ്പെടാതിരിക്കാനും ഉപകാരപ്പെടും. അങ്ങിനെ മറാക്കെഷിലെ ഇവന്‍റ് മാനേജ്മെന്‍റെ സഹായം തേടാന്‍ തീരുമാനിച്ചു. അവരുടെ കാസാബ്ലാങ്ക ഓഫീസില്‍ നിന്നും പറ്റിയ ഒരാളെ തന്നെ ലഭിക്കുകയും ചെയ്തു; ഊര്‍ജ്ജ്വസ്വലനായ മുഹമ്മദ്. പക്ഷെ മുഹമ്മദിന്‍റെ നിരീക്ഷണത്തില്‍ മൊറോക്കോയില്‍ വിശിഷ്യാ കാസാബ്ലാങ്കയില്‍ ഉള്ളതെല്ലാം ലോകത്തില്‍ ഏറ്റവും വലുത് അല്ലെങ്കില്‍ ഒന്നാമത്തേത്. ഉറപ്പാണോ എന്ന് ശരിക്കൊന്ന് തിരിച്ചു ചോദിച്ചാല്‍ പിന്നെ ഒന്നാംസ്ഥാനം രണ്ടും മൂന്നും നാലുമൊക്കെയായി ചുരുങ്ങും എന്ന് മാത്രം.
മറ്റൊരു രസകരമായ കാര്യം മോറോക്കോയും സൗദിഅറേബ്യയും ഈജിപ്തുമൊക്കെ അറബ് രാജ്യങ്ങളാണ്. എന്നാല്‍ ഇവര്‍ തമ്മില്‍, പ്രത്യേകിച്ച് ഈജിപ്ഷ്യന്‍സും മൊറോക്കന്‍സും തമ്മില്‍ ആശയവിനിമയം നടത്തുന്നതാവട്ടെ കൂടുതലും ഫ്രഞ്ച് ഭാഷയിലും. അതിനവര്‍ പറയുന്ന ന്യായം സംസാര ഭാഷയില്‍ മൊറോക്കന്‍ അറബിയും ഈജിപ്ഷ്യന്‍ അറബിയും വലിയ വ്യത്യാസമുണ്ടെന്നാണ്. ഫ്രഞ്ച് ആവുമ്പോള്‍ അത്തരം ബുദ്ധിമുട്ട് ഇല്ലപോലും. ഈജിപ്തിലെ നല്ലൊരു വിഭാഗം അഭ്യസ്തവിദ്യരും ഫ്രഞ്ച് ഭാഷ നന്നായി സംസാരിക്കുന്നവരാണ്; പ്രത്യേകിച്ച് അലക്സാന്‍ഡ്രിയയിലെ യുവത. അതുകൊണ്ട് മുഹമ്മദുമായുള്ള കമ്മ്യൂണിക്കേഷന്‍സ് മുഴുവനും ഫ്രെഞ്ചില്‍ മാത്രമായി ചുരുങ്ങി!
കാസാബ്ലാങ്കയില്‍ ഞങ്ങളുടെ ഗൈഡായ മുഹമ്മദിന്‍റെ നേതൃത്വത്തില്‍ എല്ലാവരും കൂടി ഹസ്സന്‍ രണ്ടാമന്‍ രാജാവിന്‍റെ പേരിലറിയപ്പെടുന്ന പ്രസിദ്ധമായ വലിയ പള്ളി കാണാന്‍ പോയി. പകുതി കടലിലും പകുതി കരയിലും നില്‍ക്കുന്ന പള്ളിയെ വേണമെങ്കില്‍ “കടലിലെ പള്ളി”യെന്ന് നമുക്ക് വിളിക്കാം.
മുഹമ്മദ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്ത പുത്രനായിരുന്നു ഹസ്സന്‍ രണ്ടാമന്‍ രാജാവ്. 1961 മുതല്‍ 1999 വരെയുള്ള മുപ്പത്തിയെട്ട് വര്‍ഷം മൊറാക്കോ ഭരിച്ചിരുന്നത് ഹസ്സന്‍ രണ്ടാമനായിരുന്നു. ഇപ്പോഴത്തെ മൊറാക്കന്‍ രാജാവായ മുഹമ്മദ് ആറാമന്‍റെ പിതാവ് കൂടിയാണ് ഹസ്സന്‍ രണ്ടാമന്‍ രാജാവ്. പ്രവാചക കുടുംബ പരമ്പരയില്‍ പെട്ട ഹസ്സന്‍ രണ്ടാമന്‍ അധികാരത്തിലേറുമ്പോള്‍ ആറുമാസത്തിലധികം കാലം ഭരണത്തിലിരിക്കാന്‍ സാധ്യതയില്ല എന്നായിരുന്നു അന്നത്തെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം അറബ് ലോകത്ത് നിര്‍ണായക സ്വാധീനമുള്ള ലോക രാഷ്ട്രീയ നേതാവായി മുപ്പത്തിയെട്ട് കൊല്ലം മൊറാക്കോ രാജ്യത്തെ നയിച്ചു. എതിരാളികളുടെ വധശ്രമത്തില്‍ നിന്നും തലനാരിഴക്കാണ് പല തവണയും അദ്ദേഹം രക്ഷപ്പെട്ടത്.
മുഹമ്മദ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്ത പുത്രനായിരുന്നു ഹസ്സന്‍ രണ്ടാമന്‍ രാജാവ്. 1961 മുതല്‍ 1999 വരെയുള്ള മുപ്പത്തിയെട്ട് വര്‍ഷം മൊറാക്കോ ഭരിച്ചിരുന്നത് ഹസ്സന്‍ രണ്ടാമനായിരുന്നു. ഇപ്പോഴത്തെ മൊറാക്കന്‍ രാജാവായ മുഹമ്മദ് ആറാമന്‍റെ പിതാവ് കൂടിയാണ് ഹസ്സന്‍ രണ്ടാമന്‍ രാജാവ്. പ്രവാചക കുടുംബ പരമ്പരയില്‍ പെട്ട ഹസ്സന്‍ രണ്ടാമന്‍ അധികാരത്തിലേറുമ്പോള്‍ ആറുമാസത്തിലധികം കാലം ഭരണത്തിലിരിക്കാന്‍ സാധ്യതയില്ല എന്നായിരുന്നു അന്നത്തെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം അറബ് ലോകത്ത് നിര്‍ണായക സ്വാധീനമുള്ള ലോക രാഷ്ട്രീയ നേതാവായി മുപ്പത്തിയെട്ട് കൊല്ലം മൊറാക്കോ രാജ്യത്തെ നയിച്ചു. എതിരാളികളുടെ വധശ്രമത്തില്‍ നിന്നും തലനാരിഴക്കാണ് പല തവണയും അദ്ദേഹം രക്ഷപ്പെട്ടത്.
1971 ജൂലൈ മാസം പത്താം തിയതി; രണ്ടായിരത്തോളം വരുന്ന സര്‍ക്കാര്‍ വിരുദ്ധ സേന സമുദ്രതീരത്തുള്ള ഹസ്സന്‍ രാജാവിന്‍റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. അവിടെ രാജാവിന്‍റെ നാല്‍പ്പത്തിരണ്ടാം ജന്മദിനാഘോഷ ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. തുരുതുരാ വെടിവെപ്പാണ് അതിഥികളെ വരവേറ്റത്. അതിഥികളായി വന്നവരില്‍ നൂറ് പേര്‍ വെടിയുണ്ടയേറ്റു തല്‍ക്ഷണം പിടഞ്ഞുവീണു മരിച്ചു. എന്നാല്‍ ഹസ്സന്‍ രാജാവിനെ അവര്‍ക്ക് കിട്ടിയില്ല. ഇത്രയും വലിയൊരു സൈന്യത്തിന്‍റെ ദൃഷ്ടിയില്‍ പെടാതെ അദ്ദേഹത്തിന് കൊട്ടാരത്തില്‍ തന്നെ ഒളിഞ്ഞിരിക്കാനായി. വെടിവെപ്പ് അവസാനിച്ചപ്പോള്‍ ഹസ്സന്‍ രാജാവും സര്‍ക്കാര്‍ വിരുദ്ധ സൈന്യത്തിന്‍റെ തലവനും നേര്‍ക്ക് നേര്‍ മുഖാമുഖം! ഹസ്സന്‍ രാജാവ് രണ്ടാമാന്‍ വിമത നേതാവിന്‍റെ കണ്ണിലേക്കു ശക്തമായൊരു നോട്ടം നോക്കി;
ഖുര്‍ആനിലെ ഏതാനും വചനങ്ങള്‍ ഉരുവിട്ടുകൊണ്ട് അവിടെ നിലയുറപ്പിച്ചു. രാജാവിനെ വധിക്കാന്‍ വന്ന സര്‍ക്കാര്‍ വിരുദ്ധ സേനയുടെ സൈന്യാധിപന്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ മുഖത്തോട് മുഖം നോക്കി നില്‍ക്കുക മാത്രം ചെയ്യുന്നു. ഈ വധശ്രമത്തില്‍ നിന്നും രാജാവ് രക്ഷപ്പെട്ടു.
മറ്റൊരിക്കല്‍ - 1972 ആഗസ്റ്റ് പതിനാറാം തിയതി; അദ്ദേഹത്തിന്‍റെ വിമാനം പാരീസില്‍ നിന്നും റബാത്ത് വിമാനത്താവളത്തില്‍ ഇറങ്ങാനായി വട്ടമിടുകയാണ്. പെട്ടെന്ന് മൊറാക്കോയിലെ സര്‍ക്കാര്‍ വിരുദ്ധസേന വിമാനത്തിന് നേരെ തുരുതുരാ വെടിയുതിര്‍ത്തു. വിമാനത്തിന്‍റെ എന്‍ജിനുകളില്‍ ഒന്ന് തകര്‍ന്നു പ്രവര്‍ത്തന രഹിതമായി. വീണ്ടും നിര്‍ത്താതെ വെടിയുണ്ടകള്‍ വിമാനം ലക്ഷ്യമാക്കി കടന്നു വന്നുകൊണ്ടേയിരുന്നു. ഉടനെ ഒരു പൈലറ്റ് കൂടിയായ ഹസ്സന്‍ രണ്ടാമന്‍ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് റേഡിയോ മെസ്സേജ് വഴി വെടിയുതിര്‍ക്കുന്നവര്‍ക്ക് വളരെ ഉച്ചത്തില്‍ ഒരു സന്ദേശം നല്‍കി. “വിമാനത്തിലുള്ള സ്വേച്ഛാധിപതി കൊല്ലപ്പെട്ടിരിക്കുന്നു,
വെടി നിര്‍ത്തുക”. ഈ ‘സന്തോഷ വാര്‍ത്ത’ കേട്ടതോടെ സര്‍ക്കാര്‍ വിരുദ്ധ സേന വെടിനിര്‍ത്തി ആഘോഷത്തിലായി. അവര്‍ക്കറിയില്ലായിരുന്നു “സ്വേച്ഛാധിപതി കൊല്ലപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞത് ‘കൊല്ലപെട്ട സ്വേച്ഛാധിപതി’ തന്നെയായിരുന്നു എന്നത്. കലാപത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ ആളുകളെയും പിടികൂടിയെന്നത് ചരിത്രം.
ഇതുകൊണ്ടോക്കെയാണ് ഹാസ്സന്‍ രാജാവ് രണ്ടാമന്‍ കറാമത്തും ബറകത്തും ഒക്കെയുള്ള ഒരു രാജാവായിരുന്നു എന്ന് മൊറാക്കന്‍ ജനതയിലെ മഹാഭൂരിപക്ഷവും ഇന്നും വിശ്വസിക്കുന്നത്. ആ ഹസ്സന്‍ രാജാവ് രണ്ടാമന്‍റെ നാമധേയത്തില്‍ അറിയപ്പെടുന്നതും ലോകശ്രദ്ധ പിടിച്ചുപറ്റിയതുമായ പള്ളിയിലേക്കാണ് ഇനി പോവുന്നത്.
മൊറാക്കോയിലെ ഏറ്റവും വലിയ പള്ളി; ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളികളില്‍ രണ്ടാമത്തെത്;
ലോകത്തെ ഏറ്റവും വലിയ പള്ളികളില്‍ മൂന്നാമത്തേതെന്നും എഴാമാത്തെതെന്നുമുള്ള രണ്ട് വ്യത്യസ്ത റേറ്റിംഗ് ലഭിച്ച പള്ളി; വിശേഷണങ്ങള്‍ നിരവധിയാണ് ഈ പള്ളിക്കുള്ളത്. മിനാരങ്ങളുടെ ഉയരത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. കാസാബ്ലാങ്കയിലെ ഈ പള്ളിയുടെ ഇരുന്നൂറ്റി പത്ത് മീറ്റര്‍ ഉയരത്തിലുള്ള മിനാരത്തിന് ഒരു അറുപത് നില കെട്ടിടത്തിന്‍റെതിനേക്കാള്‍ ഉയരമുണ്ട്. ഈ മിനാരം പൂര്‍ണമായും ക്യാമറയില്‍ പതിപ്പിക്കുക അത്ര എളുപ്പമല്ല എന്നതാണ് ഞങ്ങളുടെ അനുഭവം.
അറ്റ്ലാന്റിക് സമുദ്രത്തിന് അഭിമുഖമായി നില്ക്കുന്ന ഈ പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് 1993-ലാണ്. ഇരുപത്തിരണ്ട് ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പള്ളിക്കകത്തും മുറ്റത്തുമായി ഒരേ സമയം ഒരു ലക്ഷത്തി അയ്യായിരം പേര്‍ക്ക് ആയാസത്തോടെ നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. കാസാപോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും വെറും ഇരുപത് മിനുട്ട് നടന്നാല്‍ ഈ മസ്ജിദില്‍ എത്താം. ഞങ്ങളും കാല്‍നടയായി തന്നെ പള്ളിപരിസരത്തെത്തി.

അമ്പത്തിയെട്ടര കോടി യൂറോ (അയ്യായിരം കോടി ഇന്ത്യന്‍ രൂപക്ക് സമം) ചെലവില്‍ നിര്‍മിച്ച ഈ പള്ളിയുടെ ചെലവിലേക്ക് രാജാവും രാജ്യത്തെ ഏറ്റവും പാവപ്പെട്ടവര്‍ മുതല്‍ അതിസമ്പന്നര്‍ വരെയുള്ളവരൊക്കെ കയ്യയച്ച് സംഭാവനകള്‍ നല്‍കി സഹായിച്ചിട്ടുണ്ട്. സൗദി അറേബ്യ,
കുവൈറ്റ് തുടങ്ങിയ വിദേശരാഷ്ട്രങ്ങളും സഹായത്തിനെത്തി. ഏറ്റവും നിപുണരായ ആറായിരം തൊഴിലാളികള്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്താണ് പള്ളിയുടെ അകത്തളങ്ങള്‍ റെഡിയാക്കിയത്. കണ്‍സ്ട്രക്ഷന്‍ ജോലികള്‍ക്കായി മുപ്പത്തയ്യായിരം ജോലിക്കാരുടെ അഞ്ച് കോടി അധ്വാനമണിക്കൂര്‍ ചെലവഴിച്ചു. ലോകത്തിലെ ഒട്ടുമിക്ക പ്രധാനപെട്ട പള്ളികളുടെയും ഡിസൈന്‍ ഈ പള്ളിയുടെ ഡിസൈനില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. മദീനയിലെ മസ്ജിദ് നബവി മുതല്‍ സിറിയ, ടുണിഷ്യ, സ്പൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും പ്രധാനപെട്ട പള്ളികളുടെ പ്രത്യകതകള്‍ കാസാബ്ലാങ്കയിലെ ഹസ്സന്‍ രണ്ടാമന്‍ രാജാവിന്‍റെ പേരിലുള്ള ഈ പള്ളിയില്‍ കാണാം.
അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും നോക്കിയാല്‍ ഈ പള്ളിയുടെ മിനാരം ഒരു ലൈറ്റ് ഹൗസ് പോലെ തോന്നും. വളരെ ദൂരത്ത് ആഴക്കടലില്‍ നില്‍ക്കുന്ന കപ്പലുകള്‍ക്ക് ഒരു വഴികാട്ടി കൂടിയാണ് ഈ പള്ളി മിനാരം. പകുതി ഭാഗം കടലില്‍ ആണെങ്കിലും ഉപ്പുരസം തട്ടി തുരുമ്പടുക്കാത്ത സാധന സാമഗ്രികളാണ് ഇതിന്‍റെ നിര്‍മ്മിതിക്കുപയോഗിചിട്ടുള്ളത്.
ഞങ്ങള്‍ എത്തിയപ്പോള്‍ പള്ളിയുടെ വാതിലുകള്‍ അടച്ചിട്ടിരിക്കുകയാണ്. മുഹമ്മദ് നേരെ പോയത് സെക്യൂരിറ്റി ജീവനക്കാരുടെ അടുത്തേക്ക്. ഞങ്ങള്‍ക്ക് പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നാണ് അന്വേഷണം. ഫലം ആശാവഹമല്ല. മുഹമ്മദ് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും പഴുതുണ്ടോ എന്നന്വേഷിക്കാന്‍. പക്ഷെ ഒന്നും നടക്കുന്ന ലക്ഷണമില്ല. ഞങ്ങള്‍ അക്ഷമരായി പള്ളി മുറ്റത്ത് ഫോട്ടോ എടുത്ത് കളിക്കുകയാണ്. ക്ഷമ കെട്ടപ്പോള്‍ ചിലരൊക്കെ പള്ളിയുടെ മുറ്റത്ത് നിന്നുകൊണ്ട് തന്നെ സുന്നത്ത് നമസ്കരിച്ചു. ഏതായാലും ഇവിടം വരെ എത്തി. അതുകൊണ്ട് സുന്നത്ത് നമസ്കാരം തന്നെയെങ്കിലും നിര്‍വഹിക്കാമെന്ന് കരുതി. പെട്ടെന്നതാ മുഹമ്മദ് ഓടി വരുന്നു. ഉടനെ അകത്ത് കടക്കണം. കുറച്ച് നേരത്തേക്കുള്ള അനുമതിയാണ്. അല്ലെങ്കില്‍ ളുഹുര്‍ നമസ്കാരത്തിനുള്ള സമയം ആവുന്നത് വരെ പുറത്ത് കാത്തുനില്‍ക്കേണ്ടി വരും. ഞങ്ങള്‍ക്കാണെങ്കില്‍ അതിനുള്ള സമയമൊട്ടില്ല താനും. ജിദ്ദയിലേക്ക് മടങ്ങാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. അതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.
എല്ലാവരും അകത്തു കടക്കാന്‍ റെഡിയായി. വുളു എടുക്കാനുള്ള സ്ഥലത്തേക്ക് എത്താന്‍ തന്നെ നിരവധി ഗോവണിപ്പടികള്‍ ഇറങ്ങണം. വുളു എടുക്കുന്നിടവും ടോയ്‌ലറ്റുകളും ഏറ്റവും മികച്ചത്. എവിടെയും നല്ല വൃത്തി. പഴയ കാലത്തെ മെതിയടികള്‍,
‘ജവനകള്‍’, ‘കൂജകള്‍’ എല്ലാം ഇവിടെ സുലഭം. വുളു എടുത്ത് എല്ലാവരും മുഹമ്മദിന്‍റെ പിന്നില്‍ ക്യൂ നിന്നു. എല്ലാവരെയും സെക്യൂരിറ്റിക്കാര്‍ പരിശോധിച്ചതിന് ശേഷമാണ് അകത്ത് കയറ്റുന്നത്. ഞങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ അകത്ത് കടക്കാനായി. പള്ളിക്കകത്ത് ഏതാണ്ടെല്ലാ കാര്യങ്ങളും നല്ല സ്പീഡില്‍ പോയി കണ്ടു. ഒരാഴ്ച എടുത്താലും തൃപ്തി വരാത്തത്ര കാര്യങ്ങള്‍ കാണാനുണ്ട് ഇവിടെ. പക്ഷെ ഞങ്ങളുടെത് ഒരു ക്രാഷ് വിസിറ്റ് ആയിരുന്നു. അതുകൊണ്ട് കൊത്തുപണികള്‍, ചിത്രക്കലകള്‍, ചരിത്രം, സാധന സാമഗ്രികളുടെ ഉറവിടം തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീടൊരിക്കല്‍ കണ്ടുവിലയിരുത്താമെന്ന് കരുതി പാളിയില്‍ നിന്നും തിരിച്ചു പോരാന്‍ ഒരുങ്ങി.
പള്ളിയില്‍ നിന്നും തിരിച്ചു പോരാന്‍ നേരത്ത് മറ്റൊരു കാഴ്ച കണ്ടു. കുറെ അകലെയായി ഒരാള്‍ക്കൂട്ടം. സ്ത്രീകളും പുരുഷന്മാരും ഉണ്ട്; യുവതീയുവാക്കളും വയോധികരും ഉണ്ട് കൂട്ടത്തില്‍. ഒരാള്‍ പള്ളിയെക്കുറിച്ച് വന്നവരുടെ ഭാഷയില്‍ വിവരിച്ചുകൊടുക്കുകയാണ്. ഒരു ടൂറിസ്റ്റ് ഗ്രൂപ്പ് ആണതെന്ന് പിന്നീട് മനസ്സിലായി. എല്ലാ മതക്കാര്‍ക്കും സന്ദര്‍ശനം നടത്താന്‍ പറ്റുന്ന ചുരുക്കം ചില പള്ളികളില്‍ ഒന്നാണ് കിംഗ് ഹസ്സന്‍ രണ്ടാമന്‍ മസ്ജിദ്. സ്ഥിരമായി ജമാഅത്ത് നടക്കുന്ന ഏരിയ കയര്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. അവിടേക്ക് അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല. എന്നാലും പള്ളിക്കകം ചുറ്റിക്കറങ്ങിക്കാണാന്‍ അമുസ്ലിംകള്‍ക്കും നല്ല അവസരം ഉണ്ടിവിടെ. കാസാബ്ലാങ്കയില്‍ എത്തുന്ന എല്ലാ ടൂറിസ്റ്റകളുടെയും അടങ്ങാത്ത ഒരാഗ്രഹമാണ് ഹസ്സന്‍ രണ്ടാമന്‍ രാജാവിന്‍റെ പേരിലുള്ള ലോകപ്രശസ്തമായ ഈ പള്ളി ഒന്ന് കാണുക എന്നത്.
No comments:
Post a Comment