Tuesday, 20 September 2016

കൊണ്ടും കൊടുത്തുമുള്ള ജീവിതം ഓർമ്മ മാത്രമായി


ഒരു ബഹുമത സമൂഹത്തിന്റെ നൻമകൾ ഒന്നൊന്നായി കൊഴിഞ്ഞ് തീരുകയാണ്. കൊണ്ടും കൊടുത്തുമുള്ള ജീവിതം ഓർമ്മ മാത്രമായി.
അയൽപക്കത്തെ വീട്ടിലേക്ക് തീ വാങ്ങാൻ പോലും ഓടി ചെന്നിരുന്നൊരു കാലമുണ്ടായിരുന്നു.
പാചകത്തിന് എന്തെങ്കിലും കുറവ് വന്നാൽ ആവശ്യമായത് ചെറിയൊരു പാത്രത്തിൽ അളന്ന് വാങ്ങുകയായിരുന്നു അന്നത്തെ പതിവ്.
നമുക്കിടയിലെ അതിരsയാളങ്ങൾ അന്ന് ഏറെ നേർത്തതായിരുന്നു.
അതിരുണ്ടായിട്ടും അത് പരസ്പരമുള്ള കാഴ്ച മറച്ചിരുന്നില്ല.
പോക്കുവരവുകളുടെ സൗകര്യത്തിന് അന്നത്തെ വേലികൾക്ക് ഇടക്കിടെ കയയുണ്ടായിരുന്നു.
ഈ അയൽപക്കങ്ങൾക്കിടയിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ വേറെയുണ്ടായിരുന്നില്ല.
ഒരു വീട്ടുകാരെ പോലെ പോലെ കഴിഞ്ഞിരുന്ന നിരവധി വീട്ടുകാർ ആ ഗ്രാമീണ ജീവിതത്തിന്റെ ഊഷ്മളതയായിരുന്നു.
ഇന്ന് അതെല്ലാം അപൂർവ്വാനുഭവങ്ങൾ മാത്രമായി മാറി.
നമുക്കിടയിലെ അതിരുകൾക്ക് കനം വെച്ച് തുടങ്ങി.
മറ്റുള്ളവരുടെ നോട്ടമെത്തരുത് എന്നത് കൂടിയാണ് പുതിയ മതിൽ കെട്ടുകളുടെ നിർമ്മാണ രഹസ്യം.
പുറത്ത് മാത്രമല്ല സ്വന്തം മനസ്സിനുള്ളിലും മതിലുള്ളവരായി നാം മാറി.
പരസ്പരമുള്ള പോക്ക്
വരവുകൾ നിലച്ച് തുടങ്ങിയിരിക്കുന്നു.
കുശലാന്വേഷണങ്ങളിൽ ആത്മാർത്ഥത ഇല്ലാതായിരിക്കുന്നു.
നമ്മടെ കുടുംബ ഘടനയും സാമൂഹ്യ ഘടനയും അലങ്കോലപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്.
അയൽപക്കത്തേക്കിപ്പോൾ ആരും വിഭവങ്ങൾ കൈമാറുന്നില്ല.
ബാക്കി വരുന്ന ഭക്ഷണം നശിപ്പിച്ചാൽ പോലും അയൽവാസിക്ക് കൊടുക്കാൻ പലർക്കും മടിയാണ്.
പഴയ പോലെ വറുതി ഇല്ലാത്തതിനാൽ അടുക്കള സാധനങ്ങൾ ചോദിച്ച് ആരും അയൽപക്കത്തേക്ക് പായുന്നുമില്ല.
ഇങ്ങനെ സമ്പർക്കത്തിന്റെ എല്ലാ നനവും നൻമയും നമുക്കിടയിൽ നിന്ന് വറ്റിത്തീർന്നിരിക്കുന്നു.
ഇന്ന് ഓരോരുത്തർക്കും അവനവന്റെ വീടാണ് ലോകം.
കൈയിലെ സ്മാർട്ട് ഫോണിനോട് മാത്രമാണ് അടുപ്പം.
ചിരിക്കുന്നതും സംസാരിക്കുന്നതും ഓൺലൈനിൽ മാത്രമാണ്.
ഇങ്ങനെ നാട്ടു നൻമയുടെ ഓരോ അടരുകളും ഇല്ലാതാവുന്ന ഈ കാലത്തേക്കാണ് പെരുന്നാളും ഓണവും ഒന്നിച്ച് വരുന്നത്.
വിശ്വാസത്തിന്റെ അതിരുകളെ മാനിച്ച് കൊണ്ട് തന്നെ നമുക്കിടയിലെ വൈരത്തിന്റെ മതിലുകളെ പൊളിച്ച് മാറ്റാൻ ഈ വേളകളെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.
പഴയ തലമുറ നിലനിറുത്തിയ നൻമയാണ്
ഇവിടെ നിലനിന്ന സമ്പർക്കത്തിന്റെ നാട്ടുവഴക്കങ്ങൾ.
വിഷം വമിക്കുന്ന നാക്കു കൊണ്ട് ചില നേതാക്കളും പ്രഭാഷകരും നാട് കത്തിക്കാനുള്ള തീ പന്തവുമായി നടക്കുമ്പോൾ
സൗഹൃദത്തിന്റെ സ്നേഹ സല്ലാപങ്ങൾകൊണ്ട് മാത്രമെ നമുക്കവരെ അതിജയിക്കാനാവൂ.

---------------------------
സത്താർ കുറ്റൂർ

ഇടവഴികൾ


നടത്തം ഒരു ശീലമായിരുന്നു. നടത്തത്തിന്റെ രീതി കണ്ടിട്ട് ആളെ തിരിച്ചറിഞ്ഞിരുന്നു. ഇത്തരം നടത്തങ്ങളിലാണ് നാട്ടു സൗഹൃദങ്ങൾ പൂവിടുക. നിരന്തരമായ നടത്തം കൊണ്ട് മാത്രം പരിചിതമായ മുഖങ്ങൾ അന്നേറെയുണ്ടായിരുന്നു.
പോക്കു വരവുകളുടെ നൈരന്തര്യത്തിലാണ് ഒരു വഴിയുണ്ടാവുക.
പാദം പതിഞ്ഞ പാടുകൾ നോക്കിയിട്ടാവണം പിന്നാലെ വന്നവരെല്ലാം വഴി നടന്നിട്ടുണ്ടാവുക.
വീട്ടുമുറ്റത്തിലൂടെയും, പറമ്പിലൂടെയും നടന്ന് പോന്നതാണ് പോയ കാലം.
വളച്ച് കെട്ടാത്ത മണ്ണും മനസ്സുമായിരുന്നു അന്നത്തെ നാടിനും നാട്ടുകാർക്കും.
കൃഷി ജീവിതോപാധിയായതിനാൽ വയലുകൾ കേന്ദ്രീകരിച്ചതായിരുന്നു അന്നത്തെ നാട്ടു സമ്പർക്കങ്ങൾ.
പിൽകാലത്ത് പുതിയ വഴികൾ ചെത്തിയുണ്ടാക്കിയപ്പോഴാവണം'ചെത്തേയി'കൾ വന്നത്.
പഴയ കാല നാട്ടു വഴികൾക്ക് പ്രകൃതിയുടെ തണലും കുളിരുമുണ്ടായിരുന്നു.
പരിചിതരായിരുന്നു കൂടുതലും ഇതിലൂടെ വഴി നടന്നത്.
വല്ലപ്പോഴും വന്നിരുന്ന അപരിചിതർ നാട്ടുകാർക്ക് മുന്നിൽ തങ്ങളുടെ വിലാസം വെളിപ്പെടുത്തണമായിരുന്നു.
പോയി മറഞ്ഞ നാട്ടു ജാഗ്രതയുടെ ഒരു രീതിയായിരുന്നു അത്.
സൗകര്യങ്ങൾ തീരെ കുറവായിരുന്നെങ്കിലും സ്വകാര്യത വേണ്ടുവോളമുണ്ടായിരുന്നു ഈ വഴികൾക്ക്.
നമ്മുടെ ഗ്രാമീണ ജീവിതത്തിൽ ഇടവഴികൾ മറക്കാനാവാത്ത കുറെ അനുഭൂതികൾ പകർന്ന് തന്നിട്ടുണ്ട്.
അതിന്റെ ഇരുവശത്തുമുള്ള വേലിക്കെട്ടുകളിൽ പച്ച വള്ളികൾ പടർന്ന് നിന്നിരുന്നു.
തൊട്ടാവാടിയും, തുകാ കൊട്ച്ചിയും, കമ്യൂണിസ്റ്റ് അപ്പയും, കുറുന്തോട്ടിയും, വെളളതണ്ടുമൊക്കെ അടങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത ഔഷധ സസ്യങ്ങളും, പാഴ്ചെടികളും ഇടവഴിയുടെ പശ്ചാത്തല സൗന്ദര്യമായിരുന്നു.
വേലിക്കെട്ടിന് താഴെപെരുച്ചാഴി കീച്ചിട്ട് പോവുന്ന പുതു മണ്ണിന്റെ നിറം.....
ആരോ പാതി കടിച്ചിട്ട പഴുത്ത നാടൻ മാങ്ങയുടെ മണം.....
ചാഞ്ഞ് നിൽക്കുന്ന മാവിൻ കൊമ്പിൽ ഇരുന്ന് വാലാട്ടുന്ന അണ്ണാറക്കണ്ണൻ......
കാക്കയും കുയിലും കൂട് കൂട്ടിയ ചില്ലകൾ......
തൂങ്ങിയാടി വീഴാൻ നിൽക്കുന്ന കൂര്യാറ്റക്കൂട്.....
ഉണങ്ങി പറിഞ്ഞ് കിടക്കുന്ന ചമ്മലിൽ ചവിട്ടുമ്പോഴുള്ള ശബ്ദം.....
ഒരു ഇടവഴിയാത്രയുടെ ഗൃഹാതുരത്വമുണർത്തുന്ന അനുഭൂതികളാണിതൊക്കെ.
കല്ലെറിഞ്ഞ് വീഴ്ത്തിയ തുടുത്ത മാമ്പഴം മടിയിൽ പൂഴ്ത്തി ഇടവഴിയിലൂടെ ഓടി മറഞ്ഞവരുണ്ടായിരുന്നു.
അണ്ടി പൊറുക്കാൻ ഇത് വഴി പതുങ്ങി വരുന്ന പിള്ളേരെ കയ്യോടെ പിടിക്കാൻ കാത്തിരുന്നവരുമുണ്ടായിരുന്നു.
ഉമ്മയോട് പിണങ്ങി മോന്തി നേരത്ത് ഇടവഴിയിൽ പോയി നിന്ന ബാല്യം
പോയതലമുറ
ക്കുണ്ടായിരുന്നു.
സുഹൃത്തിനെ കാത്തിരുന്ന് മടുത്തപ്പോൾ ഇടവഴിക്കരികിലെ വേലിയിൽ അടയാളം വെച്ച് പോയ സൗഹൃദവും.
ചക്കയും മാങ്ങയും വീണ് കിടന്ന് ഈച്ചയാർത്തതായിരുന്നു ഈ വഴി.
ചാണകത്തിൽ ചവിട്ടാതിരിക്കാൻ പാട് പെട്ടതും ഇന്നോർമ്മയാണ്.
രാത്രി കാലങ്ങളിൽ ചൂട്ട് മിന്നി പോയതും ഇതിലെ തന്നെ.
അതിൽ നിന്ന് തെറിച്ച ചെറിയൊരു കനൽ കാരണം വേലിയിലേക്ക് തീയാളി പടർന്നപ്പോൾ വെള്ളവുമായി പാഞ്ഞതും ഓർമ്മ.
പാമ്പുകളsക്കമുള്ള നിരവധി ഇഴജന്തുക്കൾ പാർത്തതും ഈ വഴിയോരത്തായിരുന്നു.
ഇടക്കിടെ വഴിപോക്കൻ വിളിച്ച് പറഞ്ഞ പാമ്പിനെ തല്ലിക്കൊല്ലാൻ ഇറയത്ത് തിരുകിയ ചൂരലുമായി വന്ന അയൽപക്കവുമുണ്ടായിരുന്നു.
മുടാകോയ് വിളികളുമായി വഴിവാണിഭക്കാർ വന്നതും ഇതുവഴിയായിരുന്നു.
ചന്ത സാമാനങ്ങൾ തലച്ചുമടായി കൊണ്ട് പോയതും, പാടത്തേക്ക് പൂട്ടാൻ കൊണ്ട് പോവുന്ന കണ്ണപ്പനെ തെളിച്ച് കൊണ്ട് പോയതും ഇതിലെ തന്നെ.
കഴുത്ത് നിറയെ കല്ല് മാലയിട്ട അക്കരപുറത്തെ അമ്മയും കറുപ്പ് സൂപ്പിലെ കോന്തലയിൽ മുറുക്കാൻ കെട്ടിയ വല്ലിമ്മയും നാട്ടുവർത്താനം പറഞ്ഞ് നടന്നതും ഇതുവഴിയാണ്.
നടന്ന് ക്ഷീണിക്കുമ്പോൾ ഇവർ വഴിവക്കിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് വെള്ളം കോരി കുടിച്ചു.
ആ പങ്ക് വെപ്പിന്റെ കുളിരിലാണ് ഈ നാടിന്റെ നൻമകൾ ഓരോന്നായി തളിരിട്ടത്.
അവർ വെള്ളം കോരി കുടിച്ച പാളയിൽ നിന്നുറ്റി വീണ തെളിവെള്ളത്തിന്റെ നിറമായിരുന്നു അന്നത്തെ നാടിനും, നാട്ടുവഴികൾക്കും.

സത്താർ കുറ്റൂർ

*ഫൈസൽ*..........


*ഫൈസൽ*..........
നീ ഇല്ലാത്ത ഒരു പെരുന്നാൾ കൂടി ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു.
ആഘോഷത്തിന്റെ കമ്പി പൂത്തിരികൾ കത്തി തീരുന്ന ഈ അന്തി ചോപ്പിലും നിന്റെ ഓർമ്മ കൾ വല്ലാത്ത പുകച്ചിലാണുണ്ടാക്കുന്നത്.
നിന്റെ പുഞ്ചിരി മനസ്സിൽ തെളിയാത്ത ഒരു ദിനവും പിന്നെ കടന്നു പോയിട്ടില്ല.
മുശിഞ്ഞ് തുടങ്ങുന്ന വേളകളിൽ ഒരു പിൻ വിളിയായി നിന്നെ കേട്ടുവെന്ന് തോന്നി പലപ്പോഴും തിരിഞ്ഞ് നോക്കിയിട്ടുണ്ട്.
ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് കണ്ണ് പൊത്തിപ്പിടിച്ച് ആളെ ചോദിക്കുന്ന നിന്റെ പഴയ കുസൃതിയില്ലേ.
അതുമായി ഒരു നാൾ നീ വരും എന്ന് തന്നെ മനസ്സ് പറയുന്നു.
നീ പോയ അവസാന യാത്ര....
അധികം വൈകാതെ വന്ന
വേവലാതി നിറഞ്ഞ വിളി........
നിന്നെ കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ ..........
അത്ര കാര്യമാക്കിയില്ല.
നീ
കളിപ്പിച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
പിന്നെ
നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങളെ മനസ്സിലും ആധിയായി.
നാട്ടിൽ നിന്ന് ഞങ്ങളൊക്കെ നീ പോയിടത്തേക്ക് വന്നിരുന്നു.
പിറ്റേന്ന് നേരം വെളുത്ത് വെയിൽ കനം വെച്ചപ്പോഴും നിന്നെ ഞങ്ങൾ തെരയുകയായിരുന്നു.
എന്നിട്ടും നിനക്കൊരു അപകടം സംഭവിച്ചിരിക്കുമെന്ന് കരുതാൻ മനസ്സിന് ഇഷ്ടമില്ലായിരുന്നു.
നീ ഒരു കുസൃതി ഒപ്പിച്ച് മുങ്ങിയതായിരിക്കുമെന്ന്തന്നെ കരുതി.
അങ്ങനെ മാത്രം കരുതുന്നതായിരുന്നു ഞങ്ങളുടെ സമാധാനവും.
ഞങ്ങൾ ആ പാറക്കെട്ടുകൾക്ക് മീതെയും പൊന്തക്കാടുകൾക്കരികിലൂടെയും ഒരു പാട് തവണ നിന്നെ തെരഞ്ഞ് നടന്നിരുന്നു.
നീ അതൊക്കെ അറിഞ്ഞിരുന്നോ
ആവോ?.
പിന്നെ പിന്നെ സമയം തെറ്റി തുടങ്ങിയപ്പോൾ ഞങ്ങളിൽ പ്രതീക്ഷയറ്റ് തുടങ്ങി.
അതിനിടയിലാണ്
ജീവിതത്തിലൊരിക്കലും ഓർക്കാൻ തോന്നാത്ത ഒരു ദുരന്ത നിമിഷത്തിൽ നിന്റെ ചിരി മാഞ്ഞ മുഖം കണ്ടത്.
💧💧💧💧💧💧💧💧
സൗഹൃദത്തിന്റെ ആ പഴയ സായാഹ്നങ്ങളിൽ നീ പോയതിന് പിന്നാലെ ഇരുട്ട് പരന്നിരുന്നു.
ഇപ്പോൾ ഒന്നിനും ഒരു രസവുമില്ല.
മില്ലിലെ വരാന്തയിലും,
ഗ്രൗണ്ടിലെ മതിൽ കെട്ടിലുമൊന്നും പിന്നീട് ഞങ്ങൾക്ക് ഇരിക്കാൻ തോന്നിയിട്ടില്ല.
എന്തോന്നറിയില്ല.
ഒരുതരം മരവിപ്പ് .
നിന്റെ യാത്രക്ക് പിന്നാലെ കടന്ന് വന്നതാണത്.
നൊമ്പരത്തിന്റെ പാതി പിടിച്ച് വാങ്ങി തോളിൽ കയ്യിടാൻ..........
ചെറിയ ചെറിയ രസം പറഞ്ഞ് ചിരിക്കാൻ......
രാഷ്ട്രീയവും, സ്പോർട്സും, മറ്റ് പൊതു കാര്യങ്ങളും ചർച്ച ചെയ്ത് ചേർന്നിരിക്കാൻ...........
ഇനി നീ വരില്ലല്ലോ എന്നോർക്കു
മ്പോഴുണ്ടാവുന്ന
നിരാശയും,വേദനയുമാണ് മനസ്സ് നിറയെ.
നിന്റെ സംസാരം......
പുഞ്ചിരി.......
സ്വകാര്യങ്ങൾ.....
ഒരാത്മ സുഹൃത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തവനായിരുന്നു നീ എന്ന് നിന്റെ വിരഹത്തിന്റെ പിറ്റേന്ന് മുതലാണ് ഞങ്ങൾക്ക് കൂടുതൽ ബോധ്യമായത്.
ഞങ്ങളുടെ വീട്ടുകാര്യങ്ങൾ വരെ നീ അന്വേഷിച്ചപ്പോഴും സ്വന്തം വേദനകളെയും നിരാശകളെയും
ഉള്ളിൽ ഒളിപ്പിക്കുക
യായിരുന്നു നീ .
നിന്റെ ഒഴിവുകൾ പലർക്കായി നീ പകർന്ന് കൊടുത്തു.
സൗഹൃദമായിരുന്നു നിന്റെ ജീവൻ.
യാത്രകൾ നിനക്ക് വല്ലാത്ത ഹരമായിരുന്നു.
അതിനായി നീ ഞങ്ങളുടെ വിളി കാത്തിരുന്നു.
ചർച്ചാ വട്ടങ്ങളിൽ ഏറ്റവും അവസാനം എണീക്കുന്നവൻ നീ ആയിരുന്നു.
ഉളളിൽ നീ ഒരു പാട് വേദനകളെ പേറിയാണ് നടന്നത്.
എന്നിട്ടും എത്ര പ്രസന്നതയോടെയാണ്
നീ പെരുമാറിയത്.
എല്ലാം ഉള്ളിൽ തിരയടിച്ച് നിന്നപ്പോഴും ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് നീ ചിരിച്ചു.
അല്ലെങ്കിലും ചിരിക്കാത്ത ഒരു മുഖവുമായി നിന്നെ കണ്ടതോർമ്മയില്ല.
വലിയ സ്വപ്നങ്ങളൊന്നും അകത്തൊളിപ്പിച്ചവനായിരുന്നില്ല നീ എന്നാണ് തോന്നിയിട്ടുള്ളത്.
എന്നാലും ചിതലരിക്കാത്ത കൊച്ചു കൊച്ചു സ്വപനങ്ങൾ നിനക്കുണ്ടായിരുന്നു.
അത് നീ പലപ്പോഴായി പങ്ക് വെച്ചതുമാണല്ലോ.
മറ്റുള്ളവരുടെ വളർച്ചയിൽ നിനക്ക് സന്തോഷമായിരുന്നു.
മനസ്സിൽ നൻമയുടെ വെളിച്ചമുള്ളവർക്കേ അങ്ങനെ ആവാനാവൂ എന്ന് നിന്റെ മരണപിറ്റേന്ന് നടന്ന ഓർമ്മ തളം കെട്ടിയ പ്രാർത്ഥനാ ചടങ്ങിൽ ആരോ പറയുന്നത് കേട്ടു.
അതിര് വിട്ട് പറക്കാൻ മോഹിക്കാത്തവനായിരുന്നു നീ .
എന്നിട്ടും ഒരു ചിറകടിയുടെ നേർത്ത ശബ്ദം പോലും കേൾപ്പിക്കാതെ നീ കൂടണഞ്ഞു.
ഏതായാലും വിധിയിൽ സമാധാനിക്കുന്നു.
നിന്റെ ചങ്ങാതിമാർക്ക് ഇനി അതിനേ കഴിയൂ.
നീ തോളിൽ കൈ വെച്ച് നടന്നവർ.
അവരാണ് ഭൂമിയിലെ നിന്റെ ഓർമ്മ.
പിന്നെ നിന്റെ
കുടുംബം.....
ഉമ്മ....
ഉപ്പ.......
കുഞ്ഞു മക്കൾ.....
അവരുടെ കണ്ണീർ......
ഫൈസലേ..........
നീ പോയതിന് ശേഷം ഞങ്ങൾക്ക് അവരുടെ മുഖത്തേക്കൊന്ന് നേരാം വണ്ണം നോക്കാൻ പോലും കഴിയുന്നില്ലെടാ.
കഴിഞ്ഞ പെരുന്നാളിന് നിന്റെ കുഞ്ഞുമോൻ പെരുന്നാൾ കോടിയെടുത്ത് ഉപ്പാന്റെ കൈ പിടിച്ച് പെരുന്നാൾ നിസ്കാരത്തിന് വന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി.
അവന്റെ ചുവപ്പ് വറ്റാത്ത കൈ പിടിക്കാൻ നീ ഉണ്ടായില്ലല്ലോ എന്നോർത്ത് മനസ്സ് വല്ലാതെ തേങ്ങി.
കഴിഞ്ഞ ചെറിയ പെരുന്നാളിന് ഞങ്ങൾ നിന്റെ ഖബറിനടുത്ത് വന്നിരുന്നു.
നീ ഞങ്ങളെ കണ്ടിരിക്കുമെന്നാണ് വിശ്വാസം.
നിന്റെ മീസാൻ കല്ലിനടുത്ത് കുത്തിയ മൈലാഞ്ചി കൊമ്പ് തളിർത്ത് നിൽക്കുന്നത് കണ്ടപ്പോൾ നീ പുഞ്ചിരിക്കുകയാണെന്ന് തോന്നി.
ഫൈസലേ.......
അത് കാണാൻ ഈ വരുന്ന പെരുന്നാൾ ദിനത്തിലും ഞങ്ങൾ വരും.
സൗഹൃദത്തിന്റെയും
നൻമയുടെയും
നിയോഗങ്ങൾക്ക്
പ്രാർത്ഥനയുടെ പുണ്യം പകരാൻ........

------------------------------
സത്താർ കുറ്റൂർ

Sunday, 18 September 2016

Smoking causes early death


ആയിശുമ്മ വീടിന്റെ സിറ്റൗട്ടിലിരുന്ന് വേലായുധന്റെ വീട്ടിലേക്ക് നോക്കി - ഏറ്റവും അടുത്ത അയൽവാസിയാണ്. എന്ത് സഹായത്തിനും വേലായുധനും കുടുംബവും ഓടിയെത്തുമായിരുന്നു.
ഇന്നലെ വരെ വേലായുധന്റെ വീട്ടിൽ കുടുംബങ്ങളൊക്കെ വന്നു പോയിരുന്നു. ഒരു ആള നക്കവും കാണുന്നില്ലല്ലോ ....
ലക്ഷ്മിയെ ഇന്നും പുറത്തൊന്നും കാണുന്നില്ല. ഇന്നലത്തോടെ വേലായുധന്റെ പുല കഴിഞ്ഞു. വേലായുധൻ പാവമായിരുന്നു. 50 വയസ്സാകുന്നേയുണ്ടായിരുന്നുള്ളൂ. അള്ളാഹു അവനെ തിരികെ വിളിച്ചു.
ആയിശുമ്മ എഴുന്നേറ്റ് മരു മകളോട് പറഞ്ഞു, ഞാൻ ലക്ഷ്മിയെ ഒന്നു കണ്ടിട്ട് വരാം.
വേലായുധന്റെ വീട്ടിൽ പുറത്താരെയും കാണുന്നില്ല. ലക്ഷ്മിയേ ... ആയിശുമ്മ നീട്ടി വിളിച്ചു.
വേലായുധന്റെ മൂത്ത മകൾ പുറത്തു വന്നു നോക്കി, ആയിശുമ്മാത്ത ഇരുന്നോളൂ : കരിതേച്ചുമിനുക്കിയ കോലായിലെ കസേര നീക്കിയിട്ട് അയിശുമ്മയെ അതിലിരുത്തി. അമ്മയെവിടെ ടീ ?
അമ്മ അകത്തുണ്ട്.
അമ്മേ....
കരഞ്ഞു കലങ്ങിയ കണ്ണുകളും പാറിപ്പറന്ന തലമുടിയുമായി ലക്ഷ്മി കോലായിൽ വന്നിരുന്നു.
ആയിശുമ്മയെ കണ്ടപ്പോൾ ലക്ഷ്മി  തേങ്ങിക്കരഞ്ഞു.
വേലായുധന്റെ വേർപാട് അത് കുടുംബത്തിന് താങ്ങാനാവുന്നതല്ല.
കൂലിപ്പണിക്കാരനായിരുന്നു വേലായുധൻ. എന്ന് ജോലിയും ചെയ്യാൻ തയ്യാറും അതിനുള്ള ആരോഗ്യവുമുള്ള വേലായുധന് എന്നും ജോലിയുണ്ടായിരുന്നു. സന്തോഷത്തോടെയായിരുന്നു കുടുംബ ജീവിതം മുന്നോട്ട് പോയിരുന്നത്. മൂത്ത മകൾ 80 % മാർക്കോടെ പ്ലസ് ടു പാസ്സായിരുന്നു. നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് അച്ചൻ തീരുമാനിച്ചിരുന്നു. പക്ഷേ വിധി മറിച്ചായി. ഇനി അവളെ ആരു പഠിപ്പിക്കാൻ?
മൂന്ന് മക്കളാണ് അവർക്കുള്ളത്, രണ്ട് പെണ്ണും ഒരാണും.
ആദ്യമൊന്നും ഭർത്താവിന്റെ അസുഖമെന്താണെന്ന് ലക്ഷ്മിക്കറിയില്ലായിരുന്നു. നെഞ്ചിന് മുകളിലായി കഴുത്തിനോട് ചേർന്ന് വേലായുധേട്ടൻ വിക്സ് തേക്കുന്നത് പതിവാക്കിയിരുന്നു. വിൽസായിരുന്നു സ്ഥിരമായി വലിച്ചിരുന്നത്. കീമോതെറാപ്പി തുടങ്ങിയതോടെയാണ് ഏട്ടൻ പുകവലി നിർത്തിയതെന്ന് ലക്ഷ്മിയോർത്തു. ഏട്ടന്റെ ഓർമ്മ വീണ്ടും അവളുടെ കണ്ണുകളെ ഈറനണിയിച്ചു.
ഇജ് ങ്ങനെ കരഞ്ഞു തീർത്താ മത്യാ .... കുട്യാൾക്ക് ഇഞ്ഞ് ജ് അല്ലേയുള്ളു, പോയവരെ യോർത്ത് കരഞ്ഞിട്ട് പോയവർ ഇനി തിരിച്ചു വര്വോ?
അയിശുമ്മത്ത മടിയിൽ കരുതിയിരുന്ന 5000 ₹ ലക്ഷ്മിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, ഇത് നാസർ അനക്ക് തരാൻ പറഞ്ഞതാണ്.
നാസർ ആയിശുമ്മ താത്താന്റെ മകനാണ്. ഗൾഫിലാ. പണമയക്കുമ്പാഴൊക്കെ 500 ₹ എങ്കിലും അയിശുമ്മത്ത ലക്ഷ്മിക്ക് കൊടുക്കാറുണ്ടായിരുന്നു.
ചെറുപ്പം മുതലേ നാസർ വേലായുധന്റെ വീട്ടുകാരെ സഹായിച്ചിരുന്നത് ലക്ഷ്മിയോർത്തു - വേലായുധേട്ടന്റെ സിഗരറ്റ് വലിയെ പറ്റി എപ്പോഴും പറയുമായിരുന്നു.
പുകവലിച്ചാൽ ഒരുപാട് രോഗങ്ങൾ വരാൻ അത് കാരണമാകുമെന്നും കാൻസറും, ഹൃദ്രോഗവുമൊക്കെ വരാനെളുപ്പമാണെന്ന് പറഞ്ഞതൊക്കെ ലക്ഷ്മി കണ്ണീർ തുടച്ചു കൊണ്ട് ഓർത്തു.
പുകവലികൊണ്ടാണ് ഏട്ടന് തൊണ്ടയിൽ കാൻസർ വന്നതെന്നു് ഡോക്ടർ പറഞ്ഞതു് ഒരു തേങ്ങലോടെ ലക്ഷ്മി മറക്കാൻ ശ്രമിച്ചു.
Smoking causes early death

---------------------------------------------------
എം.ആർ.സി അബ്ദുറഹിമാൻ