എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ നജീബ് മൂടാടിയാണ് ഇന്ന് കൂട്ടിൽ അതിഥിയായി വരുന്നത്.
രാവിലെ ഇന്ത്യൻ സമയം പത്ത് മണി മുതൽ രാത്രി പത്ത് മണി വരെ അദേഹം നമ്മോടൊപ്പമുണ്ടാവും.
ജീവകാരുണ്യ രംഗത്തും, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായ എഴുത്തുകാരനാണ് നജീബ് മൂടാടി.
ഒരു പാട് തിരക്കുകൾക്കിടയിലാണ് ഈ കൂടിനായി അദ്ദേഹം സമയം നീക്കിവെക്കുന്നത്.
അതിനാൽ കൂട്ടിലെ ഓരോ അംഗവും മനസ്സറിഞ്ഞ
വാക്ക് കൊണ്ടും,
നിറമുള്ള പൂക്കൾ കൊണ്ടും അദ്ദേഹത്തെ നന്നായി സ്വീകരിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു.
ചില പ്രയാസങ്ങളുള്ളതിനാൽ നജീബ്ക തന്റെ എഴുത്തുകൾ നേരത്തെ തന്നെ അഡ്മിൻ ഡസ്കിനെ ഏൽപ്പിച്ചിരിക്കുന്നു. അതിനാൽ സാധാരണയിൽ നിന്ന് ഭിന്നമായി അഡ്മിൻ ഡസ്കിൽ നിന്നായിരിക്കും നജീബ്കയുടെ വരികൾ ഇന്ന് കൂട്ടിലേക്കൊഴുകുക.
നമ്മുടെ പ്രതികരണങ്ങൾക്ക് കാതോർത്ത് നജീബ്ക ഇന്നത്തെ പകൽ മുഴുവൻ ആ വരികൾക്കൊപ്പം ഉണ്ടാവും.
ആയതിനാൽ ഈ എഴുത്തുകളെ നല്ല പ്രതികരണങ്ങൾ കൊണ്ടും, മികച്ച വായനാനുഭവങ്ങൾ പങ്ക് വെച്ചും നിങ്ങളോരോരുത്തരും ഈ വരികൾക്കിടയിൽ ഉണ്ടായിരിക്കണം.
നജീബ്ക കൂടിനോട് സംവദിക്കും.
അദ്ദേഹത്തോടുള്ള നിങ്ങളുടെ ചോദ്യങ്ങൾ രാവിലെ മുതൽ കൂട്ടിൽ വന്ന് തുടങ്ങണം,
നമ്മുടെ ഇടതടവില്ലാത്ത ചോദ്യങ്ങളാണ്
ഇന്നത്തെ പ്രോഗ്രാമിന്റെ വിജയം എന്ന് മറക്കാതിരിക്കുക.
സഹകരിക്കുമല്ലോ,
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹
====================================================
ഗള്‍ഫ് വരന്‍
-------------------
“...അബുദാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി ബരും
ഓന്‍ ബിളിക്കുമ്പ പറന്നു വരും..”
എഴുപതുകളുടെ ഒടുവില്‍ ഇറങ്ങിയ ‘അങ്ങാടി’ സിനിമയിലെ ഈ പാട്ടുവരികള്‍ പറയുന്നത് അന്ന് കിട്ടാവുന്ന ഏറ്റവും മുന്തിയ ‘പുതിയാപ്പിള’യെ കുറിച്ച് കൂടിയാണ്. പേര്‍ഷ്യക്കാരന്‍ എന്ന് ഏറെ പത്രാസോടെ വിളിക്കപ്പെട്ടിരുന്ന ഗള്‍ഫുകാരന്‍ ശുജായിയെ കുറിച്ച്. അവിവാഹിതനായ ഒരു ഗള്‍ഫുകാരന്‍ നാട്ടില്‍ എത്തിയാല്‍ അവനെ മകള്‍ക്ക് വരനായി ആയി കിട്ടാന്‍ പെണ്‍കുട്ടികളുടെ പിതാക്കന്മാരും ബന്ധുക്കളും വീട്ടില്‍ കയറി ഇറങ്ങി ‘കോണിക്കലെ മണ്ണ്’ തീരുന്ന കാലം. കുടുംബവും തറവാടും നോക്കാതെ, പഠിപ്പും പത്രാസും നോക്കാതെ അറബിനാട്ടില്‍ നിന്നും പൊന്നും പണവും വാരി വന്ന, അത്തറിന്‍റെ മണമുള്ള പുതിയാപ്പിളക്ക് വേണ്ടി ക്യൂ നിന്ന കാലം.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നത് ഗള്‍ഫ് പ്രവാസികളിലെ പുതിയ തലമുറക്ക് അതിശയമായിരിക്കും. കാരണം വിവാഹം കഴിക്കാന്‍ വേണ്ടി ആശിച്ചു മോഹിച്ചു നാട്ടിലെത്തി, ആറുമാസം നിന്ന്, ഒരുപാട് പെണ്ണ് കാണല്‍ നടത്തിയിട്ടും കല്യാണം ശരിയാകാതെ നിരാശരായി തിരിച്ചെത്തുന്ന ചെറുപ്പക്കാര്‍ ഗള്‍ഫില്‍ ഇന്ന് ഏറെയാണല്ലോ. പുറം ലോകം അറിയാത്ത കുറെ സങ്കടയൌവ്വനങ്ങള്‍.
‘പത്തേമാരി’ കാലത്തെ പോലെ കുടുംബം എന്ന വലിയൊരു ഭാരം തലയിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കി ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തിയ പഴയകാല ‘പേര്‍ഷ്യക്കാര’നില്‍ നിന്നും ഏറെ വ്യത്യസ്തനാണ് പുതിയ കാല ഗള്‍ഫ് പ്രവാസി.
അക്ഷരാഭ്യാസം പോലും ഇല്ലാതിരുന്ന പഴയ ‘സഫറുകാരനി’ല്‍ നിന്ന് മാറി, ആധുനിക വിദ്യാഭ്യാസം നേടി മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സൌകര്യവും ഉള്ള തൊഴിലുകളിലേക്കാണ് ന്യൂ ജനറേഷന്‍ ചെറുപ്പക്കാരില്‍ ഒരു വിഭാഗം എത്തിപ്പെടുന്നത്.
പഴയ അറബി വീടുകളിലെ, മുറികള്‍ പകുത്തും മേലെ തകര ഷെഡ് കെട്ടിയും ഉണ്ടാക്കിയ ഇടുങ്ങിയ റൂമുകളില്‍ ഇരട്ട നില ഇരുമ്പു കട്ടിലുകളില്‍ ഉറങ്ങിയും, ഊഴമിട്ട് ഉണ്ടാക്കി, പഴയ പത്രക്കടലാസ് വിരിച്ച് ചെമ്പും പാത്രങ്ങളും നിരത്തി ഭക്ഷണം കഴിച്ചും ജീവിച്ച ഒരു തലമുറയില്‍ നിന്ന്, കമ്പനി വക മുന്തിയ ഫ്ലാറ്റുകളിലും വില്ലകളിലും കഴിയുന്ന, നിലവാരമുള്ള ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന, സ്വന്തമായി വാഹനമുള്ള, ഗള്‍ഫിന്‍റെ അരക്ഷിതത്വം അനുഭവിക്കേണ്ടതില്ലാത്ത, പണി അന്വേഷിച്ചും ഇക്കാമയുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെട്ടും കഫീലിനെ തേടിയും കാലം കഴിക്കേണ്ടതില്ലാത്ത ഭാഗ്യവാന്മാരുടെ തലമുറ. ഇങ്ങനെ ‘ജീവിക്കുന്ന’ ചെറുപ്പക്കാരാണ് പുതുതലമുറ ഗള്‍ഫ് പ്രവാസി. യാത്രകളും പാര്‍ട്ടികളുമായി അവര്‍ ഗള്‍ഫിലും ആഘോഷിച്ചു കഴിയുന്നു.
നാട്ടില്‍ മുസ്ലിംപെണ്‍കുട്ടികള്‍ പഴയകാലത്തെ അപേക്ഷിച്ച് ഭൌതിക വിദ്യാഭ്യാസരംഗത്ത് വളരെ മുന്നിലാണ്. വിജയത്തിളക്കങ്ങളുടെ പട്ടികയില്‍ തട്ടമിട്ട പെണ്മുഖങ്ങള്‍ ഏറിയിരിക്കുന്നു. അവര്‍ക്ക് ലക്ഷ്യബോധമുണ്ട്. പുറത്തുപോയും പഠിക്കാമെന്നുള്ള തന്റേടവും, പഠിച്ച് ഉയരാമെന്നും ജോലി ചെയ്ത് ജീവിക്കാമെന്നും ഉള്ള ആത്മവിശ്വാസവും. പഠനത്തോടൊപ്പം വായിച്ചും നിരീക്ഷിച്ചും അറിവുകള്‍ നേടിയും, സാഹിത്യവും സിനിമയും സാമൂഹ്യവും രാഷ്ട്രീയവുമായി സംവാദങ്ങളും ചര്‍ച്ചകളും നടത്തിയും, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വന/ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയും അവള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.
അവള്‍ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നത് ഇതേ കുറിച്ചൊക്കെ ധാരണയുള്ള ഒരു പുരുഷനെയാണ്. മാസാമാസം ചെലവിന് അയച്ചുകൊടുക്കുകയും ഒന്നോരണ്ടോ വര്‍ഷത്തില്‍ എണ്ണിച്ചുട്ട അവധിക്ക് നാട്ടില്‍ വരികയും ചെയ്യുന്ന ഒരാളെ അല്ല. തന്‍റെ വ്യക്തിത്വത്തെ അംഗീകരിക്കാനും മനസ്സിലാക്കാനും താങ്ങായി കൂടെ നില്‍ക്കാനും കഴിയുന്ന പ്രിയതമനെ.
മാന്യമായ ജോലിയും വിദ്യാഭ്യാസവും തരക്കേടില്ലാത്ത ശമ്പളവും സൌകര്യവും ഉള്ള ഗള്‍ഫുകാര്‍ക്ക് നാട്ടിലെ വിവാഹ കമ്പോളത്തില്‍ ഡിമാന്‍ഡ് ഉണ്ട്. ഫാമിലി സ്റ്റാറ്റസ് ഉള്ള ജോലി ആയതു കൊണ്ട് വിവാഹം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വധുവിനെയും ഒപ്പം കൂട്ടാം എന്നതാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം. വിരഹത്തിന്‍റെ കത്തുപാട്ടും കേട്ട് കാലം കഴിച്ച ഒരു തലമുറക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാതിരുന്ന ഭാഗ്യം.
എന്നാല്‍ ഇപ്പറഞ്ഞ സൌഭാഗ്യങ്ങള്‍ ഒന്നും ഇല്ലാത്ത, പഴയകാല ഗള്‍ഫ് പ്രവാസികള്‍ക്ക് സമാനമായി ജീവിക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പോഴും ഗള്‍ഫിലുണ്ട്. ഫേസ്ബുക്കിലെ ആഘോഷചിത്രങ്ങളില്‍ നാം കാണാത്തവര്‍. ഹോട്ടലുകളിലോ ഗ്രോസറികളിലോ നിര്‍മ്മാണ മേഖലകളിലോ ജോലി ചെയ്തു കഴിയുന്നവര്‍. ഏതെങ്കിലും കമ്പനികളിലോ അറബി വീടുകളിലോ ഡ്രൈവറായി അന്നം കണ്ടെത്തുന്നവര്‍.
അവിദഗ്ദ തൊഴിലാളികള്‍ എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഇവരിൽ ഭൂരിപക്ഷവും ജീവിത ചുറ്റുപാട് കാരണമോ ഉഴപ്പുകൊണ്ടോ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചവരാണ്. പത്താംതരം കഴിയാത്തതിനാൽ ഇമിഗ്രേഷനിൽ 'ചവിട്ടിക്കയറ്റലി'ലൂടെ വന്നവർ പോലും ഇവരിൽ ധാരാളം. പിതാവ് പ്രവാസി ആയതിനാല്‍ ശ്രദ്ധിക്കാന്‍ ആളില്ല എന്ന ധൈര്യത്തില്‍ പഠനകാലം മൊബൈലും ബൈക്കും കൂട്ടുകാരും സിനിമയും ടൂറും ആയി ആഘോഷിച്ചവരും ഈ കൂട്ടരില്‍ ഏറെയുണ്ട്. യോഗ്യത ആവശ്യമില്ലാത്തതിനാലും അവസരങ്ങൾ ഏറെ ഉള്ളതിനാലും മേല്‍പറഞ്ഞ തൊഴിൽ മേഖലകളിൽ ആണ് ഇവർ അധികവും എത്തിപ്പെടുക. തരക്കേടില്ലാത്ത ശമ്പളവും ചെലവും താമസവും ഒക്കെ ഒത്തു പോകുന്നതിനാൽ അവധി ദിനങ്ങൾ ഇല്ലായെങ്കിലും, ജോലി സമയം ഏറെയെങ്കിലും ഈ തൊഴിലുകളിൽ അവര്‍ തൃപ്തരാണ്. പുറം ചെലവുകൾ കുറവായതുകൊണ്ടു തന്നെ എന്തെങ്കിലും മിച്ചം പിടിക്കാൻ സാധിക്കും എന്ന ആശ്വാസവുമുണ്ട്.
വയസ്സ് ഇരുപത്തിയഞ്ചൊക്കെ കഴിയുമ്പോഴാണ് ഇവർ ഗൾഫിൽ എത്തുന്നത്. പണിയൊക്കെ തേടിപ്പിടിച്ച് മൂന്നോ നാലോ കൊല്ലം ജോലി ചെയ്ത് കടങ്ങൾ വീട്ടുകയും ചെറിയൊരു സമ്പാദ്യമൊക്കെ ഉണ്ടാകുകയും ചെയ്‌താൽ(അല്ലെങ്കിൽ അത്യാവശ്യം തിരിമറിക്ക് പറ്റിയ കൂട്ടുകാർ എങ്കിലും ഉണ്ടായാൽ) ഏതൊരു പ്രവാസിയേയും പോലെ നാട്ടിലേക്കുള്ള ആദ്യയാത്ര അവനും സ്വപ്‌നം കാണാൻ തുടങ്ങുന്നു.
ഒരു സ്ഥിരം ജോലിയും വരുമാനവും നൽകുന്ന സ്വാസ്ഥ്യത്തില്‍, ഏറെക്കാലമായി ഒറ്റക്ക് തുഴയുന്ന ജീവിതത്തോണിയിലേക്ക് ഒരു കൂട്ട് കൊതിക്കും. ഉള്ളിലൊരു ഇണക്കിളിയുടെ ചിറകടിയൊച്ച മെല്ലെ മെല്ലെ ഉണരും...തനിക്കായി കാത്തിരിക്കാൻ സ്നേഹിക്കാൻ സന്തോഷവും സങ്കടവും പങ്കുവെക്കാൻ ഒരു ജീവിതപങ്കാളി......ചിരിക്കുമ്പോൾ നക്ഷത്രങ്ങൾ വിരിയുന്ന കണ്ണുകളുമായി ഒരു പെണ്‍കുട്ടി.
പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ നിറച്ച പെട്ടിയിൽ ഭാവിവധുവിനായി പെണ്ണുകാണാൻ പോകുമ്പോൾ കൊടുക്കാനുള്ള മിട്ടായിയും മൊബൈലും മുതൽ മുടിപ്പിന്നും അടിയുടുപ്പും വരെയുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ടാകും.
നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ വെണ്മേഘങ്ങൾ പഞ്ഞിക്കെട്ടുപോലെ ഓഴുകുന്ന ആകാശനിശബ്ദതയിൽ, സുഖനിദ്രയിലാണ്ട അനേകം യാത്രക്കാർക്കിടയിൽ ഉറക്കം വരാതെ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ അവൻ സ്വപ്നം നെയ്യാൻ തുടങ്ങും.
പെണ്ണുകാണലിന്‍റെ പരിഭ്രമവും നാണം പുരണ്ട നോട്ടവും ചിരിയുമായി ഒരുവൾ..... ഇഷ്ടമറിയിക്കുമ്പോൾ വിടരുന്ന മുഖം. പിന്നെ വിവാഹം വരെ കാത്തിരിപ്പിന്‍റെ നാളുകൾ. മൊബൈലിൽ നീളുന്ന സല്ലാപങ്ങൾ. പ്രിയപ്പെട്ടവൾ തന്‍റെതായി തീരുന്ന ദിവസമെണ്ണിയുള്ള കാത്തിരിപ്പ്. വീട്ടുകാരോടൊപ്പം വിവാഹത്തിനായുള്ള ഒരുക്കങ്ങൾ. ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും ഒക്കെ ചേർന്ന് ആഹ്ലാദം നിറഞ്ഞ വിവാഹാഘോഷം..... വധുവിന്‍റെ വീട്ടിലേക്ക് പുതിയാപ്പിള പകിട്ടോടെ കയറിചെല്ലുന്നത്. പന്തലിൽ പുതുമണവാളനെ കാണാന്‍ ആളുകള്‍തിക്കിത്തിരക്കുന്നത്.
സിനിമകളിലൂടെ പാട്ടുകളിലൂടെ കൂട്ടുകാരുടെ വർത്തമാനങ്ങളിലൂടെ മാത്രം അറിഞ്ഞ ആദ്യരാത്രിയെ കുറിച്ചുള്ള ചിത്രം. മരുഭൂമിയില്‍ തൊഴില്‍ചെയ്തു തഴമ്പിച്ച കൈയിലേക്ക് ചേര്‍ത്തു പിടിക്കുന്ന മൃദുലമായ കൈ. നിനക്ക് ഞാനും എനിക്ക് നീയുമെന്ന ആശ്ലേഷണത്തിലലിഞ്ഞ്...
രാജകുമാരിയെയും കൊണ്ട് കുതിരപ്പുറത്ത് കുതിക്കുന്ന രാജകുമാരനെപ്പോലെ ബൈക്കിനു പിറകില്‍ അവളുമൊത്തുള്ള യാത്രകള്‍. വിസ്മയവും ആദരവും കുസൃതിയും നിറയുന്ന അവളുടെ കണ്ണുകള്‍. നോക്കൂ ഇതാണ് എന്‍റെ പുരുഷന്‍ എന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്ന അവളുടെ മുഖം. ബന്ധുവീടുകളിലെ വിരുന്നുകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കുമിടയില്‍ അടുത്ത് കിട്ടാത്തതിന്‍റെ പരിഭവം. തങ്ങള്‍ മാത്രമുള്ള ലോകം തീര്‍ക്കാനുള്ള ഹണിമൂണ്‍ ട്രിപ്പ്....പറന്നു പോകുന്ന ദിവസങ്ങള്‍ക്കൊടുവില്‍ വിരഹവേദനയുടെ കരള്‍ മുറിക്കുന്ന നോവോടെയുള്ള യാത്രപറച്ചില്‍...
മരുക്കാഴ്ചകള്‍ കണ്ടുമടുത്ത കണ്ണിനു കുളിര്‍മ്മയായി നാടിന്‍റെ പച്ചപ്പിലേക്ക് വിമാനം ഇറങ്ങുമ്പോള്‍ മുതല്‍ കണ്ട കിനാവുകള്‍ നേരാകാന്‍ പോവുന്നതിന്‍റെ ആഹ്ലാദം കൂടിയാണ് ഉള്ളില്‍. പ്രിയപ്പെട്ടവരുടെ സ്നേഹ സാമീപ്യത്തിലും വാത്സല്യത്തിലും ഉള്ള് നിറയുമ്പോഴും കൊതിക്കുന്നുണ്ട് തനിക്കായി കണ്ടുവെച്ച പെണ്ണിനെ കുറിച്ചുള്ള വര്‍ത്തമാനം കേള്‍ക്കാന്‍.
“ഇനീപ്പം ഒരു പെണ്ണ് നോക്കണല്ലോ........ പഴേ പോലെ ഒന്നുമല്ല .....പെങ്കുട്ട്യേക്ക് അത്രേം ഡിമാന്റാ........മുമ്പത്തെപ്പോലെ സാദാ ഗള്‍ഫുകാരെയൊന്നും ആര്‍ക്കും വല്യ താല്‍പര്യല്ല..”
ഉപ്പയോ അമ്മാവന്മാരോ ഉമ്മറത്തിരുന്ന് പറയുന്നത് നാട്ടിലെ ഇന്നത്തെ അവസ്ഥയാണ് എന്ന് ഏറെ വൈകാതെ മനസ്സിലായി തുടങ്ങുന്നു. അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെയൊക്കെ സ്ത്രീധനം പോലും ചോദിക്കാതെ കെട്ടിക്കൊണ്ടു പോകാന്‍ ആളുകളുണ്ട് നാട്ടില്‍. ഗള്‍ഫില്‍ നിന്ന് വന്നവന്‍റെ പഠിപ്പും ജോലിയും പിന്നെ ഫാമിലി സ്റ്റാറ്റസുമൊക്കെയാണ് ആദ്യം അന്വേഷിക്കുന്നത്.
എത്ര ഗതിയില്ലെങ്കിലും മക്കളെ പൊന്നുപോലെ നോക്കുന്ന, അവർക്കായി ജീവിക്കുന്ന മാതാപിതാക്കളാണ് ഇന്നേറെയും. പഠിപ്പും പണവും ഇല്ലെങ്കിലും മകൾ ഭർത്താവിനോടൊപ്പം ജീവിക്കുന്നതാണ് അവർക്ക് താല്‍പര്യം.
നാട് മാറിപ്പോയിരിക്കുന്നു. ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കുന്ന പെൺകുട്ടികൾ. അക്ഷരങ്ങളുടെയും അറിവിന്റെയും ബലമില്ലാത്തവന്, ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും കാലത്തിന് അനുസരിച്ച മാറ്റവും ഇല്ലാത്തവന് വിവാഹം പോലും എളുപ്പമല്ല. ഒറ്റക്കാള വലിക്കുന്ന വണ്ടിയുടെ പിറകിൽ വെറുതെ തൂക്കിയിട്ടൊരു ചമയക്കാഴ്ച്ചയല്ല പെണ്ണ്.
ദാമ്പത്യത്തിലും കുടുംബജീവിതത്തിലും മക്കളുടെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളിലും അവൾക്കും തുല്യ പങ്കുണ്ട്. മെഴുകുതിരിജീവിതത്തിലെ നിശബ്ദനായിക ആയിരിക്കാനും, വിരഹവേദനയും ശരീര കാമനകളും അടക്കിവെച്ച് രണ്ടോ മൂന്നോ വർഷത്തിലെ കുറഞ്ഞ നാളുകൾക്കായി എണ്ണിയെണ്ണി കാത്തിരിക്കാനും, ചുറ്റും ക്യാമറക്കണ്ണുമായി നടക്കുന്ന സദാചാര സംരക്ഷകരുടെ അമർത്തിമൂളൽ സഹിച്ചു ജീവിക്കാനും അവൾക്ക് മനസ്സില്ല.
അതുകൊണ്ട് തന്നെ പഠിപ്പും ഫാമിലി സ്റ്റാറ്റസും ഇല്ലാത്ത ഒരു ഗള്‍ഫുകാരന്‍റെ ഭാര്യയാകാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളും രക്ഷിതാക്കാളും വല്ലാതെ താല്‍പര്യപ്പെടുന്നില്ല.
ഇതൊന്നും ഇല്ലാത്തവന്‍ നാട്ടിലെത്തി ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറുമ്പോള്‍ ബ്രോക്കര്‍മാരും ചില വേണ്ടപ്പെട്ടവരും ചെറുക്കന്‍റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി നന്നായി മുതലെടുക്കുന്നു. അയല്‍ നാട്ടിലേക്കും അയല്‍ജില്ലകളിലേക്കും നീളുന്ന അന്വേഷണത്തിനിടെ എവിടെയെങ്കിലും ഒരു പെണ്ണ് കാണല്‍ ഒത്തുവന്നേക്കാം.
പെണ്ണ് കാണാന്‍ വേണ്ടി ചെല്ലുമ്പോള്‍ രക്ഷിതാക്കളോ ചിലപ്പോള്‍ കുട്ടി തന്നെയോ വിദ്യാഭ്യാസയോഗ്യതയും ജോലിയും ഫാമിലി സ്റ്റാറ്റസും ഒക്കെ അന്വേഷിക്കുമ്പോള്‍ നാവ് വരണ്ടുപോകുന്നു. പുതിയ കാലത്തെ പഠിപ്പുകളെ കുറിച്ചും കോഴ്സുകളെ കുറിച്ചും ഒരു ധാരണയും ഇല്ലാത്തത് കൊണ്ട് പഠനത്തെ കുറിച്ച് പെണ്‍കുട്ടിയോട് അങ്ങോട്ട് ചോദിക്കാന്‍ തന്നെ പേടിയാണ്. പത്താം ക്ലാസ്സോ പ്ലസ് ടു വോ എങ്ങനെയോ തട്ടിമുട്ടി കടന്നവന് എന്തറിയാം പുതിയകാലത്തെ വിദ്യാഭ്യാസത്തെ കുറിച്ച്. കരിയറിനെ കുറിച്ച്. കാശ് കൊടുത്തു വാങ്ങിയ വീട്ടുവിസയില്‍ പുറത്തു പോയി പണിയെടുത്തു ജീവിക്കുന്നവന് എവിടെയാണ് ഫാമിലി സ്റ്റാറ്റസ്. പുലരുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ബാത്ത്റൂമിന് മുന്നില്‍ വരി നില്‍ക്കുന്ന ‘ബാച്ചിലര്‍ പാര്‍ട്ടി’ ആണല്ലോ അവനും.
പെണ്ണുകാണല്‍ ചടങ്ങില്‍ ചായയും പലഹാരവും കഴിക്കുമ്പോള്‍ “മോന്‍റെ ജോലിക്ക് കുടുംബത്തെ കൂടെ കൂട്ടാന്‍ കഴിയുമോ” എന്ന് ചോദിച്ച ആ പിതാവിനെ അറിയുമോ? പതിറ്റാണ്ടുകള്‍ മരുഭൂമിയില്‍ വിരഹ വേദന സഹിച്ചു കഴിഞ്ഞവനാണ് അയാളും. പേര്‍ഷ്യക്കാരന്‍റെ പത്രാസില്‍, ആഘോഷമായി വന്ന ആദ്യ വരവില്‍ തന്നെ കല്യാണം കഴിഞ്ഞു മരുഭൂമിയിലേക്ക് പറന്നവന്‍. പത്താം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി കല്യാണപ്പെണ്ണായവളെ ഒന്ന് അടുത്ത് കിട്ടിയത് അപൂര്‍വ്വം. കൂട്ടുകുടുംബത്തിലെ ആള്‍ തിരക്കില്‍ ഒന്ന് ഓമനിക്കാനോ ചേര്‍ത്തു പിടിക്കാനോ കൊതിച്ചാലും കഴിയാതെ നോട്ടം കൊണ്ടും ചിരികൊണ്ടും ഒളിച്ചുകളിക്കേണ്ടി വന്നവന്‍. കൈക്കുടന്നയിലെ ജലം പോലെ ചോര്‍ന്നുപോകുന്ന ദിവസങ്ങളെ ചൊല്ലി രാത്രികളില്‍ കണ്ണീരുകൊണ്ട് നെഞ്ചു നനച്ചവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങിയവന്‍.
അക്ഷരമറിയാത്തതിന്‍റെ വേദന ശരിക്കും മനസ്സിലാക്കുന്നത് തിരിച്ചു മരുഭൂമിയില്‍ എത്തിയപ്പോഴാണ്. പ്രിയപ്പെട്ടവളെ പിരിഞ്ഞ നോവും ഉള്ളിലെ തിളയ്ക്കുന്ന പ്രണയവും കത്തിലൂടെയെങ്കിലും പകര്‍ന്നു നല്‍കാനാവാത്തവന്‍റെ നിസ്സഹായത. ആരെ കൊണ്ടെങ്കിലും എഴുതിക്കുന്ന കത്തുകളില്‍ വീട്ടുവിശേഷങ്ങളും സുഖവിവരങ്ങളും മാത്രം ചോദിച്ച് അവസാനിപ്പിക്കേണ്ടി വന്ന ഗതികേട്.........പഠിപ്പില്ലാത്തവന് കിട്ടാവുന്ന തൊഴിലിന്‍റെ അവസ്ഥ അയാള്‍ക്കറിയാം. കുടുംബഭാരം തീര്‍ത്ത് സ്വന്തമായി ജീവിച്ചു തുടങ്ങുമ്പോഴേക്കും ഒരിക്കലും തിരിച്ചെടുക്കാനാവാതെ നഷ്ടപ്പെട്ടുപോയ ജീവിതാഹ്ലാദങ്ങളെ കുറിച്ചും.
മകളെ പെണ്ണ്കാണലിന് ഒരുക്കി ഉമ്മറത്തേക്ക് ചെവി കൊടുത്ത്, അടുക്കളയില്‍ നെഞ്ചിടിപ്പോടെ നില്‍ക്കുന്ന ഒരു സ്ത്രീയുണ്ട്. കുട്ടിയുടെ ഉമ്മ. പത്താം ക്ലാസ്സില്‍ ഏറ്റവും മിടുക്കിയായി പഠിച്ചു കൊണ്ടിരിക്കേ ഗള്‍ഫുകാരന്‍ പുതിയാപ്പിള എന്ന ‘മഹാഭാഗ്യ’ത്തിലേക്ക് എന്നെന്നേക്കുമായി പഠനം അവസാനിപ്പിച്ചു മണവാട്ടിയാകേണ്ടി വന്നവള്‍.
എമ്പാടും അംഗങ്ങളുള്ള ഒരു വീട്ടിന്‍റെ അടുക്കളയില്‍, തങ്ങളുടെ സൌഭാഗ്യങ്ങളെ തട്ടിപ്പറിക്കാന്‍ വന്നവള്‍ എന്ന മുറുമുറുപ്പുകളില്‍ ഒറ്റപെട്ടു നില്‍ക്കേണ്ടി വന്നവള്‍. പ്രിയതമനെ കാണാന്‍ പോലും ഒളിച്ചും പാത്തും നേരം നോക്കേണ്ടി വന്നവള്‍. ജീവനായി ഉള്ളില്‍ അലിഞ്ഞുപോയവനെ കരളു പൊട്ടുന്ന വേദനയോടെ ഓരോവട്ടവും മരുഭൂമിയിലേക്ക് യാത്രയയച്ചവള്‍.
അടുക്കളയിലെ കരിയും പുകയും കണ്ണീരും നിറഞ്ഞ ജീവിതത്തില്‍ വല്ലപ്പോഴും പാറിയെത്തുന്ന ഇളം നീല കത്തുകടലാസുകളില്‍ ആരോ കോറിയിട്ട നിര്‍ജ്ജീവാക്ഷരങ്ങളില്‍ വെറുതെ പ്രണയം തിരഞ്ഞവള്‍. ആണ്‍തുണയില്ലാതെ ബാങ്കുകളിലും സ്കൂളുകളിലും ഓഫീസുകളിലും ആശുപത്രികളിലും ഒറ്റക്ക് കയറി ഇറങ്ങേണ്ടി വന്നവള്‍. കൂടെ പഠിച്ചവര്‍ അവിടെ മേശക്കപ്പുറത്തെ കസേരകളില്‍ ഇരുന്ന് ലോഗ്യം പുതുക്കി ചിരിച്ചപ്പോള്‍ ഏറ്റവും മിടുക്കിയായി പഠിച്ചിട്ടും എവിടെയും എത്താതെ പോയ തന്‍റെ ജീവിതം ഓര്‍ത്ത് തല കുനിഞ്ഞു പോയവള്‍. അവള്‍ക്കറിയാം വിരഹത്തിന്‍റെ കടുത്ത വേദനയും ഒറ്റപ്പെടലും പഠിപ്പില്ലാതെ പോയതിന്‍റെ ഗതികേടും. ആ ഒരു അനുഭവങ്ങളിലേക്ക് മകളെ വലിച്ചെറിയരുത് എന്ന അവളുടെ ദൃഡനിശ്ചയമാണ് മകളെ നന്നായി പഠിപ്പിച്ചത്. ഉറക്കമൊഴിഞ്ഞും അവളുടെ പഠനത്തിനു കൂട്ടിരുന്നത്.
പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരനോട് വിദ്യാഭ്യാസത്തെ കുറിച്ചും ജോലിയെ കുറിച്ചും ചോദിച്ച ആ പെണ്‍കുട്ടിക്കറിയാം ഒരു സാദാ ഗള്‍ഫുകാരന്‍റെ എല്ലാ പ്രയാസങ്ങളും അരക്ഷിതമായ ജീവിതവും, വിവാഹം കഴിഞ്ഞും രണ്ടു നാടുകളിലായി വര്‍ഷങ്ങളോളം പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന പെണ്ണിന്‍റെ വിരഹവും ദുരിതവും നിസ്സഹായതയും. കുഞ്ഞുനാള്‍ മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്നവള്‍ക്ക് സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ നിശബ്ദയായി ഇരിക്കാന്‍ കഴിയില്ലല്ലോ.
അപൂര്‍വ്വമായി നടക്കുന്ന പെണ്ണുകാണലുകളും ഇങ്ങനെ അവസാനിച്ചു നിരാശരായി മടങ്ങേണ്ടി വരുമ്പോള്‍ കണ്ട സ്വപ്നങ്ങളും സങ്കല്‍പങ്ങളുമൊക്കെ കരിഞ്ഞു തുടങ്ങുന്നു. അന്വേഷണങ്ങളും പെണ്ണുകാണലുകളും ഏറെ നടന്നിട്ടും സംബന്ധം ഒന്നും ശരിയായില്ല എന്നത് എന്തോ പോരായ്മയായി കുശുകുശുക്കപ്പെടുന്നു.
മൂന്നാലുകൊല്ലത്തെ മരുഭൂ ജീവിതത്തിൽ നിന്ന് നാടിൻറെ പച്ചപ്പിലേക്ക് തിരിച്ചു പോന്നവന്റെ ആഹ്ലാദം നിലച്ചുപോയിരിക്കുന്നു. വീട്ടുകാരുടെ വേവലാതിക്കും കൂട്ടുകാരുടെ പരിഹാസത്തിനും നാട്ടുകാരുടെ ചോദ്യങ്ങൾക്കും മുന്നിൽ നിശബ്ദനായി ഉള്ളിലേക്ക് വലിഞ്ഞ്.... അർഹതയില്ലാത്ത ഒരിടത്തു വന്നുപെട്ട പോലെ എത്രയും പെട്ടെന്ന് തിരിച്ചുപോകാന്‍ തിടുക്കപെടുന്നു.
കണ്ട സ്വപ്നങ്ങളൊക്കെ വെറും പകല്‍ക്കിനാവുകള്‍ ആയിരുന്നു എന്ന തിരിച്ചറിവില്‍ തിരിച്ചു പോകാന്‍ വീണ്ടും പെട്ടിയൊരുക്കുമ്പോള്‍, ജീവിതസഖിക്കായി വാങ്ങി കരുതിവെച്ച സമ്മാനങ്ങൾ പെട്ടിയില്‍ നിന്ന് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ.....
ചേര്‍ത്ത് പുണരാന്‍, കണ്ണീരോടെ യാത്രയാക്കാന്‍, വര്‍ഷങ്ങളോളം തന്‍റെ ആരുമല്ലാതെ കുറഞ്ഞ നാള് കൊണ്ട് തന്‍റെ എല്ലമെല്ലാമായി മാറുന്ന ഒരു പെണ്ണില്ലാതെ തിരിച്ചുപോക്ക്.
തിരികെ എയർപോർട്ടിലേക്കുള്ള യാത്രയിൽ നിരത്തിനെ കളിക്കളമാക്കി, മൂന്നുപേർ കയറിയ ബൈക്കിൽ ഇരമ്പിപ്പായുന്ന യൗവ്വനം. ക്‌ളാസ് കട്ട് ചെയ്തു മാളിൽ സിനിമ കാണാനുള്ള കുതിപ്പ്. പാകമെത്തും മുമ്പ് വസന്തം എത്തിപ്പിടിക്കുന്നവരുടെ ആഘോഷം. വഴിയോരക്കാഴ്ചകളിൽ മയങ്ങി ലക്‌ഷ്യം മറന്നുപോയവരിൽ തെളിയുന്ന സെൽഫി തന്റേതു തന്നെയാണല്ലോ എന്ന് അയാള്‍ നെടുവീര്‍പ്പിടും..
വിമാനം ഉയരുമ്പോൾ ജാലകക്കാഴ്ചയിൽ, മാസങ്ങൾക്ക് മുമ്പേ തന്നെ ആഹ്ലാദിപ്പിച്ച പച്ചപ്പ് അകന്നകന്നു പോകുന്നത് നിസ്സംഗനായി നോക്കിയിരിക്കും.
ആദ്യ വിമാനയാത്രയുടെ അമ്പരപ്പും കൌതുകവും നിറഞ്ഞ കണ്ണുകളോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന നവവധുവിനെ ചേര്‍ത്തു പിടിച്ച് ആഹ്ലാദവനായ മറ്റൊരു ചെറുപ്പക്കാരന്‍ അപ്പുറത്തെ സീറ്റില്‍ എവിടെയോ ഉണ്ടാകും.
സ്വപ്നങ്ങളും പ്രതീക്ഷകളും വിരഹവും കണ്ണീരുമായി പച്ചപ്പില്‍ നിന്നും മരുഭൂമിയിലേക്കുള്ള വിമാനം പറന്നുയരും.
-------------------------
(നജീബ് മൂടാടി)
അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഉമ്മജീവിതങ്ങൾ
--------------------------------------------------------------------------------------------
അന്ന്, കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത് സുബ്ഹിക്ക് മുമ്പ് എണീറ്റ് മുറ്റമടിക്കലും പാത്രം കഴുകലും കഴിഞ്ഞാൽ ചേരി പിരിക്കാനിരിക്കും. മുറ്റത്തെ മൂലയിൽ കുന്നോളം തൂക്കച്ചേരി കൂടിയിട്ടിട്ടുണ്ടാവും. അത് പിരിച്ചു ചൂടിയാക്കണം. ചൊവ്വാഴ്ച തോറുമുള്ള വടകര ചന്തയിൽ വിൽക്കാനുള്ള കൊയിലാണ്ടിച്ചൂടി.
ചൂടി പിരിച്ചു കൊണ്ടിരിക്കുമ്പോ മുറ്റത്തു സൂര്യന്റെ വെളിച്ചം അരിച്ചരിച്ചു വീഴുന്നുണ്ടാകും. അന്നേരം കല്യാണത്തിന് മുമ്പ് ഓത്തുപുരയിലേക്ക് പോയതൊക്കെ ഓർമ്മ വരും. കുന്നുമ്മലെ ഓത്തു പുരയിലേക്ക് നടക്കുമ്പോൾ ഇങ്ങനെ ഇരുട്ടു മാറി വരുന്നതേ ഉണ്ടാവൂ.
രാവിലെ ചായ കുടിച്ചിട്ടാണ് ഓത്തിനു പോകുക. പത്തിരിയോ പുട്ടോ എന്തെങ്കിലും ഉണ്ടാകും. അത് കൊണ്ട് വിശപ്പറിയില്ല. ഇവിടെ ആകുമ്പോ ആ നേരത്ത് വിശപ്പ് തുടങ്ങും. എന്നാലും കാര്യമില്ല. ഒരുപാട് അംഗങ്ങൾ ഉള്ള വീടാണ്. രാവിലത്തെ ചായ പതിനൊന്നു മണിന്റെ തീവണ്ടി പോയി ഏറെ കഴിഞ്ഞാലൊക്കെയെ ഉണ്ടാവൂ. അത് തന്നെ പെണ്ണുങ്ങൾക്ക് കരിഞ്ചായയും എന്തെങ്കിലുമൊരു കൂട്ടലും. മുറ്റത്തു കുനിഞ്ഞിരുന്നു ചൂടി പിരിക്കുന്ന പതിനാലു വയസ്സിന്റെ ബാല്യത്തിന് അത്രേം നേരം താങ്ങാനാവുന്നതായിരുന്നില്ല വിശപ്പ്. വിശപ്പ് സഹിക്കാനാവാതെ ചിലപ്പോൾ തളർച്ച കൊണ്ട് ഉറക്കം തൂങ്ങിപ്പോകും.
സിംഗപ്പൂരിലുള്ള കാരണവർ കല്യാണം കഴിച്ചു കൊണ്ട് വന്ന അമ്മായിയുടെ കയ്യിൽ ഒരുപാട് കിത്താബുകൾ ഉണ്ട്. അറബിയിലും അറബി മലയാളത്തിലും. റസൂലിന്റെയും സഹാബാക്കളുടെയും ചരിത്രങ്ങൾ, മാലപ്പാട്ടുകൾ, സബീനപ്പാട്ടുകൾ മൗലീദ് കിതാബുകൾ...
സ്‌കൂളിൽ പോകാത്തത് കൊണ്ട്, ഓത്തുപുരയിൽ നിന്ന് പഠിച്ച അറബി മലയാളം അല്ലാതെ വേറൊന്നും വായിക്കാനാറിയില്ല.
വീട്ടിലേക്ക് പോകുമ്പോഴൊക്കെ അമ്മായിയോട് മൂന്നും നാലും കിത്താബുകൾ വാങ്ങി കൊണ്ടുവരാൻ തുടങ്ങി. ചൂടി പിരിക്കുമ്പോൾ കിതാബുകൾ മടിയിൽ നിവർത്തിവെച്ചു വായിക്കും. അപ്പോൾ വിശപ്പറിയില്ല. ഉറക്കം വരില്ല. ഒന്നുമറിയില്ല. മക്കത്തും മദീനത്തും ബദറിലും ഉഹ്ദിലും പിന്നെ ഇഫ്‌രീത്തു രാജന്റെ കോട്ടയിലും ഒക്കെയായി മനസ്സ് പറക്കുമ്പോൾ എന്ത് വിശപ്പും ദാഹവും. കോഴിക്കോട്ടങ്ങാടി പോലും കാണാത്ത ആ നാട്ടുമ്പുറക്കാരി പെൺകുട്ടിയുടെ മനസ്സിൽ ശാമും മിസ്റും ചെങ്കടലും ഒക്കെ അത്ഭുതമായി മനസ്സിൽ നിറഞ്ഞു. ഖദീജാ ബീവിയുടെ വഫാത്തും ആയിശാ ബീവിയുടെ മാല കളഞ്ഞുപോയതും ആളുകൾ അപവാദം പറഞ്ഞതും ഒക്കെ വായിച്ചു കരഞ്ഞു. ജിന്നുകളും ഇഫ്‌രീത്തുകളും കുതിരപ്പടകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പന മരങ്ങളും ഉള്ളൊരു അതൃപ്പലോകം.
പതിനൊന്നു മണിയുടെ തീവണ്ടിയുടെ ഒച്ച കേൾക്കുന്നോ എന്ന് തളർച്ചയോടെ ചെവിയോർത്തിരുന്നവൾ
ചൂടിപിരിച്ചു പരുക്കനായി മാറുന്ന ഇളം കൈകൾ കൊണ്ട് മടിയിൽ നിവർത്തി വെച്ച കിതാബുകൾ മറിച്ച് പിന്നെയും പിന്നെയും ആർത്തിയോടെ വായിച്ചു കൊണ്ടിരുന്നു. അക്ഷരങ്ങൾ തുറന്നു വെക്കുന്ന അത്ഭുതലോകത്തിലൂടെ യാത്ര ചെയ്യുമ്പോൾ വിശപ്പറിയാതിരിക്കുക മാത്രമല്ല അമ്പരപ്പിക്കുന്ന കാഴ്ചകൾ മനസ്സിൽ നിറഞ്ഞു. ചിരിയും കരച്ചിലും സന്തോഷവും സങ്കടങ്ങളും സ്നേഹവും ധീരതയും ഭക്തിയും....
അര നൂറ്റാണ്ട് മുമ്പ് തൂക്കച്ചേരി പിരിക്കുമ്പോൾ വിശപ്പറിയാതിരിക്കാനും ഉറക്കം വന്നു വീഴാതിരിക്കാനും അക്ഷരങ്ങളെ കൂട്ടുപിടിച്ച ആ പതിനാലുകാരിയുടെ പിന്തുടർച്ചയാണ് കൈയിൽ കിട്ടുന്നതൊക്കെ ആർത്തിയോടെ വായിക്കാൻ എന്നെയും ശീലിപ്പിച്ചിട്ടുണ്ടാവുക. ഇന്നും കണ്ണട വെച്ച് പത്രം അരിച്ചു വായിക്കുന്ന എന്റെ ഉമ്മയുടെ അക്ഷരക്കൊതിയുടെ താവഴി ഞങ്ങളുടെ മക്കളിലേക്കും...
ഓർമ്മ വെച്ച കാലം മുതൽ ഉമ്മാന്റെ നിസ്കാരപ്പായയുടെ അടുത്തുള്ള ജാലകപ്പടിയിൽ മഞ്ഞച്ച പേജുകളുള്ള ചെറിയ ചെറിയ കിതാബുകൾ കാണാറുണ്ട്. നിസ്കാരം കഴിഞ്ഞു കാലു നീട്ടിയിരുന്നു വായിക്കുന്ന ഉമ്മയുടെ ചിത്രമുണ്ട് ഇപ്പോഴും മനസ്സിൽ. യൂസഫ് നബിയെ കിണറ്റിൽ ഇട്ട കഥയും. പുഴയിൽ ഒഴുക്കിയ മൂസാനബിയുടെ ചരിത്രവുമൊക്കെ ഉമ്മ പറഞ്ഞു തന്നതാണ്. അറബി മലയാളം വായിക്കുന്ന പോലെ തന്നെ മാലകളും ബൈത്തുകളും ഈണത്തിൽ ചൊല്ലാനും ഉമ്മാക്ക് ഇഷ്ടമായിരുന്നു.
ഇന്ന് വായിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും, പാഠപുസ്തകങ്ങളുടെ പുറത്തേക്ക് ഒട്ടും വായനാശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന യുവതക്ക് ചിന്തിക്കാനാവുമോ സങ്കടങ്ങൾക്ക് പകരമായി അക്ഷരങ്ങളെ ചേർത്തുവെച്ചൊരു തലമുറയെ കുറിച്ച്.
എഴുതപ്പെടാതെ പോയ ഇതിഹാസങ്ങളാണ് ഓരോ ഉമ്മമാരും. മാതൃസ്നേഹം എന്ന വാഴ്ത്തുപാട്ടിൽ നാം ഒതുക്കിക്കളയുന്ന അമ്മമാരൊക്കെയും അതിനും അപ്പുറം ഒരു കുടുംബത്തിന്റെ ആഭ്യന്തര മന്ത്രിയായും സാമ്പത്തിക വിദഗ്ധയായും നയതന്ത്രജ്ഞയായും അങ്ങനെ വൈവിധ്യമാർന്ന രീതിയിൽ ഊർജ്ജ സ്രോതസ്സായി നിലകൊണ്ടതിന്റെ ഗുണഫലങ്ങളാണ് ആ കുടുംബം എന്നെന്നേക്കും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെയൊക്കെയും അടിത്തറ.
എന്റെ ഓർമ്മ തുടങ്ങുന്നത് ഞാൻ പിറന്നുവീണ ഞങ്ങളുടെ സ്വന്തം വീട്ടിൽ നിന്നാണ്. ഉപ്പ ബാംഗ്ലൂരിൽ നിന്ന് വരുന്ന ദിവസങ്ങളിലാണ് ഹൈവേയോട് ചേർന്നുള്ള വലിയ പറമ്പിനു നടുവിലെ ഇരുനില വീട്ടിൽ ആളും ബഹളവും ഉണ്ടാകുന്നത് . അക്ഷരം പഠിച്ചു തുടങ്ങിയ ശേഷം ഞങ്ങൾ മക്കൾ എഴുതിത്തുടങ്ങിയ കത്തുകളിലൂടെ അല്ലാതെ എഴുത്തും വായനയും അറിയാത്ത ഉപ്പാക്കും ഉമ്മാക്കും ഇടയിൽ യാതൊരു വിനിമയവും ഇല്ലാതിരുന്ന അക്കാലത്ത്, പത്താം തിയ്യതി കഴിഞ്ഞാൽ ഏതെങ്കിലും ഒരു വൈകുന്നേരം ഇന്ന് ഉപ്പ വരും എന്ന് ഉമ്മ ഊഹിച്ചു പറയുന്നത് എങ്ങനെ എന്ന് ഞങ്ങൾ അമ്പരന്നിട്ടുണ്ട്. കാരണം അങ്ങനെ പറഞ്ഞ ദിവസങ്ങളിൽ ഉപ്പ വരാതിരുന്നത് അപൂർവ്വം. ദീർഘയാത്ര ചെയ്തു വരുന്നതിനാൽ ചെടിച്ച വെള്ളക്കുപ്പായവും കാലുറയും കയ്യിലെ വലിയ കാർഡ്ബോർഡ് പെട്ടിയുമായി ഉപ്പ കടന്നു വരുന്നത് തന്നെ ആഹ്ലാദമാണ്.
ഉപ്പ വന്നു എന്നറിഞ്ഞാൽ എത്തുന്ന ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരുമായ ആളും ബഹളവും. അടുക്കളയിലെ ഒരുക്കങ്ങളും. ഉപ്പ തിരിച്ചു പോകുന്നതോടെയാണ് വീട് പിന്നെയും ഉറങ്ങിപ്പോകുന്നത്. എന്നാൽ ഉമ്മാക്ക് വെറുതെയിരിക്കാൻ നേരമുണ്ടായിരുന്നില്ല ഒരിക്കലും.
വല്യുപ്പ നല്ലൊരു കൃഷിക്കാരനായതു കൊണ്ടാവാം ഉമ്മാക്കും എന്തും നട്ടുനനച്ചുണ്ടാക്കുവാൻ ഇത്ര താല്പര്യമുണ്ടായത്. തെങ്ങിൻ തൈകൾ പാകിയും ചെറുകിഴങ്ങ് നട്ടും, കുലയ്ക്കാറായ വാഴകൾക്ക് ഊന്നു കൊടുത്തും ചേമ്പും ചേനയും കൂവയും ഉണ്ടാക്കിയും വീട്ടു വളപ്പിൽ തന്നെ ഉമ്മാക്ക് പിടിപ്പത് പണി ഉണ്ടായിരുന്നു. ഇതൊന്നും ആരുടേയും നിർബന്ധത്തിനു ചെയ്യുന്നതല്ല എന്നതായിരുന്നു കൗതുകം. ഉപ്പാക്ക് ഈ കൃഷിയോ അതിലുള്ള വരുമാനമോ വിഷയമായിരുന്നില്ല. പറമ്പുകളിലെ തേങ്ങ പറിപ്പിച്ചു കൂടയുടെയും അടുക്കളയുടേയും അട്ടത്ത് ഇടുവിച്ചും, അതൊക്കെ വെള്ളം വറ്റാൻ വാഴയും മടലുമൊക്കെ വലിച്ചു കൊണ്ടുവന്ന് നിത്യം പുകയിട്ട് കൊടുത്തും. പശുവിനെയും കോഴികളെയും പോറ്റിയും. ഞങ്ങൾ നാല് ആൺകുട്ടികളുടെ കാര്യം നോക്കിയും....
പൈപ്പ് വെള്ളമോ ഗ്യാസോ വാഷിങ് മെഷീനോ ഒന്നും ഇല്ലാത്ത കാലമാണ്. പുലർച്ചെ എഴുനേറ്റ് നിസ്കരിച്ചു ചായ ഉണ്ടാക്കി പശുവിനെ കറന്ന് കോഴികളെ തുറന്നിട്ട് ഞങ്ങളെ മദ്രസയിലും സ്‌കൂളിലും പറഞ്ഞയച്ച് വീട് വൃത്തിയാക്കി പിന്നെ ഇക്കണ്ട പറമ്പിലെ പണിയൊക്കെയും നോക്കി ചോറും കറിയും വെച്ച് അലക്കി...
ഇതിലൊക്കെ എന്തെങ്കിലും മടുപ്പോ സങ്കടമോ പറയുന്നത് കേട്ടിട്ടില്ല. അസുഖം വന്നാൽ പോലും ഇതൊക്കെ എങ്ങനെയാണു മുടക്കമില്ലാതെ കൊണ്ട് പോയിരുന്നത് എന്ന്.....
മടുപ്പില്ലാതെ ജീവിക്കാനുള്ള ഊർജ്ജവും ഉത്സാഹവും ഒക്കെ ആയിരിക്കാം അന്ന് ഉമ്മാക്ക് ഇതൊക്കെയും. അടക്ക വിറ്റും കുരുമുളക് വിറ്റും കിട്ടുന്നത് ഉപ്പാന്റെ വരുമാനം വെച്ച് എത്ര നിസ്സാരമായിരിക്കും എന്നും അതിന് ഉമ്മ എത്രത്തോളം മെനക്കെടുന്നു എന്നതും ചിന്തിക്കുന്ന എനിക്ക് തിരുവാതിരക്കാലത്ത് കുരുമുളകിന് തിരിയിട്ടോ എന്നത് മുതൽ ഉമ്മ അനുഭവിക്കുന്ന ആകാംക്ഷയും താഴെ വീണുപോയ മണികൾ അടക്കം ഇരുന്നു പെറുക്കി ഉണക്കിയെടുക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദവും മനസ്സിലാകില്ല. അടക്ക കുത്താൻ ഇരുന്നാൽ പുറം വേദന കൊണ്ട് ഉറങ്ങാൻ കഴിയാതെ പോകുന്ന രാത്രികളുടെ വില കിട്ടില്ലല്ലോ അടക്കക്ക് എന്ന എന്റെ യുക്തിക്കും അത് ഉൾക്കൊള്ളാനാവില്ല.
മുട്ടുവേദനയും കാലുവേദനയും കൊണ്ട് ഏറെയൊന്നും നടക്കാൻ പോലും കഴിയാത്ത അത്രയും തളരുന്നത് വരെ കൃഷിയും പശുവും ഒക്കെ കൊണ്ടുനടക്കാൻ ഉമ്മ ഉത്സാഹിച്ചിരുന്നു. ഞങ്ങളൊക്കെ കല്യാണം കഴിച്ചു കൊണ്ട് വന്നു പേരക്കുട്ടികൾ ആയി ഓരോരുത്തർക്കും വീടായി സ്വസ്ഥമായിട്ടും ഉമ്മ ഇപ്പോഴും അടങ്ങി ഇരിക്കുന്നില്ല. ഡോക്ടർമാരുടെ ഒരു നൂറു നിർദേശങ്ങൾ ഉണ്ടെങ്കിലും ഉമ്മ എണീറ്റ് രാവിലെ മുതൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നു. പറമ്പിലെ പുതുതായുള്ള ഓരോ തെഴുപ്പുകളിലേക്കും കൗതുകത്തോടെ കണ്ണ് നീളുന്നു. പത്രം അരിച്ചു പെറുക്കി ലോകകാര്യങ്ങൾ അറിയുന്നു. അങ്ങാടിനിലവാരം നോക്കി തേങ്ങയുടെ വിലയിടിവിൽ ഉത്കണ്ഠപ്പപെടുന്നു.
ഖത്തറിൽ അനുജനോടൊപ്പം സ്ഥിരമായി താമസിക്കാൻ വിസയുണ്ടെങ്കിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും വീടോർമ്മകൾ ഉമ്മാനെ എടങ്ങേറാക്കുന്നു.
മുറ്റത്തെ ചെടി നനക്കാറുണ്ടോ, തേങ്ങ ഉണങ്ങി വീഴുന്നുണ്ടോ, പറിക്കാൻ ആളെ കിട്ടിയോ, അടച്ചിട്ട പുര തുറന്നു നോക്കാറുണ്ടോ എന്നിങ്ങനെ ഒരുപാട് ആധികൾ കൊണ്ട് ഉമ്മ നാടിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കും. കോർണീഷോ ബനാന ഐലന്റോ ഒന്നും തന്നെ പറമ്പിനു പിന്നിലെ കാവിലെ കാറ്റിന് പകരമാവുന്നുണ്ടാവില്ല. തെഴുത്തു പൊങ്ങി വളരുന്ന മുരിങ്ങമരവും മൈലാഞ്ചിയും പിന്നെ ആരുടേയും കണ്ണിൽ പെടാതെ നാണിച്ചൊളിച്ചു നിൽക്കുന്ന പുതുതായി നട്ട പനിനീർ ചെടിയുടെ മൊട്ടും.... അങ്ങനെ ഓരോ പ്രഭാതങ്ങളും തരുന്ന പുതുകാഴ്ചകളുടെ ആനന്ദം. മക്കളായി കുടുംബമായി ജീവിച്ച മണ്ണും ചുറ്റുപാടും വിട്ട് അകന്നു നിൽക്കുമ്പോൾ തോന്നുന്ന നഷ്ടബോധം മാത്രമല്ല ഉപ്പയുടെ ഓർമ്മകളും പിടിച്ചു വലിക്കുന്നത് നാട്ടിലേക്കാണ്.
ആരോഗ്യമുള്ളൊരു ജീവിതകാലം മുഴുവൻ പ്രവർത്തന നിരതമായിരിക്കുക. ഞാൻ എന്റെ എന്ന ചിന്തയില്ലാതെ വീടിനും കുടുംബത്തിനുമായി ജീവിക്കുക അതൊരു ത്യാഗം എന്ന നിലയിൽ അല്ലാതെ ഏറ്റവും തൃപ്തമായി ആസ്വദിച്ച് കൊണ്ടാവുക. അത് കൊണ്ട് തന്നെ ഇതൊന്നും ആരാലും അംഗീകരിക്കപ്പെട്ടില്ലെങ്കിലും പരിഭവം തോന്നാത്ത ഒരുപാട് ഉമ്മമാരുടെ കൂട്ടത്തിൽ ഒരാളാണ് എന്റെ ഉമ്മയും.
നാമെപ്പോഴും ആദരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തവരെയാണല്ലോ. അങ്ങനെ ആദരണീയരായ വനിതാ വ്യക്തിത്വങ്ങൾ നമ്മെ കടന്നു പോയവരും, ഇന്നും ജീവിച്ചിരിക്കുന്നവരും ആയി എമ്പാടും ഉണ്ട്. തീർച്ചയായും അവരുടെ ജീവിതം സമൂഹത്തിനു മാതൃക തന്നെയാണ്. പക്ഷെ അതിലേറെ നമ്മെ സ്വാധീനിച്ച നമ്മുടെ ജീവിതത്തിലെ വിജയങ്ങൾക്ക് കാരണമായ, വീടകങ്ങളിൽ ഒതുങ്ങിപ്പോയ പെൺജീവിതങ്ങളെ കുറിച്ച് ആരാണ് പറയുക. മാതൃ സ്നേഹത്തിന്റെയും വത്സല്യത്തിന്റെയും കണ്ണീരുറയുന്ന അനുഭവ കഥകൾ പലരും എഴുതാറുണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ അവർ എങ്ങനെയാണ് കുടുംബത്തിനായി അർപ്പിച്ചത് എന്ന്. എവിടെയും വെട്ടപ്പെടാതെയും അവകാശവാദങ്ങൾ ഉന്നയിക്കാതെയും ആരും അറിയാതെ പോകുന്ന ഓരോ പെൺ ജീവിതങ്ങളും ഉറ്റവരെങ്കിലും അടയാളപ്പെടുത്തി വെക്കേണ്ടതില്ലേ എന്ന എന്നോട് തന്നെയുള്ള ചോദ്യത്തിന് ഉത്തരം തേടലാണ് ഈ എഴുത്ത്.
വാട്സ്ആപ്പിൽ പേരക്കുട്ടിയുടെ മക്കളുടെ കൊഞ്ചലും കളിയും കണ്ടും യൂട്യൂബിൽ വഅള് കേട്ടും പുതിയ കാലത്തെ അറിവിന്റെയും ആശയ വിനിമയത്തിന്റെയും വഴികളെ ചേർത്തു പിടിക്കുന്നുണ്ട് പണ്ട് ചൂടിപിരിക്കുമ്പോൾ കിതാബുകൾ വായിച്ചു വിശപ്പാറ്റിയ ആ പതിനാലുകാരി.
ഉമ്മാന്റെ കൂടെ കുറച്ചു നേരം ഇരിക്കുമ്പോൾ ഓർമ്മകളും പഴയ കഥകളുമൊക്കെ ഇങ്ങനെ ചോർത്തിയെടുക്കുന്നത് രസമാണെങ്കിലും എനിക്കത്ര പറ്റാത്ത ചില ചോദ്യങ്ങൾ ഉമ്മ ഇടയ്ക്കിടെ ചോദിച്ചു കളയും.
"ഇഞ്ഞെന്താടാ ഈ പറമ്പിങ്ങനെ തിരിഞ്ഞു നോക്കാതെ ഇട്ടത്..."
"കൊട്ടത്തേങ്ങക്ക് വെല ഉള്ളേരം ഉരിപ്പിക്കാണ്ട് ഇഞ്ഞ് എന്തിന് വെച്ച് കുത്തിരിഞ്ഞതാ"
എന്നൊക്കെ ചില 'എടങ്ങേറു പിടിച്ച' ചോദ്യങ്ങൾ ഇടക്ക് ഉണ്ടാവുമ്പോൾ ഞാൻ മെല്ലെ തടിയെടുക്കുന്നു.
'ബൗസു'ള്ള പെണ്ണാണ് കുടുംബത്തിന്റെ 'ബർക്കത്ത്' എന്ന പഴമക്കാരുടെ വർത്തമാനത്തിന്റെ പൊരുൾ എന്റെ ഉമ്മയെപ്പോലെ ഒരായിരം ഉമ്മമാർ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
---------------------------
✍നജീബ് മൂടാടി
ചായപ്പുല്ലിന്‍റെ മണമുള്ള ഓര്‍മ്മകള്‍
-----------------------------------------------------------
മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ‘അയ്യംകുളങ്ങര മദ്രസ’ എന്നും ‘കുന്നുമ്മലെ ഓത്തുപുര’ എന്നും വിളിക്കപ്പെട്ടിരുന്ന ഹിമായത്തുല്‍ ഇസ്ലാം മദ്രസയില്‍ രണ്ടു വര്‍ഷത്തോളം ഞാനും വിദ്യാര്‍ഥി ആയിരുന്ന കാലത്തെ ഓര്‍മ്മകള്‍.
പൂളക്കലെ ഓത്തുപുരയിലെക്കാള്‍ പഠിത്തം നന്നായി നടക്കും എന്ന് കേട്ടത് കൊണ്ടാണ് ഉപ്പ ഇക്കാക്കാനെയും എന്നെയും കുന്നുമ്മലെ ഓത്ത്പുരയിലേക്ക് മാറ്റി ചേര്‍ത്തത്. പട്ടേരി ഹാജ്യാരുടെ പേരക്കുട്ടി മുംതാസും ഉണ്ടായിരുന്നു ഒപ്പം.
അന്ന് ഹില്‍ബസാര്‍ റോഡ് ടാര്‍ ചെയ്തിട്ടില്ല. ഹില്‍ബസാര്‍ എന്ന പേര് പോലും ഇല്ല. ‘പൂളക്കലെ എട’യെന്നും, ‘വാളീലെ എട’യെന്നും പറയുന്ന വീതി കൂടിയ ഒരു ഇടവഴി മാത്രമായിരുന്നു ഇന്നത്തെ ഹില്‍ബസാര്‍ റോഡ്. റെയില് മുറിച്ച് കടന്ന് പോകുന്നത് ഇന്നത്തെ റെയില്‍വേ ഗെയ്റ്റ് ഉള്ള ഇടമല്ല. ഇത്തിരി വളഞ്ഞ് ഉത്തറമ്പത്ത് കണ്ടി ഹമീദ്ക്കാന്‍റെ വീടിന് മുന്നിലൂടെയാണ് അന്നത്തെ വഴി. കാല് കുഴഞ്ഞുപോകുന്ന പഞ്ചാരപ്പൂഴി നിറഞ്ഞ വഴി.
പോകുന്ന വഴിയിലെ ഓരോ വളവുകള്‍ക്കും അടയാളങ്ങളുണ്ട്. റെയില് കടന്നാല്‍ പഴയ ഉത്തറമ്പത്ത് കണ്ടിയിലെ പറമ്പില്‍ ‘റാട്ട്’ കൊണ്ട് ചൂടിപിരിക്കുന്ന അതിശയകാഴ്ച കാണാം. മുന്നോട്ട് പോവുമ്പോള്‍ കുഞ്ഞിമ്മമ്മൂക്കാന്‍റെ വീടും പറമ്പും കടന്നുപോകുന്നത് വരെ നെഞ്ചില്‍ ഒരു കത്തലാണ്. അല്‍സേഷ്യന്‍ നായ ശൌര്യത്തോടെ കുരച്ചുകൊണ്ട് ചിലപ്പോഴൊരു വരവുണ്ട്. ആ കുര കേട്ടാല്‍ മതി മൂന്നാളും ജീവനും കൊണ്ട് പറപറക്കും.
ആച്ചാണ്ടിയിലെ പുര കഴിഞ്ഞാല്‍ പിന്നെ പരന്നു കിടക്കുന്ന വയലാണ് മരക്കുളം . വഅളും നാടകവും ഒക്കെ നടക്കുന്നതും സൈക്കിള്‍ യജ്ഞക്കാര്‍ തമ്പടിക്കുന്നതും ഈ വയലിലാണ്. പറമ്പിലെ പീടിക കഴിഞ്ഞ് കുറുങ്ങോട്ട്മീത്തലെ കയറ്റം കയറാനാണ് പാട്. സ്കൂളില്‍ പഠിക്കുന്ന പര്‍വ്വതാരോഹണം അതാണെന്ന് ഞങ്ങള്‍ സങ്കല്‍പിച്ചു. പക്ഷെ ഈ കയറ്റത്തിന്‍റെ ആയാസം ഇല്ലാതാക്കുന്ന ഒരു സുഗന്ധമുണ്ട്. കുറുങ്ങോട്ട്മീത്തലെ കൊള്ളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന ചായപ്പുല്ലിന്‍റെ മണം. ചായപ്പുല്ലിന്‍റെ ഉണങ്ങിയ തണ്ടുകള്‍ മിനുസമുള്ള വടിപോലെ...
‘ചെറ്വാണത്തിലെ’ പീടിക എന്ന ചെറുപുനത്തിലെ പീടിക കഴിഞ്ഞാല്‍ വലത്ത് ഭാഗത്ത് സൈക്കിള്‍ നന്നാക്കുന്ന പപ്പേട്ടന്‍റെ വീടും വീടിനു മുന്നിലെ കിണറുമാണ് അടയാളം (ഇപ്പോഴത്തെ ‘ആരാമം’). പിന്നെ ഓത്തുപുരയിലേക്ക് ഏറെ ദൂരമില്ല.
ഒറ്റ നിലയില്‍ നീളത്തില്‍ ഉള്ള ഓത്തുപുര രണ്ടു ഭാഗമാണ്. ‘മുതൂനത്തെ’ പള്ളിയിലേക്കുള്ള (മുഹിയുദ്ധീന്‍ ജുമാ മസ്ജിദ്) ഇടവഴിയോട് ചേര്‍ന്ന്‍ രണ്ട് ക്ലാസ്മുറികള്‍ ‘ചെറിയൊന്നും’ ‘വലിയൊന്നും’. ഇപ്പുറത്ത് രണ്ടാം ക്ലാസ് മുതല്‍. ‘ചെറിയ ഒന്ന്’ എന്ന ‘അര’ക്ലാസില്‍ ഇരുന്നു നോക്കിയാല്‍ മുറ്റത്ത് മതില്‍കെട്ടുള്ള ഉണിരാംകണ്ടിയിലെ പഴയ തറവാട്ടില്‍ വെറ്റിലക്കൊടി നനക്കാന്‍ ‘ഏത്തക്കൊട്ട’യില്‍ വെള്ളം കോരുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യാം. ഓത്തുപുരയുടെ അടുത്ത് അയ്യംകുളങ്ങര പറമ്പിലുള്ള ചായപ്പീടികയില്‍ ഇരുന്നാണ് വെള്ള തലേക്കെട്ട് കെട്ടിയ ഉണിരാംകണ്ടി മജീദിന്‍റെ വല്യുപ്പയെപ്പോലെ പ്രായം ചെന്നവര്‍ ഇരുന്ന്‍ നാട്ടുവര്‍ത്തമാനം പറയുന്നത്. .
മദ്രസയിലെ ഉസ്താദുമാര്‍ പാലാഴിമീത്തലെ മമ്മദ്ക്കയും, എടോടി കാദര്‍കുട്ടിക്കയും, ചെറുപുനത്തിലെ മമ്മദ്ക്കയും പുറമെ വലിയ ക്ലാസ്സില്‍ പഠിപ്പിക്കുന്ന നാട്ടുകാരനല്ലാത്ത താടിവെച്ച ഒരു ഉസ്താദും ആയിരുന്നു.
പരീക്ഷ കഴിഞ്ഞാല്‍ മദ്രസയിലേക്ക് മുസ്ഹഫും പാഠപുസ്തകങ്ങളും കൊണ്ട് വരുന്നത് ചെറുപുനത്തിലെ മമ്മദ് ഉസ്താദാണ് . പൂളക്കല്‍ അങ്ങാടിയില്‍ കുറ്റിക്കാട്ടിലെ അസ്സയിനാര്‍ക്കാന്‍റെ പീടികയിലും മുസ്ഹഫും മദ്രസാ പാഠപുസ്തകങ്ങളും വിറ്റിരുന്നു. മുസ്ഹഫിന്‍റെയും ഇളം റോസ് നിറത്തിലും മഞ്ഞ നിറത്തിലും ചട്ടയുള്ള കിതാബുകളുടെയും പുതുമയുള്ള മണം.......... മദ്രസയിലേക്ക് പോകുമ്പോള്‍ മല്ല് തുണികൊണ്ട് ലക്കോട്ടു പോലെ തയ്ച്ച ഉറയിലാണ് മുസ്ഹഫ് വെക്കുന്നത്. അത് ചുറ്റിക്കെട്ടാന്‍ തുണികൊണ്ട് തന്നെ നീളമുള്ളൊരു നാട. മറ്റു പുസ്തകങ്ങളും സ്ലേറ്റും വേറെ.
കുറ്റിക്കാട്ടിലെ ബഷീറും, മേത്തലെ വളപ്പിലെ നിസാറും, താഴെ കുന്നത്തെ ബഷീറും, എടോടി നസീറും, പൊറത്തുട്ടെ അഷറഫും......... ഇവരൊക്കെയായിരുന്നു സഹപാഠികള്‍. ആദ്യമായി സഹപാഠിയുടെ മരണം അറിഞ്ഞതും കുന്നുമ്മലെ ഓത്തുപുരയിലെ പഠനകാലത്താണ്. ഞങ്ങളോടൊപ്പം പഠിച്ചിരുന്ന മദ്രസയുടെ മുന്നിലുള്ള വീട്ടിലെ (തടത്തില്‍) അസുഖക്കാരനായ ഒരു കുട്ടി. മരണത്തിന്‍റെ ഗൌരവം എന്തെന്ന് അറിയാത്ത പ്രായമാണെങ്കിലും തൊട്ടടുത്ത ഇരിപ്പിടത്തിലെ ശൂന്യത ഇനിയൊരിക്കലും തിരിച്ചുവരാത്ത സഹപാഠിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തിയിരുന്നു.
മദ്രസ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക യൂണിഫോമോ തൊപ്പിയോ മഫ്തയോ നിര്‍ബന്ധമില്ലാത്ത കാലമായിരുന്നു അത്. ക്ലാസ്സുകള്‍ക്കിടയില്‍ മറ കൊണ്ട് വേര്‍തിരിചിരുന്നില്ല. ക്ലാസുകള്‍ നിറയെ കുട്ടികള്‍. ഓതുന്നതിന്‍റെയും ചൊല്ലിപ്പടിപ്പിക്കുന്നതിന്‍റെയും ബഹളം. ഖുര്‍ആനു പുറമെ ദീനിയാത്തും അമലിയാത്തും അഹ് ലാക്കും തജ് വീദും..............
എടോടി കാദര്‍കുട്ടി ഉസ്താദ് അല്ലാഹുവിന്‍റെ ‘ദാത്തു’കളും ‘സ്വിഫത്തു’കളും പഠിപ്പിച്ച ദിവസത്തെ ക്ലാസ്മുറി ഇപ്പോഴും ഓര്‍ക്കുന്നു. ദിവസവും പഠിപ്പിക്കുന്നത് പിറ്റേന്ന് പഠിച്ചു പറഞ്ഞു കൊടുത്തില്ലെങ്കില്‍ അടിയും നന്നായി പഠിച്ചു ചെന്നാല്‍ അഭിനന്ദനവും പ്രതീക്ഷിക്കാം. ഉസ്താദ് ഇല്ലാത്ത ഒരു ദിവസം ശരിക്കും ആഘോഷിച്ചത് കാദര്‍കുട്ടി ഉസ്താദിന്‍റെ കല്യാണത്തിനായിരുന്നു. മദ്രസ വിടുന്നതിനു മുമ്പ് എല്ലാ കുട്ടികളും ഉറക്കെ ചൊല്ലുന്ന സ്വലാത്ത് ഇന്നത്തെപോലെ വാഹനങ്ങളുടെ ബഹളമോ ഒച്ചയനക്കങ്ങളോ ഇല്ലാത്ത ദേശത്ത് പ്രകമ്പനം കൊണ്ടു.
നോമ്പിന് മുമ്പോ മൌലീദ് മാസത്തിലോ ഒക്കെയായി മദ്രസ്സയില്‍ ‘വഅള്’ ഉണ്ടാകും. തടത്തിലെ പറമ്പിന്‍ കൊള്ളിന്മേലാണ് വേദിയൊരുക്കുന്നത്. വഅള് തുടങ്ങുന്നതിനു മുമ്പേ ഏതാനും മുതിര്‍ന്നവരും മദ്രസയിലെ കുട്ടികളും മൈക്കിലൂടെ ‘ബുര്‍ദ’ ചൊല്ലാന്‍ തുടങ്ങും. ‘മൌലായ സ്വല്ലീവസാ.....’
ഈണത്തിലുള്ള ബുര്‍ദ കേട്ട് തുടങ്ങുമ്പോള്‍ വീട്ടിലെ പണിയൊക്കെ തീര്‍ത്തു രാത്രി ഭക്ഷണവും കഴിഞ്ഞ് സ്ത്രീകളും പുരുഷന്മാരും മദ്രസയുടെ വളപ്പിലും മുന്നിലെ നിരത്തിലുമായി വഅള് കേള്‍ക്കാന്‍ ഇരിക്കും. ( നിരത്തിലൂടെ സൈക്കിള്‍ അല്ലാത്ത വാഹനം അപൂര്‍വ്വം. മൂടാടി പ്രദേശത്ത് അന്ന് ആകെയുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ മേത്തലക്കുനി മമ്മദ്ക്കയുടെ ബുള്ളറ്റ് ആണ്!!)
സ്വര്‍ഗ്ഗത്തിന്‍റെ ‘പോരിശ’കള്‍ കേട്ട് സന്തോഷിച്ചും, നരക ശിക്ഷയുടെ കാഠിന്യം ഓര്‍ത്ത് ബേജാറായും ദീനീ പ്രബോധന കാലത്ത് മുത്ത്റസൂല്‍ അനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും കേട്ട് കണ്ണീര്‍ വാര്‍ത്തും, നിഷ്കളങ്കരായ നാട്ടിന്‍പുറത്തുകാര്‍......... പാതിരാവിലെ ആ റഹ്മത്തിന്‍റെ സദസ്സുകളിലെ പ്രാര്‍ഥനകള്‍ക്ക് മലക്കുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടാകും.
‘ഓത്തുകുട്ട്യേക്ക് ചോറ്’ കൊടുക്കുക എന്നത് പുണ്യമേറിയ കാര്യമായി പലരും നേര്‍ന്നിരുന്നു. സ്കൂള്‍ അവധി ദിവസങ്ങളിലാണ് ഇത് നടത്തുക. മദ്രസ വിട്ടാല്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വരിവരിയായി കുട്ടികള്‍ ചോറ് കൊടുക്കുന്ന വീട്ടിലേക്ക് പോകുന്നു. കോലായില്‍ നീളത്തില്‍ വിരിച്ച പുല്ലുപായയില്‍ ഇലയിട്ട് നെയ്ച്ചോറോ ‘ബിരിഞ്ചി’യോ വിളമ്പും. പോത്തിറച്ചിയുടെ കറിയോ പരിപ്പോ ഉണ്ടാകും കൂട്ടാന്‍. മദ്രസ്സയില്‍ നിന്ന് പുറപ്പെടും മുമ്പ് അച്ചടക്കത്തോടെ കഴിക്കണം എന്ന ഉസ്താദിന്‍റെ ഉപദേശമൊക്കെ ഓര്‍മ്മയുണ്ടാമെങ്കിലും ചോറ് തിന്നു തുടങ്ങിയാല്‍ വെള്ളം കിട്ടാന്‍ പലഭാഗത്തുനിന്നും വിളി തുടങ്ങും. ചൂടുള്ള ചോറും എരിവുള്ള കറിയും വായിലിട്ട് പരവശരായിപ്പോകുന്ന കുട്ടികള്‍ ഉസ്താദിന്‍റെ ഉപദേശമൊക്കെ അപ്പോള്‍ മറന്നുപോകും. ......സാമ്പത്തികശേഷി കുറഞ്ഞ ചില വീടുകളില്‍ വെല്ലവും കഞ്ഞിയും ആണ് ഉണ്ടാവുക. വലിയ കിണ്ണത്തിലോ കാസയിലോ ഒഴിച്ച കഞ്ഞി ഒരു കൈ കൊണ്ട് പ്ലാവിലകുമ്പിളില്‍ കൊരിക്കുടിച്ചും മറ്റേ കയ്യിലുള്ള ആണിവെല്ലം ഇടക്ക് നക്കിയും........
കയ്യെഴുത്തും നബിദിനവും ഓത്തുപുരയിലെ ഗംഭീര ആഘോഷങ്ങളാണ്. കൈവെള്ളയില്‍ എഴുതിയ അക്ഷരങ്ങള്‍ ഉണങ്ങുന്നതിന് മുമ്പ് തന്നെ നക്കുവാന്‍ മത്സരിക്കുന്ന കുട്ടികള്‍. കയ്യെഴുത്തിന് കുട്ടികളും പ്രസംഗവും പാട്ടും ഒക്കെയുണ്ടാകും. കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ചെറുപുനത്തിലെ മമ്മദ് ഉസ്താദ് ആയിരുന്നു.
നബിദിനത്തിന് ഒന്നൂടെ ആഘോഷമാണ്. മദ്രസ്സയില്‍ നിന്ന് ഈന്തിന്‍കയ്യില്‍ ഒട്ടിച്ച വര്‍ണ്ണക്കടലാസിന്‍റെ കൊടിയും പിടിച്ച് വരിവരിയായി കുട്ടികളും ഒപ്പം മുതിര്‍ന്നവരും ‘കൂലൂ തക്ബീര്‍’ ചൊല്ലിക്കൊണ്ട് നിരത്തിലൂടെ അങ്ങാടി ചുറ്റി ‘മുതൂനത്തെ’ പള്ളിയിലേക്ക് പോകും. ആവേശത്തോടെ തക്ബീര്‍ വിളിച്ചും സ്വലാത്ത് ചൊല്ലിയും റസൂലിന്‍റെ മദ്ഹുകള്‍ പാടിയും ഉള്ള ഈ ഘോഷയാത്ര കാണാന്‍ ഓരോ വീട്ടില്‍ നിന്നും സ്ത്രീകള്‍ വേലിക്കലും തിണ്ടിന്മേലും വന്ന് നില്‍ക്കും.
നാട് ചുറ്റി ജുമുഅത്ത് പള്ളിയിലേക്ക് എത്തുമ്പോഴേക്കും തളര്‍ന്നിട്ടുണ്ടാകും. പച്ചപ്പായല് പിടിച്ച പള്ളിക്കുളത്തിലെ മീനുകളെ കൌതുകത്തോടെ നോക്കി നില്‍ക്കാന്‍ കുളത്തിന്‍റെ പടവുകളിലേക്ക് ഇറങ്ങുന്നത് ഉസ്താദുമാര്‍ വിലക്കും. പള്ളിക്കിണറില്‍ നിന്ന് കൊട്ടക്കോരി കൊണ്ട് കോരിയെടുക്കുന്ന വെള്ളം കുടിക്കാന്‍ കുട്ടികള്‍ തിരക്ക് കൂട്ടും. “ഇന്ന്വ്ടത്തെ വെള്ളത്തിന് പഞ്ചാരത്തണ്ണിന്‍റെ ചൊയായിരിക്കും മോനേ” എന്ന് ആരോ പറഞ്ഞത് ശരിയായിരിക്കുമോ എന്ന് വെള്ളം കുടിക്കുന്നതിനിടയില്‍ ഓര്‍ക്കും....
നീണ്ടു കിടക്കുന്ന ഖബര്‍സ്ഥാനില്‍ മീസാന്‍കല്ലുകള്‍ക്ക് ചുവട്ടില്‍ ഉറങ്ങിക്കിടക്കുന്നവര്‍ പള്ളിപ്പറമ്പില്‍ തക്ബീറും സ്വലാത്തും ചൊല്ലിവന്ന കുഞ്ഞുപാദങ്ങളെ തിരിച്ചറിയുന്നുണ്ടാകുമോ. അവരുടെ ഞരമ്പുകളില്‍ ഓടിയ ചോരയുടെ പിന്മുറക്കാര്‍. വെറ്റിലക്കൊടിയും ഞാറും തേങ്ങയും ചാലിയിലെ മീനും ജീവിത മാര്‍ഗ്ഗമായിരുന്ന കടന്നുപോയ ഒരു തലമുറ. കഠിനാധ്വാനം ചെയ്തിട്ടും ദാരിദ്ര്യവും പട്ടിണിയും രോഗവും ദുരിതങ്ങളും നിത്യാനുഭവമായിരുന്നൊരു കാലം. ചൂടി പിരിച്ചും ഓല മെടഞ്ഞും വെറ്റില ചായ്ച്ചും നെല്ല് പുഴുങ്ങിയും മക്കളെ പ്രസവിച്ചും അവരുടെ സ്ത്രീകള്‍...
ഇഹലോകത്തിലെ ദുരിതങ്ങളില്‍ അവര്‍ പടച്ചവനെ മറന്നില്ല. വയലിലെ പണിക്കിടയില്‍ നിസ്കരിക്കാന്‍ സ്രാമ്പി പണിഞ്ഞവര്‍. റബീഉല്‍ അവ്വല്‍ മാസം നിത്യവും വീട്ടില്‍ മൌലീദ് ഓതിയവര്‍. ബൈതുകളും മാലകളും ഈണത്തില്‍ ചൊല്ലിയ സ്ത്രീകള്‍. വീട്ടില്‍ പട്ടിണി ആണെങ്കിലും പള്ളിക്ക് കൊടുത്ത തെങ്ങിലെ തേങ്ങ എടുക്കാത്തവര്‍. ഉള്ളത് സ്വരുക്കൂട്ടി ഹജ്ജിനു പോയവര്‍.......
പള്ളിക്കാട്ടിലെ മീസാന്‍കല്ലുകളില്‍ എഴുതിവെക്കപ്പെടാത്ത പേരുകള്‍. ഈ നാടിന്‍റെ വെളിച്ചങ്ങള്‍. അവരുടെ മുന്നില്‍ ഞങ്ങള്‍ ഈണത്തോടെ വിളിക്കുന്നു ‘കൂലൂ തക്ബീര്‍............അല്ലാഹു അക്ബര്‍’...
----------------------
നജീബ് മൂടാടി
വര്‍ണ്ണക്കുട തേടിവന്നൊരാള്‍
--------------------------------------------------
മിട്ടായിത്തെരുവില്‍ ഏറെ നേരമലഞ്ഞ് ആശിച്ചപോലെ സ്വര്‍ണ്ണനിറമുള്ള ചെരിപ്പ് കിട്ടിയപ്പോള്‍ മോളുടെ മുഖത്ത് പുറത്തെ കുംഭവെയിലിനേക്കാള്‍ തിളക്കമുണ്ടായിരുന്നു.
പാകമാണോ എന്നറിയാന്‍ ചെരിപ്പിട്ട് കടയിലൂടെ നടന്നു നോക്കുമ്പോള്‍ അവളുടെ ഉമ്മയുടെ മുഖത്തും തിളങ്ങി നിന്നു അതുപോലൊരു ചിരിവെയില്‍.
പത്തുനാള്‍ മാത്രം നീണ്ട അവധിയുടെ ഓട്ടപ്പാച്ചിലിനിടയില്‍, നാട്ടില്‍ പോകുന്നതിനു മുമ്പേ മോള് പറഞ്ഞുവെച്ച കുഞ്ഞുമോഹം സാധിപ്പിച്ച ആഹ്ലാദം എന്‍റെയുള്ളിലും......
മിട്ടായിത്തെരുവില്‍ നിന്നും രണ്ടാം ഗെയ്റ്റിലേക്കുള്ള വഴിയില്‍ കോര്‍ട്ട്റോഡിലൊരു ചെറിയ കടയുണ്ട്. കട എന്ന് പറയാനില്ല ഒരു പീടികച്ചെയ്തിയില്‍ ഇത്തിരി മുന്നോട്ടായൊരു പെട്ടിക്കട. കടക്കാരന്‍ അവിടെ ഇരുന്ന് പല വര്‍ണ്ണത്തിലുള്ള കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നു. കൂടാതെ സിഗരറ്റും ബീഡിയും നാരങ്ങാ വെള്ളവും....
അവിടെ നിന്നൊരു ‘സോഡാസര്‍ബത്തി’ന്‍റെ തണുപ്പില്‍ വെയില് കൊണ്ട് വാടിയ ക്ഷീണം തീര്‍ക്കുമ്പോഴാണ് കുടകള്‍ ഓരോന്നായി ഭംഗി നോക്കുന്ന ആളെ ശ്രദ്ധിച്ചത്. ഏതോ അന്യസംസ്ഥാന തൊഴിലാളി.
എന്‍റെ നോട്ടം കണ്ടാവണം കടക്കാരന്‍ പറഞ്ഞു.
“ഞാറായ്ച്ചാവണം... അന്ന് ഇവിടെ ഇവരെ കളിയാ ....നാട്ടിലേക്ക് കൊണ്ടോവാനുള്ള സാധനം വാങ്ങിക്കാന് ......അന്നാ ശരിക്കും കച്ചോടം”
കുടകള്‍ ഓരോന്നും എടുത്തു നോക്കിയ അയാള്‍ക്ക് പിങ്ക് നിറമുള്ളൊരു കുട ഏറെ ഇഷ്ടമായെന്ന് തോന്നുന്നു. അത് നിവര്‍ത്തിയും മടക്കിയും ഭംഗി നോക്കുമ്പോള്‍ പീടികക്കാരന്‍ വില പറയുന്നതൊന്നും ആ ചെറുപ്പക്കാരന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഏതോ സ്വപ്നത്തിലെന്നപോലെ അയാളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു നിന്നു... അയാളുടെ കണ്ണുകളില്‍ ദൂരെ ദൂരെ ഏതോ ഒരു മഴയില്ലാ നാട്ടില്‍ പൂത്തു നില്‍ക്കുന്ന വെയില്‍ ചുവട്ടില്‍ പിങ്ക് നിറമുള്ള കുട ചൂടി അയാള്‍ക്ക് പ്രിയപ്പെട്ട ആരോ..... ആ കാഴ്ചയിലായിരിക്കും അയാളുടെ മുഖത്തിങ്ങനെ ചിരി വിടരുന്നത്...
അയാളുടെ ഉള്ളിലടിക്കുന്ന ആഹ്ലാദത്തിര എനിക്ക് കാണാനാവും. കണ്ണെത്താദൂരത്ത് ജീവിതം തേടിപ്പോയവന്‍റെ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞ പത്തൊമ്പത് വര്‍ഷത്തിനിടയില്‍ പലവട്ടം ഞാനും ഇത് അനുഭവിച്ചതാണല്ലോ. കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്ന മാലിയയിലും , ഇറാനി സൂക്കിലും , ബുഡ്ഢി മാര്‍ക്കറ്റിലും , സൂഖുല്‍ വത്വനിയയിലും.......... ഈ തിളക്കമുള്ള കണ്ണുകള്‍ ഞാനേറെ കണ്ടിട്ടുണ്ട്.
ഏതു നാട്ടിലായാലും പ്രവാസി ദൂരെ ദൂരെ തന്‍റെ പ്രിയപ്പെട്ടവരെ അദൃശ്യമായൊരു സ്നേഹ നൂല് കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നു...... കണ്മുന്നില്‍ എന്നപോലെ സ്നേഹിച്ചും ഓമനിച്ചും കൊഞ്ചിച്ചും ... കൂട്ടിവെച്ച ഒരുപാട് പകല്‍ക്കിനാവുകളാണവനെ ജീവിപ്പിക്കുന്നത്.. ആ സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് സ്നേഹസമ്മാനങ്ങളായി .............
കടക്കാരന്‍ പറഞ്ഞ പണം കൊടുത്ത് ആ പിങ്ക് കുട വാങ്ങി അയാള്‍ നിരത്തിലേക്കിറങ്ങി. ഭൂമിയിലെ ഏറ്റവും ആഹ്ലാദവാനായ ആ മനുഷ്യന്‍ തിരക്കില്‍ മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.
----------------------------
✍നജീബ് മൂടാടി
ഉപ്പ
-------
ഉപ്പാന്‍റെ മുഖത്തിന് പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. കല്യാണത്തലേരാത്രിയാണെങ്കിലും ഒരുപാടാളുകള്‍ വന്നിരുന്നു. പന്തലില്‍ ഇപ്പോഴാണ് തിരക്ക് കുറഞ്ഞത്. നെയ്ച്ചോറിന്‍റെ മണമുള്ള കാറ്റില്‍ ജനറേറ്ററിന്‍റെ ശബ്ദവും, കുട്ടികള്‍ ഓടിക്കളിക്കുന്ന ബഹളവും കലര്‍ന്നു.
വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ എണ്ണിയെണ്ണി കഴിഞ്ഞ ഓരോ നാളുകളും സ്വപ്നലോകത്തിലൂടെയുള്ള അനുഭൂതി നിറഞ്ഞ ഒരു യാത്രപോലെ..... ഈ ഒരു രാത്രി കൂടി പിന്നിടുമ്പോള്‍....
ഇത്ര നേരവും പാട്ടും ചിരിയും കളിയാക്കലുമായി കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. എല്ലാവരും പോയപ്പോള്‍ ഒരു ഒറ്റപ്പെടല്‍ പോലെ. നല്ല ക്ഷീണം തോന്നുന്നു. ഇന്നലെ മൈലാഞ്ചിരാവിലും ശരിക്ക് ഉറങ്ങിയിട്ടില്ല. ഉച്ചമുതല്‍ അണിഞ്ഞ കല്യാണപെണ്ണിന്‍റെ വേഷവും തലയില്‍ ചൂടിയ മുല്ലപ്പൂക്കളും മുഖത്തെ മെയ്ക്കപ്പും ഏറെ നേരമായുള്ള നില്‍പ്പും എല്ലാം കൂടി വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
നാളെ മുതല്‍ മറ്റൊരു വീട്ടിലേക്ക്.. പുതിയൊരു ജീവിതത്തിലേക്ക്. അവളോര്‍ത്തു. .... ജനിച്ചു വളര്‍ന്ന വീട്ടില്‍ ഇനി ഒരു വിരുന്നുകാരിയെപ്പോലെ കയറി വരുന്നത് ......
ആഹ്ലാദങ്ങള്‍ക്കിടയില്‍ എന്തിനെന്നറിയാതെ ഉള്ളിലൊരു സങ്കടം കനക്കുന്നതറിഞ്ഞു. ഇത്രനാളും ഉപയോഗിച്ച കിടപ്പുമുറിയില്‍ വെറുതെ നിന്നു. അടുക്കി വെച്ച പാഠപുസ്തകങ്ങള്‍ തലോടി...മേശയില്‍ പലപ്പോഴായി ശേഖരിച്ച കുഞ്ഞുകുഞ്ഞു കൌതുകങ്ങളില്‍ നിന്ന് ശൈശവവും ബാല്യവും നോക്കി ചിരിച്ചു.
ഉമ്മ പിന്നാമ്പുറത്ത് തിരക്കിലാണ്. വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു വന്ന് അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറയാനും സഹായിക്കാനും ഇനി താന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളിലൊരു കരച്ചില്‍ വന്നു മുട്ടി.
നടുവകത്തെ ചുവരോട് ചേര്‍ത്തിട്ട, സ്ഥിരമായി പഠിക്കാനിരിക്കുന്ന കസേരയുടെ പിറകില്‍ . വര്‍ഷങ്ങളായി തന്‍റെ തല ചാരി ഇരുണ്ടുപോയ അടയാളം ചുവരില്‍ എത്ര മായ്ച്ചിട്ടും മായാതെ....
ജാലകത്തിലൂടെ മുറ്റത്തെ പന്തലിലേക്ക് വെറുതെ നോക്കിയിരുന്നു. ഉപ്പയോട് കൈ പിടിച്ചു കുലുക്കി യാത്ര പറഞ്ഞു പിരിയുന്നവര്‍. നാളെ നേരത്തെ വരണേ എന്ന് ഓര്‍മ്മിപ്പിച്ച് അവരെ സന്തോഷത്തോടെ യാത്രയാക്കുന്ന ഉപ്പയുടെ ചിരി...
ഏറെ കാലത്തിനു ശേഷം കാണുന്നത് പോലെ ഉപ്പയെ തന്നെ നോക്കിനിന്നു. ഉപ്പ എപ്പോഴാണ് ഇത്രയും വയസ്സനായത്. അവള്‍ അതിശയത്തോടെ ചിന്തിച്ചു. മുടി വല്ലാതെ നരച്ചിരിക്കുന്നു. മുഖം ക്ഷീണിച്ച്....ചുമലുകള്‍ വല്ലാതെ തൂങ്ങിയപോലെ. പഴയ കുപ്പായം ഒട്ടും പാകമല്ലാതെ അയഞ്ഞു കിടന്നു........
കോളേജില്‍ പോകാന്‍ തുടങ്ങിയ ശേഷം ഉപ്പയെ ഇങ്ങനെ അടുത്ത് കാണാറില്ലല്ലോ. അവള്‍ ഓര്‍ത്തു. താന്‍ ഉണര്‍ന്നു വരുമ്പോള്‍ സുബ്ഹി നിസ്കരിച്ചു വന്ന് ഉപ്പ നടുവകത്തിരുന്ന് ഖുര്‍ആന്‍ ഓതുന്നുണ്ടാകും. ഈണത്തോടെ തലയാട്ടി ലയിച്ചുള്ള പാരായണം. ഉറക്കച്ചടവോടെ അടുക്കളയിലേക്ക് പോകുമ്പോള്‍ ഓതുന്നതിനിടയിലും ഉപ്പ ഒരു ചിരി സമ്മാനിക്കും. പണിയൊക്കെ തീര്‍ത്ത് ധൃതിപ്പെട്ട് കോളേജിലേക്ക് ഓടുമ്പോള്‍ ഉപ്പ പറമ്പില്‍ എന്തെങ്കിലും ജോലിയിലായിരിക്കും. രാത്രി പീടികപൂട്ടി വരുമ്പോഴേക്ക് താന്‍ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.
കുഞ്ഞുന്നാളില്‍ ഉപ്പ പീടിക പൂട്ടിവരുന്നത് വരെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയെ ഓര്‍ത്തു. കടലാസു പൊതിയിലെ മിട്ടായി കയ്യില്‍ മറച്ചു പിടിച്ച്, ..പരിഭവപ്പെടുമ്പോള്‍ കയ്യിലേക്ക് പൊതി വെച്ച് തന്ന് എടുത്തുയര്‍ത്തുന്ന ഉപ്പയുടെ കണ്ണുകളിലെ ചിരിത്തിളക്കം.... ഉരുട്ടിത്തന്ന ചോറുരുളകളുടെ രുചി.... ഉപ്പാന്‍റെ നെഞ്ചില്‍ കിടന്നുള്ള ഉറക്കം....
ഉപ്പ നന്നായി പഠിക്കുമായിരുന്നു എന്ന് ഉമ്മാമ പറഞ്ഞു കേട്ടിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല ഓട്ടത്തിനും ചാട്ടത്തിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ മുന്നില്‍...എന്നിട്ടും...
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉപ്പാപ്പ കിടപ്പിലായതും, ഉപ്പ പഠിത്തം നിര്‍ത്തി ഉപ്പാപ്പാന്‍റെ പീടികയില്‍ കയറി നിന്നതും. അന്നു മുതല്‍ പീടികയും വീടും ചരക്കെടുക്കാന്‍ പോകുന്ന വലിയങ്ങാടിയും മാത്രമാണ് ഉപ്പാന്‍റെ ലോകം. അനുജന്മാരൊക്കെ ഗള്‍ഫിലേക്ക് പോയപ്പോഴും വീട് നോക്കാനും കുടുംബം നോക്കാനും ഉപ്പ നാട്ടില്‍ തന്നെ...
“നീ ഒന്നും കഴിച്ചിട്ടില്ലാലോ...വാ ഇതൊക്കെ മാറ്റി എന്തെങ്കിലും തിന്നാം”
ഉമ്മയാണ്. പുറത്തെ തിരക്ക് കുറഞ്ഞിരിക്കുന്നു.
“ഉമ്മാ ഉപ്പ ഇന്നേക്ക് ഇടാന്‍ പുതിയ ഷര്‍ട്ടൊന്നും എടുത്തിട്ടില്ലേ”
“ഞാന്‍ കുറേ പറഞ്ഞതാ.... നിന്‍റെ ഉപ്പാന്‍റെ സ്വഭാവം നിനക്കറിയാലോ...”
ഉമ്മ ചിരിച്ചു.
കല്യാണത്തിന് എല്ലാര്‍ക്കും ഡ്രസ്സ് എടുക്കാന്‍ പോയപ്പോള്‍ ഇഷ്ടപ്പെട്ടൊരു സാരിയുടെ വിലകേട്ടു തഞ്ചി നിന്ന തന്നോട് ഉപ്പ സ്വകാര്യം പറഞ്ഞതോര്‍ത്തു.
“മോള്‍ക്ക് ഇഷ്ടമുള്ളത് എടുത്തോ....വെല നോക്കണ്ട”
തൊണ്ടയില്‍ ഒരു കരച്ചില്‍ വന്നു കനക്കുന്നതെന്തിനാണ്....നാളെ എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ദിവസമല്ലേ... ആ സന്തോഷം പങ്കിടാനല്ലേ ഈ ആളുകള്‍ ഒക്കെ വന്നത്... അതിനല്ലേ ഈ ആഘോഷങ്ങളൊക്കെ ഒരുക്കിയത്......ഉപ്പയല്ലേ ഇതിനായി ഇത്രനാളും ഓടി നടന്നത് ആ ചിരിയല്ലേ ഉപ്പാന്‍റെ മുഖത്ത് തിളങ്ങി നില്‍ക്കുന്നത്...
ചെറുക്കനെ പറ്റിയും വീട്ടുകാരെ പറ്റിയും ഒരുപാട് ചുഴിഞ്ഞും ചുറഞ്ഞും അന്വേഷിച്ചിട്ടാണ് ഉപ്പ ഈ ബന്ധത്തിന് നിന്നതെന്ന് ഉമ്മ ചിരിക്കും
“നിന്റുപ്പാക്ക് എന്നാലും സമാധാനാകൂലാ”.
പീടിക ഒഴിവുള്ള ദിവസങ്ങളില്‍ ഉപ്പ വീട് മുഴുവന്‍ തൂത്ത് വൃത്തിയാക്കുമ്പോള്‍ ഷോ കെയ്സില്‍ വെച്ച, തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ പൊടിതുടച്ച് ഭംഗിയാക്കി വെച്ചിട്ടുണ്ടാകും. എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ മിടുക്കനായൊരു വിദ്യാര്‍ഥി അപ്പോഴൊക്കെ ഉപ്പാന്‍റെ ഉള്ളില്‍.....
ഈ വീടും പറമ്പും ഞങ്ങളുടെ ജീവിതവും ഉപ്പാന്‍റെ വിയര്‍പ്പാണ് എന്ന് ഉമ്മ ഇടക്കൊക്കെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഓരോ അവധിക്കാലം കഴിയുമ്പോഴും കുട്ടികള്‍ കുടുംബസമേതം ടൂറു പോയ കഥകള്‍ പറയാന്‍ മത്സരിക്കുമ്പോള്‍ ഉപ്പാനോട് ഈര്‍ഷ്യ തോന്നി, ഒരിക്കലും വിട്ടു നില്‍ക്കാന്‍ കഴിയാത്തൊരു പീടികയും ഉപ്പയും എന്ന് ഉമ്മയോട് പരിഭവപ്പെടുമ്പോള്‍ ഉമ്മ പറയും.
“നിന്‍റെ കല്യാണം കഴിഞ്ഞ് പുയ്യാപ്ലന്‍റെ കൂടെ പൊയ്ക്കോ....അതിനല്ലേ വല്യ ശുജായിനെ തന്നെ ഉപ്പ നോക്കുന്നത്”
ഉപ്പാ....... പറക്കാന്‍ കൊതിച്ച എന്‍റെ ചിറകുകള്‍ ഇപ്പോള്‍ കുഴയുന്നതെന്താണ്.
“മോളേ നീ വന്ന് ചോറ് തിന്ന്”
ഉമ്മയാണ് വീണ്ടും.
“ഉപ്പ കഴിച്ചോ”
“ഉണ്ടാവില്ല....ഉപ്പ കഴിച്ചോളും നീ ഇതൊക്കെ മാറ്റി എന്തേലും തിന്നാന്‍ നോക്ക്.. ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്...”
“ഉമ്മാ” മെല്ലെ പറഞ്ഞു
“ഉപ്പയും വരട്ടെ നമ്മക്ക് ഒന്നിച്ചു കഴിക്കാം...”
“ഈ പെണ്ണിന്റൊരു കിന്നാരം.....”
ഉമ്മ പിറുപിറുത്തുകൊണ്ട് പോയി
വസ്ത്രം മാറി വന്നപ്പോള്‍ ഉപ്പയും ഉമ്മയും ചോറിനു മുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു.
“മോള്‍ക്ക് കഴിച്ചൂടായിരുന്നോ”
ഉപ്പയുടെ ചിരിപുരണ്ട ചോദ്യം.
“ഇനി എനിക്ക് ഉപ്പാേന്‍റം ഉമ്മാേന്‍റം മാത്രം മോളായി ഈ വീട്ടില്‍ ഇരുന്നിങ്ങനെ കഴിക്കാന്‍ പറ്റൂലാലോ”
ചിരിച്ചു കൊണ്ട് മൂന്നാള്‍ക്കും ചോറ് വിളമ്പി.
കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഉരുള ചോറുമായി നീണ്ടു വന്ന ഉപ്പയുടെ കൈ! കണ്ണ് നിറഞ്ഞു. സ്നേഹവും വാത്സല്യവും കൂട്ടിക്കുഴച്ച ആ രുചിയില്‍ താനൊരു കുഞ്ഞായി മാറി. ഉപ്പാന്‍റെ ചിരിക്കുന്ന മുഖത്ത് കണ്ണീര്‍തിളക്കം. വിശപ്പുകെടാത്ത കുട്ടിയെ പോലെ പിന്നെയും പിന്നെയും കഴിച്ചു കൊണ്ടിരുന്നു. ചിരിയോടെ നോക്കിയിരുന്ന ഉമ്മയുടെ കണ്ണിലും പെരുമഴ കൂടുകെട്ടിയോ.
ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഒരു തൂവല്‍ പോലെ കനം കുറഞ്ഞ്......ഒരായിരം കുഞ്ഞുതുമ്പികള്‍ ഉള്ളില്‍ പറന്നുയരുന്ന പോലെ.
പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുന്ന ഉപ്പയോട് ശങ്കിച്ചു കൊണ്ട് മെല്ലെ ചോദിച്ചു.
“ഉപ്പാ... ഞാനിന്ന് ഉപ്പാേന്‍റം ഉമ്മാേന്‍റം അടുത്ത് കിടന്നോട്ടെ”
പണ്ട് പീടിക പൂട്ടി വരുന്ന ഉപ്പയെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഉപ്പാന്‍റെ മുഖത്തൊരു വാത്സല്യച്ചിരി വിരിഞ്ഞു.
ആ ചിരിക്ക് പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടായിരുന്നു.
------------------------
നജീബ് മൂടാടി
ഫേഷ്യല്‍ ചെയ്യാതെ ചുട്ടെടുക്കുന്ന ചില ജീവിതങ്ങള്‍
---------------------------------------------------------------------------------
നാട്ടില്‍ നിന്ന് പോരുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് മുടിവെട്ടിക്കാന്‍ ചെന്നതാണ്. പഴയ ബാര്‍ബര്‍ഷാപ്പിന്റെ സ്ഥാനത്ത് ഒരു അത്ഭുതലോകം.ഒരു മണിക്കൂറോളം കാത്തിരുന്നാണ് ഊഴമെത്തിയത്.മുടിവെട്ടിക്കൊണ്ടിരിക്കെ ബാര്‍ബര്‍ പറഞ്ഞു.
“ഒരു മിനിറ്റേ ...ഒന്ന് ഫോണ്‍ ചെയ്തോട്ടെ..മോളെ സ്കൂള്ന്ന് വിളിച്ചോണ്ട് വരാന്‍ പോയിറ്റില്ല ....അച്ഛനോട് ഒന്ന് വിളിച്ച് പറഞ്ഞേക്കട്ടെ”
അയാള്‍ അച്ഛനെ വിളിച്ചു
“അച്ചാ .....മിന്നൂനെ വിളിച്ചോണ്ട് വന്ന്നോ ...എനിക്കിവിടെ ഷോപ്പില് നല്ല തെരക്കാ...”
“എന്റെ സ്കൂട്ടറില് ഒരു തുള്ളി എണ്ണയില്ല ....ഇന്ന് പെട്രോള്‍ പമ്പ് പണിമുടക്കുള്ള വിവരം ഞാനറീലായ്നും”
“എന്നാ കാറെടുത്തോ അച്ഛാ ....മോള് ആട കാത്ത് നിക്ക്ന്നുണ്ടാകും.ഇപ്പത്തന്നെ നേരം വൈകി...............എന്നാ ശരി വെക്കട്ടെ”
ഫോണ്‍ വെച്ച ശേഷം എന്നോടായി പറഞ്ഞു.
“ഇന്ന് പെട്രോള്‍ പമ്പൊക്കെ അടച്ചിടുന്ന വിവരം അച്ഛനറിഞ്ഞിട്ടില്ല.ഇന്നലെ പത്രത്തിലും ടീവീലും ഒക്കെ വന്നതല്ലേ......ഞാന്‍ ഇന്നലെ തന്നെ കാറില് ഫുള്ള് എണ്ണ അടിപ്പിച്ചതാ.എന്തെങ്കിലും അത്യാവശ്യം വന്നാ കുടുങ്ങിപ്പോവരുതല്ലോ”
“ശരിയാ”
“കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ സമരം ഉണ്ടായപ്പോ പെട്രോള്‍ പമ്പിന്റെ മുന്നില് ലോറീല്‍ കൊണ്ട്വന്നു വിറ്റതാ ബ്ലാക്കില് ....ഒരു കുപ്പിക്ക് നൂറുറുപ്പ്യ.എത്രപ്പെട്ടെന്നാ തീര്‍ന്നതെന്നറിയ്വോ ..ഒരു ലിറ്ററൊന്നും ഉണ്ടാവൂല...എന്നാലും ആവശ്യം നടക്ക്വല്ലോ...വണ്ടീം മൊബൈലും ഇല്ലാണ്ട് എങ്ങനാ ഇക്കാലം ജീവിക്ക്യാ ...ഹൊ ..ആലോചിക്കാന്‍ പറ്റുന്നില്ല.”
വാതില്‍ തള്ളി തുറന്ന് രണ്ടു കുട്ടികള്‍ അകത്തേക്ക് വന്നു.ഒമ്പതിലോ പത്തിലോ പഠിക്കുന്നവരാണ്.ഗവണ്മെന്‍റ് ബോയ്സ് സ്കൂളിലെ യൂണിഫോം.വെയിലത്ത് നിന്ന് വന്നത് കൊണ്ടാവും ഉള്ളിലെ തണുപ്പ് ആസ്വദിച്ച് അവര്‍ അല്‍പ നേരം നിന്നു.പിന്നെ ഒരു കുട്ടി ചെറിയൊരു പരുങ്ങലോടെ ചോദിച്ചു.
“ഏട്ടാ ....മുടി ഇങ്ങനെ ചുരുട്ടാന്‍ എത്ര്യാ...”
മുടിവെട്ടുന്നതിനിടെ അയാള്‍ ‘കസ്റ്റമറെ’ നോക്കി പുഞ്ചിരിയോടെ പറഞ്ഞു
“ആയിരത്തഞ്ഞൂറ് ഉറുപ്പ്യ”
മറ്റേ കുട്ടി ചോദിച്ചു
“മുടി സ്ട്രെയിറ്റ് ആക്കാനോ ഏട്ടാ”
“അതിന് ഇരുനൂറ്റയ്മ്പത് മതി”
“നാളെ സ്കൂള് വിട്ടിട്ട് വരാ”
കുട്ടികള്‍ കുറച്ചു നേരം നിന്ന് ടീവി കണ്ട ശേഷം പോയി.
മുടി വെട്ട് തുടര്‍ന്നു.ടീവിയില്‍ ‘കഥ പറയുമ്പോള്‍’ സിനിമ.ബാര്‍ബര്‍ ബാലന്റെ മകള്‍ പറയുന്നു.
“എനിക്ക് കൃത്യായിട്ട് ഫീസ് കൊടുക്കുന്ന ഒരു കുട്ടി ആയാല്‍ മതിയച്ഛാ”
അപ്പോള്‍ എന്റെ മൊബൈല്‍ കരഞ്ഞു.
ഉമ്മര്‍ക്കയാണ്.എന്റെ കടയുടെ അടുത്തുള്ള ഹോട്ടലിലെ ‘ഉസ്താദ്’(പൊറോട്ടക്കാരന്‍).ഞങ്ങള്‍ ഒന്നിച്ചാണ് നാട്ടിലേക്ക് പോന്നത്. അന്‍പത്തഞ്ച് കഴിഞ്ഞ ഉമ്മര്‍ക്ക മൂന്നു കൊല്ലത്തിനു ശേഷം ആറുമാസം നാട്ടില്‍ നില്‍ക്കാന്‍ വന്നതാണ്.
“ഹലോ ....ഇഞ്ഞെപ്പളാ കുഞ്ഞിമ്മോനെ പോക്ന്നത്”
“നാളെ പോവ്വാ ഉമ്മര്‍ക്കാ ... വൈകുന്നേരത്തെ എക്സ്പ്രസ്സിന്”
“ഞാനും പതിനെട്ടാം തിയ്യതി പോവ്വാ ........എക്സ്പ്രസിന് തന്നെ”
ഉമ്മര്‍ക്ക പറഞ്ഞത് കേട്ട് ഞാന്‍ അമ്പരന്നു.
“അതെന്താ ഉമ്മര്‍ക്കാ ആറുമാസം നിക്കാന്‍ വന്ന ഇങ്ങള് രണ്ട് മാസം തെകയും മുമ്പ് പോകുന്നത്....ഇങ്ങളെ മൊതലാളി വിളിച്ചോ...ആടെയെന്താ പൊറാട്ടക്ക് ആളില്ലേ”
“അതൊന്ന്വല്ല ചങ്ങായീ .........ഇവിടെ നിന്നാ മൊതലാവൂല”
“അതെന്താ’
“നാട്ടില് നിന്നാലുള്ള ചെലവ് എന്താന്നറിയ്വോ....താങ്ങാനാവൂല ...നെന്നോട് ഉള്ളത് പറയാലോ ...വരുമ്പം എളേ മോള്‍ക്ക് കൊണ്ട്വന്ന വള പണയം വെച്ചിട്ടാ ഇപ്പം ടിക്കറ്റിനുള്ള ഏഴായിരത്തി അഞ്ഞൂറുറുപ്പ്യ തിരിമറി ആക്ക്യത്.ഇനീം നിന്നാ ന്റെ സ്കൂള് പൂട്ടിപ്പോകും കുഞ്ഞിമ്മോനെ ........ഇന്‍ശാ അള്ളാ ആട എത്തീറ്റ് കാണാ”
ഉമ്മര്‍ക്ക ഫോണ്‍ വെച്ചു.
ഞാനോര്‍ത്തു .നാട്ടിലേക്ക് പോരുമ്പോള്‍ ഇതുവരെ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളെയും മറന്ന ഉമ്മര്‍ക്കാക്ക് പറയാനുണ്ടായിരുന്നത് ആറുമാസം കുടുംബത്തോടൊപ്പം നില്‍ക്കുന്നതിന്റെ ആഹ്ലാദത്തെ കുറിച്ച് മാത്രമായിരുന്നു.ഭാര്യയും,മക്കളും,പേരക്കുട്ടികളുമായി സ്വര്‍ഗ്ഗം പോലെ ആറുമാസം ...... ആ ഉമ്മര്‍ക്ക രണ്ടുമാസം പോലും തികച്ചും നില്‍ക്കാനാവാതെ തിരിച്ചു പോകുകയാണ്...ഒരു പരിഭവവും ഇല്ലാതെ ......രാത്രി ഒരു മണിക്ക് എണീ പൊള്ളുന്ന പൊറോട്ടക്കല്ലിന്റെ മുന്നില്‍ ജീവിതം കുഴച്ചും,വീശിയും,ചുട്ടെടുക്കാന്‍റ്റ്ഇനിയും രണ്ടോ മൂന്നോ കൊല്ലം.പെരുന്നാളിന് പോലും ലീവില്ലാതെ...ഹോട്ടലിന്റെ അടുക്കളയും റൂമും വിട്ട് പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ..........
“സാര്‍...നാളെ പോകുകയല്ലേ...ഒന്ന് ഫേഷ്യല്‍ ചെയ്തൂടെ”
മുടിവെട്ടുന്നയാളിന്റെ ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി.
“ഇരുനൂറ്റന്‍പതു രൂപ മുതല്‍ മൂവായിരം രൂപവരെയുള്ള പാക്കേജ് ആണ്...ഇന്നാണെങ്കില്‍ തിരക്കും കുറവാ..പോകുന്നതിനു മുമ്പ്...”
“വേണ്ട സുഹൃത്തേ.... ആ മരുഭൂമിയില്‍ ജീവിക്കാന്‍ ഇപ്പൊഴുള്ള സൌന്ദര്യമൊക്കെ മതി.ആരുടെ മുന്നില്‍ കാണിക്കാനാണ്....ആര്‍ക്കാ അവിടെ ഇതൊക്കെ നോക്കാന്‍ നേരം”
പോകുന്നതിനു മുമ്പ് നാട്ടില്‍ നിന്നും മുടിവെട്ടുന്നത് തന്നെ ഇവിടെ അറുപതു രൂപ കൊടുക്കുന്ന സ്ഥാനത്ത് അവിടെ ഇരുനൂറു രൂപ ചെലവാക്കുന്നത് ഓര്‍ത്തിട്ടാണെന്ന് പറഞ്ഞില്ല.
പുറത്ത് സോഫയില്‍ മൂന്നാല് ചെറുപ്പക്കാര്‍ ടീവിയില്‍ ചാനലുകള്‍ മാറ്റിയും,കയ്യിലെ ‘പൊറാട്ടക്കല്ലു’പോലുള്ള പുത്തന്‍ തലമുറ മൊബൈലുകളില്‍ വിരലു നീക്കിയും അക്ഷമരായി കാത്തിരിക്കുന്നത് കൊണ്ടാവണം അയാള്‍ ധൃതിയില്‍ മുടി വെട്ടാന്‍ തുടങ്ങി
--------------------------
✍ നജീബ് മൂടാടി
ദേശം താണ്ടിയവരുടെ ജീവിതം
-------------------------------------------------
ഇന്നലെ സന്ധ്യ കഴിഞ്ഞ്, ഖൈത്താൻ ക്ലിനിക്കിൽ ഊഴം കാത്ത് നില്‍ക്കുമ്പോഴാണ് ഇന്ത്യക്കാരനായ ആ ചെറുപ്പക്കാരനുമായി രണ്ടുപേർ വന്നത്.
മുഖത്ത് അമർത്തി പിടിച്ച ടൗവ്വലിലും, കുപ്പായത്തിലും തലയിലുമൊക്കെ നിറയെ ചോരയായിരുന്നു. രണ്ടു പേർ ചേർന്ന് മർദ്ധിച്ച് കയ്യിലുണ്ടായിരുന്ന പണവും പിടിച്ചു പറിച്ച് ഓടിയതിന്റെ നടുക്കവും വിറയലും മാറിയിട്ടുണ്ടായിരുന്നില്ല അയാൾക്ക്.
അല്‍പം കഴിഞ്ഞപ്പോൾ കെട്ടിടത്തിൽ നിന്ന് വീണ ഒരു മസ്‌രിയുമായി അഞ്ചാറുപേർ..... മേലൊക്കെ മണ്ണും ചോരയും പുരണ്ട അയാൾ വേദനയുടെ കടുപ്പം കൊണ്ട്, ലഹരിബാധിച്ച ആളെപ്പോലെ കുഴഞ്ഞശബ്ദത്തിൽ ഉറക്കെ ഞരങ്ങുന്നുണ്ടായിരുന്നു.
എത്ര പെട്ടെന്നാണ് മനുഷ്യരുടെ ആഹ്ലാദങ്ങൾ ഉലഞ്ഞു പോകുന്നത് എന്ന നടുക്കത്തിലായിരുന്നു ഞാൻ. അപ്രതീക്ഷിതമായി വരുന്ന അപകടങ്ങളിൽ, അല്‍പം മുമ്പുവരെ ഇങ്ങനെ ഒരു അവസ്ഥയെ കുറിച്ച് അവര്‍ ചിന്തിച്ചിട്ടു കൂടി ഉണ്ടാകില്ല.....
ഉറ്റവരാരും കൂടെയില്ലാതെ അന്യദിക്കിൽ, കടുത്ത വേദനയിലും ആഘാതത്തിലും അര്‍ധബോധാവസ്ഥയിലും അവരിപ്പോൾ ഓർക്കുന്നത് കണ്ണെത്താദൂരത്തെ തങ്ങളുടെ പ്രിയപ്പെട്ടവരെ ആയിരിക്കും. ഒരു സ്പർശനം കൊണ്ട് സാന്ത്വനമേകാൻ കഴിയുന്ന സ്നേഹങ്ങളെ.....
ഉത്തരേന്ത്യയിലെ, മസ്‌റിലെ ഇരുട്ട് വീണ ഏതോ ഗ്രാമങ്ങളിൽ ഇതൊന്നുമറിയാതെ ഇവരുടെ ഉറ്റവരുണ്ടാകും. മാതാപിതാക്കൾ...... ഭാര്യ... മക്കൾ സഹോദരങ്ങൾ......
തങ്ങളുടെ ജീവിതത്തിന്റെ വിളക്കുകൾ കണ്ണെത്താ ദൂരത്ത് മരുഭൂമിയിലെ ആശുപത്രിയിൽ ചോരയിൽ കുളിച്ചു കിടക്കുന്നറിയാതെ.....
ഇതൊക്കെയാണ് ദേശം താണ്ടിയവരുടെ ജീവിതം. അരികിലില്ലെങ്കിലും സ്നേഹനൂലുകൊണ്ട് ബന്ധിപ്പിക്കപ്പെട്ട ഹൃദയങ്ങളെ കുറിച്ചാണ് ഏതൊരു ദുരന്തത്തിലും ഓര്‍ക്കാനുണ്ടാവുക. കൈ നീട്ടിപ്പിടിക്കാനാകാത്ത ദൂരത്ത് അവര്‍ ഇതൊന്നും അറിയാതെ .......
പലപ്പോഴും പ്രവാസിക്കും അവരുടെ ഉറ്റവര്‍ക്കും മാത്രം മനസ്സിലാവുന്നത്.
---------------------------
✍ നജീബ് മൂടാടി
നോവുകൾക്ക് മേൽ നന്മയായി പെയ്യുന്ന കുറെ മനുഷ്യർ
---------------------------------------------------------------------------------------
കോടാച്ചിരം മഴയത്ത് മുട്ടോളം വെള്ളമുള്ള ചെമ്മൺ നിരത്തിലൂടെ നീന്തി വരുന്നൊരു വെളുത്ത ഒംനി വാൻ. അതിൽ നിന്നിറങ്ങിയ പെൺകുട്ടികൾ കുടച്ചോട്ടിൽ ചേർത്ത് പിടിച്ചിട്ടും മഴ നനഞ്ഞ് ഇടവഴിയിലൂടെ നടന്ന് വഴുക്കുന്ന കുന്നിന് മേലുള്ള കുടിലിലേക്ക് പ്രയാസപ്പെട്ടു കേറിപ്പോകുന്നത് അടുക്കള ജാലകത്തിലൂടെ കണ്ട പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
"പാല്യേറ്റിവ്കാരാ... കുന്നുമ്മലെ ഓറ് ഇന്നോ നാളേന്നുള്ള നെലക്ക് കെടക്ക്വല്ലേ"
ഏതൊരു നാട്ടുമ്പുറത്തിനും സുപരിചിതമാണ് ഇന്ന് ഈ പേരും ഇങ്ങനെ കുറെ മനുഷ്യരും. വേദന തിന്നു കഴിയുന്ന മാറാരോഗികൾക്കും ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടപ്പിലായിപ്പോയവർക്കും ആശ്വാസമായെത്തുന്ന ഒരു കൂട്ടം ആൾക്കാർ. മരുന്നു കൊടുത്തും ഭക്ഷണം കൊടുത്തും വീട് വൃത്തിയാക്കിയും സ്നേഹം കൊണ്ട് ചേർത്തുപിടിക്കുന്ന സ്നേഹത്തിന്റെ ആൾരൂപങ്ങൾ. ഓണവും വിഷുവും പെരുന്നാളും കൃസ്തുമസ്സും വിവാഹവും മഴയും വെയിലുമൊന്നും ഇവരെ തടയുന്നില്ല.
കൊല്ലുന്നവൻ തനെന്തിനാണ് കൊല്ലുന്നതെന്നും കൊല്ലപ്പെട്ടവൻ എന്ത് കാരണത്താലാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിയാത്ത ഒരു കാലത്തെ കുറിച്ചൊരു പ്രവാചക വചനമുണ്ട്. സമാനമായൊരു കാലമാണോ എന്ന് തോന്നിപ്പിക്കും വിധമാണല്ലോ കേൾക്കുന്ന വാർത്തകൾ. മതത്തിന്റെ ജാതിയുടെ ദേശത്തിന്റെ ഭാഷയുടെ വർണ്ണത്തിന്റെ ഒക്കെ പേരിൽ കൊന്നും മരിച്ചും...
ജോലിക്ക് പോകാനിറങ്ങുമ്പോൾ തീവണ്ടിയിൽ, അങ്ങാടിയിൽ, ഹോട്ടലിൽ ഏതു നിമിഷവും ആരോ വെച്ച ബോംബിനോ ഭ്രാന്ത് പിടിച്ചൊരു കൊലയാളിയുടെ തോക്കിനോ ഇരയായി മരിച്ചു വീഴുന്നവർ. കൊന്നവർക്കും മരിച്ചവർക്കും വേണ്ടിയുള്ള ന്യായവാദങ്ങൾ. വെല്ലുവിളികൾ... പിന്നെയും പിന്നെയും മനുഷ്യൻ മനുഷ്യന്റെ ശത്രുവായി ഹിംസ്രജന്തുക്കളെ പോലെ മുരണ്ടും മുക്രയിട്ടും ലോകത്തിന്റെ തന്നെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ നിശബ്ദമായി മനുഷ്യരെ സേവിക്കുന്ന കുറെ മനുഷ്യർ.
ജാതിയോ മതമോ ഭാഷയോ ഒന്നും നോക്കാതെ വേദനിക്കുന്നവനിൽ ആശ്വാസമായി പെയ്തിറങ്ങുന്ന നന്മമഴകൾ. സങ്കടങ്ങളെയൊക്കെ മായ് ച്ചുകളയുന്ന ചിരിയോടെ ആശ്വാസവാക്കുകളോടെ ചേർത്തു പിടിച്ചും ശുശ്രൂഷിച്ചും...
എനിക്ക് നേരിൽ അറിയുന്ന ഒരുപാട് പാലിയേറ്റിവ് വളണ്ടിയർമാരുണ്ട്. കച്ചവടക്കാർ, ഉദ്യോഗസ്ഥന്മാർ, റിട്ടയേഡ് ജീവിതം നയിക്കുന്നവർ, ഓട്ടോ ഓടിക്കുന്നവർ, കൂലിപ്പണിക്കാർ, കോളേജ് വിദ്യാർഥികൾ, പ്രവാസികൾ, വീട്ടമ്മമാർ.....
തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു കടമയെന്ന പോലെ അവശരും നിസ്സഹായരുമായ മനുഷ്യരിലേക്ക് ഇറങ്ങുവാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്ത് എന്ന് അത്ഭുതപ്പെടാറുണ്ട്.
നന്മകൾക്കൊക്കെ പരലോകത്തു പ്രതിഫലം ലഭിക്കും എന്ന് കരുതുന്ന ദൈവ വിശ്വാസികൾ മാത്രമല്ല യാതൊരു ഈശ്വര വിശ്വാസവും ഇല്ലാത്തവർ പോലും ഏറെയുണ്ട് ഈ മേഖലയിൽ ജീവിതം തന്നെ സമർപ്പിച്ചവർ. ഇവരൊക്കെയും അനുഭവിക്കുന്നൊരു ആത്മസംതൃപ്തിയുണ്ട്. തങ്ങളുടെ ജീവിതം സാർത്ഥകമാവുന്നു എന്നൊരു സന്തോഷം. ഒരു വാക്ക് കൊണ്ട് സ്പർശം കൊണ്ട് സാമീപ്യം കൊണ്ട് അന്യനായൊരു മനുഷ്യന് ആശ്വാസമാവാൻ കഴിയുന്നല്ലോ എന്നൊരു ചാരിതാർഥ്യം.
അത്രമേൽ ഒറ്റപ്പെട്ട് വരണ്ടുപോയ ജീവിതങ്ങൾക്ക് മേലെയാണ് ഇവർ ചാറ്റൽ മഴയായി പെയ്യുന്നത്. ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴുവരിച്ചും പട്ടിണിയായും ദുരിതക്കിടപ്പിൽ മരണം കൊതിച്ചു കഴിഞ്ഞവർ. ആരോ പറഞ്ഞറിഞ്ഞ് തേടിയെത്തുമ്പോൾ മുതൽ പാലിയേറ്റിവ് പ്രവർത്തകർ അയാളുടെ ഉറ്റബന്ധു ആകുന്നു. കുളിപ്പിച്ചും വൃണങ്ങൾ വൃത്തിയാക്കി മരുന്ന് വെച്ചും. ഭക്ഷണം നൽകിയും ജീവിതത്തിലേക്ക് ആ മനുഷ്യനെ മെല്ലെ മെല്ലെ കൈ പിടിച്ചു നടത്തിക്കുന്നു.
ആശുപത്രികളെല്ലാം മടക്കിയ, വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുന്ന പ്രിയപ്പെട്ടൊരാൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ബന്ധുക്കളാരോ അടുത്തുള്ള പാലിയേറ്റിവ് കാരെ വിളിക്കുന്നു.
"കണ്ടു നിക്കാൻ വയ്യ നിങ്ങളെന്തെങ്കിലും ചെയ്തു തരണം"
വേദനാ സംഹാരികൾ മാത്രമല്ല. കിടപ്പിലായിപ്പോയ അയാൾക്ക് മലമൂത്ര വിസർജ്ജനത്തിന് വേണ്ടത് ചെയ്തും, ആവശ്യമായ നിർദേശങ്ങൾ വീട്ടുകാർക്ക് കൊടുത്തും പലപ്പോഴും അവസാന നേരത്ത് ആശ്വാസത്തിന്റെ പുതപ്പായി മാറാൻ പാലിയേറ്റിവ് പ്രവർത്തകർ തന്നെയാണ് ഇന്ന് നാട്ടിൽ. മാരകമായ രോഗങ്ങൾ പെരുകി വരുന്ന കാലത്ത് സ്വസ്ഥമായ മരണം പോലും കിട്ടാൻ ഭാഗ്യമില്ലാതെ പോകുന്നവർക്ക് പാലിയേറ്റിവ് പ്രവർത്തനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല.
അഗാധമായ മനുഷ്യസ്നേഹമാണ് ഇവരുടെ ഊർജ്ജം. ദുരിതങ്ങളും വേദനകളും അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ് ആ പേരിന് അർഹനാകുക എന്ന ബോധം. വില കൊടുത്തു വാങ്ങുന്ന സന്തോഷങ്ങളൊക്കെയും അല്പായുസ്സുകൾ ആണെന്ന തിരിച്ചറിവും പകർന്നു നൽകും തോറും ഏറുന്ന സ്നേഹം എന്ന വികാരം മനുഷ്യനെ എത്രത്തോളം നിർമ്മലനാക്കും എന്നറിയുന്ന അനുഭൂതിയുമാണ് ഓരോ പാലിയേറ്റിവ് പ്രവർത്തകനെയും ഈ ഒരു മേഖലയിൽ മടുപ്പില്ലാതെ നിൽക്കാൻ പ്രേരിപ്പിക്കുന്നത്.
ഗ്രന്ഥങ്ങളിലൂടെ മാത്രം ഈശ്വരനെ തേടുന്നതിന്റെ ദുരന്തമാണ് മതത്തിന്റെ പേരിൽ മനുഷ്യരെ വെറുത്തും അകറ്റിയും നിർത്തണം എന്ന രീതിയിലുള്ള പുതിയകാല വ്യാഖ്യാനങ്ങൾ. മനുഷ്യൻ മനുഷ്യനെ തൊട്ടറിയുമ്പോഴും ചേർത്തു പിടിക്കുമ്പോഴും പരസ്പരം പകരുന്നൊരു നന്മയുടെ വെളിച്ചം ഹൃദയങ്ങളിൽ നിന്നും ഹൃദങ്ങളിലേക്ക് പകരാൻ കഴിയുമ്പോഴാണ് ലോകം മനോഹരമാവുന്നത്.
തൊട്ടാവാടിപ്പൂവിന്റെ ചിരിയും നക്ഷത്രക്കുഞ്ഞിന്റെ സഞ്ചാരവും കണ്ട കാലം മറന്ന് എന്തിനോ വേണ്ടി പിരിമുറുക്കത്തോടെ തിരക്കിട്ടോടുന്ന നമ്മുടെ മുന്നിൽ ഇങ്ങനെ കുറേ മനുഷ്യരുണ്ട്. ഉറ്റവരല്ലാത്ത ആർക്കൊക്കെയോ ഉറ്റവരായി മാറിയവർ, ജീവിതത്തിലേക്കായാലും മരണത്തിലേക്കായാലും ഏറ്റവും ദയയോടെയും സ്നേഹത്തോടെയും മനുഷ്യരെ ചേർത്തുപിടിച്ചു നടത്തുന്നവർ....
നാമിവരെ പാലിയേറ്റിവ്കാർ എന്ന് വിളിക്കും.
-------------------------
✍നജീബ് മൂടാടി
നിസ്സാരമായ ചില ജീവിതങ്ങൾ
------------------------------------------------
പൊലർച്ചെ മീനെടുക്കാനായി മാർക്കറ്റിലേക്ക് പുറപ്പെടുമ്പോൾ മോൾക്ക് പൊള്ളുന്ന പനി ആയിരുന്നു. അത് കൊണ്ടാണ് മീൻ വിക്കാൻ എറങ്ങും മുമ്പൊന്ന് പൊരേലേക്ക് ഓടിക്കിതച്ച് വന്നത്. കോണി കേറുന്നേരം എടവലക്കാരത്തി വിളിച്ചു പറഞ്ഞു.
"ഓൾക്ക് പനി കൂടീറ്റ് ആസ്പത്രീലെക്ക് കൊണ്ടോയീനും.... ആടന്ന് പറഞ്ഞ്പോലും വേഗം കോയ്‌ക്കോട്ടെക്ക് കൊണ്ടോയ്ക്കോളാൻ...."
പടച്ചോനേ... ന്റെ മോള്...
സൈക്കളും മീനും ആടത്തന്നെ ഇട്ട് അങ്ങാടീലേക്ക് പാഞ്ഞു. കിട്ടിയ ബസ്സിന് കോയ്‌ക്കോട്ടേക്ക് പുറപ്പെടുമ്പോ ഏതാസ്‌പത്രീലായിരിക്കും കൊണ്ട് പോയത് എന്നൊരു ആന്തലായിര്ന്നു. ധർമ്മാസ്പത്രീന്നു നേരെ മെഡിക്കൽ കോളേജിലേക്കായിരിക്കും പോയിറ്റുണ്ടാവുക എന്ന ഒറപ്പിൽ അങ്ങോട്ട് പൊറപ്പെട്ടു.
ഇക്കണ്ട ജനത്തെരക്കിന്റെടേന്ന് ഏടയാ അന്വേഷിക്കാ... ആരോടാ ചോയ്ക്ക്യാ....ന്റെ മോള് എവിടാ ഉള്ളത് എന്ന് ആപ്പീസിലും നെഴ്‌സ്മ്മാരോടും ആട കണ്ടോരോട് ഒക്കെയും ചോയ്ച്ച്... .. ഏതൊക്കെയോ വാർഡിലൊക്കെ കേറി എറങ്ങി... ഏടേം കാണാനില്ലായ്‌രുന്നു ന്റെ മോളെ .... കട്ടില്മ്മലും നെലത്തും വരാന്തയിലും ഒക്കെ ആയി കെടക്ക്ന്ന ഓരോ കുഞ്ഞിമ്മക്കളെയും അടുത്ത് ചെന്ന് നോക്കി...അതിലൊന്നും....
ഉച്ച തിരിയും വരെ ആട ഒക്കെ അലഞ്ഞിട്ടും ന്റെ മോളെ കാണാണ്ടായപ്പോ എന്നാപ്പിന്നെ ഏതോ പ്രൈവറ്റ് ആസ്പത്രീല് കൊണ്ടോയ്റ്റുണ്ടാവുംന്ന് ഒറപ്പായി. ബസ്സ്ന്റെ പൈസ പോലും പൊരേല് ഇല്ലായിനല്ലോന്ന് ഓർത്തു. ആരോടെങ്കിലും കടം വാങ്ങി പോന്നതാവും. ആലോയ്ച്ചു നിക്കാൻ നേരല്ല...മെഡിക്കൽ കോളേജിന്റെ മുമ്പ്ന്ന് നേരെ ടൗണിലേക്ക് ബസ്സ് കേറി. പൊള്ളുന്ന വെയിലത്ത് കുടിനീര് പോലും ഇല്ലാതെ ഓരോ ആസ്പത്രീലും കേറി എറങ്ങുന്നേരാണ്, നേരം പൊലർന്നിറ്റ് ഇതുവരെ പച്ചവെള്ളം പോലും കൂടിച്ചിറ്റില്ലാലോ എന്ന് ഓർത്തത്..... വെശപ്പും ദാഹവും ഒന്നും ഇല്ലായ്‌നും.. ഇനിക്കിന്റെ മോളെ ഒന്ന്....
പോയത്തായ ആസ്പത്രികളെ മുന്നില് കൂടി നിക്കുന്ന ആൾക്കാരെ കൂട്ടത്തിലൊന്നും ഓളില്ല. ചില്ലിന്റപ്പറം കുത്തിരിക്ക്ന്നോരോട് പേര് പറഞ്ഞു കാത്തു നിക്കുമ്പോ കരുതും ഇപ്പൊ ഇന്ന വർഡില് ഓള് ഉണ്ട്ന്നു പറയുംന്ന്. അങ്ങനൊരു കുട്ടീനെ ആട കൊണ്ട് വന്നിറ്റില്ല എന്ന് ഓല് പറഞ്ഞിറ്റും സംശയം തീരാണ്ട് ഞാൻ പിന്നേം ആടയൊക്കെ..... അങ്ങനെ ഓരോ ആസ്പത്രീം കേറി എറങ്ങീട്ടും..
ഇനി ഒര്ത്തേലും പോയി നോക്കാനിലാണ്ട് നെരത്തിന്റെ അര്ക്ക് തളർന്ന് കുത്തിര്ന്നു... അന്നേരം നേരം കരിച്ച ആകാനായിക്ക്..... ഇനി ഏട തെരയാനാ ന്റെ മോളേന്ന് കര്തി, ഇനി ചെലപ്പോ പനി കൊറഞ്ഞപ്പോ തിരിച്ചങ്ങ് പൊരേല് പോയിക്കുണ്ടാവും ന്ന് സമാദാനിച്ച് നാട്ടിലേക്കുള്ള ബസ്സിൽ കേറി കുത്തിര്ന്നു. ഞാനപ്പളത്തേക്ക് ആകെ കൊയഞ്ഞു പോയിര്ന്നു.
അങ്ങാടീല് ബസ്സെറങ്ങുമ്പോ ഇര്ടായിര്ന്നു. പൊരേലേക്ക് തെരക്കിട്ട് നടക്ക്മ്പൊ ആരൊക്ക്യോ ന്റെ അട്ത്തേക്ക് വന്നു.
"ഇഞ്ഞേടായ്നും ഇത്തിരേം നേരം... ഞാള് ഏടയൊക്കെ അന്നേശിച്ച് നെന്നെ.."
ആരോ ചോയ്ക്കുന്നു.
ആരോ തോളിൽ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു.
"ഇപ്പളാ അടക്കിയത്......ഇരുടാകുന്നതിന് മുമ്പ്.....ഇഞ്ഞ് ഏടയാ ഉള്ളത് എന്ന് പോലും അറിയാതെ എത്തര നേരാ വെക്ക്വാ... മരിച്ചിറ്റ് കൊറേ നേരായതല്ലേ..."
തലയിലൊരു ഇടിവെട്ടി..... അപ്പാടെ കുഴയുന്ന പോലെ.. ഒറ്റയടിക്ക് വെയർപ്പിൽ മുങ്ങി ആടത്തന്നെ തളർന്ന് കുത്തിര്ന്നു..
ന്റെ മോള്...ഓള് പോയി പോലും....ന്നെ കാണാൻ പോലും നിക്കാതെ....
ഒരു ചെറിയ പനി വര്മ്പളേക്കും മിണ്ടാതെ പോയ്ക്കളായ്യാന്നു പറഞ്ഞാ....
ഞാൻ ഇക്കണ്ട ആസ്പത്രിയിലൊക്കെ ന്റെ മോളേം തേടി നടക്കുമ്പോ.. ഓള് വ്ടെ ന്നേം കാത്ത്....
നിക്കൊന്ന് അവസാനായിറ്റ് കാണാൻ പോലും പറ്റീല്ലാലോ.....
ഓ.... സാരല്ല... ന്റേം ഓളേം ഒക്കെ അത്ര ചെറിയ ജീവിതല്ലേ......ആരാ ശ്രദ്ധിക്ക്ന്നത് ഈ സങ്കടൊക്കെ...നിസ്സാരമായ ജീവിതോം അതില്ലും നിസ്സാരായ മരണോം...അത്രതന്നെ.
------------------------
✍ നജീബ് മൂടാടി
തിരക്കിനിടയിലും
ഒരു ദിവസം മുഴുവൻ ഞങ്ങളോടൊത്ത് ചെലവഴിക്കുകയും, നന്നായി സംവദിക്കുകയും ചെയ്ത
നജീബ്കാക്ക് ഒരു ദേശത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
--------------------
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹
No comments:
Post a Comment