Friday, 5 May 2017

റഈസ് ഹിദായ


റഈസ് ഹിദായ എന്ന സഹോദരനാണ് ഇന്നത്തെ നമ്മുടെ അതിഥി.

അയൽപ്രദേശമായ വെളിമുക്ക് സ്വദേശിയാണ്.
കൊളപ്പുറം ശാന്തി വയൽ ഹെയർ സെക്കണ്ടറി സ്കൂളിലായിരുന്നു പഠനം.
സ്കൂളിലെ ആനിവേഴ്സറിയുമായി ബന്ധപ്പെട്ട ഓട്ടപ്പാച്ചിലിനിടയിൽ സംഭവിച്ച വാഹനാപകടമാണ് റഈസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
മാരകമായി പരിക്കേറ്റ റഈസ് ഇപ്പോൾ കഴുത്തിന് താഴെ തളർന്ന് കിടപ്പാണ്.
സ്വന്തം വീട്ടിലെ കട്ടിലിലേക്ക് മടങ്ങിയ ആ ജീവിതത്തിനിപ്പോൾ പതിമൂന്ന് വർഷമായി.

മിനിയാന്ന് തത്തമ്മക്കൂട്ടിലേക്ക് വിരുന്ന് വിളിച്ച നേരത്ത് റഈസ് തന്റെ മുപ്പതാം പിറന്നാളിന്റെ മധുരം തിന്നുന്ന തിരക്കിലായിരുന്നു.
നട്ടെല്ലിനേറ്റ ക്ഷതമാണ് റഈസിന്റെ ജീവിതം  ഒരു കട്ടിലിലേക്ക് ഒതുക്കിയത്.

നാല് ചുമരുകൾക്കിടയിലെ ചെറിയ ലോകത്ത് മൗനവും നിരാശയും പ്രണയിച്ച് നിൽക്കുന്ന വീടകങ്ങളിൽ എല്ലാ  സ്വപ്നങ്ങളെയും ചുരുട്ടിയിട്ട ഒരു പാട് ജീവിതങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്.
അത്തരം നിരാശയുടെ കട്ടിലുകൾക്കടുത്ത് ചിലപ്പോഴെല്ലാം നമ്മൾ പോയി നിന്നിട്ടുമുണ്ട്.  വല്ലപ്പോഴും തിരക്കിട്ടെത്തി നോക്കുന്ന
സഹതാപമുണർത്തുന്ന പതിവുകാർ മാത്രമാണ്  അത്തരക്കാർക്ക് പിന്നെ കൂട്ടായുണ്ടാവുക.
വീടിന്റെ കണ്ടു ശീലിച്ച ഒരു വേദനയായി.......
നാടിന്റെ മറവി മാറാല കെട്ടിയ ഒരോർമ്മയായി.......
മരുന്ന് മണക്കുന്ന ഒരു റൂമിൽ ചുരുണ്ട് കിടക്കലാണ്  ഇത്തരം ജീവിതങ്ങൾ........
പരിഭവം കേൾക്കാൻ പോലും ഒരാളെ കിട്ടാതെ ഇവരുടെ വേദനകളെല്ലാം ഉള്ളിലേക്ക് ഊർന്നിറങ്ങാറാണ് പതിവ്.
എന്നാൽ നമ്മുടെ റഈസ് തന്റെ വീഴ്ചയിൽ നിന്ന് ഒരു പുതു ജീവിതം തുടങ്ങിയിരിക്കുന്നു.
സഹതാപത്തിന്റെ പതിവുകാരെ അവനിഷ്ടമല്ല.
അത്തരം വേദനയൂറിയ നോട്ടങ്ങൾ അവനാഗ്രഹിക്കുന്നുമില്ല.
അസാമാന്യമായ മനക്കരുത്ത് കൊണ്ടാണ്
എല്ലാ പ്രയാസങ്ങളെയും റഈസ് നേരിട്ടത്.
കഴുത്തിന് താഴെ ചലനമറ്റ ഈ ജീവിതത്തിന് പറയാൻ കഥകളേറെയുണ്ട്.
ഇദേഹത്തിന്റെ പോസിറ്റീവ് എനർജി നമ്മെ വല്ലാതെ അൽഭുതപ്പെടുത്തുക മാത്രമല്ല അതിലൂടെ റഈസ് നിർവ്വഹിച്ച എണ്ണമറ്റ ദൗത്യങ്ങൾ നമ്മെ അതിയായി കൊതിപ്പിക്കുകയും ചെയ്യും.
കിടന്ന കിടപ്പിൽ റഈസ് നടത്തിയ ഇടപെടലുകളുടെ പേരിലാണ് തത്തമ്മക്കൂട്ടിലെ ഇന്നത്തെ വിരുന്ന്.


എല്ലാ കൂട്ടുകാർക്കും മനസ്സ് നിറഞ്ഞ സ്വാഗതം
റഈസിന്റെ എഴുത്തുകളിലേക്ക്.......
ചിന്തകളിലേക്ക്........
സ്വപ്നങ്ങളിലേക്ക്......
നിറഞ്ഞ പുഞ്ചിരിയിലേക്ക്......
വാക്കിന്റെ തീവെളിച്ചത്തിലേക്ക്........

അദ്ദേഹത്തോടുള്ള നിങ്ങളുടെ ചോദ്യങ്ങൾ രാവിലെ മുതൽ കൂട്ടിൽ വന്ന് തുടങ്ങണം,

 നമ്മുടെ ഇടതടവില്ലാത്ത ചോദ്യങ്ങളാണ്
ഇന്നത്തെ പ്രോഗ്രാമിന്റെ വിജയം എന്ന് മറക്കാതിരിക്കുക.

സഹകരിക്കുമല്ലോ,
✍ സത്താർ കുറ്റൂർ
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹
====================================================




ഹാപ്പി പ്രിന്‍സ്
റഈസ് കിടപ്പിലായിട്ട് പത്തുവര്‍ഷമാവുന്നു,
അവന്‍െറ  മുന്നേറ്റങ്ങള്‍ക്കും
ആക്ടിവിസം എന്തെന്ന് സ്വന്തം ജീവിതം കൊണ്ട് നിര്‍വചിക്കുന്ന ഈ യുവാവിന്‍െറ
സേവനവീഥികളിലൂടെ ഒരു അനുയാത്ര
-------

 ഒരു ജീവന്‍െറ വേദന ലഘൂകരിക്കാനായാല്‍ എന്‍െറ ജീവിതമൊരിക്കലും വ്യര്‍ത്ഥമാവില്ല
                                                                                                                                        -എമിലി ഡിക്കിന്‍സ്

നഗരമധ്യത്തിലായിരുന്നു ഉല്ലാസ രാജകുമാരന്‍െറ പ്രതിമ. അവിടെ നിന്ന് നാടിന്‍െറ
മുക്കുമൂലകളില്‍ കണ്ണയച്ച് വേദനകള്‍ ഒപ്പിയെടുത്തു കുമാരന്‍. തുന്നല്‍കാരിയുടെ പനി പിടിച്ച
കുഞ്ഞ് മധുരനാരങ്ങക്കായ് കരയുന്നത്..., നാടകമെഴുത്തുകാരന്‍ വിശന്ന് കണ്ണിലിരുട്ടുകയറി
തളര്‍ന്നുറങ്ങുന്നത്..., തീപ്പെട്ടിക്കമ്പുകളെല്ലാം വെള്ളത്തില്‍ പോയ പെണ്‍കുട്ടി അച്ഛന്‍െറ അടി പേടിച്ച്
വിറക്കുന്നത്... കാല്‍ചുവട്ടില്‍ രാപ്പാര്‍ക്കാന്‍ വന്ന മീവല്‍ പക്ഷി വഴി തന്‍െറ ഉടവാളിലെ രത്നവും
കണ്‍കളിലെ പവിഴവും ദേഹത്തെ പൊന്‍പണവട്ടവുമെല്ലാം വേദനിക്കുന്നവര്‍ക്കത്തെിക്കുന്ന രാജകുമാരനെപ്പറ്റി
ഓസ്കാര്‍ വൈല്‍ഡ് എഴുതിയ ‘ഹാപ്പിപ്രിന്‍സ്’വായിച്ചവരെല്ലാം
ആഗ്രഹിച്ചിട്ടുണ്ടാവും ഇത് യാഥാര്‍ത്യം ആയിരുന്നെങ്കില്‍ എന്ന്. സ്വാര്‍ഥതയുടെ ഇരുള്‍ക്കാട്ടില്‍ മിന്നാമിനുങ്ങു കണക്കെ വെളിച്ചം പകര്‍ന്ന്  നമുക്ക് ചുറ്റും പറക്കുന്ന ചിലരെപ്പറ്റി ആശ്വാസപൂര്‍വം ഓര്‍ത്തിട്ടുമുണ്ടാവും. അത്തരമൊരു സഫലജന്‍മം തേടിയുള്ള  യാത്ര എന്നെയത്തെിച്ചത് മലപ്പുറം വെളിമുക്ക് ദേശത്തെ ഒരു കൊച്ചുമുറിക്കുള്ളിലെ കട്ടിലിനരികിലേക്കാണ്. റഈസ് ഹിദായ എന്ന ഉല്ലാസ രാജകുമാരന്‍ അതില്‍ കിടന്ന് ജീവിത പാഠപുസ്തകത്തിന്‍െറ ഏടുകള്‍ മറിക്കുന്നു, ദേശങ്ങള്‍ക്കപ്പുറത്ത് വേച്ചു നടക്കുന്നവന്‍െറ വേദനകളറിയുന്നു. അകക്കണ്‍ സന്താപങ്ങളുടെ ആഴമറിയുന്നു,കഥയിലെ രാജകുമാരനെപോലെ വിലപ്പെട്ടതു പലതും മറ്റുള്ളവര്‍ക്കായി പങ്കുവെക്കുന്നു,ഇരുള്‍ മാറി പുലരിയും വസന്തവും വരുമെന്ന് ലോകത്തിന്‍െറ പലകോണുകളിലുള്ള സഹജീവികള്‍ക്ക് പ്രത്യാശ പകരുന്നു, മറ്റുള്ളവരുടെ വേദനകള്‍ പോക്കാനുള്ള തിരക്കിനിടയില്‍ സ്വന്തം വേദനകള്‍ മറക്കുന്നു. 

ഒരു ആക്സിഡന്‍റല്‍ ടേണ്‍
ഉള്ളതെല്ലാം അപരര്‍ക്കു നല്‍കി മണ്ണിലേക്ക് പതിക്കുകയായിരുന്നു കഥയിലെ ഹാപ്പി പ്രിന്‍സ് എങ്കില്‍ ഒരു വീഴ്ചയില്‍ നിന്ന് തിളക്കമാര്‍ന്ന പുതുജീവിതം തുടങ്ങുകയും ഒരുപാടൊരുപാടുപേരെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്യുകയാണ് യഥാര്‍ഥ ജീവിതത്തിലെ ഹാപ്പി പ്രിന്‍സ്. 2004ലെ പത്താം ക്ളാസ് പരീക്ഷക്കു ശേഷം സ്കൂള്‍ വാര്‍ഷിക തിരക്കുകളുമായി ഓടിപ്പായുന്നതിനിടെ ഒരു വാഹനാപകടം- റഈസിന്‍െറ ജീവിതകഥ മറ്റൊന്നാകുന്നത് അവിടെ മുതലാണ്; മറ്റേനകരുടെ ജീവിതകഥകളുടെ മുഖചിത്രം മാറുന്നതും...
ശാന്തിവയല്‍ അല്‍ ഫുര്‍ഖാന്‍ സ്കൂളില്‍ നടക്കാതെ പോയ, ചരിത്രമാകേണ്ടിയിരുന്ന ആ വാര്‍ഷികാഘോഷ പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുള്ള മുഖ്യ ഉത്സാഹക്കാരന്‍ റഈസ് ആയിരുന്നു. തുപ്പേട്ടന്‍െറ ‘ചക്ക’ നാടകത്തിലെ പ്രധാനവേഷവും ഇയാള്‍ തന്നെ. പരിപാടിയുടെ തലേന്നാള്‍ സ്കൂള്‍ മുറ്റത്തു സ്ഥാപിക്കാനുള്ള കമാനങ്ങളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു. ഗുരുതര പരിക്കുമായി റഈസ് ഏറെ ദിവസം ആശുപത്രികളില്‍ കഴിഞ്ഞു. പക്ഷിയെപ്പോലെ പാറിപ്പറന്നവന്‍ ചിറകൊടിഞ്ഞാണ് തിരികെയത്തെിയത്. നട്ടെല്ലിനേറ്റ ക്ഷതം ശരീരത്തെ ചലനമറ്റതാക്കി. തല മാത്രം നിയന്ത്രിതമായി ചലിപ്പിക്കാം. സഹതപിക്കാന്‍ വരട്ടെ, അതിനു മുന്‍പ് തന്‍െറ അവസ്ഥയെക്കുറിച്ച് റഈസ് പറയുന്നത് കേള്‍ക്കുക: ‘‘ശരീരത്തിന്‍െറ മുക്കാല്‍ ഭാഗത്തിലധികം അനക്കമറ്റ അവസ്ഥയിലാണ് എന്‍െറ ജീവിതം.എന്നിട്ടും ഓരോ സെക്കന്‍റും ഞാന്‍ ആസ്വദിക്കുകയും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു’’.
പത്താം ക്ളാസ് കഴിഞ്ഞ് കൂട്ടുകാരെല്ലാം കലാലയങ്ങളിലേക്കു പോയപ്പോള്‍ തീക്ഷ്ണ അനുഭവത്തിന്‍െറ സര്‍വകലാശാലയിലേക്കാണ് റഈസ് കയറിച്ചെന്നത്. റ വട്ടമുള്ള ഒരു മുറിയിലിരുന്ന് അവന്‍ മറികടന്നു എല്ലാ പ്രതിസന്ധികളെയും. കോളജിലും ജോലിസ്ഥലങ്ങളിലും ബോറടിച്ചു ചാവുമായിരുന്ന തന്‍െറ ജീവിതം ഇത്ര വര്‍ണശബളമാക്കിയത് ആ അപകടമാണെന്നും അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ളെന്നും റഈസ്. അവനൊരിക്കലും വീടിന്‍െറ ആരും കാണാ മൂലയില്‍ ഒതുക്കപ്പെട്ടില്ല -വേദനകളെല്ലാം കരുതലിന്‍െറ കൈലേസിനാല്‍ ഒപ്പിയെടുത്ത് കരുത്തു പകര്‍ന്നു ഉമ്മ ഫാത്തിമയും സഹോദരങ്ങളും. ചിന്താ ശേഷിക്കും മനസ്സുറപ്പിനും ഉറച്ചില്‍ തട്ടിയിട്ടില്ളെന്ന് ഉറപ്പു പറഞ്ഞു ഉപ്പ അബ്ദു റഹ്മാന്‍. വീട്ടിലെ ദൈനംദിന കാര്യങ്ങളിലെല്ലാം അവന്‍െറ പങ്കാളിത്തമുണ്ട്.എത്ര നിര്‍ണായക വിഷയത്തിലും അവസാന തീരുമാനം ഈ കാരണവരുടെതാണ്!.
പുസ്തകങ്ങളും റേഡിയോയുമായിരുന്നു കിടപ്പുജീവിതത്തിലെ ആദ്യകൂട്ടുകാര്‍. ഈ പുസ്തക കടലുളെല്ലാം സൈ്വര്യമായിരുന്ന് കുടിച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് ഇത്ര ‘അടങ്ങിയൊതുങ്ങി’യൊരു ജീവിതം പടച്ചവന്‍ സമ്മാനിച്ചതെത്രേ. ടോറന്‍റില്‍ ലഭിക്കുന്ന സിനിമളും ഒന്നൊഴിയാതെ കാണുന്നു. വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ ആ മുറിയെ കളിമൈതാനമാക്കി. സന്ധ്യകഴിഞ്ഞാല്‍ മത-സാംസ്കാരിക സംഘടനകളുടെ ഓഫീസും പിടിവിട്ടു നടക്കുന്ന അവശ യുവ കലാകാരന്‍മാരുടെ സ്റ്റുഡിയോയും എഡിറ്റ് റൂമുമായി അവിടം. ഇതിനെല്ലാം പുറമെ ഓര്‍ക്കുട്ടും ഫേസ്ബുക്കും ബ്ളോഗുകളും വഴി ലഭിച്ച എണ്ണമറ്റ സൗഹൃദങ്ങള്‍ കൂടിയായപ്പോള്‍ ദിവസത്തിലെ 24 മണിക്കൂര്‍ ഒന്നിനും തികയാത്ത അവസ്ഥ. 
എന്നാല്‍ ജീവിതപ്പാച്ചിലിനിടെ വീണുപോയ എല്ലാവര്‍ക്കും തനിക്കു ലഭിച്ചത്ര സുഹൃത്തുക്കളും  സൗഭാഗ്യങ്ങളുമില്ളെന്ന് റഈസ് പെട്ടെന്ന് തിരിച്ചറിഞ്ഞു. അപകടങ്ങളിലും രോഗച്ചുഴികളിലും നിന്ന് അത്ഭുതപൂര്‍വം ജീവന്‍ തിരിച്ചുകിട്ടിയ പലരും ദൈവമേ എന്തിനീ ഒൗദാര്യം കാണിച്ചു എന്ന് സങ്കടത്തോടെ ചോദിക്കുന്നത് അവന്‍ കേട്ടു. കിടപ്പിലായതോടെ സ്വപ്നങ്ങളുടെ കോട്ടകള്‍ തകര്‍ന്നു പോയവര്‍, മരുന്നു വാങ്ങാന്‍ വകയില്ലാതെ വിഷം കിട്ടുമോ എന്ന് തിരക്കിയവര്‍, ഉറ്റവരുടെ കുത്തുവാക്കുകള്‍ കേട്ട് നീറിപ്പുളയുന്നവര്‍... ജീവിതപ്പാച്ചിലിനിടയില്‍  നമ്മളാലോചിക്കാന്‍ വിട്ടുപോയ ഇതുപോലുള്ള സഹജീവികള്‍ക്ക് ആശ്വാസം പകരാന്‍ എന്തു ചെയ്യാനാവും എന്നതായി പിന്നീടുള്ള ആലോചനകള്‍.  ‘പ്രവാസിയുടെ വഴിയമ്പലങ്ങളില്‍’ ബാബു ഭരദ്വാജ് ഫരീദ് എന്നു പരിചയപ്പെടുത്തുന്ന,നുറുങ്ങ് എന്ന പേരില്‍ ബ്ളോഗെഴുതിയിരുന്ന ജീവകാരുണ്യപ്രവര്‍ത്തകരുടെ വഴികാട്ടി കണ്ണൂരിലെ എന്‍.പി. ഹാറൂണ്‍ ( http://haroonp.blogspot.in ) പ്രചോദനമായി.അപകടങ്ങളും അസുഖവും മൂലം കിടപ്പിലായവരുടെ വിലാസങ്ങള്‍ സംഘടിപ്പിച്ച് കത്തുകളയച്ചു- മരണദൂതില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരുന്ന പലരെയും വീണ്ടുമൊരു ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച ക്ഷണക്കുറികള്‍!.വീട്ടുകാര്‍ക്കു പോലും സംസാരിക്കാന്‍ സമയമില്ലാതിരുന്ന അവരുമായി മണിക്കുറുകളോളം മിണ്ടിപ്പറഞ്ഞു. ചെവിക്കല്ലുകള്‍ ഉരുകിപ്പോകുന്നത്ര തീഷ്ണമായ അവരുടെ അവരുടെ പൊള്ളുന്ന വേദനകള്‍ കേട്ടറിഞ്ഞു,തളര്‍ന്നു കഴിയുന്ന മനുഷ്യരുടെ ജീവിതമെങ്ങിനെയെന്ന് ബ്ളോഗും മെയിലുകളും വഴി മറ്റുള്ളവരെ അറിയിച്ചു. ഒരാളുടെ അനുഭവം റഈസ് വിവരിച്ചതിങ്ങിനെ:
അരക്ക് താഴെ പൂര്‍ണ്ണമായും  സ്വാധീനം നഷ്ടപ്പെട്ട  ഒരു സുഹൃത്ത് ഫോണില്‍  പറഞ്ഞു ‘‘ഇന്നലെ ഉച്ചക്ക് ഒരിത്തിരി ചോറ് തിന്നതാണ്.ഇന്നു വൈകുന്നേരമായിട്ടും ഒന്നും തിന്നിട്ടില്ല’’ ഞാന്‍ കാര്യമന്വേഷിച്ചു....‘എന്താ മാഷേ കഴിക്കാത്തെ?’‘‘ബന്ധു വീട്ടില്‍ കല്യാണമാണ്.ഇന്നലെ രാവിലെ ഉടുത്തൊരുക്കി ഉമ്മറത്ത് കൊണ്ടന്നിട്ടതാ’’- വിശക്കുന്നില്ളേടാ..?
‘‘നമ്മളിതിലും വലിയ പൂരം എത്ര കണ്ടിരിക്കുന്നു.മുന്‍പ് മൂന്നു ദിവസം വരെ പച്ചവെള്ളം മാത്രം കുടിച്ച് കഴിഞ്ഞിട്ടുണ്ട്.
വിശപ്പ് അസഹനീയമാവുംപോള്‍ തലയണ വയറിന് വെച്ച് കമിഴ്ന്ന് കിടക്കും...’’
ഇത്തരം വിഷയങ്ങള്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി പങ്കുവെച്ച് പരിഹാരം കണ്ടു.  വീട്ടുകാര്‍ ഊട്ടാന്‍ മറന്നുപോയ പലരെയും തേടി ഭക്ഷണപ്പൊതികളും പഴക്കൂടകളും ജന്‍മദിനകേക്കുകളുമത്തെി.ദീര്‍ഘകാലം ഒരേ ഇരിപ്പിലും കിടപ്പിലും കഴിയുന്നതു മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി വാട്ടര്‍ബെഡും ജെല്‍കുഷ്യനും മികച്ച വീല്‍ചെയറുകളും സംഘടിപ്പിച്ചു നല്‍കി. ഈ ഉറക്കത്തില്‍ മരിച്ചുപോയെങ്കില്‍ എന്നാഗ്രഹിച്ച് ഉറങ്ങാന്‍ കിടന്ന പലരും നിറമുള്ള സ്വപ്നങ്ങള്‍ കണ്ട് പുഞ്ചിരിച്ച് കണ്‍തുറന്നു.  അപൂര്‍വരോഗത്തിനടിപ്പെട്ട  ചെറുപ്പക്കാരനെ ബാങ്കുകാര്‍ ജപ്തിഭീഷണിയാല്‍ പൊറുതി മുട്ടിച്ചപ്പോഴും റഈസ് ഇടപെട്ടു. പരിചയ വൃന്ദത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ സംഭവം വാര്‍ത്തയാക്കിയതോടെ വായ്പ പലിശയടക്കം അടച്ചുതീര്‍ക്കാന്‍ സന്നദ്ധരായി സുമനസുകളത്തെി.സഹായം ആവശ്യമുള്ള ചിലരെക്കുറിച്ച്  www.kaakkaponn.blogspot.in എന്ന തന്‍െറ ബ്ളോഗിലിട്ട കുറിപ്പുകള്‍ ഏറെ ഫലം ചെയ്തു. രക്തവും മരുന്നുകളും സംഘടിപ്പിച്ചു നല്‍കാന്‍ വേണ്ടി ചെയ്യുന്ന പോസ്റ്റുകള്‍ക്കും ആവേശകരമായ പ്രതികരണം.  മറ്റു ചിലര്‍ക്ക് മരുന്നോ സാമ്പത്തിക സഹായമോ വേണ്ടതില്ലായിരുന്നു, പുറംലോകം കണ്ട് ശുദ്ധവായു ശ്വസിക്കണമെന്നായിരുന്നു അവരുടെ മോഹം.  കിടപ്പിലായവരുടെ സംഗമങ്ങള്‍ നടത്താന്‍ മലബാറില്‍ പലയിടത്തും മുന്‍കൈയെടുത്തു.  റഈസിന്‍െറ മനോബലവും സംഘാടന മികവും സാന്ത്വന ചികിത്സാ പ്രവര്‍ത്തകര്‍ക്ക് പകരുന്ന കരുത്ത് ചെറുതല്ല. റഈസുമായി നടത്തിയ ചാറ്റുകളുടെ ഫലമായി പാലിയേറ്റീവ് സേവന രംഗത്തേക്ക് ചുവടുവെച്ചവര്‍ നൂറുകണക്കിനുണ്ട്. പല പാലിയേറ്റീവ് സംഗമങ്ങളിലും ഇദ്ദേഹമത്തെി പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഊര്‍ജം പകരുന്നു. എത്തിപ്പെടാനാവാത്ത പരിപാടികളിലും ശില്‍പശാലകളിലും ഫോണ്‍ വഴി ക്ളാസുകളെടുക്കുന്നു. സ്കൂള്‍ കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും മുതല്‍ പ്രസ്്ഥാന നായകര്‍ വരെ ഇദ്ദേഹത്തെ കാണാനും കേള്‍ക്കാനുമത്തെുന്നു- അവര്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ട് ഈ പാഠപുസ്തത്തില്‍.

പടപ്പിനെ സ്നേഹിക്കാത്തവര്‍ക്ക്
പടച്ചോനെ സ്നേഹിക്കാനാവില്ല
ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ മാത്രമൊതുങ്ങുന്നില്ല റഈസിന്‍െറ ആക്ടിവിസം. ചികിത്സയുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കാനും ഇയാള്‍ നേതൃത്വം നല്‍കുന്നു.ഭിന്നശേഷിയുള്ള മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ച് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ബോധവത്കരിക്കുന്നു. വികസനത്തിന്‍െറ മറവിലുള്ള നീതി രഹിതമായ കുടിയിറക്കിനെതിരെയും മാധ്യമ സെന്‍സേഷനലിസത്തിനെതിരെയും പ്രതികരിക്കാനും ഇദ്ദേഹം സമയം കണ്ടത്തെുന്നു. കോഴിക്കോട് അനാഥമന്ദിരത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെ മനുഷ്യക്കടത്തായി ചിത്രീകരിച്ചതിനെതിരെ തെളിവുകള്‍ സ്വരൂപിച്ച്  ശ്രദ്ധേയമായ കാമ്പയിന്‍ നടത്താനും റഈസിനായി. കിടപ്പിലായ മനുഷ്യരെ കൂട്ടിയിണക്കുന്ന സാമൂഹിക മാധ്യമ ശൃംഖലയും അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹമിപ്പോള്‍. വിശ്വാസം തന്നെ റീചാര്‍ജ് ചെയ്യുന്നു എന്ന് ആവര്‍ത്തിക്കുമ്പോഴും ആയിരക്കണക്കിന് മനുഷ്യര്‍ മരുന്നിനും ഭക്ഷണത്തിനും വസ്ത്രത്തിനും വക കാണാതെ വലയുന്ന നാട്ടില്‍ കോടികള്‍ പൊടിച്ച് ആത്മീയ സമ്മേളനങ്ങളും സമുദായ ശക്തിപ്രകടനങ്ങളും നടത്തുന്നത് ഇദ്ദേഹത്തെ വിഷമിപ്പിക്കുന്നു- റഈസ് പറയുന്നു  ‘‘കണ്‍മുന്നില്‍ കഷ്ടപ്പെടുന്ന പടപ്പിനെ സ്നേഹിക്കാന്‍ കഴിയാത്തവന് കാണാമറയത്തുള്ള പടച്ചവനെ സ്നേഹിക്കാനാവില്ല ’’

ആദ്യമായി കാണാന്‍ ചെല്ലുമ്പോള്‍ റഈസിനെ ഷേക്ക് ഹാന്‍റ് ചെയ്യാന്‍  കൈനീട്ടി. കൈ പൊക്കാന്‍ പറ്റില്ലല്ളോ ഭായ് എന്നു പറഞ്ഞ് റഈസ് ചിരിച്ചു. ചോറുതിന്നുന്നതും ചാറ്റുചെയ്യുന്നതും ലേഖനങ്ങളെഴുതുന്നതുമെല്ലാം സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയിലാണ്. പക്ഷെ മറ്റുള്ളവരുടെ കണ്ണുനീര്‍ തുടച്ചും ആശ്വാസം പകര്‍ന്നും അഭിവാദ്യമര്‍പ്പിച്ചും ചേര്‍ത്തുപിടിച്ചും ഓരോ നിമിഷവും ആ കൈകള്‍ ഉയരുന്നുണ്ട് -പ്രാര്‍ഥനയുടെ ആകാശലോകങ്ങളിലേക്ക്................
-----------------------------
✍സവാദ് റഹ്മാൻ




അപ്രതീക്ഷിതമായി മൂസ സാഹിബിന്റെ ഫോൺ കാളിൽ ആണ് ആ ദിവസം തുടങ്ങുന്നത്.റഈസേ,വിളിക്കാൻ വൈകിയതിൽ മുഷിപ്പുണ്ടാവരുത്.അത്യവശ്യം ആയി ഒരു കാര്യം ചെയ്യണം,ഇവിടെ പറപ്പൂർ ഇസ്ലാമിയ കോളേജിൽ വെച്ച് Irw Kerala സംഘടിപ്പിക്കുന്ന de-addiction ക്യാമ്പ് നടക്കുന്നുണ്ട്.നാളെയാണ് അവസാനിക്കുന്നത്.നിനക്ക് ഇന്നൊന്ന് ക്യാംപിൽ വരാൻ പറ്റോ??
പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞു നിൽക്കുന്ന അടാട്ടിൽ മൂസ സാഹിബ് എന്ന മൂസക്കാൻറെ വാക്കുകൾ തട്ടി കളയാതിരിക്കാൻ വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു.അത് കൊണ്ട് വേറൊന്നും പറയാതെ വരാമെന്നേറ്റു.

ഫോൺ വെച്ചതിന് ശേഷമാണ് de-addiction camp ആണല്ലോ പടച്ചോനെ,ഇത് വരെ പങ്കെടുത്തിട്ടില്ലല്ലോ...ആടെ പോയിട്ട് എന്ത് പറയും തമ്പുരാനെ??ഇനിയിപ്പോ എങ്ങനാ പറ്റില്ലെന്ന് പറയാ??ഇന്ന് മഗ്രിബിക്ക് ശേഷത്തേക്ക് തയ്യാറാവുകയും വേണം.ആകെപ്പാടെ ബേജാറായി.'സ്വാസകോസം സ്പോഞ്ച് പോലെയാണ്,ആരാണ് സന്തോസം ആഗ്രഹിക്കാത്തത്,'എന്നൊക്കെ പറഞ്ഞാലോ എന്ന് ആലോചന നീണ്ടു.അങ്ങനെ പറഞ്ഞാൽ വലിയ വില കൊടുക്കേണ്ടി വരും,വലിയ വില എന്ന് മനസ്സിലായി.

അവസാനം ഉസ്താദ് Nayeemക്കാനെ വിളിച്ചു കാര്യം പറഞ്ഞു.ആദ്യത്തെ de-addiction camp ആണ്.അറിയില്ല എന്താണ് പറയേണ്ടത് എന്ന്. എന്താ ചെയ്യേണ്ടത്?ഉസ്താദ് ഒരു സ്കെച്ച് തന്ന്. സംഭവം കൊള്ളാമെന്നു ഇനിക്കും തോന്നി.

അവിടെ ചെന്നപ്പോ മൊത്തം 28 പേർ. പല പ്രായത്തിൽ ഉള്ളവർ,പല നാട്ടുകാർ,പല മതവിശ്വാസക്കാർ,മിണ്ടിയും പറഞ്ഞും ഒരു മണിക്കൂർ തീർന്നു പോയി.പിന്നെ എല്ലാരും അടുത്ത് കൂടി.പലരും വ്യക്തിപരമായി പരിചയപെട്ടു.ചിലരിങ്ങനെ ഒരുപാട് സമയം കെട്ടിപിടിച്ച് കരഞ്ഞു.മറ്റു ചിലർ ചേർത്ത് പിടിച്ച് ഉമ്മ വെച്ചു.പിറകിൽ നിന്ന് വന്ന ഒരാൾ ഒരുപാട് സമയം എന്റെ മുഖത്ത് ചുണ്ട് ചേർത്ത് വെച്ചു. അയാളുടെ കണ്ണീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു.വല്ലാത്തൊരു അനുഭവമായി.അത് വരെ അനുഭവിക്കാത്ത എന്തോ ഒരു സന്തോഷം ഉള്ളിലൂടെ കടന്നു പോയി കൊണ്ടിരുന്നു.

അറിയില്ല എന്താണവരെ അങ്ങനെ കരയിപ്പിച്ചതെന്നു, ഞാൻ പറഞ്ഞ വാക്കുകൾ ആവാൻ തരമില്ല.ഇനി അതാണെങ്കിൽ ഒന്നുറപ്പായി,ഇടത്തെ നെഞ്ചിലെ ഇത്തിരി ഇടത്തോട് സംസാരിക്കാൻ ഇടറിയ ശബ്ദവും പതറിയ അറിവും മതിയെന്ന്.അതല്ലെങ്കിൽ ഹൃദയങ്ങൾക്ക്  തമ്മിൽ വർത്തമാനം പറയാൻ വാക്കുകൾ എന്തിനാണെന്ന്...
------------------------------
✍ റഈസ് ഹിദായ



കഴിഞ്ഞ ദിവസം കുറച്ച് കുട്ടികളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവരിലൊരുത്തൻ ചോദിച്ചത്,"റഈസ്ക്കാ... ഭൂമിയിൽ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഇങ്ങളാരായി ജനിക്കാനാ ആഗ്രഹിക്കുന്നത്??"
കൗതുകം തോന്നി ആ കുഞ്ഞു മോന്റെ ചോദ്യത്തോട്...ഒന്ന് മിണ്ടാതെ നിന്നിട്ട് പിന്നെ അവനോട് ഞാൻ പറഞ്ഞത് "അനുഭവിച്ച് കൊതി തീരാത്ത ഭംഗിയുള്ള, കുടിച്ചിട്ട് മതി വരാത്ത ലഹരിയുള്ള,വറ്റാത്ത ആത്മബന്ധങ്ങൾ നിറയെയുള്ള,ഒടുങ്ങാത്ത സന്തോഷമുള്ള എന്റെ ജീവിതം തന്നെ ജീവിക്കാൻ ആണ് എനിക്കിഷ്ടം." പുനർജന്മത്തിൽ ഒരു തരത്തിലുള്ള വിശ്വാസവുമില്ല.എന്നിരുന്നാലും അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അടുത്ത ജന്മമല്ല,ഇനിയെത്ര ജന്മം ഉണ്ടെങ്കിലും റഈസ് ആയിരിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.
-----------------------------
✍റഈസ് ഹിദായ



അമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ആ കൊച്ചു കുറുമ്പി രണ്ടര വയസ്സുകാരി അവളെന്നോട് കൊഞ്ചി തുടങ്ങിയത്.പിന്നെ അവളോടായി സംസാരം.ഞങ്ങള്ക്ക്  രണ്ടു പേര്ക്കും  മാത്രം മനസ്സിലാവുന്ന ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി,പൊട്ടി ചിരിച്ചു,കെട്ടി പിടിച്ചു.അതിനിടയില്‍ അവള്‍ ഉച്ചത്തില്‍ കൂവിയപ്പോഴാണ് അപ്പുറത്തേക്ക് മാറി നടന്ന അവളുടെ അമ്മ ഓടി വന്ന് ഞങ്ങളുടെ കൂടെ കൂടിയത്.സ്നേഹത്തില്‍ കവിളില്‍ നുള്ളി കൊണ്ട് അമ്മ അവളോട് പറയുന്നുണ്ടായിരുന്നു "പതുക്കെയെടീ....ഇയ്യൊരു പെണ്കുനട്ടിയല്ലേ??വല്ലവന്റേം വീട്ടിലേക്ക് കെട്ടിച്ച് വിടാനുള്ളതാ..."

കൂട്ടുകാരി അവളുടെ മകളോട് പറഞ്ഞത് ആ കുറുമ്പിയോളം കൊഞ്ചി കൊണ്ട് തന്നെയാണ്.പക്ഷെ വല്ലാതെ അലട്ടിയ വാക്കായിരുന്നു അത്.ആ കുഞ്ഞിങ്ങനെ വലുതായി വരുന്ന വഴികളില്‍ കൊഞ്ചല്‍ മാറി പറച്ചിലിന് ഗൌരവം വന്നു കൊണ്ടിരിക്കും.ഇരുപതുകളുടെ ആദ്യപകുതികള്‍ മാത്രം നമ്മോടോപ്പമുള്ള നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മളില്‍ നിന്ന് തന്നെ അന്യതാബോധത്തോടെ വളരും.ആ സമയം കഴിയുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന സമയത്ത് ഒന്ന് ചേര്ത്ത്  പിടിക്കാനോ ഉമ്മ വെക്കാനോ പോലും ചിലപ്പോ നമുക്കവരെ കിട്ടിയെന്നു വരില്ല.എന്നാലും നമ്മള്‍ അങ്ങനെ തന്നെ പറയും,"വല്ല വീട്ടിലും ചെന്ന് കേറാനുള്ളതാണ്..."

എന്നാല്‍ പിന്നീട് അവര്‍ ചെന്ന് കയറുന്ന വീട്ടിലും അവള്‍ അങ്ങനെ തന്നെ വളരും.'വന്നു കയറിയവളാണ്','ഭര്ത്താവിന്റെ  വീടാണ്'അങ്ങനെ ജീവിതാവസാനം വരെ സ്വന്തമായ ഒരു ഇടമില്ലാതെ നമ്മുടെ കുഞ്ഞുങ്ങള്‍ കടന്നു പോവും.അല്ലങ്കിലും പെണ്‍കുഞ്ഞുങ്ങള്‍ സ്വയം അടയാളപ്പെടുത്തി ജീവിക്കാന്‍ പാടില്ലല്ലോ?
----------------------------
✍റഈസ് ഹിദായ



സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവനാ കോള്‍ വന്നത്....സലാം മടക്കി ഇപ്പൊ എത്താം ഇക്കാക്കാ എന്ന്‍ അവന്‍ പറഞ്ഞത് ക്ലോക്കില്‍ നോക്കി കൊണ്ടാണ്.
നേരം വൈകിയിട്ട് വിളിച്ചതെല്ലെന്ന് ആ കോളിന്റെ ബാക്കി കേട്ടപ്പോ പിന്നെ മനസ്സിലായി.അവനെക്കാള്‍ 3 വയസ്സിന്‍റെ മൂപ്പേ ഒള്ളൂ അവന്റെ ഇക്കാക്കക്ക്.ഒന്നര വര്‍ഷമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കാണ്.നാളെയാണ് പോവേണ്ട date.അതിന്‍റെ എന്തോ കാര്യം സംസാരിക്കാന്‍ വിളിച്ചതാ.

കോള്‍ കഴിഞ്ഞു അവന്‍ കാര്യം പറഞ്ഞു.ഡയാലിസിസ് ചെയ്യാന്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന Fistula ഇടക്ക് മാറ്റേണ്ടി വരുമത്രേ...രക്തത്തിന്‍റെ ഒഴുക്ക് കുറയുന്നതനുസരിച്ച് കൂടുതല്‍ ഒഴുക്കുള്ള സ്ഥലത്തേക്ക്.4,000 രൂപയോളം അതിന് ചെലവ് വരും.മാറ്റേണ്ടി വന്നാല്‍ ആ കാശുണ്ടോ എന്നറിയാനാണ് ഇക്കാക്ക വിളിച്ചത്....പൈസയല്ല റഈസ്ക്കാ പ്രശ്നം,അവന്‍റെ വേദനയാണ്,അവനെന്‍റെ ഏട്ടനല്ലേ എന്ന്‍ പറഞ്ഞപ്പോഴേക്ക് അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കെട്ട കാലത്ത് ബന്ധങ്ങളെ കെട്ടു പോവാതെ കാത്തു വെക്കുന്ന ചിലരുണ്ട് ഭൂമിയില്‍.ഈ ഭൂമിയുടെ നിലനില്‍പ്പിന് തന്നെ കാരണക്കാര്‍ ആയവര്‍. കാലാകാലങ്ങളായി കൊട്ടിയടച്ച എല്ലാ വാതിലുകളും തുറന്നിട്ട് കുറെ കൂടി കാറ്റും വെളിച്ചവും സാധ്യമായ വിശാലതയുടെ സുവിശേഷം.നടന്ന് കൊണ്ടിരിക്കുന്നത് അങ്ങനെയല്ല-ദീർഘമായ പട്ടികകളാണ്.ആരൊക്കെ ഒഴിവാക്കണമെന്നും ആരിൽ നിന്നൊക്കെ മാറി നടക്കണമെന്നും....ഓരോ ദിവസവും മനുഷ്യൻ ചുരുങ്ങി ചുരുങ്ങി വരുമ്പോൾ അതാണ് ആത്മീയതയെന്ന് തലയാട്ടണമെങ്കിൽ നിങ്ങളുടെ ബുദ്ധിയും ഹൃദയവും ചെകുത്താനു പണയം വെച്ച് ഒരു കളി തുടങ്ങാൻ പോവുന്നു എന്ന് മാത്രം കരുതിയാൽ മതി.
----------------------------
✍ റഈസ് ഹിദായ



കുറച്ചു ദിവസം മുമ്പ് Riyon മാഷ്‌ വിളിച്ചിട്ട് B.R.C. പരപ്പനങ്ങാടിയും A.M.L.P. SCHOOL അരിയല്ലൂരും ചേര്‍ന്ന് നടത്തുന്ന ഒപ്പം എന്ന ഒരു പരിപാടി ഉണ്ടെന്നും ഒന്ന്‍ പങ്കെടുക്കണം എന്നും ഭിന്നശേഷിയുള്ള കുറച്ച് കുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ടെന്നും അവരോട സംസാരിക്കണം എന്നും പറഞ്ഞു

"മാഷേ,അങ്ങനെ സംസാരിക്കാന്‍ അറീല്ലാല്ലോ" എന്ന് പറഞ്ഞപ്പോ മാഷ്‌ പറഞ്ഞത് നീ നിന്‍റെ അനുഭവങ്ങളും ജീവിതവും പങ്കു വെച്ചാ മതി.അത് അവര്‍ക്ക്  സന്തോഷവും ആത്മവിശ്വസവുമാവും.അങ്ങനെ വരാം എന്നേറ്റു.

ഇന്നലെയായിരുന്നു പ്രോഗ്രാം.സ്കൂളിന്റെമ പരിസരത്തേക്ക് എത്തിയപ്പോ തന്നെ അതിമനോഹരമായ കവിത കേള്‍ക്കുന്നുണ്ട്.ചെന്നിറങ്ങിയപ്പോള്‍ ആണ് വിഷ്ണുപ്രിയ എന്ന ഒരു കുഞ്ഞുമോള്‍ വീല്ചെയറില്‍ ഇരുന്ന് പാടുന്നത് കണ്ടത്.തൊട്ടടുത്ത് മറ്റൊരു മോളും.ദേവിക.രണ്ട് കൈകളും ഇല്ല.അവള്‍ കാലുകൊണ്ട് കാന്‍വാസില്‍ വര്‍ണലോകം തീര്‍ത്തു കൊണ്ടിരിക്കുന്നു.

രണ്ടും കണ്ടപ്പോള്‍ തന്നെ മനസ്സ് തീര്‍ത്തു  പറഞ്ഞു."ജാങ്കോ,നീ പെട്ട്.വന്ന സ്ഥലം മാറിയെടാ..."

ഇങ്ങനെ ഓര്‍ത്ത് നില്ക്കുമ്പോള്‍ ആണ് ഒരു കുഞ്ഞുമോന്‍ വന്ന് പരിചയപ്പെടുന്നത്.അഭിനവ്.അതാണ്‌ പേര്.ദൂരെ നിന്ന് നോക്കുമ്പോള്‍ അവന് എന്റെ് ഡ്രസ്സിന്റെ കളര്‍ മാത്രം കാണുന്നൊള്ളൂത്രെ.തൊട്ടടുത്ത് വന്ന് അവന്‍ എന്നെ തൊട്ടു നോക്കി,ഉമ്മ വെച്ചു.അവനെ പരിചയപ്പെടുത്തി.എന്നെ കുറിച്ച് ചോദിച്ചറിഞ്ഞു.

അത്രയും ആയപ്പോള്‍ തന്നെ എന്റെ കഥ തീര്‍ന്നു. ബാത്ത്റൂമില്‍ ഇരുന്ന്‍ പാടിയാല്‍ പോലും പുറത്ത് നിന്ന് ആളുകള്‍ എന്നോട് വിളിച്ചു പറയാറുണ്ടായിരുന്നു മിണ്ടാണ്ട് നിക്കെടാ എന്ന്‍.സ്കേല് വെച്ച് പോലും വളയാതെ ഒരു വര വരക്കാന്‍ കഴിയാത്തവനാ ഞാന്‍.വീട്ടില്‍ ഒരു അപരിചിതന്‍ വന്നൂ എന്നറിഞ്ഞാല്‍ അഭിനവിന്റെ പ്രായത്തില്‍ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നവനായിരുന്നു ഞാന്‍.ഈ മക്കള്ക്ക്  ഞാന്‍ എന്ത് ആത്മവിശ്വാസം കൊടുക്കും??അവരോട് ഞാന്‍ എന്ത് പറയും??ആകെപാടെ അങ്കലാപ്പായി.

അങ്ങനെ ഇരിക്കുമ്പോഴാണ് stageലേക്ക് ആനയിക്കപ്പെട്ടത്.സദസ്സിനെ നോക്കിയപ്പോ ഉള്ളിലുള്ള പാതി ജീവനും കെട്ടു പോയി.കണ്ണില്‍ വിളക്ക് കൊളുത്തി വെച്ച് ലോകത്തെ തന്നിലേക്ക് വിളിക്കുന്ന ഒരുപാട് കുഞ്ഞു മക്കള്‍.അവരെ ചേര്ത്ത്  പിടിക്കുന്ന അമ്മമാര്‍,അച്ചന്മാര്‍.

കൂടുതല്‍ ഒന്നും പറയാനുണ്ടായില്ല.കെട്ടു പോയ എന്റെ  കണ്ണിലേക്ക് ഒരല്പം വെളിച്ചം ഏറ്റു വാങ്ങി അവിടെ നിന്ന് തിരിച്ചു പോന്നു....പോരുമ്പോ തീര്ത്തും  സന്തോഷവാനായിരുന്നു.വന്മരരങ്ങള്‍ ഉള്ളിലൊളിപ്പിച്ച നനഞ്ഞ പ്രതലത്തില്‍ വീണാല്‍ പൊട്ടി മുളക്കാന്‍ കാത്തു നില്ക്കുളന്ന കുഞ്ഞു വിത്തുകളെ അടുത്ത് കാണാന്‍ കഴിഞ്ഞ സന്തോഷം.
----------------------------
✍ റഈസ് ഹിദായ



കുറച്ച് ദിവസം മുമ്പ് സുഹൃത്ത്ക്കള്‍ക്കൊപ്പമുള്ള തമാശകള്‍ക്കിടയില്‍ സ്ട്രക്ച്ചറില്‍ നിന്ന് ഉരുണ്ടു താഴെ വീണു,ഡും!!

എടുത്താല്‍ എടുത്ത സാധനം എടുത്തിടത്ത് തന്നെ വെക്കണം എന്ന്‍ ഞങ്ങള്ക്കിടയില്‍ അലിഖിതനിയമം ഉണ്ടായത് കൊണ്ട് തിരിച്ച് അപ്പൊ തന്നെ സ്ട്രക്ചറില്‍ എത്തി.നെറ്റിയടിച്ചാണ് താഴെ ലാന്‍ഡ്‌ ചെയ്തത് എന്നുള്ളത് കൊണ്ട് നെറ്റിയില്‍ ഒരു ചെറിയ പാട് മാത്രം.തമാശകള്‍ അതിന്റെ  വഴിക്ക് തുടര്‍ന്നു പോയി.

രണ്ടു ദിവസം കഴിഞ്ഞ് വീട്ടില്‍ വന്ന മറ്റൊരു സുഹൃത്ത് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് നെറ്റിയിലെ അടയാളം കണ്ടത്.തൊട്ടു നോക്കി കൊണ്ട് അവന്‍ ചോദിച്ചു:"എന്താടാ??എന്ത് പറ്റിയതാ??"
"ഒന്നുല്ലടാ.അടുക്കളയില്‍ നിന്ന് വെള്ളം എടുത്തു ധൃതിയില്‍ വരുമ്പോള്‍ വാതിലില്‍ തല ഇടിച്ചതാ...രണ്ടു ദിവസായി.കുഴപ്പമൊന്നുമില്ല."ഒരു തെറി പ്രതീക്ഷിച്ചു കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്.

 പക്ഷെ അവന് പെട്ടെന്ന് കാര്യം കത്തിയില്ല."നോക്കി നടന്നൂടെ?"എന്നും പറഞ്ഞ് അവന്‍ മറ്റു സംസാരങ്ങളിലെക്ക് കടന്നു.കുറച്ച് കഴിഞ്ഞാണ് അവന്‍ കാര്യം പിടികിട്ടിയത്."അല്ലാ,നെറ്റിയില്‍ എന്ത് പറ്റിയതാന്നാ പറഞ്ഞത്?"
"വാതിലില്‍ തല ഇടിച്ചതല്ലേ...അടുക്കളയിലെ.അല്ലെ?"ഞാന്‍ തിരിച്ചു ചോദിച്ചു.
സത്യം പറയടാ എന്നും പറഞ്ഞ് അവന്‍ ഒച്ചയിട്ടപ്പോള്‍ ആണ് ശെരിക്കും ഞാന്‍ നടന്ന കാര്യം പറഞ്ഞത്."അത്രേ ഒള്ളോ?എന്നിട്ട് വേറെ ഒന്നും പറ്റിയില്ലല്ലോ" എന്നായി പിന്നെ അവന്റെ  സങ്കടം"
പറഞ്ഞു വന്നത് വീല്ചെഎയര്‍ ഫ്രെണ്ട്ളി സ്റ്റേറ്റ് പോലുള്ള ആശയങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ പ്രത്യേക ഇടങ്ങള്‍ നിര്മി്ച്ച് അരികുകളിലേക്ക് മാറ്റുന്ന ഒരു ലോകത്തെയല്ല സ്വപ്നം കാണുന്നത്.പൊതു ഇടങ്ങളിലും മനസ്സുകളിലും ഒരു സാധാരണക്കാരന്‍ എന്ന പരിഗണനയാണ്.ആ സുഹൃത്തിന്റെ  ബോധം എന്നെ പരിഗണിച്ച പോലെ....
----------------------------
✍ റഈസ് ഹിദായ



കഴിഞ്ഞ ദിവസം അപരന്റെ ആദ്യ ഫോട്ടോ പോസ്റ്റ്‌ ചെയ്തപ്പോള്‍ പ്രിയപ്പെട്ടവരില്‍ ഒരാള്‍ വീട്ടില്‍ വന്നത് ഭയങ്കരമായ ദേഷ്യത്തില്‍ ആയിരുന്നു.ഒരുപാട് സമയം ഉപദേശം കൊണ്ട് മൂടി.എല്ലാത്തിനും പരിധികള്‍ ഉണ്ടെന്നും ചെയ്തികള്‍ അതിര് വിടാന്‍ പാടില്ലെന്നും നിര്‍ത്താതെ  ഉപദേശിച്ചു കൊണ്ടിരുന്നു.ഗൌരവത്തില്‍ എടുക്കാതെ ചിരിച്ചു കൊണ്ട് ഇരിക്കുന്നത് കണ്ടപ്പോള്‍ അവര്ക്ക്  ദേഷ്യം ഇരട്ടിച്ചു. "റഈസേ,ദുനിയാവ് എന്തായാലും നിന്റത് പോയി.ഇനി ആഖിറം കൂടെ കളയല്ലേ."എന്നും പറഞ്ഞ് എഴുന്നേറ്റ് പോവാന്‍ തുടങ്ങിയ അവരെ ഞാന്‍ അവിടെ പിടിച്ചിരുത്തി.
  
എന്നിട്ട് മറ്റു ഫോട്ടോകള്‍ കാണിച്ചു കൊടുത്തു ഞാന്‍ അല്ലെന്ന് ബോധ്യപ്പെടുത്തി.മൂര്‍ച്ചിച്ചു വന്ന അയാളുടെ ദേഷ്യം ജാള്യമായി മാറി."ഫോട്ടോ കാണിക്കാന്‍ അല്ല ഇരിക്കാന്‍ പറഞ്ഞത്,അവസാനം പറഞ്ഞ വാക്കിനെ കുറിച്ച് സംസാരിക്കാന്‍ ആണ്"എന്ന്‍ ഞാന്‍ പറഞ്ഞു.

"അല്ല,അത് അപ്പൊ ആ ദേഷ്യത്തില്‍ പറഞ്ഞതാ...."

"ആയിക്കോട്ടെ,അതിനെ കുറിച്ച് സംസാരിക്കണം.ആഖിറം എങ്ങനാ കിട്ടാ?"

"അല്ല റഈസേ,പറഞ്ഞല്ലോ...ഞാന്‍ അപ്പോഴത്തെ ഒരു മൂഡില്‍ പറഞ്ഞതാ."

"ആയിക്കോട്ടെ,ആഖിറം കിട്ടാന്‍ ഞാന്‍ എന്താ ചെയ്യേണ്ടത്?"

"അല്ല ഞാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്‌താല്‍ ആഖിറം നഷ്ട്ടമാവും എന്നാ പറഞ്ഞത്.അത് നീയല്ലല്ലോ വിട്ടേക്ക്..."

"അല്ല ഒന്നും ചെയ്യാതിരുന്ന ആഖിറം കിട്ടോ?"

"വിട് റഈസേ,പറഞ്ഞ് പോയതല്ലേ"

"അങ്ങനെ വിടാന്‍ പറ്റില്ല...ഏത് അര്‍ത്ഥത്തിലാ ദുനിയാവ് പോയി എന്ന് പറഞ്ഞത്?"

"അല്ലടാ,ഞങ്ങളെ പോലെ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനും ചലിക്കാനും നിനക്കാവില്ലല്ലോ,അതാ ഉദ്ദേശിച്ചേ..."

"അപ്പൊ നിങ്ങളെക്കാള്‍ വേഗത്തില്‍ ചലിക്കുന്നവനല്ലേ ഉസൈന്‍ ബോള്ട്ട് .അപ്പൊ അയാള്ക്കാതണോ വല്ല്യ ദുനിയാവ് കിട്ടിയത്?"

"അങ്ങനല്ല റഈസ്..."

"പിന്നെ സമ്പത്താണോ?"

"അല്ലടാ,ഞാന്‍ അങ്ങനെ ഉദ്ദേശിച്ചില്ല."

"പിന്നെ?"

"അങ്ങനല്ല..."

"എന്നാ ഞാന്‍ ഒന്ന്‍ ചോദിക്കട്ടെ,കഴിഞ്ഞ മുപ്പത് ദിവസം എടുക്കാം.എത്ര ദിവസം ശാന്തമായി ഉറങ്ങാന്‍ കിടന്നിട്ടുണ്ട്?"

"ഒരുപാട് ദിവസം"

"ഒരുപാടെന്നു വെച്ചാല്‍?"

"എന്തായാലും പകുതിയലധികം ദിവസം"

"മുപ്പത് ദിവസത്തിനിടയില്‍ എത്ര പേര് നിങ്ങളെ ഉമ്മ വെച്ചിട്ടുണ്ട്?"

"ഉമ്മ വെക്കേ?"

"അതെ"

"അങ്ങനൊന്നും ഇല്ല.ചെലപ്പോ കെട്ട്യോള്‍ വെച്ചിട്ടുണ്ടാവും"

"എത്ര പേര് നിങ്ങളെ കെട്ടി പിടിച്ചിട്ടുണ്ട്?"

"എന്താപ്പോ ഇങ്ങനെ കെട്ടി പിടിക്കാനും ഉമ്മ വെക്കാനും എന്നും പെരുന്നാളാണോ?"


"സുഹൃത്തെ,ഒരു ദിവസം മിനിമം അഞ്ച് പേരെങ്കിലും എന്നെ കെട്ടിപിടിക്കാറും ഉമ്മ വെക്കാറുമുണ്ട്.നിങ്ങള്‍ പറഞ്ഞ കണക്കിന് മിക്ക ദിവസങ്ങളും എനിക്ക് പെരുന്നാള്‍ ആണ്.ഈ മുപ്പത് ദിവസത്തില്‍ മിക്കവാറും ദിവസവും ഞാന്‍ ശാന്തന്‍ ആയാണ് ഉറങ്ങിയത്.പിന്നെ ആര്ക്കാണ്,എവിടെയാണ് ദുനിയാവ് നഷ്ടമായത്?"
ഈ ചോദ്യം ഞങ്ങള്ക്കിടയില്‍ ഒരുപാട് സമയം ഒരു വലിയ നിശബ്ദത പരത്തി.

പിന്നെ ഞങ്ങള്‍ ഒരുപാട് സമയം ജീവലോകത്തിലെ ജീവന്റെ ഹാലിനെ പറ്റിയും അരുളും അന്‍പും അനുകമ്പയും ഉള്ള നിത്യസത്യമായ സ്നേഹനാഥനെ കുറിച്ചും ഒരുപാട് സംസാരിച്ചു.
-----------------------------
✍  റഈസ് ഹിദായ





റഈസ്,
അസഹിഷ്ണുതയുടെയും, സ്വാർത്ഥതയുടെയും
വേദനകൾ നിറയുന്നൊരു കാലത്ത് നമുക്കിങ്ങനെ ചേർന്നിരിക്കാൻ കഴിയുക എന്നത് തന്നെ വലിയൊരു നൻമയാണ്.

മനസ്സ് നിറഞ്ഞ സ്നേഹത്തിന്റെ മൂർത്തഭാവമുള്ള വാക്കുകളാണ് ഈ കൂട്ടിൽ ഇന്നലെ ഒഴുകി പരന്നത്.
ഒരു ദേശം മുഴുവൻ നിങ്ങളെ കാതോർത്തിരിക്കുകയായിരുന്നു.
പഠിക്കാനും, പകർത്താനുമില്ലാത്ത ഒരു വാക്കും നമുക്കിടയിലുണ്ടായിട്ടില്ല എന്ന ഉറച്ച വിശ്വാസമുണ്ടായതിനാൽ 'ക്ഷമ' ചോദിക്കലിന്റെ ഔപചാരികത  ബോധപൂർവ്വം ഒഴിവാക്കുന്നു.

റഈസ്.....
ഞങ്ങളുടെ ചോദ്യങ്ങളേക്കാൾ വലിയ ഉത്തരങ്ങളായിരുന്നു നിങ്ങൾ പറഞ്ഞതെല്ലാം.
നിങ്ങളുടെ ഉത്തരം കേട്ടപ്പോൾ ഒരു പാട് ചോദ്യങ്ങൾ സ്വന്തത്തിലേക്ക് ചോദിക്കാൻ 
ഞങ്ങൾ നിർബന്ധിതരാ
യിരിക്കുന്നു.
ആ ചോദ്യങ്ങളാണ് ഇന്നലെത്തെ ദിവസം ഞങ്ങൾക്ക് ബാക്കി വെച്ചത്.
ഇൻശാ അള്ളാ......
ഒരു നാൾ നമുക്കൊന്ന് കൂടിയിരിക്കണം.
അധികം വൈകാതെ
തത്തമ്മക്കൂട് അതിനൊരു വഴിയൊരുക്കും.

റഈസ്....
തൽക്കാലം
നിറുത്തുകയാണ്.
നമ്മൾ പിരിയുകയല്ല,
അതിന് ഇനി കഴിയില്ല.
അതിനാൽ നന്ദി പറയേണ്ട ആവശ്യവുമില്ല.

ഒരു ഹൃദയബന്ധത്തിന്റെ കിളിവാതിൽ നമുക്കിടയിൽ തുറന്ന് വെച്ചിരിക്കുന്നു.
അതിലൂടെ നമുക്കിനിയും ഒരുപാട് തവണ 
കണ്ടും....
കേട്ടും.......
കളിച്ചും........ 
രസിച്ചും..........
ചിരിച്ചും................ കൊണ്ടിരിക്കാം...........
---------------------------------
✍ സത്താർ കുറ്റൂർ
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്🌹

No comments:

Post a Comment