Friday, 5 May 2017

വെള്ളിയാഴ്ച പിരിവ്

വെള്ളിയാഴ്ച ജുമുഅ: നിസ്കാരം കഴിഞ്ഞ് ഇമാം സലാം വീട്ടിയ ഉടനെ മുന്നിലെ സ്വഫിലെ ആദ്യത്തെയാൾ തന്റെ മുമ്പിലെ ബക്കറ്റിലേക്ക് പോക്കറ്റിൽ നിന്ന് ഒരു 5 രൂപ നാണയമിട്ടു. 
        ആ ജുമാ മസ്ജിദിലെ ആകെയുള്ള വരുമാനം ഈ വെള്ളിയാഴ്ച പിരിവാണ്. പിന്നെ റമളാൻ സ്പഷൽ പിരിവും.  നാട്ടുകാർ പൈസക്കാരാണെങ്കിലും ബക്കറ്റിലേക്ക് എപ്പോഴും ചെറിയ സoഖ്യകളേ വീഴൂ. 
        ബക്കറ്റ് അടുത്തയാളുടെ മുമ്പിലെത്തി. മൂപ്പരും ഒരു പത്ത് രൂപയിട്ടു. അടുത്ത രണ്ടാളുകൾ ഒന്നുമിടാതെ ബക്കറ്റ് അടുത്താൾക്ക് പാസ്സ് ചെയ്തു. ദിക്റും ദുആയും തീർന്നതും പകുതി നിറഞ്ഞ സംഭാവന ബക്കറ്റ് തിരികെ പള്ളിക്കാരണവരുടെ മുമ്പിലെത്തി. കൂടെ ഒന്നു രണ്ടാളുമിരുന്നു. പൈസ എണ്ണാൻ. പൈസയിടാൻ പിന്നോട്ടാണെങ്കിലും എണ്ണാൻ എല്ലാരും മുമ്പിലാണ്. 
        പൈസ എണ്ണിക്കഴിഞ്ഞ കാരണവരുടെ മുഖത്ത് തിളക്കം - ആയിരത്തി ഇരുന്നൂറ്റി മുപ്പത്തിരണ്ട് ! പത്തിരുന്നൂറിലേറെ ആളുകൾ എത്തുന്ന പള്ളിയിൽ സാധാരണ 500-600 രൂപയാണ് കിട്ടാറ്. ഇക്കുറി ഇരട്ടിയുണ്ട്. വലിയ അതിശയം തന്നെ. സെക്രട്ടറിയെ പണമേൽപിക്കുമ്പോൾ കാരണവർ ചിരിച്ചു കൊണ്ടു പറഞ്ഞു - എല്ലാ ആഴ്ചയും ഇങ്ങനെ കിട്ടിയാൽ നന്നായിരുന്നു - സെക്രട്ടറിയുടെ കമന്റ്. മൂപ്പർ കണക്ക് ബുക്കിൽ വലുതാക്കി വരവ് എഴുതി ചേർത്തു. 
          അസർ നിസ്കാരത്തിന് പള്ളിയിലെത്തിയപ്പോൾ ഒരു കുട്ടി വന്ന് പിന്നിൽ നിന്ന് തോണ്ടി.  തിരിഞ്ഞ് നോക്കിയപ്പോൾ ആ പന്ത്രണ്ട് വയസ്സുകാരന്റെ മുഖം കരച്ചിൽ വന്നപോലെ. നിസ്കാരം കഴിഞ്ഞ് മെല്ലെ അരികെ വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് ചിരിയും സങ്കടവും ഒന്നിച്ച് വന്നു. . ജുമുഅക്ക് വന്നപ്പോൾ അവന് ഉമ്മ പള്ളിയിൽ ബക്കറ്റിലിടാൻ പത്ത് രൂപയും പുരയിലേക്ക് സാധനം വാങ്ങാൻ 500 രൂപയും കൊടുത്തിരുന്നു. അവൻ അറിയാതെ പത്തിന് പകരം 500 ന്റെ നോട്ട് ബക്കറ്റിൽ മാറിയിട്ടു. പുരയിലെത്തിയപ്പോൾ ഉമ്മ സാധനങ്ങൾ ചോദിച്ചപ്പോളാണ് ഓർമ്മ വന്നത്. ഉമ്മാന്റെ വക നല്ല വഴക്ക് കേട്ടു. ഉമ്മ പള്ളിയിലേക്ക് പായിപ്പിച്ചതാ...
         വിവരമറിഞ്ഞു ആള് കൂടി .എല്ലാരും മോനെ സമാധാനിപ്പിച്ചു. അവന്റെ 500 തിരിച്ചു കൊടുത്തപ്പോ അവൻ ഒരു ചിരി ചിരിച്ചു 20 രൂപ പള്ളിയിലേക്ക് തന്നു - 
അങ്ങനെ ആ ആഴ്ചയും ഞങ്ങളുടെ പള്ളിപ്പിരിവ് 700 രൂപയിൽ ഒതുങ്ങി.
✍✍✍✍✍✍✍✍✍✍
മുഹമ്മദ്‌ കുട്ടി അരീക്കൻ,

No comments:

Post a Comment