Friday, 5 May 2017

വെള്ളിവെളിച്ചം : സാക്ഷികൾ


ഏത് കോടതിയിലും സാക്ഷികളുടെ മൊഴിക്ക് വലിയ വിലയാണ്. സാക്ഷി വിസ്താരം വളരെ പ്രധാനമാണ്. സാക്ഷിയുടെ കൂറുമാറൽ കേസിനെ തന്നെ ദുർബലപ്പെടുത്തും.
എന്നാൽ നാം ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾക്ക് നമ്മുടെ തന്നെ ശരീര ഭാങ്ങൾ നാളെ സാക്ഷി പറയുന്ന രംഗം മനസ്സിലൊന്നു ഓർത്തു നോക്കൂ.
" ഇന്നത്തെ ദിവസം നാം അവരുടെ വായകൾക്ക് മുദ്രവെക്കും. അവർ ചെയ്ത് കൂട്ടിയ കാര്യങ്ങളെ അവരുടെ കൈകൾ നമ്മാട് സംസാരിക്കും. അവരുടെ കാലുകൾ അതിന് സാക്ഷി പറയും " .. സൂറ: യാസീൻ.
സൂറ: ഫുസ്സിലത്തിൽ റബ്ബ് സുബ്ഹാന ഹു വ തആലാ അരുളുന്നത് അവരുടെ തൊലികൾ അവർക്കെതിരെ സാക്ഷി പറയും എന്നാണ്.
അന്ത്യനാളിലെ അതികഠിനമായ വിചാരണ യെ പറ്റി റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം വളരെ വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. അനസ് (റ) റിപ്പോട്ട് ചെയ്ത ഹദീസിന്റെ ആശയം ഇപ്രകാരമാണ്. അടിമയുടെ കുറ്റങ്ങൾ വായിക്കപ്പെടുമ്പോൾ അവനത് നിഷേധിക്കും. ഞാനിതൊന്നും ചെയ്തില്ല എന്ന് പറയും. ആ സമയത്ത് അവന്റെ വായ അടച്ച് സീൽ വെക്കും. പിന്നെ കൈകൾ സംസാരിക്കും. അവന്റെ കണ്ണും കാതും കാലുമൊക്കെ ആ കുറ്റങ്ങൾക്ക് സാക്ഷി പറയും- പിന്നെ അവന്റെ സങ്കേതം നരകം തന്നെ.
സൽകർമ്മമായാലും ദുഷ്കർമ്മ മായാലും നാം എവിടെ വെച്ച് ചെയ്തോ ആ സ്ഥലം പോലും നമുക്ക് വേണ്ടി സാക്ഷി പറയും.
നീതിമാനായ റബ്ബിന്റെ കോടതിയിൽ ആരും അന്യായമായി ശിക്ഷിക്കപ്പെടില്ല. "നിശ്ചയം. കേൾവി, കാഴ്ച, മനസ്സ്.. എല്ലാം തന്നെ അവയെ സംബന്ധിച്ച് ചോദിക്കപ്പെടുന്നതാണ് "
 (സു.. ഇസ്റാ)
നാം ഓർക്കുക.. ആദരണീയരായ എഴുത്തുകാർ നമ്മുടെ ചലനങ്ങൾ സൂക്ഷമമായി രേഖപ്പെടുത്തുന്നു - നമ്മുടെ അവയവങ്ങൾ നമക്ക് എതിരെ സാക്ഷി നിൽക്കുന്നു. എല്ലാറ്റിനും ഉപരി സർവ്വവും കേൾക്കുന്ന , കാണുന്ന നാഥന്റെ സദാ നിരീക്ഷണത്തിലാണ് നാം. ഈ ബോധം എപ്പോഴും കൊണ്ട് നടന്നാൽ തെറ്റുകളിൽ നിന്ന് അകന്ന് നിൽക്കാൻ കഴിയും. അമലുകൾ കൂട്ടാൻ കഴിയും എന്ന് ആദ്യമായിഎന്നെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ കാഴ്ചയും കേൾവിയും കാലുകളും നമുക്ക് അനുകൂലമായി സന്തോഷത്തോടെ സാക്ഷി പറയുന്നത് കേൾക്കാൻ നമുക്ക് അവസരമുണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ...
വ സ്വല്ലല്ലാഹു അലാസയ്യിദിനാ മുഹമ്മദിൻ വ ആലി ഹി വ സ്വഹ്ബിഹി വ സല്ലം .... അസ്സലാമു അലൈകും വറഹ്മതുല്ലാഹ്
〰〰〰〰〰〰〰〰〰
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment