==========
സാർ, ചായ.....
സിസ്റ്റർ മാലതിയുടെ ശബ്ദം കേട്ടാണ് ഡോക്ടർ സലീം ചിന്തയിൽ നിന്നുണർന്നത്. എഴുന്നേറ്റ് വാഷ് ബെയ്സണിനടുത്ത് ചെന്ന് പൈപ്പിലൂടെ ഒഴുകിയെത്തിയ തണുത്ത വെള്ളം കൊണ്ട് മുഖം നന്നായി കഴുകി. ടിഷ്യു പേപ്പറെടുത്ത് കൈയും മുഖവും തുടച്ചു.
മെഡിക്കൽ കോളേജാസ്പത്രിയിലെ ക്യാൻസർ വാർഡിനോട് ചേർന്നുള്ള ഡ്യൂട്ടി റൂമിലെ ചാരുകസേരയിൽ വീണ്ടും ചെന്നിരുന്നു. സിസ്റ്റർ മാലതി കൊണ്ടു വെച്ച ചായ എടുത്ത് കുടിച്ചു. ശരീരത്തിനൊരാശ്വാസമായെങ്കിലും സലീം ഡോക്ടറുടെ മനസ്സ് അപ്പോഴും നീറിപ്പുകയുകയാണ്.
ഡ്യൂട്ടി റൂമിൽ നിന്ന് ഗ്ലാസ്സിലൂടെ വാർഡിലേക്ക് കാണാം. എല്ലാ ബെഡിലും രോഗികൾ ശാന്തമായി കിടന്നുറങ്ങുന്നു.
മിക്കവരും കീമോതെറാപ്പി ചികിത്സക്ക് വിധേയരാകുന്നവരും കീമോതെറാപ്പിക്ക് കാത്തിരിക്കുന്നവരുമാണ്.
ഡോക്ടർ സലീം വീണ്ടും ആലോചനയിലാണ്ടു. സത്യത്തിൽ ഇവിടെ നിന്ന് ആരെങ്കിലും രോഗം മാറി വീട്ടിലേക്ക് പോകുന്നുണ്ടോ? യഥാർത്ഥത്തിൽ ഇവരൊക്കെ മരണത്തെ കാത്ത് കിടക്കുകയല്ലേ? ക്യാൻസർ സ്പെഷ്യലിസ്റ്റായി വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഞാൻ എത്ര രോഗികളുടെ രോഗമാണ് പൂർണ്ണമായും സുഖപ്പെടുത്തിയത്? ഡോക്ടർക്ക് തന്നെ അതിനുത്തരം കണ്ടെത്താനായില്ല.
വാതിലിൽ മുട്ടി തുറന്ന് സിസ്റ്റർ മാലതി അകത്തേക്ക് വന്നു, സാർ, നാലാമത്തെ ബെഡ്ഡിലെ ആ ഇക്കാക്ക് ശ്വസിക്കാനിത്തിരി ബുദ്ധിമുട്ടുള്ള പോലെ.......
സാറൊന്നു വന്ന് നോക്കു ......
സ്റ്റെതസ്കോപ്പെടുത്ത് കഴുത്തിൽ ചുറ്റി മാലതിയുടെ പുറകെ ഡോ: സലീമും നടന്നു.
നാലാമത്തെ ബെഡ്ഡിൽ കിടക്കുന്ന രോഗി തൻറെ നാട്ടുകാരനായ മുഹമ്മദ് കുട്ടി കാക്കയാണ്. ശ്വാസകോശ ക്യാൻസറാണ് രോഗം.
കുട്ടിക്കാലം മുതലേ മുഹമ്മദ് കുട്ടി കാകയെ സലീമിനറിയാം. ഡോ: സലീമിന്റെ വീട് നിൽക്കുന്ന പറമ്പിൽ ജോലി ചെയ്യുന്നയാളായിരുന്നു മുഹമ്മദ് കുട്ടിക്ക. ആയിരത്തിലധികം തേങ്ങാ കിട്ടിയിരുന്ന പറമ്പ് നോക്കി നടത്തിയിരുന്നതും മുഹമ്മദ് കുട്ടിക്കയായിരുന്നു. അന്നൊക്കെ മുഹമ്മദ് കുട്ടിക്ക ബീഡി വലിക്കാറുണ്ടായിരുന്നു. മുഹമ്മദ് കുട്ടിക്കയുടെ മോൻ ജാഫറും സലീമും പത്താം ക്ലാസ്സുവരെ ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ജാഫറിന് തുടർന്ന് പഠിക്കാൻ സാധിച്ചില്ല.
ഡോ: സലീം മുഹമ്മദ് കുട്ടിക്കയെ പരിശോധിച്ചു. ബ്ലഡ് പ്രഷർ അപകടകരമാം വിധം താഴ്ന്നിരിക്കുന്നു. ശ്വസിക്കാൻ പ്രയാസപ്പെടുന്നു. സിസ്റ്റർ മാലതി ഓക്സിജൻ മാസ്ക് വെച്ച് കൊടുത്തു. പക്ഷേ....... ആ ജീവൻ അധികനേരം അവിടെ നിന്നില്ല. തന്റെ വീട്ടിലെ ഒരംഗത്തെ പോലെ കരുതിയിരുന്ന മുഹമ്മദ് കുട്ടി കാക്ക ഈ ലോകത്തോട് വിട പറഞ്ഞു.
മയ്യത്ത് വീട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികളൊക്കെ ഡോ: സലീം തന്നെ ഓടി നടന്നു് ശരിയാക്കി. പുറത്ത് നിന്നിരുന്ന ജാഫറിനെ ആശ്വസിപ്പിച്ചു.
ഡോ :സലീം വീണ്ടും ഡ്യൂട്ടി റൂമിലെ ചാരുകസേരയിലിരുന്നു.
കുട്ടിക്കാലം മുതലേ കണ്ടിരുന്ന മുഹമ്മദ് കുട്ടിക്ക പോയി. ഇനിയാ ശബ്ദം എൻറെ വീട്ടിൽ മുഴങ്ങില്ല.
മൂന്ന് മാസത്തോളമായി അയാൾ തൻറെ ചികിത്സയിലായിരുന്നു. രക്തം ചർദ്ദിച്ചപ്പോഴാണ് തന്നെക്കാണാൻ വന്നതും അഡ്മിറ്റാകണമെന്ന് പറഞ്ഞതും, എല്ലാം ഓർമ്മയിൽ മിന്നിമറയുന്നു. തലക്ക് മുകളിൽ ഫാൻ വിശ്രമമില്ലാതെ കറങ്ങുന്നുണ്ടെങ്കിലും ഡോക്ടർ വിയർക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസം അയാളനുഭവിച്ച വേദനകൾ .....
അതിന്റെ പതിൻമടങ്ങ് കഷ്ടപ്പെട്ട കുടുംബാംഗങ്ങൾ ..... നീറി നീറിക്കഴിഞ്ഞ അദ്ദേഹത്തിൻറെ ഭാര്യ പാത്തുമ്മു താത്ത .
തനിക്ക് ഇത്തരം രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ബീഡിയും സിഗരറ്റും ആഞ്ഞ് വലിക്കുകയായിരുന്നു. ഒരു പ്രയോജനവുമില്ലാത്ത ബീഡി വലിച്ച് മറ്റെല്ലാവരെയും കഷ്ടപ്പെടുത്തി.
എന്തിനാ മുഹമ്മദ് കുട്ടിക്കാ ഇങ്ങള് ഇത് വലിക്ക്ണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞിരുന്ന മറുപടി "ഒരു രസത്തിനാ" എന്നായിരുന്നു. അദ്ദേഹത്തിൻറെ ആ രസമാണ് മൂന്ന് മാസത്തോളം അദ്ദേഹത്തെ കാർന്ന് തിന്നതും മറ്റുള്ളവരെ കഷ്ടപ്പെടുത്തിയതും ......
സലീം സോക്ടർ സ്വയം പറഞ്ഞു, കുടുംബത്തിനോട് സ്നേഹമുണ്ടെങ്കിൽ എങ്ങനെയാണ് പുകവലിക്കാൻ കഴിയുക.....?
"Smoking causes lung cancer"
---------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment