Wednesday, 5 June 2019

'ഓർമ്മത്തുണ്ട്' പ്രകാശനം ചെയ്തു

'തത്തമ്മക്കൂട്' വാട്സ് ആപ്പ് കൂട്ടായ്മ പുറത്തിറക്കിയ 'ഓർമ്മത്തുണ്ട്' പുസ്തക പ്രകാശന ചടങ്ങ് നാടിന്റെ വിത്യസ്ത തുറകളിലുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പെരുന്നാൾ പുലരിയിൽ നാടിന്റെ പൈതൃക ശേഷിപ്പായ എടത്തോള ഭവനത്തിലാണ് ചടങ്ങൊരുക്കിയത്.  പ്രമുഖ എഴുത്തുകാരൻ സുകുമാർ കക്കാട് പ്രകാശനം നിർവ്വഹിച്ചു. പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.എ.ഖാദർ ഫൈസി ആദ്യ പ്രതി ഏറ്റുവാങ്ങി.



പ്രകാശന പരിപാടിയിൽ ശരീഫ് കുറ്റൂർ സംസാരിക്കുന്നു:
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


"ഓർമ്മത്തുണ്ട്" പുസ്തകം വായിക്കാൻ: 
ഇവിടെ ക്ലിക്ക് ചെയ്യുക 


             കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ നമ്മുടെ ഗ്രാമത്തിൽ നിന്നും മരണത്തിലേക്ക് പടിയിറങ്ങിപ്പോയ മുപ്പത്തിയൊന്ന് ചെറുപ്പക്കാരെ കുറിച്ചുള്ള അന്വേഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. തത്തമ്മക്കൂട് വാട്സാപ്പ് കൂട്ടായ്മയിൽ മൂന്ന് വർഷത്തോളമായി തുടരുന്ന 'പളളിപ്പറമ്പ്' കോളത്തിന് ലഭിച്ച മികച്ച സ്വീകാര്യതയും വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥനയുമാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രചോദനമായത്. നാടിന്റെ സർഗശേഷി വളർത്തുന്നതിനായി തുടക്കമിട്ട
'കുരുത്തോല'എന്ന  അക്ഷരക്കളരിയിലൂടെ എഴുതിത്തെളിഞ്ഞവരുടെ കുറിപ്പുകൾ പുസ്തകത്തിന്റെ സവിശേഷതയാണ്.  കഴിഞ്ഞ നാല് വർഷമായി തുടരുന്ന തത്തമ്മക്കൂടിന്റെ സർഗാത്മക ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയമാണീ സംരംഭം.
മലയാളത്തിന്റെ ഗ്രാമീണാനുഭവങ്ങളിൽ തന്നെ ഇങ്ങനെ ഒരു ഉദ്യമം ആദ്യമായിട്ടാവും എന്നാണ് കരുതുന്നത്.
ചടങ്ങിൽ മുതിർന്ന ഗ്രൂപ്പ് അംഗം അരീക്കൻ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
കെ.ടി.അബ്ദുറഹ്മാൻ നദ് വി, ശരീഫ് കുറ്റൂർ, ഡോ: കാവുങ്ങൽ മുഹമ്മദ്, ഫസൽ കെ.പി, കെ.ടി.ഹുസൈൻ, കെ.ടി.അബ്ദു ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
എഡിറ്റർ സത്താർ കുറ്റൂർ സ്വാഗതവും
അഡ്മിൻ സിറാജ് അരീക്കൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന 'പെരുന്നാൾ മധുരം' പരിപാടിക്ക് പി.പി.അബ്ദുൽ ഹാദി, സിദ്ദീഖ് കാമ്പ്രൻ, ഷമീം അരീക്കൻ, ശബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

നാടിന്റെ പൈതൃക ശേഷിപ്പായ എടത്തോള ഭവനം കഴിഞ്ഞ ദിവസം അത്യപൂർവ്വമായൊരു ഒത്തുചേരലിന് വേദിയായി. പ്രദേശത്തെ സർഗാത്മക കൂട്ടായ്മയായ 'തത്തമ്മക്കൂടിന്റെ' ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന 'ഓർമ്മത്തുണ്ടിന്റെ' പ്രകാശനമായിരുന്നു ചടങ്ങ്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഈ ഗ്രാമത്തിൽ നിന്ന് മരണത്തിന്റെ തണുപ്പിലേക്ക് മറഞ്ഞ മുപ്പത്തിയൊന്ന് ചെറുപ്പക്കാരെ കുറിച്ചുള്ള അന്വേഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
നാട്ടിലെ മുതിർന്ന പണ്ഡിതൻമാർ സാമൂഹ്യ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങി സമൂഹത്തിലെ വിത്യസ്ത തുറകളിലുള്ളവരുടെ നിറഞ്ഞ സാന്നിധ്യം ചടങ്ങിന് പ്രൗഡിയേകി. വിധിയുടെ വിവിധ ഘട്ടങ്ങളിൽ കണ്ണ് നനയിച്ച് പോയവരുടെ ഓർമ്മകൾ അവിടമാകെ വിങ്ങിനിന്നു.അതിഥികളും ഔപചാരികതകളും ഇല്ലാത്ത ഒരു ചടങ്ങ്. പരസ്പരം പരിചയപ്പെടുത്തലിന്റെ ഒരാവശ്യം പോലും ഉണ്ടെന്ന് തോന്നിയില്ല.  വന്നവരെല്ലാം മുന്നേ പോയവരുടെ ഓർമ്മയുടെ ഉടയാടകൾ നെഞ്ചോട് ചേർത്തിരുന്നു. ഈ ചരിത്ര നിയോഗത്തിനായി എടത്തോള ഭവനം തെരഞ്ഞെടുത്തതും യാദൃഛികമല്ല. സാംസ്കാരിക വിനിമയങ്ങളിൽ നിർണ്ണായകമായ ഒരിടമായിരുന്നു എന്നും എടത്തോള വീട്. അതിന്റെ കൈവഴികൾക്ക് ഈ വീടിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. സാംസ്കാരിക പാരമ്പര്യത്തിന്റെ പിന്തു sർച്ചകളിലെല്ലാം ഇവിടത്തെ തറവാട്ടു സ്ഥാനീയർ കൃത്യമായ നിർവ്വഹണങ്ങൾ കാത്തു വെച്ചിരുന്നു.
അതു കൊണ്ട് തന്നെ തലമുറയുടെ ഇങ്ങേ തലക്കലും നാടിന്റെ സർഗ സൃഷ്ടിക്ക് കാർമ്മികത്വമേകാൻ ഈ പൂമുഖം വേദിയാവുന്നു എന്നത് ചരിത്രത്തിന്റെ ആവർത്തിക്കപ്പെടുന്ന അനുഭൂതി തന്നെയാണ്.
അത്യന്തം ലളിതമായിരുന്നു ചടങ്ങ്.
നാടിന്റെ ചരിത്രത്തെയും സാംസ്കാരിക ധാരകളെയും പുരസ്കരിച്ച ഏതാനും ഹൃസ്വ പ്രഭാഷണങ്ങളേ അവിടെ നടന്നൊള്ളൂ. അവിടെ വന്നവർക്ക് അത് മതിയായിരുന്നു. കേൾക്കുന്നതിലേറെ കാണാനും കൂടാനുമാണ് അവർ വന്നതെന്ന് തോന്നി.
എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞൊരു ചടങ്ങ്.
നാട് എന്ന വികാരം പോലും നമുക്ക് കൈമോശം വന്നൊരു കാലത്ത് ഇങ്ങനെ ചേർന്നിരിക്കാനും സ്നേഹം പങ്കിടാനും കഴിയുന്നു എന്നത് തന്നെയാണ് ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി. ഒന്നിച്ച് കാണാനും കൂടാനും കൊതി കാട്ടുന്നവർ നമുക്കിടയിൽ ഒരു പാടുണ്ട്. പോയ് മറഞ്ഞ സഹവർത്തിത്വത്തിന്റെ  ഓർമ്മ ഉളളിലമർത്തി കഴിയുയാണവർ. സ്വന്തത്തിലേക്ക് ചുരുങ്ങി ചെറുതായവരുടെ എണ്ണം കൂടുന്നൊരു കാലത്തും അതും ഒരു പെരുന്നാൾ പുലരിയിൽ ഇങ്ങനെ ചേർന്നിരിക്കാൻ കഴിയുക എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തന്നെയാണ്.
നാടിന്റെ പെരുന്നാൾ സമ്മാനമായിരുന്നു ഓർമ്മത്തുണ്ട്. പ്രവാസികളടക്കമുള്ള നാട്ടുകാർ നിറഞ്ഞ മനസ്സോടെ തന്ന കൈ നീട്ടങ്ങളിൽ നിന്നാണ് ഈ ദൗത്യം തുടങ്ങി വെച്ചതും പൂർത്തീകരിച്ചതും. അതിനാൽ കടപ്പാടുകളെല്ലാം അത്തരം നല്ല മനസ്സുകൾക്ക് പകുത്ത് നൽകുന്നു.  ഈ ദൗത്യത്തിലൂടെ
മരിച്ചവരെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ട് മനസ്സ് നനക്കുകയായിരുന്നു എന്റെ ഗ്രാമം.
ഒരു പുസ്തകം കൊണ്ട് ഞങ്ങൾ പെരുന്നാൾ ആഘോഷിച്ചിരിക്കുന്നു. മടങ്ങിപോയവരെ കുറിച്ചുള്ള
പറച്ചിലും പ്രാർത്ഥനകളും കൊണ്ട് നാട്ടുവഴികൾ നനഞ്ഞിരിക്കുന്നു. ചുറ്റുവട്ടം വായനയുടെ വൈകാരികതയിലേക്ക്  നീങ്ങുന്നത് കണ്ട് മനസ്സ് നിറഞ്ഞിരിക്കുന്നു. ഇപ്പോഴും
പുറത്ത് ആരുടേയോ കാൽ പെരുമാറ്റം കേൾക്കുന്നുണ്ട്..
അവരിപ്പോഴും പുസ്തകം ചോദിച്ച് വരികയാണെന്ന് തോന്നുന്നു.
**********
സത്താർ കുറ്റൂർ
അഡ്മിൻ ഡെസ്ക്ക്
തത്തമ്മക്കൂട്



പുസ്തക പ്രകാശന പരിപാടിയുടെ ചില ഫോട്ടോസ് കാണാം 













No comments:

Post a Comment