Monday, 30 January 2017

"കുരിക്കൾ ഫൈസൽ" ഈ ചിരി മാഞ്ഞിട്ട് ഒരു വർഷമായി...



ഫൈസൽ സഹോദര തുല്യം സ്നേഹിച്ചിരുന്ന സുഹൃത്തായിരുന്നു. 

എന്റെ അനിയനെ നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രയാക്കി മറ്റൊരു അനിയന്റെ കൂടെ തിരിച്ചു വരുമ്പോഴാണ് അപകടം പിണഞ്ഞത്. 

പുഴയിലെ കാഴ്ചകിടയിൽ ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയ ഫൈസലിനെ കാണുന്നില്ല എന്ന വിവരം കേട്ടപ്പോഴും അവിടെയെവിടെങ്കിലും കാണുമെന്ന വിശ്വാസത്തിലായിരുന്നു.

വൈകീട്ടായിട്ടും വിവരം കിട്ടാതായപ്പോൾ ഞങ്ങൾ ആതിരപ്പിള്ളിയിലേക്ക് തിരിച്ചു. 

രാത്രിയിൽ അവനെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെങ്കിലും പിറ്റേന്ന് പുഞ്ചിരിച്ച് ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു. 

പക്ഷെ ഞെട്ടലോടെയാണ് ഞങ്ങൾക്ക് ആ കാഴ്ച കാണാൻ കഴിഞ്ഞത്.  

അരക്ക് താഴെയുള്ള വെള്ളത്തിൽ കമഴ്ന്നടിച്ച് വീണ് എന്നന്നേക്കുമായി ഞങ്ങളോട് വിട ചൊല്ലിയ  പൊന്നു സഹോദരന്റെ ചലനമറ്റ ശരീരം മാത്രമാണ് ഞങ്ങൾക്ക് തിരിച്ച് കിട്ടിയത്. 

ഫൈസലിന്റെ ഭാവിയിൽ സ്വപ്നങ്ങൾ നെയ്തടുത്ത കുടുംബത്തിന്റെ ആഗ്രഹങ്ങളെല്ലാം ആ നീരൊഴുക്കിൽ ഒഴുകിയൊലിച്ച് പോകുന്നത് നെഞ്ചിടിപ്പോടെ കണ്ട് നിൽക്കാനെ കഴിഞ്ഞതൊള്ളു. 

നാട്ടിലുള്ളപ്പോഴൊക്കെ കൊച്ചു യാത്രയിലും, നീണ്ട ടൂറിലും നിഴലായി കൂടെയുണ്ടായിരുന്ന ഫൈസലിന്റെ വേർപ്പാട് ഇന്നും ഉൾക്കൊള്ളാൻ കഴിയാതെ മനസ്സ് നീറി കൊണ്ടിരിക്കുന്നു. 

വീട്ടിൽ ഒരംഗത്തെ പോലെയായിരുന്നു ഫൈസൽ. രാത്രി വളരെ വൈകിയാണ് ബഡായി പറഞ്ഞ് വീട്ടിലെ ചേറ്റ്യാം പടിയിനിന്ന് പോവാറ് ഞങ്ങൾ എണീറ്റ് വാതിൽ തുറക്കും മുമ്പേ അവൻ ചേറ്റ്യാം പിടയിലിരുന്ന് പത്രവായന തുടങ്ങിയിട്ടുണ്ടാവു. 

രാഷ്ടീയത്തിൽ ഉറച്ച നിലപാടുണ്ടായിരുന്ന ഫൈസൽ മദ്രസ്സയിൽ പൊതു പരിപാടിയുണ്ടായാൽ എന്നും മുന്നിലുണ്ടാവും. 
കുട്ടികളുടെ കൂടെ ക്രിക്കറ്റ് ടൂർണ്ണമെന്റാണ്ടായാൽ പുലരുവോളം കൂടെയുണ്ടാവും. 
ഫുട്ബോളാണെങ്കിൽ പ്രോൽസാഹനവുമായി അവരിലാളായി സദാ സമയവും ഒപ്പമുണ്ടാവും. 

തമാശ പറയുമ്പോൾ മlത്രമല്ല പൊതു കാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴും ചിരിച്ച് കൊണ്ട് മാത്രമേ എന്തിനെ കുറിച്ചും അഭിപ്രായം പറയു. 

സ്വന്തം കാര്യത്തിലുള്ള ഉദാസീനതയെ കുറിച്ച് മാത്രമേ അവനോട് എതിർപ്പ് പറയേണ്ടി വന്നിട്ടുള്ളൂ.

അവനൊരു കുഞ്ഞ് യതീമായി പിറന്ന വിവരം അറിഞ്ഞപ്പോഴും മനസ്സ് നീറുകയായിരിന്നു. 

ഞാൻ നാട്ടിൽ നിന്ന് പോരുന്നതിന്റെ രണ്ട് ദിവസം മുൻപ് ആ മീസാൻ കല്ലിന്നരികിൽ നിന്ന് പ്രാത്ഥിച്ചു മടങ്ങി വീട്ടിൽ എത്തിയപ്പോഴും ഫൈസലിന്റെ ശുന്യത ഒരു നൊമ്പരമായി അവശേഷിക്കുകയായിരുന്നു. 

നാഥാ അവന്റെ പാപങ്ങൾ പൊറുത്തുകൊടുകേണമേ, അവനേയും ഞങ്ങളേയും സ്വർഗ്ഗത്തിന്റെ അവകാശികളിൽ പെടുത്തേണമേ امين
----------------------------------------------
അബ്ദുലത്തീഫ് അരീക്കൻ




ആ ഉമ്മറത്തെ വെളിച്ചമിപ്പോൾ നേരത്തെ അണയാറുണ്ട്........
▫▫▫▫▫▫▫▫
ഫൈസൽ.......
നീ പോയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുന്നു.

ഇന്നലെ യാദൃഛികമായി വഴിയിൽ വെച്ച് കണ്ട നിന്റെ ഉപ്പയാണ് ആ വിവരം പറഞ്ഞത്.

നീ പോയതിൽ പിന്നെ നിന്റെ ഓർമ്മ മനസ്സിൽ തെളിയാത്ത ഒരു ദിനവും പിന്നെ കടന്നു പോയിട്ടില്ല.

മുശിഞ്ഞ് തുടങ്ങുന്ന വേളകളിൽ ഒരു പിൻ വിളിയായി നിന്നെ കേട്ടുവെന്ന് തോന്നി പലപ്പോഴും തിരിഞ്ഞ് നോക്കിയിട്ടുണ്ട്.

ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് കണ്ണ് പൊത്തിപ്പിടിച്ച് ആളെ ചോദിക്കുന്ന നിന്റെ പഴയ കുസൃതിയില്ലേ.

അതുമായി ഒരു നാൾ നീ വരും എന്ന് തന്നെ മനസ്സ് പറയുന്നു.

നീ പോയ അവസാന യാത്ര....

അധികം വൈകാതെ വന്ന
വേവലാതി നിറഞ്ഞ വിളി........

നിന്നെ കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ ..........

അത്ര കാര്യമാക്കിയില്ല.

നീ
കളിപ്പിച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്.

പിന്നെ
നേരം ഇരുട്ടി തുടങ്ങിയപ്പോൾ  മനസ്സിൽ ആധിയായി.

നാട്ടിൽ നിന്ന് ഞങ്ങളൊക്കെ നീ പോയിടത്തേക്ക് വന്നിരുന്നു.

പിറ്റേന്ന് നേരം വെളുത്ത് വെയിൽ കനം വെച്ചപ്പോഴും നിന്നെ ഞങ്ങൾ തെരയുകയായിരുന്നു.

എന്നിട്ടും നിനക്കൊരു അപകടം സംഭവിച്ചിരിക്കുമെന്ന് കരുതാൻ മനസ്സിന് ഇഷ്ടമില്ലായിരുന്നു.

നീ ഒരു കുസൃതി ഒപ്പിച്ച് മുങ്ങിയതായിരിക്കുമെന്ന്തന്നെ  കരുതി.

അങ്ങനെ മാത്രം കരുതുന്നതായിരുന്നു ഞങ്ങളുടെ സമാധാനവും.

ഞങ്ങൾ ആ പാറക്കെട്ടുകൾക്ക് മീതെയും പൊന്തക്കാടുകൾക്കരികിലൂടെയും ഒരു പാട് തവണ നിന്നെ തെരഞ്ഞ് നടന്നിരുന്നു.

നീ അതൊക്കെ അറിഞ്ഞിരുന്നോ 
ആവോ?.

പിന്നെ പിന്നെ സമയം തെറ്റി തുടങ്ങിയപ്പോൾ  പ്രതീക്ഷയറ്റ് തുടങ്ങി.

അതിനിടയിലാണ്
ജീവിതത്തിലൊരിക്കലും ഓർക്കാൻ തോന്നാത്ത ഒരു ദുരന്ത നിമിഷത്തിൽ നിന്റെ ചിരി മാഞ്ഞ മുഖം കണ്ടത്.

സൗഹൃദത്തിന്റെ  സായാഹ്നങ്ങളിൽ 
നീ പോയതിന് പിന്നാലെ ഇരുട്ട് പരന്നിരുന്നു.

ഇപ്പോൾ ഒന്നിനും ഒരു രസവുമില്ല.

മില്ലിലെ വരാന്തയിലും,
ഗ്രൗണ്ടിന്റെ മതിൽ കെട്ടിലുമൊന്നും ആ സൗഹൃദ വട്ടം പഴയപോലെ ഒത്തു കൂടാറില്ല.

എന്തോന്നറിയില്ല.
ഒരുതരം മരവിപ്പ് .

നിന്റെ യാത്രക്ക് പിന്നാലെ കടന്ന് വന്നതാണത്.

നൊമ്പരത്തിന്റെ  പാതി 
പിടിച്ച് വാങ്ങി തോളിൽ കയ്യിടാൻ..........
ചെറിയ ചെറിയ രസം പറഞ്ഞ് ചിരിക്കാൻ......

രാഷ്ട്രീയവും, സ്പോർട്സും, മറ്റ് പൊതു കാര്യങ്ങളും ചർച്ച ചെയ്ത് ചേർന്നിരിക്കാൻ...........

 ഇനി നീ  വരില്ലല്ലോ    എന്നോർക്കു
മ്പോഴുണ്ടാവുന്ന
നിരാശയും,വേദനയുമാണ് മനസ്സ് നിറയെ.

നിന്റെ സംസാരം......

പുഞ്ചിരി.......

സ്വകാര്യങ്ങൾ.....

തമാശകൾ.........

ഒരാത്മ സുഹൃത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തവനായിരുന്നു നീ എന്ന് നിന്റെ വിരഹത്തിന്റെ പിറ്റേന്ന് മുതലാണ്  കൂടുതൽ ബോധ്യമായത്.

മറ്റുള്ളവരുടെ വീട്ടുകാര്യങ്ങൾ വരെ നീ അന്വേഷിച്ചപ്പോഴും സ്വന്തം വേദനകളെയും നിരാശകളെയും
നീ ഉള്ളിലൊളിപ്പിച്ചു.

നിന്റെ ഒഴിവുകൾ പലർക്കായി നീ പകർന്ന് കൊടുത്തു.

സൗഹൃദമായിരുന്നു നിന്റെ ജീവൻ.

യാത്രകൾ നിനക്ക് വല്ലാത്ത ഹരമായിരുന്നു.

അതിനായി നീ മറ്റുള്ളവരുടെ വിളി കാത്തിരുന്നു.

ചർച്ചാ വട്ടങ്ങളിൽ ഏറ്റവും അവസാനം എണീക്കുന്നവൻ നീ ആയിരുന്നു.

ഉളളിൽ നീ ഒരു പാട് വേദനകളെ പേറിയാണ് നടന്നത്.

എന്നിട്ടും എത്ര പ്രസന്നതയോടെയാണ്
നീ പെരുമാറിയത്.

എല്ലാം ഉള്ളിൽ തിരയടിച്ച് നിന്നപ്പോഴും ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് നീ ചിരിച്ചു.

അല്ലെങ്കിലും ചിരിക്കാത്ത ഒരു മുഖവുമായി നിന്നെ കണ്ടതോർമ്മയില്ല.

വലിയ സ്വപ്നങ്ങളൊന്നും നീ അകത്തൊളിപ്പിച്ചില്ല.

എന്നാലും ചില കൊച്ചു സ്വപനങ്ങൾ നിനക്കുണ്ടായിരുന്നു.

അത് നീ പലപ്പോഴായി പങ്ക് വെച്ചു.

മറ്റുള്ളവരുടെ വളർച്ചയിൽ നിനക്ക് സന്തോഷമായിരുന്നു.

മനസ്സിൽ നൻമയുടെ വെളിച്ചമുള്ളവർക്കേ അങ്ങനെ ആവാനാവൂ എന്ന് നിന്റെ മരണപിറ്റേന്ന് നടന്ന പ്രാർത്ഥനാ ചടങ്ങിൽ ആരോ പറയുന്നത് കേട്ടു.

അതിര് വിട്ട് 
പറക്കാൻ മോഹിക്കാത്ത
വനായിരുന്നു നീ.
എന്നിട്ടും  ഒരു ചിറകടിയുടെ നേർത്ത ശബ്ദം പോലും കേൾപ്പിക്കാതെ നീ കൂടണഞ്ഞു.

ഏതായാലും വിധിയിൽ സമാധാനിക്കുന്നു.

നിന്റെ ചങ്ങാതിമാർക്ക് ഇനി അതിനേ കഴിയൂ.

നീ തോളിൽ കൈ വെച്ച് നടന്നവർ....

അവരാണ് ഭൂമിയിലെ നിന്റെ ഓർമ്മ.

പിന്നെ നിന്റെ 
കുടുംബം.....
ഉമ്മ....
ഉപ്പ.......
കുഞ്ഞു മക്കൾ.....
അവരുടെ കണ്ണീർ......

ഫൈസലേ..........

നീ പോയതിന് ശേഷം ഞങ്ങൾക്ക് അവരുടെ മുഖത്തേക്കൊന്ന് നേരാം വണ്ണം നോക്കാൻ പോലും കഴിയുന്നില്ലെടാ.

കഴിഞ്ഞ പെരുന്നാളിന് നിന്റെ കുഞ്ഞുമോൻ പെരുന്നാൾ കോടിയെടുത്ത് ഉപ്പാന്റെ കൈ പിടിച്ച് പെരുന്നാൾ നിസ്കാരത്തിന് വന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി.

അവന്റെ ചുവപ്പ് വറ്റാത്ത കൈ പിടിക്കാൻ നീ ഉണ്ടായില്ലല്ലോ എന്നോർത്ത് മനസ്സ് വല്ലാതെ തേങ്ങി.

രണ്ടാഴ്ച മുമ്പും  നിന്റെ ഖബറിനടുത്ത് വന്നിരുന്നു.

നീ അത് കണ്ടിരിക്കുമെന്നാണ് വിശ്വാസം.

നിന്റെ മീസാൻ കല്ലിനടുത്ത് കുത്തിയ   മൈലാഞ്ചി കൊമ്പ് തളിർത്ത് നിൽക്കുന്നത് കണ്ടപ്പോൾ നീ പുഞ്ചിരിക്കുകയാണെന്ന് തോന്നി.

നീ പോയതിന് ശേഷം നിന്റെ വീടിന് മുന്നിലൂടെ പോവുമ്പോഴേക്കെ അറിയാതെ കാഴ്ച അങ്ങോട്ട് തിരിയാറുണ്ട്.

നിന്റെ കുഞ്ഞുമക്കൾ ആ മുറ്റത്ത് ഓടി കളിക്കുന്നത് പലപ്പോഴും കണ്ടു.

കഴിഞ്ഞ പെരുന്നാൾ പകലിൽ നിന്റെ ഉമ്മറത്തിരുന്ന് ഉപ്പയുമായി കുറെ നേരം സംസാരിച്ചിരുന്നു.

നിനക്ക് മൂന്നാമതൊരു കുഞ്ഞ് കൂടി പിറന്ന വിവരം അന്ന് ഉപ്പയാണ് പറഞ്ഞത്.

ഒരു കാര്യം ഞാൻ വല്ലാതെ ശ്രദ്ധിച്ചു.
നീ ഒരു ഓർമ്മയായതിന് ശേഷം നിന്റെ വീടിന്റെ ഉമ്മറത്തെ വെളിച്ചം നേരത്തെ അണയാറുണ്ട്.

അല്ലെങ്കിലും നീ പോയ തിന് ശേഷം വീട്ടിൽ മാത്രമല്ല നാട്ടിൽ നീ ഇടപഴകിയിടത്തൊക്കെ വല്ലാത്ത മൂകതയാണ്.

പെയ്തൊഴിയാത്ത മൂടൽ മേഘമായി നിന്റെ ഓർമ്മകൾ കനം വെക്കുമ്പോഴും ഒരു നാൾ നീ വരും എന്ന് തന്നെ മനസ്സ് പറയുന്നു.

നിലാവിൽ കുളിച്ചെത്തുന്ന ഒരു ചാറ്റൽ മഴയായി ഈ ഓർമ്മകളെല്ലാം അന്ന് പെയ്തൊഴിയും.







പത്ത് വർഷം മുമ്പ് ഒരു ഹർത്താൽ ദിവസം ആഢ്യൻപാറയിലേക്ക് പോയ ഒരു യാത്രയിലെടുത്ത ചിത്രം കൂടിന് സമർപ്പിക്കുന്നു. മുന്നിൽ നിന്നവൻ മുന്നേ കടന്നു പോയി. അല്ലാഹു സഹോദരന്റെ ആഖിറം വിശാലമാക്കട്ടെ (ആമീൻ)
---------------------------
✍സത്താർ കുറ്റൂർ







ഫൈസൽ: കരൾ നുറുങ്ങുന്ന ഓർമ്മക്കണ്ണീർ
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
അന്ന് ഞാൻ തൃശൂർ ESI ഹോസ്പിറ്റലിൽ J. S ആയി ജോലി ചെയ്യുന്നു. പ്രൊമോഷൻ കിട്ടി തൃശൂർ എത്തിട്ട് 9 മാസത്തോളമായി - നാട്ടിൽ ഫറോക്കിലേക്ക് ട്രാൻസ്ഫർ ശരിയായി ഓഡർ കാത്തിരിക്കയായിരുന്നു. ഉച്ചക്ക് വാട്സ പ് നോക്കിയപ്പോളാണ് ഞെട്ടിക്കുന്ന ആ വാർത്ത കണ്ടത്.. കൃത്യം അതിന് ഒരാഴ്ച മുമ്പാണ് ഞാനും കുടുംബവും ആതിരപ്പള്ളി, വാഴച്ചാൽ സന്ദർശിച്ചത് - ഫൈസലിനെ കാണാതായ തുമ്പൂർമുഴി എന്ന സ്ഥലത്താണ് എന്റെ ഒരു സ്റ്റാഫിന്റെ വിട്. അവരുടെ സഹോദരൻ അവിടെ ടൂറിസ്റ്റ് ടാക്സി ഡ്രൈവറാണ്. അവന്റെ വണ്ടിയിലാണ് ഞങ്ങൾ സ്ഥലം സന്ദർശിച്ച് മടങ്ങിയത്. 
       വിവരം കേട്ട പാടെ ഞാനവനെ വിളിച്ചു. ആളെ കിട്ടി എന്ന് അവൻ തിരിച്ചുവിളിച്ചു. നാട്ടിലെ പല നമ്പറിൽ ബന്ധപ്പെട്ടിട്ടും ആരെയും കിട്ടിയില്ല. എല്ലാരും തിരച്ചിലിൽ ആയിരുന്നു. ഞാനുടനെ തൃശൂർ മെഡി.കോളേജിലേക്ക് വണ്ടി കയറി.പോകുന്ന പോക്കിൽ ഞങ്ങളുടെ ഒന്ന് രണ്ട് ഡോക്ടേഴ്സിനെ വിളിച്ചു കാര്യം പറഞ്ഞു. ഭാഗ്യത്തിന് ഒരാളുടെ ഭാര്യ മെ. കോളേജിലെ ഒരു ഡിപ്പാ: ഹെഡാണ്. അവർ പറഞ്ഞു. നിങ്ങൾ അതിരാവിലെ പോലീസ് കാരനെ കൂട്ടി പേപ്പർ ഒക്കെ ശരിയാക്കിക്കോളീ ". മഗ്രിബോടെയാണ് കോളേജിലെത്തിയത്. ഏതായാലും പിറ്റേന്ന് രാവിലെ തന്നെ പോസ്റ്റ്മോട്ടം നടന്നു കിട്ടി. അവിടെ മയ്യത്ത് പരിപാലന സൗകര്യമുള്ള ഒരു പള്ളിയുമായി ബന്ധപ്പെട്ട് എല്ലാ കർമ്മങ്ങളും കഴിച്ചു - ഞങ്ങളുടെ സഹോദരന് വേണ്ടി അവിടെ വെച്ച് നമസ്കരിച്ചു - പിന്നെ പ്രാർത്ഥനയോടെ നാട്ടിലേക്ക്.
       ഫൈസലിനെ വളരെ വൈകിയാണ് ഞാൻ പരിചയപ്പെട്ടത്. ഞാൻ പ്രവാസ ജീവിതം നിർത്തിയപ്പോൾ അവൻ പ്രവാസിയായിരുന്നു - പുഞ്ചിരി തൂകുന്ന ഏറെ സംസാരിക്കാത്ത പ്രകൃതം, വലിയ ഉപകാരി, .
3 പിഞ്ചുങ്ങളെ പ്രിയതമയെ ഏൽപിച്ച് റബ്ബ് ചെറുപ്പത്തിൽ അവനെ തിരിച്ച് വിളിച്ചു. ഞാനെന്നും ആ വീടിന്റെ മതിൽ പറ്റി ദിവസവും നാലഞ്ചു നേരം നടക്കാറുള്ളതാണ്. ആ പൈതങ്ങളുടെ കൊഞ്ചലും പരിഭവവും കേൾക്കുമ്പോൾ കരള് നുറുങ്ങുന്ന വേദനയാണ്. ആ വിയോഗം കഴിഞ്ഞ് അടുത്താഴ്ച എനിക്ക് സ്ഥലം മാറ്റവും കിട്ടി -എല്ലാം റബ്ബിന്റെ നിയോഗം !
അല്ലാഹുവേ... ഞങ്ങളുടെ സഹോദരൻ ഫൈസലിന് ശഹീദിന്റെ പദവി നൽകി ആദരിക്കണേ.. ആ ഖബറിടം സ്വർഗപൂന്തോപ്പാക്കണേ.. ആ കുരുന്നുകൾക്ക് സന്തോഷമുള്ള ജീവിതം നൽകണേ എന്ന ദുആയോടെ ..

മറക്കാത്ത ഓർമകൾ ബാക്കിയാക്കി
മരിക്കാത്ത പുഞ്ചിരി മാത്രം ബാക്കി
മരണത്തിൻ മാലാഖ നിന്നെ നോക്കി
മണ്ണിൻ മണിയറ നീ സ്വന്തമാക്കി
മാരിവില്ലഴകുള്ള നിൻ പുഞ്ചിരി
മറ നീക്കിയെത്തുന്നു ആ പൊൻ തിരി
മറക്കാൻ ആവില്ല നിറ വെൺചിരി
മനസ്സിൽ താലോലിക്കട്ടേ ഞങ്ങളിത്തിരി
മദ്രസമുറ്റത്തെപന്തലിൽ നീയില്ല
മതിലിൻമേൽ സൊറ പറയാൻ നീയെത്തില്ല
മഗ്രിബിൻ നേരത്ത് കൂട്ടമായ് പള്ളിയിൽ
മജിലിസുനൂറിലും നീയിനി ഇരിക്കില്ല
മന്നാന്റെ ചാരത്ത് സന്തോഷം വാഴുവാൻ
മഹിതമാം ജന്നാത്തുൽ ഫിർദൗസിൽ ചേർക്കുവാൻ മനസ്സിൽ തട്ടുന്ന പ്രാർത്ഥനയോതുന്നു മാപ്പേകണേ നാഥാ ഫൈസലിൻ റൂഹിനെ

--------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ




ഫൈസൽ: പുഞ്ചിരിയുടെ സൗന്ദര്യം
🔻🔻🔻🔻🔻🔻🔻🔻
ടാറിട്ട പുതിയ റോഡിൽ മുച്ചക്ര സൈക്കിളിൽ എന്നെ  ചവിട്ടി പരിശീലിപ്പിക്കുകയായിരുന്നു  എന്റെ ജേഷ്ടൻ.
സാഹിബാക്കാന്റെ പള്ളിയുടെ അവിടുന്ന് തിരിച്ച് പോരുമ്പോ അൽപം സ്പീഡ് കൂടിയ പോലെ.
ആരോ പിന്നിൽ നിന്ന് പിടിച്ച് തള്ളുന്നുണ്ട്.
 ഞാൻ പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ചിരിച്ച് കൊണ്ട് ഫൈസൽ. 
എന്റെ വെപ്രാളം കണ്ട് രണ്ട് പേരും കൂടി ചിരിക്കുന്നു.
 അന്നാണ്  ഞാൻ ആദ്യമായി ഫൈസലിനെ കാണുന്നത്. 
എന്റെ ജേഷ്ടന്റെ സമപ്രായക്കാരനായിരുന്നു ഫൈസൽ.
എന്റെ അയൽവാസിയായിരുന്ന അവൻ ചേറൂർ യതീംഖാന യിലെ പഠനത്തിന് ശേഷം അൽഹുദയിൽ ചേർന്നപ്പോൾ എന്റെ സഹപാഠിയായിരുന്നു. സ്കൂളിൽ എന്റെ ഒരു വർഷം സീനിയറായിരുന്നു.
ബാംഗ്ലൂരിലെ ജോലി കാലത്ത് അവൻ നാട്ടിൽ വരമ്പോഴും, പിന്നീട് ഗൾഫിൽ പോയ ശേഷം നാട്ടിൽ ലീവിന് വരുമ്പോഴും കളികളും,തമാശകളുമൊക്കെയായി   ഞങ്ങളുടെ കൂടെ ഫൈസലുണ്ടാവാറുണ്ട്.  ചെറിയ കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ  അവന്റെ സുഹൃത്തുക്കളായിരുന്നു .

കഴിഞ്ഞ തവണ ലീവിന്  വന്നപ്പോൾ ഫൈസലുമായി  ഏറെ അടുത്തിടപഴകാൻ സാധിച്ചു.
അതിന് മുമ്പ് ഞങ്ങൾ നേരിട്ട് കണ്ടിട്ട് ഒരു അഞ്ച് വർഷമെങ്കിലും ആയിട്ടുണ്ടെന്ന് തോന്നുന്നു.

 ഒരു വൈകുന്നേരം കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുമ്പോൾ  ഞാൻ വീഡിയോ പകർത്തി കൊണ്ടിരിക്കയായിരുന്നു. ഫൈസലും കൂടെയുണ്ട്. നാളെ രാത്രി കളിയുണ്ട് അതിനുള്ള പ്രാക്ടീസാണന്ന് അവൻ പറഞ്ഞു. 
നമ്മുടെ ഗ്രൂപ്പിലൊക്കെ ഇത് പോസ്റ്റൂ. എനിക്കേതായാലും വാട്സ് ആപ്പും, ഫേസ് ബുക്കുമില്ല.
 എല്ലാരും കാണട്ടെ എന്നും പറഞ്ഞു. 
കളി കഴിഞ്ഞപ്പോൾ എന്റെ അടുത്ത് വന്ന് കളിക്കുള്ള പിരിവും വാങ്ങി കുട്ടികൾക്ക് കൊടുത്തു.
 അവരെ കളിക്ക് കൊണ്ട് പോകുന്നതും, എന്തെങ്കിലും പരിപാടി സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുന്നതും എല്ലാം അവനായിരുന്നു.

അവൻ മരണപ്പെടുന്നതിന്റെ രണ്ട് ദിവസം മുമ്പ് രാത്രി ഞങ്ങളെല്ലാവരും ഗ്രൗണ്ടിനടുത്ത് സംസാരിച്ചിരിക്കുമ്പോൾ എന്റെ പുതിയ  സ്കൂട്ടർ വാങ്ങി ഇപ്പോ വരാമെന്ന് പറഞ്ഞ്  അവൻ പോയി.
എനിക്ക് ഡബിൾ വെക്കാൻ  പരിചയമില്ലാത്തതോണ്ട് നീ പോയ്ക്കോ എന്ന് പറഞ്ഞ് അവനെ വിടുകയായിരുന്നു.
 തിരിച്ച് വന്നപ്പോൾ ഞങ്ങളെല്ലാവരും വീട്ടിൽ പോവാൻ നിൽക്കായിരുന്നു.
 എന്നെ കൊണ്ട് നിർബന്ധിപ്പിച്ച് അവനെ ഡബിൾ വെപ്പിച്ച് വണ്ടിയെടുക്കാൻ പറഞ്ഞു. എല്ലാരും കണ്ടോളി .. ബാസിത്ത് ഫസ്റ്റായിട്ട് എന്നെ ഡബിള് വെക്കുന്നു എന്ന് പറഞ്ഞ് അവൻ പിന്നിൽ കയറി.
 എല്ലാവരും ആർത്തു കൂവി
 ഞങ്ങളെ യാത്രയാക്കി. അവനെ വീട്ടിലിറക്കി ഞാൻ എന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ചാണ് ഞങ്ങൾ അവസാനമായി പിരിഞ്ഞത് .
അത് അവസാനത്തെ കൂടിക്കാണലായിരുന്നെന്ന് ഞാൻ  കരുതിയില്ല.

അവന്റെ ബന്ധുവീട്ടിലെ  ഒരു രാത്രികല്യാണത്തിലായിരുന്നു ഞങ്ങൾ.
അവിടെ വെച്ചാണ് അവനെ കാണാനില്ല എന്ന വിവരം അറിയുന്നത്.
 അപ്പോൾ തന്നെ അവിടുന്ന് മടങ്ങി ഒരു വണ്ടിക്ക് കുറച്ചാളുകൾ അപകട സ്ഥലത്തേക്ക് പോയി. രാവിലെ 4 മണിക്ക് ഞാനും, നൂറുവും കുറച്ചാളുകളും പോയി. എല്ലായിടത്തും പലവട്ടം തിരഞ്ഞെങ്കിലും അവനെ കണ്ടത്താൻ കഴിഞ്ഞില്ല. കുറ്റൂരിൽ നിന്ന് രണ്ട് മൂന്ന് വണ്ടിക്ക് പിന്നെയും ആളുകൾ വന്നു.

നേരം ഉച്ചയായി
ഇതിനിടയിൽ തൽകാലത്തേക്ക് തിരച്ചിൽ നിറുത്തി കുറച്ചാളുകൾ എസ്ഐ യുടെ കൂടെ പോലീസ് സ്റ്റേഷനിലേക്ക് പോയിരുന്നു.
ആ സമയം ഞങ്ങൾ പത്ത് പന്ത്രണ്ടാളുകൾ നാട്ടുകാരനായ ഒരാളുടെ ഒന്നു കൂടെ തിരയാനിറങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും നാട്ടുകാരനായ ഒരാൾ വിളിച്ച് പറയുന്നത് കേട്ടു .
ഇവിടെ ഒരാളു കിടക്കുന്നെന്ന്...
 ഇത് കേട്ടതും കല്ലുംപാറക്കൂട്ടങ്ങൾ നിറഞ്ഞ ആ വെള്ളത്തിലൂടെ ഞങ്ങൾ ഓടി..
ബോധം പോയോ, പരിക്ക് പറ്റിയോ കിടക്കുകയാവും എന്നാണ് ഓടുന്നതിനടയിൽ ഞാൻ കരുതിയത്.
അങ്ങിനെയാവട്ടെ  എന്ന് മനമുരുകി പ്രാർത്ഥിക്കുന്നുമുണ്ടായിരുന്നു. 
അവിടെ എത്തി മനമുരുകും വേദനയോടെ ആ കാഴ്ച കണ്ട് നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ.. 
ഇന്നാ ലില്ലാഹി വ ഇന്നാ ലൈഹി റാജിഊൻ എന്ന് ഞാൻ ഉറക്കെ ചൊല്ലി...
നമ്മുടെ പ്രിയ ഫൈസൽ നമ്മെ വിട്ട് പിരിഞ്ഞിരിക്കന്നു .

മുട്ടോളമുള്ള വെള്ളത്തിൽ മലർന്ന് കിടന്ന അവന്റെ ശരീരം കണ്ട് എല്ലാവരും കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.
പിന്നീട് എല്ലാവരെയും അറിയിച്ച് എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞ് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.

 നമ്മുടെ ഫൈസൽ അരക്ക് താഴെയുള്ള ആ വെള്ളത്തിൽ അവന്റെ  പുഞ്ചിരിയൊളിപ്പിച്ച് നമ്മിൽ നിന്ന് അകന്ന് പോയി..

 സർവ്വശക്തനായ റബ്ബേ  അവന്റെ ഖബറിടത്തിൽ നീ സ്വർഗ്ഗീയ സുഖം നൽകണേ....
 അവനെയും ഞങ്ങളെയും നിന്റെ ജന്നാതുൽ ഫിർദൗസിൽ ഒരുമിപ്പിക്കണമേ ...ആമീൻ
--------------------------------------
📝 ബാസിത് ആലുങ്ങൽ




ഫൈസൽ: ഓർമ്മയിലെ മായാത്ത പുഞ്ചിരി
===============================================
ഇപ്പോൾ ഫൈസൽ എന്ന നാമം കേൾക്കുന്ന മാത്രയിൽ മനസ്സിലേക്കോടിയെത്തുന്ന രണ്ട്‌ സുന്ദര മുഖങ്ങളുണ്ട്‌. ഒന്ന് നമ്മുടെ നാട്ടുകാരനും സുഹൃത്തും അതിലുപരി നമ്മുടെ എല്ലാമെല്ലാമായ കുരിക്കൾ ഫൈസൽ. രണ്ടാമത്തേത്‌ പരിശുദ്ധ ഇസ്ലാം പുൽകിയതിന്റെ പേരിൽ ഫാഷിസ്റ്റുകളുടെ കൊലക്കത്തിക്കിരയായി സ്രഷ്ടാവിലേക്ക്‌ മടങ്ങിയ കൊടിഞ്ഞിയിലെ ഷഹീദ്‌ ഫൈസൽ. 

ഈ രണ്ട്‌ മുഖങ്ങളിലും ഒരു സാമ്യം ഞാൻ ശ്രദ്ധിച്ചിരുന്നു. രണ്ട്‌ വ്യത്യസ്ഥ ഭാഗങ്ങളിൽ ദേശങ്ങളിൽ കുടുംബങ്ങളിൽ നിന്നുള്ളവർ, വ്യത്യസ്ത കാരണങ്ങൾക്കൊണ്ട്‌ റബ്ബിലേക്ക്‌ തിരിച്ചു പോയവർ, വ്യത്യസ്തമായ കുടുംബാന്തരീക്ഷങ്ങളും കുടുംബ പശ്ചാതലങ്ങളുമുള്ളവർ....

പക്ഷെ ഇവർ രണ്ടുപേരിലും ഒരസാമാന്യമായ സാദൃശ്യം ഞാൻ കാണുന്നു. രൂപത്തിലും ഭാവത്തിലുമെന്നല്ല സംസാര രീതിയിലും സൗഹൃദങ്ങളിലും പുഞ്ചിരിയിലും വരെ ഞാനത്‌ ദർശ്ശിക്കുന്നു.....

ഇരു ഫൈസൽ മാരും വിട്ടേച്ചു പോയത്‌ പറക്കമുറ്റാത്ത മൂന്ന് കുരുന്നുകളെയാണ്‌. ആ കുടുംബങ്ങളുടെ അത്താണികളായിരുന്നവർ.... ഒരു ദേശം മുഴുവനും അവർക്ക്‌ വേണ്ടി പ്രാർത്ഥിച്ചു, ഇപ്പോഴുമത്‌ തുടർന്നുകൊണ്ടിരിക്കുന്നു....

പ്രിയപ്പെട്ട കുരിക്കൾ ഫൈസൽ... താങ്കൾ എനിക്ക്‌ അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നില്ല, കാരണം തമ്മിൽ കാണുംബോഴുള്ള ഒരു പുഞ്ചിരിയിലോ ഒരു കുശലാന്വേഷണത്തിനോ അപ്പുറത്ത്‌ പറയത്തക്ക ഒരാത്മബന്ധം നമ്മിലുണ്ടായിരുന്നില്ല. എന്നിട്ടും താങ്കൾ ഇപ്പോൾ എനിക്ക്‌ പ്രിയപ്പെട്ടവനായത്‌ എങ്ങിനെയാണ്‌? ഞാൻ മാത്രമല്ല ഒരു നാട്‌ മുഴുവൻ താങ്കളെ കുറിച്ച്‌ സംസാരിക്കുന്നു, അവർ താങ്കളുടെ നന്മകളുടെ കെട്ടുകളഴിക്കുന്നു, താങ്കളെ കുറിച്ച്‌ എല്ലാവരും വാചാലരാണിന്ന്. അത്രമാത്രം താങ്കൾ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറി. 

അതിനുമാത്രം എന്ത്‌ സുകൃതമാണ്‌ ഫൈസൽ താങ്കൾ ചെയ്തുകൂട്ടിയത്‌? ഇത്രമാത്രം ജന മനസ്സുകളിൽ ഇടം പിടിക്കാൻ താങ്കൾ ചെയ്തുകൊണ്ടിരുന്ന ആ നന്മകൾ എന്തൊക്കെയായിരുന്നു? ആർക്കും യാതൊരു നഷ്ടവും വരുത്താനിടയില്ലാത്ത ഒരു പുഞ്ചിരി, യാതൊരു പിശുക്കും കാണിക്കാതെ സദാ സമയം മുഖത്ത്‌ മായാതെ കൊണ്ടുനടന്നതായിരിക്കുമോ താങ്കളെ വിജയിപ്പിച്ച ഘടകം? അതോ കാണുന്നവരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനുള്ള താങ്കളുടെ അസാമാന്യ കഴിവായിരിക്കുമോ? അതുമല്ലെങ്കിൽ താങ്കളുടെ ഐഹിക ജീവിതത്തിലെ സൂക്ഷ്മതകളോ? ഇവയിലേതാണ്‌ താങ്കളുടെ വ്യക്തിത്വത്തെ ഇത്രമേൽ കറകളഞ്ഞതാക്കിത്തീർത്തതിൽ മുഖ്യ പങ്കുവഹിച്ചത്‌?

പ്രിയപ്പെട്ട ഫൈസൽ, താങ്കൾ ഒരിക്കലും മരിച്ചിട്ടില്ലെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. താങ്കൾക്ക്‌ സർവ്വ ശക്തൻ രക്തസാക്ഷിയുടെ പ്രതിഫലം തന്നെ നൽകുമെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ, അതിനായി പ്രാർത്ഥിക്കുന്നവരാണ്‌ ഞങ്ങൾ. അതുകൊണ്ടുതന്നെയാണ്‌ താങ്കൾ അല്ലാഹുവിന്റെ അടുക്കൽ ജീവിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതും. 

സർവ്വ ലോക രക്ഷിതാവായ തമ്പുരാൻ അവന്റെ അനുഗ്രഹീത ദാസന്മാരിൽ നമ്മെ ഉൾപ്പെടുത്തുകയും ഫൈസലിനൊപ്പം, നമ്മിൽ നിന്നും മണ്മറഞ്ഞുപോയ നമ്മുടെ മാതപ്പിതാക്കൾ, ബന്ധുക്കൾ, നാട്ടുകാർ മറ്റു നമുക്ക്‌ വേണ്ടപ്പെട്ട എല്ലാവർക്കുമൊപ്പം നാളെ അവന്റെ സ്വർഗ്ഗീയാരാമത്തിൽ നമ്മളെയും ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ- ആമീൻ
----------------------------------
അബൂദിൽസാഫ്




ഞങ്ങളുടെ ഫെസലാകക അങ്ങനെയാണ് കൂട്ടത്തിൽ എല്ലാവരും വിളികുക ഞങ്ങളുടെ ഇടയിൽ സുഹൃത്ത് ജേഷ്ടൻ എന്നീ ബദംമാണ് ഉള്ളത്.. ഒരുമിച്ച് ഒരുപാട് യാത്രകൾ പോയിട്ടുണ്ട്.... കുറ്റൂർ നോർത്ത്  kasc എനന ക്ളബ്ബ്.. അതിന്റെ ഭാഗമായി പല ചാരിറ്റി പ്രവര്‍ത്തനം തുടങ്ങാനുള്ള കാരണക്കാരനായ വ്യക്തി.. ഇന്ന് കുറ്റൂരിൽ  അൽ ഹുദ പരിസരത്ത് ഉളള ബസ്സ് വെയ്റ്റിങ് ഷട് അതിന്റെ നിർമ്മാണ പ്രവര്‍ത്തിയും അതിനു ചുകകാൻ പിടിച്ചതും എല്ലാം അവരായിരുന്നു.. ഞങ്ങളുടെ നല്ല പ്രവര്‍ത്തികൾക് മുനനിൽ നയികുനന ഫെസലിൻറ മരണം തീര നഷ്ടം മാണ്.. ജീവിതത്തിലെ എല്ലാ നന്മകളും സീകരിച് അവരെയും ഞമ്മളെയും അള്ളാഹു സ്ർഗതതിൽ ഒരുമിച്ച് കുടടൈ... ആമിൻ
------------------------
സമീർ കാമ്പ്രൻ




ഫെസലിനെ അടുത്ത് പരിചയംക്കുറവാണെങ്കിലും ക്കണ്ട് പരിജയം ഉണ്ട് ക്കാരണം ക്കക്കാടംപ്പുറത്ത് ക്കളി ഉള്ള സമയത്ത് രാത്രി അവരുടെ ട്ടീമും ക്കളിക്കാനുണ്ടായിരുന്നു അന്ന് കളിക്കാർക്ക് ആവേഷം കൊടുക്കാൻ മുന്നിൽ ഫെസൽ ഉണ്ടായിരുന്നു ഞാൻ ഫെസലിനെക്കാണുന്ന സമയം അതികവും കുറ്റൂർ: അവർക്ക് ഒരു ഇരിപ്പിടം ഉണ്ട് അവിടെ കുട്ടികളുടെ ക്കൂടെ ഏറെ നേരവും ചിരിച്ചും ക്കളിച്ചും ഇരിക്കുന്നത് ഞാൻ ക്കാണാറുണ്ട്. കൂട്ടികൾക്ക് വലിയ ഇഷ്ട്ടമായി ന്നു ഫെസലിനെ 'മരണവാർത്ത അറിഞ്ഞ അന്ന് ഞ്ഞാൻ ആകെ ഞ്ഞെട്ടിപ്പോയി.ഫെസലിന്റെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പ് ആക്കെട്ടെ ഐന്ന് നമുക്ക് പ്രാർത്ഥിക്കാം
------------------------
സഫ്‌വാൻ സി.




ജീവിച്ചിരുന്ന കാലത്ത്‌ ഫൈസലിനെ കണ്ടോ കേട്ടോ പരിചയമില്ലെങ്കിലും മരണം സംഭവിച്ച നാൾ മുതൽ ഒരുപാട്‌ കേൾക്കുന്നു ആനാമവും അദ്ദേഹത്തിന്റെ നന്മയും മഹത്വവും.മരിച്ചതിന്ന് ശേഷം വന്ന ആദ്യത്തെ പെരുന്നാളിന്ന് വല്യുപ്പയുടെ കൈപിടിച്ച്‌ പള്ളിയിൽ വന്ന ഫൈസലിന്റെ കുഞ്ഞിന്റെ നൊംബരപ്പെടുത്തുന്ന  സത്താർ സാഹിബിന്റെ fb പോസ്റ്റ്‌ വായിച്ച്‌ ഒരുപാട്‌ കരഞ്ഞിട്ടുണ്ട്‌ (അതുപോലെ ഇന്നത്തെ സുഹൃത്തുക്കളുടെ സ്മരണകളിലും).അല്ലാഹു നമ്മുടെ സഹോദരൻ ഫൈസലിന്റെ ഖബർ ജീവിതം സുഖകരമാക്കി കൊടുക്കട്ടെ.അവരേയും നമ്മേയും അവവന്റെ ജന്നാത്തുൽ ഫിർദ്ദസിൽ ഒരുമിച്ച്‌ കൂട്ടുമാറാകട്ടെ.അപകട മരണത്തെ തൊട്ടും മരണത്തിന്റെ പെട്ടൊന്നുള്ള വിളിയെ തൊട്ടും ഞങ്ങളെ എല്ലാവരേയും കാക്കണെ അല്ലാഹ്‌.
------------------------------------
അബ്ദുൽ നാസർ KP




ഫൈസൽകാ...നാൻ ഫൈസൽകാനെ പരിചയപ്പെടുന്നത് ഫൈസൽകന്റെ ഉറ്റ സുഹൃത്തായ അമീർ കാ യുടെ വീട്ടിൽ വെച്ചാണ്.അവരുടെ ആ സഹൃദം കാണുമ്പോൾ ചില സമയത്ത് എനിക്ക് അസൂയ തോന്നാറുണ്ട് .നാൻ അദ്ദേഹത്തെ കാണുമ്പോയെല്ലാം അദ്ദേഹത്തിന്റ ഈ പ്രിയ സുഹൃത്തുമുണ്ടാവും കൂടെ അത് കൊണ്ടാവാം പടച്ചവൻ ഫൈസൽകന്റെ അവസാനത്തെ യാത്രയിലും ഈ പ്രിയ സുഹൃത്തിനെ കൂടെ കൂട്ടിയത് മരണ സമയം വരെ കണ്ടോണ്ടിരിക്കാൻ°°°°°°°മേലെ കുറ്റൂർ വഴിക്ക് പോകുമ്പോയെല്ലാം പലപ്പോഴും കാണുമ്പോൾഫൈസൽക്ക്ന്റെ  ആ ചിരി എനിക്ക് പലപ്പോഴും കിട്ടിയിരുന്നു.എനിക്ക് അദ്ദേഹത്തിന്റെ കൂടെ ചെറിയ ഒരു യാത്ര പോകാൻ സാധിച്ചിരുന്നു അതിന് ശേഷം ദിവസങ്ങൾക് ശേഷമാണ് ആ വാർത്ത നാനും കേട്ടത്•••••ഫൈസകന്റെ വീടിന് മുന്നിലൂടെ പോകുമ്പോൾ അറിയാതെ കണ്ണുകൾ ആ വീട്ടിലേക്ക് ഇപ്പോഴും പോകാറുണ്ട്.സ്വർഗത്തിൽ അള്ളാഹു അവരെയും നമ്മെളെയും ഒരുമിച്ച് കുട്ടുമാറാവട്ടെ...ആമീൻ
-----------------------------
സുബൈർ കക്കാടംപുറം





ഫൈസലിന്റെ മരണം ഒരു ദേശത്തെ മുഴുവൻ ദു:ഖത്തിലാഴ്ത്തിയതോടൊപ്പം പ്രവാസികളം ഞെട്ടലോടെയായിരുന്നു ആ മരണ വാർത്ത ശ്രവിച്ചത്.
ഓരോ മരണവം ജീവിച്ചിരിക്കുന്നവർക്ക് ഓരോ പാഠമാണ്. മരണം ആരെയും, എപ്പോൾ വേണമെങ്കിലും പിടികൂടിയേക്കാം. ഓരോ മനുഷ്യന്റെയും മരണം മുൻകുട്ടി നമുക്ക് അറിയിച്ചു തരാതിരുന്നത് അള്ളാഹു നമുക്ക് ചെയ്തു തന്ന ഒരു മഹത്തായ അനുഗ്രഹം തന്നെയാണ്.
ഫൈസലിനെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ -ആമീൻ
------------------------------------------
എം ആർ സി അബ്ദുറഹ്മാൻ




പ്രിയ കൂട്ടുകാരൻ ഫൈസലിനെ ഓർക്കുമ്പോൾ ഇന്നും മനസ്സ് നീറും .നിഷ്കളങ്കതയുടെ ആൾരൂപം എന്ന വാക്കിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഫൈസൽ .അവനെ കുറിച്ചുള്ള ഒരുപാട് ഓർമകൾ ഇന്നും നിറം മങ്ങാതെ മനസ്സിൽ ഉണ്ട്.
            ഞാൻ ജിസാനിൽ ജോലി ചെയ്തിരുന്ന സമയത്ത്, ഞങ്ങളുടെ കടയിൽ ഇടക്കിടെ വരുമായിരുന്നു അവൻ .എപ്പോൾ വന്നാലും വിശേഷം ചോദിച്ചേ മടങ്ങൂ. പിന്നീട് ഞാൻ കുറച്ച് കാലം നാട്ടിൽ സെറ്റിൽഡായി. അന്നൊക്കെ ഒന്നിച്ച് കുറേ യാത്രകൾ പോയിട്ടുണ്ട്. ശുദ്ധമനസ്കനും നല്ല തമാശക്കാരനും ആയിരുന്നു ഫൈസൽ 
ഫൈസൽ മിസ്സിംഗാണെന്ന വാർത്ത കേട്ടപ്പോഴും അവനെന്തെങ്കിലും തമാശയൊപ്പിച്ചതാണെന്നേ കരുതിയുള്ളൂ. പക്ഷേ പിറ്റേ ദിവസം രാവിലെയും അവനെത്തിയില്ല എന്ന് കേട്ടപ്പോഴും ഒരിക്കലും മരണ വാർത്ത കേൾക്കരുതേന്ന്  മനമുരുകി പ്രാർത്ഥിച്ചു.സുബ്ഹിക്ക് ഞാനും കൂട്ടുകാർക്കൊപ്പം ആതിരപ്പള്ളിക്ക് അടുത്തുള്ള തുംകൂർമുഴുഡാമിൽ പോയി.സ്ഥലം si മറ്റു സഹപോലീസ് കാരുമ നാട്ട്കാർ  മൂന്ന് നാല് ഗ്രൂപുകൾആയിട്ട് ആയിരുന്നു തിരച്ചിൽ ഒരു പാട് സമയം തിരഞ്ഞെങ്കിലും കാണാനായില്ല.ആ സമയത്തും നാട്ടിലെത്തിയെന്ന് ആരെങ്കിലും വിളിച്ച് പറഞ്ഞാൽ മതിയെന്നായിരുന്നു മനസ്സ് നിറയെ.
             പക്ഷേ കുറച്ച് സമയത്തിന് ശേഷം അവന്റെ ചലനമറ്റ വെള്ളത്തിൽ പൊങ്ങിക്കിടന്ന ശരീരം കണ്ടവരിൽ ഞാനും ഉണ്ടായിരുന്നു. അവൻ മരിച്ചു എന്ന യാഥാർത്ഥ്യം ഇന്നും എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടുക്കുന്നത് വരെ എല്ലാത്തിലും പങ്കെടുത്തത് ഒരു  തരം യാന്ത്രികതയോടെ ആയിരുന്നു.
    അവന്റെ പാപങ്ങൾ നീ പൊറുത്ത് കൊടുക്കണേ റബ്ബേ, അവന് മഗ്ഫിറത്തും, മഹമത്തും നൽകി അവന്റെ ഖബറിടം വിശാലമാക്കി ക്കൊടുക്കണേ റബ്ബേ
അവന്റെ കൂടെ ഞങ്ങളേയും നീ സ്വർഗത്തിൽ ഒരുമിപ്പിക്കണേ അള്ളാ.ആമീൻ.ആമീൻ യാറബ്ബിൽ ആലമീൻ .
----------------------------
നൂർ അരീക്കൻ..




ഞങ്ങളെ ഫൈസലാക്ക എന്ന കുഞ്ഞാക്ക ഞങ്ങളെയെല്ലാം വിട്ടു പോയിട്ടു ഒരു വർഷം കഴിഞ്ഞു ഫൈസൽ എനിക്കെൻെറ ഒരു സഹോദരൻ മാത്രമായിരുന്നില്ല അതിനേക്കാൾ എല്ലാം ഒരുസുഹൃത്തും ക്കൂടി ആയിരുന്നു ' ഞങ്ങളുടെ യാത്രയിലും കളിതമാശയിലും എല്ലാം ഒപ്പമുണ്ടായിരുന്ന ചങ്ങാതി ആയിരുന്നു ഫൈസലിനെ നിങ്ങൾ ഓരോരുത്തരും ഇന്നു തത്തമ്മ കൂടിൽ എയുതിയതു വായിച്ചു ഞാൻ എന്തു ടൈപ് ചെയ്യണമെന്നു കുറേ നേരം ആലോചിച്ചു എനിക്കു പറയാൻ ഉള്ളതിനേക്കാൾ അപ്പുറം നിങ്ങൾ ഓരോരുത്തരും പറഞ്ഞു ദുനിയാവിൽ ചെയ്തു പോയതെറ്റുകളെല്ലാം അല്ലാഹു പൊ റുത്തു കൊടുക്കട്ടെ അവനെയും നമ്മളെയും അല്ലാഹു നാളെ ജന്നാത്തുൽ ഫിർദൗ സിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ
--------------------------------
റിയാസ് കുരിക്കൾ




ഫൈസലിനെ കണ്ട് പരിചയമില്ലെങ്കിലും
കൂട്ടുകാരും നാട്ടുകാരും ഫൈസലിനെ കുറിച്ചുള്ള അനുസ്മരണം വായിച്ച് കണ്ണ് നിറഞ്ഞു....

അല്ലാഹു നമ്മുടെ സഹോദരൻ ഫൈസലിന്റെ ഖബർ ജിവിതം സുഖകരമാക്കി കൊടുക്കട്ടെ ..
ജന്നാത്തുൽ ഫിർദൗസിൽ അവനെയും നമ്മെയും അല്ലാഹു ഒരുമിച്ച് കൂട്ടട്ടെ ...

ആമീൻ.....
------------------------------------------
ശിഹാബ് നാലുപുരക്കൽ




ഫൈസൽ ഓർമ്മകളിൽ ജീവനാം ഓർമ്മായി നീ മാറിയിട്ടും....
തോരാത്ത കണ്ണീർ മഴ പെയ്യുന്നുണ്ടീ ദേശ മൊന്നാകെ...
ചിരി തൂകുന്ന നിൻ മുഖം നോവായി ബാക്കിയുണ്ടോരോ നെഞ്ചകത്തും...
മതിലിൻ സൊറ സദസ്സിൽ നിന്നും അവസാനമെഴുന്നേൽക്കും കൂട്ടുകാരാ എന്തേ മരണത്തോടൊപ്പം നീ മുന്നേ നടന്നു പോയി.....
പള്ളി വരാന്തകളിൽ ഉയരുന്നോരോ പ്രാർ തന കൈകളിൽ   ഇന്നും  നീ ഉണ്ടു സ്നേഹത്തിൻ

 കൂട്ടുകാരനായി...
----------------------------
അജ്‌മൽ പി. പി.




പള്ളിപറമ്പ് പരിപാടിയില്‍ ഇന്ന് അനുസ്മരിച്ച പ്രിയ സുഹൃത്ത് ഫൈസലിനെ കുറിച്ചുള്ള ഒരുപാട് പേരുടെ ഓര്‍മ്മക്കുറിപ്പുകളും ദുആകളുമെല്ലാം അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ

 പലപ്പോഴുള്ള പരസ്പര കാഴചകളില്‍ ഒരു പുഞ്ചിരിയില്‍ മാത്രമൊതുങ്ങിയിരുന്ന ബന്തമായിരുന്നു ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫൈസലുമായിട്ടുണ്ടായിരുന്നത് 
കുറ്റൂരിലെ ശബീറിന്റെ കടയില്‍ വെച്ചാണ് ആദ്യമായി ഫൈസലുമായി സംസാരിച്ചതും ആ മനസ്സിലെ സൗഹൃദം ആസ്വദിച്ചതും 
പത്രത്തിലെ വാര്‍ത്തകളെ കുറിച്ചുള്ള അഭിപ്രായ പ്രകടനത്തോടെയാണ് ഞങ്ങളുടെയാ സൗഹൃദ ബന്തം തുടങ്ങുന്നത് പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവിടെ വെച്ച് കാണലും സംസാരിക്കലുമൊക്കെ ഒരു ദിനചര്യയൊന്നോണം നടന്നു 
രണ്ട് മാസത്തെ ലീവിനിടയിലെ അധിക ദിവസവും അവിടെ വെച്ച് കാണും 
ശബീറിന്റെ കടയുടെ വരാന്തയിലിരുന്ന് സൗഹൃദ സംഭാഷണത്തിനിടെ അവനോടൊത്ത്  ഒറൈസ് തിന്നുമ്പോള്‍ അവനെന്നോട് പറയുമായിരുന്നു
ഞമ്മള് രണ്ടാളുമായിരിക്കും ഇവിടുന്ന് ഏറ്റവും കൂടുതല്‍ ഒറൈസ് വാങ്ങിയതെന്ന്
ഇപ്പോഴുമെന്റെ കണ്ണില്‍ നിന്ന് മായാത്തൊരു കാഴ്ചയാണ് അവന്റെയാ പുഞ്ചിരി
ഞാന്‍ വീവ് കഴിഞ്ഞ് തിരിച്ച് വരാനിരിക്കുന്ന ദിവസം രാവിലെ അവസാനമായി ഞാനവനോട് യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവനെന്നോട് പറഞ്ഞൊരു വാക്കുണ്ട്  
'അടുത്ത കൊല്ലം ബേം ബാട്ടാ ഞമ്മക്ക് ഒറൈസ് തിന്നണം'
പക്ഷെ.... ഇനിയവനോടൊത്തൊരു കൂടിക്കാഴ്ചക്ക് സമയം അനുവധിക്കാതെ റബ്ബ് അവനെ നേരത്തെ തിരിച്ച് വിളിച്ചു
റബ്ബൊരുക്കിയ സ്വര്‍ഗ്ഗീയാരാമത്തിലേക്ക്

അര്‍ഹമു റാഹിമീനായ റബ്ബ്
നമ്മില്‍ നിന്ന് മരണപ്പെട്ടുപോയവരുടെ എല്ലാ ചെറുതും വലുതുമായ ദോശങ്ങളു പൊറുത്ത് അവരുടേയെല്ലാം ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ

അവരേയും നമ്മേയും റബ്ബിന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍.
----------------------------------------
അൻവർ ആട്ടക്കോളിൽ




                        കുരിക്കൾ ഫൈസൽ
ഞങ്ങൾ തമ്മിൽ പരിചയം കുറവാണ്
ഒന്നോ രണ്ടോ പ്രാവശ്യം കണ്ടു ആപുഞ്ചിരി ഞാനും
അനുഭവിച്ചിട്ടുണ്ട്
ഓരോരുത്തർ കുറിച്ചത് വായിച്ചു
ഒത്തിരി വിഷമം തോന്നി അതിനോടൊപ്പം
ആഴത്തിൽ പരിചയ
പെടാത്തതിൽ തീരാ
ദുഃഖവുംഅനുഭവിച്ചു
അള്ളാഹു അവന്റെ
ഖബർവിശാലമാക്കട്ടെ
അവനെയും നമ്മളെ

എല്ലാവരെയും അവന്റെ സ്വർഗ്ഗ പുന്തോപ്പിൽ ഒരുമിക്കട്ടെ ആമീൻ
---------------
ബഷീർ



--------------------------
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്



No comments:

Post a Comment