ആത്മമിത്രങ്ങളായ രണ്ട് കൂട്ടുകാർ. ഒരുത്തന് പെണ്ണ് കാണാൻ രണ്ടാളും കൂടി പുറപ്പെട്ടു. സുന്ദരിയായ കുട്ടിയെ ഇഷ്ടപ്പെട്ടു. തിരിച്ച് പോരുമ്പോൾ പെണ്ണുകാണാൻ കൂടെ പോയയാൾ പറഞ്ഞു. "എടാ .. നല്ല സുന്ദരിക്കുട്ടി... ഞാനവളെ കെട്ടിക്കോളാംi"
അത്ഭുതത്തോടെ കൂട്ടുകാരൻ ചോദിച്ചു. "എന്ത്! ഞാൻ കണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെ നിനക്കോ?! നിനക്കെന്താ .. ഭ്രാന്തുണ്ടോ?"
അവർ തമ്മിൽ തർക്കമായി... വഴക്കായി... കൈയാങ്കളിയാലെത്തി... നാട്ടുകാർ കൂടി.. ഒരു മധ്യസ്ഥൻ പറഞ്ഞു. കുട്ടി എവിടെ? ഞാനൊന്നു കാണട്ടെ.. എന്നിട്ട് തീരുമാനിക്കാം.. കുട്ടിയെ കണ്ടതും മധ്യസ്ഥന്റെ മനസ്സിളകി. ഇവളെ ഞാൻ കെട്ടിക്കോളാം. അവർ രണ്ടാളും കൂടി അയാളുടെ കഴുത്തിന് പിടിച്ചു. കേസ് നാട്ടിലെ പണ്ഡിതന്റെയടുത്തെത്തി. കേസ് വിസ്തരിച്ച് കേട്ട അദ്ദേഹം കുട്ടിയെ ഹാജരാക്കാൻ ആവശ്യപ്പെട്ടു. പെണ്ണിനെക്കണ്ട പാടെ അയാൾ നിലയും വിലയും മറന്നു." ഇവളെ ഞാനാർക്കും വിട്ടുതരില്ല " അയാൾ ഒച്ചവെച്ചു. ജനങ്ങൾ അദ്ദേഹത്തെയും കൈകാര്യം ചെയ്തു. അവസാനം പോലീസെത്തി. സമാധാനമായി. ആത്മസുഹൃത്തുക്കളെ തമ്മിൽ പിണക്കിയ , മധ്യസ്ഥന്റെ വില കളഞ്ഞ, പണ്ഡിതനെ മാനം കെടുത്തിയ ഈ സുന്ദരിയുടെ കാര്യം തീരുമാനമാകുമല്ലോ. എന്നാൽ എസ്.ഐക്കും കാലിടറി. അവളുടെ വശ്യസൗന്ദര്യത്തിൽ അയാളും വീണു - കേസ് കോടതിയിലെത്തി. ജഡ്ജി എല്ലാരെയും ഒരു കൂട്ടിലും പെണ്ണിനെ ഒരു കൂട്ടിലും നിർത്തി - എല്ലാരുടെയും ന്യായവാദങ്ങൾ കേട്ടു . പെണ്ണിനോട് ജഡ്ജി പറഞ്ഞു: "എല്ലാരും നിന്നെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് നീയൊരു കാര്യം ചെയ്യ്.. നീ എന്റെ കൂടെ പോരൂ ." വിധി കേട്ടതും ജനം അയാളുടെ മേൽ ചാടി വീണു.
ഇതയുമായപ്പോൾ നമ്മുടെ കഥാനായിക ഇടപെട്ടു. നിങ്ങൾ തമ്മിൽ തല്ലി ചാകേണ്ട. നാളെ എല്ലാരും കൂടെ എന്റെ വീട്ടിൽ വരൂ... ഞാൻ മുറ്റത്ത് ഒരു കസേരയിലിരിക്കും. എൻറടുത്ത് ഒരു ചട്ടിയിൽ ഒരു റോസാപ്പൂ ഉണ്ടാകും. ഞാൻ പറയുമ്പോൾ ഓടി വന്നു ആ പൂവ് പറിച്ച് എനിക്ക് തരുന്നവർക്ക് എന്നെ കൊണ്ടു പോകാം.
വിവരം നാട്ടിൽ പട്ടായി. പിറ്റേന്ന് അവളുടെ മുറ്റത്ത് വലിയ ജനക്കൂട്ടം . അതിൽ വിദ്യാസമ്പന്നർ, പണക്കാർ, പ്രായമായവർ വരെയുണ്ട് -
അവൾ എണ്ണി. 1. ... 2... 3. ജനം ഓടിയടുത്തു. പക്ഷേ... ആർക്കും അവളുടെയടുത്ത് എത്താൻ കഴിഞ്ഞില്ല. അവൾ മുമ്പിൽ ഒരു വലിയ കുഴി കുഴിച്ചിട്ടുണ്ടായിരുന്നു. എല്ലാരും ആ കുഴിയിൽ വീണൊടുങ്ങി.
💧💧💧💧💧💧💧💧💧
വഞ്ചകിയായ ആ പെണ്ണ് മറ്റാരുമായിരുന്നില്ല. അവളാണ് ദുനിയാവ് !!!
സ്നേഹിതൻമാരെ തമ്മിൽ തെറ്റിക്കുന്ന , മനുഷ്യനെ അപമാനിക്കുന്ന, അവസാനം പരാജയത്തിന്റെ പടുകുഴിയിൽ ചാടിക്കുന്ന ചതി നിറഞ്ഞ ദുനിയാവ് "
" ഈ ദുനിയാവിലെ ജീവിതം വഞ്ചന നിറഞ്ഞ വിഭവമല്ലാതെ മറ്റൊന്നുമല്ല " (സൂറ: ആലു ഇംറാൻ)..... ആശയം -. കടപ്പാട്:
----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment