വേനലവധിക്ക് സ്കൂൾ പൂട്ടിയതിനാൽ, മദ്രസ്സ വിടുമ്പോൾ ഭയങ്കര സന്തോഷം!
അന്നും പതിവ് പോലെ ൻറെ സൈദ് എന്നെയും കാത്ത് റോഡരുകിൽ നി ർ ക്കന്നുണ്ടായിരുന്നു.
മദ്രസ്സ വിട്ടാൽ ഞാൻ സാവധാന മേ പുറത്ത് വരാറുള്ളൂ. ൻറെ സൈദ് പെട്ടെന്ന് റോഡിലെത്തും!
എന്നെക്കണ്ടതും ൻറെ സൈദ് പറഞ്ഞു അത്രാമാനേ ഇന്ന് ബുധനാഴ്ചയാണ്, ഞമ്മക്ക് ചന്തക്ക് പോണം!
അപ്പോഴാണ് ഞാനോർത്ത് ഇന്ന് കുന്നുംപുറം ചന്തയാണ്. എത്തി നാ ചന്തീക്ക് പോണ്?
ഒത കോഴി നെബി ക്കാണ്ട്, ൻറെ സൈദ് പറഞ്ഞു. അനക്കൊന്നും മാങ്ങാനില്ലേ?
കോഴീ നെ ബി ക്കും വേണം ഇച്ച് ഒരു തൊണ്ടും മാ ണം.
അനക്ക് പൈസ ട്ട് ബെക്കാനാണ്ണീ തൊണ്ട്?
ങ്ങാ... ൻറെ സൈദ് പറഞ്ഞു.
ജ്മേം കോഴീ നെ പുട്ച്ച്ട്ട് ബാ എന്ന് പറഞ്ഞു ഞാൻ ൻറെ പുരയിലേക്ക് പോയി.
ഉമ്മ വിളമ്പിത്തന്ന ചക്ക കൂട്ടാനും കഞ്ഞിയും വയറുനിറയെ കുടിച്ചു.
കൊക്കകോ കോ .....
ഞാൻ തിരിഞ്ഞ് നോക്കി....
മുറ്റത്തതാ ഒരു കോഴി ...... ഒപ്പം ൻറെ സൈദും!
ഉമ്മാ ഞാൻ ഇബന്റെ ഒപ്പം ചന്തയിലേക്ക് പോകാണ്.
ഉമ്മാന്റെ സമ്മതം കിട്ടി.
അങ്ങിനെയാണ്.ൻറെ സൈദിൻറെ കൂടെ എങ്ങോട്ട് വേണേലും ഉമ്മാ പറഞ്ഞയക്കും.
കോഴി മുന്നിലും ൻറെ സൈദ്പുറകിലും കൂടെക്ക ഞാനും!
കുട്ട്യേ കോഴീ നെ ബിക്കാനാ ? കണ്ടവർ കണ്ടവർ ചോദിക്കുന്നുണ്ട് 'വലിയ വില ചോദിച്ചു, ആരും വാങ്ങിയില്ല. - വഴിയരികിലുള്ള കാഴ്ചകൾ കണ്ടു കൊണ്ട് നടന്ന തിനാൽ കുന്നുംപുറത്ത് എത്തിയത് അറിഞ്ഞതേയില്ല.
വലിയ ആൾക്കൂട്ടം, വീടുകളിൽ നിന്ന് കുമ്പളങ്ങയും പല പച്ചക്കികളും ചേനയും ഒക്കെ നിരത്തി വെച്ചിരിക്കുന്നു.
സൈദേ അൻറെ കൈമലെത്താ?
അത് കോഴി തൂറിയ താ ........
ന്നാ തൊടച്ചാളാന്ന് പറഞ്ഞ് ഞാൻ ഒരു ആലില നിലത്ത് നിന്നെടുത്ത് ൻറെ സൈദിന് കൊടുത്തു.
ചന്തയുടെ നടുവിൽ ഒരു ആൽമരം ഉണ്ടായിരുന്നു. തെക്കുഭാഗത്ത് ഓടിട്ട നീണ്ട ഒരു ഷെഡ് പോലെ!
ഷെഡ്ഡിന്റെ കിഴക്ക് ഭാഗമൊക്കെ ഇറച്ചിക്കച്ചവടക്കാർ കയടക്കിയിരിക്കുന്നു.
വെറ്റിലടക്ക കച്ചവടം, കുഞ്ഞറ മുട്ടി കാക്കാൻറെ പാട്ട് പുസ്തക കച്ചവടം!
കൊയപ്പാത്തികൾ മൺപാത്രങ്ങൾ വിൽക്കുന്നു.
പല തരത്തിലുള്ള മിഠായികൾ നിരത്തി വെച്ചിരിക്കുന്നു.
സൈദേ അവടെയാണ് കോഴിക്കച്ചവടം, അങ്ങോട്ട് പോരേ - ....
കോഴി വിറ്റു. ഇനി ഒരു തൊണ്ടു മാങ്ങണം. നേരം കളയാതെ ഒരു തൊണ്ട് മാങ്ങണം.
കൊയപ്പാത്തി ഒരു തൊണ്ട് ൻറെ സൈദിന് കൊട്ത്തു. പാട്ടുകൾ ഒന്നുമറിച്ച് നോക്കി. നല്ല രസം!
ചന്ത മൈതാനിയുടെ
പകുതി കാലികൾ കൈവശപ്പെടുത്തിയിരിക്കുന്നു.
ഉച്ചവരെ മാത്രമേ ചന്തയുണ്ടാവുകയുക. ഉള്ളൂ.
ശോതമ്പിന്റെ കറി ( പായസം ) 5 പൈസക്ക് ഓരോരേ ക്ലാസ്സ് വാങ്ങി ......
നല്ല രസം ......
ല്ലേ സൈദേ
നാലണക്ക് ഞാൻ ഒണക്കമീൻ വാങ്ങി.
ഞമ്മള് പോകാ..
ൻറെ സൈദിന്റെ കോഴി തൂറാത്ത കയ്യിൽ പിടിച്ച് പുറത്തേക് നടന്നു.
ഒരു പാമ്പാട്ടി പാമ്പിനെ കളിപ്പിക്കുന്നു!
കുറേ നേരം നോക്കി നിന്നു. അതിനിടയിൽ ഒരാൾ വന്ന് എല്ലാ കച്ചവടക്കാരിൽ നിന്നും കാശ് വാങ്ങുന്നത് കണ്ടു. ചന്തക്കൂലി യാണെന്ന് ൻറെ സൈദ് പറഞ്ഞു.
പോരാൻ നേരത്താ കണ്ടത്, ഒരു ചെറിയ നാടോടി സർക്കസ്സ്! നേരമില്ലാത്തത് കൊണ്ട് പോരാൻ തീന മാനിച്ചു.
ഞമ്മക്ക് നിലറമ്പിക്കുടെ നടക്കാം :
ങ്ങും
അറളപ്പറമ്പ് കഴിഞ്ഞ് കുണ്ടഞ്ചാലിലെ വെള്ളച്ചാട്ടം കുറേ നേരം നോക്കി നിന്നു. വെള്ളത്തിലിറങ്ങി മുഖമൊന്ന് കഴുകി.
ഞാനൊന്ന് പാത്തട്ടെ ജ് ഈ തൊണ്ട് ഒന്ന് പിടിച്ചാന്ന് പറഞ്ഞ് ൻറെ സൈദ് തൊണ് എന്റെ കയ്യിൽ തന്നു.
ൻറെ സൈദിന്റെ ക്രിയകളൊക്കെ കഴിഞ്ഞ് ൻറെ കയ്യൊന്ന് പിടിച്ചാ....
സൈദിനെ ഒരു കൈ കൊണ്ട് വെള്ളത്തിൽ നിന്ന് കയറാൻ സഹായിച്ചു. ൻറെ സൈദ് വെള്ളത്തിൽ നിന്ന് കയറിയപ്പോൾ എന്റെ മറ്റേ കയ്യിലുണ്ടായിരുന്ന തൊണ്ട് താഴെ വീണ് പൊട്ടി, ൻറെ സൈദിനു് ദേഷ്യം വന്ന് എന്റെ ചെപ്പക്കുറ്റിക്ക് ഒറ്റയടി:...
ആ അടി കൊണ്ടതും ഞാൻ ഞെട്ടിയുണർന്നതും ഒരുമിച്ചായിരുന്നു!
--------
MRC
നാട്ടു ചന്ത - അനുഭവക്കുറിപ്പുകൾ............. ചെങ്കല്ലുകൊണ്ടുണ്ടാക്കിയ തൂണുകൾ, ഓടു കൊണ്ടും ഓലകൊണ്ടും മേഞ്ഞ മേൽക്കൂരകൾ, ഇടച്ചു മര് കൊണ്ട് പാർട്ടീഷൻ ചെയ്തിട്ടല്ലാത്ത ഒറ്റ ഹാൾ,.ഇങ്ങിനെയുള്ള രണ്ടോ മൂന്നോഷെഡുകളാണ് കുന്നുംപുറം ചന്തയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമായി എന്റെ മനസ്സിൽ വരുന്നത്.നാട്ടു ചന്തകളെ പറ്റി ഓർക്കുകയാണെങ്കിൽ ആദ്യമായി മനസ്സിൽ തഴുകി എത്തുന്നതും ബുധനാഴ്ചകളിലെ കുന്നു പുറം ചന്തയാണ്. എന്റെ വീട്ടി ൽ നിന്ന് ഏകദേശം പത്ത് മിനിട്ട് മാത്രം നടന്നെത്താവുന്ന ദൂരമേ കുന്നുംപുറം ചന്തയിലേക്കഉണ്ടായിരുന്നുള്ളു എനിക്ക് ഓർമ്മവെച്ച നാൾ മുതൽ അവിടെ ഈ ചന്തയുണ്ട്.ഒരു പാട് പ്രാവശ്യം ഞാൻ ചന്തയ്ക്ക് പോയിട്ടുണ്ട്. ആകെ ബഹളമയമായ അന്തരീക്ഷം. ഷെഡിന് അകത്തും പുറത്തുമായി നിരവധി കച്ചവടക്കാർ, വെണ്ടക്ക, തക്കാളി, പയർ, ചേമ്പ്, ചേന, കൈപ്പ, ഉള്ളി, ഉരുളക്കിഴങ്ങ് പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ വിൽക്കുന്നവർ, ആടുമാടുകളെ വിൽക്കാനും വാങ്ങാനും വന്നവർ, കൈകോട്ട്, പിക്കാസ്, കത്തികൾ, മഴു മുതലായവയുമായി വേറൊരു കൂട്ടർ, പലതരം വിത്തുകൾ വിൽപ്പനക്കാർ, വലവിൽപനക്കാർ, ഇറച്ചി വിൽപ്പനക്കാർ, നാടൻ കോഴി, പായ, നെല്ലിക്ക, ചെറുനാരങ്ങ വിൽപ്പനക്കാർ, ഉപഭോക്താക്കളെ മാടി വിളിക്കുന്നവർ, കമ്പോളവില ഉറക്കെ വിളിച്ച് പറഞ്ഞ് ആവശ്യക്കാരെ ആകർഷിക്കുന്നവർ, ഉത്പന്നങ്ങളുടെ ഗുണഗണങ്ങൾ സരസമായി വിശേഷിപ്പിക്കുന്നവർ, ചന്തയുടെ മറവിൽ പൈസ വെച്ച് കളിക്കുന്നവർ -ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള കുന്നു പുറം ചന്തയുടെ ഒരു നേർക്കാഴ്ചയായിരുന്നു ഇത്. അടുത്ത ദേശങ്ങളിൽ നിന്നായിരുന്നു കച്ചവടക്കാർ കൂടുതലും വന്നിരുന്നത്. ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളുടെയും ലഭ്യതയും വിലക്കുറവുമാണ് ഇവിടത്തെ പ്രധാന സവിശേഷത. തിങ്കളാഴ്ചയിലെ വേങ്ങര ചന്ത, ചൊവ്വാഴ്ചയിലെ ചേളാരി ചന്ത, ബുധനാഴ്ചയിലെ മഞ്ചേരി ചന്ത, വ്യാഴഴ്ചയിലെ തിരൂരങ്ങാടി- ചന്തപ്പടി ചന്ത, ശനിയാഴ്ചയിലെ കോട്ടക്കൽ ചന്ത, ഞായറാഴ്ചയിലെ കൊണ്ടോട്ടി ചന്ത ഇവയായിരുന്നു നമ്മുടെ അയൽദേശത്തുള്ള പ്രധാനപ്പെട്ട ചന്തകൾ .ഇതിൽ പല ചന്തകളും ഇപ്പോൾ ഓർമയിൽ മാത്രം അവശേഷിക്കുന്നു. ഇതിൽ യഥാക്രമം മഞ്ചേരി, കോട്ടക്കൽ, ചേളാരി, എന്നിവ ഏറ്റവും വലിയ ചന്തകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നതായി പഴമക്കാരിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ചന്തപ്പടിക്ക് ആ പേര് വരാൻ കാരണം ചന്ത നടന്നിരുന്ന സ്ഥലം ആയത് കൊണ്ടാണ്. ചന്ത നടന്നിരുന്ന പല സ്ഥലങ്ങളും ഇപ്പോൾ അന്യം നിന്നു പോയിരിക്കുന്നു. കുന്നുംപുറത്ത് ചന്ത നടന്നിരുന്ന സ്ഥലം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.ഉമ്മയും ബാപ്പയും ഒഴികെയുള്ളതെല്ലാം ചന്തയിൽ നിന്ന് കിട്ടുമെന്നാണു പഴമക്കാർ പറയാറുള്ളത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് കുന്നുംപുറം ചന്തയിൽ നിന്ന് സാധനങ്ങൾ മേടിച്ച് എന്റെ വീടിന്റെ മുമ്പിലൂടെ കടന്നുപോകുന്നവരുടെ ദൃശ്യം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
--------------------------------------------
(മുഹമ്മദ് സലിം കെ.പി)
✍ആദൃകാലങ്ങളിൽ ഉപ്പാൻ്റെ കൂടെയായിരുന്നു ചന്തയിലേക്ക് പോയിരുന്നത്
ഒരു ബുധനാഴ്ച ദിവസം ഇന്ന് ഞമമ്മക്ക് ചന്തീക്ക് പോവണം ഉപ്പ പറഞ്ഞു
കോഴികളെവിൽകാനുണ്ടാവും അടക്കയും
വീട്ടിലെ അരിവാൾകത്തി,കൈകോട്ട് പുല്ല് അരിയുന്ന അരിവാൾ കറി കത്തി എന്നിവ കാച്ചി രായിക്കാനും ഉണ്ടാകും(മൂർച്ച കൂട്ടാൻ)
ഈ സാധനങ്ങളെല്ലാം ഉണ്ടാവുംബോ എന്നെയും കൊണ്ടു പോവും
റോഡിലൂടെ നടന്നാണ് അന്നൊക്കെ പോയിരുന്നത്
വിൽപനക്കുള്ള കോഴിയെ ഞാനാണ് പിടിക്കാറ്
ഒരിക്കൽ കോഴി പിഠിത്തംവിട്ട് റോഡിലൂടെ പോയിട്ടുണ്ട്
റോഡില് എത്തീപ്പൊ ``ശരിക്ക് പുട്ച്ചോഇന്നാൾത്ത മാതിരി വിടണ്ട ഉപ്പ പറഞ്ഞു
🐓🐓🐓🐓🐓
ചന്തയിലെത്തിയാൽ കോഴി കച്ചവടക്കാർ വഴിയിലേക്ക് ഇറങ്ങിവന്ന് കോഴിയേയും വാങ്ങി പോവലാവും
പഴയകാലത്ത് ചെമ്മാട്ടങ്ങാടിയിലെ വാച്ച് കച്ചവടം പോലെ
പിന്നെ വിലപേശി വിൽക്കലാണ്
അന്ന് ചേളാരി സ്വദേശിയായ വലിയ മീശവെച്ച നല്ല ഉയരമുള്ള ഒരാളുണ്ടായിരുന്നു കോഴിയെ വാങ്ങാൻ
അദ്ധേഹത്തിനായിരുന്നു എല്ലാവരും കോഴിയെ നൽകിയിരുന്നത്
അയാൾ നല്ല വില തരുമായിരുന്നു....
ഒരിക്കൽ ചന്തയിൽ നിന്ന് ഒരു കോഴിയെ വാങ്ങി അത് വീട്ടിലെത്തിയപ്പോയേക്കും ചത്ത അനുഭവവും ഉണ്ടായിട്ടൂണ്ട് രോഗംവന്ന കോഴിയെ ഒരുകച്ചവടക്കാരൻ പറ്റിച്ചതായിരുന്നു
കുറച്ച് അടക്കയുമുണ്ടായിരുന്നു അത് വിറ്റ്
മൂർച്ച കൂട്ടാനുള്ള ആയുധങ്ങൾ ആലയിലുള്ള കൊല്ലനെ ഏൽപി ച്ചു
പിന്നെ നായരുടെ ചായ കടയിൽനിന്ന് എനിക്ക് ചായയും പൊറാട്ടയും വാങ്ങിതന്നു അത് കിട്ടാനാണ് ചന്തയിലേക്ക് പോരുന്നത് തന്നെ
അവിടുന്ന് ഞങ്ങൾ എൻ്റെ മൂത്താപ്പാക്ക് (കുഞ്ഞറമുട്ടി ഹാജി)ചന്തയിൽ
മുസ്ഹഫ് ഏട് പാട്ട് പുസ്തകങ്ങൾ ഇസ്ലാമിക ചരിത്ര കഥാബുക്ക് തൂടങ്ങിയ വിൽക്കുന്ന ഒരുഷെഡ് ഉണ്ടായിരുന്നു
അവിടെ കുറച്ച് സമയം ഇരിന്നു
അവിടെ യുള്ള ചരിത്രബുസ്തകങ്ങൾ (മൂസാനബീയും ഫിർഔനും മങ്ങാട്ടച്ചനും കുഞ്ഞായ് മുസ്ലിയാരും ,യൂസുഫ് നബി ചരിത്രം )ഇന്നെത്തെ തലമുറ കാണാത്തതും വായിക്കാത്തതുമായ പുസ്തകങ്ങൾ മറിച്ചു നോകിക്കൊണ്ടിരുന്നപ്പൊ
മൂത്താപ്പ എനിക്ക് മങ്ങാട്ടച്ചനും കുഞ്ഞായ് മുസ്ലിയാരീം കഥാബുക്ക് തന്നു
അത് വാങ്ങി കൊല്ലൻ്റെ അടുക്കലേക് പോയി
അവിടെ രണ്ട് പേർ അപ്പുറവും ഇപ്പുറവും ഇരുന്നു ഒരു ചക്രം പോലൂള്ള ഒരു യന്ത്രത്തിൻമേൽ കയർ കെട്ടി ഒരാൽ വലിക്കുംബോൾ അതിൻമേലുള്ള ചക്രം തിരിയും
മറ്റേയാൾ അതിൻമേൽ കത്തി വച്ച് കൊടുക്കും ബോൾ ക്രീം ......ക്രീം എന്ന ശബ്ദത്തോടെ തീപൊരിപാറുന്നത് കാണാം
കത്തിയുടെ വായ്തല വെള്ളീപോലെ തീളങ്ങും
അവിടെ മല്ലികച്ചവടവും ഉണക്കമീനുമായി തലയിൽ ടവ്വൽ കെട്ടിയിരുന്ന ഉയരം കുറഞ്ഞ ഒരാളുണ്ടായിരുന്നു
കോൽക്കളിയിൽ എൻ്റെ ഗുരുവായിരുന്ന ആലിക്കുട്ടി ഗുരിക്കൾ
ചന്തയുടെ ഉള്ളിലായി ഒരു വലിയ ആൽമരവും അതിനുചുവട്ടിലായിരുന്നു പായകച്ചവടക്കാരും കൈനോട്ടക്കാരും ഇരുന്നിരുന്നത്
കുറത്തികളുടെ കൈയ്യിലുള്ള തത്തകൾ ചീട്ട്എടുക്കുന്നത് നോക്കി നിന്നിട്ടുണ്ട്
വേങ്ങരയിൽനിന്ന് കൊണ്ട് വരുന്ന നല്ല ഇളം വെറ്റിലയും ചക്കര പുകയിലയും ചന്തദിവസം വരും അതുംവാങ്ങി
കൊടുവായൂർ മാർക്കറ്റിലെ ഇറച്ചിവിൽപനക്കാർ അന്നത്തെ കച്ചവടം കുന്നും പുറത്തായിരിക്കും
അബുകാക്കാൻ്റെ അടുക്കൽ നിന്ന് നല്ല പോത്തിറച്ചിയും വാങ്ങി
സാധനങ്ങൾ വിറ്റവകയിൽ നല്ല ശർക്കര മിഠായിയും വാങ്ങിയാണ് വീട്ടിലേക് പോന്നത്
എടവമാസത്തിൽ മഴതുടങ്ങിയാൽ പലതരം കാർഷികവിത്തുകളാവും ചന്തയിലുണ്ടാവുക
ചേംബ് ചേന,മത്തൻകുരു ,ചീരമുളക് തൈ തുടങ്ങിയവ വാങ്ങാൻ നല്ല തിരക്കുണ്ടാവും...
ആപഴയ കാലം എപ്പഴും ഒാർക്കും
--------------------------------------------------------------------
🐓🐏🌴🌱🍀🌿🌾🐐🐄 ✍കുഞ്ഞഹമ്മദ്കുട്ടി കെഎം
ചിന്തയിൽ തെളിയുന്ന കുന്നുംപുറം ചന്ത
➖➖➖➖➖➖➖
ഫൈസൽ മാലിക്ക് വി.എൻ
സ്കൂൾ കാലഘട്ടത്തിലെ ചന്തയാണ് ഓർമ്മ വരുന്നത് വളരെ കുറഞ്ഞ ചന്ത അനുഭവങ്ങളെ എനിക്കൊള്ളൂ കാര്യമായിട്ട് അന്ന് ചന്തയിലേക്ക് പോയിരുന്നത് വീട്ടിലെ നാടൻ കോഴികളെ വിൽക്കാനായിരുന്നു കോഴികളെ കാല് കൂട്ടിക്കെട്ടി തുണി സഞ്ചിയിലാക്കി ബസ്സിന് കുന്നും പുറത്തേക്ക് പോകും അന്ന് 50 പൈസയായിരുന്നു ബസ് ചാർജ്ജ്.നടന്നും പോയിട്ടുണ്ട്.
നാട്ടിൽ കോഴികൾക്ക് അസുഖം പരക്കുന്ന കാലത്ത് ബാക്കിയുള്ള കോഴികളെ വേഗം വിറ്റൊഴിക്കലായിരുന്നു പതിവ്. ചന്തകവാടത്തിന് പുറത്ത് വീതിയേറിയ റോഡ് സൈഡിൽ തന്നെയായിരിക്കും കോഴികച്ച വടക്കാർ കൂട്ടത്തിൽ അടക്ക, കശുവണ്ടി മുതലായവയും എടുക്കാൻ ആളുകളുണ്ടാവും. കോഴിക്ക് ഒരു നിശ്ചിത സംഖ്യയോ തൂക്കമൊ ഒന്നുമല്ല ഒരു മതിപ്പ് വില ഇങ്ങ് തരും കുട്ടികളായതിനാൽ ഞങ്ങൾ തർക്കിക്കാനൊന്നും നിൽക്കൂല.
അന്നത്തെ കൊടുവായൂർ മാർക്കറ്റ് കുന്നും പുറത്തിനോട് കിടപിടിക്കുന്നതായിരുന്നു (അതുക്കും മേലെ)
അത് കൊണ്ട് തന്നെ ഇറച്ചി,മീൻ, പച്ചക്കറിയൊന്നും വാങ്ങാൻ നിൽക്കാതെ ചന്ത ഒരു വിധം നടന്ന് കണ്ട് വീട്ടിലേക്ക് പോരും. പാത്രങ്ങളും തുണിത്തരങ്ങളും പണിയായുധങ്ങളും നാടൻ മരുന്നുകളും എന്ന് വേണ്ട ആവശ്യക്കാർക്ക് വേണ്ടതൊക്കെ ചന്തയിൽ ഒരുക്കിയിട്ടുണ്ടാകും അത് പോലെ ചെറിയ വിനോദങ്ങളും. സിനിമാ സ്റ്റാറുകളുടെ ഫോട്ടോയിൽ കാശ് വെച്ചുള്ള ഒരു കളിയുണ്ട് നോക്കി നിന്നതല്ലാതെ പങ്കെടുത്തിട്ടില്ല അത് പോലെ മാപ്പിളക്കാട്ടിലെ ഒരാളുടെ പാട്ടുപുസ്തക കച്ചവടവും മനസ്സിലുണ്ട് പേര് കുഞ്ഞറ മുട്ടി കാക്കയാണെന്ന് തോന്നുന്നു കൊടുവായൂരിലെ ഇറച്ചി കച്ചവടക്കാർ അന്ന് ഒരു പോത്തിനെ(?) കൂടുതൽ അറുക്കും ചന്തയിലേക്ക് കൊണ്ട് പോകാൻ. ഗ്രാമീണ ഉൽപന്നങ്ങൾ വിൽക്കാനുള്ള മികച്ച വിപണിയായിരുന്നു ചന്തകൾ.
തിങ്കൾ വേങ്ങര
ചൊവ്വ ചേളാരി
ബുധൻ കുന്നുംപുറം
ഇവയായിരുന്നു നമ്മുടെ പരിസരത്തെ ചന്തകൾ അതിൽ പഴയ പ്രതാപത്തോടെ സജീവമായി ചേളാരി ചന്ത ഇന്നും നിലനിന്ന് പോരുന്നുണ്ട്.
ഏ ആർ നഗറിലെ വ്യാപാരികൾ ഏതാനും വർഷം മുമ്പ് അങ്ങാടിയിൽ മാർക്കറ്റിലെ വിശാലമായ പറമ്പിൽ ചന്ത സ്ഥാപിക്കാനൊരു ശ്രമം നടത്തിയിരുന്നു എങ്കിലും ഏതാനും ആഴ്ചകളെ അത് നിലനിർത്താൻ കഴിഞ്ഞുള്ളൂ
അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം.
ആധുനിക ഡിജിറ്റൽ യുഗത്തിലും ചന്തയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല അത് അനുഭവിച്ചറിയണമെങ്കിൽ ഇന്ന് കുന്നും പുറത്തേക്ക് നടന്നു പോകുന്ന നമുക്ക് വരുന്ന ചൊവ്വാഴ്ച ചേളാരിയിലേക്ക് പോകാം...
അപ്പൊ എല്ലാവരും അടുത്ത ചൊവ്വാഴ്ച രാവിലെ 6 മണിക്ക് കക്കാടം പുറത്തെ ബസ് സ്റ്റോപ്പിൽ എത്തുക, അവിടെ നമ്മുടെ സ്വന്തം PMS (ഏർവാടി) നമ്മെ കാത്തിരിപ്പുണ്ടാകും.
-----------------------------------
ഫൈസൽ മാലിക്
ചന്ത
---------------
ഒത്തുകൂടലിന്റേയും കൊടുക്കല്‍ വാങ്ങലിന്റേയും ഉത്സവ പ്രതീതിയും ചന്തവും നിറഞ്ഞ പഴയ കാല ചന്ത കച്ചവടം പീടിക മുറിയിലേക്കും പിന്നീട് ഷോപ്പിംഗ് മാളുകളിലേക്കും വഴിമാറിയപ്പോള്‍ അന്യം നിന്നതും ഏറെക്കുറെ അസ്തമിച്ചതും ഗൃഹാതുരത്വം നിറഞ്ഞു നിന്നിരുന്ന ആഴ്ച ചന്തകളാണ്
നാട്ടിന്‍പുറങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളും മറ്റു ഉല്‍പ്പന്നങ്ങളും വില്‍ക്കാനും വാങ്ങാനും നാട്ടുകാര്‍ക്കാവശ്യമായ നിത്യോപയോഗ സാനധങ്ങള്‍ വാങ്ങാനുമെല്ലാം സംഘടിപ്പിച്ചിരുന്ന പഴയകാല സൂപ്പര്‍മാര്‍ക്കറ്റുകളായിരുന്നു ആഴ്ച ചന്തകള്‍
കുട്ടിക്കാലത്ത് കുന്നുംപുറത്തെ ബുധനാഴ്ച ചന്തയിലേക്ക് പോയത് ഇന്നും മറക്കാനാവാത്ത അനുഭവങ്ങളാണ്
സ്കൂള്‍ വെക്കേഷന്‍ കാലത്താണ് ചന്തയിലേക്ക് പോകാറുണ്ടായിരുന്നത്
മദ്രസ വിട്ട് വരുമ്പോഴേ വഴിയില്‍ വെച്ച് കൂട്ടുകാരുമൊത്ത് ചന്തയില്‍ പോകുന്നതിന് വേണ്ടിയുള്ള പ്ലാനിംഗ് തുടങ്ങും വീട്ടിലെത്തിയാല്‍ ഉമ്മയോട് തന്മയത്തോടെ കാര്യം അവതരിപ്പിച്ച് വീട്ടാവശ്യത്തിനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും
നിലപറമ്പില്‍ നിന്ന് ചോലകുണ്ട് വഴിയാണ് പോക്ക് അറലപറമ്പും കഴിഞ്ഞ് നീണ്ട് ഇടുങ്ങിയ ഇടവഴിയിലടെയുള്ള നടത്തം ചെന്നവസാനിക്കുന്നത് കുന്നുംപുറം ചന്തയുടെ പിന്‍വശത്തെ ഒഴിഞ്ഞ പറമ്പിലേക്കാണ് (ഇന്നവിടെ ഒഴിഞ്ഞ പറമ്പാണോയെന്ന് അറിയില്ല)
ചന്തക്കുള്ളിലേക്ക് കയറിയാല്‍ ആദ്യം എല്ലാ തരം കച്ചവടങ്ങളുടേയും അടുത്ത് പോയി ഒന്ന് നിരീക്ഷിക്കും
കൗതുകം നിറഞ്ഞ കാഴ്ചകളാണ് ചന്തയിലുടനീളം കാണാനാവുക
പലതരം സാധനങ്ങള്‍ വില്‍പ്പനക്ക് വെച്ച ആളും ആരവവും നിറഞ്ഞ ചന്ത
ചന്തയില്‍ വെച്ച് സ്കൂളില്‍ കൂടെ പടിക്കുന്ന കുന്നുംപുറത്തുള്ള സഹപാടികളെ കാണുമ്പോള്‍ കുറച്ച് നേരം അവരോടൊത്ത് കുശലം പറഞ്ഞും ആട് അങ്ങാടീ പോയ മാതിരി ചന്തയിലും പരിസരത്തുമൊക്കെയുള്ള കറക്കവും കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി തിരിച്ച് പോരുമ്പോള്‍ വലിയപീടിക വഴി കൊടുവാപാടത്ത് കൂടെയാണ് പോകാറ്
വീട്ടിലെത്തുമ്പോഴേക്ക് നേരം ഉച്ചയാകും
പഴയകാല ചന്തകള്‍ ഇന്നും മനസ്സിന് ചന്തമുള്ള ഓര്‍മ്മകളാണ്
നാട്ടിന്‍പുറങ്ങളിലെ വിശേഷങ്ങള്‍ പരസ്പരം കൈമാറുന്ന ഒരു സാംസ്കാരിക കേന്ദ്രവും വിലക്കുറവില്‍ ഏത് ഉല്‍പ്പന്നവും വാങ്ങാന്‍ പറ്റുന്ന ജനകീയ വിപണന മേഖലയും കൂടിയായിരുന്നു ചന്തകള്‍
പലയിടത്തും ചന്തകള്‍ ഓര്‍മ്മയായെങ്കിലും പഴയ പ്രതാപത്തിന്റെ ഗമയൊന്നുമില്ലാതെ നിലനില്‍ക്കുന്ന ആഴ്ച ചന്തകള്‍ ഇന്നുമുണ്ട്.
------------------------------------------------
✍അന്‍വര്‍ ആട്ടക്കോളില്‍
ചെറുപത്തിലെ ചന്ത അനുഭവം കുറവെങ്കിലും ഞങ്ങളുട മാർക്കറ്റ് കൊടുവായൂർ അയിരുന്നു
ചെറുപ്പത്തിൽ വല്ലിപ്പയുട കൈ പിടിച്ചു കൊടുവായൂരിലേക് നടന്നതും തൊഴിലാളി ഹോട്ടലിലെ ചായയും കടിയും ,മാർക്കറ്റിലെ കൃഷ്ണേട്ടന്റ് മുറുക്കാൻ കടയും , വല്ലിപ്പയുടയ് അവിടുത്തെ സഹൃദ സദസും , അയ്യപ്പൻ ചേട്ടന്റ് മസാല കടയും ഇന്നു മധുരമുള്ള ഓർമ്മകൾ ആണ്
കിന്റെൽ കണക്കിന് കശുവണ്ടി വല്ലിപ്പന്റെയും അമ്മാവന്മാരുട കൂടെ തലച്ചുമടായി പല വട്ടം കൊടുവയൂരിൽ കൊണ്ടുപോയി വിറ്റതും അന്നു അണ്ടി പെർക്കിയ കൂലി വല്ലിപ്പാന്റെയ് കയ്യിൽ നിന്നും വാങ്ങി മർക്കെറ്റിൽ നിന്നും സകലതും വാങ്ങിയതും ഇന്നു ഓർമകളിൽ നിറഞ്ഞു നിൽകുന്നു.....,.
--------------------------------
ഷമീം കുറുക്കൻ
ഓർമ്മകളിലെ ചന്ത കാഴ്ചകൾ
🔻🔻🔻🔻🔻🔻🔻🔻🔻🔻
നാട്ടു ചന്തകളും, ചന്ത വിഭവങ്ങളും, ചന്തകാഴ്ചകളും എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ് .
പതിവായി ചന്തക്ക് പോകാറില്ലങ്കിലും വേനലവധിക്ക് സ്കൂൾ പൂട്ടുംമ്പോൾ മിക്കവാറും ആഴ്ച്ചകളിലും ഞാൻ കുന്നുംപുറംചന്തക്ക് പോകാറുണ്ടായിരുന്നു.കൂട്ടിന് ചങ്ങായി മാരാരെങ്കിലും കാണും, മുക്കിൽ പീടികയിൽ നിന്ന് എറാംകുളം റോഡിൽ നേരെയും , ചിലപ്പോൾ എറാംകുളം കഴിഞ്ഞ് അറളപ്പറമ്പ് വഴി നടന്നാണ്പോകാറ്.
ചന്തയിലേക്ക് എത്തുന്നതിന് മുമ്പായി അദ്രേ മാൻ ഡോക്ടറുടെ ക്ലിനിക്കും, രാമൻറ തയ്യൽ കട നിന്നിരുന്ന പഴയ ബിൽഡിംഗും പിന്നിടണം. പതിഞ്ഞ താളത്തിൽ ചെറിയ കട.. കട... സൗണ്ടോടുകൂടി രാമേട്ടൻ മെഷീൻ ചവിട്ടുന്നത് നമ്മുടെ കാതുകളിൽ മുഴങ്ങും .ചന്തപ്പറമ്പിലേക്ക് കടക്കുന്നവ ഴി യിൽ പഴയ പൊടിമില്ലിൽ നിന്നും പൊടിക്കുന്ന സൗണ്ടിനൊപ്പം മല്ലിയുടെയും മുളകിന്റെയും ഗന്ധം മൂക്കിലേക്ക് അടിച്ച് കേറും.(ആസ്ഥലത്ത് ഇന്ന് മുജാഹിദ് പള്ളിയാണ് ) തൊട്ടടുത്ത കെട്ടിടത്തിന്റെ വരാന്തയിലും മുറ്റത്തും ചില സമയങ്ങളിൽ നാടോടികളായ വെള്ളപ്പൊക്കക്കാർ കുടുംബസമേതം ഭക്ഷണം പാകം ചെയ്യുന്നതും വിശ്രമിക്കന്നതും കണ്ടിട്ടുണ്ട്. വസ്ത്രങ്ങളടങ്ങിയ വലിയ ഭാണ്ഡക്കെട്ടും തരം തിരിക്കുന്നത് കാണാം
ചന്തയുടെ കിഴക്ക് ഭാഗത്ത് നിന്നും ചാണകത്തിന്റെയും ചോരയുടെയും അറവ് മാലിന്യത്തിന്റെയും എല്ലാം കൂടി കലർന്ന ഒരു രൂക്ഷ ഗന്ധം നമ്മെ തേടിയെത്തും. അവിടെയാണ് പോത്തിനെയും ആടിനെയും മറ്റും അറുക്കുന്നത്.
കിഴക്ക് നിന്നും നോക്കിയാൽ ചന്തപ്പുരയിലെ ആദ്യമെത്തുക എന്റെ ഓർമയിലുള്ളത് വീരാശേരീലെ റാഫിയുടെ കോഴിക്കടയും പിന്നീട് ചന്തക്കും വെള്ളി യാഴ്ച്ചയും മാത്രം വരുന്ന കൊടുവായൂരിലെ എർച്ചി കാക്കയുടെ കച്ചോടം പിന്നീട്, വിരാശേരീലെ അബോക്കരാകാന്റെ ആട്ടർച്ചി കച്ചോടം, പിന്നെ അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത എർച്ചിമാനൂന്റെ പോത്തർച്ചി കച്ചോടം, വീണ്ടും ആട്ടർച്ചി, പിന്നെ മീൻ കച്ചോടക്കാർ.....
ആലിന്റെ ചുവട്ടിൽ കമ്പിക്ക് ചുറ്റും വലകെട്ടി കോഴിഞ്ഞുങ്ങളെ വിൽകുന്നവർ, തൈകളും വിവിധയിനം വിത്തുകളും മറ്റും വിൽക്കുന്നവർ ,മൺപാത്ര കച്ചവടക്കാർ, ചന്തക്ക് വന്നവരും പോകുന്നവരുമായ ആളുകളുടെ ഒച്ചയും ബഹളവും കച്ചവടക്കാരുടെ മാടി വിളിയും ആക്രോശങ്ങളും എല്ലാം കൂടിയ നല്ല തിരക്കുള്ള കാഴ്ച തന്നെ ആയിരുന്നു.
ചന്ത പറമ്പിലെ പടിഞ്ഞാറ് വശത്ത് പുസ്തകങ്ങൾ വിൽക്കുന്ന ഒരു കാക്ക ഉണ്ടായിരുന്നു, പിന്നെ പച്ചക്കറികൾ കൂട്ടിയിട്ട മറ്റൊരു കച്ചവടക്കാരൻ , തൊട്ടടുത്ത് ഫോട്ടോകൾ വിൽക്കുന്ന ഒരാൾ, സിനിമാ താരങ്ങളുടെ ഫോട്ടോകളിൽ കാഷ് വെച്ച് ഭാ ഗ്യം പരീക്ഷിക്കുന്ന മറ്റൊരു കൂട്ടർ, പിന്നെ കത്തി മൂർച്ചം കൂട്ടുന്ന ഒരാൾ.
വടക്ക് ഭാഗത്ത് വളേങ്കാടന്റെ കടയുടെ പിന്നാമ്പുറമാണന്നു തോന്നുന്നു ഓട് ഇട്ട് ഇറക്കി കെട്ടിയ ഭാഗത്ത് ആദ്യം ഒരു കാക്കയും, മകനും പച്ചക്കറികളുമായി കച്ചവടം നടത്തുന്നത് കാണാം .ഞാൻ അവരുടെ അടുത്ത് നിന്നാണ് സാധാരണ വാങ്ങിക്കാറ്.ആ കാക്ക കുറച്ച് സൈഡിലോട്ട് മാറി വെറ്റിലയും, പോലയും വിൽകലാണ് പതിവ്. അവിടെ എത്തുമ്പോൾ നല്ല ഒരു മണമുണ്ടാകും. അത് അയാളുടെ കയ്യിലുള്ള സ്പെഷൽ ചക്കര പോലയുടെ മണമാണ്. ചന്തയെ കുറിച്ചോർകുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നതും ഈ മണമാണ്.
എന്റ ചെറുപ്പത്തിൽ വല്ലിപ്പ ചന്തയിൽ പോയി വരുമ്പോൾ ഈ മണം ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ,വല്ലിപ്പ കൊണ്ടുവരുന്ന ചക്കരപ്പോലയുടെ അതേ മണം ഇപ്പോഴും ഇവിടെ എനിക്ക് ആസ്വതിക്കാൻ പറ്റുന്നുണ്ട്.
ഇവരുടെ അടുത്തായി തന്നെ കത്തികളും മറ്റു ആയുധങ്ങളും അണച്ച് കൊടുക്കുന്ന വേറെ ഒരു ആളും ഉണ്ടാകാറുണ്ട്.
പിന്നെ കൈകോട്ട്, പിക്കാസ്, ഐരേ കത്തി, മഴു മുതലായവയുടെ " തായി " വിൽകുന്നവർ, കൊട്ട, മുറം, കൊട്ടകയിൽ, അങ്ങിനത്ത മുള കൊണ്ടുണ്ടാക്കിയ വസ്തുക്കൾ വിൽക്കുന്നവർ മുതലായ കച്ചവടക്കാരും ചന്തപ്പറമ്പിൽ ഉണ്ടാവാറുണ്ട്.
ചന്തയിൽ നിന്നും വേങ്ങര റോഡിലേക്ക് കടക്കാൻ ഹോട്ടലിനോട് ചാരി ഒരു ഇടവഴി ഉണ്ട് അതിലൂടെ പോകുംമ്പോൾ പാൽ ചായ അടിക്കുന്നതും പൊറോട്ടയുടെയും എല്ലാം കൂടി ഒരു പ്രത്യേകമണം വരാനുണ്ട്. കാരണൻമാരുടെ കൂടെ ചന്തക്ക് പോയാൽ അവിടുന്ന് കാലി പൊറാട്ടയും ചായയും പതിവായിരുന്നു.
ഗൃഹാതുരത്വം ഉണർത്തുന്ന ചന്തകളും കാഴ്ചകളും ഇന്നലെകളിലേക്ക് ഓടിയൊളിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു തിരിഞ്ഞ് നോട്ടം തന്നെ മനസ്സിൽ ഒരു പാട് സന്തോഷം നിറച്ച പോലെ.
എടക്കരക്കും, പെരിമ്പിലായിക്കും, വാണിയമ്പലത്തേക്കും മറ്റും നടന്ന് ചന്തക്ക് പോയിരുന്നതായി വല്ലിപ്പ പറഞ്ഞതോർകുന്നു. അന്നൊക്കെ അത് കേട്ടപ്പോൾ അത്ഭുതമായിരുന്നു എനിക്ക്.ഒരു നൂറ് മീറ്റർ നടക്കേണ്ടിടത്തേക്ക് ഇന്ന് സ്കൂട്ടറില്ലാതെ നമ്മളാരും പോവാറില്ല.
ചന്തയോർമ്മകൾ എല്ലാം അസ്തമിച്ച ഇനി വരുന്ന തലമുറയോട് ഞാനും പറയും "പണ്ട് എറാംകുളത്തിന്റെ അതിലൂടെ.. അറളപ്പറമ്പിലൂടെ ഞാനും നടന്ന് കുന്നുംപുറം ചന്തക്ക് പോയിട്ടുണ്ടന്ന് ".
---------------------------------------------
📝 ബാസിത് ആലുങ്ങൽ
ഞാൻ കണ്ട ചന്ത
〰〰〰〰〰〰
വരൂ ...കുന്നുംപുറം ചന്തയിലേക്ക് ...
ഇവിടെ കൊട്ടയും കെട്ടക്കയിലും കൊട്ടക്കോരിയും കിട്ടും.
കൈതോലപ്പായയും പുൽപായയും കിട്ടും.
കുപ്പിവളയും കൺമഷിയും
അറബിപാൽ കായവും കിട്ടും.
മൺചട്ടിയും ചീന ചട്ടിയുംവട്ടിയും
തൊട്ടിയും വെട്ടുകത്തിയും
കൈകോട്ടും കിട്ടും
ആഴ്ചചന്തയിൽ ആളു നിറയുന്നു
ഒരാഴ്ചക്കുളള സാധനം വാങ്ങുന്നു.
മല്ലിയും മുളകും മസാലപ്പൊടി കളും
വെറ്റില, പുകയില മുറുക്കാൻ വകകളും
പാനീസ് വിളക്കുകൾ പലതരം പാത്രങ്ങൾ
പാതയോരം വരെ നിരന്നു നിൽക്കുന്നു.
കാലികൾ, ആടുകൾ കോഴിക്കച്ചോടവും
കാലമായ് തുടരുന്നു ഈ നാട്ടുചന്തയിൽ
അണ്ടിയും അടക്കയും കുരുമുളകും ഇഞ്ചിയും
വിത്തുകൾ തൈകളും
വിൽക്കാനും വാങ്ങാനും തിക്കത്തിരക്കുന്നു.
കഥ പാട്ടുപുസ്തകം വിൽക്കുന്ന കാക്കയും പാട്ടുകൾ പാടുന്നു കച്ചോടം പൊടിക്കുന്നു
പോത്തിറച്ചി കൊറുകോടെ തൂങ്ങുന്നു
ആട്ടിറച്ചിക്കാരും ആളെ വിളിക്കുന്നു.
ആരവം മുഴങ്ങുന്നു ആളുകൾ തിരക്കുന്നു
ആകെ ബഹുരസം ചന്ത -
കച്ചോടം മുറുകുന്നു
ഞാനൊന്നു ചുറ്റിക്കറങ്ങിയീ ചന്തയിൽ
കത്തി മൂർച്ച കൂടിയെങ്കിൽ
ക്ഷമിക്കുവീൻ
---------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
കുന്നുംപുറം ചന്തയെപ്പറ്റി എല്ലാവരുടെയും എഴുത്ത് പഴയ ഓർമകളിലേക്ക് കൊണ്ട് പോയി. വളരെ നന്നായി. അതിൽ പേരറിയുന്ന ആൾ Km കുഞ്ഞറ മുട്ട്യാക്കയും ഇറച്ചി മാനുവും തന്നെ. മാനു ഇപ്പോഴും അതേപടി ഉണ്ട്. ചന്തയും ചന്തപ്പുരയും ആലും ആലയും കോഴികളും കോഴിക്കൊട്ടകളും മല്ലിയും മുളകും വിത്തുകളും തൈകളും ' തായ്കളും കാമ്പുകളും ' അങ്ങനെ അങ്ങനെ ..... പിന്നെ, ആ സുഖമില്ലാത്ത ആ കാക്കയും വലിയ തലേക്കെട്ടും വലിയ വടിയും കുത്തിപ്പിടിച്ച്..... നേരിയ തോതിൽ തെയ് - വിത്ത് , അത് പോലുള്ള ചില കച്ചവടക്കാരെ ഇപ്പോഴും ബുധനാഴ്ചകളിൽ പ്രത്യേകമായി കാണാം.അതിൽ നിലപറമ്പ് ഭാഗത്ത് നിന്ന് വരുന്നവർക്ക് മറക്കാൻ പറ്റാത്തതാണ് ചോലയും ചോലക്കാടും ചോലയുടെ കുത്തൊഴുക്കും ... എന്ത് രസമാണ്, ഒന്ന് കാതോർത്തു നോക്കിക്കേ..... ചോലയുടെ ആ ഗംഭീര - ......, ശബ്ദം !!
----------------------------------------------
📝 പൂവഞ്ചേരി മൊയ്തീൻ കുട്ടി
ചന്തമുള്ള ചന്തയോർമ്മകളിൽ തെളിയുന്നത് കൂട്ടുകാരന്റെ കൂടെ പോയതും ഒന്ന് വെച്ചാൽ രണ്ടും രണ്ടു വെച്ചാൽ നാലും വെക്കുന്ന കളിക്കാരിൽ പണം വെച്ചു അതെല്ലാം നഷ്ടമായിട്ട് അന്തം വിട്ട് നിൽക്കുന്ന ആളുകളും മുള ഉല്‌പന്നങ്ങളുമായി നിൽക്കുന്ന കച്ചവടക്കാരും ഒരു ഭാഗത്തു ഉണക്ക മീൻ കച്ചവടക്കാരും നേരത്തെ പറഞ്ഞ കുഞ്ഞിമുഹമ്മദ്‌ന്റെ മൂത്താപ്പയുടെ പുസ്തക സെക്ഷനും വിത്തും കൈകൊട്ടുകളും എല്ലാമായി റോഡ് നിറഞ്ഞു നിൽക്കുന്ന കച്ചവടക്കാരുടെ ഉറക്കെയുള്ള വിളിച്ചു പറച്ചിലുകളും നാടൻ കോഴികളുമായി നിൽക്കുന്ന കച്ചവടക്കാരും എല്ലാം എല്ലാം ഇന്ന് വെറും ഓർമ്മകൾ മാത്രം. എന്നാലും ഈ പ്രവാസത്തിൽ നമ്മുടെ കുന്നുംപുറം ചന്തയും അവിടെ ചെല്ലുമ്പോൾ ഉള്ള കാരണവന്മാരുടെ ഉറക്കെയുള്ള വിലപേശലുകളും എല്ലാം ഒരു മധുര സ്വാന്ത്വനമായി ഓർമകളിൽ നിഴലിക്കുന്നു.
--------------------------------------
നൗഷാദ് പളളിയാളി
🐓🐓 🐓🐓
✍അടുത്ത വീട്ടിലുള്ള കോഴികൾക്കൊക്കെ രോഗമാണ് വീട്ടില് വലിയൊരു പൂവൻ കോഴിയുണ്ട്
അതിനെ രാവിലെ വിട്ടാൽ വൈകുന്നേരം കൂടണയാൻനേരത്തെ എത്തുകയുള്ളൂ
.```!`നാളെ ബുധനാഴ്ചയല്ലേ ആ ചമ്മക്കനെ വിടണ്ട ഞമ്മക്ക് ചന്തക്ക് കൊണ്ട് പോയി വിൽക്കാം
അത് തെണ്ടിപ്പോയി സ്വവകടേറ്റ് വരും മറ്റെ കോഴിക്കൾക്ക് കൂടിപകരും
ഉപ്പ പറഞ്ഞു
``-`ഇജ് നാളെ ആകോഴിന കുന്നും പുറത്തേക്ക് കൊണ്ട് പൊയ്ക്കൊ
മീഷക്കാരൻ കാക്കാക് കൊടുത്താ മതി അയാൾക്ക് അന്നെ അറീലൊ അയാള് പറ്റിക്കൂല എന്നോട് പറഞ്ഞു
ഞാനത് കേൾക്കാൻ കാത്തിരിക്കല്ലേ അന്ന് സ്കൂളിലേക് പോവാതെ രക് പ്പെടാലോ'''',
പിറ്റേദിവസം കോഴിയെ പിടിച്ച് കാല് കെട്ടി
ഒരുഷീല കഷ്ണം കൊണ്ടായീരുന്നു കാല് കെട്ടിയിരുന്നത് ഒരുതല വലിച്ചാൽ പോരത്തക്ക വിതമായിരുന്നു
എൻ്റെ അടുത്ത് തന്നു
ഒരു സൈഡിലൂടെ പൊയ്ക്കോ എന്നും പറഞ്ഞു
ഞാൻ കോഴിയുമായി തോട് വരംബിലൂടെ കൊടക്കല്ലിന് മുൻപിലത്തിയപ്പോ തിരൂരിലേക് പോവുന്ന എരണിക്കൽ ബസ്സ് ഹോണടിച്ചതും കോഴി ഒന്ന് പിടച്ചു എൻ്റെ പിടിത്തം വിട്ടു
കാല് കെട്ടിയ കയറാണ് കയ്യിൽ കിട്ടിയത് അതും വലിച്ചാൽ പോരുന്ന ഭാഗവും
കോഴി നേരെ പണിക്കര തൊടിയിലേക് ഒാടി വില്ലേജ് ഒാഫീസർ മോഹൻ്റെ വീട്ടിലെ അംബലത്തിൻ്റെ മുകളിൽ ഇരുന്നു ഞാൻ പിറകെയും ഞങ്ങൾ രണ്ടാളെയുഃ കണ്ട് വീട്ടിലെ നായ കൊരയോട് കൊര
ആ വീട്ടിലെ പ്രായമായ സ്ത്രീ ഇറങ്ങി വന്ന്
അയ്യ..യ്യേ... എന്താപ്പത് ഏതാഈ കുട്ടി ശൊ ആകെ നാശാകീലോ ൻ്റെ ഭഗവാനെ ...... എന്നൊരു വിളി
കുട്ടിക്ക് അറീലെ..... ഇങ്ങോട്ടവരാൻ പാടില്ലാന്ന്...എന്നൊക്കെ പിറു പിറുക്കുന്നു
കോഴീക്കും എനിക്കൂം അറിയില്ലല്ലോ അങ്ങോട്ട് പോവാൻ പാടില്ലാന്ന്
ഞാൻ അവിടെ കണ്ട ഒരു ചെടി ഒടിച്ച് വീശി കോഴിയെ അവിടന്ന് ചാടിച്ചു
പിന്നെയാണ് മനസ്സിലായത് ഞാൻ ഒടിച്ചത് തുളസി ചെടിയായിരുന്നന്ന്
കോഴി പിന്നെ നേരേ കൊല്ലൻ അറമുഖൻ്റെ വീട്ടിലേക്
അവിടെ മുറ്റത്ത് ഒാണത്തിനുള്ള അത്തപ്പൂക്കളമിട്ടിരുന്നു അതും ഞങ്ങള് രണ്ടാളും ശരിയാകി
എന്തിനുപറയാൻ
പിന്നെ കോഴിയെ പിടിക്കാൻ വീട്ടുകാരും കൂടേണ്ടിവന്നു ഇനിയും നാശനഷ്ടം ഉണ്ടാവുമെന്ന് പേടിച്ച് അവർ പിടിച്ചു തന്നു
ഞാനും കോഴിയും നല്ലവണ്ണം ക്ഷീണിച്ചിരുന്നു
റോഡിലേക് കയറി പൈപ്പി ൽനിന്ന് വെള്ളവും കുടിച്ച്കുന്നുംപുറത്ത് എത്തിയപ്പോഴേകും ചന്ത കഴിഞ്ഞ് മീശക്കാരൻ കാക്ക പോയിരുന്നു
തിരിച്ചു വീട്ടിലേക്ക് തന്നെ പോരുകയാണ് നേരത്തെ കോഴി പാഞ്ഞ സ്ഥലത്തെത്തിയപ്പോഴുണ്ട് മോഹനൻ്റെ വീട്ടിൽ കുറെ ആളുകൾ കൂടിയിരിക്കുന്നു
ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു വീട്ടിലെത്തി കാരൃങ്ങൾ പറഞ്ഞു
അടുത്തദിവസം മോഹനൻ്റെ വീട്ടിൽ
ശുദ്ധികലഷവും അഘണ്ഢനാമ യജ്ഞവും
എന്നൊരു ബോഡ്
ഒരുകോഴിയൂണ്ടാകിയ വിന
😄😄😄😄😄😄😄😄😄
കുഞ്ഞഹമ്മദ്കുട്ടി കെഎം
------------------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment