Tuesday, 7 February 2017

കെ. പി. മൊയ്തീൻ കുട്ടി ഹാജി


"ബാവുട്ട്യാക്ക"
വലിയ കുടയുമായി വീടിന്റെ അടുത്തള്ള ഇടവഴിയിലൂടെ കയറിപ്പോകുന്ന ബാവുട്ട്യാക്കാനെ കട്ടിയായിരുന്നപ്പോൾ തന്നെ നോക്കി നിൽക്കാറുണ്ട്.
എല്ലാരും പറയും അതാണ് ചക്ക്ങ്ങലെ " ബാവുട്ട്യാക്ക". 
KP മൊയ്തീൻ കുട്ടി ഹാജി . 
മദ്രസ്സയിൽ പഠിക്കുന്ന കാലത്ത്, എല്ലാ വെള്ളിയാഴ്ചകളിലും തോട്ടിൽ ചാടാൻ ഞാൻ പോകാറുണ്ടായിരുന്നു.വേനൽകാലത്ത് നെല്ലാട്ടെ പള്ളിക്കുളത്തിലും!
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് തോട്ടിലെ കുളി കഴിഞ്ഞ് വരുമ്പോൾ അദ്ദേഹം ഗെയ്റ്റിന് മുന്നിൽ നിൽക്കുന്നു!
പേടിച്ച് ഞാൻ അവിടെ തന്നെ നിന്നു, കാമ്പ്രാ ബ് ടെ വാ...
എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് (ചക്ക് ങ്ങൽ ഹൗസ്) കൂട്ടിക്കൊണ്ട് പോയി. മുറ്റത്തെത്തിയപ്പോൾ ഇബ്ടെ നിൽക്ക് എന്ന് പറഞ്ഞ് അകത്തേക്ക് പോയി. തിരികെ വന്ന് എന്റെ കുഞ്ഞിക്കൈയ്യിൽ 5 പൈസയുടെ നാണയം വെച്ചിട്ട് പറഞ്ഞു, എല്ലാ വെള്ളിയാഴ്ചയും കുളി കഴിഞ്ഞ് പോരുമ്പോൾ ഇതിലെ വരണം. 
പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഞാനവിടെ പോകും, 5 ഉം പത്തും പൈസ ക ളൊക്കെ അന്ന് കിട്ടിയിരുന്നു. അത് ഞാൻ സ്കൂളിൽ 8 ൽ പഠിക്കുന്നത് വരെ തുടർന്നു ! ഞാൻ വലുതാകുന്നതിനനുസരിച്ച് കയ്യിൽ വെച്ച് തരുന്ന പൈസയും കൂടിയിരുന്നു. ഞാനീ സംഭവം ഇവിടെ എഴുതാൻ കാരണം, ആദ്യമായി ധർമ്മിഷ്ടനായ മൊയ്തീൻ കുട്ടി ഹാജിയെയാണ് അനുസ്മരിക്കുന്നത്. ദീർഘകാലം കുന്നാഞ്ചേരി പള്ളിയുടെ മുതവല്ലിയായിരുന്നു. നെല്ലാട്ടെ പള്ളിയുടെ സംരക്ഷകനായിരുന്നു, കുറ്റൂർ നോർത്തിലെ പള്ളി കമ്മറ്റി പ്രസിഡണ്ടായിരുന്നു, നജാത്തുസ്സി ബിയാൻ കമ്മറ്റിയുടെ അമരക്കാരനായിരുന്നു.
ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം, വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ രണ്ട് മിനിറ്റ് പ്രസംഗം ഉണ്ടാകാറുണ്ട്. ഇതിൽ പള്ളിയുടെ അറ്റകുറ്റപ്പണികളുടെ കാര്യങ്ങളും മറ്റുമായിരിക്കും പറയുക. മഹല്ല് നിവാസികളോട് സംഭാവന ഭൂവശ്യപ്പെടുന്നതിന് മുമ്പേ തന്നെ അദ്ദേഹം നല്ല ഒരു തുക സംഭാവന ചെയ്യും, എന്നിട്ടേ മറ്റുള്ളവരോട് സംഭാവന കൊടുക്കണമെന്ന് പറയാറുള്ളൂ. ഈ ഒരു മാതൃക അദ്ദേഹത്തിലല്ലാതെ മറ്റാരിലും ഞാനിതുവരെ കണ്ടിട്ടില്ല.
പാവപ്പെട്ടവരായ നാട്ടുകാർ എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചാൽ വെറും കൈയോടെ മടക്കി അയക്കാറില്ല. അന്യമതസ്ഥരെയും അദ്ദേഹം സഹായിക്കാറുണ്ടായിരുന്നു.
സ്കൂൾ മാനേജരായിരുന്നപ്പോൾ സ്കൂളിന്റെ വികസനത്തിനും പഠന പുരോഗതിക്കും വേണ്ടി അശ്രാന്ത പരിശ്രമം തന്നെ നടത്തി. ഹൈസ്കൂളായി ഉയർത്തിയത് അദ്ദേഹത്തിന്റെ മാത്രം ശ്രമഫലമായിരുന്നു.
പിന്നീട് സ്കൂളുകളിൽ പ്ലസ്റ്റു അനുവദിച്ചപ്പോൾ നമ്മുടെ സ്കൂളിലും അദ്ദേഹത്തിന്റെ ശ്രമഫലമായിത്തന്നെ പ്ലസ്റ്റു വന്നു.
കോൺഗ്രസ്സുകാരനായിരുന്ന ബാവുട്ട്യാക്ക പിന്നീട് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൽ ചേർന്നു.
പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
വേങ്ങര പഞ്ചായത്തിൽ, മുസ്ലിം ലീഗിൽ അന്നേ ഗ്രൂപ്പ് കളികളായിരുന്നു. കറുവണ്ണി കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പും മാളിയേക്കൽ അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ വേറെ ഒരു ഗ്രൂപ്പും. ഞങ്ങളുടെ വാർഡായ മൂന്നാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു, KP മൊയ്തീൻ കുട്ടി ഹാജിയെന്ന ഞങ്ങളുടെ ബാവുട്ട്യാക്ക!
പോസ്റ്റർ വന്നപ്പോഴാണ് അറിഞ്ഞത് ചിഹ്നം തുലാസാണെന്ന്!
വേങ്ങരയുടെ ഗ്രൂപ്പ് കളി കാരണം കോണിച്ചിഹ്നം സംസ്ഥാന കമ്മറ്റി ആർക്കും കൊടുത്തില്ല.
കൊളക്കാട്ടിൽ മുസ്സക്കുട്ടിയായിരുന്നു അദ്ദേഹത്തിന്റെ എതിർ സ്ഥാനാർത്ഥി,
18-ാം തിരഞ്ഞെടുപ്പ് കഴിഞ്ഞ് 19-ാം തീയതി തന്നെ ബാലറ്റുകൾ എണ്ണി,
ഫലം വന്നപ്പോൾ 504 വോട്ടിന്റെ ഭൂരിപക്ഷം !!!
പല വികസന പ്രവർത്തികളും അഞ്ച് വർഷം കൊണ്ട് അദ്ദേഹം കൊണ്ടുവന്നു. 
കുറ്റൂർ പ്രദേശത്ത് മാത്രമല്ല, പൗരപ്രമുഖനായിരുന്ന അദ്ദേഹം അയൽപ്രദേശത്തുകാർക്കും ഒരത്താണി തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് കുറ്റൂരിന്റെ നഷ്ടം തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നുകൊടുക്കണേ റബ്ബേ.... അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടണേ അള്ളാ-ആമീൻ
--------
MRC




ചക്കിങ്ങൽ മൊയ്തീൻ കുട്ടി ഹാജി.. :ഓർമ്മക്കുറിപ്പുകൾ......... ......... ചെറുപ്പകാലം മുതൽ കേൾക്കുന്ന നാമമാണ് അദേഹത്തിന്റെത്.സ്കൂൾ മാനേജർ എന്ന നാമമാണ് കൂടുതൽ പേരും വിശേഷിപ്പിച്ചിരുന്നത്.കുറ്റൂർ സ്കൂളിന്റെയും മദ്രസയുടെയും പൂർവ്വകാല ചരിത്രം പറയുകയാണെങ്കിൽ ബീരാൻ മൊല്ലാക്കയായിരുന്നു സ്കുളിന്റെയും, മദ്രസയുടെയും പ്രധാനി.കുരിക്കൾ മൊയ്തീൻ കുട്ടി മാഷ് അവിടുത്തെ അദ്ധ്യാപകരിൽ ഒരാളായിരുന്നു. അവർക്ക് നടത്തി കൊണ്ടുപോകാൻ പ്രയാസം അനുഭവപെട്ടപ്പോഴാണ് ഹാജിയാർ സ്കൂൾ ഏറ്റെടുത്തതും ഇതുവരെയുള്ള നിലയിൽ എത്തിച്ചതും.തുടക്കത്തിൽ നാലാം ക്ലാസ് വരെയായിരുന്നു. പിന്നീട് ഏഴാം ക്ലാസ് വരെയായി. ഏഴാം ക്ലാസിന് ശേഷം തിരുരങ്ങാടി സ്കൂളിലേക്കായിരുന്നു പലരും ഉപരിപഠനത്തിന് പോയിരുന്നത്.പിന്നീട് അത് പത്താം ക്ലാസ് വരെയായി. ഇതിന്റെയൊക്കെപിറകിൽ പ്രവർത്തിച്ചത് അദ്ദേഹമായിരുന്നു. തത്തമ്മ കൂട്ടിലുള്ള ഭൂരിഭാഗം പേരും കുറ്റൂർ സ്കൂളിൽ നിന്നായിരിക്കും വിദ്യ അഭ്യസിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ സൗകര്യം ഇവിടെ ഇല്ലായിരുന്നുവെങ്കിൽ കിലോമീറ്ററുകൾ താണ്ടി മറ്റു സ്കുളുകളെ ആശ്രയിക്കേണ്ടി വരുമായിരുന്നു. ആയതിനാൽ നമ്മെളെല്ലാം അദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സ്കൂളിന്റെ പ്രാരംഭ കാലം മുതൽ അദേഹത്തിന്റെ വിയോഗം വരെ അദ്ദേഹം തന്നെയായിരുന്നു സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പുള്ളSSLC വിജയശതമാനം വളരെ ശുഷ്ക്കമായിരുന്നു. അഞ്ചും ആറും ശതമാനമൊക്കെയായിരുന്നു. അന്നൊക്കെ പത്താം ക്ലാസ് വിജയിക്കൽ വളരെ പ്രയാസകരമായിരുന്നു. ഇന്നത്തെ കാലത്ത് തോൽക്കുവാനാണ് പ്രയാസം.1993 പത്താം ക്ലാസ് ബാച്ച് സ്കൂളിന്റെ ഒരു വഴിത്തിരിവായിരുന്നു എന്നാണെന്റെ വിശ്വാസം.വി ജയ ശതമാനം 10.50 ശതമാനമായി ഉയർന്നു. ഹെഡ്മാസ്റ്ററായിരുന്ന രാജഗോപാലൻ മാഷിന്റെ മകൾക്ക് ഡി സ്റ്റിങ്ങ്ഷനും ഞാനടക്കമുള്ള 15 പേർക്ക് ഫസ്റ്റ് ക്ലാസുമുണ്ടായിരുന്നു, ഉയർന്ന മാർക്ക് വാങ്ങിയവർക്ക് സ്കൂൾ മാനേജർ ക്യാഷ് അവാർഡ് വിതരണം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ കൈയിൽ നിന്നും ക്യാഷ് അവാർഡ് വാങ്ങിയത് ഞാനിപ്പോഴും അഭിമാനപൂർവ്വം സ്മരിക്കുന്നു. അതിനടുത്ത വർഷം എട്ടാം തരത്തിൽ 3 അധിക ഡിവിഷനുകളുണ്ടായി. എന്റെ വലിയുപ്പ പറഞ്ഞ ഒരു സംഭവം ഞാനിവിടെ ഓർമ്മിക്കുകയാണ്‌. മാനേജറുടെ വീടിന് സമീപത്ത് എന്റെ വലിയുപ്പാക്ക് ഒരു സ്ഥലമുണ്ടായിരുന്നു. ഇടക്കിടെ അദേഹം അവിടെ പോകുമായിരുന്നു. വീട്ടിലേക്കുള്ള 'മടക്കം വിറകുമായിട്ടായിരിക്കും. ഒരു ദിവസം വിറകുമായി മടങ്ങി 'വരുമ്പോൾ വഴിയിൽ വെച്ച് മാനേജർ കാണാനിടയായി.മുഹമ്മദ് കുട്ടിയെ എന്ന് വിളിച്ച് ,ആ വിറക് കെട്ട് അവിടെ താഴെ ഇട്. ഇനി മേലാൽ വിറക് തലയിൽ വെച്ച് പോകുന്നത് കാണരുത്. ഇത്രയൊക്കെ പ്രായമായി ല്ലെ.? ഇനി വീട്ടലിരുന്ന് വിശ്രമിച്ചു കൂ ടെ?.സ്കൂളിന്റെ എതിർ വശത്തുള്ള ചക്കിങ്ങ ലേക്കുള്ള കുത്തനെയുള്ള ഇറക്കം എല്ലാവർക്കും ഊഹിക്കാവുന്നതാണല്ലോ?. എന്റെ വലിയുപ്പ വീട്ടിൽ രോഗിയായി കിടന്നപ്പോൾ മാനേജർ അദ്ദേഹത്തെ സന്ദർശിക്കാൻ വന്നത് ഞാനിപ്പോഴും ഓർമ്മിക്കുന്നു. മാനേജറുടെ മരണശേഷം LP സ്കൂൾഅദേഹത്തിന്റെ നാമത്തിലാണ് അറിയപ്പെടുന്നത്.(MHMLP). ദീനീ ചിട്ടയോടു കൂടി, സത്യസന്ധതയോടു കൂടി ജീവിച്ച അദ്ദേഹത്തേയും നമ്മളെയും പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ. 
----------------------------
മുഹമ്മദ് സലിം




മാനേജർ:
വീട്ടിന്റെ പുറത്ത് നമ്മുടെ പൊറായിലേക്ക് ഇറങ്ങാൻ തുടങ്ങിയ അന്നു മുതൽ കേൾക്കാൻ തുടങ്ങിയ നാമം.
കാണുമ്പോൾ പേടിയും ബഹുമാനവും ഒന്നിച്ച് അനുഭവപ്പെടുന്ന വെക്തിത്വം.
അമ്പാസടർ കാറ്. കണ്ണട 'നമ്മുടെ വെങ്കിട്ട രമണി സാർ. പ്രധാന അദ്ധ്യ'പക നായിരുന്ന ക്കാലം. സ്കൂളിന്റെ വരാന്തയിൽ ഓഫിസിന്റെടുത്ത് കയ്യും പിന്നിൽ കെട്ടി നടക്കുന്ന ആ മാനേജറെയാണ് എനിക്കോർ മ വരുന്നത്.

മറക്കാൻ ക്കഴിയൂല ആ മുഖം.
പടച്ച തമ്പുരാൻ അദ്ധേ ഹത്തേയും നമ്മേയും അവൻ പൊരുത്തപ്പെട്ടവരിൽ ചേർക്കട്ടെ എന്ന് നമുക്ക് പ്രാർത്തിക്കാം.
--------------------------
ഹനീഫ പി. കെ.




അക്ഷര പ്രഭ പരത്തിയ വിളക്ക്
🔺🔺🔺🔺🔺🔺🔺
കുറ്റൂർ നോർത്തിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാഭ്യാസ  വിപ്ലവത്തിന് തുടക്കം കുറിച്ച മഹാനായിരുന്നു മർഹും കെ.പി കുഞ്ഞിമൊയ്തുവിന്റെയും മറിയുമ്മയുടെയും മകനായ മർഹും കെ.പി.മൊയ്തീൻ കുട്ടി ഹാജി എന്ന മാനേജർ.1921ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.
നമ്മുടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ അദേഹം വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ സാധിക്കില്ല.
 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർത്തിയെടുത്തു സ്വന്തം ദേശത്തെ അക്ഷര മുറ്റം കൊണ്ട് അടയാളപ്പെടുത്താൻ അദ്ദേഹത്തിനായി.
കെ.എം.എൽ.പി.സ്കൂൾ,
കെ.എം.എച്ച്.എസ്.എസ്. എന്നീ സ്ഥാപനങ്ങൾ പടുത്തയർത്തുന്നതിന് ജീവിതവും അദ്ധ്വാനവും സമ്പത്തും മാറ്റി വെച്ചു.  കുറ്റൂർ കുന്നാഞ്ചീരി ജുമാ മസ്ജിദിന്റെയും,ഹുജ്ജത്തുൽ ഇസ്ലാം മദ്രസയുടെയും പരിപാലനത്തിൽ അദ്ദേഹം ഏറെ തൽപ്പരനായിരുന്നു.
കുന്നാഞ്ചീരി പള്ളിയുടെ മുതവല്ലിയായും, ഹുജ്ജത്തുൽ ഇസ്ലാം മദ്റസയുടെ പ്രസിഡണ്ടായും ദീർഘകാലം പ്രവർത്തിച്ചു.
നമ്മുടെ നാടിന്റെ 
കേളി പുറം ലോകത്തേക്കെത്തിക്കുന്നതിൽ  കുറ്റൂർ സ്കൂൾ വലിയൊരു കാരണമായി.
ഈ വിദ്യാഭാസ സമുച്ചയത്തെ പടി പടിയായി വളർത്തിക്കൊണ്ട് വരുന്നതിൽ തന്റെ നേതൃപാടവവും സ്വാധീനങ്ങളും ഉപയോഗപ്പെടുത്തി. കുഞ്ഞിമൊയ്തു മെമ്മോറിയൽ വായനശാലയും അതിന്റെ കെട്ടിടവും അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ സ്മാരകമാണ്‌.
നാട്ടിലെയും അയൽപ്രദേശങ്ങളിലെയും തർക്കങ്ങൾ തീർക്കാൻ ഇദ്ദേഹത്തിന്റെ മദ്ധ്യസ്ഥം എല്ലാവർക്കും അനുഗ്രഹമായിരുന്നു.
 വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മാത്രമല്ല നാടിന്റെ പൊതുരംഗത്തും മൊയ്തീൻ കുട്ടി ഹാജി നിറഞ്ഞ് നിന്നിരുന്നു.

 അവിഭക്ത വേങ്ങര  ഗ്രാമ പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. 
അന്ന് ഗാന്ധിക്കുന്ന്- പാക്കടപുറായ  കുറ്റൂർ നോർത്ത് പ്രദേശം ഉൾപ്പെടെ വലിയൊരു ഭൂപ്രദേശം അടങ്ങിയതായിരുന്നു അദ്ധേഹം ജയിച്ച വാർഡ്.
 ഏകദേശം ഇന്നത്തെ അഞ്ചാറ് വാർഡിന്റെ വലിപ്പം.

2000 മാർച്ച്  23 നാണ് അദ്ദേഹം ഈ ലോകത്തോട്
വിടപറഞ്ഞത്.
ഒരു പൗര പ്രധാനി എന്ന നിലയിൽ  അദ്ദേഹത്തിന്റെ സ്വാധീനവും കഴിവുകളും നമ്മുടെ നാടിന്റെ പുരോഗതിയിലും വളർച്ചയിലും വലിയ ഘടകമായിട്ടുണ്ട്.

കെ.പി.കുഞ്ഞിമൊയ്തു  എന്ന ബാപ്പു
 ( ഇപ്പോഴത്തെ സ്കൂൾ മാനേജർ) കെ.പി.അബദുറഹിമാൻ കുട്ടി എന്ന കുഞ്ഞാപ്പു  (റിട്ട. സീനിയർ ഡിവിഷണൽ മാനേജർ LIC), 
കെ.പി. മറിയുമ്മ
 (കിഴക്കേ കറുവന്തൊടി) കെ.പി ഹുസൈൻ എന്ന കുഞ്ഞുട്ടി, കെ.പി.മുഹമ്മദലി മാസ്റ്റർ, കെ.പി.അബദുൽ മജീദ് (കെ.പി.സി.സി സെക്രട്ടറി) എന്നിവരാണ് 
മൊയ്തീൻ കുട്ടി ഹാജിയുടെ മക്കൾ.
നല്ലളം മുല്ല വീട്ടിൽ അബദുസലാം (റിട്ട. സൂപ്രണ്ട് കോഴിക്കോട് കോർപ്പറേഷൻ) മരുമകനാണ്.

മൊയ്തീൻ കുട്ടി ഹാജിയുടെ  മരണശേഷം മക്കൾ അദ്ദേഹം വളർത്തി വലുതാക്കിയ കുഞ്ഞിമൊയ്തു മെമ്മോറിയൽ എൽ പി സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകി.

കോട്ടത്തൊടുവിലെ പരേതനായ കെ.പി മുഹമ്മദ് എന്ന മാനുറ്റി, കറുന്തൊടിയിലെ പരേതനായ
കെ.പി കുഞ്ഞാലി എന്ന കുഞ്ഞാനു( മുൻ കെ.പി.സി.സി അംഗം) , എന്നിവർ സഹോദരങ്ങളാണ്.
ഇപ്പോൾ വേങ്ങര 
എം എൽ .എ യും മുൻ മന്ത്രിയുമായ 
പി കെ കുഞ്ഞാലിക്കുട്ടി സഹോദരി പുത്രനാണ്.

അള്ളാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ.

വിവരങ്ങൾക്ക് കടപ്പാട്:കൂട്ടിലെ അംഗം അജ്മൽ മുല്ല വീട്ടിൽ.(മാനേജറുടെ മകളുടെ മകൻ)
🔹🔹🔹🔹🔹🔹🔹🔹🔹🔹
✍കെ.എം.ശരീഫ്




ബാവുട്ട്യാക്കയെന്ന മാനേജര്‍.
.......................................
കുട്ടിക്കാലത്ത് ദിവസവും കാണാറുള്ള ഒരു മുഖം 
എനിക്ക് വീട്ടില്‍ അയല്‍വാസിയായ ബാവുട്ട്യാക്ക സ്കൂളിലെത്തിയാല്‍ മാനേജര്‍  
എന്റെ വീടിന് മുമ്പിലുള്ള കോയ്ച്ചീരിയിലെ പറമ്പിലേക്ക് ബാവുട്ട്യാക്ക പണിക്കാരുമായി വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ മുറ്റത്തേ വരമ്പിനടുത്തേക്ക് ഓടി ചെല്ലും കാരണം ബാവുട്ട്യാക്ക വരുമ്പോള്‍ അദ്ധേഹത്തിന്റെ പിന്നാലെ ചക്ക്ങ്ങലെ നായയുമുണ്ടാകും ഞങ്ങളന്ന് അതിനെ വിളിച്ചിരുന്നത് 'തപ്ര നായി' എന്നായിരുന്നു
അതിനോട് കൊഞ്ഞനം കാട്ടിയാല്‍ ഘനഗാംഭീര്യത്തിലുള്ള ഒരു കുരയാണ് അതോടെ ഞങ്ങള്‍ ഓടി വീട്ടില്‍ കയറും

വെള്ള തുണിയും ഷര്‍ട്ടും തോളിലൊരു ചെറിയ കളര്‍ ടര്‍ക്കിയും കറുത്ത കാലുള്ള കണ്ണടയും വെച്ച് ഒരു നീളന്‍ കുടയും കുത്തിപ്പിടിച്ച് ചക്കിങ്ങലിടവഴി കയറി വരുന്ന ബാവുട്ട്യാക്ക ഇന്നും കണ്ണിലെ മായാത്ത കാഴ്ചയാണ്
പണ്ട് ചക്കിങ്ങലെ ഗേറ്റ് മുതല്‍ വീട് വരെ പലതരത്തിലുള്ള ചെടികളുണ്ടായിരുന്നു
മഴക്കാലത്ത് അതിന്റെ കൊമ്പ് മുറിക്കും ഒരിക്കല്‍ ഞങ്ങള്‍ കുട്ടികള്‍ തോട്ടിലെ നീരാട്ട് കഴിഞ്ഞ് വരുമ്പോള്‍ ബാവുട്ട്യാക്ക ഗേറ്റിനടുത്ത് നില്‍ക്കുന്നുണ്ട് കൂടെ ഞങ്ങള്‍ കുട്ടികള്‍ വല്ല്യുമ്മായെന്ന് വിളിക്കുന്ന അദ്ധേഹത്തിന്റെ ഭാര്യ ആയിശു താത്തയുമുണ്ട്
ഞങ്ങളുടെ കൂട്ടത്തില്‍ മുതിര്‍ന്ന എന്നെ നോക്കി ബാവുട്ട്യാക്ക വിളിച്ചു എടാ ആട്ടക്കോള്യേ  ഇബട വാ ചെടിക്കൊമ്പ് കൊറച്ച് കൊണ്ടോയിക്കോ  എനിക്ക് ചെടിക്കൊമ്പ് എടുക്കാന്‍ ആ ഗേറ്റ് കടന്ന് പോകണമെന്നുണ്ട് പക്ഷെ തപ്പ്ര നായി നാവും നീട്ടി ബാവുട്ട്യാക്കാന്റെ കൂടെ തന്നെയുണ്ട് എന്റെ പരുങ്ങല് കണ്ടിട്ടെന്നോണം ബാവുട്ട്യാക്ക അതിനോട്  വീട്ടിലേക്ക് പോകാനാക്ഞ്ജാപിച്ചു അനുസരണയോടെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അത് പോയതിന് ശേഷമാണ് ഞങ്ങളവിടുന്ന് ചെടിക്കൊമ്പെടുത്തത്
പീന്നീട് ബാവുട്ട്യാക്ക കോയ്ച്ചീരീക്ക് വരുമ്പോളൊക്കെ ചോദിക്കും അന്റെ ചെടിയൊക്കെ മുളച്ച ആട്ടക്കോള്യേന്ന്
ഒരിക്കല്‍ സ്കൂളില്‍ വെച്ച് ചെറിയൊരു അല്ല വലിയൊരു വികൃതിയൊപ്പിച്ചതിന് ഞങ്ങള്‍ നാല് പേരെ ഹെഡ്മാസ്റ്റര്‍ കസ്റ്റഡിയിലെടുത്ത് ഓഫീസ് റൂമില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു അതിനിടക്ക് ബാവുട്ട്യാക്കയുടെ അംബാസഡര്‍ കാര്‍ ഓഫീസിന് മുന്നില്‍ വന്ന് നിന്നു അതോടെ എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി കാരണം ഞങ്ങള്‍ ഒപ്പിച്ച പണി അത്രക്കും ഗൗരവമുള്ളതായിരുന്നു (അതെന്ത് പറയൂല😜) കാറില്‍ നിന്നിറങ്ങി ഓഫീസ് റൂമിലെത്തിയ ബാവുട്ട്യാക്ക ഹെഡ്മാസ്റ്ററോട് ചോദിച്ചു ഇവരാണോ ആ വില്ലന്മാര്‍    അദ്ധേഹം വിവരങ്ങളൊക്കെ അറിഞ്ഞിട്ടാണ് വന്നതെന്ന് അപ്പോഴാണ് മനസ്സിലായത്
ആ കൂട്ടത്തില്‍ എന്നെ കണ്ടപ്പൊ അദ്ധേഹം ചോദിച്ചു
'ഓന്റെ ആട്ടക്കോള്യേ ഇജ്ജൂണ്ടാ ഈ കൂട്ടത്തില്'  അയല്‍വാസിയെന്ന പരിഗണനയില്‍ കൂടുതല്‍ ശകാരം അന്ന് കേള്‍ക്കേണ്ടി വന്നില്ല.
നാട്ടിലുള്ള സമയത്ത് ഇടക്ക് ചക്കിങ്ങലെ വല്ല്യുമ്മയെ കാണാന്‍ പോകുമ്പോള്‍ ആ പൂമുഖത്തെ ചുമരിലെ ബാവുട്ട്യാക്കാന്റെ ഫോട്ടൊ കാണുമ്പോള്‍ കുട്ടിക്കാല ഓര്‍മ്മകള്‍ മനസ്സിലൂടെ മിന്നി മറയും.

അര്‍ഹമു റാഹിമീനായ റബ്ബ് അദ്ധേഹത്തിന്റേയും നമ്മില്‍ നിന്ന് മരണപ്പെട്ട് പോയവരുടേയും ഖബറിനെ വിശലാമാക്കി കൊടുക്കട്ടെ അവരേയും നമ്മേയും റബ്ബ് അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍.
-------------------------------------
അൻവർ ആട്ടക്കോളിൽ




നമ്മുടെ പ്രദേശത്ത്‌ പ്രാഥമിക വിദ്യാഭ്യാസത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കിയാണ് കെപി. മൊയ്തീൻ കുട്ടി ഹാജി കടന്ന് പോയത്.
സ്കൂളിൽ പോയി തുടങ്ങിയ കാലം മുതൽ  മാനേജർ എന്ന നിലയിൽ അദ്ദേഹത്തെ കണ്ടുതുടങ്ങിയിട്ടുണ്ട്.
സ്കൂൾ അസംബ്ലികളിൽ,
സ്പോർട്സ്, യുവജനോൽസവ ചsങ്ങുകളിലെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏറെ കേട്ടിട്ടുണ്ട്. 
അന്നത്തെ കലാലയ അന്തരീക്ഷത്തിൽ അദ്ദേഹം  ഏറെ ആദരണീയനായിരുന്നു.
പാപ്പച്ചൻ മാഷും അദ്ദേഹവുമായിരുന്നു  അന്നത്തെ മിക്ക വേദികളിലും പ്രധാനമായും സംസാരിച്ചിരുന്നത്.
നാടിന്റെ വിദ്യാഭ്യാസ ധാർമ്മിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങളർപ്പിച്ച അദ്ദേഹം മരണപ്പെട്ടിട്ട് പതിനേഴ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
ആ ജീവിതത്തിന്റെ അടയാളമാണ് അദ്ദേഹം വളർത്തിക്കൊണ്ട് വന്ന വിദ്യാഭ്യാസ സ്ഥാപനം.


അദ്ദേഹത്തേയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.
------------------------------------
സത്താർ കുറ്റൂർ




കുറ്റൂരിന്റെ നഗരപിതാവ്
〰〰〰〰〰〰〰〰〰
കണ്ണാട്ടു ചിനയിലെ ബീരാൻ മൊല്ലാക്കയുടെ ഓത്തുപള്ളിയിൽ നിന്ന് കുറ്റൂർ നോർത്തിലെ കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെകണ്ടറി സ്കൂളിലേക്കുള്ള വളർച്ചയുടെ വിജയ ചരിത്രം ഒരു മഹാ മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ ചരിത്രമാണ്.- ഒപ്പം, ഒരു കുഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഒരു കൈത്തിരി കത്തിച്ച് തലമുറകൾക്ക് വിദ്യ നൽകുന്ന മഹാദീപസ്തംഭമാക്കിയ ഒരു ജീവചരിത്രവും.
തൊള്ളായിരത്തി എഴുപതുകളിലെ എന്റെ സ്കൂൾ ജീവിതത്തിലേക്ക് ഞാനൊന്നു തിരിഞ്ഞ് നടക്കട്ടെ. അന്ന് വേങ്ങര, വെന്നിയൂർ, ചേറൂർ, ഇല്ലത്ത് മാട്', പുച്ചോല മാട് തുടങ്ങി നമ്മുടെ അയൽപ്രദേശങ്ങളിൽ നിന്നൊക്കെ വലിയ വലിയ കുട്ടികൾ വിദ്യ തേടി കൂട്ടമായി നടന്നു വന്നത് കുറ്റൂരിലേക്കായിരുന്നു. 1977 ൽ SSLC ക്ക് തിരുർ വിദ്യാഭ്യാസ ജില്ലയിൽ ഫസ്റ്റ് കുറ്റൂർ സ്കൂളായിരുന്നു. ഒരു പാട് കലാ -ശാസ്ത്രമേളകൾ ഇവിടെ ആതിഥ്യം അരുളിയിട്ടുണ്ട്. അതിലൊക്കെ കെ .പി .മൊയ്തീൻ കുട്ടി ഹാജിയെന്ന മാനേജറുടെ കൈയൊപ്പുണ്ട്.
ഉദാരമതിയായിരുന്നു ഹാജി. ഇല്ലായ്മയുടെ കാലത്ത് ഒരു പാട് പേർ ആ തറവാട്ടിൽ നിന്ന് കഞ്ഞി കുടിച്ചിട്ടുണ്ട്. 
കലാ സ്നേഹിയായിരുന്നു മാനേജർ, പള്ളിക്കൽ മൊയ് തീനും തിരൂരങ്ങാടി KTമുഹമ്മദുമൊക്കെ ഹാജിയാരുടെ ക്ഷണം സ്വീകരിച്ച് കുറ്റൂരിൽ ഗാനമേള നടത്തീട്ടുണ്ട്.
നിസ്വാർത്ഥ ദീനീ സ്നേഹിയായിരുന്നു ബാവുട്ട്യാക്ക. കുന്നാഞ്ചേരിയും കുറ്റൂർ പള്ളിയും മദ്രസയും ആ തണൽ പറ്റിയാണ് വളർന്നു വലുതായത്. മതപണ്ഡിതന്മാർക്ക് ആ വീട്ടിൽ വലിയ സ്ഥാനമുണ്ടായിരുന്നു. വൈലിത്തറയും മമ്മാലി കുട്ടി ഹാജിയും മുതൽ നിസാമി വരെ കുറ്റൂരിൽ വഅള് പറയാൻ വന്നതിലും ഹാജിയാരുടെ പങ്കുണ്ടായിരുന്നു. അന്നത്തെ മുതലാളിമാരിൽ നിന്നും വ്യത്യസ്തനായി തന്റെ മക്കളെ മതബോധനം നൽകി വളർത്താനും മാനേജർ ശ്രദ്ധിച്ചിരുന്നു.
എവിടെക്കണ്ടാലും കാർ നിർത്തി കൂടെ കയറ്റി വർത്തമാനം ചോദിച്ചറിയുമായാരുന്നു. 

അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് വിജയം മാത്രം മതി ആ ജന സമ്മതി അറിയാൻ.
കുറ്റൂരിന് ഒരു നഗരപിതാവ് ഉണ്ടായിരുന്നെങ്കിൽ ആ പദവി ഞാൻ മൊയ്തീൻ കുട്ടി ഹാജിക്ക് ചാർത്തി കൊടുക്കുമായിരുന്നു.

റഹ്മാനായ റബ്ബ് ആ ഖബർ സ്വർഗത്തോപ്പാക്കട്ടേ...അവരെയും നമ്മെ എല്ലാവരെയും നമ്മിൽ നിന്ന് മരിച്ച് പോയവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് ചേർക്കട്ടേ എന്ന ദുആ യോടെ:
---------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ




കുറ്റൂർക്കാർ മാനേജർ എന്ന് ബഹുമാന പൂർവ്വം വിളിക്കുന്ന KP മൊയ്തീൻ കുട്ടി ഹാജിയെ ഓർത്തെടുത്ത MRC ,സാലിം ,സത്താർ, ഹനീഫ, പൂച്ചാക്ക, മറ്റെല്ലാവരുടെയും കുറിപ്പുകളിൽ നിന്ന് അദ്ദേഹത്തെ കുറിച്ച് അറിയാനും പഠിക്കാനും കഴിഞ്ഞു.പ്രത്യേകിച്ചും പുതിയ തലമുറക്ക്.               K.M. H. S. School മാത്രം മതി അദ്ദേഹത്തിന്റെ സേവനം വിലയിരുത്താൻ .ഞാൻ SSLC എഴുതിയവർഷം KMHS തിരൂർ വിദ്യഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. കുറ്റൂരിന്റെയും പരിസര പ്രദേശത്തെയും വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂളും അതിന്റെ അമരക്കാരനായ ഹാജിയുടെ നിസ്വാർത്ഥ പ്രവത്തനവും കാര്യമായ പങ്കുവഹിച്ചു.        അതുപോലെ ഹുജ്ജത്തുൽ ഇസ്ലാം മദ്രസ, പള്ളി, കുന്നാഞ്ചീരി പള്ളി എന്നിവയുടെയും വളർച്ചക്ക് പിന്നിൽ ഹാജിയുടെ കരങ്ങൾ തന്നെയാണ്.                വേങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്ന് മത്സരിക്കുന്ന സമയം ഞാൻ കള്ളവോട്ട് ചെയ്യാൻ പോയി. എതിർ സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റ് ആലുങ്ങൽ മുഹമത് കുട്ടി കാക്ക എന്നെ കയ്യോടെ പിടികൂടി.     അന്ന് ബൂത്തിലുണ്ടായിരുന്ന ഹാജി സ്ലിപ് മാറിയതാണ് എന്ന് പറഞ്ഞു രംഗം ശാന്തമാക്കി.   പിന്നീട് ഒരു ദിവസം കക്കാട് ബസ് കാത്ത് നിൽക്കുമ്പോൾ കാറ് എന്റെ അരികിൽ നിർത്തി കയറാൻ പറഞ്ഞു. കയറിയ ഉടനെ ഡ്രൈവറോട് പറയുകയാണ് എനിക്കു വേണ്ടി കള്ളവോട്ട് ചെയ്യാൻ നോക്കിയ ആളാണ് എന്ന്.     അന്ന് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു.  നാട്ടിൽ അദ്ദേഹത്തിനുള്ള അംഗീകാരമാണ് ആ തിളക്കമാർന്ന വിജയം.                        റബ്ബ് അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സുഖത്തിലും സന്തോഷത്തിലുമാക്കട്ടെ ...ആമീൻ
----------------------------
ഹസ്സൻകുട്ടി അരീക്കൻ


--------------------------
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്


No comments:

Post a Comment