Wednesday, 15 February 2017

കലാലയ മുറ്റങ്ങളിൽ വേർപിരിയലിന്റെ വേദന നിറയുന്ന നാളുകളാണ് മാർച്ച് മാസം.


കലാലയ മുറ്റങ്ങളിൽ വേർപിരിയലിന്റെ വേദന നിറയുന്ന നാളുകളാണ് മാർച്ച് മാസം.
ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കാലത്ത് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റോഫുകൾക്ക് മിഠായിയുടെ മധുരവും കണ്ണീരിന്റെ നനവുമായിരുന്നു.

മിഠായി കിട്ടാൻ പത്താം ക്ലാസിന് മുന്നിലെ ചെറു കൂട്ടങ്ങൾക്കിടയിൽ തിക്കി തിരക്കിനിന്നിട്ടുണ്ട്.
അന്ന് കിട്ടിയ കുക്കീസിന്റെ മധുരം ഇപ്പോഴും ഉളളിൽ കിനിയുന്നുണ്ട്........

സ്കൂൾ മുറ്റത്തെ ചീനി മര ചോട്ടിൽ അവർ വട്ടം കൂടി നിൽക്കുന്നതും ഓട്ടോഗ്രാഫുകൾ കൈമാറുന്നതും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌.

വർഷങ്ങൾ കഴിഞ്ഞ് പത്താം ക്ലാസിൽ നിന്ന് പടിയിറങ്ങി പോരുന്ന കാലത്തും സെന്റോഫുകൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
ആകെ ഒരു വിഷാദഛായയായിരുന്നു അന്നത്തെ നാളുകൾക്ക്.
പത്താം ക്ലാസിലെ അവസാന ദിവസം ആണ്ടിയേട്ടൻ അടിച്ച കൂട്ടബെല്ല് ഇപ്പോഴും ഉളളിൽ മുഴങ്ങുന്നു......
ജീവിതത്തിന്റെ നല്ലൊരു ഘട്ടം തീരുന്നതിന്റെ ഓർമ്മപ്പെടുത്തലായിരുന്നു അത്.
ദേശാടന കിളികളെ പോലെ നാടിന്റെ പല ഭാഗത്ത് നിന്നും വന്നവർ പിന്നെ ഇവിടെ  ഒരു  ബെല്ലിനായി കാത്തിരുന്നില്ല.

ഇവിടെ നിന്നുള്ള തിരിച്ച് നടത്തത്തിൽ ഇനി ഏതെങ്കിലുമൊക്കെ നാൽകവലകളിൽ വെച്ച് കണ്ട് മുട്ടാം എന്ന പ്രതീക്ഷ മാത്രമായിരുന്നു ബാക്കി.

ഡസ്കിൽ കോറിയിട്ട കുത്തി വരകൾ........

സഹപാഠികൾ കൊണ്ട് വന്നിരുന്ന പൊതിച്ചോറിന്റെ മണം......

അധ്യാപകരുടെ ശാസനകൾ..........

രാജഗോപാലൻ മാഷിന്റെ വരാന്തയിലൂടെയുള്ള പതിവ് നടത്തം........

ഉളള് വെന്ത പരീക്ഷചൂടിൽ നിന്നും പുറത്ത് വന്ന ശേഷമുള്ള മാർക്കിന്റെ കൂട്ടിക്കിഴിക്കലുകൾ........

 പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വർത്തമാനങ്ങൾ
ഗേറ്റിനടുത്ത കാറ്റാടി മരത്തണലിൽ കൂടിയിരുന്ന് പറഞ്ഞ് തീർക്കുന്നവർ......

തിരിച്ച് നടക്കുമ്പോൾ കേട്ട ശങ്കരേട്ടന്റെ പീടികയിൽ നിന്നുള്ള മാഷൻമാരെ രാഷ്ട്രീയം പറച്ചിൽ.......

അവരുടെ പൊട്ടിച്ചിരികൾ.......

പോവുന്ന പോക്കിൽ കോതേരിയുടെ പീടികയിൽ നിന്ന് വാങ്ങിയ മസാലടിയുടെ പുളിപ്പ്....

കുഞ്ഞാലി കാക്കാന്റെ ഐസിന്റെ തണുപ്പ്.......

ഓട്ടോ ഗ്രാഫിലെ മനോഹരമായ കയ്യക്ഷരങ്ങൾ........

വർഷങ്ങൾക്കിപ്പുറത്ത് നിന്നും അത്  മറിച്ച് നോക്കാറുണ്ട്......

അതിലെ വരികൾക്കിപ്പോഴും പഴയ കലാലയാനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട്......

#കഴിഞ്ഞ ദിവസം മുഖത്ത് ചായം വാരിതേച്ച് തെരുവിൽ അർമാദിക്കുന്ന പത്താം ക്ലാസുകാരെ കണ്ടപ്പോൾ ഒഴുകി വന്നതാണീ ഓർമ്മകൾ
------------------------
സത്താർ കുറ്റൂർ

No comments:

Post a Comment