ഏതോ ഒരു വ്യാഴാഴ്ച വൈകുന്നേരം ഉമ്മ വീട്ടിലേക്കുള്ള വഴിയരികിൽ വെച്ചാണ് പണിക്കത്യേരെ ആദ്യമായി കാണുന്നത്. മക്കളോ ഉറ്റവരോ കൂട്ടിനില്ലാത്ത ഒറ്റമുറി ജീവിതം. മണ്ണുരുളകൾ കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞ കൊച്ചു വീട്. ഇടക്കിടെ കടന്നു പോവുന്ന വഴിപോക്കരാണ് ആ ജീവിതത്തിന്റെ വിരസത യകറ്റുന്നത്. മുറുക്കി ചുവന്ന മോണ കാട്ടി അവർ ചിരിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. എന്നാലും കുട്ടികളായ ഞങ്ങൾക്ക് അവരെ കാണുന്നത് പേടിയായിരുന്നു. അവരുടെ കാതിൽ വലിയ രണ്ട് തുളകളുണ്ടായിരുന്നു. പല്ലുകൾ കൊഴിഞ്ഞ് തീർന്നതിനാൽ കവിളുകൾ ഉള്ളിലേക്ക് ഒട്ടിയിരുന്നു. വാർധക്യത്തിന്റ ചുളിവുകൾ മാത്രം ആ വല്യമ്മയിൽ ബാക്കിയായി. പാടത്തേക്കുള്ള നടത്തത്തിനരികിൽ പിന്നീട് അവരെ കാണുന്നത് പതിവായി. ചാണകം മെഴുകിയ ആ വീട്ടുമുറ്റത്ത് പലപ്പോഴും അവർ മുട്ടിപ്പലയിട്ട് ഓല മൊടയുന്നത് കണ്ടു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു പണിക്കത്യേരുടേത്. സദാ നേരവും ആ വീടാകെ മൗനം പൊതിഞ്ഞു നിന്നു. ആ മൗനത്തിന്റെ ഭാരം ഇറങ്ങുക കുറ്റൂർ തോട്ടിലെ കുട്ടികളുടെ ആർപ്പുവിളികൾ കേൾക്കുമ്പോഴാവും. ആ വീട്ടുമുറ്റത്ത് നിന്ന് നോക്കിയാൽ കതിര് കൊത്തിപ്പാറുന്ന തത്തക്കൂട്ടങ്ങളെ കാണാം. പണി കഴിഞ്ഞു പോവുന്നവരും സ്കൂൾ കുട്ടികളുമെല്ലാം ഇതു വഴി തന്നെയാണ് നടന്ന്പോയിരുന്നത്. പിന്നീടെപ്പോഴോ പണിക്കത്യേര് രോഗം വന്ന്കിടപ്പിലായി. തൂത്തു വാരാൻ ആളില്ലാതെ കരിയിലകൾ വീണ് മുറ്റം നിറഞ്ഞു. അധികം കഴിയാതെ അവർ മരണപ്പെട്ടു. അകലെയുള്ള ബന്ധുക്കൾ വന്ന് മൃതദേഹം അവരുടെ നാട്ടിലേക്ക് കൊണ്ട് പോയെന്നാണ് ഓർമ്മ. പിന്നീട് ഒരുപാട് കാലം ഒരു ഓർമ്മക്കെന്ന പോലെ ആ മൺവീട് ദ്രവിച്ച് കിടന്നിരുന്നു. അതു വഴി പോവും നേരം പണിക്കത്യേരുടെ ഓർമ്മകൾ ഉള്ളിൽ വന്ന് നിറയും. ആ വീടിന്റെ അടയാളങ്ങൾ പോലും പിന്നീടെപ്പോഴോ മണ്ണടിഞ്ഞ് തീർന്നു. അവർ എങ്ങനെയാണ് ഈ നാട്ടിൽ വന്നതെന്നോ അവരുടെ ബന്ധുക്കൾ എവിടെയാണെന്നോ ഇന്നും മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. ഗ്രാമീണ പശ്ചാത്തലത്തിലെ സ്ത്രീ ജീവിതങ്ങളുടെ അതിജീവന ശേഷിയെ കുറിച്ച് കൂടുതൽ പഠനങ്ങളുണ്ടായിട്ടില്ല. ആൺതുണയില്ലാത്ത ജീവിതങ്ങൾ സമൂഹത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കപ്പെട്ടത്. എന്നാൽ അത്തരം ഔദാര്യങ്ങൾക്ക് കാത്തിരിക്കാതെ അതിജീവന ശേഷി പ്രകടിപ്പിച്ച സ്ത്രീ ജീവിതങ്ങളെ കുറിച്ച് ഇതുപോലെ ഒരു പാട് പറയാനുണ്ട്.
പ്രവാസം സ്ത്രീ നിർവ്വഹണങ്ങളെ സ്വയം പര്യാപ്തമാക്കിയെന്ന് നിരീക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ നാട്ടിൽ ഗൾഫിന്റെ സാമൂഹിക ജീവിതം സ്വാധീനിക്കപ്പെടുന്നതിന് മുമ്പേ ഇത്തരം ഒറ്റത്തടി ജീവിതങ്ങൾ കാണിച്ച അതിജീവന ശേഷി കാര്യമായ പഠനങ്ങൾ അർഹിക്കുന്നു. പ്രാരാബ്ദങ്ങളുടെ ഞെരുക്കങ്ങൾക്കിടയിലും അത്യധ്വാനം ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിച്ചവരായിരുന്നു ഇവർ. പോയതലമുറയിലെ മനോധൈര്യത്തിന്റെ മകുടോദാഹരണങ്ങൾ. സാഹചര്യങ്ങളാണ് ആരെയും ജീവിതം പഠിപ്പിക്കുന്നത്. തുണക്കാളില്ലാഞ്ഞിട്ടും ഒറ്റക്ക് പൊരുതാൻ ഇവർ കാണിച്ച ത്രാണിക്ക് കാലങ്ങൾക്കിപ്പുറത്തും വായനകളുണ്ടാവണം. വിധിയുടെ വിലാപങ്ങളല്ല. മനക്കരുത്തിന്റെ നാട്ടു ജീവിതങ്ങളാണ് ഇവരിൽ നമ്മൾ അറിഞ്ഞതും അനുഭവിച്ചതും.
---------------------------
✍🏼 സത്താർ കുറ്റൂർ