Wednesday, 15 February 2017
മൗന നൊമ്പരങ്ങൾ
പരേതയുടെ ജനാസ ഇന്ന് പത്ത് മണിക്ക് മറവ് ചെയ്യ പ്പെടുന്നതാണ്......
സുബ്ഹ് ബാങ്കിന് ശേഷം പള്ളിയിൽ നിന്നുള്ള ഈ വിവരം കേട്ടാണ് ഉണർന്നത്.
ആരാണെന്ന് കേട്ടില്ല
ഭാര്യ നേരത്തേ ഉണർന്ന് വുളു എടുക്കാനായി ബാത്ത് റൂമിൽ കയറിയിരിക്കുന്നു....
ആരാ മരിച്ചത് വിളിച്ച് പറഞ്ഞത് ഇജ് കേട്ടാ...
ഭാര്യയോട് ചോദിച്ചു.....
ഞാൻ ശരിക്ക് കേട്ടില്ല,
നമ്മുടെ പള്ളിയിൽ നിന്നാണ് ഭാര്യ പറഞ്ഞു,
കുറച്ച് കഴിഞ്ഞ് സുബ്ഹ് നിസ്ക്കരിച്ച് ഒന്ന് കൂടി കിടക്കാമെന്ന് കരുതി നിൽക്കുമ്പോൾ ഫോൺ ബെല്ലടിക്കുന്നു....
എടുത്തു നോക്കി,
അടുത്ത വീട്ടിലേ നാസറാണല്ലോ......
ഹലോ.....അസ്സലാമു അലൈകും
ഒഅലൈകുംമുസ്സലാം...
എന്താ നാസറെ ഇത്ര രാവിലത്തന്നേ.....
ഒന്നും ഇല്ല....
ഞമ്മളെ കിഴക്കേല..ഹുസൈൻ്റെ ഉമ്മ മരിച്ചത് അറിഞ്ഞോ.....
ഇന്നാ ലില്ലാ....
ഞാൻ അങ്ങോട്ട് പോവാണ് ഇജ് പോര്നാ.....
അ... നിക്ക് ഞാനും ഉണ്ട്....
രണ്ട് പേരും മരിച്ച വീട്ടിലേക്ക് നടന്നു.....
ഞാൻ ഒരാഴ്ച മുമ്പ് ഒാൻ്റെ ഉമ്മാനെ കണ്ടു അവിടെ കേറി ഇരുന്നു കുറേ സംസാരിച്ചതാണ്,
അവരെ മൂത്ത മക്കള് രണ്ടാളും വരാറില്ല..
അവരുടെ സ്വത്ത് വിഹിതം വെച്ച തർക്കത്തിൽ പോയതാണ്.
ചെറിയമോൻ ഹുസൈനും ഇച്ചും ആണ് പെര
ഇൻ്റെ കാല ശേഷം ഒന് ഇള്ളതാ..
ഇൻ്റെ കുട്ടി ഗൾഫിൽ പോയി കഷ്ടപെട്ട് ഉണ്ടാക്കീതല്ലേ ഇത്....
അത് ഒാരി വക്കണേലോ...
അത് പറ്റൂലാന്ന് ഞാൻ പറഞ്ഞു
ഇന്നാ ഒാൻ നോക്കി ക്കോളും ഇങ്ങളെ എന്ന് പറഞ്ഞു പോയതാ ....
പിന്നെ ഈ തള്ള മരിച്ചോ ജീവിച്ചോ എന്ന് അന്വേഷിക്കാൻ പോലും ഒാല് വന്നിട്ടില്ല
ഇജ് പോരുംബോ കണ്ടീനാ....ഹുസൈനാ.....
അവർ ചോദിച്ചു
ഞാൻ എങ്ങനെ വളർത്തിയ മക്കളാണന്ന് അറിയോ...
എന്നൊക്കെ പറഞ്ഞ് ഒരുപാട് കരഞ്ഞു
ഇങ്ങക്ക് സുഖം തന്നെ അല്ലേ്......
ഞാൻ ചോദിച്ചു
അപ്പോ.....ഇൻ്റെ കഥയൊന്നും പറയണ്ട
മനേ.... എന്ന് പറഞ്ഞ് തുടങ്ങിയപ്പോ ഹുസൈൻ്റെ ഭാര്യയെ കണ്ട്നിർത്തി...
എന്തൊക്കെയോ പറയണമെന്നുണ്ട് എന്ന് എനിക്ക് തോന്നി
ഞാൻ പോരുംബോ മുറ്റത്തെ മൂച്ചിമ്മന്ന് മാങ്ങ എടുക്കാൻ പറഞ്ഞു
അൻക്ക് പൂതിണ്ടാവും ഇജ്പ്പൊ വന്നതല്ലെ.....
കൊണ്ടോയ്ക്കോ എന്ന് പറഞ്ഞു എടുപ്പിച്ചു
മരണ വീട്ടിലെത്തി..
ആളുകൾ വന്നു തുടങ്ങുന്നേ ഉള്ളു
കോലായിൽ ഒരുമുസ്ലൃാരും കാരണവൻമാരും ഇരിക്കുന്നുണ്ട്
ഹുസൈൻ്റെ മകൻ പുറത്ത് നിൽപുണ്ട്
സലാം ചൊല്ലി മകനെ അടുത്ത് വിളിച്ചു
എന്തേ വലിയുമ്മാക്ക് പെട്ടൊന്ന്.....അസുഖം
ഇന്നലെ ചെറിയൊരു തലകറക്കവും ചർദ്ദിയും ഉണ്ടായിരുന്നു
കിടക്കുംബോ കുഴപ്പമൊന്നും ഇല്ലായിരുന്നു
ഇൻ്റെ ഉമ്മ സുബ്ഹ്ക്ക് വിളീച്ചപ്പൊ മുണ്ട്ണ്ല്ല
വലിയുമ്മാൻ്റെ കൂടെ ആരും ഇല്ലായിരുന്നോ...നാസർ ചോദിച്ചു
ഇല്ല അത് ഒറ്റക്കാ കിടക്കല് .... അവർ പറഞ്ഞു
മൂത്തപ്പാരെ അറിയിച്ചിട്ടുണ്ടോ..
അത് എനിക്ക് അറിയിലല്...
അവൻ പറഞ്ഞു
പടച്ചോനേ ആ പ്രായമായ ഉമ്മാനെ ഒറ്റക്കാകി അവർ വേറേ റൂമിൽ കിടന്നുറങ്ങുകയായിരുന്നില്ലേ.റബ്ബേ.....
മരണസമയത്ത് കുറച്ച് വെള്ളം കൊടുക്കാൻ പോലുഃ ആളുണ്ടായില്ലല്ലോ...
പരസ്പരം പറഞ്ഞു
ഒരു സൈഡിലേക്ക് മാറി നിരത്താതെ വച്ച കസേരയിൽ നിന്ന് രണ്ടണ്ണം എടുത്ത് ഇരുന്നു
കോലായിൽ ഇരിക്കുന്ന മുസ്ലിയാർ
നമ്മളൊന്ന് യാസീനോതി ദുആര്ക്കാ...
അൽ ഫാത്തിഹാ.....
അദ്ധേഹം പരേതക്ക് വേണ്ടി പ്രാർഥ തുടങ്ങി
അപ്പോഴതാ മൂത്ത രണ്ട് ആൺ മക്കളും ഒാടി ക്കിതച്ച് വരുന്നു
വന്ന പാടെ വീടിൻ്റെ സൈഡിലുള്ള റൂമിലേക്ക് കയറാൻ നിന്നപ്പോൾ ഒരു കാരണവർ പറഞ്ഞു വേറേ റൂം ചൂണ്ടികൊണ്ട് അവിടല്ല.... ദാ.... ഇപടാണ്.....
അവർ വേഗം അകത്ത് കയറി
ഉമ്മാനെ കണ്ട് തിരിച്ചിറങ്ങി...
ഇത് കണ്ട് അവരുടെ കുടുംബത്തിൽ പെട്ട ഒരു കാരണവർ ചോദിച്ചു ഇങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ട് ലേ....
നിങ്ങൾ രണ്ടാളും ഇത്ര കാലം എവിടേ ആയിരുന്നു
ആ തള്ള ഇന്നലെ രാത്രിവരെ സ്വബോധത്തോടെ ഇവിടെ ഉണ്ടായിരുന്നു
ഇപ്പൊ പാഞ്ഞ് വന്നക്കാ... ഇമ്മാനെ കാണാന്
അദ്ധേഹം പറഞ്ഞു
രണ്ടു പേരും തലയും താഴ്ത്തി ഇരുന്നു
ദുആയും കഴിഞ്ഞു
ഇനി മയ്യിത്ത് എടുക്കാനാവുംബോഴേകും വരാം എന്ന് പറഞ്ഞ് തിരിച്ചു പോന്നു
വഴിയിൽ മുൻപിലായി മയ്യിത്ത് കണ്ട് പോവുന്ന സ്ത്രീകൾ ഉണ്ട്
അവർ മയ്യിത്തിനെ കണ്ട അപിപ്രായം പറയുകയാണ്
എപ്പൊ മര്ച്ചതാ ആർക്കറിയാം കണ്ണൊന്നും ശര്ക്ക് അടഞ്ഞിട്ടില്ല കാല് നിവർന്നിട്ടില്ല ഇജ് കണ്ടില്ലേ... ഒരു സ്ത്രീ പറയുന്നു
അതേനേ... അതിനെ നോകാനും ശരിക്ക് തിന്നാൻ കൊടുക്കാനൊന്നും ആളില്ലായ്നു
അത് കിടക്കുന്ന റൂമിൻ്റെ കോലം കണ്ടില്ലേ.....
വേറൊരു സ്ത്രീയുടെ വക
``ഞമ്മളെ മാതാ പിതാക്കളുടെ ഒക്കെ അവസ്ഥ ഇങ്ങനെ തന്നെ ആവും
അവസാനം
നമ്മൾ നാട്ടിലുണ്ടാവുംബോ തരക്കേടില്ല ഞമ്മള് പോയാല് ഇമ്മാൻ്റെ വർത്താനം ചൊദിച്ചാൽ സുഖാണ് എന്ന് പറയും
നാസർ പറഞ്ഞു
എന്താണ് അവസ്ഥ എന്നുള്ളത് നമുക്ക് അറിയില്ലല്ലോ?പെണ്ണ്ങ്ങള് പറയുന്നത് കേൾക്കല്ലാതെ....
മനസ്സിനൊരു സുഖമില്ല
പിന്നെ നേരേ പോയത് തറവാട്ടിലുള്ള ഉമ്മാൻ്റെ അടുത്തേക്കാണ്
ഉമ്മയും ഉപ്പയും സിറ്റൗട്ടിൽ ഇരിക്കുകയാണ്
ഇജ് എവിട്ന്നാ രാവിലത്തന്നെ വര്ന്നത്
ഉമ്മ ചോദിച്ചു
മരണവീട്ടിൽ പോയതും സ്ത്രീകൾ പറഞ്ഞതും ഉമ്മാനോട് പറഞ്ഞു
എന്നിട്ട് ചോദിച്ചു ഇങ്ങക്ക് ഇവിടെ എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഉമ്മാ....
ഇന്താ ഇജ് അങ്ങനെ ചോദിക്കണത് അല്ലമ്മാ....
ഹുസൈൻ്റെ ഉമ്മാൻ്റെ കഥ കേട്ടപ്പൊ എനിക്കൊരു പേടി അതോണ്ട് ചോദിച്ചതാ....
അപ്പോഴേകും ഉമ്മ ചായയും ആയി എത്തിയിരുന്നു....
ഇന്നാ ഇതാണ്ട് കുട്ച്ചാളാ....
ഞാൻ പോവാണ് ഉമ്മാ....
കുട്ട്യാള് ചായകുടിക്കാൻ കാത്തിരിക്ക്ണ്ടാവും അവ്ട്ന്ന് കുട്ച്ചോണ്ട്...
അതാണ്ട് കുട്ച്ചാളാ....അത് നടക്കാൻ വയ്യാതെ പോയി കൊട്ന്നതല്ലേ ഉപ്പയും പറഞ്ഞു...
ഉമ്മാൻ്റെ ചായയും കുടിച്ച് തിരിച്ച്
പോരുംബോ...പടച്ചോനെ ഇൻ്റെ ഉപ്പാകും ഉമ്മാകും നീ ദീർഘായുസ്സും ആഫിയത്തും നൽകണേ.... എന്ന് മനസ്സിൽ പ്രാർത്ഥിച്ചു....
〰〰〰〰〰〰〰〰
ഹുസൈൻ്റെ ഉമ്മയെപോലെ എത്ര ഉമ്മമാർ നമുക്കിടയിൽ ആറ്റ് നോറ്റ് വളർത്തിയുണ്ടാകിയ മക്കളുടെ സ്നേഹവും പരിചരണവും കിട്ടാതെ അവസാനം അനാഥകളെ പോലെ ജീവിച്ചു മരണപ്പെടുന്നൂണ്ടാവും....
😪😪😪😪😪😪😪😪😪
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
കലാലയ മുറ്റങ്ങളിൽ വേർപിരിയലിന്റെ വേദന നിറയുന്ന നാളുകളാണ് മാർച്ച് മാസം.
കലാലയ മുറ്റങ്ങളിൽ വേർപിരിയലിന്റെ വേദന നിറയുന്ന നാളുകളാണ് മാർച്ച് മാസം.
ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കാലത്ത് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റോഫുകൾക്ക് മിഠായിയുടെ മധുരവും കണ്ണീരിന്റെ നനവുമായിരുന്നു.
മിഠായി കിട്ടാൻ പത്താം ക്ലാസിന് മുന്നിലെ ചെറു കൂട്ടങ്ങൾക്കിടയിൽ തിക്കി തിരക്കിനിന്നിട്ടുണ്ട്.
അന്ന് കിട്ടിയ കുക്കീസിന്റെ മധുരം ഇപ്പോഴും ഉളളിൽ കിനിയുന്നുണ്ട്........
സ്കൂൾ മുറ്റത്തെ ചീനി മര ചോട്ടിൽ അവർ വട്ടം കൂടി നിൽക്കുന്നതും ഓട്ടോഗ്രാഫുകൾ കൈമാറുന്നതും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
വർഷങ്ങൾ കഴിഞ്ഞ് പത്താം ക്ലാസിൽ നിന്ന് പടിയിറങ്ങി പോരുന്ന കാലത്തും സെന്റോഫുകൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
ആകെ ഒരു വിഷാദഛായയായിരുന്നു അന്നത്തെ നാളുകൾക്ക്.
പത്താം ക്ലാസിലെ അവസാന ദിവസം ആണ്ടിയേട്ടൻ അടിച്ച കൂട്ടബെല്ല് ഇപ്പോഴും ഉളളിൽ മുഴങ്ങുന്നു......
ജീവിതത്തിന്റെ നല്ലൊരു ഘട്ടം തീരുന്നതിന്റെ ഓർമ്മപ്പെടുത്തലായിരുന്നു അത്.
ദേശാടന കിളികളെ പോലെ നാടിന്റെ പല ഭാഗത്ത് നിന്നും വന്നവർ പിന്നെ ഇവിടെ ഒരു ബെല്ലിനായി കാത്തിരുന്നില്ല.
ഇവിടെ നിന്നുള്ള തിരിച്ച് നടത്തത്തിൽ ഇനി ഏതെങ്കിലുമൊക്കെ നാൽകവലകളിൽ വെച്ച് കണ്ട് മുട്ടാം എന്ന പ്രതീക്ഷ മാത്രമായിരുന്നു ബാക്കി.
ഡസ്കിൽ കോറിയിട്ട കുത്തി വരകൾ........
സഹപാഠികൾ കൊണ്ട് വന്നിരുന്ന പൊതിച്ചോറിന്റെ മണം......
അധ്യാപകരുടെ ശാസനകൾ..........
രാജഗോപാലൻ മാഷിന്റെ വരാന്തയിലൂടെയുള്ള പതിവ് നടത്തം........
ഉളള് വെന്ത പരീക്ഷചൂടിൽ നിന്നും പുറത്ത് വന്ന ശേഷമുള്ള മാർക്കിന്റെ കൂട്ടിക്കിഴിക്കലുകൾ........
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വർത്തമാനങ്ങൾ
ഗേറ്റിനടുത്ത കാറ്റാടി മരത്തണലിൽ കൂടിയിരുന്ന് പറഞ്ഞ് തീർക്കുന്നവർ......
തിരിച്ച് നടക്കുമ്പോൾ കേട്ട ശങ്കരേട്ടന്റെ പീടികയിൽ നിന്നുള്ള മാഷൻമാരെ രാഷ്ട്രീയം പറച്ചിൽ.......
അവരുടെ പൊട്ടിച്ചിരികൾ.......
പോവുന്ന പോക്കിൽ കോതേരിയുടെ പീടികയിൽ നിന്ന് വാങ്ങിയ മസാലടിയുടെ പുളിപ്പ്....
കുഞ്ഞാലി കാക്കാന്റെ ഐസിന്റെ തണുപ്പ്.......
ഓട്ടോ ഗ്രാഫിലെ മനോഹരമായ കയ്യക്ഷരങ്ങൾ........
വർഷങ്ങൾക്കിപ്പുറത്ത് നിന്നും അത് മറിച്ച് നോക്കാറുണ്ട്......
അതിലെ വരികൾക്കിപ്പോഴും പഴയ കലാലയാനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട്......
#കഴിഞ്ഞ ദിവസം മുഖത്ത് ചായം വാരിതേച്ച് തെരുവിൽ അർമാദിക്കുന്ന പത്താം ക്ലാസുകാരെ കണ്ടപ്പോൾ ഒഴുകി വന്നതാണീ ഓർമ്മകൾ
------------------------
സത്താർ കുറ്റൂർ
Saturday, 11 February 2017
11/02/2017 ക്വിസ് മൽസര വിജയി...
ഈ ആഴ്ചയിലെ (11-02-2017) ക്വിസ് മൽസര ജേതാവ്
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 11/02/2017
തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 11/02/2017 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
കുരിക്കൾ മൊയ്തീൻ കുട്ടി മാഷ്
കുരിക്കൾ മൊയ്തീൻ കുട്ടി മാഷ്
തലമുറകളിലേക്ക് പരന്ന അക്ഷരവെളിച്ചം
▫▫▫▫▫▫▫▫
നമ്മുടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം യത്നിച്ച മാതൃകാ അധ്യാപകനായിരുന്നു കുരിക്കൾ മൊയ്തീൻ കുട്ടി മാഷ്.
കാർഷിക വൃത്തി ജീവിതോപാധിയാക്കിയ ഒരു കുടുംബ പശ്ചാത്തലത്തിൽ 1914 ലാണ് അദ്ദേഹത്തിന്റെ ജനനം.
ചെറുപ്പത്തിൽ തന്നെ പഠന കാര്യത്തിൽ വലിയ തൽപ്പരനായിരുന്നു.
കമ്മുണ്ണി മുസ്ല്യാരുടെ കീഴിൽ കുന്നാഞ്ചീരി പളളിയിലും വീരാൻ മൊല്ലാക്കയുടെ ഒത്തു പളളിയിലുമായിരുന്നു പ്രാഥമിക പഠനം.
അക്കാലത്ത് നമ്മുടെ നാട്ടുകാർ ആശ്രയിച്ചിരുന്നത് വേങ്ങര സ്കൂളിനെ ആയിരുന്നു.
പഠന കാര്യത്തിൽ പൊതുവെ ആളുകൾ തൽപ്പരരല്ലാത്തതിനാൽ പലരുടെയും പഠനം ഓത്തുപള്ളിയിൽ ഒതുങ്ങി.
ഈ പതിവുകളെ വളരെ കുറഞ്ഞ ആളുകളെ നമ്മുടെ നാട്ടിൽ തെറ്റിച്ചിട്ടൊള്ളൂ.
അതിലൊരാളായിരുന്നു
കുരിക്കൾ മൊയ്തീൻ കുട്ടി മാഷ്.
വേങ്ങര സ്കൂളിൽ നിന്ന് അദേഹം ലോവർ പ്രൈമറി പൂർത്തിയാക്കി.
അതിന് ശേഷം മലപ്പുറത്ത് പോയി ഒരു വർഷത്തെ ട്രൈനിംഗും നേടി.
ഇതിന് ശേഷം സ്വന്തം നാട്ടിൽ അധ്യാപകനായി സേവനം ചെയ്തു തുടങ്ങി.
തന്റെ ഗുരുവായ വീരാൻ മൊല്ലാക്കയുടെ ഓത്തുപളളിയിൽ തന്നെയായിരുന്നു തുടക്കം.
അതോടെ ഓത്തുപള്ളിയിലെ പഠന രീതികൾ കൂടുതൽ ഉണരുകയും സജീവമാവുകയും ചെയ്തു.
പിന്നീട് ഈ ഓത്തുപള്ളി സ്കൂളായി രൂപാന്തരപ്പെട്ടപ്പോൾ അവിടത്തെ ആദ്യത്തെ അധ്യാപകനായും അദ്ദേഹം ചുമതലയേറ്റു.
ഇന്നത്തെ അധ്യാപകർക്ക് ലഭിക്കുന്ന രീതിയിലുള്ള ആകർഷകമായ ആനുകൂല്യങ്ങളൊന്നും ഇല്ലാത്ത കാലമായിരുന്നു അത്.
അധ്യാപനത്തിലേറെ നാട്ടുകാരെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനാണ് അദ്ദേഹത്തിന് കാര്യമായ പ്രയത്നം വേണ്ടി വന്നത്.
മക്കളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ പ്രേരിപ്പിക്കുന്നതിന് നാട്ടിലെ വീടുവീടാന്തരം അദേഹം കയറിയിറങ്ങി നടന്നു.
അധ്യാപനം ഒരു ജോലിയല്ല തന്റെ നിയോഗമായാണ് അദ്ദേഹം നോക്കി കണ്ടത്.
സ്കൂൾ വിട്ട് വന്നാൽ വീട്ടിൽ കൃഷിപണിയിലും മറ്റുമൊക്കെ കർമ്മനിരതനായിരുന്നു. ഉപ്പ വെറുതെ ഇരിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്ന് മകൻ മുഹമ്മദ് കുട്ടി ഹാജി ഈയിടെ പറഞ്ഞത് ഓർമ്മ വരുന്നു.
മുപ്പത്തി അഞ്ച് വർഷം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന ജീവിതം.
അതിനിടയിൽ അറുനൂറോളം ശിഷ്യഗണങ്ങളെ അദ്ദേഹം വാർത്തെടുത്തു.
അതും സ്വന്തം നാട്ടുകാരെ തന്നെ,
സർവ്വീസിൽ കയറുമ്പോൾ അദേഹത്തിന്റെ ശമ്പളം ഒൻപത് രൂപ ആയിരുന്നെത്രെ.
പിരിയുമ്പോൾ അത് അറുനൂറ് രൂപയിൽ എത്തിയിരുന്നു.
എന്നാൽ സ്വന്തം ജോലിയിൽ നീതി പുലർത്തുന്ന കാര്യത്തിൽ അദേഹത്തിന് ശമ്പളം ഒരു ഘടകമേ ആയിരുന്നില്ല.
EMS സർക്കാറിന്റെ ഭരണകാലത്താണ് സർവ്വീസിൽ നിന്ന് പിരിഞ്ഞത്.
അതിന് ശേഷം ഒരു വർഷക്കാലം മാത്രമാണ് അദ്ദേഹം ജീവിച്ചത്.1973 ൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചു.
അൾസറിന്റെ അസുഖം അദ്ദേഹത്തെ ഏറെക്കാലം ബുദ്ധിമുട്ടിച്ചിരുന്നു.
അത് പിന്നീട് അർബുദമായി മാറി.
കുടലിനാണ് രോഗം ബാധിച്ചിരുന്നത്.
മേരിക്കുന്നിലും, കോഴിക്കോട് മെഡിക്കൽ കോളേജിലുമായി കുറച്ച് കാലം കിടന്നു.
രണ്ട് ഓപ്പറേഷനുകൾക്ക് വിധേയനായി.
1974 ലാണ് അദ്ദേഹം മരണപ്പെട്ടത്.
മരണപ്പെടുമ്പോൾ അറുപത് വയസ്സ് പ്രായമുണ്ടായിരുന്നു.
അദേഹത്തെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
*********
സത്താർ കുറ്റൂർ
പള്ളിപറമ്പ്: ഖബറുകളുടെ പറമ്പ്
ജീവിതത്തിന്റെ കണക്ക് പുസ്തകവുമായി ഉയിർത്തെഴുന്നേൽക്കാൻ മുൻഗാമികൾ കിടന്നുറങ്ങുന്ന പറമ്പ്, ഇന്നല്ലെങ്കിൽ നാളെ നമ്മളും പോയി കിടക്കേണ്ട പറമ്പ്. എപ്പോഴുമല്ലെങ്കിലും ഏത് തിരക്കിനിടയിലും ജീവിതത്തിൽഇടക്കൊക്കെ നിർബന്ധമായും നമ്മുടെ മനോമുകുരത്തിൽ
തെളിയേണ്ടതായ ഇടം അനുഭവജ്ഞാന വു മാ യി നമ്മിലേക്ക് ആരും തിരിച്ച്
വന്നിട്ടില്ലാത്ത ഒരു വാസസ്ഥലത്തിന്റെ പേരാണ് ഖബർ ആഖബറുകളുടെ ഒരു നീ ണ്ട നിരയാണ് പള്ളി പറമ്പ്: ആജീവിതത്തിനെ പറ്റി ഒരു
പാട് പറഞ്ഞ് തന്നി ട്ടുണ്ട് പുണ്യ പ്രവാചകർ. പരലോകത്തെ പറ്റി വിശ്വസി
ക്കുന്നവർ എന്ന് മാത്രം പറയപ്പെട്ടവരല്ല നമ്മൾ, യൂഖിനൂൻ, ഉറപ്പിച്ചവർ എന്ന് പറയ പ്പെട്ടവരാണ്, ' യഖീനുറപ്പ്, എന്ന ഒരു പ്രയോഗം തന്നെ ഉണ്ട് ഉത്തമർക്കിടയിൽ, ഉറപ്പിന്റെ മേലെ വീണ്ടം ഒരു ഉറപ്പെന്നല്ലെ അതിന്റെ അർത്ഥം. എന്നിട്ടും എന്തെ ഒരു പള്ളിക്കാടും കണ്ടിട്ടും നമ്മൾ നന്നാവാത്തത് -
ഈ പള്ളി പറമ്പ് ഓർക്കുമ്പോൾ അൽപകാല കലാലയ ജീവിതമായിരുന്നെങ്കിലും അതിൽ ഏറ്റവും സ്മരിക്കപ്പെടേണ്ട ഗുരുവര്യനാണ് കുരിക്കൾ മാഷ്, മദ്രസയും സ്കൂളും അദ്ദേഹം തന്നെ പഠിപ്പിച്ചിരുന്നു . ബല്യ ഒന്ന്ലും രണ്ടിലും ഒക്കെ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ. യാസീൻ ഓതിപ്പിച്ചിരുന്നു അന്ന് തന്നെ അദ്ദേഹം.ഇസ് ലാമിക ജീവിതo പഠിപ്പിക്കുന്നതിൽ വളരെ കണിശക്കാരനായിരുന്നു, ബെഞ്ചിൻമേൽ കയറ്റി നിർത്തലായിരുന്നു ശിക്ഷാവിധി, ചുരൽ വടി മിക്കവാറും സമയത്തൊക്കെ കൈവശമുണ്ടാവു മാ യി രു ന്നു, അദ്ദേഹത്തിന്റെ ചെറുമകൻ ഖാദറും ആ ചൂരൽപ്രയോഗം നല്ലത് പോലെ അറിഞ്ഞിട്ടണ്ട് അന്നത്തെ കാലത്ത് അത്യാവശ്യം ചുറ്റുപാടൊക്കെ ഉണ്ടായിരുന്നിട്ടും അദ്ധ്യാപനം തെരഞ്ഞെടുത്തത് അതിനോട്യള്ള പ്രതിബദ്ധത കൊണ്ട് തന്നെ ആയിരിക്കണം, അദ്ദേഹത്തിന്റെ ഒരു മകനുണ്ടായിരുന്നു; അബു, തലക്ക് ഒരു മാരകമായ രോഗം വന്ന് അകാലത്തിൽ പൊലിഞ്ഞ് പോയതാണ് ആ ജീവിതം എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ആ മഹാനായ ഗുരുവിന് വലിയ പങ്കുണ്ട് - പടച്ചവൻ അദ്ദേഹത്തിന്റെ ഖബർ ജീവിതം പ്രശോഭിതമാക്കി കൊടുക്കട്ടെ, നമ്മെയും അദ്ദേഹത്തെയും നാളെ സ്വർഗത്തൽ ഒരുമിച്ച് കൂട്ടട്ടെ - ٠ ആമീൻ
മങ്ങിയ ഓർമകളാണ് എല്ലാം
--------------------------------
അലി ഹസ്സൻ പി. കെ.
ഓർമ്മ വെച്ച കാലം മുതലേ മേലീലെ ഹാജിയാരെ അറിയും. ഞങ്ങൾ മേലീലെ ഹാജിയാർ എന്നായിരുന്നു വിളിച്ചിരുന്നത്. അയൽവാസിയായ ഞങ്ങളുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ ഇളയ മകൻ എന്റെ ഉമ്മാന്റ മുലകുടിച്ചായിരുന്നു വളർന്നിരുന്നത്.
അർദ്ധ പട്ടിണിയിലായിരുന്ന ഞങ്ങൾക്ക് ധാരാളം കാർഷിക വിഭവങ്ങൾ തന്നിരുന്നത് ഞാനിന്നും ഓർക്കുന്നു.
സ്കൂളിൽ ഒന്ന് B യിൽ എന്റെ ഗുരുനാഥനായിരുന്നു.
വെറ്റില മുറുക്കുമായിരുന്ന ഹാജിയാർക്ക് സ്കൂളിലേക് വെറ്റില മുറുക്ക് കൊണ്ട് വരാൻ എന്നെ ആയിരുന്നു പാഞ്ഞയക്കാറുണ്ടായിരുന്നത്. അയൽവാസികളായ എല്ലാവരുടെയും ക്ഷേമാന്യേഷണങ്ങൾ അദ്ദേഹം നടത്താറുണ്ടായിരുന്നു.
വിശദമായി തന്നെ സത്താർജി എഴുതിയിട്ടുണ്ടല്ലോ.........
അദ്ദേഹത്തെയും നമ്മെയും സ്വഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ അള്ളാ.... അദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക് സ്വർഗ്ഗത്തിന്റെ ഒരു വാതിൽ തുറന്നുകൊടുക്കേണമേ അള്ളാ....
ആമീൻ
------------------------------------------
എം ആർ സി അബ്ദുറഹ്മാൻ
മൊയ്തീൻ കുട്ടി മാഷ് കേട്ടറിവ് മാത്രമേ എനിക്കൊള്ളു.
പഴയ തലമുറയിലെ അധികമാളുകളുടേയും ഗുരുനാഥനാണെന്നറിയാം.
നിരന്തരമായി മാപ്പിളലഹള ഉണ്ടാകുന്നത് മാപ്പിളമാർക്ക് വിദ്യാഭ്യാസം ഇല്ലാത്തതിനാലാണെന്ന് കണ്ടെത്തിയ ഗഫൂർഷാ കമ്മീഷൻ നിഗമനമാവാം ബ്രട്ടീഷുകാർകാർ ഓത്തുപള്ളികളെല്ലാം മാപ്പിള സ്കൂളുകളാക്കാൻ അനുമതി നൽകിയത്.
കുറ്റൂരിലെ ബീരാൻ മൊല്ലാങ്കാ ന്റെ ഓത്ത് പള്ളി മാപ്പിള സ്കൂളായി മാറി.
കുരിക്കൾ മൊയ്തീൻ കുട്ടി മാഷ് ഒന്നാം ക്ലാസിലും ഇരുകുളങ്ങര മുഹമ്മദ് മാഷ് മറ്റ് ക്ലാസിലായി അദ്ധ്യാപകനം നടത്തുകയായിരുന്നു.
ഒരേ സമയം കർഷകനും അദ്ധ്യാപകനുമായി എളിയ ജീവതം നയിച്ച് മറ്റുള്ളവരെ അറിവിന്റെ പാഥയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ പരലോക ജീവിതം അള്ളാഹുവിജയിപ്പിക്കട്ട ആമീൻ .
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ
തലമുറകളുടെ ഗുരുവര്യർ
〰〰〰〰〰〰〰〰〰〰〰〰〰〰〰
കുരിക്കൾ മൊയ്തീൻ കുട്ടി ഹാജി 1-B യിലാണു പഠിപ്പിച്ചിരുന്നത്. ഞാൻ | - A യിൽ വേലായുധൻ മാഷെ ക്ലാസ്സിലായിരുന്നു. എന്നാലും വളരെ അപൂർവമായി മാഷില്ലാത്തപ്പോൾ രണ്ട് ക്ലാസ്സും കൂടി ഒന്നാക്കി ഹാജിയാരുടെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്. നീളൻ കയ്യ് കുപ്പായവും വെള്ളത്തുണിയും ഒരു വെള്ള മുണ്ടും കണ്ണടയും മുറുക്കി ചുവന്ന ചുണ്ടുകളും... അധികം മുടിയില്ലാത്ത തലയും. ആ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പഠിപ്പിക്കൽ പ്രത്യേക ശൈലിയാണ്. ചോദ്യത്തിന് ഉത്തരം പറയാത്തവരെ പിറകിലെ ബഞ്ചിലേക്ക് മാറ്റും. ഉത്തരം പറഞ്ഞാൽ മുൻ സീറ്റിലിരിക്കാം. തലമുറകൾക്ക് ദീനി വിജ്ഞാനവും സ്കൂൾ വിദ്യാഭ്യാസവും നൽകിയിട്ടുണ്ട് മഹാനവർകൾ - അവരുടെ പിന്നിലായി പള്ളിയിൽ കുറെ ജമാഅത്തും തറാവീഹുമൊക്കെ നമസ്കരിച്ചിട്ടുണ്ട്. നല്ലൊരു കർഷകനായിരുന്നു.
പള്ളി പറമ്പെന്ന ഈ പംക്തിയിൽ നാം ലക്ഷ്യമിടുന്നത് മൺമറഞ്ഞ മഹത് വ്യക്തിത്വങ്ങളെ സ്മരിക്കുകയും അവരുടെ നന്മകൾ എടുത്തു പറയുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയുമാണ്. ഇതിലെല്ലാം പുറമെ ആ പള്ളിപറമ്പിലേക്ക് ഓരോ ദിവസവും ചുവടുവെച്ച് അടുക്കുന്ന നമുക്ക് ഒരു ഓർമ്മപ്പെടുത്തലും. ഈ നല്ല ഉദ്യേശങ്ങളൊക്കെ സഫലമാകട്ടെ - അല്ലാഹു കുരിക്കൾ മൊയ്തീൻ കുട്ടി ഹാജിയുടെ ഖബർ ജീവിതം സ്വർഗീയ സുഖത്തിലാക്കട്ടേ..
നമ്മെയെല്ലാം അവരോടൊപ്പം സ്വർഗത്തിൽ ഒന്നിച്ചു ചേർക്കട്ടേ.
---------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
കുട്ടിക്കാലം മുതലേ കേട്ട് പരിചയിച്ച പേരാണ് മൊയ്തീന്‍കുട്ടി മാഷ് എന്നത്..
എന്റെ ഉപ്പയുടെ പഠനകാലത്തെ കുറിച്ച് പറയുമ്പോഴൊക്കെ മൊയ്തീന്‍കുട്ടി മഷിന്റെ പേരും കടന്ന് വരും
അദ്ധേഹത്തെ എല്ലാ കുട്ടികള്‍ക്കും വലിയ പേടിയായിരുന്നുവെന്നും ആ പേടി ബഹുമാനം കൊണ്ടുള്ളതായിരുന്നുവെന്നും ഉപ്പ പറഞ്ഞതായി ഓര്‍ക്കുന്നു.
മൂന്നര പതിറ്റാണ്ട് കാലം വിദ്യയുടെ വെളിച്ചം പകര്‍ന്ന് നല്‍കിയ മഹാനായ ഗുരുവര്യന്റെ ശിശ്യന്മാരാണ് ഇന്നത്തെ നമ്മുടെ നാട്ടു കാരണവന്മാര്‍.
അറിവിന്റെ വെള്ളിവെളിച്ചം തലമുറകളിലേക്ക് കൈമാറിയ ആ മഹാ മനീഷിയുടെ പരലോക ജീവിതം അല്ലാഹു സന്തോശത്തിലും സമാധാനത്തിലുമാക്കി കൊടുക്കട്ടെ.
അവരേയും നമ്മേയും അല്ലാഹു അവന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍.
-------------------------------------
അൻവർ ആട്ടക്കോളിൽ
കുറ്റൂരിന്റെ പഴയ കാലവും അന്നത്തെ വിദ്യാഭ്യാസവും എവിടെയെല്ലാം അനുസ്മരിക്കപ്പെട്ടോ അവിടെയൊക്കെ കുരിക്കൾ മൊയ്തീൻ കുട്ടി മാസ്റ്റർ എന്ന മിതോണ്ടി മാസ്റ്ററുടെ പേരും പരാമർശിച്ച് കേട്ടിട്ടുണ്ട്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം നാട്ടിൽ അക്ഷരത്തിന്റെ വെള്ളി വെളിച്ചം തൂകാൻ ആ ജീവിതം നിർവ്വഹിച്ച അനിഷേധ്യമായ പങ്കിനെ കുറിച്ച്. സത്താറിന്റെ വിവരണത്തിൽ നിന്നുമുള്ള അറിവ് വെച്ച് , 74 ൽ അന്തരിക്കുമ്പോൾ എനിക്കൊരു വയസ്സേ ആയിട്ടുണ്ടാകൂ. എങ്കിലും ആ നാമം പലയിടത്ത് നിന്നും പലപ്പോഴും കേട്ടു. ഇപ്പോൾ ഇവിടെ നിന്നും കൂടുതലറിയാനും സാധിച്ചു. തത്തമ്മക്കൂടിന്റെ മറ്റൊരു സുകൃതം!
വിശദമായ പ്രതിപാദനത്തോടെ അനുസ്മരണത്തിന് തുടക്കം കുറിച്ച സത്താർ, അനുഭവത്തിന്റെ അകമ്പടിയോടെ ഓർമ്മയുടെ ചെപ്പ് തുറന്ന കൂടിന്റെ കാരണവ ത്രയങ്ങളായ അലിഹസ്സൻ കാക്ക, എം ആർ സി, മുഹമ്മദ് കുട്ടി കാക്ക എന്നിവരും ചരിത്രശകലത്തോടെയുള്ള ലത്തീഫിന്റെ രചനയും അഭിനന്ദനമർഹിക്കുന്നു.
എല്ലാവരുടെ പ്രാർത്ഥനകൾക്കും ആത്മാർത്ഥമായി അമീൻ ചൊല്ലുന്നു.
----------------------------
ജലീൽ അരീക്കൻ
ഇന്ന് കൂട് അനുസ്മരിക്കുന്ന കുരിക്കൾ മൊയ്തീൻ കുട്ടി ഹാജി എന്ന മിതോണ്ടി മാഷ് എന്നെ ഒന്നാം ക്ലാസിൽ ആദ്യാക്ഷരം പഠിപ്പിച്ച എന്റെ ഗുരുവര്യനായിരുന്നു'' കുറ്റൂരിലെ പഴയ തലമുറയുടെ വിദ്യാഭാസ പുരോഗതിയിൽ അദ്ദേഹത്തിന്റെസേവനം വളരെവിലപ്പെട്ടതാണ്. വെള്ള നീളൻ കയ്യുള്ള കുപ്പായവും തോളിൽ ഒരു ഷാളും മുറുക്കി ചുവന്ന ചുണ്ടും ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. സത്താറിന്റെയും MRC യുടെയും ജലീലിന്റെയും പൂച്ചക്കയുടെയും റസാഖിന്റെയും കുറിപ്പുകൾ അദ്ദേഹത്തെക്കുറിച്ച് പുതിയ തലമുറക്ക് കൂടുതൽ അറിയാൻ സഹായിച്ചു. നാഥൻ അദ്ദേഹത്തിന്റെ പരലോകജീവിതം വിജയിപ്പിക്കുമാറാകട്ടെ - ആമീൻ
------------------------------------
ഹസ്സൻകുട്ടി അരീക്കൻ
കുരിക്കൾ മൊയ്തീൻ കുട്ടി മാഷെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് കുട്ടി ഹാജി തത്തമ്മക്കൂട് പ്രതിനിധി സത്താർ കുറ്റൂരുമായി നടത്തിയ അഭിമുഖത്തിൽ തന്റെ അനുഭവങ്ങൾ പങ്ക് വെക്കുന്നു,
ഓർമ്മയുടെ ഉമ്മറത്ത് മറയില്ലാതെ..........
ഇത് കുരിക്കൾ മുഹമ്മദ് കുട്ടി ഹാജി,
മിതോണ്ടി മാഷെ മകൻ,
ഇന്നത്തെ സായാഹ്നത്തിൽ പളളിപറമ്പിൽ വന്ന ഓർമ്മക്കുറിപ്പുകൾക്ക് പൂർണ്ണത വരുത്താൻ ഈ ഉമ്മറ വാതിൽക്കൽ കുറച്ച് നേരമിരുന്നു,
ആരോഗ്യത്തിന്റെ അവശതക്കിടയിലും മുഹമ്മദ് കുട്ടി ഹാജിയുടെ ഓർമ്മകൾക്ക് വല്ലാത്ത തെളിച്ചം,
പിതാവിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും അദ്ദേഹം ഓർത്തു പറഞ്ഞു.
നമ്മുടെ അക്ഷര പിതാവിന്റെ നൻമ നിറഞ്ഞ ജീവിതം വാക്കുകളായി മെല്ലെ ഒഴുകി വന്നു,
കാലവും, ദേശവും, അറിവും, അനുഭവവും, ആ പൂമുഖവാതിൽക്കൽ ഇന്നത്തെ സായാഹ്നത്തിൽ തളം കെട്ടി നിന്നു,
നമ്മുടെ ദേശത്തിന് അക്ഷരത്തിന്റെ അക്ഷയഖനി സമ്മാനിച്ച ആ ഗുരുവര്യന്റെ ഓർമ്മ തന്ന അനുഭവ തീക്ഷ്ണത വാക്കുകളായി പെയ്തിറങ്ങി............
ഇനി നമുക്ക് കുറച്ച് നേരം
ഓർമയുടെ അക്ഷര കുളിരുള്ള വാക്കുകൾക്ക് കാതോർക്കാം..........
👂👂👂👂👂👂👂👂👂👂👂👂👂
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
--------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
എന്റെ അഞ്ഞൂറ്
ആദ്യമായി ബേക്കറിയിൽ നിന്നും ലീവിനായി നാട്ടിൽ വരുമ്പോൾ 84 ' ആണ് എന്നാ ഓർമ .
ധുർഗ്ഗയിൽ നിന്നും വൈ ഗുന്നേരം മൂന്ന് മണിക്ക് കേറി ആറ് മണിക്ക് ശീമുഗയിലെത്തി. അവിടെ നിന്നും ഭക്ഷണമൊക്കെക്കഴിച്ച് മറ്റ് ക്കാര്യങ്ങൾ ഒക്കെക്കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് മംഗലാപുരത്തേക്കുള്ള ബസിൽക്കയറി - ബസ് നിറച്ചുംയാത്രക്കാരുണ്ട്.പല ഭാഷക്കാരു വേശക്കാരുമുണ്ട് .ക്കണ്ടക്ടർ ടിക്കറ്റൊക്കെ കൊടുത്ത് ക്കഴിഞ്ഞ് ബസി നഗത്തെ ലൈറ്റ്ഗൾ ഓരോന്നായി അണഞ്ഞ് തുടങ്ങി.. ബസ് അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. യത്രക്കാർ പലരും ഉറക്കം തുടങ്ങി. വാച്ച് അതിന്റെ ജോലി തുടർന്നു. ഏകദേശം പന്ത്രണ്ട് മണിയോടടുത്തു. ബസ് ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ നിർത്തി. ബസിനഗത്ത് ലൈറ്റ് കത്തി. കണ്ടക്ടർ വിളിച്ച് പറയുന്നുണ്ടായിരുന്നു. അരതകണ്ടെ ട്ടൈ മിതെനോ ടി. :ടി.കാഫി ഏേന നു ബേക്കാ ഇദ്രെ കുടി ബോഇദു. എന്നും പറഞ്ഞ് കണ്ടക്ടർ അദ്ധേഹത്തിന്റെ ബേഗും കക്ഷത്ത് ഒതുക്കി ട്രൈവറുടെ കൂടെ പുറത്തിറങ്ങി. കൂടുതൽ യാത്രക്കാരാരും ഇറങ്ങി രുന്നില്ല. പുകവലിക്കാരും. മൂത്രമൊഴിക്കാനു മറ്റുമുള്ളവരാണ് ഇറങ്ങിയവരിൽ കൂടുതലും. അപ്പഴൊക്കെ ഹോട്ടലിന്റെ മുന്നിൽ നിന്ന് ബസിലേക്ക് നോക്കി ഹോട്ടൽ ജീവനക്കാരൻ വിളിച്ച് പറഞ്ഞ് കൊണ്ടേ യിരുന്നു 'ബന്നിസാർ. ബി സി മെൺസിൻ കായി. ബജി.കോളി മുട്ടെ ബജി.ബി സി ഇ ട്ലി എന്നൊക്കെ .
അപ്പോഴേക്കും അനുവദിച്ച സമയം കഴിഞ്ഞ് കണ്ടക്ടർ വന്നു സീറ്റ് എണ്ണി നോക്കി വിസിലടിച്ചു. ഹൈ, എന്നും പറഞ്ഞു. ബസ് വീണ്ടും മുന്നോട്ട് നീങ്ങി തുടങ്ങി.
ബസിനകത്ത് ലൈറ്റുകൾ ഓരോന്നായ് അണഞ് തുടങ്ങി. യാത്രക്കാർ വീണ്ടും ഉറക്കത്തിലായി തുടങ്ങി. ട്രൈവർ അതിവേഗം ബസ് ഓടിച്ചു കൊണ്ടേയിരുന്നു. റോഡുകളൊന്നും ഇന്നത്തെ പോലെ സുഖമുള്ളതല്ലെങ്കിലും രാത്രി പാതിരാ ആയതിനാൽ ചെറുവാഹനങ്ങൾ കുറവായതും. ഇന്ന് നാം കാണുന്ന അത്ര വാഹനങ്ങൾ ഇല്ലാത്തതും ട്രൈവർക്ക് സുഖം കൊടുക്കും. അങ്ങിനെ ചിക്ക് മങ്ക്ളൂർ. ഉടുപ്പി. കുംട്ട. കുന്താപ്പുര ബസ് മoഗലാപുരത്തെത്താറാമി . ഇത്രയും സമയം ഞാൻ ഉറങ്ങാതെ ഇരിക്കുകയയിരുന്നു. എന്തി നന്നല്ലെ.? ഞാൻ ഒൻമ്പത് മാസം പണിയെടുത്താണ് വരുന്നത്. എനിക്ക് ഒരു മാസത്തെ ശമ്പളം 90 രൂപയാണ്. അതിൽ നിന്ന് നാട്ടിലേക്കയച്ചതിൽ ബാക്കി യാത്ര ചിലവിന്ന് മാറ്റി വെച്ച് ബാക്കിയുള്ള 500- രൂപ എന്റെടുത്ത് ചെറിയ ഒരു ബാഗുണ്ട്. അത് എന്റെ ഉമ്മാന്റെ അമ്മാവൻ തന്നതായിരുന്നു. അതിന്ന് പൂട്ടൊന്നുമില്ല. ആ ബാഗിലാണ് ' എന്റെ സമ്പാദ്യമായ അഞ്ഞൂറ് രൂപ വെച്ചത്. അതിന്ന് കാവലിരിക്കുകയായിരുന്നു. ബേഗ് സാദനങ്ങൾ വെകുന്ന മുഗളിലത്തെ തട്ടിൽ വെച്ച് ഇടക്കിടക്ക് നോക്കി കൊണ്ടിരിക്കുo
ബസ് മoഗലാപുരതെത്തി. എന്റെ സമ്പാദ്യ മടങ്ങിയ ബേഗുമെടുത്ത് റെയിൽവേ സ്‌റ്റേ ശനിലേക്ക് നടന്നു
------------------
ഹനീഫ 'PK
Tuesday, 7 February 2017
തത്തമ്മകൂട്ടിൽ നിന്ന് കുന്നുംപുറം ചന്തയിലേക്ക് നടന്നു പോവുന്നു
വേനലവധിക്ക് സ്കൂൾ പൂട്ടിയതിനാൽ, മദ്രസ്സ വിടുമ്പോൾ ഭയങ്കര സന്തോഷം!
അന്നും പതിവ് പോലെ ൻറെ സൈദ് എന്നെയും കാത്ത് റോഡരുകിൽ നി ർ ക്കന്നുണ്ടായിരുന്നു.
മദ്രസ്സ വിട്ടാൽ ഞാൻ സാവധാന മേ പുറത്ത് വരാറുള്ളൂ. ൻറെ സൈദ് പെട്ടെന്ന് റോഡിലെത്തും!
എന്നെക്കണ്ടതും ൻറെ സൈദ് പറഞ്ഞു അത്രാമാനേ ഇന്ന് ബുധനാഴ്ചയാണ്, ഞമ്മക്ക് ചന്തക്ക് പോണം!
അപ്പോഴാണ് ഞാനോർത്ത് ഇന്ന് കുന്നുംപുറം ചന്തയാണ്. എത്തി നാ ചന്തീക്ക് പോണ്?
ഒത കോഴി നെബി ക്കാണ്ട്, ൻറെ സൈദ് പറഞ്ഞു. അനക്കൊന്നും മാങ്ങാനില്ലേ?
കോഴീ നെ ബി ക്കും വേണം ഇച്ച് ഒരു തൊണ്ടും മാ ണം.
അനക്ക് പൈസ ട്ട് ബെക്കാനാണ്ണീ തൊണ്ട്?
ങ്ങാ... ൻറെ സൈദ് പറഞ്ഞു.
ജ്മേം കോഴീ നെ പുട്ച്ച്ട്ട് ബാ എന്ന് പറഞ്ഞു ഞാൻ ൻറെ പുരയിലേക്ക് പോയി.
ഉമ്മ വിളമ്പിത്തന്ന ചക്ക കൂട്ടാനും കഞ്ഞിയും വയറുനിറയെ കുടിച്ചു.
കൊക്കകോ കോ .....
ഞാൻ തിരിഞ്ഞ് നോക്കി....
മുറ്റത്തതാ ഒരു കോഴി ...... ഒപ്പം ൻറെ സൈദും!
ഉമ്മാ ഞാൻ ഇബന്റെ ഒപ്പം ചന്തയിലേക്ക് പോകാണ്.
ഉമ്മാന്റെ സമ്മതം കിട്ടി.
അങ്ങിനെയാണ്.ൻറെ സൈദിൻറെ കൂടെ എങ്ങോട്ട് വേണേലും ഉമ്മാ പറഞ്ഞയക്കും.
കോഴി മുന്നിലും ൻറെ സൈദ്പുറകിലും കൂടെക്ക ഞാനും!
കുട്ട്യേ കോഴീ നെ ബിക്കാനാ ? കണ്ടവർ കണ്ടവർ ചോദിക്കുന്നുണ്ട് 'വലിയ വില ചോദിച്ചു, ആരും വാങ്ങിയില്ല. - വഴിയരികിലുള്ള കാഴ്ചകൾ കണ്ടു കൊണ്ട് നടന്ന തിനാൽ കുന്നുംപുറത്ത് എത്തിയത് അറിഞ്ഞതേയില്ല.
വലിയ ആൾക്കൂട്ടം, വീടുകളിൽ നിന്ന് കുമ്പളങ്ങയും പല പച്ചക്കികളും ചേനയും ഒക്കെ നിരത്തി വെച്ചിരിക്കുന്നു.
സൈദേ അൻറെ കൈമലെത്താ?
അത് കോഴി തൂറിയ താ ........
ന്നാ തൊടച്ചാളാന്ന് പറഞ്ഞ് ഞാൻ ഒരു ആലില നിലത്ത് നിന്നെടുത്ത് ൻറെ സൈദിന് കൊടുത്തു.
ചന്തയുടെ നടുവിൽ ഒരു ആൽമരം ഉണ്ടായിരുന്നു. തെക്കുഭാഗത്ത് ഓടിട്ട നീണ്ട ഒരു ഷെഡ് പോലെ!
ഷെഡ്ഡിന്റെ കിഴക്ക് ഭാഗമൊക്കെ ഇറച്ചിക്കച്ചവടക്കാർ കയടക്കിയിരിക്കുന്നു.
വെറ്റിലടക്ക കച്ചവടം, കുഞ്ഞറ മുട്ടി കാക്കാൻറെ പാട്ട് പുസ്തക കച്ചവടം!
കൊയപ്പാത്തികൾ മൺപാത്രങ്ങൾ വിൽക്കുന്നു.
പല തരത്തിലുള്ള മിഠായികൾ നിരത്തി വെച്ചിരിക്കുന്നു.
സൈദേ അവടെയാണ് കോഴിക്കച്ചവടം, അങ്ങോട്ട് പോരേ - ....
കോഴി വിറ്റു. ഇനി ഒരു തൊണ്ടു മാങ്ങണം. നേരം കളയാതെ ഒരു തൊണ്ട് മാങ്ങണം.
കൊയപ്പാത്തി ഒരു തൊണ്ട് ൻറെ സൈദിന് കൊട്ത്തു. പാട്ടുകൾ ഒന്നുമറിച്ച് നോക്കി. നല്ല രസം!
ചന്ത മൈതാനിയുടെ
പകുതി കാലികൾ കൈവശപ്പെടുത്തിയിരിക്കുന്നു.
ഉച്ചവരെ മാത്രമേ ചന്തയുണ്ടാവുകയുക. ഉള്ളൂ.
ശോതമ്പിന്റെ കറി ( പായസം ) 5 പൈസക്ക് ഓരോരേ ക്ലാസ്സ് വാങ്ങി ......
നല്ല രസം ......
ല്ലേ സൈദേ
നാലണക്ക് ഞാൻ ഒണക്കമീൻ വാങ്ങി.
ഞമ്മള് പോകാ..
ൻറെ സൈദിന്റെ കോഴി തൂറാത്ത കയ്യിൽ പിടിച്ച് പുറത്തേക് നടന്നു.
ഒരു പാമ്പാട്ടി പാമ്പിനെ കളിപ്പിക്കുന്നു!
കുറേ നേരം നോക്കി നിന്നു. അതിനിടയിൽ ഒരാൾ വന്ന് എല്ലാ കച്ചവടക്കാരിൽ നിന്നും കാശ് വാങ്ങുന്നത് കണ്ടു. ചന്തക്കൂലി യാണെന്ന് ൻറെ സൈദ് പറഞ്ഞു.
പോരാൻ നേരത്താ കണ്ടത്, ഒരു ചെറിയ നാടോടി സർക്കസ്സ്! നേരമില്ലാത്തത് കൊണ്ട് പോരാൻ തീന മാനിച്ചു.
ഞമ്മക്ക് നിലറമ്പിക്കുടെ നടക്കാം :
ങ്ങും
അറളപ്പറമ്പ് കഴിഞ്ഞ് കുണ്ടഞ്ചാലിലെ വെള്ളച്ചാട്ടം കുറേ നേരം നോക്കി നിന്നു. വെള്ളത്തിലിറങ്ങി മുഖമൊന്ന് കഴുകി.
ഞാനൊന്ന് പാത്തട്ടെ ജ് ഈ തൊണ്ട് ഒന്ന് പിടിച്ചാന്ന് പറഞ്ഞ് ൻറെ സൈദ് തൊണ് എന്റെ കയ്യിൽ തന്നു.
ൻറെ സൈദിന്റെ ക്രിയകളൊക്കെ കഴിഞ്ഞ് ൻറെ കയ്യൊന്ന് പിടിച്ചാ....
സൈദിനെ ഒരു കൈ കൊണ്ട് വെള്ളത്തിൽ നിന്ന് കയറാൻ സഹായിച്ചു. ൻറെ സൈദ് വെള്ളത്തിൽ നിന്ന് കയറിയപ്പോൾ എന്റെ മറ്റേ കയ്യിലുണ്ടായിരുന്ന തൊണ്ട് താഴെ വീണ് പൊട്ടി, ൻറെ സൈദിനു് ദേഷ്യം വന്ന് എന്റെ ചെപ്പക്കുറ്റിക്ക് ഒറ്റയടി:...
ആ അടി കൊണ്ടതും ഞാൻ ഞെട്ടിയുണർന്നതും ഒരുമിച്ചായിരുന്നു!
--------
MRC
നാട്ടു ചന്ത - അനുഭവക്കുറിപ്പുകൾ............. ചെങ്കല്ലുകൊണ്ടുണ്ടാക്കിയ തൂണുകൾ, ഓടു കൊണ്ടും ഓലകൊണ്ടും മേഞ്ഞ മേൽക്കൂരകൾ, ഇടച്ചു മര് കൊണ്ട് പാർട്ടീഷൻ ചെയ്തിട്ടല്ലാത്ത ഒറ്റ ഹാൾ,.ഇങ്ങിനെയുള്ള രണ്ടോ മൂന്നോഷെഡുകളാണ് കുന്നുംപുറം ചന്തയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമായി എന്റെ മനസ്സിൽ വരുന്നത്.നാട്ടു ചന്തകളെ പറ്റി ഓർക്കുകയാണെങ്കിൽ ആദ്യമായി മനസ്സിൽ തഴുകി എത്തുന്നതും ബുധനാഴ്ചകളിലെ കുന്നു പുറം ചന്തയാണ്. എന്റെ വീട്ടി ൽ നിന്ന് ഏകദേശം പത്ത് മിനിട്ട് മാത്രം നടന്നെത്താവുന്ന ദൂരമേ കുന്നുംപുറം ചന്തയിലേക്കഉണ്ടായിരുന്നുള്ളു എനിക്ക് ഓർമ്മവെച്ച നാൾ മുതൽ അവിടെ ഈ ചന്തയുണ്ട്.ഒരു പാട് പ്രാവശ്യം ഞാൻ ചന്തയ്ക്ക് പോയിട്ടുണ്ട്. ആകെ ബഹളമയമായ അന്തരീക്ഷം. ഷെഡിന് അകത്തും പുറത്തുമായി നിരവധി കച്ചവടക്കാർ, വെണ്ടക്ക, തക്കാളി, പയർ, ചേമ്പ്, ചേന, കൈപ്പ, ഉള്ളി, ഉരുളക്കിഴങ്ങ് പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ വിൽക്കുന്നവർ, ആടുമാടുകളെ വിൽക്കാനും വാങ്ങാനും വന്നവർ, കൈകോട്ട്, പിക്കാസ്, കത്തികൾ, മഴു മുതലായവയുമായി വേറൊരു കൂട്ടർ, പലതരം വിത്തുകൾ വിൽപ്പനക്കാർ, വലവിൽപനക്കാർ, ഇറച്ചി വിൽപ്പനക്കാർ, നാടൻ കോഴി, പായ, നെല്ലിക്ക, ചെറുനാരങ്ങ വിൽപ്പനക്കാർ, ഉപഭോക്താക്കളെ മാടി വിളിക്കുന്നവർ, കമ്പോളവില ഉറക്കെ വിളിച്ച് പറഞ്ഞ് ആവശ്യക്കാരെ ആകർഷിക്കുന്നവർ, ഉത്പന്നങ്ങളുടെ ഗുണഗണങ്ങൾ സരസമായി വിശേഷിപ്പിക്കുന്നവർ, ചന്തയുടെ മറവിൽ പൈസ വെച്ച് കളിക്കുന്നവർ -ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള കുന്നു പുറം ചന്തയുടെ ഒരു നേർക്കാഴ്ചയായിരുന്നു ഇത്. അടുത്ത ദേശങ്ങളിൽ നിന്നായിരുന്നു കച്ചവടക്കാർ കൂടുതലും വന്നിരുന്നത്. ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളുടെയും ലഭ്യതയും വിലക്കുറവുമാണ് ഇവിടത്തെ പ്രധാന സവിശേഷത. തിങ്കളാഴ്ചയിലെ വേങ്ങര ചന്ത, ചൊവ്വാഴ്ചയിലെ ചേളാരി ചന്ത, ബുധനാഴ്ചയിലെ മഞ്ചേരി ചന്ത, വ്യാഴഴ്ചയിലെ തിരൂരങ്ങാടി- ചന്തപ്പടി ചന്ത, ശനിയാഴ്ചയിലെ കോട്ടക്കൽ ചന്ത, ഞായറാഴ്ചയിലെ കൊണ്ടോട്ടി ചന്ത ഇവയായിരുന്നു നമ്മുടെ അയൽദേശത്തുള്ള പ്രധാനപ്പെട്ട ചന്തകൾ .ഇതിൽ പല ചന്തകളും ഇപ്പോൾ ഓർമയിൽ മാത്രം അവശേഷിക്കുന്നു. ഇതിൽ യഥാക്രമം മഞ്ചേരി, കോട്ടക്കൽ, ചേളാരി, എന്നിവ ഏറ്റവും വലിയ ചന്തകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നതായി പഴമക്കാരിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ചന്തപ്പടിക്ക് ആ പേര് വരാൻ കാരണം ചന്ത നടന്നിരുന്ന സ്ഥലം ആയത് കൊണ്ടാണ്. ചന്ത നടന്നിരുന്ന പല സ്ഥലങ്ങളും ഇപ്പോൾ അന്യം നിന്നു പോയിരിക്കുന്നു. കുന്നുംപുറത്ത് ചന്ത നടന്നിരുന്ന സ്ഥലം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.ഉമ്മയും ബാപ്പയും ഒഴികെയുള്ളതെല്ലാം ചന്തയിൽ നിന്ന് കിട്ടുമെന്നാണു പഴമക്കാർ പറയാറുള്ളത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് കുന്നുംപുറം ചന്തയിൽ നിന്ന് സാധനങ്ങൾ മേടിച്ച് എന്റെ വീടിന്റെ മുമ്പിലൂടെ കടന്നുപോകുന്നവരുടെ ദൃശ്യം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
--------------------------------------------
(മുഹമ്മദ് സലിം കെ.പി)
✍ആദൃകാലങ്ങളിൽ ഉപ്പാൻ്റെ കൂടെയായിരുന്നു ചന്തയിലേക്ക് പോയിരുന്നത്
ഒരു ബുധനാഴ്ച ദിവസം ഇന്ന് ഞമമ്മക്ക് ചന്തീക്ക് പോവണം ഉപ്പ പറഞ്ഞു
കോഴികളെവിൽകാനുണ്ടാവും അടക്കയും
വീട്ടിലെ അരിവാൾകത്തി,കൈകോട്ട് പുല്ല് അരിയുന്ന അരിവാൾ കറി കത്തി എന്നിവ കാച്ചി രായിക്കാനും ഉണ്ടാകും(മൂർച്ച കൂട്ടാൻ)
ഈ സാധനങ്ങളെല്ലാം ഉണ്ടാവുംബോ എന്നെയും കൊണ്ടു പോവും
റോഡിലൂടെ നടന്നാണ് അന്നൊക്കെ പോയിരുന്നത്
വിൽപനക്കുള്ള കോഴിയെ ഞാനാണ് പിടിക്കാറ്
ഒരിക്കൽ കോഴി പിഠിത്തംവിട്ട് റോഡിലൂടെ പോയിട്ടുണ്ട്
റോഡില് എത്തീപ്പൊ ``ശരിക്ക് പുട്ച്ചോഇന്നാൾത്ത മാതിരി വിടണ്ട ഉപ്പ പറഞ്ഞു
🐓🐓🐓🐓🐓
ചന്തയിലെത്തിയാൽ കോഴി കച്ചവടക്കാർ വഴിയിലേക്ക് ഇറങ്ങിവന്ന് കോഴിയേയും വാങ്ങി പോവലാവും
പഴയകാലത്ത് ചെമ്മാട്ടങ്ങാടിയിലെ വാച്ച് കച്ചവടം പോലെ
പിന്നെ വിലപേശി വിൽക്കലാണ്
അന്ന് ചേളാരി സ്വദേശിയായ വലിയ മീശവെച്ച നല്ല ഉയരമുള്ള ഒരാളുണ്ടായിരുന്നു കോഴിയെ വാങ്ങാൻ
അദ്ധേഹത്തിനായിരുന്നു എല്ലാവരും കോഴിയെ നൽകിയിരുന്നത്
അയാൾ നല്ല വില തരുമായിരുന്നു....
ഒരിക്കൽ ചന്തയിൽ നിന്ന് ഒരു കോഴിയെ വാങ്ങി അത് വീട്ടിലെത്തിയപ്പോയേക്കും ചത്ത അനുഭവവും ഉണ്ടായിട്ടൂണ്ട് രോഗംവന്ന കോഴിയെ ഒരുകച്ചവടക്കാരൻ പറ്റിച്ചതായിരുന്നു
കുറച്ച് അടക്കയുമുണ്ടായിരുന്നു അത് വിറ്റ്
മൂർച്ച കൂട്ടാനുള്ള ആയുധങ്ങൾ ആലയിലുള്ള കൊല്ലനെ ഏൽപി ച്ചു
പിന്നെ നായരുടെ ചായ കടയിൽനിന്ന് എനിക്ക് ചായയും പൊറാട്ടയും വാങ്ങിതന്നു അത് കിട്ടാനാണ് ചന്തയിലേക്ക് പോരുന്നത് തന്നെ
അവിടുന്ന് ഞങ്ങൾ എൻ്റെ മൂത്താപ്പാക്ക് (കുഞ്ഞറമുട്ടി ഹാജി)ചന്തയിൽ
മുസ്ഹഫ് ഏട് പാട്ട് പുസ്തകങ്ങൾ ഇസ്ലാമിക ചരിത്ര കഥാബുക്ക് തൂടങ്ങിയ വിൽക്കുന്ന ഒരുഷെഡ് ഉണ്ടായിരുന്നു
അവിടെ കുറച്ച് സമയം ഇരിന്നു
അവിടെ യുള്ള ചരിത്രബുസ്തകങ്ങൾ (മൂസാനബീയും ഫിർഔനും മങ്ങാട്ടച്ചനും കുഞ്ഞായ് മുസ്ലിയാരും ,യൂസുഫ് നബി ചരിത്രം )ഇന്നെത്തെ തലമുറ കാണാത്തതും വായിക്കാത്തതുമായ പുസ്തകങ്ങൾ മറിച്ചു നോകിക്കൊണ്ടിരുന്നപ്പൊ
മൂത്താപ്പ എനിക്ക് മങ്ങാട്ടച്ചനും കുഞ്ഞായ് മുസ്ലിയാരീം കഥാബുക്ക് തന്നു
അത് വാങ്ങി കൊല്ലൻ്റെ അടുക്കലേക് പോയി
അവിടെ രണ്ട് പേർ അപ്പുറവും ഇപ്പുറവും ഇരുന്നു ഒരു ചക്രം പോലൂള്ള ഒരു യന്ത്രത്തിൻമേൽ കയർ കെട്ടി ഒരാൽ വലിക്കുംബോൾ അതിൻമേലുള്ള ചക്രം തിരിയും
മറ്റേയാൾ അതിൻമേൽ കത്തി വച്ച് കൊടുക്കും ബോൾ ക്രീം ......ക്രീം എന്ന ശബ്ദത്തോടെ തീപൊരിപാറുന്നത് കാണാം
കത്തിയുടെ വായ്തല വെള്ളീപോലെ തീളങ്ങും
അവിടെ മല്ലികച്ചവടവും ഉണക്കമീനുമായി തലയിൽ ടവ്വൽ കെട്ടിയിരുന്ന ഉയരം കുറഞ്ഞ ഒരാളുണ്ടായിരുന്നു
കോൽക്കളിയിൽ എൻ്റെ ഗുരുവായിരുന്ന ആലിക്കുട്ടി ഗുരിക്കൾ
ചന്തയുടെ ഉള്ളിലായി ഒരു വലിയ ആൽമരവും അതിനുചുവട്ടിലായിരുന്നു പായകച്ചവടക്കാരും കൈനോട്ടക്കാരും ഇരുന്നിരുന്നത്
കുറത്തികളുടെ കൈയ്യിലുള്ള തത്തകൾ ചീട്ട്എടുക്കുന്നത് നോക്കി നിന്നിട്ടുണ്ട്
വേങ്ങരയിൽനിന്ന് കൊണ്ട് വരുന്ന നല്ല ഇളം വെറ്റിലയും ചക്കര പുകയിലയും ചന്തദിവസം വരും അതുംവാങ്ങി
കൊടുവായൂർ മാർക്കറ്റിലെ ഇറച്ചിവിൽപനക്കാർ അന്നത്തെ കച്ചവടം കുന്നും പുറത്തായിരിക്കും
അബുകാക്കാൻ്റെ അടുക്കൽ നിന്ന് നല്ല പോത്തിറച്ചിയും വാങ്ങി
സാധനങ്ങൾ വിറ്റവകയിൽ നല്ല ശർക്കര മിഠായിയും വാങ്ങിയാണ് വീട്ടിലേക് പോന്നത്
എടവമാസത്തിൽ മഴതുടങ്ങിയാൽ പലതരം കാർഷികവിത്തുകളാവും ചന്തയിലുണ്ടാവുക
ചേംബ് ചേന,മത്തൻകുരു ,ചീരമുളക് തൈ തുടങ്ങിയവ വാങ്ങാൻ നല്ല തിരക്കുണ്ടാവും...
ആപഴയ കാലം എപ്പഴും ഒാർക്കും
--------------------------------------------------------------------
🐓🐏🌴🌱🍀🌿🌾🐐🐄 ✍കുഞ്ഞഹമ്മദ്കുട്ടി കെഎം
ചിന്തയിൽ തെളിയുന്ന കുന്നുംപുറം ചന്ത
➖➖➖➖➖➖➖
ഫൈസൽ മാലിക്ക് വി.എൻ
സ്കൂൾ കാലഘട്ടത്തിലെ ചന്തയാണ് ഓർമ്മ വരുന്നത് വളരെ കുറഞ്ഞ ചന്ത അനുഭവങ്ങളെ എനിക്കൊള്ളൂ കാര്യമായിട്ട് അന്ന് ചന്തയിലേക്ക് പോയിരുന്നത് വീട്ടിലെ നാടൻ കോഴികളെ വിൽക്കാനായിരുന്നു കോഴികളെ കാല് കൂട്ടിക്കെട്ടി തുണി സഞ്ചിയിലാക്കി ബസ്സിന് കുന്നും പുറത്തേക്ക് പോകും അന്ന് 50 പൈസയായിരുന്നു ബസ് ചാർജ്ജ്.നടന്നും പോയിട്ടുണ്ട്.
നാട്ടിൽ കോഴികൾക്ക് അസുഖം പരക്കുന്ന കാലത്ത് ബാക്കിയുള്ള കോഴികളെ വേഗം വിറ്റൊഴിക്കലായിരുന്നു പതിവ്. ചന്തകവാടത്തിന് പുറത്ത് വീതിയേറിയ റോഡ് സൈഡിൽ തന്നെയായിരിക്കും കോഴികച്ച വടക്കാർ കൂട്ടത്തിൽ അടക്ക, കശുവണ്ടി മുതലായവയും എടുക്കാൻ ആളുകളുണ്ടാവും. കോഴിക്ക് ഒരു നിശ്ചിത സംഖ്യയോ തൂക്കമൊ ഒന്നുമല്ല ഒരു മതിപ്പ് വില ഇങ്ങ് തരും കുട്ടികളായതിനാൽ ഞങ്ങൾ തർക്കിക്കാനൊന്നും നിൽക്കൂല.
അന്നത്തെ കൊടുവായൂർ മാർക്കറ്റ് കുന്നും പുറത്തിനോട് കിടപിടിക്കുന്നതായിരുന്നു (അതുക്കും മേലെ)
അത് കൊണ്ട് തന്നെ ഇറച്ചി,മീൻ, പച്ചക്കറിയൊന്നും വാങ്ങാൻ നിൽക്കാതെ ചന്ത ഒരു വിധം നടന്ന് കണ്ട് വീട്ടിലേക്ക് പോരും. പാത്രങ്ങളും തുണിത്തരങ്ങളും പണിയായുധങ്ങളും നാടൻ മരുന്നുകളും എന്ന് വേണ്ട ആവശ്യക്കാർക്ക് വേണ്ടതൊക്കെ ചന്തയിൽ ഒരുക്കിയിട്ടുണ്ടാകും അത് പോലെ ചെറിയ വിനോദങ്ങളും. സിനിമാ സ്റ്റാറുകളുടെ ഫോട്ടോയിൽ കാശ് വെച്ചുള്ള ഒരു കളിയുണ്ട് നോക്കി നിന്നതല്ലാതെ പങ്കെടുത്തിട്ടില്ല അത് പോലെ മാപ്പിളക്കാട്ടിലെ ഒരാളുടെ പാട്ടുപുസ്തക കച്ചവടവും മനസ്സിലുണ്ട് പേര് കുഞ്ഞറ മുട്ടി കാക്കയാണെന്ന് തോന്നുന്നു കൊടുവായൂരിലെ ഇറച്ചി കച്ചവടക്കാർ അന്ന് ഒരു പോത്തിനെ(?) കൂടുതൽ അറുക്കും ചന്തയിലേക്ക് കൊണ്ട് പോകാൻ. ഗ്രാമീണ ഉൽപന്നങ്ങൾ വിൽക്കാനുള്ള മികച്ച വിപണിയായിരുന്നു ചന്തകൾ.
തിങ്കൾ വേങ്ങര
ചൊവ്വ ചേളാരി
ബുധൻ കുന്നുംപുറം
ഇവയായിരുന്നു നമ്മുടെ പരിസരത്തെ ചന്തകൾ അതിൽ പഴയ പ്രതാപത്തോടെ സജീവമായി ചേളാരി ചന്ത ഇന്നും നിലനിന്ന് പോരുന്നുണ്ട്.
ഏ ആർ നഗറിലെ വ്യാപാരികൾ ഏതാനും വർഷം മുമ്പ് അങ്ങാടിയിൽ മാർക്കറ്റിലെ വിശാലമായ പറമ്പിൽ ചന്ത സ്ഥാപിക്കാനൊരു ശ്രമം നടത്തിയിരുന്നു എങ്കിലും ഏതാനും ആഴ്ചകളെ അത് നിലനിർത്താൻ കഴിഞ്ഞുള്ളൂ
അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം.
ആധുനിക ഡിജിറ്റൽ യുഗത്തിലും ചന്തയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല അത് അനുഭവിച്ചറിയണമെങ്കിൽ ഇന്ന് കുന്നും പുറത്തേക്ക് നടന്നു പോകുന്ന നമുക്ക് വരുന്ന ചൊവ്വാഴ്ച ചേളാരിയിലേക്ക് പോകാം...
അപ്പൊ എല്ലാവരും അടുത്ത ചൊവ്വാഴ്ച രാവിലെ 6 മണിക്ക് കക്കാടം പുറത്തെ ബസ് സ്റ്റോപ്പിൽ എത്തുക, അവിടെ നമ്മുടെ സ്വന്തം PMS (ഏർവാടി) നമ്മെ കാത്തിരിപ്പുണ്ടാകും.
-----------------------------------
ഫൈസൽ മാലിക്
ചന്ത
---------------
ഒത്തുകൂടലിന്റേയും കൊടുക്കല്‍ വാങ്ങലിന്റേയും ഉത്സവ പ്രതീതിയും ചന്തവും നിറഞ്ഞ പഴയ കാല ചന്ത കച്ചവടം പീടിക മുറിയിലേക്കും പിന്നീട് ഷോപ്പിംഗ് മാളുകളിലേക്കും വഴിമാറിയപ്പോള്‍ അന്യം നിന്നതും ഏറെക്കുറെ അസ്തമിച്ചതും ഗൃഹാതുരത്വം നിറഞ്ഞു നിന്നിരുന്ന ആഴ്ച ചന്തകളാണ്
നാട്ടിന്‍പുറങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളും മറ്റു ഉല്‍പ്പന്നങ്ങളും വില്‍ക്കാനും വാങ്ങാനും നാട്ടുകാര്‍ക്കാവശ്യമായ നിത്യോപയോഗ സാനധങ്ങള്‍ വാങ്ങാനുമെല്ലാം സംഘടിപ്പിച്ചിരുന്ന പഴയകാല സൂപ്പര്‍മാര്‍ക്കറ്റുകളായിരുന്നു ആഴ്ച ചന്തകള്‍
കുട്ടിക്കാലത്ത് കുന്നുംപുറത്തെ ബുധനാഴ്ച ചന്തയിലേക്ക് പോയത് ഇന്നും മറക്കാനാവാത്ത അനുഭവങ്ങളാണ്
സ്കൂള്‍ വെക്കേഷന്‍ കാലത്താണ് ചന്തയിലേക്ക് പോകാറുണ്ടായിരുന്നത്
മദ്രസ വിട്ട് വരുമ്പോഴേ വഴിയില്‍ വെച്ച് കൂട്ടുകാരുമൊത്ത് ചന്തയില്‍ പോകുന്നതിന് വേണ്ടിയുള്ള പ്ലാനിംഗ് തുടങ്ങും വീട്ടിലെത്തിയാല്‍ ഉമ്മയോട് തന്മയത്തോടെ കാര്യം അവതരിപ്പിച്ച് വീട്ടാവശ്യത്തിനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും
നിലപറമ്പില്‍ നിന്ന് ചോലകുണ്ട് വഴിയാണ് പോക്ക് അറലപറമ്പും കഴിഞ്ഞ് നീണ്ട് ഇടുങ്ങിയ ഇടവഴിയിലടെയുള്ള നടത്തം ചെന്നവസാനിക്കുന്നത് കുന്നുംപുറം ചന്തയുടെ പിന്‍വശത്തെ ഒഴിഞ്ഞ പറമ്പിലേക്കാണ് (ഇന്നവിടെ ഒഴിഞ്ഞ പറമ്പാണോയെന്ന് അറിയില്ല)
ചന്തക്കുള്ളിലേക്ക് കയറിയാല്‍ ആദ്യം എല്ലാ തരം കച്ചവടങ്ങളുടേയും അടുത്ത് പോയി ഒന്ന് നിരീക്ഷിക്കും
കൗതുകം നിറഞ്ഞ കാഴ്ചകളാണ് ചന്തയിലുടനീളം കാണാനാവുക
പലതരം സാധനങ്ങള്‍ വില്‍പ്പനക്ക് വെച്ച ആളും ആരവവും നിറഞ്ഞ ചന്ത
ചന്തയില്‍ വെച്ച് സ്കൂളില്‍ കൂടെ പടിക്കുന്ന കുന്നുംപുറത്തുള്ള സഹപാടികളെ കാണുമ്പോള്‍ കുറച്ച് നേരം അവരോടൊത്ത് കുശലം പറഞ്ഞും ആട് അങ്ങാടീ പോയ മാതിരി ചന്തയിലും പരിസരത്തുമൊക്കെയുള്ള കറക്കവും കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി തിരിച്ച് പോരുമ്പോള്‍ വലിയപീടിക വഴി കൊടുവാപാടത്ത് കൂടെയാണ് പോകാറ്
വീട്ടിലെത്തുമ്പോഴേക്ക് നേരം ഉച്ചയാകും
പഴയകാല ചന്തകള്‍ ഇന്നും മനസ്സിന് ചന്തമുള്ള ഓര്‍മ്മകളാണ്
നാട്ടിന്‍പുറങ്ങളിലെ വിശേഷങ്ങള്‍ പരസ്പരം കൈമാറുന്ന ഒരു സാംസ്കാരിക കേന്ദ്രവും വിലക്കുറവില്‍ ഏത് ഉല്‍പ്പന്നവും വാങ്ങാന്‍ പറ്റുന്ന ജനകീയ വിപണന മേഖലയും കൂടിയായിരുന്നു ചന്തകള്‍
പലയിടത്തും ചന്തകള്‍ ഓര്‍മ്മയായെങ്കിലും പഴയ പ്രതാപത്തിന്റെ ഗമയൊന്നുമില്ലാതെ നിലനില്‍ക്കുന്ന ആഴ്ച ചന്തകള്‍ ഇന്നുമുണ്ട്.
------------------------------------------------
✍അന്‍വര്‍ ആട്ടക്കോളില്‍
ചെറുപത്തിലെ ചന്ത അനുഭവം കുറവെങ്കിലും ഞങ്ങളുട മാർക്കറ്റ് കൊടുവായൂർ അയിരുന്നു
ചെറുപ്പത്തിൽ വല്ലിപ്പയുട കൈ പിടിച്ചു കൊടുവായൂരിലേക് നടന്നതും തൊഴിലാളി ഹോട്ടലിലെ ചായയും കടിയും ,മാർക്കറ്റിലെ കൃഷ്ണേട്ടന്റ് മുറുക്കാൻ കടയും , വല്ലിപ്പയുടയ് അവിടുത്തെ സഹൃദ സദസും , അയ്യപ്പൻ ചേട്ടന്റ് മസാല കടയും ഇന്നു മധുരമുള്ള ഓർമ്മകൾ ആണ്
കിന്റെൽ കണക്കിന് കശുവണ്ടി വല്ലിപ്പന്റെയും അമ്മാവന്മാരുട കൂടെ തലച്ചുമടായി പല വട്ടം കൊടുവയൂരിൽ കൊണ്ടുപോയി വിറ്റതും അന്നു അണ്ടി പെർക്കിയ കൂലി വല്ലിപ്പാന്റെയ് കയ്യിൽ നിന്നും വാങ്ങി മർക്കെറ്റിൽ നിന്നും സകലതും വാങ്ങിയതും ഇന്നു ഓർമകളിൽ നിറഞ്ഞു നിൽകുന്നു.....,.
--------------------------------
ഷമീം കുറുക്കൻ
ഓർമ്മകളിലെ ചന്ത കാഴ്ചകൾ
🔻🔻🔻🔻🔻🔻🔻🔻🔻🔻
നാട്ടു ചന്തകളും, ചന്ത വിഭവങ്ങളും, ചന്തകാഴ്ചകളും എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ് .
പതിവായി ചന്തക്ക് പോകാറില്ലങ്കിലും വേനലവധിക്ക് സ്കൂൾ പൂട്ടുംമ്പോൾ മിക്കവാറും ആഴ്ച്ചകളിലും ഞാൻ കുന്നുംപുറംചന്തക്ക് പോകാറുണ്ടായിരുന്നു.കൂട്ടിന് ചങ്ങായി മാരാരെങ്കിലും കാണും, മുക്കിൽ പീടികയിൽ നിന്ന് എറാംകുളം റോഡിൽ നേരെയും , ചിലപ്പോൾ എറാംകുളം കഴിഞ്ഞ് അറളപ്പറമ്പ് വഴി നടന്നാണ്പോകാറ്.
ചന്തയിലേക്ക് എത്തുന്നതിന് മുമ്പായി അദ്രേ മാൻ ഡോക്ടറുടെ ക്ലിനിക്കും, രാമൻറ തയ്യൽ കട നിന്നിരുന്ന പഴയ ബിൽഡിംഗും പിന്നിടണം. പതിഞ്ഞ താളത്തിൽ ചെറിയ കട.. കട... സൗണ്ടോടുകൂടി രാമേട്ടൻ മെഷീൻ ചവിട്ടുന്നത് നമ്മുടെ കാതുകളിൽ മുഴങ്ങും .ചന്തപ്പറമ്പിലേക്ക് കടക്കുന്നവ ഴി യിൽ പഴയ പൊടിമില്ലിൽ നിന്നും പൊടിക്കുന്ന സൗണ്ടിനൊപ്പം മല്ലിയുടെയും മുളകിന്റെയും ഗന്ധം മൂക്കിലേക്ക് അടിച്ച് കേറും.(ആസ്ഥലത്ത് ഇന്ന് മുജാഹിദ് പള്ളിയാണ് ) തൊട്ടടുത്ത കെട്ടിടത്തിന്റെ വരാന്തയിലും മുറ്റത്തും ചില സമയങ്ങളിൽ നാടോടികളായ വെള്ളപ്പൊക്കക്കാർ കുടുംബസമേതം ഭക്ഷണം പാകം ചെയ്യുന്നതും വിശ്രമിക്കന്നതും കണ്ടിട്ടുണ്ട്. വസ്ത്രങ്ങളടങ്ങിയ വലിയ ഭാണ്ഡക്കെട്ടും തരം തിരിക്കുന്നത് കാണാം
ചന്തയുടെ കിഴക്ക് ഭാഗത്ത് നിന്നും ചാണകത്തിന്റെയും ചോരയുടെയും അറവ് മാലിന്യത്തിന്റെയും എല്ലാം കൂടി കലർന്ന ഒരു രൂക്ഷ ഗന്ധം നമ്മെ തേടിയെത്തും. അവിടെയാണ് പോത്തിനെയും ആടിനെയും മറ്റും അറുക്കുന്നത്.
കിഴക്ക് നിന്നും നോക്കിയാൽ ചന്തപ്പുരയിലെ ആദ്യമെത്തുക എന്റെ ഓർമയിലുള്ളത് വീരാശേരീലെ റാഫിയുടെ കോഴിക്കടയും പിന്നീട് ചന്തക്കും വെള്ളി യാഴ്ച്ചയും മാത്രം വരുന്ന കൊടുവായൂരിലെ എർച്ചി കാക്കയുടെ കച്ചോടം പിന്നീട്, വിരാശേരീലെ അബോക്കരാകാന്റെ ആട്ടർച്ചി കച്ചോടം, പിന്നെ അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത എർച്ചിമാനൂന്റെ പോത്തർച്ചി കച്ചോടം, വീണ്ടും ആട്ടർച്ചി, പിന്നെ മീൻ കച്ചോടക്കാർ.....
ആലിന്റെ ചുവട്ടിൽ കമ്പിക്ക് ചുറ്റും വലകെട്ടി കോഴിഞ്ഞുങ്ങളെ വിൽകുന്നവർ, തൈകളും വിവിധയിനം വിത്തുകളും മറ്റും വിൽക്കുന്നവർ ,മൺപാത്ര കച്ചവടക്കാർ, ചന്തക്ക് വന്നവരും പോകുന്നവരുമായ ആളുകളുടെ ഒച്ചയും ബഹളവും കച്ചവടക്കാരുടെ മാടി വിളിയും ആക്രോശങ്ങളും എല്ലാം കൂടിയ നല്ല തിരക്കുള്ള കാഴ്ച തന്നെ ആയിരുന്നു.
ചന്ത പറമ്പിലെ പടിഞ്ഞാറ് വശത്ത് പുസ്തകങ്ങൾ വിൽക്കുന്ന ഒരു കാക്ക ഉണ്ടായിരുന്നു, പിന്നെ പച്ചക്കറികൾ കൂട്ടിയിട്ട മറ്റൊരു കച്ചവടക്കാരൻ , തൊട്ടടുത്ത് ഫോട്ടോകൾ വിൽക്കുന്ന ഒരാൾ, സിനിമാ താരങ്ങളുടെ ഫോട്ടോകളിൽ കാഷ് വെച്ച് ഭാ ഗ്യം പരീക്ഷിക്കുന്ന മറ്റൊരു കൂട്ടർ, പിന്നെ കത്തി മൂർച്ചം കൂട്ടുന്ന ഒരാൾ.
വടക്ക് ഭാഗത്ത് വളേങ്കാടന്റെ കടയുടെ പിന്നാമ്പുറമാണന്നു തോന്നുന്നു ഓട് ഇട്ട് ഇറക്കി കെട്ടിയ ഭാഗത്ത് ആദ്യം ഒരു കാക്കയും, മകനും പച്ചക്കറികളുമായി കച്ചവടം നടത്തുന്നത് കാണാം .ഞാൻ അവരുടെ അടുത്ത് നിന്നാണ് സാധാരണ വാങ്ങിക്കാറ്.ആ കാക്ക കുറച്ച് സൈഡിലോട്ട് മാറി വെറ്റിലയും, പോലയും വിൽകലാണ് പതിവ്. അവിടെ എത്തുമ്പോൾ നല്ല ഒരു മണമുണ്ടാകും. അത് അയാളുടെ കയ്യിലുള്ള സ്പെഷൽ ചക്കര പോലയുടെ മണമാണ്. ചന്തയെ കുറിച്ചോർകുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നതും ഈ മണമാണ്.
എന്റ ചെറുപ്പത്തിൽ വല്ലിപ്പ ചന്തയിൽ പോയി വരുമ്പോൾ ഈ മണം ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ,വല്ലിപ്പ കൊണ്ടുവരുന്ന ചക്കരപ്പോലയുടെ അതേ മണം ഇപ്പോഴും ഇവിടെ എനിക്ക് ആസ്വതിക്കാൻ പറ്റുന്നുണ്ട്.
ഇവരുടെ അടുത്തായി തന്നെ കത്തികളും മറ്റു ആയുധങ്ങളും അണച്ച് കൊടുക്കുന്ന വേറെ ഒരു ആളും ഉണ്ടാകാറുണ്ട്.
പിന്നെ കൈകോട്ട്, പിക്കാസ്, ഐരേ കത്തി, മഴു മുതലായവയുടെ " തായി " വിൽകുന്നവർ, കൊട്ട, മുറം, കൊട്ടകയിൽ, അങ്ങിനത്ത മുള കൊണ്ടുണ്ടാക്കിയ വസ്തുക്കൾ വിൽക്കുന്നവർ മുതലായ കച്ചവടക്കാരും ചന്തപ്പറമ്പിൽ ഉണ്ടാവാറുണ്ട്.
ചന്തയിൽ നിന്നും വേങ്ങര റോഡിലേക്ക് കടക്കാൻ ഹോട്ടലിനോട് ചാരി ഒരു ഇടവഴി ഉണ്ട് അതിലൂടെ പോകുംമ്പോൾ പാൽ ചായ അടിക്കുന്നതും പൊറോട്ടയുടെയും എല്ലാം കൂടി ഒരു പ്രത്യേകമണം വരാനുണ്ട്. കാരണൻമാരുടെ കൂടെ ചന്തക്ക് പോയാൽ അവിടുന്ന് കാലി പൊറാട്ടയും ചായയും പതിവായിരുന്നു.
ഗൃഹാതുരത്വം ഉണർത്തുന്ന ചന്തകളും കാഴ്ചകളും ഇന്നലെകളിലേക്ക് ഓടിയൊളിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു തിരിഞ്ഞ് നോട്ടം തന്നെ മനസ്സിൽ ഒരു പാട് സന്തോഷം നിറച്ച പോലെ.
എടക്കരക്കും, പെരിമ്പിലായിക്കും, വാണിയമ്പലത്തേക്കും മറ്റും നടന്ന് ചന്തക്ക് പോയിരുന്നതായി വല്ലിപ്പ പറഞ്ഞതോർകുന്നു. അന്നൊക്കെ അത് കേട്ടപ്പോൾ അത്ഭുതമായിരുന്നു എനിക്ക്.ഒരു നൂറ് മീറ്റർ നടക്കേണ്ടിടത്തേക്ക് ഇന്ന് സ്കൂട്ടറില്ലാതെ നമ്മളാരും പോവാറില്ല.
ചന്തയോർമ്മകൾ എല്ലാം അസ്തമിച്ച ഇനി വരുന്ന തലമുറയോട് ഞാനും പറയും "പണ്ട് എറാംകുളത്തിന്റെ അതിലൂടെ.. അറളപ്പറമ്പിലൂടെ ഞാനും നടന്ന് കുന്നുംപുറം ചന്തക്ക് പോയിട്ടുണ്ടന്ന് ".
---------------------------------------------
📝 ബാസിത് ആലുങ്ങൽ
ഞാൻ കണ്ട ചന്ത
〰〰〰〰〰〰
വരൂ ...കുന്നുംപുറം ചന്തയിലേക്ക് ...
ഇവിടെ കൊട്ടയും കെട്ടക്കയിലും കൊട്ടക്കോരിയും കിട്ടും.
കൈതോലപ്പായയും പുൽപായയും കിട്ടും.
കുപ്പിവളയും കൺമഷിയും
അറബിപാൽ കായവും കിട്ടും.
മൺചട്ടിയും ചീന ചട്ടിയുംവട്ടിയും
തൊട്ടിയും വെട്ടുകത്തിയും
കൈകോട്ടും കിട്ടും
ആഴ്ചചന്തയിൽ ആളു നിറയുന്നു
ഒരാഴ്ചക്കുളള സാധനം വാങ്ങുന്നു.
മല്ലിയും മുളകും മസാലപ്പൊടി കളും
വെറ്റില, പുകയില മുറുക്കാൻ വകകളും
പാനീസ് വിളക്കുകൾ പലതരം പാത്രങ്ങൾ
പാതയോരം വരെ നിരന്നു നിൽക്കുന്നു.
കാലികൾ, ആടുകൾ കോഴിക്കച്ചോടവും
കാലമായ് തുടരുന്നു ഈ നാട്ടുചന്തയിൽ
അണ്ടിയും അടക്കയും കുരുമുളകും ഇഞ്ചിയും
വിത്തുകൾ തൈകളും
വിൽക്കാനും വാങ്ങാനും തിക്കത്തിരക്കുന്നു.
കഥ പാട്ടുപുസ്തകം വിൽക്കുന്ന കാക്കയും പാട്ടുകൾ പാടുന്നു കച്ചോടം പൊടിക്കുന്നു
പോത്തിറച്ചി കൊറുകോടെ തൂങ്ങുന്നു
ആട്ടിറച്ചിക്കാരും ആളെ വിളിക്കുന്നു.
ആരവം മുഴങ്ങുന്നു ആളുകൾ തിരക്കുന്നു
ആകെ ബഹുരസം ചന്ത -
കച്ചോടം മുറുകുന്നു
ഞാനൊന്നു ചുറ്റിക്കറങ്ങിയീ ചന്തയിൽ
കത്തി മൂർച്ച കൂടിയെങ്കിൽ
ക്ഷമിക്കുവീൻ
---------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
കുന്നുംപുറം ചന്തയെപ്പറ്റി എല്ലാവരുടെയും എഴുത്ത് പഴയ ഓർമകളിലേക്ക് കൊണ്ട് പോയി. വളരെ നന്നായി. അതിൽ പേരറിയുന്ന ആൾ Km കുഞ്ഞറ മുട്ട്യാക്കയും ഇറച്ചി മാനുവും തന്നെ. മാനു ഇപ്പോഴും അതേപടി ഉണ്ട്. ചന്തയും ചന്തപ്പുരയും ആലും ആലയും കോഴികളും കോഴിക്കൊട്ടകളും മല്ലിയും മുളകും വിത്തുകളും തൈകളും ' തായ്കളും കാമ്പുകളും ' അങ്ങനെ അങ്ങനെ ..... പിന്നെ, ആ സുഖമില്ലാത്ത ആ കാക്കയും വലിയ തലേക്കെട്ടും വലിയ വടിയും കുത്തിപ്പിടിച്ച്..... നേരിയ തോതിൽ തെയ് - വിത്ത് , അത് പോലുള്ള ചില കച്ചവടക്കാരെ ഇപ്പോഴും ബുധനാഴ്ചകളിൽ പ്രത്യേകമായി കാണാം.അതിൽ നിലപറമ്പ് ഭാഗത്ത് നിന്ന് വരുന്നവർക്ക് മറക്കാൻ പറ്റാത്തതാണ് ചോലയും ചോലക്കാടും ചോലയുടെ കുത്തൊഴുക്കും ... എന്ത് രസമാണ്, ഒന്ന് കാതോർത്തു നോക്കിക്കേ..... ചോലയുടെ ആ ഗംഭീര - ......, ശബ്ദം !!
----------------------------------------------
📝 പൂവഞ്ചേരി മൊയ്തീൻ കുട്ടി
ചന്തമുള്ള ചന്തയോർമ്മകളിൽ തെളിയുന്നത് കൂട്ടുകാരന്റെ കൂടെ പോയതും ഒന്ന് വെച്ചാൽ രണ്ടും രണ്ടു വെച്ചാൽ നാലും വെക്കുന്ന കളിക്കാരിൽ പണം വെച്ചു അതെല്ലാം നഷ്ടമായിട്ട് അന്തം വിട്ട് നിൽക്കുന്ന ആളുകളും മുള ഉല്‌പന്നങ്ങളുമായി നിൽക്കുന്ന കച്ചവടക്കാരും ഒരു ഭാഗത്തു ഉണക്ക മീൻ കച്ചവടക്കാരും നേരത്തെ പറഞ്ഞ കുഞ്ഞിമുഹമ്മദ്‌ന്റെ മൂത്താപ്പയുടെ പുസ്തക സെക്ഷനും വിത്തും കൈകൊട്ടുകളും എല്ലാമായി റോഡ് നിറഞ്ഞു നിൽക്കുന്ന കച്ചവടക്കാരുടെ ഉറക്കെയുള്ള വിളിച്ചു പറച്ചിലുകളും നാടൻ കോഴികളുമായി നിൽക്കുന്ന കച്ചവടക്കാരും എല്ലാം എല്ലാം ഇന്ന് വെറും ഓർമ്മകൾ മാത്രം. എന്നാലും ഈ പ്രവാസത്തിൽ നമ്മുടെ കുന്നുംപുറം ചന്തയും അവിടെ ചെല്ലുമ്പോൾ ഉള്ള കാരണവന്മാരുടെ ഉറക്കെയുള്ള വിലപേശലുകളും എല്ലാം ഒരു മധുര സ്വാന്ത്വനമായി ഓർമകളിൽ നിഴലിക്കുന്നു.
--------------------------------------
നൗഷാദ് പളളിയാളി
🐓🐓 🐓🐓
✍അടുത്ത വീട്ടിലുള്ള കോഴികൾക്കൊക്കെ രോഗമാണ് വീട്ടില് വലിയൊരു പൂവൻ കോഴിയുണ്ട്
അതിനെ രാവിലെ വിട്ടാൽ വൈകുന്നേരം കൂടണയാൻനേരത്തെ എത്തുകയുള്ളൂ
.```!`നാളെ ബുധനാഴ്ചയല്ലേ ആ ചമ്മക്കനെ വിടണ്ട ഞമ്മക്ക് ചന്തക്ക് കൊണ്ട് പോയി വിൽക്കാം
അത് തെണ്ടിപ്പോയി സ്വവകടേറ്റ് വരും മറ്റെ കോഴിക്കൾക്ക് കൂടിപകരും
ഉപ്പ പറഞ്ഞു
``-`ഇജ് നാളെ ആകോഴിന കുന്നും പുറത്തേക്ക് കൊണ്ട് പൊയ്ക്കൊ
മീഷക്കാരൻ കാക്കാക് കൊടുത്താ മതി അയാൾക്ക് അന്നെ അറീലൊ അയാള് പറ്റിക്കൂല എന്നോട് പറഞ്ഞു
ഞാനത് കേൾക്കാൻ കാത്തിരിക്കല്ലേ അന്ന് സ്കൂളിലേക് പോവാതെ രക് പ്പെടാലോ'''',
പിറ്റേദിവസം കോഴിയെ പിടിച്ച് കാല് കെട്ടി
ഒരുഷീല കഷ്ണം കൊണ്ടായീരുന്നു കാല് കെട്ടിയിരുന്നത് ഒരുതല വലിച്ചാൽ പോരത്തക്ക വിതമായിരുന്നു
എൻ്റെ അടുത്ത് തന്നു
ഒരു സൈഡിലൂടെ പൊയ്ക്കോ എന്നും പറഞ്ഞു
ഞാൻ കോഴിയുമായി തോട് വരംബിലൂടെ കൊടക്കല്ലിന് മുൻപിലത്തിയപ്പോ തിരൂരിലേക് പോവുന്ന എരണിക്കൽ ബസ്സ് ഹോണടിച്ചതും കോഴി ഒന്ന് പിടച്ചു എൻ്റെ പിടിത്തം വിട്ടു
കാല് കെട്ടിയ കയറാണ് കയ്യിൽ കിട്ടിയത് അതും വലിച്ചാൽ പോരുന്ന ഭാഗവും
കോഴി നേരെ പണിക്കര തൊടിയിലേക് ഒാടി വില്ലേജ് ഒാഫീസർ മോഹൻ്റെ വീട്ടിലെ അംബലത്തിൻ്റെ മുകളിൽ ഇരുന്നു ഞാൻ പിറകെയും ഞങ്ങൾ രണ്ടാളെയുഃ കണ്ട് വീട്ടിലെ നായ കൊരയോട് കൊര
ആ വീട്ടിലെ പ്രായമായ സ്ത്രീ ഇറങ്ങി വന്ന്
അയ്യ..യ്യേ... എന്താപ്പത് ഏതാഈ കുട്ടി ശൊ ആകെ നാശാകീലോ ൻ്റെ ഭഗവാനെ ...... എന്നൊരു വിളി
കുട്ടിക്ക് അറീലെ..... ഇങ്ങോട്ടവരാൻ പാടില്ലാന്ന്...എന്നൊക്കെ പിറു പിറുക്കുന്നു
കോഴീക്കും എനിക്കൂം അറിയില്ലല്ലോ അങ്ങോട്ട് പോവാൻ പാടില്ലാന്ന്
ഞാൻ അവിടെ കണ്ട ഒരു ചെടി ഒടിച്ച് വീശി കോഴിയെ അവിടന്ന് ചാടിച്ചു
പിന്നെയാണ് മനസ്സിലായത് ഞാൻ ഒടിച്ചത് തുളസി ചെടിയായിരുന്നന്ന്
കോഴി പിന്നെ നേരേ കൊല്ലൻ അറമുഖൻ്റെ വീട്ടിലേക്
അവിടെ മുറ്റത്ത് ഒാണത്തിനുള്ള അത്തപ്പൂക്കളമിട്ടിരുന്നു അതും ഞങ്ങള് രണ്ടാളും ശരിയാകി
എന്തിനുപറയാൻ
പിന്നെ കോഴിയെ പിടിക്കാൻ വീട്ടുകാരും കൂടേണ്ടിവന്നു ഇനിയും നാശനഷ്ടം ഉണ്ടാവുമെന്ന് പേടിച്ച് അവർ പിടിച്ചു തന്നു
ഞാനും കോഴിയും നല്ലവണ്ണം ക്ഷീണിച്ചിരുന്നു
റോഡിലേക് കയറി പൈപ്പി ൽനിന്ന് വെള്ളവും കുടിച്ച്കുന്നുംപുറത്ത് എത്തിയപ്പോഴേകും ചന്ത കഴിഞ്ഞ് മീശക്കാരൻ കാക്ക പോയിരുന്നു
തിരിച്ചു വീട്ടിലേക്ക് തന്നെ പോരുകയാണ് നേരത്തെ കോഴി പാഞ്ഞ സ്ഥലത്തെത്തിയപ്പോഴുണ്ട് മോഹനൻ്റെ വീട്ടിൽ കുറെ ആളുകൾ കൂടിയിരിക്കുന്നു
ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു വീട്ടിലെത്തി കാരൃങ്ങൾ പറഞ്ഞു
അടുത്തദിവസം മോഹനൻ്റെ വീട്ടിൽ
ശുദ്ധികലഷവും അഘണ്ഢനാമ യജ്ഞവും
എന്നൊരു ബോഡ്
ഒരുകോഴിയൂണ്ടാകിയ വിന
😄😄😄😄😄😄😄😄😄
കുഞ്ഞഹമ്മദ്കുട്ടി കെഎം
------------------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
Subscribe to:
Posts (Atom)