Saturday, 25 April 2020

റമളാൻ ആഗതമായി


റമളാൻ നമ്മിലിന്നാഗതമായി
റഹ്മത്തിൻ കവാടങ്ങൾ തുറന്നിടലായി...

റബ്ബോടടുക്കുവാൻ നേരമിതായി .....
റമദാനിൻ പുണ്യങ്ങൾ ചേർനിടലായി .....

ദുനിയാവിൻ പിടിയിൽ നിന്നകന്ന് പോകേണം
ദാനധർമ്മങ്ങൾ അധികരിക്കേണം ...
                       
നരകത്തിൽ വാതിലിന്നടച്ചു കഴിയും
നൻമകൾ ഏറെ നാം ചെയ്ത് കഴിയും

വിത്റും തറാവീഹും നിസ്കരിക്കേണം 
വിജയത്തിൻ പാതയിൽ നേരേ നീങ്ങേണം

കോവിഡ് കാലം പ്രയസത്തിലാണ്
കൊച്ചു വൈറസിൻ ദുരിതങ്ങളാണ് 
എല്ലാം ശിഫയാക്കി നീ തന്നിടേണം
നിൻ്റെ കാരുണ്യം എന്നിലേകേണം ......

---------------------------------------
📝സിറാജ് അരീക്കൻ

Friday, 24 April 2020

📖📖 അഹ്‌ലൻ യാ റമളാൻ 📖📖


മനുഷ്യനായ് പിറന്ന നീ അറിഞ്ഞിടേണം..  
മഹ്മൂദർ നബിയെ നീ ഓർത്തിടെണം..  
മക്ക മദീന തൻ പോരിഷകൾ..
മുത്തിൻ മദ്ഹ് ചൊല്ലി പാടി ടെണം..
മഹിമയേറും മാസം റമളാൻ വന്ന്..
മാലോകമെങ്ങും ഇന്ന് റഹ്മത്താണ്..
മനസ്സിലെ കറകൾ കഴുകിക്കളയാൻ.
മനസ്സുറപ്പിച്ചോ നീ മാപ്പോതിക്കൊ..
മടിക്കല്ലേ പരിശുദ്ധ ഖുർആനോതാൻ..  
മനസ്സിൽ നിറയട്ടെ ഏറെ ഈമാൻ..
മാനവാ തുണക്കെണം നീ ഞങ്ങളെ..
മനസ്സ് നന്നാക്കണെ. നീ കനിവാലെ..       
മാരിയിലാണിന്ന് മനുഷ്യരെല്ലാം..
മാറ്റണം ഈ വ്യാധി യാ..റഹീമെ..
മുത്ത് ഹബീബിൻ്റെ ഇഷ്ക്ക് നുകരാൻ..
മാസം റമളാൻ നീ തുണയാക്കണെ..
മൗത് ഹയാതിന്ന് ഉടമസ്തനെ..
മനസ്സിൽ ഈമാൻ നിറച്ചിടണെ..
മൗതീൻ സമയത്ത് യാ റഹ്മാനെ.. 
ഈമാൻ സലാമത്ത് ആക്കീടണേ...🤲🏻🤲🏻   
---------------------------
മുജീബ് കെ.സി, 

Saturday, 18 April 2020

😎😎 വ്യാജൻ 😎😎


ഹലോ.. അബ്ദുട്ടിയല്ലേ... എടാ..ഞാനാ.. സൂപ്പി ..

"ഹാ.. എന്താടാ സൂപ്പി... നീ ഇപ്പോ നമ്മളെ ഗ്രൂപ്പില് കിടന്ന് വിലസാണല്ലോ.. എന്തെല്ലാം പോസ്റ്റുകളാ നീ ഫോർവേഡ് ചെയ്യുന്നത് !! "

"എടാ.. അതൊക്കെ വെറുതെയിരിക്കുമ്പോ ഒരു രസത്തിന് വിടുന്നതല്ലേ?"

"എന്നാലും നിനക്ക് എവിടുന്നാ സൂപ്പീ.. ഇത്ര വിവരങ്ങൾ കിട്ടുന്നത്..! കൊറോണക്ക് ചെറുനാരങ്ങ തോടോടെ ജൂസടിക്കാൻ മെഡിക്കൽ കോളേജിലെ പ്രൊഫസർ പറഞ്ഞതും  പ്രതിരോധത്തിന് കറുമൂസ കഴിക്കാൻ വേറൊരു ഡോക്ടറുടെ ക്ലിപ്പും.. നീ സൂപ്പി ആള് മൂപ്പൻ തന്നെ.''

"എടാ.. അതൊക്കെ ഞാൻ വെറുതെ അടിച്ചു വിട്ടതാ..."

അപ്പോ .. നമ്മുടെ മാർക്കറ്റിലെ കച്ചവടക്കാരൻ്റെ വീട്ടിൽ ആരോ കൊറോണ നിരീക്ഷണത്തിലാണ്, അവർ പോസിറ്റീവായ ഒരാളുടെ വീട്ടിൽ പോയിരുന്നു എന്നൊക്കെ നിൻ്റെ വോയ്സ് ക്ലിപ്പ് കണ്ടല്ലോ.. അതോ..?

"എടാ.. ആ കഷണ്ടിയല്ലേ.. അവന് കുറച്ച് ഡംപ് കൂടുതലാ.. ഇപ്പോ  അവൻ്റെ കച്ചോടം പകുതി കുറഞ്ഞില്ലേ .."

എടാ.. സൂപ്പീ .. ഇതൊക്കെ മോശമല്ലേ .. ആകട്ടെ .. നീ ഇപ്പോ എവിടാ .. വീട്ടിൽ തന്നെയല്ലേ ... ഞാൻ നിൻ്റെ വീട്ടിൻ്റെ മുന്നിലൂടെ പാസ് ചെയ്യുന്നുണ്ട്. നീ ഗേറ്റിന് പുറത്ത് വാ.. "

സൂപ്പി വേഗം ഷർട്ടിട്ട് പുറത്തിറങ്ങി. ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങിയതും ഒരു പോലീസ് വണ്ടി ഓടി വന്നു മുമ്പിൽ നിർത്തി. 

"എടാ..  ഈ കൊറോണക്കാലത്ത് വ്യാജവാർത്തയുണ്ടാക്കി പ്രചരിപ്പിച്ച് നീയൊക്കെ നാട് നശിപ്പിക്കുമല്ലേ.. കേറെടാ വണ്ടീല്."

ഒറ്റത്തള്ളിന് സൂപ്പി വണ്ടിക്കകത്ത്. അപ്പോൾ ഒരു പോലീസുകാരൻ സൂപ്പിയുടെ റെക്കോഡ് ചെയ്ത ടെലഫോൺ സംഭാഷണം ഒന്നുകൂടി അവന് കേൾപ്പിച്ചു കൊടുക്കുന്നുണ്ടായിരുന്നു.
----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ

Friday, 17 April 2020

മഴ വര


ഓട്ടിന്‍ പുറത്താരോ മുത്തു വിതറിയ പോല്‍
ചറ പറ ഈണത്തില്‍ മീട്ടിത്തുടങ്ങി അവള്‍...

തെക്ക് നിന്നൊരു കാറ്റ് അടിച്ചപ്പോള്‍
മാമ പറഞ്ഞു കലിയന്‍ പോയെന്നു...

കാറ്റ് തലോടിയ മാവിന്റെ ചോട്ടില്‍  
മാങ്ങകളോരോന്നായി പെയ്തിറങ്ങി...

തൊപ്പിക്കുട ചൂടി കൈകോട്ട് വീശുന്ന
നാടിയെ കണ്ടു ഞാന്‍ കൌതുകം കൂറി....

ആഞ്ഞു പെയ്താല്‍ വീടിന്റെ ഓടു പോലെ
സെന്റ്‌ ജോര്‍ജ് കുടക്കും ചോര്ച്ചയാണേ..

കാറ്റും കുടയും ആടിയും പാടിയും
എന്നിളം കയ്യിന്റെ ശക്തിയളക്കുന്നെ...

തിമിർത്താടും മഴയത്ത്  കൂട്ട മണിഅടിച്ചു
ബുക്കുകളോക്കെയും മാറോടണച്ചു ഞാന്‍...

ഒരു കയ്യില്‍ കുടയും മറു കയ്യില്‍ ബുക്കും
കൈവെള്ളയില്‍  മഴയ്ക്ക് സലാമോതി നടക്കവേ

പാടം കയറുന്ന കലപ്പയും ചൂലനും
മുന്നാലെ കൊമ്പുള്ള ഈരണ്ടു കന്നുകളും...

കാറ്റേ നീ ചൂടിക്കോ  കുട നീ യെടുതോ
പടച്ചോനെ കാത്തോ,  കുത്തല്ലേ കാളെ....

-------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ

Thursday, 16 April 2020

പൂമുഖക്കുറിപ്പുകൾ പിറക്കുന്നു


നമ്മൾ വളർന്നു വന്ന വീടും പരിസരവും ഹൃദയഹാരിയായ ഒരോർമ്മയാണ്.
അതിനകത്ത് കാലം മായ്ക്കാത്ത കുറെ മുഖങ്ങളും നിഷ്കളങ്കമായ  കുസൃതികളും വീട്ടിത്തീരാത്ത കടപ്പാടുകളുമുണ്ടാവും. 
ഈ വീടകങ്ങൾക്ക് സർഗാവിഷ്കാരം നൽകുകയാണ് തത്തമ്മക്കൂട്.
നിങ്ങൾക്ക് സ്വന്തം പൂമുഖത്തെ ഓർമയിലിരുന്ന് ഇന്നലകളിലേക്ക് തിരിഞ്ഞ് നോക്കാം.
ആ കാഴ്ചയിൽ തെളിയുന്നത് അയൽപക്കത്തെ സ്നേഹ സമ്പർക്കങ്ങളോ, നമ്മൾ നടന്ന് തേഞ്ഞ നാട്ടുവഴികളോ, ആരവങ്ങളൊഴിയാത്ത കളിമുറ്റങ്ങളോ എന്തുമാവാട്ടെ അത് കൂട്ടിലെ കൂട്ടുകാർക്ക് പകുത്ത് നൽകാം..
മുഴുവൻ കുടംഗങ്ങളുടെയും സഹകരണം ആഗ്രഹിക്കുന്നു.

കവർ ഡിസൈൻ: റാഷിദ് അമ്പിളിപ്പറമ്പൻ🌷

**********
സത്താർ കുറ്റൂർ
അഡ്മിൻ ഡെസ്ക്ക്
തത്തമ്മക്കൂട്

തിരിച്ചു കിട്ടാത്ത ഓർമ്മകൾ


ഹായ്.....എന്ത് രസമായിരുന്നു ആ പഴയ കാലം. ഓർക്കുംബോതന്നെ ഒരു കുളിര് തോന്നുന്നു.

അതിർ വരംബുകളും വലിയ മതിലുകളും ഇല്ലാതെ വിശാലമായ തെങ്ങുകളും കവുങ്ങും പ്ലാവുകളും.  തൊടുവിൽ നിറയെ വാഴയും  ചേംബും ചേനയും ചീരാ മുളകും മത്തനും വെണ്ടയും ചീരയും പോലത്തെ പച്ച കറികളും.  മധുരമൂറും മാംബഴമുണ്ടായിരുന്ന മാവും പറങ്കി മാവും തൊട്ടേമാങ്ങിയും.  അപ്പയും കുറുന്തോട്ടിയും പുല്ലാണി പൊന്തയും പല തരം കുറ്റി ചെടികളും നിറഞ്ഞ മലാരം.  മോടൻ നെല്ലും കള്ളി പൂളയും ഇഞ്ചിയും വിലാത്തി ചേംബും കാവുത്തും പോലത്തെ കൃഷി ചെയ്തിരുന്ന പറംബുകളും

ഏത് സമയത്തും കയറി ചെല്ലാവുന്ന കുടുംബ അയൽ പക്കങ്ങൾ. സമ പ്രായക്കാരായ കളി കൂട്ടുകാർ.   മഴക്കാലത്ത് വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളും കുത്തിഒലിക്കുന്ന തോടും നെൽകൃഷി ചെയ്യുന്ന പാടവും... ഇവ കൊണ്ട് സമൃദ്ദമായ പ്രദേശം......

 ഇന്നത്തെ പോലെ സോഷൃൽ മീഡിയയും കംബൃൂട്ടർ ഗയിമുകളും മൊബലും ഒന്നും ഇല്ലാത്ത കാലം സ്കൂൾ അവധി ദിവസങ്ങളിൽ ആൺ പെൺ വൃതൃാസമില്ലാതെ സമ പ്രായക്കാരായ കൂട്ട് കാരുമൊത്ത്   അണ്ടി തംബ്, ചുള്ളിം വടിയും,കരു, കണ്ണ് പൊത്തി കളി,  സൈബർ, ആരുടെ കയ്യിൽ മോതിരം, എന്നിങ്ങന പേരുകളുള്ള അന്നത്തെ ലൈവ് കളികളിലേർപ്പെട്ടും.

 കുറ്റി പുര കെട്ടി വീടുണ്ടാക്കിയും മദ്രസ്സയും ഉസ്ഥാദും. സ്കൂളും അദ്ധൃാപകരായും. കാഞ്ഞീര വള്ളിയും കയറും കൊണ്ട് ബസ്സുണ്ടാക്കിയും പഴയ അപായ ചെരിപ്പ് കൊണ്ട് ടയറുണ്ടാക്കി വണ്ടി ഉണ്ടാക്കിയും. തോട്ടിലും കുളത്തിലും ചാടി തിമിർത്തും.ചക്ക മാങ്ങ കാലത്ത് മാവിൻ ചുവട്ടിൽ കാറ്റടിച്ച് വീഴുന്ന മാങ്ങകൾക്കായി കാവലിരുന്നും.

കുരുത്തക്കേടിൻ്റെ അതിർ വരംബ് പൊട്ടുംബോ ഉപ്പയുടെ ചൂരൽ കഷായം കിട്ടിയതും....  വൈകുന്നേരം അത് മറക്കുന്നതിനായി അങ്ങാടിയിൽ കൊണ്ട് പൊറോട്ടയും പാൽ ചായയും വാങ്ങി തന്നതും.

  കറണ്ടും ഫാനും എസിയും ഇല്ലാത്ത ചൂട് കാലത്ത് വീടിൻ്റെ കോലായിൽ ഉപ്പയുടെ കൂടെ ഉറങ്ങിയതും നട്ട പാതിരാക്ക് ആലാഞ്ചീരിയിൽ നിന്ന് ഓരിയിടുന്ന കുറുക്കൻ്റെയും തെരുവു നായകളുടെയും തൊടിയിലെ മരത്തിന് മുകളിൽ നിന്നും കൂമൻ്റെ മൂളൽ ശബ്ദവും കേട്ട് പേടിച്ച് ഉപ്പയെ കെട്ടിപിടിച്ച് കിടന്നതും....

  തൊടിയിലെ മരങ്ങളിൽ വസിക്കുന്ന കിളികളുടെ  കല പിലാ... ശബ്ദം കേട്ട് ഉണർന്നിരുന്നതും. പാടത്ത് കൃഷിക്കായി കളമൊരുക്കുംബോൾ കർഷകനായിരുന്ന ഉപ്പയുടെ കൂടെ പാടത്ത് പോയി ഇന്നത്തെ തലമുറക്ക് കാണാൻ കഴിയാത്ത കാഴ്ചകൾ കണ്ടും ആസ്വദിച്ചും.  കന്നു പൂട്ടുംബോൾ ഉഴുതുമറിഞ്ഞ പാടത്തെ കലക്ക വെള്ളത്തിൽ മീൻ പിടിച്ചും.

 വിത്തെറിയാനുള്ള കണ്ടം നന്നാക്കുന്നതും  ഞാറ് പറിക്കുന്നതും നടുന്നതും പണിക്കാരുടെ കൂടെ പാടത്ത് ചേറ്റിലിറങ്ങി ഉപ്പയെ സഹായിച്ചും. മണ്ണും കരിയും തേച്ച മുറ്റത്ത്  കൊയ്ത്തു കാലത്ത്  കൊയ്ത്തും മെതിയും പണിക്കാരും അങ്ങിനെ എന്തല്ലാം.....

     മഴക്കാലത്തിന് മുന്നേയുള്ള പുര കെട്ടലും പരസ്പര സഹായത്തോടെയുള്ള ഒരാഘോഷമായിരുന്നു.

    വീട്ടിലെ പശുവിന് പുല്ലരിയലും രാവിലെ മദ്രസ്സയിലേക്ക് പോവുംബോ ഹോട്ടലിലേക്ക് പാല് കൊണ്ട് പോയി കൊടുത്തിരുന്നതും........ നാട്ടിലെ ഉത്സവ കാലത്ത്  ഉത്സവ പറംബിലേക്ക് പോയിരുന്നതും തിരിച്ചു വരുംബോൾ കളിപ്പാട്ടവും ശർക്കരമുട്ടായിയും വാങ്ങി പാടത്ത് കൂടെ ചൂട്ട് കത്തിച്ച് വന്നിരുന്നതും.......

കൊണ്ടോട്ടി നേർച്ച കാണാൻ പോയി പല തരം കാഴ്ച്ചകൾ കണ്ടതും......
  അങ്ങിനെ എന്തെല്ലാം പറഞ്ഞാലും എഴുതി മനസ്സിലാക്കാൻ കഴിയാത്തതുമായ ഒരുപാട് അനുഭൂതിയുടെ ഓർമ്മകൾ.......
---------------------------------------
✍️കുഞ്ഞഹമ്മദ്കുട്ടി കെഎം

🏡ഓർമ്മയിൽ മുങ്ങുന്ന തറവാട് വീട്🏡


ഞാൻ പെറ്റു വളർന്ന ഞങ്ങളുടെ തറവാടു വീട് ചെറിയ വീടാണെങ്കിലും ഞങ്ങളും ഏളാപ്പമാരും കുടുംബമായി വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ഇന്നത്തെ പോലെയല്ലല്ലോ... അന്ന് പ്രസവവും, സുന്നത്ത് കല്യാണവും, മറ്റു പരിപാടികൾ ഒക്കെ ആ ചെറിയ വീട്ടിൽ തന്നെയായിരുന്നു. എന്നെ പ്രസവിച്ചതും എന്റെ സുന്നത്ത് കല്ല്യാണം കഴിച്ചതും ഞങ്ങളുടെ തറവാട് വീട്ടിൽ വച്ചായിരുന്നു. ഒരാളുടെ ഉയരത്തിലുള്ള ചുമരുകളിൽ റൂമുകൾ തിരിച്ച് മുകളിൽ കഴുങ്ങും ഓലയും കൊണ്ടുള്ള അട്ടവുമുള്ള നന്മ നിറഞ്ഞ കൊച്ചു കൊട്ടരമായിരുന്നു.  എന്തിന് ഏറെ പറയണം എനിക്ക് ഓർമ്മ വന്നതിന് ശേഷമാണ് ആ ചെറിയ വീട്ടിൽ പുറത്ത് ബാത്ത് റൂം വരെ എടുത്തത്.

  പെരുന്നാൾ വന്നാൽ ഞങ്ങൾക്ക് ആവേശമാണ്. കാരണം അന്നാണ് ബിരിയാണിയോ, നെയ്ചോറോ വീട്ടിൽ ഉണ്ടാക്കുന്നത്‌. പെരുന്നാൽ രാവിൽ അന്ന് പാതിരാത്രിയാവും ഉറങ്ങുവാൻ.. വീടിന്റെ പുറകിലെ വേലിയുടെ അടുത്തുള്ള മൈലാഞ്ചി ചെടിയിൽ നിന്നും വൈകും നേരം ഒടിച്ച് വെച്ച മൈലാഞ്ചി അരച്ച് ഇടുന്ന തിരക്കാവും.  പെരുന്നാളിന് വൈകും നേരം അമ്മായികളും കുട്ടികളും വിരുന്ന് വരുമ്പോൾ രാത്രിയിൽ എല്ലാവരും കൂടി പുറത്ത് സിറ്റൗട്ടിൽ പുൽപായിൽ കിടന്ന് ഉറങ്ങുന്നതും അമ്മായിക്കാക്ക കൊണ്ട് വന്ന പൂത്തിരി ഒരു കൂട്ടർ കത്തിക്കുമ്പോൾ ഞങ്ങൾ പാമ്പ്ഗുളിക മണ്ണും കരിയും കൊണ്ട് തേച്ച് മിനുക്കിയ മുറ്റത്തിന്റെ കുഞ്ഞുമതിലിൽ വെച്ച് ഓലകൊടി കൊണ്ട് തീ കൊടുക്കുമ്പോൾ പാമ്പ്ഗുളിക്ക വലുതായി വരുമ്പോൾ ഞങ്ങൾ ആർത്ത് ഉല്ലസ്സിക്കുന്നതും ഓർമ്മയിൽ മറയില്ല.

  വീടിന്റെ ഉമ്മറത്ത് തൂക്കിയ പാനീസ് വിളക്ക് വൈക്കും നേരം മഹ് രിബിന്റെ നേരമാക്കുന്നതിന്ന് മുമ്പ് തന്നെ വല്ല്യുമ്മ കത്തിക്കുന്നതും, ഇമ്മരത്തുള്ള വല്ല്യുപ്പ വുളു എടുക്കാനും ഇടക്കിടക്ക് കൈയ്യും മുഖവും കഴുക്കുന്ന കിണ്ടിയിൽ വെള്ളം കുറയുമ്പോൾ നിറച്ച് വാഴ ഇല കൊണ്ട് മൂടിവെക്കുന്നതും ഇപ്പോയും കണ്ണിൽ മായാതെ കാണുന്നത് പോലെ തോന്നും...  അന്നെക്കെ വല്ല്യുമ്മ ചോർവെക്കാൻ അരി എടുക്കുമ്പോൾ എടുത്ത അരിയിൽ നിന്നും ഒരു നുള്ള് അരി എടുത്ത് ഒരു കുടത്തിൽ ഇട്ടൂവെക്കും. അന്നൊക്കെ വീട്ടിലെക്ക് സഹായം ചോദിച്ച് വരുന്നവർക്ക് അരിയാണല്ലോ കൊടുക്കുന്നത്.  അവർക്ക് ആ നുള്ളിയിട്ട കുടത്തിലെ അരിയിന്നിന്നാണ് എടുത്ത് കൊടുക്കുക..
ഇന്ന് അതെല്ലാം ഓർമ്മയായി മാറി...
▫▪▫▪▫▪▫▪▫▪▫▫▪▫▪▫▪▫▪▫▪▫
മുജീബ് ടി.കെ,   കുന്നുംപുറം.✒

🏡🏡ഓർമ്മകൾക്ക് മരണമില്ലാത്ത തറവാട് വീട്🏡🏡


🏡🏡🏡🏡🏡🏡🏡🏡
അങ്ങാടിയിൽ നിന്ന്  പഞ്ചായത്ത് കട്ടറോഡ് കേറിയാൽ നിസ്കാര പള്ളിയും താണ്ടി സ്കൂളിൻ്റെ പിന്നാമ്പുറത്തിലൂടെ ചെന്നെത്തുന്നത് ഓല മേഞ്ഞ് തട്ടിക്കൂട്ടിയ നാട്ടിലെ ബിസിനസ് മേഖലയിൽ പയറ്റിതെളിഞ്ഞ പീടീത്തെപ്പ എന്ന് ഞങ്ങൾ വിളിച്ച വല്യുപ്പാൻ്റെ പെട്ടി കടക്ക് മുമ്പിലാണ്,,,

പെട്ടി കടക്ക് മുഖാമുഖം നീളത്തിൽ വളർന്ന് നിൽക്കുന്ന  പഞ്ചാരമാങ്ങ കായ്ക്കുന്ന പഞ്ചാര മൂച്ചി,,,

പഞ്ചാര മൂച്ചിയും താണ്ടി പാറയിൽവെട്ടി തീർത്ത ഒന്നോ രണ്ടോ പടികൾ ഇറങ്ങിയാൽ എത്തുന്നത് ഞങ്ങളുടെ അങ്ങ് എന്ന് പറയുന്ന തറവാട്ടിലേക്കാണ്. 

ഇൻ്റർലോക്കിനെ വെല്ലുന്ന വെടിപ്പോടെ തറവാട് മുറ്റം.
മൂന്നു ഭാഗവും മണ്ണിനാൽ തേച്ചുമിനുക്കിയ മുകളിൽ ചെങ്കൽ പരത്തി വെച്ച കുഞ്ഞൻ മതിൽ,,
മുറ്റത്തിൻ്റെ മൂലയിൽ ഞങ്ങൾ പിലാവ് എന്നും പരിഷ്കാരികൾ പ്ലാവ് എന്നും പരിജയപ്പെടുത്തുന്ന തടിയൻ ചക്കമരം,,,,

മുറ്റത്തിനൊത്ത തല എടുപ്പോടെ ഓടുമേഞ്ഞ തറവാട് വീട്.
പായൽ പിടിച്ച ഓടുകളെ മറക്കാനെന്നോണം പടിഞ്ഞാറ് ഭാഗത്തുള്ള   പുളിമരത്തിൽ നിന്നും വീഴുന്ന ഇലകൾ കാറ്റിൽ പറന്നു വന്ന് ഓട്ടിൻ പുറത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു,,,,

ന്യൂ ജനറേഷൻ സിറ്റ് ഔട്ട് എന്ന് വിളിക്കുന്ന താരേര എന്നും തായേര എന്നും അവനവൻ്റെ നാവിന് ഉതകുമാറ് ഞങ്ങൾ പറയുന്ന തറവാട്ടിലെ തായേര,,,, 

തായേരക്കിരുവശവും ചേറ്റേമ്പടി കാവി പാകി സുന്തരമാക്കി വെച്ചിരിക്കുന്നു. അവിടെ ഇരുന്നാൽ നിലപറമ്പ് എന്ന സുന്ദര ഗ്രാമത്തിലേക്ക് പോവുന്ന നാട്ടുവഴിയിലെ കാഴ്ചകൾ കാണാം,,, 

ഇരുനിറത്തിൽ കാവിയാൽ തേച്ചുമിനുക്കിയ തായേരക്ക് ഇരു വശമായി പടിഞ്ഞാറെ മുറിയും തെക്കേമുറിയും.
തായേരക്ക് നടുവിലായ് വലിയ വാതിൽപടികളോടെ ഇരുപാളിയിലായി സ്ഥാപിച്ച വാതിൽ,,,
ഉള്ളിൽ നിന്ന് ആരും ചീപ്പ് ഇട്ടിട്ടില്ല എങ്കിൽ കര.....കരേ....... ശബ്ദത്തോടെ ഇരു പാളി വാതിൽ തള്ളി തുറന്നാൽ കൊലേമിൽ എത്താം,,

കൊലേമിൽ സൂക്ഷിക്ഷിച്ച് നടന്നില്ലങ്കിൽ വല്ലിപ്പാൻ്റെ കനമുള്ള കോളാമ്പി കാലിൽ തടയും മൂപ്പർ അവിടെയാണ് കിടത്തം,,,

കൊലേമും താണ്ടി നടലകവും എട്ചേപ്പും കഴിഞ്ഞാൽ ബട്ക്കണി എന്നും വിളി പേരുള്ള ചായിപ്പിലെത്താം,,,
ചായ്പ്പ് കണ്ടാൽ മൂടൽമഞ്ഞിറങ്ങിയ ഏതോ താഴ് വരയാണ് എന്ന് തോന്നിപ്പോകും ഒറ്റനോട്ടത്തിൽ. 
ആകെ ഒരു പൊകട്ടൂടൽ മാത്രമാണ് ചായ്പ്പിലെ കാഴ്ച.
ചായ്പ്പിൽ വിരിയുന്ന വിഭവങ്ങൾ വല്ലാത്തൊരു അനുഭവമാണ്,,

പറമ്പിൽ ഉണ്ടായ പൂള പീങ്ങിയതും തേങ്ങയും  ചീരാപറങ്കിമുളകും കൂട്ടി അരച്ചെടുത്ത് സുർക്ക ചേർത്ത സമ്മന്തിയും മധുരം കൂടിയ ഒരു കട്ടനും ഈ കോമ്പിനേഷൻ വല്ലാത്തൊരു കോമ്പിനേഷനാണ്,,,

വീടിൻ്റെ പിന്നാമ്പുറ കാഴ്ചകൾ 
നാടൻ മൂച്ചിയാലും 
കോവ മൂച്ചിയാലും പേരിന് ഒന്നോരണ്ടോ കയ്ത മൂച്ചിയാലും ആർക്കും കേറാൻ പറ്റാത്ത നീളത്തിൽ നിൽക്കുന്ന പഞ്ചാര മൂച്ചിയാലും സമ്പുഷ്ടമാണ്,,,

പിന്നെയുള്ള കാഴ്ച നേരെ താഴെ പ്പാപ്പാടെ എന്ന് ഞങ്ങൾ വിളിക്കുന്ന വാപ്പാൻ്റെ തറവാട് വീടാണ്. 
ആ പറമ്പും ഏറെക്കുറെ ഇതുതന്നെയാണ് അവസ്ഥ,,,,

കുറച്ച് താഴോട്ടിറങ്ങിയാൽ പൊട്ടക്കിണറും എള്ള് മൊതിച്ചിടുന്ന കളവും കാണാം പൂള ക്രിഷിയാൽ നിറഞ്ഞ പറമ്പിന് അരികിലാണ് മിനുസത്തിൽ തേച്ചെടുത്ത ആ ചെറിയ കളം,,,,

തറവാട്ടിലെ രാത്രി ഓർമ്മകൾ മറക്കാൻ കഴിയില്ല കറൻ്റ് പോയാൽ കത്തുന്ന ചിമ്മിനി വിളക്കിൻ്റെ വെട്ടത്തിലിരുന്ന് പഠിച്ചതും കള്ളനും പോലീസും കളിച്ചതും പേപ്പർ ചുരുട്ടി ബീഡി ഉണ്ടാക്കി വലിച്ചതും ഉമ്മ ചെവിക്ക് പിടിച്ചതും ഓർത്തെടുക്കാൻ എന്തൊരു രസമാണ്,,,

ഇന്ന് ഓർത്താൽ ചിരി വരുന്ന കലാപരിപാടിയായിരുന്നു അപ്പുറത്തിരിക്കുന്നവനോട് നാട്ടുവർത്തമാനവും പറഞ്ഞ് കല്ലെടുത്തെറിഞ്ഞുള്ള പൂള കണ്ടത്തിലെ അപ്പിയിടൽ.ആസ്വാദനത്തിൻ്റെ അതിർവരമ്പുകൾ കടന്ന് കാറ്റൊക്കെ കൊണ്ട് അതിൽ നിന്ന് കിട്ടുന്ന അനുഭൂതി അനുഭവിച്ച് തന്നെ അറിയണം....

തറവാട്പുരക്ക് ഏറ്റവും താഴെയായി പണിക്കരെപറമ്പ്.
പറമ്പിൽ ആൾപാർപ്പില്ലാത്ത ഭാർഗവി നിലയം.
എൻ്റെ ബാല്യത്തിലും ഇന്ന് എൻ്റെ മക്കളുടെ ബാല്യത്തിലും ഇമ്മച്ചിയുടെ ഹൊറർ കഥകളുടെ പ്രധാന ലൊക്കേഷനാണ് പണിക്കരെപറമ്പ്,,

തറവാടിനോട് അടുത്തായുള്ള നിസ്കാര പള്ളി. പള്ളിയിൽ നിന്ന് സുബ്ഹി നിസ്കരിച്ചിറങ്ങിയാൽ വല്ലിപ്പാൻ്റെ വക ഹോട്ടലിൽ നിന്ന് കിട്ടുന്ന ചായയുടെയും കടിയുടെയും രുചിയാവും സുബ്ഹിക്ക് എണീക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്,,,

വ്യാഴ്ചയെന്ന് ഓർമ്മയിൽ തെളിഞ്ഞാൽ ഓർമ്മയിൽ വിരിയുന്നത് കെട്ടും മാറാപ്പും കെട്ടി ചേമ്പട്ടിപ്പാടവും  താണ്ടി മഞ്ചാടിക്കുരുക്കൾ വീണ ഇടവഴിയും കടന്ന് ഉമ്മാൻ്റെ വീട്ടിലേക്കുള്ള വിരുന്ന് പോക്കാണ്,,,,

കാലം കുറച്ചേ തറവാട്ടിൽ നിന്നിട്ടൊള്ളൂ എങ്കിലും ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന വർണ്ണങ്ങൾ നിറഞ്ഞ നല്ലനാളുകളാണ് തറവാട്ടിലെ ബാല്യകാലം സമ്മാനിച്ചത്,, 

ഓർമ്മകൾക്ക് മരണമില്ല ഓർത്തെടുക്കാൻ പ്രിയമുള്ളതാണ് ഏതൊരാൾക്കും ബാല്യത്തിലെ മധുരമുള്ള ഓർമ്മകൾ,,,.

-----------------------------------
അന്താവാ അദ്നാൻ✍️

Tuesday, 14 April 2020

🕵️‍♂️മനുഷ്യൻ🕵🏼‍♀️


കാലത്തിൻ പുസ്തകത്താളുകൾ തിരഞ്ഞൊരാൾ,,,,

അവിടെയും കണ്ടു ഇവിടെയും കണ്ടു,,,,
മാലോകരൊക്കെയും എവിടെയും കണ്ടൂ,,,

അഹങ്കരിച്ചുള്ളൊരാ മനുഷ്യൻ്റെ ഗർജ്ജനം,,,

ഇന്നിൻ്റെ പുലരിയിൽ കാലമിത് സാക്ഷി,,,

അവിടെയും ഇന്നില്ല എവിടെയും ഇന്നില്ല,,,
അഹങ്കരിച്ചുള്ളരാ ഗർജ്ജനം ഇന്നില്ല,,,

കണ്ടു ന്നാം മാലോകർ പലരുടെ കയ്യിലായ്,,,
ന്യൂക്ലിയർ ബോംബുകൾ മിസൈലുകൾ പലതരം,,,,,

ന്യൂക്ലിയർബോംബിൻ്റെ പോരിഷ പറഞ്ഞവർ,,,
തെക്ക് വടക്ക് മിസൈലുകൾ അയച്ചവർ,,,,

ഇന്നിതാ കൈകൂപ്പി വാവിട്ട് കരയരുന്നു,,,
എള്ളോളം ഇല്ലാത്ത അണുവിൻ്റെ ശല്യത്താൽ,,,

ശത്രുവോ മിത്രമോ വേർതിരിവില്ലാതെ,,,
ആരുടെ മുമ്പിലും കണ്ണീർ പൊഴിക്കുന്നു,,,,,

കൈകൂപ്പി കേഴുന്നു ലോകത്തിനോടായ് അവർ,,,
തന്നിടൂലോകമേ ഒരിത്തിരി ഔഷധം,,,
രോഗ ശമനത്തിനായ് ഒരിത്തിരി ഔഷധം,,,

രോഗവും മാറിടും കാലവും കഴിഞ്ഞിടും,,,,

മുറപോലെ വന്നിടും പഴയ ആ ഗർജ്ജനം,,,,
------------------------------
അന്താവാഅദ്നാൻ✍️

Monday, 13 April 2020

മലയാളി


ലോകത്ത് മലയാളികൾ എത്തിപ്പെടാത്ത രാജൃമില്ല എന്നാണ് കണക്കാക്കപ്പെടുന്നത്....

ഒട്ടു മിക്ക രാജൃങ്ങളിലും ഇന്തൃയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളി സാന്നിധ്യം ഉണ്ട്.....
അതിൽ കൂടുതലും ഗൾഫ് രാജൃങ്ങളിലാണ് എന്നാണ് അറിവ്......
അവർ എത്തുന്ന നാട്ടിലെ നിയമങ്ങളനുസരിച്ചു ഓരോ തരം ജോലി ചെയ്തു ജീവിക്കുന്നു.

എന്നാൽ മലയാളി അവിടങ്ങളിലൊന്നും സംഘടിക്കാറില്ല(പ്രശ്നക്കാരല്ല) പല തരം കച്ചവടങ്ങളും ബിസ്സിനസ്സുകളുമായി കഴിയുന്നു ഓരോ മലയാളിയും ജോലി സ്ഥലവും അവൻ്റെ താമസ സ്ഥലവും മാത്രമാണ് അവൻ്റെ ലോകം
നാട്ടിൽ വലിയ വമ്പനാണങ്കിലും എയർപോർട്ടിനുള്ളിൽ കടക്കുന്നതോടെ പച്ചപ്പാവമായിരിക്കും.

എയർപോർട്ടിനുള്ളിൽ നിന്നും തുടങ്ങിയ പീഢനം ജോലി സ്ഥലത്തും തിരിച്ചു നാട്ടിലേക്ക് എത്തുന്ന എയർപോർട്ട് വരെ തുടരാറുണ്ട് എന്നാലും പ്രതികരിക്കുകയോ സംഘടിച്ച് പ്രശ്നമുണ്ടാക്കുകയോ ചെയ്യാറില്ല.....
പ്രവാസി മലയാളികളിൽ ജോലി സ്ഥലത്ത് കടകളിലാണങ്കിൽ കസ്റ്റമറുമായും മറ്റും പല വട്ടം കശപിശ ഉണ്ടാവാറുണ്ട്. ചില സമയങ്ങളിൽ അടിപിടിയിൽ കലാശിക്കാറുമുണ്ട്. എന്നാലും മലയാളി ക്ഷമിച്ച് മാറി നിൽക്കും.

 ചില സാഹജരൃങ്ങളിൽ വാക്ക് തർക്കങ്ങൾ അടി പിടിയിലാവുമ്പോഴും സഹപ്രവർത്തകരായ മലയാളികൾ പിടിച്ച് വെക്കാനോ ഇടപെടുക പോലും ചെയ്യാതെ കാഴ്ച്ചക്കാരായി  മാറിനിൽക്കുന്നതും ഉണ്ട് .....

എന്നാൽ ബംഗാളികളും പാകിസ്ഥാനികളും മറ്റു അറബ് വംശജരോ അവരുടെ കൂട്ടത്തിലുള്ളവരെ ആരെങ്കിലും ആക്രമിക്കുകയോ അസഭൃം പറയുകയോ ചെയ്താൽ അവർ പെട്ടന്ന് സംഘടിക്കും. പ്രതികാരം ചെയ്യും..

അത് കൊണ്ട് തന്നെ മലയാളിയുടെ ഈ ക്ഷമ കാരണം നമ്മൾ എവിടെയും പ്രശ്നക്കാരല്ല..... പ്രവാസ ലോകത്താണങ്കിൽ സ്വദേശികൾക്ക് മലയാളിയെ വലിയ സ്നേഹമാണ് താനും... 

ഇത്ര ഒക്കെ പറയാൻ കാരണം......
ഈ അടുത്ത ദിവസം നാട്ടിൽ ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസം നമ്മുടെ നാട്ടിൽ വന്ന് ജോലി ചെയ്യുന്ന സർക്കാർ ഭാഷയിൽ പറഞ്ഞാൽ അഥിതി തൊഴിലാളികൾ സംഘടിച്ച് യോഗം ചേരുകയും മുദ്രാവാകൃം വിളിച്ച് റോഡിലിറങ്ങിയ ഒരു സംഭവം ഉണ്ടായി.....

അവർ അവരുടെ ഭാഷയിൽ(ബംഗ്ലാ) ആയിരുന്നു മുദ്രാവാകൃം വിളിച്ചിരുന്നതും സഹതൊഴിലാളികളെസംഘടിക്കാൻ  നിർദ്ദേശങ്ങൾ നൽകിയിരുന്നതും മലയാളി ഉദൃോഗസ്ഥൻമാർ വരെ സ്തംഭിച്ചു നിന്നുപോയി ഇവരുടെ സംഘം ചേരലിൽ....

   അപ്പോഴേകും സർക്കാറും സംഘടനകളും ഇടപ്പെട്ടു അവരുടെ ആവശൃങ്ങൾ നിറവേറ്റി കൊടുത്തു..... പോരാത്തതിന് ചില ഇടങ്ങളിൽ (മലപ്പുറത്ത്) അവർക്ക് ഭക്ഷണവും നേരംബോക്കിന് കളിക്കാൻ കാരംസ് ബോർഡും വലിയ ടെലിവിഷൻ സെറ്റ് വരെ കൊടുക്കുന്ന വീഡിയോകളും ഫോട്ടോയും കണ്ടു..... ചില ഇടങ്ങളിൽ ഇവർക്ക് കിട്ടിയ ഭക്ഷണ കിറ്റുകളും മറ്റും മറിച്ചു വിൽക്കുന്നതും ഭക്ഷ്ണത്തിൽ മത്സൃവും മാംസവും ഇല്ലാത്തതിനാൽ റോഡിൽ വലിച്ചറിഞ്ഞതായുള്ള വാർത്തയും കണ്ടു.....
അതും ഈ കൊറോണ കാലത്ത് സ്വന്തം നാട്ടിലുള്ളവർ പ്രയാസപ്പെടുന്ന സമയത്ത്....

നാട്ടിൽ ഓരോ പഞ്ചായത്തുകളിലെ ഓരോ വീട്ടിലും അന്നന്ന് ജോലിക്ക് പോയി കുടുംബം പുലർത്തിയിരുന്ന കുടുംബ നാഥൻമാരും തൊഴിലാളികളും ലോക്ഡൗൺ മൂലം പണിക്ക് പോവാൻ കഴിയാതെ വീട്ടിലിരുന്ന് അതാത് ദിവസത്തെ ഭക്ഷണത്തിനുള്ള മാർഗം തേടുംബോഴാണ് അന്യസംസ്ഥാന തൊഴിലാളികളെ ഊട്ടുന്ന തിരക്ക്.......
  ആരോടും ചോദിക്കൻ കഴിയാതെ വീട്ടിൽ ചിലവിന് പോലും കാശില്ലാതെ പ്രവാസി കുടുംബങ്ങൾ നെട്ടോട്ടമോടുന്നതും ഇവർ കാണുന്നില്ല. അഥിതി തൊഴിലാളികളെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു ഉത്തരവാദപ്പെട്ടവർ.

 അതെ സമയം തമിഴ്നാട്ടിൽ ഈ വിഭാഗം റോഡിലിറങ്ങി പ്രതിഷേധിക്കാൻ ശ്രമം നടത്തി. തമിഴ്നാട് പോലീസ് റോഡിൽ തവള ചാട്ടം ചാടിക്കുന്നതും കണ്ടു.....

ഇതിനൊക്കെ കാരണം നാം തന്നെയാണ് എന്തിനാണ് ഇത്ര ലാഘവത്തോടെ ഇവരെ പോറ്റുന്നത്. വളരെ അപകടകാരികളാണിവർ സംഘടിച്ചാൽ എന്തിനും മടിക്കാത്തവർ.... ഇനി എങ്കിലും നാം ഉണരുക ഓരോ പ്രദേശത്തും അടിഞ്ഞു കൂടിയ ഈ വിപത്ത് നമ്മുടെ രാജൃം കൊറോണയെ അതി ജിവിച്ച് പൂർവ്വ സ്ഥിതിയിലാവുന്നതോടെ അവരവരുടെ നാട്ടിലേക്ക് കയറ്റി അയക്കണം അല്ലാത്തപക്ഷം വലിയ വില നൽകേണ്ടി വരും 
നാം ഓരോരുത്തരും ജാഗ്രതൈ ⚫
----------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ, 

Thursday, 9 April 2020

ശർക്കര ചോറ്


 ഇന്നത്തെ പോലെ എല്ലാ ദിവസവും നാലുമണി പലഹാരങ്ങളില്ലാത്ത കാലത്തായിരുന്നു എൻ്റെ കുട്ടി കാലം. അന്ന് ബറാഅത്ത് രാവ്,റജബ് 27 ലൈലത്തുൽ ഖദ്റ് എന്നീ വിശേഷ ദിവസങ്ങളിലായിരുന്നു വീടുകളിൽ മധുര പലഹാരങ്ങളുണ്ടാക്കിയിരുന്നത്.  കുട്ടികളുടെ മനസ്സിൽ അന്ന് ഒരു ആഘോഷത്തിൻ്റെ പ്രതീഥിയായിരുന്നു....

 ബറാഅത്തിന് അധിക വീടുകളിലും ശർക്കര ചോറാവും ഉണ്ടാക്കാറ്.
അതിനായി അങ്ങാടിയിൽ സ്പെഷൽ കുന്താണി ശർക്കര ഇറങ്ങും. കൊടുവായൂരങ്ങാടിയിലെ കള്ളിക്കാട്ടിലെ പല ചരക്ക് കടയിലാണ് ശർക്കര ഉണ്ടാവാറ്.   അന്ന് നമ്മുടെ പ്രദേശത്തെ വലിയ അങ്ങാടി ARനഗറായിരുന്നു....

അവിടെ നിന്ന് തലേ ദിവസം തന്നെ  കുന്താണി ശർക്കരയും ചെറിയ ഉള്ളിയും  സാധാരണ ചോറ് വയ്ക്കുന്ന റേഷൻ അരിയിൽ നിന്നും മാറി നല്ല അരിയും വാങ്ങി കൊണ്ടു വരും.  വൈകുന്നേരമാവുംബോഴേക്കും ശർക്കര ചോറിനുള്ള തയ്യാറെടുപ്പായി കുന്താണി ശർക്കര ഉരുക്കുന്നതിനായ് എടുക്കുംബോ ഒരു കഷ്ണം എല്ലാവർക്കും തരും ഒരു പ്രതൃോക രുചിയായിരുന്നു ആ ശർക്കരക്ക്....

ഏകദേഷം മഗരിബിന്ന് മുൻപായി ചോറ് റെഡിയായി ചീരുള്ളിയിൽ ഒരു വറവും ഹാ...... എന്താ അതിൻ്റെ സ്വാദ് വായിൽ വെള്ളം വരുന്നു......

പിന്നെ നിസ്ക്കാരവും കഴിഞ്ഞ് എല്ലാവരെയും കൂടെ ഇരുത്തി മൂന്ന് യാസീൻ ഓതിക്കും  ബറാഅത്ത് റാവിൻ്റെ ശ്രേഷ്ടത ഉസ്ഥാതുമാരുടെ പക്കൽ നിന്നും അറിഞ്ഞതിൻ്റെ ബാക്കി ഉമ്മമാർപറഞ്ഞു തരും.

അടുത്ത ദിവസം സുന്നത്ത് നോംബ് നല്ല ആവേശത്തിൽ കുട്ടികളും നോംബെടുക്കും ബാക്കിയുള്ള ശർക്കര ചോറ് ഉറിയിൽ കിടന്ന് ആടുന്നുണ്ടാവും..... അതിൻ്റെ സ്വാദ് ഓർക്കുംബോ നോംബ് മുഴുവനാവാറില്ല.... അടുത്ത ദിവസമാണ് ശർക്കര ചോറിന് സ്വാദ് കൂടുതലുണ്ടായിരുന്നത്.

  കാലങ്ങൾ കഴിഞ്ഞു ശർക്കര ചോറുണ്ടാക്കലും ആണ്ടറുതികളും പഴഞ്ചനായി....
എടാ.... നാളെ ബറാഅത്താണ് ഇജ് വരുംബോ കുറച്ച് ശർക്കര കൊണ്ടു വരേണ്ടി..... പുറത്തിറങ്ങാൻ നിൽക്കുബോ ഉമ്മ പറഞ്ഞു......
എന്താ ഉമ്മാ...... അതൊക്കെ പണ്ടെത്തെ ഓരോ ആചാരല്ലേ..... ഇപ്പൊ എന്നും ശർക്കര ചോറും പലഹാരങ്ങളുമല്ലേ..... ഇങ്ങളൊന്ന് മിണ്ടാതെ നിന്നാണീ എന്നും പറഞ്ഞു ഇറങ്ങി പോവും....

തിരിച്ചു വരുംബോ നല്ല രുചികരമായഉമ്മാൻ്റെ കയ്യ് കൊണ്ടുണ്ടാക്കിയ ശർക്കര ചോറ് മുന്നിൽ വച്ച് ഉമ്മ പറഞ്ഞു ഞങ്ളുടെ(ഉപ്പയും,ഉമ്മയും)   കാലം കഴിയുന്നത് വരെ ഇത് ഇങ്ങനെ തന്നെ തുടർന്ന് പോവും അതിന് ശേഷം ഇങ്ങള് എന്തെങ്കിലും ചെയ്തോളീ......... ഒരു കൊല്ലത്തെ ആണ്ടറുതി തുടക്കമാണ് ഇത് മുടങ്ങിയാൽ ബാക്കി എല്ലാം മുടങ്ങും അവരുടെ വിശ്വാസമായിരുന്നു അത്. 
 ആ ഉപ്പ വിട്ട് പിരിഞ്ഞിട്ട് രണ്ടാമത്തെ ബറാഅത്ത് കഴിഞ്ഞു...

ربي ارحمهما كما ربياني صغيرا.
------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

Wednesday, 8 April 2020

കോവിഡും പ്രവാസിയും


കോവിഡ്19 എന്ന മഹാമാരി ലോകമാകമാനം വൃാപിച്ചു കൊണ്ടിരിക്കുന്നു.
ആദൃം ചൈനയിലും പിന്നീട് ഇറ്റലിയിലും ശേഷം നമ്മുടെ സംസ്ഥാനത്തും ഇന്തൃയുടെ പല ഭാഗങ്ങളിലും പതുക്കെ പ്രവാസ ലോകത്തും എത്തി......

അതാതു രാജൃത്തെ ഗവൺമെൻ്റുകൾ പ്രതിരോധ പ്രവർത്തനങ്ങളുമായി രാജൃത്തെ ജനങ്ങളുടെ രക്ഷക്കായ് പല മാർഗ്ഗങ്ങളും കൈ കൊണ്ടു....
ലോക്ഡൗൺ പ്രഖ്യാപനങ്ങളും കർഫൃൂകളും നടപ്പാക്കി.....

അപ്പോഴൊക്കെയും ഉറ്റവരെയും കുടുംബത്തെയും വിട്ട്  പ്രവാസ ലോകത്ത് ജോലി ചെയ്യുന്ന ഞാനടക്കമുള്ളവരെകുറിച്ചായിരുന്നു ചിന്ത.....
നാട്ടിൽ 144 പാസ്സാക്കി. ആളുകൾ പുറത്തിറങ്ങരുത് പുറത്തിറങ്ങുവരെ നിയമപാലകർ ശിക്ഷിക്കുന്നതും എല്ലാം സോഷൃൽ മീഡിയ വഴി കണ്ടു കൊണ്ടിരുന്നു......
അപ്പഴും ഇവിടെ വന്നാലുള്ള അവസ്ഥ ഭയപ്പെടുത്തി കൊണ്ടിരുന്നു.
 എത്ര ദിവസം എന്നു വച്ചാണ് ജോലി ഇല്ലാതെ റൂമിലിരിക്കുക......നാട്ടിലെ കാരൃങ്ങൾ....

അതിനിടയിലാണ് പള്ളിയിലെ ജമാഅത്ത് സമയം കുറച്ചു കൊണ്ടുള്ള പ്രഖൃാപനം വരുന്നത്.....
ഒാരോ വക്ത് ഫർള് നിസ്ക്കാരത്തിൻ്റെ ബാങ്കിന്ന് ശേഷവും 25മിനിറ്റ് 30മിനിറ്റിന് ശേഷമായിരുന്ന ഇഖാമത്ത് ബാങ്കിന് ശേഷം ഉടനെ നിസ്ക്കാരം....കൂടാതെ ആരും പള്ളിയിൽ ഇഅ്തിഖാഫിന് പോലും ഇരിക്കാതെ നിസ്ക്കാരം കഴിഞ്ഞാൽ വേഗം പുറത്തു പോവണം...
.
വീണ്ടും രണ്ടു ദിവസങ്ങൾക്ക് ശേഷം സ്വഫ്ഫ്വകൾക്ക് അകലം വർദ്ധിപ്പിച്ചു......

അത് കഴിഞ്ഞു നാലാം ദിവസം ബാങ്കിൻ്റെ ലഫ്ളുകൾക്കിടയിൽ '''സ്വല്ലൂഫീ ബുയൂത്തിക്കും'''നിങ്ങൾ വീട്ടിൽ നമസ്ക്കരിക്കുക എന്നായി......അപ്പഴൊക്കെയും മനസ്സിൽ ഒരു ഭയം എന്തോ സംഭവിക്കാൻ പോവുന്ന ചില ദുസ്സൂചനകൾ.....

അടുത്ത വെള്ളിയാഴ്ച്ച ഇന്ന് ജുമൂഅ ഇല്ല.....പള്ളിയിൽ ബാങ്ക് വിളിക്കുന്ന യമനി ചായക്ക് വന്നപ്പോൾ വളരെ സങ്കടത്തോടെ പറഞ്ഞു.......
അവസാന നാളടുക്കുമ്പോൾ ദീൻ ഉയർത്തപ്പെടും എന്ന് മദ്രസ്സയിൽ ഖിയാമത്തിൻ്റെ അടയാളങ്ങളിൽ പഠിച്ചത് ഒാർമ്മ വന്നത്...അതിനുള്ള കാരണമാണോ പള്ളി കൊട്ടി അടക്കൽ....

ദിവസങ്ങൾ കഴിഞ്ഞു.... ഇന്ന് മുതൽ രാവിലെ 6 മുതൽ വൈകുന്നേരം 7വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ.....പുതിയ തീരുമാനം...

അടുത്ത ദിവസം അത് ചുരുങ്ങി 6മുതൽ 3വരെ ആയി.....
അപ്പോഴും പൂർണ്ണമായി അടക്കാൻ പറയരുതേ എന്നായിരുന്നു....
അപ്പോഴേകും കൊറോണാ വൃാപനം അധികരിച്ചിരുന്നു

കട മുതലാളിമാർ ഞങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കർഫൃൂ തുടങ്ങിയ അന്ന് തൊട്ടെ പറയുന്നതായിരുന്നു പല ആളുകളും വരുന്നതാണ് ഇടപഴകൽ രോഗം വരുത്തും അതു കൊണ്ട് കട അച്ചിടുന്നതാണ് നല്ലത് എന്ന്......
അത് കൊണ്ട് കാരൃമില്ലല്ലോ.....
പ്രവാസിയായ ഒാരോരുത്തർക്കും എന്തെല്ലാം പ്രതീക്ഷയിലാണ് ഇവിടെ ജോലി ചെയ്യുന്നത്  ഈ മാസ ശംബളം കണ്ട് എന്തെല്ലാം തുടങ്ങി വച്ചവരുണ്ട്......വരുന്നിടത്ത് വച്ച് കാണാം....
കുറച്ച് സമയമാണങ്കിലും തരക്കേടില്ലാത്ത കച്ചവടവും നടക്കുന്നുണ്ട്......

പെട്ടന്നാണ് ഇന്നലെ(ചൊവ്വ) രാവിലെ കേൾക്കുന്നു ഇന്ന് മുതൽ 24മണിക്കുറാണ് കർഫൃൂ എന്ന്.......
എന്നാലും പുറത്തിറങ്ങി നോക്കി ആരെങ്കിലും തുറക്കുന്നുണ്ടോ എന്നറിയാൻ
അടുത്തുള്ള ബകാല തുറക്കാൻ ആളെത്തി...ബകാല തുറക്കുന്നതിന് പ്രശ്നം ഇല്ല നിങ്ങൾക്ക് തുറക്കാൻ പറ്റില്ല അദ്ധേഹം പറഞ്ഞു തിരിച്ചു റൂമിലേക്ക് തന്നെ കയറി....
ഇനി എന്തു ചെയ്യും എത്ര ദിവസം എന്നു വച്ചാ ഈ ഇരുത്തം ഉണ്ടാവുക..........നാട്ടിലാണങ്കിൽ കുടുംബത്തോടപ്പം കഴിയാമായിരുന്നു......പ്രവാസി ആയതിന് ശേഷം ആദൃമായാണ് ജോലി ഇല്ലാതെ റൂമിലിരിക്കുന്നത്......
ഇതു പോലെ അനേകം പേർ ഈ അവസ്ഥയിലാണ് ഗൾഫ് കാരനായത് കൊണ്ടു സർക്കാർ ആനുകൂലൃങ്ങൾ പോലും ലഭിക്കാത്തവർ.......
എല്ലാം വേഗത്തിൽ ശരിയാവും എന്ന പ്രതീക്ഷയിൽ സർവ്വ ശക്തനോട് തേടുന്നു.....
-----------------------------------
കുഞ്ഞഹമ്മദ് കെ.എം

Sunday, 5 April 2020

കൊറോണക്കാലം


ഉണക്ക മീനിനിത്ര രുചിയെന്നറിഞ്ഞത്
പച്ച മീൻ കിട്ടാത്ത കാലമായത് കൊണ്ടാവാം
ചക്കക്കുരുവിൻ്റെ മഹത്വമറിഞ്ഞത്
പച്ചക്കറിക്ക് തീവിലയായത് കൊണ്ടാവാം

കുറിയരിക്കഞ്ഞിയും തേങ്ങാ ചമ്മന്തിയും
കുഴിമന്തിയേക്കാൾ സ്വാദോടെ കഴിക്കുന്നു
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമ്മകൾ തികട്ടുന്നു

മക്കൾക്ക് മദ്രസ പാഠം പഠിപ്പിച്ചപ്പോൾ
മതപഠനത്തിലെൻ്റെ വിവരക്കേടറിഞ്ഞു ഞാൻ
വീട്ടിലെ ഭാരിച്ച ജോലികൾ കണ്ടപ്പോൾ
വീട്ടുകാരിയുടെ കഷ്ടത നേരിട്ടറിഞ്ഞു ഞാൻ

തുണിക്കടയിൽ തള്ളില്ല, മാർക്കറ്റിലാളില്ല
റോഡിൽ തിരക്കില്ല ഫ്ലഡ് ലൈറ്റിൽ കളിയില്ല
ദുനിയാവിൻ അവസ്ഥകൾ മാറ്റുന്നു തമ്പുരാൻ
ദൈവസ്മരണക്കായ് ദൃഷ്ടാന്തമയക്കുന്നു
------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ